This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:06, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇന്ത്യ

ദക്ഷിണ ഏഷ്യയിലെ ഒരു പരമാധികാര ജനായത്ത രാഷ്‌ട്രം; നിസ്സഹകരണം, നിയമലംഘനം, സത്യാഗ്രഹം തുടങ്ങിയ അക്രമരാഹിത്യമാർഗങ്ങളിലൂടെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിൽ നിന്നും സ്വാതന്ത്യ്രം നേടിയെടുത്തതിലൂടെ ലോക രാഷ്‌ട്രങ്ങള്‍ക്കിടയിൽ സവിശേഷ ശ്രദ്ധ നേടി. ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ വലുപ്പത്തിൽ ഏഴാം സ്ഥാനത്തും ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തും നില്‌ക്കുന്നു. വ. അക്ഷാ. 8º04' മുതൽ 37º06' വരെയും കി. രേഖാ. 68º07' മുതൽ 97º25' വരെയും വ്യാപ്‌തിയുള്ള ഇന്ത്യയുടെ വിസ്‌തീർണം 32,87,263 ച.കി.മീ. ആണ്‌. തെക്കുവടക്ക്‌ നീളം 3214 കി.മീ. കിഴക്കുപടിഞ്ഞാറ്‌ വീതി 2933 കി.മീ. ആണ്‌ (1982 മാർച്ച്‌ 31-ലെ താത്‌ക്കാലിക കണക്ക്‌). 15200 കി.മീ. ആണ്‌ അയൽ രാജ്യങ്ങളുമായി പങ്കിടുന്ന അതിർത്തിയുടെ നീളം. ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാറുമടക്കം 7516 കി.മീ. കടൽത്തീരമാണ്‌. കൃഷിയോഗ്യമായ ഭൂമിയുടെ വിസ്‌തൃതിയെ ആസ്‌പദമാക്കി വീക്ഷിക്കുമ്പോള്‍ ലോകരാഷ്‌ട്രങ്ങളിൽ മൂന്നാംസ്ഥാനം വഹിക്കുന്ന ഇന്ത്യ പ്രധാനമായും ഒരു കാർഷിക രാജ്യമാണ്‌. തലസ്ഥാനം ന്യൂഡൽഹി (നയീദില്ലി). ജനസംഖ്യ : 1,02,70,15,247 (2001).

ഇന്ത്യയുടെ വടക്കെ അതിര്‌ ഹിമാലയനിരകളും മുഷ്‌ത്തഖ്‌ ആത, അഖിൽ, കുന്‍ലുന്‍ തുടങ്ങിയ അത്യുന്നത പർവതങ്ങളും ആണ്‌; നേപ്പാള്‍, ഭൂട്ടാന്‍, ചൈന എന്നിവയാണ്‌ ഈ ഭാഗത്തെ അയൽരാജ്യങ്ങള്‍. കിഴക്കുഭാഗത്ത്‌ പട്‌കായ്‌ തുടങ്ങിയ മലനിരകളാൽ മ്യാന്‍മറിൽനിന്നു വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനങ്ങളായ പ. ബംഗാള്‍, അസം, ത്രിപുര, മേഘാലയ എന്നിവയ്‌ക്കിടയ്‌ക്കുള്ള ഭൂഭാഗം ബാംഗ്ലദേശ്‌ എന്ന സ്വതന്ത്രരാജ്യമാണ്‌. പടിഞ്ഞാറെ അതിർത്തിരാജ്യങ്ങള്‍ അഫ്‌ഗാനിസ്‌താനും പാകിസ്‌താനുമാണ്‌. ഉത്തരായണരേഖയ്‌ക്ക്‌ താഴെയുള്ള ഭൂഭാഗത്തിന്‌ തെക്കോട്ടു ശീർഷമായ ത്രികോണാകൃതിയാണ്‌ ഉള്ളത്‌; പടിഞ്ഞാറ്‌ അറബിക്കടലിനും കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടലിനും ഇടയ്‌ക്കാണ്‌ ഈ ഉപദ്വീപിന്റെ കിടപ്പ്‌. തെക്കതിര്‌ ഇന്ത്യാസമുദ്രമാണ്‌. ഇന്ത്യയുടെ തെ.കി. ഭാഗത്ത്‌ മന്നാർ ഉള്‍ക്കടലിനാൽ വേർപ്പെടുത്തപ്പെട്ട്‌, ദ്വീപരാഷ്‌ട്രമായ ശ്രീലങ്ക സ്ഥിതിചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യത്തായുള്ള ആന്‍ഡമാന്‍-നിക്കോബാർ ദ്വീപസമൂഹങ്ങളും അറബിക്കടലിൽ കേരളത്തിനു സമീപം സ്ഥിതിചെയ്യുന്ന ലക്ഷദ്വീപുകളും ഇന്ത്യയുടെ അധികാര പരിധിയിൽപ്പെടുന്ന പ്രദേശങ്ങളാണ്‌.

ഹിമാലയനിരകള്‍ക്കു തെക്കുള്ള ഉപഭൂഖണ്ഡം ആര്യന്മാരുടെ കാലം മുതല്‌ക്കേ ഭാരതം എന്നാണ്‌ അറിയപ്പെട്ടു പോന്നത്‌. ഇതിന്റെ വ. പടിഞ്ഞാറുള്ള സാഗരതുല്യമായിരുന്ന വന്‍നദിയെ അവർ സിന്ധു എന്നു വിളിച്ചിരുന്നു. ബി.സി. 522-ൽ വ. പ. ഇന്ത്യ അധിനിവേശിച്ച പാരസീകരുടെ ഉച്ചാരണവൈകല്യം മൂലം "സിന്ധു' എന്ന പദം "ഹിന്ദു' ആയിത്തീർന്നു. ഇവരെത്തുടർന്നെത്തിയ യവനന്മാർ സിന്ധുവിന്‌ ഇന്‍ഡസ്‌ എന്ന രൂപാന്തരം നല്‌കി. ഇന്‍ഡസ്‌ എന്ന പദത്തിൽനിന്നാണ്‌ "ഇന്ത്യ' നിഷ്‌പന്നമായത്‌. മുസ്‌ലിം ആധിപത്യകാലത്ത്‌ "ഹിന്ദു'വും തദ്‌സംബന്ധിയായ "ഹിന്ദുസ്ഥാന്‍' എന്ന പദവും സാർവത്രികമായി പ്രചാരത്തിൽവന്നു. 1947 വരെ ഇന്ത്യ എന്ന പദം ഉപഭൂഖണ്ഡത്തിന്റെ പൊതുനാമമായി തുടർന്നുപോന്നു.

യൂറോപ്യന്‍ അധിനിവേശത്തെത്തുടർന്നുണ്ടായ ബ്രിട്ടിഷ്‌ മേല്‌ക്കോയ്‌മയിൽനിന്നു വിമുക്തമായി, തദ്ദേശീയഭരണം പുനഃസ്ഥാപിതമായത്‌ 1947-ൽ ആണ്‌. സ്വാതന്ത്യ്രപ്രാപ്‌തിയോടെ ഇന്ത്യാറിപ്പബ്ലിക്കും മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ ചേർന്നുള്ള പാകിസ്‌താനും നിലവിൽവന്നു. പിന്നീട്‌ പാകിസ്‌താന്‍ വിഭജിതമാവുകയും ബാംഗ്ലദേശ്‌ രൂപം കൊള്ളുകയും ചെയ്‌തു. അഹിംസാ മാർഗങ്ങളിലൂടെ ഇന്ത്യയെ സ്വാതന്ത്യ്രത്തിലേക്കു നയിച്ച മഹാത്മാഗാന്ധി രാഷ്‌ട്രപിതാവ്‌ എന്ന നിലയിലും, സ്വതന്ത്രഇന്ത്യയെ സാമ്പത്തിക-രാഷ്‌ട്രീയ ഭദ്രതയിലേക്കുയർത്തിയ ഒന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു രാഷ്‌ട്രശില്‌പി എന്ന നിലയിലും സമാദരിക്കപ്പെട്ടുവരുന്നു. ഇന്ത്യയുടെ ഭരണഘടനാ ശില്‌പി എന്ന നിലയിൽ ഡോ.ബി.ആർ. അംേബദ്‌കറും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സംയോജകന്‍ എന്ന നിലയിൽ സർദാർ വല്ലഭ്‌ഭായ്‌ പട്ടേലും സർവാദരണീയരാണ്‌.

ഭാരതം അതിപ്രാചീനകാലം മുതല്‌ക്കേ തനതായ സംസ്‌കാരവൈശിഷ്‌ട്യങ്ങളുടെ ഉടമയായി വർത്തിച്ചുപോരുന്നു. പുരാതന സംസ്‌കാരകേന്ദ്രങ്ങളായ ഗ്രീസ്‌, ഈജിപ്‌ത്‌, ചൈന എന്നീ രാജ്യങ്ങളെ അതിശയിപ്പിക്കുന്ന പാരമ്പര്യമാണ്‌ ഈ രാഷ്‌ട്രത്തിനുള്ളത്‌. കാലാകാലങ്ങളിലുണ്ടായ ജനപ്രവാസങ്ങളുടെ ഫലമായി പുതിയ സംസ്‌കാരങ്ങള്‍ നാമ്പെടുക്കുകയും അവയുമായുള്ള സമ്പർക്കത്തിലൂടെയോ, സ്വതന്ത്രമായോ പഴയ സംസ്‌കാരത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്‌തുപോന്നതുമൂലം ജ്ഞാനവിജ്ഞാനങ്ങളുടെ വിവിധ ശാഖകളിൽ വൈവിധ്യപൂർണവും അമൂല്യവുമായ നിരവധി നേട്ടങ്ങള്‍ കൈവരുത്തുവാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. പ്രാചീനവും ആധുനികവുമായ സംസ്‌കാരസവിശേഷതകളുടെ സമഞ്‌ജസ സന്തുലനം ഇന്ത്യയെമ്പാടും ഇന്നും കാണുവാന്‍ കഴിയും. ഭാഷയിലും വേഷവിധാനത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും ഉള്ള വൈവിധ്യവും നാനാത്വത്തിലെ ഏകത്വവും ഭാരതത്തെ ഒരു സവിശേഷ ഭൂവിഭാഗമെന്ന നിലയ്‌ക്കുള്ള പരിഗണനയ്‌ക്ക്‌ തികച്ചും അർഹമാക്കിയിട്ടുണ്ട്‌.

ഹിമാലയനിരകള്‍

നിത്യഹരിതവനങ്ങള്‍, മഴക്കാടുകള്‍, ഇലപൊഴിയുംകാടുകള്‍, കണ്ടൽകാടുകള്‍, സമതലങ്ങള്‍, കടൽത്തീരം, മരുഭൂമി, പർവതങ്ങള്‍, വന്‍നദികള്‍, വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങള്‍ എന്നിവ ഇന്ത്യയുടെ പാരിസ്ഥിതിക സവിശേഷതകളാണ്‌. ആഭ്യന്തര ഉത്‌പാദനമനുസരിച്ച്‌ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌ഘടനയും ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ സമ്പദ്‌ഘടനയും ഇന്ത്യയുടേതാണ്‌. ആണവശക്തിയായ ഇന്ത്യ ലോകത്തെ വലിയ സൈനിക ശക്തിയുമാണ്‌. അതേ സമയം സാമ്പത്തിക അസമത്വം, ജാതി വ്യവസ്ഥ, നിരക്ഷരത, പോഷകാഹാരക്കുറവ്‌, പട്ടിണി, തൊഴിലില്ലായ്‌മ, ഇന്ധനക്ഷാമം, പരിസ്ഥിതിനാശം തുടങ്ങിയ യാഥാർഥ്യങ്ങള്‍ വെല്ലുവിളികളായി ശേഷിക്കുന്നു.

ഭൗതികഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഭൂപ്രകൃതി അടിസ്ഥാനമാക്കി ഇന്ത്യയെ, ഡക്കാണ്‍പീഠഭൂമി, സിന്ധുഗംഗാസമതലം, ഹിമാലയം, തീരസമതലങ്ങള്‍ എന്നിങ്ങനെ നാലായി വിഭജിക്കാവുന്നതാണ്‌. പർവതങ്ങള്‍, മലകള്‍, കുന്നുകള്‍, പീഠപ്രദേശങ്ങള്‍, സമതലങ്ങള്‍ തുടങ്ങിയ ഭൂരൂപങ്ങളൊക്കെത്തന്നെ വ്യതിരേകസ്വഭാവത്തോടെ ഇന്ത്യയിൽ കാണപ്പെടുന്നു. ഉയരംകൂടിയ പർവതങ്ങളുടെ ആധിക്യംമൂലം ഇന്ത്യയിലെ സാമാന്യം ഉയരമുള്ള മലകളെയും പർവതങ്ങളെയും കുന്നുകളായി വ്യവഹരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന്‌ 3,826 മീ. ഉയരമുള്ള സാരമതി ഉള്‍പ്പെടുന്ന ഭൂവിഭാഗത്തെ നാഗാകുന്നുകള്‍ എന്നു നാമകരണം ചെയ്‌തിട്ടുള്ളതും, സിംല, ഡാർജീലിംഗ്‌, നൈനീതാൽ തുടങ്ങിയ ഭൂഭാഗങ്ങളെ സുഖവാസത്തിനുള്ള കുന്നിന്‍പുറങ്ങളായി വ്യവഹരിച്ചുപോരുന്നതും മേല്‌പറഞ്ഞതിന്‌ ഉദാഹരണങ്ങളാണ്‌.

പർവതങ്ങള്‍. ഹിമാലയം, വ. കി. അരികിലുള്ള പട്‌കായ്‌, വിന്ധ്യ, സാത്‌പുറ, ആരവല്ലി, സഹ്യാദ്രി, പൂർവഘട്ടം എന്നിങ്ങനെ ഇന്ത്യയിൽ ഏഴ്‌ പ്രധാന പർവത പംക്‌തികളാണുള്ളത്‌. ഉയരംകൂടിയ കൊടുമുടികള്‍ ഉള്‍ക്കൊള്ളുന്നതും, ചിലയിടങ്ങള്‍ അവിച്ഛിന്നവും മറ്റു ചിലയിടങ്ങളിൽ വിച്ഛിന്നവും ആയ പർവതനിരകളാണിവ.

ഇന്ത്യയിലെ പര്‍വ്വതനിരകള്‍

ഹിമാലയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതപംക്‌തിയാണിത്‌; കിഴക്കുപടിഞ്ഞാറായി കിടക്കുന്ന പർവതനിരകളിൽ ഏറ്റവും നീളംകൂടിയതും ഇതുതന്നെയാണ്‌. ഹിമാലയ പർവതങ്ങളിലെ തുടർനിരയുടെ മാത്രം നീളം 2,500 കി.മീ. ആണ്‌. 5,00,000 ച.കി.മീ. ആണ്‌ ഹിമാലയപ്രദേശത്തിന്റെ വിസ്‌തീർണം. അഞ്ചോ ആറോ കോടി വർഷങ്ങള്‍ക്കുമുമ്പ്‌ ആഴംകുറഞ്ഞ സമുദ്രഭാഗമായിരുന്ന ടെഥിസ്സിലെ അവസാദശിലാശേഖരങ്ങള്‍ വിവർത്തനിക (tectonic) പ്രക്രിയകളുടെ ഫലമായി മടങ്ങി ഒടിഞ്ഞ്‌ ഉയർത്തപ്പെട്ടുണ്ടായ വലിത (folded)പർവതങ്ങളെയാണ്‌ ഹിമാലയം ഉള്‍ക്കൊള്ളുന്നത്‌. 60 ലക്ഷം മുതൽ 70 ലക്ഷം വരെ വർഷങ്ങള്‍കൊണ്ടാണ്‌ ഈ പർവതനപ്രക്രിയ പൂർത്തിയായതെന്ന്‌ അനുമാനിക്കപ്പെടുന്നു. ദീർഘമായ ഈ കാലയളവിൽ അപരദന പ്രക്രിയയിലൂടെ പർവതഭാഗങ്ങളുടെ പ്രതലങ്ങള്‍ക്ക്‌ സാവധാനവും ക്രമാനുഗതവും ആയ പരിവർത്തനം സംഭവിച്ചുപോന്നു. തദ്‌ഫലമായി പ്രാത്ഥാനത്തിന്റെ തോത്‌ മന്ദീഭവിക്കുകയുമുണ്ടായി. ഹിമാലയത്തിൽ ഉദ്‌ഭവിച്ചൊഴുകുന്ന നദികളുടെ ചാലുകള്‍ക്കും പർവതങ്ങളുടെ ഇന്നത്തെ കിടപ്പിനും തമ്മിലുള്ള വൈരുധ്യത്തിനും ഇത്‌ നിദാനമായിത്തീർന്നു. തെക്കുവടക്കായി 6,000 മീ. ഉയരത്തിൽ കിടക്കുന്ന ഒരു മലനിരയെ കുറുകേ മുറിച്ച്‌ സത്‌ലജ്‌ നദി പടിഞ്ഞാറേക്കൊഴുകുന്നത്‌ ഇതിനുദാഹരണമാണ്‌. ഹിമാലയപ്രദേശത്തെ പ്രാത്ഥാനപ്രക്രിയ ഇന്നും തുടർന്നുപോരുന്നു എന്ന്‌ വിചാരിക്കുവാന്‍ ന്യായം കാണുന്നു. പർവതനിരകള്‍ ഏതാണ്ട്‌ ഇന്നത്തെ നിലയിൽ ഉയർന്നതിനുശേഷമാണ്‌ ഇന്ത്യയിൽ മണ്‍സൂണ്‍ കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയത്‌. സിന്ധു-ഗംഗാസമതലത്തിന്‌ അഭിമുഖമായി വില്ലുപോലെ വളഞ്ഞു കിടക്കുന്ന ഹിമാലയത്തിന്റെ തെക്കതിര്‌ പടിഞ്ഞാറേ പകുതിയിൽ 300 മീ. സമോച്ചരേഖയും കിഴക്കേ പകുതിയിൽ 150 മീ. സമോച്ചരേഖയുമാണ്‌. വടക്കോട്ട്‌ കേവലം 150 കി.മീ. ചെല്ലുമ്പോഴേക്കും പർവതപംക്‌തികള്‍ 8,000 മീറ്ററിലേറെ ഉയരം പ്രാപിക്കുന്നു. ഹിമശിഖരങ്ങളും മഞ്ഞുമൂടിയ താഴ്‌വാരങ്ങളും നിറഞ്ഞ ഈ ഭാഗമാണ്‌ പർവതത്തിന്‌ ഹിമാലയം (ഹിമ+ആലയം) എന്ന പേര്‌ നല്‌കുവാന്‍ പ്രാചീന ഭാരതീയ പണ്ഡിതന്മാരെ പ്രചോദിപ്പിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. ഉരുകിയൊലിക്കുന്ന മഞ്ഞ്‌ ധാരാളം ജലപ്രവാഹങ്ങള്‍ സൃഷ്‌ടിക്കുന്നു. ഈ ജലപ്രവാഹങ്ങളാണ്‌ ഉയരംകുറഞ്ഞ തെക്കന്‍ഭാഗങ്ങളുടെയും അതിനുതെക്കുള്ള സമതലപ്രദേശങ്ങളുടെയും പ്രതല സംരചനയിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്‌. മൊത്തത്തിൽ നോക്കുമ്പോള്‍ ഹിമാലയത്തിന്റെ ഭൂരിഭാഗവും ഹിമരേഖയ്‌ക്കു (Snow line)താഴെയാണ്‌.

പട്‌കായ്‌. ചാപാകൃതിയിൽ ഇന്ത്യാഭാഗത്തേക്ക്‌ ഉന്‍മധ്യമായി ഇന്ത്യാ-മ്യാന്‍മാർ അതിർത്തിയിലൂടെ തെക്കുവടക്കായി കിടക്കുന്ന പർവതപംക്‌തിയാണ്‌ പട്‌ക്കായ്‌. അരുണാചൽപ്രദേശ്‌, നാഗാലാന്‍ഡ്‌, മണിപ്പൂർ, മിസോറാം എന്നീ പ്രദേശങ്ങളിൽ വ്യത്യസ്‌ത പേരുകളിൽ അറിയപ്പെടുന്ന ഈ പർവതങ്ങള്‍ മൊത്തമായി "പൂർവാചൽ' എന്ന സംജ്ഞയിലൂടെ നിർദേശിക്കപ്പെടാറുണ്ട്‌. ഹിമാലയത്തിലെയും പൂർവാചലിലെയും പർവതനപ്രക്രിയകള്‍ ഏതാണ്ട്‌ സമകാലികങ്ങളായിരുന്നുവെന്നുപറയാം.

ആരവല്ലി ഭൂമുഖത്ത്‌ ഇന്ന്‌ അവശേഷിച്ചിട്ടുള്ള ഏറ്റവും പ്രാചീനമായ പർവതമാണിത്‌ എന്ന്‌ ഭൂവിജ്ഞാനികള്‍ അഭ്യൂഹിക്കുന്നു. 70 കോടിയോളം വർഷങ്ങള്‍ക്കുമുമ്പാണ്‌ ആരവല്ലി രൂപംകൊണ്ടത്‌. ഹിമാലയസാനുക്കളിൽ തുടങ്ങി തെക്ക്‌ ഡക്കാണ്‍ പീഠഭൂമി വരെ നീണ്ടുകിടന്ന ആരവല്ലിയുടെ ഏറിയഭാഗവും നെടുനാളായുള്ള അപരദനംമൂലം പർവതസ്വഭാവം നഷ്‌ടപ്പെട്ട നിലയിലായിട്ടുണ്ട്‌. വിച്ഛിന്നാവസ്ഥയിലുള്ള കുറേ മലകള്‍ മാത്രമാണ്‌ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌. പ്രാചീന യുഗങ്ങളിൽ ആരവല്ലിനിരകള്‍ ഈ പ്രദേശത്തെ ജലവിഭാജകമായിരുന്നുവെന്ന്‌ അനുമാനിക്കാം.

വിന്ധ്യാനിരകള്‍ പ്രാചീനകാലത്ത്‌ ആരവല്ലി നിരകളിൽനിന്നും അപരദനത്തിലൂടെ വഹിച്ചുനീക്കപ്പെട്ട ശിലാംശങ്ങള്‍ അടുത്തുണ്ടായിരുന്ന ആഴംകുറഞ്ഞ സമുദ്ര തടത്തിൽ നിക്ഷിപ്‌തമാവുകയും ഇങ്ങനെയുണ്ടായ അവസാദശിലാശേഖരങ്ങള്‍ പില്‌ക്കാലത്ത്‌ പ്രാത്ഥാനവിധേയമായി വിന്ധ്യാനിരകളായിത്തീരുകയും ചെയ്‌തു. ഡക്കാണ്‍ പീഠഭൂമിയുടെ വടക്കരികിലായി 1,050 കി.മീ. നീളത്തിൽ ഏതാണ്ട്‌ കി.പ. ദിശയിലാണ്‌ വിന്ധ്യാനിരകള്‍ സ്ഥിതിചെയ്യുന്നത്‌. ഇപ്പോള്‍ ഇതിന്റെ ശരാശരി ഉയരം 300 മീ. മാത്രമാണ്‌. വടക്കോട്ട്‌ ചാഞ്ഞിറിങ്ങി ഗംഗാസമതലത്തിൽ അവസാനിക്കുന്ന ഈ മലനിരകള്‍ സാത്‌പുറാനിരകളുമായി ചേർന്ന്‌ ഡക്കാണ്‍ പീഠഭൂമിക്കും ഉത്തര സമതലത്തിനുമിടയ്‌ക്കുള്ള അതിർത്തി രേഖയായി വർത്തിക്കുന്നു.

ഇന്ത്യ-രാഷ്‌ട്രീയഭൂപടം

സാത്‌പുറാനിരകള്‍. വിന്ധ്യാനിരകള്‍ക്കു തെക്കായും അവയ്‌ക്കു സമാന്തരമായും സ്ഥിതിചെയ്യുന്ന സാത്‌പുറ ഇന്ത്യയിലെ മറ്റൊരു പുരാതന പർവത പങ്ക്‌തിയാണ്‌. പടിഞ്ഞാറ്‌ രത്തന്‍പൂർ മുതൽ കിഴക്ക്‌ അമർകാണ്ടക്‌ വരെ 900 കി.മീ. നീളത്തിൽ കിടക്കുന്ന സാത്‌പുറ ഡക്കാണിലെ മറ്റു ഭൂഭാഗങ്ങളെ അപേക്ഷിച്ച്‌ ഉയർന്ന പ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നു. സാത്‌പുറയിലെ മിക്ക ശിഖരങ്ങളും 1,000 മീറ്ററിലേറെ ഉയരമുള്ളവയാണ്‌; അപൂർവം ഭാഗങ്ങളിൽ മാത്രമേ മലനിരകളുടെ ഉയരം 500 മീ.-ൽ താഴ്‌ന്നു കാണുന്നുള്ളൂ. ഏതാണ്ട്‌ 75,000 ച.കി.മീ. പ്രദേശത്ത്‌ വ്യാപിച്ചിട്ടുള്ള സാത്‌പുറാ മേഖല്‌ക്ക്‌ തെ.വ. ദിശയിലുള്ള മൈകലാനിരകള്‍ പാദമായും രത്തന്‍പൂർ ശീർഷമായും വരുന്ന ത്രിഭുജാകൃതിയാണുള്ളതെന്നുപറയാം. ഈ മേഖലയുടെ മറ്റ്‌ രണ്ടതിർത്തികള്‍ നിർണയിക്കുന്നത്‌ നർമദ, തപ്‌തി എന്നീ നദികളാണ്‌. സാത്‌പുറ (= സപ്‌തവലനങ്ങള്‍) എന്ന നാമം ദ്യോതിപ്പിക്കുന്നതുപോലെതന്നെ സമാന്തരങ്ങളായ മടക്കുപർവതങ്ങളും അവയ്‌ക്കിടയിലായുള്ള വ്യാപകമായ ലാവാതലങ്ങളുമാണ്‌ ഈ മേഖല ഉള്‍ക്കൊള്ളുന്നത്‌.

സാത്‌പുറ മലനിരകള്‍

സഹ്യാദ്രി. വടക്ക്‌ തപ്‌തി നദീമുഖം മുതൽ തെക്ക്‌ കന്യാകുമാരി വരെ ഡക്കാണ്‍പീഠഭൂമിയുടെ പടിഞ്ഞാറരികിൽ 1,600 കി.മീ. നീളത്തിൽ കിടക്കുന്ന മലനിരയാണ്‌ സഹ്യാദ്രി; ഇതിന്റെ ശരാശരി ഉയരം 1,200 മീ. ആണ്‌. തടരേഖയ്‌ക്ക്‌ സമാന്തരമായി കിടക്കുന്ന ഈ മലനിരകളുടെ നീലഗിരിക്കു വടക്കുള്ള ഭാഗങ്ങളെ 'പശ്ചിമഘട്ടം' എന്നും പാലക്കാട്ടുപാതയ്‌ക്കു തെക്കുള്ള ഭാഗത്തെ സഹ്യന്‍ എന്നും വിളിക്കുന്നു. കടൽഭാഗത്തുനിന്നു നോക്കുമ്പോള്‍ ഏതാണ്ട്‌ കോട്ടമതിൽപോലെ കാണപ്പെടുന്ന ഈ പർവതം പലയിടത്തും തീരസമതലത്തിൽനിന്നു തൂക്കായി എഴുന്നുനില്‌ക്കുന്നു; ഇക്കാരണംകൊണ്ടും മറ്റുതെളിവുകള്‍കൊണ്ടും ഡക്കാണിന്റെ പടിഞ്ഞാറതിരിലുണ്ടായ ഭൂഭ്രംശ((fault)ത്തിന്റെ ഫലമായിട്ടാണ്‌ സഹ്യാദ്രി രൂപംകൊണ്ടതെന്ന്‌ അനുമാനിക്കുവാന്‍ ന്യായം കാണുന്നു. സഹ്യാദ്രിയിൽ നിന്നുദ്‌ഭവിക്കുന്ന വന്‍നദികളൊക്കെത്തന്നെ കിഴക്കോട്ടാണ്‌ ഒഴുകുന്നത്‌; പടിഞ്ഞാറോട്ടൊഴുകുന്നവ താരതമ്യേന നീളം കുറഞ്ഞവയും ഇടയ്‌ക്കിടയ്‌ക്ക്‌ വെള്ളച്ചാട്ടങ്ങളുള്ളതു നിമിത്തം ദുർഗമങ്ങളുമായിരിക്കുന്നു. ഈ നദികള്‍ പൊതുവേ ജലസമൃദ്ധങ്ങളും സമ്പദ്‌ പ്രധാനങ്ങളുമാണ്‌. പൂർവഘട്ടം. അതിപ്രാചീനകാലത്ത്‌ വിവർത്തനിക പ്രക്രിയകളിലൂടെ രൂപംകൊണ്ടിട്ടുള്ള ഈ പർവതം ഡക്കാണ്‍ ഭൂഖണ്ഡ(Block)ത്തിന്റെ കിഴക്കതിരുനിർണയിക്കുന്നു. ഈ മലനിരകളുടെ ചായ്‌വ്‌ (നതിലംബം) ആരവല്ലിയുടേതിനു സമാന്തരമാണ്‌. നദീതാഴ്‌വരകളാൽ വിച്ഛിന്നമാക്കപ്പെട്ടിട്ടുള്ള പൂർവഘട്ടത്തിലെ ഏറ്റവും ഉയർന്നഭാഗം മഹാനദിക്കും ഗോദാവരിക്കും ഇടയ്‌ക്കുള്ള മഹേന്ദ്രഗിരി (1,000 മീ.) ആണ്‌. കൃഷ്‌ണാനദിക്കു തെക്ക്‌ സമാന്തരങ്ങളും തുടർച്ചയുള്ളതുമായ മറ്റൊരു മലനിരയും (നല്ലമലൈ) കാണാനുണ്ട്‌.

പീഠപ്രദേശങ്ങള്‍. ഇന്ത്യയിൽ മിക്കയിടത്തും പീഠപ്രദേശങ്ങളുടെ സ്വഭാവമുള്ള ഉറച്ച ഭൂഭാഗങ്ങള്‍ കാണാം. അധികം ചരിവില്ലാതെയും എന്നാൽ, നിരപ്പല്ലാതെയുമുള്ള ഭൂപ്രകൃതിയാണ്‌ ഇവയ്‌ക്കുള്ളത്‌. വിസ്‌തൃതങ്ങളായ ഈ പീഠഭൂമികള്‍ സമുദ്രനിരപ്പിൽനിന്നും 300 മുതൽ 900 വരെ മീ. ഉയരത്തിലായാണ്‌ കാണപ്പെടുന്നത്‌. പൊതുവേ നിമ്‌നോന്നതമല്ലാത്ത ഈ ഭൂഭാഗങ്ങളിൽ അങ്ങിങ്ങായി സ്‌തൂപികകള്‍പോലെ എഴുന്നുനില്‌ക്കുന്ന കുന്നുകളുണ്ടാവും; വരമ്പുകള്‍പോലെ തുടർന്നുകാണുന്ന അഗ്രം പരന്ന മേടുകളും സാധാരണമാണ്‌.

മധ്യേന്ത്യയിലെ മാള്‍വ-വിന്ധ്യാ പീഠഭൂമികള്‍ വിന്ധ്യാപർവതസാനുക്കളിലാരംഭിച്ച്‌ വടക്കോട്ട്‌ വ്യാപിച്ചുകിടക്കുന്നു. ഇവയിൽ ആദ്യത്തേതായ മാള്‍വാപീഠഭൂമി ലാവാശിലകളാലാണ്‌ നിർമിതമായിട്ടുള്ളത്‌; വിന്ധ്യാശിലാക്രമത്തിൽപ്പെട്ട മണൽക്കല്ലുകള്‍നിറഞ്ഞ പീഠപ്രദേശമാണ്‌ രണ്ടാമത്തേത്‌. ഈ പ്രദേശങ്ങളിലെ നദികള്‍ വടക്കോട്ടൊഴുകി യമുനയിലോ ഗംഗയിലോ ലയിക്കുന്നു; ചംബൽ, ബേത്‌വ, കേന്‍ എന്നിവയാണ്‌ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. വിന്ധ്യയ്‌ക്കു തെക്ക്‌ സോണ്‍ നദിയാൽ വേർതിരിക്കപ്പെട്ടനിലയിലുള്ള മറ്റൊരു പീഠപ്രദേശമാണ്‌ ഭഗേൽഖണ്ഡ്‌; ഗോണ്ട്‌വാനാ ക്രമത്തിൽപ്പെട്ട ഗ്രാനൈറ്റ്‌ ശിലാസഞ്ചയങ്ങള്‍കൊണ്ടാണ്‌ ഈ ഭൂഭാഗത്തിന്റെ സംരചന. ഭഗേൽഖണ്ഡിനു കിഴക്കായി റാഞ്ചി, ഹസാരിബാഗ്‌, കോദർമ എന്നീ പീഠപ്രദേശങ്ങള്‍ കാണാം. ഈ ഭൂഭാഗങ്ങളിൽ ഗ്രാനിറ്റിക്‌-നൈസ്‌ ഇനത്തിൽപ്പെട്ട ശിലകളാണ്‌ ധാരാളമായുള്ളത്‌. പ്രാചീന ഭൂഖണ്ഡ(block)മായ ഡക്കാനിന്റെ കിഴക്കരികായി വിവക്ഷിക്കാവുന്ന മേല്‌പറഞ്ഞ പീഠപ്രദേശങ്ങളെ മൊത്തത്തിൽ ഛോട്ടാ നാഗ്‌പൂർ എന്നു വിളിച്ചുവരുന്നു. സാത്‌പുറാമേഖലയിലും ധാരാളം പീഠപ്രദേശങ്ങളുണ്ട്‌. താരതമ്യേന ഉയരംകൂടിയ ഈ പീഠഭൂമികളിൽ മേഖലയുടെ മധ്യഭാഗത്തുള്ള ബേതൂള്‍, കിഴക്കരികിലുള്ള മൈകല എന്നിവ പ്രാധാന്യമർഹിക്കുന്നവയാണ്‌. ലാവാശിലകള്‍ക്കു പ്രാമുഖ്യമുള്ള ബേതൂള്‍പീഠപ്രദേശത്തിന്റെ ശരാശരി ഉയരം 1,200 മീ. ആണ്‌; മൈകലാപീഠഭൂമി 450-900 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. തപ്‌തി, പൂർണ എന്നീ നദികള്‍ക്കു തെക്കും, വെന്‍ഗംഗം, പ്രണീത, ഗോദാവരി എന്നീ നദികള്‍ക്കു പടിഞ്ഞാറുമായി കിടക്കുന്ന ഡക്കാണ്‍ ആണ്‌ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും വിസ്‌തൃതവുമായ പീഠഭൂമി. വടക്കോട്ടും കിഴക്കോട്ടുമായി ചാഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയുള്ള ഡക്കാണ്‍ 7,00,000 ച.ക.മീ. വിസ്‌തീർണമുള്ളതാണ്‌. 300 മീ.-ലേറെ ഉയരമുള്ള പ്രദേശങ്ങളാണ്‌ ഡക്കാണിൽ ഉള്‍പ്പെടുന്നത്‌. പടിഞ്ഞാറതിര്‌ സഹ്യാദ്രിയാണ്‌. പ്രതല സംരചനയെ ആസ്‌പദമാക്കി ഡക്കാണിനെ മൂന്നായി വിഭജിക്കാം: മഹാരാഷ്‌ട്ര, കർണാടക, തെലുങ്കാന. ഇവയിൽ മഹാരാഷ്‌ട്രപ്രദേശം ലാവാ നിർമിതവും ഗോദാവരി, ഭീമ തുടങ്ങിയ നദീമാർഗങ്ങളാൽ വിഭജിക്കപ്പെട്ട വ്യത്യസ്‌ത ഉയരങ്ങളിലുള്ള ഭൂഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്‌. ധാർവാർ ക്രമത്തിൽപ്പെട്ട ഷിസ്റ്റ്‌ശിലകളാൽ മൂടപ്പെട്ട സംരചനയാണ്‌ കർണാടക പീഠഭൂമിക്കുള്ളത്‌; ആർക്കിയന്‍ കാലഘട്ടത്തിലെ ഗ്രാനൈറ്റ്‌, നൈസ്‌ (gneiss) തൈുടങ്ങിയവ സ്ഥിതശില(base rock)കളായുള്ള പ്രദേശങ്ങളും ഏറെയുണ്ട്‌. മൊട്ടക്കുന്നുകള്‍ നിറഞ്ഞ ചരിവുതലങ്ങളാണിവിടം. ഏതാണ്ട്‌ ഇതേ സംരചനയുള്ള പീഠപ്രദേശമാണ്‌ തെലുങ്കാന; എന്നാൽ ഈ പ്രദേശം താരതമ്യേന ഉയരം കുറഞ്ഞതാണ്‌.

മേല്‌പറഞ്ഞവയിൽനിന്നും തികച്ചും വ്യത്യസ്‌തമായ സ്ഥിതിയും സംരചനയുമുള്ള ഒരു പീഠഭൂമിയാണ്‌ ഹിമാലയത്തിൽപ്പെട്ട ലഡാഖ്‌. 4,000 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലഡാഖിൽ ഹിമാനീകൃത ഭൂരൂപങ്ങള്‍ കാണപ്പെടുന്നു.

സമതലങ്ങള്‍. ഭൂവിനിയോഗത്തെ ആസ്‌പദമാക്കി നോക്കുമ്പോള്‍ പ്രാധാന്യമേറിയ ഭൂഭാഗങ്ങളാണ്‌ സമതലങ്ങള്‍. ഇന്ത്യയിൽ 10 ലക്ഷം ച.കി.മീറ്ററിലേറെ വരുന്ന സമതലങ്ങളിൽ ജലലഭ്യതയുള്ള മിക്ക പ്രദേശങ്ങളും കൃഷിനിലങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു; തന്മൂലം ഇവയുടെ നൈസർഗികപ്രകൃതി ഏറെക്കുറെ മാഞ്ഞുപോയിട്ടുണ്ട്‌.

ഇന്ത്യ-ഭൂപ്രകൃതി

ജലോഢനിക്ഷേപങ്ങളാൽ നിർമിതമായിട്ടുള്ള എക്കൽ സമതലങ്ങള്‍ വ്യാപകമായി കാണപ്പെടുന്നത്‌ ഉത്തരേന്ത്യയിലാണ്‌; പ. ബംഗാള്‍, ബിഹാർ, ഉത്തർപ്രദേശ്‌, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലെ ഏറിയഭാഗങ്ങളും എക്കൽസമതലങ്ങളാണ്‌. അസമിലെ നദീതടങ്ങളും ഇവയിൽപ്പെടുന്നു. രാജസ്ഥാനിലും പുരാതനങ്ങളായ ജലോഢമൈതാനങ്ങള്‍ ധാരാളമായുണ്ട്‌. നദികളുടെ ഗതിമാറ്റത്തെത്തുടർന്ന്‌ വറ്റിവരണ്ട താഴ്‌വരകള്‍, ചതുപ്പുകള്‍, വിസർപ്പിണികളായ നദികള്‍ പില്‌ക്കാലത്ത്‌ നേരേ ഒഴുകിയുണ്ടായിട്ടുള്ള തടാകങ്ങള്‍ (ox-bow lakes), ജെലപ്രളയങ്ങളുടെ ഫലമായി നിർമിതമാവുന്ന പൊഴികളും തിട്ടകളും തുടങ്ങി എക്കൽമൈതാനങ്ങളുടെ സഹജസവിശേഷതകളായ മിക്ക ഭൂരൂപങ്ങളും മേല്‌പറഞ്ഞ പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു; പലയിടത്തും പല വീതിയിൽ കിടക്കുന്ന ഇവ കാവേരി, കൃഷ്‌ണ, ഗോദാവരി, മഹാനദി എന്നിവയുടെ ഡെൽറ്റാപ്രദേശങ്ങളിൽ പൂർണവികാസം പ്രാപിച്ച വിസ്‌തൃതങ്ങളായ സമതലങ്ങളാണ്‌.

ഹിമാലയത്തിലെ നദികളൊക്കെത്തന്നെ അവയുടെ ഇരുപാർശ്വങ്ങളിലും വിസ്‌തൃതി കുറഞ്ഞ എക്കൽമൈതനാങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഈ ഭാഗങ്ങളിൽ ഹിമാനികളുടെ അപരദന പ്രവർത്തനത്തെത്തുടർന്ന്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള മൈതാനങ്ങളും ധാരാളമായുണ്ട്‌. ശോക്‌ നദിക്കു കിഴക്കും ചാങ്‌ചെന്‍മോ നദിക്കു വടക്കുമായി കിടക്കുന്ന ലഡാഖ്‌ സമതലം ഹിമാനീനിർമിതമാണ്‌. ബാഷ്‌പാ താഴ്‌വരയും ഈ രീതിയിൽ നിർമിക്കപ്പെട്ടതാണ്‌. വിവർത്തനിക പ്രക്രിയയുടെ ഫലമായി വന്‍തടാകങ്ങള്‍ പ്രാത്ഥാനവിധേയമാവുന്നതിലൂടെ നിർമിതമായിട്ടുള്ള വിസ്‌തൃത സമതലങ്ങളും ഇന്ത്യയിൽ കാണപ്പെടുന്നു; കാശ്‌മീർ താഴ്‌വര, ഇംഫാൽ താഴ്‌വര (മണിപ്പൂർ), നവങ്‌ യാങ്‌തടം (പട്‌കായ്‌) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. പർവതങ്ങളുടെ അടിവാരത്ത്‌ നദികള്‍ ഒഴുകി വീണുണ്ടാകുന്ന ഗിരിപദമൈതാനങ്ങള്‍ (piedmont plams) ഹിമാലയസാനുക്കളിൽ സാധാരണമാണ്‌. ഇവ പഞ്ചാബ്‌, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ ഭാഭർ എന്നും, ആസാമിൽ ദുവാർ എന്നും അറിയപ്പെടുന്നു. ഈ ഗിരിപദമൈതാനങ്ങള്‍ ഒരിനം ആർട്ടീസിയന്‍ തടങ്ങളാണ്‌. ആരവല്ലി നിരകള്‍ക്കു പടിഞ്ഞാറ്‌ ജയ്‌സാൽമർ വരെയുള്ള പാറക്കെട്ടുകള്‍നിറഞ്ഞ തരിശുപ്രദേശവും വിസ്‌തൃതമായ സമതലമാണ്‌. കൊങ്കണ്‍തീരത്ത്‌ ലാവാമച്ചിനു പ്രാമുഖ്യമുള്ള മൈതാനങ്ങളാണുള്ളത്‌. ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിൽ കുന്നുകള്‍ പൊടിഞ്ഞുതകർന്നുണ്ടായിട്ടുള്ള സമതലങ്ങള്‍ (pediplains) കൊണപ്പെടുന്നു. കേരളതീരത്ത്‌ കായലുകളും ചതുപ്പുകളും നിറഞ്ഞ്‌, താരതമ്യേന പ്രായംകുറഞ്ഞ ജലോഢസമതലങ്ങളാണുള്ളത്‌. യുഗാന്തരങ്ങള്‍ക്കു മുമ്പ്‌ ജലോഢമൈതാനങ്ങളായിരുന്ന, പില്‌ക്കാലത്ത്‌ പ്രാത്ഥാനത്തിലൂടെ കുന്നിന്‍പുറങ്ങളായി പരിണമിച്ച എക്കൽപ്രദേശങ്ങളും അപൂർവമായുണ്ട്‌; നീലഗിരി, ഷില്ലോങ്‌ കുന്നുകള്‍ എന്നിവിടങ്ങളിൽ ഇത്തരം ഭൂരൂപങ്ങള്‍ കാണാം.

അപവാഹം

ഇന്ത്യയിലെ പ്രധാന നദികള്‍

നദികള്‍. ഇന്ത്യയിലെ നദികളിലൂടെ ഓരോ വർഷവും മൊത്തം, 1,68,300 കോടി ഘ.മീ. ജലം ഒഴുകുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അപരദനപ്രക്രിയയിലൂടെ ശിലാവിഘടനം നിർവഹിക്കുന്നതോടൊപ്പം ഈ നദികള്‍ നിക്ഷേപണത്തിലൂടെ പുതിയ ഭൂഭാഗങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നദികളുടെ പ്രവാഹദിശ ഒട്ടുമുക്കാലും പർവതങ്ങളുടെ കിടപ്പിനെ ആശ്രയിച്ചാണ്‌; ഈ ഉന്നതപ്രദേശങ്ങള്‍ ജലവിഭാജകങ്ങളായി വർത്തിക്കുന്നു. ഇക്കൂട്ടത്തിൽ പ്രമുഖമായുള്ളവ മൂന്നെച്ചമാണ്‌: ഹിമാലയം, വിന്ധ്യ-സാത്‌പുറ-മൈകാൽ നിരകള്‍, സഹ്യാദ്രി. ഹിമാലയത്തിലെ ചില നദികള്‍ പർവതങ്ങളുടെ കിടപ്പിനെമാത്രം ആശ്രയിച്ചൊഴുകുന്നവയല്ല. ഡക്കാണിലെ നദികള്‍ പൊതുവേ പീഠഭൂമിയുടെ ചരിവിനനുസരിച്ച്‌ സഹ്യാദ്രിയിൽ ഉദ്‌ഭവിച്ച്‌ കിഴക്കോട്ടൊഴുകുന്നവയാണ്‌. അനുവർത്തി അപവാഹക്രമമാണ്‌ ഇവിടെ കാണപ്പെടുന്നത്‌. ഇന്ത്യയിലെ നദികളെ മൊത്തത്തിൽ നാല്‌ വിഭാഗങ്ങളായി തിരിക്കാം: മധ്യേന്ത്യയിലും ഡക്കാണിലുമുള്ളവ, ഹിമാലയത്തിൽ ഉദ്‌ഭവിക്കുന്നവ, തീരദേശത്തുള്ളവ, ആന്തര-അപവാഹക്രമമനുസരിച്ച്‌ ഉള്‍നാടന്‍ തടാകങ്ങളിൽ പതിക്കുന്നവ. ഹിമാലയത്തിലെ നദികള്‍ മഞ്ഞുരുകി ഒലിക്കുന്നതു നിമിത്തം വേനല്‌ക്കാലത്തുപോലും ജലസമൃദ്ധങ്ങളായിരിക്കുന്നു. ഢ-ആകാര താഴ്‌വരകളാണ്‌ ഇവയ്‌ക്കുള്ളത്‌. ഡക്കാണിലെയും മധ്യേന്തിയിലെയും നദികളിലെ ജലൗഘം അനിയമിതവും അനിശ്ചിതവുമായ കാലവർഷങ്ങളെ ആശ്രയിച്ചിരിക്കുന്നു; തന്മൂലം ഈ നദികളിലെ ജലവ്യാപ്‌തത്തിൽ ഋതുഭേദമനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണ്‌. തീരപ്രദേശത്തെ നദികള്‍ പ്രായേണ നീളം കുറഞ്ഞവയും ദ്രുതവാഹികളും ആണ്‌; ഇവയുടെ തടപ്രദേശങ്ങള്‍ വിസ്‌തൃതി കുറഞ്ഞവയാണ്‌. ആന്തര-അപവാഹക്രമത്തിലുള്ള നദികള്‍ രാജസ്ഥാനിൽ മാത്രമാണുള്ളത്‌; മഴക്കാലത്തുമാത്രം ജലം നിറഞ്ഞൊഴുകുന്ന ഇവ നിമ്‌നഭാഗങ്ങളിൽ ഒഴുകിക്കൂടി തടാകങ്ങള്‍ സൃഷ്‌ടിക്കുന്നു. സംഭാർ തടാകത്തിൽ പതിക്കുന്ന നദികള്‍ ഇമ്മാതിരിയുള്ളവയാണ്‌. റാന്‍ഒഫ്‌ കച്ചിലൂടെ ഒഴുകുന്ന ലൂണിനദി 37,250 ച.കി.മീ. സ്ഥലം ജലസിക്തമാക്കുന്നു.

ഡക്കാണിലെ നദികള്‍. വിന്ധ്യാ-സാത്‌പുറാനിരകളിൽ ഉദ്‌ഭവിക്കുന്ന നദികള്‍ മിക്കവയും വടക്കോട്ടൊഴുകി ഗംഗ, യമുന എന്നീ നദികളിൽ ലയിക്കുന്നു. വർഷക്കാലത്തുമാത്രമാണ്‌ ഇവ ജലസമൃദ്ധങ്ങളായുള്ളത്‌; വേനല്‌ക്കാലത്ത്‌ വറ്റിപ്പോകുന്നു. വെള്ളപ്പൊക്കത്തിലെ കെടുതികള്‍ സാധാരണമാണ്‌. ചംബൽ, കേന്‍, സിന്ധ്‌, ബേത്വ, സോണ്‍ എന്നീ നദികളാണ്‌ ഇക്കൂട്ടത്തിൽപ്പെട്ടവ.

പടിഞ്ഞാറോട്ടൊഴുകി അറേബ്യന്‍ സമുദ്രത്തിൽ പതിക്കുന്ന ഡക്കാണ്‍നദികളാണ്‌ നർമദയും തപ്‌തിയും. മൈകാൽനിരയിലെ അമർകാണ്ടക്‌ ശിഖരത്തിൽനിന്നും ഉദ്‌ഭവിക്കുന്ന നർമദ വിന്ധ്യാ-സാത്‌പുറ നിരകള്‍ക്കിടയിലുള്ള, നന്നേ വീതികുറഞ്ഞ താഴ്‌ വരയിലൂടെ ഒഴുകുന്നു. ഈ ഭാഗത്ത്‌ അനേകം വെള്ളച്ചാട്ടങ്ങളുണ്ട്‌; ഇവയിൽ പ്രധാനപ്പെട്ടത്‌ ജബൽപൂരിന്‌ 20 കി.മീ. ദൂരത്ത്‌ വാമന്‍ ഗംഗയുമായുള്ള സംഗമത്തിന്‌ അല്‌പം മാറിയുള്ള ധുവാധർ വെള്ളച്ചാട്ടം (37 മീ.) ആണ്‌. നർമദയുടെ നീളം 785 കി.മീ. ആണ്‌. തപ്‌തി മധ്യപ്രദേശിലെ ബേതൂളിനടുത്ത്‌ ഉദ്‌ഭവിക്കുന്നു. സാത്‌പുറയ്‌ക്കു തെക്കുകൂടി ഒഴുകുന്ന ഈ നദിയുടെ നീളം 720 കി.മീ. ആണ്‌. സൂരത്‌ (സൂററ്റ്‌) നഗരം തപ്‌തീമുഖത്താണ്‌; നദീമുഖത്തുനിന്നും 50 കി.മീ. ഉള്ളിൽവരെ വേലിയേറ്റത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. പശ്ചിമപർവതങ്ങളിലോ മധ്യേന്ത്യയിലെ മലനിരകളിലോ ഉദ്‌ഭവിച്ച്‌ കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നവയാണ്‌ ഡക്കാണ്‍ മേഖലയിലെ രണ്ടാമത്തെ ഇനം നദികള്‍. ഇവയിൽ മഹാനദി അമർകാണ്ടക്‌ കൊടുമുടിക്കു തെക്കുള്ള സിഹാവയിൽ ഉദ്‌ഭവിക്കുന്നു. വളഞ്ഞും പുളഞ്ഞും പൂർവഘട്ടം തരണംചെയ്യുന്ന ഈ നദി കട്ടക്കിനടുത്തുവച്ച്‌ തീരമസതലത്തിൽ പ്രവേശിക്കുന്നതോടെ പല ശാഖകളായി പിരിയുന്നു. മഹാനദിയുടെ ഡെൽറ്റ സാമാന്യം വിസ്‌തൃതമാണ്‌; ഫലഭൂയിഷ്‌ഠവുമാണ്‌. മഹാനദിയുടെ നീളം 800 കി.മീ. ആണ്‌. അവിചാരിതമായുണ്ടാവുന്ന കടുത്ത വെള്ളപ്പൊക്കങ്ങള്‍ ഈ നദിയുടെ ശാപമാണെന്നുപറയാം.

ജോഗ്‌ വെള്ളച്ചാട്ടം-മഹാരാഷ്‌ട്ര

ഛോട്ടാനാഗ്‌പൂരിലെ സാരൂകൊടുമുടിയിൽനിന്നുദ്‌ഭവിച്ച്‌ 530 കി.മീ. ഒഴുകി ഹൂഗ്ലിനദിയിൽ ലയിക്കുന്ന ദാമോദർനദിയുടെ ഗതിയിൽ ഇടയ്‌ക്കിടെ മാറ്റം സംഭവിക്കുന്നതുനിമിത്തം ജനജീവിതത്തിനു പല ക്ലേശങ്ങളും ഉണ്ടാകാറുണ്ട്‌. മൂന്നു ശതാബ്‌ദങ്ങള്‍ക്കുമുമ്പ്‌ കൊൽക്കത്തയ്‌ക്ക്‌ 48 കി.മീ. വടക്കായി പതിച്ചിരുന്ന ഈ നദി ഇപ്പോള്‍ ഹൂഗ്ലിയുമായി ചേരുന്നത്‌ നഗരത്തിനുതെക്ക്‌ ഗംഗാസാഗറിനുടത്തുവച്ചാണ്‌. ഈ നദിയിലെ വെള്ളപ്പൊക്കം മിക്കപ്പോഴും സാരമായ കെടുതികള്‍ക്കു കാരണമാകുന്നു. ഗഢി, കോനാനർ, ജമുനിയ, ബാരാകർ എന്നിവ ദാമോദറിന്റെ പോഷകനദികളാണ്‌. മഹാരാഷ്‌ട്രയിലെ നാസിക്കിനടുത്ത്‌ ത്രയംബകത്തിൽ നിന്ന്‌ഉദ്‌ഭവിച്ച്‌ തെ. കി. ദിശയിൽ ഒഴുകുന്ന ഗോദാവരി ആന്ധ്രപ്രദേശിലൂടെ കടന്ന്‌ ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നു. പൂർവഘട്ടം തരണം ചെയ്യുന്നിടത്ത്‌ ഈ നദി ആഴമേറിയതായും നദീതടം വിസ്‌തീർണം കുറഞ്ഞതായും ഭവിക്കുന്നു. 1,440 കി.മീ. നീളമുള്ള ഈ നദിയിൽ വടക്കുനിന്നും പ്രണീത, പെനുഗംഗ, വർധ, വൈന്‍ഗംഗ, ഇന്ദ്രാവതി എന്നീ പോഷകനദികളും തെക്കുനിന്നും മഞ്‌ജീരനദിയും ഒഴുകിച്ചേരുന്നു. ഫലഭൂയിഷ്‌ഠവും സാമാന്യം വിസ്‌തൃതവുമായ ഒരു ഡൽറ്റയും ഗോദാവരിക്കുണ്ട്‌. ഗോദാവരിയുടെ ആവാഹക്ഷേത്രം (catchment area) ഭാരതത്തിന്റെ മൊത്തം ഭൂവിസ്‌തൃതിയുടെ 10% വരുന്നതാണ്‌.

പശ്ചിമ പർവതത്തിന്‌ 64 കി.മീ. കിഴക്കു സ്ഥിതിചെയ്യുന്ന മഹാബലേശ്വറിനു സമീപത്താണ്‌ കൃഷ്‌ണാനദിയുടെ പ്രഭവം. കിഴക്കോട്ട്‌ ആന്ധ്രപ്രദേശിലേക്കൊഴുകുന്ന ഈ നദി വിജയവാഡയ്‌ക്കു സമീപം പൂർവഘട്ടം തരണംചെയ്‌ത്‌ പൂർവതീരസമതലത്തിൽ പ്രവേശിക്കുന്നു. വടക്ക്‌ ഭീമയും തെക്ക്‌ തുംഗഭദ്രയുമാണ്‌ കൃഷ്‌ണയുടെ പ്രധാന പോഷകനദികള്‍; കൃഷ്‌ണാനദിയിലെ ജലവ്യാപ്‌തം വർധിപ്പിക്കുന്നതിൽ ഈ രണ്ട്‌ നദികളും സാരമായ പങ്ക്‌ വഹിക്കുന്നു. 1,280 കി.മീ. ഒഴുകിയശേഷം ഈ നദി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നു. കർണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്ന കാവേരിയുടെ നീളം 760 കി.മീ. ആണ്‌. വിശാലമായ കാവേരിഡെൽറ്റ ദക്ഷിണേന്ത്യയിലെ മികച്ച കാർഷിക മേഖലയാണ്‌. ധാരാളം വെള്ളച്ചാട്ടങ്ങളുള്ള ഈ നദി വൈദ്യുതപദ്ധതികള്‍ക്കു കളമൊരുക്കിയിരിക്കുന്നു. ഈ നദിയിൽ രണ്ട്‌ ദ്വീപുകളുമുണ്ട്‌: ശിവസമുദ്രവും രംഗപട്ടണവും. കാവേരിനദിക്ക്‌ മതപരമായ പ്രാധാന്യം കല്‌പിക്കപ്പെട്ടിരിക്കുന്നു.

