This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌പിരാന്റോ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എസ്‌പിരാന്റോ ഭാഷയും സാഹിത്യവും

Espiranto Language and Literature

ഒരു കൃത്രിമ ഭാഷ. അന്തർദേശീയ ഭാഷയായോ ബന്ധഭാഷയായോ ഉപയോഗിക്കാന്‍വേണ്ടി രൂപീകരിച്ച ഒരു ഭാഷയാണ്‌ എസ്‌പിരാന്റോ. നൂറിലധികം വർഷങ്ങള്‍ക്കുമുമ്പാണ്‌ ഈ ഭാഷ രൂപം കൊണ്ടത്‌. പല ഭാഷകളും ഇത്തരത്തിൽ രൂപംകൊണ്ടെങ്കിലും എസ്‌പിരാന്റോ ഭാഷയ്‌ക്കുമാത്രമാണ്‌ അർഹിക്കുന്ന പ്രാധാന്യം ലഭിച്ചത്‌. യൂറോപ്യന്‍ ഭാഷകളിൽനിന്നും മറ്റുഭാഷകളിൽനിന്നും ഉള്ള പ്രത്യയങ്ങളെയും ഉപസർഗങ്ങളെയും ആധാരമാക്കി സൃഷ്‌ടിച്ച ഒരു ഭാഷയാണിത്‌.

1880-ലാണ്‌ ആദ്യമായി ഒരു കൃത്രിമ ഭാഷ രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചത്‌. പോളണ്ടുകാരനായ ലസാറസ്‌ ലുഡ്‌വിഗ്‌സാമെന്‍ ഹോഫ്‌ 1887-ൽ ഒരു അന്തർദേശീയ കൃത്രിമ ഭാഷയ്‌ക്ക്‌ രൂപംകൊടുത്തു. മാതൃഭാഷയ്‌ക്കു പുറമേ ഒരു ഭാഷകൂടി അറിഞ്ഞിരുന്നാൽ ലോകത്തെങ്ങുമുള്ള ജനങ്ങളുടെ ആശയവിനിമയം സുസാധ്യമാകുകയും വ്യക്തികള്‍ തമ്മിലുള്ള ഉരസലുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന്‌ ഇദ്ദേഹം വിശ്വസിച്ചു. എന്നാൽ രണ്ടാം ഭാഷയായിരിക്കേണ്ടത്‌ ലോകത്തെങ്ങും സംസാരിക്കുന്ന ഭാഷയുമാകരുത്‌. ഇങ്ങനെ രൂപംകൊണ്ട കൃത്രിമഭാഷയാണ്‌ എസ്‌പിരാന്റോ. "എസ്‌പിരാന്റോ' എന്ന പദത്തിന്‌ "പ്രതീക്ഷിക്കുന്ന ആള്‍' എന്നാണ്‌ അർഥം. ഭാഷാ കലഹങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അറുതി വരുത്താമെന്ന വിശ്വാസത്തോടുകൂടിയാണ്‌ ഈ കൃത്രിമ ഭാഷാനിർമാണം ആരംഭിച്ചത്‌. ഒരു ബഹുഭാഷാ പണ്ഡിതനായ സാമെന്‍ഹോഫിന്‌ ഈ ദൗത്യം പ്രയാസമേറിയതായിരുന്നില്ല. "എസ്‌പിരാന്റോ' എന്ന ആശയം പരസ്യപ്പെടുത്തുന്നതിന്‌ മുന്‍പുതന്നെ ഇദ്ദേഹം ഈ ഭാഷാരൂപത്തിൽ പഴയനിയമവും ഹാംലെറ്റും, ഗെയ്‌ഥെ, മോളിയേ, ഗോഗോള്‍ എന്നിവരുടെ കൃതികളും വിവർത്തനം ചെയ്യാന്‍ തുടങ്ങി. തത്‌ഫലമായി എസ്‌പിരാന്റോ ഭാഷയുടെ സാഹിത്യപരവും സാങ്കേതികവുമായ ഉപയോഗങ്ങള്‍ മനസ്സിലാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1887-ൽ "അന്താരാഷ്‌ട്രഭാഷ'(Internacia ling vo) എന്ന പുസ്‌തകം പ്രസിദ്ധീകൃതമായതോടെ ജനങ്ങള്‍ ഈ ഭാഷയെപ്പറ്റി അറിഞ്ഞുതുടങ്ങി. 1889-ൽ ഈ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ വിവർത്തനം പുറത്തുവന്നു. രണ്ടു പ്രസിദ്ധീകരണങ്ങളും പ്രകാശിതമായതോടെ പല രാജ്യങ്ങളിലെയും ജനങ്ങളെ ഈ ഭാഷ ആകർഷിച്ചു.

