This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർമശക്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:32, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓർമശക്തി

സമീപകാലത്തെയോ വിദൂരഭൂതകാലത്തെയോ അനുഭവങ്ങളെക്കുറിച്ച്‌ വീണ്ടും ഓർക്കുന്നതിനുള്ള ശക്തി. സമീപകാലാനുഭവസംബന്ധി, വിദൂരഭൂതകാലനുഭവസംബന്ധി എന്നിങ്ങനെ ഓർമശക്തി ഏറെക്കുറെ വ്യത്യസ്‌തമായ രണ്ടുവിധത്തിലാണ്‌ കണ്ടുവരുന്നത്‌. സമീപകാലത്തെ അനുഭവങ്ങളുടെ ഓർമശക്തി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ഏറ്റവും സമീപകാലത്തെ അനുഭവങ്ങളുടെ ഓർമകളാണ്‌. ഒരു വ്യക്തിയിൽ ഇതിന്റെ ബലാബലം അളക്കാന്‍ പല വഴികളുമുണ്ടെങ്കിലും ഗവേഷണശാലകളിൽ സാധാരണ ഉപയോഗിക്കുന്ന മാർഗം അയാളുടെ ഓർമയുടെ വ്യാപ്‌തി (Memory span) അളക്കലാണ്‌. കുറച്ച്‌ അക്കങ്ങളോ അക്ഷരങ്ങളോ അയാളുടെ മുമ്പിൽ അവതരിപ്പിക്കുന്നു. പിന്നീട്‌ ഓർമയിൽ നിന്ന്‌ അവ ഉച്ചരിച്ചോ, എഴുതിയോ ആവർത്തിക്കാന്‍ അയാളോടാവശ്യപ്പെടുന്നു. ഓർമിക്കേണ്ട അക്കങ്ങളുടെയോ അക്ഷരങ്ങളുടെയോ അവതരണത്തിന്‌ ദൃശ്യശ്രവണ മാധ്യമങ്ങളിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താം. അതുപോലെതന്നെ, ആവർത്തനം വാക്കുകളിൽ കൂടിയോ എഴുത്തിൽക്കൂടിയോ (പറയലോ എഴുതലോ) ആകാം. ഒരു സാധാരണ മനുഷ്യന്‌ ശരാശരി ഏഴക്കത്തിൽ കൂടുതൽ ഓർമിക്കാന്‍ പ്രയാസമാണ്‌. ഏഴക്കത്തിൽ കൂടിയാൽ ഒട്ടേറെ തെറ്റുകളും ക്രമരാഹിത്യവും ഉണ്ടാകും. അക്ഷരങ്ങളോ വാക്കുകളോ ആണ്‌ പരീക്ഷണങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതെങ്കിൽ തെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു. മനുഷ്യന്റെ സമീപകാലാനുഭവങ്ങള്‍ ഓർമിക്കാനുള്ള ശക്തിയുടെ അഥവാ ഹ്രസ്വകാല ഓർമശക്തിയുടെ പരിമിതിയിലേക്കാണ്‌ ഈ പരീക്ഷണങ്ങള്‍ വിരൽ ചൂണ്ടുന്നത്‌.

വിദൂരഭൂതകാലാനുഭവങ്ങള്‍ ഓർമിക്കാനുള്ള ശക്തിയെക്കുറിച്ച്‌ ഗവേഷണശാലയിൽ ഈ വിധമാണ്‌ പഠിക്കുന്നത്‌. ഒരു വ്യക്തിയോട്‌ കുറെ അർഥരഹിതമായ പദങ്ങളോ (ിീിലെിലെ ്യെഹഹമയഹല) നെൂതനങ്ങളും തികച്ചും അപരിചിതങ്ങളുമായ പ്രവൃത്തികളോ പഠിക്കുവാന്‍ ഗവേഷകന്‍ ആവശ്യപ്പെടുന്നു. അർഥരഹിതങ്ങളായ പദങ്ങളാണ്‌ ഗവേഷണത്തിനുപയോഗിക്കുന്നതെങ്കിൽ അവയെ ക്രമത്തിൽ പറയാനോ ജോടി ചേർത്ത്‌ ഓർമിക്കാനോ ആവശ്യപ്പെടുന്നു. പഠനശേഷം മുന്‍കൂട്ടി നിശ്ചയിച്ച ഒരു കാലയളവു കഴിഞ്ഞ്‌ പഠിച്ച കാര്യത്തിൽ അയാളുടെ ഓർമശക്തി പരീക്ഷിച്ചു നോക്കുന്നു. ഇത്തരത്തിലുള്ള ലളിതങ്ങളായ ഗവേഷണശൈലികളിൽ തുടക്കം കുറിച്ച ഈ ഗവേഷണ രംഗം ഇന്ന്‌ വളരെ മുന്നോട്ടു പോയിരിക്കുകയാണ്‌. ഇതിന്റെ ഫലമായി മനുഷ്യന്റെ വിദൂരഭൂതകാലാനുഭവങ്ങള്‍ ഓർമിക്കുവാനുള്ള ശക്തിയെ അഥവാ ദീർഘകാല ഓർമശക്തിയെക്കുറിച്ച്‌ ഒട്ടേറെ രസകരങ്ങളായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

