This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റ്‌വെർപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:23, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റ്‌വെർപ്‌

Antwerp

ബൽജിയത്തിൽ വലുപ്പംകൊണ്ടു രണ്ടാംസ്ഥാനം അർഹിക്കുന്ന, വ്യാപാരപ്രധാനമായ തുറമുഖപട്ടണം. നോർത്ത്‌ കടലിൽനിന്ന്‌ 88 കി.മീറ്ററോളം ഉള്ളിലായി ഷെൽറ്റ്‌ നദീതീരത്തു സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ പശ്ചപ്രദേശം (hinterland) വിസ്‌തൃതവും ഫലഭൂയിഷ്‌ഠവുമായ എക്കൽസമതലങ്ങളാണ്‌. ജനസംഖ്യ 4,95,000 (1995). നദിയുടെ കിഴക്കേക്കരയിലാണ്‌ പ്രധാന പട്ടണമെങ്കിലും, പടിഞ്ഞാറേ കരയിലേക്കുകൂടി നഗരാധിവാസം വ്യാപിച്ചിട്ടുണ്ട്‌. നദിക്കു കുറുകേ പാലങ്ങളില്ല; പകരം ഭൂഗർഭതുരങ്കങ്ങളിലൂടെ ഇരുകരകളെയും ബന്ധിച്ചിരിക്കുന്നു. രണ്ടു തുരങ്കങ്ങളുള്ളവയിൽ ഒന്നു വാഹനങ്ങള്‍ക്കുള്ളതും മറ്റേതു നടപ്പാതയുമാണ്‌.

പുരാതന നഗരത്തിന്റെ ഭാഗങ്ങള്‍ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ാം ശ.-ത്തിൽ നിർമിതമായതെന്നു കരുതാവുന്ന നഗരത്തിന്റെ പുറംമതിലുകള്‍ നാമാവശേഷമായിക്കഴിഞ്ഞു; എന്നാൽ 16-ാം ശ.-ത്തിലെ എടുപ്പുകളും പ്രാകാരങ്ങളും ഇന്നും കേടുകൂടാതെ ശേഷിക്കുന്നു. 14-ാം ശ.-ത്തിൽ പണി തുടങ്ങി, രണ്ടുനൂറ്റാണ്ടുകള്‍കൊണ്ടു പൂർത്തിയാക്കപ്പെട്ട വിശുദ്ധ കന്യകയുടെ നോട്ടർഡാം ദേവാലയമാണ്‌ ഇവിടത്തെ പുരാതന ശില്‌പങ്ങളിൽ ഏറ്റവും മികച്ചത്‌. 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിൽ ഈ ദേവാലയം കേടുപാടുകള്‍ തീർത്ത്‌ പരിഷ്‌കരിക്കപ്പെട്ടു. 140 മീ. ഉയരമുള്ള ഒരു മേടയും, പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക്‌ വാസ്‌തുശില്‌പകലയുടെ മനോഹരപ്രതീകമായ ഈ ദേവാലയത്തോടു ചേർന്നു കാണാനുണ്ട്‌. സുപ്രസിദ്ധ ചിത്രകാരനായ റൂബന്‍സിന്റെ അനേകം ചുമർ ചിത്രങ്ങള്‍ ഈ ദേവാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു. വേറെയും നിരവധി ക്രസ്‌തവദേവാലയങ്ങള്‍ ഈ നഗരത്തിലുണ്ട്‌. മധ്യകാലഘട്ടത്തിൽ നഗരത്തിന്റെ വളർച്ച സ്റ്റീന്‍ എന്നറിയപ്പെടുന്ന നദീതീരപ്രാകാരത്തെ ചുറ്റിയായിരുന്നു.

