This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആത്മകഥ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ആത്മകഥ
Autobiography
ഒരു വ്യക്തി രചിച്ച സ്വന്തം ജീവിതകഥ. ഒരാളുടെ ജീവിതകഥ മറ്റൊരാള്‍ രേഖപ്പെടുത്തുന്നതിനെ ജീവചരിത്രം എന്നു പറയുന്നു.
ആമുഖം
വിശ്വപ്രസിദ്ധരായ പല എഴുത്തുകാരും ആത്മകഥയെ നിര്‍വചിക്കാന്‍, ശ്രമിച്ചിട്ടുണ്ട്. എച്ച്.എ. ഹെഡ്ജസിന്റെ അഭിപ്രായത്തില്‍ 'ജീവിതാവബോധം' നമ്മുടെ മുന്നില്‍ മഹത്തരവും വിജ്ഞേയവുമായ വിധത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് ആത്മകഥ. എന്നാല്‍ തന്റെ ചിന്തകളുടെയും പ്രവൃത്തികളുടെയും വ്യാപ്തി വിവരിക്കാന്‍ തന്നെക്കാള്‍ മറ്റാരും പ്രാപ്തരല്ലെന്നു ബോധമുള്ളവനാണ് ആത്മകഥാകാരന്‍ എന്ന് എഡ്വേര്‍ഡ് ഗിബ്ബണ്‍ വിലയിരുത്തുന്നു. ഒരു പൂര്‍ണജീവിതത്തിന്റെ താളലയങ്ങള്‍ സന്ദര്‍ഭോചിതമായി പ്രകടിപ്പിക്കാന്‍ ജീവചരിത്രകാരനു കഴിയുമ്പോള്‍ ആത്മകഥാകാരന് സ്വന്തം ജീവിതകഥ പൂര്‍ണമായവതരിപ്പിക്കുവാന്‍ കഴിയുന്നില്ല. അതേ സമയം സ്വന്തം അഭിരുചികളെയും ദൗര്‍ബല്യങ്ങളെയും കുറിച്ചു ബോധ്യമുള്ളതുകൊണ്ട് ആത്മകഥാകൃത്തിനു തന്റെ വ്യക്തിത്വത്തെ പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ കഴിയുന്നു. സാഹിത്യം, സംസ്കാരം, കല, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തില്‍ പ്രശസ്തി നേടിയ ഒരു വ്യക്തി തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സമൂഹത്തിനു മാര്‍ഗദര്‍ശകമാകണമെന്ന ഉദ്ദേശ്യത്തോടെ രചിച്ചിട്ടുള്ള ആത്മകഥകളാണ് കൂടുതല്‍ പ്രശസ്തങ്ങളായിട്ടുള്ളത്. ഗ്രന്ഥരചനയിലെ ശില്പവൈദഗ്ധ്യവും കഥാവതരണത്തിന്റെ സത്യസന്ധതയും ആത്മകഥകളെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. മാതൃകാപരമായ ഒരു ആത്മകഥയില്‍ രചയിതാവിന്റെ ജീവിതത്തിന്റെ ചിത്രീകരണത്തോടൊപ്പം രാഷ്ട്രം, സമൂഹം, കാലഘട്ടം തുടങ്ങിയവയുടെ പ്രതിഫലനവുമുണ്ടായിരിക്കും.
ആത്മകഥ വിശ്വസാഹിത്യത്തില്‍
2200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനയില്‍ ജീവിച്ചിരുന്ന സുമാചിന്‍ എന്നു പേരുള്ള എഴുത്തുകാരന്‍ ആത്മകഥ എഴുതിയതായി രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്രി.മു. 401-ല്‍ സെനൊഫൊന്‍സ് രചിച്ച അനബസിസ് എന്ന കൃതിയും, ക്രി.മു. 1-ാം ശ.-ത്തില്‍ പ്രസിദ്ധീകൃതമായ സിസറോയുടെ കത്തുകളും ജൂലിയസ് സീസറിന്റെ കമന്ററീസ് എന്ന കൃതിയും ഏറെക്കുറെ ആത്മകഥാ സാഹിത്യശാഖയില്‍പ്പെടുത്താവുന്ന ആദ്യകാല കൃതികളാണ്. തൊട്ടുപിന്നാലെയുള്ള ശതകങ്ങളില്‍ ഗ്രീസിലും റോമിലും ജിവിച്ചിരുന്ന ആത്മകഥാകൃത്തുകളാണ് സള്ളാ, സെനെക്ക, ഹോറസ്, ഒവിഡ്, ഗാലന്‍, ലൂസിയന്‍, റോലിയസ്, ഡമാസനസ് എന്നിവര്‍.
സെന്റ് അഗസ്റ്റിന്‍ ലത്തീന്‍ ഭാഷയില്‍ രചിച്ച ആത്മകഥയാണ് കണ്‍ഫഷന്‍സ്. അന്നത്തെ സാമൂഹികവും സാംസ്കാരികവുമായ പരിതഃസ്ഥിതികളുടെ പശ്ചാത്തലത്തില്‍ സ്വന്തം വ്യക്തിത്വത്തെ അഥവാ ആത്മാവിനെക്കുറിച്ചു വിശകലനം ചെയ്യാന്‍ ഇദ്ദേഹം ഈ ആത്മകഥയിലൂടെ ശ്രമിക്കുന്നു. വേദാന്തപരമായ സത്യാന്വേഷണംകൂടി ആത്മകഥാരചനയിലൂടെ ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നതായി കരുതാം.