നിഗമനങ്ങള്‍. ഒരു വ്യക്തിയുടെ ഓർമശക്തി അയാള്‍ എന്താണ്‌ ഓർക്കാന്‍ ശ്രമിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. അർഥം മനസ്സിലാകാത്ത കാര്യങ്ങള്‍, അർഥം മനസ്സിലാക്കുന്ന കാര്യങ്ങളെ അപേക്ഷിച്ച്‌ ഓർക്കാന്‍ പ്രയാസമാണ്‌. അതുപോലെതന്നെ, വ്യക്തിപരമായി ഒരു താത്‌പര്യവും ഇല്ലാത്ത കാര്യങ്ങള്‍ താത്‌പര്യമുള്ള കാര്യങ്ങളെ അപേക്ഷിച്ച്‌ ഓർക്കാന്‍ പ്രയാസമാണ്‌. കാർ ഓടിക്കൽ, കംപ്യൂട്ടർ പ്രവർത്തിപ്പിക്കൽ മുതലായവയിലും ഇതൊക്കെ ഏറെക്കുറെ ശരിയാണ്‌. തന്റെ മുമ്പിലുള്ള പ്രവൃത്തി എന്താണ്‌, അതിലെ ഓരോ ചലനവും എന്തു ഫലം കിട്ടുവാന്‍ വേണ്ടി ഉണ്ടാക്കുന്നു എന്നൊക്കെ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിക്ക്‌ ഈ വക കാര്യങ്ങള്‍ ഓർക്കാന്‍ ഇതൊന്നും മനസ്സിലാക്കാത്ത വ്യക്തിയെക്കാള്‍ എളുപ്പമാണ്‌.

തീരെ അർഥം മനസ്സിലാകാത്ത കാര്യങ്ങള്‍ ഓർക്കാന്‍ വളരെയേറെ പ്രയാസമാണ്‌. അതുകൊണ്ട്‌, അതിനു നിർബന്ധിതനാകുമ്പോള്‍, എത്ര അർഥം മനസ്സിലാകാത്ത കാര്യങ്ങള്‍ക്കും എന്തെങ്കിലും ചില അർഥങ്ങളൊക്കെ കല്‌പിച്ച്‌ അവയെ സ്‌മൃതിപഥത്തിൽ ഉറപ്പിക്കാന്‍ നാം ശ്രമിക്കുന്നു; കുറെയൊക്കെ ഈ ശ്രമത്തിൽ വിജയിക്കുകയും ചെയ്യുന്നു.

