This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 2 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരുവേലി

Fragrant swamp mallow

ഒരു ഔഷധസസ്യം. മാൽവേസീ സസ്യകുടുംബത്തിലെ അംഗമായ ഇരുവേലിയുടെ ശാ.നാ.: പവോണിയാ ഓഡൊറേറ്റ (Pavonia odorata) എന്നാണ്‌. ഇരുവേരി, വെട്ടിവേര്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളം, ഉത്തർപ്രദേശ്‌, സിന്‍ഡ്‌, മ്യാന്മർ, ബലൂചിസ്‌താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ആഫ്രിക്കയിലെ മധ്യരേഖാപ്രദേശങ്ങളിലും ആണ്‌ ഈ സസ്യം ധാരാളമായി കാണപ്പെടുന്നത്‌. ഏകദേശം 45 സെ.മീ. വരെ ഇതിന്‌ ഉയരം കാണും. ശാഖോപശാഖകളെല്ലാം മിക്കവാറും നേർമുകളിലേക്കാണ്‌ വളരുന്നത്‌. ഒരു ഏകവർഷി സസ്യമാണ്‌ ഇരുവേലി. തണ്ടുകള്‍ അതിസാന്ദ്രമായ ലോമങ്ങളാൽ ആവൃതമായിരിക്കും. ഇവയിൽ ചില ലോമങ്ങള്‍ക്ക്‌ നീളം കൂടുതൽകാണും. ഇലകള്‍ ഏകദേശം വർത്തുളാകാരത്തോടുകൂടിയവയും 2.5 സെ.മീ. മുതൽ 7.5 സെ.മീ. വരെ നീളമുള്ളവയുമായിരിക്കും. ശാഖകളുടെ അഗ്രഭാഗത്തായി കാണപ്പെടുന്ന പൂവിന്‌ മഞ്ഞകലർന്ന ഇളം ചുവപ്പുനിറമാണ്‌. അതിന്‌ പത്തുപന്ത്രണ്ട്‌ ഇതളുകളുണ്ടാകും. അണ്ഡകോശത്തിന്റെ ഉള്ളിൽ 3-5 അറകള്‍ കാണും. പുഷ്‌പജനി പുറകോട്ടു വളഞ്ഞിരിക്കുന്നു. കായ്‌കള്‍ പൊട്ടിത്തെറിക്കുന്നവയാണ്‌. അവയുടെ പുറത്ത്‌ ലോമങ്ങള്‍ ഉണ്ടാവില്ല. വേരിന്‌ കസ്‌തൂരിയുടെ ഗന്ധമുണ്ട്‌. വേരുമാത്രമാണ്‌ ഔഷധമായി സാധാരണ ഉപയോഗിക്കാറുള്ളത്‌. ഈ ഔഷധം ജ്വരദാഹാർത്തർക്ക്‌ ഹിതമായ ഷഡംഗപാനീയ(തോയ)ത്തിലെ ഒരു ഘടകമാണ്‌. ഇത്‌ ശരീരോഷ്‌മാവിനെയും അധികമായ ലാലാസ്രവത്തെയും നിയന്ത്രിക്കും. പുകച്ചിലും ചൊറിച്ചിലും നീക്കും. സ്വേദനവും മൂത്രവിസർജനവും ക്രമപ്പെടുത്തുകയും അഗ്നിദീപ്‌തി ഉണ്ടാക്കുകയും ബലം വർധിപ്പിക്കുകയും ചെയ്യും. ആന്ത്രവായുവിസർപ്പം, ആന്തരാവയവങ്ങളിലുണ്ടാകുന്ന രക്തസ്രാവം, ഉദരസംബന്ധിയായ രോഗങ്ങള്‍, വർധിച്ച കഫപിത്തങ്ങള്‍, പനി, കാസം, അതിദാഹം, ഛർദി എന്നിവയെ ശമിപ്പിക്കും. ഇതിന്റെ വേരും മാതളനാരങ്ങയും ചേർത്തുണ്ടാക്കുന്ന ഔഷധം അതിസാരത്തിനു കൈകണ്ട പ്രതിവിധിയാണ്‌. രക്തവാതത്തിന്‌ ഇത്‌ സമൂലം ഉപയോഗിക്കുന്നു. കയ്‌പുരസവും ലഘുരൂക്ഷഗുണവുമുള്ള ഈ ഔഷധം ശീതവീര്യവും പാകത്തിൽ ഉഷ്‌ണവുമാണ്‌. ആയുർവേദഗ്രന്ഥങ്ങളിൽ ജലത്തിന്റെ പര്യായങ്ങള്‍കൊണ്ട്‌ ഇരുവേലിയെ സൂചിപ്പിക്കാറുണ്ട്‌.

(പി.എസ്‌. ശ്യാമളകുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