പെന്ന(പെന്നാർ), പാലാർ, വൈഗ എന്നിവയാണ്‌ ദ. ഡക്കാണിലെ ഇതരനദികള്‍. പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്ന ഈ നദികള്‍ക്കും വലുതായ പ്രാധാന്യമുണ്ട്‌. ഛോട്ടാനാഗ്‌പൂരിൽനിന്ന്‌ ഉദ്‌ഭവിച്ചൊഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്ന ബ്രാഹ്മണി, സ്വർണരേഖ എന്നീ നദികളും പ്രാധാന്യമർഹിക്കുന്നവയാണ്‌.

ഉത്തരേന്ത്യയിലെ നദികള്‍. ഹിമാലയത്തിൽനിന്ന്‌ ഉദ്‌ഭവിച്ചൊഴുകുന്ന ഉത്തരേന്ത്യന്‍ നദികള്‍ ഡക്കാണിലെ നദികളെ അപേക്ഷിച്ച്‌ ജലസമൃദ്ധങ്ങളും ശീഘ്രഗതികങ്ങളും ദൈർഘ്യമേറിയവയുമായിരിക്കുന്നു. വേനല്‌ക്കാലത്ത്‌ മഞ്ഞുരുകി ഒഴുകുന്നതുമൂലം ഇവയിൽ ജലപ്രളയമുണ്ടാവുന്നു; ഇങ്ങനെ ഹിമാലയത്തിൽനിന്നുള്ള നദികളിൽ വർഷകാലത്തും വേനല്‌ക്കാലത്തുമായി ആണ്ടിൽ രണ്ടുപ്രാവശ്യം ജലബാധയുണ്ടാകുന്നു. ശീഘ്രഗതികങ്ങളായ ഇവ ധാരാളം എക്കലും വണ്ടലും വഹിച്ചു നീക്കുന്നു; സമതലത്തിലേക്കിറങ്ങുന്നതോടെ മന്ദഗതികങ്ങളായി നിക്ഷേപണം നിർവഹിക്കുന്നു. ഈ നദീ തടങ്ങളിൽ പുതിയ ഭൂരൂപങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നത്‌ സാധാരണമാണ്‌. നദീതീരപ്രദേശങ്ങളിൽ വെള്ളംകെട്ടി ചതുപ്പുകളും കായലുകളും ഉണ്ടാകുന്നു. ഈ നദീതടങ്ങളെ സംബന്ധിച്ചിടത്തോളം ജലനിർഗമനമാണ്‌ പ്രധാന പ്രശ്‌നം. ഉത്തരഭാരതത്തിലെ നദികള്‍ ദക്ഷിണേന്ത്യയിലെ നദികളെപ്പോലെ അനുവർത്തി സ്വഭാവമുള്ളവയല്ല. നദീമാർഗങ്ങള്‍ ഇടുങ്ങി അഗാധമായി കാണുന്നതും നദീ തടങ്ങളിൽ വിവിധ ഉയരത്തിലുള്ള വേദികകള്‍ കാണുന്നതും സാധാരണമാണ്‌. ഗിൽഗിറ്റിൽ സിന്ധുനദി 5,185 മീ. ആഴമുള്ള ഒരു ചതുരത്തിലൂടെയാണ്‌ ഒഴുകുന്നത്‌. നിരന്തരമായുള്ള വിവർത്തനികപ്രക്രിയകള്‍ക്കു വിധേയമായി ഇന്നത്തെ നിലയിലെത്തിച്ചേർന്ന ഹിമാലയമേഖലയിലെ നദികള്‍ ഇന്നും യുവാവസ്ഥയിൽ തുടരുന്നു. തുടക്കത്തിൽ പർവതനിരകള്‍ക്കു സമാന്തരമായും പിന്നീട്‌ മലനിരകള്‍ മുറിച്ചുകടന്ന്‌ തെക്കോട്ടും ഒഴുകി സമുദ്രത്തിന്റെ നേർക്കു തിരിയുന്നവയാണ്‌ ഈ നദികള്‍. പൂർവവർത്തി(antecedent) അപവാഹത്തിന്റെ ധാരാളം മാതൃകകള്‍ ഹിമാലയ മേഖലയിൽ കാണാം. നദീഗ്രഹണം (river capture) സാധാരണമാണ്‌. ഗംഗയുടെ പോഷകനദിയായ ഭാഗീരഥി തിബത്തിലെ പല നദികളുടെയും ജലം അപഹരിക്കുന്നതായാണ്‌ ഭൂവിജ്ഞാനികള്‍ കരുതുന്നത്‌. ബ്രഹ്മപുത്രയുടെ പ്രഭവവും നദീഗ്രഹണത്തിലൂടെയാണ്‌. തിസ്‌താനദിയും തിബത്തിൽനിന്നുള്ള ചെറുനദികളെ ഗ്രസിച്ചിട്ടുണ്ട്‌.

ഗംഗാ നദി - വാരണാസിയിൽ നിന്നുള്ള ദൃശ്യം

ഉത്തരേന്ത്യന്‍ നദികളെ മൊത്തത്തിൽ സിന്ധു-ഗംഗാ-ബ്രഹ്മപുത്രാ വ്യൂഹങ്ങളായി തിരിക്കാം. തിബത്ത്‌ പീഠഭൂമിയിൽ ഉദ്‌ഭവിച്ച്‌ 2,880 കി.മീ. ഒഴുകി അറേബ്യന്‍കടലിൽ പതിക്കുന്ന സിന്ധുനദീമാർഗത്തിലെ ഏറിയഭാഗവും ഇന്ത്യാവിഭജനത്തെ തുടർന്ന്‌ പാകിസ്‌താനിൽപ്പെട്ടുപോയിരിക്കുന്നു. ഈ നദിയുടെ മുഖ്യപോഷകനദികള്‍ സത്‌ലജ്‌, ഝലം, ചിനാബ്‌, രവി എന്നിവയാണ്‌. ഇവയിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ സത്‌ലജ്‌ കൈലാസപർവതത്തിൽ ഉദ്‌ഭവിക്കുന്നു. സത്‌ലജിന്റെ നീളം 1,440 കി.മീ. ആണ്‌. പഞ്ചാബ്‌ സംസ്ഥാനത്തിലെ ലൂധിയാന, ജലന്ധർ ജില്ലകളിലൂടെ 200 കി.മീ. പടിഞ്ഞാറോട്ടൊഴുകിയശേഷം തെക്കുപടിഞ്ഞാറേക്കു തിരിയുന്ന സത്‌ലജ്‌ വീണ്ടും 1,100 കി.മീ. ദൂരം ഇന്ത്യയുടെ അതിർത്തിക്കുള്ളിലായി ഒഴുകുന്നു. പ്രാചീനകാലത്ത്‌ സത്‌ലജ്‌ ഒരു സ്വതന്ത്രനദിയായി പഞ്ചാബ്‌, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെ റാന്‍ ഒഫ്‌ കച്ചിൽ പ്രവേശിച്ചിരുന്നുവെന്നും, യമുനാനദിയിലെ ജലം ഈ നദിയിൽ ലയിച്ചിരുന്നുവെന്നുമുള്ളതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. പിന്നീട്‌ ഗതിമാറിയൊഴുകിയ ഈ നദിയുടെ ഉപേക്ഷിക്കപ്പെട്ട തീരങ്ങള്‍ പുരാതനകാലത്ത്‌ സംസ്‌കാരകേന്ദ്രങ്ങളായി പരിലസിച്ചിരുന്നു. സത്‌ലജിന്റെ മുഖ്യ പോഷകനദിയാണ്‌ ബിയാസ്‌. ജലന്ധർ ജില്ലയിലെ സുൽത്താന്‍പൂരിനുസമീപം സത്‌ലജിൽ ലയിക്കുന്ന ബിയാസ്‌ 150 കി.മീറ്ററോളം പഞ്ചാബ്‌ സമതലത്തിലൂടെ ഒഴുകുന്നു. പ്രാചീനകാലത്ത്‌ ബിയാസ്‌ രവി നദിയുടെ നേർക്കൊഴുകുന്ന സ്വതന്ത്ര നദിയായിരുന്നു. പുരാതന രേഖകളിൽ വർണിക്കപ്പെട്ടിട്ടുള്ളതും ഇപ്പോള്‍ ലുപ്‌തങ്ങളായിത്തീർന്നിട്ടുള്ളതുമായ സരസ്വതി, ധൃഷദ്വതി എന്നീ വലിയ നദികളും ഈ ഭാഗത്താണുണ്ടായിരുന്നതെന്ന്‌ അഭ്യൂഹിക്കപ്പെടുന്നു. എ.ഡി. 1,000-ത്തോടടുപ്പിച്ച്‌ ഇവ വറ്റിപ്പോയതായി അനുമാനിക്കേണ്ടിയിരിക്കുന്നു.

ഭാരതത്തിലെ ഏറ്റവും നീളംകൂടിയ നദിയാണ്‌ ഗംഗ (2480 കി.മീ.). ഇതിന്റെയും പോഷകനദികളുടെയും തടപ്രദേശത്തിന്റെ വിസ്‌തീർണം 3,57,000 ച.കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. പുണ്യനദിയായി വിവക്ഷിക്കപ്പെടുന്ന ഗംഗ ഹിമാലയത്തിലെ ഗോമുഖിലാണ്‌ ഉദ്‌ഭവിക്കുന്നത്‌; ഇതിന്‌ സമുദ്രനിരപ്പിൽനിന്നു 4,300 മീ. ഉയരമുണ്ട്‌. ഹരിദ്വാറിനടുത്തുവച്ച്‌ ഹിമാലയമേഖല പിന്നിടുന്ന ഗംഗ കിഴക്കോട്ട്‌ 1,200 കി.മി. ഒഴുകിയശേഷം തെക്കോട്ടു തിരിഞ്ഞ്‌ രാജ്‌മഹൽ കുന്നുകളുടെ കിഴക്കരികിലെത്തുന്നു. ഇവിടെ ധൂലിയനടുത്തുവച്ച്‌ നദി രണ്ടായി പിരിഞ്ഞ്‌ ഒരു ശാഖ ബാംഗ്ലദേശിൽ കടക്കുന്നു; മറ്റേ ശാഖ ഹൂഗ്ലി (ഭാഗീരഥി) എന്ന പേരിൽ തെക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നു. ഈ നദിയിലെ ജലവ്യാപ്‌തം നന്നേക്കുറവായിരിക്കുന്നത്‌ കൊൽക്കത്താ തുറമുഖത്തിന്റെ പ്രവർത്തനങ്ങള്‍ക്ക്‌ അസൗകര്യം സൃഷ്‌ടിക്കുന്നു. ഈ പ്രശ്‌നത്തിനുപരിഹാരമായി ഫറക്കായിൽ ഒരു തട സൃഷ്‌ടിച്ച്‌ ഹൂഗ്ലിനദിയിലേക്ക്‌ കൂടുതൽ ജലം പ്രവഹിപ്പിക്കുവാനുള്ള പദ്ധതിയുണ്ട്‌. വലതുഭാഗത്തു യമുന, സോണ്‍ എന്നിവയും ഇടതുഭാഗത്തു രാംഗംഗ ഘാഘ്‌ര (സരയു), ഗണ്ഡക്‌, കോസി എന്നിവയുമാണ്‌ ഗംഗയുടെ മുഖ്യ പോഷകനദികള്‍.

ഗംഗയ്‌ക്കു സമാന്തരമായി 800 കി.മീ. ഒഴുകിയശേഷം യമുന, അലഹബാദിൽവച്ച്‌ അതുമായിച്ചേരുന്നു. മധ്യേന്ത്യയിലെ ഉന്നതതടങ്ങളിൽനിന്ന്‌ ഒഴുകിയെത്തുന്ന അനേകം പോഷകനദികള്‍ യമുനയ്‌ക്കുണ്ട്‌. ഇവയിൽ പ്രധാനപ്പെട്ടവ ചംബൽ, സിന്ധ്‌, ബേത്‌വ, കേന്‍ എന്നിവയാണ്‌. തെ. പടിഞ്ഞാറുനിന്നുള്ള ഈ പോഷകനദികള്‍ അധ്യാരോപിത (superimposed) അപവാഹത്തിന്‌ ഉദാഹരണങ്ങളാണ്‌. യമുനയുടെ ആകെ നീളം 1,375 കി.മീ. ആണ്‌.

അമർകാണ്ടക്‌ പർവതത്തിലെ ശോഷാകുണ്ഡ്‌ ആണ്‌ സോണ്‍നദിയുടെ പ്രഭവസ്ഥാനം, ദാനാപൂരിന്‌ 24 കി.മീ. വടക്ക്‌ ഗംഗയുമായി ലയിക്കുന്ന സോണ്‍നദിയിൽ വർഷകാലങ്ങളിൽ അമിതമായ വെള്ളപ്പൊക്കം ഉണ്ടാവുക പതിവാണ്‌.

ഹിമാലയത്തിന്റെ ഉള്‍ഭാഗത്ത്‌ മപ്‌ചാചുഗുവിൽനിന്നുദ്‌ഭവിക്കുന്ന ഘാഘ്‌രാനദി ദുർഗമചുരങ്ങളിലൂടെ പർവതത്തെയും സിവാലിക്‌നിരകളെയും മുറിച്ചുകടന്ന്‌ ഉത്തർപ്രദേശിൽ എത്തുന്നു. സിവാലിക്‌ നിരകളിലെ ചുരങ്ങള്‍ക്ക്‌ 600 മീറ്ററിലേറെ ആഴമുണ്ട്‌. ഈ ഭാഗം വരെ കലീനി എന്ന പേരിലാണ്‌ നദി അറിയപ്പെടുന്നത്‌. അവധിലൂടെ ഒഴുകി നീങ്ങുന്ന ഘാഘ്‌ര വിശാലമായ ഒരു ജലോഢമൈതാനം സൃഷ്‌ടിച്ചിരിക്കുന്നു. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ഈ നദി ഇടയ്‌ക്കിടെ ഗതിമാറുന്നു. ദോരിഘാട്ടിനടുത്തുവച്ച്‌ റാപ്‌തി എന്ന പോഷകനദിയുമായി ചേരുന്നു. ഗോമതിയാണ്‌ മറ്റൊരു സഹായകനദി. നേപ്പാളിൽ ഉദ്‌ഭവിക്കുന്ന ഗണ്ഡക്‌ ത്രിവേണി എന്ന സ്ഥലത്തുവച്ച്‌ സിവാലിക്‌ നിരകള്‍ കടന്ന്‌ സമതലത്തിലേക്കിറങ്ങുന്നു; പാടലീപുത്ര(പാറ്റ്‌ന)ത്തിനു സമീപംവച്ച്‌ ഗംഗാനദിയിൽ ലയിക്കുകയും ചെയ്യുന്നു. കാഞ്ചന്‍ഗംഗയുടെ ചരിവുകളിലാണ്‌ കോസി നദിയുടെ ഉദ്‌ഭവം. സമതലത്തിലേക്കുള്ള പ്രവേശനത്തോടനുബന്ധിച്ചുള്ള ഗതിമാറ്റത്തിലൂടെ കോസി നദി ആ ഭാഗത്ത്‌ വിസ്‌തൃതമായ എക്കൽ മൈതാനം സൃഷ്‌ടിച്ചിരിക്കുന്നു. ജലപ്രളയത്തിന്റെയും ഗതിമാറ്റത്തിന്റെയും ഫലമായി കോസി നദി ബിഹാറിന്റെ ഉത്തരപൂർവഭാഗങ്ങളിൽ അളവറ്റ നാശനഷ്‌ടങ്ങള്‍ വരുത്തിക്കൂട്ടാറുണ്ട്‌. അതിപ്രാചീന കാലത്ത്‌ ബ്രഹ്മപുത്രയുടെ പോഷകനദിയായിരുന്ന കോസി 18-ാം ശ.-ത്തിൽ പൂർണിയയ്‌ക്കടുത്തുകൂടി ഒഴുകി ബംഗാള്‍-ബിഹാർ അതിർത്തിക്കു സമീപം വച്ച്‌ ഗംഗയുമായി ചേർന്നിരുന്നു; എന്നാൽ ഇന്ന്‌ ഈ സ്ഥലത്തിന്‌ 80 കി.മീ. പടിഞ്ഞാറാണ്‌ കോസിനദിയുടെ സംഗമം. ഗണ്ഡക്‌, സോണ്‍, ഘാഘ്‌ര എന്നീ നദികളും മുന്‍കാലങ്ങളിൽ ഗതിമാറ്റിയിട്ടുള്ളതിന്‌ രേഖകളുണ്ട്‌.

കൈലാസപർവതത്തിൽ മാനസസരോവർ തടാകത്തിനടുത്താണ്‌ ബ്രഹ്മപുത്രയുടെ പ്രഭവം. ദ. തിബത്തിലൂടെ 1,250 കി.മീ. ഒഴുകി ഹിമാലയത്തിന്റെ കിഴക്കേ അതിർത്തിയിലെത്തുന്നതോടെ നദി തെക്കോട്ടുതിരിയുന്നു. നേപ്പാളിൽ ഇതിന്‌ സാംപൂ എന്നാണ്‌ പേർ; അസം ഹിമാലയത്തിൽ ദിഹാങ്‌ എന്നു വിളിക്കുന്നു. സാംപൂവിന്റെ പോഷകനദികളായ ദിവാങ്‌, ലുഹിത്‌ എന്നിവ വിപരീതദിശയിൽ ഒഴുകി വന്നാണ്‌ പ്രധാന നദിയിൽ ലയിക്കുന്നത്‌. ഇവയുടെ ലയനത്തെത്തുടർന്നുള്ള നദീഭാഗമാണ്‌ ബ്രഹ്മപുത്ര എന്ന പേരിലറിയപ്പെടുന്നത്‌. മറ്റ്‌ ഉത്തരേന്ത്യന്‍ നദികളെപ്പോലെ ബ്രഹ്മപുത്രയും കൂടെക്കൂടെ ജലപ്രളയം സൃഷ്‌ടിക്കുകയും ഗതിമാറ്റുകയും ചെയ്യാറുണ്ട്‌. ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധി ബ്രഹ്മപുത്രയ്‌ക്കാണ്‌. എന്നാൽ അവസാദങ്ങള്‍ അടിഞ്ഞുകൂടുന്നതുമൂലം നദിയുടെ ചാലിന്‌ താരതമ്യേന ആഴം കുറവാണ്‌. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ പോഷകനദികളിലേക്ക്‌ പ്രധാനനദിയിൽനിന്നും ജലം തള്ളിക്കയറുന്നത്‌, അവയിലെ ജല നിർഗമനത്തിന്‌ തടസ്സമാവുകയും വിശാലമായ ജലപ്പരപ്പുകള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. സാദിയ മുതൽ ധ്രൂബി വരെ (600 കി.മീ.) പടിഞ്ഞാറോട്ടൊഴുകുന്ന ബ്രഹ്മപുത്ര ഗാരോകുന്നുകളുടെ പടിഞ്ഞാറരികിലൂടെ തെക്കോട്ടുതിരിഞ്ഞ്‌ ബാംഗ്ലാദേശിൽ കടക്കുന്നു. അസം താഴ്‌വരയിൽ ബ്രഹ്മപുത്രാതടത്തിന്‌ 75 കി. മീറ്ററിലേറെ വീതിയില്ല. രണ്ടു ശതാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ബ്രഹ്മപുത്ര ഗംഗയുമായി യോജിച്ചിരുന്നില്ല; ഢാക്കയ്‌ക്കും മൈമന്‍സിങ്ങിനും കിഴക്കായി ചട്‌ഗാംവിനടുത്ത്‌ ബംഗാള്‍ ഉള്‍ക്കടലിൽ പതിച്ചിരുന്നു. ഇപ്പോള്‍ ഈ നദി ഢാക്കയ്‌ക്കു പടിഞ്ഞാറുവച്ച്‌ ഗംഗയുമായി സംയോജിക്കുന്നു; നദീമാർഗം 112 കി.മീ. പടിഞ്ഞാറേക്ക്‌ സംക്രമിച്ചിരിക്കുന്നു. ബ്രഹ്മപുത്രയുടെ ഈ ഗതിമാറ്റത്തിനുകാരണം കൂടെക്കൂടെയുള്ള ഭൂചലനങ്ങളായിരിക്കുമെന്നാണ്‌ ഭൂവിജ്ഞാനികളുടെ അഭിപ്രായം.

ഇന്ത്യയിലെ നദീതടങ്ങളിൽ ഏറ്റവും വലുത്‌ ഗംഗാവ്യൂഹത്തിന്റേതാണ്‌ (8,38,200 ച.കി.മീ.). ഇത്‌ ഇന്ത്യയുടെ മൊത്തം വിസ്‌തീർണത്തിന്റെ നാലിലൊന്നോളം വരും; ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ ഡൽറ്റാപ്രദേശവും ഗംഗയുടേതാണ്‌ (79,700 ച.കി.മീ.). ഗോദാവരീതടമാണ്‌ രണ്ടാമത്തേത്‌; 3,23,800 ച.കി.മീ. ആണ്‌ ഈ മേഖലയുടെ വിസ്‌തീർണം. ഇന്ത്യയിലെ 2,85,000 ച.കി.മീ. പ്രദേശം സിന്ധുതടത്തിൽ ഉള്‍പ്പെടുന്നു; ബ്രഹ്മപുത്രാതടത്തിനും ഏതാണ്ട്‌ ഇത്രതന്നെ വിസ്‌തീർണംവരും. ഡക്കാണിലെ നദീതടങ്ങളിൽ രണ്ടാംസ്ഥാനം കൃഷ്‌ണയുടേതിനാണ്‌ (2,71,300 ച.കി.മീ.); മഹാനദീതടം (1,92,200 ച.കി.മീ.) മൂന്നാം സ്ഥാനത്തു നില്‌ക്കുന്നു. നർമദാതടത്തിന്‌ 94,500 ച.കി.മീറ്ററും, കാവേരിതടത്തിന്‌ 94,400 ച.കി.മീറ്ററും വിസ്‌തീർണമുണ്ട്‌.

മേൽവിവരിച്ചവ കൂടാതെ പശ്ചിമതീരത്തിലും പൂർവതീരത്തിലും അസം മേഖലയിലുമായി ശതക്കണക്കിനുള്ള ചെറുനദികള്‍ കാണാം. പ്രാദേശികമായി നോക്കുമ്പോള്‍ ഇവ പൊതുവേ സമ്പദ്‌പ്രധാനങ്ങളാണ്‌. പശ്ചിമതീരത്തിലെ നദികളിൽ മിക്കവയും ജലസേചനത്തിനും, വൈദ്യുതി-ഉത്‌പാദനത്തിനും പര്യാപ്‌തങ്ങളാണ്‌.

തടാകങ്ങള്‍ വിസ്‌തീർണത്തിന്‌ ആനുപാതികമായി നോക്കുമ്പോള്‍ ഇന്ത്യയിൽ തടാകങ്ങളുടെ എച്ചം കുറവാണെന്നു പറയാം. ഉള്ളവയിൽ ഭൂരിഭാഗവും ഹിമാലയമേഖലയിലുമാണ്‌. അധികവും ഹിമാനീഭവ തടാകങ്ങളാണ്‌. പഹൽഗാമിനും അമർനാഥിനുമിടയ്‌ക്കുള്ള ശീശാറാംനാഗ്‌ ഇക്കൂട്ടത്തിൽപ്പെടുന്നു. കോവാഹായ്‌ കൊടുമുടിയുടെ സാനുക്കളിൽ ഇത്തരം തടാകങ്ങളുടെ ശൃംഖലകള്‍തന്നെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. കാശ്‌മീറിലെ ഏറ്റവും വലിയ തടാകം വൂളർ (100 ച.കി.മീ.) ആണ്‌. അഞ്ചാർ, ദാൽ തുടങ്ങിയ ഇതര തടാകങ്ങളിൽനിന്നും ഭിന്നമാണ്‌ വൂളർ; വിവർത്തനികപ്രക്രിയകളിലൂടെ രൂപംപൂണ്ട ഒരു ദ്രാണി ജലാശയമായിത്തീർന്നതാണിത്‌. നൈനീതാലിനു ചുറ്റുമുള്ള തടാകങ്ങള്‍ ഭ്രംശരേഖയിലേതെന്നപോലെ വരിയായി കാണപ്പെടുന്നു; ഇവയിൽ ഭീമ്‌താൽ ആണ്‌ ഏറ്റവും വലുത്‌. സിക്കിമിലെ യമഡാകചോ, യമടോഡാങ്‌ എന്നീ തടാകങ്ങളും പ്രസിദ്ധങ്ങളാണ്‌. ഭൂസ്‌ഖലനങ്ങളിലൂടെ ഉദ്‌ഭൂതമായ നിരവധി തടാകങ്ങള്‍ ഹിമാലയത്തിലെ ഉന്നതഭാഗങ്ങളിൽ കാണാം. 4,420 മീ. ഉയരത്തിൽ സ്‌പിതി താഴ്‌വരയുടെ ശീർഷത്തിലായി സ്ഥിതിചെയ്യുന്ന ചന്ദ്രതാൽ ഈയിനത്തിൽപ്പെട്ടതാണ്‌. ഹിമബാധയും ഭൂസ്‌ഖലനങ്ങളും മൂലം താത്‌കാലിക തടാകങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതും വിരളമല്ല. പ. രാജസ്ഥാനിൽ ആന്തരിക-അപവാഹത്തിന്റെ ഫലമായി തടാകങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ സാംഭാർ തടാകം മാത്രമാണ്‌ എടുത്തുപറയാവുന്നത്‌. ഡക്കാണിൽ ബുള്‍ദാന ജില്ലയിൽ ലോനാർ നഗരത്തിന്‌ ഒരു കി.മീ. ദൂരത്തുള്ള ലോനാർ തടാകം മാത്രമാണ്‌ അഗ്നിപർവതജന്യമായുള്ളത്‌. 700 മീ. വ്യാസമുള്ള ഒരു ക്രറ്റർ തടാകമാണിത്‌.

ലോനാർ-ഇന്ത്യയിലെ ഏക ക്രറ്റർ തടാകം

ഭൂവിജ്ഞാനം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭൂവിജ്ഞാനീയചരിത്രം അടിസ്ഥാനമാക്കി മൂന്ന്‌ പ്രധാന ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്‌: ഡക്കാണ്‍ ഉപദ്വീപ്‌, ഹിമാലയ മേഖല, സിന്ധുഗംഗാതടം. വിന്ധ്യാപർവതങ്ങള്‍ക്കു തെക്കുള്ള ത്രിഭുജാകാരമായ ഡക്കാണ്‍ ഉപദ്വീപ്‌ കടുപ്പമേറിയ ശിലാസഞ്ചയങ്ങളാൽ നിർമിതമായ അതിപ്രാചീനവും സുദൃഢവുമായ ഭൂഖണ്ഡം (block) ആണ്‌. യുഗങ്ങള്‍ക്കുമുമ്പ്‌ ആഴംകുറഞ്ഞ സമുദ്രഭാഗമായി കിടന്നിരുന്ന പ്രദേശത്ത്‌ അടിഞ്ഞുകൂടിയ അവസാദശിലാശേഖരങ്ങള്‍ ഭൂഖണ്ഡവിസ്ഥാപനത്തിന്റെ ഭാഗമായുള്ള സഞ്ചലനങ്ങളിലും സമ്മർദത്തിലുംപ്പെട്ട്‌ മടങ്ങിയൊടിഞ്ഞ്‌ ഉയർത്തപ്പെട്ടുണ്ടായ വന്‍പർവതങ്ങളെയാണ്‌ ഹിമാലയമേഖല ഉള്‍ക്കൊള്ളുന്നത്‌. ഡക്കാണ്‍പീഠഭൂമിയുടെ പടിഞ്ഞാറും കിഴക്കും പാർശ്വങ്ങളിലുള്ള ഉന്നതപ്രദേശങ്ങളും വിവർത്തനികപ്രക്രിയയിലൂടെ നിർമിതമായ വലനപർവതങ്ങള്‍തന്നെയാണ്‌. സദൃശസാഹചര്യങ്ങളിൽ രൂപംപ്രാപിച്ച ഈ പർവതപംക്‌തികളെ ഒന്നായിച്ചേർത്ത്‌ പഠനം നടത്തുകയാണ്‌ ഭൂവിജ്ഞാനികള്‍ ചെയ്‌തുപോരുന്നത്‌. ഹിമാലയമേഖലയ്‌ക്കും ഡക്കാണിനും ഇടയ്‌ക്കായി രൂപംകൊണ്ടിട്ടുള്ള വിസ്‌തൃതമായ ജലോഢമൈതാനമാണ്‌ മൂന്നാമത്തെ വിഭാഗമായ സിന്ധു ഗംഗാസമതലം. പടിഞ്ഞാറ്‌ സിന്‍ഡ്‌ മുതൽ കിഴക്ക്‌ അസമിലെ ബ്രഹ്മപുത്രാതടം വരെ പരന്നുകിടക്കുന്ന ഈ സമതലം, സ്ഥിതശിലകളെ അടിസ്ഥാനമാക്കി ഡക്കാണിന്റെ അവതലനവിധേയമായ സീമാന്തമേഖലയായി കണക്കാക്കപ്പെട്ടുവരുന്നു.

ഇന്ത്യ-ഭൂവിജ്ഞാനം

ഡക്കാണ്‍ പീഠഭൂമിക്കും ഇതര ഭൂഭാഗങ്ങള്‍ക്കുമിടയിൽ ഭൂപ്രകൃതിപരമായി പ്രകടമായ വ്യത്യാസം ദർശിക്കാം. ശിലാസ്‌തരണപര(stratigraphic)മായ വൈജാത്യമാണ്‌ ആദ്യത്തേത്‌. കാമ്പ്രിയന്‍കാലം മുതലേ വന്‍കരഭാഗമായി തുടർന്നുപോന്ന ഉറച്ച ഭൂഖണ്ഡമാണ്‌ ഡക്കാണ്‍. ഒരു പക്ഷേ സമുദ്രാതിക്രമണത്തിനു വിധേയമായിട്ടുണ്ടാവാമെങ്കിൽപ്പോലും, അത്‌ നന്നേ ഹ്രസ്വമായ കാലയളവിലേക്കായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു; ഭൗമചരിത്രത്തിലെ യാതൊരു കാലഘട്ടത്തിലും ഡക്കാണ്‍ പീഠഭൂമി ഒന്നാകെ കടലിലാണ്ടിരുന്നില്ലതാനും. നേരേ മറിച്ച്‌ ഡക്കാണൊഴിച്ചുള്ള ഭാഗങ്ങളൊക്കെത്തന്നെ ആവർത്തിച്ചുള്ള അവതലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌; മിക്കപ്പോഴും കടലിനടിയിലായിരുന്നിട്ടുമുണ്ട്‌. കാമ്പ്രിയനുശേഷമുള്ള വിവിധ യുഗങ്ങളിൽ ഈ ഭൂഭാഗങ്ങളിൽ കടൽ കയറിക്കിടന്നിരുന്നുവെന്നതിന്‌ അവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള വ്യത്യസ്‌തകാലഘട്ടങ്ങളിലേതായ ജീവാശ്‌മങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

സംരചനാപരമായ വ്യത്യാസമാണ്‌ രണ്ടാമത്തേത്‌. ഭൂവല്‌കത്തിലെ ഉറച്ച ഭാഗങ്ങളിലൊന്നായ ഡക്കാണ്‍ പലയുഗങ്ങളായി ഒരേ നിലയിൽ തുടർന്നു പോരുന്നു; പ്രതലപരിവർത്തനങ്ങള്‍ക്കു പ്രരകമായിരുന്ന ഭൂരൂപപ്രക്രമങ്ങള്‍ (Geomorphic processes)ഒന്നുംതന്നെ ഡക്കാണിൽ സജീവമായിരുന്നില്ല. ഭൂഖണ്ഡവിസ്ഥാപനം തുടങ്ങിയ പാർശ്വികവിന്യാസങ്ങള്‍ക്കോ, പർവതനപ്രക്രിയകള്‍ക്കോ പോലും ഡക്കാണ്‍ പീഠഭൂമിയുടെ ആദ്യരൂപത്തിന്‌ കാര്യമായ മാറ്റം വരുത്തുവാന്‍ സാധിച്ചിട്ടില്ല. എന്നാൽ ഡക്കാണൊഴിച്ചുള്ള ഭാഗങ്ങളൊക്കെത്തന്നെ കാലാകാലങ്ങളിൽ പരിവർത്തനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌; ഇതിന്റെ ഫലമായി പ്രതലപ്രകൃതിയിലും ഉച്ചാവചത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌.

ഭൂപ്രകൃതിയിലുള്ള വ്യത്യാസമാണ്‌ മൂന്നാമത്തേത്‌. ഡക്കാണ്‍പീഠഭൂമിയിലെ പർവതങ്ങളും മലകളും കുന്നുകളുമൊക്കെ നെടുനാളായുള്ള അപരദനത്തിന്റെ അവശിഷ്‌ടങ്ങളാണ്‌. (നോ: അവശിഷ്‌ടപർവതം). അവ ഒരിക്കലുംതന്നെ പുനർനിർമിതിക്കു വിധേയങ്ങളായിട്ടുമില്ല. ഈ മേഖലയിലെ നദികള്‍ വൃദ്ധാവസ്ഥ പ്രാപിച്ചിട്ടുള്ളവയാണ്‌ (നോ: അപരദനചക്രം). നേരേമറിച്ച്‌ ഹിമാലയമേഖലയിൽ നന്നേ പ്രായംകുറഞ്ഞ മടക്കു പർവതങ്ങളാണുള്ളത്‌. ഈ മേഖലയിൽ വിവർത്തനികപ്രക്രിയകള്‍ ഇപ്പോഴും സജീവമായി തുടരുന്നു. ഇവിടത്തെ നദികള്‍ ഒട്ടുമുക്കാലും യുവാവസ്ഥയിലുള്ളവയാണ്‌; ഇവയുടെ അപരദപ്രവർത്തനം താരതമ്യേന തീക്ഷ്‌ണവുമാണ്‌.

മാർബിള്‍ ശിലകള്‍-ജബൽപൂർ

മൂന്നാമത്തെ വിഭാഗമായ സിന്ധു-ഗംഗാ തടം, സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളും അവയുടെ പോഷകനദികളും വഹിച്ചുനീക്കുന്ന ശിലാംശങ്ങള്‍ വീണടിഞ്ഞ്‌ ഉണ്ടായിട്ടുള്ള എക്കൽ സമതലങ്ങളാണ്‌. അക്കാരണംകൊണ്ടുതന്നെ ഭൂവിജ്ഞാനപരമോ, ശിലാപരമോ ആയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നു കരുതാവുന്നതാണ്‌. ശതക്കണക്കിനു മീറ്റർ കനത്തിലുള്ള ജലോഢനിക്ഷേപങ്ങള്‍ ഈ സമതലത്തിലുണ്ട്‌. വിരുദ്ധ സ്വഭാവങ്ങളുള്ള ഈ ഭൂഭാഗങ്ങളുടെ സംയോജിതരൂപമാണ്‌ ഇന്നത്തെ ഇന്ത്യാഉപഭൂഖണ്ഡം. ഒരിക്കൽ ഗോണ്ട്‌വാനാലാന്‍ഡ്‌ എന്ന ബൃഹദ്‌വന്‍കരയുടെ ഭാഗമായിരുന്ന ഡക്കാണ്‍ ഭൂഖണ്ഡം വന്‍കരാവിസ്ഥാപനത്തിന്റെ ഫലമായി സഞ്ചലിച്ചായിരിക്കണം ഇന്നത്തെ സ്ഥാനത്തെത്തിച്ചേർന്നത്‌. യൂറേഷ്യഭാഗത്തെ ഉറച്ച ഭൂഖണ്ഡങ്ങളുടെയും ഡക്കാണ്‍ ഭൂഖണ്ഡത്തിന്റെയും സമ്മർദംമൂലം ഇടയ്‌ക്കുണ്ടായിരുന്ന ടെഥിസ്‌ എന്ന ആഴം കറുത്ത കടലിലെ അവസാദശിലാശേഖരങ്ങള്‍ പ്രാത്ഥാനവിധേയമായി മടങ്ങി ഉയർന്നു. ഇങ്ങനെയുണ്ടായ പർവതനിരകളെയാണ്‌ ഹിമാലയം ഉള്‍ക്കൊള്ളുന്നത്‌. യുഗങ്ങളോളം നീണ്ടുനിന്ന പർവതനപ്രക്രിയയിലൂടെ അത്‌ ഇന്നത്തെ നിലയിൽ എത്തിച്ചേർന്നു. ഈ ഭൂ-അഭിനതി(geosyncline)യുടെ തെക്കരികും, ഡക്കാണ്‍ ഭൂഖണ്ഡത്തിന്റെ വടക്കരികും ചേർന്നുണ്ടായ സീമാന്തമേഖലയിൽ ഹിമാലയത്തിൽ ഉദ്‌ഭവിച്ചൊഴുകിയ നദികള്‍ നിക്ഷേപിച്ച അവസാദങ്ങള്‍ കാലക്രമത്തിൽ സൃഷ്‌ടിച്ച ജലോഢ മൈതാനമാണ്‌ സിന്ധു-ഗംഗാ സമതലമായിത്തീർന്നത്‌. മേല്‌പറഞ്ഞ ഭൂരൂപപ്രക്രമങ്ങള്‍ക്കിടയിൽതന്നെ ഡക്കാണ്‍ ഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും അരികുകളിലുള്ള ദുർബലമേഖലകളിൽ പ്രാത്ഥാനഫലമായി പർവതങ്ങള്‍ രൂപംകൊള്ളുകയുണ്ടായി. യുഗാന്തരങ്ങളായുള്ള അപരദനപ്രവർത്തനവും സമുദ്രത്തിന്റെ പിന്‍വാങ്ങലും മൂലം കിഴക്കും പടിഞ്ഞാറുമുള്ള തീരസമതലങ്ങള്‍ ക്രമേണ രൂപംപൂണ്ടുയർന്നു.

ജിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയുടെ വിഭജനക്രമമനുസരിച്ച്‌ ഇന്ത്യയിലെ ശിലാവ്യൂഹങ്ങളെ നാലായി വർഗീകരിച്ചിരിക്കുന്നു; ആർക്കിയന്‍, പുരാണാ, ദ്രാവിഡം (Dravidian) ആര്യന്‍. യൂറോപ്പിലെ ശിലാവിഭജനമനുസരിച്ചുള്ള ആർക്കിയന്‍, പാലിയോസോയിക്‌, മീസോസോയിക്‌, കൈനോസോയിക്‌ എന്നീ ക്രമങ്ങളുമായി സാജാത്യം പുലർത്തുന്ന രീതിയിലല്ല ഇന്ത്യയിലെ വർഗീകരണം; പ്രത്യുത, ഡക്കാണിലെ ശിലാവ്യൂഹങ്ങളെ അവയുടെ സ്വഭാവസവിശേഷതകള്‍ക്കും കാലഗണനയ്‌ക്കും അനുയോജ്യമായതരത്തിൽ സമഗ്രമായി വർഗീകരിക്കുന്ന വിഭജനവ്യവസ്ഥയാണിത്‌. ഹിമാലയമേഖലയിൽ മാത്രമാണ്‌ യൂറോപ്യന്‍ വിഭജനക്രമം പ്രായോഗികമായിക്കാണുന്നത്‌. ഭൂവിജ്ഞാനികള്‍ അംഗീകരിച്ചിട്ടുള്ള പ്രാമാണികസമയക്രമമനുസരിച്ച്‌ ഇന്ത്യയിലെ ശിലാക്രമങ്ങളെ താഴെപറയുംവിധം തുലനംചെയ്യാം. ആർക്കിയന്‍ ശിലാക്രമം മറ്റിടങ്ങളിലെ ആർക്കിയന്‍ ശിലകള്‍ക്കു സമകാലികമാണ്‌. പുരാണാശിലാക്രമം ആർക്കിയന്‍ കല്‌പത്തിനുശേഷം കാമ്പ്രിയന്റെ തുടക്കംവരെയുള്ള കാലയളവിനെ പ്രതിനിധീകരിക്കുന്നു. കാമ്പ്രിയന്‍ മുതൽ പൂർവകാർബോണിഫെറസ്‌ വരെയുള്ള കാലഘട്ടങ്ങളിൽ രൂപംപൂണ്ട ശിലാവ്യൂഹങ്ങളെയാണ്‌ ദ്രാവിഡം എന്നു വിശേഷിപ്പിക്കുന്നത്‌. ഉത്തരകാർബോണിഫെറസ്‌ യുഗത്തിലോ അതിനുശേഷമോ ഉദ്‌ഭൂതമായിട്ടുള്ള ശിലാക്രമങ്ങളൊക്കെത്തന്നെ ആര്യന്‍ വിഭാഗത്തിൽ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നു. മേല്‌പറഞ്ഞ നാല്‌ ശിലാക്രമങ്ങളുടെ സംരചനാപരവും ശിലാപ്രസ്‌തരപരവുമായ സവിശേഷതകളുടെയും, അവ ഉള്‍ക്കൊള്ളുന്ന സമ്പദ്‌പ്രധാനങ്ങളായ ധാതുക്കളുടെയും വിശദവിവരങ്ങള്‍ താഴെച്ചേർത്തിരിക്കുന്നു.

ആർക്കിയന്‍ശിലകള്‍. ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലാവ്യൂഹമാണ്‌ ആർക്കിയന്‍; തന്മൂലം ഇവ ശിലാസ്‌തരങ്ങളുടെ ഏറ്റവും അടിയിൽ അവസ്ഥിതമായിക്കാണുന്നു. ഇന്ത്യയിലെ ആർക്കിയന്‍ ക്രമത്തിൽ നൈസ്സ്‌, ഷിസ്റ്റ്‌ തുടങ്ങിയ കായാന്തരിതശിലകളാണ്‌. ഇവ ആദ്യദശകളിൽത്തന്നെ രൂപംപൂണ്ട സ്ഥിതശിലകളാണ്‌. ഡക്കാണ്‍മേഖലയിലെ 20 ലക്ഷം ച.കി.മീ. പ്രദേശത്ത്‌ ആർക്കിയന്‍ ശിലാക്രമം വ്യാപിച്ചിരിക്കുന്നു; തമിഴ്‌നാട്‌, കർണാടകം, ആന്ധ്രപ്രദേശ്‌, ഒറീസ, ജാർഖണ്ഡ്‌, ഛത്തിസ്‌ഗഢ്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഛോട്ടാനാഗ്‌പൂർ പ്രദേശത്തുമാണ്‌ ആർക്കിയന്‍ ശിലകള്‍ കാണപ്പെടുന്നത്‌. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മലനിരകളായ ആരവല്ലിയിലും ആർക്കിയന്‍ ശിലകളാണുള്ളത്‌. ഹിമാലയത്തിൽ കാശ്‌മീർ മുതൽ സിക്കിം വരെ ഹിമാച്ഛാദിതമായി കിടക്കുന്ന മേഖലയിലെ സ്ഥിതശിലകളും ആർക്കിയന്‍ കാലഘട്ടത്തിലേതാണ്‌. വ. കി. ഇന്ത്യയിൽ ബിഹാർ മുതൽ അസം പീഠഭൂമി വരെയും ആർക്കിയന്‍ ശിലാസഞ്ചയങ്ങള്‍ കാണപ്പെടുന്നു.

ജിവാശ്‌മങ്ങളുടെ അഭാവമാണ്‌ ആർക്കിയന്‍ശിലകളുടെ എടുത്തുപറയാവുന്ന സവിശേഷത. ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും ഉദ്‌ഗമിച്ച മാഗ്മ പെട്ടെന്ന്‌ തണുത്തുണ്ടായ പരൽരൂപമുള്ള ഗ്രാനൈറ്റുകളുടെ കായാന്തരിത ശിലകളായ നൈസ്സ്‌, ഷിസ്റ്റ്‌ തുടങ്ങിയവയാണ്‌ ആർക്കിയന്‍ ശിലാവ്യൂഹത്തിലെ പ്രധാന ഘടകങ്ങള്‍. ഇവയ്‌ക്കിടയിലെ പ്രത്യേകസ്‌തരങ്ങള്‍ അതിയായ ചൂടും സമ്മർദവുംമൂലം അമിതമായ കായാന്തരണത്തിനു വിധേയമായി ക്ലാസ്റ്റിക്‌ (clastic) അവസാദങ്ങളായി മാറിയിരിക്കുന്നു. ഈയിനം ശിലകളെ "ധാർവാർക്രമം' എന്നു വിശേഷിപ്പിക്കുന്നു. സമ്പദ്‌ധാതുക്കളുടെ അവസ്ഥിതിമൂലം ധാർവാർശിലാക്രമം ഭൂവിജ്ഞാനികളുടെ സൂക്ഷ്‌മമായ പഠനത്തിനു വിധേയമായിട്ടുണ്ട്‌. 300 കോടി വർഷങ്ങളായുള്ള നാനാവിധ സമ്മർദങ്ങളുടെയും ഞെരുങ്ങി അമരലിന്റെയും ഫലമായി ആർക്കിയന്‍ ശിലകളുടെ ഘടന പൊതുവെ സങ്കീർണസ്വഭാവമുള്ളതായി തീർന്നിരിക്കുന്നു.

ധാർവാർക്രമം. കർണാടകസംസ്ഥാനത്തിലെ ധാർവാർ പ്രദേശത്താണ്‌ ഈയിനം ശിലകളുടെ ഉത്തമമാതൃക കാണുന്നത്‌. ഛോട്ടാനാഗ്‌പൂർ, ജബൽപൂർ, റീവ, ഹസാരിബാഗ്‌, ഷില്ലോങ്‌പീഠഭൂമി, ആരവല്ലിപ്രദേശം എന്നിവിടങ്ങളിലും ധാർവാർ ക്രമത്തിൽപ്പെട്ട ശില്ലാസ്‌തരങ്ങള്‍ കണ്ടുവരുന്നു. ഹിമാലയത്തിലെ ചില ഭാഗങ്ങളിലും ധാർവാർ ഇനത്തിൽപ്പെട്ട ആർക്കിയന്‍ ശിലകള്‍ കാണപ്പെടുന്നുണ്ട്‌. അധിസിലികവും (acidic) ആൽക്കലിയവും (basic) ആയ ലാവാശിലകള്‍, പരൽരൂപമുള്ള ഷിസ്റ്റുകളും ഗ്രാനൈറ്റുകളും, കോണ്‍ഗ്ലോമറ്റേറുകള്‍, ഫില്ലൈറ്റുകള്‍, ചുച്ചാമ്പുകല്ല്‌ മുതലായ കായാന്തരിതശിലകള്‍ തുടങ്ങിയവയാണ്‌ ധാർവാർക്രമത്തിലുള്ള അവസാദങ്ങളിലെ പ്രമുഖാംശങ്ങള്‍. കയനൈറ്റ്‌, ഗ്രാഫൈറ്റ്‌, ഗാർണെറ്റ്‌, കൊറണ്ടം തുടങ്ങിയ ധാത്വംശങ്ങളെയും ധാരാളമായി ഉള്‍ക്കൊണ്ടു കാണുന്നു. ആരവല്ലിനിരകളിലെ ധാർവാർ ശിലാസഞ്ചയങ്ങളെ ആരവല്ലിശിലാക്രമം എന്നു വ്യഞ്‌ജിപ്പിക്കാറുണ്ട്‌. ഉദ്‌ഭൂതമായ കാലഘട്ടത്തിനുശേഷം പ്രാത്ഥാനവിധേയമായിത്തീർന്ന മലനിരകളിലാണ്‌ ആരവല്ലിശിലാക്രമം കാണപ്പെടുന്നത്‌. സ്വാഭാവികമായും ആന്റിക്ലൈനോറിയ പ്രകൃതിയിലാണ്‌ ഇവിടത്തെ ധാർവാർ ശിലകളുടെ സ്‌തരണം (നോ: ആന്റിക്ലൈനോറിയ). ആരവല്ലി ശിലാക്രമത്തിൽ 3,000 മീറ്ററിലേറെ കനത്തിൽ ഷിസ്റ്റ്‌, ക്വാർട്ട്‌സൈറ്റ്‌, ഫില്ലൈറ്റ്‌, സ്ലേറ്റ്‌ തുടങ്ങിയ ശിലകള്‍ സഞ്ചിതമായിരിക്കുന്നു; കായാന്തരണത്തിന്റെ തോത്‌ പലയിടത്തും പലതായിക്കാണുന്നുവെന്നതും പ്രസ്‌താവ്യമാണ്‌. ഈ ശിലാക്രമത്തിന്റെ ഒരു ശിഖരം ഗുജറാത്തിലെ ബറോഡയിലും എത്തിയിട്ടുണ്ട്‌.

മധ്യപ്രദേശിലും ബിഹാറിലുമുള്ള ധാർവാർ ശിലാസഞ്ചയങ്ങള്‍ ഇരുമ്പ്‌, മാങ്‌ഗനീസ്‌ തുടങ്ങിയവയുടെ കനത്ത നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗ്രാനുലൈറ്റ്‌, ഡോളമൈറ്റ്‌, മാർബിള്‍, അഭ്രം, സില്ലിമനൈറ്റ്‌, ഹോണ്‍ബ്ലെന്‍ഡ്‌-ഷിസ്റ്റ്‌ തുടങ്ങിയവയ്‌ക്ക്‌ പ്രാമുഖ്യമുള്ള, നാഗ്‌പൂരിലും പ്രാന്തപ്രദേശങ്ങളിലുമായിക്കാണുന്ന ധാർവാർശിലകളെ സാസർക്രമം എന്നു വിളിച്ചുവരുന്നു. ഇതിന്റെ വടക്കോട്ടുള്ള തുടർച്ചയായി ശാകോലി ക്രമത്തിൽ ക്ലോറൈറ്റ്‌-ഷിസ്റ്റുകള്‍, ജാസ്‌പിലൈറ്റ്‌, ഗേമട്ടൈറ്റിക്‌, ക്വാർട്ട്‌സൈറ്റ്‌ എന്നിവയാണ്‌ അധികമായുള്ളത്‌. നർമദാതടത്തിലെ "മാർബിള്‍റോക്ക്‌സ്‌' എന്നറിയപ്പെടുന്ന ശിലാസഞ്ചയങ്ങളും ധാർവാർക്രമത്തിൽപ്പെടുന്നവയാണ്‌. മാങ്‌ഗനീസ്‌ അയിരുകള്‍ അവസ്ഥിതമായിട്ടുള്ള ധാർവാർ ശിലകളെ ഗോണ്ടൈറ്റ്‌ ക്രമം എന്നു വിശേഷിപ്പിക്കുന്നു; മധ്യപ്രദേശിലെ ബാലാഘാട്ട്‌ ജില്ലയിലും, മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ ജില്ലയിലുമാണ്‌ ഗോണ്ടൈറ്റ്‌ ക്രമം പൂർണരൂപത്തിൽ കാണപ്പെടുന്നത്‌. ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തിലും ചുറ്റുപാടുമുള്ള മാംഗനിഫെറസ്‌ശിലകളെ കോഡുറൈറ്റ്‌ ക്രമം എന്നു വിളിച്ചുവരുന്നു; പാതാളശിലകളുടെ അന്തർവേധനവും തുടർന്നുള്ള കായാന്തരണവും മൂലം ഉണ്ടായിട്ടുള്ളവയാണ്‌ കോഡുറൈറ്റ്‌ ക്രമത്തിലെ ശിലകള്‍. ധാർവാർക്രമത്തിൽ ഉള്‍പ്പെടുത്താവുന്ന മറ്റൊരിനം ശിലാസഞ്ചയമാണ്‌ റാഞ്ചി, ഹസാരിബാഗ്‌, ഗയ തുടങ്ങിയ സ്ഥലങ്ങളിലെ അഭ്രനിക്ഷേപങ്ങളെ ഉള്‍ക്കൊള്ളുന്നത്‌. സിങ്‌ഭൂം, ഗംഗാപൂർ, മയൂർഗഞ്‌ജ്‌ എന്നിവിടങ്ങളിലെ ഇരുമ്പുനിക്ഷേപങ്ങളും ധാർവാർക്രമത്തിനിടയിലാണ്‌: ഈ മേഖലയിൽ 800 കോടി മെ.ടണ്‍ ഇരുമ്പയിരുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. സില്ലിമനൈറ്റ്‌-ഗ്രാഫൈറ്റ്‌ ഷിസ്റ്റുകള്‍ക്കുപ്രാമുഖ്യമുള്ള ഖോണ്‍ഡലൈറ്റ്‌ ശിലകളും ധാർവാർക്രമത്തിൽതന്നെ ഉള്‍പ്പെടുന്നവയാണ്‌. പുരാനാശിലകള്‍. ആർക്കിയന്‍ കാലഘട്ടത്തെ തുടർന്നുള്ള അനേകം യുഗങ്ങളിലെ ഇന്ത്യയിലെ ശിലാപ്രസ്‌തരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ല. ഈ കാലയളവിൽ ആവർത്തിച്ചുള്ള പർവതനങ്ങളും, അവ മൂലമുണ്ടായ പർവതങ്ങളുടെ പൂർണമായ അപരദനവും സംഭവിച്ചിട്ടുണ്ടാവണം. പ്രീകാമ്പ്രിയന്‍ ഘട്ടത്തിലുള്ള ഈ ശിലാസഞ്ചയങ്ങളുടെ മുകളറ്റത്ത്‌ ഉദ്ദേശം 9,000 മീറ്റർ കനത്തിലുള്ള ശിലാപടലങ്ങളെയാണ്‌ പുരാനാക്രമത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. രാജസ്ഥാന്‍, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ എന്നീ സംസ്ഥാനങ്ങളിലെ പ്രത്യേകപ്രദേശങ്ങളിലാണ്‌ ഈ ശിലാക്രമം വ്യതിരിക്തമായിട്ടുള്ളത്‌; ഉത്തമമാതൃക ആന്ധ്രപ്രദേശിലെ കടപ്പാജില്ലയിലാണുള്ളത്‌. സ്ലേറ്റ്‌, ക്വാർട്ട്‌സൈറ്റ്‌, മണൽക്കല്ല്‌, ചുച്ചാമ്പുകല്ല്‌ എന്നിവയ്‌ക്ക്‌ പ്രാമുഖ്യമുള്ള പുരാണാശിലകളും ജിവാശ്‌മരഹിതങ്ങളാണ്‌. കടപ്പാക്രമം. ആന്ധ്രപ്രദേശിലെ കടപ്പാജില്ലയിലും ഛത്തീസ്‌ഗഡിലുമാണ്‌ ഈ ശിലാക്രമം കാണപ്പെടുന്നത്‌. സംരചനാപരമായ വിരൂപണത്തിനും, കായാന്തരണത്തിനും വന്‍തോതിൽ വിധേയമായിട്ടുള്ള കടപ്പാശിലകള്‍, ബിജാവർ, ഗ്വാളിയർ, ചേയർ, കാലാഡ്‌ഗി, കൃഷ്‌ണ, പാഖാൽ, റായ്‌പൂർ എന്നീ വിശേഷണങ്ങള്‍ ചേർത്ത്‌, പലയിടങ്ങളിലും പല ക്രമങ്ങളായി അറിയപ്പെടുന്നു. ബിജാവർക്രമത്തിൽപ്പെട്ട ഡൈക്കു(dyke)കളാണ്‌ ഗോൽക്കൊണ്ടാവജ്രങ്ങളുടെ മാതൃശിലകള്‍. കാലാഡ്‌ഗിക്രമം ഇരുമ്പുനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഡൽഹിക്രമം. കടപ്പാശിലകള്‍ക്കു സമകാലികമായി രൂപംപൂണ്ട ഈ ശിലാസ്‌തരങ്ങള്‍ ആരവല്ലിമേഖലയിലെ ആവർത്തിച്ചുള്ള പർവതന പ്രക്രിയകള്‍മൂലം മടങ്ങിയൊടിഞ്ഞ്‌ സങ്കീർണഘടനയുള്ളവയായിത്തീർന്നിരിക്കുന്നു. രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ വ.കി. ഭാഗം മുതൽ ദില്ലിക്കു സമീപമുള്ള മൊട്ടക്കുന്നുകള്‍ വരെ ഈ ശിലാക്രമം വ്യാപിച്ചിരിക്കുന്നു. ഈദാർ മുതൽ ദില്ലി വരെ വളഞ്ഞുപുളഞ്ഞു സ്ഥിതിചെയ്യുന്ന അപരദനാവശിഷ്‌ടങ്ങളായ പാറക്കെട്ടുകള്‍ (അൽവർ ക്വാർട്ട്‌സൈറ്റ്‌) ഈ ക്രമത്തിൽപ്പെടുന്നവയാണ്‌. സ്ലേറ്റ്‌, ഷിസ്റ്റ്‌, ഹോണ്‍സ്റ്റോണ്‍, ചുച്ചാമ്പുകല്ല്‌, ക്വാർട്ട്‌സൈറ്റ്‌ എന്നിവയുടെ ഏതാണ്ട്‌ 5,100 മീ. കനത്തിലുള്ള സഞ്ചയമാണ്‌ ഡൽഹിക്രമം. ആരവല്ലിശിലാക്രമവുമായി തികച്ചും വിഷമവിന്യസ്‌ത(unconformable)മായി കാണപ്പെടുന്ന ഇവയ്‌ക്ക്‌ കിഴക്കരികിലെ വിന്ധ്യാക്രമവുമായി ഭ്രംശസംസ്‌പർശം (faulted contact) ഉണ്ട്‌.

