This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളപ്പോര്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:29, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാളപ്പോര്‌

Bullfighting

സ്‌പെയിനിലെ ദേശീയ വിനോദം. പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ വച്ച്‌ ടാറസ്‌-1 ഇനത്തിൽപ്പെട്ട കാട്ടുകാളകളുമായി മനുഷ്യർ ഏറ്റുമുട്ടി അവയെ വധിക്കുന്നു. കാളയെ ഓടിക്കുക എന്നർഥമുള്ള കോറിഡാ ഡി ടോറസ്‌ എന്നാണ്‌ സ്‌പെയിനിൽ ഈ വിനോദത്തിന്റെ പേര്‌. സ്‌പെയിനിന്റെ സ്വന്തമെന്നവകാശപ്പെടാവുന്ന ഈ വിനോദം പില്‌ക്കാലത്ത്‌ മെക്‌സിക്കോ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഫ്രാന്‍സ്‌, പോർച്ചുഗൽ എന്നിവിടങ്ങളിലും ജനപ്രീതി നേടി. ഓരോ സ്ഥലത്തും മത്സരത്തിന്റെ രീതിക്ക്‌ അല്‌പാല്‌പം വൈജാത്യം കാണുന്നുണ്ട്‌.

കാളപ്പോരു സംഘം മത്സരത്തിനുമുമ്പ്‌

ചരിത്രം. പ്യൂണിക്‌ യുദ്ധത്തിനു മുമ്പുതന്നെ കെൽടിക്‌ വർഗക്കാർ വനാന്തരങ്ങളിൽ ജീവിക്കുന്ന കാട്ടുകന്നുകാലികളുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നു. ഇവയെ വേട്ടയാടൽ ഒരു തൊഴിൽ എന്നതിലുപരി ഒരു വിനോദമാക്കി അവർ വളർത്തികൊണ്ടു വന്നു. നാട്ടുകാളകളെ ഉപയോഗിച്ച്‌ ഉഗ്ര ശൗര്യഗുണമുള്ള കാട്ടുകാളകളെ മെരുക്കിയെടുത്ത ഇവർ അവയെ കാളപ്പടയെന്ന നിലയിൽ യുദ്ധത്തിനുപയോഗിച്ചു. ബി. സി. 228-ൽ ഇലിസിനഗരത്തിൽ കാർത്തേജുകാരനായ കാർബർകാ ഒരു പണ്ടകശാല സ്ഥാപിച്ചതിനെത്തുടർന്ന്‌ നഗരം ഉപരോധിച്ച കെൽടിക്‌ വർഗക്കാർ കാളകളെ ഉപയോഗിച്ച്‌ ബാൽകായെ വധിക്കുകയും അയാളുടെ സൈന്യത്തെ തോല്‌പ്പിക്കുകയും ചെയ്‌തു. ടാറസ്‌കാളകളെ രഥത്തിൽ തളച്ചുനിർത്തി അവയുടെ കൊമ്പുകളിൽ പന്തങ്ങള്‍ കത്തിച്ചുവച്ച്‌ മറ്റു വളർത്തുകാളകളുടെ അകമ്പടിയോടുകൂടി യുദ്ധരംഗത്തേക്ക്‌ ആനയിക്കുകയാണുണ്ടായത്‌. അസാധാരണമായ ഈ കാളസേനാവ്യൂഹത്തിന്റെ ആക്രമണം കണ്ടു റോമക്കാരും കാർത്തേജുകാരും സ്‌തബ്‌ധരായിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്തരം കാളകളോടു പൊരുതി അവയെ അടിച്ചു കൊല്ലുക എന്നത്‌ സാഹസികനായ പുരുഷന്റെ മേന്മയായാണ്‌ അന്നു കരുതപ്പെട്ടിരുന്നത്‌. ബി.സി. 95-നും 45-നുമിടയ്‌ക്കാണ്‌ റോമിൽ ആദ്യമായി കാളപ്പോരു നടന്നത്‌. പുതിയതരം വിനോദങ്ങളിൽ അത്യധികം തത്‌പരനായിരുന്ന ജൂലിയസ്‌ സീസറാണ്‌ ആദ്യമായി റോമിൽ കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിനു വേദി ഒരുക്കിയത്‌. അഭ്യാസക്കളരികളിൽ ഇത്തരം കാളക്കൂറ്റന്മാരോട്‌ തെസ്സാലിയന്‍ അശ്വഭടന്മാരും ഐബീരിയക്കാരും ഏറ്റുമുട്ടിയിരുന്നതിനെക്കുറിച്ചു രേഖകളുണ്ട്‌. ഇവർ കാളക്കൂറ്റന്മാരെ കളരിയിലൂടെ ഓടിച്ചോടിച്ചു തളർത്തിയശേഷം അവയുടെ പുറത്തു ചാടിക്കയറിയിരുന്നു കൊമ്പുകളിൽ ബലമായി പിടിച്ചു വെട്ടിച്ചു മുക്കു കുത്തിക്കുകയായിരുന്നു പതിവ്‌. ഈ വിനോദത്തോടുള്ള അത്യധികമായ ജനപ്രീതി കണക്കിലെടുത്തുകൊണ്ടു കാളപ്പോര്‌ നടത്താനായി "സ്റ്റാലിയസ്‌ ടാറസ്‌' എന്ന പേരിൽ ഒരു "ആംഫി തിയെറ്റർ' തന്നെ അഗസ്റ്റസ്‌ സീസർ നിർമിക്കുകയുണ്ടായി. ഐബീരിയക്കാരുടെ പ്രത്യേക ശൈലിയിലുള്ള "ടാറിലിയ' എന്ന കാളപ്പോരാണ്‌ ഇവിടെ പ്രദർശിപ്പിച്ചു വന്നത്‌.

