This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ ആൽക്കഹോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എഥിൽ ആൽക്കഹോള്‍
Ethyl Alchohol
ഒരു ഓർഗാനിക് യൗഗികം. എഥനോള്‍, സ്‌പിരിറ്റ് ഒഫ് വൈന്‍ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. ഫോർമുല, ഇ2ഒ5ഛഒ. വിപണിയിൽ ആൽക്കഹോള്‍ എന്ന പേരിൽ ഇതു ലഭ്യമാണ്. സംരചനാപരമായി, ഈഥേന്‍ (C2H6) എന്ന ഹൈഡ്രാകാർബണിൽ നിന്ന് ഒരു ഹൈഡ്രജന്‍ അണുവിനെ ഒരു ഹൈഡ്രാക്‌സിൽ ഗ്രൂപ്പു-(-OH)കൊണ്ട് ആദേശിച്ചു കിട്ടിയതാണ് ഈ പദാർഥം എന്നു തീരുമാനിക്കാം. എഥിൽ ആൽക്കഹോള്‍ എന്നും എഥനോള്‍ എന്നുമുള്ള പേരുകളുടെ നിദാനം അതാണ്. ആദ്യകാലത്ത് ആൽക്കഹോള്‍ എന്നത് കണ്ണെഴുതുവാന്‍ ഉപയോഗിക്കപ്പെട്ടിരുന്ന ലെഡ് സള്‍ഫൈഡ്, ആന്റിമണി സള്‍ഫൈഡ് മുതലായ വസ്‌തുക്കളെ വ്യവഹരിക്കുന്നതിന് ഉപയോഗിക്കപ്പെട്ടിരുന്ന അറബി പദമായിരുന്നു. പിന്നീട് ആ പദം -OH ഗ്രൂപ്പുള്ള ഒട്ടുവളരെ ഓർഗാനിക് യൗഗികങ്ങളെ സാമാന്യമായി വിളിക്കുവാന്‍ ഉപയോഗിച്ചുതുടങ്ങി. പിന്നെയും കുറേക്കഴിഞ്ഞ് ഈ വാക്ക് മിക്കവാറും സ്‌പിരിറ്റ് ഒഫ് വൈന്‍ എന്ന പ്രത്യേക ആൽക്കഹോളിനെ മാത്രം സൂചിപ്പിക്കുന്നതായിത്തീർന്നു. എ.ഡി. 1493-നും 1541-നും ഇടയ്‌ക്ക് ജീവിച്ചിരുന്ന പരാസെൽസസ് എന്ന ഗ്രീക്കു ശാസ്‌ത്രജ്ഞനാണ് ആൽക്കഹോളിന് ഒടുവിൽ നിർദിഷ്‌ടമായ പരിമിത-അർഥം നിർദേശിച്ചത്.
പഞ്ചസാരയോ അന്നജമോ അടങ്ങിയിട്ടുള്ള ഏതു ദ്രാവകം പുളിച്ചാലും അതിൽ എഥിൽ ആൽക്കഹോളിന്റെ അംശം ഉണ്ടായിരിക്കും. ഓർഗാനിക് അമ്ലങ്ങളുമായി രാസപരമായി യോജിച്ച് ഇത് ഒട്ടു വളരെ സസ്യങ്ങളിൽ ഉപസ്ഥിതമാണ്. ഈ രണ്ട് കാരണങ്ങളാൽ ഈ പദാർഥം പ്രാചീനകാലം മുതല്‌ക്കേ ലോകത്ത് എല്ലാ ജനതയ്‌ക്കിടയിലും പരിചിതമായ ഒന്നായിരുന്നു. നൂറുശതമാനം ശുദ്ധമായ എഥിൽ ആൽക്കഹോള്‍ ലഭ്യമാകുന്നതിന് പ്രയാസമുണ്ട്; അബ്‌സൊലൂട് (തനി) ആൽക്കഹോള്‍ എന്ന പരിലാണ് ഇത് അറിയപ്പെടുന്നത്. -117.3ºC-ൽ കട്ടിയാവുന്നതും 78.3ºC-ൽ തിളയ്‌ക്കുന്നതുമായ ഈ ദ്രവം സാധാരണ താപനിലകളിൽ വർണരഹിതവും തെളിഞ്ഞതും ബാഷ്‌പശീലവും വീഞ്ഞിന്റെ മണമുള്ളതും രൂക്ഷമായ രുചിയോടുകൂടിയതും ജലവുമായി അനായാസം കൂടിക്കലരുന്നതും ആയ ഒരു ഓർഗാനിക് യൗഗികമാണ്. മെഥിൽ ആൽക്കഹോള്‍, ഈഥർ, ക്ലോറൊഫോം, അസറ്റോണ്‍ എന്നീ ഓർഗാനിക് ലായകങ്ങളിലും ഇതു നിഷ്‌പ്രയാസം ലയിക്കും. വെള്ളത്തിലലിയാത്ത പല വസ്‌തുക്കളെയും ലയിപ്പിച്ചെടുക്കുന്നതിനു പറ്റിയ ഒരു ലായകമാണ് ഇത്. ഉദാഹരണമായി റെസിനുകള്‍, കൊഴുപ്പുകള്‍, എണ്ണകള്‍, ഫാറ്റി അമ്ലങ്ങള്‍, ഹൈഡ്രാകാർബണുകള്‍ എന്നിവ ജലലേയങ്ങളല്ലെങ്കിലും ആൽക്കഹോളിൽ ലേയങ്ങളാണ്. ഒട്ടുവളരെ ഓർഗാനിക് വസ്‌തുക്കളെ നിഷ്‌കർഷണം (extraction)ചെയ്‌തു ലഭ്യമാക്കുന്നതിനും, ഓർഗാനിക് യൗഗികങ്ങളിൽ പലതിന്റെയും നിർമാണത്തിൽ ഇടയൗഗികമായും, ആന്റിഫ്രീസ് (antifreeze)) ആയും, ഔഷധങ്ങള്‍, സൗന്ദര്യവർധകങ്ങള്‍ (cosmetics), ആെന്റിസെപ്‌റ്റിക്കുകള്‍, പേയദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തിനും ഇത് പ്രയോജനപ്പെടുന്നു. എളുപ്പത്തിൽ കത്തിപ്പിടിക്കുന്ന ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. ലഹരി പിടിപ്പിക്കാന്‍ കഴിവുള്ള ഈ ദ്രാവകം അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ആ ആവശ്യത്തിനായി പല പേരുകളിലും വിപണിയിൽ ഇറങ്ങുന്നുണ്ട്. അവയിൽ ചിലതാണ് ബിയർ (3%), കള്ള് (3.5%), വൈന്‍ (10-15%), വിസ്‌കി (50%), ബ്രാണ്ടി (50%), റം (45%) എന്നിവ; ഓരോന്നിലുമുള്ള എഥിൽ ആൽക്കഹോളിന്റെ അളവാണ് ബ്രാക്കറ്റിനകത്തു കൊടുത്തിട്ടുള്ളത്.
പ്രാഥമികാനുഭവത്തിൽ ആൽക്കഹോള്‍ ഉന്മേഷദായകമായ ഒരു ദ്രാവകമായിത്തോന്നാമെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല; അത് അവസാദകം (depressant) ആണ്. ജഠരത്തിൽനിന്ന് ആൽക്കഹോളിനെ വേഗം വലിച്ചെടുത്ത് തലച്ചോറിലെത്തിക്കുന്നതിനു രക്തത്തിനു കഴിവുണ്ട്. അങ്ങനെ തലച്ചോറിലെത്തുന്ന ആൽക്കഹോള്‍ അതിലെ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഉയർന്ന നാഡീകേന്ദ്രങ്ങളെ തളർത്തുന്നതുമൂലം ഉന്മേഷവാനാണെന്നുള്ള തെറ്റിദ്ധാരണ മനുഷ്യനിലുളവാക്കുന്നു. ഈ തെറ്റിദ്ധാരണ വളരെയധികം വിലമതിക്കപ്പെടുന്നുണ്ട് എന്നുള്ളതിന് ഇതിന് പ്രാചീനകാലം മുതല്‌ക്കുതന്നെയുള്ള പ്രചാരം തെളിവാണ്. തലച്ചോറിൽ ആൽക്കഹോള്‍ കൂടുതലായി എത്തുന്നതോടുകൂടി അതിന്റെ അവസാദകവും അസുഖകരവും നിശ്ചേതകവും(anaesthetic) ആയ ഗുണധർമങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ്. ആൽക്കഹോളിസം അഥവാ മദ്യാസക്തി എന്നത് ഇതിന്റെ നിരന്തര