This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഞ്ചാവൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:31, 29 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തഞ്ചാവൂര്‍

തമിഴ്നാട്ടിലെ ഒരു ജില്ല. താലൂക്കും ജില്ലാ ആസ്ഥാനവും ഇതേ പേരില്‍ത്തന്നെ അറിയപ്പെടുന്നു. പുരാതനകാലം മുതല്‍ ദക്ഷിണേ ന്ത്യയുടെ 'ധാന്യപ്പുര'യായി അറിയപ്പെട്ടിരുന്ന തഞ്ചാവൂരിന്റെ സ്ഥാനം കാവേരി ഡെല്‍റ്റയിലാണ്. കൃഷിയിടങ്ങളാല്‍ സമ്പന്നമായ ഈ പ്രദേശത്ത് എവിടെയും നെല്പാടങ്ങള്‍, തെങ്ങിന്‍തോപ്പു കള്‍, മാന്തോട്ടങ്ങള്‍, വാഴത്തോട്ടങ്ങള്‍ എന്നിവ കാണാം. തഞ്ചാ വൂര്‍ ജില്ലയുടെ വിസ്തീര്‍ണം: 3,396 ച.കി.മീ.; അതിരുകള്‍: വ. പെരമ്പലൂര്‍, തിരുവള്ളുവര്‍ ജില്ലകള്‍, പ.പെരുബിഡിഗു മുതരായര്‍ ജില്ല; തെ.പുതുക്കോട്ടെ ജില്ലയും പാക് കടലിടുക്കും; കി.നാഗ പട്ടണം ഖൈദ്-ഇ-മില്ലത് ജില്ല; ജനസംഖ്യ: 22,05,375(2001); ജനസാന്ദ്രത: 649/ച.കി.മീ.

തമിഴ്നാട്ടിലെ മൊത്തം നെല്ലുത്പാദനത്തിന്റെ മൂന്നിലൊന്ന് തഞ്ചാവൂരില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ലുത് പാദിപ്പിക്കുന്ന ജില്ലയും തഞ്ചാവൂര്‍ തന്നെ. 'ഇന്ത്യയുടെ നെല്ലറ' എന്നും ജില്ലയെ ചില സന്ദര്‍ഭങ്ങളില്‍ വിശേഷിപ്പിക്കാറുണ്ട്. ജില്ലയിലൂടെ ഒഴുകുന്ന കാവേരി നദിയുടെ എക്കല്‍ തടങ്ങളും സമൃദ്ധമായ ജല ലഭ്യതയുമാണ് തഞ്ചാവൂരിന്റെ കാര്‍ഷികാഭിവൃദ്ധിക്കു നിദാനം. കരകൌശല വസ്തുക്കളുടേയും കൈത്തറി-സില്‍ക്ക് വസ്ത്രങ്ങളുടേയും നിര്‍മാണത്തില്‍ തഞ്ചാവൂര്‍ വളരെ പണ്ടുമുതല്‍ക്കേ പ്രശസ്തിയാര്‍ജിച്ചിരുന്നു.

9-12 ശ.-ങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ഭരണം നടത്തിയിരുന്ന ചോളരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു തഞ്ചാവൂര്‍. കലാ-സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയത് ഈ കാലഘട്ടത്തിലാണ്. ചോളഭരണകാലത്തു നിര്‍മിച്ച ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ച ബൃഹദീശ്വരക്ഷേത്രമാണ് ഇവയില്‍ പ്രധാനം. ചോളകലയുടെ മകുടോദാഹരണമായി പ്രശോഭിക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആദികുംഭേശ്വര സ്വാമിക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രധാന ക്ഷേത്രങ്ങള്‍. മതസൌഹാര്‍ദത്തിനു പേരുകേട്ട തഞ്ചാവൂരില്‍ നിരവധി മുസ്ളിം-ക്രൈസ്തവ ദേവാലയങ്ങളും ഉണ്ട്. ഷേക് അലാവുദ്ദിന്‍ സാഹിബ് ദേവാലയവും, ഷാഹുല്‍-ഹമീദ് ദേവാലയവും ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. സരസ്വതിമഹല്‍ ലൈബ്രറി, ആര്‍ട്ട് ഗാലറി, സംഗീത മഹല്‍, ശരഭോജി മഹാരാജാവിന്റെ കൊട്ടാരം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.

ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും സംഗമഭൂമിയാണ് തഞ്ചാവൂര്‍. കുംഭകോണം-മഹാമാഘം ആണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഉത്സവത്തിന് ഉത്തരേന്ത്യയിലെ കുംഭമേളയോട് ഏറെ സാമ്യമുണ്ട്. പൈങ്കുനി ഉത്സവം, മാരിയമ്മന്‍ ഉത്സവം എന്നിവയും പ്രസിദ്ധം തന്നെ.