ഈ ഭാഷയുടെ പ്രചരണാർഥം പല ഭാഗത്തും സംഘടനകള്‍ രൂപീകരിച്ചു. റഷ്യ, ജർമനി, അമേരിക്ക, ഫിലാഡെൽഫിയ മുതലായ സ്ഥലങ്ങളിലാണ്‌ ഇതിന്റെ പ്രവർത്തനം സജീവമായിരുന്നത്‌. ഒന്നാം ലോകയുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനുമിടയ്‌ക്ക്‌ ലീഗ്‌ ഒഫ്‌ നേഷന്‍സിലെ ഒരു റിപ്പോർട്ടിൽ എസ്‌പിരാന്റോ ഒരു അന്തർദേശീയ ഉപഭാഷയായി പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ഫ്രാന്‍സിലും ബെൽജിയത്തിലും എസ്‌പിരാന്റോ ഭാഷയിൽ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി.

അന്തർദേശീയ പ്രാധാന്യമുള്ള ചർച്ചാസമ്മേളനങ്ങളിൽ വിവിധഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ പങ്കെടുക്കുന്നതുമൂലം ഇവർക്ക്‌ പൊതുവായ ഒരു ഭാഷ ആവശ്യമായിത്തീർന്നു. ശാസ്‌ത്രം, വാണിജ്യം, രാഷ്‌ട്രീയം, സാമ്പത്തികം, മതപരം ഇങ്ങനെ വിവിധ തുറകളിൽ ഒരു അന്തർദേശീയ ഭാഷയുടെ ആവശ്യകത അനുഭവപ്പെട്ടു. പല ഭാഷകള്‍ സംസാരിക്കാനുള്ള വൈഷമ്യത്തിന്‌ എസ്‌പിരാന്റോ ഭാഷാ പരിഹാരം കണ്ടെത്തുമെന്ന വിശ്വാസം ജനങ്ങളിൽ രൂഢമൂലമായി. ഇതുകൂടാതെ ഭാഷകളെപ്പറ്റി വേണ്ടത്ര ജ്ഞാനം ഇല്ലാത്തവർക്കുകൂടി എസ്‌പിരാന്റോ ഭാഷയിൽക്കൂടി ഇതര ഭാഷകള്‍ പ്രയാസം കൂടാതെ പഠിക്കാമെന്നും തെളിഞ്ഞു.

