This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്ലിനോയ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:18, 7 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇല്ലിനോയ്‌

Illinois

യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. 1818-ലാണ്‌ ഇല്ലിനോയിക്ക്‌ സ്റ്റേറ്റു പദവി ലഭിച്ചത്‌. ജനസംഖ്യാടിസ്ഥാനത്തിൽ യു.എസ്സിലെ സംസ്ഥാനങ്ങള്‍ക്കിടയിൽ അഞ്ചാംസ്ഥാനത്തു നില്‌ക്കുന്നു. വടക്കേ അമേരിക്കയിലെ "മധ്യ മഹാസമതല'ത്തിന്റെ ഭാഗമായ ഇല്ലിനോയ്‌ യു.എസ്സിലെ കാർഷികപ്രധാനമായ സംസ്ഥാനങ്ങളിൽ ഒന്നാണ്‌. ഇതിന്റെ വടക്ക്‌ വിസ്‌കോണ്‍സിന്‍ സംസ്ഥാനവും കിഴക്ക്‌ മിഷിഗണ്‍ തടാകം, ഇന്ത്യാനാ സംസ്ഥാനം എന്നിവയും സ്ഥിതിചെയ്യുന്നു. ഇന്ത്യാനയുമായുള്ള അതിർത്തിയിലെ നല്ലൊരുഭാഗം വാബാഷ്‌ നദി ആണ്‌. ഇല്ലിനോയിയെയും തെക്കുകിഴക്ക്‌ കിടക്കുന്ന കെന്റക്കി സംസ്ഥാനത്തെയും ഒഹായോ നദി വേർതിരിക്കുന്നു. പടിഞ്ഞാറും തെക്കുപടിഞ്ഞാറും അതിരുകള്‍ മിസ്സിസ്സിപ്പി നദിയാണ്‌. ഈ ഭാഗത്ത്‌ അയോവ, മിസൗറി എന്നിവയാണ്‌ അയൽസംസ്ഥാനങ്ങള്‍. ഷിക്കാഗോ, ജൂലിയറ്റ്‌, പിയോറിയ, റോക്ക്‌ഫോഡ്‌, ഡിക്കേറ്റർ അറോറ, സ്‌പ്രിങ്‌ഫീൽഡ്‌ എന്നിവയാണ്‌ പ്രമുഖനഗരങ്ങള്‍. യു.എസ്സിലെ 21-ാമത്തെ സ്റ്റേറ്റ്‌ ആയ ഇല്ലിനോയ്‌ വലുപ്പംകൊണ്ട്‌ 24-ാമത്തെ സ്ഥാനത്താണ്‌ നില്‌ക്കുന്നത്‌. വിസ്‌തീർണം: 1,46,076 ച.കി.മീ. തലസ്ഥാനം സ്‌പ്രിങ്‌ഫീൽഡ്‌. ജനസംഖ്യ: 12,875,255 (2012)

ഭൂപ്രകൃതി. ഇല്ലിനോയിയുടെ തെക്കരിക്‌ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം തന്നെ പ്രയറിസമതലത്തിൽപ്പെടുന്നു. ശരാശരി ഉയരം 180 മീ. വരും. സംസ്ഥാനത്തെ ഏറ്റവും ഉയർന്നഭാഗം വടക്കുപടിഞ്ഞാറ്‌ അതിർത്തിയിലുള്ള ചാള്‍സ്‌ മൗണ്ട്‌ (378 മീ.) ആണ്‌. തെക്കരികിലെ കുന്നിന്‍നിരകളും അവയ്‌ക്കിടയിലെ താഴ്‌വാരങ്ങളും ചേർന്ന നിമ്‌നോന്നതപ്രദേശത്തെ ഏറ്റവും ഉയർന്ന സ്ഥാനം വില്യംസ്‌ഹിൽ (315 മീ.) ആണ്‌.

