This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാത്തിബ്‌ മുഹമ്മദ്‌കുട്ടി മൗലവി (1886 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാത്തിബ്‌ മുഹമ്മദ്‌കുട്ടി മൗലവി (1886 - 1964)

ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനിയും ഗ്രന്ഥകാരനും. കെ.എം. മൗലവി എന്ന തൂലികാനാമത്താൽ പ്രസിദ്ധനായ തയ്യിൽ മുഹമ്മദ്‌കുട്ടി മൗലവി കക്കാട്‌ തയ്യിൽ മൊയ്‌തീന്റെയും ആയിഷയുടെയും പുത്രനായി 1886 ജൂല. 4-നു ജനിച്ചു. വാഴക്കാട്‌ "തച്ചിയത്തുൽ ഉലൂം മദ്രസ്സ'യിൽ ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയിൽനിന്ന്‌ ഉന്നതവിദ്യാഭ്യാസം നേടി. കുഞ്ഞഹമ്മദ്‌ ഹാജി മണ്ണാർക്കാട്ടേക്കു പോയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. കുഞ്ഞഹമ്മദ്‌ ഹാജിയുടെ മരണാനന്തരം അവിടെ അധ്യാപകനായി. കുഞ്ഞഹമ്മദ്‌ ഹാജിയുടെ ഫത്‌വകള്‍ എഴുതി തയ്യാറാക്കിയിരുന്നത്‌ ഇദ്ദേഹമായിരുന്നതുകൊണ്ട്‌ സെക്രട്ടറി എന്നും എഴുത്തുകാരനെന്നും അർഥമുള്ള "കാത്തിബ്‌' എന്ന പേർ സിദ്ധിച്ചു.

മൗലവി സ്വാതന്ത്യ്രസമരത്തിന്റെ മുന്നണിപ്പോരാളിയും ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ വക്താവുമായിരുന്നു. ആ പ്രസ്ഥാനം പ്രചരിപ്പിച്ചുകൊണ്ട്‌ ഇദ്ദേഹം ചെയ്‌ത പ്രസംഗങ്ങള്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്മാരെ അലോസരപ്പെടുത്തി. മലബാർ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിന്‌ എതിരായി അറസ്റ്റ്‌ വാറണ്ടുണ്ടായി. ഇദ്ദേഹം കൊടുങ്ങല്ലൂരിൽ അഭയം തേടി. 1922-ൽ ഇദ്ദേഹം രൂപംനല്‌കിയ "നിഷ്‌പക്ഷസംഘം' ആദ്യം "കേരള മുസ്‌ലിം ഐക്യസംഘ'വും പിന്നീട്‌ "കേരള നദ്‌വത്തുൽ മുജാഹിദീനും' ആയിത്തീർന്നു. 1932-ൽ ഇദ്ദേഹത്തിനെതിരെയുള്ള ചാർജ്‌ സർക്കാർ പിന്‍വലിച്ചു. 1933-ൽ മൗലവി തന്റെ പ്രവർത്തനകേന്ദ്രം തിരൂരങ്ങാടിയിലേക്കു മാറ്റി. 1939-ൽ ആരംഭിച്ച "നൂറുൽ ഇസ്‌ലാം മദ്രസ്സ'യുടെയും 1943-ൽ ആരംഭിച്ച തിരൂരങ്ങാടി "യത്തീംഖാന'യുടെയും പ്രധാന ശില്‌പി ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിനുവേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച ഇദ്ദേഹം പിന്നീടു മുസ്‌ലിം ലീഗിൽ ചേർന്നു. മുസ്‌ലിം ഐക്യം, അൽ ഇർഷാദ്‌ എന്നീ മാസികകളും ധാരാളം ഫത്‌വകളും അദുത്ത ഉൽ ഇബാദ, അൽവിലായതുൽ കറാമ, ഖുതുബതുൽ ജുമുഅ, ഫാതാവൽ കവി, അന്നഫ്‌ ഉൽ അമീം, അസ്‌ലാത്‌, കൈഫിയതുൽ ഹർജ്‌, ഇസ്‌ലാമും സ്‌ത്രീകളും, മുസ്‌ലിം ലോകത്തോട്‌ ഒരാഹ്വാനം തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. 1964 സെപ്‌. 11-നു അന്തരിച്ചു.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