കാളപ്പോരിനു തയ്യാറാക്കിയ കാള

ഗോത്തുകള്‍, വിസിഗോത്തുകള്‍, വാന്‍ഡലുകള്‍ തുടങ്ങിയ വർഗക്കാർ ഐബീരിയന്‍ ഉപദ്വീപ്‌ അധീനപ്പെടുത്തിയപ്പോള്‍ അവിടത്തെ ആചാരക്രമങ്ങള്‍ക്കും വളരെ മാറ്റം സംഭവിച്ചു. മനുഷ്യരിലെ മൃഗീയശക്തിക്കു കാളക്കൂറ്റന്മാർ അടിപ്പെടുന്ന ഈ മത്സര വിനോദത്തിനു വിസിഗോത്തുഭരണകാലത്ത്‌ (എ.ഡി.410-711) വളരെയേറെ പ്രചാരം ഉണ്ടായി. സിറിയാക്കാരും ആഫ്രിക്കയൽനിന്നു കുടിയേറിയ മുസ്‌ലിങ്ങളും കലാപരമായ ചില അംശങ്ങളും കൂടി ഉള്‍പ്പെടുത്തി ഈ വിനോദത്തെ വികസിപ്പിച്ചെടുത്തു. ഒന്നാന്തരം കുതിരസവാരിക്കാരായിരുന്ന മുസ്‌ലിങ്ങള്‍ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ കുന്തം കൊണ്ടു കുത്തി കാളയെ വധിക്കാനാണ്‌ ഇഷ്‌ടപ്പെട്ടത്‌. അരങ്ങിലൂടെ ഓടി കാളകളെ തടുത്തു നിർത്തുന്ന പണി ഇവർ സേവകർക്കു വിട്ടുകൊടുത്തു. മൂറിഷ്‌ പ്രഭുക്കളും ക്രിസ്‌ത്യാനികളായിരുന്ന ഐബീരിയന്‍ പ്രഭുക്കളും തമ്മിൽ വൈരാഗ്യം വച്ചു പുലർത്തിയിരുന്നതിനാൽ ഇരുകൂട്ടരും കാളപ്പോര്‌ മത്സരക്കളിയായി സംഘടിപ്പിക്കുന്നതിൽ താത്‌പര്യം കാണിച്ചിരുന്നു.

1492-ൽ ഫെർഡിനന്‍ഡും ഇസബെല്ലയും മുസ്‌ലിങ്ങളെ സ്‌പെയിനിൽ നിന്ന്‌ തുരത്തിയെങ്കിലും പ്രഭുക്കന്മാരുടെ ഇടയിലെ ഒരു വിനോദമായിത്തന്നെ കാളപ്പോര്‌ തുടർന്നു. ആസ്റ്റ്രിയന്‍ രാജവംശം ഭരണമേറ്റതോടെ കാളപ്പോര്‌ രാജകീയാഘോഷങ്ങളുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമായി മാറി. ചാള്‍സ്‌ഢ തന്റെ മകനായ ഫിലിപ്പ്‌-കകന്റെ പിറന്നാളാഘോഷിച്ചത്‌ ഒരു കാളയെ സ്വന്തം കൈകൊണ്ടു വധിച്ചുകൊണ്ടായിരുന്നു. ഫിലിപ്പ്‌-IV-ാമന്റെ കാലത്ത്‌ കാളയെ വധിക്കുന്നതിനു നീണ്ട കുന്തങ്ങള്‍ക്കു പകരം ചെറിയ കുന്തങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. അക്കാലത്ത്‌ കാളപ്പോര്‌ "ടൂർണമെന്റുകളും' നടത്തിയിരുന്നു.

