This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡർമാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:59, 2 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽഡർമാന്‍

Alderman

യു.എസ്സിലും ഗ്രറ്റ്‌ ബ്രിട്ടനിലുമുള്ള നഗരഗ്രാമ-ഭരണസമിതികളിലെ അംഗങ്ങളെ സൂചിപ്പിക്കുന്ന സംജ്ഞ; നോർമന്‍ ആക്രമണത്തിനുമുമ്പ്‌ ഇംഗ്ലണ്ടിലെ സിവിൽ-ക്രിമിനൽ അധികാരങ്ങളുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഈ പേരിൽ അറിയപ്പെട്ടിരുന്നു. പ്രാചീന ഇംഗ്ലീഷ്‌ നിയമത്തിൽ ആൽഡർമാന്‌ വിപുലമായ അധികാരങ്ങളാണുണ്ടായിരുന്നത്‌; ഇംഗ്ലണ്ടിൽ പതിനൊന്നോളം തരത്തിൽ ആൽഡർമാന്‍മാർ ഉണ്ടായിരുന്നതായി പറയുന്നു. ആംഗ്ലോ-സാക്‌സന്‍ കാലഘട്ടത്തിൽ പ്രഭുക്കന്മാർ, പ്രവിശ്യാഗവർണർമാർ, മറ്റ്‌ ഉന്നതസ്ഥാനീയർ എന്നിവർക്ക്‌ ആൽഡർമാന്‍പദവി നല്‌കിയിരുന്നു. പിന്നീട്‌ കൗണ്ടികളിലെ ചീഫ്‌ മജിസ്‌ട്രറ്റിനെ പരാമർശിക്കാനും ഈ പദം ഉപയോഗിച്ചുവന്നു.

യു. എസ്സിൽ കോളോണിയൽ ഭരണകാലത്ത്‌ ഇംഗ്ലണ്ടിലെ ഭരണക്രമം തന്നെയായിരുന്നു നടപ്പാക്കിയിരുന്നത്‌. ആൽഡർമാന്മാരും സാധാരണ കൗണ്‍സിലർമാരും ഒന്നിച്ച്‌ മേയറുടെ കീഴിൽ പ്രവർത്തിച്ചിരുന്നു. മിക്ക ആൽഡർമാന്മാരെയും കൗണ്‍സിലർമാരെയും നഗരങ്ങളിൽ (Borough) നിന്ന്‌ സമ്മതിദായകർ തിരഞ്ഞെടുത്തുവന്നു. അപൂർവം ചില സന്ദർഭങ്ങളിൽ കൗണ്‍സിലർമാരെ തിരഞ്ഞെടുക്കുകയും അവരിൽനിന്ന്‌ ആൽഡർമാന്മാരെ നിയമിക്കുകയും ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. നിയമനിർമാണച്ചുമതലയോടൊപ്പം ചെറിയ സിവിൽ-ക്രിമിനൽ കേസുകളിലെ ജുഡീഷ്യൽ അധികാരങ്ങളും അവർക്കുണ്ടായിരുന്നു. സ്വയം വിധിതീർപ്പ്‌ കല്‌പിക്കാന്‍ പറ്റാത്ത കേസുകളിൽ ഇവർ മേയറോടൊത്ത്‌ ജുഡീഷ്യൽ അധികാരങ്ങള്‍ വഹിച്ചുപോന്നു. കോളോണിയൽ ഭരണത്തിനുശേഷം ആൽഡർമാനുള്‍പ്പെടെയുള്ള കൗണ്‍സിൽ അംഗങ്ങളെ ജനങ്ങള്‍ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ തുടങ്ങി.

19-ാം ശ.-ത്തിൽ മുനിസിപ്പാലിറ്റികളിൽ ദ്വിമണ്ഡലരീതി നിലവിൽ വന്നപ്പോള്‍ ഒരു സഭ "ആൽഡർമാന്‍ ബോർഡ്‌' എന്ന പേരിലും മറ്റേത്‌ "കോമണ്‍ കൗണ്‍സിൽ' എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. ഈ ദ്വിമണ്ഡലസഭ 20-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഇല്ലാതായി; എങ്കിലും ആൽഡർമാന്‍പദം പ്രചാരത്തിലിരുന്നു. 1835, 1882 എന്നീ വർഷങ്ങളിലെ ഇംഗ്ലീഷ്‌ മുനിസിപ്പൽ കോർപറേഷന്‍ നിയമങ്ങള്‍, 1933-ലെ ലോക്കൽ ഗവണ്‍മെന്റുനിയമം എന്നിവ അനുസരിച്ച്‌ ബറോയിലെയും കൗണ്ടികൗണ്‍സിലിലെയും ഒരു പ്രത്യേകതരം അംഗത്തെ സൂചിപ്പിക്കാനാണ്‌ ആൽഡർമാന്‍ എന്ന സംജ്ഞ ഉപയോഗിക്കുന്നത്‌. ഇംഗ്ലണ്ടിലെ കൗണ്ടികൗണ്‍സിലുകളിലും കൗണ്ടിബറോകളിലും മുനിസിപ്പൽബറോകളിലും രണ്ടുതരം അംഗങ്ങള്‍ ഉണ്ട്‌: കൗണ്‍സിലർമാരും, ആള്‍ഡർമാന്മാരും, സമ്മതിദായകർ കൗണ്‍സിലർമാരെ തെരഞ്ഞെടുക്കുന്നു; അവരിൽ മൂന്നിലൊരുഭാഗം വരുന്ന ആൽഡർമാന്മാരെ കൗണ്‍സിലർമാർ തിരഞ്ഞെടുക്കുന്നു; കൗണ്‍സിലർമാരുടെ കാലാവധി 3 വർഷവും ആൽഡർമാന്മാരുടേത്‌ 6 വർഷവുമാണ്‌. ആൽഡർമാനു തുല്യനായ ഉദ്യോഗസ്ഥന്‍ സ്‌കോട്ട്‌ലന്‍ഡിൽ ബെയ്‌ലി (Bailie) എന്ന പേരിൽ അറിയപ്പെടുന്നു.

ഈസ്റ്റിന്ത്യാക്കമ്പനി ഭരണകാലത്ത്‌ ഇന്ത്യയിലെ നഗരഭരണസമിതികളിൽ ആൽഡർമാന്മാർ ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിൽ തത്തുല്യമായ പദവി വഹിക്കുന്നത്‌ കമ്മിഷണർ, എക്‌സിക്യൂട്ടിവ്‌ ഓഫീസർ, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