This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എല്ലെ കുടുംബം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എല്ലെ കുടുംബം
16-ാം ശതകത്തിൽ ബെൽജിയത്തിൽനിന്നു പാരിസിൽ കുടിയേറിപ്പാർത്ത ചിത്രകാരന്മാരുടേതും ശില്പികളുടേതുമായ ഒരു കുടുംബം. ഈ കുടുംബത്തിൽപ്പെട്ട ഫെർഡിനന്‍ഡ് ലൂയി ദി എൽഡർ, ലൂയി ദി യങ്ങർ എന്നിവർ പ്രശസ്ത കലാകാരന്മാരായിരുന്നു.
ഫെർഡിനന്‍ഡ് (1580-1637). ഇദ്ദേഹം 1580-ൽ മെക്ലിന്‍ എന്ന സ്ഥലത്ത് ജനിച്ചു. ബാല്യത്തിൽത്തന്നെ ചിത്രകലയിൽ താത്പര്യം തോന്നിയ ഫെർഡിനന്‍ഡ് ഒരു ചിത്രകാരനായി ജീവിതം ആരംഭിച്ചു. കാലക്രമത്തിൽ ലൂയി 13-ാമന്റെ കൊട്ടാരത്തിൽ ആസ്ഥാനചിത്രകാരനായി നിയമിക്കപ്പെട്ടു. "പൗസ്സിൽ മാസ്റ്റേഴ്സ്' എന്നറിയപ്പെടുന്ന കലാകാരന്മാരിൽ അഗ്രഗണ്യനായിരുന്നു ഫെർഡിനന്‍ഡ്. അനേകം ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും "ലോറൈന്‍ ഹെന്റി കക-ന്റെ ചിത്രമല്ലാതെ മറ്റൊന്നും ഇന്ന് ലഭ്യമല്ല.
ലൂയി ദി എൽഡർ (1612-89). ഫെർഡിനന്‍ഡിന്റെ പുത്രനായ ലൂയി ദി എൽഡർ 1612-ൽ പാരിസിൽ ജനിച്ചു. അക്കാദമി റോയൽ ദെ പെയിന്ത്യൂർ എ ദെ സ്കള്പ്റ്റ്യൂർ (Academic Royal de peinture et de Sculpture)ന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1657-ൽ അക്കാദമിയിൽ അധ്യാപകനായി നിയമിക്കപ്പെട്ടുവെങ്കിലും 1681-ൽ ഇദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിടുകയുണ്ടായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതും പ്രശസ്തങ്ങളായിരുന്നു. അവയിൽ ഫ്രാന്‍സ്വാ ദെപിനെ സെയ്ന്റ് ലൂക് (Francois d' Epinay St. Luc); തോമസ് റെഗ്നൗഡിന് (Thomas Regnaudin)തുടങ്ങിയ ചില ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ലൂയി ദി യങ്ങർ (1648-1717). ലൂയി ദി എൽഡറിന്റെ പുത്രനും ചിത്രകാരനുമായ ലൂയി ദി യങ്ങർ 1648-ൽ പാരിസിൽ ജനിച്ചു. അക്കാദമിയിൽ നിയമനം ലഭിക്കുന്നതിനുവേണ്ടി "സാമുവൽ ബെർനാഡി'ന്റെ ഒരു ഹ്രസ്വകായചിത്രം വരയ്ക്കുകയുണ്ടായി. പിതാവിനെപ്പോലെതന്നെ ഇദ്ദേഹവും അക്കാദമിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. എന്നാൽ 1685-ൽ പിതാവിനോടൊപ്പം വീണ്ടും അക്കാദമിയിൽ അധ്യാപനവൃത്തിയിൽ പ്രവേശിക്കുകയും ചിത്രരചന തുടരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രസന്റേഷന് ഒഫ് ദ് വെർജിന്‍ എന്ന ചിത്രം പാരിസിലെ റെന്‍ (Rennes)മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.