This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണ്ണിഗ്ഗോദവർമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉണ്ണിഗ്ഗോദവർമ
എ.ഡി. 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കൊച്ചിയിൽ വാണിരുന്ന രാജാവ്. ഗോദവർമ കോയിൽ തിരുമുൽപ്പാട്, ഉച്ചിഗ്ഗോദവർമ കോയിൽ തിരുമുൽപ്പാട് എന്ന പേരുകളിലും പ്രഖ്യാതനായിരുന്നു. പോർച്ചുഗീസുകാരോട് ആദ്യമായി ഉടമ്പടിയുണ്ടാക്കി കൊച്ചിയെ സാമൂതിരിക്കു കിടനില്ക്കത്തക്കവിധം ശക്തമാക്കിയത് ഇദ്ദേഹമാണ്.
പോർച്ചുഗീസ് ബന്ധം. എ.ഡി. 1500 (കൊ.വ. 675) ഡി. 24-ന് പോർച്ചുഗീസ് നാവികമേധാവി പെദ്രാ അൽവാരിസ് കബ്രാള്‍ കോഴിക്കോട്ടെ സംഘർഷത്തിനുശേഷം കൊച്ചിയിലെത്തിയപ്പോള്‍ ഉച്ചിഗ്ഗോദവർമ അദ്ദേഹത്തെ സന്തോഷപൂർവം സ്വീകരിച്ച് പോർച്ചുഗീസുകാരുമായി സന്ധിയിലേർപ്പെട്ടു. സാമൂതിരിയെ തോല്പിച്ച് കോഴിക്കോട് കൊച്ചിക്കു കൈവശപ്പെടുത്തിക്കൊടുക്കാമെന്ന് കബ്രാള്‍ വാഗ്ദാനം നല്കി. ഉച്ചിഗ്ഗോദവർമ പോർച്ചുഗീസുകാർക്ക് ഒരു പണ്ടികശാലയ്ക്കുള്ള അനുവാദം കൊടുക്കുകയും ചെയ്തു. കബ്രാളിന്റെ പക്കൽ ഗോദവർമ പോർച്ചുഗൽ രാജാവിന് തങ്കത്തകിടിൽ ഒരെഴുത്തും രാജ്ഞിക്ക് വിലപിടിപ്പുള്ള രത്നങ്ങള്‍, പട്ടുകള്‍ എന്നിവയും കൊടുത്തയച്ചു. എന്നാൽ ഈ സൗഹാർദത്തിന് നിരക്കാത്തതരത്തിൽ കബ്രാള്‍ പെരുമാറി; ജാമ്യത്തിന് പോർച്ചുഗീസുകാരുടെ കപ്പലിൽ അയച്ച നായന്മാരെ പോർച്ചുഗലിലേക്കു കൊണ്ടുപോയി. എന്നിട്ടും കൊച്ചിയിൽ പാർത്തിരുന്ന പോർച്ചുഗീസുകാരോട് ഗോദവർമ വളരെ ഔദാര്യപൂർവമാണ് പെരുമാറിയത്. ഗോദവർമയുടെ ഈ നയം പോർച്ചുഗീസുകാരുടെ മൈത്രി സമ്പാദിക്കാന്‍ പ്രയോജനപ്പെട്ടു.
എ.ഡി. 1502-ൽ പോർച്ചുഗലിൽനിന്ന് വാസ്കൊ ദ ഗാമ രണ്ടാമതും കേരളത്തിലേക്കു വന്നപ്പോള്‍ പറങ്കികളുമായുള്ള മൈത്രി സുദൃഢമാക്കാന്‍ ഗോദവർമയ്ക്കു സാധിച്ചു. 20 കപ്പലുകളിൽ സൈന്യസജ്ജീകരണത്തോടെ വന്ന ഗാമ കോഴിക്കോട്ടു വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിയതിനുശേഷമായിരുന്നു കൊച്ചിയിലേക്കു തിരിച്ചത് (1502 ന. 7). ഗോദവർമയുടെ സൗഹാർദനയത്തിൽ സന്തുഷ്ടനായ ഗാമ അദ്ദേഹത്തെ സന്ദർശിച്ച് പോർച്ചുഗൽ രാജാവിന്റെ എഴുത്തും ഒരു സ്വർണക്കിരീടമുള്പ്പെടെയുള്ള സമ്മാനങ്ങളും കൈമാറി. തുടർന്ന് ഗോദവർമയുമായി ഒരു കച്ചവട ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.