ഭൂമിശാസ്ത്രപരമായി തഞ്ചാവൂര്‍ ജില്ലയെ രണ്ടായി വിഭജിക്കാം: ഡെല്‍റ്റാ പ്രദേശവും ഇതരഭൂഭാഗങ്ങളും. ജില്ലയുടെ ഫലഭൂയിഷ്ഠ മായ ഉത്തരപൂര്‍വഭാഗങ്ങളാണ് ഡെല്‍റ്റാപ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നത്. രണ്ടാമത്തെ മേഖലയില്‍ ഉള്‍പ്പെട്ട തെ.പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പൊതുവേ വരണ്ടതാണ്. എന്നാല്‍ കാവേരി-മേട്ടൂര്‍ പദ്ധതിയിലുള്‍പ്പെട്ട ഗ്രാന്‍ഡ് ആനികട് കനാല്‍, വടവാര്‍ നദിയുടെ കൈവഴി എന്നിവ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നു.

നെല്ല്, ചെറുപയര്‍, ഉഴുന്ന്, കരിമ്പ്, പന, പഴവര്‍ഗങ്ങള്‍ എന്നിവയാണ് തഞ്ചാവൂര്‍ ജില്ലയിലെ പ്രധാന വിളകള്‍. ആടുതുറൈ, പട്ടുകോട്ടൈ എന്നിവിടങ്ങളില്‍ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട കാര്‍ഷിക രീതികളുപയോഗിച്ച് ലാഭകരമായ രീതിയില്‍ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് ഇവയുടെ ലക്ഷ്യം. പട്ടുക്കോട്ടയിലെ കാര്‍ഷിക ഗവേഷണകേന്ദ്രം നിലക്കടലയുടെ പുതിയ വിത്തിനങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എണ്ണക്കുരുക്കളായ തേങ്ങ, കപ്പലണ്ടി, എള്ള് മുതലായ വാണിജ്യവിളകള്‍ മുമ്പുതന്നെ പ്രാധാന്യം നേടിയിരുന്നു; ഇപ്പോള്‍ സൂര്യകാന്തി കൃഷിയും വ്യാപകമായ തോതില്‍ തുടങ്ങിയിട്ടുണ്ട്.

എല്ലാക്കാലത്തും നീരൊഴുക്കുള്ള കാവേരിയും പോഷക നദികളും അവയിലെ ജലസേചനപദ്ധതികളും ഉപയോഗിച്ച് ഇവിടെ മെച്ചപ്പെട്ട ജലസേചന സൌകര്യങ്ങളൊരുക്കിയിരിക്കുന്നു. കൃഷിയോടൊപ്പം കന്നുകാലി വളര്‍ത്തലിനും പ്രാമുഖ്യമുണ്ട്. കാവേരി തടത്തില്‍ ഒഎന്‍ജിസി (ഛചഏഇ) നടത്തിയ പര്യവേക്ഷണങ്ങളിലൂടെ ഡെല്‍റ്റാ പ്രദേശത്ത് ധാതു എണ്ണയുടെ സാധ്യത സ്ഥിരീകരിക്ക പ്പെട്ടിട്ടുണ്ട്. വല്ലംസ്റ്റോണ്‍സ്, ചെങ്കല്ല്, മണല്‍ക്കല്ല്, കാവിമണ്ണ് എന്നിവയുടെ നിക്ഷേപങ്ങളും ഈ ജില്ലയില്‍ കാണപ്പെടുന്നു.

ഭക്ഷ്യവസ്തു സംസ്കരണമാണ് തഞ്ചാവൂരിലെ പ്രധാനപ്പെട്ട വ്യവസായം. പരുത്തിത്തുണികള്‍, പാനീയങ്ങള്‍, പുകയില സാമ ഗ്രികള്‍ മുതലായവയും വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. ധാരാളം കുടില്‍-കരകൌശല വ്യവസായങ്ങളും ഇവിടെ നടക്കു ന്നുണ്ട്. കൈത്തറി നെയ്ത്തും ഒരു പ്രധാന വ്യവസായം തന്നെ. ഇവിടെ ഉത്പാദിപ്പിക്കുന്ന കൈത്തറി സില്‍ക്കും പരുത്തി സാരിയും വളരെ പ്രസിദ്ധമാണ്. തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വികസിച്ചിരിക്കുന്ന സംഗീതോപകരണ നിര്‍മാണമാണ് മറ്റൊരു പ്രധാന ചെറുകിട വ്യവസായം. ജില്ലയിലെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ സംസ്ഥാനഗവണ്‍മെന്റ് ഇവിടെ ഒരു വ്യാവസായിക പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ അധീനതയില്‍ ഉള്ള 'സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പ്പറേഷന്‍ ഒഫ് തമിഴ്നാട് ലിമിറ്റഡ്' (ടകജഇഛഠ), ഡിസ്ട്രിക്ട് ഇന്‍ഡസ്റ്റ്രീസ് സെന്റര്‍ (ഉകഇ) തുടങ്ങിയവയും ഇവിടത്തെ വ്യാവസായിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. നെല്ല്, മത്സ്യം, കൈത്തറിത്തുണിത്തരങ്ങള്‍, സില്‍ക്ക്-കോട്ടണ്‍ സാരികള്‍, ലോഹസാധനങ്ങള്‍, കരകൌശല വസ്തുക്കള്‍ എന്നിവ ജില്ലയില്‍ നിന്ന് മറ്റു പ്രദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു. സില്‍ക്ക്-കോട്ടണ്‍ നൂല്‍, വെങ്കലത്തകിടുകള്‍, ചെമ്പ്, തടി, മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയാണ് ജില്ലയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്നത്.

