This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലിയഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:36, 5 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലിയഡ്‌

Iliad

ഗ്രീക്ക്‌ ഇതിഹാസകാവ്യം. സ്‌പാർട്ടയിലെ രാജാവായ മെനിലോസിന്റെ പത്‌നിയും ലോകൈകസുന്ദരിയുമായ ഹെലനെ ട്രായിയിലെ രാജാവായ പ്രയാമിന്റെ പുത്രന്‍ പാരിസ്‌ അപഹരിച്ചതിനെത്തുടർന്നുണ്ടായ ട്രാജന്‍യുദ്ധത്തെപ്പറ്റിയുള്ള പുരാവൃത്തമാണ്‌ ഇതിന്‌ അവലംബം. ട്രായിക്ക്‌ ഇലിയോണ്‍ എന്നും പേരുണ്ട്‌. ഇലിയഡ്‌ എന്ന പദത്തിന്‌ ഇലിയോണിന്റെ അഥവാ ട്രായിയുടെ കഥ എന്നാണർഥം. ഹോമർ എന്ന അന്ധകവിയാണ്‌ ഇതിന്റെ കർത്താവെന്നു വിശ്വസിച്ചുപോരുന്നു. ഹോമറിൽ കർത്തൃത്വം ആരോപിച്ച പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ജീവിതകാലം ഖണ്ഡിതമായി പറഞ്ഞിട്ടില്ല. ഗ്രന്ഥത്തിൽ അന്നത്തെ സ്ഥലങ്ങള്‍, ജനങ്ങള്‍, സ്ഥാപനങ്ങള്‍, യുദ്ധതന്ത്രങ്ങള്‍ മുതലായവയെപ്പറ്റി കാണുന്ന പരാമർശങ്ങളിൽ നിന്ന്‌ ഗ്രന്ഥകാരന്‍ ബി.സി. 8-ാം ശതകത്തിൽ ജീവിച്ചിരുന്നുവെന്ന്‌ ചിലർ ഊഹിക്കുന്നു. ഇലിയഡിന്റെ രചയിതാവ്‌ ഒരു കവിയല്ല, പല തലമുറകളിൽപ്പെട്ട വിവിധ കവികളാണെന്നും അവർ മുമ്പുമുമ്പുണ്ടായ കവിതാഭാഗങ്ങള്‍ സമാഹരിച്ചും പരിഷ്‌കരിച്ചും പുതിയ അംശങ്ങള്‍ കൂട്ടിച്ചേർത്തും രചിച്ചതാണ്‌ ഈ കൃതിയെന്നും ചില ആധുനിക പണ്ഡിതന്മാർ വാദിക്കുന്നു. എന്നാൽ കാവ്യത്തിന്റെ ബന്ധദാർഢ്യവും ആനുപൂർവിയും മറ്റും ആലോചിച്ചാൽ ഇത്‌ ഒരൊറ്റ കവിയുടെ കൃതിയാണെന്നു വിചാരിക്കാനാണ്‌ കൂടുതൽ ന്യായം കാണുന്നത്‌. ഹെലനെ അപഹരിച്ചതിനെത്തുടർന്ന്‌ മെനിലോസിന്റെ ജ്യേഷ്‌ഠസഹോദരന്‍ അഗമെമ്‌നണിന്റെ നേതൃത്വത്തിൽ 1,000 കപ്പലുകളിൽ 1,00,000 യോദ്ധാക്കള്‍ ട്രായിയെ ആക്രമിക്കാന്‍ പുറപ്പെട്ടു. അക്കിലീസും അജാക്‌സുമായിരുന്നു ഗ്രീക്കു സേനയിലെ ഏറ്റവും വലിയ യുദ്ധവീരന്മാർ. ഒമ്പതുകൊല്ലം ഉപരോധം തുടർന്നെങ്കിലും ട്രായിയെ കീഴടക്കാന്‍ ഗ്രീക്കു സേനയ്‌ക്കു കഴിഞ്ഞില്ല. ചില കൊച്ചുനഗരങ്ങള്‍ പിടിച്ചടക്കുകയും കൊള്ളയടിക്കുകയും മാത്രമാണ്‌ അവർ ചെയ്‌തത്‌. പത്താമത്തെ വർഷം നടത്തിയ ഒരു കൊള്ളയിൽ അക്കിലീസിന്‌ ബ്രീസീസ്‌ എന്നൊരു യുവതിയെ കിട്ടി. ഈ യുവതിയെ സ്വന്തമാക്കാന്‍ അക്കിലീസും അഗമെമ്‌നണും തമ്മിൽ മത്സരം ആരംഭിച്ച ഘട്ടത്തിലാണ്‌ ഇലിയഡിന്റെ കഥ തുടങ്ങുന്നത്‌. ബ്രീസീസിനെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെ യുദ്ധത്തിൽ നിന്നു പിന്‍വാങ്ങിയ അക്കിലീസ്‌ തന്റെ മഹത്ത്വം അംഗീകരിക്കപ്പെടുന്നതുവരെ ഗ്രീക്കുസേനയ്‌ക്കു നാശനഷ്‌ടങ്ങള്‍ വരുത്തിവയ്‌ക്കാന്‍ സിയൂസ്‌ ദേവനെ പ്രരിപ്പിക്കുന്നതിന്‌ സ്വമാതാവായ തീറ്റിസിനോട്‌ അപേക്ഷിക്കുന്നു. തീറ്റിസിന്റെ അഭ്യർഥനയനുസരിച്ച്‌ സിയൂസ്‌ ട്രാജന്മാർക്കു വിജയം ഉണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങി. ട്രാജന്‍ യോദ്ധാവും പാരിസിന്റെ സഹോദരനുമായ ഹെക്‌ടറുടെ നേതൃത്വത്തിൽ അവർ ഗ്രീക്കുകാരെ തുരത്തിവിട്ടു. അക്കിലീസ്‌ പിണങ്ങിമാറി നില്‌ക്കുന്നതുകൊണ്ടുള്ള നഷ്‌ടം അഗമെമ്‌നണു ബോധ്യമായി. അക്കിലീസ്‌ യുദ്ധത്തിനിറങ്ങുന്ന പക്ഷം ബ്രീസീസിനെ വിട്ടുകൊടുക്കുന്നതിനു പുറമേ വമ്പിച്ച പാരിതോഷികങ്ങള്‍ കൊടുക്കാമെന്നും അയാള്‍ ദൂതന്മാർ മുഖേന അക്കിലീസിനെ അറിയിച്ചെങ്കിലും ആ ദൗത്യം നിഷ്‌ഫലമായി. ഗ്രീക്കു നിരയിലേക്ക്‌ ഹെക്‌ടറുടെ നേതൃത്വത്തിൽ നുഴഞ്ഞുകയറിയ ട്രാജന്‍സേന ഗ്രീക്കുകാരുടെ കപ്പൽസമൂഹത്തിനടുത്തെത്തുകയും അവയ്‌ക്കു തീ വയ്‌ക്കുകയും ചെയ്‌തു. ഈ ദുർഘടസന്ധിയിൽ അക്കിലീസ്‌ ശത്രുക്കളെ നേരിടാന്‍ തന്റെ ആശ്രിതനും ആപ്‌തമിത്രവുമായ പെട്രാക്ലസ്സിന്‌ അനുമതി നല്‌കി. അയാള്‍ അക്കിലീസിന്റെ പടച്ചട്ട ധരിച്ചുകൊണ്ട്‌ യുദ്ധത്തിനിറങ്ങി. ശത്രുക്കള്‍ പെട്രാക്ലസ്സിനെ അക്കിലീസെന്നു തെറ്റിദ്ധരിച്ചു സംഭ്രാന്തരായി പിന്തിരിഞ്ഞോടിയെങ്കിലും ഹെക്‌ടർ തിരിഞ്ഞുനിന്നു പൊരുതി പെട്രാക്ലസ്സിനെ വധിക്കുകയും പടച്ചട്ട പിടിച്ചെടുത്തു ധരിക്കുകയും ചെയ്‌തു. ഉഗ്രമായ സമരത്തിനുശേഷം മാത്രമേ ഗ്രീക്കുകാർക്ക്‌ പെട്രാക്ലസ്സിന്റെ ശവശരീരം വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. തീറ്റിസിന്റെ അപേക്ഷപ്രകാരം ദേവശില്‌പിയായ ഹെഫ്‌സ്റ്റസ്‌ നിർമിച്ച പുതിയ പടച്ചട്ടയും രത്‌നഖചിതമായ പരിചയും ധരിച്ച്‌ വീണ്ടും പടക്കളത്തിലിറങ്ങിയ അക്കിലീസ്‌ ഹെക്‌ടറെ വധിക്കുകയും അയാളുടെ ശവശരീരത്തെ അപമാനിക്കുകയും ചെയ്‌തു. ഒടുവിൽ സിയൂസിന്റെ ആജ്ഞപ്രകാരം ഹെക്‌ടറുടെ മൃതദേഹം പ്രയാമിനു വിട്ടുകൊടുക്കാന്‍ അക്കിലീസ്‌ തയ്യാറായി. രാത്രിയിൽ ഗ്രീക്കുതാവളത്തിൽ എത്തിയ പ്രയാമിനെ സ്‌നേഹപൂർവം സ്വീകരിച്ച അക്കിലീസ്‌ ഹെക്‌ടറിന്റെ ശവശരീരം പിതാവായ പ്രയാമിനെ ഏല്‌പിച്ചയയ്‌ക്കുകയും ശവസംസ്‌കാരം കഴിയുന്നതുവരെ യുദ്ധവിരാമം അനുവദിക്കുകയും ചെയ്‌തു. ശവസംസ്‌കാരവും ട്രാജന്മാരുടെ വിലാപവും വർണിച്ചുകൊണ്ട്‌ കാവ്യം അവസാനിക്കുന്നു.

