This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ നാവികസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:30, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇന്ത്യന്‍ നാവികസേന

ഇന്ത്യന്‍ സേനയിലെ മൂന്നു പ്രധാന വിഭാഗങ്ങളിലൊന്ന്‌; കരസേന, വ്യോമസേന എന്നിവയാണ്‌ മറ്റു വിഭാഗങ്ങള്‍. ഇന്ത്യന്‍ സമുദ്രതീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധം, സമുദ്രാതിർത്തിയിൽക്കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായി കപ്പൽഗതാഗതത്തിനു വേണ്ടിയുള്ള കപ്പൽചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകള്‍ തെറ്റിയാത്രയിൽ മണൽത്തിട്ടയിൽ ഉറയ്‌ക്കുന്ന കപ്പലുകളുടെ രക്ഷയ്‌ക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധനബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നേവി നിർവഹിച്ചുവരുന്നു. കൂടാതെ പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവർത്തനങ്ങള്‍ സ്‌തംഭനാവസ്ഥയിലെത്തിയാൽ അത്‌ ഏറ്റെടുക്കുക, കൊടുങ്കാറ്റ്‌, ചുഴലിക്കാറ്റ്‌, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതിൽപ്പെട്ടുഴലുന്നവർക്ക്‌ ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നേവിയുടെ കർത്തവ്യങ്ങളിൽപ്പെടുന്നു. നേവിയിലെ മുങ്ങൽവിദഗ്‌ധർ വിലയേറിയ സേവനങ്ങള്‍ നല്‌കാറുണ്ട്‌.

യുദ്ധസമയത്ത്‌ ഇന്ത്യയുടെയും സുഹൃദ്‌ രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനുറപ്പുവരുത്തുകയും തദ്വാര അവശ്യവസ്‌തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ഇന്ത്യന്‍ നാവികസേനയുടെ കർത്തവ്യങ്ങളാണ്‌. സമാധാനകാലങ്ങളിൽ ഇന്ത്യന്‍ നാവികസേനാകപ്പലുകള്‍ സൗഹൃദസന്ദർശനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്കു പോകാറുണ്ട്‌. ഈവിധ സന്ദർശനങ്ങള്‍ നാവികസേനയുടെ അനുഭവപരിജ്ഞാനത്തിനൊപ്പം സുഹൃദ്‌രാജ്യങ്ങളുമായുള്ള മൈത്രീബന്ധവും അന്താരാഷ്‌ട്ര സന്മനോഭാവവും ദൃഢമാക്കുന്നു.

ചരിത്രം

അതിപുരാതനകാലത്ത്‌തന്നെ ഇന്ത്യന്‍ പ്രദേശങ്ങളിൽ നാവികസേനകള്‍ നിലവിലുണ്ടായിരുന്നു. ഋഗ്വേദം, മഹാഭാരതം, രാമായണം തുടങ്ങിയ കൃതികളിൽ നാവികസൈന്യങ്ങളെക്കുറിച്ചുള്ള നിരവധി വിവരണങ്ങള്‍ കാണാം. ബി.സി. നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്‌തമൗര്യനാണ്‌ മികച്ച ഒരു നാവികസൈന്യത്തെ ഇന്ത്യന്‍ തീരങ്ങളിൽ ആദ്യമായി സംഘടിപ്പിച്ചത്‌. ചന്ദ്രഗുപ്‌തമൗര്യന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത്‌ ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്‌തമൗര്യന്റെ രാജധാനിയിലെ ഗ്രീക്ക്‌ പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സമുദ്രയാത്രകള്‍ സുഗമമാക്കുക, കടൽക്കൊള്ളക്കാരെയും സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയായിരുന്നു ഈ നാവികസൈന്യത്തിന്റെ പ്രധാന ചുമതലകള്‍. മൗര്യചക്രവർത്തിയായ അശോകനും മികച്ച രീതിയിൽ നാവിക സൈന്യത്തെ സജ്ജീകരിച്ചിരുന്നു.

ദക്ഷിണേന്ത്യയിൽ പല്ലവർക്ക്‌ കോറമണ്ഡലം ആസ്ഥാനമാക്കിയ ഒരു നാവികസൈന്യം ഉണ്ടായിരുന്നു. നരസിംഹവർമന്‍ എന്ന പല്ലവരാജാവ്‌ ശ്രീലങ്ക പടിച്ചടക്കിയത്‌ വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയാണ്‌. സംഘസാഹിത്യത്തിൽ കേരളതീരങ്ങളിലെ പൗരാണിക നാവിക യുദ്ധങ്ങളെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌. ചേരരാജാക്കന്മാരായ ഇമയവരമ്പന്‍, ചെങ്കുട്ടുവന്‍ എന്നിവരുടെ നാവിക യുദ്ധവിജയങ്ങളെക്കുറിച്ച്‌ പതിറ്റുപ്പത്തിൽ വിവരിക്കുന്നുണ്ട്‌. മധ്യകാലത്ത്‌ ഇന്ത്യയിലെ പ്രമുഖ നാവികശക്തികള്‍ മറാത്ത, കേരളതീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്തയിലെ കനോജി അംറോ, സാമൂതിരിയുടെ കപ്പൽപ്പടയിലെ തലവന്മാരായ കുഞ്ഞാലിമരയ്‌ക്കാർമാർ എന്നിവർ അക്കാലത്തെ ഏറ്റവും മികച്ച നാവികത്തലവന്മാരായിരുന്നു. മലബാറിലെ കടത്തനാട്‌, അറക്കൽ എന്നീ ചെറിയ രാജവംശങ്ങള്‍ക്കുപോലും മികച്ച നാവികസേന അക്കാലത്തുണ്ടായിരുന്നു.

ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി 1612-ൽ സൂററ്റിൽ രൂപീകരിക്കപ്പെട്ട "റോയൽ ഇന്ത്യന്‍ നേവി'യിൽ നിന്നാണ്‌ ആധുനിക ഇന്ത്യന്‍ നാവികസേന രൂപംകൊണ്ടത്‌. ഈ നാവികസേനയെ 1685-ൽ സൂററ്റിൽ നിന്ന്‌ ബോംബെയിലേക്കു മാറ്റുകയും "ബോംബെ മറൈന്‍' എന്ന്‌ പുനർനാമകരണം ചെയ്യുകയുമുണ്ടായി. 1892-ൽ "റോയൽ ഇന്ത്യന്‍ മറൈന്‍' എന്ന പേരിലറിയപ്പെട്ട ഇത്‌ 1934-ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ "ദി റോയൽ ഇന്ത്യന്‍ നേവി' ആയി രൂപാന്തരപ്പെട്ടു. 1939-ൽ 114 ആഫീസർമാർ, 1,732 നാവികർ, ഒരു നിരീക്ഷണക്കപ്പൽ, ഒരു പെട്രാളിങ്‌ സ്റ്റീമർ എന്നീ രീതിയിലുള്ള നാമമാത്ര സംവിധാനമാണ്‌ റോയൽ ഇന്ത്യന്‍നേവിക്കുണ്ടായിരുന്നത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ ഇന്ത്യാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർധിച്ചതോടെ ഇന്ത്യാതീരത്തെ നാവികസേനാകേന്ദ്രങ്ങള്‍ വിപുലീകരിക്കേണ്ടിവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന, കൽക്കത്ത, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ നാവികസങ്കേതങ്ങളിൽ ആധുനിക സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയതോടൊപ്പം വിശാഖപട്ടണം, മദ്രാസ്‌, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ പുതിയ താവളങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. റോയൽ ഇന്ത്യന്‍ നേവിയുടെ സംഖ്യാബലം 1942-ൽ ഇരുപതുമടങ്ങായി വർധിപ്പിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇറ്റലിയുടെ സൈന്യത്തെ ആഫ്രിക്കന്‍വന്‍കരയിൽനിന്നു പിന്തിരിപ്പിക്കുന്നതിലും, പേർഷ്യന്‍ ഉള്‍ക്കടൽമേഖല വിജയകരമായി പ്രതിരോധിക്കുന്നതിലും ബർമ(മ്യാന്മർ)യിലെ ജാപ്പനീസ്‌ അധിനിവേശം അവസാനിപ്പിക്കുന്നതിലും ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കുവേണ്ടി നിസ്‌തുല സേവനം അനുഷ്‌ഠിക്കുവാന്‍ റോയൽ ഇന്ത്യന്‍ നേവിക്കു കഴിഞ്ഞു.

സ്വാതന്ത്ര്യപ്രാപ്‌തിയെത്തുടർന്ന്‌ ഈ സേനയ്‌ക്ക്‌ ഇന്ത്യന്‍ നേവി എന്ന പേര്‌ നല്‌കപ്പെട്ടു. നാവികസേനയുടെ കപ്പലുകളുടെയും കരയിലുള്ള സങ്കേതങ്ങളുടെയും പേരിനുമുമ്പ്‌ ഐ.എന്‍.എസ്‌. എന്ന ത്രയാക്ഷരി മുദ്രിതമായി. ഇന്ത്യന്‍ നാവികസേന കൈക്കൊണ്ട ആദ്യത്തെ സൈനികനടപടി 1947 ഒക്‌ടോബറിലാണ്‌ നടന്നത്‌. കത്തിയവാഡ്‌ ഉപദ്വീപിൽ നിലവിലിരുന്ന ജൂനാഗഡ്‌ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനിൽ ലയിക്കുവാന്‍ വിസമ്മതിക്കുകയും പാകിസ്‌താനോട്‌ കൂറു പ്രഖ്യാപിക്കുകയും ചെയ്‌തതിനെത്തുടർന്ന്‌, നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ പോർബന്തർ, ജാഫറാബാദ്‌ എന്നിവിടങ്ങളിൽ ആയുധസജ്ജരായി താവളമുറപ്പിച്ചു. ജൂനാഗഡ്‌ നവാബിന്റെ പലായനത്തെത്തുടർന്ന്‌ ആ ചെറുരാജ്യം ഇന്ത്യയുടെ ഭാഗമായി മാറിയതിനാൽ യുദ്ധം ഒഴിവായി.

1947-ൽ സമുദ്രതലത്തിൽമാത്രം പ്രവർത്തിക്കാവുന്ന പഴയ കപ്പലുകളും അകമ്പടിക്കപ്പലുകളും മാത്രമടങ്ങുന്ന ഒന്നായിരുന്നു ഇന്ത്യന്‍ നാവികസേന. 1948-ൽ ആദ്യമായി എച്ച്‌.എം.എസ്‌. അക്കിലീസ്‌ എന്ന 7,000 ടണ്‍ കേവുഭാരമുള്ള ലിയാന്‍ഡർ വിഭാഗത്തിൽപ്പെട്ട ക്രൂസർ ഇന്ത്യ വാങ്ങി. അതിനെ ഐ.എന്‍.എസ്‌. ദില്ലി എന്നു പുനർനാമകരണം ചെയ്‌തു. തുടർന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ ഡിസ്റ്റ്രായർ വിഭാഗത്തിൽപ്പെട്ട രജ്‌പുത്ത്‌, രഞ്‌ജിത്ത്‌, റാണാ എന്നീ മൂന്നു കപ്പലുകളും 11-ാം ഡിസ്റ്റ്രായർ സ്‌ക്വാഡ്രനിലേക്കു വാങ്ങുകയുണ്ടായി. ശത്രുക്കളെ കടലിൽ വേട്ടയാടി നശിപ്പിക്കുന്നതിനുപയോഗിക്കുന്ന "ഹണ്ട്‌ ക്ലാസ്‌ ഡിസ്റ്റ്രായേഴ്‌സ്‌' വിഭാഗത്തിൽപ്പെട്ട ഗംഗ, ഗോമതി, ഗോദാവരി എന്നീ കപ്പലുകള്‍ 1952-ൽ ഇന്ത്യന്‍ നേവിയിൽ ഉള്‍പ്പെടുത്തി.

