This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ചുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

00:34, 1 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർച്ചുകള്‍

ചില പാലങ്ങളുടെ അടിയിലും പാർശ്വങ്ങളിലും കെട്ടിടങ്ങളുടെ തുറന്നഭാഗങ്ങളായ ജന്നൽ, വെന്റിലേറ്റർ, വാതിൽ മുതലായവയുടെ മുകളിലും നിർമിക്കുന്ന കമാനങ്ങള്‍. മുകളിൽ വരുന്ന ഭാരം നേരെ താഴോട്ട്‌ പ്രവർത്തിക്കാതെ ഇരുവശങ്ങളിലേക്കും സംക്രമിപ്പിക്കുവാന്‍ സാധിക്കുന്നു എന്നതാണ്‌ ആർച്ചുകളുടെ പ്രത്യേകത. ഒരു കെട്ടിടത്തിന്റെ വാതിലോ ജന്നലോ തടികൊണ്ടാണ്‌ പണിതുറപ്പിക്കുന്നതെങ്കിൽ മുകളിലുള്ള ഭിത്തിയുടെ ഭാരം മുഴുവന്‍ താങ്ങാനുള്ള ശക്തി തടിപ്പടിക്ക്‌ ഉണ്ടായെന്നുവരില്ല. തന്മൂലം, ഭാരം തടിയിൽ കേന്ദ്രീകരിക്കാത്തവിധം രണ്ടുവശത്തുമുള്ള ഭിത്തിയിലേക്കു സംക്രമിപ്പിക്കുന്നതിനായി തടിപ്പടിക്കുമുകളിൽ ഒരു ആർച്ചു പണിയുന്നത്‌ പ്രയോജനകരമാണ്‌. ഭംഗിക്കു വേണ്ടിയും ആർച്ചുകള്‍ നിർമിക്കാറുണ്ട്‌. ചരിത്രം. അതിപുരാതനകാലത്തുതന്നെ ആർച്ചുകളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. നീളമുള്ള കല്ലുകളുപയോഗിച്ച്‌ ത്രികോണാകൃതിയിലാണ്‌ പ്രാചീന മനുഷ്യർ ആർച്ചുകള്‍ നിർമിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ബി.സി. 4000-നു മുമ്പുതന്നെ യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദീതടങ്ങളിൽ വക്രാകൃതിയിലുള്ള ആർച്ചുകള്‍ നിർമിച്ചിരുന്നതായി അറിയപ്പെട്ടിട്ടുണ്ട്‌. ഈജിപ്‌ത്‌, ഗ്രീസ്‌, അസീറിയ എന്നിവിടങ്ങളിലെ ശില്‌പികള്‍ ആർച്ചിന്റെ തത്ത്വം ആദ്യം മനസ്സിലാക്കിയവരിൽപ്പെടുന്നു. ബി.സി. 3000-നു മുമ്പ്‌ ഈജിപ്‌തുകാർ നിർമിച്ച ഗിസെയിലെ കൂഫു പിരമിഡിൽ പണിതിട്ടുള്ള ആർച്ചുകള്‍ റിലീവിങ്‌ (relieving) ആർച്ചുകള്‍ എന്ന പേരിലാണറിയപ്പെടുന്നത്‌. ബി.സി. 2500-2300 കാലഘട്ടത്തിൽ മെസപ്പോട്ടേമിയയിലെ ഭൂഗർഭശവക്കല്ലറകളിലും ജലനിർഗമനമാർഗങ്ങളിലും ആർച്ചുകള്‍ പണിതിരുന്നതായി രേഖകളുണ്ട്‌. എട്രൂസ്‌കന്മാരിൽനിന്നും റോമാക്കാർ ആർച്ചുനിർമാണവിദ്യ അഭ്യസിക്കുകയും പാലങ്ങള്‍, സർക്കസ്‌ കൂടാരങ്ങള്‍, അക്വിഡക്‌റ്റുകള്‍, സ്‌നാനഘട്ടങ്ങള്‍ മുതലായവയുടെ നിർമാണത്തിൽ അവ ധാരാളമായി ഉപയോഗിക്കുകയും ചെയ്‌തു. ബി.സി. രണ്ടാം ശ.-ത്തിൽ ഭവനനിർമാണത്തിൽ ഗ്രീക്കുകാർ ചാപാകാരത്തിലുള്ള ആർച്ചുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താനാരംഭിച്ചു. ഏറ്റവും ഭംഗിയുള്ള ആർച്ചുകള്‍ ആദ്യം നിർമിച്ചിത്‌ റോമാക്കാരണ്‌; റോമിലെ പാന്തിയോണ്‍ ദേവാലയം ഇതിന്‌ ഉത്തമോദാഹരണമായെടുക്കാം. വാസ്‌തുവിദ്യയുടെ ഒരു പ്രധാന ഘടകമായി ആർച്ചിനെ അംഗീകരിച്ചതും റോമാക്കാർതന്നെ. അർധവൃത്താകൃതിയിലുള്ള ആർച്ചുകളാണ്‌ അവർ അധികവും നിർമിച്ചിരുന്നത്‌. എ.ഡി. 11-ാം ശ. ആയപ്പോഴേക്കും ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിൽ സ്‌തൂപാകാരത്തിലുള്ള ആർച്ചുകള്‍ പ്രചാരത്തിൽവന്നു.

