This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഹി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഡല്‍ഹി

Delhi

ഇന്ത്യയുടെ തലസ്ഥാനനഗരമായ ന്യൂഡല്‍ഹി ഉള്‍പ്പെടുന്ന കേന്ദ്രഭരണപ്രദേശം. 1956 ന. 1-ന് കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്ക് 1992 ഫെ. 1-ന് ദേശീയ തലസ്ഥാന ഭരണപ്രദേശം (National Capital Territory) എന്ന പ്രത്യേക പദവി ലഭിച്ചു. വ. അക്ഷാം. 28° 30'-29° 0' -നും, കി. രേഖാ. 76° 45'-77° 30'-നും മധ്യേ വ്യാപിച്ചിരിക്കുന്ന ഡല്‍ഹിക്ക് 1483 ച. കി. മീ. വിസ്തൃതിയുണ്ട്. 1912-31 വരെ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനവും, സ്വാതന്ത്ര്യാനന്തരം ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനവുമായി മാറിയ പഴയ ഡല്‍ഹി (Old Delhi), 1931 മുതല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായ പുതിയ ഡല്‍ഹി (New Delhi) എന്നിവയ്ക്കു പുറമേ ഡല്‍ഹി
കേന്ദ്രഭരണ പ്രദേശത്തെയും പൊതുവേ ഡല്‍ഹി എന്ന് വിളിച്ചുവരുന്നു. ബി. സി. 1-ാം ശ. -ത്തില്‍ ഇവിടെ ഭരണം നടത്തിയിരുന്ന മൗര്യ രാജവംശത്തില്‍പ്പെട്ട ദിലു (ധിലു) എന്ന രാജാവിന്റെ പേരില്‍ നിന്നും രൂപംകൊ ദേഹലി, പിന്നീട് ദില്ലിയായും ആധുനികകാലത്ത് ഡല്‍ഹിയായും മാറി. ദില്ലിയുടെ ആംഗലരൂപമാണ് ഡല്‍ഹി. ജനസംഖ്യ: 1,37,82,976 [പു. 7570890, സ്ത്രീ-6212086 (2001)]; സ്ത്രീ-പു. അനുപാതം: 821 (2001), ജനസാന്ദ്രത: 9294/ച. കി. മീ.; ജനസംഖ്യാവര്‍ധന നിരക്ക്: 46.31 (1991-2001); സാക്ഷരതാ നിരക്ക്: 81.82 ശ. മാ. (പു-87.37 ശ. മാ., സ്ത്രീ - 75 ശ. മാ.) അതിരുകള്‍: കി. ഉത്തര്‍പ്രദേശ്, തെ. ഉം, വ. ഉം, പ. ഉം ഹരിയാണ.

ഭരണസൗകര്യാര്‍ഥം ഡല്‍ഹി കേന്ദ്രഭരണപ്രദേശത്തെ 9 ജില്ലകളായി വിഭജിച്ചിരിക്കുന്നു. 1. നോര്‍ത്ത് വെസ്റ്റ് ധവിസ്തൃതി: 440 ച. കി. മീ., ജനസംഖ്യ: 2847395 (2001)പ, 2. നോര്‍ത്ത് ഈസ്റ്റ് (60 ച. കി. മീ., 1763712), 3. ഈസ്റ്റ് (64 ച. കി. മീ., 1448770), 4. നോര്‍ത്ത് (60 ച. കി. മീ. 779788), 5. ന്യൂ ഡല്‍ഹി (35 ച. കി. മീ., 171806), 6. സെന്‍ട്രല്‍ (25 ച. കി. മീ., 644005), 7. വെസ്റ്റ് (129 ച. കി. മീ., 2119641), 8. സൗത്ത് വെസ്റ്റ് (420 ച. കി. മീ., 1749492), 9. സൗത്ത് (250 ച. കി. മീ., 2258367).

ഡല്‍ഹിയുടെ വ. ഹരിയാണയിലെ സോനിപട്ട് ജില്ലയും കി. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ ജില്ലകളും, തെ. ഹരിയാണയിലെ ഗുര്‍ഗാവോന്‍, ഫരീദാബാദ് ജില്ലകളും, പ. ഹരിയാണയിലെ ഗുര്‍ഗാവോന്‍, ഝാജര്‍ ജില്ലകളുമാണ് അതിരുകളായി വര്‍ത്തിക്കുന്നത്. ഇന്നത്തെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും പഴയ മഹാനഗരത്തിന്റേയും രാജധാനിയുടേയും അവശിഷ്ടങ്ങള്‍ കാണാവുന്നതാണ്.

ഡല്‍ഹി-കേന്ദ്രഭരണ പ്രദേശം

ഭൂപ്രകൃതിയും കാലാവസ്ഥയും

ഉത്തര-മധ്യ ഇന്ത്യയിലെ യമുനാ നദീതീരത്തിലാണ് ഡല്‍ഹി കേന്ദ്രഭരണപ്രദേശം വ്യാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് സു. 231-305 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശത്തെ ഭൂമിശാസ്ത്രപരമായി മൂന്നു വ്യത്യസ്ത മേഖലകളായി വിഭജിച്ചിരിക്കുന്നു. 1. യമുനാനദിയുടെ ജലോഢ സമതലം, 2. മലനിരകള്‍, 3. സമതലപ്രദേശം. മണല്‍ തിട്ടകള്‍ നിറഞ്ഞ യമുനയുടെ ജലോഢ സമതലപ്രദേശം മിക്കപ്പോഴും വെള്ളപ്പൊക്കത്തിന് വിധേയമാകാറുണ്ട്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും കൃഷിക്കനുയോജ്യമല്ല. രാജസ്ഥാനിലെ ആരവല്ലി നിരകളുടെ തുടര്‍ച്ചയാണ് രണ്ടാമത്തെ മേഖലയായ മലനിരകള്‍. ഡല്‍ഹിയുടെ വ. പ., പ. ഭാഗങ്ങളെ വലയം ചെയ്ത് കാണപ്പെടുന്ന ഈ മലനിരകളുടെ നെറുകയില്‍ ഒന്നിലാണ് തുഗ്ളക്കാബാദ് കോട്ട സ്ഥിതിചെയ്യുന്നത്. ജലോഢ സമതലപ്രദേശവും മലനിരകളും ഒഴികെയുള്ള മേഖലയാണ് സമതല പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നത്. ഫലഭൂയിഷ്ഠമായ ഈ സമതലപ്രദേശത്തില്‍ കേന്ദ്രഭരണ പ്രദേശത്തിലെ രണ്ടു മഹാനഗരങ്ങളും നിരവധി ഗ്രാമങ്ങളും വ്യാപിച്ചിരിക്കുന്നു. ഡല്‍ഹിയുടെ ഭൂരിഭാഗത്തെയും ജലസിക്തമാക്കുന്നതില്‍ യമുനാനദി നിര്‍ണായക പങ്കുവഹിക്കുന്നു.