1957-ൽ കോളണി ക്ലാസ്‌ ക്രൂസർ വിഭാഗത്തിൽപ്പെട്ട ഐ.എന്‍.എസ്‌. മൈസൂർ കമ്മിഷന്‍ ചെയ്യപ്പെട്ടു. 1958-60 കാലഘട്ടത്തിൽ ആന്റി എയർ ക്രാഫ്‌ട്‌-ആന്റി സബ്‌മൈറന്‍ ഫ്രിഗേറ്റ്‌ വിഭാഗത്തിൽപ്പെട്ട എട്ട്‌ പടക്കപ്പലുകള്‍ നേവി സമ്പാദിച്ചു. ഇവയിൽ ഐ.എന്‍.എസ്‌. കുക്രി, കൃപാണ്‍, കുഠാർ എന്നീ കപ്പലുകള്‍ 14-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, തൽവാർ, ത്രിശൂൽ എന്നീ കപ്പലുകള്‍ 15-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, ബിയാസ്‌, ബേത്‌വ, ബ്രഹ്മപുത്ര എന്നീ കപ്പലുകള്‍ 16-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും ചേർന്നു. ഈ എട്ട്‌ കപ്പലുകളും ഇന്ത്യന്‍ നേവിക്കുവേണ്ടി പ്രത്യേകമായി ഇംഗ്ലണ്ടിൽ നിർമിച്ചവയായിരുന്നു. വിമാനവാഹിനികപ്പലായി ഐ.എന്‍.എസ്‌. വിക്രാന്ത്‌ 1961-ൽ നാവികസേനയ്‌ക്ക്‌ ലഭ്യമായി. സമുദ്രത്തിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളുടെ എച്ചം വർധിച്ചതോടുകൂടി നേവിക്ക്‌ മുങ്ങിക്കപ്പൽ വിഭാഗത്തിന്റെ അഭാവംകൂടി നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു.

1961-ൽ പോർച്ചുഗീസ്‌ കോളനികളായി അവശേഷിച്ചിരുന്ന ഗോവ, ദാമന്‍ ദിയു എന്നിവിടങ്ങളെ കൈവശപ്പെടുത്തി ഇന്ത്യന്‍ റിപ്പബ്ലിക്കിൽ ലയിപ്പിച്ച സൈനികനടപടികളിൽ മറ്റു സേനാവിഭാഗങ്ങള്‍ക്കൊപ്പം നിസ്‌തുലമായ സേവനം കാഴ്‌ചവയ്‌ക്കുവാന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇന്ത്യയുടെ പടക്കപ്പലുകള്‍ നാലുവിഭാഗങ്ങളായി പിരിഞ്ഞു നടത്തിയ മുന്നേറ്റങ്ങളിലൂടെ ഗോവ, ദാമന്‍ ദിയു, അഞ്ചിദ്വീപ്‌ എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്ന പോർച്ചുഗീസ്‌ നാവികസേനയെ നിർവീര്യമാക്കി. 1965-ലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിൽ നാവികസേന നേരിട്ടു പങ്കെടുത്തില്ല; പാകിസ്‌താന്റെ അന്തർവാഹിനികളെ ഇന്ത്യാതീരത്തുനിന്ന്‌ അകറ്റിനിർത്തുവാനുള്ള പ്രതിരോധച്ചുമതലമാത്രമാണ്‌ ഉണ്ടായിരുന്നത്‌.

1968-ൽ സോവിയറ്റ്‌ യൂണിയനിൽനിന്നും ഇന്ത്യന്‍നേവി ഒരു മുങ്ങിക്കപ്പൽ സമ്പാദിച്ചു; തുടർന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ മറ്റു മൂന്നു മുങ്ങിക്കപ്പലുകള്‍ കൂടി ലഭ്യമായി. അങ്ങനെ ഇന്ത്യന്‍ നേവിയുടെ മുങ്ങിക്കപ്പൽവിഭാഗം ഭാരതത്തിന്റെ കിഴക്കന്‍ സമുദ്രതീരത്തിലെ വിശാഖപട്ടണത്തുള്ള ഐ.എന്‍.എസ്‌. വീരബാഹു എന്ന താവളത്തിൽ വികസിക്കാന്‍ തുടങ്ങി. മുങ്ങിക്കപ്പലുകളുടെ വരവോടുകൂടി ഒരു സമീകൃതകപ്പൽപ്പട എന്ന ആശയം യാഥാർഥ്യമായിത്തീർന്നു. അങ്ങനെ നാവികസേനയ്‌ക്ക്‌ കടൽപ്പരപ്പിലും കടലിനു മുകളിലും കടലിനടിയിലും യുദ്ധംനടത്താനുള്ള കഴിവ്‌ ആർജിക്കാന്‍ കഴിഞ്ഞു.