1700-ഓടുകൂടി പോരുകാള വളർത്തൽ ലാഭകരമായ ഒരു ഉപജീവനമാർഗമായിത്തീർന്നു. സ്‌പെയിന്‍, ഫ്രാന്‍സ്‌, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിലെ രാജകൊട്ടാരങ്ങള്‍ തുടങ്ങി സ്‌പെയിനിലെ കാത്തോലിക്കാദേവാലയങ്ങള്‍ വരെ നല്ലയിനം കാളക്കൂറ്റന്മാരെ വളർത്തിക്കൊണ്ടുവരുന്നതിൽ അന്യോന്യം മത്സരിച്ചിരുന്നു. കാളപ്പോരിനെതിരായി പോപ്പിന്റെ ശക്തിയായ സ്വരം ഉയരുകയും കാളപ്പോര്‌ നടത്തുന്നവരെ സഭയിൽ നിന്നു ബഹിഷ്‌കരിക്കുമെന്നു ഭീഷണി ഉണ്ടാവുകയും ചെയ്‌തതോടെ പ്രഭുക്കന്മാർ ഈ മത്സരരംഗത്തു നിന്നും പിന്‍വാങ്ങി. തുടർന്ന്‌ അവരുടെ സേവകർ ഈ രംഗത്തു "പ്രാഫഷണലു'കളായി പ്രവേശിച്ചു. കാളയെ വധിക്കുന്നതിന്‌ കീഴ്‌വഴക്കമനുസരിച്ചു കുന്തങ്ങള്‍ക്കുപകരം വാളുകളാണ്‌ ഇവർ ഉപയോഗിച്ചത്‌. ഇക്കാലത്തെ ഏറ്റവും പ്രശസ്‌തനായ പോരാളി അന്‍ഡലൂസിയക്കാരനായ ഫ്രാന്‍സിസ്‌കോ റെമെറോ ആയിരുന്നു. കാളയെ വധിക്കാനുള്ള ഉപകരണങ്ങളായി ഇന്നും ഉപയോഗിക്കുന്ന വാളും തുണിയും ആദ്യമായി ഉപയോഗിച്ചത്‌ ഇദ്ദേഹമാണ്‌. കാളയെ ഒരുക്കൽ. കോറിഡാ(കാളപ്പോര്‌)യ്‌ക്കു വേണ്ടി പ്രത്യേകമായി കാളകളെ വളർത്തി എടുക്കുകയാണ്‌ ചെയ്യുന്നത്‌. പാലുകുടി മാറുന്ന പ്രായത്തിൽ പ്രതിരോധകുത്തിവയ്‌പ്പും കാച്ചലും നടത്തിയശേഷം കാളക്കുട്ടികളെ തുറന്ന വയലുകളിലൂടെ ഓടിച്ച്‌ ശക്തി പരിശോധിക്കുന്നു. ലക്ഷണവും ഉശിരും ഉള്ളവയെ പ്രത്യേകം തിരഞ്ഞെടുത്തു വളർത്തി മൂന്നു വയസ്സാകുമ്പോള്‍ പലതരം പരീക്ഷണങ്ങളിലൂടെ ഇവയുടെ വീറു വീണ്ടും പരിശോധിക്കുന്നു. ഏറ്റവും നല്ലവയെ മാറ്റിയശേഷം ബാക്കി മൂരികളെ അറവുശാലയിലേക്ക്‌ അയയ്‌ക്കുന്നു. പ്രത്യേകമായി സംരക്ഷിച്ചു വളർത്തുന്നവയാകയാൽ ഇവയുടെ ഇറച്ചിക്കു വിപണിയിൽ വലിയ പ്രിയമാണ്‌. തിരഞ്ഞെടുക്കപ്പെട്ട മൂരിക്കുട്ടികളെ 15 കൊല്ലം വരെ സംരക്ഷിക്കുന്നു. ഇതിനിടയിൽ ചെറുതരം അരങ്ങുകളിൽ വിട്ട്‌ ഇവയുടെ വീറു പരീക്ഷിക്കാറുമുണ്ട്‌. ഒരേ കാളയെ ഒരിക്കലും രണ്ടു തവണ പോരിന്‌ ഇറക്കാറില്ല. അവയുടെ ഓർമശക്തി സൂക്ഷ്‌മമായതിനാൽ പഴയ അനുഭവം അവയുടെ വീറു നശിപ്പിക്കുമെന്നതാണിതിനു കാരണം. എല്ലാ കാലികളും വർണാന്ധതയുള്ളവയാണ്‌. കാളപ്പോരുകാരന്‍ ഉപയോഗിക്കുന്ന വർക്‌ക്യാപ്പിനും (cape) തുണി(Muleta)ക്കും ചുവപ്പു നിറം തിരഞ്ഞെടുത്തിരിക്കുന്നത്‌ കാളയെ വിരട്ടാനല്ല, അതിനെ വധിക്കുമ്പോഴുണ്ടാകുന്ന രക്തപ്രവാഹം കുറച്ചൊക്കെ മറയ്‌ക്കാനും പ്രദർശനം വർണശബളമാക്കുവാനുമാണ്‌.