15-ാം ശ.-ത്തില്‍ മാര്‍ജറി കെമ്പെ രചിച്ച ആത്മകഥയായ ദ് ബുക്ക് ഒഫ് മാര്‍ജറി കെമ്പെയാണ് ഇംഗ്ളീഷ് സാഹിത്യത്തിലെ പ്രധാന ആത്മകഥകളില്‍ ആദ്യത്തേതായി കരുതപ്പെടുന്നത്. എന്നാല്‍ അഞ്ഞൂറുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം 1934-ല്‍ മാത്രമാണ് ലങ്കാഷെയറിലെ ഒരു ലൈബ്രറിയില്‍നിന്നും ഈ കൃതി കണ്ടുകിട്ടിയത്. ദൈവിക ചിന്തകളിലും ആരാധനകളിലും മുഴുകിയ ഒരു സ്ത്രീയുടെ ആത്മീയസംഘട്ടനങ്ങളുടെയും സാഹസികതകളുടെയും നല്ലൊരു വിവരണമാണ് ഈ ഗ്രന്ഥം.
നവോത്ഥാന കാലഘട്ടത്തിലെ (16-ാം ശ.) പ്രധാനപ്പെട്ട രണ്ട് ആത്മകഥകളാണ് ഇറ്റലിക്കാരായ ബെന്‍വെനുറ്റോ സെല്ലിനി, ജറാനിമോ കാര്‍ഡാനോ എന്നിവരുടേത്. ശില്പശാസ്ത്രജ്ഞനായ സെല്ലിനിയും ഭിഷഗ്വരനായ കാര്‍ഡാനോവും ജീവിതാപഗ്രഥനാത്മകമായ രചനാശൈലിയാണു സ്വീകരിച്ചത്. 17-ാം ശ.-ത്തില്‍ ലോഡ് ഹെര്‍ബര്‍ട്, ജോണ്‍ ബന്യന്‍, റിച്ചാഡ് ബാക്സ്റ്റര്‍ എന്നിവര്‍ രചിച്ച ആത്മകഥകള്‍ ആന്തരികമായ മാനസിക സംഘട്ടനത്തിന്റെ അതിശക്തവും വികാരാത്മകവുമായ പ്രകാശകങ്ങളെന്ന നിലയില്‍ ശ്രദ്ധേയങ്ങളായി. ഈ ശതകത്തില്‍ത്തന്നെ മാര്‍ഗരറ്റ് കാവന്‍ഡിഷ്, ലൂസി ഹച്ചിന്‍സന്‍, ലേഡി ഫാര്‍ഷ, മേരി റിച്ചു തുടങ്ങിയ സാഹിത്യകാരികള്‍ രചിച്ച ആത്മകഥകളും പ്രശസ്തങ്ങളാണ്.
18-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ആത്മകഥകളില്‍ റൂസ്സോയുടെ കണ്‍ഫഷന്‍സ് വളരെ പ്രശസ്തി നേടി. നിന്ദ്യമായ ജീവിതരീതി സ്വീകരിച്ചിരുന്ന ഗ്രന്ഥകാരന്‍ തന്റെ ജീവിതകഥ ഒരു സങ്കോചവും കൂടാതെ ഈ ഗ്രന്ഥത്തിലവതരിപ്പിക്കുന്നു. ഒരു ആത്മകഥയെന്ന നിലയില്‍ ഇതിന്റെ രചനാശൈലി പ്രശംസാര്‍ഹമാണ്. എഡ്വേര്‍ഡ് ഗിബണ്‍, എലിസബത്ത് കെയിന്‍സ്, ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, ഡേവിഡ് ഹ്യൂം എന്നിവരും ഈ ശതകത്തിലെ പ്രശസ്തരായ ആത്മകഥാകൃത്തുക്കളാണ്.
19-ഉം 20-ഉം ശതകങ്ങളില്‍ മാതൃകാപരങ്ങളും പ്രശസ്തങ്ങളുമായ അനേകം ആത്മകഥകള്‍ രചിക്കപ്പെട്ടു. തള്‍സ്തായ്, മാക്സിം ഗോര്‍ക്കി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഹിറ്റ്ലര്‍, വെര്‍ജിനിയ വുള്‍ഫ്, സോമര്‍സെറ്റ് മോം, എച്.ജി. വെല്‍സ്, ഴാങ് പോള്‍ സാര്‍ത്ര്, രബീന്ദ്രനാഥ ടാഗൂര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ആത്മകഥകള്‍ ഉദാഹരണങ്ങളാണ്. തള്‍സ്തായിയുടെ ആത്മകഥ (ശൈശവം-ബാല്യം-യൗവനം) 19-ാം ശ.-ത്തിലെ ഈ സാഹിത്യവിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രന്ഥമായി കണക്കാക്കാം. 20-ാം ശ.-ത്തിലെ മികച്ച മാതൃകാആത്മകഥയാണ് ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഈ കൃതിയില്‍ തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള സംഭവങ്ങളെ ഒളിവോ മറവോ കൂടാതെ വെളിപ്പെടുത്തുന്ന ഗാന്ധിജി സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠമായിത്തീരാന്‍ ആഗ്രഹിച്ചിരുന്നതായി കാണാം.
