This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിന്ദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:30, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാളിന്ദി

ഭാരതത്തിലെ പരിപാവന നദികളിലൊന്നായി കരുതപ്പെടുന്ന യമുനയുടെ അപരനാമം. "കളിന്ദ' ശബ്‌ദത്തിന്‌ "പർവതം' എന്നർഥമുണ്ട്‌. കാളിന്ദി എന്നതിന്‌ കളിന്ദത്തിൽ നിന്നുദ്‌ഭവിച്ചതെന്നോ അതിനു സമീപമുള്ളതെന്നോ അർഥം പറയാം. "കളിന്ദഗിരിനന്ദിനി'യാണെന്ന്‌ രസഗംഗാധരത്തിൽ പറഞ്ഞിട്ടുണ്ട്‌. ഈ നദിയുടെ അധിഷ്‌ഠാത്രിയായ ദേവിക്ക്‌ കാളിന്ദീദേവിയെന്നാണു പേർ. ഈ നദിയുടെ നിറം കറുപ്പായതിനുള്ള കാരണം സൂചിപ്പിക്കുന്ന ഒരു കഥ വാമനപുരാണത്തിൽ കാണുന്നു. സതിയുടെ ദേഹാഹുതിയിൽ വിലപിച്ചു നടന്ന ശിവന്റെമേൽ കാമദേവന്‍ പൂവമ്പെയ്‌തതുമൂലം ഉന്മാദം പ്രാപിച്ച ശിവന്‍ കാളിന്ദിയിൽ ചാടി മുങ്ങി. അപ്പോള്‍ അതിലെ ജലം കറുത്തുപോയത്ര.

ത്രിവേണീ സംഗമം

ഈ നദി ഗംഗയോടു ചേരുന്ന സ്ഥലത്തെ "സംഗമം' എന്നും "പ്രയാഗ' എന്നും പറയുന്നു. അദൃശ്യരൂപയായ സരസ്വതിയും അവിടെ ഗംഗയുമായി സംഗമിക്കുന്നതുകൊണ്ട്‌ "ത്രിവേണി' എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. സംഗമം ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലമാണ്‌. ഇതിലെ ജലം പാനം ചെയ്‌താൽ പാപമോചനമുണ്ടാകുമെന്നു വിശ്വസിക്കുന്നു.

ഭാഗവതത്തിൽ കാളിന്ദിയെക്കുറിക്കുന്ന ധാരാളം പ്രസ്‌താവങ്ങളുണ്ട്‌. ശ്രീകൃഷ്‌ണന്‍ ജനിച്ചയുടന്‍ അദ്ദേഹത്തെയും എടുത്തുകൊണ്ട്‌ വസുദേവർ അമ്പാടിയിലേക്കുപോയി. പാഞ്ഞൊഴുകിക്കൊണ്ടിരുന്ന കാളിന്ദി വസുദേവന്‌ വഴിമാറിക്കൊടുത്തു. ഒരിക്കൽ കാളിന്ദി തപസ്സുചെയ്‌ത്‌ ശ്രീകൃഷ്‌ണനെ സ്വയംവരവിധിപ്രകാരം ഭർത്താവായി വരിച്ചു. ശ്രീകൃഷ്‌ണന്‍ അവളെ തേരിൽ കയറ്റി ദ്വാരകയിലേക്കു കൊണ്ടുപോയി വിധിപ്രകാരം വിവാഹം കഴിച്ചു. ശ്രുതന്‍ തുടങ്ങി പത്തു പുത്രന്മാർ അവർക്കുണ്ടായി (ഭാഗവതം 10-ാം സ്‌കന്ദം). ഒരിക്കൽ മദ്യപിച്ച്‌ ഹരംപൂണ്ട ബലഭദ്രന്‍ ഗോപികമാരോടുകൂടി കാളിന്ദിയിൽ ജലക്രീഡ നടത്താന്‍ ആഗ്രഹിച്ചു. എന്നാൽ പരിപാവനയായ കാളിന്ദി അതിനു വിസമ്മതിച്ചു. കോപാകുലനായ ബലരാമന്‍ കാളിന്ദിയെ തന്റെ കലപ്പയിൽ കോർത്തുവലിച്ചുകൊണ്ടുപോയി. കാളിന്ദി സ്‌ത്രീരൂപം ധരിച്ച്‌ കരഞ്ഞുകൊണ്ടു ബലരാമന്റെ കാലിൽ വീണു. കോപമടങ്ങിയ ബലരാമന്‍ ഗോപികമാരുമൊത്ത്‌ കാളിന്ദിയിൽ ജലക്രീഡ നടത്തി (ഭാഗവതം 10-ാം സ്‌കന്ധം).

മഹാഭാരതത്തിലും കാളിന്ദിയെക്കുറിക്കുന്ന പ്രസ്‌താവങ്ങളുണ്ട്‌. സഭാപർവത്തിൽ ജരാസന്ധന്റെ മന്ത്രിയായ ഹംസനും അയാളുടെ പുത്രനും കാളിന്ദിയിൽ ചാടി ആത്മഹത്യ ചെയ്‌തതായി പറഞ്ഞിരിക്കുന്നു. കാളിന്ദീതടം അശ്വമേധയാഗങ്ങളുടെ ഒരു സ്ഥിരം വേദിയായിരുന്നു. ഭരതന്‍ കാളിന്ദീതീരത്തുവച്ചു മൊത്തം 339 അശ്വമേധയാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. നാഭാഗപുത്രനായ അംബരീഷന്‍ ഒരു യാഗവും ശന്തനു മഹാരാജാവ്‌ ഏഴു യാഗങ്ങളും ഇവിടെവച്ചു നടത്തിയതായി പരാമർശമുണ്ട്‌. അഗസ്‌ത്യന്റെ തപോവേദിയായിരുന്നു കാളിന്ദീതടം. വ്യാസന്‍ ജനിച്ചത്‌ കാളിന്ദീദ്വീപിലാണ്‌. കാളിന്ദിയെ സൂര്യപുത്രിയായും യമന്റെ സഹോദരിയായും പൗരാണികന്മാർ സങ്കല്‌പിച്ചിരിക്കുന്നു.

(കെ. ചന്ദ്രശേഖരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