1971-ൽ പൂർവപാകിസ്‌താന്‍ ബാംഗ്ലദേശ്‌ ആയിമാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാക്‌ സംഘട്ടനങ്ങളിൽ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഗണ്യമായ പങ്കുവഹിക്കേണ്ടിവന്നു. 1971 ഡി. 3-ന്‌ വിശാഖപട്ടണത്തിനു സമീപം രഹസ്യമായി സഞ്ചരിച്ചെത്തിയ ഘാസി എന്ന പാക്‌ അന്തർവാഹിനി ഇന്ത്യന്‍ നാവികസേനയാൽ നശിപ്പിക്കപ്പെട്ടു. തുടർന്ന്‌ ദിവസങ്ങള്‍ക്കകം കിഴക്കന്‍ പാകിസ്‌താനെ നാവിക-ഉപരോധത്തിനു വിധേയമാക്കുകയും ചെയ്‌തു. ഡി. 6-ന്‌ മുന്‍പ്‌ പാക്‌ നേവിയുടെ ജസ്സോർ, കോമില്ല, സിൽഹട്ട്‌ എന്നീ യുദ്ധക്കപ്പലുകളെയും 17 ചരക്കുകപ്പലുകളെയും നശിപ്പിക്കുകയും മറ്റു മൂന്നു കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്യുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇവയ്‌ക്കു സമാന്തരമായി പശ്ചിമസമരമുഖത്ത്‌, ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തെ രണ്ടുതവണ ആക്രമിക്കുകയും പാകിസ്‌താന്റെ ഒരു നശീകരണക്കപ്പൽ, മൈന്‍ സ്വീപ്പർ (Mine Sweeper) എന്നിവയ്‌ക്കും തുറമുഖത്തു നങ്കൂരമുറപ്പിച്ചിരുന്ന ഒരു ചരക്കുകപ്പലിനും കേടുപാടുകള്‍ വരുത്തുകയും ചെയ്‌തു. കറാച്ചിയുടെ മേൽനടത്തിയ വിജയകരമായ ആക്രമണത്തിന്റെ സ്‌മരണ നിലനിർത്തുവാന്‍ പ്രതിവർഷം നാവികസേനാദിനം (Navy Day) ആഘോഷിക്കുന്നത്‌ ഡി. 4-നാണ്‌. ആദന്‍ കടലിൽ സൊമാലിയന്‍ കടൽക്കൊള്ളക്കാർക്കെതിരെ നടത്തിയ ആക്രമണങ്ങളാണ്‌ ഇന്ത്യന്‍ നാവികസേനയുടെ സമീപകാലത്തെ പ്രധാന ഓപ്പറേഷനുകള്‍ (2008). കടൽക്കൊള്ളക്കാർ തടവിലാക്കിയ വിവിധ രാജ്യങ്ങളിലെ നാവികരെ രക്ഷിക്കാനും ആദന്‍ കടലിലെ കടൽയാത്രകള്‍ക്ക്‌ സ്ഥിരഭീഷണിയായ കടൽക്കൊള്ളക്കാരെ പിടികൂടാനും ഇന്ത്യന്‍ സേനയ്‌ക്ക്‌ കഴിഞ്ഞു. ഐ.എന്‍.എസ്‌. തബർ, ഐ.എന്‍.എസ്‌. മൈസൂർ തുടങ്ങിയ പടക്കപ്പലുകളാണ്‌ ഈ ഓപ്പറേഷനുകളിൽ പ്രധാന പങ്കുവഹിച്ചത്‌.

യുദ്ധക്കപ്പലുകള്‍

ഇന്ത്യന് നാവികസേനയുടെ യുദ്ധക്കപ്പലുകള്

ലോകത്തെ ഏതൊരു നാവികസേനയോടും കിടപിടിക്കുന്ന ആധുനികവും മികവുറ്റതുമായ പടക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കുണ്ട്‌. പടക്കപ്പലുകളുടെ പേര്‌ ഐ.എന്‍.എസ്‌. (ഇന്ത്യന്‍ നേവൽ ഷിപ്പ്‌ അല്ലെങ്കിൽ ഇന്ത്യന്‍ നേവി സ്റ്റേഷന്‍) എന്ന പേരിലാണ്‌ ആരംഭിക്കുന്നത്‌. ഉദാ. ഐ.എന്‍.എസ്‌. ഡൽഹി, ഐ.എന്‍.എസ്‌. രജപുത്ര. റഷ്യ, യു.എസ്‌., ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച്‌ പടക്കപ്പലുകള്‍ നിർമിക്കുന്ന പദ്ധതികള്‍ രാജ്യത്തിനുണ്ട്‌. ആദ്യകാലങ്ങളിൽ റഷ്യന്‍നിർമിത കപ്പലുകളും അല്ലെങ്കിൽ റഷ്യയിൽനിന്നും വാടകയ്‌ക്കെടുക്കുന്ന കപ്പലുകളും ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്‌. എന്നാൽ ഇന്ന്‌ കപ്പൽനിർമാണ രംഗത്ത്‌ ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്‌. കൊച്ചിന്‍ ഷിപ്‌യാർഡ്‌, മസഗോണ്‍ ഡോക്‌ ലിമിറ്റഡ്‌, ഗോവ ഷിപ്‌യാർഡ്‌, ഗാർഡന്‍ റീച്ച്‌ ഷിപ്‌ ബിൽഡേഴ്‌സ്‌ ആന്‍ഡ്‌ എന്‍ജിനിയേഴ്‌സ്‌ തുടങ്ങിയ കപ്പൽ നിർമാണ ശാലകളിലാണ്‌ ഇന്ത്യന്‍ പടക്കപ്പലുകള്‍ നിർമിക്കുന്നത്‌.