വിന്ധ്യാക്രമം. കടപ്പാശിലകള്‍ക്കു മുകളിലായി ഉദ്ദേശം 4,200 മീ. കനത്തിൽ കാണപ്പെടുന്ന വിന്ധ്യാശിലകള്‍ പൊതുവേ സമാന്തര-സ്‌തരിതങ്ങളും വലുതായ വിരൂപണത്തിനു പാത്രമായിട്ടില്ലാത്തവയുമാണ്‌. വിന്ധ്യാശിലകളിലെ നിമ്‌നാർധം (ലോവർ വിന്ധ്യന്‍) സ്ലേറ്റ്‌, ഷെയ്‌ൽ, ചുച്ചാമ്പുകല്ല്‌ എന്നീയിനങ്ങളും ഉപര്യർധം (അപ്പർ വിന്ധ്യന്‍) മണൽക്കല്ലുകളും ഷെയ്‌ലും മാത്രവും ഉള്‍ക്കൊണ്ടിരിക്കുന്നു. രാജസ്ഥാനിലെ ലോവർവിന്ധ്യാക്രമം (മലാനി റയോലൈറ്റ്‌) സമകാലികമായ ആഗ്നേയപ്രക്രിയകള്‍ക്കു സാക്ഷ്യം വഹിക്കുന്നു; ഈ ശിലാപടലങ്ങള്‍ക്കിടയിൽ ലാവാശിലകളും അഗ്നിപർവതജന്യങ്ങളായ മറ്റു പദാർഥങ്ങളും കാണാം. സോണ്‍ നദീതടത്തിലെ ലോവർവിന്ധ്യാശിലകള്‍ സെമ്രിക്രമം എന്നും ഭീമാതടത്തിലേത്‌ ഭീമാക്രമം എന്നും കടപ്പയിലേത്‌ കർണൂൽക്രമം എന്നും അറിയപ്പെടുന്നു. അപ്പർ വിന്ധ്യാക്രമത്തിലെ ഉത്തമ മാതൃകകള്‍ നർമദയ്‌ക്കു വടക്കായി വ്യാപിച്ചിട്ടുള്ള കൈമൂർ, റീവോ, ഭണ്ഡാർ എന്നീ ശിലാക്രമങ്ങളാണ്‌. വിന്ധ്യാക്രമത്തിൽപ്പെട്ട ശിലാപടലങ്ങള്‍ക്കിടയിൽ നന്നേ വിരളമായി ജീവാശ്‌മങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയെ അടിസ്ഥാനമാക്കി വിന്ധ്യാശിലാക്രമത്തിലെ ഉപരിപടലങ്ങള്‍ കാമ്പ്രിയന്‍ യുഗത്തിന്റെ ആദ്യദശകങ്ങളിലാണ്‌ രൂപംപൂണ്ടതെന്ന്‌ അനുമാനിക്കപ്പെടുന്നു.

വാസ്‌തുശിലകളാണ്‌ വിന്ധ്യാക്രമത്തിലെ ഏറ്റവും സമ്പദ്‌പ്രധാനമായ വസ്‌തു; ഭാരതീയ വാസ്‌തുവിദ്യയുടെ സുമോഹന നിദർശനങ്ങളിൽ മിക്കവയും വിന്ധ്യാക്രമത്തിൽ ഉള്‍പ്പെടുന്ന പ്രത്യേക ശിലകള്‍കൊണ്ടാണ്‌ നിർമിക്കപ്പെട്ടിട്ടുള്ളത്‌. ഗോൽക്കൊണ്ടാവജ്രവും വിന്ധ്യാക്രമത്തിലാണ്‌ അവസ്ഥിതമായിട്ടുള്ളത്‌.

മേല്‌പറഞ്ഞവ കൂടാതെ ഹിമാലയമേഖലയിൽപ്പെട്ട അപൂർവം ചില സ്ഥാനങ്ങളിലും പുരാണാശിലകള്‍ കാണപ്പെട്ടിട്ടുണ്ട്‌.

ദ്രാവിഡശിലകള്‍. കാമ്പ്രിയന്‍ മുതൽ മധ്യ-കാർബോണിഫെറസ്‌ വരെയുള്ള യുഗങ്ങളിൽ ഉദ്‌ഭൂതമായ ശിലാസഞ്ചയങ്ങളെയാണ്‌ ദ്രാവിഡം എന്നു വിശേഷിപ്പിക്കുന്നത്‌. ഡക്കാണ്‍മേഖലയിൽ പാലിയോസോയിക്‌ കല്‌പത്തിലെ മേല്‌പറഞ്ഞ കാലയളവിൽ എന്തെങ്കിലും പരിവർത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിൽത്തന്നെ, അവ നിർണയിക്കാവുന്ന ജീവാശ്‌മപരമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ, വിശിഷ്യ ഹിമാലയമേഖലയിൽ ഈ കാലയളവിലെ ശിലാസ്‌തരങ്ങള്‍ കാലഗണനയ്‌ക്കുപയുക്തമായ സൂചക ഫോസ്സിലുകളെ ഉള്‍ക്കൊണ്ടും അവിച്ഛിന്നമായും രൂപംപൂണ്ടു കാണുന്നു. ജിയോളജിയ സമയക്രമത്തിലെ പ്രാമാണികഘട്ടങ്ങളായ കാമ്പ്രിയന്‍, സിലൂറിയന്‍, ഡെവോണിയന്‍, പൂർവ-ഉത്തര കാർബോണിഫെറസ്‌ എന്നിവയിലേതായി ഈ ശിലാസഞ്ചയങ്ങളെ വേർതിരിക്കുവാന്‍ ജീവാശ്‌മപരമായ തെളിവുകള്‍ സഹായകമായിട്ടുണ്ട്‌.

ഡക്കാണ്‍മേഖലയിൽ ഈ കാലയളവിൽ വിവർത്തനിക പ്രക്രിയ സജീവമായിരുന്നില്ല. ഏറെയുഗങ്ങളോളം ഈ മേഖലയിലെ ശിലാതലങ്ങള്‍ അപരദനംമൂലമുള്ള വിഘടനത്തിനു വിധേയങ്ങളായിക്കഴിഞ്ഞു. അവസാദങ്ങളുടെ അഭാവംമൂലം, വിന്ധ്യാക്രമത്തിനുശേഷമുള്ള ശിലാപ്രസ്‌തരപരമായ ചരിത്രം അജ്ഞാതമായി അവശേഷിക്കുന്നു.

ദ്രവീഡിയന്‍ കല്‌പത്തിലെ ഭൂവിജ്ഞാനപരമായ ചരിത്രം ഹിമാലയമേഖലയിലും പാകിസ്‌താനിലെ സാള്‍ട്ട്‌റേഞ്ച്‌, ചിത്രാൽ, ഹസാര എന്നിവിടങ്ങളിലുമുള്ള ശിലാഘടനയിൽനിന്നു വ്യക്തമാകുന്നുണ്ട്‌. കാമ്പ്രിയന്‍ കാലഘട്ടത്തിലെ സമവിന്യസ്‌തവും അനേകായിരം മീറ്റർ കനത്തിലുള്ളതുമായ ശിലാപടലങ്ങള്‍ സ്‌പിതിയിലും കാശ്‌മീരിലും കണ്ടെത്തിയിട്ടുണ്ട്‌; പ്രസക്ത കാലഘട്ടത്തിൽ സമുദ്രാന്തർഗതമായിരുന്ന്‌, പിന്നീട്‌ പ്രാത്ഥാനവിധേയമായിത്തീർന്ന ഈ ശിലാപടലങ്ങള്‍ ട്രലോബൈറ്റ്‌, ബ്രാക്കിയോപോഡ്‌, ആഗ്നോസ്റ്റസ്‌, ഓലിനസ്‌, ലിംഗുലെല്ല തുടങ്ങിയ കാമ്പ്രിയന്‍ ഫോസ്സിലുകളെ ധാരാളമായി ഉള്‍ക്കൊണ്ടുകാണുന്നു. ഭൂമുഖത്തെ ഇതര കാമ്പ്രിയന്‍ശിലാസഞ്ചയങ്ങളുമായി സമക്രിസ്‌തരിത(homotaxial)ങ്ങളാണിവയെന്ന്‌ ഇതിൽനിന്ന്‌ അനുമാനിക്കാം.

ഥാർ മരുഭൂമി

കാശ്‌മീരിലും സ്‌പിതിയിലും കാമ്പ്രിയന്‍ കാലഘട്ടത്തിലേതിനു മുകളിലായി 600-900 മീ. കനത്തിൽ ഓർഡോവിഷ്യന്‍, സിലൂറിയന്‍, ഡെവോണിയന്‍ എന്നീ യുഗങ്ങളിലെ ശിലാപടലങ്ങള്‍ കാണാം. ട്രലോബൈറ്റ്‌, ബ്രാക്കിയോപോഡ്‌, കോറൽ, ക്രനോയ്‌ഡ്‌ തുടങ്ങിയ ജീവാശ്‌മങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ ശിലാസഞ്ചയം യൂറോപ്പിലും വ. അമേരിക്കയിലുമുള്ള പാലിയോസോയിക്‌ ശിലാവ്യൂഹങ്ങളുമായി സാദൃശ്യം പുലർത്തുന്നു. ഡെവോണിയന്‍ ശിലകള്‍ക്കു മുകളിലായി കാണപ്പെടുന്ന കാർബോണിഫെറസ്‌ ശിലകള്‍ക്കും 900 മീറ്ററോളം കനം വരും. മൊളസ്‌ക, ട്രലോബൈറ്റ്‌, കോറൽ തുടങ്ങിയയിനം സമുദ്രജീവികളുടെ ഫോസ്സിലുകളുടെ സാന്നിധ്യവും വിന്യാസവും കാർബോണിഫെറസ്‌ ശിലകളുടെ പ്രായം ഏതാണ്ട്‌ കൃത്യമായി നിർണയിക്കുന്നതിനു സഹായകമായിട്ടുണ്ട്‌. ഹിമാലയത്തിന്റെ ഏറിയഭാഗങ്ങളിലും ശിലാപ്രസ്‌തരണപരമായ പഠനം ഇനിയും നടന്നിട്ടില്ല.

ആര്യന്‍ശിലകള്‍. ഉത്തര കാർബോണിഫെറസ്‌ മുതൽ പ്ലീസ്റ്റോസീന്‍ വരെയുള്ള യുഗങ്ങളിലെ ശിലാക്രമങ്ങളെയാണ്‌ ആര്യന്‍ എന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കാർബോണിഫെറസ്‌ യുഗത്തിന്റെ മധ്യമാവുമ്പോഴേക്കും ഇന്ത്യയിലെ ശിലാപ്രസ്‌തരണ ചരിത്രത്തിന്റെ രണ്ടാംഘട്ടം അവസാനിച്ചുവെന്നു കരുതാം. ഈ കാലഘട്ടത്തിൽ ഇപ്പോഴത്തെ ഹിമാലയ മേഖലയുടെ ഉത്തരാർധവും തിബത്തും ചൈനയുടെ ചില ഭാഗങ്ങളും പടിഞ്ഞാറുനിന്നുള്ള സമുദ്രാതിക്രമണത്തിന്റെ ഫലമായി കടലിൽ ആണ്ടുകിടക്കുകയായിരുന്നു. പ്രസക്ത കാലഘട്ടത്തിൽ ഈ പ്രദേശങ്ങളടങ്ങുന്ന ഭൂവല്‌കഫലകം ഭൂമധ്യരേഖയ്‌ക്കു കുറുകെ സഞ്ചലിച്ചിട്ടുണ്ടാകാം. ഭൂമിയെ ഏതാണ്ട്‌ വലയം ചെയ്‌തിരുന്ന ടെഥിസ്‌ എന്ന ആഴംകുറഞ്ഞ സമുദ്രത്തിനടിയിലായിരുന്നു ഈ പ്രദേശങ്ങള്‍. മീസോസോയിക്‌ കല്‌പം മുഴുവന്‍ ഈ സ്ഥിതി നിലനിന്നിരുന്നു. തുടർച്ചയായുള്ള അവസാദനിക്ഷേപങ്ങളിലൂടെ ഈ ഭാഗത്തെ സമുദ്രം വിസ്‌തൃതമായ ഒരു ഭൂ-അഭിനതിയായിത്തീർന്നു. പെർമിയനും ഇയോസീനും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ ഈ അഭിനതി പ്രദേശം പർവതനപ്രക്രിയകളുടെ ഫലമായി ഇന്നത്തെ അവസ്ഥയിലെത്തിച്ചേർന്നു.

ഡക്കാണ്‍പീഠഭൂമിയുടെ ഭാഗമായ കുന്നുകള്‍

ഈ കാലഘട്ടത്തിൽ ഡക്കാണ്‍ ഭൂഖണ്ഡം മറ്റൊരു പരിവർത്തനചക്രത്തിനു വിധേയമായിരുന്നു. കാർബോണിഫെറസ്‌ യുഗത്തിന്റെ ഉത്തരാർധത്തിൽ ആയാമ-പ്രതിബല(tensional stress)ങ്ങളുടെ ഫലമായി ഡക്കാണിന്റെ പല ഭാഗങ്ങളും അവതലനവിധേയങ്ങളായി. ഇങ്ങനെ രൂപംകൊണ്ട ദ്രാണികളിൽ സമീപസ്ഥങ്ങളായ ഉന്നതപ്രദേശങ്ങളിൽനിന്നും ഒഴുകിയെത്തിയ അവസാദങ്ങള്‍ അടിഞ്ഞുകൂടി; ഭാരക്കൂടുതൽനിമിത്തം അവതലനം ഇരട്ടിക്കയുമുണ്ടായി. ഈ അവസാദശേഖരങ്ങള്‍ക്കിടയിൽ ധാരാളം ജീവാശ്‌മങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌; ഇവയിലൂടെ ഈ പ്രദേശത്തെ ശിലാപടലങ്ങളുടെ കാലനിർണയനം സാധ്യമായിരിക്കുന്നു.

ഉത്തര കാർബോണിഫെറസ്‌ യുഗത്തിൽ ആര്യന്‍ ശിലാക്രമങ്ങളുടെ, മേൽവിവരിച്ച വിധത്തിലുള്ള രൂപംകൊള്ളൽ ഫലത്തിൽ വ്യാപകമായ പരിവർത്തനങ്ങള്‍ക്കു കളമൊരുക്കി; സമകാലികമായുണ്ടായ ഹിമയുഗം ഇവയുടെ പ്രഭാവം പതിന്‍മടങ്ങായി വർധിക്കുവാന്‍ സഹായകമായിത്തീർന്നു.

ഗോണ്ട്‌വാനാക്രമം. ഇന്ത്യാ ഉപദ്വീപിലെന്നപോലെ തെ. ആഫ്രിക്ക, മഡഗാസ്‌കർ, ആസ്റ്റ്രലിയ, തെ. അമേരിക്ക എന്നിവിടങ്ങളിലും സമവിന്യസ്‌തവും അവിച്ഛിന്നവുമായി കാണപ്പെടുന്ന ശിലാപടലങ്ങളാണ്‌ ഗോണ്ട്‌വാനാക്രമം. വ്യാപകമായ ഫലക സഞ്ചലനത്തിന്റെ ഫലമായി ചിന്നിച്ചിതറി നാനാഭാഗങ്ങളിലേക്കും വിസ്ഥാപിതമായ പ്രാചീനവും ബൃഹത്തുമായ ഗോണ്ട്‌വാനാ വന്‍കരയുടെ ഭാഗങ്ങളിലാണ്‌ ഇമ്മാതിരി ശിലാക്രമം കണ്ടെത്തിയിട്ടുള്ളതെന്നാണ്‌ ഭൂവിജ്ഞാനികളുടെ അഭിപ്രായം. ഇന്ത്യയിൽ ഗോണ്ട്‌വാനാക്രമത്തിലുള്ള ശിലാസഞ്ചയങ്ങള്‍ ശരാശരി 6,000 മീ. കനത്തിൽ കാണപ്പെടുന്നു. തടാകങ്ങളിൽ അടിഞ്ഞൂകൂടിയതോ നദീജന്യമോ ആയ നിക്ഷേപങ്ങളാണ്‌ ഗോണ്ട്വാനാശിലാക്രമത്തിന്‌ രൂപംനല്‌കിയിട്ടുള്ളത്‌; കരജീവികളുടെയും വൃക്ഷാദികളുടെയും അവശിഷ്‌ടങ്ങള്‍ ഈ ശിലാക്രമത്തിൽ ധാരാളമായുണ്ട്‌. അട്ടിയട്ടിയായി കാണപ്പെടുന്ന ഈ അവസാദശിലാശേഖരങ്ങളുടെ സ്‌തരണത്തിലുള്ള സവിശേഷതകള്‍ പരിശോധിച്ചാൽ ഭൗമായുസ്സിലെ വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്‌ത കാലാവസ്ഥാപ്രകാരങ്ങളിലാണ്‌ അവ രൂപം പ്രാപിച്ചിട്ടുള്ളതെന്നു കാണാം.

ഇന്ത്യയുടെ മധ്യ, പൂർവ ഭാഗങ്ങളിലാണ്‌ ഗോണ്ട്‌വാനാശിലാക്രമം വ്യാപകമായി കാണപ്പെടുന്നത്‌; ദാമോദർ, മഹാനദി, ഗോദാവരി എന്നീ നദികളുടെ തടപ്രദേശങ്ങള്‍, സത്‌പുറാമേഖല, കാശ്‌മീർ, സിക്കിം എന്നിവിടങ്ങളിലൊക്കെ ഇവ ഉപരിശിലകളായി അവസ്ഥിതമാണ്‌. അവസാദനത്തിന്റെ ആദ്യഘട്ടത്തിൽ ധാരാളമായി മച്ചടിഞ്ഞ വന്‍വൃക്ഷങ്ങള്‍, രൂപാന്തരം പ്രാപിച്ച്‌ കല്‌ക്കരി നിക്ഷേപങ്ങളായിത്തീർന്നിരിക്കുന്നതു നിമിത്തം ഗോണ്ട്‌വാനാ ശിലാക്രമം സമ്പദ്‌പ്രധാനമാണ്‌.

ഗോണ്ട്‌വാനാക്രമത്തിലെ അഗാധതലങ്ങളിൽ സൂക്ഷ്‌മ കണികങ്ങളായ മണലും ഉരുണ്ടുമിനുസമുള്ള ചരലും ഇവയെ ആധാത്രിയാക്കി സ്ഥിതിചെയ്യുന്ന രണ്ടും മൂന്നും ഘ. മീറ്റർ വലിപ്പമുള്ള ഉരുളന്‍ കല്ലുകളും അടങ്ങുന്ന അടരുകള്‍ സാധാരണ പടലങ്ങളുമായി ഇടകലർന്നു കാണപ്പെടുന്നു. ഹിമബാധയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം പാറയടരുകള്‍ പടിഞ്ഞാറ്‌ ഹസാര (പാകിസ്‌താന്‍) മുതൽ കഴിക്ക്‌ ഒറീസ വരെ വ്യാപിച്ചുകാണുന്നു. വ.അക്ഷാ. 33ബ്ബ മുതൽ 20ബ്ബ വരെ ഹിമബാധിതപ്രദേശങ്ങളായിരുന്നുവെന്നതിന്റെ സൂചനയാണിത്‌. ഗോണ്ട്‌വാനാശിലാസഞ്ചയത്തിലെ ഈ പ്രത്യേകഭാഗത്തെ തൽഛഡ്‌ക്രമം എന്നു വിശേഷിപ്പിക്കുന്നു. ഇവയ്‌ക്കു മുകളിലായി ഏതാണ്ട്‌ 2,400 മീ. കനത്തിൽ കാണുന്ന ദാമുഡാക്രമത്തിലെ ശിലകളാണ്‌ ഇന്ത്യയിലെ പ്രധാന കല്‌ക്കരിനിക്ഷേപങ്ങളെ ഉള്‍ക്കൊള്ളുന്നത്‌; ഈയിനം ശിലാപടലങ്ങള്‍ക്കിടയിൽ ഗ്ലോസോപ്‌റൈറ്റിസ്‌, ഗംഗാമോപ്‌റൈറ്റിസ്‌ തുടങ്ങിയ ജീവാശ്‌മങ്ങള്‍ കാണപ്പെടുന്നു.

യൂറോപ്പിലെ ട്രയാസിക ശിലാപടലങ്ങളോട്‌ സാദൃശ്യം കല്‌പിക്കാവുന്ന ശിലാസഞ്ചയം ഗോണ്ട്‌വാനാക്രമത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്നു. പാഞ്ചെറ്റ്‌, മഹാദേവ്‌, മലേരി എന്നീ വിശേഷണങ്ങള്‍ചേർത്തു വിളിക്കപ്പെടുന്ന ഈ ശിലാക്രമങ്ങള്‍ നിബിഡവനങ്ങളിൽനിന്നും ശുഷ്‌കമരുഭൂമികളിലേക്കുള്ള സംക്രമത്തെ സൂചിപ്പിക്കുന്ന തെളിവുകള്‍ നല്‌കുന്നവയാണ്‌. 3,000 മീ. കനത്തിൽ മണൽക്കല്ലുകളും ചെങ്കളിമച്ചും അടങ്ങുന്ന ഈ പ്രസ്‌തരങ്ങള്‍ ലാബിറിന്‍ഥോദോസ്‌ (Labyrinthodos), മൊസ്റ്റൊഡോണ്‍സാറസ്‌ (Mastodonsaurus), ഗോണ്ട്‌വാനോസാറസ്‌ (Gondwanosaurus) തുടങ്ങിയ വിശേഷ ജീവാശ്‌മങ്ങളുള്‍പ്പെടെ മത്സ്യം, ഉഭയജീവികള്‍, ഉരഗങ്ങള്‍ എന്നീ വിഭാഗങ്ങളിൽപ്പെട്ട അനേകം ജീവികളുടെ അവശിഷ്‌ടങ്ങളെ ഉള്‍ക്കൊള്ളുന്നു. സാത്‌പുറാനിരകളിലാണ്‌ ഈയിനം ശിലാപടലങ്ങള്‍ പ്രകടമായി കാണപ്പെടുന്നത്‌. ഗോണ്ട്‌വാനാക്രമത്തിലെ മുകള്‍ഭാഗത്തെ ശിലാപടലങ്ങള്‍ ജൂറാസിക്‌ മുതൽ ക്രിറ്റേഷ്യസ്‌ വരെയുള്ള യുഗങ്ങളെ സൂചിപ്പിക്കുന്നു. അപൂർവമായി ഉരഗവർഗത്തിൽപ്പെട്ട ജീവികളുടെയും, പന്നച്ചെടികള്‍, സൈക്കഡുകള്‍ (cycads), സെൂചികാഗ്രവൃക്ഷങ്ങള്‍ തുടങ്ങിയ സസ്യങ്ങളുടെയും ഫോസിലുകളെയാണ്‌ ഇവ ഉള്‍ക്കൊണ്ടുകാണുന്നത്‌. ബിഹാറിലെ രാജ്‌മഹൽ കുന്നുകളിൽ തുടങ്ങി തെക്ക്‌ ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളോളം ഈ ക്രമത്തിൽപ്പെട്ട ശിലകള്‍ ധാരാളമായിക്കാണുന്നു. ഈയിനം ശിലകള്‍ രാജ്‌മഹൽ, കോട്ട, ജബൽപൂർ, ഉമൈയാ എന്നീ വിവിധ ക്രമങ്ങളായി വ്യവഹരിക്കപ്പെടുന്നു. ഇവയുടെ മാതൃകാരൂപങ്ങള്‍ സത്‌പുറാനിരകളിലും ഗോദാവരി തടത്തിലുമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. രാജ്‌മഹൽ കുന്നുകളിൽ ദാമുഡാശിലാപടലങ്ങള്‍ക്കു തൊട്ടു മുകളിലായാണ്‌ ഉത്തരഗോണ്ട്‌വാനാക്രമം അവസ്ഥിതമായിട്ടുള്ളത്‌; ഇതിൽ ഏതാണ്ട്‌ 600 മീ. കനത്തിൽ ബസാള്‍ട്ട്‌, ഡോളറൈറ്റ്‌ എന്നിവയുമായി കലർന്നുള്ള അഗ്നിപർവതശിലകളും ഉള്‍പ്പെടുന്നു. ഉത്തരഗോണ്ട്‌വാനാക്രമത്തിലെ സവിശേഷ ജീവാശ്‌മങ്ങള്‍ രാജ്‌മഹൽകുന്നുകളിൽ ധാരാളമായി കാണപ്പെടുന്നു. കച്ച്‌, കത്തിയവാഡ്‌ എന്നിവിടങ്ങളിലെ ഈ ക്രമത്തിൽപ്പെട്ട ശിലകള്‍ ഉത്തരജൂറാസിക്‌ കാലത്തെ സമുദ്രാന്തരിതശിലകളുമായി ഇടചേർന്ന്‌ സ്ഥിതിചെയ്യുന്നു; സെഫാലോപോഡ (Cephalopoda), ലാമെല്ലിബ്രാങ്കിയ (Lamelli-branchia) തുടങ്ങിയ ജീവാശ്‌മങ്ങളെ ഈ ശിലാപടലങ്ങള്‍ക്കിടയിൽ കണ്ടെത്തിയിട്ടുണ്ട്‌. ഇമ്മാതിരി ശിലകളുടെ മാതൃകാസ്‌തരങ്ങള്‍ ഉമൈയാക്രമം എന്നു വിശേഷിപ്പിക്കപ്പെടുന്നു.

ഹിമാനീഭവങ്ങളായ സംപുഞ്‌ജിതശിലകളെ ആധാത്രിയാക്കി നിലനിന്നുപോരുന്ന ജൈവാവശിഷ്‌ടങ്ങള്‍ ഇന്ത്യയിലെ ഗോണ്ട്‌വാനാക്രമത്തിലെന്നപോലെ, ബ്രസീൽ, ആസ്റ്റ്രലീയ, മഡഗാസ്‌കർ, തെ.ആഫ്രിക്ക എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌. പണ്ടുണ്ടായിരുന്ന ബൃഹദ്‌വന്‍കര പൊട്ടിപ്പിളർന്ന്‌ നാനാദിശകളിലേക്കു വിസ്ഥാപിതമായി എന്ന വാദത്തിന്‌ ഉപോദ്‌ബലകമാണ്‌ മേല്‌പറഞ്ഞ സാദൃശ്യം. മിസോസോയിക്‌ ശിലകള്‍. ഗോണ്ട്‌വാനാ ശിലകളുടെ ആവിർഭാവകാലത്തുതന്നെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ പല പരിവർത്തനങ്ങളും സംഭവിച്ചു. ടെഥിസ്‌ കടലിൽ അടിഞ്ഞുകൂടിയ അവസാദങ്ങള്‍ മടക്കിയൊടിച്ച്‌ ഉയർത്തപ്പെട്ടു. 9,000 മീറ്ററിലേറെ കനത്തിൽ നിക്ഷിപ്‌തമായിരുന്ന ഈ സമുദ്രാന്തർഗതശിലകള്‍ ഉത്തര കാർബോണിഫെറസ്‌, പെർമിയന്‍, ട്രയാസിക്‌, ജൂറാസിക്‌, ക്രിറ്റേഷ്യസ്‌, ഇയോസീന്‍ എന്നീ കാലഘട്ടങ്ങളെ സൂചിപ്പിക്കുന്ന പ്രത്യേക ജീവാശ്‌മങ്ങളെ ഉള്‍ക്കൊള്ളുന്നു. ശിലാപടലങ്ങളുടെ കാലഗണനാപരമായ തുടർച്ച വ്യക്തമായി മനസ്സിലാക്കാവുന്ന അവസ്ഥയാണ്‌ ഹിമാലയമേഖലയിലുള്ളത്‌. ഇവിടത്തെ ശിലാഘടന ആൽപൈന്‍മേഖലയിലെ മീസോസോയിക്‌ ശിലാപ്രസ്‌തരങ്ങളോട്‌ സമാന്തരത്വം പ്രദർശിപ്പിക്കുന്നു; എന്നാൽ ഡക്കാണ്‍ മേഖലയിലെ സമാനകാല ശിലാപ്രസ്‌തരങ്ങളുമായി ഇവ സാദൃശ്യം പുലർത്തുന്നുമില്ല.

കാശ്‌മീരിൽ പെർമോ-കാർബോണിഫെറസ്‌ ശിലാക്രമം 6,000 മീറ്ററോളം കനത്തിൽ കാണപ്പെടുന്നു. ഇതിനുമുകളിലായാണ്‌ ട്രയാസിക്‌ ശിലാപടലങ്ങള്‍ രൂപംപൂണ്ടിട്ടുള്ളത്‌. ജീവാശ്‌മവാഹികളായ ചുച്ചാമ്പുകല്ലട്ടികളാണ്‌ ഇവ. അമോണൈറ്റ്‌സ്‌ (Ammonites), ഓട്ടോസെറാസ്‌ (Otoceras),ഒഫിസെറാസ്‌ (Ophiceras), മെക്കോസെറാസ്‌ (Meekoceras) തുടങ്ങിയ സവിശേഷ ജീവാശ്‌മങ്ങള്‍ ഇവയ്‌ക്കുള്ളിൽ കാണാം. ട്രയാസിക്‌ പടലങ്ങള്‍ക്കു മുകളിലായി ജൂറാസിക്‌, ക്രിറ്റേഷ്യസ്‌ കാലഘട്ടത്തിലെ ശിലകള്‍ രൂപംകൊണ്ടിട്ടുണ്ടെങ്കിലും അവ പൂർണവികാസം പ്രാപിച്ചവയല്ല. സ്‌പിതിയിൽ, കാങ്‌ഗ്രാഹിമാലയത്തിന്റെ ചരിവുകളിൽ മീസോസോയിക്‌ ശിലകള്‍ അവിഛിന്നമായി അവസ്ഥിതമായിരിക്കുന്നു. സമകാലിക ആൽപൈന്‍ക്രമങ്ങളോട്‌ സമാന്തരത്വം പുലർത്തുന്നവയാണ്‌ ഈ ശിലാപടലങ്ങള്‍. സൂചകജീവാശ്‌മങ്ങളുടെ സാന്നിധ്യം ഈ ശിലകളുടെ കാലഗണനാപരമായ വിഭജനം സുസാധ്യമാക്കുന്നു. എവറസ്റ്റിലെ ഉപരിതലശിലകള്‍ പെർമോ-കാർബോണിഫെറസ്‌ഘട്ടത്തിലെ ചുച്ചാമ്പുകല്ലാണ്‌. എന്നാൽ അതിന്റെ വടക്കേ ചരിവിലൂടെ തിബത്ത്‌ പീഠഭൂമിയിലേക്കു നീങ്ങുമ്പോള്‍ പെർമിയന്‍, ട്രയാസിക്‌, ജൂറാസിക്‌, ക്രിറ്റേഷ്യസ്‌ എന്നീ യുഗങ്ങളിലെ ശിലകള്‍ തുടർച്ചയായും സമവിന്യസ്‌തമായും കാണപ്പെടുന്നു.

ഡക്കാണ്‍മേഖലയിൽ ഈ കാലയളവിൽ സമുദ്രാന്തരിത നിക്ഷേപങ്ങള്‍ രൂപംകൊണ്ടിട്ടില്ല. എന്നാൽ മറ്റുചില ഭാഗങ്ങളിൽ മീസോസോയിക്‌ശിലകള്‍ അവസ്ഥിതമായിട്ടുണ്ട്‌. രാജസ്ഥാനിലെ ജയ്‌സാൽമറിലും കച്ച്‌, കത്തിയവാഡ്‌ എന്നിവിടങ്ങളിലും ജൂറാസിക-ക്രിറ്റേഷ്യസ്‌ യുഗങ്ങളിലെ സമുദ്രാന്തരിതനിക്ഷേപങ്ങള്‍ കാണപ്പെടുന്നു. ഡക്കാണിന്റെ സീമാന്തപ്രദേശങ്ങളിൽ പല ഭാഗത്തും ഇത്തരം ശിലാസ്‌തരങ്ങള്‍ കാണാം. ഇവയൊക്കെത്തന്നെ പ്രസക്ത കാലയളവിൽ ദക്ഷിണസമുദ്രത്തിന്റെ അതിക്രമണത്തെത്തുടർന്ന്‌ ആവിർഭവിച്ചവയാണെന്ന്‌ അനുമാനിക്കപ്പെട്ടിരിക്കുന്നു. ഉത്തരജൂറാസിക്‌ കാലഘട്ടത്തിലേതായി കച്ച്‌ പ്രദേശത്തുള്ള ഇമ്മാതിരി ശിലാസഞ്ചയത്തിൽ ചുച്ചാമ്പുകല്ല്‌, മണൽക്കല്ല്‌, ഷെയ്‌ൽ എന്നിവ കൂട്ടുചേർന്നു കാണുന്നു. ഉദ്ദേശം 1,800 മീ. കനത്തിലുള്ള ഈ അട്ടികള്‍ക്കിടയിൽ അമോണൈറ്റ്‌സ്‌ ജീനസ്സിൽപ്പെട്ട ആയിരക്കണക്കിനു സ്‌പീഷീസുകളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി പ്രദേശത്തും ക്രിറ്റേഷ്യസ്‌കാലത്ത്‌ സമുദ്രാതിക്രമണമുണ്ടായി; ആർക്കിയന്‍ നയ്‌സ്സുകള്‍ക്കു മുകളിലായി, 900 മീറ്ററിലേറെ കനത്തിൽ അവസാദശിലാപടലങ്ങളുണ്ടാവുകയും ചെയ്‌തു. ഈ പാറയടരുകളും ധാരാളം സൂചകഫോസിലുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. തമിഴ്‌നാട്‌ തീരത്തെ ക്രിറ്റേഷ്യസ്‌ ശിലകളെ ഉടത്തൂർ, തിരുച്ചിറപ്പള്ളി, അരിയലൂർ എന്നിങ്ങനെ മൂന്ന്‌ ക്രമങ്ങളായി വിഭജിച്ചിരിക്കുന്നു; കോറലുകള്‍, ബ്രാക്കിയോപോഡ, ഗാസ്‌ട്രാപോഡ, സെഫാലോപോഡ, ലാമെല്ലിബ്രാങ്കിയ തുടങ്ങിയ ജീവാശ്‌മങ്ങളുടെ സുലഭമായ സാന്നിധ്യം ഇവയുടെ പ്രസ്‌തരപരമായ ചരിത്രം വ്യക്തമാക്കുന്നു. മധ്യേന്ത്യയിൽ നർമദാതടത്തിലൂടെ ജബൽപൂർ വരെക്കും സമുദ്രം കടന്നുകയറിയിരുന്നുവെന്ന്‌ ആ ഭാഗങ്ങളിൽ കാണപ്പെടുന്ന കോറൽ അവശിഷ്‌ടമായ ചുച്ചാമ്പുകല്ല്‌ സൂചിപ്പിക്കുന്നു. ക്രിറ്റേഷ്യസ്‌ യുഗത്തിലേതായ ഈ ശിലാപടലങ്ങള്‍ ബാഗ്‌ക്രമം എന്നു വിളിക്കപ്പെടുന്നു. പൂർവക്രിറ്റേഷ്യസ്‌കാലത്ത്‌ അസം മേഖലയിലേക്കും ദക്ഷിണസമുദ്രം കടന്നുകയറി; അക്കാലത്ത്‌ നിക്ഷിപ്‌തമായ സമുദ്രാന്തരിത അവസാദങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും ഇപ്പോഴും കാണാനുണ്ട്‌.

ബാഗ്‌ക്രമത്തിലും അസം, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും കാണപ്പെടുന്ന ജീവാശ്‌മങ്ങള്‍ തമ്മിൽ സാരമായ അന്തരം കാണുന്നുവെന്നത്‌ പ്രത്യേകം ശ്രദ്ധാർഹമാണ്‌. അസമും തമിഴ്‌നാടും അക്കാലത്ത്‌ തെ. ആഫ്രിക്കയെന്ന പോലെ, ഗോണ്ട്‌വാനാ വന്‍കരയുടെ തെക്കേതീരത്തായിരുന്നു; നർമദാതടം വടക്കരികിലും. ബൃഹത്തായ ഈ വന്‍കരയുടെ രണ്ടരികുകളിലും വ്യത്യസ്‌ത ജീവജാലങ്ങള്‍ പാർത്തിരുന്നുതാനും. ഡക്കാണ്‍ട്രാപ്‌. ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ അന്ത്യഘട്ടത്തിലും ഇയോസീന്‍ യുഗത്തിന്റെ ആദ്യദശയിലും ഡക്കാണ്‍ വ്യാപകമായ ആഗ്നേയപ്രക്രിയകളുടെ രംഗമായിരുന്നു. അഗ്നിപർവതങ്ങളിൽനിന്നും പൊട്ടിയൊഴുകിയ ലാവ 10 ലക്ഷം ച.കി. മീറ്ററിലേറെ പ്രദേശത്ത്‌ 1,800 മീ. കനത്തിൽ വ്യാപിച്ചു. തുടർന്ന്‌ യുഗാന്തരങ്ങളായുള്ള അപരദനപ്രവർത്തനങ്ങളാൽ കാർന്നെടുക്കപ്പെട്ട ഈ ഭൂഭാഗങ്ങളിൽ ഒറ്റതിരിഞ്ഞ കോണാകാരങ്ങളായ കുന്നുകള്‍ രൂപംകൊണ്ടു. പശ്ചിമഘട്ടങ്ങളുടെ സാനുക്കളിൽ ഇമ്മാതിരി ഭൂരൂപങ്ങള്‍ ധാരാളമുണ്ട്‌. ഇവയുടെ ചരിവുകളിൽ 6-24 മീ. കനത്തിലുള്ള ലാവാ പടലങ്ങളും, താരതമ്യേന കനംകുറഞ്ഞ ജീവാശ്‌മസമ്പന്നങ്ങളായ അവസാദശിലാസ്‌തരങ്ങളും ഒന്നിടവിട്ട്‌ അടുക്കപ്പെട്ടുകാണുന്നത്‌ സാധാരണമാണ്‌. ഇത്തരത്തിൽപ്പെട്ട അവസാദസ്‌തരങ്ങളെ ഇന്റർ ട്രാപ്പിയന്‍ എന്നു വിശേഷിപ്പിക്കുന്നു. ആയിക്കരണക്കിനു മീറ്റർ കനത്തിലുള്ള ലാവാപടലങ്ങള്‍ക്കിടയിലെ സ്ഥിതശിലകള്‍ പല ഭാഗത്തും കാണപ്പെടുന്നു. മധ്യപ്രദേശിലെ മാള്‍വയിൽ ഡക്കാണ്‍ട്രാപ്പിന്റെ ആധാരശില തടാക ജന്യനിക്ഷേപങ്ങളിൽനിന്നും രൂപംകൊണ്ടിട്ടുള്ള അവസാദശിലകളാണ്‌ (ലാമീതാക്രമം). ചുച്ചാമ്പുകല്ല്‌, ചെർട്ട്‌, കടുത്തതരിയുള്ള മണൽ എന്നിവ ചേർന്നുള്ള ഈ ശിലകള്‍ക്കിടയിൽ ദൈനോസോർ ഇനത്തിൽപ്പെട്ട 12 ജീനസ്സുകളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയിൽ ടിറ്റാനോസോറസ്‌ (Titanosaurus),

മെഗാലോസോറസ്‌ (Megalosaurus) എന്നീ ഭീമാകാര ഫോസിലുകളും ഉള്‍പ്പെടുന്നു. മേല്‌പറഞ്ഞവകൂടാതെ ചീങ്കച്ചി, ഇഗ്വാനോഡോന്‍ (Iguanodon) പല്ലിവർഗത്തിപ്പെട്ട ഭീമാകാരജീവികള്‍ മുതലായവയുടെ അവശിഷ്‌ടങ്ങളും ഈ ശിലകള്‍ക്കിടയിൽ കാണപ്പെടുന്നു.

ഡക്കാണ്‍ട്രാപ്പുകളുടെ പ്രധാന സവിശേഷത സമാന്തരസ്‌തരണമാണ്‌. മുംബൈ മുതൽ നാഗ്‌പൂർ വരെയും, ഇന്തോർ മുതൽ ധാർവാർ വരെയുമുള്ള ഈയിനത്തിൽപ്പെട്ട ശിലാസ്‌തരങ്ങള്‍ ഒന്നാകെ ക്ഷൈതിജവ്യവസ്ഥയിൽ സമാന്തരക്രമം പാലിക്കുന്നവയാണ്‌. മുംബൈയ്‌ക്കടുത്ത ചെറിയൊരു മേഖലമാത്രമാണ്‌ ഇതിന്നപവാദമായുള്ളത്‌; ഈ ഭാഗത്ത്‌ ഡക്കാണ്‍ട്രാപ്പിന്റെ പടലങ്ങള്‍ സമുദ്രത്തിന്റെ നേർക്ക്‌ 5ബ്ബമുതൽ 10ºവരെ ചരിഞ്ഞ്‌ ക്രമീകൃതമായിരിക്കുന്നു.

ഘടനാപരമായ ഏകത്വവും എടുത്തു പറയാവുന്ന സവിശേഷതയാണ്‌. അഗൈറ്റ്‌-ബസാള്‍ട്ട്‌ ആണ്‌ ഏറ്റവും മുന്തിയ ഘടകം. ഒലിവിന്‍ തീരെയും ഉള്‍ക്കൊള്ളാത്തയിനം ശിലയാണിത്‌. ക്വാർട്ട്‌സ്‌, ചാൽസിഡോണി, സിയോളൈറ്റ്‌ തുടങ്ങിയ ഘടകങ്ങള്‍ സാധാരണമാണ്‌; ബദാം ആകൃതിയിലുള്ള കുഹരനിക്ഷേപങ്ങളിലാണ്‌ ഇവ കാണപ്പെടുന്നത്‌. സ്‌കോറിയ(scoria)കളും, സ്‌ഫോടഗർത്തങ്ങളും (vescicles) ധൊരാളമാണ്‌. ദീർഘ ക്രിസ്റ്റലീയങ്ങളായ അന്തർവേശികള്‍ (porphyrites) ഫെൽസ്‌പാറിന്റെ സൂക്ഷ്‌മ പരലുകളുമായി ഇടകലർന്ന്‌ അവസ്ഥിതമായിരിക്കുന്നു. മാഗ്മീയ വിഭേദനം (magmatic differentiation)നന്നേ കുറവാണ്‌; വളരെ അപൂർവമായി ലാഞ്‌ഛനകള്‍ മാത്രം കാണപ്പെടുന്നു. കച്ച്‌ പ്രദേശത്തും, കത്തിയവാഡിലെ ഗിർനാർ കുന്നുകളിലുമുള്ള വിഭേദിത ശിലകളിൽ ബസാള്‍ട്ടിനോടൊപ്പം റയോലൈറ്റ്‌, മോണസൈറ്റ്‌, ആന്‍ഡെസൈറ്റ്‌, ലിംബർഗൈറ്റ്‌, ഗാബ്രാ തുടങ്ങിയ അത്യല്‌പസിലിക ശിലകള്‍ അടങ്ങിയിരിക്കുന്നു. ഈ ശിലകള്‍ ഡക്കാണ്‍ ട്രാപ്പുകളുടെ ആവിർഭാവത്തിനുശേഷമുണ്ടായ മാഗ്മാ അന്തർവേശികള്‍ക്കു വിഭേദനം സംഭവിച്ച്‌ രൂപംകൊണ്ടതാണെന്നു കരുതപ്പെടുന്നു.

മാഗ്മീയനിക്ഷേപങ്ങള്‍ 10,30,000 ച.കി.മീ. പ്രദേശത്ത്‌ വ്യാപിച്ചിരുന്നുവെങ്കിൽപ്പോലും പില്‌ക്കാലത്തുണ്ടായ അപരദനപ്രവർത്തനങ്ങളുടെ ഫലമായി, അവയുടെ വ്യാപ്‌തി 5,15,000 ച.കി.മീ. ആയി ചുരുങ്ങിയിരിക്കുന്നു. ഊർധ്വാധര വിദരങ്ങളിലൂടെ ഉദ്‌ഗമിച്ച മാഗ്മ ക്ഷൈതിജദിശയിൽ അട്ടിയട്ടിയായി പരന്ന്‌ ലാവാപടലങ്ങള്‍ സൃഷ്‌ടിക്കുകയാണുണ്ടായത്‌. തീക്ഷ്‌ണമായ സ്‌ഫോടനങ്ങള്‍ നന്നേ വിരളമായിരുന്നുവെന്നും അനുമാനിക്കാം. വളരെ വിസ്‌താരത്തിൽ കിലോമീറ്ററുകളോളം ആഴത്തിൽ സംപുഞ്‌ജിത ഡൈക്കു(dyke)കളുടെ രൂപത്തിൽ തുടർന്നുപോരുന്ന ആദ്യകാല വിദരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഡക്കാണിലെ ഈദൃശ പ്രക്രിയകള്‍ക്കു സമകാലികമായി ഹിമാലയമേഖലയുടെ മധ്യഭാഗങ്ങളിലും കുമായോണ്‍-ജൊഹാർ പ്രദേശങ്ങളിലും മാഗ്മാ-അന്തർവേധനം ഉണ്ടായിട്ടുള്ളതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ഡക്കാണ്‍ ട്രാപ്പുകളുടെ ശരിക്കുള്ള പ്രായം നിർണയിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ അടിയിലും മീതെയുമുള്ള ജീവാശ്‌മവാഹികളായ ശിലാപടലങ്ങളിൽനിന്നും, ഇവ ആവിർഭവിച്ച കാലയളവിന്റെ മൊത്തം അന്തരാളം മനസ്സിലാക്കാവുന്നേതയുള്ളൂ. ഉത്തര ക്രിറ്റേഷ്യസ്‌ മുതൽ പൂർവഇയോസീന്‍ വരെയുള്ള കാലഘട്ടത്തിലാണ്‌ ഡക്കാണ്‍ ട്രാപ്പുകള്‍ രൂപംകൊണ്ടിട്ടുള്ളത്‌.

ഡക്കാണ്‍ ട്രാപ്പിൽപ്പെട്ട ശിലാപടലങ്ങള്‍ ധാതുസമ്പന്നമല്ല. കൃത്രിമരത്‌നങ്ങളായി ഉപയോഗപ്പെടുത്താവുന്ന അഗേറ്റ്‌, കോർണീലിയന്‍ തുടങ്ങിയ കല്ലുകള്‍ അപൂർവമായും വാസ്‌തുശിലകള്‍ ധാരാളമായും ലഭിച്ചുവരുന്നു. ഡക്കാണ്‍ ട്രാപ്പിൽപ്പെട്ട ലാവാശിലകള്‍ പൊടിഞ്ഞുണ്ടായ കരിമച്ച്‌ അത്യന്തം ഫലഭൂയിഷ്‌ഠമാണ്‌.

ടെർഷ്യറിയുഗം. ഇന്ത്യയുടെ ഇന്നത്തെ ഭൂപ്രകൃതി നിർണയിച്ചതിൽ ടെർഷ്യറിയുഗത്തിലെ പ്രതലപരിവർത്തനങ്ങള്‍ക്ക്‌ സുപ്രധാനമായ ഒരു പങ്കുണ്ട്‌. മധ്യ-ഇയോസീന്‍ കാലത്തോടെ സാവധാനവും അവിഛിന്നവുമായ പരിവർത്തനങ്ങള്‍ ആരംഭിച്ചു. ഗോണ്ട്‌വാനാവന്‍കരയുടെ വിഘടനവും, ടെഥിസ്‌ അഭിനതിയുടെ പ്രാത്ഥാനവുമായിരുന്നു ഇവയിൽ പ്രധാനപ്പെട്ടവ. ഇവയ്‌ക്കു സമകാലികമായിത്തന്നെ ഉദ്ദേശം 2,00,000 ഘ. കി.മീ. മാഗ്മ ഉദ്‌ഗമിച്ച്‌ ലാവാപടലങ്ങളായി വ്യാപിക്കുകയും ചെയ്‌തു. സമസ്ഥിതിക സന്തുലന(Isostatic equilibrium)ത്തിനുവേണ്ടിയുള്ള സമീകരണപ്രക്രിയകളായിരുന്നു ഇവയെന്നു പറയാം.

റാന്‍ ഒഫ്‌ കച്ച്‌-ഉപഗ്രഹദൃശ്യം

ഉത്തരകാർബോണിഫെറസ്‌ ഘട്ടത്തിൽ ഭൂ-അഭിനതി (geo-syncline)ആയിത്തീർന്നിരുന്ന ടെഥിസ്‌ ഭാഗങ്ങള്‍ മധ്യഇയോസീനിൽ പർവതനത്തിനു വിധേയമായി. ടെർഷ്യറി യുഗത്തിന്റെ അന്ത്യത്തിനുള്ളിൽ മൂന്നു ഘട്ടങ്ങളായി ഈ പർവതനപ്രക്രിയ പൂർത്തിയാവുകയും ചെയ്‌തു. ഇവയിൽ ഒന്നാമത്തേത്‌ ഇയോസീനിന്റെ അന്ത്യത്തിലും, രണ്ടാമേത്തത്‌ മധ്യമയോസീനിലും അവസാനത്തേത്‌ പ്ലയോസീനിനുശേഷവും സംഭവിച്ചു; മൂന്നു നിരയിലുള്ള മടക്കു പർവതങ്ങളായുള്ള ഇന്നത്തെ ഹിമാലയം രൂപം പ്രാപിക്കുകയും ചെയ്‌തു. ഈ മേഖലയിലെ പ്രാത്ഥാനം പ്ലീസ്റ്റോസീന്‍ യുഗത്തിന്റെ മധ്യഘട്ടത്തോളം സജീവമായി തുടർന്നു. പർവതന പ്രക്രിയ ഇപ്പോഴും തുടർന്നു പോരുന്നതായി വിചാരിക്കപ്പെടുന്നു. ഇതേയവസരംതന്നെ ഗോണ്ട്‌വാനാവന്‍കരയുടെ ഭാഗമായിരുന്ന ഡക്കാണ്‍മേഖല ഇന്നത്തെ സ്ഥാനത്തെത്തുകയും ത്രികോണാകൃതിയിലേക്കുള്ള സംക്രമണം പൂർത്തിയാക്കുകയും ചെയ്‌തു.

ടെർഷ്യറിശിലകളുടെ വിതരണം ഡക്കാണിലും ഹിമാലയത്തിലും വ്യത്യസ്‌തങ്ങളാണ്‌. ഡക്കാണിലേത്‌ വ്യാപ്‌തിയും കനവും കുറഞ്ഞ സഞ്ചയങ്ങളാണ്‌. കേരളത്തിലെയും ഗുജാറത്തിലെയും തീരപ്രദേശങ്ങളിലാണ്‌ ഇവ അനാച്ഛാദിതമായിട്ടുള്ളത്‌; കച്ച്‌ പ്രദേശത്ത്‌ ഡക്കാണ്‍ ട്രാപ്പുകള്‍ക്ക്‌ ഉപരിസ്ഥിതമായി കൂടുതൽ വ്യാപ്‌തിയിൽ കാണപ്പെടുന്നു. പൂർവതീരത്ത്‌ ഇയോസീന്‍, മയോസീന്‍, പ്ലയോസീന്‍ എന്നീ ഘട്ടങ്ങളിലുള്ള സമുദ്രാന്തരീത നിക്ഷേപങ്ങള്‍ വ്യാപിച്ചിട്ടുണ്ട്‌. കടലൂരിലെ മണൽക്കല്ലുകള്‍ ഇക്കൂട്ടത്തിൽപ്പെട്ടവയാണ്‌. നെയ്‌വേലിയിലെ ഈയിനം ശിലകള്‍ ഏതാണ്ട്‌ 200 കോടി ടണ്‍ വരുന്ന ലിഗ്നൈറ്റ്‌ നിക്ഷേപങ്ങളെ ഉള്‍ക്കൊള്ളുന്നു.

ഹിമാലയ പർവതത്തിന്റെ ദക്ഷിണസാനുക്കളിൽ ഏറിയ ഭാഗത്തുമുള്ള ഉപരിപടലങ്ങള്‍ ടെർഷ്യറിശിലകളാണ്‌; പഞ്ചാബ്‌, ഉത്തർപ്രദേശിലെ കുമായോണ്‍ പ്രദേശം, നേപ്പാള്‍, അസം ഹിമാലയം എന്നിവിടങ്ങളിലൊക്കെ ഇവ വ്യാപിച്ചിരിക്കുന്നു. ബ്രഹ്മപുത്രയുടെ മറുകരയിലെത്തുന്നതോടെ ഈ ശിലാപടലങ്ങള്‍ തെക്കോട്ട്‌ പടർന്നു കാണുന്നു; ഏറ്റവും കൂടുതൽ വ്യാപ്‌തിയും ഇവിടെയാണ്‌. പൂർവഅസം മേഖലയിലും, മ്യാന്‍മറുമായുള്ള അതിർത്തിപ്രദേശങ്ങളിലും ഇമ്മാതിരി ശിലാപടലങ്ങള്‍ കാണാം. സിന്‍ഡ്‌ മുതൽ മ്യാന്‍മർ വരെ ഉടനീളമുള്ള ടെർഷ്യറീസ്‌തരങ്ങളിൽ വ്യതിരിക്തമായ രണ്ടു വിഭാഗങ്ങളുണ്ട്‌. ഇവയിൽ അടിയിലത്തെ വിഭാഗം ഇയോസീന്‍-ഒലിഗോസീന്‍ യുഗങ്ങളിലെ സമുദ്രാന്തരിത അവസാദങ്ങളാണ്‌; മുകളിലത്തേത്‌ മയോസീന്‍ പ്ലയോസീന്‍യുഗങ്ങളിലെ ജലോഢനിക്ഷേപങ്ങളും വായൂഢനിക്ഷേപങ്ങളും ഉള്‍ക്കൊള്ളുന്നു. ടെർഷ്യറി കല്‌പത്തിന്റെ ആരംഭകാലത്ത്‌ ഹിമാലയമേഖലയുടെ കിഴക്കും പടിഞ്ഞാറും അരികുകളിൽനിന്ന്‌ സമുദ്രം പിന്‍വാങ്ങിയതിന്റെ സൂചനയാണിത്‌.

ലഡാഖ്‌, കുമായൂണ്‍ എന്നിവിടങ്ങളിൽ ഇയോസീന്‍ യുഗത്തിലെ ശിലാക്രമങ്ങള്‍ അനാച്ഛാദിതമായിക്കാണുന്നു; ഇവ ടെർഷ്യറി (കൈനോസോയിക്‌) കല്‌പത്തിന്റെ ആരംഭം സൂചിപ്പിക്കുന്നു. ലഡാക്കിലെ നുമുലെറ്റിക്‌ ചുച്ചാമ്പുകല്ലുകള്‍ ഹിമാലയ മേഖലയുടെ സമുദ്രാന്തരദശയ്‌ക്ക്‌ അന്ത്യം കുറിക്കുന്നു. ഇയോസീന്‍യുഗത്തിന്റെ അന്ത്യഘട്ടമായപ്പോഴേക്കും പ്രാത്ഥാന പ്രക്രിയ സജീവമായിത്തീർന്നിരുന്നുതാനും. ഇയോസീന്‍ശിലകളെ ലാകി, റാണികോട്ട്‌, കിർത്താർ എന്നീ ക്രമങ്ങളായി വിഭജിച്ചിരിക്കുന്നു. ഇയോസീന്‍ശിലകളുടെ ഉപരിപടലങ്ങളിലും അവയ്‌ക്കു മുകളിലുള്ള ഒലിഗോസീന്‍ പടലങ്ങളിലുമായാണ്‌ അസമിലെയും ഗുജറാത്തിലെയും എച്ച നിക്ഷേപങ്ങളുടെ അവസ്ഥിതി. അസമിലെ ഇയോസീന്‍ ശിലകളിൽപ്പെട്ട ജയന്തിയ, ബാരെയ്‌ൽ ക്രമങ്ങളും സമ്പദ്‌പ്രധാനങ്ങളാണ്‌; ഇവ ലിഗ്നൈറ്റിക എച്ചയുടെയും പെട്രാളിയത്തിന്റെയും നിക്ഷേപങ്ങളെ ഉള്‍ക്കൊള്ളുന്നു. ജമ്മുവിലെയും ബിക്കാനീറിലെയും കല്‌ക്കരി നിക്ഷേപങ്ങളും ഇയോസീന്‍ ശിലാസഞ്ചയങ്ങള്‍ക്കുള്ളിലാണ്‌. മേല്‌പറഞ്ഞ ധാതുക്കള്‍ കൂടാതെ മാണ്ടി(ഹിമാചൽപ്രദേശ്‌)യിൽ കല്ലുപ്പിന്റെയും ബിക്കാനീറിൽ ജിപ്‌സത്തിന്റെയും നിക്ഷേപങ്ങളുണ്ട്‌. ഇയോസീന്‍ പടലങ്ങളുമായി ബന്ധപ്പെട്ടുകാണുന്ന നുമുലൈറ്റിക്‌ ചുച്ചാമ്പുകല്ല്‌ സിമന്റ്‌ നിർമാണത്തിനുള്ള ഒന്നാന്തരം അസംസ്‌കൃത വസ്‌തുവാണ്‌.

