This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരവിവർമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:17, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരവിവർമ

വേണാട്ടുചരിത്രത്തിൽ "ഇരവിവർമ' എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടേറെ രാജാക്കന്മാരുണ്ട്‌.

1. ആദ്യത്തെ ഇരവിവർമ സ്യാനന്ദൂരപുരാണസമുച്ചയത്തിൽ പരാമൃഷ്‌ടനായ കോതവർമ എന്ന വേണാട്ടുരാജാവിന്റെ നാലുപുത്രന്മാരിൽ രണ്ടാമനാണ്‌. അച്ഛന്റെ പേരുകൂടി കൂട്ടിച്ചേർത്തതിന്റെ ഫലമായി വീരകോത ഇരവിവർമ എന്നു ചരിത്രരേഖകളിൽ ഇദ്ദേഹം പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ രാജാവിനെപ്പറ്റിയുള്ള ആദ്യത്തെ പരാമർശം തിരുച്ചിറപ്പള്ളിജില്ലയിൽ ശ്രീരംഗം ക്ഷേത്രത്തിലുള്ളതും രണ്ടാം രാജാരാജചോഴന്റെ പതിനൊന്നാം ഭരണവർഷത്തിലുണ്ടായിരുന്നതുമായ ഒരു ശിലാലിഖിതത്തിലാണ്‌. 1157-ൽ തെക്കന്‍ തിരുവിതാംകൂറിൽ പുരവശ്ശേരി വിഷ്‌ണുക്ഷേത്രത്തിൽ ഈ രാജാവിന്റെ ചില ശിലാലിഖിതങ്ങള്‍ കാണാനുണ്ട്‌. അതിൽ ഒന്നാമത്തേത്‌ 1161-ലേതാണ്‌. 1165-ലുണ്ടായ രണ്ടു ലിഖിതങ്ങള്‍ കൂടെ അവിടെയുണ്ട്‌; അവയും ഈ ഇരവിവർമയുടേതുതന്നെ. കോതകേരളവർമയുടെ അനന്തരഗാമിയായും വീരകോത ആദിത്യവർമയുടെ മുന്‍ഗാമിയായും കുറച്ചുകാലം ഇദ്ദേഹം നാടുവാണു. കുലോത്തുംഗ ചോഴനെതിരായി കോതവർമ നടത്തിയ നിർണായക സമരത്തിലും തുടർന്നുണ്ടായ സൈനികനീക്കങ്ങളിലും ഇരവിവർമ പങ്കെടുത്തിരുന്നു.

2. അടുത്തതായി നാടുവാണ പ്രശസ്‌തനായ ഇരവിവർമ, സംഗ്രാമധീരനെന്ന്‌ ബഹുമതി സ്വീകരിച്ച രവിവർമ കുലശേഖരനാണ്‌.

3. 1373-എ.ഡി.-ലെ തിരുവിടൈക്കോട്‌ ലിഖിതത്തിൽ പരാമർശിക്കപ്പെടുന്ന വീരഇരവി ഇരവിവർമ. ഇദ്ദേഹം ചിറവാമൂപ്പനായിരുന്നു. തിരുവനന്തപുരത്ത്‌ പദ്‌മനാഭസ്വാമിക്ഷേത്രത്തിലുള്ള ഒരു രേഖയനുസരിച്ച്‌ 1375-ൽ നാടുവാണത്‌ ഇദ്ദേഹമാണെന്ന്‌ തെളിയുന്നു. അന്നത്തെ തൃപ്പാപ്പൂർ മൂപ്പന്‍ ഇരവി ആദിത്യവർമ ഇളമുറയാണെന്ന്‌ തെളിയുന്നതുകൊണ്ട്‌ അന്നത്തെ നാടുവാഴി ഇരവി ഇരവിവർമയായിരുന്നുവെന്ന്‌ തീർച്ചയാക്കാം. ഇദ്ദേഹം എത്രകാലം ഭരിച്ചുവെന്നറിയാന്‍ വഴിയില്ല. 1382-ൽ മരിച്ചുവെന്നു ശങ്കുച്ചിമേനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