ഉപയോഗം കൊണ്ടുണ്ടാകുന്ന ഒരവസ്ഥയാണ്. ഇതിനെ സമർഥമായി ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനു നവീനമായ സമീപനരീതികള്‍ ഗവേഷണദ്ദ്വാരാ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നോ. അതിമദ്യാസക്തി ചികിത്സാരംഗത്ത് ടിങ്‌ചറുകളുടെ നിർമാണത്തിന് ആൽക്കഹോള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. വായിലൂടെ ആഹാരം കഴിക്കുവാന്‍ നിവൃത്തിയില്ലാത്ത രോഗികള്‍ക്ക് ശരീരപോഷണത്തിനായി ഇന്‍ജക്‌റ്റ് ചെയ്യപ്പെടുന്ന "അമിനോസോള്‍' എന്ന യോഗത്തിന്റെ നിർമാണത്തിന് ആൽക്കഹോള്‍ ആവശ്യമാണ്. ശസ്‌ത്രക്രിയയ്‌ക്കുമുമ്പായി ചർമം തുടച്ചു വൃത്തിയാക്കുന്നതിനുപയോഗിക്കുന്ന ദ്രാവകം മുഖ്യമായും ആൽക്കഹോള്‍ അടങ്ങിയതാണ്. അയഡിന്‍ പൊട്ടാസിയം അയഡൈഡ് കലർത്തി ആൽക്കഹോളിലലിയിച്ചതാണ് പ്രഥമശുശ്രൂഷാപേടകത്തിലെ (first aid box) സുപ്രധാനാംഗമായ ടിങ്‌ചർ ഒഫ് അയഡിന്‍.
എഥിൽ ആൽക്കഹോള്‍ വന്‍തോതിൽ നിർമിക്കേണ്ട ആവശ്യകതയുള്ളതുകൊണ്ട് അതിനുള്ള പല മാർഗങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്: (1) മൊളാസസ്സിൽനിന്ന് (2) സ്റ്റാർച്ചിൽനിന്ന്.
(1) മൊളാസസ്സിൽനിന്ന്. പഞ്ചസാര ക്രിസ്റ്റലീകരിച്ചെടുത്തശേഷം അവശേഷിക്കുന്ന അപദ്രവ്യങ്ങളടങ്ങിയ ലായനിയാണ് മൊളാസസ്. ഇതിൽ ധാരാളം സൂക്രാസും (sucrose) അനേകം പോഷകലവണങ്ങളുമുണ്ടായിരിക്കും. മൊളാസസ്സിൽ വെള്ളം ചേർത്ത് ലായനിയിൽ സൂക്രാസിന്റെ ശതമാനം 10-12 ആക്കിയശേഷം പ്രത്യേകം തയ്യാർ ചെയ്‌ത യീസ്റ്റ് എന്ന കിണ്വം ചേർക്കുന്നു. ലായനിയിലുള്ള പോഷക വസ്‌തുക്കളുടെ സഹായത്തോടെ അതുവളർന്നു വർധിക്കുകയും അതോടൊപ്പം സൂക്രാസിനെ ആൽക്കഹോള്‍ ആക്കി മാറ്റുകയും ചെയ്യുന്നു. കിണ്വത്തിലുള്ള എന്‍സൈമുകളാണ് ഈ പരിവർത്തനത്തിനു കാരണം. ഇന്‍വർട്ടേസ് എന്ന എന്‍സൈം സൂക്രാസിനെ ജലവിശ്ലേഷണം ചെയ്യിച്ച് ഗ്ലൂക്കോസും ഫ്രക്‌ടോസുമാക്കി (glucose and fructose) മാറ്റുന്നു. അനന്തരം സൈമേസ് എന്ന മറ്റൊരു എന്‍സൈം ഇവ രണ്ടിനെയും ആൽക്കഹോളും കാർബണ്‍ ഡൈ ഓക്‌സൈഡുമായി വിഘടിപ്പിക്കുന്നു:
C12H22O11 + H2O C6H12O6 + C6H12O6 C6H12O6 + H2O 2C2H5OH + 2CO2