ഒലിഗോസീന്‍ കാലഘട്ടം മുഴുവന്‍ സമുദ്രാതിക്രമണം തുടർന്നിരുന്നുവോ എന്നത്‌ സംശയാസ്‌പദമാണ്‌. ഇയോസീന്‍, പൂർവമയോസീന്‍ എന്നീ കാലഘട്ടങ്ങളിലെ ശിലാപടലങ്ങള്‍ക്കിടയ്‌ക്ക്‌ നിർണയാതീതമായ അവിച്ഛിന്നതകള്‍ കാണപ്പെടുന്നു. അസമിലെ ബാരെയ്‌ൽക്രമം ഒലിഗോസീന്‍ കാലത്തേതാണെന്നു വിചാരിക്കപ്പെടുന്നു; ഇവയ്‌ക്കിടയിൽനിന്നും സൂചകഫോസിലുകള്‍ ലഭ്യമായിട്ടില്ല. ഒലിഗോസിന്റെ അന്ത്യഘട്ടത്തോടെ ഉത്തരേന്ത്യയിൽനിന്നും സമുദ്രം പൂർണമായി പിന്‍വാങ്ങിയിട്ടുണ്ടാവണം. ഈ കാലഘട്ടത്തിലേതായുള്ള ശിലാപടലങ്ങള്‍ ചുവപ്പുനിറത്തിലുള്ള മണൽക്കല്ലുകളും, ഷെയ്‌ലുകളും ഉള്‍ക്കൊള്ളുന്ന ജലോഢനിക്ഷേപങ്ങളാണ്‌. കുമായോണിലെ ദോഗ്‌ഷായ്‌, കസൗലി എന്നീ ശിലാക്രമങ്ങളും അസമിലെ സുർമാക്രമവും ഈയിനത്തിൽപ്പെടുന്നു. ഈയിനം ശിലകളിൽ ജീവാശ്‌മങ്ങള്‍ നന്നേ വിരളമാണ്‌; ഉള്ളവതന്നെ വ്യക്തമായ തെളിവുകള്‍ നല്‌കുന്നുമില്ല.

സിവാലിക്‌ക്രമം. ടെർഷ്യറി കല്‌പത്തിലെ ഉത്തരാർധത്തിൽ ആവിർഭവിച്ച ശിലാസ്‌തരങ്ങളാണ്‌ ഹിമാലയമേഖലയുടെ തെക്ക്‌ അരികിലായുള്ള സിവാലിക്‌ നിരകളിൽ കാണപ്പെടുന്നത്‌. ഇവ 6,100 മീറ്ററിലേറെ കനത്തിൽ വളരെ വ്യാപകമായി പടർന്നിരിക്കുന്നു. ഡെറാഡൂണിനടുത്തുള്ള സിവാലിക്‌ കുന്നുകളിലാണ്‌ ഈ ഇനം ശിലകളുടെ മാതൃകാസ്‌തരങ്ങളുള്ളത്‌. ജലോഢവും വായൂഢവുമായ നിക്ഷേപങ്ങള്‍ അടങ്ങുന്ന ഈ ശിലാസഞ്ചയം സസ്‌തനിവർഗത്തിൽപ്പെട്ട നിരവധി ജീവികളുടെ അവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഹിമാലയപർവതങ്ങളുടെ തെക്കേ സാനുക്കളിൽ സിന്ധു മുതൽ സിക്കിം വരെ 16-48 കി.മീ. വീതിയിലുള്ള, താരതമ്യേന ഉയരംകുറഞ്ഞ നിരകളെയാണ്‌ സിവാലിക്‌ മേഖലയായി വ്യവഹരിച്ചുപോരുന്നത്‌. ഹിമാലയമേഖലയിലെ ഏറ്റവും ഒടുവിലത്തെ പർവതനത്തിലൂടെ ഉയർത്തപ്പെട്ട ഇവ, മധ്യഹിമാലയത്തിലെ നദികള്‍ ഒഴുക്കിമാറ്റിയ എക്കലും വണ്ടലും അടിഞ്ഞുണ്ടായ അവസാദശിലകളാലാണ്‌ സംരചിതമായിരിക്കുന്നത്‌. ഇമ്മാതിരി ശിലാസഞ്ചയങ്ങള്‍ അസം മേഖലയിലൂടെ മ്യാന്‍മറിലേക്കു പടർന്നുകാണുന്നു. മധ്യഹിമാലയത്തിലെ പ്രായക്കൂടുതലുള്ള ശിലകളിൽനിന്നും ഇവ ഭ്രംശരേഖ(fault line)യാലും അതിസമ്മർദ (over thrust) പേടലങ്ങളാലും വേർതിരിക്കപ്പെട്ടിരിക്കുന്നു.

ജീവാശ്‌മങ്ങളുടെ ബാഹുല്യമാണ്‌ സിവാലിക്‌ ശിലകളുടെ സവിശേഷത. ഇവ പരിണാമചക്രത്തിലെ തുടർച്ച സൂചിപ്പിക്കുന്നതിലൂടെ പ്രത്യേക പ്രാധാന്യമർഹിക്കുന്നുതാനും. ജീവാശ്‌മങ്ങളുടെ വിതരണം അടിസ്ഥാനമാക്കി സിവാലിക്‌ ശിലകളെ പൂർവ, മധ്യ, ഉത്തര ക്രമങ്ങളായി വിഭജിച്ചിട്ടുണ്ട്‌; എന്നാൽ ഈ ക്രമങ്ങളിൽ ശിലാഘടകപരമായ വ്യത്യാസങ്ങള്‍ ഇല്ലെന്നുതന്നെ പറയണം. ഡൈനോഥീരിയം (Dinotherium), മാസ്റ്റോഡോണ്‍ (Mastodon), എലിഫസ്‌ (Elephas), സ്റ്റെഗോഡോണ്‍ (Stegodon), നീർക്കുതിര (Hippopotomus), ഇന്ദ്രഥീരിയം (Indratherium), സിവാഥീരിയം (Sivather), പാൽ-ഹയേന (Pal-Hyaena), ജിറാഫ (Giraffa), ഹിപ്പേരിയണ്‍ (Hipparion) തുടങ്ങിയ വിശേഷയിനം ഫോസിലുകള്‍ സിവാലിക്‌ ക്രമങ്ങള്‍ക്കിടയിൽ കണ്ടെത്തിയിട്ടുണ്ട്‌.

പ്ലിസ്റ്റോസീന്‍യുഗം. ഇന്ത്യയിലെ ശിലാഘടനയിൽ പ്ലീസ്റ്റോസീന്‍ യുഗത്തിലെ വികാസപരിണാമങ്ങളെ സൂചിപ്പിക്കുന്ന വ്യക്തമായ തെളിവുകളുണ്ട്‌. ഈ യുഗത്തിൽ ഏഴ്‌ പ്രധാന ഘട്ടങ്ങളാണുണ്ടായിരുന്നത്‌: ഹിമയുഗം, ഗംഗാസമതലത്തിലെ പുതുമച്ചിന്റെ നിക്ഷേപണം, രാജസ്ഥാന്‍ മരുഭൂമിയുടെയും റാന്‍ ഒഫ്‌ കച്ചിന്റെയും വികാസം, തെ. ഇന്ത്യയിലെ ലാറ്ററൈറ്റ്‌ ശിലകളുടെയും ലോയസ്സ്‌, റിഗർ നിക്ഷേപങ്ങളുടെയും ആവിർഭാവം, പഴയ നദീജന്യനിക്ഷേപങ്ങളുടെയും കാശ്‌മീരിലെ തടാകനിക്ഷേപങ്ങളുടെയും പ്രാത്ഥാനം, ഗുഹാ നിക്ഷേപങ്ങളുടെയും തന്മൂലമുള്ള ജീവാശ്‌മങ്ങളുടെയും രൂപംകൊള്ളൽ, മനുഷ്യാധിവാസവും തുടർന്നുള്ള പരിവർത്തനങ്ങളും.

ക്വാർട്ടെർനറി കല്‌പത്തിലെ ആദ്യയുഗമായ പ്ലീസ്റ്റോസീന്റെ ആരംഭത്തിൽതന്നെ ഉത്തരാർധഗോളം ഹിമയുഗ(Ice age)ത്തിന്റെ പിടിയിലമർന്നിരുന്നു. ആർട്ടിക്‌ ഹിമാനികള്‍ വ. അക്ഷാ. 49o വരെ വ്യാപിച്ചതിനെത്തുടർന്ന്‌, ഉത്തരാർധഗോളമൊട്ടാകെ ശൈത്യക്കൂടുതലുള്ള കാലാവസ്ഥ അനുഭവപ്പെട്ടു; വർഷപാതവും, അന്തരീക്ഷആർദ്രതയും പതിന്‍മടങ്ങു വർധിച്ചിരുന്നുതാനും. ഹിമയുഗത്തിന്റെ പ്രഭാവം ദക്ഷിണേന്ത്യയെ നേരിട്ടുബാധിച്ചില്ലെന്നു പറയാം. എന്നാൽ ഹിമാലയമേഖലയിൽ സാരമായ മാറ്റങ്ങള്‍ ഉണ്ടായി. 1,800 മീറ്ററിനുമേൽ ഉയരമുള്ള പർവതശിഖരങ്ങളൊക്കെത്തന്നെ ഹിമാച്ഛാദിതങ്ങളായിത്തീർന്നു. ഈ ഹിമാനികളുടെ ശാഖകള്‍ 1,400 മീറ്റർ ഉയരംവരെ ഇറങ്ങിയും കയറിയും തുടർന്നിരുന്നതുമൂലം ഈ ഉയരത്തിലുള്ള മലഞ്ചരിവുകളിൽ ഹിമാനീഭവ ഭൂരൂപങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. സിവാലിക്‌മേഖലയിലെ ജീവിവർഗങ്ങളിൽ മിക്കവയും ലുപ്‌തമായിത്തീരുകയോ, ദക്ഷിണ ഭാഗങ്ങളിലേക്കു കുടിയേറുകയോ ചെയ്‌തു. വലിപ്പം കൂടിയ ജീവികള്‍ക്കാണ്‌ അതിശൈത്യം താങ്ങാനാവാത്തത്‌; ചെറുജീവികളിൽ പ്രകൃത്യനുകൂലനത്തിനാവശ്യമായ പരിണാമങ്ങള്‍ വന്നുചേർന്നു. ധ്രുവപ്രദേശങ്ങള്‍ കഴിഞ്ഞാൽ, വിസ്‌തൃതമിയോറിയ ഹിമാനികള്‍ കണ്ടുവരുന്നത്‌ ഹിമാലയമേഖലയിലാണ്‌.

ഹിമയുഗത്തിനിടയിൽ ഇടവിട്ട്‌ ഉണ്ടാവുന്ന താപ-ഏറ്റങ്ങളോടനുബന്ധിച്ച്‌, മഞ്ഞുരുകി ജലപ്രളയങ്ങളുണ്ടായി. ഇത്തരം ജലപ്രളയങ്ങള്‍മൂലം ഹിമാലയത്തിനും വിന്ധ്യാനിരകള്‍ക്കുമിടയ്‌ക്കുള്ള പ്രദേശത്ത്‌ അട്ടിയട്ടിയായി എക്കൽനിക്ഷേപമുണ്ടായി. 1,300-1,800 മീ. കനത്തിലുള്ള ഈ നിക്ഷേപങ്ങള്‍ 7,70,000 ച.കി.മീ. വിസ്‌തീർണുള്ള എക്കൽ സമതലമായിത്തീർന്നിരിക്കുന്നു. സമ്മർദംമൂലം, ഈ അലൂവിയം നിക്ഷേപങ്ങളുടെ താഴത്തെ പടലങ്ങള്‍ ഒടിഞ്ഞുമടങ്ങിയ രൂപത്തിലായിരിക്കുവാന്‍ സാധ്യതയുണ്ട്‌. പൊതുവെ സംരചനാപരമായ ദൗർബല്യവുമുണ്ട്‌; വടക്കരികിൽ ഭൂകമ്പമേഖലയുടെ സാമീപ്യവും. ഈ എക്കൽനിക്ഷേപങ്ങള്‍ പൊതുവെ ധാതുസമ്പന്നമല്ല.

ആരവല്ലിക്കു പടിഞ്ഞാറ്‌ സിന്ധുതടത്തിന്റെ ഭാഗമായുള്ള 1,02,400 ച.കി.മീ. സ്ഥലം വായൂഢനിക്ഷേപങ്ങളുടെയും മഴക്കുറവിന്റെയും ഫലമായി മരുപ്രദേശമായിത്തീർന്നിരിക്കുന്നു. അങ്ങിങ്ങായി മൊട്ടക്കുന്നുകള്‍ ഉള്‍ക്കൊള്ളുന്ന മണൽപ്പരപ്പാണ്‌ പൊതുവെയുള്ളതെങ്കിലും, തികച്ചും തരിശായ പ്രദേശം വളരെക്കുറച്ചു ഭാഗത്തേയുള്ളൂ.

മരുപ്രദേശത്തിന്റെ തെ. പടിഞ്ഞാറായി രൂപംകൊണ്ടിട്ടുള്ള വിസ്‌തൃതമായ ചതുപ്പാണ്‌ റാന്‍ ഒഫ്‌ കച്ച്‌. ഇടയ്‌ക്കിടെ സമുദ്രാതിക്രമത്തിനു വിധേയമാകുന്ന ഈ പ്രദേശത്ത്‌ മിക്കയിടത്തും ഉപ്പു നിക്ഷേപങ്ങളാണുള്ളത്‌. തെ. ഇന്ത്യയിൽ വ്യാപകമായി കാണുന്ന ഒരിനം ചെമ്മച്ചാണ്‌ ലാറ്ററൈറ്റ്‌. അലൂമിനിയം, ഇരുമ്പ്‌ എന്നിവയുടെ ജലീയ ഓക്‌സൈഡുകള്‍ ഉള്‍ക്കൊള്ളുന്ന ചുവപ്പു നിറത്തിലുള്ള ഈയിനം നിക്ഷേപങ്ങള്‍ ശരാശരി 16-60 മീ. കനത്തിൽ ഡക്കാണിലെ ബസാള്‍ട്ട്‌ ശിലാപടലങ്ങള്‍ക്കു മുകളിലായി രൂപംപൂണ്ടു കാണുന്നു. ഇവയുടെ ഉദ്‌ഭവം ടെർഷ്യറിയുടെ അന്ത്യത്തിലോ, പ്ലീസ്റ്റോസീനിലോ ആകാനാണ്‌ സാധ്യത. തെ. ഇന്ത്യയിൽ മാത്രമല്ല, ബിഹാർ, ബംഗാള്‍, ഝാർഖണ്ഡ്‌, അസം, ഛത്തിസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലും ഈയിനം ശിലാപടലങ്ങള്‍ കാണാം. 600 മുതൽ 1,500 വരെ മീ. ഉയരമുള്ള പ്രദേശങ്ങളിലാണ്‌ ഇവ വ്യാപിച്ചിട്ടുള്ളത്‌. റാഞ്ചി, സേലം, മുംബൈ, ഭോപാൽ എന്നിവിടങ്ങളിലെ ലാറ്ററൈറ്റ്‌ നിക്ഷേപങ്ങള്‍ ഒന്നാന്തരം ബോക്‌സൈറ്റ്‌ അയിരുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

നർമദ, തപ്‌തി എന്നീ നദികളുടെ തടങ്ങളിൽ പ്രാത്ഥാനത്തിലൂടെ തട്ടുകളായി തിരിഞ്ഞിട്ടുള്ള പഴയ എക്കൽസമതലങ്ങള്‍ കാണപ്പെടുന്നു; ഗോദാവരി, കൃഷ്‌ണ, കാവേരി എന്നീ നദികളുടെ തടപ്രദേശങ്ങളിലും ഇമ്മാതിരി ഭൂരൂപങ്ങളുണ്ട്‌. നൂറുകണക്കിന്‌ മീറ്റർ കനത്തിലുള്ള അഞ്ചോ ആറോ തട്ടുകളായി തിരിഞ്ഞിട്ടുള്ള എക്കൽപടലങ്ങള്‍ സത്‌ലജ്‌, ഝലം, ചിനാബ്‌, യമുന, ഗംഗ എന്നീ നദീതടങ്ങളിലും വിരളമല്ല. അതതു കാലഘട്ടങ്ങളിലെ ശിലാപ്രസ്‌തരപരമായ പരിവർത്തനങ്ങള്‍ മനസ്സിലാക്കുവാന്‍ ഇത്തരം ഘടനകള്‍ സഹായകമാണ്‌.

കാശ്‌മീർതാഴ്‌വര മുന്‍കാലത്ത്‌ ഒരു വന്‍താടകമായിരുന്നുവെന്നും, തുടർന്ന്‌ ഭൂഅഭിനതിയായിത്തീർന്ന്‌, പ്രാത്ഥാനവിധേയമായി ഇന്നത്തെ നിലയിൽ രൂപാന്തരപ്പെട്ടതാണെന്നും സൂചകഫോസിലുകള്‍ തെളിയിക്കുന്നു.

ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലെ ചില ഗുഹകള്‍ അതിപ്രധാനമായ സൂചനകള്‍ നല്‌കിയിട്ടുണ്ട്‌. ഇവിടത്തെ 9 കി.മീ. കനത്തിലുള്ള നിശ്ചുതാശ്‌മ നിക്ഷേപങ്ങള്‍ വിവിധയിനം ജീവാശ്‌മങ്ങളെ ഉള്‍ക്കൊള്ളുന്നു. ഈ ഫോസിലുകളിലൊന്ന്‌ ലുപ്‌തമായ ഒരിനം കാണ്ടാമൃഗത്തിന്റേതായിരുന്നു. പൂർവ-മധ്യ ശിലായുഗങ്ങളിലെ അവശിഷ്‌ടങ്ങളും ഇവിടെനിന്നും കണ്ടെത്തി. പൊതുവേ പറഞ്ഞാൽ ഇന്ത്യയിൽ ഗുഹാനിക്ഷേപങ്ങള്‍ കുറവാണ്‌.

പഞ്ചാബിലെ ചില ഭാഗങ്ങളിൽ വായൂഢമായ പൂഴി മച്ചുനിക്ഷേപങ്ങള്‍ (ലോയസ്‌) കാണപ്പെടുന്നു. രാജസ്ഥാന്‍ മരുഭൂമിയിലെ ബാലു-സ്‌തൂപങ്ങള്‍ (Sand dunes) മെറ്റൊരു സവിശേഷദൃശ്യമാണ്‌. ചാപാകാരമായി 60 മീ. വരെ ഉയരത്തിൽ വാതാഭിമുഖവശം ക്രമേണ ചരിഞ്ഞും മറുവശം തൂക്കായുമുള്ള മണൽകൂനകളാണിവ. മലബാറിലും ചോളമണ്ടലതീരത്തും അപൂർവമായി ബാലൂസ്‌തൂപങ്ങള്‍ കാണപ്പെടുന്നു. അവശിഷ്‌ടനിക്ഷേപങ്ങളിൽ അത്യന്തം പ്രാധാന്യം വഹിക്കുന്ന ഒരിനമാണ്‌ റിഗർ എന്ന കരിമച്ച്‌. പരുത്തിക്കൃഷിക്കും ഇതരവിളകള്‍ക്കും അത്യുത്തമമാണ്‌ ഈ ലാവാമച്ച്‌. പ്ലിസ്റ്റോസീന്‍ യുഗത്തിന്റെ മധ്യ-ഉത്തര കാലങ്ങളായപ്പോഴേക്കും ഇന്ത്യ വ്യാപകമായ മനുഷ്യാധിവാസത്തിനു വിധേയമായിത്തീർന്നിരുന്നു. മനുഷ്യോപഭോഗത്തിന്റെ വ്യക്തമായ രേഖകള്‍ വഹിക്കുന്നവയാണ്‌ ഇന്ത്യയിലെ പ്ലീസ്റ്റോസീന്‍ ശിലകള്‍. ശിലാനിർമിതമായ ആയുധങ്ങളും ഉപകരണങ്ങളും ഹിമാലയന്‍ നദികളുടെയും ഗോദാവരി, നർമദ, സോണ്‍ എന്നിവയുടെയും തീരങ്ങളിലെ ചരൽമച്ചട്ടികള്‍ക്കിടയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്‌; പൂർവശിലായുഗത്തിലെ ഷെലീയന്‍ (Chellean), അഷൂലിയന്‍ (Acheulian) എന്നീ മാതൃകകളിൽപ്പെട്ടവയാണ്‌ ഇവ. കാശ്‌മീർ, സബർമതിതടം, നെല്ലൂർ എന്നിവിടങ്ങളിലും ഇമ്മാതിരി വസ്‌തുക്കള്‍ ലഭിക്കുകയുണ്ടായി. ഉത്‌ഖനനങ്ങളിലൂടെ ചരിത്രാതീകാലത്തേതായി സമ്പാദിച്ചിട്ടുള്ള മിക്ക പദാർഥങ്ങളും ഭൂവിജ്ഞാനപരമായ സൂചനകള്‍ നല്‌കുന്നവയാണ്‌. ഇന്ത്യയുടെ ഭൂവിജ്ഞാനപരമായ ചരിത്രം ഇവിടെ അവസാനിക്കുന്നു.

ധാതുക്കള്‍

കൽക്കരി ഖനി-ഝാർഖണ്ഡ്‌

ഇന്ത്യയിലെ ആർക്കിയന്‍-ധാർവാർ ശിലാക്രമങ്ങള്‍ ഇരുമ്പ്‌, മാങ്‌ഗനീസ്‌, ചെമ്പ്‌, അഭ്രം, ഗ്രാഫൈറ്റ്‌, ആസ്‌ബെസ്റ്റോസ്‌ തുടങ്ങിയവയുടെ വിശാലനിക്ഷേപങ്ങളെ ഉള്‍ക്കൊണ്ടുകാണുന്നു. ഇന്ത്യയിലെ പ്രധാന സ്വർണനിക്ഷേപം ഈ ശിലാക്രമവുമായി ബന്ധപ്പെട്ടാണ്‌ അവസ്ഥിതമായിരിക്കുന്നത്‌; യുറേനിയം പോലുള്ള ധാതുക്കളും ഈ ശിലാസഞ്ചയങ്ങള്‍ക്കിടയിൽ നിക്ഷിപ്‌തമായിട്ടുണ്ട്‌. പ്രീകാമ്പ്രിയന്റെ ഉത്തരാർധത്തിൽ ഉദ്‌ഭൂതമായ വിന്ധ്യാ, കടപ്പാ എന്നീ ശിലാക്രമങ്ങള്‍ക്കിടയിൽ മാർബിള്‍, അഭ്രം, ചുച്ചാമ്പുകല്ല്‌, ഡോളമൈറ്റ്‌, ആസ്‌ബെസ്റ്റോസ്‌ എന്നിവ കനത്ത അളവിലും ഇരുമ്പ്‌, കറുത്തീയം, നാകം, ചെമ്പ്‌ എന്നിവ കുറഞ്ഞ തോതിലും കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ പ്രധാന ധാതുനിക്ഷേപങ്ങളിൽ ഏറിയ കൂറും പാലിയോസോയിക്‌ കല്‌പത്തിലെ അവസാന യുഗമായ പെർമിയന്‍ കാലഘട്ടത്തിലെ ശിലകളുമായി ബന്ധപ്പെട്ടവയാണ്‌. ലോവർ ഗോണ്ട്‌വാനാ ക്രമത്തിലെ മികച്ച കല്‌ക്കരിനിക്ഷേപങ്ങളും സിഡെറൈറ്റ്‌-ലിമൊണൈറ്റ്‌ ഇനങ്ങളിൽപ്പെട്ട ഇരുമ്പയിരുനിക്ഷേപങ്ങളും ഈ യുഗത്തിലേതാണ്‌. ചീനമച്ചിന്റെ വ്യാപകമായ നിക്ഷേപങ്ങളും പെർമിയന്‍ ധാതുക്കളിൽപ്പെടുന്നു.

മീസോസോയിക്‌ യുഗത്തിലെ ശിലാക്രമങ്ങള്‍ക്കിടയിൽ അലോഹധാതുക്കളുടെ അവസാദനിക്ഷേപങ്ങള്‍ ധാരാളമുണ്ട്‌. വാസ്‌തുശിലകള്‍ക്കാണ്‌ ഇക്കൂട്ടത്തിൽ പ്രമുഖസ്ഥാനം. ഇവയിൽ ഏറിയവയും നിർമാണപ്രവർത്തനങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്‌. എച്ചനിക്ഷേപങ്ങള്‍ പൊതുവേ ടെർഷ്യറിയിലേതാണ്‌. ഈ കാലഘട്ടത്തിലെ ശിലാസ്‌തരങ്ങള്‍ക്കിടയിൽനിന്ന്‌ ജിപ്‌സം, ഉപ്പ്‌, കല്‌ക്കരി, ബോക്‌സൈറ്റ്‌, ചുച്ചാമ്പുകല്ല്‌, ചീനമച്ച്‌ തുടങ്ങിയവയും വന്‍തോതിൽ ഖനനം ചെയ്യപ്പെടുന്നു. ടെർഷ്യറിയെക്കാള്‍ പ്രായംകുറഞ്ഞ ക്വാർട്ടെർനറി യുഗത്തിലെ ശിലാസഞ്ചയങ്ങള്‍ക്കിടയിൽ പോലും ഇരുമ്പ്‌, ബോക്‌സൈറ്റ്‌, മാങ്‌ഗനീസ്‌ എന്നിവ ഉള്‍പ്പെടെ പല സുപ്രധാന ധാതുക്കളുടെയും അയിരുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതുവരെയുള്ള അറിവുവച്ചു നോക്കുമ്പോള്‍പോലും ഇന്ത്യയുടെ സ്ഥിതി ധാതുസമ്പത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ല; ഇനിയും ധാരാളം നിക്ഷേപങ്ങള്‍ കണ്ടെത്തുവാനുണ്ടുതാനും. ഇന്ത്യയിലെ ധാതുവിതരണം വ്യാപകവും വൈവിധ്യമാർന്നതും ആണ്‌. എന്നാൽ സള്‍ഫർപോലെ അത്യന്താപേക്ഷിതമായ ധാതുക്കളുടെ നിശ്ശേഷമായ അഭാവം ഒരു ന്യൂനതയുമാണ്‌. ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലുംതന്നെ സാമാന്യമായ തോതിൽ ധാതുഖനനം നടന്നുവരുന്നുണ്ടെങ്കിലും ഡക്കാണ്‍മേഖലയാണ്‌ ഇന്ത്യയിലെ ഖനിജോത്‌പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നത്‌. ഇരുമ്പയിരിന്റെയും കല്‌ക്കരിയുടെയും ബോക്‌സൈറ്റിന്റെയും മറ്റും പ്രത്യേകം പ്രത്യേകം ധാതുമേഖലകള്‍ ഡക്കാണിന്റെ പല ഭാഗങ്ങളിലും അവസ്ഥിതമായിട്ടുണ്ട്‌.

ഇന്ത്യയിലെ ധാതുനിക്ഷേപങ്ങള്‍ ബൃഹത്തായ രാജ്യത്തിന്റെ പ്രത്യേക കോണുകളിലായി ഒതുങ്ങിപ്പോയിരിക്കുന്നതുമൂലം സാമ്പത്തികദൃഷ്‌ടിയിലൂടെ അവ തികച്ചും സമ്പന്നമെന്നു പറയുകവയ്യ. ഒറ്റവിള (single crop) വിഭവങ്ങളായ ധാതുക്കളുടെ ഉത്‌പാദന-ഉപഭോഗങ്ങളിൽ തികഞ്ഞ കരുതൽ പാലിക്കേണ്ടതുണ്ട്‌. അശാസ്‌ത്രീയമായ ഖനനംമൂലം ഇന്ത്യയിലെ ധാതുസമ്പത്തിലെ ഗണ്യമായ ഒരു ഭാഗം നിരുപയോഗമായിത്തീരുന്ന പതിവുണ്ടായിരുന്നു. സ്വാതന്ത്യ്രലബന്ധിക്കുശേഷം ധാതുവ്യവസായം നവീകരിക്കപ്പെട്ട്‌ അഭൂതപൂർവമായ പുരോഗതി നേടിയിരിക്കുന്നു. നാല്‌പതിലേറെ ധാതുക്കള്‍ ഇപ്പോള്‍ ഖനനം ചെയ്‌തുവരുന്നു.

കാലാവസ്ഥ

ഇന്ത്യയുടെ വിവിധമേഖലകളിൽ കാലാവസ്ഥാപരമായി ദൃശ്യമാകുന്ന വൈവിധ്യം ഭൂമുഖത്തെ ഇതര ഭൂഭാഗങ്ങളിലേതിൽനിന്നും വളരെ കൂടുതലാണ്‌. മാധ്യ-താപനില, വർഷപാതം, ഋതുവിതരണം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയുടെ പൂർവ-പശ്ചിമ ഭാഗങ്ങള്‍ തമ്മിലും ഉത്തര ദക്ഷിണ ഭാഗങ്ങള്‍ തമ്മിലും വലുതായ അന്തരം കാണുന്നു. വടക്ക്‌ പഞ്ചാബിൽ അതിശൈത്യമുള്ള ശീതകാലവും അത്യുഷ്‌ണമുള്ള വേനൽക്കാലവും അനുഭവപ്പെടുമ്പോള്‍ തെക്കരികിലുള്ള കേരളത്തിൽ ആണ്ടുമുഴുവന്‍ ഏതാണ്ട്‌ ഒരേ നിലയിൽ തുടരുന്ന ഉയർന്ന താപനിലയും വളരെ കൂടിയ ആർദ്രതയുമാണുള്ളത്‌. പടിഞ്ഞാറ്‌ രാജസ്ഥാനിൽ അത്യന്തം ശുഷ്‌കമായ കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ കിഴക്കരികിലുള്ള അസംമേഖല ഏറ്റവും കൂടുതൽ മഴയുള്ള പ്രദേശമായിട്ടാണ്‌ കാണുന്നത്‌. ശരാശരി വർഷപാതം ഥാർ മരുഭൂമിയിൽ 13 സെ. മീറ്ററും, അസമിലെ ചിറാപുഞ്‌ജിയിൽ 1,080 സെ. മീറ്ററുമാണ്‌.

പൊതുവേനോക്കുമ്പോള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥയിൽ നിർണായക സ്വാധീനം വഹിക്കുന്നത്‌ ഋതുവ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ ദിശമാറി വീശുന്ന മണ്‍സൂണ്‍ വാതങ്ങളാണ്‌. ശീതകാലത്ത്‌ ഈ കാറ്റുകള്‍ കരയിൽനിന്നു കടലിലേക്കു വീശുകയും ക്രമേണ വാണിജ്യവാതങ്ങളുമായി ചേർന്ന്‌ ഇന്ത്യാസമൂദ്രത്തിനു മീതേ വ. കി. കാറ്റുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. വന്‍കര ഭാഗത്തുനിന്നെത്തുന്ന ഇവ പ്രായേണ വളരെ ശുഷ്‌കമായിരിക്കുന്നതിനാൽ മഴ പെയ്യിക്കാന്‍ പ്രാപ്‌തങ്ങളല്ല. ഗ്രീഷ്‌മ കാലമാവുന്നതോടെ മണ്‍സൂണ്‍ കാറ്റുകളുടെ ദിശ നേർവിപരീതമാകുന്നു; ഇങ്ങനെ ഉണ്ടാകുന്ന തെ.പ. മണ്‍സൂണ്‍ കടലിൽനിന്നു കരയിലേക്കു വീശുന്നു. ധാരാളം നീരാവി വഹിക്കുന്ന ഇവ സ്വാഭാവികമായും കനത്ത മഴയ്‌ക്ക്‌ ഹേതുഭൂതമാകുന്നു. മേല്‌പറഞ്ഞ രണ്ടു മണ്‍സൂണ്‍ കാലങ്ങള്‍ക്കുമിടയ്‌ക്ക്‌ താരതമ്യേന ഹ്രസ്വമായ രണ്ടു പരിവർത്തനകാലങ്ങളും ഉണ്ട്‌. മണ്‍സൂണിന്റെ സ്വാധീനതയിൽ അതതു പ്രദേശത്തെ ഭൂപ്രകൃതിയെ ആശ്രയിച്ച്‌ ഏറ്റക്കുറച്ചിലുകളും വ്യതിയാനങ്ങളും സംഭവിക്കുന്നു.

ശരാശരി വാർഷിക വർഷപാതം - ഇന്ത്യ

ഭൂപ്രകൃതിയും കാലാവസ്ഥയും. ഉത്തരായണവൃത്തം ഇന്ത്യയുടെ ഏതാണ്ടു മധ്യത്തുകൂടി കടന്നുപോകുന്നു. ഇതിനു തെക്കുള്ള ഭാഗം മധ്യരേഖയോടടുക്കുന്തോറും കൂർത്തുവരുന്ന രീതിയിൽ ത്രികോണാകൃതിയിലുള്ളതാണ്‌. ഈ ഉപദ്വീപിന്റെ ഇരുപാർശ്വങ്ങളിലും മലനിരകളാണ്‌; പൂർവതീരത്തെ മലനിരകള്‍ പ്രായേണ വിച്ഛിന്നവും താരതമ്യേന ഉയരം കുറഞ്ഞവയുമാണ്‌. ഉപദ്വീപിനു വടക്ക്‌ ക്രമേണ ചരിഞ്ഞിറങ്ങുന്ന ഉയരം കുറഞ്ഞ പീഠഭൂമിയും അതിനും വടക്ക്‌ സിന്ധുഗംഗാ സമതലവും സ്ഥിതിചെയ്യുന്നു. ഇന്ത്യയുടെ വടക്കരികിൽ ഉടനീളമുള്ള പർവതശൃംഖലകളുടെ ശരാശരി ഉയരം 6.5 കി.മീ. ആണ്‌; അവയ്‌ക്കും വടക്ക്‌ ശരാശരി 3 കി.മീ. ഉയരമുള്ള തിബത്ത്‌ പീഠഭൂമിയും സ്ഥിതി ചെയ്യുന്നു.

ഭൂപ്രകൃതിയിലെ ഈ വിതരണക്രമം കാലാവസ്ഥയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നതായി കാണാം. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങള്‍ പശ്ചിമഘട്ടം, ഹിമാലയം, അസം കുന്നുകള്‍ എന്നിവയുടെ വാതാഭിമുഖ(windward)വശങ്ങളാണ്‌. മറ്റുള്ളിടങ്ങളിൽ ശൈലവൃഷ്‌ടി (orographic rain)ഉണ്ടാവുന്നില്ലെന്നുതന്നെ പറയാം; പക്ഷേ, മഴക്കുറവ്‌ അനുഭവപ്പെടുന്നുണ്ട്‌. വടക്കരികിലെ മലങ്കോട്ടകള്‍ ശൈത്യകാലത്ത്‌ സൈബീരിയയിൽ നിന്നുള്ള ശീതക്കാറ്റുകളെ തടഞ്ഞ്‌, ഉത്തരേന്ത്യയെ അതിശൈത്യത്തിൽനിന്നു രക്ഷിക്കുന്നു. അതേസമയം പടിഞ്ഞാറരികിൽ ഹിമാലയത്തിന്റെ തുടർച്ച വിച്ഛിന്നമാകയാൽ പശ്ചിമവാതങ്ങളുടെ ആ വഴിക്കെത്തുന്ന ശാഖ നിർബാധം കടന്നുപോരികയും അന്യഥാ ശുഷ്‌കപ്രദേശമായ പഞ്ചാബിൽ ശൈത്യകാലത്ത്‌ ചുഴലിവൃഷ്‌ടി (cyclonic rain) പെയ്യിക്കുകയും ചെയ്യുന്നു.

ഋതുവ്യവസ്ഥ. ഉഷ്‌ണമേഖലയിലെയും, സമശീതോഷ്‌ണമേഖലയിലെയും സവിശേഷകാലാവസ്ഥകള്‍ ഇന്ത്യയിലെ വ്യത്യസ്‌തമേഖലകളിൽ കാണാം. ചില മാസങ്ങളിൽ ഉയർന്ന താപനിലയും ആർദ്രതയും കനത്ത മഴയും ഉഗ്രമായ ചുഴലിക്കാറ്റുകളും അനുഭവപ്പെടുന്ന മേഖലകളിൽ തന്നെ ശേഷിച്ച മാസങ്ങളിൽ താപനില സമീകൃതമായും മഴകുറഞ്ഞും കാറ്റിന്റെ ശക്തി കുറഞ്ഞും കാണപ്പെടുന്നു. കാലാവസ്ഥാപരമായി തെ. കി. യൂറോപ്പിലെ മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായി ഏതാണ്ടു സാദൃശ്യമുള്ള മേഖലകളും ഇന്ത്യയിൽ കാണാം.

നേരത്തേ സൂചിപ്പിച്ചതുപോലെ കാലാവസ്ഥയിലെ നിർണായക സ്വാധീനം കാലവർഷ(മണ്‍സൂണ്‍)ക്കാറ്റുകള്‍ക്കാണ്‌. ഏഷ്യാവന്‍കരയുടെ സാന്നിധ്യം മൂലം ഇന്ത്യാസമുദ്രത്തിലും അതിന്റെ ശാഖകളായ അറേബ്യന്‍ കടൽ, ബംഗാള്‍ ഉള്‍ക്കടൽ എന്നിവയിലുമുള്ള മർദവ്യവസ്ഥയിൽ ഏറ്റക്കുറച്ചിൽ വന്നു ചേരുന്നതിന്റെ ഫലമായി, ആഗോളവാതസഞ്ചരണ വ്യവസ്ഥയിൽപ്പെട്ട വാണിജ്യവാതങ്ങളുടെ സ്ഥായിയായ ദിശയ്‌ക്കും സ്വഭാവത്തിനും മാറ്റം വന്ന്‌ കാലവർഷക്കാറ്റുകളായിത്തീരുന്നു; ഈ കാറ്റുകള്‍ കാലികമായ വ്യതിയാനത്തിനു വിധേയമാണ്‌. ശൈത്യകാലത്ത്‌ ഏഷ്യാ വന്‍കരയുടെ മധ്യ, ദക്ഷിണ ഭാഗങ്ങള്‍ അതത്‌ അക്ഷാംശത്തിലുള്ള സമുദ്രഭാഗങ്ങളെക്കാള്‍ 8º-14ºC താപം കുറഞ്ഞവയായും ഗ്രീഷ്‌മകാലത്ത്‌ 5º-8ºC താപക്കൂടുതലുള്ളവയായും ഭവിക്കുന്നതാണ്‌ മണ്‍സൂണ്‍കാറ്റുകളുടെ ഉദ്‌ഭവത്തിനു ഹേതു. തെ.പ. നിന്നും വ.കി. നിന്നുമാണ്‌ കാലവർഷക്കാറ്റുകള്‍ വീശുന്നത്‌. ഒരു ദിശയിൽ ശക്തി പ്രാപിക്കുകയും, പിന്നീട്‌ ക്ഷയിച്ച്‌ പൂർവദിശയിൽ ശക്തിമത്താവുകയും ചെയ്യുന്നതിനിടയിൽ സ്വാഭാവികമായും രണ്ടു പരിവർത്തന കാലങ്ങള്‍ ഉണ്ടായിരിക്കണം. ആവർത്തന സ്വഭാവമുള്ള മണ്‍സൂണ്‍ ചക്രത്തെ ആധാരമാക്കി ഇന്ത്യയിൽ നാലു ഋതുക്കള്‍ കണ്ടെത്താം:

(i) ഡി. മുതൽ ഫെ. വരെയുള്ള ശൈത്യകാലം: (ii) മാ. മുതൽ മേയ്‌ വരെയുള്ള ഉഷ്‌ണകാലം; (iii) ജൂണ്‍ മുതൽ സെപ്‌. വരെയുള്ള തെ.പ. മണ്‍സൂണ്‍കാലം; (iv) ഒ.-നവ. മാസങ്ങളിലെ തെ.പ. മണ്‍സൂണിന്റെ അപചയകാലം.

ശൈത്യകാലം. വ. പ. ഇന്ത്യയിൽ ഒക്‌ടോബറിൽ തന്നെ ശൈത്യകാലം ആരംഭിക്കുന്നു. ഡി. ആവുമ്പോഴേക്കും ഇന്ത്യയുടെ നന്നേ തെക്കുള്ള ഭാഗങ്ങളൊഴിച്ച്‌ എല്ലായിടത്തും ശൈത്യകാലമായിരിക്കും. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ ഒ. നവ. മാസങ്ങളിൽ തെ. പ. മണ്‍സൂണിന്റെ പിന്‍വാങ്ങലിനോടനുബന്ധിച്ച്‌ മഴ ലഭിക്കുന്നു. ജനുവരിയോടെ ഇന്ത്യയും സമീപസ്ഥ സമുദ്രങ്ങളും വ. കി. മണ്‍സൂണിന്റെ പ്രഭാവത്തിൽ അമരുന്നു. മെഡിറ്ററേനിയന്‍ മുതൽ കിഴക്കോട്ടു ചൈനവരെ വ്യാപിക്കുന്ന ഉച്ചമർദമേഖലയുടെ സ്വാധീനമാണ്‌ ഇതിനു നിദാനം. നിർമലമായ ആകാശം, ശക്തി കുറഞ്ഞ വടക്കന്‍ കാറ്റുകള്‍, ശുഷ്‌കമായ അന്തരീക്ഷം, താണ താപനില, വലുതായ ദൈനിക-താപാന്തരം, ശാന്തമായ കാലാവസ്ഥ എന്നിവ ഈ ഋതുവിന്റെ സവിശേഷതകളാണ്‌. ഡി. മുതൽ ഫെ. വരെ ഈ നില തുടരുന്നുവെങ്കിലും ഇടയ്‌ക്കിടെ ചുഴലിക്കാറ്റുകളും തുടർന്ന്‌ ചെറിയ തോതിലുള്ള മഴയും ഉണ്ടാകാറുണ്ട്‌. ഇറാനിൽ നിന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്ന ഈ കാറ്റുകള്‍ പെയ്യിക്കുന്ന മഴ ഉത്തരേന്ത്യയിലെ, വിശിഷ്യ പഞ്ചാബിലെ, ശീതകാലവിളകള്‍ക്ക്‌ വലിയൊരനുഗ്രഹമാണ്‌. കാശ്‌മീരിൽ കനത്ത ഹിമപാതമുണ്ടാവുന്നതിനും ഇവ കാരണമാകുന്നു. അപൂർവമായി പശ്ചിമവാതത്തിന്റെ ശാഖയായ ഈ ചുഴലിക്കാറ്റുകള്‍ മധ്യേന്ത്യയോളം എത്തുകയും ദിവസങ്ങളോളം നീണ്ടുനില്‌ക്കുന്ന ശീതതരംഗങ്ങള്‍ (cold waves) സൃഷ്‌ടിക്കുകയും ചെയ്യുന്നു. പൊതുവേ നോക്കുമ്പോള്‍ ശൈത്യകാലത്ത്‌ കൂടുതൽ മഴ കിട്ടുന്നത്‌ വ.പ. ഇന്ത്യയിൽ ആണ്‌. താപനില ഏറ്റവും കുറഞ്ഞുകാണുന്നതും വ.പ. ഇന്ത്യയിലാണ്‌.

ഉഷ്‌ണകാലം. മാ. മുതൽ മേയ്‌ വരെയുള്ള മാസങ്ങളിൽ ഉത്തരേന്ത്യയിൽ താപനില ക്രമപ്രവൃദ്ധമാവുകയും ഒപ്പം മർദനില താഴുകയും ചെയ്യുന്നു. ഇതേയവസരംതന്നെ ഇന്ത്യാ സമുദ്രത്തിലും ആഫ്രിക്ക, ആസ്റ്റ്രലിയ തുടങ്ങിയ ദക്ഷിണാർധഗോളത്തിലെ വന്‍കര ഭാഗങ്ങളിലും ഉച്ചമർദമേഖല രൂപംകൊള്ളുന്നു. താപീയ-മധ്യരേഖ ക്രമേണ വടക്കോട്ടു നീങ്ങുന്നു. മാ. മാസത്തിൽ ഡക്കാണ്‍ പീഠഭൂമിയിൽ പകൽ സമയത്തെ താപനില 38ബ്ബഇ വരെയായി ഉയരുന്നു. ഏപ്രിലിൽ ഗുജറാത്തിലും മധ്യപ്രദേശിലും മധ്യാഹ്ന താപനില 38ബ്ബ-43ബ്ബഇ ആവുന്നത്‌ സാധാരണമാണ്‌. മേയിൽ ഇന്ത്യയുടെ വ. പ. ഭാഗത്ത്‌, വിശിഷ്യ മരുപ്രദേശങ്ങളിൽ പകൽ സമയത്തെ താപനില 48ബ്ബഇ-ലേറെയായിത്തീരുന്നു; പഞ്ചാബ്‌ മുതൽ ഛോട്ടാനാഗ്‌പൂർ പീഠഭൂമിവരെ വ്യാപകമായ ഒരു നിമ്‌നമർദമേഖല രൂപം കൊള്ളുകയും ചെയ്യുന്നു. ഈ മേഖലയ്‌ക്കു ചുറ്റുമായി ചുഴലി രൂപത്തിലുള്ള ഒരു വായുസഞ്ചലന വ്യവസ്ഥ നിലവിൽ വരുന്നതോടെ സമീപസ്ഥ മേഖലകളിൽനിന്നും വായുധാരകള്‍ അങ്ങോട്ട്‌ ആകർഷിക്കപ്പെടുന്നു. ബംഗാള്‍ തീരത്തിനടുത്ത കടലുകളിൽനിന്നുള്ള തെക്കന്‍ കാറ്റുകളും, ബോംബെ തീരം കടന്നെത്തുന്ന വ.പ. കാറ്റുകളും ഇങ്ങനെ വന്നെത്തുന്നു; ഉയർന്ന താപനിലയിലുള്ള ശുഷ്‌കമായ കരക്കാറ്റുകളുമായി നിരന്തര സംപൃക്തമായ ഈ കടൽക്കാറ്റുകള്‍ കൂട്ടിമുട്ടുന്നതിന്റെ ഫലമായി പ്രാദേശികതലത്തിൽ രൂക്ഷമായ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നു. ഇവമൂലം കനത്ത മഴയും ആലിപ്പഴ വർഷവും ഉഗ്രമായ കാറ്റും അനുഭവപ്പെടാം. പ. ബംഗാളിലാണ്‌ ഈ സ്ഥിതി കൂടുതലായി അനുഭവപ്പെടുന്നത്‌. നോർവെസ്റ്റർ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന ഇവയെ ബംഗാളികള്‍ "കാലബൈശാഖി' എന്നു വിശേഷിപ്പിക്കുന്നു. ഉഷ്‌ണകാലത്ത്‌ പശ്ചിമേന്ത്യയിൽ പൊതുവേ മണൽക്കാറ്റുകള്‍ വീശാറുണ്ട്‌.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. മേയ്‌ മാസത്തിൽ താപവർധനവിന്റെ ഫലമായി ആഫ്രിക്കയിൽ സുഡാന്‍ മുതൽ ഇന്ത്യയിൽ പശ്ചിമ രാജസ്ഥാനിലൂടെ പശ്ചിമ ബംഗാള്‍ വരെ വ്യാപ്‌തിയുള്ള ഒരു നിമ്‌നമർദമേഖല രൂപംകൊള്ളുന്നു. ഈ മേഖല പൂർണവികാസം പ്രാപിക്കുന്നതോടെ സമീപസ്ഥ സമുദ്രങ്ങളിലെ വായുസഞ്ചലനം ത്വരിതപ്പെടുന്നു. തെ. കി. വാണിജ്യവാതങ്ങള്‍ മധ്യരേഖ കടന്ന്‌ അറേബ്യന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും പ്രവേശിക്കുന്നതോടെ ഈ നിലയിൽ പെട്ടെന്നൊരു മാറ്റമുണ്ടാവുകയും വാണിജ്യവാതങ്ങള്‍ ഇന്ത്യയിൽ കരഭാഗത്തുള്ള നിമ്‌നമർദ മേഖലയിലേക്ക്‌ ആകർഷിതമായി തെ. പ. മണ്‍സൂണായി വീശിത്തുടങ്ങുകയും ചെയ്യുന്നു. വളരെക്കുറച്ചു സമയത്തിനുള്ളിൽ ഇന്ത്യയൊന്നാകെ തെ. പ. മണ്‍സൂണിന്റെ സ്വാധീനത്തിലായിത്തീരുന്നു. താരതമ്യേന തണുത്ത, നീരാവി നിറഞ്ഞ ഈ കാറ്റുകള്‍ കനത്ത മഴ പെയ്യിക്കുന്നവയാണ്‌. ജൂണ്‍ മാസാംരഭത്തോടെ കേരളക്കരയിൽ ശക്തിയാർജിക്കുന്ന തെ. പ. മണ്‍സൂണ്‍ മാസാന്ത്യമാകുമ്പോഴേക്കും മിക്കവാറും ഇന്ത്യയൊട്ടാകെ ശക്തമായി വീശിത്തുടങ്ങുന്നു. വർഷകാലത്തിന്റെ ആദ്യപകുതിയായ ജൂണ്‍-ജൂല. മാസങ്ങളിൽ ഈ നില തുടരുന്നു. ഇന്ത്യയൊട്ടാകെയുള്ള ഖരിഫ്‌ വിളകള്‍ ഈ രണ്ടു മാസങ്ങളിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ചിരിക്കുന്നു. മണ്‍സൂണ്‍ കാറ്റുകളുടെ ദിശയും അവമൂലമുണ്ടാകുന്ന മഴയുടെ തോതും പർവതങ്ങളുടെ കിടപ്പിനനുസരിച്ച്‌ വ്യത്യാസപ്പെട്ടുകാണുന്നു. ഹിമാലയ പർവതങ്ങളും അസം ഹിമാലയവും ചേർന്ന്‌ മണ്‍സൂണ്‍ കാറ്റുകള്‍ക്ക്‌ പ്രതിബന്ധം സൃഷ്‌ടിക്കുന്നു. തന്മൂലം ബംഗാള്‍ ഉള്‍ക്കടലിൽനിന്ന്‌ ഈ ഭാഗത്തേക്കു വീശുന്ന തെ. പ. കാറ്റുകള്‍ തെക്കുനിന്നോ തെക്കു കിഴക്കുനിന്നോ ആയി മാറി വീശിത്തുടങ്ങുന്നു; അസം താഴ്‌വരയിലും ചിറ്റഗോംഗ്‌ പ്രദേശത്തും അതിവർഷമുണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. ഭൂമുഖത്ത്‌ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശം ഇവിടെയാണ്‌. ഹിമാലയ പർവതങ്ങളാൽ തടയപ്പെട്ട്‌ ഈ കാറ്റുകള്‍ പടിഞ്ഞാറേക്കു നീങ്ങുകയും സിക്കിം തുടങ്ങി കാശ്‌മീർവരെയുള്ള സാനുപ്രദേശങ്ങളിൽ ധാരാളമായി മഴ പെയ്യിക്കുകയും ചെയ്യുന്നു.

അറേബ്യന്‍ കടലിൽനിന്നും എത്തുന്ന മണ്‍സൂണ്‍ ദിശമാറി പടിഞ്ഞാറന്‍ കാറ്റുകളോ തെ.പ. കാറ്റുകളോ ആയി വീശുന്നു. പശ്ചിമഘട്ടങ്ങള്‍ കടക്കുന്നതിനു മുമ്പുതന്നെ ഇവ നീരാവി ശോഷിതമായിത്തീരും. ശൈലവൃഷ്‌ടിയിലൂടെ പശ്ചിമതീരത്ത്‌ കനത്ത മഴ ലഭിക്കുന്നു. എന്നാൽ മലനിരകള്‍ കടന്നെത്തുന്ന കാറ്റുകള്‍ പ്രായേണ ശുഷ്‌കമാകയാൽ ഡക്കാണ്‍ പ്രദേശത്ത്‌ മഴക്കുറവ്‌ അനുഭവപ്പെടുന്നു. ഈ മേഖല ഒരു മഴനിഴൽ പ്രദേശമാണെന്നു പറയാം. അറേബ്യന്‍ കടലിൽനിന്നുള്ള മണ്‍സൂണിന്റെ ഒരു ശാഖ സൗരാഷ്‌ട്ര-കച്ച്‌ തീരങ്ങളിലൂടെ പശ്ചിമ രാജസ്ഥാനിലെ മരുപ്രദേശങ്ങളിലേക്കു വീശുന്നു. ഇവിടം കടന്ന്‌ ആരവല്ലി നിരകളിലെത്തുന്നതുവരെ ഈ കാറ്റുകള്‍ വർഷിക്കുന്നില്ല. വടക്കോട്ടും വ. കിഴക്കോട്ടുമായി നീങ്ങുന്ന ഈ കാറ്റുകള്‍ പഞ്ചാബിന്റെ പൂർവപ്രാന്തങ്ങളിൽവച്ച്‌ ഗംഗാസമതലം കടന്നെത്തുന്ന മിക്കവാറും ശുഷ്‌കമായ കിഴക്കന്‍ കാറ്റുമായി കൂടിക്കലർന്ന്‌ പഞ്ചാബ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ കിഴക്കേ പകുതിയിലും പശ്ചിമ ഹിമാലയത്തിലും മഴ പെയ്യിക്കുന്നു; തുടർന്ന്‌ രണ്ടു ശാഖകളായി പിരിഞ്ഞ്‌, ഒന്നു പടിഞ്ഞാറോട്ടും മറ്റൊന്ന്‌ ഹിമാലയത്തിന്റെ തെ. പടിഞ്ഞാറന്‍ ചരിവുകളിലേക്കും വീശുന്നു.

തെ.പ. മണ്‍സൂണ്‍ കാലത്ത്‌ ഗംഗാസമതലത്തിനു തെക്കുള്ള പ്രദേശങ്ങളിൽ താരതമ്യേന കുറഞ്ഞ വായുമർദം അനുഭവപ്പെടുന്നു. മണ്‍സൂണ്‍ കാറ്റുകളുടെ നേരിട്ടുള്ള സ്വാധീനം ഈ പ്രദേശങ്ങളിലില്ല. ജൂല. മാസത്തോടെ, ആഗ്രയിൽ തുടങ്ങി അലഹാബാദ്‌, ഹസാരിബാഗ്‌ എന്നിവിടങ്ങളിലൂടെ ഒറീസവരെ നീളുന്ന ഒരു നിമ്‌നമർദ മേഖല വ.പ.-തെ. കി. ദിശയിൽ രൂപംകൊള്ളുന്നു. ബംഗാള്‍ ഉള്‍ക്കടലിൽ ഉരുത്തിരിയുന്ന ചുഴലിക്കാറ്റുകള്‍ ഈ നിമ്‌നമർദ മേഖലയിലൂടെ പടിഞ്ഞാറോട്ടോ വടക്കു പടിഞ്ഞാറോട്ടോ സഞ്ചരിക്കുന്നത്‌ കനത്ത മഴ പെയ്യുന്നതിനു കാരണമാകുന്നു. നാലോ അഞ്ചോ ചുഴലിക്കാറ്റുകള്‍ ഒന്നിനുപിറകിലൊന്നെന്ന ക്രമത്തിൽ ഉണ്ടാവുക സാധാരണമാണ്‌.

മണ്‍സൂണ്‍ കാറ്റുകളും അവമൂലമുണ്ടാകുന്ന കാലാവസ്ഥാപ്രക്രിയകളും അനിയതവും അനിശ്ചിതവുമാണ്‌. വന്‍ നാശം സംഭവിക്കുന്നതിന്‌ ഈ അനിശ്ചിതത്വം കാരണമാകാറുണ്ട്‌. സാധാരണയായി ജൂണ്‍, ജൂലാ. ആഗ. മാസങ്ങളിൽ നല്ല തോതിൽ മഴ പെയ്യുന്നു. സെപ്‌. മധ്യമാകുമ്പോഴേക്കും മണ്‍സൂണ്‍ പിന്‍വാങ്ങുന്നു. ഇതോടെ ഉത്തരേന്ത്യയിലും തുടർന്ന്‌ മറ്റു ഭാഗങ്ങളിലും മഴ കുറയുന്നു. അപചയകാലം. ഒ. ന. മാസങ്ങള്‍ മണ്‍സൂണിന്റെ അപചയകാലമാണ്‌. അറേബ്യന്‍ കടലിൽനിന്നുള്ള കാറ്റുകള്‍ രാജസ്ഥാന്‍, ഗുജറാത്ത്‌, ഡക്കാണ്‍ എന്നീ ക്രമത്തിൽ പിന്‍വാങ്ങുന്നു. ഇക്കാലത്ത്‌ ഇടവിട്ടുള്ള മഴ സാധാരണമാണ്‌. മണ്‍സൂണിന്റെ ബംഗാള്‍ ഉള്‍ക്കടൽ ശാഖ ഗംഗാസമതലത്തിൽനിന്നും പിന്‍വാങ്ങുന്നത്‌ ക്രമമായ രീതിയിലാണ്‌. ഒ. അന്ത്യത്തോടെ നിമ്‌നമർദമേഖല ഉള്‍ക്കടലിന്റെ മധ്യഭാഗത്തേക്ക്‌ പുനസ്ഥാപിതമാകുന്നു. ഡി. അന്ത്യത്തോടെ ഈ നിമ്‌നമർദമേഖല മധ്യരേഖയുടെ തെക്കുഭാഗത്തേക്കു നീങ്ങുന്നു. ഈ കാലയളവിൽ ഉത്തരേന്ത്യയൊട്ടാകെ ശുഷ്‌കമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. എന്നാൽ ഉപദ്വീപിന്റെ കിഴക്കേ തീരങ്ങളിൽ സാമാന്യം നല്ല മഴ ലഭിക്കുന്നു; ഈ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്‌ ഇക്കാലത്താണ്‌. ചുഴലിക്കാറ്റുകളിൽ നിന്നാണ്‌ കൂടുതൽ വർഷപാതം. ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ മിക്കപ്പോഴും ഉപദ്വീപിനെ മറികടന്ന്‌ അറേബ്യന്‍ സമുദ്രത്തിലേക്കു നീങ്ങുന്നു. ഡി. അന്ത്യത്തിൽത്തന്നെ ഇന്ത്യ ഒട്ടാകെ വ. കി. മണ്‍സൂണിന്റെ സ്വാധീനത്തിൽ അകപ്പെട്ടുകഴിയുന്നു.