4. 15-ാം ശതകത്തിൽ വേണാട്ടുരാജാവായ ഇരവിവർമ 1484-ൽ വീരകോത ആദിത്യവർമയുടെ അനന്തരഗാമിയായി മൂപ്പേറ്റു. തൃപ്പാപ്പൂർ മൂത്തതിരുവടിയായിട്ടാണ്‌ ഇദ്ദേഹം ചരിത്ര രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്‌. മുത്തളക്കുറിച്ചിയിൽ വീരകേരളേശ്വരത്തു കുളപ്പുര കോയിക്കൽ, തിരുവനന്തപുരത്ത്‌ കണ്ടുകൊണ്ടേടത്തു കോയിക്കൽ, മുത്തളക്കുറിച്ചിയിൽ പുതിയേടത്തു കോയിക്കൽ, ഇരണിയൽ വലിയ തേവാരക്കെട്ട്‌, തിരുവനന്തപുരത്ത്‌ കുളത്തറമഠം, തിരുവട്ടാറ്റു തോണിമണ്‍ കൊട്ടാരം, തിരുവനന്തപുരത്ത്‌ ശ്രീപാദത്തുകൊട്ടാരം മുതലായ രാജഗൃഹങ്ങളിൽ അദ്ദേഹം താമസിച്ചിരുന്നു. കല്‌പകശ്ശേരി നായരെ വീരനാരായണശ്ശേരിമഠത്തിലെ ബ്രാഹ്മണർ കൈയേറ്റം ചെയ്യുകയും അതിന്റെ പകവീട്ടുന്നതിന്‌ പടയാളികള്‍ പ്രസ്‌തുത സങ്കേതം ചുട്ടുചാമ്പലാക്കുകയും ഒട്ടേറെ നമ്പ്യാതിരിമാരെ വെട്ടിക്കൊല്ലുകയും ചെയ്‌തതിന്റെപേരിൽ ഇരവിവർമ പ്രായശ്ചിത്തം ചെയ്‌തെങ്കിലും അത്‌ എട്ടരയോഗത്തെ തൃപ്‌തിപ്പെടുത്തിയില്ല. ഒടുവിൽ മരിച്ച നമ്പ്യാതിരിമാരുടെ ഇരട്ടിസംഖ്യ നായന്മാരെ "കഴുവേറ്റി' ആള്‍പരിഹാരം നിർവഹിച്ചു.

5. 1537-ൽ നാടുവാണിരുന്ന വെന്റുമണ്‍കൊണ്ട ഭൂതലവീരഇരവിവർമ. തിരുനെൽവേലി ജില്ലയിൽ വലിയൊരു ഭൂഭാഗം അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിൽ ഇദ്ദേഹം ഏർപ്പെടുത്തിയ "ഉദയമാർത്താണ്ഡന്‍ ശാന്തി' എന്ന പൂജയ്‌ക്കുവേണ്ട ചെലവിനങ്ങള്‍ക്കുവേണ്ടി തിരുനെൽവേലി പ്രദേശത്തു പറക്കുടിയിൽ പുള്ളുമംഗലം, വെപ്പന്‍കുളം എന്നീ ഗ്രാമങ്ങള്‍ ഇദ്ദേഹം ദാനംചെയ്‌ത വിവരം ശുചീന്ദ്രം ക്ഷേത്രത്തിലുള്ളതും 1537-ലുണ്ടായതുമായ ഒരു ശിലാലിഖിതത്തിൽ നിന്നുഗ്രഹിക്കാം. സ്വന്തമായ "മെയ്‌കീർത്തിയുള്ള ഒരേയൊരു കേരളരാജാവ്‌ അദ്ദേഹമാണ്‌'ന്ന്‌ അതിൽ പറഞ്ഞിരിക്കുന്നു. നല്ല പദ്യച്ചുവയുള്ള തമിഴ്‌ ഗദ്യത്തിലാണ്‌ പ്രസ്‌തുത പ്രശസ്‌തി രചിച്ചിട്ടുള്ളത്‌. തിരുനെൽവേലി ജില്ലയിലെ ചേരമഹാദേവി ഗ്രാമത്തിലുള്ള ദ്വാരാപതി അപ്പന്‍ ക്ഷേത്രത്തിൽ "ഇരവിവർമന്‍ശാന്തി' എന്നൊരു പൂജ ഏർപ്പെടുത്തിയതായും ഒരു പ്രശസ്‌തിപദ്യം സൂചിപ്പിക്കുന്നു. അംബാസമുദ്രം താലൂക്കിൽ കീഴ്‌-ആമ്പൂർ ഗ്രാമത്തിലെ കുളക്കരയിലുള്ള ഉന്നതമായ പാറക്കെട്ടിൽ അതിപ്പോഴും കാണാനുണ്ട്‌.

