This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇർവിന്‍ (1881 - 1959)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇർവിന്‍ (1881 - 1959)
Irwin
1925 മുതൽ 31 വരെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് വൈസ്രായി. ഇദ്ദേഹത്തിന്റെ പൂർണമായ പേര് എഡ്വേഡ് ഫ്രഡറിക് ലിന്‍ഡ്‌ലിവുഡ് ഹാലിഫാക്‌സ് എന്നായിരുന്നു എങ്കിലും ഇർവിന്‍ എന്ന പേരിലാണ് ഇന്ത്യയിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ആംഗ്ലോ-കാത്തലിക്ക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഹാലിഫാക്‌സ് പ്രഭുവിന്റെ പുത്രനായി 1881 ഏ. 16-ന് ഡെവണിൽ ജനിച്ചു. ഈറ്റണിലും ഓക്‌സ്‌ഫഡിലെ ക്രസ്റ്റ് ചർച്ചിലും വിദ്യാഭ്യാസം നടത്തിയ ഇർവിന്‍ 1903-ൽ ഓക്‌സ്‌ഫഡിലെ ആള്‍സോള്‍സ് കോളജിൽ ഫെലോ ആയി. 1910 ജനുവരിയിൽ യോർക്‌ഷയറിലെ റിപ്പണ്‍ നിയോജകമണ്ഡലത്തിൽനിന്നു യാഥാസ്ഥിതിക കക്ഷി സ്ഥാനാർഥിയായി പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിച്ചത്. അടുത്ത 30 വർഷക്കാലം രാഷ്‌ട്രീയരംഗത്തുള്ള തന്റെ നിലനില്‌പ് ഭദ്രമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1917-18 കാലത്ത് നാഷണൽ സർവീസ് മന്ത്രാലയത്തിൽ (Ministry of National Service) അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു ഇർവിന്‍. തുടർന്ന് കോളനികള്‍ക്കുവേണ്ടിയുള്ള അണ്ടർ സെക്രട്ടറി (1921-22), എഡ്യൂക്കേഷന്‍ബോർഡ് പ്രസിഡന്റ് (1922-24), കൃഷിവകുപ്പുമന്ത്രി (1924-25) എന്നീ പദവികള്‍ വഹിച്ചു.
നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചതിനെത്തുടർന്നുണ്ടായ രാഷ്‌ട്രീയ ശൂന്യത, മൊണ്‍ടേഗു-ചെംസ്‌ഫോഡ് പരിഷ്‌കരണങ്ങളുടെ അപര്യാപ്‌തത, വർധിച്ചുവന്ന ഹിന്ദു-മുസ്‌ലിം ലഹളകള്‍ എന്നിവ ഇന്ത്യാക്കാരെ അസ്വസ്ഥരാക്കിയ ഒരു കാലഘട്ടത്തിലാണ് ഇർവിന്‍ ഇന്ത്യന്‍ വൈസ്രായി പദം ഏറ്റെടുക്കുന്നത്. രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയ്‌ക്ക് പരിഹാരമായിട്ടാണ് ഇന്ത്യയിൽ കൂടുതൽ ഭരണപരിഷ്‌കാരങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്ന നിർദേശം ഇർവിന്‍ മുന്നോട്ടുവച്ചത്; തുടർ നടപടിയായി ഇന്ത്യയിൽ കൂടുതൽ ഭരണ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സർ ജോണ്‍ സൈമണ്‍ അധ്യക്ഷനായ ഒരു കമ്മിഷനെ ബ്രിട്ടീഷ് സർക്കാർ നിയമിച്ചു. എന്നാൽ ഇർവിന്‍ പ്രതീക്ഷിച്ചതിൽനിന്നും വിരുദ്ധമായി അത്യന്തം പ്രക്ഷുബ്‌ധമായ സാഹചര്യങ്ങളാണ് സൈമണ്‍ കമ്മിഷന്റെ രൂപീകരണംമൂലം ഉണ്ടായത്. ഈ കമ്മിഷനിൽ അംഗമാകാന്‍ ഒരു ഇന്ത്യാക്കാരനും യോഗ്യനല്ല എന്ന ബ്രിട്ടീഷ് നിലപാടിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരിച്ചു എന്നു മാത്രമല്ല. 1929 ഡി. 31-നു മുമ്പ് ബ്രിട്ടീഷ് അധികാരികള്‍ നെഹ്‌റു റിപ്പോർട്ട് അംഗീകരിക്കാത്ത പക്ഷം പൂർണസ്വാതന്ത്യ്രം ദേശീയലക്ഷ്യമായി അംഗീകരിക്കുമെന്നും തീരുമാനിച്ചു. ഇന്ത്യാക്കാർ ആഗ്രഹിക്കുന്ന സർക്കാരിന്റെ രൂപം പുത്രികാരാജ്യപദവിയാണ് എന്ന് നെഹ്‌റു റിപ്പോർട്ട് നിർവചിക്കുകയുണ്ടായി.