കാർബണ്‍ ഡൈ ഓക്‌സൈഡ് വാതകം കുമിളകളായി ലായനിയിൽ നിന്നു ബഹിർമഗിക്കുമ്പോള്‍ നുരയും പതയുമുണ്ടാകുന്നതിനാൽ തിളയ്‌ക്കുന്ന ഒരു പ്രതീതി ഉണ്ടായിരിക്കും. തന്മൂലമാണ് ഈ പ്രക്രിയയ്‌ക്ക് "ഫെർമെന്റേഷന്‍' (ferment = തിളയ്‌ക്കൽ) എന്ന വ്യവഹാരമുണ്ടായിട്ടുള്ളത്. രണ്ടുമൂന്ന് ദിവസംകൊണ്ടു ഈ നുരപ്പിക്കൽ പൂർത്തിയാകും. ഇപ്രകാരം ലഭിക്കുന്ന ലായനിയിൽ 6-10 ശതമാനം ആൽക്കഹോള്‍ ഉണ്ടായിരിക്കും. കോഫിസ്റ്റിൽ എന്ന പേരിലറിയപ്പെടുന്ന വലിയ അംശീകാരസ്‌തംഭങ്ങള്‍ (fractionating columns)ഉപയോഗിച്ച് സ്വേദനം നടത്തുമ്പോള്‍ 92-95.6 ശതമാനം സാന്ദ്രതയുള്ള ആൽക്കഹോള്‍ കിട്ടുന്നു. റെക്‌ടിഫൈഡ് സ്‌പിരിറ്റ് (rectified spirit)എന്ന പേരിൽ ഇതറിയപ്പെടുന്നു. സ്വേദനപ്രക്രിയ വഴി ബാക്കിയുള്ള ജലാംശം കളയുവാന്‍ സാധ്യമല്ല. കാത്സ്യം ഓക്‌സൈഡ് (നീറ്റുകക്ക) ചേർത്ത് ഏതാനും ദിവസം വച്ചിരുന്നാൽ റെക്‌ടിഫൈഡ് സ്‌പിരിറ്റിൽ നിന്നും പിന്നെയും കുറേ ജലാംശം നീക്കാം. വീണ്ടും സ്വേദനവിധേയമാക്കിയശേഷം കാത്സ്യം ലോഹക്കഷണങ്ങളോ കാത്സ്യം കാർബൈഡോ ചേർത്തു തിളപ്പിച്ച് തനി ആൽക്കഹോള്‍ ലഭ്യമാക്കാം.
(2) സ്റ്റാർച്ചിൽനിന്ന്. സ്റ്റാർച്ച് ധാരാളമടങ്ങിയ ഉരുളക്കിഴങ്ങ്, ബാർലി, ഗോതമ്പ്, ചോളം എന്നീ പദാർഥങ്ങളിൽനിന്ന് എഥിൽ ആൽക്കഹോള്‍ വന്‍തോതിലുത്‌പാദിപ്പിക്കപ്പെടുന്നുണ്ട്. ഉരുളക്കിഴങ്ങ് ധാരാളമുണ്ടാകുന്ന നാടുകളിൽ അതുപയോഗിച്ചാണ് ആൽക്കഹോള്‍ വ്യവസായം സംഘടിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ് ആദ്യം കഷണങ്ങളായി മുറിച്ച് വെള്ളം ചേർത്ത് ആവിയിൽ, മർദത്തിൽ തിളപ്പിച്ച് കുഴുമ്പുരൂപത്തിലാക്കിയെടുക്കുന്നു. അതിന്റെ താപനില 56-60ബ്ബഇ-ൽ നിർത്തിയശേഷം മാള്‍ട് ചേർത്ത് ഇളക്കുന്നു. മാള്‍ട് എന്നത് മുളച്ചുവരുന്ന ബാർലി ഉണക്കിപ്പൊടിച്ചെടുത്തതാണ്. ഇതിൽ ഡയാസ്റ്റേസ് എന്ന ഒരു എന്‍സൈം ഉണ്ട്. ഈ ഡയാസ്റ്റേസ് സ്റ്റാർച്ചിൽ പ്രവർത്തിച്ച് ഒരു മണിക്കൂറിനകം അതിനെ മാള്‍ട്ടോസ് (maltose)ആക്കി മാറ്റുന്നു. മിശ്രിതം തണുപ്പിച്ചശേഷം (25-30ºC-ൽ) യീസ്റ്റ് എന്ന കിണ്വം ചേർക്കുന്നു. കിണ്വത്തിലുള്ള മാള്‍ട്ടേസ് എന്ന എന്‍സൈമിന്റെ സഹായത്തോടുകൂടി മാള്‍ട്ടോസ് ജലീയവിശ്ലേഷണ (hydrolysis) വിധേയമായി ഗ്ലൂക്കോസായി മാറുന്നു. കിണ്വത്തിലടങ്ങിയ സൈമേസ് എന്ന എന്‍സൈം പിന്നീടു ഗ്ലൂക്കോസിനെ ആൽക്കഹോളും കാർബണ്‍ ഡൈ ഓക്‌സൈഡുമായി വിഘടിപ്പിക്കുന്നു.