ഉപോഷ്ണ മേഖലാ-മണ്‍സൂണ്‍ കാലാവസ്ഥാ വിഭാഗത്തില്‍പ്പെടുന്ന ഭൂപ്രദേശമാണ് ഡല്‍ഹി. ചൂട് വളരെ കുറഞ്ഞ വര ശൈത്യവും, ചൂടും ഈര്‍പ്പവും നിറഞ്ഞ വസന്തവും, ചൂട് വളരെ കൂടിയ വേനലും ഡല്‍ഹിയുടെ കാലാവസ്ഥാസവിശേഷതകളാകുന്നു. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ സാമീപ്യവും, സമുദ്രത്തില്‍ നിന്നുള്ള സുദീര്‍ഘമായ അകലവും ഡല്‍ഹിയുടെ കാലാവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഏ.-ജൂണ്‍ കാലയളവില്‍ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റുകള്‍ക്കും ധൂളിക്കാറ്റുകള്‍ക്കുമൊപ്പം അപൂര്‍വമായി മാത്രം ലഭിക്കുന്ന ചാറ്റല്‍മഴ കടുത്ത വേനലില്‍ ചെറിയ ആശ്വാസമേകുന്നു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ചിലപ്പോള്‍ 43-45° സെ. വരെ വര്‍ധിക്കാറുണ്ട്. ജൂല. -യില്‍ ആരംഭിക്കുന്ന മഴക്കാലം താപനിലയില്‍ ചെറിയ കുറവ് വരുത്തുമെങ്കിലും സെപ്. അവസാനം വരെ അത്യുഷ്ണം തുടരുകയാണ് പതിവ്. ഒ. മുതല്‍ മാ. വരെ പൊതുവേ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു. നവംബറോടെ ശൈത്യകാലം ആരംഭിക്കും. ജനു.-യാകുമ്പോള്‍ താപനില 7° സെ. വരെ താഴുക പതിവാണ്. ചിലപ്പോള്‍ ഇത് 0° സെ. വരെയും എത്താറുണ്ട്. ശൈത്യത്തില്‍ രാത്രിയിലും പുലര്‍ച്ചയിലും ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുക സാധാരണമാണ്. ശൈത്യത്തില്‍ നിന്ന് വസന്തത്തിലേക്കുള്ള കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാണ് സംഭവിക്കുന്നത്. ഫെ. മാസത്തില്‍ വസന്തഋതുവിന്റെ വര്‍ണശോഭ പരക്കെ ദൃശ്യമാകും. ജൂല.-സെപ്. കാലയളവിലാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് (80 ശ. മാ.) ശ.ശ. വാര്‍ഷിക വര്‍ഷപാതം: 660 മി.മീ.; ശ.ശ. താപനില: ജൂണ്‍. 20° സെ.; മേ. 33.9° സെ.; ജൂല. 30° സെ.

ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്ത് വിവിധ ഇനത്തില്‍പ്പെട്ട ആയിരത്തോളം പൂച്ചെടികള്‍ വളരുന്നു. മലനിരകളിലും നദീതീരത്തുമാണ് സസ്യപ്രകൃതിയില്‍ ഏറ്റവുമധികം വൈവിധ്യം പ്രതിഫലിക്കുന്നത്. മലനിരകളിലെ സസ്യസമ്പത്തില്‍ അക്കേഷ്യ, ഈന്തപ്പന, വിവിധയിനം പുല്‍ച്ചെടികള്‍ എന്നിവ ഉള്‍പ്പെടുന്നു. മഴക്കാലത്ത് മാത്രം വളര്‍ന്ന് പുഷ്പിക്കുന്ന വിവിധയിനം പുല്‍ച്ചെടികളേയും വള്ളിപ്പടര്‍പ്പുകളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ചും യമുനയുടെ തീരപ്രദേശങ്ങളില്‍ മണ്‍സൂണ്‍-ശൈത്യകാലങ്ങളില്‍ തികച്ചും വൈവിധ്യമാര്‍ന്ന സസ്യപ്രകൃതി ദൃശ്യമാണ്.

യമുനാനദീതീരത്തിന് അടുത്തുള്ള മലനിരകളില്‍ മുയല്‍, വിവിധയിനം എലികള്‍, അണ്ണാന്‍ തുടങ്ങി അനവധി മൃഗങ്ങളെ കാണാം. നഗരത്തിലെ ക്ഷേത്രപരിസരങ്ങളിലും ചരിത്രസ്മാരകങ്ങളിലും കുരങ്ങുകള്‍ സാധാരണ കാഴ്ചയാണ്. പ്രാവ്, തത്ത, കാക്ക, കുരുവി, തിത്തിരി, കാട തുടങ്ങിയവ ഇവിടത്തെ സാധാരണ പക്ഷികളാകുന്നു. ഡല്‍ഹിക്ക് സമീപമുള്ള തടാകങ്ങളില്‍ പലതും ശൈത്യകാലത്ത് ദേശാടനപ്പക്ഷികളുടെ സങ്കേതങ്ങളാകാറുണ്ട്. അറുപതില്‍പ്പരം മത്സ്യഇനങ്ങളെയും യമുനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ജനങ്ങള്‍

വിവിധ ജാതിയിലും മതത്തിലുംപെട്ടവര്‍ ഇടകലര്‍ന്ന് നിവസിക്കുന്ന പ്രദേശമാണ് ഡല്‍ഹി. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാകുന്നു. (7862164 (1991)), മുസ്ലീങ്ങള്‍ (889641), സിക്കുകാര്‍ (455657), ജൈനര്‍ (941672), ക്രിസ്ത്യാനികള്‍, (83152), ബൗദ്ധര്‍ (13906) തുടങ്ങിയവരാണ് ഇതര മതസ്ഥര്‍. രാഷ്ട്ര തലസ്ഥാനമായതിനാല്‍ ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം ഡല്‍ഹിയില്‍ ദര്‍ശിക്കാം. ജനങ്ങളുടെ മുഖ്യവ്യവഹാര ഭാഷ ഹിന്ദിയാണെങ്കിലും, ഇംഗ്ലീഷ്, പഞ്ചാബി, ഉറുദു, ബംഗാളി തുടങ്ങിയ ഭാഷകള്‍ ഇവിടെ വ്യാപകമായി പ്രചാരത്തിലുണ്ട്. ഒരു മഹാനഗരമായതിനാല്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങള്‍ ഡല്‍ഹിയില്‍ അരങ്ങേറുക പതിവാണ്. വിനോദസഞ്ചാര പ്രാധാന്യമുള്ള നിരവധി ആഘോഷങ്ങള്‍ക്കും ഡല്‍ഹി വേദിയാകാറുണ്ട്.