സംസ്ഥാനത്തെ പ്രധാന ദേശീയ പാതകളൊന്നും കടന്നുപോകുന്നില്ലെങ്കിലും ഈ ജില്ലയില്‍ നല്ലൊരു റോഡുശൃംഖല ഉണ്ട്. ഒരു പ്രധാന റെയില്‍ ജങ്ഷന്‍ കൂടിയായ തഞ്ചാവൂര്‍, ദക്ഷിണ റെയില്‍വേയുടെ മീറ്റര്‍ഗേജ് റെയില്‍ ശ്യംഖലയില്‍പ്പെടുന്ന നിരവധി പട്ടണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തഞ്ചാവൂരിന് ഈറോഡുമായി ബ്രോഡ്ഗേജ് ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 65 കി.മീ. അകലെ സ്ഥിതിചെയ്യുന്ന തിരുച്ചിറപ്പള്ളിയാണ് ഏറ്റവും അടുത്ത വിമാനത്താവളം.

തമിഴ്, തെലുഗു, ഉര്‍ദു എന്നിവയാണ് തഞ്ചാവൂരിലെ മുഖ്യ ഭാഷകള്‍. ഹിന്ദുക്കള്‍, മുസ്ളിങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധ-ജൈനമതവിശ്വാസികള്‍ എന്നിവരെ കൂടാതെ മറ്റു മതസ്ഥരും തഞ്ചാവൂര്‍ ജില്ലയിലുണ്ട്. തമിഴ് സര്‍വകലാശാലയുടെ ആസ്ഥാനം തഞ്ചാവൂരിലാണ്. ഭരതനാട്യത്തിന്റെ ജന്മഗേഹമായ തഞ്ചാവൂര്‍ സംഗീതജ്ഞരുടെ കേന്ദ്രം കൂടിയാണ്.

പണ്ട് ചോളസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന തഞ്ചാവൂര്‍ 1799-ലെ ഒരു ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാരുടെ അധീനതയി ലായി. എന്നാല്‍ 1841-ല്‍ മാത്രമാണ് തഞ്ചാവൂര്‍ കോട്ട പൂര്‍ണമാ യും ഇവരുടെ നിയന്ത്രണത്തിലായത്. ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിക്കുന്നതുവരേയും തഞ്ചാവൂര്‍ ബ്രിട്ടിഷ് അധീനതയിലായിരുന്നു. 1951-ല്‍ 11 താലൂക്കുകളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. 1981 ആയപ്പോഴേക്കും ഇവയുടെ എണ്ണം 16 ആയി വര്‍ധിച്ചു. 1991-ല്‍ തഞ്ചാവൂര്‍ ജില്ല രണ്ടായി വിഭജിക്കപ്പെട്ടു; തഞ്ചാവൂര്‍ ജില്ലയും നാഗപട്ടണം ഖൈദ്-ഇ- മില്ലത് ജില്ലയും.

ചരിത്രം. തഞ്ചാവൂര്‍ ജില്ലയുടെ ആസ്ഥാനം തഞ്ചാവൂര്‍ നഗരമാണ്. തഞ്ചാവൂര്‍ എന്ന പേരില്‍ തമിഴ്നാട്ടില്‍ മറ്റു മൂന്ന് സ്ഥലങ്ങള്‍ കൂടിയുണ്ട്. തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്‍', നെല്‍പ്പാടം എന്നര്‍ഥം വരുന്ന 'ചെയ്യ്' എന്നീ പദങ്ങളും ദേശം എന്ന അര്‍ഥത്തില്‍ 'ഉരും' ചേര്‍ന്ന് തഞ്ചാവൂര്‍ ഉണ്ടായത്രെ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