This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയറ്റ്‌, ജോർജ്‌ (1819 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:18, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എലിയറ്റ്‌, ജോർജ്‌ (1819 - 80)

Eliot, George

ജോർജ്‌ എലിയറ്റ്‌

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നോവലിസ്റ്റ്‌. മേരി ആന്‍ (മേരിയന്‍) ഇവാന്‍സ്‌ എന്നാണ്‌ യഥാർഥനാമം. 1819-ൽ വാറിക്ക്‌ഷെറിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. ഇവരുടെ പിതാവ്‌ ഒരു പ്രഭുവിന്റെ ഭൂസ്വത്തുക്കള്‍ നോക്കുന്ന കാര്യസ്ഥനായിരുന്നു. ആദ്യത്തെ സാഹിത്യകൃതി ക്രിസ്‌തുവിന്റെ ജീവചരിത്രമാണ്‌ (1846). 1851 മുതൽ രണ്ടുവർഷം ഇവർ വെസ്റ്റ്‌ മിന്‍സ്റ്റർ റിവ്യു എന്ന മാസികയുടെ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ അന്നത്തെ ഏറ്റവും പ്രശസ്‌തശാസ്‌ത്രജ്ഞനായ ഹെർബർട്ട്‌ സ്‌പെന്‍സറുമായി അടുത്തുപരിചയപ്പെട്ടു. സ്‌പെന്‍സർ ഇവരെ ജോർജ്‌ ഹെന്‍റിലൂയി എന്ന ബഹുമുഖമായ കഴിവുകളുള്ള ഒരെഴുത്തുകാരനുമായി പരിചയപ്പെടുത്തി. മേരി ആനും ലൂയിയും അടുത്തുതന്നെ ആത്മബന്ധത്തിൽ ഏർപ്പെട്ടുവെങ്കിലും ഈ ബന്ധം വിവാഹമായി മാറ്റുവാന്‍ അന്നത്തെ സാഹചര്യങ്ങള്‍ അവരെ അനുവദിച്ചില്ല. ഇത്തരം ഒരു ബന്ധത്തിലേർപ്പെട്ടതുകൊണ്ട്‌ അവർക്കു സമൂഹത്തിൽനിന്നും പല വിഷമങ്ങളും നേരിടേണ്ടിവന്നെങ്കിലും അതു വലിയൊരു വിജയമായിരുന്നു. ലൂയിയുടെ മരണംവരെ ഈ ബന്ധം നിലനിന്നുവെന്നു മാത്രമല്ല, രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും സുഖപ്രദവും സൃഷ്‌ടിപരവുമായ കാലഘട്ടവും ഇതുതന്നെയായിരുന്നു. ജോർജ്‌ എലിയറ്റിന്റെ സുപ്രധാനമായ കൃതികള്‍ രചിക്കപ്പെട്ടത്‌ ഈ വർഷങ്ങളിലായിരുന്നു.

1856-57-ൽ സീന്‍സ്‌ ഫ്രം ക്ലെറിക്കൽ ലൈഫ്‌ എന്ന പേരിൽ മൂന്നുകഥകള്‍ മേരി ആന്‍ പ്രസിദ്ധപ്പെടുത്തി. ഈ കഥകള്‍ അവയുടെ മേന്മയ്‌ക്കനുസൃതമായ ജനപ്രീതി നേടുകയും ചെയ്‌തു. ചാള്‍സ്‌ ഡിക്കന്‍സ്‌ മാത്രമേ ഈ കഥകള്‍ ഒരു സ്‌ത്രീ എഴുതിയവയാണെന്നൂഹിച്ചുള്ളു.

1859-ൽ ജോർജ്‌ എലിയറ്റ്‌ ആഡം ബീഡ്‌ എന്ന കേള്‍വികേട്ട നോവൽ പ്രസിദ്ധീകരിച്ചു. പല നിരൂപകരും ഇത്‌ അവരുടെ ഏറ്റവും നല്ല കൃതിയാണെന്നുകരുതുന്നു. ഇംഗ്ലീഷ്‌ ഗ്രാമീണജീവിതത്തെ വളരെ ഭംഗിയായും യഥാതഥമായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്‌. മിസിസ്‌ പോയ്‌സർ, ഹെറ്റി സോറൽ, ആഡം ബീഡ്‌ എന്നീ കഥാപാത്രങ്ങളെ നാം ഒരിക്കലും മറക്കുകയില്ല. ദ്‌ മിൽ ഓണ്‍ ദ്‌ ഫ്‌ളോസ്‌ (1860) എന്ന അടുത്ത നോവൽ ആത്മകഥാപരമായ കൃതിയാണ്‌. ഇതിൽ മാഗിയുടെയും അവളുടെ സഹോദരന്‍ ടോമിന്റെയും ശോകസമ്പൂർണമായ ജീവിതകഥ വളരെ ഹൃദയസ്‌പൃക്കായി അവതരിപ്പിച്ചിരിക്കുന്നു.