പാരിസ്‌, ആംസ്റ്റർഡാം, ബ്രസൽസ്‌, ബേസൽ എന്നീ പ്രമുഖനഗരങ്ങളുമായി ആന്റ്‌വെർപ്‌ റയിൽമാർഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഡേണിലെ (Deurne) അന്താരാഷ്‌ട്ര വിമാനത്താവളം നഗരമധ്യത്തിൽനിന്നും 4.8 കി.മീ. ദൂരെയാണ്‌. യൂറോപ്പിലെ നാലാമത്തെയും ബൽജിയത്തിലെ ഒന്നാമത്തെയും തുറമുഖമാണ്‌ ആന്റ്‌വെർപ്‌ പുറം കടലിലേക്കുള്ള യാത്രാനുവാദത്തിന്‌ ഹോളണ്ട്‌ ചുമത്തിയിരുന്ന ഭീമമായ ചുങ്കം ഈ തുറമുഖത്തിന്റെ അഭിവൃദ്ധിയെ ബാധിച്ചിരുന്നു; എന്നാൽ വിപണനത്തിലൂടെ നികുതിഭാരം സമീകരിച്ച്‌ ഈ ദുസ്ഥിതിക്കു പരിഹാരം നേടിയതോടെ ആന്റ്‌വെർപ്പിന്റെ വികസനം ത്വരിതമാക്കപ്പെട്ടു. തുറമുഖത്തിന്‌ രണ്ടുഭാഗങ്ങളുണ്ട്‌: അവയിൽ ഒന്ന്‌ നഗരത്തിന്‌ അഭിമുഖമായിട്ടാണ്‌. രണ്ടാമത്തേത്‌ നഗരത്തിന്റെ വടക്കുഭാഗത്ത്‌ ഉള്ളിലേക്കു കയറിക്കിടക്കുന്നു. ആന്റ്‌വെർപ്‌ നഗരത്തിൽ പ്രതിവർഷം മൊത്തം 3.4 കോടി ടണ്‍ കേവുഭാരം വരുന്ന 16,000 കപ്പലുകള്‍ അടുക്കുകയും ശരാശരി 2 കോടി ടണ്‍ ചരക്കിറക്കുകയും 1മ്മ കോടി ടണ്‍ ചരക്ക്‌ കയറ്റുകയും ചെയ്യുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ജർമനിയിലെ റൂർ മേഖലയിലേക്കുള്ള ചരക്കു കൈമാറ്റം പ്രധാനമായും ആന്റ്‌വെർപ്പിലൂടെയാണ്‌ നടക്കുന്നത്‌. തുറമുഖത്ത്‌ കപ്പൽനിർമാണം, ഇരുമ്പുരുക്ക്‌, മോട്ടോർവാഹനസംയോജനം, എച്ചശുദ്ധീകരണം തുടങ്ങിയ വ്യവസായങ്ങള്‍ വന്‍തോതിൽ നടന്നുവരുന്നു. രാസവ്യവസായവും ഭക്ഷ്യപദാർഥനിർമാണവും വികസിച്ചിട്ടുണ്ട്‌. പ്രധാന ഇറക്കുമതികള്‍ റമ്പർ, ദന്തം, അറ്റോമിക്‌ ധാതുക്കള്‍ മുതലായവയാണ്‌. 16-ാം ശ.-ത്തിൽ ആരംഭിച്ച വജ്രം ചെതുക്കൽ നഗരത്തിലെ ഏറ്റവും വലിയ വ്യവസായമാണ്‌. ലോകത്തിലെ പ്രമുഖമായ ഒരു വജ്രകേന്ദ്രം കൂടിയാണിത്‌. അതിപ്രാചീനങ്ങളായ വസ്‌തുക്കളുടെ അമൂല്യശേഖരങ്ങളുള്‍ക്കൊള്ളുന്ന പല കാഴ്‌ചബംഗ്ലാവുകളും ആന്റ്‌വെർപ്പിലുണ്ട്‌. വജ്രം ചെതുക്കൽ, നാവികവിദ്യ എന്നിവയിൽ പ്രാവീണ്യം നല്‌കുന്ന സാങ്കേതികവിദ്യാശാലകളുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആന്റ്‌വെർപ്പിൽ പ്രവർത്തിച്ചുവരുന്നു. സംഗീതം, വാസ്‌തുവിദ്യ തുടങ്ങിയ സുകുമാരകലകള്‍ക്കായി ഇവിടെ പ്രത്യേക സർവകലാശാലകളുണ്ട്‌. ഉഷ്‌ണമേഖലാരോഗങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു വൈദ്യശാസ്‌ത്രസർവകലാശാലയും ഈ നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