This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംഗൽബാർട്ട്, ഡഗ്ലസ് (1925- )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എംഗല്‍ബാര്‍ട്ട്, ഡഗ്ലസ് (1925- )
Engelbart, Douglas
അമേരിക്കന്‍ കംപ്യൂട്ടർ ശാസ്‌ത്രജ്ഞനും ഇന്റർനെറ്റ് മാർഗദർശകനും. 1925 ജനു. 30-ന് അമേരിക്കയിലെ ഓറിഗോണ്‍ സംസ്ഥാനത്തെ പോർട്ട്‌ലന്‍ഡ് പ്രദേശത്ത് ജനിച്ചു.
എംഗൽബാർട്ടിന്റെ പിതാവ് കാള്‍ ലൂയിസും മാതാവ് ഗ്ലാഡിസ് ഷാർലെറ്റ് അമീലിയ മുന്‍സെനുമായിരുന്നു. ജർമന്‍, സ്വീഡിഷ്, നോർവീജിയന്‍ വംശജരായ എംഗൽബാർട്ട് തുടക്കംമുതൽ കുടുംബം പോർട്ട്‌ലന്‍ഡിൽത്തന്നെയായിരുന്നു താമസം. പില്‌ക്കാലത്ത് ഗ്രാമപ്രദേശത്തേക്ക് നീങ്ങിയെങ്കിലും പിതാവിന്റെ മരണശേഷം എംഗൽബാർട്ട്, ജോണ്‍സണ്‍ ക്രീക്കിൽ സ്ഥിരതാമസമുറപ്പിച്ചു. പോർട്ട്‌ലന്‍ഡിലെ ഫ്രാങ്ക്‌ലിന്‍ ഹൈസ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ചത്. ഓറിഗോണ്‍ സംസ്ഥാനസർവകലാശാലയിൽപ്പെട്ട ഓറിഗോണ്‍ സ്റ്റേറ്റ് കോളജിലെ പഠനത്തിനിടെ, രണ്ടാം ലോകയുദ്ധത്തിന് അവസാനമായതോടെ എംഗൽബാർട്ട് യു.എസ്. നേവിയിൽ ചേരുകയും ചെയ്‌തു. തുടർന്ന് രണ്ടുവർഷക്കാലത്തോളം ഫിലിപ്പൈന്‍സിൽ ഒരു റഡാർ വിദഗ്‌ധനായി സേവനമനുഷ്‌ഠിക്കുകയുണ്ടായി.
1948-ൽ ഇദ്ദേഹം ഓറിഗോണ്‍ സംസ്ഥാനത്തു മടങ്ങിയെത്തുകയും തുടർന്ന് ഇലക്‌ട്രിക്കൽ എന്‍ജിനീയറിങ്ങിൽ ബാച്ചിലർ ബിരുദം നേടുകയും ചെയ്‌തു. ഇക്കാലയളവിൽ "സിഗ്മാഫി എപ്‌സിലോണ്‍' എന്ന സാമൂഹിക കൂട്ടായ്‌മയിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട്, ആമിസ് ഗവേഷണകേന്ദ്രത്തിന്റെ ദേശീയ ഉപദേശകസമിതിയിൽ എയറോനോട്ടിക്‌സ് വിഭാഗത്തിൽ ഇദ്ദേഹം നിയമിതനാവുകയും 1951 വരെ തത്‌സ്ഥാനത്ത് പ്രവൃത്തിക്കുകയും ചെയ്‌തു.