ഒരു സംഘമായാണ്‌ പ്രാഫഷണൽ കാളപ്പോരുകാർ പോരിൽ പങ്കെടുക്കാറുള്ളത്‌. ഇവർ മിക്കവരും സ്‌പെയിന്‍കാരായിരിക്കും.ഇവയിൽ പ്രധാനിയെ മറ്റഡോർ (Matador) എന്നു പറയുന്നു. "ഘാതകന്‍' എന്നാണ്‌ "മറ്റഡോർ' എന്ന വാക്കിനർഥം. കാളയെ വധിക്കാനുള്ള ചുമതല മറ്റഡോറിനാണ്‌. അയാളുടെ സഹായികളാണ്‌ "ബാന്‍ഡെറില്ലെറോ'(Banderillero)കളും "പിക്കഡോർ'(Picador)കളും. മുനയുള്ള വടി (ബാന്‍ഡറില്ല)കൊണ്ടു കാളയെ എറിയുകയും ക്യാപ്പ്‌ കാണിച്ചു വിരട്ടുകയുമാണ്‌ ഇവർ ചെയ്യേണ്ടത്‌. കുതിരപ്പുറത്തേറിയ സഹായികളാണ്‌ പിക്കഡോറുകള്‍. ഇവരുടെ കൈയിൽ ചെറുതരം കുന്തങ്ങള്‍ ഉണ്ടായിരിക്കും.

ഒരു കാളപ്പോരു മത്സരത്തിൽ സാധാരണ ആറുകാളകളെയാണ്‌ വധിക്കുക. ഒരു നേതാവിന്‌ സാധാരണ ആറു സഹായികള്‍ കാണും. 20-നും 35-നും ഇടയ്‌ക്കു പ്രായമുള്ള യുവാക്കളാണ്‌ കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസികള്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‌ക്കുന്ന കുടുംബങ്ങളിൽ നിന്ന്‌ അഭ്യാസികള്‍ മത്സരരംഗത്തെത്തുന്നത്‌ കാളപ്പോരിലൂടെ പെട്ടെന്നു നേടിയെടുക്കാവുന്ന സമ്പത്തിൽ ആകൃഷ്‌ടരായാണ്‌. ""കൂർത്തു മൂർത്ത രണ്ടു കൊമ്പുകള്‍ കാവൽ നില്‌ക്കുന്ന ധനക്കൂമ്പാരമാണ്‌ കാളപ്പോര്‌ എന്നൊരു ചൊല്ലുതന്നെ സ്‌പെയിനിൽ പ്രചാരത്തിലുണ്ട്‌. അറിയപ്പെട്ടിട്ടുള്ള അതിപ്രഗല്‌ഭരായ അഭ്യാസികളിൽ പലരും ആ കൂർത്തു മൂർത്ത കൊമ്പുകള്‍ക്ക്‌ ഇരയായിട്ടുണ്ടെന്ന സത്യം ഈ ചൊല്ലിനെ അർഥവത്താക്കുന്നു. കാളപ്പോരുകാർ 12-ാമത്തെ വയസ്സിലാണ്‌ അഭ്യാസം ആരംഭിക്കുന്നത്‌. തുടർന്ന്‌ വർഷങ്ങളോളം പലതരം കാളകളോടു വിവിധ ഋതുക്കളിൽ പൊരുതി ശീലിക്കുന്നു. ഇടത്തരം അരങ്ങുകളിൽ മാത്രമേ ഇക്കാലത്ത്‌ അവരുടെ പ്രദർശനം നടത്തുകയുള്ളു. പ്രത്യേക ചടങ്ങുകളോടെയാണ്‌ അരങ്ങേറ്റം നടത്തുക. അരങ്ങിൽ വച്ചു മൂത്ത അഭ്യാസി ഇളമുറക്കാരന്‌ ആചാരപ്രകാരം തൊപ്പിയും വാളും സമ്മാനിക്കുന്നതോടെ അയാള്‍ക്ക്‌ വലിയ കാളക്കൂറ്റന്മാരോടു പൊരുതാനുള്ള അവകാശം ലഭിക്കുന്നു.