2(C6H12O6)n + nH2O nC12H22O11 (സ്റ്റാർച്ച്) (മാള്‍ട്ട്) (മാള്‍ട്ടോസ്) C12H22O11 + H2O 2C6H12O6 (കിണ്വം) (ഗ്ലൂക്കോസ്) C6H12O 2C2H5OH + 2CO2 (കിണ്വം)
നുരപ്പിക്കൽ കഴിഞ്ഞു ലഭിക്കുന്ന ലായനിയിൽനിന്ന് ആംശികസ്വേദനം വഴി മുമ്പു പ്രസ്‌താവിച്ചപോലെ ആൽക്കഹോള്‍-റെക്‌ടിഫൈഡ് സ്‌പിരിറ്റ്-ലഭ്യമാക്കാം; മറ്റു പ്രക്രിയകള്‍ വഴി തനി ആൽക്കഹോളും. ആൽക്കഹോള്‍ ലഭ്യമാക്കുന്നതിന് പല പൊതുമാർഗങ്ങളുമുണ്ട്. ഉദാഹരണമായി എഥിൽ ബ്രാമൈഡിൽ നിന്ന് ബ്രാമിനെ ഹൈഡ്രാക്‌സിൽ ഗ്രൂപ്പുകൊണ്ട് പ്രതിസ്ഥാപിച്ചും എഥിലീന്‍ സള്‍ഫ്യൂറിക് അമ്ലവുമായി പ്രതിപ്രവർത്തിച്ചു കിട്ടുന്ന ആൽക്കിൽ ഹൈഡ്രജന്‍ സള്‍ഫേറ്റുകളെ ജലീയ വിശ്ലേഷണ വിധേയമാക്കിയും അസറ്റാൽഡിഹൈഡ് സോഡിയം അമാൽഗം ഉപയോഗിച്ചു റെഡ്യൂസ് ചെയ്‌തും, എഥിൽ അമീന്‍ നൈട്രസ് അമ്ലവുമായി പ്രതിപ്രവർത്തിപ്പിച്ചും എഥിൽ ആൽക്കഹോള്‍ ഉണ്ടാക്കാം.
1. C2H5Br + NaOHC2H5OH + NaBr 2. CH2 = CH2 + H2SO4 CH3 CH2.OSO3H CH3 CH2.OSO3H + H2O C2H5OH + H2SO4 3. CH3 CHO + 2H C2H5OH 4. C2H5 NH2 + HNO2 C2H5OH + N2 + H2O
എന്നാൽ ഇവയിൽവച്ചു പ്രാധാന്യം കൂടിയത് എഥിലീന്‍ ഉപയോഗിച്ചുള്ള പ്രക്രിയയാണ്. പെട്രാളുത്‌പാദനത്തിൽ സുലഭമായ ഒരു ഉപോത്‌പന്നം(by-product) ആണ് അത്. ഇങ്ങനെയൊക്കെയാണെങ്കിലും ആൽക്കഹോളിന്റെ വ്യാവസായിക നിർമാണം പ്രായേണ സ്റ്റാർച്ചിൽനിന്നും മൊളാസസ്സിൽനിന്നുമാണ്.