ഇന്ത്യയുടെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹി. ഭരണകൂടത്തിന്റെ പ്രോത്സാഹനവും സാംസ്കാരിക വൈവിധ്യവും ഡല്‍ഹിയുടെ സാംസ്കാരിക ജീവിതത്തെ അനുദിനം ശക്തിപ്പെടുത്തുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ-അന്തര്‍ദേശീയ സിനിമാവ്യവസായം, നാടകം, സംഗീതം തുടങ്ങിയ എല്ലാ കലാ-സാംസ്കാരിക മേഖലകളും ഏറെ സജീവമാണ്. കേന്ദ്രസംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ ആസ്ഥാനവും ഡല്‍ഹിയാണ്. സന്ദര്‍ശകരെ വളരെയധികം ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം ഡല്‍ഹിയിലെ വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭോജനശാലകളുമാകുന്നു. ഇന്ത്യയുടെ ഏത് പ്രദേശത്തിലെയും ഭക്ഷണം ഡല്‍ഹിയില്‍ ലഭ്യമാണ്. നിരവധി മ്യൂസിയങ്ങളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം

ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള നിരവധി ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി സര്‍വകലാശാല, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല എന്നിവ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഐ. ഐ. റ്റി., ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ വിശ്വവിദ്യാലയ, ജാമിയ ഹംദര്‍ദ്, സ്കൂള്‍ ഒഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ശ്രീ ലാല്‍ബഹാദൂര്‍ ശാസ്ത്രി വിദ്യാപീഠം, ടി. ഇ. ആര്‍. ഐ. സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ ഡല്‍ഹിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. കൂടാതെ, 9 എഞ്ചിനീയറിങ്-സാങ്കേതിക കോളജുകള്‍, 9 മെഡിക്കല്‍ കോളജുകള്‍, 25 പോളിടെക്നിക്കുകള്‍ എന്നിവയും, നിരവധി സ്കൂളുകളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് സ്ഥിതിചെയ്യുന്നതും ഡല്‍ഹിയില്‍ തന്നെ. രാജ്യത്തെ പ്രധാന ഗവേഷണസ്ഥാപനങ്ങളായ

ജവാഹാര്‍ലാല്‍ നെഹ്റു സര്‍വകാലാശാല
ദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രം, ദേശീയ ഫിസിക്കല്‍ ലാബോറട്ടറി, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റര്‍, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി, ദ് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ദ് സെന്‍ട്രല്‍ ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് ഓര്‍ഗനൈസേഷന്‍, ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ് റിസര്‍ച്ച്, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്ക ബിള്‍ ഡിസീസെസ്, സെന്‍ട്രല്‍ ഫാമിലി പ്ലാനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്ററി ഒഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ എന്നിവയും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു.

സമ്പദ്ഘടന

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി രാജ്യത്തെ ഒരു പ്രധാന വ്യാവസായിക-വ്യാപാര കേന്ദ്രം കൂടിയാണ്. കേന്ദ്രഗവണ്‍മെന്റിന്റേയും ഡല്‍ഹി പ്രാദേശിക ഭരണകൂടത്തിന്റേയും കെട്ടിടസമുച്ചയങ്ങളാല്‍ ശ്രദ്ധേയമായ ഡല്‍ഹിയില്‍ ഭരണനിര്‍വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ജനങ്ങളുടെ മുഖ്യതൊഴില്‍ മേഖല. ജനസംഖ്യയുടെ നല്ലൊരു ശ. മാ. സേവനമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഡല്‍ഹി പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയാണ് സേവനമേഖലയെ മുഖ്യമായും പ്രതിനിധീകരിക്കുന്നത്. വ്യവസായത്തിനും വാണിജ്യത്തിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണുള്ളത്. രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകളില്‍ ഒന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റേസര്‍ ബ്ലേഡുകള്‍, കായികോപകരണങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, സൈക്കിള്‍, പ്ലാസ്റ്റിക്-പി. വി. സി. ഉത്പന്നങ്ങള്‍, ഔഷധങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ഡല്‍ഹിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്തുവരുന്നു. പഴയ നഗരത്തിനു ചുറ്റും വ്യാപിച്ചിരിക്കുന്ന ഉത്പാദനമേഖലയില്‍ ലഘുവ്യവസായങ്ങള്‍ക്കാണ് പ്രാമുഖ്യം. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന വസ്ത്രം, ആഹാര പദാര്‍ഥങ്ങള്‍ എന്നിവയ്ക്കു പുറമേ ആഭരണം, ദന്തശില്പം, പാദരക്ഷ, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഇവിടെ കുടില്‍ വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വളം എന്നിവയുടെ വ്യവസായവും ഡല്‍ഹിയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നു. ന്യൂഡല്‍ഹിയിലെ കേന്ദ്ര കുടില്‍ വ്യവസായ എംപോറിയത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്.

തികച്ചും അപ്രധാനമാണ് ഡല്‍ഹിയുടെ കാര്‍ഷികമേഖല. ദ്രുതഗതിയിലുള്ള നഗരവത്ക്കരണം കൃഷിഭൂമിയുടെ ലഭ്യതയെ പരിമിതപ്പെടുത്തിയിരിക്കുന്നു. 1991-ലെ കണക്കനുസരിച്ച് 76,230 ഹെ. പ്രദേശത്ത് മാത്രമേ കൃഷി ചെയ്തിരുന്നുള്ളൂ. ഭക്ഷ്യവിളകളെക്കാള്‍ പച്ചക്കറികള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം. കാര്‍ഷികോത്പ്പന്നങ്ങളില്‍ ഗോതമ്പ്, ബജ്റ, നെല്ല്, കരിമ്പ് എന്നിവയ്ക്ക് നിര്‍ണായക സ്ഥാനമുണ്ട്. കന്നുകാലി വളര്‍ത്തലിനും മിശ്ര വിളക്കൃഷിക്കും സമീപകാലത്ത് കൂടുതല്‍ പ്രചാരം ലഭിച്ചുവരുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