ബ്രിട്ടീഷ് രാജും കോണ്‍ഗ്രസ്സും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അറിവോടെ അനുരഞ്‌ജനത്തിനു മുതിർന്ന ഇർവിന്‍ ഇന്ത്യയുടെ ഭരണഘടനാ പുരോഗതിയുടെ അന്തിമമായ ലക്ഷ്യം പുത്രികാരാജ്യപദവി(Dominion)യാണ് എന്ന് പ്രഖ്യാപിച്ചു. എന്നാൽ നിരവധി മതങ്ങളുടെയും സമുദായങ്ങളുടെയും ഭാഷകളുടെയും സങ്കലനമായ ഇന്ത്യയെ സംബന്ധിച്ച് പുത്രികാരാജ്യപദവി ഒരു വിദൂര സാധ്യതയാണെന്ന സമവായം ബ്രിട്ടനിൽ രൂപപ്പെട്ടതോടെ പുത്രികാരാജ്യപദവി നല്‌കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തയ്യാറാണെന്ന് ഉറപ്പുനല്‌കുന്നതിൽ ഇർവിന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൂർണ സ്വാതന്ത്യ്രം എന്ന ലക്ഷ്യത്തിനായി കോണ്‍ഗ്രസ് നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നത്. ഉപ്പ് നിയമം ലംഘിച്ചുകൊണ്ട് നിയമലംഘനപ്രസ്ഥാനം ആരംഭിച്ച ഗാന്ധിജിയെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നത് ഇർവിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു; അറസ്റ്റ് ഗാന്ധിജിക്ക് രക്തസാക്ഷി പരിവേഷം നല്‌കുമെന്നും അതേസമയം അറസ്റ്റ് ചെയ്യാതിരിക്കുന്നത് ബ്രിട്ടീഷ് രാജിന്റെ ദൗർബല്യമായി വ്യാഖ്യാനിക്കപ്പെടുമെന്നുമുള്ള ആശങ്കയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. തുടക്കത്തിലെ ചാഞ്ചാട്ടത്തിനുശേഷം ഗാന്ധിജിയെ അറസ്റ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും നിയമലംഘന പ്രസ്ഥാനം ഇന്ത്യയെങ്ങും ശക്തി പ്രാപിച്ചിരുന്നു. ലണ്ടനിൽ നടന്ന ഒന്നാംവട്ടമേശ സമ്മേളനം കോണ്‍ഗ്രസ്സ് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ്സിന്റെ അഭാവത്തിൽ ഇന്ത്യയുടെ രാഷ്‌ട്രീയഭാവി നിശ്ചയിക്കാനുള്ള ചർച്ചകള്‍ അർഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ ഇർവിന്‍ തുടർന്നു കോണ്‍ഗ്രസ്സിനെ പ്രീണിപ്പിക്കാനുള്ള ശ്രമം തുടങ്ങി. എതിരാളിയുമായുള്ള ഒത്തുതീർപ്പു ചർച്ചകള്‍ സത്യഗ്രഹത്തിന്റെ അവിഭാജ്യഘടകമായി കണ്ട ഗാന്ധിജി ഇർവിനെ കാണാന്‍ തയ്യാറായി.
രണ്ടാഴ്‌ചക്കാലത്തെ സംഭാഷണങ്ങളുടെ ഫലമായിട്ടാണ് 1931 മാ. 5-ന് ഗാന്ധി-ഇർവിന്‍ കരാർ നിലവിൽവന്നത്. മാർച്ച് 30-ന് കറാച്ചിയിൽച്ചേർന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനം ഗാന്ധിജിയെ രണ്ടാം വട്ടമേശസമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായി നിയോഗിച്ചു. 1931 ഏ. 18-ന് ഇർവിന്‍പ്രഭു വൈസ്രായി സ്ഥാനം വിട്ട് ഇംഗ്ലണ്ടിലേക്കു മടങ്ങി.
1934-ൽ ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. പ്രഭുസഭയുടെ (House of Lords) നേതാവ്, കൗണ്‍സിലിന്റെ ലോർഡ് പ്രസിഡന്റ് തുടങ്ങിയ ഉദ്യോഗങ്ങള്‍ വഹിച്ചശേഷം 1938 ഫെ. 25-ന് നെവിൽ ചേംബർലിന്റെ (1869-1940) മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറിയായി. പിന്നീട് ഇദ്ദേഹം യു.എസ്സിലെ ബ്രിട്ടീഷ് സ്ഥാനപതിയായി നിയമിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് യു.എസ്. അംബാസഡർ എന്ന നിലയ്‌ക്കു ചെയ്‌ത സേവനങ്ങള്‍ക്ക് അംഗീകാരമായി 1944-ൽ ഹാലിഫാക്‌സ് പ്രഭു എന്ന പദവി ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. യു.എന്നിന്റെ ആദ്യത്തെ സമ്മേളനത്തിൽ (1945 മാ.) ബ്രിട്ടന്റെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. 1957-ൽ ഇദ്ദേഹത്തിന്റെ ആത്മകഥ ഫുള്‍നെസ് ഒഫ് ഡെയ്‌സ് എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. 1959 ഡി. 23-ന് യോർക്കിനടുത്തുള്ള ഗാരോബി ഹാളിൽവച്ച് ഇർവിന്‍ അന്തരിച്ചു.