This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശയവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:38, 5 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആശയവാദം

മനസ്സ്‌ പദാർഥജന്യമാണെന്ന വാദത്തെ നിഷേധിക്കുകയും പദാർഥത്തെക്കാള്‍ മൗലികമാണ്‌ മനസ്സ്‌ എന്ന്‌ സിദ്ധാന്തിക്കുകയും ചെയ്യുന്ന ഒരു ദാർശനിക പദ്ധതി.

ആശയവാദത്തെ ഒരു തത്ത്വശാസ്‌ത്രമെന്നനിലയിൽ പലപ്പോഴും യാഥാർഥ്യവാദം, പ്രായോഗികവാദം, മാനുഷികവാദം, ഭൗതികവാദം എന്നിവയുമായി താരതമ്യപ്പെടുത്താറുണ്ട്‌. തത്ത്വശാസ്‌ത്രം പ്രപഞ്ചത്തെപ്പറ്റിയും അതിൽ മനുഷ്യന്റെ സ്ഥാനത്തെപ്പറ്റിയും യുക്തിസഹമായ ഒരു സങ്കല്‌പം രൂപപ്പെടുത്തുന്നതിനുള്ള ശ്രമമാണെങ്കിൽ ആശയവാദം നല്‌കുന്ന സങ്കല്‌പം എന്താണെന്ന ചോദ്യം ഉന്നീതമാകുന്നു. യാഥാർഥ്യം ഭൗതികശക്തികളോടെന്നതിനെക്കാള്‍ ചിന്ത, മനസ്സ്‌ (സ്വത്ത്വം) എന്നിവയോട്‌ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌ ആശയവാദം സിദ്ധാന്തിക്കുന്നത്‌. അത്‌ മനസ്സിന്റെ ശാശ്വതമായ പ്രാധാന്യത്തിനും യാഥാർഥ്യത്തിനും ഊന്നൽ നല്‌കുന്നു.

മൗലികവും, യഥാർഥവും ആയത്‌ പദാർഥം (material) മാത്രമാണെന്നും മനസ്സ്‌, അതു യഥാർഥമാണെങ്കിൽ പോലും, മൗലികമല്ലെന്നും ആണ്‌ ഭൗതികവാദം (materialism)ഒരു തത്ത്വശാസ്‌ത്രമെന്ന നിലയിൽ സിദ്ധാന്തിക്കുന്നത്‌. ഈ വീക്ഷണഗതിയെ ആശയവാദം നിഷേധിക്കുന്നു. മനസ്സ്‌ യഥാർഥമാണ്‌; പദാർഥമാകട്ടെ, ഒരർഥത്തിൽ മനസ്സിന്റെ സൃഷ്‌ടിയാണ്‌. ഇതിൽനിന്ന്‌ വെളിവാകുന്ന നിഗമനം ഇങ്ങനെ സംഗ്രഹിക്കാം: ലോകം ഒരു വലിയ യന്ത്രമല്ല; അതിനെ ഒരു യന്ത്രമെന്ന തരത്തിൽ ഗ്രഹിക്കാന്‍ സാധ്യമല്ലതാനും. യാന്ത്രികതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അതിനെ വ്യാഖ്യാനിക്കാനും കഴിയുകയില്ല. അത്തരം വ്യാഖ്യാനം, അത്‌ എത്രതന്നെ സമർഥമാണെങ്കിലും യഥാർഥമായ അർഥം വെളിപ്പെടുത്താന്‍ അശക്തമായിരിക്കും. ആശയവാദത്തിന്റെ വിവിധ മാതൃകകള്‍ പൗരസ്‌ത്യദേശത്തും പാശ്ചാത്യദേശത്തും ഉണ്ടായിട്ടുണ്ട്‌. പൗരസ്‌ത്യദേശത്ത്‌ അതിന്റെ ചരിത്രം ഉപനിഷത്തുകളിൽ നിന്നാരംഭിച്ച്‌ അരവിന്ദഘോഷിന്റെയും രാധാകൃഷ്‌ണന്റെയും കൃതികള്‍ വരെ വ്യാപിച്ചുകിടക്കുന്നു. പാശ്ചാത്യദേശത്താകട്ടെ, പ്ലേറ്റോയിൽനിന്ന്‌ തുടങ്ങിയ ആശയവാദം റോയ്‌സ്‌ (Royce) വരെ നീണ്ടുചെന്നെത്തുന്നു.

