This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇർവിന്‍, സ്റ്റീവ്‌ (1962 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:15, 3 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇർവിന്‍, സ്റ്റീവ്‌ (1962 - 2006)

Irwin, Steve

ആസ്റ്റ്രലിയന്‍ വന്യജീവി നിരീക്ഷകനും, ടെലിവിഷന്‍ അവതാരകനും. മുതലകളെക്കുറിച്ചുള്ള "ദി ക്രാക്കൊഡെയ്‌ൽ ഹണ്ടർ' (The Crocodile Hunter) എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ലോകപ്രശസ്‌തനായ ഇദ്ദേഹം "മുതലപിടിത്തക്കാരന്‍' എന്ന അപരനാമത്തിലാണ്‌ പ്രസിദ്ധനായിട്ടുള്ളത്‌.

ബോബ്‌ ഇർവിന്‍-ലിന്‍ ഇർവിന്‍ ദമ്പതികളുടെ മകനായി 1962 ഫെ. 22-ന്‌ മെൽബണിൽ ജനിച്ച സ്റ്റീവ്‌ ഇർവിന്‍, പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1979-ൽ ബിരുദം നേടി. വന്യജീവി പരിരക്ഷണത്തിൽ തത്‌പരരായ ഇർവിന്റെ മാതാപിതാക്കള്‍ ക്വീൽസ്‌ലാന്‍ഡിൽ "റെപ്‌റ്റൈൽ ആന്‍ഡ്‌ ഫോണ പാർക്ക്‌' ആരംഭിക്കുന്നതോടെയാണ്‌ ഇർവിന്‌ വന്യജീവികളോട്‌ താത്‌പര്യം ജനിക്കുന്നത്‌. ആറ്‌ വയസ്സ്‌ മുതൽ തന്നെ ഇർവിന്‍ മുതലകളെയും പാമ്പുകളെയും പരിപാലിച്ചുതുടങ്ങി. വടക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീഷണി ഉയർത്തിയ മുതലകളെ പിടിക്കുന്ന ജോലി പതിനെട്ടാമത്തെ വയസ്സിൽ ഇദ്ദേഹം സധൈര്യം ഏറ്റെടുത്തു. ഇർവിന്റെ ഉടമസ്ഥതയിലായ ക്വീന്‍സ്‌ലാന്‍ഡിലെ പാർക്കിനെ ഇദ്ദേഹം "ആസ്റ്റ്രലിയ സൂ' എന്നു പുനർനാമകരണം ചെയ്യുന്നത്‌ 1992-ലാണ്‌. ഇർവിന്‍ അവതരിപ്പിച്ച "ക്രാക്കൊഡെയ്‌ൽ ഹണ്ടർ' എന്ന അത്യന്തം സാഹസികത നിറഞ്ഞ പരിപാടി 1996-ൽ ആസ്റ്റ്രലിയന്‍ ടെലിവിഷനിൽ ആദ്യമായി സംപ്രഷണം ചെയ്‌തു. "ദി ടെന്‍ ഡെഡ്‌ലിയസ്റ്റ്‌ സ്‌നേക്‌സ്‌ ഇന്‍ ദി വേള്‍ഡ്‌' (The ten deadliest snakes in the world'), "ദി ടുനൈറ്റ്‌ ഷോ വിത്ത്‌ ജെയ്‌ലിനോ' (The tonight show with Jay Leno) എന്നീ ടെലിവിഷന്‍ പരമ്പരകളും ഇർവിനെ പ്രശസ്‌തനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുന്നതിന്‌ ഇർവിന്‍ വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. "സ്റ്റീവ്‌ ഇർവിന്‍ കണ്‍സർവേഷന്‍ ഫൗണ്ടേഷന്‍' എന്ന സംഘടനയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം. ആസ്റ്റ്രലിയന്‍ ടൂറിസത്തിനും, ആഗോള വന്യജീവി പരിരക്ഷണത്തിനും ഇർവിന്‍ നൽകിയ സംഭാവനകള്‍ പരിഗണിച്ച്‌ 2001-ൽ ഇദ്ദേഹം "സെന്റിനറി മെഡലിന്‌' അർഹനായി. "ഓഷ്യന്‍സ്‌ ഡെഡ്‌ലിയസ്റ്റ്‌' എന്ന ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ 2006 സെപ്‌. 4 ന്‌, ആസ്റ്റ്രലിയയിലെ പോർട്ട്‌ ഡഗ്ലസ്‌ തീരക്കടലിൽവച്ച്‌ "സ്റ്റിങ്‌ റേ' എന്ന ഇനം തിരണ്ടിയുടെ കുത്തേറ്റ്‌ സാഹസികനായ ഇർവിന്‍ അന്തരിച്ചു. പരിസ്ഥിതി പ്രവർത്തകയായ ടെറി റെയ്‌ന്‍സാണ്‌ ഇദ്ദേഹത്തിന്റെ പത്‌നി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