This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുഗു നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:14, 4 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തെലുഗു നാടകവേദി

തെലുഗുഭാഷയിലുള്ള നാടകങ്ങളും നാടകാവതരണങ്ങളും. തെലുഗു നാടകവേദിയുടെ പ്രാരംഭകാലത്ത് സംസ്കൃത നാടകങ്ങളുടെ പദ്യവിവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. 1350-ല്‍ മഞ്ചന രചിച്ച കെയൂര ബഹു ചരിത്ര ഇതിന് ഉദാഹരണമാണ്. മഹാഭാരതത്തിലെ ശാകുന്തളാഖ്യാനം ശൃംഗാര ശാകുന്തളം എന്ന പേരില്‍ പദ്യത്തില്‍ പരിഭാഷപ്പെടുത്തിയ പില്ലലമര്‍റി പിനവീരഭദ്ര കാളിദാസശാകുന്തളത്തെ ഏറെ ആശ്രയിച്ചിട്ടുണ്ട്. നന്നയയുടെ കാലത്തും നാടകവേദികളില്‍ നൃത്തനാടകങ്ങളും യക്ഷഗാനങ്ങളും സംഗീതനാടകങ്ങളും അരങ്ങേറിയിരുന്നു. എങ്കിലും ഒരു സാഹിത്യരൂപം എന്ന നിലയില്‍ ജനകീയ നാടകങ്ങള്‍ അരങ്ങേറിയത് ദശകങ്ങള്‍ക്കുശേഷമാണ്. സാമൂഹികവും സാഹിത്യപരവുമായ കാരണങ്ങളാല്‍ തെലുഗു നാടകങ്ങളുടെ അരങ്ങേറ്റത്തിന് കാലതാമസം നേരിട്ടു.

  സംസ്കൃത നാടകമായ കദാഭിരാമം പരിഭാഷപ്പെടുത്തിയ വല്ലഭരായ തെലുഗു നാടകവേദിക്കു പ്രാരംഭം കുറിച്ചവരില്‍ പ്രമുഖനാണ്. വിജയനഗര കാലത്ത് നാടകം ശരിയായ രൂപത്തില്‍ അരങ്ങേറിയിരുന്നില്ല. പില്ക്കാലത്ത് യക്ഷഗാനങ്ങളും വീഥിനാടകങ്ങളും അവതരിപ്പിക്കപ്പെട്ടു. മുസ്ലിം ഭരണകാലത്തും ബ്രിട്ടിഷ് ഭരണാരംഭത്തിലും നാടകവേദിയില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.
   1857-ല്‍ മദ്രാസ്, കൊല്‍ക്കത്ത സര്‍വകലാശാലകള്‍ നിലവില്‍വന്നതോടെ വിദ്യാസമ്പന്നര്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ ആകൃഷ്ടരായി. ഈ സാഹചര്യത്തിലാണ് ആധുനിക തെലുഗു നാടകങ്ങള്‍ അരങ്ങേറിയത്. കൊറാഡ രാമചന്ദ്രശാസ്ത്രി, കൊക്കൊണ്ട വെങ്കടരത്നം പന്തലു, പരവസ്തി വെങ്കട രങ്കാചാര്യലു എന്നിവരാണ് ഇക്കാലത്തെ പ്രമുഖരായ നാടക രചയിതാക്കള്‍. യഥാക്രമം ഇവര്‍ രചിച്ച മഞ്ചരിമധുകാരിയം, നരകാസുര വിജയം, അഭിജ്ഞാനശാകുന്തളം എന്നീ നാടകങ്ങള്‍ സംസ്കൃതത്തില്‍നിന്നുള്ള പരിഭാഷകളായിരുന്നു. ഷേയ്ക്സ്പിയറുടെ ജൂലിയസ് സീസര്‍ കൊറാഡയുടെ ശിഷ്യനായ വാവിലാല വാസുദേവ ശാസ്ത്രി തെലുഗുഭാഷയിലേക്കു പരിഭാഷപ്പെടുത്തി. നന്ദകരാജലമു എന്ന പേരില്‍ ഒരു സാമൂഹിക നാടകവും ഇദ്ദേഹം രചിക്കുകയുണ്ടായി. ഇവയൊന്നും അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും ആധുനിക തെലുഗു നാടകവേദിക്ക് നാന്ദികുറിച്ച നാടകങ്ങളാണിവ.
  സാമൂഹിക പരിഷ്കരണവും സാഹിത്യ പരിപോഷണവും ലക്ഷ്യംവച്ച് കന്ദുകൂരി രചിച്ച പതിനാറ് നാടകങ്ങളില്‍ ചിലതാണ് ആദ്യമായി വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്യ്രസമരത്തെ ആധാരമാക്കി രചിച്ച വിവേകദീപിക ശ്രദ്ധേയമായി. ഹാസ്യനാടകങ്ങളായ ബ്രഹ്മവിവാഹമു, വ്യവഹാരധര്‍മബോധിനി, തിര്യഗ് വിദ്വാന്‍ മഹാസഭ; സംസ്കൃതനാടക പരിഭാഷകളായ രത്നാവലി, അഭിജ്ഞാന ശാകുന്തളം, മാളവികാഗ്നിമിത്രമു, പ്രബോധചന്ദ്രോദയമു; പുരാണ നാടകങ്ങളായ പ്രഹ്ളാദ, സത്യഹരി