വിജ്ഞാനത്തിന്റെ ജനകീയവത്‌കരണം ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കണമെന്ന് എംഗൽബാർട്ട് ചിന്തിച്ചു. കംപ്യൂട്ടറുകളെക്കുറിച്ച് അടിസ്ഥാനപരമായി ഗ്രഹിക്കാനും കുറേയൊക്കെ ഉള്‍ക്കൊള്ളാനും ആത്മാർഥമായി യത്‌നിച്ചു. റഡാർമേഖലയിലെ പഠനം, കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിന് ഇദ്ദേഹത്തിൽ താത്‌പര്യം ജനിപ്പിക്കുകയുണ്ടായി. വിശകലനം ചെയ്‌തു സ്വരൂപിച്ച കാര്യങ്ങള്‍ സ്‌ക്രീനിൽ പ്രദർശിപ്പിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം തെളിയിച്ചു. സ്വന്തം പ്രവൃത്തി കേന്ദ്രങ്ങളിലിരുന്ന് വിജ്ഞാനവിഹായസ്സിലൂടെ ഊളിയിട്ടുപറന്നു നടക്കുന്ന വ്യക്തിപ്രഭാവങ്ങളെ എംഗൽബാർട്ട് രൂപകല്‌പനചെയ്‌തു. കംപ്യൂട്ടറുകള്‍ക്ക് വെറും കണക്കുകൂട്ടൽ യന്ത്രങ്ങളെന്ന പദവി മാത്രമുണ്ടായിരുന്ന വേളയിൽ അവയ്‌ക്കു കൈവരിക്കാവുന്ന കർമശേഷിയും പരസ്‌പരവിനിമയ സാധ്യതയും എംഗൽബാർട്ട് വിലയിരുത്തി.
1953-ൽ ഇദ്ദേഹം കാലിഫോർണിയ സർവകലാശാലയിൽനിന്നും എം.എസ്. ബിരുദവും 1955-ൽ ഡോക്‌ടറേറ്റും കരസ്ഥമാക്കി. ബെർക്ക്‌ലിയിൽ പഠനഗവേഷണത്തിൽ ഏർപ്പെട്ടിരിക്കവേ കാൽഡിക് എന്ന കാലിഫോർണിയന്‍ ഡിജിറ്റൽ കംപ്യൂട്ടർ പ്രാജക്‌ടിന്റെ നിർമാണനിർവഹണത്തിലും പങ്കാളിയായിത്തീർന്നു. ബെർക്ക്‌ലിയിൽത്തന്നെ ഒരു വർഷക്കാലം സഹപ്രാഫസർ പദവി വഹിച്ച ഇദ്ദേഹത്തിന് സ്വന്തം കാഴ്‌ചപ്പാട് പൂർണമായും അംഗീകരിക്കപ്പെടാനാവില്ലെന്നു ബോധ്യമായതോടെ തത്‌സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം ഗവേഷണഫലങ്ങള്‍ സ്റ്റോറേജ് സംവിധാനമേഖലയിൽ ഉപയുക്തമാക്കുന്നതിനുള്ള സാധ്യത കണ്ടെത്തുന്നതിനായി ഇദ്ദേഹം ഒരു പ്രത്യേക ഗ്രൂപ്പിനുതന്നെ നേതൃത്വം കൊടുത്തു. 1957-ൽ മെന്‍ലോ പാർക്കിലെ സ്റ്റാന്‍ഫോർഡ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഇദ്ദേഹത്തിനു ഒരു പ്രത്യേകപദവിതന്നെ അനുവദിക്കപ്പെട്ടു.