വിപുലവും വികസിതവുമായ ഗതാഗതശൃംഖല ഡല്‍ഹിയുടെ സവിശേഷതയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള റോഡ്, റെയില്‍, വ്യോമ ഗതാഗതപാതകള്‍ ഡല്‍ഹിയില്‍ സന്ധിക്കുന്നു. അഞ്ച് ദേശീയ പാതകള്‍ ഡല്‍ഹി നഗരത്തെ മുറിച്ചു കടക്കുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം (റോഡ്), നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ എന്നിവയുടെ ആസ്ഥാനങ്ങള്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഡല്‍ഹിയിലുണ്ട്. നഗരവാസികളുടെ യാത്രാസൗകര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് റിങ് റെയില്‍വേ തികച്ചും ശ്രദ്ധേയമാണ്. ഇന്ദിരാഗാന്ധി, പാലം അന്തര്‍ദേശീയ ദേശീയ വിമാനത്താവളങ്ങള്‍ക്ക് പുറമേ വ്യോമ പരിശീലനത്തിനുപയോഗിക്കുന്ന സഫ്ദര്‍ജങ് വിമാനത്താവളവും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ നിരവധി വ്യോമഗതാഗത ഏജന്‍സികളുടെ ആസ്ഥാനങ്ങള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ എന്നിവ സ്ഥിതി ചെയ്യുന്നതും ഡല്‍ഹിയിലാണ്.

കുത്തബ് മീനാര്‍

ടൈംസ് ഒഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ് ഹിന്ദു, ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, നാഷണല്‍ ഹെറാള്‍ഡ്, ഇക്കണോമിക് ടൈംസ് തുടങ്ങിയ നിരവധി പത്രങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവയില്‍ മിക്കവയുടേയും ആസ്ഥാനവും ഡല്‍ഹി തന്നെ. രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സികളായ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ, പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ, രജിസ്റ്റ്രാര്‍ ഒഫ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ, ആള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫെറന്‍സ് എന്നിവയ്ക്കു പുറമേ നിരവധി അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികളും മാധ്യമ ബ്യൂറോകളും ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്, മഹാനഗര്‍ ടെലിഫോണ്‍ നിഗമ്, പ്രസാര്‍ഭാരതി, ആള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നീ വാര്‍ത്താവിനിമയ ഏജന്‍സികളുടെ ആസ്ഥാന മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നതും ഡല്‍ഹിയിലാണ്.

ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഡല്‍ഹി. ഡല്‍ഹിയിലെ ചുവപ്പുകോട്ട, ജുമാ മസ്ജിദ്, കുത്തബ് മീനാര്‍, ഹുമയൂണ്‍ ശവകുടീരം, ലോധി ശവകുടീരം, തുഗ്ളക്കാബാദ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, രാഷ്ട്രപതിഭവന്‍, ജന്തര്‍മന്തര്‍, ഇന്ത്യാഗേറ്റ്, ബിര്‍ളാ മന്ദിരം, ബഹായി ആരാധനാലയം, രാജ്ഘട്ട്, ചാന്ദിനിചൌക്ക് എന്നിവ സന്ദര്‍ശിക്കാന്‍ പ്രതിദിനം രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നു. ഒ.-മാ. കാലയളവിലാണ് ഡല്‍ഹിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വളരെ കൂടുതല്‍ അനുഭവപ്പെടുന്നത്.

ഹുമയൂണിന്റെ ശവകുടീരം

പഴയനഗരമെന്നും പുതിയ നഗരമെന്നും വേര്‍തിരിക്കാവുന്ന രു വ്യത്യസ്ത ഭാഗങ്ങള്‍ ഡല്‍ഹിക്കുണ്ട്. അത്യാധുനിക മാതൃകയില്‍ നിര്‍മിച്ച പുതിയ നഗരത്തിന് 17-ാം ശ. -ത്തില്‍ നിര്‍മിച്ച പഴയ നഗരത്തെക്കാള്‍ നിരവധി പ്രത്യേകതകള്‍ ദര്‍ശിക്കാം. മുമ്പ് രണ്ട് നഗരങ്ങളെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന ഒരു തുറസ്സായ പ്രദേശം സ്വാതന്ത്ര്യാനന്തരം ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു വഴിമാറിയതോടെ നഗരങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ അപ്രത്യക്ഷമായെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയും. പഴയ നഗരത്തിലെ തെരുവുകള്‍ അധികവും ഇടുങ്ങിയതും വളഞ്ഞു തിരിഞ്ഞതുമാകുമ്പോള്‍, വിശാലവും തണല്‍മരങ്ങള്‍ നിഴല്‍ വിരിക്കുന്നതുമാണ് പുതിയ നഗരത്തിലെ തെരുവുകള്‍. പുതിയ നഗരത്തില്‍ എവിടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും, വ്യാപാരകേന്ദ്രങ്ങളും കാണാം. എന്നാല്‍, തിരക്കേറിയ ബസാറുകള്‍, ആരാധനാലയങ്ങള്‍, ചേരികള്‍ എന്നിവ പഴയ നഗരത്തിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു.

പഴയ ഡല്‍ഹി നഗരം

യമുനാനദീതീരത്തായി വ്യാപിച്ചിരിക്കുന്ന പഴയ നഗരത്തിന് സു. 932 ച. കി. മീ. വിസ്തൃതിയുണ്ട്. 1638-ല്‍ മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍നിര്‍മിച്ച ഷാജഹാനാബാദ് നഗരമാണ് പില്ക്കാലത്ത് പഴയ ഡല്‍ഹി എന്ന പേരില്‍ അറിയപ്പെട്ടത്. പഴയ നഗരത്തിന് തെക്കാണ് തലസ്ഥാന നഗരമായ ന്യൂ ഡല്‍ഹി അഥവാ പുതിയ ഡല്‍ഹി നഗരം സ്ഥിതി ചെയ്യുന്നത്. 1638-ല്‍ നിര്‍മിച്ചതും, സു. 9 മീ. ഉയരമുള്ളതുമായ ഒരു മതിലാണ് നഗരാതിര്‍ത്തി നിര്‍ണയിക്കുന്നത്. തെ. ഡല്‍ഹി ഗേറ്റ്, കി. അജ്മീരീ ഗേറ്റ്, വ. കാശ്മീര്‍ ഗേറ്റ് എന്നിവ ഉള്‍പ്പെടെ ഏഴ് പ്രവേശനകവാടങ്ങള്‍ ഈ നഗരത്തിനുണ്ട്. ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ തെരുവുകളാണ് നഗരത്തിന്റെ മറ്റൊരു പ്രത്യേകത. ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ പ്രദേശത്ത് നിരവധി വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

