This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഗോണസ്‌ I (ബി.സി. 382-301)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിഗോണസ്‌ I (ബി.സി. 382-301)

Antigonus I

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബി.സി. 356-323) നിര്യാണത്തിനുശേഷം മാസിഡോണിയന്‍ സാമ്രാജ്യത്തിന്റെ മിക്കഭാഗങ്ങളും കൈയടക്കി വാണ സേനാപതി. "സൈക്ലോപ്‌സ്‌ അഥവാ മോണോഫ്‌താല്‍മസ്‌' (ഒറ്റക്കണ്ണന്‍) എന്ന പേരിലും അറിയപ്പെടുന്നു. ആന്റിഗോണസിനെ ബി.സി. 338-ല്‍ അലക്‌സാണ്ടര്‍ ഫ്രിജിയയില്‍ തന്റെ പ്രതിനിധിയായി നിയമിച്ചു. അലക്‌സാണ്ടര്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ അധികാരത്തില്‍വന്ന ആന്റിപേറ്ററും (ബി.സി. 397-319) അദ്ദേഹത്തിനു സ്ഥാനമാനങ്ങള്‍ നല്‌കുകയുണ്ടായി. സിറിയയില്‍വച്ച്‌ ബി.സി. 321-ലുണ്ടായ ട്രൈപാരഡിസസ്‌ സന്ധിപ്രകാരം ആന്റിഗോണസ്‌ രാജകീയ സൈന്യത്തിന്റെ അധിപനായി നിയമിതനായി.

ബി.സി. 316-ല്‍ പെര്‍സിസിലെ ഗേബിയനില്‍വച്ച്‌ യൂമെനസ്‌ നിര്യാതനായതോടെ ആന്റിഗോണസ്‌ സ്വയം അധികാരം ഏറ്റെടുത്തു; ഏഷ്യയുടെ ഭൂരിഭാഗവും അദ്ദേഹം തന്റേതാക്കി. മറ്റു സൈന്യനേതാക്കന്മാരായ ടോളമി, കസാണ്ടര്‍, ലിസിമാക്കസ്‌, സെല്യൂക്കസ്‌ തുടങ്ങിയവര്‍ ഒരു സഖ്യത്തിലേര്‍പ്പെട്ട്‌ ആന്റിഗോണസിനെ നേരിട്ടു. ഗ്രീസിലെ യുദ്ധങ്ങളില്‍ ആന്റിഗോണസ്‌ മുന്നിട്ടുനിന്നു; എങ്കിലും 312-ലെ ഗാസാ യുദ്ധത്തില്‍ പരാജിതനായി. തുടര്‍ന്ന്‌ സെല്യൂക്കസ്‌ ബാബിലോണിയയും മീഡിയ, സൂസിയാന എന്നീ രാജ്യങ്ങളുടെ കിഴക്കുള്ള സാമന്തരാജ്യങ്ങളും ആക്രമിച്ചു. സെല്യൂക്കസിനെ ചെറുക്കാന്‍ 311-ല്‍ ആന്റിഗോണസ്‌ മറ്റു സഖ്യ ശക്തികളെ കൂട്ടുപിടിച്ചു. അടുത്ത നാലു വര്‍ഷക്കാലത്തേക്ക്‌ സെല്യൂക്കസിനെ സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുനിന്ന്‌ തുരത്താന്‍ ആന്റിഗോണസിന്‌ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പുത്രനായ ഡെമിട്രിയസ്‌ 307-ല്‍ കസാണ്ടറെ തോല്‌പിച്ച്‌ ആഥന്‍സ്‌ പിടിച്ചെടുത്തു. 306-ല്‍ അദ്ദേഹം സൈപ്രസില്‍ വച്ച്‌ ടോളമിയുടെ സൈന്യത്തെ തോല്‌പിച്ചു; അതിനെ തുടര്‍ന്ന്‌ ആന്റിഗോണസ്‌ രാജസ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഈജിപ്‌ത്‌, റോഡ്‌സ്‌ ആക്രമണങ്ങള്‍ (306-305) പരാജയപ്പെട്ടു. എന്നാല്‍ ഡെമിട്രിയസിന്റെ ഗ്രീക്ക്‌ ആക്രമണങ്ങള്‍ (303-302) വമ്പിച്ച വിജയമായിരുന്നു. ഒടുവില്‍ കസാണ്ടര്‍, ലിസിമാക്കസ്‌, സെല്യൂക്കസ്‌ എന്നിവര്‍ സംഘടിതരായി ഇപ്‌സസ്‌ യുദ്ധത്തില്‍ (301) ആന്റിഗോണസിനെ തോല്‌പിക്കുകയും വധിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