This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിഗോണസ് I (ബി.സി. 382-301)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആന്റിഗോണസ് I (ബി.സി. 382-301)
Antigonus I
അലക്സാണ്ടർ ചക്രവർത്തിയുടെ (ബി.സി. 356-323) നിര്യാണത്തിനുശേഷം മാസിഡോണിയന്‍ സാമ്രാജ്യത്തിന്റെ മിക്കഭാഗങ്ങളും കൈയടക്കി വാണ സേനാപതി. "സൈക്ലോപ്സ് അഥവാ മോണോഫ്താൽമസ്' (ഒറ്റക്കച്ചന്) എന്ന പേരിലും അറിയപ്പെടുന്നു. ആന്റിഗോണസിനെ ബി.സി. 338-ൽ അലക്സാണ്ടർ ഫ്രിജിയയിൽ തന്റെ പ്രതിനിധിയായി നിയമിച്ചു. അലക്സാണ്ടർ അന്തരിച്ചതിനെത്തുടർന്ന് അധികാരത്തിൽവന്ന ആന്റിപേറ്ററും (ബി.സി. 397-319) അദ്ദേഹത്തിനു സ്ഥാനമാനങ്ങള്‍ നല്കുകയുണ്ടായി. സിറിയയിൽവച്ച് ബി.സി. 321-ലുണ്ടായ ട്രപാരഡിസസ് സന്ധിപ്രകാരം ആന്റിഗോണസ് രാജകീയ സൈന്യത്തിന്റെ അധിപനായി നിയമിതനായി.
ബി.സി. 316-ൽ പെർസിസിലെ ഗേബിയനിൽവച്ച് യൂമെനസ് നിര്യാതനായതോടെ ആന്റിഗോണസ് സ്വയം അധികാരം ഏറ്റെടുത്തു; ഏഷ്യയുടെ ഭൂരിഭാഗവും അദ്ദേഹം തന്റേതാക്കി. മറ്റു സൈന്യനേതാക്കന്മാരായ ടോളമി, കസാണ്ടർ, ലിസിമാക്കസ്, സെല്യൂക്കസ് തുടങ്ങിയവർ ഒരു സഖ്യത്തിലേർപ്പെട്ട് ആന്റിഗോണസിനെ നേരിട്ടു. ഗ്രീസിലെ യുദ്ധങ്ങളിൽ ആന്റിഗോണസ് മുന്നിട്ടുനിന്നു; എങ്കിലും 312-ലെ ഗാസാ യുദ്ധത്തിൽ പരാജിതനായി. തുടർന്ന് സെല്യൂക്കസ് ബാബിലോണിയയും മീഡിയ, സൂസിയാന എന്നീ രാജ്യങ്ങളുടെ കിഴക്കുള്ള സാമന്തരാജ്യങ്ങളും ആക്രമിച്ചു. സെല്യൂക്കസിനെ ചെറുക്കാന്‍ 311-ൽ ആന്റിഗോണസ് മറ്റു സഖ്യ ശക്തികളെ കൂട്ടുപിടിച്ചു. അടുത്ത നാലു വർഷക്കാലത്തേക്ക് സെല്യൂക്കസിനെ സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുനിന്ന് തുരത്താന്‍ ആന്റിഗോണസിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പുത്രനായ ഡെമിട്രിയസ് 307-ൽ കസാണ്ടറെ തോല്പിച്ച് ആഥന്‍സ് പിടിച്ചെടുത്തു. 306-ൽ അദ്ദേഹം സൈപ്രസിൽ വച്ച് ടോളമിയുടെ സൈന്യത്തെ തോല്പിച്ചു; അതിനെ തുടർന്ന് ആന്റിഗോണസ് രാജസ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഈജിപ്ത്, റോഡ്സ് ആക്രമണങ്ങള്‍ (306-305) പരാജയപ്പെട്ടു. എന്നാൽ ഡെമിട്രിയസിന്റെ ഗ്രീക്ക് ആക്രമണങ്ങള്‍ (303-302) വമ്പിച്ച വിജയമായിരുന്നു. ഒടുവിൽ കസാണ്ടർ, ലിസിമാക്കസ്, സെല്യൂക്കസ് എന്നിവർ സംഘടിതരായി ഇപ്സസ് യുദ്ധത്തിൽ (301) ആന്റിഗോണസിനെ തോല്പിക്കുകയും വധിക്കുകയും ചെയ്തു.