മുഗള്‍ രാജകുമാരിയായ ജഹാനാരയുടെ നിര്‍ദേശപ്രകാരം 1650-ല്‍ നിര്‍മിച്ച ചാന്ദ്നിചൗക് (ചന്ദ്രികാവീഥി) ആണ് ഈ നഗരത്തിലെ ഏറ്റവും മനോഹരമായ തെരുവ്. സു. 21 മീ. വീതിയുള്ള പ്രസ്തുത തെരുവിന്റെ ഇരുവശങ്ങളിലും നിരവധി വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും കാണാം. ഡല്‍ഹിയിലെ പ്രസിദ്ധമായ കെട്ടിടനിര്‍മാണസാമഗ്രികളുടെ വിപണനകേന്ദ്രമായ ലാല്‍ കൂവന്‍ (Lal Kuan), പിച്ചളപാത്രവ്യാപാരശാലയായ ചൗരി ബസാര്‍, ഡല്‍ഹിയുടെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന ഖാരി ബാവ്ലി (Khari Bawli) എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ ജുമാ മസ്ജിദ്, ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനു ചുറ്റുമുള്ള ചുവപ്പുകോട്ട എന്നിവ നഗരത്തിലെ രണ്ട് പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാകുന്നു. ഷാജഹാന്‍ തന്നെയാണ് ഇവ രണ്ടും നിര്‍മിച്ചത്. പുരാനാകിലാ അഥവാ പഴയകോട്ട, ഹുമായൂണിന്റെ ശവകുടീരം, സു. 72 മീ. ഉയരമുള്ള കുത്തബ് മിനാര്‍, 7 മീ.ലധികം ഉയരമുള്ള ഇരുമ്പ് സ്തംഭം, രാജ്ഘട്ട് എന്നിവയും പഴയ നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങള്‍ തന്നെ. പഴയ നഗരത്തിന് വ. ഭാഗത്തെ പ്രാന്തപ്രദേശം സിവില്‍ ലൈന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു.

ന്യൂഡല്‍ഹി

പഴയ നഗരത്തിന് തെ. പ. ഉള്ള വിശാലമായ പ്രദേശത്താണ് ആധുനിക മാതൃകയില്‍ ന്യൂഡല്‍ഹി സ്ഥാപിച്ചിരിക്കുന്നത്. സു. 439 ച. കി. മീ. ആണ് ഇതിന്റെ വിസ്തൃതി. ബ്രിട്ടിഷ് വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ലട്ട്യെന്‍സ് (Edwin Lutyens), സര്‍ ഹെര്‍ബെര്‍ട്ട് ബേക്കര്‍ എന്നിവരായിരുന്നു നഗരനിര്‍മാണത്തിന്റെ മുഖ്യശില്പികള്‍. പഴയനഗരത്തില്‍ നിന്ന് സു. 5 കി. മീ. അകലെയാണ് ന്യൂഡല്‍ഹി നഗരം വ്യാപിച്ചിരിക്കുന്നത്. 1920-നും 30-നും മധ്യേ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ നഗരം ശ്രദ്ധാപൂര്‍വമുള്ള നഗരാസൂത്രണത്തിന് ഉത്തമ മാതൃകയാണ്. വീതിയേറിയ നിരത്തുകള്‍, തുറസ്സായ പ്രദേശങ്ങള്‍, ഉദ്യാനങ്ങള്‍, സര്‍ക്കാര്‍ വക കെട്ടിടസമുച്ചയങ്ങള്‍, വസതികള്‍, ഹോട്ടലുകള്‍ തുടങ്ങിയവ നഗരത്തിന്റെ മുഖമുദ്രകളാകുന്നു. ഇന്ത്യയുടെ ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂഡല്‍ഹിയിലാണ്. ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച് രാഷ്ട്രപതി ഭവനില്‍ അവസാനിക്കുന്ന രാജ്പഥ് (2.4 കി. മീ.) ആണ് ന്യൂഡല്‍ഹിയുടെ മുഖ്യാകര്‍ഷണം. രാജ്പഥിന്റെ ഇരുവശങ്ങളിലുമായി സര്‍ക്കാര്‍ മന്ദിരങ്ങളും പാര്‍ലമെന്റും സ്ഥിതിചെയ്യുന്നു. രാജ്പഥിന് 2.4 കി. മീ. വ. മാറി ന്യൂഡല്‍ഹിയിലെ പ്രധാന വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസ് (Connaught Place) സ്ഥിതിചെയ്യുന്നു. നഗരത്തിന് മധ്യേ കി. പ. ദിശയില്‍ കടന്നുപോകുന്ന പാതയിലാണ് ഇവിടത്തെ മിക്ക പ്രധാന സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഈ പാത ചില്‍ഡ്രന്‍സ് പാര്‍ക്, രാജ്പഥിലെ യുദ്ധസ്മാരക കവാടം, സെന്‍ട്രല്‍ വിസ്റ്റാപാര്‍ക്ക് എന്നിവ കടന്ന് രാഷ്ട്രപതിഭവന്‍ വരെ എത്തുന്നു. കൊണാട്ട് പ്ലേസ് മുതല്‍ നഗരത്തിലെ പ്രധാന അധിവാസിത പ്രദേശം വരെ തെ. വ. ദിശയില്‍ കടന്നുപോകുന്ന മറ്റൊരു പ്രധാനപാതയാണ് ജന്‍പഥ്. ബ്രിട്ടിഷ് ഭരണകാലത്തു നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ ഇവിടെ കാണാം. നഗരത്തിന്റെ തെ. ഭാഗത്ത് കൂടി കടന്നുപോകുന്ന മഥുര മാര്‍ഗിലെ വിശാലമായൊരു വ്യാവസായികകേന്ദ്രമാണ് ഓഖ്ല (Okhla). വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന ചാണക്യപുരി, 1982-ലെ ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച് നിര്‍മിച്ച സ്പോര്‍ട്സ് കോംപ്ളക്സ്, കാഴ്ചബംഗ്ളാവ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. കൊണാട്ട് പ്ലേസിനുസമീപം വ. മാറിയാണ് പഴയഡല്‍ഹി നഗരത്തിലെ പ്രധാന കവാടമായ ഡല്‍ഹിഗേറ്റ് സ്ഥിതിചെയ്യുന്നത്.