ആത്മകഥ ഭാരതീയ സാഹിത്യത്തില്‍
ഗ്രന്ഥത്തിന്റെ ആരംഭത്തിലോ അവസാനഭാഗത്തോ ഗ്രന്ഥകര്‍ത്താക്കള്‍ തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ സംക്ഷിപ്തമായോ വിശദമായോ നല്കുന്ന രീതി സംസ്കൃതം, പ്രാകൃതം, പാലി തുടങ്ങിയ ഭാരതീയ ഭാഷകളിലെ സാഹിത്യത്തില്‍ നിലവിലിരുന്നു. ഇതിഹാസരചയിതാക്കളായ വാല്മീകിയും വ്യാസനും യഥാക്രമം ഉത്തരരാമായണത്തിലും മഹാഭാരതത്തിലും അപ്രധാനമല്ലാത്ത കഥാപാത്രങ്ങള്‍ കൂടിയാണ്. എന്നാല്‍ ആത്മകഥ എന്ന രീതിയില്‍ എഴുതപ്പെട്ട കൃതികള്‍ പ്രാചീന ഭാരതീയ സാഹിത്യത്തില്‍ വിരളമാണ്. ഗദ്യത്തിലും പദ്യത്തിലുമുള്ള ജീവചരിത്രഗ്രന്ഥങ്ങള്‍ സംസ്കൃതസാഹിത്യത്തിലും പ്രാകൃതം, പാലി തുടങ്ങിയ ഭാഷകളിലും വിരളമല്ല. പാശ്ചാത്യ സാഹിത്യത്തിലെ ആത്മകഥകളുടെ തര്‍ജുമയും അനുകരണവും വഴി 19-ാം ശ.-ത്തിലാണ് ആത്മകഥാശാഖ ഭാരതീയ സാഹിത്യത്തില്‍ വളര്‍ച്ച നേടിയത്. വളരെപ്പെട്ടെന്നുതന്നെ എല്ലാ ഭാരതീയ ഭാഷകളിലും ഇന്ത്യന്‍-ഇംഗ്ളീഷ് സാഹിത്യത്തിലും പ്രധാന സാഹിത്യവിഭാഗങ്ങളിലൊന്നായി ആത്മകഥാസാഹിത്യം വളര്‍ച്ച നേടി.
ഹിന്ദി
ഹിന്ദിയിലെ ആദ്യത്തെ ആത്മകഥയായറിയപ്പെടുന്നത് ബനാറസീദാസിന്റെ അര്‍ധകഥാനക് (1641) ആണ്. ഇത് പദ്യത്തിലാണു രചിച്ചിട്ടുള്ളത്. എന്നാല്‍ ആധുനികാര്‍ഥത്തിലുള്ള ആത്മകഥ ഹിന്ദി സാഹിത്യത്തില്‍ വളര്‍ച്ച നേടിയത് 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ്. ഇതിലാദ്യത്തേതായി കണക്കാക്കാവുന്നത് സ്വാമി ദയാനന്ദ സരസ്വതിയുടെ ആത്മകഥയാണ്. 1879 ഒ. മുതല്‍ 1880 ന. വരെ തിയോസഫിസ്റ്റ് മാസികയില്‍ ഇതു പ്രസിദ്ധീകരിച്ചു.
20-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ത്തന്നെ ഹിന്ദിയില്‍ ലക്ഷണയുക്തങ്ങളായ അനേകം ആത്മകഥകള്‍ രചിക്കപ്പെട്ടു. ഭായി പരമാനന്ദന്റെ കാലേ പാനീ കീ കര്‍വാസ് കഹാനി എന്ന ആത്മകഥയില്‍ ബ്രിട്ടീഷ് ജയിലുകളില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്ന കൊടുംയാതനയുടെ കരളലിയിക്കുന്ന കഥകള്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്വാമി ശ്രദ്ധാനന്ദയുടെ കല്യാണ്‍ മാര്‍ഗ് കാ പഥിക് എന്ന ആത്മകഥയില്‍ പ്രബോധനത്തിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.