വിമാനവാഹിനിക്കപ്പൽ

കചട വിരാട് : ഇന്ത്യയുടെ പ്രധാന വിമാനവാഹിനിക്കപ്പൽ

ഇന്ത്യയുടെ പ്രധാനവിമാനവാഹിനികപ്പലായ ഐ.എന്‍.എസ്‌ വിരാടിന്‌ 24 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്‌. ഐ.എന്‍.എസ്‌. വിക്രമാദിത്യ എന്നു പേരുള്ള ഒരു വിമാനവാഹിനി റഷ്യയിലും മറ്റൊന്ന്‌ കൊച്ചിന്‍ ഷിപ്‌യാർഡിലും നിർമാണ ഘട്ടത്തിലാണ്‌.

അന്തർവാഹിനികള്‍

കചട ചക്ര: ആണവ മുങ്ങിക്കപ്പൽ

ഇന്ന്‌ ഡീസൽ എന്‍ജിനിൽ പ്രവർത്തിക്കുന്നതും അണുശക്തികൊണ്ട്‌ പ്രവർത്തിക്കുന്നതുമായ അന്തർവാഹിനികള്‍ ഇന്ത്യന്‍സേനയുടെ ഭാഗമാണ്‌. ശിശുമാർ, സിന്ധുഘോഷ്‌ എന്നീ രണ്ട്‌ ക്ലാസ്സുകളിലായി 14 അന്തർവാഹിനികളുണ്ട്‌. ഇന്ത്യ സ്വയം നിർമിച്ച ആണവ അന്തർവാഹിനിയാണ്‌ ഐ.എന്‍.എസ്‌. അരിഹന്ദ്‌ (അൃശവമി). 2009 ജേൂല. 26-ന്‌ ഇത്‌ ആദ്യമായി പുറത്തിറക്കി. കചട ചക്ര എന്ന ആണവ മുങ്ങിക്കപ്പൽ റഷ്യയിൽനിന്ന്‌ ഇന്ത്യ വാടകയ്‌ക്ക്‌ എടുക്കുകയുണ്ടായി (2012).

ഡിസ്‌ട്രായറുകള്‍

ഡൽഹി, രജപുത്രക്ലാസ്സുകളിൽപ്പെടുന്ന ഒമ്പത്‌ ഡിസ്‌ട്രായർ യുദ്ധക്കപ്പലുകളാണ്‌ ഇന്ന്‌ ഇന്ത്യന്‍ നാവികസേനയ്‌ക്കുള്ളത്‌. കൊൽക്കത്ത ക്ലാസ്‌ വിഭാഗത്തിലുള്ള പുതിയ ഡിസ്‌ട്രായറുകള്‍ 2013-ൽ പുറത്തിറങ്ങും.

ഫ്രിഗേറ്റുകള്‍

ഗോദാവരി, തൽവർ, ബ്രഹ്മപുത്ര, നീലഗിരി എന്നിങ്ങനെ വിവിധ ക്ലാസ്സുകളിലായി 13 ഫ്രിഗേറ്റുകള്‍ ഇപ്പോള്‍ നാവികസേനയുടെ പക്കലുണ്ട്‌ (2012).

കോർവെറ്റകള്‍

ഫ്രിഗേറ്റുകളെക്കാള്‍ വലുപ്പം കുറഞ്ഞ കപ്പലുകളായ 24 കോർവെറ്റകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്‌. ഖുക്രി, കോറ, വീർ, അഭയ എന്നിങ്ങനെയാണ്‌ കോർവെറ്റകളുടെ വിവിധ ക്ലാസ്സുകള്‍.

മൈന്‍വാരികള്‍

കടലിൽ നിന്നും മൈനുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന 12 മൈന്‍ വാരിക്കപ്പലുകള്‍ ഇപ്പോള്‍ നാവികസേനയുടെ കൈവശമുണ്ട്‌. പോണ്ടിച്ചേരി/കർവർ ക്ലാസ്‌ എന്നാണിവ അറിയപ്പെടുന്നത്‌. ഇവ കൂടാതെ കടലിലും കരയിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആംഫിബിയന്‍ അസള്‍ട്‌ ടാപ്പുകള്‍ (ഉദാ. ഐ.എന്‍.എസ്‌. ജലാശ്വ) നിരവധി പട്രാള്‍ യാനങ്ങള്‍, മിസൈൽ ബോട്ടുകള്‍, പരിശീലനക്കപ്പലുകള്‍, സർവേ ആന്‍ഡ്‌ റിസർച്ച്‌ ഷിപ്പുകള്‍ എന്നിവയുടെ ഒരു വലിയ നിരതന്നെ നാവിക സേനയുടെ ഭാഗമായുണ്ട്‌. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമർന്ന ലിബിയയിൽനിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിന്‌ നാവികസേന ഐ.എന്‍.എസ്‌. ജലാശ്വയാണ്‌ ഉപയോഗിച്ചത്‌ (2011).

നാവികസേനയോടൊന്നിച്ച്‌ പ്രവർത്തിക്കുന്ന വ്യോമവിഭാഗമാണ്‌ നേവൽ-എയർആം എന്നറിയപ്പെടുന്നത്‌. ഈ വിഭാഗത്തിന്‌ അത്യാധുനികമായ നിരവധി എയർക്രാഫ്‌റ്റുകളും ഹെലികോപ്‌റ്ററുകളുമുണ്ട്‌. മിഖോയന്‍ മിഗ്‌ 29ഗ, ബി.എ.ഇ. സിഹാരിയർ, ടുപലെവ്‌ ടി.യു. 142 തുടങ്ങിയവ ഈ വിഭാഗത്തിന്റെ യുദ്ധവിമാനങ്ങളാണ്‌. കൂടാതെ പൈലറ്റില്ലാ വിമാനങ്ങളായ ഹെറേന്‍, സെർച്ചർ എം.കെ. കക-എന്നിവയും ഇതിന്റെ ഭാഗമാണ്‌. എച്ച്‌.എ.എൽ.ധ്രുവ്‌, കാമേവ്‌, വെസ്റ്റ്‌ലാന്‍ഡ്‌ സികിങ്‌ തുടങ്ങിയവയാണ്‌ പ്രധാന ഹെലികോപ്‌റ്ററുകള്‍. നാവികസേനയിലെ കമാന്‍ഡോ വിഭാഗമാണ്‌ മറൈന്‍ കമാന്‍ഡോഫോഴ്‌സ്‌ അഥവാ മാർകോസ്‌. 2008 മുംബൈ തീവ്രവാദ ആക്രമണസമയത്ത്‌ ഈ സേനയും പങ്കെടുത്തിരുന്നു.