നവോത്ഥാനഘട്ടത്തിൽ വ്യവഹാരത്തിൽവന്ന അർധവൃത്താകൃതിയിലുള്ള ആർച്ചുകളും ഗോഥിക്‌ രീതിയുള്ള കൂർത്ത ആർച്ചുകളും രണ്ട്‌ വ്യത്യസ്‌ത പ്രവണതകളെ സൂചിപ്പിക്കുന്നവയായി സാമൂഹ്യശാസ്‌ത്രജ്ഞർ കരുതുന്നു. മനുഷ്യന്റെ എല്ലാവിധ ചിന്തകളും ഭൂമിയിലേക്കു തിരിയുകയും അവിടെത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്‌തിരുന്ന ഒരു സംസ്‌കാരത്തിന്റെ പ്രതീകമായാണ്‌ ലംബമായി ഭൂമിയിലേക്കു പ്രതിബലം അർപ്പിക്കുന്ന അർധവൃത്താകൃതിയിലുള്ള ആർച്ച്‌ കരുതപ്പെടുന്നത്‌. അത്യുന്നതമെന്ന്‌ വിശ്വസിക്കപ്പെടുന്ന സ്വർഗത്തിലേക്ക്‌ മനുഷ്യമനസ്സിനെയും ഭൗതികനേട്ടങ്ങളെയും ഉയർത്താനും അടുപ്പിക്കാനും ഉള്ള വ്യഗ്രതയുടെ സൂചനയായി ഗോഥിക്‌ ആർച്ചുകളെയും കണക്കാക്കുന്നു. യുദ്ധവിജയങ്ങളുടെ സ്‌മാരകങ്ങളെന്ന നിലയ്‌ക്ക്‌ മിക്ക രാജ്യങ്ങളിലും "വിജയ കമാനങ്ങള്‍' പണിതുയർത്തിയിട്ടുള്ളതായി കാണാം. ആസ്റ്റർലിറ്റ്‌സിലെ "മഹാസേന'യുടെ (Grand Army) വിജയത്തെ സൂചിപ്പിക്കുന്ന സ്‌മാരകകമാനമാണ്‌ പാരിസിന്റെ സിരാകേന്ദ്രമായ എത്വാൽ (Etoille). പ്രാചീനറോമിൽ പണിതുയർത്തിയ പല സ്‌മാരകകമാനങ്ങളുടെയും അവശിഷ്‌ടങ്ങള്‍ ഇന്നും കാണാനുണ്ട്‌. എ.ഡി. 70-ൽ ജറുസലേം പിടിച്ചടക്കിയതിന്റെ ഓർമ്മയ്‌ക്കായുള്ള റ്റൈറ്റസിന്റെ ആർച്ച്‌, 113-ൽ അൽസോണയിൽ ഉയർത്തിയ ട്രാജന്‍ ആർച്ച്‌, പാർഥിയന്മാരെ പരാജയപ്പെടുത്തിയതിന്റെ ഓർമ്മയ്‌ക്കായി 240-ൽ പണിത ആർച്ച്‌, 312-ൽ മാക്‌സെന്‍ഷ്യസിന്റെ വിജയസ്‌മാരകമായി പണിയിച്ച കോണ്‍സ്റ്റന്റയിന്‍ ആർച്ച്‌ തുടങ്ങിയവയാണ്‌ റോമിലെ പ്രമുഖ വിജയസ്‌മാരക കമാനങ്ങള്‍.

19-ാം ശ.-ത്തിൽ ആർച്ചിന്റെ നിർമാണവസ്‌തുക്കളിൽ ഉരുക്കും കോണ്‍ക്രീറ്റും സ്ഥാനം പിടിച്ചു. അതോടെ പാലം പണിയിൽ ആർച്ചിന്റെ പ്രാധാന്യം സുസ്ഥിരമായിത്തീർന്നു. വർഗീകരണം. ആകൃതിയെയും നിർമാണപദാർഥങ്ങളെയും അടിസ്ഥാനമാക്കി ആർച്ചുകളെ വർഗീകരിക്കാറുണ്ട്‌. ഉള്‍ഭാഗത്തിന്റെ ആകൃതിയനുസരിച്ച്‌ അർധവൃത്തകമാനം, ചാപ-കമാനം, ലാട-കമാനം, സമഭുജകമാനം, ന്യൂനകോണകമാനം, മുനയില്ലാകമാനം, പരപ്പന്‍കമാനം, കസ്‌പ്‌കമാനം, ദീർഘവൃത്തകമാനം, പാരാബോളികകമാനം, പടവുകമാനം എന്നിങ്ങനെ ആർച്ചുകളെ പലതായി തിരിക്കാം.