രചനാശൈലി. 10 കൊല്ലം നീണ്ടുനിന്ന ട്രാജന്‍ യുദ്ധത്തെപ്പറ്റിയുള്ള പുരാണകഥ ഹോമർക്ക്‌ പരിചിതമായിരുന്നു. ആദ്യകാല സംഭവങ്ങളും ട്രായിയുടെ പതനവും അദ്ദേഹം പരാമർശിക്കുന്നുണ്ട്‌; എങ്കിലും ഇതിവൃത്തം 50 ദിവസത്തെ സംഭവങ്ങളിൽ ഒതുക്കി അദ്ദേഹം കാവ്യം സുഘടിതമാക്കിയിരിക്കുന്നു. കാവ്യം ഒരാളിന്റെ കൃതിയാണെന്നും ഓരോ തലമുറയും പുതിയ പുതിയ പരിഷ്‌കാരങ്ങള്‍ ചേർത്തുണ്ടാക്കിയ സമാഹാരമല്ലെന്നുമുള്ള വിശ്വാസത്തിന്‌ ഉപോദ്‌ബലകമായ മുഖ്യസംഗതി ഇതാണ്‌. കാവ്യം 24 പുസ്‌തകങ്ങളായി വിഭജിച്ചത്‌ പിന്നീടായിരിക്കാം. യുദ്ധത്തിന്റെ വിശദാംശങ്ങളും കഥാപാത്രങ്ങളുടെ ജീവചരിത്രവും അനുക്തസിദ്ധമെന്ന മട്ടിലാണ്‌ ആഖ്യാനം. സംഭവങ്ങള്‍ ത്യാജ്യഗ്രാഹ്യവിവേകത്തോടെ സംക്ഷേപിച്ചും വിസ്‌തരിച്ചും വർണിച്ചിരിക്കുന്നതു കാണാം. ഒരിടത്ത്‌ 9 ദിവസത്തെ സംഭവങ്ങള്‍ 30 വരികളിലൊതുക്കുകയും മറ്റൊരിടത്ത്‌ ഒരു ദിവസത്തെ സംഭവം പല പുസ്‌തകങ്ങളിൽ ദീർഘമായി പ്രതിപാദിക്കുകയും ചെയ്‌തിരിക്കുന്നു. 1-ാം പുസ്‌തകത്തിൽ അക്കിലീസ്‌ യുദ്ധംചെയ്യാന്‍ വിസമ്മതിക്കുന്നതും ട്രാജന്മാർക്ക്‌ താത്‌കാലികമായ വിജയം ലഭിക്കുന്നതും, 2 മുതൽ 7 വരെ പുസ്‌തകങ്ങളിൽ മറ്റു യുദ്ധവീരന്മാരുടെ നേതൃത്വത്തിൽ ഗ്രീക്കുസേന പിന്നെയും ശത്രുസംഹാരം തുടരുന്നതും, 8-ാം പുസ്‌തകത്തിൽ ട്രാജന്മാർ മുന്നേറുന്നതും 9-ാം പുസ്‌തകത്തിൽ അഗമെമ്‌നണ്‍ അക്കിലീസിനെ അനുനയിപ്പിക്കാന്‍ ദൂതന്മാർ മുഖേന ചെയ്യുന്ന ശ്രമം വിഫലമാകുന്നതും 10 മുതൽ 14 വരെ പുസ്‌തകങ്ങളിൽ ട്രാജന്മാർ ഗ്രീക്കുകാരെ അവരുടെ പാളയത്തിലേക്കു തിരിച്ചോടിക്കുന്നതും 15-ാം പുസ്‌തകത്തിൽ ട്രാജന്മാർ ഗ്രീക്കു കപ്പലുകള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതും 16-ൽ യുദ്ധം ചെയ്യാൽ പെട്രാക്ലസ്സിനു അക്കിലീസ്‌ അനുവാദം കൊടുക്കുന്നതും പെട്രാക്ലസ്‌ പല യുദ്ധവീരന്മാരെയും സംഹരിക്കുന്നതും എന്നാൽ ട്രായ്‌ നഗരത്തിലേക്കു മുന്നേറരുതെന്ന ശാസന ലംഘിക്കയാൽ പ്രയാമിന്റെ പുത്രനായ ഹെക്‌ടറാൽ വധിക്കപ്പെടുന്നതും 17 മുതൽ 21 വരെ പുസ്‌തകങ്ങളിൽ ട്രാജന്മാർ പെട്രാക്ലസ്സിന്റെ ശവശരീരം ഗ്രീക്കുകാർക്കു വിട്ടുകൊടുക്കുന്നതും ദുഃഖനിമഗ്നനായ അക്കിലീസ്‌ യുദ്ധോദ്യുക്തനാകുന്നതും ഇരുവശത്തും ദേവന്മാർ പങ്കെടുക്കുന്ന പ്രചണ്ഡസമരത്തിനുശേഷം അക്കിലീസ്‌ ഹെക്‌ടറെ വധിക്കുന്നതും 22-ാം പുസ്‌തകത്തിൽ അക്കിലീസ്‌ ഹെക്‌ടറുടെ ശവശരീരം തേരിനു പുറകിൽ കെട്ടി നിലത്തിഴച്ച്‌ അപമാനിക്കുന്നതും പെട്രാക്ലസ്സിന്റെ ബഹുമാനാർഥം ശവസംസ്‌കാരസംബന്ധമായ ചടങ്ങുകള്‍ നടത്തുന്നതും 23-ൽ അക്കിലീസ്‌ പ്രയാമിന്‌ ഹെക്‌ടറുടെ മൃതദേഹം വിട്ടുകൊടുക്കുന്നതും, 24-ൽ പുത്രന്റെ മരണത്തിൽ വൃദ്ധനായ പ്രയാമിന്റെ ദുഃഖം കണ്ട്‌ അക്കിലീസിന്‌ അനുകമ്പ തോന്നുന്നതും ഹെക്‌ടറുടെ ശവം സംസ്‌കരിക്കുന്നതും ട്രാജന്‍ പൗരജനത വിലപിക്കുന്നതും പ്രതിപാദിച്ചിരിക്കുന്നു. ട്രായ്‌ നഗരോപരോധകഥയുടെ പശ്ചാത്തലത്തിൽ അക്കിലീസിന്റെ കോപാവേശകഥയാണ്‌ ഇലിയഡിൽ പറഞ്ഞിരിക്കുന്നത്‌. രണ്ടു കഥകളും പരസ്‌പരപൂരകങ്ങളാണ്‌. സംഭവഘടനയിലും പാത്രസൃഷ്‌ടിയിലും ഈ കാവ്യത്തിന്റെ രസനീയതയ്‌ക്കു പ്രധാന നിദാനം അതിൽ വർണിച്ചിരിക്കുന്ന സമരങ്ങളും വിവാദങ്ങളുമാണ്‌. യുദ്ധവർണനകള്‍, കവിയുടെ സമരതന്ത്രവിജ്ഞാനത്തിനും കാര്യാലോചനാസഭകളിലെ സംവാദങ്ങള്‍, പ്രഭാഷണ കലാവഗാഹത്തിനും നിദർശനങ്ങളാണ്‌. കാവ്യത്തിന്റെ അനേക വൈശിഷ്‌ട്യങ്ങളിലൊന്നത്ര കവി ആദ്യവസാനം പാലിക്കുന്ന നിഷ്‌പക്ഷത.