സസ്യജാലം

സസ്യജാലം-ഇന്ത്യ

താപനില, ആർദ്രത, വർഷപാതം, ഭൂപ്രകൃതി, മച്ചിന്റെ സ്വഭാവം തുടങ്ങിയവയുടെ സ്വാധീനംമൂലം വൈവിധ്യമേറിയ, സമൃദ്ധമായ സസ്യജാലമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇന്ത്യയിലെ നൈസർഗിക സസ്യവിതരണത്തെ നിയന്ത്രിക്കുന്ന പ്രധാനഘടകം വർഷപാതമാണ്‌. ഇതിന്റെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ച്‌ ഇന്ത്യയെ നാല്‌ പ്രധാന സസ്യമേഖലകളായി തരംതിരിക്കാം: 200 സെ.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്നതും നിത്യഹരിതവനങ്ങളുള്ളതുമായ ആർദ്രമേഖല (west zone), 100 സെ.മീറ്ററിനും 200 സെ.മീറ്ററിനും ഇടയ്‌ക്ക്‌ മഴ ലഭിക്കുന്നതും മണ്‍സൂണ്‍ അഥവാ പത്രപാതിവനങ്ങളുള്ളതുമായ മധ്യമേഖല (Intermediate zone), 50 സെ. മീറ്ററിനും 100 സെ. മീറ്ററിനും മധ്യേ മഴ ലഭിക്കുന്നതും ശുഷ്‌കവനങ്ങളും കുറ്റിക്കാടുകളും ഉള്ളതുമായ ശുഷ്‌കമേഖല (arid zone), 50 സെ. മീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന മരുഭൂമികളും അർധമരുഭൂമികളും ഉള്‍പ്പെടുന്ന മരുപ്രദേശം. പർവതപ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള വർഗീകരണമാണിത്‌.

സൈലന്റ്‌വാലി കാടുകള്‍-കേരളം
മഴക്കാടുകള്‍-മഹാരാഷ്‌ട്ര

നിത്യഹരിതവനങ്ങള്‍ ഇന്ത്യയുടെ പശ്ചിമതീരങ്ങളിലാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. കിഴക്കന്‍ ഹിമാലയത്തിന്റെ താണ ചരിവുകളും അസമും പശ്ചിമ ബംഗാളും ഇതിൽ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ വനങ്ങളിൽ ഏറിയകൂറും മണ്‍സൂണ്‍ മാതൃകയിലുള്ളതാണ്‌. ഇവയെ മൂന്ന്‌ പ്രധാന മേഖലകളായി തരംതിരിക്കാവുന്നതാണ്‌; മഴക്കൂടുതലുള്ള പശ്ചിമതീരം, വ.കിഴക്കുഭാഗം ഉള്‍ക്കൊള്ളുന്ന ബംഗാള്‍-അസം മേഖല, ഹിമാലയസാനുക്കള്‍. മിശ്രരീതിയിലുള്ള സസ്യങ്ങളുടെ വിതരണം ഈ മേഖലയുടെ ഒരു പ്രത്യേകതയാണ്‌. ശുഷ്‌കവനങ്ങള്‍ ഇന്ത്യയുടെ വരണ്ടഭാഗങ്ങളിലായിട്ടാണ്‌ കാണപ്പെടുന്നത്‌. ഡക്കാണ്‍, ഇന്ത്യയുടെ വ.കി. ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ വരണ്ടപ്രദേശങ്ങള്‍ ഇതിൽ ഉള്‍പ്പെടുന്നു.

വിവിധയിനങ്ങളിലുള്ള പനവർഗങ്ങള്‍ ഡക്കാണ്‍ പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ദേശ്യ(endemic)സസ്യജാലത്തിൽ ഉള്‍പ്പെടുന്നു. പശ്ചിമഘട്ടവും പശ്ചിമതീരവും ഉള്‍പ്പെടുന്ന മലബാർമേഖലയിൽ ഉഷ്‌മണമേഖലാ-സസ്യജാലത്തിനാണ്‌ പ്രാമുഖ്യം. നാളികേരം, അടയ്‌ക്ക, കുരുമുളക്‌, ഇഞ്ചി, വാഴപ്പഴം തുടങ്ങിയ സാമ്പത്തികപ്രാധാന്യമുള്ള വിഭവങ്ങള്‍ ഈ മേഖലയുടെ മധ്യഭാഗത്തും തീരപ്രദേശങ്ങളിലുമായി ഉത്‌പാദിപ്പിക്കപ്പെടുന്നു. ഉന്നതമേഖലകളിലെ പ്രധാന വിഭവങ്ങള്‍ കാപ്പി, തേയില, റബ്ബർ എന്നിവയാണ്‌. വനപ്രദേശങ്ങളിൽ തേക്ക്‌, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങള്‍ സുലഭമാണ്‌. ഈറക്കാടുകളും ഇവിടെ സമൃദ്ധമാണ്‌.

പഞ്ചാബ്‌, രാജസ്ഥാന്‍, കച്ച്‌, ഗുജറാത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സിന്ധുതടത്തിൽ ദേശ്യവൃക്ഷങ്ങള്‍ വിരളമാണെന്നു പറയാം. യമുനാനദി മുതൽ പശ്ചിമബംഗാള്‍-ഒറീസവരെ നീണ്ടുകിടക്കുന്ന ഗംഗാതടത്തിൽ വൈവിധ്യമാർന്ന സസ്യങ്ങള്‍ ഉള്‍പ്പെടുന്ന വനങ്ങള്‍ കാണപ്പെടുന്നു. അസം മേഖലയിലെ ബ്രഹ്മപുത്രാ-സുർമാതടങ്ങളിലെ സസ്യജാലത്തിൽ ഉയരംകൂടിയ പുൽവർഗങ്ങളും വിശാലപത്രിതവൃക്ഷങ്ങളും ഈറക്കാടുകളും സുലഭമാണ്‌.

ചെടികളെക്കുറിച്ച്‌ ഇന്നത്തെരീതിയിലുള്ള നമ്മുടെ അറിവിനുനിദാനം 17,18,19 നൂറ്റാണ്ടുകളിൽ ഇന്ത്യയിലെത്തിയ യൂറോപ്യന്‍ പ്രകൃതിശാസ്‌ത്രജ്ഞരുടെ പഠനങ്ങളാണ്‌. ജെ.ഡി. ഹൂക്കർ പ്രസിദ്ധപ്പെടുത്തിയ എ സ്‌കെച്ച്‌ ഒഫ്‌ ദി ഫ്‌ളോറ ഒഫ്‌ ബ്രിട്ടിഷ്‌ ഇന്ത്യ ഇന്ത്യന്‍ സസ്യങ്ങളുടെ ശാസ്‌ത്രീയവിഭജനക്രമം അടിസ്ഥാനമാക്കി നൽകിയിട്ടുള്ള വിവരണം താഴെ ചേർക്കുന്നു: ആവൃതബീജികള്‍ (Angiosperms). 174 കെുടുംബങ്ങളും 17,000 സ്‌പീഷീസുകളും ആണ്‌ ഫൂക്കറുടെ കണക്കുപ്രകാരം ഇന്ത്യന്‍ ആവൃതബീജികളിൽ ഉള്‍പ്പെട്ടിട്ടുള്ളത്‌. "പന്ന' (ferns വെർഗത്തിൽപ്പെടുന്ന 600 സ്‌പീഷീസുകളെയും ഉദ്ദേശം 15,900 സ്‌പീഷീസുകളിലുള്ള സ്‌പുഷ്‌പിസസ്യങ്ങളെയും അദ്ദേഹം ഇതോടൊപ്പം വിവരിച്ചിട്ടുണ്ട്‌. ഓർക്കിഡേസീ, ലെഗൂമിനോസേ, ഗ്രാമിനേ തുടങ്ങിയ പത്ത്‌ പ്രധാന സസ്യകുടുംബങ്ങളാണ്‌ പരാമർശിക്കപ്പെട്ടിട്ടുള്ളത്‌. ഇവയിൽ ഓർക്കിഡേസീകുടുംബത്തിലേതു മാത്രമായി 1,600 സ്‌പീഷീസുകള്‍ ഇന്ത്യയിൽ കാണപ്പെടുന്നു. എന്നാൽ ലോകത്തുള്ളതിൽ ഏറ്റവും വലിയ സസ്യകുടുംബമായ കംപോസിറ്റേയ്‌ക്ക്‌ ഇന്ത്യന്‍ സസ്യലോകത്ത്‌ ഏഴാം സ്ഥാനം മാത്രമേ ലഭിച്ചിട്ടുള്ളു.

ഏകബീജപത്രികളും ദ്വിബീജപത്രികളും തമ്മിലുള്ള അനുപാതം ജീനസ്സുകള്‍ക്കുതമ്മിൽ ഏകദേശം 1:2:3-ഉം സ്‌പീഷീസുകള്‍ക്കു തമ്മിൽ 1:7-ഉം ആകുന്നു. തെങ്ങ്‌, പന തുടങ്ങിയവയുടെ ഉദ്ദേശം 100 സ്‌പീഷിസുകളും മുളയുടെ 120-ലേറെ സ്‌പിഷീസുകളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. താരതമ്യേന വിസ്‌തൃതികുറഞ്ഞ സ്ഥലങ്ങളിൽ മാത്രമായി വിതരണം നിയന്ത്രിതമായിരിക്കുന്ന ചെടികളുടെ സ്‌പീഷീസുകളുടെയും ജീനസുകളുടെയും പഠനം എന്‍ഡെമിസം എന്ന പേരിലറിയപ്പെടുന്നു. എന്‍ഡെമിക്‌ സ്‌പീഷീസുകള്‍ പൊതുവെ രണ്ടിനത്തിൽപ്പെടുന്നവയാണ്‌: പാലിയോഎന്‍ഡെമിക്‌സ്‌ അഥവാ എപ്പിബയോട്ടിക്‌സ്‌ (ഒരുകാലത്ത്‌ സമൃദ്ധമായിരുന്നതും ഇപ്പോള്‍ ഏതാണ്ട്‌ നാശത്തിന്റെ വക്കിലെത്തി നില്‌ക്കുന്നതുമായ ഗ്രൂപ്പുകളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധികള്‍), നിയോ-എന്‍ഡെമിക്‌സ്‌ (വികാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആയിരിക്കുന്ന ആധുനിക സസ്യങ്ങള്‍). ഇന്ത്യയിലെ ദ്വിബീജപത്രസസ്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു.

ഹിമാലയന്‍ പർവതനിരകള്‍, സമതലപ്രദേശങ്ങള്‍, തീരദേശങ്ങള്‍ തുടങ്ങി ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ കാലാവസ്ഥ വ്യത്യസ്‌തമാകയാൽ എന്‍ഡെമിക്‌സ്‌പീഷീസുകളും വ്യത്യസ്‌തങ്ങളായിരിക്കുന്നു. ഇന്ത്യയിൽ ദ്വിബീജപത്രികളുടെ 171 കുടുംബങ്ങളുണ്ട്‌. ഇവയെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (1) 20 സ്‌പീഷീസിൽ താഴെയുള്ള 79 കുടുംബങ്ങള്‍; (2) ഇരുപതോ അതിലധികമോ സ്‌പീഷീസുകള്‍ കാണപ്പെടുന്ന 27 കുടുംബങ്ങള്‍ (ഇവയിൽ 50%-ത്തിലധികം എന്‍ഡെമിക്‌ സ്‌പീഷീസുകള്‍ അല്ലാത്തവയാണ്‌) (3) ഇരുപതോ അതിലധികമോ സ്‌പീഷീകളുള്ള 65 കുടുംബങ്ങള്‍ (ഇവയിൽ 50%-ത്തിലേറെ എന്‍ഡെമിക്‌ സ്‌പീഷീസുകള്‍ ആണ്‌).

ആസ്റ്റ്രലിയ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളുടെ സ്വാധീനം ഇന്ത്യന്‍ സസ്യങ്ങളിൽ കാണാവുന്നതാണ്‌. ഇന്ത്യന്‍ സസ്യലോകത്തിന്‌ ശ്രീലങ്ക മുതൽ മലേഷ്യയും മഡഗാസ്‌കറും വരെയുള്ള പ്രത്യേക ബന്ധങ്ങളെ സൂചിപ്പിക്കുന്നതാണ്‌ നെപ്പെന്തസ്‌ എന്ന പ്രാണിഭോജിയുടെ വിതരണം. ഇന്ത്യന്‍ സസ്യങ്ങളും ആഫ്രിക്കന്‍ സസ്യങ്ങളും തമ്മിലും സുദൃഢമായ ബന്ധമാണുള്ളത്‌. ഏഷ്യന്‍ പ്രദേശങ്ങള്‍ക്ക്‌ ഇന്ത്യന്‍ സസ്യങ്ങളിലുള്ള സ്വാധീനത്തിന്‌ തെളിവാണ്‌ ഓക്‌സാലിഡേസീ, കോർണേസീ, സ്റ്റൈറക്കേസീ എന്നീ കുടുംബങ്ങള്‍. ഹാമാമെലിഡേസീ കുടുംബത്തിലെ സസ്യങ്ങള്‍ വ. അമേരിക്കയിൽ നിന്നാരംഭിച്ച്‌ ജപ്പാനിലൂടെ ജാവവഴി സിക്കിമിലും അവിടെനിന്നും അസമിൽ ഖാസിക്കുന്നുകളിലും എത്തിച്ചേർന്നിരിക്കുന്നു. ഇവയെല്ലാം ഒന്നാമത്തെ ഇനത്തിൽപ്പെടുന്നവയാണ്‌.

വയൊലേസീ, പോളിഗാലേസീ, തൈമേലിയേസീ എന്നീ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ പരിമിതമായ വിതരണം മാത്രമേ കാണപ്പെടുന്നുള്ളൂ. മാൽവേസീ, സ്റ്റെർക്യൂലിയേസീ, സീഡാൽപീനിയേസി തുടങ്ങിയ കുടുംബങ്ങളിലെ അംഗങ്ങള്‍ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നവയാണ്‌. ഫൈക്കസ്‌ ജീനസ്സിൽപ്പെടുന്ന 86-ഓളം സ്‌പീഷീസുകളുടെ കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഫൈ. റിലിജിയോസ (അരയാൽ), ഫൈ. ബങ്‌ഗലന്‍സിസ്‌ (പേരാൽ) എന്നീ രണ്ടിനങ്ങള്‍ സവിശേഷശ്രദ്ധ അർഹിക്കുന്നവയാണ്‌. ദീർഘായുസ്സുള്ള പേരാലുകളുടെ തായ്‌ത്തടി നശിച്ച്‌, ചുറ്റുമുള്ള താങ്ങുവേരുകള്‍ തൂണുകള്‍പോലെ നിൽക്കുന്ന കാഴ്‌ച അപൂർവമല്ല. 250 വർഷം പഴക്കമുള്ള ഒരു കൂറ്റന്‍ പേരാൽ കൊൽക്കത്തയിലെ ഇന്ത്യന്‍ ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്‌.

മിർട്ടേസീ കുടുംബത്തിലെ യൂജീനിയ (103 സ്‌പീഷീസ്‌) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജീനസാണ്‌. ആസ്റ്റ്രലിയ, തെ. അമേരിക്ക എന്നിവിടങ്ങിൽനിന്ന്‌ കൊണ്ടുവരപ്പെട്ടവയാണ്‌ യൂക്കാലിപ്‌റ്റസ്‌ മരങ്ങള്‍. കൃഷിയിലെ കളകളായി ഇന്ത്യയിൽ എത്തി ഇവിടെ വളർന്നുതുടങ്ങിയവയാണ്‌ കുക്കർബിറ്റേസീ, സൊളനേസീ, അമരന്തേസീ, കീനോപോഡിയേസീ, റുട്ടേസീ (ഒരു ഭാഗം മാത്രം) എന്നീ കുടുംബങ്ങളിലെ അംഗങ്ങള്‍. അക്വിഫോളിയേസീകുടുംബത്തിന്‌ ഇന്ത്യയിൽ ഐലക്‌സ്‌ എന്ന ഒരേയൊരു ജീനസേയുള്ളൂ. ഇതിന്‌ 34 സ്‌പീഷീസുകളുണ്ട്‌. തെ. അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്താന്‍ കഴിയും. ഇവയെല്ലാം രണ്ടാമത്തെ ഇനത്തിൽപ്പെടുന്നു.

മൂന്നാമത്തെ ഇനത്തിൽപ്പെടുന്ന 65 കുടുംബങ്ങള്‍ താഴെ പറയുന്നവയാണ്‌. റനൽകുലേസീ (165 സ്‌പീഷീസ്‌), മഗ്നോലിയേസീ (36), അനോനേസീ (129), ബെർബെറിഡേസീ (35), ക്രൂസിഫെറേ (178), ഫ്യൂമേറിയേസീ (66), പാപ്പാവെറേസീ (45), കപ്പാരിഡേസീ (65), ഫ്‌ളാക്കോർറ്റിയേസീ (21), കര്യോഫിലേസീ (107), ഹൈപെരിക്കേസീ (26), ഗട്ടിഫെറേ (40), ടേണ്‍സ്‌റ്റ്രീമീയേസി (39), ഡിപ്‌റ്റെറോകാർപേസീ (51), ബാള്‍സാമിനേസീ (242), ഐക്കാസിനേസീ (25), മെലിയേസീ (62), സെലാസ്റ്റ്രസീ (84), ഹിപ്പോക്രറ്റിയേസീ (27), റാംനേസീ (53), അംപെലിഡേസീ (69), ലീയേസീ (27), അസെറേസീ (20), അനക്കാർഡിയേസീ (67), പപ്പിലിയോണേസീ (867), റോസേസീ (257), സാക്‌സിഫ്രാഗേസീ (114), ക്രാസുലേസീ (64), മെലാസ്റ്റൊമേസീ (127), കോംബ്രിറ്റേസീ (52), ഒനാഗ്രസീ (39), സാമിഡേസീ (20), ബിഗോണിയേസീ (71), അംബെല്ലിഫെറേ (180), അരേലിയേസീ (56), കാപ്രിഫോളിയേസീ (55), റൂബിയേസീ (551), വലേറിനേസീ (20), കംപോസിറ്റേ (696), കംപാനുലേസീ (71), വാക്‌സിനിയേസീ (68), എറിക്കേസീ (146), പ്രിമുലേസീ (208), മിഴ്‌സിനേസീ (94), സപ്പോട്ടേസീ (32), എബനേസീ (58), സിംപ്ലൊക്കേസീ (51), ഒലിയേസീ (97), അപ്പോസൈനേസീ (89), അസ്‌ക്ലിപ്പിയഡേസീ (234), ലൊഗാനിയേസീ (40), ജെന്‍ഷ്യനേസീ (189), ബൊറാജിനേസീ (145), ലെന്റിബുലാരിയേസീ (30), ഗെസ്‌നേരിയേസീ (133), അക്കാന്തേസീ (514), ലേബിയേറ്റേ (421), പോളിഗോണേസീ (110), പൈപ്പറേസീ (104), ലാറേസീ (172), ലൊറാന്തേസീ (73), യുഫോർബിയേസീ (444), അർട്ടിക്കേസീ (109), കുപ്യൂലിഫെറേ (64), സാലിക്കേസീ (44).

മേല്‌പറഞ്ഞപ്രകാരമുള്ള ഒരു താരതമ്യപഠനം ഏകബീജപത്രികളെ സംബന്ധിച്ചിടത്തോളം ഇന്നുവരെ നടത്തപ്പെട്ടിട്ടില്ല. ഇവയുടെ ഉദ്ദേശം 38 കുടുംബങ്ങള്‍ ഇന്ത്യയിലുണ്ടാവുമെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. ഇവയിൽ ഓർക്കിഡേസീ (1600 സ്‌പീ.), ഗ്രാമിനേ (750 സ്‌പീ.), സൈപ്പറേസീ (377 സ്‌പീ.) എന്നിവയാണ്‌ പ്രധാനമായവ. ഇന്ത്യയിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിയ സപുഷ്‌പി സസ്യകുടുംബമാണ്‌ ഓർക്കിഡേസീ. ലിലിയേസീ, അരേസീ, പാമേസീ എന്നീ കുടുംബങ്ങളിൽ നൂറോ അതിലേറെയോ സ്‌പീഷീസുകളുണ്ട്‌. കൊമേലിനേസീയിൽ എഴുപതും ജങ്കേസിയിൽ മുപ്പതും സ്‌പീഷീസുകളാണുള്ളത്‌. ഏകബീജപത്രികളുടെ മിക്കവാറുമുള്ള മറ്റെല്ലാ കുടുംബങ്ങളിലും 30 സ്‌പീഷീസിൽ താഴെയേയുള്ളൂ. ഒരു ജീനസും ഒരു സ്‌പീഷീസും മാത്രമുള്ള കുടുംബങ്ങളും അപൂർവമായി കാണപ്പെടുന്നുണ്ട്‌. ജിംനോസ്‌പേമുകള്‍. ആകെയുള്ള ഏതാണ്ട്‌ 65 ജീനസുകളിൽ 14 എച്ചം മാത്രമേ ഇന്ത്യയിൽ കാണപ്പെടുന്നുള്ളൂ. തണുപ്പിൽമാത്രം വളരാന്‍ കഴിവുള്ള ജിംനോസ്‌പേമുകള്‍ക്ക്‌ പറ്റിയ കാലാവസ്ഥ ഇന്ത്യയിൽ ഹിമാലയത്തിൽ മാത്രമേ കിട്ടുന്നുള്ളൂ എന്നതാണ്‌ ഇതിനു കാരണം. എന്നാൽ ഹിമാലയത്തിൽ ഇവ സമൃദ്ധമായി വളരുകയും പലപ്പോഴും വനങ്ങളായിത്തീരുകയും ചെയ്യുന്നു. ഇവയിൽ ഭൂരിഭാഗവും വൃക്ഷങ്ങളായതിനാലും സാമ്പത്തിക പ്രാധാന്യമുള്ളവയായതിനാലും വനവിജ്ഞാനികള്‍ ഇവയെ വളരെ ശ്രദ്ധിക്കുന്നുണ്ട്‌.

സൈക്കഡേൽസ്‌, കോണിഫെറേൽസ്‌, എഫിഡ്രൽസ്‌, നീറ്റേൽസ്‌ എന്നീ 4 ഗോതങ്ങള്‍ ഇന്ത്യയിൽ കാണപ്പെടുന്നു. ഇവയിൽ ഏറ്റവും പ്രധാനം കോണിഫെറേൽസ്‌ ആണ്‌. സൈക്കഡേൽസ്‌ഗോത്രത്തിന്റെ ഇന്ത്യയിലുള്ള ഏകജീനസാണ്‌ സൈക്കസ്‌. ഇതിന്‌ 4 സ്‌പീഷീസുകളുണ്ട്‌. കോണിഫെറേൽസ്‌ ഗോത്രത്തിന്‌ 11 ജീനസുകളാണുള്ളത്‌. ഇതിൽ പോഡോകാർപ്പസ്‌ ജിനസൊഴിച്ച്‌ ബാക്കിയെല്ലാം ഹിമാലയത്തിൽമാത്രം വളരുന്നു. കി. ഹിമാലയത്തിലും പ. ഹിമാലയത്തിലും വളരുന്ന കോണിഫെറുകള്‍ക്ക്‌ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്‌. 900 മീ. ഉയരത്തിൽ ആന്‍ഡമാന്‍സിലും, കി. ഹിമാലയത്തിലും വളരുന്ന ഒരു മനോഹരവൃക്ഷമാണ്‌ പോഡോകാർപ്പസ്‌ നിറീഫോളിയസ്‌. പോഡോകാർപ്പസിന്റെ മറ്റൊരു സ്‌പീഷീസ്‌ നീലഗിരിമുതൽ അസം വരെ പലയിടത്തും കാണപ്പെടുന്നു. ഇതിന്റെ വിതരണം തുടർച്ചയായല്ല (discontinuous distribution). എഫിഡ്രൽസിന്റെ ഏക പ്രതിനിധിയായ എഫിഡ്ര ജീനസിന്‌ പ്രാധാന്യം ലഭിച്ചിരിക്കുന്നു. 5 സ്‌പീഷീസുകളുള്ള ജീനസ്‌ നെറ്റം (gnetum) ആണ്‌ നെറ്റേൽസ്‌ (gnetales)ഗോത്രത്തിന്റെ പ്രതിനിധി.

റെറ്റിഡോഫൈറ്റുകള്‍. ഹിമാലയത്തിന്റെ നനവുകൂടുതലുള്ള കിഴക്കന്‍ പ്രദേശങ്ങളിൽ വിവിധയിനം പൂച്ചെടികള്‍ സമൃദ്ധമായി വളരുന്നു. എന്നാൽ പടിഞ്ഞാറോട്ടു പോകുന്തോറും അവയുടെ സ്‌പീഷീസുകളുടെയും അംഗങ്ങളുടെയും സംഖ്യ കുറഞ്ഞുവരുന്നു. കുളുവിലും കാശ്‌മീരിലും വളരെ കുറച്ചു സ്‌പീഷീസുകളെയുള്ളൂ. രാജസ്ഥാനിലും സൗരാഷ്‌ട്രയിലും ഇവ ഇല്ലെന്നുതന്നെ പറയാം. എന്നാൽ പശ്ചിമഘട്ടങ്ങളിൽ പന്നച്ചെടികള്‍ സമൃദ്ധമായി വളരുന്നു.

ദുർബലങ്ങളായ ചെറുസസ്യങ്ങള്‍ മുതൽ 12 മീറ്ററോ അതിലേറെയോ ഉയരമുള്ള വൃക്ഷങ്ങള്‍ വരെയായി വിവിധ വലിപ്പത്തിലും തരത്തിലുമുള്ള പന്നലുകള്‍ ഇന്ത്യയിൽ സുലഭമാണ്‌. 150-2,130 മീ. ഉയരമുള്ളയിടങ്ങളാണ്‌ "വൃക്ഷ'പ്പന്നലുകളുടെ ഉറവിടം. പല സ്‌പീഷീസുകളും മറ്റുവൃക്ഷങ്ങളിൽ അധിപാദപങ്ങളായി പുഷ്‌ടിപ്പെടുന്നു. ഒരു നല്ല പങ്ക്‌ ജലാശയങ്ങളുടെ കരയിലും, ചതുപ്പുപ്രദേശങ്ങളിലും വളരുന്നവയാണ്‌. കേരളത്തിലെ സമതലങ്ങളിലും സാമാന്യം ഉയർന്ന പ്രദേശങ്ങളിലും പന്നലുകള്‍ സുലഭമാണ്‌. പാറയിടുക്കിൽ വളരുന്നവയും അപൂർവമല്ല. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയും മുങ്ങിക്കിടന്നാൽപ്പോലും നശിക്കാതെ, നന്നായി വളരുന്നവയുമായ പന്നലുകളുമുണ്ട്‌.

സൈലൊട്ടെയ്‌ൽസ്‌, ലൈക്കൊപ്പോഡിയേൽസ്‌, സെലാജിനെലേൽസ്‌, ഐസായി റ്റേൽസ്‌, ഇക്വിസിറ്റേൽസ്‌, ഒഫിയൊഗ്ലൊസ്‌സേൽസ്‌, മറാട്ടിയേൽസ്‌, ഫിലിക്കേൽസ്‌, മാഴ്‌സീലിയേൽസ്‌, സാൽവീനിയേൽസ്‌ എന്നീ ഗോത്രങ്ങളെല്ലാം ഇന്ത്യയിൽ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. അലങ്കാരത്തിനുവേണ്ടിയാണ്‌ ഇവയെ പ്രധാനമായും വളർത്തുന്നത്‌. അപൂർവമായി ഔഷധമൂല്യമുള്ളവയെയും ഇവയ്‌ക്കിടയിൽ കണ്ടെത്താം.

ദേശീയപുഷ്‌പം-താമര

ബ്രയൊഫൈറ്റുകള്‍. ഹെപ്പാറ്റിക്കേ (ലിവർവർട്ടുകള്‍), മസൈ (മോസുകള്‍) എന്നീ രണ്ടു പ്രധാന വിഭാഗങ്ങള്‍ ബ്രയൊഫൈറ്റുകള്‍ക്കുണ്ട്‌. ലിവർവർട്ടുകളെക്കാള്‍ എച്ചത്തിൽ കൂടുതലായും അധികം സ്ഥലങ്ങളിലും കാണപ്പെടുന്നത്‌ മോസുകളാണ്‌. തണുപ്പുകൂടിയ ഭാഗങ്ങളിൽ ഇവ താരതമ്യേന വളരെ കൂടുതലുണ്ടാവും. ഷിംല, മുസ്സൂറി, ഡാർജീലിംഗ്‌, ഷില്ലോങ്‌, ഊട്ടി എന്നീ സ്ഥലങ്ങളിലാണ്‌ ഏറ്റവും കൂടുതൽ ബ്രയൊഫൈറ്റുകള്‍ കാണപ്പെടുന്നത്‌. ഉയരം കൂടുന്തോറും ബ്രയൊഫൈറ്റ്‌ സസ്യസ്‌പീഷീസുകളുടെ എച്ചം കുറയുന്നു.

ഇന്ത്യയിലെ ലിവർട്ടുകളെപ്പറ്റി വിശദവും നിഷ്‌കൃഷ്‌ടവുമായ ഒരു പഠനം ഇനിയും നടത്തേണ്ടിയിരിക്കുന്നു. മോസുകളുടെ സ്ഥിതിയും ഇതിൽനിന്നും വളരെയൊന്നും വ്യത്യസ്‌തമല്ല. പല സ്‌പീഷീസുകളും ജീനസുകളും പഠനവിധേയമായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ചുരുക്കം ഭാഗങ്ങളിൽനിന്നു മാത്രമാണ്‌ അവ ശേഖരിക്കപ്പെട്ടിട്ടുള്ളത്‌. ഏറ്റവും സാധാരണമായ മോസുകളെപോലും തിരിച്ചറിയാനും അവയെക്കുറിച്ചു മനസ്സിലാക്കാനും ഉതകുന്ന ചെക്ക്‌ലിസ്റ്റുകളും മറ്റും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ആൽഗകള്‍. വേര്‌, ഇല തുടങ്ങിയ ഭാഗങ്ങള്‍ വ്യതിരിക്തമല്ലാത്ത വലിയ ഒരു വിഭാഗം സസ്യങ്ങളാണ്‌ ആൽഗകള്‍ എന്നറിയപ്പെടുന്നവ. ക്‌ളാമിഡോ മൊണാസ്‌, പ്രാട്ടോസൈഫണ്‍, ബോട്രിഡിയം തുടങ്ങിയ ഏകകോശജീവികള്‍ മുതൽ ബഹുകോശജീവികള്‍വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. ഉഷ്‌ണമേഖല മുതൽ ആർട്ടിക്‌ വരെയുള്ള വിവിധ കാലാവസ്ഥകളിൽ ശുദ്ധജലം, ലവണജലം, നനഞ്ഞ മച്ച്‌, ചുവരുകള്‍, ചുടുകട്ടകള്‍, മരപ്പട്ടകള്‍, തടികള്‍, ഇലകള്‍ തുടങ്ങിയവയിലും ആൽഗകളെ കണ്ടെത്താം.

സമുദ്രജീവികളായ പല ആൽഗകളും ശുദ്ധജലജീവികളായ അപൂർവം ചിലതും ഭക്ഷ്യയോഗ്യമാണ്‌. ചില ജീനസുകളിൽനിന്നും, ടിഷ്യു കള്‍ചറിന്‌ പോഷകമാധ്യമമായി ഉപയോഗിച്ചുവരുന്ന അഗർ എന്ന വസ്‌തു ഉദ്‌പാദിപ്പിച്ചെടുക്കുന്നുമുണ്ട്‌. ഇന്ത്യയിൽ അഗറിന്റെ പ്രതിവർഷോത്‌പാദനം 13 മെട്രിക്‌ടണ്‍ ആണെന്നു കണക്കാക്കപ്പെടുന്നു. ഇതിൽ 28% പല സ്‌പീഷീസിലുമുള്ള ഉണക്കിയ "സീവീഡു'കളിൽനിന്നാണ്‌.

സൈക്കസ്‌

ഫങ്‌ഗസുകള്‍. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ മാത്രമേ ഇന്ത്യയിൽ ഫങ്‌ഗസ്സുകളെപ്പറ്റി ശാസ്‌ത്രീയമായി പഠിക്കാന്‍ ആരംഭിച്ചുള്ളൂ. 1875 വരെ ഇന്ത്യന്‍ ഫങ്‌ഗസ്സുകളെപ്പറ്റി പഠിച്ചിരുന്നത്‌ അവയെ യൂറോപ്പിലയച്ചിട്ടായിരുന്നു. എന്നാൽ 1875-നുശേഷം ഈ സ്ഥിതി മാറി. കച്ചിങ്ങ്‌ഹാം, ബാർക്ലേ, ഇ.ജെ. ബട്‌ലർ എന്നിവർ ഈ രംഗത്ത്‌ മുന്‍പന്തിയിൽ ആയിരുന്നവരാണ്‌. ഫങ്‌ഗൈ ആന്‍ഡ്‌ ഡിസീസ്‌ ഇന്‍ പ്‌ളാന്റ്‌സ്‌ എന്ന മഹത്തായ ഗ്രന്ഥത്തിന്റെ കർത്താവാണദ്ദേഹം. ഫങ്‌ഗസുകള്‍ക്കുള്ള നാഷനൽ ഹെർബേറിയത്തിന്‌ അടിസ്ഥാനമിട്ടതും അദ്ദേഹമായിരുന്നു. കഴിഞ്ഞ 40 വർഷമായി ഇന്ത്യന്‍ മൈക്കോളജിസ്റ്റുകള്‍ ഫങ്‌ഗസുകളുടെ വർഗീകരണപഠനത്തിൽ വർധിച്ച പങ്കുവഹിച്ചുവരുന്നു.

ഇന്ത്യയിൽ കാലാവസ്ഥയിലെ വൈവിധ്യംമൂലം യൂറോപ്പിലും ഉഷ്‌മമേഖലാപ്രദേശങ്ങളിലും വിവിധയിനം ഫങ്‌ഗസുകളെ കണ്ടെത്താം. എന്നാൽ ഇതുവരെയും ഇവയെക്കുറിച്ചുള്ള പര്യവേക്ഷണങ്ങള്‍ ഭാഗികമായി മാത്രമേ നടത്തിയിട്ടുള്ളൂ. അയ്യായിരത്തോളം എച്ചം മാത്രമാണ്‌ ഇതുവരെയായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌.

ലൈക്കനുകള്‍. ഇന്ത്യയിലെ പർവതപ്രദേശങ്ങളിൽ സമൃദ്ധമായി കണ്ടുവരുന്ന ആൽഗകളും ഫംഗസുകളും ചേർന്ന ഒരു വിഭാഗം. വ്യത്യസ്‌ത സ്വഭാവങ്ങളുള്ള രണ്ടു ജീവികളെ സഹജീവനബന്ധത്തിൽ(symbiotic partnership)പെടുത്തുന്നു എന്നതാണ്‌ ലൈക്കനുകളുടെ ഏറ്റവും താത്‌പര്യമുളവാക്കുന്ന സ്വഭാവം. ഉദാ. ബള്‍ബോത്രിക്‌സ്‌ ബള്‍ബോക്കീറ്റ (Bulbothrix bulbochaeta), റൈമീലിയ സെട്രറ്റ (Rimelia Cetrata). ഇന്ത്യയിലും ആന്‍ഡമാന്‍സിലും കൂടി 800-ലേരെ സ്‌പീഷീസുകള്‍ അറിയപ്പെട്ടിരിക്കുന്നു. ഇതിൽ അപൂർവം ചില സ്‌പീഷീസുകള്‍ക്ക്‌ സാമ്പത്തികപ്രാധാന്യമുണ്ട്‌. ആസ്‌ത്‌മ, മറ്റു ശ്വാസകോശത്തകരാറുകള്‍, മൂത്രസംബന്ധിയായ രോഗങ്ങള്‍, ചുഴലി (epilepsy), പേപ്പട്ടിവിഷബാധ, മഞ്ഞപ്പിത്തം എന്നിവയ്‌ക്കു പറ്റിയ ഔഷധങ്ങള്‍ ഇവയുടെ കൂട്ടത്തിലുണ്ട്‌. സുഗന്ധദ്രവ്യനിർമാണത്തിനും മദ്യനിർമാണത്തിനും തുകൽ ഊറയ്‌ക്കിടുന്നതിനും ഇവ പ്രയോജനപ്പെടുന്നു.

മ്യാന്‌മാർ, മലേഷ്യ, തെ.പ. ചൈന, പൂർവ ചൈന, പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ മേഖലകളിലെ പലയിനം ചെടികളും ഇന്ത്യയിൽ സുലഭമാണ്‌, ലോകത്തിന്റെ ഇതരഭാഗങ്ങളിൽനിന്നും ഇവിടെ കൊണ്ടുവന്ന്‌ വളർത്തിയെടുത്ത ചെടികളെയും ധാരാളമായി കാണാവുന്നതാണ്‌.

ജന്തുവർഗങ്ങള്‍

ആന

വൈവിധ്യംനിറഞ്ഞ ജന്തുജാലമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇവയിൽ നട്ടെല്ലില്ലാത്തവയുടെ (Invertebrates) അംഗസംഖ്യ വളരെ കൂടുതലാണ്‌. മിക്കവയേക്കുറിച്ചുമുള്ള പഠനങ്ങള്‍ അടുത്തകാലത്തുമാത്രമേ ആരംഭിച്ചിട്ടുള്ളൂ. ഭൂമുഖത്ത്‌ അറിയപ്പെട്ടിട്ടുള്ള മൊത്തം സ്‌പീഷീസുകളുടെ (ഉദ്ദേശം 9,20,000) എട്ടേകാൽ ശതമാനത്തിലധികം (ഏകദേശം 76,000) ഇന്ത്യയിലുണ്ട്‌ (1959), ഇന്ത്യയിലെ നട്ടെല്ലുള്ള ജീവികളിൽ (vertebrates) മിക്കവയും പഠനവിധേയമായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ നട്ടെല്ലില്ലാത്തവയിൽ പകുതിയിലധികം ഇനിയും നിരീക്ഷണവിധേയമായിട്ടില്ല എന്നാണ്‌ ഊഹിക്കുന്നത്‌. പാകിസ്‌താന്‍, നേപ്പാള്‍, മ്യാന്‌മാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയും ജന്തുക്കളുടെ വിതരണത്തിൽ അവിഭാജ്യങ്ങളായിരിക്കുന്നതിനാൽ ഈ ഭൂഭാഗങ്ങളെ ഒരുമിച്ച്‌ ഒരു "ഘടക'മായാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യന്‍ജന്തുക്കള്‍ക്ക്‌ പ്രാദേശികമായ പല സവിശേഷതകളുമുണ്ട്‌. പരിതഃസ്ഥിതികളുമായി ഇണങ്ങിച്ചേരാന്‍ വേണ്ട അനുകൂലനങ്ങള്‍ വികസിച്ചതാണ്‌ ഇതിനു കാരണം. കുത്തിയൊഴുകുന്ന അരുവികളിലെ മത്സ്യങ്ങള്‍ പാറകളിൽ പറ്റിപ്പിടിക്കാന്‍ ഉതകുന്ന മുഖാംഗങ്ങള്‍ (suckers) ഉള്ളവയാണ്‌; ഇരുണ്ട ഗുഹകളിൽകഴിയുന്ന ജീവികളിൽ കച്ചിനുപകരം ദീർഘങ്ങളായ സ്‌പർശിനികള്‍ കാണപ്പെടുന്നു. ഇവയെല്ലാം അനുകൂലനസ്വഭാവങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. ഇപ്രകാരം വ്യത്യസ്‌തസാഹചര്യങ്ങള്‍ വിവിധങ്ങളായ ജന്തുജാലങ്ങള്‍ക്ക്‌ ജന്മമേകിയിരിക്കുന്നു. (ഉദാ. മരുഭൂമിയിലെ ജന്തുക്കള്‍, ചതുപ്പ്‌ നിലങ്ങളിലെ ജന്തുക്കള്‍, നദികള്‍, കുളങ്ങള്‍, കായലുകള്‍ തുടങ്ങിയവയിലെ ജന്തുക്കള്‍എന്നിവ) നേഫാ പ്രദേശത്തു കാണപ്പെടുന്ന പെരിപ്പാറ്റസ്‌ (Typhioperipatus williamsoni) എന്ന ചെറുജീവി സവിശേഷശ്രദ്ധ അർഹിക്കുന്ന ഒന്നാണ്‌. കോടിക്കണക്കിനു വർഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒച്ചിന്റേതിനോടു സാദൃശ്യമുള്ളതും പട്ടുപോലെ മിനുത്തതുമായ ശരീരമാണ്‌ ഇതിനുള്ളത്‌. ഒറ്റനോട്ടത്തിൽ ചെറുപുഴുവിനെപ്പോലെ തോന്നുന്ന പെരിപ്പാറ്റസ്‌ ഇന്ത്യയിലെ അവശിഷ്‌ട ജന്തുക്കള്‍ക്ക്‌ ഉത്തമദൃഷ്‌ടാന്തമാണ്‌.

ഭൂതലത്തിനെ 6 നൈസർഗിക ജന്തുമേഖലകള്‍ (Zoogeo graphical regions) ആയി സ്ലേറ്റർ വിഭജിച്ചിരിക്കുന്നു (1858). അടിസ്ഥാനപരമായി ഇന്നും ഈ വർഗീകരണം തന്നെയാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. റെഗിയോ പാലിയാർട്ടിക്ക, റെഗിയോ എത്യോപ്പിക്ക, റെഗിയോ ഇന്തിക്ക, റെഗിയോ ആസ്റ്റ്രലിയാന, റെഗിയോ നിയാർട്ടിക്ക, റെഗിയോ നിയോട്രാപ്പിക്ക എന്നിവയാണ്‌ ഈ മേഖലകള്‍. ബ്യൂഫർട്ട്‌ (1951) ഇതിന്‌ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ്‌ ഇപ്പോള്‍ പ്രയോഗത്തിലുള്ളത്‌.

ആർട്ടോജിയ, നോട്ടോജിയ, നിയോജിയ എന്നീ മൂന്ന്‌ പ്രധാന വിഭാഗങ്ങള്‍ 7 റീജനുകളും കുറേയേറെ സബ്‌ റീജനുകളും ആയി വർഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജന്തുക്കളിൽ പാലിയാർട്ടിക്കും ഓറിയന്റലും ആയ ഘടകങ്ങളുടെയും വളരെ ചെറിയതോതിൽ ആഫ്രിക്കന്‍ (എത്യോപ്യന്‍), തെ. അമേരിക്കന്‍ (നിയോട്രാപ്പിക്കൽ) എന്നീ ഘടകങ്ങളുടെയും സ്വാധീനം തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

അതിസൂക്ഷ്‌മജീവികളായ പ്രാട്ടോസോവകള്‍ മുതൽ ഏറ്റവും വലിയ സസ്‌തനികള്‍വരെ എല്ലായിനത്തിൽപെട്ടവയേയും ഇന്ത്യന്‍ ജന്തുലോകത്തിൽ കണ്ടെത്താം. റോട്ടിഫെറ(Rotifera)പോലെയുള്ള ചില ഫൈലങ്ങളിൽ അപൂർവം സ്‌പീഷീസുകള്‍ മാത്രമേയുള്ളൂ; എന്നാൽ മത്സ്യങ്ങള്‍, പക്ഷികള്‍, സസ്‌തനികള്‍ തുടങ്ങിയവയിൽ നൂറുകണക്കിനും മൊളസ്‌കുകള്‍, ഇന്‍സെക്‌റ്റുകള്‍ എന്നിവയിൽ ആയിരക്കണക്കിനും സ്‌പീഷീസുകള്‍ കാണാം. ഇക്കാരണത്താൽ ഇവയെ മൊത്തത്തിൽ നട്ടെല്ലുള്ളവയും ഇല്ലാത്തവയും (Invertebrata and Chordata) എന്ന്‌ രണ്ട്‌ പ്രധാന വിഭാഗങ്ങളായി തിരിക്കാം. എല്ലാ ഫൈലങ്ങളുടെയും പ്രതിനിധികള്‍ ഇവിടെയുണ്ട്‌. ഇവയുടെ ഇനംതിരിച്ചുള്ള വിവരണം താഴെ ചേർക്കുന്നു. അകശേരുകികള്‍ (Invertebrates).

പ്രാട്ടോസോവ. അതിസൂക്ഷ്‌മങ്ങളായ ഏകകോശ ജീവികളാണ്‌ ഇതിലുള്‍പ്പെടുന്നത്‌. ഏറ്റവും ലളിതമായ ശരീരഘടനയോടുകൂടിയ ഇവയെക്കുറിച്ച്‌ നമുക്കുള്ള പരിജ്ഞാനം വളരെ പരിമിതമാണ്‌. മച്ചിലും വെള്ളത്തിലും (ശുദ്ധജലവും സമുദ്രജലവും) കാണപ്പെടുന്ന സ്വതന്ത്രജീവികളും കശേരുകികളോ അകശേരുകികളോ ആയ മറ്റു ജന്തുക്കളുടെ ശരീരത്തിൽ ജീവിക്കുന്ന പരോപജീവികളും പ്രാട്ടോസോവകളിലുണ്ട്‌. മലമ്പനി, വയറുകടി തുടങ്ങിയ രോഗങ്ങള്‍ക്കു കാരണം ഇതിൽ രണ്ടാമത്തെ ഇനത്തിൽപ്പെട്ടവയാണ്‌. അമീബ, യുഗ്‌ളിന, പരമേസിയം, നോട്ടിലൂക്ക തുടങ്ങിയ സ്വതന്ത്ര പ്രാട്ടോസോവകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

പോറിഫെറ (സ്‌പഞ്‌ജുകള്‍). ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന പ്രാകൃതദശയിലുള്ള സ്‌താനബദ്ധ ജീവികളാണ്‌ ഇവ. ചെറുതും വലുതുമായ സംഘങ്ങള്‍ ആയി ഇവ രൂപം പ്രാപിക്കുന്നു. ഓരോ സംഘത്തിന്റെയും ആകൃതി വ്യത്യസ്‌തമായിരിക്കും. ഉരുണ്ട്‌ പന്തുപോലെയോ, കപ്പുപോലെയോ ശാഖോപശാഖകളായോ ഉള്ള പല ആകൃതികളും ഇവയിൽ കാണാനുണ്ട്‌. പോറിഫെറ എന്നുതന്നെ പേരുള്ള ഒരു വർഗവും അതിൽ കാൽകേരിയ, ഹെക്‌സാക്‌റ്റിനെല്ലിഡ, ഡെമോസ്‌പഞ്‌ജിയ എന്ന്‌ മൂന്ന്‌ ഉപവർഗങ്ങളും ഇതിനുണ്ട്‌. ഈ ഫൈലത്തിൽപ്പെട്ട ഉദ്ദേശം 300 സ്‌പീഷീസുകള്‍ ഇന്ത്യയിൽ കാണപ്പെടുന്നു.

സീലന്ററേറ്റ. കേന്ദ്രശരീരകുഹരമുള്ള സമുദ്ര ജലജീവികള്‍ അടങ്ങിയ ഫൈലം. ഹൈഡ്ര, ജല്ലിഫിഷ്‌, കടൽ അനിമോണുകള്‍, കോറലുകള്‍ തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇന്ത്യയിൽ ഉദ്ദേശം 800 സ്‌പീഷീസുകള്‍ കാണപ്പെടുന്നുണ്ട്‌.

നൈഡേറിയ (Cnidaria), എനൈഡേറിയ (Acnidaria) എന്നീ രണ്ട്‌ ഉപഫൈലങ്ങളിൽ, നൈഡേറിയയ്‌ക്ക്‌ ഹൈഡ്രാസോവ, സ്‌കൈഫോസോവ, ആക്‌റ്റിനോസോവ എന്നീ വർഗങ്ങളും, എനൈഡേറിയയിൽ റ്റീനോഫോറ വർഗവും ഉള്‍പ്പെടുന്നതാണ്‌ സീലന്ററേറ്റഫൈലത്തിന്റെ വർഗീകരണം. ഇവയിൽപ്പെട്ട എല്ലാ നൈഡൈറിയന്‍ വർഗങ്ങളുടെയും പ്രതിനിധികള്‍ ഇന്ത്യയിൽ കാണപ്പെടുന്നുണ്ട്‌.

പ്‌ളാറ്റിഹെൽമിന്തസ്‌ (പരന്ന വിരകള്‍). വ്യതിരിക്ത ശരീരകുഹരമില്ലാത്തതും പരന്നതുമായ ശരീരത്തോടുകൂടിയ പുഴുക്കളാണ്‌ ഈ ഫൈലത്തിൽ ഉള്‍പ്പെടുന്നത്‌. സ്വതന്ത്രജീവികളും പരോപജീവികളും ഇവയുടെ കൂട്ടത്തിലുണ്ട്‌. ഇതിന്റെ മൂന്ന്‌ വർഗങ്ങളിൽപ്പെടുന്ന ജീവികള്‍ ഇന്ത്യയിൽ കാണപ്പെടുന്നു.

ടർബലേറിയ. പൊതുവേ സ്വതന്ത്രജീവികളായ ഇവ അപൂർവമായി മറ്റു ജീവികളോടൊപ്പം സഹജീവന സ്വഭാവം പുലർത്തിയും പരോപജീവികളായും കഴിയുന്നുണ്ട്‌. കരയിലും ശുദ്ധജലത്തിലും കടലിലും ഒരു പോലെ ഇവയെ കണ്ടെത്താം. പ്ലാനേറിയ, ബൈപേലിയം, പെൽമറ്റോപ്‌ളനാ, ഡോളിക്കോപ്ലാന എന്നിവയാണ്‌ ഇന്ത്യയിൽ കാണപ്പെടുന്ന ജീനസുകള്‍.

ട്രമറ്റോഡ. പരോപജീവികളായ വിരകള്‍. മറ്റു ജീവികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചുകഴിയുന്ന ഇവ ബാഹ്യപരോപജീവികളോ ആന്തര പരോപജീവികളോ ആകാം. മോണോജീനിയ, ഡൈജീനിയ, അസ്‌പിഡോ ഗാസ്റ്റ്രിയ എന്നിങ്ങനെ മൂന്നു ഗോത്രങ്ങളിലെ ജീവികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.

സെസ്റ്റൊഡ (നാടവിരകള്‍). നാടയുടെ ആകൃതിയിൽ നീണ്ടിരിക്കുന്ന ശരീരത്തിന്റെ ഒരറ്റത്ത്‌ തലകാണപ്പെടുന്നു. തലയിൽ "സക്കറു'കളും "മുള്ളു'കളും ധാരാളമായുണ്ട്‌. ശരീരം നിരവധി ഖണ്ഡങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. പൂർണവളർച്ചയെത്തിയ ജീവികള്‍ കശേരുകികളുടെ കുടലിനുള്ളിൽ വാസമുറപ്പിക്കുന്നു. റ്റീനിയാ സോളിയം, റ്റീനിയാ സദിനേറ്റ എന്നിവ മനുഷ്യന്റെ കുടലിനുള്ളിൽ കഴിയുന്ന നാടവിരകളാണ്‌. മനുഷ്യന്റെയും മറ്റു സസ്‌തനികളുടെയും കരളിനുള്ളിൽ കാണപ്പെടുന്നവയാണ്‌ എക്കൈനോകോക്കസ്‌ ഗ്രാനൂലോസസ്‌. ഇതിന്റെ ലാർവ "ഹൈഡറ്റിഡ്‌ സിസ്റ്റ്‌' (Hydatid cyst)എന്നറിയപ്പെടുന്നു.

ആഷ്‌ഹെൽമിന്തസ്‌. വിരകളെപ്പോലെയുള്ള ഈ ജീവികളുടെ ശരീരം മിക്കവാറും അഖണ്ഡമായിരിക്കും. അപൂർവമായിമാത്രം ഉപരിതലഖണ്ഡനം ദൃശ്യമാകാറുണ്ട്‌. സ്വതന്ത്രജീവികളും പരോപജീവികളും ഇക്കൂട്ടത്തിലുണ്ട്‌. റോട്ടിഫെറ, ഗാസ്റ്റ്രാട്രക്ക, കൈനോറിങ്ക, പ്രയാപ്യൂലിഡ, നിമറ്റോഡ, നിമറ്റോമോർഫ എന്നീ ആറ്‌ പ്രധാന വർഗങ്ങള്‍ ഇന്ത്യയിൽ കാണപ്പെടുന്നു. കുളങ്ങളിലും തടാകങ്ങളിലും കാണപ്പെടുന്ന സൂക്ഷ്‌മ ജീവികളാണ്‌ റോട്ടിഫെറുകള്‍. ചലനത്തിനും ഭക്ഷണസംഭരണത്തിനുംവേണ്ടി ഇവ "സിലിയ' ഉള്ള ഒരു ഫലകം (trochal disc)) ഉപയോഗിക്കുന്നു. വിരകളെപ്പോലുള്ള ശുദ്ധജല സൂക്ഷ്‌മജീവികളുടെ ഒരു വർഗമാണ്‌ ഗാസ്റ്റ്രാട്രക്ക, റോട്ടിഫെറുകളോട്‌ സാദൃശ്യമുള്ള ഇവയുടെ ശരീരം അഖണ്ഡമാണ്‌. സിലിയ ഇല്ലാത്ത സൂക്ഷ്‌മജീവികളാണ്‌ കൈനോറിങ്കയിൽ ഉള്‍പ്പെടുന്നത്‌. 13-14 ഖണ്ഡങ്ങള്‍ ചേർന്നതാണ്‌ ശരീരം. ഖണ്ഡനം ബാഹ്യമായി മാത്രം കാണപ്പെടുന്നു. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളുടെ (Littoral zone) അടിത്തട്ടിൽ ആണ്‌ ഇവ ജീവിക്കുന്നത്‌. സാമാന്യം വലിപ്പമുള്ള കടൽജീവികളുടെ വർഗമാണ്‌ പ്രയാപ്യൂലിഡ, വ്യതിരിക്തമായ ഉടലും (trunk)അകത്തേക്കു വലിക്കാവുന്ന ശുണ്ഡിക(proboscis)യും ഇവയുടെ പ്രത്യേകതകളാണ്‌. വെള്ളത്തിലോ കരയിലോ സ്വതന്ത്രമായോ പരോപജീവികളായോ ജീവിക്കുന്ന ചെറുവിരകളാണ്‌ നിമറ്റോഡുകള്‍. പല കശേരുകികളിലും ധാരാളമായി കണ്ടുവരുന്ന "വിര'കള്‍ (Round worms) അെസ്‌കാരിസ്‌ ജീനസിൽപെടുന്നു. അസ്‌കാരിസ്‌ ലംബ്രികോയ്‌ഡസ്‌ മനുഷ്യന്റെ കുടലുകളിലാണ്‌ വളരുന്നത്‌. കൊക്കപ്പുഴു(Ancylostoma duodenale), ഗിനിപ്പുഴു (Dracunculus medinesis) കൃമി (Enterobius vermicularis) ചൊട്ടപ്പുഴു (Trichuris trichiura)എന്നിവയും മനുഷ്യനെ ബാധിക്കുന്നവയാണ്‌. മനുഷ്യനിൽ മന്ത്‌ ഉണ്ടാകുന്നതിനു കാരണം വുച്ചെറെറിയ ബാങ്ക്‌റഫ്‌റ്റി എന്ന നിമറ്റോഡാണ്‌. കുതിരയുടെയും കഴുതയുടെയും അന്നനാളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു പരോപജീവിയാണ്‌ സ്റ്റ്രാങ്‌ഗൈലസ്‌ ഇക്വിനസ്‌. വിളനാശം വരുത്തുന്ന നിമറ്റോഡുകളെ മച്ചിൽ ധാരാളമായി കാണാം. കരയിലും വെള്ളത്തിലും (ശുദ്ധജലത്തിലും സമുദ്രജലത്തിലും) കാണുന്ന, നീണ്ടു നൂലുപോലെയുള്ള ജീവികളുടെ ഒരു ചെറു സമൂഹമാണ്‌ നിമറ്റോമോർഫ. ഇവ മിക്കവാറും ക്രമമില്ലാത്ത ചുരുളുകളായാണ്‌ കാണപ്പെടുന്നത്‌.

അക്കാന്തോ കെഫല. ആന്തര-പരോപ ജീവികളാണ്‌ ഇവയെല്ലാം. വളരെ നീളമുള്ള ഈ പുഴുക്കളുടെ പുറത്തേക്കു തള്ളാവുന്ന ശുണ്ഡികയിൽ അനേകം "കൊളുത്തു'കള്‍ (hooks) കൊണാം. "റോഹു' (Labeo rohita) എന്ന ശുദ്ധജലമത്സ്യത്തിന്റെ അന്നനാളത്തിൽ കഴിയുന്ന അക്കാന്തോഗൈറസ്‌, പന്നികളെ ബാധിക്കുന്ന എക്കൈനോറിങ്കസ്‌ ഗൈഗാസ്‌, കരയിലെ സസ്‌തനികളിൽ, വിശിഷ്യ റോഡന്റുകളിൽ കാണപ്പെടുന്ന മോണിലിഫോർ മിസ്‌ എന്നിവ ഈ ഫൈലത്തിൽപ്പെടുന്നു.