നിർമാണപദാർഥങ്ങളെ അടിസ്ഥാനമാക്കി ആർച്ചുകളെ കോണ്‍ക്രീറ്റ്‌കമാനങ്ങള്‍, ഉരുക്കുകമാനങ്ങള്‍, ഇഷ്‌ടികകമാനങ്ങള്‍, കൽകമാനങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്‌.

കോണ്‍ക്രീറ്റ്‌ കമാനങ്ങള്‍. ആർച്ചുനിർമാണത്തിന്‌ ഏറ്റവും യോജിച്ച പദാർഥമാണ്‌ കോണ്‍ക്രീറ്റ്‌. ആർച്ചിനാവശ്യമായ അളവിലുള്ള കോണ്‍ക്രീറ്റ്‌ ഖണ്ഡങ്ങള്‍ വാർത്തെടുത്താണ്‌ ഇവ നിർമിക്കുന്നത്‌. സാധാരണഗതിയിൽ 1 : 2 : 4 അനുപാതത്തിലുള്ള കോണ്‍ക്രീറ്റ്‌ മിശ്രിതം ഇതിനുപയോഗിക്കുന്നു. കോണ്‍ക്രീറ്റ്‌ ഖണ്ഡങ്ങളുപയോഗിക്കാതെ മരത്തടികള്‍, ഉരുക്കപ്ലേറ്റുകള്‍ മുതലായവകൊണ്ടുണ്ടാക്കിയ ചട്ടക്കൂടിൽ കോണ്‍ക്രീറ്റ്‌ മിശ്രിതം ഒന്നാകെ കോരിയിട്ടുറപ്പിച്ചും ഇത്തരം ആർച്ചുകള്‍ നിർമിക്കാവുന്നതാണ്‌.

ഉരുക്കുകമാനങ്ങള്‍. ഉരുക്ക്‌ ആർച്ചുകളിൽ അധികവും പാലം പണിക്കാണുപയോഗിക്കുന്നത്‌. സ്റ്റിൽട്ടഡ്‌ ആർച്ച്‌, പരാബോളിക്‌ ആർച്ച്‌, ട്യൂഡർ ആർച്ച്‌, റിലീവിങ്‌ ആർച്ച്‌ മുതലായ ഉരുക്ക്‌ ആർച്ചുകള്‍ പാലംപണിക്കും മറ്റും ഉപയോഗിച്ചുവരുന്നു.

ഇഷ്‌ടികകമാനങ്ങള്‍. പരുക്കന്‍ ഇഷ്‌ടികകമാനങ്ങള്‍, ആക്‌സ്‌ഡ്‌കമാനങ്ങള്‍, ഗേജ്‌ഡ്‌കമാനങ്ങള്‍ എന്നിവയാണ്‌ ഇഷ്‌ടികകമാനങ്ങളിൽ പ്രധാനമായുള്ളവ. ചെത്തിമിനുക്കാത്ത ഇഷ്‌ടികയുപയോഗിച്ച്‌ നിർമിക്കുന്നവയാണ്‌ പരുക്കന്‍ ഇഷ്‌ടികകമാനങ്ങള്‍. ഇഷ്‌ടികകള്‍ ചെത്തിമിനുക്കി സന്ധികളിൽ കൂടുതൽ ചാന്തുപയോഗിച്ചാണ്‌ ആക്‌സ്‌ഡ്‌കമാനങ്ങള്‍ നിർമിക്കുന്നത്‌. ഭംഗികൂടുന്നതിന്‌ ചെത്തിമിനുക്കിയ ഇഷ്‌ടികയുപയോഗിച്ച്‌ ഗേഡ്‌ജ്‌കമാനങ്ങള്‍ നിർമിക്കപ്പെടുന്നു.

കൽകമാനങ്ങള്‍. കൽകമാനങ്ങളിൽ ആഷ്‌ലർ കമാനങ്ങളും കരിങ്കൽ കമാനങ്ങളും ഉള്‍പ്പെടുന്നു. കമാനത്തിന്റെ മധ്യത്തിൽ വലിയ ആപ്പുകല്ലും ഇരുവശങ്ങളിലും ആപ്പുകല്ലിനോടു ചേർത്തു കൃത്യമായ അളവിൽ വെട്ടിയെടുത്ത കമാനക്കല്ലുകളും ചാന്തുചേർത്തു യോജിപ്പിച്ചാണ്‌ ആഷ്‌ലർ കമാനങ്ങള്‍ നിർമിക്കുന്നത്‌. ഇതിൽ കല്ലിന്റെ നീളമായിരിക്കും കമാനത്തിന്റെ കനം. കരിങ്കൽ കമാനങ്ങളിൽ കൃത്യമായ ആകൃതിയില്ലാത്ത കരിങ്കല്ലുകള്‍ ആവശ്യത്തിനനുസരിച്ച്‌ ചാന്തുപയോഗിച്ച്‌ നിർമാണം നടത്തുന്നു. ആഷ്‌ലർകമാനത്തിന്‌ കരിങ്കൽകമാനത്തെക്കാള്‍ ഉറപ്പുകൂടുതലായിരിക്കും. നോ: ആർക്കിടെക്‌ചർ (പ്രാഫ. കെ.സി. ചാക്കോ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