ഏകദേശം 65 ഭാഷകളിലുള്ള പ്രധാന പ്രസിദ്ധീകരണങ്ങള്‍, അതായത്‌ പുരാതന സാഹിത്യങ്ങള്‍, നോവൽ സാഹിത്യങ്ങള്‍, സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പല വാല്യങ്ങളിലായി എസ്‌പിരാന്റോ സാഹിത്യം 1948-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 110 പ്രസിദ്ധീകരണങ്ങള്‍ എസ്‌പിരാന്റോ ഭാഷയുടെ പ്രചാരണത്തിന്‌ ലോകത്തുടനീളം ഉണ്ടായി. "ദ്‌ യൂനിവേഴ്‌സൽ എസ്‌പിരാന്റോ അസോസിയേഷന്‍' (യു.ഇ.എ.) 2438 പ്രതിനിധികളെ 56 രാജ്യങ്ങളിലായി നിയമിച്ചു. ഇവർ ജിജ്ഞാസുക്കളായ ആളുകള്‍ക്ക്‌ ഈ ഭാഷയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‌കി. യു.ഇ.എ. എന്ന ഈ പൊതുസംഘടന കൂടാതെ ഓരോ തുറയിലും പ്രത്യേകം പ്രത്യേകം സംഘടനകളും രൂപീകരിക്കപ്പെട്ടു. 1947-ൽ സ്‌കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നീ തലങ്ങളിൽ എസ്‌പിരാന്റോ ഭാഷ പഠിപ്പിക്കുകയും ഈ ഭാഷയിൽ പല അധ്യാപകരും പ്രാവീണ്യം നേടുകയും ചെയ്‌തു. 1923-ൽ നുറന്‍ബർഗിലെ എസ്‌പിരാന്റോ വാർഷിക കോണ്‍ഗ്രസ്സിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുത്തു. 43 രാജ്യങ്ങളിൽനിന്നായി 4963 പ്രതിനിധികള്‍ സന്നിഹിതരായി. ഇതുകൂടാതെ 730 അന്തർദേശീയ സെമിനാറുകള്‍, വിവിധ ആവശ്യങ്ങള്‍ക്കായി സംഘടിപ്പിക്കുകയും എസ്‌പിരാന്റോ ഭാഷ ഈ സെമിനാറുകളിൽ ഉപയോഗിക്കുകയും ചെയ്‌തു. തർജുമയ്‌ക്കുവേണ്ടി ഉപയോഗിച്ചിരുന്ന ഒരേ ഒരു ഭാഷയായിരുന്നു എസ്‌പിരാന്റോ.

എസ്‌പിരാന്റോ ഭാഷയിലെ വ്യാകരണനിയമങ്ങളും പദാവലിയും ഉപയോഗിച്ച്‌ 39 ഭാഷകളിൽ അന്താരാഷ്‌ട്ര ആശയവിനിമയം നടത്താന്‍ കഴിയുന്നു. ആഫ്രിക്കാന്‍സ്‌, അൽബേനിയന്‍, അറബിക്‌, ബാസ്‌ക്‌, ബള്‍ഗേറിയന്‍, കറ്റാലന്‍-ക്രാഷ്യന്‍, ചെക്‌, ഡാനിഷ്‌, ഡച്ച്‌, ഇംഗ്ലീഷ്‌, എസ്‌തോനിയന്‍, ഫിന്നിഷ്‌, ഫ്‌ളെമിഷ്‌, ഫ്രഞ്ച്‌, ജർമന്‍, ഗ്രീക്‌, ഹംഗേറിയന്‍, ഐസ്‌ലാന്‍ഡിക്‌, ഇറ്റാലിയന്‍, ജാപ്പനീസ്‌, ലിത്വാനിയന്‍, മലായ്‌, നോർവീജിയന്‍, പേർഷ്യന്‍, പോളിഷ്‌, പോർച്ചുഗീസ്‌, റൊമാന്‍ഷ്‌, റൊമേനിയന്‍, റഷ്യന്‍, സെർബിയന്‍, സ്ലോവക്‌, സ്ലൊവേനിയന്‍, സ്‌പാനിഷ്‌, സ്വീഡിഷ്‌, ഉക്രനിയന്‍, വെൽഷ്‌, യിദ്ദിഷ്‌ മുതലായ ഭാഷകളാണ്‌ ഈ ഉപാധി സ്വീകരിച്ചത്‌. ഒന്നും രണ്ടും യുദ്ധകാലത്തും രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി ഈ ഭാഷ ഉപയോഗിച്ചിരുന്നു.