ലോധി ശവകുടീരം

ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയം വളരെ പ്രസിദ്ധമാണ്. ഇന്ത്യാഗേറ്റ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം എന്നിവ ന്യൂഡല്‍ഹിയിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാകുന്നു. സുപ്രീം കോടതി, ഉത്തര റെയില്‍വേയുടെ ആസ്ഥാനം, ടൂറിസം മന്ത്രാലയം, ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയും ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

ഇന്ത്യയുടെ ഈ തലസ്ഥാന നഗരം പല സാമ്രാജ്യങ്ങളുടേയും അതിപ്രാചീനമായ തലസ്ഥാന നഗരം എന്ന നിലയിലും പ്രസിദ്ധമാണ്. എ.ഡി. 1-ാം ശ.-ത്തില്‍ ടോളമി എന്ന ഭൂമിശാസ്ത്രജ്ഞന്‍ സ്വയം രൂപകല്പന ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ഇന്ദ്രപ്രസ്ഥത്തിനു വളരെ അടുത്തും, മഥുരയ്ക്കും ഥാനേശ്വരത്തിനും ഏതാണ്ടു മധ്യത്തിലുമായി 'ദൈദാല' എന്നൊരു നഗരം അടയാളപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവര്‍ഷത്തിനു മുമ്പ് 1-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന മൗര്യവംശജനായ ധിലു (അഥവാ ദിലു) എന്ന രാജാവില്‍ നിന്നാണ് പില്ക്കാലത്ത് ഡല്‍ഹി എന്ന പേര് നിഷ്പ്പന്നമായതെന്നു ഫെരിസ്താ എന്ന ചരിത്രകാരനും കണ്ണിങ്ഹാം എന്ന പുരാവസ്തു ശാസ്ത്രജ്ഞനും കരുതുന്നു. തോമരന്മാര്‍ എന്ന രജപുത്ര ഗോത്രക്കാര്‍ എ. ഡി. 736-ല്‍ ഹരിയാന പ്രദേശത്ത് 'ധില്ലിക' കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. 'ദൈദാല' 'ധില്ലിക'യും പിന്നീട് 'ദില്ലി' (ഡല്‍ഹി)യുമായതാകാം എന്നു ചില ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു.

വളരെ പ്രാചീനമായ ചരിത്രമാണ് ഡല്‍ഹിക്കുള്ളത്. ആരംഭത്തില്‍ ഇത് ഏഴ് ഗ്രാമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് രൂപീകരിച്ച ഒരു ചെറുസംസ്ഥാനമായിരുന്നു. ക്രമേണ സമീപപ്രദേശങ്ങളില്‍നിന്ന് പുതിയ ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇതിന്റെ വിസ്തൃതി വിപുലീകരിച്ചു. പല ഘട്ടങ്ങളിലും മാറി മാറി അധികാരത്തിലെത്തിയ പ്രഭുക്കന്മാരോ രാജാക്കന്മാരോ ആണ് ഇത്തരം വികസനപ്രവര്‍ത്തനം നടത്തിയത്. മഹാഭാരതകാലം മുതല്‍ ദില്ലിയുടെ ഒരു ഭാഗം നഗരമായിരുന്നുവെന്നും മഹാഭാരതകാലത്ത് ഖാണ്ഡവവനം അഗ്നിക്കിരയാക്കി, വലിയൊരു ഭൂപ്രദേശമാക്കി നിര്‍മിച്ച ഇന്ദ്രപ്രസ്ഥം എന്ന അതിമനോഹരമായ നഗരം ഇന്നത്തെ ഡല്‍ഹിയുടെ സ്ഥാനത്തായിരുന്നു എന്നുമാണ് ചരിത്രകാരന്മാര്‍ ദീര്‍ഘകാലത്തെ ഗവേഷണഫലമായി തീരുമാനത്തിലെത്തിയിട്ടുള്ളത്. ഇന്ദ്രപ്രസ്ഥം എന്ന പേരില്‍ ഇന്നത്തെ ന്യൂഡല്‍ഹിയുടെ കിഴക്കുഭാഗത്ത് വളരെ വികാസം പ്രാപിച്ച ഒരു പ്രദേശം നിലവിലുണ്ട്. പാണ്ഡവന്മാരുടെ കാലത്ത് നിര്‍മിച്ചതെന്നു കരുതുന്ന വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഡല്‍ഹിയില്‍ കാണുന്നു. പുരാനാകില (പഴയ കോട്ട) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയാണോ ഇതെന്നു വ്യക്തമല്ല. ക്രി. മു. 1-ാം ശ. മുതല്‍ മൗര്യവംശത്തില്‍പ്പെട്ട രാജാക്കന്മാരും മഥുരയിലെ രാജാക്കന്മാരും യൗധേയന്മാരും കുശാന വംശജരും മാറിമാറി ഭരണം നടത്തിയിരുന്നതായി തെളിയിക്കുന്ന പല വിശിഷ്ട ചരിത്രരേഖകളും ലഭ്യമായിട്ടുണ്ട്. ബലുവ എന്ന സ്ഥലത്തു നിന്ന് ലഭിച്ചിട്ടുള്ള രണ്ട് ശിലാസ്തംഭങ്ങളില്‍ മൗര്യവംശ ചക്രവര്‍ത്തിയായ അശോകന്റെ ചില ഭരണകല്പനകളെപ്പറ്റി പ്രതിപാദിച്ചു കാണുന്നു. 1351 മുതല്‍ 88 വരെ ഡല്‍ഹി ഭരിച്ച ഫിറോസ് ഷാ തുഗ്ലക് ഈ ശിലാസ്തംഭങ്ങള്‍ ബലുവയില്‍നിന്ന് ഡല്‍ഹിയില്‍ കൊണ്ടുവരുകയും ഒന്ന് കോട്ല ഫിറോസ് ഷാഹിലും മറ്റൊന്ന് ഡല്‍ഹിയുടെ പര്‍വത പ്രദേശാതിര്‍ത്തിയിലും സ്ഥാപിക്കുകയും ചെയ്തു. ഡല്‍ഹിയുടെ തെക്കുഭാഗത്ത് ഖുവ്വത്തുല്‍ ഇസ്ലാം പള്ളിയുടെ അങ്കണത്തില്‍ കാണപ്പെടുന്ന അയഃസ്തംഭം ചന്ദ്രവംശത്തില്‍പ്പെട്ട ഏതോ ഒരു രാജാവ് വിഷ്ണുക്ഷേത്രത്തിനുമുമ്പില്‍ സ്ഥാപിച്ചതാകാനാണ് സാധ്യതയെന്ന് ആധുനിക ചരിത്രകാരന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അയഃസ്തംഭം പില്ക്കാലത്ത് ഡല്‍ഹി ഭരിച്ചിരുന്ന പൃഥ്വിരാജ് ചൗഹാനാണ് സ്ഥാപിച്ചതെന്നും കരുതപ്പെടുന്നു. പല രാജവംശങ്ങള്‍ മാറിമാറി ഡല്‍ഹിയുടെ ആധിപത്യം നിര്‍വഹിച്ചിരുന്ന കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മൗര്യരാജാക്കന്മാരാണ്. സഹസ്രാബ്ദങ്ങളായി രാജധാനി പദവികൊണ്ട് അലങ്കൃതമായിത്തീരുവാന്‍ ഭാഗ്യം സിദ്ധിച്ച ഒരു മഹാനഗരമാണ് ഡല്‍ഹി. 320-ലധികം വര്‍ഷം നീണ്ടുനിന്ന സുല്‍ത്താന്‍ ഭരണകാലത്തും അതിനുമുമ്പ് 1000-ത്തോളം വര്‍ഷക്കാലം നീണ്ടുനിന്ന വിവിധ രാജവംശങ്ങളില്‍പ്പെട്ട രാജാക്കന്മാരുടെ ഭരണകാലത്തും ഡല്‍ഹിയെത്തന്നെ രാജധാനിയായി നിലനിര്‍ത്തുവാന്‍ അക്കാലത്തെ ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായിട്ടാണ് ഭാരതചരിത്രം വ്യക്തമാക്കുന്നത്.