ഇല്ലിനോയിയിൽ രണ്ടു നദീവ്യൂഹങ്ങളിൽപ്പെട്ട അഞ്ഞൂറോളം നീർച്ചാലുകള്‍ കാണാം. ഇവയിൽ മിക്കതും മിസ്സിസ്സിപ്പിയുടെ പോഷകനദികളാണ്‌; ശേഷിക്കുന്നവ ഒഹോയ്‌, വാബാഷ്‌ നദികളുമായി ചേരുന്നു. സംസ്ഥാനത്തെ നദികളിൽ മുഖ്യസ്ഥാനം ഇല്ലിനോയിനദിക്കാണ്‌. 69,750 ച.കി.മീ. പ്രദേശം ജലസിക്തമാക്കുന്ന ഈ നദിയുടെ നീളം 874 കി.മീ. ആണ്‌. വളരെ പരന്നൊഴുകുന്നതു നിമിത്തം ഈ നദി മാർഗമധ്യേ പിയോറിയ പോലുള്ള വിസ്‌തൃതങ്ങളായ തടാകങ്ങള്‍ സൃഷ്‌ടിക്കുന്നു. മിസ്സിസ്സിപ്പിയിലേക്കൊഴുകുന്ന മറ്റു പ്രധാന നദികള്‍ കസ്‌കാസ്‌കിയ, റോക്ക്‌ എന്നിവയാണ്‌. എംബരാസ്‌, ലിറ്റിൽ വാബാഷ്‌, സലൈന്‍, കാഷെ എന്നിവയാണ്‌ ഒഹായോ-വാബാഷ്‌ വ്യൂഹത്തിൽപ്പെടുന്ന പ്രധാന നദികള്‍. വടക്കുഭാഗത്തുള്ള ഷിക്കാഗോ നദി മുന്‍കാലത്ത്‌ മിഷിഗണ്‍ തടാകത്തിൽ പതിച്ചിരുന്നതാണ്‌; ഇപ്പോള്‍ ഈ നദിയുടെ ഗതിമാറ്റി, മനുഷ്യനിർമിതമായ കനാലിലൂടെ ഒഴുക്കി, മിസ്സിസ്സിപ്പിയുടെ പോഷകനദിയാക്കിത്തീർത്തിരിക്കുന്നു.

സംസ്ഥാനത്തെമ്പാടുമായി നിരവധി ഹിമാനീഭവതടാകങ്ങള്‍ ഉണ്ട്‌. ഹിമാനികളാൽ നിക്ഷിപ്‌തമായ ഉപരിപടലങ്ങള്‍ പൊടിഞ്ഞുണ്ടായ മച്ച്‌ പൊതുവേ ഫലഭൂയിഷ്‌ഠമാണ്‌. വെള്ളം വാർന്നുപോകുന്നതിന്‌ തികച്ചും പര്യാപ്‌തമായ അപവാഹക്രമം ഇല്ലിനോയിയുടെ കാർഷികപ്രാധാന്യത്തിനു നിദാനമായ പ്രധാന ഘടകമാണ്‌. നദീമാർഗങ്ങളുടെ ഇരുപുറവുമായി കാണപ്പെടുന്ന ലോയസ്‌ തിട്ടുകള്‍ ഫലവർഗങ്ങള്‍ വിളയിക്കുന്നതിന്‌ അത്യുത്തമമാണ്‌. മച്ചൊലിപ്പു തടയുന്നതിനും ഭൂവുപയോഗം ചിട്ടപ്പെടുത്തുന്നതിനും ശാസ്‌ത്രീയമായ സംവിധാനങ്ങള്‍ സംസ്ഥാനമൊട്ടാകെയും ഏർപ്പെടുത്തിയിട്ടുണ്ട്‌.

കാലാവസ്ഥ. ഇല്ലിനോയിയിൽ വന്‍കരാ(continental) കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. താപനില, ഈർപ്പനില, മേഘാച്ഛാദനം, കാറ്റിന്റെ ഗതി എന്നിവയിൽ ഇടയ്‌ക്കിടെയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ശരാശരി താപനിലയിൽ ഋതുഭേദങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന വലുതായ അന്തരവും ഇല്ലിനോയിയിലെ കാലാവസ്ഥയുടെ സവിശേഷതകളായി ഗണിക്കാം. സാമാന്യമായ തോതിൽ മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കരികിൽ ശൈത്യകാലത്ത്‌ മഞ്ഞു പെയ്യാറുണ്ട്‌. ഉഷ്‌ണകാലത്ത്‌ ഇടിമഴയും അത്യന്തം രൂക്ഷവും വിനാശകരവുമായ ചുഴലിക്കാറ്റുകളും (ടൊർണാഡോ) സാധാരണമാണ്‌.