എന്റോപ്രാക്‌റ്റ. ഒറ്റയ്‌ക്കോ സംഘങ്ങളായോ (colony) കാണപ്പെടുന്ന ചെറുജീവികളാണ്‌ ഇവ. ശരീരത്തിൽ, ചെടിയുടെ തണ്ടിനോടു സദൃശമായ ഒരു ഭാഗം കാണാവുന്നതാണ്‌. സിലിയയുള്ള ഗ്രാഹികളുടെ (tentacie) ഒരു വലയമായ ലോഫൊഫോർ ഇവയുടെ പ്രത്യേകതയാണ്‌. നമ്മുടെ ശുദ്ധജലതാടകങ്ങളിൽ അർനാറ്റെല്ലാ (urnatella) എന്നൊരു ജീനസ്‌ വളരുന്നുണ്ട്‌. അനലിഡ. സ്വതന്ത്രജീവികളായ ഇവയുടെ ശരീരം വലയാകൃതിയിലുള്ള ഖണ്ഡങ്ങള്‍കൊണ്ടാണ്‌ നിർമിതമായിട്ടുള്ളത്‌. ഇതിൽ രണ്ട്‌ വർഗങ്ങള്‍ കാണപ്പെടുന്നു: കീറ്റൊപ്പോഡയും ഹിറുഡീനിയയും. കീറ്റൊപ്പോഡയിൽ മൂന്നു ഗോത്രങ്ങളുണ്ട്‌. പോളിഗോർഡിയസ്‌, പ്രാട്ടോഡ്രലസ്‌, സാക്കോസിറസ്‌ എന്നീ കടൽവിരകളെ ഉള്‍ക്കൊള്ളുന്ന ആർക്കിഅനലിഡ എന്ന ചെറുഗോത്രമാണ്‌ ഒന്നാമത്തേത്‌. ഈ മൂന്നു ജീനസുകളെയും ഇന്ത്യയുടെ പൂർവതീരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. രണ്ടാമത്തെ ഗോത്രമായ പോളിക്കീറ്റയുടെ 450 സ്‌പീഷീസുകള്‍ ഇന്ത്യയിലുണ്ട്‌. ശുദ്ധജലത്തിലും, കായലുകളിലും, കടലിലുമായി ഇവ ജീവിക്കുന്നു. മച്ചെരകളുടേതാണ്‌ മൂന്നാമത്തെ ഗോത്രമായ ഒലിഗോക്കീറ്റ. ഇവയുടെ എട്ടു കുടുംബങ്ങളും മെഗാസ്‌ കോലസിഡേയാണ്‌.

അട്ടകളുടെ വർഗത്തിൽപ്പെടുന്ന ഹിറുഡീനിയയുടെ 4 കുടുംബങ്ങളും 50 സ്‌പീഷീസുകളും ഇന്ത്യയിലുണ്ട്‌. ഇതിന്റെ മൂന്നു ഗോത്രങ്ങളിൽ അക്കാന്തോബ്‌ഡെല്ല ഇന്ത്യയിൽ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടില്ല. റിങ്കോബ്‌ഡെല്ലയുടെ രണ്ട്‌ കുടുംബങ്ങളും ഉദ്ദേശം 23 സ്‌പീഷീസുകളും ഏറിങ്കോബ്‌ഡെല്ലയുടെ രണ്ടു കുടുംബങ്ങളും 27-ഓളം സ്‌പീഷീസുകളും ഇന്ത്യയിൽ കാണപ്പെടുന്നുണ്ട്‌. ആർത്രാപ്പോഡ. ജന്തുലോകത്തിലെ ഏറ്റവും വലിയ ഈ ഫൈലത്തിൽ ഉള്‍പ്പെടുന്ന ജീവികള്‍ പലതരത്തിൽ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്‌. വിളനാശം വരുത്തുന്ന ചെല്ലി, ചാഴി തുടങ്ങിയവ മുതൽ മലമ്പനിയും മന്തും പരത്തുന്ന കൊതുകുകള്‍വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഫൈലത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌ സിഫോസ്യൂറ, ഒണൈക്കൊഫോറ, അരാക്‌നിഡ, ക്രസ്റ്റേഷ്യ, ഡിപ്ലോപ്പോഡ, കൊലോപ്പോഡ, ഇന്‍സെക്‌റ്റ എന്നീ വർഗങ്ങളാണ്‌.

സിഫോസ്യൂറ. അരശുഞണ്ടുകള്‍ (King crabs). ഇെന്ത്യയുടെ കിഴക്കന്‍ തീരങ്ങളിൽ റ്റാക്കിപ്‌ളിയസ്‌ ഗൈഗാസ്‌ കാഴ്‌സിനോസ്‌, കോർപിയസ്‌ റോട്ടന്‍ഡിക്കോഡ എന്നീ രണ്ടു സ്‌പീഷീസുകള്‍ കാണപ്പെടുന്നു.

ഒണൈക്കൊഫോറ (പെരിപ്പാറ്റസ്‌): ഉത്തര-പൂർവ ഇന്ത്യയിലെ അബോർ കുന്നുകളിൽ ഒരേയൊരു സ്‌പീഷീസ്‌ (Typhlo peripartis williamsoni)ജീവിക്കുന്നു. അനേക ദശലക്ഷം വർഷങ്ങളായി പരിണാമവ്യതിയാനങ്ങള്‍ക്കു വഴിപ്പെടാതെ അവശേഷിക്കുന്ന ഒരു ജീവിയാണിത്‌. ഒച്ചുപോലുള്ള ചെറിയ കരജീവിയാണ്‌ ഇത്‌.

അരാക്‌നിഡ. തേളുകള്‍, ചിലന്തികള്‍, ഉച്ചികള്‍, ചെള്ളുകള്‍ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. തേളുകളുടെ 90 സ്‌പീഷീസുകളോളം ഇന്ത്യയിലുണ്ട്‌. ബുഥൂസ്‌ റ്റാമുലസ്‌ (Buthus tamulus), പെലാമ്‌നിയസ്‌ (Palamnaeus), സെ്‌കോർപിയോ (scorpio) എന്നിവയാണ്‌ സാധാരണ കാണപ്പെടുന്നവ. 16 കുടുംബങ്ങളും 290 സ്‌പീഷീസുകളുമുള്ള ഒരു വലിയ ഗോത്രമാണ്‌ ചിലന്തികളുടേത്‌. 11 ജീനസുകളും 41 സ്‌പീഷീസുകളുമുള്ള രണ്ട്‌ കുടുംബങ്ങളാണ്‌ ഉച്ചികള്‍(ticks)ക്കുള്ളത്‌. ചെള്ളുകളെപ്പറ്റി സമഗ്രമായ ഒരുപഠനം ഇതുവരെയും ഇവിടെ നടന്നിട്ടില്ല. 50 സ്‌പീഷീസിലേറെയുള്ള ഒരു കുടുംബത്തെക്കുറിച്ചു മാത്രമേ കാര്യമായ പഠനം നടന്നിട്ടുള്ളൂ.

ക്രസ്റ്റേഷ്യ. ഞണ്ട്‌, കൊഞ്ച്‌, റാള്‍ (Lobster), കക്കകള്‍ (Barnacles), തെടിച്ചെള്ള്‌ ((Wood-louse) തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്ന വർഗം. മിക്കവാറും എല്ലാംതന്നെ ജല ജീവികളാണ്‌. 5 ഉപവർഗങ്ങള്‍, 20 ഗോത്രങ്ങള്‍, 1,000-ത്തിലേറെ സ്‌പീഷീസുകള്‍-ഇത്രയും ഇന്ത്യയിലുണ്ട്‌.

ഡിപ്‌ളോപ്പോഡ. ആയിരംകാലന്‍ അട്ടകള്‍. ഉദ്ദേശം 20 കുടുംബങ്ങളും 90 ജീനസുകളും 300 സ്‌പീഷീസുകളും ഇന്ത്യയിലുണ്ട്‌.

കൈലൊപ്പോഡ. പഴുതാരകള്‍. ഇവിടെ സർവസാധാരണമായ ജീനസാണ്‌ സ്‌കോളോപെന്‍ഡ്ര.

ഇന്‍സെക്‌റ്റ. ഷഡ്‌പദികളായ ചെറുപ്രാണികള്‍. ജന്തുക്കളിൽ ഏറ്റവുമധികം അംഗസംഖ്യയുള്ളത്‌ ഇവയ്‌ക്കാണ്‌. ഇന്ത്യയിൽമാത്രം ഏതാണ്ട്‌ 50,000 സ്‌പീഷീസുകള്‍ പഠനവിധേയമായി കഴിഞ്ഞിരിക്കുന്നു. ഇവയിൽ കൂടുതലും മനുഷ്യന്‌ ഉപദ്രവകാരികളാണെങ്കിലും തേനീച്ച, അരക്കുപ്രാണി, പട്ടുനൂൽപ്പുഴു എന്നിവയെപ്പോലെ ഉപകാരപ്രദങ്ങളായ വളരെയധികം പ്രാണികളെയും കണ്ടെത്താന്‍ കഴിയും. ഈ വർഗത്തിൽ ആകെയുള്ള 29 ഗോത്രങ്ങളിൽ ഒന്നൊഴികെ എല്ലാം ഇന്ത്യയിലുമുണ്ട്‌.

മൊളസ്‌ക. ഇന്‍സെക്‌റ്റ കഴിഞ്ഞാൽ എച്ചത്തിൽ തൊട്ടടുത്തുനില്‌ക്കുന്നത്‌ മൊളസ്‌കയാണ്‌. ഇന്ത്യയിൽ ഇതിന്റെ 11,000-ത്തോളം സ്‌പീഷീസുകള്‍ കാണപ്പെടുന്നു. 6 വർഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഇവയിൽ മുത്തുച്ചിപ്പി (pearl oyster) പോലെയുള്ളവ വളരെയധികം സാമ്പത്തിക പ്രാധാന്യമുള്ളവയാണ്‌. നാശംചെയ്യുന്നവയും കുറവല്ല. ഒച്ചുകള്‍, കക്കകള്‍ (univalves and bivalves), ചിപ്പികള്‍, കണവ, നീരാളി തുടങ്ങിയവയൊക്കെ ഈ ഫൈലത്തിലെ അംഗങ്ങളാണ്‌.

എക്കിനൊഡെർമറ്റ. തികച്ചും സമുദ്രജീവികളായ ഇവ നമ്മുടെ കടലുകളിൽ സർവസാധാരണമാണ്‌. ഇവയുടെ 500-ലേറെ സ്‌പീഷീസുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. കടൽ-ലില്ലി (sea-lilies), കെടൽവെള്ളരിക്ക (sea-cucumber), നക്ഷത്രമത്സ്യങ്ങള്‍, കടൽപെന്‍സിൽ (sea-urchins), ബ്രിറ്റിൽ സ്റ്റാറുകള്‍ തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്ന ഈ ഫൈലം 5 വർഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയും ഇന്ത്യയിൽ ബഹുലമാണ്‌. കശേരുകികള്‍ (Vertebrates).

കോർഡേറ്റ. ജീവിതത്തിൽ എപ്പോഴെങ്കിലുമോ ജീവിതകാലം മുഴുവനുമോ സുപ്രധാനങ്ങളായ ചില പൊതുസ്വഭാവങ്ങള്‍ പ്രകടമാക്കുന്ന ജന്തുക്കളെ ഒരുമിച്ചു ചേർത്തിരിക്കുന്ന ഈ വിഭാഗത്തിന്‌ 5 ഉപഫൈലങ്ങളുണ്ട്‌. ഹെമികോർഡ (acorn worms), യെൂറൊകോർഡ (ascidians) ഏെക്രനിയ (lancelets), ഏെനാത (cyclostomes), നൊതോസ്റ്റൊമാറ്റ ((fishes, amphibians, reptiles, birds and mammals) യഥാർഥത്തിൽ ഏനാതയും നാതോസ്റ്റൊമാറ്റയും ചേർന്നാണ്‌ കശേരുകികള്‍(Vertebrata)ക്ക്‌ രൂപംകൊടുക്കുന്നത്‌.

ഹെമികോർഡ. വിരകളെപ്പോലുള്ള ചെറിയ സമുദ്രജീവികള്‍. കാലുകളില്ലാത്ത ഇവയുടെ ശരീരം സിലിയ കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. 2-250 സെ.മീ. നീളം വരും. വളരെ കുറച്ചു സ്‌പീഷീസുകളും ഒരു ജീനസും ഇന്ത്യയിൽ കാണപ്പെടുന്നു. ഗ്‌ളോസോബലാനസ്‌, ബലാനോഗ്‌ളോസസ്‌ എന്നിവ ഉദാഹരണങ്ങളാണ്‌.

യൂറൊകോർഡ (റ്റ്യൂണിക്കേറ്റ). അസിഡിയനുകള്‍. സ്വതന്ത്രമായി ജീവിക്കുന്നവയും (pelagic) പറ്റിപ്പിടിച്ചുകഴിയുന്നവയും (pelagic) ആയ അസിഡിയനുകളുടെ ഗോത്രങ്ങളും കുടുംബങ്ങളും ഇന്ത്യന്‍കടലുകളിൽ സുലഭമാണ്‌. ഹേഡ്‌മേനിയ (sessile) എന്ന ജീനസ്‌ ഇന്ത്യയിൽ സുപരിചിതമാണ്‌. ഇതിന്റെ 4 സ്‌പീഷീസുകള്‍ ഉണ്ട്‌. അസിഡിയ, ക്‌ളാവലീന, ബ്രാട്രില്ലസ്‌ എന്നീ ജീനസുകള്‍ പറ്റിപ്പിടിച്ചു കഴിയുന്നവയാണ്‌. സ്വതന്ത്രജീവികളാണ്‌ പൈറൊസോമ, സാൽപ എന്നീ ജീനസുകളിൽപ്പെടുന്നവ.

ഏക്രനിയ. കുന്തംപോലെ കൂർത്ത്‌ അർധതാര്യമായ ശരീരത്തോടുകൂടിയ ഈ ചെറുജീവികള്‍ കടൽക്കരയോടടുത്ത്‌, മച്ചിൽ പുതഞ്ഞുകിടക്കുന്നു. ഉഷ്‌ണമേഖലയിലെയും മിതോഷ്‌ണമേഖലയിലെയും കടലുകളിലാണ്‌ ഇവ സാധാരണയായി കാണപ്പെടുന്നത്‌. ധാരാളം സ്‌പീഷീസുകളുള്ള രണ്ടു ജീനസുകള്‍ ഇന്ത്യയിൽ സുലഭമാണ്‌. ഒരു യൂറോപ്യന്‍ സ്‌പീഷീസിനെയും ഈയടുത്ത കാലത്ത്‌ അറബിക്കടലിൽനിന്നും കണ്ടെടുത്തിട്ടുണ്ട്‌.

നാതോസ്റ്റൊമാറ്റ. താടിയെല്ലുകളുള്ള എല്ലാകശേരുകികളും ഈ ഉപഫൈലത്തിൽപ്പെടുന്നു. പിസസ്‌ (മത്സ്യങ്ങള്‍), ആംഫിബിയ (തവള, സാലമാണ്ടർ തുടങ്ങിയ ഉഭയജീവികള്‍), റപ്‌റ്റീലിയ (ഇഴജന്തുക്കള്‍), ഏവ്‌സ്‌ (പക്ഷികള്‍), മമേലിയ (സസ്‌തനികള്‍) ഇങ്ങനെ 5 വർഗങ്ങള്‍ ഈ ഉപഫൈലത്തിനുണ്ട്‌. ഇവയിൽ "മത്സ്യങ്ങളു'ടെ സ്ഥാനം "സീരീസ്‌' എന്ന ശ്രണിയിലേക്ക്‌ ഉയർത്തപ്പെട്ടിരിക്കുന്നു. ഇതിൽ 7 വർഗങ്ങളുണ്ട്‌. ഇവയിൽ 4 എച്ചം മാത്രമേ ഇന്നു ജീവിച്ചിരിക്കുന്നവയായുള്ളൂ; ബാക്കിയെല്ലാം നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു.

പിസസ്‌ (Pisces). ഇെന്ത്യയിൽ ഇന്നു കാണപ്പെടുന്ന മത്സ്യങ്ങള്‍ മൂന്നു വിഭാഗത്തിൽപ്പെടുന്നവയാണ്‌: എലാസ്‌മോബ്രാങ്കൈ, ഹോളോകെഫാലി, റ്റീലിയ സ്റ്റോമി, തരുണാസ്ഥിമത്സ്യങ്ങളായ സ്രാവ്‌, തെരണ്ടി തുടങ്ങിയവയാണ്‌ എലാസ്‌മോബ്രാങ്കൈ വിഭാഗത്തിൽപ്പെടുന്നത്‌. ഇതിന്റെ 5 ഗോത്രങ്ങളും 16 കുടുംബങ്ങളും കാണപ്പെടുന്നു. കൈമെറകള്‍ ഉള്‍ക്കൊള്ളുന്ന ഹോളോകെഫാലിയിലെ ഒരു ഗോത്രവും രണ്ട്‌ കുടുംബങ്ങളുമുണ്ട്‌. യഥാർഥത്തിലുള്ള അസ്ഥി-മത്സ്യങ്ങളുടെ വിഭാഗമായ റ്റീലിയസ്റ്റോമിയിലെ 34 ഗോത്രങ്ങളും 183 കുടുംബങ്ങളുമുണ്ട്‌. ഡിപ്‌നോയ്‌ വർഗ(lung-fish)ത്തിൽപ്പെട്ട ഒറ്റ മത്സ്യം പോലും ഇന്ത്യയിൽ കാണപ്പെടുന്നില്ല.

തെ. ഇന്ത്യയിലും ശ്രീലങ്കയിലും സാധാരണമായി കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യ(etroplus)മൊണ്‌ കരിമീന്‍. കടൽമത്സ്യങ്ങള്‍ക്ക്‌ വളരെ വിസ്‌തൃതമായ വിതരണമാണുള്ളത്‌. ഇന്തോ-പസഫിക്‌, അത്‌ലാന്തിക്‌ എന്നീ സമുദ്രങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന വിവിധ ജീനസുകളെ കണ്ടെത്താന്‍ വിഷമമില്ല. ദേശാടന (migratory) സ്വഭാവമുള്ള മത്സ്യങ്ങളും ഇന്ത്യയിൽ സുലഭമാണ്‌. ഹിൽസ ഐലിഷ, ആങ്‌ഗ്വിലബങ്‌ഗലന്‍സിസ്‌ (ഒരിനം ആരൽ) എന്നിവ ഇതിനുദാഹരണങ്ങളാകുന്നു.

ആംഫിബിയ. വെള്ളത്തിൽനിന്നു കരയിലേക്കുള്ള ജീവന്റെ പരിവർത്തനഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ജീവികള്‍ പൂർണമായി കരയിലോ ജലത്തിലോ മാത്രം കഴിയുന്നില്ല. ഇതിന്റെ ഫലമായി, സാഹചര്യങ്ങളോട്‌ പരിപൂർണമായ അനുകൂലനം നേടിയെടുക്കാനും ഇവയ്‌ക്കു കഴിഞ്ഞിട്ടില്ല. ജീവിച്ചിരിക്കുന്ന ആംഫിബിയകളെ മൂന്നു ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ഈ മൂന്നു ഗോത്രങ്ങളുടെയും പ്രതിനിധികള്‍ ഇന്ത്യയിൽ സുലഭമാണ്‌. 250-ലേറെ സ്‌പീഷീസുകള്‍ ഇന്ന്‌ അറിയപ്പെടുന്നവയായുണ്ട്‌.

എപ്പോഡ ഗോത്രത്തിലെ ഇക്തിയോഫിസ്‌, യൂറിയോടിഫ്‌ളസ്‌, ഹെർപീന്‍, ജിജനോഫിസ്‌ എന്നീ 4 ജീനസുകളും 8 സ്‌പീഷീസുകളും ഇന്ത്യയിൽ കാണപ്പെടുന്നു. ഇക്തിയോഫിസ്‌ ഗ്‌ളൂട്ടിനോസസ്‌ മലബാർ, ഹിമാലയത്തിന്റെ കിഴക്കുഭാഗങ്ങള്‍, അസം, ശ്രീലങ്ക, മ്യാന്‌മാർ, തായ്‌ലണ്ട്‌, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ സാധാരണമാണ്‌. കാഡേറ്റ ഗോത്രത്തിൽപ്പെടുന്നവയാണ്‌ ന്യൂട്ടുകളും സാലമാണ്ടറുകളും. ലോകത്തുമൊത്തമുള്ള 150-ഓളം സ്‌പീഷീസുകളിൽ "ബർമീസ്‌ ന്യൂട്ട്‌'(Tylototrition verrucosus)മൊത്രമേ ഇന്ത്യന്‍ ഭൂവിഭാഗങ്ങളിൽ കാണപ്പെടുന്നുള്ളൂ. തവളകളുടെതായ (frogs and toads) മെൂന്നാമത്തെ ഗോത്ര(Equadata)ത്തിലെ 6 കുടുംബങ്ങളെ ഇന്ത്യയിൽ കണ്ടെത്താം.

റപ്‌റ്റീലിയ. ശീതരക്തജീവികളായ ഇവ പൂർണമായും കരജീവികളാണ്‌. ശരീരം ശല്‌കങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ആകെയുള്ള 19 ഗോത്രങ്ങളിൽ 4 എച്ചം മാത്രമേ ഇന്ന്‌ അവശേഷിച്ചിട്ടുള്ളൂ. മറ്റുള്ളവ ഫോസിലുകള്‍ മുഖേനയാണറിയപ്പെടുന്നത്‌. ശേഷിക്കുന്നവയിൽ ഒരു ഗോത്രമൊഴിച്ച്‌ മറ്റെല്ലാറ്റിന്റെയും പ്രതിനിധികള്‍ ഇന്ത്യയിലുണ്ട്‌.

ഇന്ത്യയിൽ സുലഭമായി കാണപ്പെടുന്ന വിവിധതരം മുതലകള്‍, ചീങ്കച്ചികള്‍, ആമകള്‍, ലിസെഡുകള്‍, പാമ്പുകള്‍ ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്‌. ഉടുമ്പ്‌ (Varanus) അെരണ(Mabuya) എന്നിവ ഇന്ത്യയിൽ സർവ സാധാരണമാണ്‌.

400-ലേറെ സ്‌പീഷീൽപ്പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്‌. ഇതിൽ അഞ്ചിൽ ഒരുഭാഗം വിഷമുള്ളവയാണ്‌. പച്ചിലപ്പാമ്പ്‌, ചേര, ശംഖുവരയന്‍, മൂർഖന്‍, അണലി എന്നിവയൊക്കെ ഇവിടെ സാധാരണമാണ്‌. ഏറ്റവുമധികം വിഷമുള്ളയിനങ്ങളിൽപ്പെടുന്നവയാണ്‌ കടൽപാമ്പുകളായ "വലകടിയന്‍'മാർ. ഇവയുടെ 25 സ്‌പീഷീസികളുണ്ട്‌. ഏവ്‌സ്‌. വൈവിധ്യംനിറഞ്ഞതും സമൃദ്ധവുമാണ്‌ ഇന്ത്യയിലെ പക്ഷിവർഗം. 1,200-ലേറെ സ്‌പീഷീസുകള്‍ ഇന്ത്യയിലുള്ളതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ലോകത്താകെയുള്ള സ്‌പീഷീസുകളുടെ എച്ചം 8,600 ആണ്‌. ഇവയുടെ സബ്‌സ്‌പീഷീസുകള്‍ (geographical races) കെൂടിയാകുമ്പോള്‍ ഇത്‌ 2,060-നു മേൽവരും. ഇവയിൽ 1,750-ഓളം നമ്മുടെ അതിർത്തിക്കുള്ളിൽ സ്ഥിരമായി കഴിയുന്നവയാണ്‌; ബാക്കിയുള്ളവ ദേശാന്തരഗമനം (migration)നടത്തുന്നവയും. ആകെയുള്ള 28 പക്ഷിഗോത്രങ്ങളിൽ 20 എച്ചവും ഇന്ത്യയിൽ കാണപ്പെടുന്നു.

മയിൽ-ദേശീയ പക്ഷി

മമേലിയ. ഇന്ത്യയിലെ സസ്‌തനിവർഗം വളരെ വൈവിധ്യമേറിയതാണെങ്കിലും ചില വിഭാഗങ്ങള്‍ ഇവിടെ ഒട്ടുംതന്നെ കാണപ്പെടുന്നില്ല. എക്കിഡ്‌ന, പ്‌ളാറ്റിപ്പസ്‌ എന്നീ മുട്ടയിടുന്ന സസ്‌തനികള്‍ (monotremata)കങ്കാരു, ഒപ്പോസം, കൊവാല എന്നീ മാഴ്‌സൂപ്പിയലുകള്‍; ജിറാഫ്‌, സീബ്ര, ഹിപ്പൊപ്പൊട്ടാമസ്‌ തുടങ്ങിയ അംഗുലേറ്റകള്‍; സീൽ, വാള്‍റസ്‌ എന്നീ ജലസസ്‌തനികള്‍ (pinnipedia) തുടങ്ങിയവ ഇന്ത്യയിൽ കാണപ്പെടുന്നില്ല. (നോ: സസ്‌തനികള്‍). 186 ജീനസുകളും, 458 സ്‌പീഷീസുകളും, 920 സബ്‌-സ്‌പീഷീസുകളും ഇന്ത്യയിൽ കാണപ്പെടുന്നു. ഇന്‍സെക്‌റ്റിവോറ, ഡെർമപ്‌റ്റെറ, കൈറോപ്‌റ്റെറ, പ്രമേറ്റ്‌സ്‌, ഫോളിഡോട്ട, കാർനിവോറ, പ്രാബോസിഡിയ, സൈറീനിയ, പെരിസോഡാക്‌റ്റില, ആർട്ടിയോഡാക്‌റ്റില, ലാഗൊമോർഫ, റോഡന്‍ഷ്യ, സീറ്റേസിയ എന്നീ ഗോത്രങ്ങളിൽപ്പെടുന്നവയാണ്‌ ഇന്ത്യയിലെ സുപ്രധാന സസ്‌തനികള്‍.

ഇന്ത്യയിൽ സാധാരണമായുള്ള സസ്‌തനികളിൽ പ്രധാനപ്പെട്ട ഒരിനമാണ്‌ കടുവ. ഇതാണ്‌ ഇന്ത്യയുടെ ദേശീയ മൃഗം. വനപ്രദേശങ്ങളിലും പുൽമേടുകളിലും കണ്ടുവരുന്നു. ഹിമാലയസാനുക്കളിലാണ്‌ ഇവ ധാരാളമായുള്ളത്‌. കടുവ പ്രധാനമായി ആടുമാടുകള്‍, മാന്‍ വർഗങ്ങള്‍ എന്നിവയെയാണ്‌ ഇരയാക്കുന്നത്‌. പ്രായപൂർത്തിയായ കടുവകള്‍ നരഭോജികളായും മാറാറുണ്ട്‌. പുള്ളിപ്പുലികളുടെ(panther) നാല്‌ സ്‌പീഷീസുകള്‍ ഇന്ത്യയിൽ കാണപ്പെടുന്നു: സാധാരണ പുള്ളിപ്പുലി, കറുത്ത പുള്ളിപ്പുലി, ആൽബിനോ പുലികള്‍, ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഹിമപ്പുലികള്‍. ചെമ്പുലി വർഗങ്ങള്‍ മിക്കവാറും നാമാവശേഷമായിരിക്കുന്നു. ഏഷ്യന്‍ സിംഹത്തിന്റെ സ്ഥിതിയും ഭിന്നമല്ല. വ. ഇന്ത്യയിൽ ഒരു കാലത്ത്‌ ധാരാളമായി കണ്ടുവന്നിരുന്ന സിംഹങ്ങള്‍ ഇന്ന്‌ ഗുജറാത്തിലെ ഗിർവനങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. സംരക്ഷണപദ്ധതികള്‍മൂലം ഇന്ന്‌ അവയുടെ സംഖ്യ വർധിച്ചു തുടങ്ങിയിട്ടുണ്ട്‌. 1880-ൽ ഒരു ഡസനായി ചുരുങ്ങിയിരുന്ന ഗിർ സിംഹങ്ങളുടെ ഇന്നത്തെ സംഖ്യ മുന്നൂറിലധികമാണ്‌. ദക്ഷിണേന്ത്യന്‍ വനങ്ങളിലാണ്‌ ആനകള്‍ ധാരാളമായുള്ളത്‌. ഒറീസയിലും അസമിലും ഇവയെ കണ്ടുവരുന്നു. കാണ്ടാമൃഗങ്ങള്‍ വംശനാശത്തിലെത്തിയതായിരുന്നു; എന്നാൽ ഇന്ന്‌ അസം സംസ്ഥാനത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളിൽ ഇവയുടെ സംഖ്യ പെരുകികൊണ്ടിരിക്കുന്നു.

കരടികള്‍, ഹരിണവർഗങ്ങള്‍ എന്നിവയും ഇന്ത്യയിൽ ധാരാളമായുണ്ട്‌. കറുത്ത കരടികളുടെ സംഖ്യ താരതമ്യേന കൂടുതലാണ്‌. ഹിമക്കരടികള്‍, തവിട്ടു കരടികള്‍, കറുത്ത ഏഷ്യാറ്റിക്‌ കരടികള്‍ എന്നിവ ഹിമാലയത്തിന്റെ പശ്ചിമഭാഗങ്ങളിൽ കാണപ്പെടുന്നു. ചീറ്റപ്പുലിയുടെ ഒരു സ്‌പീഷീസ്‌ മാത്രമേ ഇന്ത്യയിൽ ഉള്ളൂ. കഴുതപ്പുലിയും ഇവിടത്തെ വനങ്ങളിൽ ധാരാളമായുണ്ട്‌. ചെന്നായ്‌ക്കളുടെ രണ്ട്‌ ഇനങ്ങള്‍ കണ്ടുവരുന്നു. ഇവയിൽ ഇടതൂർന്ന രോമമുള്ള ആദ്യത്തെ ഇനം പശ്ചിമ ഹിമാലയത്തിലും വലിപ്പം കുറഞ്ഞ രണ്ടാമത്തെ ഇനം ഉപഭൂഖണ്ഡത്തിന്റെ മറ്റുഭാഗങ്ങളിലും ആണുള്ളത്‌. എല്ലായിടത്തും കണ്ടുവരുന്ന ഒരു മൃഗമാണ്‌ കുറുനരി. ഇവയുടെ നാല്‌ സ്‌പീഷീസുകളാണുള്ളത്‌. കാട്ടുപൂച്ചകളുടെയും നിരവധി വർഗങ്ങളുണ്ട്‌.

പന്നികളുടെ രണ്ടു സ്‌പീഷീസുകളും (wild bear Pygmy hog) വിവിധയിനം മാനുകളും(mouse deer, spotted deer, barking deer, sambar deer) ഇന്ത്യയിൽ കണ്ടുവരുന്നു. കസ്‌തൂരിമാന്‍ കാശ്‌മീരിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.

ഇന്ത്യന്‍ കാട്ടുപോത്ത്‌ കർണാടക പ്രദേശത്തെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമലൈ എന്നീ വന്യമൃഗ കേന്ദ്രങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്നു. നീലക്കാളകള്‍ പശ്ചിമബംഗാള്‍, മലബാർ എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും കാണപ്പെടുന്നു. ഐബക്‌സ്‌, പിരിയന്‍ കൊമ്പുള്ള കാട്ടാട്‌ എന്നിവ ഹിമാലയത്തിൽ ധാരാളമായുണ്ട്‌.

വളർത്തുമൃഗങ്ങളിൽ ആടുമാടുകള്‍, പന്നി, പട്ടി, പൂച്ച, മുയൽ, കുതിര, കോവർകഴുത, കഴുതകള്‍, ഒട്ടകം എന്നിവ ഉള്‍പ്പെടുന്നു.

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പല സ്‌പീഷീസുകളെയും സംരക്ഷിക്കുന്നതിന്‌ വന്യമൃഗസംരക്ഷണ പദ്ധതികള്‍ അത്യാവശ്യമായിരിക്കുന്നു. "വന്യമൃഗസങ്കേതങ്ങള്‍' ഇന്ത്യയിൽ പല ഭാഗങ്ങളിലും രൂപപ്പെടുത്തികഴിഞ്ഞിട്ടുണ്ട്‌. 441 വന്യമൃഗസംരക്ഷണകേന്ദ്രങ്ങളും, 80 നാഷനൽ പാർക്കുകളും ഇന്ത്യയിലുണ്ട്‌. ഗുജറാത്തിലെ ഗീർവനങ്ങള്‍, പശ്ചിമബംഗാളിലെ ജൽദാപാര, അസമിലെ കാസിരങ്‌ഗ, കേരളത്തിലെ തേക്കടി എന്നിവ എടുത്തുപറയേണ്ട പ്രധാന സാങ്ക്‌ച്വറികളാണ്‌. ഈ പാർക്കുകളും സാങ്ക്‌ച്വറികളും വന്യജീവിസംരക്ഷണം മാത്രമല്ല നടത്തുന്നത്‌. പ്രകൃതിഭംഗി വർധിപ്പിക്കുന്ന ചെടികളും മറ്റും നൈസർഗികമായി വളരുന്ന ഈ സ്ഥലങ്ങള്‍ പ്രകൃതിസാഹചര്യങ്ങളിൽ ജന്തുക്കളുടെ ചേഷ്‌ടകള്‍ മനസ്സില്‌കാകുന്നതിനും സഹായകമാകുന്നുണ്ട്‌. വിസ്‌തൃതമായ ഇത്തരം സംരക്ഷിതവനങ്ങള്‍ കാലാവസ്ഥ സംരക്ഷിക്കുന്നതിനും സഹായകമാണ്‌. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലും ദേശീയമൃഗമായ കടുവയും മറ്റു പക്ഷിമൃഗാദികള്‍ക്കൊപ്പം ഈ സാങ്ക്‌ച്വറികളിൽ സ്വൈരവിഹാരം നടത്തുന്നു.

ജനങ്ങള്‍

ജനവിതരണം

ജനസംഖ്യാടിസ്ഥാനത്തിൽ, ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ, ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണ്‌. 2001-ലെ കണ ക്കനുസരിച്ച്‌, ഇന്ത്യയിലെ ജനസംഖ്യ 102,87,37,436 ആയിരുന്നു. ഏറ്റവും അധികം ജനങ്ങളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ ജംസംഖ്യ 16,61,97,921 ആയിരിക്കെ, ത്രിപുര, മണിപ്പൂർ, മേഘാലയ, നാഗാലന്‍ഡ്‌, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഓരോന്നിലും ഇത്‌ 50 ലക്ഷത്തിൽ താഴെയാണ്‌. കേന്ദ്ര ഭരണ പ്രവിശ്യകളുടെ കൂട്ടത്തിൽ ജനസംഖ്യയിൽ മുന്നിട്ടുനില്‌ക്കുന്നത്‌ ഡൽഹി (1,38,50,507) ആണ്‌. മറ്റുള്ളവ പത്തുലക്ഷത്തിൽ കുറഞ്ഞ ജനസംഖ്യയുള്ളവയാണ്‌. ലോകജനസംഖ്യയിലെ 16.7 ശ.മാ. പേരെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിൽ 20-ാം ശ.-ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന 23,83,96,327 തിൽനിന്ന്‌ 21-ാം ശ.-ത്തിന്റെ ആരംഭത്തോടെ 102,87,37,436 പേരായി ജനസംഖ്യ വർധിച്ചിരിക്കുന്നു. 1911-21 ദശകം ഒഴിച്ച്‌, 1901-2001 കാലത്തെ ഓരോ ദശാബ്‌ദത്തിലും ഇന്ത്യയിൽ ഗണ്യമായ ജനപ്പെരുപ്പം ഉണ്ടായിട്ടുള്ളതിന്‌ കാനേഷുമാരിക്കണക്കുകള്‍ സാക്ഷ്യം വഹിക്കുന്നു.

ഇന്ത്യയിലെ വിവിധ പരമ്പരാഗതവേഷങ്ങളെ സൂചിപ്പിക്കുന്ന പെയിന്റിങ്‌-രാജാരവിവർമ

ഇന്ത്യയിലെ ജനസംഖ്യ 1951-ൽ 36.1 കോടി ആയിരുന്നത്‌ 1961-ൽ 43.9 കോടിയും 1971-ൽ 54.8 കോടിയുമായി വർധിച്ചു. 1951-61 ദശകത്തിൽ 21.64 %-വും 1961-71 കാലത്ത്‌ 24.8 %-വും വർധനവുണ്ടായി. 1991-ലെ ജനസംഖ്യ (84,64,21,039) 1951-ലേതിന്റെ രണ്ടരമടങ്ങിലേറെയായിരുന്നു. സംസ്ഥാനാടിസ്ഥാനത്തിൽ നോക്കുമ്പോള്‍ 1951-61 ദശകത്തിൽ ജമ്മു-കാശ്‌മീരിൽ 9%-വും അസമിൽ 35 %-വും ജനവർധനവുണ്ടായി. ബാംഗ്ലദേശ്‌ രൂപീകൃതമായതിനെത്തുടർന്നുണ്ടായ അഭയാർഥി പ്രവാഹത്തിലൂടെയാണ്‌ അസംജനപ്പെരുപ്പത്തിനിരയായത്‌. ഇതേ കാരണത്താൽ, ഏകദശകത്തിൽ, ത്രിപുരയിലെ ജനസംഖ്യയിൽ 79% വർധനവുണ്ടായി. 1961-71 കാലത്ത്‌ രാജ്യത്തിലെ സമസ്‌ത മേഖലകളിലും സാമാന്യമായ ജനപ്പെരുപ്പം അനുഭവപ്പെട്ടു. ഈ കാലയളവിൽ ജനനമരണനിരക്കുകളിൽ കാര്യമായ വ്യതിചലനം ഉണ്ടായില്ല. 1951-61 ദശകത്തിൽ ജനനനിരക്ക്‌ (1000 പേർക്ക്‌) 41.7-ഉം മരണനിരക്ക്‌ 22.8-ഉം ആയിരുന്നത്‌, 2001-ൽ യഥാക്രമം 24.8, 8.9 എന്നീ തോതുകളിലേക്ക്‌ എത്തിയിട്ടുണ്ട്‌.

1991-2001 ദശകത്തിലെ ശതമാനക്കണക്കിലുള്ള ജനവർധനവ്‌ പരിശോധിച്ചാൽ ഏറ്റവും കുറവ്‌ കേരള(9.43) ത്തിലായിരുന്നുവെന്നുകാണാം. നാഗാലന്‍ഡിൽ ഇത്‌ 64.53 ആയിരുന്നു. ഡൽഹി (47.02), ചണ്ഡീഗഢ്‌ (40.28), സിക്കിം (33.06) എന്നിവിടങ്ങളിലും ഗണ്യമായ ജനപ്പെരുപ്പമുണ്ടായി. ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ ജനവർധനവിനെ ഫലപ്രദമായി നിയന്ത്രിക്കാനായി. ജനസാന്ദ്രതയിലും ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ ഇന്ത്യ മുന്‍നിരയിലാണ്‌. മൊത്തമായി നോക്കുമ്പോള്‍ ഇന്ത്യയിലെ ജനസാന്ദ്രത ച.കി.മീറ്ററിന്‌ 324 ആണ്‌. 2001-ലെ കണക്കനുസരിച്ച്‌ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം പ. ബംഗാള്‍ (903) ആയിരുന്നു; ബിഹാർ (881), കേരളം (819) എന്നിവയാണ്‌ തൊട്ടുപിന്നിൽ. ഡൽഹി (9,340), ചണ്ഡീഗഢ്‌ (7,900), പോണ്ടിച്ചേരി (2,034), ലക്ഷദ്വീപ്‌ (1,895) ദാമന്‍-ദിയൂ (1,413) എന്നീ കേന്ദ്രഭരണപ്രവിശ്യകള്‍ ജനസാന്ദ്രതയിൽ സംസ്ഥാനങ്ങളെക്കാള്‍ മുന്നിട്ടുനിന്നിരുന്നു. ഹിമാചൽപ്രദേശ്‌, മണിപ്പൂർ, മേഘാലയ, ജമ്മു-കാശ്‌മീർ, സിക്കിം, ആന്തമാന്‍-നിക്കോബാർ, മിസോറാം, അരുണാചൽപ്രദേശ്‌ എന്നിവ. ച.കി.മീറ്ററിന്‌ 120-ൽ താഴെ മാത്രം ജനസാന്ദ്രതയുള്ളവയാണ്‌

പൊതുവേ നോക്കുമ്പോള്‍ ഇന്ത്യയിൽ സ്‌ത്രീകളെക്കാള്‍ സംഖ്യാബലമുള്ളത്‌ പുരുഷന്മാർക്കാണ്‌. ആയിരം പുരുഷന്മാർക്ക്‌ 933 സത്രീകള്‍ എന്ന തോതാണ്‌ 2001-ലെ സെന്‍സസ്‌ സൂചിപ്പിക്കുന്നത്‌. കേരളം ഇതിനൊരപവാദമാണ്‌; ഈ സംസ്ഥാനത്തെ സ്‌ത്രീപുരുഷാനുപാതം 1058:1000 ആണ്‌. ജമ്മു-കാശ്‌മീർ, പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌, പ.ബംഗാള്‍, അസം, നാഗാലന്‍ഡ്‌ എന്നീ സംസ്ഥാനങ്ങളിൽ പുരുഷന്മാരുടെ സംഖ്യ സ്‌ത്രീകളുടേതിനെക്കാള്‍ നന്നെ കൂടുതലാണ്‌. എന്നാൽ തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടക എന്നീ ദക്ഷിണസംസ്ഥാനങ്ങളിലും ഹിമാചൽപ്രദേശ്‌, മണിപ്പൂർ എന്നിവിടങ്ങളിലും സ്‌ത്രീ-പുരുഷാനുപാതം താരതമ്യേന കൂടുതലാണ്‌. 20-ാം ശ.-ത്തിന്റെ തുടക്കം മുതലേ ഇന്ത്യയിൽ സ്‌ത്രീ-അനുപാതം 1000-ൽ താഴെയായി തുടർന്നു പോന്നു. 1961-ൽ 972 ആയിരുന്നത്‌ ക്രമമായി കുറഞ്ഞ്‌ 1941-ൽ 945-ലെത്തി; 1991-ൽ സ്‌ത്രീ പുരുഷാനുപാതം 926 ആയിരുന്നു. ഭൂപ്രകൃതിയിൽ കേരളത്തോടും ഭരണപരമായി പോണ്ടിച്ചേരിയോടും ബന്ധപ്പെട്ടിട്ടുള്ള മാഹി(1148)യാണ്‌ സ്‌ത്രീ പുരുഷാനുപാതത്തിൽ ഏറ്റവും മുന്നിലുള്ള ജില്ല. കേരള(1058)ത്തിനെക്കാള്‍ കൂടിയ ലിംഗാനുപാത(Sex-ratio)മുള്ള മറ്റ്‌ എട്ടു ജില്ലകള്‍ കൂടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിലവിലുണ്ട്‌.

ഭാരതത്തിലെ ജനങ്ങളിൽ 27.82% നഗരങ്ങളിൽ പാർക്കുന്നു. നഗരവാസികളുടെ ശതമാനക്കണക്ക്‌, മഹാരാഷ്‌ട്ര 31, തമിഴ്‌നാട്‌ 30, ഗുജറാത്ത്‌ 28, നാഗാലന്‍ഡ്‌ 10, ഒറീസ്സ 08, ഹിമാചൽ പ്രദേശ്‌ 07, എന്നിങ്ങനെ വ്യതിചലിച്ചുകാണുന്നു. 1971-ൽ നഗരാധിവാസങ്ങളുടെ എച്ചം 2,636 ആയിരുന്നു; 2001-ൽ ഇതിന്റെ ഇരട്ടിയോളമായി വർധിച്ചിരിക്കുന്നു. മൊത്തമുള്ള 28.612 കോടി നഗരവാസികളിലെ 24.77%-വും ഇരുപതിനായിരത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലാണു വസിക്കുന്നത്‌; ഇവരിൽത്തന്നെ 17.32% ആളുകളും ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള വന്‍നഗരങ്ങളിൽ പാർക്കുന്നവരാണ്‌. 2001-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ പ്രയുതനഗരങ്ങളുടെ (Million City)എച്ചം 27 ആയിരിക്കുന്നു. ഇവയിൽ ഗ്രറ്റർ മുംബൈ (119.78 ലക്ഷം) ഡൽഹി (98.79 ലക്ഷം) കൊൽക്കത്ത (45.73 ലക്ഷം), ചെന്നൈ (43.4 ലക്ഷം), ബാംഗ്ലൂർ (43.01 ലക്ഷം) ഹൈദരാബാദ്‌ (36.37 ലക്ഷം), അഹമ്മദാബാദ്‌ (35.20 ലക്ഷം) കാണ്‍പൂർ (25.51 ലക്ഷം) പൂണെ (25.38 ലക്ഷം) എന്നിവയാണ്‌ ജനസംഖ്യാപരമായി മുന്‍നിരയിൽ നില്‌ക്കുന്നത്‌. രാജ്യത്തിലെ ജനങ്ങളിൽ 7.13% പേരും 27 മഹാനഗരങ്ങളിൽ ഞെരുങ്ങിപ്പാർക്കുന്നുവെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

ജനനമരണനിരക്കുകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്‌തമായി കാണപ്പെടുന്നു; ജനനവും മരണവും നഗരങ്ങളിലേതിനെക്കാള്‍ കൂടിയതോതിലുണ്ടാവുന്നത്‌ ഗ്രാമങ്ങളിലാണ്‌. ഇന്ത്യയിലെ പൊതു ജനന നിരക്ക്‌ 25-ഉം മരണ നിരക്ക്‌ 8.1-ഉം ആണ്‌. ശിശുമരണത്തിന്റെ തോത്‌ ആയിരത്തിന്‌ 63 ആണ്‌. ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ജീവിതദൈർഘ്യം പുരുഷന്മാർക്ക്‌ 63.87, സ്‌ത്രീകള്‍ക്ക്‌ 66.91 എന്നീ ക്രമത്തിൽ വർധിച്ചിട്ടുണ്ട്‌. രാജ്യത്തിലെ 11 % ജനങ്ങളെ ഉള്‍ക്കൊള്ളുന്ന കേരളം, തമിഴ്‌നാട്‌, ഡൽഹി, ഗോവ, നാഗാലന്‍ഡ്‌, ആന്തമന്‍ നിക്കോബാർ, ചണ്ഡീഗഢ്‌, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മൊത്തത്തിലുള്ള ഗർഭധാരണ നിരക്ക്‌ (fertility rate) 2.1 % ആയി നിയന്ത്രിതമായിട്ടുണ്ട്‌. ആന്ധ്രപ്രദേശ്‌, കർണാടക, മഹാരാഷ്‌ട്ര, ഒറീസ്സ, പഞ്ചാബ്‌, പ. ബംഗാള്‍, ഹിമാചൽ പ്രദേശ്‌, അരുണാചൽപ്രദേശ്‌, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്‌, ദാമന്‍-ദിയൂ എന്നീ കേന്ദ്രഭരണ പ്രവിശ്യകളിലും നിയന്ത്രണ നടപടികള്‍ വിജയിക്കുന്നതിന്റെ സുചകമെന്നോണം, ഗർഭധാരണനിരക്ക്‌ 2.4 മുതൽ 2.8 വരെയായി കുറഞ്ഞിട്ടുണ്ട്‌. എന്നാൽ, ഈ നിരക്ക്‌ 3 മുതൽ 4.7 വരെയായി തുടരുന്ന 8 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണ പ്രവിശ്യകളും ഇനിയും ബാക്കി നില്‌ക്കുന്നു. ഇവയിൽ രാജ്യത്തെ 35.6% ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ബിഹാർ, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഉത്തർപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു.

നാഷണൽ സാമ്പിള്‍ സർവേ പ്രകാരം, 2004-05 വർഷത്തിൽ, ഇന്ത്യയിൽ ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ടുപോന്നവരുടെ മൊത്തം സംഖ്യ 45.9 കോടി ആയിരുന്നു. ഇവരിൽ 2.6 കോടിമാത്രമാണ്‌ സംഘടിത തൊഴിലാളികള്‍. ശേഷിക്കുന്ന 43.3 കോടി അസംഘിടിത തൊഴിലാളികളിൽ 26.8 കോടി കാർഷിക വൃത്തികളിലും 2.6 കോടി നിർമാണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. വ്യവസായ സേവന മണ്ഡലങ്ങളിൽ പണിയെടുക്കുന്നവരിൽ 13.9 കോടിയും അസംഘടിത തൊഴിലാളികളാണ്‌ എന്ന സൂചനയാണ്‌ ഇതിൽ നിന്ന്‌ ലഭ്യമാകുന്നത്‌. 2001-ലെ സെന്‍സസ്‌ പ്രകാരം രാജ്യത്തിലെ വനിതകളിൽ 25.6 %, ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നവരാണ്‌. ഇതനുസരിച്ച്‌ രാജ്യത്ത്‌ തൊഴിലെടുക്കുന്നവരിൽ 12.722 കോടി സ്‌ത്രീകളുണ്ട്‌. ഇവരിൽ ഭൂരിപക്ഷവും ഗ്രാമമേഖലകളിലേതാണ്‌. ഇന്ത്യയിലെ സംഘടിത തൊഴിലാളികളിൽ 17.8% വനിതകളാണ്‌. നഗരത്തിലെ വനിതാ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സേവന രംഗത്താണുള്ളത്‌.

ഇന്ത്യയിലെ സാക്ഷരതാ നിലവാരത്തിൽ ക്രമമായ വർധനവാണുള്ളതെന്ന്‌ സെന്‍സസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിലെ മൊത്തത്തിലുള്ള സാക്ഷരതാനിരക്ക്‌ 64.84 % ആണ്‌; പുരുഷന്മാരിലെ 75.26 % പേരും സ്‌ത്രീകളിലെ 53.67 % പേരും സാക്ഷരരാണ്‌. സാക്ഷരതയിൽ ഒന്നാംസ്ഥാനം നിലനിർത്തുന്നത്‌ കേരളം (90.86%) ആണ്‌; മിസോറാം (88.80%), ലക്ഷദ്വീപ്‌ (86.66%) എന്നിവിടങ്ങളാണ്‌ തൊട്ടുപിന്നിൽ. സാക്ഷരതാശതമാനത്തിൽ നന്നെ പിന്നാക്കം നില്‌ക്കുന്നത്‌ ബിഹാർ (47.00), ഝാർഖണ്ഡ്‌ (53.56), ജമ്മു-കാശ്‌മീർ (55.52) എന്നീ സംസ്ഥാനങ്ങളാണ്‌. വനിതാ സാക്ഷരതയിലും ഒന്നാംസ്ഥാനം കേരള(87.72)ത്തിനാണ്‌. രാജ്യത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ സാക്ഷരത നേടിയിട്ടുള്ളത്‌ മിസോറാമിലെ അയ്‌സ്‌വാള്‍ (96.64) സെർച്ചിപ്പ്‌ (96.16) എന്നിവയാണ്‌; കോട്ടയം (95.90) മൂന്നാമതും മാഹി (95.78) നാലാമതും നില്‌ക്കുന്നു. സ്വാതന്ത്യ്രാനന്തരകാലഘട്ടത്തിൽ ഇന്ത്യയിലെ സാക്ഷരത വെറും 18.33% ആയിരുന്നു.

നൂറുക്കണക്കിനു ജനവർഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഭാരതത്തിൽ വളരെ സങ്കീർണമായ ജാതിവ്യവസ്ഥ നിലനിന്നിരുന്നു; ഈ സാമൂഹിക ദുരവസ്ഥയ്‌ക്ക്‌ ഇനിയും അറുതിവന്നിട്ടില്ല. രാജ്യത്തിലെ 95.9% ജനങ്ങളും ഭരണഘടനയിലൂടെ അംഗീകാരം സിദ്ധിച്ചിട്ടുള്ള 22 ഭാഷകളിൽ ഏതെങ്കിലുമൊന്ന്‌ കൈ കാര്യം ചെയ്യുന്നവരാണ്‌. രാഷ്‌ട്രഭാഷയായ ഹിന്ദിയുടെ ഉപയോഗം ഏറെക്കുറെ സാർവത്രികമായി കഴിഞ്ഞിരിക്കുന്നു. എന്നിരിക്കിലും രാജ്യത്തിലെ പിന്നോക്കമേഖലകളിൽ നിരവധി പ്രാദേശിക ഭാഷകള്‍ പ്രചാരത്തിൽ തുടരുന്നു. ഇന്ത്യയിൽ ജനങ്ങളിൽ 8.2 % വിഭിന്ന ആദിവാസി സമൂഹങ്ങളെ ഉള്‍ക്കൊള്ളുന്ന പട്ടിക വർഗക്കാരാണ്‌; പട്ടികജാതിക്കാരുടെ സംഖ്യ 16.3 ശ.മാ.-മാണ്‌. ഇവരിൽ നല്ലൊരു പങ്കിനെയും സംസ്‌കാരത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ സ്വാതന്ത്യ്രാനന്തര ഭാരതത്തിന്‌ ഭാഗികവിജയമേ നേടാനായിട്ടുള്ളൂ. ഭാഷയിലും വേഷവിധാനങ്ങളിലും ആചാരാനുഷ്‌ഠാനങ്ങളിലുമുള്ള വൈവിധ്യം ഭാരതത്തിന്റെ മുഖമുദ്രയായ "നാനാത്വത്തിലെ ഏകത്വ'ത്തിന്റെ ഉത്തമ നിദർശനമായി തുടരുന്നു. ഹൈന്ദവ ഭൂരിപക്ഷമുള്ള രാജ്യമാണ്‌ ഇന്ത്യ. ന്യൂനപക്ഷ മതവിശ്വാസികളിൽ മുസ്‌ലിങ്ങള്‍ക്കാണ്‌ സംഖ്യാബലം (13.44%); ക്രിസ്‌ത്യാനികള്‍ (2.33%), സിക്കുകാർ (1.84%), ബൗദ്ധർ (0.68%), ജൈനർ (0.38%) മറ്റുള്ളവർ (0.65%) എന്നിങ്ങനെയാണ്‌ വിഭിന്ന മതവിശ്വാസികളുടെ വിതരണ ക്രമം. പ്രത്യേകമത വിഭാഗങ്ങളിലൊന്നുംപ്പെടാത്തവരും (ആദിവാസികളിലെയും പട്ടിക ജാതികളിലെ വലിയൊരു വിഭാഗം ഉള്‍പ്പെടെ) വലിയൊരു ശതമാനം വരും.

ജനവർഗങ്ങള്‍

പുരാതനശിലായുഗം മുതല്‌കേ ഇന്ത്യയിൽ ജനവാസമുണ്ടായിരുന്നതിന്‌ പ്രാക്കാല പഠനങ്ങള്‍ തെളിവുനല്‌കുന്നു. ഉത്തരപൂർവദേശങ്ങളിൽനിന്നു ലഭിച്ചിട്ടുള്ള പ്രാകൃതശിലായുധങ്ങള്‍ അഞ്ചുലക്ഷം വർഷം മുമ്പ്‌ ചൈന, മ്യാന്മാർ, മലയ, ജാവ എന്നിവിടങ്ങളിൽ ആദിമമനുഷ്യന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുമായി രൂപസാമ്യമുള്ളവയാണ്‌. ദക്ഷിണപശ്ചിമഭാഗങ്ങളിൽനിന്നു കിട്ടിയ ശിലായുധങ്ങള്‍ക്ക്‌ യൂറോപ്പ്‌, സമീപപൂർവപ്രദേശം, ആഫ്രിക്ക എന്നിവിടങ്ങളിലെ പുരാതനായുധങ്ങളുമായാണ്‌ സാദൃശ്യം. ഇവയ്‌ക്കു പുറമേ മധ്യനവീനശിലായുഗങ്ങളിലെ ആയുധങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്‌. എന്നാൽ ഈ ശിലായുഗങ്ങളെ കാലാനുക്രമമായി തരംതിരിച്ചിട്ടില്ല. അതിനാൽ പില്‌ക്കാലത്ത്‌ (ബി.സി. 2500-1500) മോഹന്‍ജൊദരോയിലും ഹരപ്പയിലും വികസിച്ചുനിന്ന സിന്ധുതടനാഗരീകത വളർത്തിയെടുത്ത ജനപദങ്ങളെ കൃത്യമായി നിർണയിക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യേഷ്യയിൽനിന്നുവന്ന ആര്യന്മാരുടെ അധിനിവേശത്തോടെ സിന്ധുതടസംസ്‌കാരം അപ്രത്യക്ഷമായി. അതോടെ വിവിധ ജനവർഗങ്ങള്‍ തമ്മിൽ സങ്കലനം ആരംഭിക്കുകയും അത്‌ പില്‌ക്കാലത്ത്‌ കൂടുതൽ കൂടുതൽ സങ്കീർണമാവുകയും ചെയ്‌തു.

