This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിറ്റാസാറ്റോ, ഷിബസാബുറോ(1852 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:01, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിറ്റാസാറ്റോ, ഷിബസാബുറോ(1852 - 1931)

Kitasato Shibasaburo

ഷിബസാബുറോ കിറ്റാസാറ്റോ

ജാപ്പനീസ്‌ ഭിഷഗ്വരന്‍, ബാക്‌റ്റീരിയോളജിസ്റ്റ്‌. 1852 ഡി. 20-ന്‌ കിയൂഷുവിലെ ഒഗുനിൽ ജനിച്ചു. 1883-ൽ ഇദ്ദേഹം ടോക്കിയോ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടി. തുടർന്ന്‌ പ്രശസ്‌ത ബാക്‌റ്റീരിയോളജിസ്റ്റായ റോബർട്ട്‌ കോഹിന്റെ (Robert Koch) കീഴിൽ ഗവേഷണം നടത്താനായി ജർമനിയിലെത്തി. 1889-ൽ ആദ്യമായി ടെറ്റനസ്‌ ബാസിലസുകളുടെ ശുദ്ധകള്‍ച്ചർ വളർത്തിയെടുക്കുന്നതിൽ കിറ്റാസാറ്റോ വിജയിച്ചു. തുടർന്ന്‌ എമിൽ ഫൊണ്‍ ബെറിങ്‌ എന്ന ശാസ്‌ത്രജ്ഞനോടൊപ്പം ടെറ്റനസ്‌, ഡിഫ്‌തീരിയ ബാസിലസുകളെക്കുറിച്ച്‌ നടത്തിയ പഠനങ്ങളിൽ നിന്നും ഈ ബാക്‌റ്റീരിയങ്ങള്‍ ആക്രമിക്കുന്ന ജീവികളുടെ രക്തത്തിൽ ഇവയ്‌ക്കെതിരെ പ്രതിവിഷം (antitoxin) ഉത്‌പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. രോഗങ്ങള്‍ തടയുന്നതിന്‌ ഈ പ്രതിവിഷം ഉപയോഗപ്പെടുത്താമെന്ന്‌ ആദ്യമായി കണ്ടുപിടിച്ചത്‌ ഇവരാണ്‌. 1892-ൽ കിറ്റാസാറ്റോ ജപ്പാനിൽ മടങ്ങിയെത്തി. അവിടെ പകർച്ചവ്യാധികളെക്കുറിച്ച്‌ പഠനം നടത്തുന്നതിനുള്ള സ്ഥാപനമായ ഇംപീരിയൽ ജാപ്പനീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഡയറക്‌ടറായി ഇദ്ദേഹം നിയമിതനായി. ഇതേവർഷം തന്നെ എൽ. ബീഗർ, എ. ഫൊണ്‍ വാസർമാന്‍ എന്നീ സഹപ്രവർത്തകരുമായി ഒരുമിച്ചു ഗവേഷണം നടത്തി വാക്‌സിനേഷന്‌ മൃതവൈറസുകളെ ഉപയോഗിക്കാമെന്നു കണ്ടുപിടിച്ചു. 1894-ൽ ഇദ്ദേഹം ബുബോണിക്‌ പ്ലേഗിനു കാരണമായ ബാസിലസിനെ (പാസ്റ്ററെല്ലാ പെസ്റ്റിസ്‌) വേർതിരിച്ചെടുത്തു. കോബ്‌, ഒസാകാ, മഞ്ചൂറിയ എന്നിവിടങ്ങളിൽ പ്ലേഗ്‌ പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം കിറ്റാസാറ്റോ തന്റെ ഗവേഷണം തുടർന്നിരുന്നു. ക്ഷയരോഗാണുക്കളുടെ സംക്രമണരീതിയും ഇദ്ദേഹം പഠിക്കുകയുണ്ടായി. 1908-ൽ റോയൽ സൊസൈറ്റിയിലെ ഓണററി അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1914-ൽ ഇദ്ദേഹം ഇംപീരിയൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടർ പദവി രാജിവയ്‌ക്കുകയും കിറ്റാസാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്ന പേരിൽ പുതിയ ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു. 1923-ൽ ജാപ്പനീസ്‌ മെഡിക്കൽ അസോസിയേഷന്റെ ആദ്യപ്രസിഡന്റായി ഇദ്ദേഹം നിയമിതനായി. 1924-ൽ കിറ്റാസാറ്റോയ്‌ക്ക്‌ ജപ്പാന്‍ ചക്രവർത്തി പ്രഭു പദവി നല്‌കി. 1931 ജൂല. 13-നു ഇദ്ദേഹം നകനോജായിൽ നിര്യാതനായി. നോ. കോഹ്‌, റോബർട്ട്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