സസ്യങ്ങളും ജന്തുക്കളും. പ്രയറി മാതൃകയിലുള്ള പുൽവർഗങ്ങളും ശുഷ്‌കപത്രപാതിവനങ്ങളും ഇടകലർന്നതായിരുന്നു ഇല്ലിനോയിയിലെ ആദ്യകാലസസ്യജാലം; മനുഷ്യോപഭോഗംമൂലം നൈസർഗികപ്രകൃതി പാടേ തുടച്ചുമാറ്റപ്പെട്ട സ്ഥിതിയാണ്‌ ഇന്നുള്ളത്‌. സംരക്ഷിതവനങ്ങള്‍ മൊത്തം വിസ്‌തീർണത്തിന്റെ 10 ശതമാനം മാത്രമേ ഉള്ളൂ. സംരക്ഷിതവനങ്ങളിൽ മുയൽ, മാന്‍, അച്ചാന്‍, മിങ്ക്‌, മസ്‌ക്‌, കുറുനരി, ബീവർ എന്നീ വർഗങ്ങളിൽപ്പെട്ട സവിശേഷയിനങ്ങളെ കാണാവുന്നതാണ്‌. നിരവധിയിനം പക്ഷിമൃഗാദികള്‍ ഈ സംസ്ഥാനത്തുണ്ട്‌. ഇല്ലിനോയിയിലെ നദികളും തടാകങ്ങളും സമൃദ്ധമായ മത്സ്യശേഖരത്തെ ഉള്‍ക്കൊള്ളുന്നു. മത്സ്യബന്ധനം സാമാന്യമായ തോതിൽ നടന്നുവരുന്നു.

ചരിത്രം. യൂറോപ്യരുടെ ആഗമനത്തിന്‌ മുമ്പ്‌ ഇല്ലിനോയ്‌ പ്രദേശത്തെ അധിവസിച്ചിരുന്നത്‌ മൗണ്ട്‌ ബിന്‍ഡേർഡ്‌ എന്ന പേരിൽ അറിയപ്പെട്ട അമേരിന്ത്യരായിരുന്നു. ഫ്രഞ്ച്‌ പര്യവേക്ഷകനായ ലൂയി ജോലിയറ്റ്‌ ആയിരുന്നു ഇവിടെയെത്തിയ ആദ്യത്തെ യൂറോപ്യന്‍ (1673). 1717-ലാണ്‌, ഇല്ലിനോയ്‌ ഫ്രഞ്ച്‌ കോളനിയായ ലൂസിയാനയുടെ ഭാഗമാകുന്നത്‌. വടക്കേ അമേരിക്കയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി ബ്രിട്ടനും ഫ്രാന്‍സും തമ്മിൽ നടന്ന ഫ്രഞ്ച്‌ ആന്‍ഡ്‌ ഇന്ത്യന്‍ യുദ്ധം അവസാനിപ്പിച്ച പാരിസ്‌ ഉടമ്പടി പ്രകാരം 1763-ൽ ഇല്ലിനോയ്‌ ബ്രിട്ടന്റെ കൈവശം വന്നു. അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിനുശേഷം യു.എസ്‌. നിലവിൽ വന്നപ്പോള്‍ ഇല്ലിനോയ്‌ പ്രദേശം യു.എസ്സിന്റെ ഭാഗമായി. 1818-ൽ ഇല്ലിനോയ്‌ യു.എസ്സിലെ 21-ാം സ്റ്റേറ്റായി നിലവിൽവന്നു. സമ്പദ്‌വ്യവസ്ഥ. കാർഷികമേഖലയായ ഇല്ലിനോയിയിൽ ഭക്ഷ്യധാന്യങ്ങള്‍ ധാരാളമായി കൃഷിചെയ്യുന്നു. ശീമച്ചോളമാണ്‌ പ്രധാനവിള. ഗോതമ്പ്‌, ഓട്‌സ്‌, റൈ, ബാർലി, സോയാതുവര, ഫലവർഗങ്ങള്‍, ഉളളി, മുള്ളങ്കി തുടങ്ങിയവയാണ്‌ മറ്റു വിളകള്‍. ആടുമാടുകള്‍, പന്നി, കോഴി, കുതിര എന്നീ വളർത്തുമൃഗങ്ങളും വന്‍തോതിലുണ്ട്‌. ക്ഷീരവ്യവസായം വളരെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. വിസ്‌തൃതമായ കൃഷിത്തോട്ടങ്ങള്‍ ഇല്ലിനോയിയിലെ സാധാരണ കാഴ്‌ചയാണ്‌. കൽക്കരിയുടെ സമ്പന്ന നിക്ഷേപങ്ങള്‍ ഇല്ലിനോയിയിൽ അവസ്ഥിതമാണ്‌. പെട്രാളിയം, ചുച്ചാമ്പുകല്ല്‌, ഡോളമൈറ്റ്‌, കളിമച്ച്‌, വാസ്‌തുശിലകള്‍, കറുത്തീയം, നാകം എന്നീ ധാതുക്കളും സാമാന്യമായ തോതിൽ ലഭിച്ചുവരുന്നു. ഈ സംസ്ഥാനത്തെ മുന്തിയ വ്യവസായങ്ങളിലൊന്നാണ്‌ ഖനനം; ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്‌ത അയിരുകളെ നിഷ്‌കർഷിക്കുകയും തുടർന്ന്‌ വ്യാവസായിക ഉപഭോഗത്തിനു വിധേയമാക്കുകയും ചെയ്‌തുപോരുന്നു. ഫ്‌ളൂറൈറ്റ്‌ ഉത്‌പാദനത്തിൽ യു.എസ്‌. സംസ്ഥാനങ്ങള്‍ക്കിടയിൽ ഒന്നാംസ്ഥാനം ഇല്ലിനോയിക്കാണ്‌.