ആയുധങ്ങള്‍

ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ള വിവിധതരം മിസൈലുകള്‍, ടോർപിഡോകള്‍, നൂതന നാവികത്തോക്കുകള്‍ എന്നിവയെല്ലാം ഇന്ന്‌ ഇന്ത്യന്‍ നാവികസേനയെ കൂടുതൽ മികച്ചതാക്കുന്നു. ഇവയിൽ വിദേശരാജ്യങ്ങളിൽനിന്നും വാങ്ങുന്നവയും ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്നവയുമുണ്ട്‌. ബ്രഹ്മോസ്‌ പോലുള്ള സൂപ്പർസോണിക്‌ മിസൈലുകള്‍ ഇന്ത്യ സ്വയം നിർമിച്ചതാണ്‌. മിസൈലുകള്‍ കപ്പലുകളിൽനിന്നും തൊടുക്കാവുന്നവയും, അന്തർവാഹിനികളിൽ നിന്നും പ്രയോഗിക്കാവുന്നവയുമുണ്ട്‌. ഇതുകൂടാതെ കപ്പലുകളിൽ ഘടിപ്പിക്കുന്ന നാവികത്തോക്കുകളുടെയും റോക്കറ്റ്‌ ലോഞ്ചറുകളുടെയും ഒരു മികച്ച നിരതന്നെ ഇന്ത്യന്‍ നാവികസേനയ്‌ക്കുണ്ട്‌.

ഘടന

ഇന്ത്യയിലെ മൂന്ന്‌ സായുധവിഭാഗങ്ങളുടെയും സുപ്രീംകമാന്‍ഡർ ഇന്ത്യന്‍ പ്രസിഡന്റാണ്‌. നാവികസേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്‌ അഡ്‌മിറലിന്റെ പദവിയിലുള്ള നാവികസേനാമേധാവിയാണ്‌ (Chief of Naval Staff). ചീഫ്‌ ഒഫ്‌ നേവൽ സ്റ്റാഫ്‌, ചീഫ്‌സ്‌ ഒഫ്‌ സ്റ്റാഫ്‌ കമ്മിറ്റിയിലെ ഒരംഗമായിരിക്കും. ഈ കമ്മിറ്റി ദേശരക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ച ഉപദേശങ്ങള്‍ പ്രതിരോധവകുപ്പ്‌ മന്ത്രിക്കു നല്‌കുന്നു. ചീഫ്‌ ഒഫ്‌ നേവൽ സ്റ്റാഫിനെ സഹായിക്കാന്‍ ഒരു വൈസ്‌ ചീഫും, മറ്റു മൂന്ന്‌ പ്രിന്‍സിപ്പൽ സ്റ്റാഫ്‌ ഓഫീസർമാരും ഉണ്ടായിരിക്കും.

എക്‌സിക്യുട്ടീവ്‌, എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കൽ, വിദ്യാഭ്യാസം, മെഡിക്കൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി നാവികസേന വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സീമെന്‍ഷിപ്പ്‌, നേവിഗേഷന്‍, ഗച്ചറി, ടോർപ്പിഡോ, ആന്റിസബ്‌മറൈന്‍, ഡൈവിങ്‌, വാർത്താവിനിമയം, സബ്‌മറൈന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെയാണ്‌ എക്‌സിക്യുട്ടീവ്‌ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്‌. നാവികസേനയുടെ യന്ത്രാപകരണങ്ങളുടെയും സബ്‌മറൈന്‍ നേവൽ എയർക്രാഫ്‌റ്റ്‌ തുടങ്ങിയവയുടെയും സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നവരാണ്‌ എന്‍ജിനീയറിങ്‌ വിഭാഗം. ഇലക്‌ട്രിക്കൽ വിഭാഗത്തിൽപ്പെട്ടവർ വൈദ്യുത, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, കപ്പലുകള്‍, അന്തർവാഹിനികള്‍, നേവൽവിമാനങ്ങള്‍ എന്നിവയിലുള്ള റഡാർ സംവിധാനം, കരയിലുള്ള നാവികവൈദ്യുത നിലയങ്ങള്‍ തുടങ്ങിയവയുടെ പ്രവർത്തനങ്ങള്‍ നടത്തുന്നവരാണ്‌. നാവിക ഭടന്മാർക്ക്‌ ഗണിതം, ശാസ്‌ത്രവിഷയങ്ങള്‍, കാലാവസ്ഥാവിജ്ഞാനം, സാമാന്യവിജ്ഞാനം തുടങ്ങിയവയിൽ കൂടുതൽ പരിജ്ഞാനം നല്‌കുന്നത്‌ വിദ്യാഭ്യാസവിഭാഗത്തിന്റെ ചുമതലയാണ്‌; നാവികോദ്യോഗസ്ഥന്മാരും സിവിലിയന്മാരും കൂട്ടായി സേവനമനുഷ്‌ഠിക്കുന്നുവെന്നതാണ്‌ ഈ വിഭാഗത്തിന്റെ സവിശേഷത. നാവിക സേനാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മെഡിക്കൽ വകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌.