ഇന്ത്യാഗേറ്റ്

ഡല്‍ഹിയുടെ പ്രാചീന നാമം ഇന്ദ്രപ്രസ്ഥമെന്നായിരുന്നു. പ്രാരംഭത്തില്‍ ഇതൊരു ഗ്രാമമായിരുന്നു. ശക്രപ്രസ്ഥം, ശക്രപുരി, ശക്രത്തുപ്രസ്ഥം, ഖാണ്ഡവപ്രസ്ഥം, യോഗ്നിപുര എന്നിങ്ങനെ പല പേരുകളില്‍ ഇന്ദ്രപ്രസ്ഥം അറിയപ്പെട്ടിരുന്നു. ഈ നഗരത്തിന്റെ ഉദ്ഭവത്തേയും വളര്‍ച്ചയേയും പറ്റിയുള്ള കഥ മഹാഭാരതത്തിലെ ഒന്നാമധ്യായത്തില്‍ വിവരിക്കുന്നുണ്ട്. സ്വയംവരത്തിലൂടെ ദ്രൗപദിയെ വരിച്ചശേഷം പാണ്ഡവര്‍ മടങ്ങിയെത്തിയപ്പോള്‍ യുധിഷ്ഠിരനോട് ഇന്ദ്രവനത്തില്‍ (ഖാണ്ഡവവനത്തില്‍) ഒരു തലസ്ഥാനം നിര്‍മിക്കുവാന്‍ ധൃതരാഷ്ട്രര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പാണ്ഡവര്‍ കാടുവെട്ടിത്തെളിച്ച് (ഈ കാട് ഖാണ്ഡവവനമായിരുന്നു എന്ന് മഹാഭാരത പരാമര്‍ശം കാണുന്നു) ഇവിടെ കൊട്ടാരവും തലസ്ഥാനവും നിര്‍മിച്ചു. കൊട്ടാരത്തിന്റെ വിസ്മയാവഹമായ ഹാളിന്റെ നിര്‍മാണം നിര്‍വഹിച്ചത് അസുരശില്പിയായ മയനായിരുന്നുവത്രേ. ഇതിന്റെ പൂര്‍ത്തിക്ക് നിരവധി മാസങ്ങള്‍ തന്നെ വേണ്ടിവന്നു. ഈ ഹാളില്‍ വച്ചാണ് സ്ഥലജലഭ്രമമുണ്ടായി ദുര്യോധനന്‍ സ്വയം വിഡ്ഢിയായത്. ആയിരം ഭടന്മാര്‍ ചേര്‍ന്ന്, തലയില്‍ ചുമന്നുനില്‍ക്കുന്ന രൂപത്തിലാണ് ഹാള്‍ നിര്‍മിച്ചിരുന്നത്. ഇവിടെ വച്ച് യുധിഷ്ഠിരന്‍ രാജസൂയയാഗം നടത്തുകയുണ്ടായി. ഡല്‍ഹിക്കു 3 കി. മീ. തെക്കുമാറി, ഹുമയൂണ്‍ നിര്‍മിച്ച 'പുരാനാകില' എന്ന കോട്ട സ്ഥിതിചെയ്യുന്ന സ്ഥലമായിരിക്കണം പഴയ ഇന്ദ്രപ്രസ്ഥം എന്നു വിശ്വസിക്കപ്പെടുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, വ. മീററ്റിനും തെ. ഗദവര്‍ത്തയ്ക്കും കി. മഥുരയ്ക്കും പടി. ദ്വാരകയ്ക്കും ഇടയിലുള്ള പ്രദേശമായിരുന്നു ഡല്‍ഹി. ഇന്ദ്രപ്രസ്ഥനഗരരൂപീകരണത്തോടു കൂടി പാണ്ഡവന്മാര്‍ രാജ്യം ഭരിക്കുകയും അവര്‍ക്കുശേഷം ആ വംശത്തില്‍പ്പെട്ട മുപ്പത് രാജാക്കന്മാര്‍ തുടര്‍ച്ചയായി മാറിമാറി ഇന്ദ്രപ്രസ്ഥത്തെത്തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ഭരണം നിര്‍വഹിക്കുകയും ചെയ്തിരുന്നു. [[Image: പാടലീപുത്രം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന മൗര്യചക്രവര്‍ത്തിമാരുടെ കാലത്ത് ഡല്‍ഹിക്കു കാര്യമായ പ്രാമുഖ്യം ലഭിച്ചിരുന്നില്ല. മഥുരയും ഥാനേശ്വരവും തങ്ങളുടെ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്ന ചൈനീസ് സഞ്ചാരികളായ ഹൂയന്‍സാങും ഫാഹിയാനും ഡല്‍ഹിയെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.

പ്രതിഹാര രാജാവായിരുന്ന മഹേന്ദ്രപാലന്‍ ഒന്നാമന്‍ തന്റെ പിഹോവ ശാസനത്തില്‍ ധില്ലിക കേന്ദ്രമാക്കി തോമരന്മാര്‍ ഭരണം നടത്തിയിരുന്നതായി പറയുന്നു. ആധുനിക ഡല്‍ഹിക്കു 8 കി. മീ. തെക്കുമാറിയുള്ള സര്‍ബാന്‍ ഗ്രാമത്തില്‍ നിന്നു കണ്ടെടുത്ത എ. ഡി. 1328-ലെ ഒരു ശാസനത്തില്‍ ഡല്‍ഹിയുടെ പ്രാചീനകാലം മുതല്‍, ശാസനകാലം വരെയുള്ള ചരിത്രം ഹ്രസ്വമായി പ്രതിപാദിച്ചിരിക്കുന്നു. ഈ ശാസനം അനുസരിച്ച് ഡല്‍ഹി തോമരന്മാരുടെ സൃഷ്ടിയാണ്.