എഥിൽ ആൽക്കഹോളിന്റെ നിർമാണം, വിപണനം മുതലായവ ഏതു രാജ്യത്തും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്. വലിയ നികുതി ചുമത്തപ്പെടുന്നതുകൊണ്ട് കൂടിയ വിലയ്‌ക്കാണ് ഇതു വിപണിയിൽ ലഭിക്കുന്നത്; എന്നാൽ വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും ചുരുങ്ങിയ വിലയ്‌ക്കു ലഭ്യമാക്കാതെയും നിവൃത്തിയില്ല. അതിനായി റെക്‌ടിഫൈഡ് സ്‌പിരിറ്റിൽ മെഥനോള്‍, ചില ചായങ്ങള്‍, റബ്ബർലായനി മുതലായ അപദ്രവ്യങ്ങള്‍ചേർക്കുക പതിവാണ്. ഇപ്രകാരം നിർമിക്കപ്പെടുന്ന ആൽക്കഹോളിന് മെഥിലേറ്റഡ് സ്‌പിരിറ്റ് അഥവാ ഡിനേച്ചർഡ് (denatured= വികൃത) ആൽക്കഹോള്‍ എന്നു പറയുന്നു. മനുഷ്യർക്കു കുടിക്കുവാന്‍ പറ്റാത്ത അവസ്ഥയിലാക്കുന്നതിനാണ് ഈ വിധം ചെയ്യുന്നത്. വികൃത ആൽക്കഹോള്‍ സേവിച്ചാൽ അതിലടങ്ങിയ മെഥനോള്‍ ജീവാപായം വരെയുള്ള വിനകള്‍ വരുത്തുന്നതാണ്.
എഥിൽ ആൽക്കഹോളിന് ആൽക്കഹോളിന്റെ എല്ലാ പൊതുഗുണങ്ങളുമുണ്ടായിരിക്കും. എന്നാൽ ചില പ്രത്യേക രാസപ്രവർത്തനങ്ങള്‍ക്ക് വിധേയമാക്കി ഇതിൽനിന്ന് മറ്റ് ആൽക്കഹോളുകളിൽനിന്ന് ലഭിക്കാത്ത ക്ലോറൊഫോം, ഈഥർ (ഡൈ എഥിൽ ഈഥർ) എന്നിവ നിർമിക്കാം. സോഡിയം, പൊട്ടാസിയം, അലുമിനിയം എന്നീ ലോഹങ്ങളുടെ ഇഥോക് സൈഡുകള്‍ അഥവാ എഥിലേറ്റുകള്‍ പരീക്ഷണശാലകളിൽ പ്രായോഗികപ്രാധാന്യമുള്ള അഭികാരകങ്ങളാണ് (reagents); വിശേഷിച്ചും സോഡിയം ഇഥോക്‌സൈഡ് (C2H5 ONa).
ഒരു സാമ്പിള്‍ എഥിൽ ആൽക്കഹോളിൽ ആൽക്കഹോളംശം എത്രയുണ്ടെന്നു കണ്ടുപിടിക്കുന്ന പ്രക്രിയയ്‌ക്ക് ആൽക്കഹോളിമിതി (Alcoholimetry) എന്നു പറയുന്നു. പ്രത്യേകതാപനിലയിൽ വിവിധ നിലവാരത്തിലും വിവിധ സാന്ദ്രതയിലും ഉള്ള ആൽക്കഹോളിന്റെ ആപേക്ഷികഘനത്വം (relative density) കണ്ടുപിടിച്ചു രേഖപ്പെടുത്തിയ കൃത്യമായ പട്ടികകളുണ്ട്. ആകയാൽ കിട്ടിയ സാമ്പിളിന്റെ ആപേക്ഷികഘനത്വം മാനകതാപനിലയിൽ കണ്ടുപിടിച്ചാൽ പട്ടിക നോക്കി അതിന്റെ നിലവാരം മനസ്സിലാക്കാം. ഉദാഹരണമായി 15.5ºC-ൽ സാമ്പിളിന്റെ ആപേക്ഷികഘനത്വം 0.8605 ആണെങ്കിൽ അതിൽ ഭാരാത്മകമായി 75 