പ്രധാന രാജ്യങ്ങളിലെല്ലാം എസ്‌പിരാന്റോ ഭാഷയ്‌ക്കു പ്രചാരം ലഭിച്ചു. 1902-ൽ ഇംഗ്ലണ്ടിൽ ഒരു എസ്‌പിരാന്റോ ക്ലബ്ബും ഫ്രാന്‍സിൽ ഒരു പാഠ്യപുസ്‌തകവും തയ്യാറാക്കി. 1905-ൽ ആദ്യത്തെ എസ്‌പിരാന്റോ കോണ്‍ഗ്രസ്‌ ഫ്രാന്‍സിൽ സമ്മേളിച്ചു. എസ്‌പിരാന്റോ ഭാഷയിൽ പ്രാവീണ്യം ലഭിച്ച എഴുന്നൂറ്‌ പ്രതിനിധികള്‍ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന്‌ 56-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ 2500-ലധികം അംഗങ്ങളെ ലോകത്തെമ്പാടുമായി എസ്‌പിരാന്റോ ഭാഷയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌. യു.എസ്സിലും കാനഡയിലും പല പ്രധാന നഗരങ്ങളിലും എസ്‌പിരാന്റോ അഭ്യസനകേന്ദ്രങ്ങള്‍ പ്രവർത്തിച്ചുവരുന്നു.

സാഹിത്യം. 1887 മുതലാണ്‌ എസ്‌പിരാന്റോ ഭാഷ പുഷ്‌ടിപ്രാപിച്ചുതുടങ്ങിയത്‌. ലസാറസ്‌ ലുഡ്‌വിഗ്‌ സാമെന്‍ ഹോഫിന്റെ ലിങ്‌വോ ഇന്റർനേസിയന്‍ എന്ന പ്രസിദ്ധീകരണമാണ്‌ എസ്‌പിരാന്റോ എന്ന നാമകരണത്തിന്‌ അടിസ്ഥാനമായിത്തീർന്നത്‌. ഏകദേശം പത്തുവർഷത്തിനുശേഷം റഷ്യയിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഈ ഭാഷ പ്രചരിക്കുകയും ല എസ്‌പിരാന്റിസ്റ്റോ എന്ന പ്രസിദ്ധീകരണം രൂപംകൊള്ളുകയും ചെയ്‌തു. ഫിലാഡെൽഫിയയിലെ അമേരിക്കന്‍ ഫിലോസഫിക്കൽ സൊസൈറ്റി ഈ ഭാഷയിൽ ആകൃഷ്‌ടമായി, സാമെന്‍ഹോഫിന്റെ കൃതി ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌തു. ഈ കൃതിയുടെ പ്രസിദ്ധീകരണത്തോടുകൂടി ഏകദേശം 30 എസ്‌പിരാന്റോ സൊസൈറ്റികള്‍ ഒരു വർഷത്തിനകം രൂപീകൃതമായി. 1906-ൽ ഒക്‌ലഹോമിൽ അമേരിക്കന്‍ എസ്‌പിരാന്റിസ്റ്റിമും 1907-ൽ ബൂസ്റ്റണിൽ അമേരിക്കന്‍ എസ്‌പിരാന്റി ജേർണലും രൂപംകൊണ്ടു. വാഷിങ്‌ടണിൽ 1910-ലും കാലിഫോർണിയയിൽ 1915-ലും രണ്ടു എസ്‌പിരാന്റോ യൂണിവേഴ്‌സൽ കോണ്‍ഫറന്‍സുകള്‍ നടത്തുകയുണ്ടായി. 1922-ൽ ഈ ഭാഷ ഒരു അന്താരാഷ്‌ട്ര ഉപഭാഷയായി ഐകകണ്‌ഠ്യേന പ്രഖ്യാപിക്കപ്പെട്ടു. ഒന്നും രണ്ടും ലോകയുദ്ധത്തിനിടയ്‌ക്ക്‌ ഫ്രാന്‍സ്‌, ബെൽജിയം എന്നിവിടങ്ങളിൽ എസ്‌പിരാന്റോ ഭാഷ പ്രചരിച്ചു. ആദ്യത്തെ പോസ്റ്റ്‌വാർ എസ്‌പിരാന്റോ കോണ്‍ഗ്രസ്‌ 1946-ൽ ഉത്തര അമേരിക്കയിൽ കോണ്‍വേയിലും 1947-ൽ ആദ്യത്തെ പോസ്റ്റ്‌-വാർ വേള്‍ഡ്‌ കോണ്‍ഗ്രസ്‌ സ്വിറ്റ്‌സർലണ്ടിലെ ബർനിലും നടന്നു. 1948-ൽ അമേരിക്കയിൽ എസ്‌പിരാന്റോ ഭാഷയുടെ പ്രചരണം, ദ്‌ വോയ്‌സ്‌ ഒഫ്‌ അമേരിക്ക ഏറ്റെടുത്തു.