നാവിക കമാന്‍ഡുകള്‍

മുംബൈ, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളെ ആസ്ഥാനമാക്കുന്ന പശ്ചിമ, പൂർവ, ദക്ഷിണ കമാന്‍ഡുകളായി ഇന്ത്യന്‍ നാവികസേനയെ വികേന്ദ്രീകരിച്ചിരിക്കുന്നു. ഇവ ഓരോന്നും വൈസ്‌ അഡ്‌മിറൽ റാങ്കിലുള്ള ഫ്‌ളാഗ്‌ ആഫീസർ കമാന്‍ഡിങ്‌ ഇന്‍ ചീഫ്‌മാരുടെ നിയന്ത്രണത്തിലാണ്‌. ദക്ഷിണ-പൂർവ ഏഷ്യന്‍ പ്രദേശങ്ങളിൽ തന്ത്രപ്രധാനമായ പങ്കുവഹിക്കുന്നതാണ്‌ ഇന്ത്യന്‍ സൈന്യത്തിന്റെ 2001-ൽ ആരംഭിച്ച ആന്‍ഡമാന്‍ നിക്കോബാർ കമാന്‍ഡ്‌. ആന്‍ഡമാന്‍ ദ്വീപുകളിൽ പ്രവർത്തിക്കുന്ന ഈ കമാന്‍ഡിൽ ഇന്ത്യന്‍ കര-നാവിക-വ്യോമ-സേനകള്‍ ഒന്നിച്ചു പ്രവർത്തിക്കുന്നു. പശ്ചിമ, പൂർവ കമാന്‍ഡുകള്‍ സദാ യുദ്ധസജ്ജരായി വർത്തിക്കുന്നു; ദക്ഷിണകമാന്‍ഡിന്റെ മുഖ്യധർമം സൈനികപരിശീലനമാണ്‌. കേരളത്തിന്റെ തീരദേശ സുരക്ഷയുടെ ചുമതലയും ദക്ഷിണ കമാന്‍ഡിൽ നിക്ഷിപ്‌തമായിരിക്കുന്നു. നാവികസേനയോടനുബന്ധിച്ചുള്ള സുസജ്ജമായ വൈമാനികവിഭാഗമായ നേവൽ എയർ ആമിന്റെ (നാവിക-വ്യോമസേന) മുഖ്യതാവളങ്ങള്‍ ഗോവ, ആർക്കോണം എന്നിവിടങ്ങളാണ്‌. ഇവിടങ്ങളിലേതു കൂടാതെ വിശാഖപട്ടണം, പോർട്ട്‌ബ്ലയർ, കാർനിക്കോബാർ എന്നിവിടങ്ങളിലും നാവികസേനയുടെ അധീനതയിലുള്ള വിമാനത്താവളങ്ങളുണ്ട്‌. കപ്പൽപ്പടയുടെ മുഖ്യവ്യൂഹങ്ങള്‍ മുംബൈ, വിശാഖപട്ടണം എന്നീ കമാന്‍ഡ്‌ ആസ്ഥാനങ്ങള്‍ക്കു സമീപമാണ്‌ താവളമുറപ്പിച്ചിട്ടുള്ളത്‌. ചെന്നൈ, കൊൽക്കത്ത, ചിൽക്ക, ലോണാവ്‌ല, ജാംനഗർ എന്നിവിടങ്ങളിലും നാവികസേനാത്താവളങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. കർണാടകയിലെ കാർവാറിൽ ഏഷ്യയിലെ ഏറ്റവും വലിയ നാവികത്താവളം പ്രവർത്തനസജ്ജമായിട്ടുണ്ട്‌.

പരിശീലന വിഭാഗം

നാവികസേനയിലേക്കുള്ള ഓഫീസർമാർക്ക്‌ പരിശീലനം നൽകുന്ന ഏഴിമല നാവിക അക്കാദമി ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൈനിക പരിശീലനകേന്ദ്രമാണ്‌. 2009-ൽ പ്രവർത്തനമാരംഭിച്ച ഇത്‌ കച്ചൂർ ജില്ലയിലെ ഏഴിമലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. നാഷണൽ ഡിഫന്‍സ്‌ അക്കാദമിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന നാവികസേനയിലേക്കുള്ള ഉദ്യോഗാർഥികള്‍ക്ക്‌, അവസാന രണ്ട്‌ വർഷത്തെ പരിശീലനം ഏഴിമല അക്കാദമിയിലാണ്‌ നൽകുന്നത്‌. യു.പി.എസ്‌.സി, സർവീസ്‌ സെലക്ഷന്‍ ബോർഡ്‌ എന്നിവ നടത്തുന്ന പരീക്ഷകളിലൂടെയാണ്‌ ഓഫീസർ ട്രയിനികളെ തെരഞ്ഞെടുക്കുന്നത്‌. ഇതുകൂടാതെ ഏഴിമല നാവിക അക്കാദമിയിലേക്ക്‌ നേരിട്ടുള്ള തെരഞ്ഞെടുപ്പുമുണ്ട്‌. ഇന്ത്യയിലെ മാത്രമല്ല, വിദേശത്തെയും നാവികഭടന്മാർക്ക്‌ പരിശീലനം നൽകത്തക്ക രീതിയിലാണ്‌ ഇതിന്റെ പ്രവർത്തനം. ഇലക്‌ട്രിക്കൽ, കമ്യൂണിക്കേഷന്‍, മെക്കാനിക്കൽ എന്‍ജിനീയറിങ്‌ വിഭാഗങ്ങളിൽ ബി.ടെക്‌. ബിരുദമാണ്‌ ഇവിടെ പരിശീലനം നൽകുന്നവർക്ക്‌ ലഭിക്കുക. നീന്തൽ, കടൽസുരക്ഷാ പ്രവർത്തനങ്ങള്‍, സാഹസിക വിനോദങ്ങള്‍ എന്നിവയിലും ഇവിടെ പരിശീലനം നൽകുന്നു.