പ്രേംചന്ദ് പ്രസിദ്ധീകരിച്ചിരുന്ന ഹംസ് മാസികയുടെ 1931 സെപ്.-ലെ പതിപ്പ് ആത്മകഥാപതിപ്പായാണ് പ്രസിദ്ധീകൃതമായത്. ഇതില്‍ പ്രേംചന്ദ്, ലക്ഷ്മീധര്‍ വാജ്പേയി, ജയശങ്കര്‍ പ്രസാദ്, രാമചന്ദ്രശുക്ള, വിനോദ് ശങ്കര്‍വ്യാസ്, ഭായി പരമാനന്ദ്, ശ്രീനാഥ് സിന്‍ഹ, ജൈനേന്ദ്ര കുമാര്‍ തുടങ്ങി മുപ്പത്തിരണ്ടുപേരുടെ ആത്മകഥാകുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് ഹിന്ദിയില്‍ ആത്മകഥാസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു മാര്‍ഗദര്‍ശകവും പ്രചോദകവുമായി. ഈ കാലഘട്ടത്തില്‍ത്തന്നെ രചിക്കപ്പെട്ട സ്വാമി സത്യാനന്ദന്റെ സ്വതന്ത്രതാ കീ ഖോജ് എന്ന ആത്മകഥയും രാമപ്രസാദ് ബിസ്മില്‍, ലാലാ ലജ്പത്റായ് എന്നിവരുടെ ആത്മകഥകളും ഹിന്ദിയിലെ ലക്ഷണയുക്തമായ ആത്മകഥകള്‍ക്കുദാഹരണങ്ങളാണ്.
നിരൂപകനും ഗവേഷകനും മഹാനിഘണ്ടുകാരനുമായിരുന്ന ശ്യാം സുന്ദര്‍ ദാസിന്റെ മേരീ ആത്മകഹാനീ (1941) ഹിന്ദിയിലെ ഏറ്റവും പ്രശസ്തമായ ആത്മകഥകളിലൊന്നാണ്. നാഗരി ഹിന്ദി പ്രചാരിണിസഭ (കാശി)യുടെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്ന ഇദ്ദേഹം സഭയുടെ ഉദ്ഭവവികാസങ്ങളെക്കുറിച്ചും അന്നത്തെ ഹിന്ദി സാഹിത്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചും ഈ കൃതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്. വിയോഗിഹരിയുടെ മേരാ ജീവന്‍ പ്രവാഹ് (1948) എന്ന ആത്മകഥയില്‍ ഹിന്ദി സാഹിത്യസമ്മേളന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദളിതോദ്ധാരണ പരിപാടികളെക്കുറിച്ചും പ്രത്യേകമായി വിവരിക്കുന്നു. രാഹുല്‍ സാംകൃത്യായന്റെ മേരീ ജീവന്‍ യാത്രാ എന്ന ആത്മകഥ നാലു ഭാഗങ്ങളുള്ള ഒരു ബൃഹദ്ഗ്രന്ഥമാണ്. ശാന്തിപ്രിയ ദ്വിവേദിയുടെ പരിവ്രാജ് കി പ്രജാ (1952), ദേവേന്ദ്ര സത്യാര്‍ഥിയുടെ ചാന്ദ് സൂരജ് കെ ബീരന്‍ (ചന്ദ്രന്‍ സൂര്യന്റെ സഹോദരന്‍) എന്നീ ആത്മകഥകള്‍ ഇവയുടെ രചനാശൈലിയുടെ പ്രത്യേകതകൊണ്ട് ശ്രദ്ധേയങ്ങളാണ്. സേഠ് ഗോവിന്ദദാസിന്റെ ആത്മനിവേദന്‍ (മൂന്നു ഭാഗങ്ങള്‍), ഡോ. രാജേന്ദ്രപ്രസാദിന്റെ ആത്മകഥ ഇവയില്‍ സ്വാതന്ത്ര്യസമരചരിത്രത്തിനും ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്. മന്മഥനാഥ് ഗുപ്ത രചിച്ച ദെ ലിവ്ഡ് ഡെയ്ഞ്ചറസ്ലി എന്ന ആത്മകഥ സ്വാതന്ത്ര്യസമരത്തില്‍ വിപ്ളവകാരികള്‍ വഹിച്ച പങ്ക് തുറന്നുകാട്ടുന്നു.
ഉപേന്ദ്രനാഥ് അശ്ക് രചിച്ച സ്യാദാ അപ്നീ കം പരായി (മുന്തിയ പങ്ക് സ്വന്തം, കുറച്ചു മറ്റുള്ളവരുടെയും), പദുമലാല്‍ പുന്നാലാല്‍ ബക്ഷി രചിച്ച മേരീ അപ്നീ കഥാ (എന്റെ സ്വന്തം കഥ) എന്നീ ആത്മകഥകളില്‍ തങ്ങളുടെ സാഹിത്യജീവിതത്തിനും സമകാലികസാഹിത്യസംഭവങ്ങളുടെ വിവരണത്തിനും പ്രത്യേകം പ്രാധാന്യം നല്കിയിട്ടുണ്ട്. ശൈലീവല്ലഭനായിരുന്ന പണ്ഡിത് ബേച്ചന്‍ ശര്‍മാ 'ഉഗ്ര്' അപ്നീ ഖബര്‍ (സ്വന്തം വര്‍ത്തമാനം) എന്ന കൃതിയില്‍ തന്റെ ഇരുപത്തിഒന്നു വയസ്സുവരെയുള്ള ജീവിതകഥയേ പറയുന്നുള്ളു. ഡോ. ദേവരാജ് ആകട്ടെ മനോവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിലാണ് ആത്മകഥയായ യൗവന്‍ കെ ദ്വാര്‍ പര്‍ (യൗവനത്തിന്റെ തിരുമുറ്റത്ത്) എഴുതിയിരിക്കുന്നത്. അംബികാ പ്രസാദ് വാജ്പേയി, ബാലകൃഷ്ണശര്‍മാ 'നവീന്‍', ഗുലാബ് റായി, ഹരിഭാവു ഉപാധ്യായ്, സുധാകര്‍ ദ്വിവേദി, രാംവിലാസ് ശുക്ള, ഇന്ദ്രവിദ്യാ വാചസ്പതി, വിനോദ് ശങ്കര്‍ വ്യാസ്, ചതുര്‍സേന ശാസ്ത്രി എന്നിവരുടെ ആത്മകഥകളും ഹിന്ദിസാഹിത്യത്തിലെ അറിയപ്പെടുന്ന കൃതികളാണ്.
ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രശസ്തങ്ങളായ രണ്ടു കൃതികളാണ് നോവലിസ്റ്റായ യശ്പാലിന്റെയും കവിയായ ഹരിവംശ്റായ് ബച്ചന്റെയും ആത്മകഥകള്‍. യശ്പാല്‍ മൂന്നു ഭാഗങ്ങളിലായാണ് തന്റെ ആത്മകഥയായ സിംഹാവലോകന്‍ (1951-55) പ്രസിദ്ധീകരിച്ചത്. തന്റെ സാഹസികമായ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കും ചിന്താഗതിക്കും യശ്പാല്‍ ഇതില്‍ പ്രാധാന്യം നല്കിയിട്ടുണ്ട്. ഹിന്ദിയില്‍ ഇത്തരത്തില്‍ രചിക്കപ്പെട്ട മറ്റൊരു കൃതി മന്മഥ്നാഥ് ഗുപ്തയുടെ ജീവിച്ചിടുന്നു മൃതിയിലാണ്. ആധുനിക ഹിന്ദികവികളില്‍ പ്രമുഖനായ ഹരിവംശറായ് ബച്ചനും നാലു ഭാഗങ്ങളിലായാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ക്യാ ഭൂലൂം ക്യാ യാദ് കരൂം (എന്തുമറക്കും എന്ത് ഓര്‍ക്കും, 1969), നീഡ് കാ നിര്‍മാണ്‍ ഫിര്‍ (വീണ്ടും കൂടുകൂട്ടല്‍, 1970), ബസേരേ സേ ദൂര്‍ (വീട്ടില്‍ നിന്നകലെ, 1982), ദശദ്വാര്‍ സേ സോപാന്‍ തക് എന്നീ പേരുകളിലാണ് ഈ ഭാഗങ്ങള്‍ പ്രസിദ്ധീകൃതമായത്.
ബംഗാളി
19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് ആധുനികാര്‍ഥത്തിലുള്ള ആത്മകഥ ബംഗാളി സാഹിത്യത്തില്‍ രചിക്കപ്പെട്ടു തുടങ്ങിയത്. ബംഗാളിക്കു പുറമേ സംസ്കൃതം, പേര്‍ഷ്യന്‍ ഭാഷകളിലും സാഹിത്യത്തിലും നിഷ്ണാതനായിരുന്ന കൃഷ്ണചന്ദ്രമജുംദാറിന്റെ രാസെര്‍ ഇതിവൃത്ത (1868) ബംഗാളിയിലെ ആദ്യത്തെ ആത്മകഥയായറിയപ്പെടുന്നു. എന്നാല്‍ ലക്ഷണയുക്തമായ ആദ്യത്തെ ആത്മകഥയായി പ്രശസ്തമായത് കിഴക്കന്‍ ബംഗാളില്‍ ജീവിച്ചിരുന്ന രാസസുന്ദരി ദാസി എന്ന വീട്ടമ്മ രചിച്ച ആമാര്‍ ജീവന്‍ (എന്റെ ജീവിതം, 1876) ആണ്. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ആത്മകഥ (1891), ദേവേന്ദ്രനാഥ ടാഗോറിന്റെ ആത്മജീവനി (1898), രാജ് നാരായണ്‍ ബസുവിന്റെ ആത്മചരിത (1909), പണ്ഡിറ്റ് ശിവനാഥശാസ്ത്രിയുടെ ആത്മചരിത്, ശ്രീനാഥ് ചന്ദ്രന്റെ ബ്രഹ്മസമാജെ ചാലീസ് ബത്സര്‍ (1912) എന്നീ ആദ്യകാല ആത്മകഥകള്‍ ഋഷിതുല്യരായിരുന്ന ഈ മഹാന്മാരുടെ ജീവചരിത്രത്തെയും അക്കാലത്തെ ബംഗാളിലെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും വിശദീകരിക്കുന്നു. മീര്‍മുസാറഫ് ഹുസൈന്‍ രചിച്ച ആമാര്‍ ജീവന്‍ (1908-10) എന്ന ആത്മകഥ ബംഗാളിലെ മുസ്ലിം കുടുംബങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ അടുത്തറിയാന്‍കൂടി സഹായിക്കുന്നു.