ചുവന്ന സിൽക്‌ റോസെറ്റ്‌ കാളയെ കാണിക്കുന്നു

പ്രത്യേക തരത്തിലുള്ള വർണശബളമായ വേഷമാണ്‌ അഭ്യാസികള്‍ ധരിക്കുന്നത്‌. ചെറിയ ജാക്കറ്റ്‌, വെയ്‌സ്റ്റ്‌കോട്ട്‌, മുട്ടുവരെയെത്തിപ്പറ്റിപ്പിടിച്ചുകിടക്കുന്ന സിൽക്ക്‌ ട്രൗസർ (ഇതിൽ വെള്ളിനൂലുകൊണ്ടും സ്വർണനൂലുകൊണ്ടും ചിത്രത്തുന്നലുകള്‍ ചെയ്‌തു മോടിപിടിപ്പിച്ചിരിക്കും. തുന്നൽകൊണ്ടു ഭംഗിപ്പെടുത്തിയ സാറ്റിന്‍ഡ്രസ്‌ക്യാപ്‌, പവിഴനിറത്തിലുള്ള കട്ടിയേറിയ കാലുറകള്‍, കറുത്തചെരുപ്പ്‌, പ്രത്യേകരീതിയിൽ തുന്നിയുണ്ടാക്കിയ തൊപ്പി (മൊന്‍ടിറാസ്‌) എന്നിവ മറ്റഡോർമാരുടെ വേഷഭൂഷാദിയിൽപെടും. മറ്റഡോർ അണിഞ്ഞൊരുങ്ങാന്‍ സാധാരണ ഒരു മണിക്കൂറോളം സമയം എടുക്കാറുണ്ട്‌. ബാന്‍ഡെറില്ലെറോകള്‍ ഇതേ വേഷഭൂഷാദികള്‍തന്നെ ധരിക്കുമെങ്കിലും അവരുടെ വസ്‌ത്രങ്ങളിലെ തുന്നൽപ്പണിക്കു സ്വർണനൂലുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണു ചട്ടം. വീതിയുള്ള അരികുകളോടുകൂടിയപതിഞ്ഞ തൊപ്പി, ജാക്കറ്റ്‌, വെയ്‌സ്റ്റ്‌കോട്ട്‌, വലതുകാലിൽ കണങ്കാൽ വരെയും ഇടതുകാലിൽ മുട്ടു വരെയും ഉള്ള ഉരുക്കുചട്ട, ശ്വേതപീത നിറത്തിലുള്ള മാന്‍തോൽ ട്രൗസറുകള്‍, കട്ടിയുള്ള മാന്‍തോൽ ബൂട്ട്‌സ്‌ എന്നിവയാണ്‌ പിക്കഡോറുകള്‍ ധരിക്കുന്നത്‌. ഇവരുടെ വസ്‌ത്രങ്ങളിൽ ചിത്രത്തുന്നൽ ഉണ്ടായിരിക്കുകയില്ല.