ജോർജ്‌ എലിയറ്റിന്റെ അടുത്ത നോവൽ സൈലസ്‌ മാർണർ (1861) ആണ്‌. പാവപ്പെട്ട ഒരു നെയ്‌ത്തുകാരന്റെ കഥയാണ്‌ ഇത്‌. ഈ പുസ്‌തകത്തിലും ഇംഗ്ലീഷ്‌ ഗ്രാമീണജീവിതം നല്ലപോലെ ചിത്രീകരിച്ചിട്ടുണ്ട്‌. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സരസങ്ങളായ സംഭവങ്ങളും വിശ്വസനീയരീതിയിൽ പ്രതിബിംബിക്കുന്ന ഈ കഥയും ഇവരുടെ പ്രശസ്‌തി വർധിപ്പിക്കുവാന്‍ സഹായകമായി. നോവലുകളിൽ കഥകളും കഥാപാത്രങ്ങളുമാണു പ്രധാനം. എന്നാൽ പില്‌ക്കാല കൃതികളായ റൊമോള (1863). ഹെലിക്‌സ്‌ ഹോള്‍ട്ട്‌ (1866), മിഡിൽ മാർച്ച്‌ (1871-72), ഡാനിയൽ ഡെറോണ്‍ഡ (1876) മുതലായ നോവലുകളിൽ പ്രഥമ താത്‌പര്യം നീതിയെയും സദാചാരധർമത്തെയും പറ്റിയുള്ള പ്രശ്‌നങ്ങളിലാണ്‌. അതുകൊണ്ട്‌ ഈ നോവലുകള്‍ക്ക്‌ ആദ്യത്തെ നോവലുകളെപ്പോലെ ജനപ്രീതിനേടാന്‍ കഴിഞ്ഞിട്ടില്ല. 1878-ൽ ലൂയിയുടെ മരണം ജോർജ്‌ എലിയറ്റിന്‌ ഒരു കനത്ത പ്രഹരമായിരുന്നു. ഈ ആഘാതത്തിൽനിന്നു വിമുക്തമാകാന്‍ കുറേനാള്‍ കഴിയേണ്ടിവന്നു. ലൂയിയുടെ മരണശേഷം ജോർജ്‌ എലിയറ്റിനെ സഹായിച്ചത്‌ ജോണ്‍ വാള്‍ട്ടർ ക്രാസ്‌ എന്ന ഒരു ബാങ്കർ ആയിരുന്നു. അദ്ദേഹം ജോർജ്‌ എലിയറ്റിന്റെയും ലൂയിയുടെയും ഒരു പഴയ സുഹൃത്തായിരുന്നു. 1880-ൽ ക്രാസും ജോർജ്‌ എലിയറ്റും വിവാഹിതരായി. അതേവർഷം ഡിസംബർ അവസാനം ജോർജ്‌ എലിയറ്റ്‌ അന്തരിക്കുകയും ചെയ്‌തു.

ഇംഗ്ലീഷ്‌ നോവലിന്റെ ചരിത്രത്തിൽ ജോർജ്‌ എലിയറ്റ്‌ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. ഇവരുടെ ആദ്യനോവലുകളാണ്‌ അധികം വായനക്കാർക്കും പ്രിയമെങ്കിലും, അവസാന നോവലുകള്‍ക്കാണ്‌ 20-ാം ശതകത്തിലെ വായനക്കാരും നിരൂപകരും പ്രാധാന്യം കല്‌പിക്കുന്നത്‌. ഇതിന്റെ കാരണം ഈ പുസ്‌തകങ്ങളിൽ സവിസ്‌തരമായ മാനസികാപഗ്രഥനം ഉണ്ടെന്നുള്ളതാണ്‌.

(ഡോ. കെ.പി.കെ. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