കഥാപാത്രങ്ങള്‍. അക്കിലീസ്‌ ആണ്‌ പ്രധാന കഥാപാത്രം. അക്കിലീസിന്റെ കോപമാണ്‌ കാവ്യത്തിന്റെ വിഷയമെന്ന്‌ കവി ആദ്യംതന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അയാള്‍ നിഷ്‌ഠൂരനും ഉദ്ധതനും സ്‌നേഹത്തിലും ദേഷ്യത്തിലും പ്രചണ്ഡനുമാണ്‌; എന്നാൽ മറ്റു കഥാപാത്രങ്ങളെക്കാള്‍ വിശാലഹൃദയനുമാണ്‌; ഒരു ഘട്ടത്തിൽ അനുരഞ്‌ജനത്തിന്‌ വിമനസ്‌കനെങ്കിലും പെട്രാക്ലസ്സിനോടുള്ള സ്‌നേഹത്തിലൂടെ അയാള്‍ വീണ്ടും സ്വകർത്തവ്യത്തിലേക്ക്‌ ആകൃഷ്‌ടനാകുന്നു. ദേവിയായ മാതാവിൽ മനുഷ്യനായ പിതാവിനു ജനിച്ച ഈ കഥാനായകന്റെ സ്വഭാവത്തിൽ ദൈവികവും മാനുഷികവുമായ അംശങ്ങള്‍ കലർന്നിട്ടുണ്ട്‌. അയാളിൽ സ്‌നേഹം, സഹതാപം, മഹാമനസ്‌കത എന്നിവയ്‌ക്കൊപ്പം വികാരാവേശവും ക്രൗര്യവും ദാക്ഷിണ്യരാഹിത്യവും അഭിമാനസംരക്ഷണവ്യഗ്രതയും കുടികൊള്ളുന്നു. എല്ലാവിധത്തിലും അക്കിലീസിന്റെ എതിർചേരിയിൽപ്പെടുന്ന ഒരു കഥാപാത്രമാണ്‌ ഹെക്‌ടർ. ഇവർക്കുപുറമേ ഗ്രീക്കുപക്ഷത്ത്‌ അഭിമാനിയും ക്രൂരനുമായ അഗമെമ്‌നണ്‍, ജ്ഞാനിയും വൃദ്ധനും ശൂരനും ആയ നെസ്റ്റർ, അജയ്യനും ദൃഢഗാത്രനുമായ അജാക്‌സ്‌, സമർഥനും നയജ്ഞനുമായ ഒഡീസ്യൂസ്‌, സാഹസികനായ ഡയോമീഡസ്‌, സൗമ്യശീലനായ പെട്രാക്ലസ്‌ എന്നിവരും ട്രാജന്‍ പക്ഷത്ത്‌ സുന്ദരിയും പാപിനിയും ചിന്താധീനയുമായ ഹെലന്‍, തന്റെ ദുർവിധിയെപ്പറ്റി അറിയുന്ന സാധ്വിയായ അന്‍ഡ്രാമാക്കസ്‌, മാതൃത്വത്തിന്റെ മാതൃകയായ ഹെക്കുബ, ക്ഷീണിതനെങ്കിലും ധീരനായ പ്രയാം എന്നിവരും ശ്രദ്ധാർഹരായ കഥാപാത്രങ്ങളാണ്‌. മനുഷ്യരെ മാത്രമല്ല, ദേവന്മാരെയും കവി കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്‌. ഈ ദേവന്മാർക്ക്‌ മനുഷ്യർക്കില്ലാത്ത ചില ശക്തികളുണ്ടെങ്കിലും അവർ മനുഷ്യരിൽ നിന്ന്‌ അത്രയധികം ഭിന്നരല്ല. അവരുടെ ഇടപെടൽ കഥയുടെ സ്വാരസ്യം വർധിപ്പിക്കുവാന്‍ സഹായകമായിട്ടുണ്ട്‌. വീക്ഷണം. മനുഷ്യരെ വിധിയുടെ കൈയിലെ പാവകളായിട്ടാണ്‌ ഹോമർ ചിത്രീകരിച്ചിരിക്കുന്നത്‌. 6-ാം പുസ്‌തകത്തിൽ ഒരിടത്ത്‌ അവരെ കാറ്റിൽ ചിന്നിച്ചിതറുകയും ഋതുഭേദത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്ന ദലപരമ്പരകളോട്‌ ഉപമിച്ചിരിക്കുന്നു. യുദ്ധം ക്രൂരതയെയും സ്വാർഥതയെയും ഇളക്കിവിട്ടേക്കാമെങ്കിലും അതിനു മനുഷ്യനെ ശുദ്ധീകരിക്കാനും ഉന്നമിപ്പിക്കാനും കഴിയുമെന്നാണ്‌ കവിയുടെ മതം. കാവ്യത്തിന്റെ അവസാനത്തിൽ, അക്കിലീസും പ്രയാമും-ജേതാവും ജിതനും-ശത്രുമിത്രഭേദം വെടിഞ്ഞ്‌ സമദുഃഖിതരെയും സഹോദരരെയും പോലെ സന്ധിക്കുന്നതായി കവി കാണിച്ചിരിക്കുന്നു.