മനുഷ്യമേധാശക്തി വർധിപ്പിക്കുന്നതിനുള്ള സാമാന്യബോധമാതൃകയുടെ ഒരു ഡസനിലേറെ പേറ്റന്റുകള്‍ എംഗൽബാർട്ടിനു സ്വന്തമായി. ഒരു ഓണ്‍ലൈന്‍ സംവിധാനമായ എന്‍.എൽ.എസ്. രൂപകല്‌പനചെയ്യുന്നതിന്റെ പിന്നിലുള്ള ഇച്ഛാശക്തിയും മറ്റൊന്നായിരുന്നില്ല. എംഗൽബാർട്ടും സഹപ്രവർത്തകരും ചേർന്ന് കംപ്യൂട്ടർ ഇന്റർഫേസ് ഘടകങ്ങളായ ബിറ്റ്-മാപ്പ്‌ഡ് സ്‌ക്രീനുകള്‍, മൗസ്, ഹൈപ്പർ ടെക്‌സ്റ്റ്, കൊളാബറേറ്റീവ് ടൂള്‍സ് തുടങ്ങിയവ വികസിപ്പിച്ചെടുത്തു. 1967-ൽ നവീനാശയങ്ങള്‍ ഒരു പേറ്റന്റിന് അപേക്ഷിച്ച എംഗൽബാർട്ടിന് 1970-ൽ അതു ലഭിച്ചു. -7 സ്ഥാനമെന്നു നാമകരണം ചെയ്യപ്പെട്ട സൂചകപ്രദർശകസംവിധാനം പിന്നീട് "മൗസ്' എന്ന പേരിൽ ശ്രദ്ധേയമായി. വിപ്ലവകരമായ"മൗസി'ന്റെ കണ്ടുപിടിത്തത്തിന് എംഗൽബാർട്ടിന് റോയൽറ്റിയൊന്നും തന്നെ ലഭിച്ചില്ല. പേറ്റന്റ് ഏറ്റെടുത്ത എസ്.ആർ.ഐയ്‌ക്ക് മൗസിന്റെ യഥാർഥമൂല്യം ഗണിക്കാനായില്ലെങ്കിലും പില്‌ക്കാലത്ത് അത് ആപ്പിള്‍കമ്പനിക്കു ലൈസന്‍സ് ചെയ്യപ്പെട്ടത് 4,000-ത്തോളം ഡോളർ തുകയ്‌ക്കാണ്.
അർപ(ARPA) എന്ന സ്ഥാപനമാണ് എംഗൽബാർട്ടിന്റെ ഗവേഷണങ്ങള്‍ക്ക് ഏറെ സാമ്പത്തികസഹായമരുളിയത്. അർപാനെറ്റിന്റെ (ARPANET) ആദ്യസന്ദേശം കൈമാറിയത് ഒരു വിദ്യാർഥി പ്രാഗ്രാമർ ആയിരുന്ന ചാർലി ക്ലൈന്‍ ആയിരുന്നു.
ശാസ്‌ത്രചിത്രകാരനായ തിയറിബാർഡിന്‍ അഭിപ്രായപ്പെട്ടതുപോലെ ആധുനികസാങ്കേതികവിദ്യയ്‌ക്ക് ഉപയുക്തമാക്കാവുന്ന കർമപരിപാടികള്‍ക്കാണ് എംഗൽബാർട്ടിന്റെ സങ്കീർണമായ ഗവേഷണസപര്യയിലുടനീളം പ്രാധാന്യം കല്‌പിക്കപ്പെട്ടിരുന്നത്. ബെഞ്ചമിന്‍ ലീ വോർഫ് സ്വരൂപിച്ച ഭാഷാശാസ്‌ത്രപരമായ ആപേക്ഷികതത്ത്വത്തിന്റെ സ്വാധീനവലയത്തിൽ എംഗൽബാർട്ട് ഉള്‍പ്പെട്ടുവെന്നാണ് ബാർഡിന്‍ തുടർന്നു പ്രഖ്യാപിച്ചത്. വിജ്ഞാനം കൈകാര്യം ചെയ്യാനുള്ള നമ്മുടെയൊക്കെ കഴിവ് നൂതന സാങ്കേതികവിദ്യയ്‌ക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പ്രായോഗികമാക്കാമെന്നാണ് എംഗൽബാർട്ടിന്റെ കണ്ടെത്തൽ. ഇക്കാരണത്താൽത്തന്നെ നൂതനമായ സാങ്കേതികവിദ്യകള്‍ വികസിതമാക്കാനുള്ള നമ്മുടെ കർമശേഷി ക്രമാനുഗതമായി പരിപോഷിപ്പിക്കപ്പെടുന്നു.