നോബല്‍ സമ്മാനം ലഭിച്ച ഏക ഭാരതീയ സാഹിത്യകാരനായ രബീന്ദ്രനാഥ ടാഗൂറിന്റെ ജീവന്‍ സ്മൃതി എന്ന ആത്മകഥ (1912) ഭാരതീയ സാഹിത്യത്തിലെ തന്നെ പ്രമുഖ കൃതികളിലൊന്നാണ്. ഇദ്ദേഹത്തിന്റെ തന്നെ സ്മരണ്‍, ബാരീന്ദ്രകുമാര്‍ ഘോഷിന്റെ ആമാര്‍ ആത്മകഥ, സുരേഷ് ചന്ദ്രചക്രവര്‍ത്തിയുടെ ആത്മജീവനി, പ്രമദാചൗധരിയുടെ ആത്മകഥ, ഉല്ലാസ് കര്‍ദത്തയുടെ ആമാര്‍ കരാ ജീവന്‍, കേദാരനാഥ് ബന്ദ്യോപാധ്യായയുടെ ആമാര്‍ സാഹിത്യജീവന്‍, ചാരുചന്ദ്രദത്തയുടെ സ്മൃതികഥ, പ്രസന്നമയീ ദേവിയുടെ പൂര്‍വകഥ, പ്രതിമാദേവിയുടെ സ്മൃതിചിത്ര എന്നിവയും സാഹിത്യകാരന്മാരുടെ ആത്മകഥകള്‍ എന്ന നിലയില്‍ സാഹിത്യലോകത്തെക്കുറിച്ചു പ്രത്യേക പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഉപേന്ദ്രനാഥ ബന്ദ്യോപാധ്യായ രചിച്ച നിര്‍വാസിതേര്‍ ആത്മകഥ (പ്രവാസിയുടെ ആത്മകഥ, 1921), ഹേമചന്ദ്രകനുംഗോയുടെ ആമാര്‍ വിപ്ളവചേഷ്ട (എന്റെ വിപ്ളവ പ്രവര്‍ത്തനങ്ങള്‍), ബരീന്ദ്രകുമാര്‍ ഘോഷിന്റെ ദീപാന്തരേര്‍ ബാന്‍സി (നാടുകടത്താനുള്ള ആഹ്വാനം, 1917) എന്നീ ആത്മകഥാഗ്രന്ഥങ്ങള്‍ സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന വിപ്ളവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്കിക്കൊണ്ടു രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ബംഗാളിലെ കലാരംഗവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികള്‍ രചിച്ച ആത്മകഥകളില്‍ പ്രമുഖങ്ങളാണ് നാടകഗായികയായിരുന്ന ബിനോദിനിദാസി രചിച്ച ആമാര്‍ കഥ (എന്റെ കഥ 1913), സിനിമാനടനും സംവിധായകനുമായിരുന്ന മധുബാസു രചിച്ച ആമാര്‍ ജീവന്‍ (1967), നാടോടി ഗാനരചയിതാവായിരുന്ന അബ്ബാസ് ഉദിന്‍ അഹമ്മദ് രചിച്ച ആമാര്‍ ശില്പിജീവനേര്‍കഥ (കലാകാരനെന്ന നിലയിലുള്ള എന്റെ ജീവിതകഥ), നടനായിരുന്ന ധീരജ് ഭട്ടാചാര്യ രചിച്ച യഖന്‍ നായക് ചിലാം (ഞാന്‍ നായകനായി അഭിനയിച്ചപ്പോള്‍), അഹീന്ദ്ര ചൗധരി രചിച്ച നിജേരെ ഹരായെ ഖുന്‍ജി (നഷ്ടപ്പെട്ട എന്റെ സ്വത്വത്തിനു വേണ്ടിയുള്ള അന്വേഷണം), നടിയായ കാനന്‍ ദേവി രചിച്ച സബാരെ ആമിനാമി (ഞാന്‍ എല്ലാവരെയും നമസ്കരിക്കുന്നു), പൗരസ്ത്യ കലാലോകത്തെ അഭിവന്ദ്യഗുരുഭൂതനായ അബനീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഘരോയ (ഹൃദയംഗമമായ സംഭാഷണം), ജൊറാസങ്കോര്‍ധാരെ (ജൊറാസങ്കോവിനു സമീപം) എന്നിവ.
സ്ത്രീകള്‍ രചിച്ച ആത്മകഥകളില്‍ ഇന്ദിരാദേവിയുടെ ആമാര്‍ഖാട്ടാ (എന്റെ സ്കെച്ച് ബുക്ക്), ജ്ഞാനദാന്ദിനീ ദേവിയുടെ പുരാതനി (കഴിഞ്ഞകാലത്തെപ്പറ്റി), സരളാ ബാലസര്‍ക്കാറിന്റെ ഹാരാനൊ അതീത് (നഷ്ടപ്പെട്ട കഴിഞ്ഞകാലം), സുദക്ഷിണാസെന്നിന്റെ ജീവനസ്മൃതി (ജീവിതസ്മരണകള്‍), പ്രതിമാ ടാഗോറിന്റെ സ്മൃതിചിത്ര (സ്മരണകള്‍), മൈത്രേയീദേവിയുടെ നഹന്യതേ (ഇതു നശിപ്പിക്കപ്പെടുന്നില്ല) എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നവയാണ്.