ഓർക്കാനുള്ള ഉദ്ദേശ്യമൊന്നും ഇല്ലാതെ ഏതെങ്കിലും ഒരനുഭവത്തിൽക്കൂടെ കടന്നുപോകുന്ന മനുഷ്യന്‌ ആ അനുഭവങ്ങളുടെ ഓർമ പെട്ടെന്നു നശിച്ചുപോകുന്നു. വൈകാരികത നിറഞ്ഞ അനുഭവങ്ങള്‍ മാത്രമേ ഈ തത്ത്വത്തിന്‌ ഒരപവാദമായി കാണുന്നുള്ളൂ. തീവ്രമായ വൈകാരികത നിറഞ്ഞ സംഭവങ്ങളുടെ ഓർമ പെട്ടെന്ന്‌ നശിക്കുമോ, അതോ മനസ്സിൽ എന്നും പുതുമ നശിക്കാതെ കിടക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു നിലപാട്‌ സ്വീകരിക്കുക പ്രയാസമാണ്‌. ഇത്തരം ഓർമകള്‍ ചിലരിൽ പെട്ടെന്ന്‌ നശിച്ചുപോകുന്നു. മറ്റുചിലരിൽ എന്നും നശിക്കാതെ കിടക്കുന്നു. ചിലപ്പോള്‍ അസുഖകരങ്ങളായ വികാരങ്ങള്‍ നിറഞ്ഞ ഓർമകള്‍ മാത്രമേ പുതുമ നശിക്കാതെ കിടക്കുന്നുള്ളൂ. മറ്റു ചിലപ്പോള്‍ ഇത്തരത്തിൽ കാണുന്നത്‌ സുഖകരമായ വികാരങ്ങള്‍ നിറഞ്ഞ ഓർമകളാണ്‌.

ഒരനുഭവം ആവർത്തിച്ചാവർത്തിച്ചുണ്ടായി എന്നതുകൊണ്ടുമാത്രം അതിന്റെ ഓർമ എന്നെന്നും സ്‌മൃതിപഥത്തിൽ തങ്ങിനിൽക്കണമെന്നില്ല. വെറും ആവർത്തനം കൊണ്ടുമാത്രം ഉണ്ടാവുന്ന ഓർമ വളരെ താത്‌കാലികമാണ്‌ എന്നാണ്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്‌.

ഓർമശക്തിയും ശാരീരികവും മാനസികവുമായ ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌. അതുപോലെ, ഓർമശക്തിയും വയസ്സും തമ്മിലും. ലഹരിപദാർഥങ്ങളും മയക്കുമരുന്നുകളും ഉത്തേജനോന്മുഖങ്ങളായ മരുന്നുകളുമൊക്കെ അധികമായും ബാധിക്കുന്നത്‌ സമീപകാലാനുഭവങ്ങളുടെ ഓർമകളെ മാത്രമാണ്‌. നിരന്തരമായി ഈ വക പദാർഥങ്ങള്‍ ഉപയോഗിച്ചാൽ മാത്രമേ വിദൂരഭൂതകാലാനുഭവങ്ങളുടെ ഓർമകളെ അവ ബാധിക്കുകയുള്ളൂ.

തലച്ചോറിനും നാഡികള്‍ക്കും കേടുപറ്റുകയാണ്‌ ഓർമശക്തിയുടെ തകർച്ചയ്‌ക്കുള്ള പ്രധാനകാരണങ്ങളിലൊന്ന്‌. ഇത്‌ അപകടങ്ങള്‍മൂലമോ സുഖക്കേടുകള്‍മൂലമോ ആകാം. പക്ഷേ തലച്ചോറിനും നാഡികള്‍ക്കും പറ്റുന്ന നിസ്സാര കേടുകളൊന്നും ഓർമശക്തിയെ പ്രത്യേകിച്ചും, വിദൂരഭൂതകാലാനുഭവങ്ങള്‍ ഓർമിക്കാനുള്ള ശക്തിയെ ബാധിച്ചുകാണാറില്ല.

ഓർമശക്തി മെച്ചപ്പെടുത്താന്‍ കുറുക്കുവഴികളൊന്നുമില്ല. ഓർക്കേണ്ടവ നല്ലപോലെ പഠിക്കുക എന്നുള്ളതു മാത്രമാണ്‌ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാർഗം. ഓർമശക്തി മെച്ചപ്പെടുത്താനുതകുന്നവയെന്ന്‌ പരസ്യം ചെയ്യപ്പെടുന്ന പരിശീലന കോഴ്‌സുകളെല്ലാം (memory training courses) പഠനം മെച്ചപ്പെടുത്താനുള്ള മാർഗങ്ങള്‍ മാത്രമാണ്‌. പുതുതായി പഠിച്ച കാര്യങ്ങള്‍ പണ്ടു പഠിച്ചവയുമായി ബന്ധപ്പെടുത്തി സ്‌മൃതിപഥത്തിൽ ഉറപ്പിച്ചുനിർത്തുവാനുള്ള വഴികളാണ്‌ ഇവയിൽ മിക്കവയും. കൂടാതെ ഇംഗ്ലീഷിൽ നെമൊണിക്‌സ്‌ എന്ന്‌ അറിയപ്പെടുന്ന ചില സൂത്രവിദ്യകളും ഇതിനുള്ള ഉപാധികളാണ്‌.