പ്രപഞ്ചമെന്നത്‌ യുക്തിസഹവും ആധ്യാങ്ങികവുമായ ഒരു സംവിധാനമാണെന്ന്‌ ആശയവാദം അഭിപ്രായപ്പെടുന്നു. മനുഷ്യനും പ്രപഞ്ചവുംതമ്മിൽ ആന്തരികമായി സമരസപ്പെടുന്നു എന്ന നിലയിൽ ഈ ലോകത്തിന്‌ അർഥമുണ്ട്‌. പ്രപഞ്ചം "സൗഹൃദപൂർണ'മാണ്‌; മനുഷ്യന്‌ പ്രിയങ്കരവുമാണ്‌. മനുഷ്യന്‍ ഇവിടെ അന്യനല്ല; യാദൃച്ഛികസൃഷ്‌ടിയുമല്ല. മനസ്സ്‌ അഥവാ സ്വത്ത്വം ആണ്‌ സർഗശക്തി. അതാണ്‌ പ്രപഞ്ചത്തിന്റെ യുക്തിപൂർണത സൂചിപ്പിക്കുന്നത്‌. സത്യപരീക്ഷണം അംഗീകരിക്കുന്നു എന്നതാണ്‌ ആശയവാദത്തിന്റെ ഒരു മുഖ്യഭാവം. ഇതിനെ സത്യസംസത്തിവാദം എന്നു വിളിക്കുന്നു. മനസ്സ്‌ ലോകത്തെപ്പറ്റിയുള്ള നമ്മുടെ ധാരാണകളിലേക്ക്‌ ഇറങ്ങിച്ചെല്ലുകയും അവയെ വികസ്വരമാക്കുകയും ചെയ്യുന്നു. നമ്മുടെ വിധിനിർണയനം ഇന്ദ്രിയാനുഭവങ്ങളാൽ ബദ്ധമാണെങ്കിൽ, യാഥാർഥ്യവാദികളും മറ്റുള്ളവരും സത്യപരീക്ഷണമെന്ന നിലയിൽ നല്‌കുന്ന വസ്‌തുതകളുമായി അത്‌ പൊരുത്തപ്പെടുന്നു എന്നു പറയാനാവില്ല. ബന്ധപ്പെട്ട മറ്റു വിധിനിർണയനങ്ങളുമായി അതിനെ പൊരുത്തപ്പെടുത്തേണ്ടതുണ്ട്‌. യാഥാർഥ്യത്തിന്റെ സമഗ്രതയോടു പൊരുത്തപ്പെടുകയും അതിൽനിന്ന്‌ തനതായ അർഥം കൈവരിക്കുകയും ചെയ്യുന്നതരത്തിൽ ഈ തത്ത്വത്തെ പ്രപഞ്ചത്തോളം വികസിപ്പിച്ചവരാണ്‌ ഹെഗൽ, ബ്രാഡ്‌ലി, റോയ്‌സ്‌ തുടങ്ങിയ പാശ്ചാത്യദാർശനികർ. ജൈവസമഗ്രതയാണ്‌ ആശയവാദത്തിന്റെ കേന്ദ്രതത്ത്വം. അങ്ങനെ ആശയവാദം പദാർഥത്തെക്കാള്‍ കൂടുതൽ പ്രാധാന്യം മനസ്സിനു കല്‌പിക്കുന്നു.

ആശയവാദമെന്ന പദത്തിന്റെ സാധാരണ വിവക്ഷയിൽനിന്ന്‌ അതിന്റെ തത്ത്വശാസ്‌ത്രപരമായ അർഥം വേർതിരിച്ചു ഗ്രഹിക്കേണ്ടതുണ്ട്‌. സാധാരണയായി ആശയവാദത്തിന്‌ രണ്ടർഥങ്ങളാണ്‌ കല്‌പിക്കപ്പെടുന്നത്‌: (1) ധാർമികവും കലാപരവും മതപരവുമായ മണ്ഡലങ്ങളിൽ ഉന്നതമായ നിലവാരം; (2) നിലവിൽ വന്നിട്ടില്ലാത്ത പദ്ധതികള്‍ക്കും പരിപാടികള്‍ക്കും വേണ്ടിയുള്ള വാദം. ശാശ്വതസമാധാനത്തിനും പൂർണമായ ദാരിദ്യ്ര നിർമാർജനത്തിനും വേണ്ടി വാദിക്കുന്നവർ ആദ്യത്തെ അർഥത്തിലും, പരിഷ്‌കർത്താക്കളും പ്രവാചകന്മാരും രണ്ടാമത്തെ അർഥത്തിലും ആശയവാദികളാണ്‌. നിലവിൽ വന്നിട്ടില്ലാത്ത സംവിധാനത്തിനുവേണ്ടിയാണ്‌ അവരെല്ലാം വാദിക്കുന്നത്‌.