കൃഷ്ണകുമാര്‍ മിത്രയുടെ ആത്മചരിതം (1930), രജനീകാന്തയുടെ ആത്മചരിത് (1949), പവിത്ര ഗംഗോപാധ്യായയുടെ ചലമാന്‍ ജീവന്‍, ഇബ്രാഹിം ഖാന്റെ വാതായന്‍ (ജനല്‍, 1967), അബ്ദുല്‍ കലാം ഷംസുദിന്റെ അതീത് ദിനേര്‍സ്മൃതി (ഭൂതകാലസ്മരണകള്‍, 1968), ബുദ്ധദേവബസുവിന്റെ ആമാര്‍ശൈശവ് (എന്റെ ശൈശവം), ആമാര്‍ യൗവനം എന്നീ കൃതികള്‍, സൗമ്യേന്ദ്രനാഥ ടാഗോറിന്റെ യാത്രി (സഞ്ചാരി), ബാലെചന്ദ്മുഖോപാധ്യായയുടെ പശ്ചാത്പട് (പശ്ചാത്തലം, 1979), ബിനോദ് ബിഹാരി മുഖോപാധ്യായയുടെ ചിത്രകാര്‍ (ചിത്രകാരന്‍, 1979) എന്നിവ ആധുനിക കാലത്തു രചിക്കപ്പെട്ട ആത്മകഥകളില്‍ പ്രമുഖങ്ങളാണ്.
ഗുജറാത്തി
ഗുജറാത്തിയിലെ ജീവചരിത്രസാഹിത്യത്തിന്റെയും ആത്മകഥാപ്രസ്ഥാനത്തിന്റെയും പുരസ്കര്‍ത്താവും മാര്‍ഗദര്‍ശിയും 'നര്‍മദ്' (1833-86) ആണ്. 1934-ല്‍ മാത്രം പ്രസാധിതമായ മേരിഹക്കിക്കത് (എന്നെ സംബന്ധിച്ച വിവരങ്ങള്‍) ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. മണിലാല്‍ നഭുഭായി ദ്വിവേദി (1858-98) തന്റെ ആദ്യത്തെ 27 വര്‍ഷത്തെ ജീവിതകഥ വിവരിച്ചു കൊണ്ടു രചിച്ച ആത്മവൃത്താന്ത് എന്ന കൃതി മണിലാല്‍ നുണ്‍ജീവന്‍ വൃത്താന്ത് (മണിലാലിന്റെ ജീവിതകഥ) എന്ന പേരില്‍ 1979-ല്‍ ധീരുഭായി ഠാക്കര്‍ പ്രസാധനം ചെയ്തു പ്രസിദ്ധീകരിച്ചു. ഗുജറാത്തില്‍ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാഴ്സി സ്ത്രീ രചിച്ച ആത്മകഥയാണ് ഷിറീന്‍ മാഡം (1890). നാരായണ്‍ ഹേമചന്ദ്ര (1855-1911) രചിച്ച ആത്മകഥയാണ് ഹുന്‍ പോതെ (ഞാന്‍ ഞാന്‍ തന്നെ, 1900).
ലോകസാഹിത്യത്തില്‍ത്തന്നെ 20-ാം ശ.-ത്തില്‍ രചിക്കപ്പെട്ട ആത്മകഥകളില്‍ ഏറ്റവും പ്രശസ്തമായവയുടെ കൂട്ടത്തിലുള്‍പ്പെടുന്നതാണ് മഹാത്മാഗാന്ധിയുടെ സത്യാനാ പ്രയോഗോ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, 1927). ഗുജറാത്തി ഭാഷയിലെ പ്രശസ്തമായ മറ്റൊരു ആത്മകഥയാണ് കാകാ കാലേല്‍ക്കറുടെ സ്മരണ്‍യാത്ര (ഓര്‍മകളില്‍ കൂടിയുള്ള സഞ്ചാരം, 1934). നോവലിസ്റ്റും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.എം. മുന്‍ഷി തന്റെ ജീവിതത്തെ മൂന്നുകാലഘട്ടമായി തിരിച്ച് അഡഥേരസ്തെ (പകുതിവഴിയില്‍, 1942), സീധാങ് ചഢാണ്‍ (കുത്തനെയുള്ള കയറ്റം, 1943), സ്വപ്നസിദ്ധിനി സോധമാം (സ്വപ്നസാക്ഷാത്കരണത്തിന്റെ കണ്ടെത്തല്‍, 1953) എന്നീ പേരുകളില്‍ മൂന്നു ഗ്രന്ഥങ്ങളിലായി ആത്മകഥ വിവരിക്കുന്നു.