കാളപ്പോരിനിടെ മറ്റഡോർ

കാളപ്പോര്‌ മൂന്നു ഘട്ടങ്ങളായാണ്‌ നടത്താറുള്ളത്‌. അഭ്യാസികളും സഹായികളും കറുത്ത യൂണിഫോം അണിഞ്ഞ പൊലീസുകാരും ചേർന്നു നടത്തുന്ന ഉദ്‌ഘാടനഘോഷയാത്ര അരങ്ങുമുറിച്ചുകടക്കുമ്പോള്‍, കാളയെ പൂട്ടിയിരിക്കുന്ന തൊഴുത്തിന്റെ താക്കോൽ മേയറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ എറിഞ്ഞുകൊടുക്കുന്നു. അങ്കത്തിനാവശ്യമുള്ളവരൊഴിച്ചുള്ളവർ അരങ്ങുവിട്ടു മാറുന്നതോടെ തൊഴുത്തിന്റെ ചുമതല വഹിക്കുന്ന ആള്‍ തൊഴുത്തു തുറന്നു കാളയെ പുറത്തേക്ക്‌ വിടും. കാള തൊഴുത്തിന്റെ വാതിൽ കടന്നു തുടങ്ങുമ്പോള്‍ തൊഴുത്തിനുമുകളിൽ ഇരുന്നുകൊണ്ട്‌ ഒരു സേവകന്‍ ചുവന്ന സിൽക്ക്‌ റൊസെറ്റെ കാളയുടെ ഉപ്പൂടിയിൽ ഇടുന്നു. തുടർന്നു ബാന്‍ഡെറില്ലെറോകള്‍ ഓരോരുത്തരായി കാളയെ വെകിളി പിടിപ്പിക്കുന്നു. മറ്റഡോർ മാറിനിന്നു കാളയുടെ ആക്രമണരീതി നിരീക്ഷിക്കുകയും, ഒരു കൊമ്പുകൊണ്ടു പൊരുതുന്നവനാണോ, സൂക്ഷ്‌്‌മദൃക്കാണോ എന്നൊക്കെ മനസ്സിലാക്കുകയും ചെയ്യുന്നു. പത്തു നിമിഷത്തിനുള്ളിൽ പൊരുതാനുള്ള സൂചന മറ്റഡോറിന്‌ ബ്യൂഗിളിലൂടെ നൽകും. മറ്റഡോർ തന്റെ വർക്‌ക്യാപ്പ്‌ ഉപോഗിച്ചു കാളയുടെ ശ്രദ്ധ ആകർഷിച്ച്‌ അതിനെ അരങ്ങിലെ പ്രധാന ഭാഗത്തേക്കു പായിക്കുന്നു. ബ്യൂഗിള്‍ വിളിവീണ്ടും ഉയരുന്നതോടെ "പിക്കഡോർ'മാർ അരങ്ങിലെത്തി നിശ്ചിത ഭാഗങ്ങളിൽ നില ഉറപ്പിക്കുന്നു. ഇതോടെ കർണഭേദകമായ ശബ്‌ദത്തിൽ കാഹളം മുഴക്കുന്നു. പിക്കഡോർമാരുടെ കുതിരകളെ കണ്ടാലുടനെ ആക്രമണോത്സുകനായി കാളക്കൂറ്റന്‍ മുന്നോട്ടു കുതിക്കും. ആ ആക്രമണത്തെ തടസ്സപ്പെടുത്താനായി പിക്കഡോർമാർ തങ്ങളുടെ ചെറുകുന്തങ്ങള്‍ കാളയുടെ കഴുത്തിനും തോളെല്ലിനും ഇടയിലായി കുത്തിക്കയറ്റുന്നു. തുടർന്ന്‌ പിക്കഡോർമാരും ഒന്നുരണ്ടു ബാന്‍ഡെറില്ലെറോകളും അരങ്ങൊഴിഞ്ഞുമാറും. ബാക്കിയുള്ള ബെന്‍ഡെറില്ലെറോകള്‍ കൂർത്തമുനയുള്ള വടികള്‍ കാളയുടെ കഴുത്തിന്റെ മധ്യഭാഗത്തായി എറിഞ്ഞുപിടിപ്പിക്കുന്നു. കാളയിൽ നിന്നും 60-90മീ. അകലേക്കുമാറിനിന്ന്‌ അട്ടഹാസങ്ങള്‍ മുഴക്കിയും ഭയപ്പെടുത്തുന്ന ആംഗ്യങ്ങള്‍ കാട്ടിയും ആണ്‌ ഓരോ ചെറുവടിയും എറിയുന്നത്‌. ഇതോടെ കോപാന്ധനായ കാളക്കൂറ്റന്‍ മുന്നോട്ടു കുതിക്കുമ്പോള്‍ ബാന്‍ഡെറില്ലെറോകള്‍ അല്‌പം ചരിഞ്ഞു മുന്നോട്ടോടിച്ചെന്നു മറ്റഡോർ നിർദേശിക്കുന്ന ഭാഗങ്ങളിൽ വീണ്ടും കൂർത്ത മുനയുള്ള വടികള്‍ എറിഞ്ഞു കയറ്റുന്നു. തുടർന്നു കാളക്കൂറ്റനെ വധിക്കാന്‍ ബ്യൂഗിളിലൂടെ നിർദേശിക്കുന്നു. ഇതിനെ "സത്യത്തിന്റെ സമയം' (hour of