അതിവേഗം വികസിച്ചുവരുന്ന നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഡയറക്‌ട്‌ എന്‍ട്രി, യൂണിവേഴ്‌സിറ്റി എന്‍ട്രി എന്നീ വ്യത്യസ്‌തപദ്ധതികളിലൂടെയും നേവിയിലേക്ക്‌ ആഫീസർമാരെയും സെയിലർമാരെയും തെരഞ്ഞെടുത്തുവരുന്നു. ഇവരെ പ്രാഥമികപരിശീലനങ്ങള്‍ക്കായി ഏഴിമലയിലും കൊച്ചി, പൂണെ, ജാംനഗർ, മുംബൈ തുടങ്ങിയയിടങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലേക്കും അയയ്‌ക്കുന്നു. കൊച്ചിയിലെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ്‌. വെണ്ടുരുത്തി നാവിഗേഷന്‍ & ഡയറക്ഷന്‍, സബ്‌മറൈന്‍ പ്രതിരോധം, ഡൈവിങ്‌ തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമാണ്‌. ഐ.എന്‍.എസ്‌. ദ്രാണാചാര്യ കൊച്ചിയിൽത്തന്നെയുള്ള ഒരു ഗച്ചറി സ്‌കൂളാണ്‌.

നേവൽ ഏവിയേഷന്‍ വിഭാഗക്കാർക്ക്‌ പരിശീലനം നല്‌കുന്നത്‌ കൊച്ചിയിലെ ഐ.എന്‍.എസ്‌. ഗരുഡയിലാണ്‌; സാധാരണ വിമാനം, ജറ്റ്‌ വിമാനം, ഹെലികോപ്‌റ്റർ, നിരീക്ഷണവിമാനം എന്നിവ പറപ്പിക്കുന്നതിനുള്ള പരിശീലനകേന്ദ്രവും ഐ.എന്‍.എസ്‌. ഗരുഡയിലാണ്‌. മുംബൈയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഐ.എന്‍.എസ്‌. ഹംല എന്ന പേരിലുള്ള കേന്ദ്രം ലോജിസ്റ്റിക്‌സിൽ പരിശീലനം നല്‌കുന്നുണ്ട്‌.

ലോണാവ്‌ലയിലുള്ള ഐ.എന്‍.എസ്‌. ശിവജിയിൽ എന്‍ജിനീയറിങ്‌, ന്യൂക്ലിയർ, ബയോളജിക്കൽ & കെമിക്കൽ വാർഫെയർ എന്നിവയിലുള്ള പരിശീലനവും നല്‌കപ്പെടുന്നു. മെഡിക്കൽ വിഭാഗത്തിന്‌ പ്രത്യേക പരിശീലനം നല്‌കാനുള്ള സ്ഥാപനമാണ്‌ മുംബൈയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ നേവൽ മെഡിസിന്‍. ജാംനഗറിലെ ഐ.എന്‍.എസ്‌. വത്സുറ ഇലക്‌ട്രിക്കൽ ആർട്ടിഫൈസർ കോഴ്‌സും ഇലക്‌ട്രാണിക്‌ റഡാർ, റേഡിയോ തുടങ്ങിയവയിൽ പരിശീലനവും നല്‌കുന്ന കേന്ദ്രമാണ്‌.

ഇന്ത്യന്‍ നാവികസേനയിൽ പ്രവർത്തിക്കുക എന്നത്‌ വളരെ സാഹസികമായ ഒരു കാര്യമാണ്‌. ഇപ്പോള്‍ വനിതകളും ഈ മേഖലകളിലേക്ക്‌ ആകർഷിക്കപ്പെട്ടുവരുന്നു. നേവൽ ആർക്കിടെക്‌റ്റ്‌, നിയമം, വിദ്യാഭ്യാസം, എയർട്രാഫിക്‌ കണ്‍ട്രാള്‍, ഗതാഗതം എന്നീ തുറകളിലാണ്‌ വനിതകള്‍ക്ക്‌ നിയമനം ലഭിക്കുന്നത്‌. നാവികസേനയിൽനിന്ന്‌ അനുഭവസമ്പത്തോടെ പിരിഞ്ഞുവരുന്നവർക്ക്‌ മറ്റു തുറകളിൽ മെച്ചപ്പെട്ട ജോലികള്‍ ലഭിക്കുന്നതിന്‌ സാധ്യതയുണ്ട്‌. കരയിലും കടലിലും ആകാശത്തും ആക്രമണപ്രത്യാക്രമണ പ്രതിരോധങ്ങളിൽ ഏർപ്പെടുന്നതിനുള്ള വൈദഗ്‌ധ്യം നേടിയ ഇന്ത്യന്‍ നാവികസേന ലോകത്തിലെ അഞ്ചാമത്തെ വലിയ നാവികശക്തിയാണ്‌. ഇന്ത്യന്‍ നിർമിതപടക്കപ്പലുകള്‍ ഗുണമേന്മയിൽ വികസിതരാഷ്‌ട്രങ്ങളുടെ കപ്പലുകളോട്‌ കിടനില്‌ക്കുന്നവയാണ്‌. ആയുധസന്നാഹങ്ങളുടെ പര്യാപ്‌തതയിലും ഇന്ത്യന്‍ നാവികസേന മുന്‍പന്തിയിലാണ്‌.

(കമഡോർ എ.സി. മാമ്മന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