സാമൂതിരിയുമായി യുദ്ധം. ഗാമ മടങ്ങിപ്പോയതോടെ പോർച്ചുഗീസുകാരുടെ ആക്രമണങ്ങളിൽ പ്രകോപിതരായ സാമൂതിരിപ്പാടും അറബികളും ഗോദവർമയുടെ നേരെ തിരിഞ്ഞു. ഇദ്ദേഹത്തിന്റെ സംരക്ഷണത്തിൽ പാർത്തിരുന്ന പോർച്ചുഗീസുകാരെ വിട്ടുകൊടുക്കണമെന്ന സാമൂതിരിയുടെ ആവശ്യത്തെ ഗോദവർമ പാടെ നിരസിച്ചു. കൊച്ചിരാജവംശത്തിലെ ചില അംഗങ്ങളും കുറേ പ്രഭുക്കന്മാരും സാമൂതിരിയുടെ വശത്തേക്ക് ചായ്വ് കാണിച്ചെങ്കിലും ഗോദവർമ ഉറച്ചുതന്നെ നിന്നു. 50,000 പേരടങ്ങിയ കാലാള്പ്പടയോടുകൂടി സാമൂതിരിയും കൂട്ടരും ഇടപ്പള്ളിയിൽ വന്ന് പാളയം അടിച്ചു (1503 മാ. 3). ഇടപ്പള്ളി രാജാവ് സാമൂതിരിയുടെ പക്ഷത്തായിരുന്നു.
സാമൂതിരിയുടെ ആക്രമണം ഗോദവർമ ഒരു വിധത്തിൽ തടഞ്ഞുനിർത്തി. സാമൂതിരി കോഴകൊടുത്ത് കൊച്ചിയിൽ ചിലരെ വശപ്പെടുത്തി. അവസാനം അരൂർ വച്ചുനടന്ന യുദ്ധത്തിൽ കൊച്ചിയിലെ ഇളമുറത്തമ്പുരാക്കന്മാർ (ഇളയരാജാവും രണ്ടു യുവരാജാക്കന്മാരും) ഉള്‍പ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഈ പരാജയം ഗോദവർമയെ അസ്ത്രവീര്യനാക്കിയില്ല. ശേഖരിക്കാന്‍ കഴിഞ്ഞിടത്തോളം സൈനികശക്തിയോടുകൂടി ഗോദവർമ ശത്രുക്കളെ നേരിട്ടുവെങ്കിലും ഗത്യന്തരമില്ലാതെ വൈപ്പിന്‍ സങ്കേതത്തിൽ അഭയം പ്രാപിക്കേണ്ടിവന്നു. ഈ സങ്കേതത്തിൽ യുദ്ധം ചെയ്തുകൂടാ എന്നായിരുന്നു മാമൂൽ. ഗോദവർമയും സൈന്യവും രക്ഷപ്രാപിച്ചെങ്കിലും കൊച്ചിരാജ്യം ശത്രുക്കളുടെ കൊള്ളയ്ക്കിരയായി. മഴക്കാലം വന്നതോടെ ഒരു സൈന്യവിഭാഗത്തെ കൊച്ചിയിൽ നിർത്തിയിട്ട് സാമൂതിരി കോഴിക്കോട്ടേക്കു മടങ്ങി.