പുത്തന്‍ തലമുറ വ്യക്തിഗത കംപ്യൂട്ടറുകളെ ആശ്രയിച്ചു തുടങ്ങിയതോടെ സഹകാര നെറ്റ്‌വർക്കിങ്ങിന്റെ സാധ്യതയ്‌ക്കു മങ്ങലനുഭവപ്പെട്ടുതുടങ്ങി. എർഹാർഡ് സെമിനാർ ട്രയിനിങ് കേന്ദ്രത്തിൽ ബോർഡ് ഒഫ് ഡയറക്‌ടേഴ്‌സിൽ കുറച്ചുകാലം സേവനമനുഷ്‌ഠിച്ചുവെങ്കിലും എംഗൽബാർട്ട് പിന്‍വാങ്ങുകയുണ്ടായി. യുവ കംപ്യൂട്ടർ മേഖലാവിദഗ്‌ധന്മാരുടെ രംഗപ്രവേശത്തോടെ എംഗൽബാർട്ട് പിന്തള്ളപ്പെട്ടു. 1988-ൽ ഇദ്ദേഹം സ്വപുത്രിയായ ക്രിസ്റ്റീന്‍ എംഗൽബാർട്ടിനോടൊപ്പം ബൂട്‌സ്‌ട്രാപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1980-കളിൽ എംഗൽബാർട്ടിന്റെ സംഭാവനകള്‍ സുപ്രധാനവ്യക്തികളും സ്ഥാപനങ്ങളും അംഗീകരിച്ചുതുടങ്ങി. 1995-ൽ യൂറി റൂബിന്‍സ്‌കി മെമ്മോറിയൽ അവാർഡ് ഇദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. കണ്ടുപിടിത്തങ്ങള്‍ക്കുള്ള ലോകത്തിലെ ഏറ്റവും ഉയർന്നതും 50,000 ഡോളർ മൂല്യമുള്ളതുമായ ലെമെൽസണ്‍ എം.ഐ.റ്റി. പ്രസ് 1997-ൽ ഇദ്ദേഹത്തെ തേടിയെത്തി. 1999-ൽ ഫ്രാങ്ക്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് ഒഫ് മെരിറ്റും ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മെഡലും ഇദ്ദേഹം നേടിയെടുത്തു. 2000 ഡിസംബറിൽ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റണ്‍ ഇദ്ദേഹത്തിന് "നാഷണൽ മെഡൽ ഒഫ് ടെക്‌നോളജി' സമ്മാനിച്ചു. അമേരിക്കയിലെ ഏറ്റവും ഉയർന്ന സാങ്കേതികമേഖലാ അവാർഡായി ഇത് പരിഗണിക്കപ്പെടുന്നു. 2001-ൽ ബ്രിട്ടീഷ് കംപ്യൂട്ടർ സൊസൈറ്റിയുടെ ലവ്‌ലേസ് മെഡലിനും 2005-ൽ നോർബെർട്ട് വിയെനെർ അവാർഡിനും എംഗൽബാർട്ട് അർഹനായിട്ടുണ്ട്. 2010-ൽ നടന്ന "പ്രാഗ്രാം ഫോർ ഫ്യൂച്ചർ' കോണ്‍ഫറന്‍സിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോള്‍ (2011) ഇദ്ദേഹം "എംഗൽബാർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ ഫൗണ്ടർ എമിററ്റസ് പദവി വഹിക്കുകയാണ്. "യൂണിവേഴ്‌സിറ്റി ഒഫ് സാന്റാ ക്ലാറാ സെന്റർ ഫോർ സയന്‍സ് ആന്‍ഡ് ടെക്‌നോളജി'യിൽ ഉപദേശകസമിതിയിലും, ഫോർസൈറ്റ് ട്രസ്റ്റിലും ഇദ്ദേഹം സേവനമനുഷ്‌ഠിക്കുന്നു.