truth) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. അതായത്‌ മറ്റഡോറിന്റെ മാറ്റുതെളിയുന്ന സമയം എന്നർഥം. മറ്റഡോർ തനിച്ചാണ്‌ വധം നടത്തുന്നത്‌. അയാള്‍ ആവശ്യപ്പെട്ടാൽ മാത്രമേ ബാന്‍ഡെറില്ലെറോകള്‍ രംഗത്തു വരുകയുള്ളൂ. കൃത്യമായ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ വധം നടത്തുവാന്‍ പാടുള്ളൂ. ആചാരവിരുദ്ധമായി എന്തെങ്കിലും പ്രവർത്തിച്ചാൽ "മറ്റഡോർ'ക്ക്‌ പിഴയോ തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. മേയറുടെ ഇരിപ്പിടത്തിനു തൊട്ടുതാഴെയാണ്‌ വധോദ്യമത്തിനായി മറ്റഡോർ നിലകൊള്ളേണ്ടത്‌. അയാള്‍ വലതുകൈയിൽ വേട്ടക്കാരുടെ ഒരു തരം തൊപ്പിയും (Muleta) ഇടതുകൈയിൽ ചുമന്ന തുണികഷ്‌ണവും (Estoque)വാളും (Montero) ധരിച്ചിരിക്കും. തുടർന്നു കാളയെ ബലിയർപ്പിക്കാനുള്ള ഔപചാരികമായ അനുവാദം തേടുന്നു. ഒരേ നിലയിൽ നിന്നുകൊണ്ടാണ്‌ മറ്റഡോർ കാളയുടെ ആക്രമണത്തെ നേരിടുന്നത്‌. അത്യധികം ധീരതയും മനസ്സുറപ്പും ആവശ്യമായിട്ടുള്ള ഒരു സന്ദർഭമാണിത്‌. വധിക്കാനല്ലാതെ അടിക്കാനോ തടയാനോ വാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടതുകൈയിലെ ചുമന്നതുണികൊണ്ട്‌ കാളയുടെ മുഖം അടിച്ചുകുനിച്ചശേഷം വലതുകൈയിലെ വാള്‍ കാളയുടെ തോളെല്ലും കഴുത്തും ചേരുന്ന ഭാഗത്തു തറച്ചുകയറ്റുന്നു. കത്തി മറുകോണായി തറപ്പിച്ചുകയറ്റി ഹൃദയ ധമനിയെ പിളർന്ന്‌, യാതൊരു രക്തച്ചൊരിച്ചിലിനും ഇടനല്‌കാതെ തത്‌ക്ഷണമരണം സംഭവിക്കുകയാണ്‌ വേണ്ടത്‌. ഇത്തരത്തിലുള്ള വധമാണ്‌ ഒട്ടും പിഴയില്ലാത്തതായി കണക്കാക്കപ്പെടുന്നത്‌. ശ്വാസകോശത്തിൽ കത്തി കടന്നുപോയാലാണ്‌ രക്തപ്രവാഹം ഉണ്ടാകുന്നത്‌; ഇത്‌ മികച്ച പ്രകടനമായി കണക്കാക്കുകയില്ല. വധത്തിനുശേഷം വിജയശ്രീ ലാളിതനായി മറ്റഡോർ അരങ്ങിനുചുറ്റും നടന്നു ഹർഷപുളകിതരായി അക്രാശം പുറപ്പെടുവിക്കുന്ന കാണികളുടെ അഭിനന്ദനങ്ങള്‍ സ്വീകരിക്കും; തുടർന്ന്‌ സമ്മാനം ഏറ്റുവാങ്ങും. മികച്ച രീതിയിൽ വധം നടത്തുന്ന മറ്റഡോർക്ക്‌ പണത്തിനുപുറമേ വധിക്കപ്പെട്ട കാളയുടെ ചെവിയും അറുത്തു നൽകാറുണ്ട്‌. ഏറ്റവും മെച്ചമായ പ്രകടനം നടത്തിയാൽ രണ്ടു ചെവിയും നല്‌കും. പ്രകടനം അസാധാരണമാംവിധം ഭംഗിയായാൽ രണ്ടു ചെവിയും വാലും നൽകും. ഇവ മറ്റഡോറിന്റെ വാസസ്ഥലത്തേക്ക്‌ ആരാധകർ തോളിലേറ്റി ഘോഷയാത്രയായി കൊണ്ടുകൊടുക്കുകയാണ്‌ പതിവ്‌. മറ്റഡോർ പോയികഴിഞ്ഞാൽ അയാളുടെ ഒരു സഹായി കാളയെ കത്തികൊണ്ട്‌ പിളർന്ന്‌ അരങ്ങിൽ നിന്നും മാറ്റുന്നു. തുടർന്ന്‌ അടുത്തകാളയെ രംഗത്തിറക്കുന്നു.