ഈ ദുർഘടഘട്ടത്തിൽ പോർച്ചുഗീസ് നാവികാധിപതി ഫ്രാന്‍സിസ്കോ ദെ ആൽബുക്കർക്കും സഹായി ദുവാർതേ പച്ചിക്കോയും എത്തിച്ചേർന്നത് ഗോദവർമയുടെ ഭാഗ്യോദയം കുറിച്ചു. ഫ്രാന്‍സിസ്കോ ഗോദവർമയ്ക്ക് 10,000 ഡക്കറ്റ് (വരാഹന്‍) പാരിതോഷികം നല്‍കുകയും, വിജയാഘോഷത്തോടെ അദ്ദേഹത്തെ കൊച്ചിയിൽ കൊണ്ടുപോയി വാഴിക്കയും ചെയ്തു. ഫ്രാന്‍സിസ്കോയും സഹോദരനായ അൽഫോണ്‍സോയും ചേർന്ന് ഇടപ്പള്ളി കൊള്ളയടിച്ചു. ഈ വിജയത്തിൽ സന്തുഷ്ടനായിത്തീർന്ന ഗോദവർമ പോർച്ചുഗീസുകാർക്ക് കൊച്ചിയിൽ ഒരു കോട്ട നിർമിക്കാന്‍ അനുവാദം കൊടുത്തു. അതിലേക്കുവേണ്ട ചെലവും രാജാവുതന്നെ വഹിച്ചു. പോർച്ചുഗൽ രാജാവിനെ ബഹുമാനിച്ച് കോട്ടയ്ക്ക് മാനുവൽ കോട്ട എന്നു പേരിട്ടു. ഇതായിരുന്നു ഇന്ത്യയിൽ യൂറോപ്യന്മാർ സ്ഥാപിച്ച ഒന്നാമത്തെ കോട്ട (1503 സെപ്. 23).
പച്ചിക്കോയുടെ സഹായം. 1504-ൽ ആൽബുക്കർക്ക് സഹോദരന്മാർ പച്ചിക്കോയെ കൊച്ചിയുടെ സഹായത്തിന് നിയോഗിച്ചശേഷം യൂറോപ്പിലേക്കു മടങ്ങിപ്പോയി. പച്ചിക്കോയെ സഹായിക്കാന്‍ 150 പോർച്ചുഗീസുകാരും 300 നാട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ അവസരത്തിൽ അറബിപ്പടയാളികള്‍ ഉള്‍പ്പെടെ 60,000 പേർ വരുന്ന സാമൂതിരിയുടെ സൈന്യം കൊച്ചിയെ ആക്രമിക്കാന്‍ സന്നദ്ധമായി. ഇളമുറ സാമൂതിരിയായ ഇളങ്കൂർ നമ്പ്യാതിരിയും ഇടപ്പള്ളി രാജാവും നയിച്ച ഈ വമ്പിച്ച സൈന്യം കൊച്ചി കീഴടക്കാന്‍ പര്യാപ്തമായിരുന്നു. എന്നിരിക്കിലും പച്ചിക്കോയുടെ സഹായത്തോടെ അഞ്ചുമാസത്തോളം പിടിച്ചുനിൽക്കാന് ഗോദവർമയ്ക്ക് കഴിഞ്ഞു. പോർച്ചുഗീസുകാരുടെ വന്‍തോക്കുകളും മറ്റ് ആയുധങ്ങളും ആ യുദ്ധത്തിൽ നിർണായകമായിരുന്നു. സാമൂതിരിക്കും പീരങ്കികള്‍ ഉണ്ടായിരുന്നെങ്കിലും അവ മോശപ്പെട്ടവയായിരുന്നു. ചാരന്മാർ മുഖേന ശത്രുപക്ഷത്തെ നീക്കങ്ങള്‍ ചോർത്തിയെടുക്കുവാന്‍ സാധിച്ചതും കൊച്ചിയുടെ വിജയത്തിന് സഹായകമായി. സാമൂതിരിക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ ഗോദവർമയ്ക്കു കഴിഞ്ഞു. സ്വപക്ഷത്ത് ഗണ്യമായ നഷ്ടം ഉണ്ടായതുമില്ല. കൊച്ചിയിൽനിന്നു പിന്മാറിയ സാമൂതിരി തന്റെ സാമന്തരാജ്യമായിരുന്ന കൊടുങ്ങല്ലൂരിൽ താവളം ഉറപ്പിച്ചു. ഈ ഭീഷണിയെ നേരിടാനും ഗോദവർമയ്ക്ക് യഥാകാലം പോർച്ചുഗീസ് സഹായം