എസ്‌പിരാന്റോയിൽ കാവ്യങ്ങളും ഉപന്യാസങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. 1958-ൽ പ്രസിദ്ധീകരിക്കപ്പെട്ട എസ്‌പിരാന്റോ അന്തോളൊജിയോ എന്ന കാവ്യസമാഹാരത്തിൽ 29 രാജ്യങ്ങളിൽനിന്നുള്ള 90 കവികളുടെ കൃതികള്‍ അടങ്ങിയിരിക്കുന്നു. ദാന്തെ, ഗെയ്‌ഥെ, മോളിയോ, വോള്‍ത്തയർ, ഇബ്‌സണ്‍, ടാഗൂർ, സാർത്ര്‌ എന്നിവരുടെ ചില കൃതികള്‍ വിവർത്തനം ചെയ്‌ത്‌ ഈ കാവ്യസമാഹാരത്തിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാമെന്‍ഹോഫ്‌ ആദ്യമായി ഷെയ്‌ക്‌സ്‌പീയറുടെ ഹാംലെറ്റ്‌ എന്ന നാടകം എസ്‌പിരാന്റോയിൽ വിവർത്തനം ചെയ്‌തു; തുടർന്ന്‌ പഴയനിമയവും. 1905-ൽ ഇദ്ദേഹം പ്രസിദ്ധം ചെയ്‌ത എസ്‌പിരാന്റോയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫണ്‍ഡമെന്റോ ദേ എസ്‌പിരാന്റോ എന്ന കൃതി ഈ ഭാഷാസാഹിത്യത്തിൽ പ്രധാന്യമർഹിക്കുന്നു. ഈ ഗ്രന്ഥം എസ്‌പിരാന്റോ ഭാഷാരൂപത്തെപ്പറ്റി വിവരിക്കന്നതോടൊപ്പം ഭാഷാനിയമങ്ങള്‍ പ്രകൃതി നിയമം പോലെ നിലനില്‌ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്‌പിരാന്റോ ഭാഷാപ്രചാരണത്തിനുവേണ്ടി 1905-ൽ രൂപംകൊണ്ട സ്ഥാപനം 1908-ൽ "എസ്‌പിരാന്റോ അക്കാദമി' ആയി ഉയർന്നു. "യൂനിവേർസാല എസ്‌പിരാന്റോ അസോസിയോ' എന്നു പേരുള്ള ഈ അക്കാദമിയുടെ ആസ്ഥാനം ഹോളണ്ടിലെ റോട്ടർഡാം നഗരം ആണ്‌. ഇതിന്‌ 85 രാജ്യങ്ങളിൽ ശാഖകളും അമ്പത്‌ ദേശീയസംഘടനകളും ഉണ്ട്‌. 1963-ൽ 80 ലക്ഷം ആളുകള്‍ എസ്‌പിരാന്റോ സംസാരിച്ചിരുന്നതായി മാരിയോപൈ എന്ന അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ പ്രസ്‌താവിക്കുന്നു. എസ്‌പിരാന്റോ അക്കാദമിയുടെ വാർഷിക സമ്മേളനത്തിൽ നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്‌. 1987-ലെ ശതാബ്‌ദി സമ്മേളനം സാമെന്‍ഹോഫ്‌ പിറന്ന പോളണ്ടിലെ വാഴ്‌സാനഗരത്തിൽവച്ച്‌ ആഘോഷപൂർവം നടന്നു. ഏഴായിരത്തിലധികം മൗലികകൃതികള്‍ എസ്‌പിരാന്റോയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌; കൂടാതെ നൂറിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും. എഴുന്നൂറിലധികം അന്താരാഷ്‌ട്രസമ്മേളനങ്ങളിൽ എസ്‌പിരാന്റോ ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ഈ ഭാഷ പ്രചരിപ്പിക്കാനുള്ള ഉദ്യമത്തെ 1954-ലും 1959-ലും യുനെസ്‌കോ പ്രകീർത്തിക്കുകയുണ്ടായി. ന്യൂയോർക്കിലെ എസ്‌പിരാന്റോ ഇന്‍ഫർമേഷന്‍ സെന്റർ, ലണ്ടനിലെ യു.ഇ.എ. റിസർച്ച്‌ ആന്‍ഡ്‌ ഡോക്യമെന്റേഷന്‍ സെന്റർ എന്നീ സ്ഥാപനങ്ങള്‍ ഈ ലോകഭാഷ പ്രചരിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുന്നു.