മെക്‌സിക്കോ നഗരത്തിലെ പ്ലാസാ മെക്‌സിക്കോയാണ്‌ ലോകത്തിലെ ഏറ്റവും വലിയ കോറിഡാ തിയെറ്റർ. ഇവിടെ 50,000 കാണികള്‍ക്ക്‌ ഇരിക്കാം. 1,500 മുതൽ 23,000 വരെ പേർക്ക്‌ ഇരിക്കാവുന്ന തരത്തിലുള്ള 400 അരങ്ങുകള്‍ സ്‌പെയിനിലുണ്ട്‌. പോർച്ചുഗീസുകാർ കുതിരപ്പുറത്തിരുന്നുകൊണ്ടാണ്‌ കാളപ്പോരു നടത്തുന്നത്‌. ഇവിടെ കാളയെ തോല്‌പ്പിക്കാനേ പാടുള്ളു; വധിക്കുന്നതു നിരോധിച്ചിട്ടുണ്ട്‌.

ജെല്ലിക്കെട്ട്‌ വിനോദം

വിദഗ്‌ധനായ ഒരു മറ്റഡോർ ഒരു സീസണിൽ 100 കാളപ്പോരുകള്‍ വരെ നടത്താറുണ്ട്‌. സ്‌പെയിന്‍കാരനായ ജുവാന്‍ ബെൽമോന്റെ, ലൂയി മിഗ്വർ ഡൊമിന്‍ഗ്വിന്‍, ജോസെ ഗോമെസ്‌ ഒർടിഗാ എന്നിവരും മെക്‌സിക്കോക്കാരായ കാർലോ അറൂസാ, റൊഡാള്‍ഫോ ഗയോന, സിൽവേറിയോ പെറിസ്‌, മനോലോ എസ്‌പിനോസാ എന്നിവരും കാളപ്പോരു കളരിയിലെ പേരെടുത്ത മല്ലന്മാരാണ്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന്‌ കാളപ്പോര്‌ നിരോധിക്കപ്പെട്ടിട്ടുണ്ട്‌. ചില രാജ്യങ്ങളിൽ കാളപ്പോര്‌ നടക്കുന്ന അങ്കണത്തിൽ വച്ച്‌ കാളയെ കൊല്ലുവാന്‍ അനുവാദമില്ല. കാളപ്പോരിനെ അനുകൂലിക്കുന്നവർ ഇതിനെ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ കാണുന്നത്‌. എന്നാൽ, കാളക്കൂറ്റനെ നിരവധി തവണ മുറിവേല്‌പിച്ച്‌ അതിക്രൂരമായി കൊല്ലുന്ന ഈ വിനോദത്തെ മൃഗസ്‌നേഹികള്‍ നിശിതമായി എതിർക്കുന്നു. 2002-ൽ കാളപ്പോരിന്റെ നാടായ സ്‌പെയിനിൽ നടന്ന ഒരു ഗ്യാലപ്‌പോളിൽ 68.8 ശതമാനം പേർ കാളപ്പോരിനെ പ്രതികൂലിച്ചു. 20.6 ശതമാനം പേർ ചെറിയ താത്‌പര്യം പ്രകടമാക്കിയപ്പോള്‍ 10.4 ശതമാനം പേർ മാത്രമാണ്‌ അതിയായ താത്‌പര്യം രേഖപ്പെടുത്തിയത്‌.

തമിഴ്‌നാട്ടിൽ "പൊങ്കൽ' ഉത്സവത്തോടനുബന്ധിച്ച്‌ നടത്തുന്ന "ജെല്ലിക്കെട്ട്‌' കാളകളെ മെരുക്കുന്ന ഒരു കായികവിനോദമാണ്‌. ജെല്ലിക്കെട്ട്‌ വീരന്മാർ ആയുധങ്ങള്‍ ഉപയോഗിക്കുകയോ, കാളകളെ കൊല്ലുകയോ ചെയ്യുന്നില്ല എന്നത്‌ ഈ വിനോദത്തെ കാളപ്പോരിൽനിന്നും തികച്ചും വ്യത്യസ്‌തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