ശതമാനം ആൽക്കഹോള്‍ ഉണ്ടെന്നു മനസ്സിലാക്കാം. എക്‌സൈസ് ആവശ്യങ്ങള്‍ക്കും സാധാരണ ആവശ്യങ്ങള്‍ക്കും ആപേക്ഷിഘനത്വം കാണാന്‍ അങ്കനം ചെയ്‌തിട്ടുള്ള ഹൈഡ്രാമീറ്റർ (hydrometer) ഉപയോഗിച്ചാൽ മതി. എഥിൽ ആൽക്കഹോളിന്റെ സാന്ദ്രതയുടെ ഗുണപരമായ നിർണയനത്തിൽ "പ്രൂഫ് സ്‌പിരിറ്റ്' എന്ന ഒരു ശൈലി ചിലയിടങ്ങളിൽ പ്രചാരമുണ്ട്. ഉദാഹരണമായി ബ്രിട്ടനിൽ 49.3 ശതമാനം (ഭാരപരമായി) ആൽക്കഹോളിനെയാണ് പ്രൂഫ് സ്‌പിരിറ്റ് എന്നു പറയുന്നത്. ഇതിനെ മാനകം(standard) ആക്കിവച്ച് മറ്റു സാമ്പിളുകളെ "മേലെ', "താഴെ' എന്നു തരംതിരിക്കുക പതിവാണ്. ഈ ശൈലി നടപ്പാകാന്‍ കാരണം ഒരു പഴയ പ്രായോഗികാചാരമാണ്. കരിമരുന്നിന്മേൽ ആൽക്കഹോള്‍ ഒഴിച്ചശേഷം കത്തിക്കുമ്പോള്‍ ആ സാമ്പിളിൽ ജലത്തിന്റെ അംശം ഒരു പരിധിയിലും കൂടിയിരുന്നാൽ കരിമരുന്നു കത്തുകയില്ല; അഥവാ ആൽക്കഹോളംശം കത്തിപ്പോയിട്ടും കരിമരുന്നു നനഞ്ഞിരിക്കുകയും തന്മൂലം കത്താതിരിക്കുകയും ചെയ്യുന്നു. ജലാംശം ആ പരിധിയിൽ കുറവാണെങ്കിൽ ആൽക്കഹോള്‍ കത്തിക്കഴിയുന്നതോടെ കരിമരുന്നു തീപിടിക്കുന്നതു കാണാം. കരിമരുന്നു കത്താന്‍ അനുവദിക്കുന്ന സാമ്പിള്‍ ആൽക്കഹോളാണ് പണ്ടു പ്രൂഫ് സ്‌പിരിറ്റ് എന്നു വിളിക്കപ്പെട്ടിരുന്നത്.
ബിയർ, വൈന്‍ മുതലായ പാനീയങ്ങളിൽ ആൽക്കഹോളംശം കണ്ടുപിടിക്കുന്നതിന് ഒരു നിശ്ചിത അളവിൽ ആ സാമ്പിളെടുത്ത് സ്വേദനവിധേയമാക്കണം. അളവിൽ മൂന്നിലൊരു ഭാഗം സ്വേദനം ചെയ്‌തു ശേഖരിച്ചാൽ അതിൽ സാമ്പിളിലെ ആൽക്കഹോളംശം മുഴുവനുമുണ്ടായിരിക്കും. ഇതിൽ വെള്ളം ചേർത്ത് എടുത്ത അളവിലേക്കു നേർപ്പിച്ചശേഷം നിശ്ചിത താപനിലയിൽ ആപേക്ഷികസാന്ദ്രത നിർണയിച്ചാൽ പട്ടികയിൽനിന്ന് സാമ്പിളിലെ ആൽക്കഹോള്‍ ശതമാനം മനസ്സിലാക്കാം. ഷുഗറുകള്‍ മുതലായ അപദ്രവ്യങ്ങള്‍ പലപ്പോഴും സാമ്പിളിൽ അലിഞ്ഞു ചേർന്നിരിക്കും; അവ അതിന്റെ ആപേക്ഷികസാന്ദ്രതയെ സ്വാധീനിക്കുന്നതാണ്. ഈ കുഴപ്പം മൂലമാണ് സാമ്പിളിന്റെ ആപേക്ഷികസാന്ദ്രത നേരിട്ടു കാണാതെ സ്വേദന വിധേയമാക്കി ഇപ്രകാരം ചെയ്യുന്നത്. നോ. ആൽക്കഹോള്‍; ക്‌ളോറൊഫോം