ഇല്ലിനോയ്‌ പൊതുവേ കാർഷികമേഖലയിലാണെങ്കിലും വ്യാവസായികമായും വമ്പിച്ച പുരോഗതിയാർജിച്ചിരിക്കുന്നു. ഇരുമ്പുരുക്കും അവയെ ഉപയോഗിച്ചുള്ള യന്ത്രനിർമാണവുമാണ്‌ ഇല്ലിനോയിയിലെ മുഖ്യവ്യവസായം. കാർഷികയന്ത്രങ്ങളാണ്‌ കൂടുതലായി നിർമിച്ചുവരുന്നത്‌. കാനിങ്‌ വ്യവസായം ഈ സംസ്ഥാനത്ത്‌ അഭൂതപൂർവമായ പുരോഗതി നേടിയിട്ടുണ്ട്‌. ഷിക്കാഗോ നഗരം "ലോകത്തിലെ കശാപ്പുശാല' എന്ന പേരിൽ അറിയപ്പെടുന്നു. ഭക്ഷ്യപദാർഥങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, അച്ചടിയന്ത്രങ്ങള്‍, ലോഹസാമഗ്രികള്‍, രാസദ്രവ്യങ്ങള്‍, വാഹനങ്ങള്‍, കച്ചാടിസാധനങ്ങള്‍ എന്നിവയും ഇലക്‌ട്രിക്‌, ഇലക്‌ട്രാണിക ഉപകരണങ്ങളും വന്‍തോതിൽ നിർമിക്കപ്പെട്ടുവരുന്നു. തികച്ചും പര്യാപ്‌തമായ ഗതാഗതസംവിധാനം ഇല്ലിനോയിയുടെ അഭിവൃദ്ധിയിൽ സാരമായ പങ്കുവഹിക്കുന്നു. കനാലുകള്‍ നിർമിച്ചും നദീമാർഗങ്ങള്‍ വെട്ടിത്തിരിച്ചുമാണ്‌ പ്രധാന കേന്ദ്രങ്ങള്‍ക്കിടയിൽ ജലമാർഗമുള്ള സമ്പർക്കം സ്ഥാപിച്ചിരിക്കുന്നത്‌. ഷിക്കാഗോയിലേക്ക്‌ ഗ്രറ്റ്‌ ലേക്‌സ്‌ വഴി വന്‍കിട കപ്പലുകള്‍ക്കു യാത്രചെയ്യാവുന്നതാണ്‌. യു.എസ്സിന്റെ മധ്യസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു എന്നതിനാൽ ഇല്ലിനോയിലൂടെ കടന്നു പോകുന്ന വ്യോമ, റെയിൽ, ചരക്ക്‌ ഗതാഗത പാതകള്‍ക്ക്‌ ദേശീയ പ്രാധാന്യമുണ്ട്‌. ഇല്ലിനോയിയിൽ 218,781 കി.മീ. ഒന്നാംതരം റോഡുകളുണ്ട്‌. വികസിതമായ ഒരു റെയിൽശൃംഖലയും സംസ്ഥാനത്തുണ്ട്‌. ചിക്കാഗോ-ദ-ഹാരേ യു.എസ്സിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്‌. എബ്രഹാം ലിങ്കനുമായി ബന്ധപ്പെട്ട നിരവധി ചരിത്രസ്‌മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനം യു.എസ്സിലെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രവുമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