പ്രാധാന്യം. യൂറോപ്പിലെ ഏറ്റവും പ്രാചീനമായ ഈ ഇതിഹാസകാവ്യം പണ്ടുമുതൽ ജനങ്ങളുടെ അദ്‌ഭുതാദരങ്ങള്‍ക്ക്‌ പാത്രീഭവിച്ചിരിക്കുന്നു. പില്‌ക്കാലത്തുണ്ടായ പാശ്ചാത്യേതിഹാസകാവ്യങ്ങള്‍ക്കു മാതൃകയായിരുന്നിട്ടുള്ളത്‌ ഈ കൃതിയാണ്‌. ക്രി.മു. നാലാം ശതകത്തിൽ പ്ലേറ്റോ തന്റെ ഡയലോഗ്‌സ്‌ എന്ന കൃതിയിൽ ഇലിയഡിനെ പരാമർശിച്ചിട്ടുണ്ട്‌. റോമന്‍ കവിയായ വെർജിൽ തന്റെ ഏനിഡ്‌ എന്ന ഇതിഹാസകാവ്യത്തിന്‌ പ്രചോദനമാർജിച്ചത്‌ ഈ കൃതിയിൽ നിന്നാണെന്നു പ്രസ്‌താവിച്ചുകാണുന്നു. ഇലിയഡ്‌ ശ്രാതാക്കളെയും അനുകരണാത്മകകൃതികള്‍ അനുവാചകരെയും ഉദ്ദേശിച്ച്‌ നിർമിക്കപ്പെട്ടവയാണ്‌. ഇതാണ്‌ അവ തമ്മിലുള്ള മൗലികമായ വ്യത്യാസം. ഗ്രീസിൽ ഇലിയഡിനെ അനുകരിക്കുകയോ ആശ്രയിക്കുകയോ ചെയ്യാതെ അടുത്ത നൂറ്റാണ്ടുകളിൽ ഒരു കൃതിയും ഉണ്ടായിട്ടില്ലെന്നു ഗ്രീക്കുഭാഷാപണ്ഡിതന്മാർ പറയുന്നു. റോമന്‍ മഹാകവിയായ ഹോറസ്‌ തന്റെ നാട്ടുകാരായ കവികള്‍ക്ക്‌ അനുകരണയോഗ്യമായ മാതൃകയായി ഈ കൃതിയെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയുണ്ടായി. ആദ്യമായി ഇതിനെ ക്രമീകരിച്ച്‌ പ്രസാധനം ചെയ്‌തത്‌ അലക്‌സാണ്ട്രിയയിലെ പണ്ഡിതന്മാരാണ്‌.

രാമായണത്തെ ഇലിയഡുമായി താരതമ്യപ്പെടുത്താന്‍ ചില വിമർശകന്മാർ ശ്രമം നടത്താറുണ്ട്‌. നായികാപഹരണഹേതുകമായ യുദ്ധത്തിന്റെ വ്യാപ്‌തിയും സമുദ്രലംഘനവും കഥയുടെ പരപ്പും മറ്റും രണ്ടിലും ഉള്ള സവിശേഷതകളാണെന്നതിൽക്കവിഞ്ഞ സാദൃശ്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.

സത്യനാദം പത്രാധിപരായിരുന്ന കെ.എ. പോള്‍ ഇലിയഡ്‌ മലയാളത്തിലേക്കു വിവർത്തനം ചെയ്‌തു. സി. മാധവന്‍ പിള്ളയുടെ മറ്റൊരു വിവർത്തനം സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നോ. അക്കിലീസ്‌; അഗമെമ്‌നണ്‍; ട്രാജന്‍യുദ്ധം; ഹോമർ

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