6. 1595-ൽ വീരഉദയമാർത്താണ്ഡവർമ മഹാരാജാവ്‌ മൃതിയടഞ്ഞതിനെത്തുടർന്ന്‌ മൂപ്പേറ്റ ഇരവിഇരവിവർമ. 1598-ലെ തിരുനയിനാർക്കുറിച്ചിശാസനം, 1603-ലെ കൊച്ചേപ്പിടാരം ശാസനം, 1606-ലെ ഇളമ്പശാസനം എന്നിവ കൂടാതെ തിരുവനന്തപുരം, തിരുവട്ടാർ എന്നീ സ്ഥലങ്ങളിൽനിന്നു കണ്ടുകിട്ടിയ ചില ശിലാലിഖിതങ്ങളിലും ഈ രാജാവിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌; ഇളംബ രേഖയിൽ പേരില്ല. ഇദ്ദേഹം മധുരയിലേക്ക്‌ സപരിവാരം യാത്രചെയ്‌ത്‌ വീരപ്പനായ്‌ക്കന്റെ ആതിഥ്യം സ്വീകരിച്ചു എന്നും നായ്‌ക്കന്‍ സന്തുഷ്‌ടനായി അദ്ദേഹത്തിനു 40 കുതിരകളെ സമ്മാനിച്ചു എന്നും തെളിയിക്കുന്ന രേഖകളുണ്ട്‌. തിരുവട്ടാറ്റു തോണിമണ്‍ കൊട്ടാരത്തിൽവച്ച്‌ മരിച്ചു(1609).

7. 1623-ലെ പദ്‌മനാഭപുരം ശാസനം, 1623-ലെ വാള്‍വച്ചഗോഷ്‌ഠം ശാസനം, 1629-ലെ എറിച്ചകുളം ശാസനം, 1639-ലെ തിരുവിതാംകോട്‌ ശാസനം, 1644-ലെ തൊടുവെട്ടി ശാസനം, 1657-ലെ ഭൂതപ്പാണ്ടി ശാസനം മുതലായ ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്ന ഇരവിവർമ. ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു തിരുമലനായ്‌ക്കന്റെ പടനായകനായ രാമപ്പയ്യന്‍ വേണാടാക്രമിച്ചത്‌. 1561-ലെ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രശാസനം ഈ വസ്‌തുത വെളിപ്പെടുത്തുന്നു. ആക്രമണദിനം അദ്ദേഹത്തിന്റെ ഒരു ജന്മദിനംകൂടിയായിരുന്നുവെന്ന്‌ സൂചനയുണ്ട്‌. ഇദ്ദേഹം എത്രകാലം ഭരിച്ചു എന്ന്‌ കൃത്യമായി പറയാവുന്ന രേഖകള്‍ ലഭിച്ചിട്ടില്ല.

8. വേണാടു വാണ ഇരവിവർമമാരിൽ അവസാനത്തെ രാജാവ്‌ ഉമയമ്മറാണിയുടെ കാലത്തെ ഇരവിവർമയായിരുന്നു. ഉമയമ്മറാണി ആറ്റിങ്ങൽ മൂന്നാംമുറയായിരുന്നപ്പോള്‍ വേണാടു വാണ ആദിത്യവർമയുടെ അനന്തരവനായിരുന്നു പ്രസ്‌തുത ഇരവിവർമ.

(കെ. മഹേശ്വരന്‍നായർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%BC%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