കവിയായിരുന്ന നാനാലാല്‍ ദല്‍പത്റാം തന്റെ ആദ്യത്തെ 35 വര്‍ഷത്തെ ജീവചരിത്രം അര്‍ധശതാബ്ദീന അനുഭവ്ബോല്‍ (അര ശതാബ്ദ കാലത്തെ അനുഭവങ്ങളുടെ വാക്കുകള്‍, 1927) എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്ന ശാരദാബെന്‍ സുമന്ത്മേത്താ രചിച്ച ആത്മകഥയാണ് ജീവനസംഭരണാന്‍ (ജീവിതസ്മരണകള്‍, 1938), കനുബഹന്‍ദാവെ രചിച്ച ജീവന്‍സ്മൃതി തഥാ നോന്ധ്പോതി (ജീവിതസ്മരണകളും നോട്ട് ബുക്കും, 1938) എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്രി തന്റെ ജീവിതചരിത്രത്തോടൊപ്പം കുടുംബം, വിവാഹം, പ്രേമം തുടങ്ങിവയെപ്പറ്റിയുള്ള സുചിന്തിതമായ വിലയിരുത്തലുകളും അവതരിപ്പിക്കുന്നു.
ഗുജറാത്തിഭാഷയില്‍ ആധുനികകാലത്തു രചിച്ച ആത്മകഥകളില്‍ ധന്‍സുഖ്ലാല്‍ മേത്ത രചിച്ച അഥമ്തെ അജവാലെ (അസ്തമയ പ്രകാശത്തില്‍, 1944), കവിയായിരുന്ന ബല്‍വന്ത്റായ് ടാഗോര്‍ രചിച്ച പഞ്ചോത്തര്‍മേ (എഴുപത്തിയഞ്ചാം വയസ്സില്‍, 1946), മഹാത്മാഗാന്ധിയുടെ ഭാഗിനേയനായ പ്രഭുദാസ് ഗാന്ധി രചിച്ച ജീവന്നുംപരോഡ് (ജീവിത പ്രഭാതം, 1948), ഹരിപ്രസാദ് വ്രജലാല്‍ ദേശായി രചിച്ച നാനാ ഹതാത്യാരെ (ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍, 1946), ചെറുകഥാകൃത്തായ 'ധൂമകേതു'വിന്റെ ജീവന്‍ പന്ഥ് (ജീവിതപ്പാത, 1949), ജീവന്‍ രംഗ് (1956) എന്നീ രണ്ടു ഭാഗങ്ങളിലുള്ള കൃതി, നോവലിസ്റ്റായ രമണ്‍ലാല്‍ വസന്ത്ലാല്‍ ദേശായി രചിച്ച ഗയ്കാല് (കഴിഞ്ഞകാലം, 1950), മധ്യാഹ്നനാന്‍ മൃഗ്ജല്‍ (മധ്യാഹ്ന സമയത്തെ മൃഗതൃഷ്ണ, 1956) എന്നീ കൃതികള്‍, നാടകകൃത്തായ ചന്ദ്രവദന്‍ ചിമന്‍ലാല്‍ മേത്ത രചിച്ച ബന്ധ്ഗഠരിയാണ്‍ (സഞ്ചികെട്ടിയപ്പോള്‍, 1954), ഛോഡ് ഗഠരിയാണ്‍ (സഞ്ചി അഴിച്ചപ്പോള്‍, 1955) എന്നീ രണ്ടു ഭാഗങ്ങളിലുള്ള കൃതി, സഫര്‍ ഗഠരിയാണ്‍ (യാത്രാസഞ്ചി, 1956) എന്ന ശീര്‍ഷകത്തില്‍ മറ്റൊരു കൃതി, വിദ്യാഭ്യാസ വിചക്ഷണനായിരുന്ന നാനാഭായി ഭട്ട് രചിച്ച ഘഡാതാര്‍ അനെചണ്ടാതര്‍ (രൂപപ്പെടുത്തലും പണിയും, 1959), സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഇന്ദുലാല്‍ യാജ്ഞിക് രചിച്ച അഞ്ചുവാല്യങ്ങളുള്ള ആത്മകഥാഗ്രന്ഥം, കലാകാരനായിരുന്ന രവിശങ്കര്‍ രചിച്ച ആത്മകഥാനക് (1967) എന്നിവ പ്രസിദ്ധങ്ങളാണ്.
മറാഠി
സിദ്ധകവികളുടെ കവിതകളില്‍ ആത്മകഥാപരമായ പരാമര്‍ശങ്ങള്‍ കാണാമെങ്കിലും ആത്മകഥാസാഹിത്യശാഖ മറാഠിയില്‍ വളര്‍ച്ച നേടുന്നത് കുറേക്കൂടി സമീപകാലത്തുമാത്രമാണ്. സിദ്ധകവികളിലൊരാളായ തുക്കാറാമിന്റെ സമകാലികയായ ബഹിനാഭായി (17-ാം ശ.) തുക്കാറാമിന്റെ ശിഷ്യയാകുന്നതു വരെയുള്ള തന്റെയും തന്റെ കുടുംബത്തിന്റെയും കദനകഥ പദ്യരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗദ്യരൂപത്തിലുള്ള ആദ്യത്തെ മറാഠി ആത്മകഥ നാനാഫഡ്ണീസ് (18-ാം ശ.) രചിച്ചതാണ്. എന്നാല്‍ ഗ്രന്ഥകര്‍ത്താവ് തന്റെ ജീവിതത്തിലെ തിരഞ്ഞെടുത്ത ചില സംഭവങ്ങള്‍ മാത്രമേ ഇതില്‍ വിശദീകരിക്കുന്നുള്ളു.