1917-ൽ എസ്‌പിരാന്റോ സ്ഥാപകനായ സാമെന്‍ഹോഫ്‌ അന്തരിച്ചെങ്കിലും ഭാഷയുടെ പ്രചാരം തുടർന്നുകൊണ്ടിരിക്കുന്നു. വിവർത്തനങ്ങളുള്‍പ്പെടെ മുപ്പതിനായിരത്തിലധികം കൃതികള്‍ ഈ ഭാഷയിലുണ്ട്‌. ഇവ ബ്രിട്ടീഷ്‌ എസ്‌പിരാന്റോ അസോസ്സിയേഷന്റെ ലൈബ്രറിയിൽ ഉണ്ടത്ര. എസ്‌പിരാന്റോ ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ ടാഗൂറിന്റെ കൃതികളും ഉള്‍പ്പെടുന്നു. പല ഭാഷകളിൽനിന്നും ഈ ഭാഷയിലേക്കു വിവർത്തനങ്ങള്‍ ഉണ്ടായി. എസ്‌പിരാന്റോ സാഹിത്യനിർമാണത്തിൽ വ്യാപൃതമായിരിക്കുന്ന രണ്ടു മുഖ്യകേന്ദ്രങ്ങളാണ്‌ ഹംഗറിയും സ്‌കോട്ട്‌ലന്‍ഡും. വിവിധ ഗ്രന്ഥ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ പുറമേ ധാരാളം ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്‌. മറ്റു ഭാഷകളിൽനിന്നു വിവർത്തനം ചെയ്യപ്പെട്ട ആനുകാലികങ്ങളുടെ സംക്ഷേപവും ഇവയിൽപ്പെടുന്നു. ഇംഗ്ലണ്ടിൽ സെക്കണ്ടറി പഠനഭാഷയായി എസ്‌പിരാന്റോ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1954-ൽ ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ-ശാസ്‌ത്ര-സംസ്‌കാരസംഘടന (യുനെസ്‌കോ) എസ്‌പിരാന്റോയുടെ സേവനത്തെ അംഗീകരിച്ചു. എസ്‌പിരാന്റോ ഭാഷയിലുള്ള സന്ദേശങ്ങള്‍ ലോകത്തെമ്പാടുമുള്ള കമ്പിയാപ്പീസുകളിൽ സ്വീകരിച്ചുവരുന്നു എണ്‍പതിലധികം രാജ്യങ്ങളിൽ 150-ലക്ഷത്തിൽപ്പരം ജനങ്ങള്‍ക്ക്‌ പരിചിതമായ എസ്‌പിരാന്റോ 600-ലധികം വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നു. ജപ്പാനിലും ബ്രസീലിലും മധ്യയൂറോപ്പിലും വേരുറച്ചുകഴിഞ്ഞ എസ്‌പിരാന്റോ ആണ്‌ ഏറ്റവും വിജയം വരിച്ച കൃത്രിമ ഭാഷ.

(ഡോ. ആർ. സരസ്വതി അമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