ഛന്ദ്ര, ദക്ഷിണ ഗോഗ്രാഹനമു; ഇംഗ്ളീഷ് നാടകങ്ങളുടെ പരിഭാഷകളായ ചമത്കാര രത്നാവലി, വെനീസ് വെര്‍ത്തക ചരിത്രമു, രാഗമഞ്ജരി, കല്യാണകല്പവല്ലി എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനകളില്‍പ്പെടുന്നു. സാമൂഹിക പ്രശ്നങ്ങളെ ആധാരമാക്കി രചിച്ച ഈ നാടകങ്ങള്‍ അവതരിപ്പിക്കാനായി പുതിയ പല നാടകക്കമ്പനികളും മുന്നോട്ടുവന്നു. ഇംഗ്ളീഷ് സാഹിത്യത്തിന്റെ സ്വാധീനത്താല്‍ തെലുഗുനാടകവേദിയെ പരിപോഷിപ്പിച്ചവരില്‍ കൊണ്ട ഭോത്ല സുബ്രഹ്മണ്യശാസ്ത്രി, ഗുരുജാഡ ശ്രീരാമമൂര്‍ത്തി, മഡന്തല പുരുഷോത്തം എന്നിവരും ഉള്‍പ്പെടുന്നു.

  പില്ക്കാലത്ത് നാടകരചയിതാക്കള്‍തന്നെ അവരുടെ നാടകങ്ങള്‍ അവതരിപ്പിക്കാനും അതിലഭിനയിക്കാനും മുന്നോട്ടുവന്നതോടെ തെലുഗു നാടകവേദിയില്‍ പുത്തനുണര്‍വുണ്ടായി. ധര്‍മാവരം രാമകൃഷ്ണമാചാര്യ, കോടാചലം ശ്രീനിവാസറാവു എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. രാമകൃഷ്ണമാചാര്യ രചിച്ച വിഷാദശാര്‍ങ്ഗധര (1889), ചിത്രനളീയം (1894) എന്നീ നാടകങ്ങള്‍ ബെല്ലാരിയില്‍ അവതരിപ്പിക്കപ്പെട്ടു. ഇരുപത്തിഅഞ്ചിലേറെ നാടകങ്ങള്‍ രചിച്ച ഇദ്ദേഹം 'ആന്ധ്രാനാടകപിതാമഹ' എന്ന പേരിലാണ് അറിയപ്പെടുന്നത്. വരുധിനി, പഡുക പട്ടാഭിഷേകമു, ബൃഹന്ദള എന്നീ നാടകങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയാണ്. ഇംഗ്ളീഷ് നാടകങ്ങളുടെ മാതൃകയിലുള്ള രംഗാവതരണവും ഗദ്യപദ്യങ്ങളുടെ ഉപയോഗവും പുരാണകഥകളുടെ സ്വതന്ത്രമായ വ്യാഖ്യാനങ്ങളും ഈ നാടകങ്ങളുടെ സവിശേഷതകളാണ്.

<

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