ഓർമക്കുറവ്‌. സാധാരണകാര്യങ്ങളിലെല്ലാം വേണ്ട ഓർമശക്തിയുള്ളപ്പോള്‍ ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചു മാത്രം എപ്പോഴും ഓർമക്കുറവുണ്ടാവുക പല വ്യക്തികളിലും കണ്ടുവരാറുള്ള ഒരു രസകരമായ പ്രതിഭാസമാണ്‌. ഇത്തരത്തിലുള്ള ഓർമക്കുറവ്‌ വെറും യാദൃച്ഛികമല്ലെന്നും, ഓർക്കാന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളാണ്‌ ഓർമയിൽ വരാത്തതെന്നും, ഇഷ്‌ടക്കുറവ്‌ ബോധ മനസ്സിലല്ല, അബോധമനസ്സിലാണ്‌ ഉള്ളതെന്നും സിഗ്മണ്ട്‌ ഫ്രായ്‌ഡ്‌ എന്ന മനഃശാസ്‌ത്രജ്ഞന്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഈ അഭിപ്രായം തിരസ്‌കരിക്കുന്ന മനഃശാസ്‌ത്രജ്ഞന്മാരും ഇല്ലാതില്ല. ഏതായാലും ഓർമശക്തിയും അബോധമനസ്സിലെ പ്രവർത്തനങ്ങളും തമ്മിൽ ഏതോചില ബന്ധങ്ങളുണ്ടെന്ന്‌ നല്ലൊരു ശതമാനം മനഃശാസ്‌ത്രജ്ഞന്മാർ ഇന്നു വിശ്വസിക്കുന്നുണ്ട്‌.

ഓർമ, ശരീരത്തിൽ എങ്ങനെ സൂക്ഷിക്കപ്പെടുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ ഒരു മറുപടി കണ്ടുപിടിക്കാന്‍ ശാസ്‌ത്രജ്ഞന്മാർ ഇന്നും കിണഞ്ഞു പരിശ്രമിച്ചുവരികയാണ്‌. സമീപകാലാനുഭവങ്ങളുടെ ഓർമകളും മസ്‌തിഷ്‌കത്തിലെ ഹിപ്പോകാമ്പസ്‌ എന്ന ഭാഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ്‌ ഇതേവരെയുള്ള ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്‌. അതുപോലെ വിദൂരഭൂതകാലാനുഭവങ്ങളുടെ ഓർമ "ന്യൂറോണു'കളിൽ ഒരു രാസപ്രക്രിയ വഴിയാണ്‌ സൂക്ഷിക്കപ്പെടുന്നത്‌ എന്ന്‌ ഏറെക്കുറെ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഈ രാസപ്രക്രിയയുടെ വിശദാംശങ്ങള്‍ ഇനിയും അറിയേണ്ടതായിട്ടാണിരിക്കുന്നത്‌. ഉദാഹരണമായി ഇത്‌ സെല്ലുകളിൽ ആർഎന്‍എ എന്നറിയപ്പെടുന്ന റിബോന്യൂക്ലേയിക്‌ ആസിഡിൽ ആണോ അതോ മറ്റുവല്ലതിലുമാണോ നടക്കുന്നത്‌ എന്ന്‌ തീർത്തുപറയുക വയ്യ. വാർധക്യകാലത്തെ ഓർമക്കുറവ്‌, പെന്‍ടിലെനിടെട്രസോള്‍ എന്ന മരുന്നു സേവിക്കുമ്പോള്‍ ഗണ്യമായി കുറഞ്ഞുകാണുന്നുണ്ട്‌. അതുകൊണ്ട്‌ ഓർമശക്തി ശരീരത്തിലെ ഒരു രാസപ്രക്രിയയല്ലേ എന്ന്‌ ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

(ഡോ. കെ. ദേവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