പ്രപഞ്ചത്തിന്‌ അർഥമുണ്ട്‌; മൂല്യമുണ്ട്‌. ഉത്തമ മൂല്യങ്ങള്‍ (ideal values) ആണ്‌ പ്രപഞ്ചത്തിന്റെ നിയാമകശക്തി. ലക്ഷ്യപൂർണമായ ഒരു സംവിധാനമെന്ന നിലയിൽമാത്രമേ ലോകത്തെ മനസ്സിലാക്കുവാന്‍ കഴിയൂ. ആശയവാദത്തിന്റെ അന്തഃസത്ത ഇതാണ്‌. ആശയവാദത്തെ ആങ്ങനിഷ്‌ഠാശയവാദം (subjective idealisam), ദൃശ്യപ്രപഞ്ചവാദം (personalism), വാസ്‌തു നിഷ്‌ഠാശയവാദം objective idealism), വ്യക്തിപരതാവാദം (phenomenalism)എന്നിങ്ങനെ നാലായി വിഭജിക്കാം.

ആങ്ങനിഷ്‌ഠാശയവാദം. ആങ്ങനിഷ്‌ഠാശയവാദത്തെ മാനസവാദം (Mentalism)എന്നും ആങ്ങനിഷ്‌ഠാവാദം (Subjectivism)എന്നും വിളിക്കാറുണ്ട്‌. മനസ്സിനും അതിലുണ്ടാകുന്ന ആശയങ്ങള്‍ക്കും മാത്രമേ അസ്‌തിത്വമുള്ളൂ. അനുഭവവേദ്യവസ്‌തുക്കള്‍ എന്നത്‌ കേവലം പ്രത്യക്ഷണങ്ങള്‍ (perceptions) ആണ്‌. അവയ്‌ക്കു തനതായ അസ്‌തിത്വമില്ല, അവ യഥാർഥമല്ലതാനും. സ്വന്തം അനുഭവങ്ങള്‍ക്കപ്പുറത്തേക്കു കടക്കാന്‍ ആർക്കും സാധ്യമല്ല. അനുഭവങ്ങളാകട്ടെ, ആശയങ്ങള്‍ മാത്രമാണ്‌. ഈ ദർശനപദ്ധതിയുടെ ഏറ്റവും വലിയ പ്രണേതാവായ ജോർജ്‌ബെർക്ക്‌ലിയുടെ അഭിപ്രായത്തിൽ ഭൗതികവസ്‌തു എന്നത്‌ ആശയങ്ങളുടെ സമാഹാരമാണ്‌. യഥാർഥമായത്‌ ഒന്നേയുള്ളൂ-ബോധപൂർവമായ മനസ്സും മനസ്സിലുണ്ടാകുന്ന ആശയങ്ങളും. ഒരു വസ്‌തു നിലനില്‌ക്കുന്നു എന്ന പ്രസ്‌താവംകൊണ്ടർഥമാക്കുന്നത്‌ ആവസ്‌തുവിനെപ്പറ്റി നാം പ്രത്യക്ഷണം നടത്തുന്നു എന്നതാണ്‌. എല്ലാ വിജ്ഞാനങ്ങളെയും ആശയങ്ങളായി ഒതുക്കിയെടുക്കുന്ന ബൗദ്ധികവിജ്ഞാനവാദം ഒരർഥത്തിൽ മാനസവാദംതന്നെയാണ്‌. ആശയജനകമായ എന്തോ അതു മാത്രമാണ്‌ പ്രപഞ്ചത്തിൽ യഥാർഥമായിട്ടുള്ളത്‌.

ദൃശ്യപ്രപഞ്ചവാദം. ആങ്ങനിഷ്‌ഠാവാദവുമായി ഏറെക്കുറെ സമാനമായ ഒന്നാണിത്‌. മനസ്സിനു നല്‌കാന്‍ കഴിയുന്നവയെപ്പറ്റി മാത്രമേ നമുക്കറിയാന്‍ കഴിയുകയുള്ളൂ എന്നതാണ്‌ ഈ വാദത്തിന്റെ കാതൽ. അതായത്‌, വസ്‌തുക്കളുടെ ആത്യന്തികപ്രകൃതത്തെപ്പറ്റിയല്ല, പ്രതിഭാസത്തെപ്പറ്റിയാണ്‌ നമുക്കു മനസ്സിലാക്കാന്‍ കഴിയുക. മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഗോചരമാകുന്ന രീതിയിലാണ്‌ വസ്‌തുക്കളെ നാം മനസ്സിലാക്കുന്നത്‌. പാശ്ചാത്യദർശനത്തിൽ ദൃശ്യപ്രപഞ്ചവാദത്തിന്റെ വക്താവായിരുന്ന ഇമ്മാനുവൽ കാന്റിന്റെ ലോകം മാനസസൃഷ്‌ടമായ ഒന്നാണ്‌. കുശവന്‍ കളിമച്ചുകൊണ്ട്‌ വിവിധരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതുപോലെ മനസ്സ്‌ ഇന്ദ്രിയഗോചരമായ വസ്‌തുക്കള്‍കൊണ്ട്‌ പല രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നു. ഗ്രഹണശക്തിയാണ്‌ പ്രകൃതിനിയമങ്ങള്‍ വിധിച്ചു നല്‌കുന്നത്‌.

