This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരവിക്കുട്ടിപ്പിള്ളപ്പോര്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:12, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരവിക്കുട്ടിപ്പിള്ളപ്പോര്‌

ദക്ഷിണ തിരുവിതാംകൂറിൽ (ഇപ്പോള്‍ കന്യാകുമാരി ജില്ല) പ്രചാരത്തിലിരുന്ന ഒരു വില്ലടിച്ചാന്‍പാട്ട്‌. തമിഴ്‌ മിശ്രഭാഷയിൽ രചിക്കപ്പെട്ട ഈ പാട്ടിന്‌ കണിയാംകുളംപോര്‌ എന്നും പേരുണ്ട്‌. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു കൃതിയാണിത്‌. മധുര ഭരിച്ച തിരുമലനായ്‌ക്കനും തിരുവിതാംകൂറുമായി കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധവും, യുദ്ധത്തിൽ തിരുവിതാംകൂറിലെ സേനാനായകനായ ഇരവിക്കുട്ടിപ്പിള്ളയ്‌ക്കുണ്ടായ വീരമൃത്യുവുമാണ്‌ പാട്ടിലെ പ്രതിപാദ്യം. ദക്ഷിണ തിരുവിതാംകൂർ മുന്‍കാലത്ത്‌ പാണ്ഡ്യ-ചോളരാജാക്കന്മാരുടെയും മധുരനായ്‌ക്കന്മാരുടെയും തുടർച്ചയായ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നു. കൊ.വ. 806 മുതൽ 823 വരെ (1631-48) വേണാടു ഭരിച്ചിരുന്നത്‌ ഉച്ചിക്കേരളവർമ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷപ്രീതിക്കു പാത്രീഭവിച്ച്‌ ചെറുപ്പത്തിൽ മുഖ്യമന്ത്രിയായും പടനായകനുമായി ഉയർന്ന വീരപുരുഷനാണ്‌ ഇരവിക്കുട്ടിപ്പിള്ള. ഇരവിക്കുട്ടിപ്പിള്ളയുടെ തലവെട്ടി തന്റെ യജമാനനു കാഴ്‌ചവയ്‌ക്കുന്നതാണെന്ന്‌ ശപഥം ചെയ്‌ത തിരുമലനായ്‌ക്കന്റെ മുഖ്യ സേനാനിയായ രാമപ്പയ്യന്‍ വലിയ സൈന്യസന്നാഹത്തോടെ വേണാടാക്രമിക്കാന്‍ തക്കം പാർത്തു പണക്കുടിയിൽ താവളമടിച്ചു. നേർവഴിക്കു ലക്ഷ്യംനേടാന്‍ സാധ്യമല്ലെന്നു മനസ്സിലാക്കിയ പാണ്ടിപ്പടത്തലവന്‍ ഇരവിക്കുട്ടിപ്പിള്ളയുടെ ഉയർച്ചയിൽ അസൂയാലുക്കളായിരുന്ന മറ്റു വേണാട്ടു മന്ത്രിമാരുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടു. പോർക്കളത്തിൽവച്ച്‌ തങ്ങള്‍ ഇരവിക്കുട്ടിപ്പിള്ളയുടെ നിഗ്രഹത്തിന്‌ സൗകര്യപ്രദമാംവച്ചം പ്രവർത്തിച്ചുകൊള്ളാമെന്ന്‌ അവർ അയാള്‍ക്ക്‌ ഉറപ്പുനല്‌കി.

1645 ജൂല. 18-ന്‌ കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധത്തിൽ വേണാട്ടുസൈന്യത്തിനു വിജയം സുനിശ്ചിതമാണെന്നു തോന്നിയ സന്ദർഭത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്ത നേതാക്കള്‍ മുന്‍നിശ്ചയമനുസരിച്ച്‌ തങ്ങളുടെ സേനാവിഭാഗങ്ങളോടൊപ്പം പോർക്കളത്തിൽനിന്നു പിന്‍വാങ്ങി. ഈ പിന്‍വാങ്ങൽ വകവയ്‌ക്കാതെ പടവെട്ടി മുന്നേറിയ ആ ധീരസേനാനി രാമപ്പയ്യന്റെ വെട്ടേറ്റു വീരസ്വർഗം പൂകി. രാമപ്പയ്യന്‍ അദ്ദേഹത്തിന്റെ തലവെട്ടിയെടുത്ത്‌ പട്ടിൽ പൊതിഞ്ഞ്‌ നായ്‌ക്കനു കാഴ്‌ചവച്ചു. പട്ടിൽ പൊതിഞ്ഞ ശിരസ്സു കണ്ട നായ്‌ക്കന്റെ പ്രതികരണം പാട്ടിൽ ഇപ്രകാരം വർണിച്ചിരിക്കുന്നു:

	"അയ്യോ ഇന്ത തുരയേപ്പോലെ
	അവനിതന്നിൽ പാർത്താലൊരുവനുണ്ടോ?
	വയ്യം പുകഴ്‌ന്തിടും ഇവനുടയ
	വൈരപ്പണിയിട്ട കാതഴകോ
	കോതിടും വന്ന മുടിയഴകോ
	കൂറ്റന്‍ കസ്‌തൂരിപ്പൊട്ടഴകോ?'
 