സിദ്ധിച്ചു. പോർച്ചുഗൽ രാജാവിന്റെ സമ്മാനങ്ങളുമായി വന്നുചേർന്ന ലോപൊസൊവാറസ് കൊടുങ്ങല്ലൂരിൽ വച്ച് സാമൂതിരിയുടെ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. പോർച്ചുഗീസുകാർ കാണിച്ച ക്രൂരത-വിശേഷിച്ചും മുസ്ലിങ്ങളോടും ജൂതന്മാരോടും-ഹൃദയഭേദകമായിരുന്നു. അതിനുശേഷം ഏറെത്താമസിയാതെ സൊവാറസും പച്ചിക്കോയും പോർച്ചുഗലിലേക്കു മടങ്ങി. ഗോദവർമയ്ക്ക് മിത്രബലം നഷ്ടപ്പെട്ടുവെങ്കിലും കൊച്ചിയുടെ ശക്തി അപ്പോഴേക്കും സ്ഥിരപ്രതിഷ്ഠയായി കഴിഞ്ഞിരുന്നു. കൊച്ചിയുടെ ശക്തിസ്ഥാപനം. പോർച്ചുഗീസുകാരുടെ സഹായത്തോടെയെങ്കിലും സാമൂതിരിക്കെതിരെ നേടിയ വിജയം കൊച്ചിയുടെ ശക്തിയും യശസ്സും ഗണ്യമായി വർധിപ്പിച്ചു. അറബികള്‍ക്ക് കോഴിക്കോട്ടും കൊച്ചിയിലും കച്ചവടം അസാധ്യമായിത്തീർന്നു. അറേബ്യയിലേക്കു തിരിച്ചുപോകാന്‍ തയ്യാറായി പന്തലായനിയിൽ നിന്ന നിരവധി അറബികളെ ലോപൊസൊവാറസ് നിർദയമായി കൊലപ്പെടുത്തി. ഇത് അറബികള്‍ക്ക് എന്നപോലെ സാമൂതിരിക്കും കനത്ത ഒരു ആഘാതമായിരുന്നു. കൊച്ചിക്ക് വമ്പിച്ച നേട്ടവും. ഈ വിപത്സന്ധിയിൽ മിക്ക അറബിക്കച്ചവടക്കാരും ഗോദവർമയെ അഭയം പ്രാപിച്ചത് കൊച്ചിയിലെ വാണിജ്യം അഭിവൃദ്ധിപ്പെടുത്തി.
പോർച്ചുഗീസുകാരുമായി ഗോദവർമ കൈക്കൊണ്ട ധീരമായ നിലപാട് അദ്ദേഹത്തെപ്പറ്റി മാനുവൽ രാജാവിനുണ്ടായിരുന്ന സ്നേഹബഹുമാനങ്ങളെ വർധിപ്പിച്ചു. ഒരു സ്വർണക്കിരീടമണിയിച്ച് ഗോദവർമയെ ബഹുമാനിക്കണമെന്ന് പോർച്ചുഗൽ രാജാവ് നിശ്ചയിക്കുകയും ചെയ്തു. പൗരസ്ത്യദേശത്തെ വാണിജ്യാദികാര്യങ്ങള്ക്ക് മേലധികാരം വഹിക്കാന്‍ ഒരു പോർച്ചുഗീസ് വൈസ്രായിയെ നിയമിക്കേണ്ട ആവശ്യകത അന്നു സംജാതമായിരുന്നു. 1505 (കൊ.വ. 680)-ൽ ഫ്രാന്‍സിസ്കോ ദെ അൽമേദ വൈസ്രായിയായി കേരളത്തിലേക്ക് നിയുക്തനായി.
സിംഹാസനത്യാഗം. എന്നാൽ അതിനകംതന്നെ ലൗകികകാര്യങ്ങളിൽ വിരക്തനായ ഗോദവർമ സിംഹാസനം പരിത്യജിച്ച് സന്ന്യാസവൃത്തി സ്വീകരിച്ചു. രാജ്യഭാരം അനന്തരവനായ രാമവർമ (ഉണ്ണിരാമകോയിൽ തിരുമുൽപ്പാട്)യെ ഏല്പിച്ചിരുന്നു. അൽമേദയ്ക്ക് താന്‍ കൊണ്ടുവന്ന സ്വർണക്കിരീടം രാമവർമയെ അണിയിച്ച് തൃപ്തനാകേണ്ടിവന്നു. ഉണ്ണിഗ്ഗോദവർമ 1510 (കൊ.വ.685)-ൽ അന്തരിച്ചു.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)