വസ്‌തുനിഷ്‌ഠാശയവാദം. പ്ലേറ്റോ, ഹെഗൽ, ബ്രാഡ്‌ലി എന്നിവരാണ്‌ പാശ്ചാത്യരായ വസ്‌തുനിഷ്‌ഠാശയവാദികളിൽ പ്രമുഖർ. അവർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നത്‌ ലക്ഷ്യങ്ങളുടെയും മൂല്യങ്ങളുടെയും യുക്തിസഹമായ ഒരു പദ്ധതി എന്ന നിലയിലാണ്‌. പ്രപഞ്ചമെന്നത്‌ മാനസികമാണ്‌. സ്വത്വാങ്ങകമാണ്‌; ജൈവപരമായി പൂർണവുമാണ്‌. ഇന്ദ്രിയ പ്രത്യക്ഷണത്തിന്റെ ലോകം, അതെത്രതന്നെ മൂർത്തവും ഭൗതികവും ആണെങ്കിലും, യഥാർഥമല്ല. യഥാർഥലോകം ഇന്ദ്രിയാതീതമായ ആശയങ്ങളുടെ ലോകമാണ്‌. ഹെഗലിന്റെ അഭിപ്രായത്തിൽ ലോകം ഏകമാണ്‌; പൂർണമാണ്‌; ധൈഷണികമാണ്‌. ഈ ചിന്താപദ്ധതിയുടെ ഏറ്റവും വലിയ പൗരസ്‌ത്യപ്രതിനിധിയാണ്‌ ഉപനിഷത്തുകളിലെ തത്ത്വശാസ്‌ത്രം പുനർവ്യാഖ്യാനം ചെയ്‌ത ശങ്കരാചാര്യർ. വ്യക്തിപരതാവാദം. ഇവിടെ അടിസ്ഥാന ഘടകം കേവല ചിന്തയല്ല; ചിന്തിക്കുന്ന വ്യക്തിയാണ്‌. യാഥാർഥ്യമെന്നത്‌ വ്യക്തിസ്വത്വങ്ങളുടെ സംവിധാനമാണ്‌. സ്വത്വമാകട്ടെ, ഏറ്റവും ചെറിയ ജൈവ-ഏകകമാണ്‌. അതിനാൽ യാഥാർഥ്യമെന്നത്‌ ഏകാങ്ങകമല്ല, അനേകാങ്ങകമാണ്‌. വ്യക്തികളുടെ മേന്മ, ധാർമിക മൂല്യങ്ങള്‍, മാനവസ്വാതന്ത്യ്രം എന്നിവയ്‌ക്ക്‌ ആശയവാദം പ്രാമുഖ്യം കല്‌പിക്കുന്നു. പാശ്ചാത്യദർശനത്തിൽ വ്യക്തിപരതാവാദത്തിന്റെ ശ്രദ്ധേയനായ പ്രതിനിധിയാണ്‌ ലൊട്ട്‌സെ (Lotze). പൗരസ്‌ത്യദർശനത്തിൽ ആശയവാദത്തെപ്പറ്റി രാമാനുജന്‍ നല്‌കുന്ന വ്യാഖ്യാനം ഒരു തരത്തിൽപ്പെട്ട വ്യക്തിപരതാവാദമാണെന്നു കാണാം.

ആശയവാദം വിവിധരൂപത്തിൽ നൂറ്റാണ്ടുകളിലൂടെ നിലനിന്നുവരുന്നു. പൗരസ്‌ത്യരും പാശ്ചാത്യരുമായ ഒട്ടേറെ ദാർശനികർ അതിന്റെ വക്താക്കളായിട്ടുണ്ട്‌. മതം, ധാർമികമൂല്യങ്ങള്‍, സാമൂഹികസംസ്ഥകള്‍ എന്നിവയിലെല്ലാം ആശയവാദത്തിന്റെ സ്വാധീനം ദർശിക്കാന്‍ കഴിയും. അതിന്റെ സാങ്കേതികപദങ്ങള്‍ അവ്യക്തമാണെന്നും അതിന്റെ വിചിന്തനരീതി അശാസ്‌തീയമാണെന്നും നിരൂപകർ കുറ്റപ്പെടുത്തുന്നു. ആമുഷ്‌മികത, പാരമ്പര്യസിദ്ധിവാദം, തിന്മയോടുള്ള തൃപ്‌തികരമല്ലാത്ത സമീപനം എന്നിവ ആശയവാദത്തിന്റെ ന്യൂനതകളാണെന്ന്‌ പ്രായോഗികവാദികള്‍ വിമർശിക്കുന്നു.

(ഡോ. എ.എസ്‌. നാരാണപിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B6%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