പശ്ചാത്താപവിവശനായ നായ്‌ക്കന്‍ ആ ശിരസ്‌ പാളയത്തിലേക്ക്‌ അയച്ചുകൊടുക്കാന്‍ ഏർപ്പാടുചെയ്‌തു. ഇരവിക്കുട്ടിപ്പിള്ളയുടെ ശിഷ്യനും ആശ്രിതനും ആയോധനവിദഗ്‌ധനുമായിരുന്ന ചക്കാല കാളിനായർ ശിരസ്‌ ഏറ്റുവാങ്ങി. ശവസംസ്‌കാരച്ചടങ്ങിന്‌ നേതൃത്വം നൽകിയ മഹാരാജാവ്‌ കാളിനായർക്ക്‌ കുഞ്ചാക്കോട്ടുദേശത്തിൽ കുറേ വസ്‌തുവകകള്‍ കരമൊഴിവായി പതിച്ചുകൊടുത്തു. ഇതാണ്‌ പാട്ടിലെ കഥാസാരം.

ഇത്തരം വീരാപദാന ഗാനങ്ങള്‍ സംഭവത്തിന്റെ ചൂടാറുംമുമ്പാണ്‌ സാധാരണയായി ഉടലെടുക്കുക; തന്നിമിത്തം ഈ പാട്ട്‌ 1645-നുമേൽ അധികവർഷങ്ങള്‍ കഴിയുന്നതിനുമുമ്പ്‌ രചിക്കപ്പെട്ടതാണെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. ഈ പാട്ടിന്റെ സാരസ്യം പൂർണമായി അനുഭവപ്പെടുന്നത്‌ അത്‌ സംഘഗാനമായി അവതരിപ്പിക്കുമ്പോഴാണ്‌. വീരരസവും ശോകരസവും നിറഞ്ഞുനിൽക്കുന്ന ഭാവങ്ങള്‍ ഇതിൽ സുലഭമാണ്‌. മകന്റെ വേർപെട്ട ഉടൽകണ്ടിട്ട്‌,

 
	"ആള്‍ വീരാ എന്നിരവി!
	എന്നരുമക്കൊടിയഴകേ,
	അഴകുള്ള മന്തിരിയേ
	ആശമകനേ? അയ്യോ!
	അഴകുള്ള കണ്‍മണിയേ'
 

എന്നുള്ള മാതാവിന്റെ വിലാപം ഹൃദയദ്രവീകരണക്ഷമമാണ്‌. ഇരവിക്കുട്ടിപ്പിള്ള യുദ്ധോദ്യതനായി പുറപ്പെടുമ്പോള്‍ പൗരസ്‌ത്രീകള്‍ കുമ്മിയടിച്ചുപാടുന്ന പാട്ടിലെ ഏതാനും വരികള്‍ താഴെ ഉദ്ധരിക്കുന്നു:

 
"പടൈയ്‌ക്കു പോറാരിരവിപ്പിള്ളൈ
	പമ്പരമുത്തുക്കുടൈ ചേരുമാം
	കുടൈക്കു കീഴേയിരവിപ്പിള്ളൈ
	പോറ കൊലുമൈപ്പാർ തോഴിപ്പെച്ചേ!
	ആച്ചുമുത്തേയെടീ പേച്ചിമുത്തേ
	ആവിടപ്പെച്ചേയീ നാട്ടുപെച്ചേ!
	തങ്കളിൽ തങ്കവളൈ കിലുങ്ക-
	ത്തവിത്തു കുമ്മിയടിപ്പോമെടീ;
	കച്ചെനെന്‍പാർ ചിലർ മന്നനെന്‍പാർ
	കാമനോ സോമനോ വാറതെന്‍പാർ;
	മന്നർക്കു കച്ചാന മന്തിരിയാനവന്‍
	വാറ ശിങ്കാരത്തെപ്പാരുങ്കെടീ'
 

ഇംഗ്ലീഷിൽ ബാലഡ്‌ (Ballad) എന്നു പറയപ്പെടുന്ന ഇത്തരം വീരകഥാഗാനപ്രസ്ഥാനത്തിൽ മലയാളത്തിന്റെ ആദ്യദശയിൽ ഉണ്ടായ ഒരു ഉജ്ജ്വലസാഹിത്യസൃഷ്‌ടിയാണ്‌ ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്‌; പഴയ തെക്കന്‍ പാട്ടുകളിൽ ഇതിന്‌ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്‌. ഇരവിക്കുട്ടിപ്പിള്ളപ്പോരിനെ ആധാരമാക്കി ഇ.വി.കൃഷ്‌ണപിള്ള,വി. നീലകണ്‌ഠപ്പിള്ള, കെ. കേശവപ്പിള്ള, ബ്രഹ്മവ്രതന്‍ എന്നിവർ ഓരോ നാടകം രചിച്ചിട്ടുണ്ട്‌. ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്‌ അല്ലെങ്കിൽ കണിയാംകുളംപോര്‌ എന്ന പേരിൽ ഈ പ്രാചീനഗാനം ശൂരനാട്ട്‌ കുഞ്ഞന്‍പിള്ളയുടെ അവതാരികയോടുകൂടി കാഞ്ഞിരംകുളം കൊച്ചുകഷ്‌ണന്‍നാടാർ മുദ്രണം ചെയ്‌തു പ്രകാശിപ്പിച്ചിട്ടുണ്ട്‌. നോ. ഇരവിക്കുട്ടിപ്പിള്ള

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