എ. ഡി. 10-ഉം 11-ഉം ശ.-ങ്ങളില്‍ തോമരന്മാര്‍ ശാകംഭരിയിലെ ചൗഹാന്മാരുമായി യുദ്ധത്തിലായിരുന്നു. തുടര്‍ന്ന് മുസ്ലീങ്ങളുടെ ആക്രമണത്തേയും നേരിടേണ്ടിവന്നു. ഈ ആക്രമണങ്ങളെ ചെറുക്കാനാകാം 11-ാം ശ.-ത്തില്‍ ഡല്‍ഹി വാണിരുന്ന തോമര്‍ രാജാവായ അനംഗപാല്‍ ലാല്‍ക്കോട്ട് ദുര്‍ഗം പണിയിച്ചത്. ചൗഹാന്‍വംശ രാജാവായിരുന്ന വിഗ്രഹരാജ IV വിശാലദേവന്‍ 12-ാം ശ.-ത്തില്‍ തോമരന്മാരെ തോല്‍പിച്ച് ചൗഹാന്‍ ഭരണത്തിനു തുടക്കമിട്ടു.

ചൗഹാന്മാരുടെ സാമ്രാജ്യം ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലുള്ള ശിവാലിക്കുന്നുകള്‍ വരെ വ്യാപിച്ചിരുന്നു. ഈ രാജവംശത്തിലെ ഏറ്റവും പ്രബലന്‍, വിഗ്രഹരാജന്റെ അനന്തിരവനായ പൃഥ്വിരാജ് III ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മുസ്ലീം ആക്രമണം ചെറുക്കാനായി ലാല്‍ക്കോട്ടിന് ഒരു പുറമതില്‍ കൂടികെട്ടി ദുര്‍ഗത്തെ കൂടുതല്‍ ശക്തമാക്കി. മുഹമ്മദ് ഗോറിയുടെ പ്രഥമ ആക്രമണത്തെ പൃഥ്വിരാജ് പിന്തിരിപ്പിച്ചെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവു നടത്തിയ മുഹമ്മദ് പൃഥ്വിരാജിനെ കന്യാകുബ്ജരാജാവായ ജയചന്ദ്രന്റെ സഹായത്തോടുകൂടി തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഡല്‍ഹി, കുത്ബുദീന്റെ കീഴിലായി. ഡല്‍ഹിയിലെ അവസാനത്തെ ഹിന്ദുരാജാവായിരുന്നു പൃഥ്വിരാജ് ചൗഹാന്‍. ഡല്‍ഹിയുടെ തന്ത്രപ്രധാനമായ നില ആദ്യമായി മനസ്സിലാക്കിയത് മുസ്ലീം ഭരണാധികാരികളായിരുന്നു. ക്രമേണ ഡല്‍ഹിയുടെ പ്രാധാന്യം അനുക്രമമായി വര്‍ധിക്കാന്‍ തുടങ്ങി. അടിമവംശത്തിന്റെ സ്ഥാപകനായ കുത്ബുദീന്‍, ഖുവ്വത്തുല്‍-ഇസ്ലാം എന്ന പള്ളി ഡല്‍ഹിയില്‍ നിര്‍മിച്ചു. പ്രസിദ്ധമായ കുത്തബ് മീനാറിന്റെ പണിയും തുടങ്ങിവച്ചത് ഇദ്ദേഹമായിരുന്നു.

രാഷ്ട്രപതി ഭവന്‍
പാര്‍ലമെന്റ് മന്ദിരം

കുത്ബുദീനുശേഷം അദ്ദേഹത്തിന്റെ ജാമാതാവായ ഇല്‍ത്തുത്മിഷ് (ഇല്‍ത്തമിഷ്) ഭരണഭാരമേറ്റു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ പുത്രി സുല്‍ത്താന റസിയ സിംഹാസനസ്ഥയായി. ഡല്‍ഹിയില്‍ അധികാരത്തിലേറിയ ഒരേയൊരു മുസ്ലീം ഭരണാധിപയായിരുന്നു റസിയ. പിന്നീട് ബാല്‍ബന്‍ അധികാരമേറ്റു. 1920-ല്‍ അവസാനത്തെ രാജാവായിരുന്ന ഷംസുദ്ദീനെ ജലാലുദ്ദീന്‍ അധികാരഭ്രഷ്ടനാക്കി.

തുടര്‍ന്ന് ഡല്‍ഹിയില്‍ ഖില്‍ജി വംശത്തിന്റെ ഭരണമായിരുന്നു. ഈ വംശത്തിലെ ഏറ്റവും പ്രഗല്ഭന്‍ അലാവുദീനായിരുന്നു. ഡല്‍ഹി സുല്‍ത്താനത്ത് അതിന്റെ പാരമ്യതയിലെത്തിയത് ഇക്കാലത്താണ്. ഡല്‍ഹിയുടെ ചരിത്രത്തില്‍ ഇതൊരു പുതുയുഗം കുറിച്ചു. ഭരണരംഗത്തു നടപ്പാക്കിയ ചില പരിഷ്കാരങ്ങള്‍ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധേയനാക്കുന്നു. അത്യാവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുവാന്‍ അലാവുദീന്‍ സ്വീകരിച്ച നടപടികള്‍ ഡല്‍ഹിയില്‍ നല്ല ഫലമുണ്ടാക്കി. ഡല്‍ഹി ഇക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ നഗരമായി മാറി.

ഖില്‍ജികള്‍ക്കുശേഷം തുഗ്ലക്ക് വംശം ഡല്‍ഹി ആസ്ഥാനമായി ഭരണം തുടങ്ങി. ഈ വംശത്തിലെ ഏറ്റവും ശ്രദ്ധേയനായ മുഹമ്മദ് ബിന്‍ തുഗ്ലക്ക് (ഭ. കാ. എ. ഡി. 1325-51) തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദൗലത്താബാദിലേക്കു (ഡല്‍ഹിക്കു തെക്കുള്ള ദേവഗിരി) മാറ്റി. എന്നാല്‍ ഇത് ജനങ്ങള്‍ക്കുണ്ടാക്കിയ കൊടിയ ദുരിതങ്ങള്‍ തലസ്ഥാനം വീണ്ടും ഡല്‍ഹിയില്‍ തന്നെയാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇക്കാലത്ത് ഡല്‍ഹി സന്ദര്‍ശിക്കാനിടയായ ഇബ്നു ബത്തൂത്ത എന്ന അറബി സഞ്ചാരി ഡല്‍ഹിനഗരം മിക്കവാറും വിജനമായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B9%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