ഗോണ്ടി വർഗത്തിൽപ്പെട്ട ആദിവാസികള്‍

ഇന്ത്യയിലെ ആധുനിക ജനസംഖ്യയിൽ കുറഞ്ഞും ഏറിയും കടന്നുകൂടിയിട്ടുള്ള ആറ്‌ നരവർഗപ്രഭവങ്ങളെക്കിറിച്ച്‌ ബിരിജാശങ്കർഗുഹ എന്ന നരവംശശാസ്‌ത്രജ്ഞന്‍ വ്യവച്ഛേദിച്ച്‌ നിർണയിച്ചിട്ടുണ്ട്‌ (Racial Elements in the population 1945);

(1) നീണ്ട തല, ഇത്തരം പൊക്കം, സ്ഥൂലമോ കൃശമോ അല്ലാത്ത ശരീരം, ഇരുണ്ടനിറം, ചുരുണ്ട മുടി എന്നീ ലക്ഷണങ്ങളുള്ള മെഡിറ്ററേനിയന്‍ വർഗം. മധ്യധരണ്യാഴിപ്രദേശങ്ങളിൽനിന്ന്‌ സിന്ധുതടസംസ്‌കാരകാലത്തിനുമുമ്പ്‌ ഇന്ത്യയിൽകടന്ന്‌ ക്രമേണ ദക്ഷിണാഭിമുഖമായി പ്രയാണംചെയ്‌ത്‌ ഉപദ്വീപഭാഗങ്ങളിൽ അധിവാസമുറപ്പിച്ച ദ്രവിഡജനവിഭാഗങ്ങള്‍ എന്നീ ജനവർഗങ്ങളിലുള്‍പ്പെടുന്നുവെന്നു കരുതപ്പെടുന്നു. (2) ഗുജറാത്ത്‌-മഹാരാഷ്‌ട്രാ മേഖലകളിലെ വീതിയുള്ള തലയും അല്‌പം ഊതനിറംകലർന്ന തൊലിയും ഉന്തിനില്‌ക്കുന്ന മൂക്കും രോമബഹുലമായ ശരീരഭാഗങ്ങളുമുള്ള ജനവർഗം ആൽപൈനുകളും (Alpines) ദെിനാരിക്കുകളും (Dinarics)ആർമനോയിഡുകളും (Armenoids) കലർന്ന ഒരു സങ്കരമാണ്‌; അറേബ്യന്‍ പ്രദേശങ്ങളിലെ, പൃഥുലക പാലന്മാരായി (Brachycephalic)വർഗീകരിക്കപ്പെടുന്ന ഈ ജനവർഗം ബംഗാള്‍, ഒറീസ തുടങ്ങിയ ഭൂഭാഗങ്ങളിൽ മാത്രമല്ല, കർണാടക-തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലും ചിന്നിച്ചിതറി കാണപ്പെടുന്നുണ്ട്‌. ഇവരോട്‌ അകന്ന ബന്ധമുള്ളവരാണ്‌ സിറിയന്മാരോടും ആർമീനിയന്മാരോടും സാജാത്യമുള്ള മഹാരാഷ്‌ട്രയിലെ പാഴ്‌സികള്‍. (3) നോർഡിക്‌ (Nordic)പ്രഭവന്മാരെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ദീർഘകപാലന്മാരായ ഒരു വർഗത്തെ പശ്ചിമോത്തരപ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. ആദ്യംപറഞ്ഞ രണ്ടുവിഭാഗക്കാരെയുംപോലെ ഇവരും ബെബർചുരം കടന്ന്‌ ചരിത്രാതീതകാലത്തെന്നോ ഇന്ത്യയിൽ വന്നതാകാം. പൊക്കമുള്ള ദേഹം, നീണ്ടമുഖവും നീണ്ടമൂക്കും, ഇരുണ്ടതല്ലാത്ത നിറം എന്നിവയാണ്‌ ഇവരുടെ സവിശേഷതകള്‍. (4) വടക്കും കിഴക്കും ഉള്ള അതിർത്തിപ്രാന്തങ്ങളിലെ ജനവർഗങ്ങള്‍ മംഗൊളോയിഡുകളാണ്‌. ഇവർക്ക്‌ അല്‌പം ഊതനിറമാണ്‌. മിതമായ ഉയരവും ചെറിയ മുഖവും ഉന്തിനില്‌ക്കുന്ന താടിയെല്ലുകളുമുള്ള ഇവർക്ക്‌ മുഖത്തും ശരീരഭാഗങ്ങളിലും രോമം കുറവാണ്‌. (5) ആന്‍ഡമാന്‍ ദ്വീപസമുഹങ്ങളിലെ നീഗ്രിറ്റൊവർഗക്കാരാണ്‌ ഇനിയൊന്ന്‌. ഇവർ ഉയരം കുറഞ്ഞവരും അല്‌പകേശന്മാരുമാണ്‌. (6) പശ്ചിമ മധ്യഭാരത പ്രദേശങ്ങളിലും കുറെയൊക്കെ ദക്ഷിണേന്ത്യന്‍ പർവതഭൂമികളിലും കാണുന്ന ഗിരിവർഗജനവിഭാഗങ്ങളാണ്‌ മറ്റൊരു പ്രധാനവർഗം. നീണ്ട തലയും പരന്ന മൂക്കും കറുത്തനിറവുമുള്ള ഇവർക്ക്‌ ഉയരം കുറവാണ്‌. ആസ്റ്റ്രലിയന്‍ ആദിവാസിവർഗക്കാരുമായി ഇവർക്കുള്ള സാജാത്യത്തെ ആസ്‌പദമാക്കി ഇവരെ പ്രാട്ടോ ആസ്റ്റ്രലോയ്‌ഡ്‌ വർഗമെന്ന്‌ വിളിക്കുന്നു.

സാകല്യേനയുള്ള ആധുനികഭാരതീയ ജനസമൂഹം വളരെ സങ്കീർണമാണെന്നും അവഗണിക്കാന്‍ പാടില്ലാത്ത പ്രാദേശികവിപരിണാമങ്ങള്‍ ജനങ്ങള്‍ക്കിടയിൽ ഉണ്ടായിട്ടുണ്ടെന്നും അല്‌പംകൂടി സാമാന്യവത്‌കരിച്ചു പറഞ്ഞാൽ ഒരേ ജനവർഗത്തിന്റെ അടിത്തട്ടുകളിലും മുകള്‍ത്തട്ടുകളിലും ഉള്ള ആളുകളിൽത്തന്നെ സാരമായ വർഗവ്യതിയാനങ്ങള്‍ കാണാന്‍ കഴിയുമെന്നും ജനവർഗ വിശകലനം വ്യക്തമാക്കുന്നു. നരവംശശശാസ്‌ത്രജ്ഞന്മാർക്ക്‌ പുറമേ ജൈവരസതന്ത്രജ്ഞന്മാർ രക്തഗ്രൂപ്പുകളെ അടിസ്ഥാനമാക്കി ചില വർഗീകരണങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാൽ ഈ പ്രക്രിയകള്‍ക്ക്‌ സർവസമ്മതമായ ഒരു വർഗവിഭജനപദ്ധതി ആവിഷ്‌കരിക്കാനായിയെന്ന്‌ പറയാവതല്ല. എച്ചിയാലൊടുങ്ങാത്ത ഗിരിവർഗവിഭാഗങ്ങളും അവയുടെ അവാന്തരശാഖകളും മറ്റും ഒരു വർഗീകരണസമീപനത്തിനും ഇതുവരെ വഴങ്ങിയിട്ടില്ല. ഉദാഹരണമായി ബിഹാറിലും ഒറീസയിലും മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്ന സന്താള്‍വർഗക്കാരുടെ അധിവാസങ്ങള്‍ ബംഗാളിന്റെ പല ഭാഗങ്ങളിലും കാണാനുണ്ട്‌. ജനസംഖ്യാവിതരണത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഒരു ഏകതാനത സാർവത്രികമായി ഉണ്ടാക്കാന്‍ കഴിയാത്തിടത്തോളംകാലം ഭാരതീയ ജനവർഗങ്ങളുടെ നരവംശശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം ദുഷ്‌ കരമായിത്തുടരുകയേ ഉള്ളൂ എന്നാണ്‌ ഈ ശിക്ഷണത്തിൽ ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ളവരുടെ പൊതുനിഗമനം.

ഭാഷയും സാഹിത്യവും

ഇന്ത്യയിൽ 179 ഭാഷകളും 544 ഭാഷാഭേദങ്ങളും ഉള്ളതായി ജോർജ്‌ ഗ്രീയേഴ്‌സണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയെ നാല്‌ ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു: ദ്രാവിഡ, ആര്യദ്രാവിഡഗോത്രങ്ങളാണ്‌ പ്രധാനപ്പെട്ടവ. ആസ്റ്റ്രിക്‌-സിനോതിബത്തന്‍ ഭാഷകള്‍ ചെറിയൊരു ശതമാനം ജനങ്ങളിൽ മാത്രമായി ഒതുങ്ങിനില്‌ക്കുന്നു. ഹിമാലയസാനുക്കളിൽ അങ്ങിങ്ങു പ്രചാരത്തിലിരിക്കുന്ന 116-ഓളം ഗിരിഭാഷകള്‍ സിനോതിബത്തന്‍ ഗോത്രത്തിൽപ്പെടുന്നവയാണെന്നു കരുതപ്പെടുന്നു. ആര്യദ്രാവിഡഗോത്രങ്ങളിൽ ഉള്‍പ്പെടാത്ത സ്വതന്ത്രഭാഷകളാണ്‌ സാന്താളി, മുണ്ഡാരി, മണിപ്പുരി, ഖാസി, ഗോണ്ഡി തുടങ്ങിയവയെന്ന്‌ ഒരു വാദവുമുണ്ട്‌. ഇന്ത്യന്‍ ജനതയുടെയും അവരുടെ സംസ്‌കാരത്തിന്റെയും വികാസപരിണാമങ്ങളിൽ വിവിധ ഭാഷാവർഗങ്ങളുടെ സങ്കരം ദൃശ്യമാണ്‌. വിവിധ ഭാഷകള്‍ പരസ്‌പരം സ്വാധീനിച്ചിരുന്നു, മൂവായിരം വർഷങ്ങളോളം ഈ പ്രക്രിയ ശക്തമായി തുടർന്നുപോന്നു. തത്‌ഫലമായി ഈ ഭാഷകള്‍ക്കു പൊതുവായ ഒരു ഭാരതീയത്വം കൈവരികയും ചെയ്‌തിട്ടുണ്ട്‌.

ആര്യഭാഷകള്‍ കഴിഞ്ഞാൽ ആദ്യമായി സാഹിത്യവികാസം സിദ്ധച്ചതു ദ്രാവിഡഭാഷകള്‍ക്കാണ്‌. മറ്റു ഭാഷകള്‍ പിന്നെയും ഏറെക്കാലത്തേക്ക്‌ ലിഖിതസാഹിത്യമില്ലാതെ തുടർന്നു. സംസ്‌കൃതത്തിനും ആധുനിക ആര്യഭാഷകള്‍ക്കും ഇടയിൽനില്‌ക്കുന്ന മധ്യ ഇന്തോ-ആര്യന്‍ഭാഷാഭേദങ്ങള്‍ എല്ലാംതന്നെ പ്രാകൃതമെന്നും അപഭ്രംശമെന്നും വിളിക്കപ്പെടുന്ന ഭാഷാഭേദങ്ങളിൽപ്പെടുന്നു. പുരാതനകാലം മുതൽ എ.ഡി. ഒന്നാംശതകം വരെ ശാസനങ്ങള്‍ പ്രാകൃതത്തിലാണ്‌ എഴുതപ്പെട്ടിരുന്നത്‌. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ അശോകന്റെ മുപ്പതോളം ശാസനങ്ങളാണ്‌. കാലനിർണയനം ചെയ്യപ്പെട്ട ആദ്യത്തെ ഭാരതീയസാഹിത്യരേഖകളാണിവ. പുരാതനകാലം മുതൽ സംസ്‌കൃതനാടകകാരന്മാർ തങ്ങളുടെ കൃതികളിൽ പ്രാകൃതത്തിന്റെ വിവിധഭേദങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. എന്നാൽ ഈ ഭാഷാ ഭേദങ്ങള്‍ ജനജീവിതത്തെയോ ഭാഷയുടെ സാമൂഹികസ്ഥാനത്തെയോ പ്രതിഫലിപ്പിച്ചിരുന്നില്ല. പ്രാകൃതത്തിൽ മാത്രമായി രചിക്കപ്പെട്ട ചില നാടകങ്ങളും ഇല്ലാതില്ല. ഇവയിൽ രാജശേഖരന്റെ കർപ്പൂരമഞ്‌ജരി (എ.ഡി. 900) ആണ്‌ മുന്നിട്ടുനില്‌ക്കുന്നത്‌.

പ്രാകൃതത്തിൽ മഹാകാവ്യങ്ങളും ആഖ്യാനകവിതകളും രചിക്കപ്പെട്ടിരുന്നതിന്റെ തെളിവുകളാണ്‌ ഗുണാഢ്യന്റെ ബൃഹദ്‌കഥയും പ്രവരസേനന്റെ സേതുബന്ധനവും മറ്റും. പ്രാകൃതത്തിന്റെ ഒരു വകഭേദമായ അപഭ്രംശത്തിൽ ഭാഷാപരമായ ചില പ്രത്യേകതകള്‍ ഉള്ളതിനാൽ അതിനെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്‌. അശ്വഘോഷന്റെ സാരിപുത്രപ്രകരണം എന്ന നാടകത്തിലാണ്‌ അപഭ്രംശം ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന്‌ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഭാസന്റെ പഞ്ചരാത്രത്തിൽ (എ.ഡി. മൂന്നാം ശതകം) അപഭ്രംശരൂപങ്ങള്‍ കാണാന്‍ കഴിയും. അതുപോലെ വിശാഖദത്തന്റെ മുദ്രാരാക്ഷസത്തിലുമുണ്ട്‌ അപഭ്രംശത്തിന്റെ ഉദാഹരണങ്ങള്‍. കാളിദാസന്റെ വിക്രമോർവശീയത്തിൽ അപഭ്രംശത്തിലുള്ള 16 ശ്ലോകങ്ങള്‍ ഉണ്ട്‌.

മതം, നീതിശാസ്‌ത്രം, സന്‍മാർഗം തുടങ്ങിയവ പ്രതിപാദിക്കുന്ന പല കഥാകാവ്യങ്ങളും അപഭ്രംശത്തിലുണ്ട്‌. ജൈനമതാചാര്യന്മാരുടെ ജീവിതം ചിത്രീകരിക്കുന്ന ആഖ്യാനകാവ്യങ്ങളും വിരളമല്ല. ജൈനേതരസാഹിത്യങ്ങളിൽ വിദ്യാപതിയുടെ കീർത്തിലത (14-ാം ശ.) ആണ്‌ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌.

അപഭ്രംശത്തിൽനിന്നാണ്‌ ആധുനിക ഇന്തോ-ആര്യന്‍ ഭാഷകള്‍ ഉരുത്തിരിഞ്ഞുയർന്നത്‌. അവയിൽ അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കാശ്‌മീരി, മറാഠി, ഒറിയ, പഞ്ചാബി, സിന്ധി, ഉർദു, നേപ്പാളി എന്നിവയ്‌ക്കാണ്‌ പ്രാമുഖ്യം. (നോ: ഇന്തോ-ആര്യന്‍ ഭാഷകള്‍).

ദ്രാവിഡഭാഷകള്‍. ദക്ഷിണേന്ത്യയിൽ സംസാരിക്കപ്പെടുന്ന ഭാഷകളാണ്‌ പൊതുവിൽ ദ്രാവിഡഭാഷകള്‍ എന്നറിയപ്പെടുന്നത്‌. ഇവയിൽ തമിഴ്‌, തെലുഗു, കന്നട, മലയാളം എന്നിവയാണ്‌ പ്രധാനപ്പെട്ടവ. ഈ ഓരോന്നിനും സ്വന്തമായ ലിപിയും സമ്പന്നമായ സാഹിത്യപാരമ്പര്യവുമുണ്ട്‌. മറ്റൊരു ദ്രാവിഡഭാഷയായ തുളുവിന്‌ സ്വന്തമായ ലിപിയില്ല. മലയാളലിപി മുമ്പ്‌ തുളുവിന്റേതുകൂടിയായിരുന്നു. ഇപ്പോള്‍ തുളുവിനു കന്നട ലിപിയാണ്‌ ഉപയോഗിച്ചുപോരുന്നത്‌.

ദ്രാവിഡഭാഷകളിൽ ഏറ്റവും പുരാതനമായ ഭാഷ തമിഴാണ്‌. ഉദ്ദേശം 20 നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ തമിഴ്‌ ദക്ഷിണേന്ത്യയുടെ മൊത്തം ഭാഷയായിരുന്നു എന്ന്‌ അഭ്യൂഹിക്കപ്പെടുന്നു. അന്നുമുതൽ ധാരമുറിയാതെ തുടർന്നുപോന്നതാണ്‌ തമിഴ്‌ സാഹിത്യപാരമ്പര്യം. സംഘകാലം മുതലാണ്‌ ഇത്‌ ആരംഭിക്കുന്നത്‌. തെലുഗുവും കന്നടയും ആദ്യകാലത്ത്‌ ഏറെക്കുറെ സദൃശമായിരുന്നു. ആദ്യം തെലുഗുവും പിന്നീട്‌ കന്നടയും തമിഴിൽനിന്നു പിരിഞ്ഞു എന്ന്‌ കന്നഡിന്‍ പറയുന്നു. 11-ാം ശ.-ത്തിൽ നന്നയ്യയുടെ മഹാഭാരതവിവർത്തനത്തോടുകൂടിയാണ്‌ തെലുഗു സാഹിത്യം ആവിർഭവിച്ചതെന്ന്‌ പറയാം. സമ്പന്നമായ ഒരു സാഹിത്യം ആധുനിക തെലുഗിന്‌ സ്വായത്തമായിരിക്കുന്നു. കന്നടയിൽ ക്രിസ്‌തുവർഷത്തിന്റെ ആദ്യശതകങ്ങള്‍ വരെ സാഹിത്യകൃതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എ.ഡി. 450-ലെ ചില കന്നട ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും അവ സാഹിത്യവിഭാഗത്തിൽ ഉള്‍പ്പെടുന്നവയല്ല. ഒന്‍പതാം ശ. മുതല്‌ക്കാണ്‌ കന്നട സാഹിത്യം രൂപപ്പെട്ടുവന്നത്‌. പമ്പ (എ.ഡി. 10-ാം ശ.) ആണ്‌ കന്നട കവിതയുടെ പിതാവ്‌. കേരളം എട്ടാം ശ. മുതൽ ഭാഷാപരമായി വേർപിരിഞ്ഞതിന്റെ ഫലമായാണ്‌ മലയാളം എന്ന ഭാഷ രൂപപ്പെട്ടത്‌. ദ്രാവിഡഗോത്രത്തിൽ ഏറ്റവുമൊടുവിൽ വികാസമാർജിച്ച ഭാഷയാണ്‌ മലയാളം. തമിഴിന്റെ സ്വാധീനത്തിൽ വളർന്നുവന്ന മലയാളം പില്‌ക്കാലത്ത്‌ സംസ്‌കൃതവുമായി ഏറെ ബന്ധപ്പെട്ടു. ആധുനിക മലയാളം സാഹിത്യസമ്പന്നമാണ്‌.

ഭാഷാശാസ്‌ത്രപഠനം. ആധുനികരീതിയിലുള്ള ഭാഷാശാസ്‌ത്രപഠനം ഇന്ത്യയിൽ ആരംഭിച്ചത്‌ 18-ാം ശ.-ത്തിന്റെ അവസാനദശകങ്ങളിലാണ്‌; അതിനുനേതൃത്വം വഹിച്ചതാകട്ടെ യൂറോപ്യന്മാരായ ഏതാനും പണ്ഡിതരായിരുന്നു. 1784-ൽ വില്യം ജോണ്‍സ്‌ കൊൽക്കത്ത കേന്ദ്രമാക്കി ഏഷ്യാറ്റിക്‌ സൊസൈറ്റി എന്ന സ്ഥാപനം ആരംഭിച്ചതോടെ പൗരസ്‌ത്യഭാഷാപഠനം അതിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിത്തീർന്നു. ജോണ്‍സിനെപ്പോലെ (1746-94) ഈ വിജ്ഞാനശാഖയുടെ വികാസത്തിനുവേണ്ടി യത്‌നിച്ചവരാണ്‌ ചാള്‍സ്‌ വിൽകിന്‍സ്‌ (1750-1836), ഹെന്‌റി കോള്‍ബ്രൂക്ക്‌ (1765-1837) എന്നിവർ. സംസ്‌കൃതം, ഗ്രീക്‌, ലത്തീന്‍, ഐറേനിയന്‍, ജർമാനിക്‌, കെൽറ്റിക്‌ എന്നീ ഭാഷകളുടെ ഗോത്രപരമായ സാജാത്യം വെളിപ്പെടുത്തുന്നതിനും താരതമ്യ ഭാഷാശാസ്‌ത്രപഠനത്തിനും ആധുനിക ഗവേഷണസിദ്ധാന്തങ്ങള്‍ക്കും ഈ പണ്ഡിതന്മാർ തുടക്കം കുറിച്ചു. വില്യം ജോണ്‍സ്‌ ശാകുന്തളം, മനുസ്‌മൃതി എന്നിവയും ചാള്‍സ്‌ വിൽകിന്‍സ്‌ ഭഗവദ്‌ഗീതയും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌തു. കോള്‍ബ്രൂക്ക്‌ 1805-ൽ കൊൽക്കത്തയിൽ പ്രസിദ്ധീകരിച്ച സംസ്‌കൃതവ്യാകരണം (ഇംഗ്ലീഷ്‌) ആണ്‌ ഈ പ്രസ്ഥാനത്തിൽ വിദേശഭാഷയിലുണ്ടായ ആദ്യത്തെ കൃതി.

19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽ സെറാംപൂരിലെ (ബംഗാള്‍) ബാപ്‌ടിസ്റ്റ്‌മിഷനറി ആയ വില്യംകാരി ചില ഭാരതീയ പണ്ഡിതന്മാരുടെ സഹായത്തോടുകൂടി ഉത്തരേന്ത്യന്‍ഭാഷകള്‍ സംസ്‌കൃതജന്യങ്ങളാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. 1856-ൽ റോബർട്ട്‌ കാള്‍ഡ്‌വെൽ തെന്നിന്ത്യന്‍ ഭാഷകളുടെ ഗോത്രത്തിന്‌ ദ്രാവിഡം എന്ന സംജ്ഞനല്‌കി. ഏതാണ്ടിതേകാലയളവിൽ മാക്‌സ്‌മുള്ളർ മുണ്ഡാഗോത്രമെന്ന പുതിയൊരു ഭാഷാകുടുംബത്തെ കണ്ടെത്തി. ഇന്ത്യയിൽ സിനോ-തിബത്തന്‍ എന്നൊരു ഭാഷാഗോത്രം കൂടിയുണ്ടെന്ന്‌ ബ്രിയാന്‍ ഹോഡ്‌ജ്‌സണ്‍ എന്ന ഗവേഷകന്‍ സമർഥിച്ചു. ഖാസി-മോണ്‍ഖെർ ഗോത്രവും മുണ്ഡാ (അഥവാ കോള്‍) വംശവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സി.ജെ. എഫ്‌.എസ്‌. ഫോർബ്‌സ്‌ പഠനം നടത്തിയതും ഏതാണ്ടിക്കാലത്താണ്‌.

19-ാം ശ.-ത്തിന്റെ മധ്യദശകങ്ങളിൽ, ഇന്ത്യയിലെ ഭാഷകളുടെ വംശബന്ധങ്ങള്‍ നിർണയിക്കുന്നതിൽ യൂറോപ്യന്മാരായ ശബ്‌ദഗമശാസ്‌ത്രജ്ഞന്മാർ വിജയം വരിച്ചു. ഭാഷാഗോത്രങ്ങളെ അടിസ്ഥാനപ്പെടുത്തി അവർ നടത്തിയ വർഗീകരണം ഇങ്ങനെയാണ്‌:

(i) ആര്യന്‍ (ഇന്തോ-ആര്യന്‍); (ii) ദ്രാവിഡം; (iii) ആസ്റ്റ്രിക്‌ ഗോത്രത്തിൽപ്പെട്ട ആസ്റ്റ്രാ-ഏഷ്യാറ്റിക്‌ തായ്‌വഴിയിലെ മുണ്ഡാ അഥവാ കോള്‍ ഭാഷകള്‍. (iv) സിനോ-തിബത്തന്‍ (തിബത്തോ-ചൈനീസ്‌). ഈ ഗോത്രവിഭജനത്തിന്റെ കർത്താക്കളായി അറിയപ്പെടുന്നത്‌ എഴ്‌സ്‌കൈന്‍ പെരി, ആർ.എ.എസ്‌. സ്റ്റീവന്‍സണ്‍ എന്നിവരാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌. ജോണ്‍ബീമ്‌സ്‌ ഭാരതീയശബ്‌ദശാസ്‌ത്രം (Outlines of Indian philology)രചിച്ചത്‌. തുടർന്ന്‌ ഭാഷാസാഹിത്യ ചരിത്രങ്ങളായും ശബ്‌ദശാസ്‌ത്ര നിബന്ധങ്ങളായും ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകൃതങ്ങളായി.

അംഗീകൃതഭാഷകള്‍. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയിൽ 22 ഭാഷകള്‍ക്ക്‌ ഔദ്യോഗികാംഗീകാരം നല്‌കപ്പെട്ടിട്ടുണ്ട്‌: അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കർണാടകം, കാശ്‌മീരി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, തമിഴ്‌, തെലുങ്ക്‌, ഉർദു, കൊങ്കണി, മണിപ്പൂരി, നേപ്പാളി, സിന്ധി, ബോഡോ, ഡോഗ്രി, മൈഥിലി, സന്താവി. ഇന്ത്യയുടെ ഔദ്യോഗികഭാഷയായി ഹിന്ദിയോടൊപ്പം ഇംഗ്ലീഷിനും സ്ഥാനം കല്‌പിച്ചിരിക്കുന്നു. സംസ്‌കൃതം ഇന്നു സംസാരിക്കപ്പെടുന്നില്ലെങ്കിലും ഇന്ത്യയിൽ അതിന്റെ പ്രാധാന്യം നിലനില്‌ക്കുന്നുണ്ട്‌. ഭരണഘടനയുടെ എട്ടാംപട്ടികയിൽ തുടക്കത്തിൽ ഉള്‍പ്പെടാത്ത ചില ഭാഷകള്‍കൂടി ഔദ്യോഗികമായി അംഗീകരിക്കപ്പെടണമെന്ന്‌ പ്രസക്ത ഭാഷക്കാർ വാദിച്ചുവന്നു; ഉദാഹരണമായി സിന്ധി ഭാഷ. അഭയാർഥികളായി വന്ന 7 ലക്ഷത്തോളം പേർ സംസാരിച്ചിരുന്ന ഭാഷയാണിത്‌. ഈ വാദങ്ങള്‍ അംഗീകരിച്ച്‌ ഭരണഘടനാഭേദഗതികളിലൂടെ എട്ടുഭാഷകള്‍ കൂടി ഉള്‍പ്പെടുത്തപ്പെട്ടതോടെയാണ്‌ ഷെഡ്യൂള്‍ ചെയ്യപ്പെട്ടവ 22 ആയത്‌. ഭാഷാസാഹിത്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ഇന്ത്യയിലെ ഭാഷാഗോത്രങ്ങള്‍, വ്യത്യസ്‌തഭാഷകള്‍, ഓരോ വികസിതഭാരതീയ ഭാഷയിലെയും സാഹിത്യങ്ങള്‍, ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം എന്നിവയെക്കുറിച്ചുള്ള പ്രത്യേക ലേഖനങ്ങളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മതം

വിവിധ മതങ്ങളുടെയും മതസഹിഷ്‌ണുതയുടെയും നാടാണ്‌ ഇന്ത്യ. ഇവിടെ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം, ക്രിസ്‌തുമതം, ഇസ്‌ലാംമതം, സരതൂഷ്‌ട്രമതം, യഹൂദമതം എന്നിവ വളരെക്കാലമായി പ്രാബല്യത്തിലിരിക്കുന്നു. ഒരു മതത്തിന്റെയും ഭാഗമാകാന്‍ ആഗ്രഹിക്കാത്തവരും ഇന്ത്യയിലുണ്ട്‌.

ഹിന്ദുമതം. ജനസംഖ്യയുടെയും പ്രാചീനതയുടെയും അടിസ്ഥാനത്തിൽ ഹിന്ദുമതത്തിനാണ്‌ പ്രാമുഖ്യം കൈവന്നിട്ടുള്ളത്‌. ഇന്ത്യയിലെ പ്രാചീനഗ്രന്ഥങ്ങളായ വേദങ്ങളിലോ പുരാണേതിഹാസങ്ങളിലോ ഹിന്ദുശബ്‌ദം പ്രയോഗിച്ചു കാണുന്നില്ല. ഹിന്ദുമതം സനാതനമതം എന്ന്‌ മറ്റൊരുപേരിൽ വ്യവഹരിക്കപ്പെട്ടു തുടങ്ങുന്നതുപോലും ആധുനികകാലത്തു മാത്രമാണ്‌. വേദങ്ങള്‍ അനാദികള്‍ അഥവാ സനാതനങ്ങളാണ്‌ എന്ന വിശ്വാസമുള്ളതുകൊണ്ടാണ്‌ പാരമ്പര്യാഭിമാനസൂചകമായ ഈ വ്യവഹാരം ആരംഭിച്ചത്‌. വ്യാപ്‌തികൊണ്ടും വികസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷംകൊണ്ടും ഹിന്ദുമതത്തിന്‌ ശരിയായ ഒരു നിർവചനം ഇന്നും സാധ്യമല്ലാതെയാണിരിക്കുന്നത്‌. എല്ലാവരും സാമാന്യമായി അംഗീകരിച്ചിട്ടുള്ള ഒരു പൊതുവിശ്വാസസംഹിതയോ ഒരു പൊതു ആചാരസംഹിതയോ ഒരു പൊതു ആരാധനാസമ്പ്രദായമോ, ക്രിസ്‌തുമതത്തിനും ഇസ്‌ലാം മതത്തിനും മറ്റും ഉള്ളതുപോലെ ഹിന്ദുമതത്തിന്‌ ഇല്ലെന്നുള്ളതാണ്‌ വാസ്‌തവം. ഹിന്ദുമതത്തെ ഒരു മതം എന്നു പറയുന്നതിനെക്കാള്‍ പ്രായേണ ഒരേ ദേവതാഗണത്താൽ ബദ്ധമായ സമ്മിശ്രവിശ്വാസങ്ങളുടെ സമുദായം എന്നു വിവിക്ഷിക്കുന്നതായിരിക്കും കൂടുതൽ ശരി. രണ്ടഗ്രങ്ങളിൽ നില്‌ക്കുന്ന ഹിന്ദുമതവിശ്വാസികളുടെ ആചാരാനുഷ്‌ഠാനങ്ങള്‍ തമ്മിലുള്ള അന്തരം ചിലപ്പോള്‍ ഇസ്‌ലാം-ക്രിസ്‌തുമതങ്ങള്‍ക്കു തമ്മിലോ യഹൂദ-സരതൂഷ്‌ട്രമതങ്ങള്‍ക്കു തമ്മിലോ ഉള്ള അന്തരത്തെക്കാള്‍ കൂടുതലാണെന്ന്‌ കാണുവാനും പ്രയാസമില്ല. പരസ്‌പരം രഞ്‌ജിപ്പില്ലാത്ത അനേകം സിദ്ധാന്തങ്ങളെ ഹിന്ദുമതം ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ പ്രാചീനമായ മതങ്ങളിൽ ഒന്ന്‌ എന്ന വിശേഷഖ്യാതി ഹിന്ദുമതത്തിനുണ്ട്‌.

സ്വാമിനാരായണ്‍ അക്ഷർധാം ക്ഷേത്രം-ഡൽഹി

ഹിന്ദുമതത്തിന്റെ പ്രാരംഭംമുതലുള്ള വികാസപരിണാമചരിത്രത്തെ പല ഘട്ടങ്ങളായി തിരിക്കാവുന്നതാണ്‌. പ്രാഗ്‌ദ്രാവിഡം ആണ്‌ ആദ്യത്തേത്‌. വളരെ പ്രാകൃതങ്ങളായ വിശ്വാസങ്ങളാണ്‌ ആ ഘട്ടത്തിൽ ഇവിടെ പ്രചരിച്ചിരുന്നത്‌. തമിഴ്‌നാട്‌, കേരളം, അസം, അന്തമാന്‍ദ്വീപുകള്‍ എന്നിവിടങ്ങളിലെ മലവാരങ്ങളിൽ നീഗ്രിറ്റോവംശജരെ ഇന്നും കാണാനുണ്ട്‌. പ്രാട്ടോ ആസ്റ്റ്രലോയ്‌ഡ്‌ വർഗക്കാർ ഇവിടെ മുമ്പുണ്ടായിരുന്ന ജനവർഗങ്ങളുമായി കൂടിക്കഴിയുകയാൽ ജനവർഗപരമായും ഇന്ത്യയെ സ്വാധീനിക്കുവാന്‍ അവർക്കു സാധിച്ചിട്ടുണ്ട്‌. മരണാനന്തരം ആത്മാവു നിലനില്‌ക്കുന്നു എന്ന വിശ്വാസം, ജന്തുക്കള്‍ മരിച്ചശേഷം കർമാനുസാരിയായി വീണ്ടും ജന്‍മമെടുക്കുന്നു എന്ന ആശയം, നാഗ-വാനര-ഗജാദി ജന്തുക്കളോടുള്ള ആരാധനാമനോഭാവം, ലിംഗപൂജ, അശ്വത്ഥപൂജ എന്നിങ്ങനെ ഹിന്ദുമതത്തിൽ ഇന്നു നിലവിലുള്ള പല അംശങ്ങളും ഈ പ്രാഗ്‌ ദ്രാവിഡജനവർഗങ്ങളിൽനിന്നാണ്‌ കിട്ടിയിട്ടുള്ളത്‌. ലിംഗം, ഗംഗ എന്നീ പദങ്ങളുടെ ഉത്‌പത്തിപോലും പ്രാട്ടോ ആസ്റ്റ്രലോയ്‌ഡുകളിൽ നിന്നാണെന്നു വ്യക്തമായിട്ടുണ്ട്‌. അണ്ഡത്തിൽനിന്നു പ്രപഞ്ചമുണ്ടായി എന്ന സങ്കല്‌പത്തെ ആസ്‌പദമാക്കിയുള്ള പ്രപഞ്ചോത്‌പത്തികഥകള്‍ക്കും ജാതകകഥകള്‍ക്കും പഞ്ചതന്ത്ര-ഹിതോപദേശകഥകള്‍ക്കും വിഷ്‌ണുവിന്റെ മത്സ്യ-കൂർമാവതാര കഥകള്‍ക്കും നിദാനം ഈ ചരിത്രാതീതകാല ജനവർഗത്തിനിടയിലുണ്ടായിരുന്ന വിശ്വാസങ്ങളായിരിക്കണം.

ഭാരതത്തിൽ എഴുതപ്പെട്ട ചരിത്രകാലം ആരംഭിക്കുന്നതു മോഹന്‍ജൊദരോ (3000 ബി.സി.) സംസ്‌കാരത്തിന്റെ കാലഘട്ടത്തോടുകൂടിയാണ്‌. മോഹന്‍ജൊദരോവിലെ ഭഗ്നാവശിഷ്‌ടങ്ങളിൽനിന്ന്‌ മാതൃദേവത, ശിവലിംഗങ്ങള്‍, യോഗാസനത്തിലിരിക്കുന്ന ദേവത, രക്ഷാമുദ്രകള്‍, മൃഗങ്ങളുടെ രൂപങ്ങള്‍ എന്നിവ കണ്ടുകിട്ടിയിട്ടുള്ളതുകൊണ്ട്‌ പ്രാഗ്‌ദ്രാവിഡഘട്ടത്തിലെ ചില അംശങ്ങള്‍ തുടർന്നുവന്നിട്ടുള്ളതായും ശക്തിപൂജയ്‌ക്ക്‌ മതാനുഷ്‌ഠാനങ്ങളിൽ സ്ഥാനം ലഭിച്ചിട്ടുള്ളതായും കരുതാം. മോഹന്‍ജൊദരോസംസ്‌കാരത്തിന്റെ ശില്‌പികള്‍ ആര്യന്മാർക്കു മുമ്പ്‌ ഭാരതത്തിലേക്കു കുടിയേറിപ്പാർത്ത ദ്രാവിഡജനവർഗമായിരുന്നു. മധ്യധരണ്യാഴിതീരങ്ങളിൽനിന്നു വന്നുചേർന്ന ഇവരിൽ ഒരു വിഭാഗം ദക്ഷിണാഭിമുഖമായി സഞ്ചരിച്ച്‌ തെക്കേഇന്ത്യയിലും വാസമുറപ്പിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള ഹിന്ദുമതവിശ്വാസങ്ങളിൽ ഈ പുരാതന ദ്രാവിഡകാലഘട്ടത്തിന്റെ മുദ്രകള്‍ പലതും കാണുന്നുണ്ട്‌. തന്ത്രം, സന്യാസം മുതലായവ ദൃഷ്‌ടാന്തങ്ങളായിപ്പറയാം. പൂജ എന്ന പദവും പൂജാവിധികളും ദ്രാവിഡജനതയുടെ സംഭാവനയാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കാൽദിയന്‍-ബാബിലോണിയന്‍ ജനതകളുടെ സംസ്‌കാരവുമായി ഈ ദ്രാവിഡസംസ്‌കാരം ബന്ധപ്പെട്ടുകിടക്കുന്നു.

ക്രിസ്‌തുവിന്‌ 2,000 കൊല്ലങ്ങള്‍ക്കുമുമ്പ്‌ മധ്യേഷ്യയിൽനിന്ന്‌ ഇന്ത്യയിൽവന്നു കുടിപാർത്ത ഇന്തോയൂറോപ്യന്‍വർഗലക്ഷണമുള്ള ആര്യന്മാരുടെ വൈദികകാലം അടുത്തഘട്ടമായി പരിഗണിക്കാം. വൈദികമതത്തിന്‌ പുരാതനഗ്രീസിലെയും റോമിലെയും സ്‌കാന്‍ഡിനേവിയയിലെയും മതങ്ങളുമായി ബന്ധം കാണുന്നു. ആര്യന്മാർ ഇന്ത്യയിൽ കുടിയേറിപ്പാർത്തപ്പോള്‍ അവരുടെ ദേവന്മാരും ആരാധനാക്രമങ്ങളും ഇവിടെ ക്രമേണ പ്രചാരം നേടിത്തുടങ്ങി. വൈദികമതത്തിന്റെ ആദിരൂപം സരളമായ പ്രകൃത്യാരാധനയാണ്‌. ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ അന്നുണ്ടായിരുന്നില്ല. എവിടെ വേണമെങ്കിലും യാഗശാല പണിയാം. അനേകം ദേവതകളെപ്പറ്റി വേദങ്ങളിൽ പ്രസ്‌താവിക്കുന്നുണ്ട്‌. അദിതി, ആദിത്യന്മാർ, അഗ്നി, അര്യമാവ്‌, അശ്വികള്‍, ദ്യോവ്‌, മരുത്തുക്കള്‍, മിത്രന്‍, പർജന്യന്‍, പൃഥ്വി, രുദ്രന്‍, സരണ്യു, സൂര്യന്‍, ഉഷസ്സ്‌, വരുണന്‍, വായു, വിപസ്വാന്‍, യമന്‍ എന്നിവരാണ്‌ അതിൽ മുഖ്യന്മാർ. അനേകം ദേവതകളിൽ വിശ്വാസമുറപ്പിച്ചിട്ടുള്ള ആര്യന്‍മാരുടെ സൂക്തങ്ങളിൽ ഏകദേവതാവിശ്വാസത്തെ സൂചിപ്പിക്കുന്ന പരാമർശങ്ങളും കാണാനുണ്ട്‌. ലിംഗപൂജയെ ഋഗ്വേദത്തിൽ നിന്ദിച്ചിട്ടുണ്ട്‌. മന്ത്രവാദവും ആഭിചാരവും വിലക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട്‌ അഥർവവേദകാലമായപ്പോഴേക്കും ഈ വകയെല്ലാം ഹിന്ദുമതവിശ്വാസസംഹിതയുടെ ഭാഗങ്ങളായിത്തീർന്നു. വൈദികമതത്തിൽ ധർമത്തിന്‌ ഏറ്റവും പ്രമുഖമായ സ്ഥാനമാണ്‌ കൊടുത്തിട്ടുള്ളത്‌. ഋതം എന്ന വാക്കിൽ ആര്യന്മാരുടെ എല്ലാ ധർമസങ്കല്‌പങ്ങളും അടങ്ങിയിരിക്കുന്നു. ബി.സി. ആറാം ശതകത്തിൽ ഇന്ത്യയിലുടലെടുത്ത ജൈന,ബൗദ്ധമതങ്ങള്‍ മറ്റൊരു ഘട്ടത്തെ കുറിക്കുന്നു. ഇവ രണ്ടും വേദങ്ങളെ പ്രമാണമായി സ്വീകരിക്കാതിരുന്നതുമൂലം അവൈദികങ്ങളായി പറയപ്പെടുന്നു. ബുദ്ധ-ജൈനമതങ്ങളെ നാസ്‌തിക മതങ്ങള്‍ എന്നു വ്യവഹരിക്കുന്നു.

ഹിന്ദുമതചരിത്രത്തിൽ അടുത്തതായി കാണുന്നത്‌ പൗരോഹിത്യാധിപത്യകാലമാണ്‌. ബ്രാഹ്മണപൗരോഹിത്യത്തിന്‌ പ്രാബല്യം സിദ്ധിച്ച ഒരു കാലഘട്ടത്തിൽ (600 എ.ഡി.) വേദങ്ങളിൽ വിശ്വാസം, യാഗാദ്യനുഷ്‌ഠാനങ്ങള്‍, ചാതുർവർണ്യം എന്നീ മൂന്ന്‌ കാര്യങ്ങളിൽ നിഷ്‌ടപാലിച്ചുകൊണ്ടാണ്‌ ഈ മതസിദ്ധാന്തങ്ങള്‍ പ്രചരിച്ചത്‌. ഹിന്ദുമതത്തിൽ ജാതിവ്യവസ്ഥ ദൃഢമായിത്തീരുന്നതിന്‌ ഇത്‌ വഴിതെളിച്ചു. മനുസ്‌മൃതി, യാജ്ഞവല്‌ക്യസ്‌മൃതി എന്നിവയും ശ്രൗത-ഗൃഹ്യ-ധർമസൂത്രങ്ങളുമാണ്‌ ഈ വ്യവസ്ഥയുടെ ആധാരഗ്രന്ഥങ്ങളായിത്തീർന്നത്‌.

ബ്രാഹ്മണമതത്തെത്തുടർന്നുണ്ടായ "പൗരാണിക' ഘട്ടത്തിൽ ശൈവവൈഷ്‌ണവമതഭേദങ്ങള്‍ സംജാതമായി. ശൈവവൈഷ്‌ണവമതങ്ങള്‍ക്കു പ്രചാരം സിദ്ധിച്ചകാലത്ത്‌ ഹിന്ദുമതത്തിന്റെ മുഖ്യമായ ധാര ഭക്തിയായിരുന്നു. ഭക്തിപ്രസ്ഥാനത്തിൽ ദാദു, കബീർ, ഗുരുനാനാക്‌, മധ്വന്‍, രാമാനുജന്‍, ചൈതന്യന്‍, ആള്‍വാർമാർ, നായനാർമാർ എന്നിവർ പ്രത്യേകം സ്‌മരണീയരാണ്‌. ഇവരിൽ ദാദു, കബീർ, ഗുരുനാനാക്‌ എന്നിവരുടെ ശൈലികളിൽ ഇസ്‌ലാമികസ്വാധീനം തെളിഞ്ഞുകാണാം.

ആധുനിക കാലഘട്ടത്തെ ഹിന്ദുമതത്തിന്റെ പരിഷ്‌കരണഘട്ടമെന്നു പറയാം. മതചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെചലനം ദേശീയ ഹിന്ദുമതത്തിന്റെ അരങ്ങേറ്റമാണ്‌. ശിഥിലമായിക്കിടക്കുന്ന ഹിന്ദുമതത്തിലെ എല്ലാ രൂപഭേദങ്ങളെയും അത്യന്തം വിശിഷ്‌ടങ്ങളായി കരുതുകയും അവയെ സമന്വയിപ്പിച്ച്‌ ഏകോപിപ്പിച്ചു കൊണ്ടുവരുകിയും ചെയ്‌ത സന്ദർഭമാണിത്‌. ബ്രഹ്മസമാജം, ആര്യസമാജം, രാമകൃഷ്‌ണ മിഷന്‍ എന്നീ സ്ഥാപനങ്ങളാണ്‌ മുഖ്യമായും ഈ ഉദ്‌ഗ്രഥനപ്രക്രിയയിൽ സാരമായ പങ്കുവഹിച്ചത്‌.

ഇപ്രകാരം വികാസപരിണാമചരിത്ര വിശകലനത്തിൽ ഹിന്ദുമതം അനേകം ഘട്ടങ്ങളിലൂടെ കടന്നുവന്നതായും അനേകം നൂതനധാരകള്‍ ഉള്‍ക്കൊണ്ടതായും കാണുന്നു. എങ്കിലും അനുസ്യൂതത്വവും ചില പ്രത്യേകസിദ്ധാന്ത വിശ്വാസങ്ങളും ചേർന്ന്‌ അത്‌ ഇതരമതങ്ങളിൽനിന്നു വേറിട്ടു നിലകൊള്ളുന്നു. വേദങ്ങളോടുള്ള ആദരം, ഏതെങ്കിലും ഒരു ദൈവത്തിൽ വിശ്വാസം, വർണാശ്രമധർമം, നിത്യനൈമിത്തികകർമാനുഷ്‌ഠാനം, ആചാര്യഭക്തി, ജീവബ്രഹ്മബന്ധം, പുനർജന്മം എന്നീ ഹിന്ദുമതത്തിന്റെ കാതലായ കാര്യങ്ങള്‍ ഇന്നും അവികലമായിത്തന്നെ നിലകൊള്ളുന്നു.

മഹാബോധി ബുദ്ധക്ഷേത്രം-ഗയ

ബുദ്ധമതം. ബുദ്ധമതം സ്ഥാപിച്ചത്‌ ബുദ്ധന്‍ (ബി.സി. 567-487) എന്ന നാമത്തിൽ ആരാധ്യനായിട്ടുള്ള സിദ്ധാർഥനാണ്‌. നാല്‌ പ്രധാന തത്ത്വങ്ങളിൽ അധിഷ്‌ഠിതമാണ്‌ ബുദ്ധമതം: (1) ലോകം ദുരിതങ്ങളുടെയും ദുഃഖങ്ങളുടെയും ആസ്ഥാനമാണ്‌; (2) എല്ലാ ദുഃഖങ്ങള്‍ക്കും കാരണം ആഗ്രഹങ്ങള്‍ (തൃഷ്‌ണകള്‍) ആണ്‌; (3) ആഗ്രഹങ്ങള്‍ ഇല്ലാതാക്കിയാലേ ആനന്ദം കൈവരികയുള്ളൂ; (4) ആനന്ദലബ്‌ധിക്കുള്ള ഉപായം അഷ്‌ടമാർഗങ്ങളെ അനുസരിക്കലാണ്‌. നല്ല വീക്ഷണം, നല്ല വാക്ക്‌, നല്ല ജീവിതരീതി, നല്ല മനസ്ഥിതി, നല്ല ഉപദേശം, നല്ല പെരുമാറ്റം, നല്ല പ്രവൃത്തി, സന്തോഷം എന്നിവയാണ്‌ ബുദ്ധന്‍ ഉപദേശിച്ച അഷ്‌ടമാർഗങ്ങള്‍. ജാതി, മതം, വർഗം, ധനിക-ദരിദ്രഭേദം എന്നിവയിലൊന്നിനും ഈ മതത്തിൽ സ്ഥാനമില്ല. ഇത്രയും ഉത്‌കൃഷ്‌ടാദർശനിബദ്ധമാണ്‌ ബുദ്ധമതമെങ്കിലും പരമ്പരയാ ഇതിനെ അവൈദികമതമായിട്ടാണ്‌ കരുതിപ്പോന്നത്‌. ദൈവം, ആത്മാവ്‌ എന്നിവയെപ്പറ്റി പ്രസ്‌താവിച്ചിട്ടുള്ള വേദങ്ങളെ ഈശ്വരവാക്യമായി അനുസരിക്കുന്ന ഹിന്ദുക്കള്‍ക്ക്‌ അവയെപ്പറ്റി ഒന്നും പ്രസ്‌താവിക്കാത്ത ബുദ്ധമതം വേദബാഹ്യമായി തോന്നിയതിൽ ആശ്ചര്യപ്പെടുവാനില്ല. ബുദ്ധമതതത്ത്വങ്ങളിൽ പലതും സ്വീകാര്യമായിത്തോന്നിയ ഹിന്ദുമതത്തിന്‌ കാലക്രമത്തിൽ ആ മതത്തെ ലയിപ്പിക്കുവാനുള്ള താത്‌പര്യമുണ്ടാവുകയും ബുദ്ധനെ വിഷ്‌ണുവിന്റെ ഒരവതാരമായി സങ്കല്‌പിക്കുകയും ചെയ്‌തു എന്നത്‌ മതചരിത്രത്തിലെ ഒരു വസ്‌തുതയാണ്‌. അഹിംസാധിഷ്‌ഠിതമായ ആദർശങ്ങള്‍ ഭാരതത്തിന്റെ ആത്മാവിൽ വേണ്ടത്ര ഉറപ്പിച്ചത്‌ ബുദ്ധമതമാണ്‌.

ജൈനമതം. ബുദ്ധമതത്തോടൊന്നിച്ച്‌ രൂപംകൊണ്ടതാണ്‌ ജൈനമതം. ഹിന്ദുമതത്തിലെ പല പ്രധാന സിദ്ധാന്തങ്ങളും ഈഷദ്‌ വ്യതിയാനങ്ങളോടെ ഇതിൽ കാണാന്‍ കഴിയും. ഈ മതത്തിന്റെ ആചാര്യന്മാരായി 24 തീർഥങ്കരന്മാരുണ്ടായിരുന്നെന്നും ഒടുവിലത്തെ ആളാണ്‌ വർധമാനമഹാവീരനെന്നും പറയപ്പെടുന്നു. ഒരു നാഭിയുടെയും മേരുദേവിയുടെയും പുത്രനായി ഋഷഭനെന്ന പേരിൽ ഭാഗവതത്തിൽ പ്രസ്‌താവിക്കപ്പെട്ടിട്ടുള്ള യോഗിയാണ്‌ ആദ്യത്തെ തീർഥങ്കരനെന്നു വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും അനശ്വരമാണെന്ന്‌ ഈ മതം സിദ്ധാന്തിക്കുന്നു. ത്രിവിധകരണങ്ങളാലുമുള്ള ഹിംസ നിഷേധിക്കപ്പെട്ടിരിക്കുന്നു. ജന്മം മാറിമാറിയെടുക്കുമ്പോഴും ആത്മാവ്‌ ബോധം നിലനിർത്തുന്നുണ്ടെന്ന്‌ ഈ മതം സിദ്ധാന്തിക്കുന്നു. പന്ത്രണ്ട്‌സംവത്സരത്തെ ഇടവിടാതുള്ള തപസ്സുകൊണ്ട്‌ നിർവാണം പ്രാപിക്കാമെന്നാണ്‌ അവരുടെ വിശ്വാസം. കാലക്രമത്തിൽ ജൈനമതം ദുർബലമായിത്തീർന്നു. ഇന്ന്‌ ഇന്ത്യയിൽ വളരെകുറച്ച്‌ അനുയായികള്‍ മാത്രമേ ഈ മതത്തിനുള്ളൂ.

ദിൽവാര ജൈനക്ഷേത്രം-രാജസ്ഥാന്‍

സിക്കുമതം. ഗുരുനാനാക്‌ ഒരു പുതിയ മതത്തിന്റെ സ്ഥാപകനായി പരിഗണിക്കപ്പെടുന്നു; ഹിന്ദുമതത്തിന്റെതന്നെ ഒരു ശാഖയായി കരുതപ്പെടാവുന്ന സിക്കുമതമാണ്‌ അത്‌. പഞ്ചാബിൽ ജനിച്ച ഗുരുനാനാക്‌ (1469-1538) ഇന്ത്യയിലും, പേർസ്യ, തുർക്കിസ്‌താന്‍, ഇറാഖ്‌, മെക്ക എന്നിവിടങ്ങളിലും പര്യടനം നടത്തുകയുണ്ടായി. തദ്വാരാ താന്‍ സമാർജിച്ച വിശാലവീക്ഷണം ഹിന്ദു-ഇസ്‌ലാം മതങ്ങളുടെ സമന്വയനത്തിന്‌ അദ്ദേഹത്തെ പ്രരിപ്പിച്ചു. തദുപജ്ഞമായ സിക്കുമതത്തിന്റെ ആധാരഗ്രന്ഥമാണ്‌ ഗ്രന്ഥസാഹബ്‌. അതിൽ അദ്ദേഹം രചിച്ച അനേകം പദ്യങ്ങളടങ്ങിയിട്ടുണ്ട്‌. ഗുരുനാനാക്കിന്റെയും അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരായ 9 ഗുരുക്കന്മാരുടെയും ശ്രമഫലമായിട്ടാണ്‌ സിക്കുമതം ഇന്നത്തെനിലയിൽ വികാസം പ്രാപിച്ചത്‌. സ്വർഗപ്രാപ്‌തിയോ മോക്ഷലാഭമോ അല്ല ജീവിതലക്ഷ്യമെന്നും അവനവനിലുള്ള ഏറ്റവും നല്ലതിനെ വികസിപ്പിച്ചെടുക്കുകയാണ്‌ മനുഷ്യ കർത്തവ്യമെന്നും സിക്കുമതം ഉദ്‌ഘോഷിക്കുന്നു. സിക്ക്‌ ഗുരുക്കന്മാരുടെ അഭിപ്രായത്തിൽ നമ്മിലുള്ള ഏറ്റവും നല്ലത്‌ ഈശ്വരന്‍തന്നെയാണ്‌. നോ: സിക്കുമതം

സുവർണക്ഷേത്രം-പഞ്ചാബ്‌

ക്രിസ്‌തുമതം. എ.ഡി. 52-ൽ ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ തോമസ്‌ കേരളക്കരയിൽ വരികയും ക്രിസ്‌തുവിന്റെ സുവിശേഷം ഇവിടെ പ്രചരിപ്പിക്കുകയും ചെയ്‌തു എന്നു വിശ്വസിച്ചുപോരുന്നു. എ.ഡി. 345-ൽ ക്‌നായി തൊമ്മന്‍ എന്നൊരു കച്ചവടക്കാരന്‍ ഒരു മെത്രാനും കുറെ പുരോഹിതന്മാരുള്‍പ്പെടെ നാനൂറിൽപ്പരം ആളുകളുമായി കേരളക്കരയിൽ എത്തിയെന്നും, അന്നത്തെ കേരളാധിപന്‍ മഹോദയപുരത്ത്‌ അവർക്ക്‌ കുടിയേറിപ്പാർക്കാന്‍ അനുവാദം നല്‌കിയെന്നും വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ലഭിച്ചിട്ടുണ്ട്‌. ക്രിസ്‌ത്യാനികള്‍ വളരെ നേരത്തേതന്നെ ദക്ഷിണേന്ത്യയിൽ എത്തിക്കഴിഞ്ഞിരുന്നു എന്ന്‌ ഇതിൽനിന്നും അനുമാനിക്കാവുന്നതാണ്‌. ക്രിസ്‌തുമതം എ.ഡി. ആദ്യശതകങ്ങളിൽ ഉത്തരേന്ത്യയിൽ വ്യാപിച്ചിരുന്നുവെന്നതിന്‌ തെളിവുകളില്ല.

ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ പൊതുവേ സെന്റ്‌ തോമസ്‌ ക്രിസ്‌ത്യാനികള്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇതിൽ ഏറിയപങ്കും കേരളക്കരയിലുള്ള സുറിയാനി ക്രിസ്‌ത്യാനികളാണ്‌. സുറിയാനിഭാഷയിലുള്ള ആരാധനാക്രമം സ്വീകരിച്ചിരുന്നതുകൊണ്ടാണ്‌ ഇവർക്കു സുറിയാനികള്‍ എന്ന പേരുണ്ടായത്‌. പോർച്ചുഗീസുകാരുടെ ആഗമനത്തോടുകൂടി (15-ാം ശ.) സംഭവിച്ച മതപരിവർത്തനങ്ങളുടെ ഫലമായി തീരപ്രദേശങ്ങളിൽ ലത്തീന്‍ കത്തോലിക്കർ എന്നൊരു വിഭാഗംകൂടി ഉണ്ടായി. ഇവർ മാർപാപ്പയുടെ കീഴിലുള്ള റോമാസഭ അനുവർത്തിച്ചുവന്ന ലത്തീന്‍ ആരാധനാക്രമമാണ്‌ സ്വീകരിച്ചത്‌. പോർച്ചുഗീസുകാർ കേരളത്തിൽ റോമാസഭയുടെ വക്താക്കളായിട്ടാണ്‌ പ്രത്യക്ഷപ്പെട്ടത്‌. ഇവിടത്തെ സുറിയാനിസഭയെയും ലത്തീന്‍ ആധിപത്യത്തിന്‍കീഴിൽ കൊണ്ടുവരുവാന്‍ അവർ ശ്രമിച്ചു. തത്‌ഫലമായി അതുവരെ ഒന്നായിരുന്ന കേരളത്തിലെ സെന്റ്‌ തോമസ്‌ ക്രിസ്‌ത്യാനികള്‍ക്കിടയിൽ കടുത്ത അഭിപ്രായഭിന്നതയുണ്ടായി. ഇതോടെ ഒരു വിഭാഗം സുറിയാനികള്‍ സുറിയാനിക്കത്തോലിക്കരായി മാർപാപ്പയുടെ കീഴിൽ ലത്തീന്‍ സംസ്‌കാരവുമായി സഹവർത്തിത്വം പുലർത്താന്‍ തുടങ്ങി. മറുഭാഗക്കാർ തങ്ങള്‍ പുലർത്തിപോന്ന പൗരസ്‌ത്യപാരമ്പര്യം നിലനിർത്തുവാന്‍ ശ്രമിച്ചു. ഇവരെ പുത്തന്‍കൂറ്റുകാരെന്നും മറുവിഭാഗക്കാരെ പഴയകൂറ്റുകാരെന്നും വിളിച്ചുവരുന്നു. പുത്തന്‍കൂറ്റുകാർ അന്ത്യോഖ്യാ പാത്രിയാർക്കീസിനെ പരമാധ്യക്ഷനായി സ്വീകരിച്ചുവന്നു. ഇവർക്ക്‌ യാക്കോബായാക്കാർ എന്നും പേരുണ്ട്‌. 18-ാം ശ.-ത്തോടുകൂടി ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയിലെ ഭരണത്തിൽ കൈകടത്തുന്നതുവരെ കാര്യമായ മാറ്റങ്ങളൊന്നും ക്രസ്‌തവർക്കിടയിൽ ഉണ്ടായില്ല. ഡച്ചുകാരും ഫ്രഞ്ചുകാരും ഇവിടത്തെ ക്രസ്‌തവസഭയുടെ കാര്യത്തിൽ താത്‌പര്യം കാണിച്ചില്ല. പക്ഷേ ബ്രിട്ടിഷുകാരോടൊപ്പം വന്ന യൂറോപ്യന്‍ മിഷനറിമാർ ഇവിടത്തെ ക്രസ്‌തവ സഭാപ്രവർത്തനങ്ങളിൽ പ്രത്യേകം താത്‌പര്യം പ്രകടിപ്പിച്ചു. ലത്തീന്‍കത്തോലിക്കരും സുറിയാനികത്തോലിക്കരും റോമിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലും, പുത്തന്‍കൂറ്റുകാരായ യാക്കോബായാക്കാർ ഓർത്തോഡോക്‌സ്‌ സഭകളുടെ പാരമ്പര്യം പുലർത്തിക്കൊണ്ട്‌ അന്ത്യോഖ്യയുടെ കീഴിലുമാണ്‌ നിലനിന്നുപോരുന്നതെന്ന്‌ അവർ മനസ്സിലാക്കി. യൂറോപ്പിലെ കത്തോലിക്കാ പ്രാട്ടസ്റ്റന്‍ഡ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള അകൽച്ച ഇവിടെയും നിലനിർത്തി സുറിയാനികത്തോലിക്കരെയും യാക്കോബായാസുറിയാനിക്കാരെയും തമ്മിൽ ഭിന്നിപ്പിക്കുവാന്‍ അവർ തന്ത്രപൂർവം ശ്രമിച്ചു. യൂറോപ്പിലുണ്ടായ നവീകരണത്തിന്റെ മറ്റൊരു മാതൃക സെന്റ്‌ തോമസ്‌ ക്രിസ്‌ത്യാനികള്‍ക്കും നേരിടേണ്ടിവന്നു. തത്‌ഫലമായി മാർത്തോമ്മാസഭ യാക്കോബായാഓർത്തഡോക്‌സ്‌ സഭയിൽനിന്നു പിരിഞ്ഞുപോകാനിടയായി. തുടർന്ന്‌ ഇംഗ്ലണ്ടിൽനിന്നുള്ള ചർച്ച്‌ മിഷന്‍ സൊസൈറ്റി (സി.എം.എസ്‌.), ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എൽ.എം.എസ്‌.), രക്ഷാസൈന്യം, ജർമനിയിൽനിന്നുള്ള ബാസൽമിഷന്‍, അമേരിക്കയിൽ നിന്നുള്ള ബാപ്‌റ്റിസ്റ്റ്‌ മെതേഡിസ്റ്റ്‌, പെന്തക്കോസ്റ്റ്‌, ബ്രദറന്‍ തുടങ്ങിയ വിഭാഗങ്ങളും ക്രസ്‌തവ വേദപ്രചാരണാർഥം ഇന്ത്യയിൽ വരികയും മതപരിവർത്തനങ്ങള്‍ നടത്തുകയും ചെയ്‌തു. ദേവലായങ്ങളോടൊപ്പം വിവിധതരം വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, സാമുഹികക്ഷേമപ്രവർത്തനകേന്ദ്രങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ച്‌ ദേശീയതലത്തിൽ സേവനോന്മുഖമായ ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപരിക്കുന്നതിൽ ഇന്ത്യയിലെ വിവിധ ജനവർഗങ്ങള്‍ക്കിടയിൽ ആദരണീയമായ ഒരു സ്ഥാനം ക്രസ്‌തവർക്കു നേടിക്കൊടുക്കുകയും ചെയ്‌തു.

സാന്‍തോമസ്‌ ബസിലിക്ക-ചെന്നൈ

ജനസംഖ്യയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനം ക്രസ്‌തവർക്കാണെങ്കിലും അവർ ആകെ ഒന്നരക്കോടിയോളമേ (1,42,23,382) വരൂ. ഇത്‌ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.60% ആണ്‌. ഇതിൽ 60% ക്രസ്‌തവരും കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണു നിവസിച്ചുപോരുന്നത്‌. ക്രസ്‌തവർ കൂടുതലുള്ള മറ്റു പ്രദേശങ്ങള്‍ നാഗാലാന്‍ഡ്‌ (66.76%), മേഘാലയ (46.98%), ഗോവ, ദാമന്‍, ദീയൂ (31.77%) അന്തമാന്‍-നിക്കോബാർ ദ്വീപുകള്‍ (26.35%), മണിപ്പൂർ (26.03%) എന്നിവയാണ്‌. കേരളത്തിൽ ഇന്നു മൊത്തം ജനസംഖ്യയുടെ 21.05% ക്രസ്‌തവരാണ്‌.

എല്ലാ ക്രസ്‌തവസഭകളുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം വേദപുസ്‌തകമാണ്‌. എന്നാൽ ചില പുരാതനസഭകള്‍ ബൈബിളിനെ മുഖ്യ പ്രമാണമായി സ്വീകരിക്കുന്നതോടൊപ്പം പാരമ്പര്യം, കാനോന്‍ നിയമങ്ങള്‍, സുന്നഹദോസുകള്‍ നിർദേശിക്കുന്ന മറ്റ്‌ നിയമാവലികള്‍ എന്നിവയെയും അവലംബമാക്കിയാണ്‌ മതപരമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ രൂപം നല്‌കാറുള്ളത്‌. പിന്‍തുടർച്ചാവകാശത്തെ സംബന്ധിച്ചിടത്തോളം ലോകത്തെവിടെയുമുള്ള ക്രസ്‌തവ സമൂഹങ്ങള്‍ മുഖ്യമായി സ്വീകരിച്ചിട്ടുള്ള മക്കത്തായം തന്നെയാണ്‌ ഇന്ത്യയിലെ ക്രസ്‌തവരും സ്വീകരിച്ചിരിക്കുന്നത്‌.

ഇസ്‌ലാംമതം. വിശുദ്ധ നബിയുടെ കാലത്തിന്‌ വളരെ മുമ്പുമുതല്‌ക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ, വാണിജ്യകാര്യങ്ങള്‍ക്കായി അറബികള്‍ വന്നിരുന്നു. ഇസ്‌ലാംമതാനുയായികള്‍ ഇന്ത്യയിൽ ആദ്യം മതപ്രചാരണാർഥം വന്നുചേർന്നതും കേരളത്തിലാണ്‌. നബിതിരുമേനി അറബികളോട്‌ ഇസ്‌ലാമിന്റെ സന്ദേശം പ്രഖ്യാപിച്ച്‌ 90 വർഷം കഴിഞ്ഞ എ.ഡി. 712 (ഹിജ്‌റാ 90)-ലാണ്‌ ഇതു സംഭവിച്ചത്‌. ഹിജ്‌റ 166-ൽ മുഹമ്മദ്‌കാസിം സിന്‍ഡ്‌ ആക്രമിച്ചതോടുകൂടിയാണ്‌ മുസ്‌ലിങ്ങള്‍ ഉത്തേരന്ത്യയിൽ പ്രവേശിക്കുന്നത്‌. ഇസ്‌ലാംമതാനുയായികളായ അറബികള്‍ ഇന്ത്യയിൽ ആദ്യകാലത്ത്‌ കൂടുതലും കുടിയേറിപ്പാർത്തത്‌ കേരളത്തിന്റെ തീരപ്രദേശത്തുള്ള തുറമുഖപട്ടണങ്ങളിലായിരുന്നു. അവർ മതപ്രചാരണത്തിൽ അത്ര തീക്ഷ്‌ണത അക്കാലങ്ങളിൽ കാട്ടിയിരുന്നില്ല.

ഒന്‍പതാം ശ.-ത്തിന്റെ മധ്യത്തിൽ കേരളം സന്ദർശിച്ച സുലൈമാന്‍ എന്ന വ്യാപാരി ഇവിടെ അറബിഭാഷ സംസാരിക്കുന്ന ഇസ്‌ലാംമതവിശ്വാസികളായ ഒരൊറ്റ ഇന്ത്യാക്കാരനെയോ ചൈനാക്കാരനെയോ കണ്ടിരുന്നില്ലെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വ. ഇന്ത്യയിൽ തുർക്കികളും അഫ്‌ഗാന്‍കാരും ആക്രമണം നടത്തിയതിനെത്തുടർന്നാണ്‌ ഇസ്‌ലാംമതം അവിടെ പ്രചരിച്ചത്‌. മുഗള്‍ഭരണകാലത്തോടുകൂടി അവിടെ മുസ്‌ലിങ്ങള്‍ക്കു പ്രാബല്യം ലഭിച്ചു. അതിനെ തുടർന്ന്‌ മൈസൂറും മധുരയും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ പ്രദേശത്തും മുസ്‌ലിംഭരണം ഇസ്‌ലാംമതത്തിന്‌ പ്രചാരം നല്‌കി. കേരളം ഭരിച്ച അവസാനത്തെ പെരുമാള്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും അവർക്ക്‌ പള്ളികള്‍ നിർമിച്ചുകൊടുക്കുവാനുള്ള ഏർപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്‌തതായി ചരിത്രരേഖകളുണ്ട്‌.

ജുമാമസ്‌ജിദ്‌-ഡൽഹി

ഇന്ന്‌ ജനസംഖ്യാനുപാതമനുസരിച്ച്‌ മുസ്‌ലിങ്ങള്‍ക്ക്‌ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണുള്ളത്‌. അതുപോലെ, ഏറ്റവും കൂടുതൽ മുസ്‌ലിങ്ങള്‍ നിവസിക്കുന്ന രാജ്യമെന്ന നിലയിൽ ലോകരാഷ്‌ട്രങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തു നില്‌ക്കുന്നു. ഇന്ത്യയിൽ ഇവർ കൂടുതൽ തിങ്ങി പാർക്കുന്നത്‌ ലക്ഷദ്വീപ്‌ (94.37%) ജമ്മു-കാശ്‌മീർ (65.85%) അസം (24.03%) പശ്ചിമബംഗാള്‍ (20.46%) കേരളം (19.50%) ഉത്തർപ്രദേശ്‌ (15.48%) എന്നിവിടങ്ങളിലാണ്‌. വാണിജ്യവ്യാപാര വേദികളിൽ ശതാബ്‌ദങ്ങളായി പ്രാബല്യം നിലനിർത്തിപ്പോരുന്നു. ഇന്ന്‌ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഇന്ത്യയുടെ സർവതോമുഖമായ പുരോഗതിയിൽ മറ്റു ജനവിഭാഗങ്ങളോടൊപ്പം തങ്ങളുടെ പങ്കു നിർവഹിച്ചുപോരുന്നു.

ഇസ്‌ലാംമതത്തിനു പൊതുവേ റംസാന്‍, ബക്രീദ്‌, മുഹ്‌റം എന്നീ മൂന്നു വിശേഷാഘോഷങ്ങളുണ്ട്‌. ആചാരാനുഷ്‌ഠാനങ്ങളിലും വിശ്വാസത്തിലും ലോകത്തെങ്ങുമുള്ള മുസ്‌ലിങ്ങള്‍ ഒരേ വീക്ഷണവും ഒരേ മാർഗവും പുലർത്തുന്നവരാണെങ്കിലും പ്രധാനമായി ഷിയാ, സുന്നി എന്നിങ്ങനെ രണ്ട്‌ ഉള്‍പിരിവുകള്‍ ഇവർക്കിടയിലുണ്ട്‌. മുഹമ്മദ്‌ നബിയുടെ പിന്‍ഗാമികള്‍ അബുബക്കർ, ഉമർ, ഉസുമാന്‍ എന്നിവരാണെന്ന്‌ വിശ്വസിക്കുന്ന മൗലികവാദികളാണ്‌ സുന്നികള്‍. നബിതിരുമേനിയുടെ മരണാനന്തരം അവശേഷിച്ച ഏകപുത്രി ഫാത്തിമായുടെ ഭർത്താവായ അലിയാണ്‌ യഥാർഥപിന്‍ഗാമിയും ഖലിഫയും എന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഷിയാകള്‍. ഇവർക്കിടയിലും ചില ഉള്‍പിരിവുകളുണ്ടെങ്കിലും അവ വിശ്വാസപരമായ വ്യതിരേകങ്ങള്‍ക്ക്‌ കാരണമായിട്ടില്ല. ഇവരിൽ മക്കത്തായികളും മരുമക്കത്തായികളും ഉണ്ട്‌. രണ്ടുംചേർന്ന ദായക്രമം സ്വീകരിച്ചിട്ടുള്ളവരും ഇല്ലാതില്ല. എന്നാൽ ശരീ അത്ത്‌ നിയമമാണ്‌ മതപരമായി എല്ലാക്കാര്യത്തിലും മുസ്‌ലിങ്ങള്‍ പൊതുവേ സ്വീകരിച്ചിട്ടുള്ളത്‌.

ഇതിനുപുറമേ സരതുഷ്‌ട്ര വിശ്വാസികളായ പാഴ്‌സികളും ഏതാനും ജൂതന്മാരും ന്യൂനപക്ഷങ്ങളായി ഇന്ത്യയിലുണ്ട്‌.

ഭരണഘടന അനുസരിച്ച്‌ ഇന്ത്യ ഒരു മതനിരപേക്ഷ (secular) രാഷ്‌ട്രമാണ്‌; ഇതിന്റെ അർഥം, മതം അനുശാസിക്കുന്ന വ്യവസ്ഥകളോട്‌ ഒരു വിധത്തിലുള്ള വിധേയത്വവും പുലർത്താതെ തികച്ചും "ലൗകിക'മായ നിലവാരത്തിൽ ഭരണസംവിധാനം നടത്തുന്ന രാജ്യം എന്നാണ്‌. മതാചാര്യന്മാർ പണ്ടുകാലത്ത്‌ എഴുതിവച്ചിട്ടുള്ള വിധികളെ ഗൗനിക്കാതെ പലപ്പോഴും അവയ്‌ക്ക്‌ വിപരീതമായിത്തന്നെ, ഹിന്ദു പിന്തുടർച്ചാവകാശം, ഏകപത്‌നിത്വം, വിവാഹമോചനം, സ്‌ത്രീധന നിരോധനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു പുരോഗമനപരമായ നിയമങ്ങള്‍ നിർമിച്ചു നടപ്പാക്കിവരുന്നു. എല്ലാമതവിശ്വാസികള്‍ക്കും പരസ്‌പരം സ്‌നേഹവും സഹിഷ്‌ണുതയും പുലർത്തിപ്പോരാനുള്ള സാഹചര്യം ഇന്ന്‌ ഇന്ത്യയിലുണ്ട്‌. ഭാരതം ഒരു മതനിരപേക്ഷരാഷ്‌ട്രമാണെന്ന യശസ്സിനടിസ്ഥാനം ഈ മതസഹിഷ്‌ണുതതന്നെയാണ്‌.

ദർശനം

ബുദ്ധിക്കു വികാസം സിദ്ധിച്ച മനുഷ്യന്‍ താന്‍ അധിവസിക്കുന്ന അനന്തവിസ്‌തൃതമായ ഈ പ്രപഞ്ചത്തിന്റെ ആന്തരമായ തത്ത്വം അഥവാ ജ്ഞാതവ്യമായ പരമസത്യം എന്തെന്ന്‌ ചർച്ചചെയ്യുന്നതും ആ സത്യം അറിയാനുള്ള ഉപായം നിർദേശിക്കുന്നതുമാണ്‌ ദർശനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതത്തിന്റെയും ദർശനത്തിന്റെയും സ്രാതസ്സ്‌ ഒന്നുതന്നെയാണ്‌. ധർമസാധനമായ ശരീരത്തിന്റെ ധാരണപോഷണങ്ങള്‍ക്കുള്ള മാർഗങ്ങള്‍ പ്രതിപാദിച്ച വൈദിക-ഋഷികള്‍ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും നശ്വരാവസ്ഥയാൽ പ്രരിതരായി ശാശ്വതമായ ധർമത്തെക്കുറിച്ചും അതിനുള്ള മാർഗത്തെക്കുറിച്ചും പര്യാലോചന ചെയ്‌തു. ഈ പ്രപഞ്ചത്തിന്റെ നാഥന്‍ ആരാണ്‌? ഇത്‌ എവിടെനിന്ന്‌ ഉദ്‌ഭവിച്ചു? എവിടെച്ചെന്ന്‌ ലയിക്കുന്നു ? ഇതിന്റെ കർത്താവായി ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ സ്വരൂപമെന്ത്‌? ഗുണമെന്ത്‌? ഇവയെക്കുറിച്ചറിയുക സാധ്യമാണോ? അതിനുള്ള ഉപായങ്ങളെന്ത്‌? പ്രാപഞ്ചികജീവിതം പലവിധം ദുഃഖങ്ങള്‍ക്കു പാത്രമായിരിക്കുവാന്‍ സംഗതിയെന്ത്‌? ദുഃഖനിവൃത്തിയുണ്ടായി ശാശ്വതസുഖം ലഭ്യമാക്കാന്‍ കഴിയുമോ? ഇത്തരം ശങ്കകളാണ്‌ എല്ലാ തത്ത്വാനേഷ്വകർക്കും ഉണ്ടായിട്ടുള്ളത്‌. എന്നാൽ ഇവയ്‌ക്കു കണ്ടുപിടിക്കപ്പെട്ട സമാധാനങ്ങള്‍ ഓരോ ആചാര്യന്റെയും രുചിഭേദത്തിനും ഭാവനാശക്തിക്കും പ്രതിപാദനൈപുണിക്കും അനുസൃതമാകാതെ തരമില്ല. ബാഹ്യേന്ദ്രിയവിഷയങ്ങളുടെ ചർച്ചകളിൽത്തന്നെ ഐകരൂപ്യത്തോടുകൂടിയ നിഗമനങ്ങള്‍ സാധ്യമല്ലാതിരിക്കെ അതീന്ദ്രിയവിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഫലങ്ങളും വിഭിന്നങ്ങളാകാതെ വയ്യ. അങ്ങനെ ആചാര്യഭേദമനുസരിച്ച്‌ ദർശനഭേദങ്ങളും ഇന്ത്യയിലുണ്ടായിട്ടുണ്ട്‌. ജൈനന്മാരുടെ ഒരു കണക്കനുസരിച്ച്‌ 353 തത്ത്വചിന്താപദ്ധതികള്‍ ഇന്ത്യയിലുണ്ട്‌. പക്ഷേ ഈഷദ്വത്യാസങ്ങളെ കുറെയൊക്കെ അവഗണിച്ച്‌ ഒന്നു പരിശോധിച്ചാൽ പണ്ഡിതശ്രദ്ധയെ ആകർഷിച്ചിട്ടുള്ള ദർശനങ്ങള്‍ ഒമ്പതാണ്‌. സ്ഥൂലത്തിൽനിന്നു സൂക്ഷ്‌മത്തിലേക്കു കടക്കുന്ന ക്രമപ്രകാരം അവയെ ചാർവാകം അഥവാ ലോകായതം, ജൈനം, ബൗദ്ധം, വൈശേഷികം, ന്യായം, സാംഖ്യം, യോഗം, കർമമീമാംസ, ജ്ഞാനമീമാംസ (വേദാന്തം) എന്നിങ്ങനെ രേഖപ്പെടുത്താം.

ഇന്ത്യയിൽ ദർശനങ്ങളുടെ ഈ സംഖ്യയെക്കുറിച്ചും വർഗീകരണത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ടായിട്ടുണ്ട്‌. ഇന്ന്‌ ഷഡ്‌ദർശനങ്ങള്‍ എന്ന ഒരു വ്യവഹാരം ഇന്ത്യയിൽ തത്ത്വചിന്താപദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രസിദ്ധമാണ്‌. എന്നാൽ ഈ ആറെച്ചം ഏതെല്ലാം എന്നതിനെപ്പറ്റിപ്പോലും ആദ്യകാലത്ത്‌ തീരുമാനമുണ്ടായിരുന്നില്ല എന്നതാണ്‌ വസ്‌തുത. ഉദാഹരണമായി 12-ാം ശ.-ത്തിൽ ഹരിഭദ്രസൂരി തന്റെ ഷഡ്‌ദർശനസമുച്ചയത്തിൽ പ്രസിദ്ധമായ വേദാന്തത്തെ ഒഴിവാക്കിക്കൊണ്ട്‌ ബൗദ്ധം, ന്യായം, വൈശേഷികം, സാംഖ്യം, ജൈനം, മീമാംസ എന്നീ ആറെച്ചത്തെയാണ്‌ പരാമർശിച്ചുകാണുന്നത്‌. 13-ാം ശ.-ത്തിന്റെ ഷഡ്‌ദർശനസമുച്ചയത്തിൽ മീമാംസ, സാംഖ്യം, ജൈനം, ശൈവം, ബൗദ്ധം, നാസ്‌തികം (ചാർവാകം) എന്നീ ആറിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. മാധവാചാര്യരുടെ സർവദർശനസംഗ്രഹത്തിൽ സംഖ്യയിലും സംജ്ഞയിലും പിന്നെയും വ്യത്യാസങ്ങളുണ്ട്‌. കുറേക്കൂടി പ്രാചീനമായ കൗടല്യന്റെ അർഥശാസ്‌ത്രത്തിൽ സാംഖ്യ-യോഗ-ചാർവാകങ്ങള്‍ മാത്രമേ പരിഗണിക്കപ്പെട്ടിട്ടുള്ളൂ. ചുരുക്കത്തിൽ, ഷഡ്‌ദർശനങ്ങള്‍ എന്ന വ്യവഹാരത്തിന്റെ ഇന്നു നിലവിലുള്ള അർഥത്തിന്‌ ദർശനചരിത്രത്തിൽ വലിയ പഴക്കമില്ല എന്നു സാരം. ന്യായ-വൈശേഷിക-സാംഖ്യ-യോഗ-മീമാംസ-വേദാന്തങ്ങള്‍ എന്നാണ്‌ ഷഡ്‌ദർശനപദത്തിന്റെ ഇന്നത്തെ വിവക്ഷ. ആകെ മുന്‍പറഞ്ഞ ഒമ്പതിൽവച്ച്‌ ഈ ആറെച്ചംമാത്രം ഇപ്രകാരം ഒരു വിഭാഗമായി കരുതിപ്പോരുന്നതിനും പ്രത്യേകകാരണമുണ്ട്‌. ഭാരതീയദർശനങ്ങളുടെ വർഗീകരണചരിത്രത്തിൽ നിന്ന്‌ ഇക്കാര്യം സ്‌പഷ്‌ടമാകുന്നതാണ്‌. ദർശനങ്ങളെ ഓരോ വീക്ഷണകോണിൽനിന്നുകൊണ്ടാണ്‌ പലരും വർഗീകരിക്കാന്‍ ശ്രമിച്ചത്‌. ഓരോന്നിനും തന്മൂലം അതിന്റേതായ വൈകല്യവുമില്ലെന്നില്ല. ഉദാഹരണമായി ആത്മവാദികള്‍ എന്നും അനാത്മവാദികള്‍ എന്നും ദാർശനികരെ വേണമെങ്കിൽ രണ്ടായി തിരിക്കാം. അപ്പോള്‍ ഷഡ്‌ദർശനങ്ങളുടെ കൂട്ടത്തിൽ ആത്മാവിൽ വിശ്വസിക്കുന്ന ജൈനവും ചേർന്ന്‌ സപ്‌തദർശനങ്ങള്‍ എന്ന വ്യവഹാരം വേണ്ടിവരും. പാശ്ചാത്യപണ്ഡിതന്മാരിൽ ചിലർ പ്രസിദ്ധഷഡ്‌ദർശനങ്ങളെ "ഹിന്ദുദർശന'ങ്ങളായി പറഞ്ഞിട്ടുണ്ട്‌. അങ്ങനെയാണെങ്കിൽ ജൈന-ബൗദ്ധ-ശൈവ-വൈഷ്‌ണവാദിദർശനങ്ങള്‍ അഹിന്ദു ദർശനങ്ങളായിത്തീരും. ഇത്‌ ഭീമമായ ഒരു അബദ്ധമാണ്‌. ഏതായാലും പലവിധം ചിന്തിച്ചതിനുശേഷം ഒരുവിധം സർവസമ്മതമായ വർഗീകരണം സാധിച്ചതനുസരിച്ച്‌ ഈ ദർശനങ്ങളെ ഒടുവിൽ ആസ്‌തികങ്ങളെന്നും നാസ്‌തികങ്ങളെന്നും വേർതിരിച്ചു നിർത്തിയിരിക്കുകയാണ്‌. അതനുസരിച്ച്‌ ചാർവാകം, ജൈനം, ബൗദ്ധം എന്നിവ നാസ്‌തികങ്ങളും ഷഡ്‌ദർശനങ്ങള്‍ ആസ്‌തികങ്ങളുമാണ്‌. ആസ്‌തികനാസ്‌തികപദങ്ങള്‍ക്ക്‌ പാണിനിയുടെ വ്യാകരണസൂത്രമനുസരിച്ചുള്ള ഈശ്വരവിശ്വാസമുള്ളവന്‍, ഇല്ലാത്തവന്‍ എന്നീ അർഥങ്ങളല്ലാ, മനുസ്‌മൃതിയുടെ നിർവചനമനുസരിച്ചുള്ള വേദപ്രാമാണ്യങ്ങളാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ എന്നതു കൂടി പ്രത്യേകം പ്രസ്‌താവിക്കേണ്ടിയിരിക്കുന്നു.

അന്വേഷിച്ചറിയേണ്ടതായ അഥവാ അനുഭവിച്ചറിയേണ്ടതായ പരമസത്യമാണ്‌ എല്ലാ ദർശനങ്ങളുടെയും ചർച്ചാവിഷയം. ഈ പരമസത്യത്തെ എങ്ങനെ അറിയാം? എങ്ങനെ ലഭ്യമായ അറിവിനെ വിശ്വാസയോഗ്യമായി അഥവാ യഥാർഥ അറിവായി അംഗീകരിക്കാം? അനുഭവം സംശയവിപര്യയരഹിതമായ യാഥാർഥ്യമായിരിക്കുന്നത്‌ എപ്പോളാണ്‌? എങ്ങനെയായാലാണ്‌? ഇക്കാര്യം തീരുമാനിച്ചശേഷംവേണമല്ലോ പരമമായ അറിവിനെക്കുറിച്ചു ചർച്ച ചെയ്യുവാന്‍. ആകയാൽ എല്ലാദർശനങ്ങളും ജ്ഞാനത്തിന്റെ ഉപകരണങ്ങളായ, അതായതു ജ്ഞാനസമ്പാദനമാർഗങ്ങളായ പ്രമാണങ്ങളെക്കുറിച്ച്‌ ആദ്യംതന്നെ വിചാരം ചെയ്യുന്നുണ്ട്‌. ദർശനങ്ങളിലെ ഈ പ്രമാണപ്രകരണത്തിനു സാമാന്യമായി ജ്ഞാനമീമാംസ എന്നാണു പറഞ്ഞുവരുന്നത്‌. എല്ലാ ദർശനങ്ങളുംകൂടി ആകെ എട്ടു പ്രമാണങ്ങളെയാണ്‌ അംഗീകരിച്ചിട്ടുള്ളത്‌. എല്ലാ പ്രമാണങ്ങളെയും എല്ലാ ദർശനങ്ങളും അംഗീകരിച്ചിട്ടുമില്ല. ചാർവാകം പ്രത്യക്ഷത്തെ മാത്രമേ പ്രമാണമായി സ്വീകരിച്ചിട്ടുള്ളു. ബൗദ്ധരും ജൈനരും പ്രത്യക്ഷം അനുമാനം എന്ന രണ്ടു പ്രമാണങ്ങളെയും, സാഖ്യരും നൈയായികരും പ്രത്യക്ഷാനുമാനങ്ങള്‍ക്കു പുറമേ ആഗമങ്ങളെയും, അക്ഷപാദന്‍ (നൈയായികന്മാരിൽ ഒരാള്‍) ഉപമാനംകൂടി ഉള്‍പ്പെടുത്തി പ്രത്യക്ഷാദികളായ നാലു പ്രമാണങ്ങളെയും, മീമാംസകരിൽ പ്രഭാകരന്‍ അർഥാപത്തി ചേർത്ത്‌ അങ്ങനെ പ്രത്യക്ഷാദികളായ അഞ്ച്‌ പ്രമാണങ്ങളെയും, മീമാംസകരിൽ ഭാട്ടമതക്കാരും അവരെപ്പോലെ വേദാന്തികളും പ്രത്യക്ഷം, അനുമാനം, ആഗമം, ഉപമാനം, അർഥാപത്തി, അഭാവം (അനുപലബ്‌ധി) എന്നിങ്ങനെ ആറു പ്രമാണങ്ങളെയും, പൗരാണികരും ഐതിഹാസികരും ഈ ആറോടുകൂടി സംഭവം, ഐതിഹ്യം എന്നിങ്ങനെ രണ്ടെച്ചംകൂടിച്ചേർത്ത്‌ എട്ടു പ്രമാണങ്ങളെയും സ്വീകരിച്ചിട്ടുണ്ട്‌. കേവലം ഭൗതികവാദികളായ ചാർവാകന്മാർ പ്രത്യക്ഷം എന്ന ഒരു പ്രമാണത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌. യഥാർഥത്തിൽ ഇത്‌ ഒരു ദർശനമേ ആകുന്നില്ല എന്നും ദർശനങ്ങള്‍ക്ക്‌ ഒരു പൂർവപക്ഷം മാത്രമാണെന്നും മറ്റു ദർശനങ്ങളുടെ അഭാവത്തിൽ ഇതിനെ ഒരു ദർശനമായിട്ടേ പരിഗണിക്കപ്പെടുമായിരുന്നില്ല എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ചാർവാകമതത്തിന്റെ ഉപജ്ഞാതാവിനെക്കുറിച്ച്‌ കാര്യമായ ഒരറിവും ചരിത്രപരമായി ലഭിച്ചിട്ടില്ല. മനുസ്‌മൃതിയിൽ ഈ ദർശനത്തെപ്പറ്റി പരാമർശമുണ്ട്‌. വിഷ്‌ണുപുരാണത്തിലും സൂചിപ്പിച്ചുകാണുന്നു. ഇന്ത്യന്‍ ദർശനങ്ങളിൽവെച്ച്‌ ഏറ്റവും വലിയ ഭൗതികവാദം ചാർവാകമാണ്‌. പ്രത്യക്ഷത്തിൽ കാണുന്ന ചൈതന്യഗുണത്തിന്‌ ആശ്രയമായ ദേഹം തന്നെയാണ്‌ അനുഭവിതാവും പ്രമാതാവും ആത്മാവും എന്നും, ദേഹവ്യതിരിക്തമായ ആത്മാവ്‌ എന്നൊന്നില്ലെന്നും, വിവിധ ദേഹങ്ങളായിത്തീരുകയും പിന്നീടു നശിച്ചു കാണാതായിത്തീരുകയും ചെയ്യുന്ന പൃഥിവ്യാദിപഞ്ചഭൂതങ്ങളാണ്‌ അറിയേണ്ട തത്ത്വങ്ങള്‍ എന്നും ഈ ദർശനം സിദ്ധാന്തിക്കുന്നു. ദേഹത്തിന്റെ സുഖത്തിനു സാധകങ്ങളായ കാമവും അർഥവും മാത്രമാണ്‌ പുരുഷാർഥങ്ങള്‍. പ്രത്യക്ഷസിദ്ധങ്ങളായ അർഥശാസ്‌ത്രവും കാമശാസ്‌ത്രവുമത്ര പരിഗണനാർഹങ്ങളായ പ്രമാണഗ്രന്ഥങ്ങള്‍. ഈ വിഷയങ്ങളെ പ്രതിപാദിക്കുന്ന അഥർവവേദവും പ്രമാണംതന്നെ. ചാർവാകസിദ്ധാന്തമനുസരിച്ച്‌ ധർമം എന്നൊന്നില്ലാത്തതിനാൽ അധർമവുമില്ല; സ്വർഗനരകങ്ങളുമില്ല. ഈശ്വരന്‍ ഇല്ലതന്നെ. മരണംതന്നെയാണു മോക്ഷവും. പ്രഥമശ്രവണത്തിൽ സത്യധർമവിരുദ്ധമെന്നു തോന്നുമെങ്കിലും ഈ ദർശനത്തിൽ അനുശാസിക്കപ്പെട്ട ശരീരസംരക്ഷണ-പരോപകാര-പരഹിംസാനിഷേധാദികള്‍ സർവഗ്രാഹ്യങ്ങളായ കാര്യങ്ങളാണ്‌. ഈശ്വരനിൽ വിശ്വാസമില്ലെങ്കിലും ഇഹലോകത്തിലെ സുഖകരമായ ജീവിതം ഈ ദർശനത്തിന്റെ പരമമായ ലക്ഷ്യമാണ്‌. പ്രത്യക്ഷാനുമാനങ്ങളിൽ വിശ്വസിക്കുന്ന ജൈനന്മാർ ജീവനെന്നും അജീവനെന്നും രണ്ടുതത്ത്വങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌. ഇവയിൽ ജീവന്‍ ബോധസ്വരൂപനും പ്രതിശരീരം ഭിന്നനും നിത്യനും ശരീരമനുസരിച്ചുള്ള വലിപ്പത്തോടുകൂടിയവനുമാണ്‌. ജീവവ്യതിരിക്തനായി ആത്മാവ്‌ എന്നൊന്നില്ല. ജീവന്‍ ഭോക്താവാണ്‌. അജീവന്‍ ഭോഗ്യവും. ജീവന്മാരുടെ വിചിത്ര കർമങ്ങള്‍ നിമിത്തം ജഗത്തുണ്ടാകുന്നു. രാഗാദിക്ലേശ നിവൃത്തിയാണു മോക്ഷസാധനം; മോക്ഷരൂപം ഊർധ്വഗതിയും. ചാർവാകനെക്കാള്‍ ജൈനന്‍ ദേഹവ്യതിരിക്തനായ ആത്മാവുണ്ട്‌ എന്നു സമ്മതിക്കുകയാൽ തദുപജ്ഞമായ ദർശനം ഒരു പടികൂടി മുന്നേറിയതായി ഗണിക്കാം.

സർവജനഹിതത്തിനായി ശ്രീബുദ്ധന്‍ ജനങ്ങള്‍ക്കിടയിൽ നടന്നു ചെയ്‌തിട്ടുള്ള ഉപദേശങ്ങള്‍ ശിഷ്യന്മാരാൽ സംഗ്രഹിക്കപ്പെട്ട ത്രിപിടകം എന്ന ബൗദ്ധസാഹിത്യഗ്രന്ഥത്തിലാണ്‌ ബൗദ്ധദർശനത്തിന്റെ മൂലസിദ്ധാന്തങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അപ്രത്യക്ഷങ്ങളും അജ്ഞേയങ്ങളുമായ കാര്യങ്ങളെക്കുറിച്ച്‌ തർക്കവിതർക്കങ്ങളിലേർപ്പെട്ടു കാലംകഴിക്കുന്നത്‌ ഭോഷത്വമാണെന്നും അനുഭവസിദ്ധങ്ങളായ വിചാരങ്ങള്‍ക്കു പ്രാമുഖ്യം കല്‌പിക്കേണ്ടതാണെന്നും ബുദ്ധന്‍ വിശ്വിസിച്ചിരുന്നു. സുദീർഘമായ തപസ്സുകൊണ്ടും പ്രത്യേകിച്ച്‌ ഒരു ഫലവും കൈപ്പറ്റാതെവന്ന ബുദ്ധന്‍ അതുകൊണ്ടൊന്നും നിരാശനാകാതെ ജീവിതത്തെക്കുറിച്ചുതന്നെ നിതാന്തനിർമലസ്വാന്തനായി വിചിന്തനം ചെയ്യുകയും നാലുസത്യങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്‌തു. ദുഃഖം, ദുഃഖസമുദയം, ദുഃഖനിരോധം, ദുഃഖനിരോധന മാർഗം എന്നിവയാണ്‌ ഈ നാല്‌ ആര്യസത്യങ്ങള്‍. സംസാരം ദുഃഖരൂപമാണെന്ന്‌ ഒന്നാമത്തെ ആര്യസത്യം പ്രസ്‌താവിക്കുന്നു. ദുഃഖത്തിന്‌ അവിദ്യ, സംസ്‌കാരം, വിജ്ഞാനം, നാമരൂപങ്ങള്‍, ഷഡായതനങ്ങള്‍ (അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും മനസ്സും), സ്‌പർശം, വേദനം, തൃഷ്‌ണ, ഉപാദാനം, ഭവം, ജാതി, ജരാമരണങ്ങള്‍ എന്നിവയാണ്‌ ദ്വാദശനിദാനങ്ങളെന്ന്‌ രണ്ടാമത്തെ ആര്യസത്യം വിശദമാക്കുന്നു. മൂന്നാമത്തെ ആര്യസത്യത്തിന്റെ വിവക്ഷ ദുഃഖകാരണങ്ങള്‍തന്നെ ദുഃഖമായിത്തീർന്ന്‌ ജീവിതത്തെ ദുഃഖരൂപമാക്കിത്തീർക്കുന്നതിനാൽ ഇവയെ നിരോധിച്ചാൽ നിർവാണം അഥവാ മോക്ഷം നേടാം എന്നുള്ളതാണ്‌. ദുഃഖനിരോധനമാർഗം സമ്യക്‌-ദൃഷ്‌ടി, സമ്യക്‌-വാക്‌, സമ്യക്‌-സങ്കല്‌പം, സമ്യക്‌-കർമാന്തം, സമ്യക്‌-ആജീവം, സമ്യക്‌-വ്യായാമം, സമ്യക്‌-സ്‌മൃതി, സമ്യക്‌-ധ്യാനം എന്നീ കാര്യങ്ങള്‍ അനുഷ്‌ഠിക്കുകമാത്രമാണ്‌. ബൗദ്ധദർശനം, ആത്മാവിനെ അംഗീകരിക്കുന്നില്ല. അവയവങ്ങളിൽനിന്നു വ്യതിരിക്തനായി അവയവി എന്ന ഒരു തത്ത്വമില്ലെന്നും അവയവി എന്നുള്ളത്‌ അവയവങ്ങളുടെ സംഘാതം മാത്രമാണെന്നും ഈ ദർശനം സിദ്ധാന്തിക്കുന്നു. പ്രത്യക്ഷത്തിൽക്കാണുന്ന ചൈതന്യത്തിന്‌ രൂപം, സംജ്ഞ, വേദനം, സംസ്‌കാരം, വിജ്ഞാനം എന്നിങ്ങനെ അഞ്ച്‌ സ്‌കന്ധങ്ങളുണ്ട്‌ എന്നും ഇവയിൽ ഏതെങ്കിലും ഒന്നിന്റെ മാത്രമായോ എല്ലാറ്റിന്റെയും ഒന്നിച്ചോ അനുഭൂതിയുണ്ടാകുമ്പോള്‍ അതിനെ ആത്മാവിന്റെ അനുഭൂതിയായി മുഢന്മാർ വെറുതെ ഘോഷിക്കുന്നു എന്നും നിത്യനായ ഒരു ആത്മാവ്‌ എന്നത്‌ വെറും ഭ്രമമാണെന്നും ഇതിൽ പ്രസ്‌താവിച്ചിരിക്കുന്നു. ഒരു ജന്തുവിനു മരണം സംഭവിക്കുമ്പോള്‍ ജഡം, വേദനം, ഇന്ദ്രിയാനുഭൂതി, പ്രജ്ഞ, വികാരം എന്നിവ വിഘടിക്കുകയും വ്യക്തിയുടെ അപ്പോഴത്തെ അസ്‌തിത്വം നശിക്കുകയും ചെയ്യുന്നു. ജന്തുവിന്റെ കർമം അതിന്റെ മരണത്തെയും അതിജീവിച്ച്‌ "വിജ്ഞാന'രൂപത്തിൽ മാതൃഗർഭത്തിൽ പ്രവേശിച്ച്‌ പുതിയ വ്യക്തിയായി വളരുന്നു. കർമഗുണത്തെ അനുസരിച്ചായിരിക്കും വ്യക്തിയുടെ സ്വഭാവം. ജന്തു പിന്നെയും മരിക്കുകയും കർമാനുസാരം പുതിയ വ്യക്തിത്വം വീണ്ടും കൈക്കൊള്ളുകയും അങ്ങനെ സംസാരചക്രം തിരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. ദുഃഖനിരോധനോപായങ്ങള്‍വഴി കർമനാശം വരുത്തി ജന്തുവിനു മോക്ഷം നേടാം. ഇതാണു ബൗദ്ധദർശനത്തിന്റെ ചുരുക്കം. ബൗദ്ധദർശനത്തിൽ മോക്ഷത്തിനു നിർവാണം എന്നാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. വ്യക്തിത്വനാശം, അവിദ്യയുടെ അഗ്നികെട്ടടങ്ങൽ എന്നെല്ലാമാണ്‌ ഇതിന്റെ വിവിക്ഷ. ബൗദ്ധമതം, ഹീനയാനം എന്നും മഹായാനം എന്നും രണ്ടായിപ്പിരിയുകയും ഓരോന്നും അനന്തരം ഈരണ്ടായിത്തിരിയുകയും ചെയ്‌തതോടുകൂടി വൈഭാഷിക-സൗത്രാന്തിക-മാധ്യമിക-യോഗാചാര വ്യവഹാരങ്ങളോടുകൂടി നാലു ബൗദ്ധചിന്താസരണികള്‍ രൂപംകൊള്ളുകയുണ്ടായി. ഇവരിൽ വൈഭാഷികന്‍ "എല്ലാം പ്രത്യക്ഷയോഗ്യവും ക്ഷണഭംഗുരവും' ആണെന്നും, സൈത്രാന്തികന്‍ "പ്രപഞ്ചം ബുദ്ധികൊണ്ടനുമേയങ്ങളും ക്ഷണികങ്ങളുമായ പദാർഥങ്ങളടങ്ങിയത്‌' ആണെന്നും, മാധ്യമികന്‍ "പ്രപഞ്ചം ശൂന്യത്തിന്റെ വിവർത്തം' ആണെന്നും യോഗാചാരന്‍ പ്രപഞ്ചം ജ്ഞാനത്തിന്റെ വിവർത്തനം ആണെന്നും സിദ്ധാന്തിക്കുന്നു. ഇതാണ്‌ ഇവർ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം.

വൈശേഷിക-ന്യായദർശനങ്ങള്‍ ആധി-ഭൗതികവിവേചനത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചിട്ടുള്ള തത്ത്വചിന്താപദ്ധതികളാണ്‌. പ്രപഞ്ചത്തിൽ മൊത്തം ആറു പദാർഥങ്ങളെ (ദ്രവ്യ-ഗുണ-കർമ-സാമാന്യ-വിശേഷ-സമവായങ്ങള്‍) വൈശേഷികം അംഗീകരിക്കുമ്പോള്‍ പതിനാറു പദാർഥങ്ങളെ (പ്രമാണ-പ്രമേയ-സംശയ-പ്രയോജന-ദൃഷ്‌ടാന്ത-സിദ്ധാനത-അവയവ-തർക്ക-നിർണയ-വാദജല്‌പ-വിതണ്ഡാ-ഹേത്വാഭാസ-ഛല-ജാതി-നിഗ്രഹ സ്ഥാനങ്ങള്‍) അംഗീകരിക്കുന്നു. ഈ പദാർഥങ്ങളെ വേണ്ടവിധമറിഞ്ഞു സിദ്ധിവരുത്തിയാൽ അവയുടെ തത്ത്വം മനസ്സിലാവുകയും അപ്പോള്‍ ആത്മാവല്ലാത്ത ദേഹാദിയിൽ ആത്മാവെന്നുള്ള ഭ്രാന്തി-മിഥ്യാജ്ഞാനം-ഒഴിഞ്ഞുപോവുകയും ചെയ്യും. രാഗാദിദോഷങ്ങള്‍ നശിക്കുകയും ശുഭാശുഭകർമങ്ങള്‍ നിവർത്തിക്കുകയും ചെയ്യും. കർമരൂപങ്ങളായ കാരണങ്ങള്‍ നശിച്ചാൽ ജനനമില്ല, മരണവുമില്ല. ഈ ജനനമരണനിവൃത്തിതന്നെയാണ്‌ മോക്ഷം. വൈശേഷികത്തിൽ ആദ്യം പ്രസ്‌താവിച്ച ദ്രവ്യം എന്ന പദാർഥവിഭാഗത്തിൽ ആകെ ഒമ്പത്‌ ഉപവിഭാഗങ്ങളുള്ളതിൽ ഏഴാമത്തേതാണ്‌ ആത്മാവ്‌ എങ്കിൽ ന്യായത്തിൽ പ്രമേയം എന്ന പദാർഥവിഭാഗത്തിന്റെ ഉപവിഭാഗങ്ങളിൽ ആദ്യത്തേതാണ്‌ ആത്മാവ്‌. ഈ രണ്ടു ദർശനങ്ങളും അങ്ങനെ ദേഹവ്യതിരിക്തമായി ആത്മാവ്‌ എന്ന ഒന്നിനെ അംഗീകരിക്കുകയും പ്രമാണങ്ങളുടെ കൂട്ടത്തിൽ ആഗമങ്ങളെയും ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. പ്രതിപാദ്യത്തിന്റെ പ്രാധാന്യം നോക്കുമ്പോള്‍ വൈശേഷികം പ്രമേയത്തെയും ന്യായം പ്രമാണത്തെയും കൂടുതലായി വിസ്‌തരിച്ചിരിക്കുന്നു. ആകയാൽ ഈ രണ്ടും കൂടിച്ചേരുമ്പോഴേ ഒരു സമ്പൂർണദർശനമാകുന്നുള്ളൂ. രണ്ടിനുംകൂടി തർക്കശാസ്‌ത്രം എന്ന ഒരു വ്യവഹാരംപോലും പ്രചാരത്തിലുണ്ട്‌. ഈ രണ്ടു ദർശനങ്ങളും പ്രപഞ്ചത്തെ വിശകലനാത്മകമായിട്ടാണ്‌ സമീപിച്ചിട്ടുള്ളത്‌ എന്ന വസ്‌തുതകൂടി പ്രസ്‌താവയോഗ്യമാണ്‌. കണാദന്‍, ഗൗതമന്‍ എന്നിവരാണ്‌ ഈ ദർശനങ്ങളുടെ ഉപജ്ഞാതാക്കള്‍.

സാംഖ്യയോഗദർശനങ്ങളിൽവച്ച്‌ സാംഖ്യം പ്രപഞ്ചത്തിലെ ഇരുപത്തഞ്ചു തത്ത്വങ്ങളെ വിസ്‌തരിക്കുകയും അവയാണു സകലതും എന്നു സിദ്ധാന്തിക്കുകയും ചെയ്യുന്നു. പുരുഷന്‍, പ്രകൃതി, മഹത്ത്‌, അഹങ്കാരം, മനസ്സ്‌, ശ്രാത്രം, ത്വക്ക്‌, ചക്ഷുസ്സ്‌, ജിഹ്വ, ഘ്രാണം, വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം, ശബ്‌ദം, സ്‌പർശം, രൂപം, രസം, ഗന്ധം, ആകാശം, വായു, അഗ്നി, സലിലം, ഭൂമി എന്നിവയാണ്‌ നിരീശ്വരസാംഖ്യത്തിലെ ഇരുപത്തഞ്ചു തത്ത്വങ്ങള്‍. ഇതിലെ പുരുഷന്‍ ജീവനാണ്‌. പുരുഷ-പ്രകൃതിതത്ത്വവിവേകജ്ഞാനത്താൽ മോക്ഷം സിദ്ധിക്കുന്നു എന്ന്‌ സാംഖ്യം സിദ്ധാന്തിക്കുന്നു. ഈശ്വരനിൽ വിശ്വസിക്കുന്ന ഒരു വിഭാഗം സാംഖ്യന്മാരുമുണ്ട്‌. അവരെ സേശ്വരസാംഖ്യം എന്നും പറഞ്ഞുവരുന്നു. പരമപുരുഷനായ ഈശ്വരനെ കൂട്ടിച്ചേർത്ത്‌ അവർ ഇരുപത്തിയാറു തത്ത്വങ്ങളെ പ്രതിപാദിക്കുന്നുണ്ട്‌. സേശ്വരസാംഖ്യം തത്വജ്ഞാനസഹിതമായ യോഗത്തെ മോക്ഷസാധനമായി വർണിക്കുമ്പോള്‍ നിരീശ്വരസാംഖ്യം യോഗസഹകൃതമായ തത്ത്വജ്ഞാനത്തെ മോക്ഷസാധനമായി ഉപന്യസിക്കുന്നു. പദാർഥതത്ത്വങ്ങള്‍ എച്ചിപ്പറഞ്ഞ്‌ അവയുടെ സ്വഭാവവിവേചനത്തോടുകൂടി വിജ്ഞാനം സമ്പാദിക്കുന്നതെങ്ങനെ എന്നും സാംഖ്യം ചർച്ചാവിഷയമാക്കിയെങ്കിൽ ആ വിജ്ഞാനം അനുഭവിക്കുന്നതിനുവേണ്ടിയുള്ള അനുഷ്‌ഠാനത്തിന്റെ നിർദേശമാണ്‌ യോഗത്തിന്റെ വിഷയം. യമനിയമാസനപ്രാണായാമപ്രത്യാഹാരധാരണാധ്യാനസമാധികള്‍ എന്ന എട്ടംഗങ്ങളോടുകൂടിയതാണ്‌ യോഗചര്യ. യോഗചര്യയിലൂടെ ഈശ്വരജ്ഞാനം നേടുകതന്നെയാണ്‌ മോക്ഷവും. സൂക്ഷ്‌മപര്യാലോചനയിൽ സാംഖ്യ-യോഗങ്ങള്‍ ചേർന്നാണ്‌ ഒരു സമ്പൂർണദർശനമായിത്തീരുന്നത്‌.

ധർമത്തെയും ബ്രഹ്മത്തെയും കുറിച്ചു വേദത്തെ പ്രമാണമാക്കി യാഥാർഥ്യജ്ഞാനമുണ്ടാക്കിത്തരുന്നതിന്‌ ആവിർഭവിച്ചിട്ടുള്ള ദർശനമാണ്‌ മൊത്തത്തിൽ മീമാംസ എന്നത്‌. പൂജനീയമായ വിചാരം എന്നാണ്‌ മീമാംസാപദത്തിന്റെ അർഥം. വേദപ്രമാണ്യത്തോടുകൂടി തത്ത്വമറിവാനായി ചെയ്യുന്ന അഥവാ മഹാന്മാരോ തത്തുല്യരോ മാന്യമായ മാർഗത്തിലൂടെ നിരൂപണം ചെയ്യുന്ന വിചാരശാസ്‌ത്രം എന്നു താത്‌പര്യം. ഇതിൽ പന്ത്രണ്ടധ്യായങ്ങളുള്ളതും ജൈമിനീ പ്രണീതവും സൂത്രാത്മകവും ശബരസ്വാമിയുടെ ഭാഷ്യത്തോടുകൂടിയതുമായ ഭാഗം പൂർവമീമാംസ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്നു. ധർമം, അതായത്‌ യാഗാദിവേദവിഹിതകർമങ്ങള്‍ ആണ്‌ ഇതിലെ പ്രതിപാദ്യവിഷയം. ധർമത്തെക്കുറിച്ച്‌ ഇതിൽ വിശദമായും നിഷ്‌കൃഷ്‌ടമായും ചർച്ച ചെയ്‌തിട്ടുണ്ട്‌. ബാഹ്യപ്രപഞ്ചം ജീവാത്മാക്കളുടെ അസ്‌തിത്വം, കർമാനുഷ്‌ഠാനം, പുനർജന്മം, സ്വർഗം, നരകം എന്നിവയിൽ ഈ ദർശനം വിശ്വസിക്കുന്നുണ്ട്‌. എങ്കിലും ജഗത്തിന്റെ ഉത്‌പത്തിസ്ഥിതിലയകാരണമായ ഒരു ഈശ്വരനിൽ വിശ്വസിക്കുന്നില്ല. ഋക്ക്‌ തുടങ്ങിയ വേദങ്ങള്‍ക്ക്‌ ഈ ദർശനം സത്യത്വവും പ്രാമാണ്യവും കല്‌പിക്കുന്നുണ്ടെങ്കിലും ഇവയുടെ ഈശ്വരകർത്തൃത്വത്തെ നിഷേധിക്കുന്നുമുണ്ട്‌. ഈ ദർശനമനുസരിച്ച്‌ ബ്രഹ്മജ്ഞാനം എന്നൊന്നില്ല; (പ്രഭാകരമതമനുസരിച്ച്‌) എല്ലാ ജ്ഞാനവും യഥാർഥമാണ്‌. ജഗത്ത്‌, തദ്വിഷയങ്ങള്‍, പരമാണുക്കള്‍, ആത്മാവ്‌ എന്നിവ നിത്യമാണ്‌. നിത്യമായ ആത്മാവ്‌ ശരീരവ്യതിരിക്തമായ തത്ത്വമാണ്‌. പ്രതിശരീരഭിന്നനായ ആത്മാവിന്‌ കർത്തൃത്വഭോക്തൃത്വങ്ങളുണ്ട്‌. ഈ കർമമീമാംസകരുടെ അഭിപ്രായത്തിൽ നിരതിശയാനന്ദത്തോടുകൂടിയ സ്വർഗത്തിന്റെ അനുഭവമാണു മോക്ഷം. വ്യത്യസ്‌തമായി ഒരു മോക്ഷമില്ല. വേദവിഹിതകർമാനുഷ്‌ഠാനം അതിനുള്ള ഉപായമാണുതാനും. കർമഫലങ്ങള്‍ സ്വയമേവ ഉത്‌പന്നങ്ങളാകയാൽ അതിനായി ഒരധിഷ്‌ഠാതാവിന്റെയോ മധ്യവർത്തിയുടെയോ ആവശ്യം ഇവർ കാണുന്നില്ല. ഇങ്ങനെയൊക്കെയൊണെങ്കിലും പില്‌ക്കാലത്തുള്ള മീമാംസകർ സ്വർഗത്തെക്കാള്‍ ശ്രഷ്‌ഠമായ മോക്ഷം ഒന്നുണ്ട്‌ എന്നും നിഷ്‌കാമകർമാനുഷ്‌ഠാനമാണ്‌ പ്രാപ്‌തിഹേതുവെന്നും വിശ്വസിക്കുന്നുണ്ട്‌.

ഉത്തരമീമാംസയിൽ ആകെ എട്ടധ്യായങ്ങളുള്ളതിൽ ആദ്യത്തെ നാലെച്ചമടങ്ങിയ ഭാഗം ദേവതാപ്രകരണമെന്നും പിന്നത്തെ നാലെച്ചമടങ്ങിയ ഭാഗം ബ്രഹ്മപ്രകരണം അഥവാ ജ്ഞാനപ്രകരണമെന്നും പറയപ്പെടുന്നു. ദേവതാ പ്രകരണത്തിൽ ഒന്നാമത്തെ അധ്യായത്തിൽ ദേവതാതത്ത്വ പ്രതിപാദനത്തിലാണ്‌ എല്ലാ മന്ത്രങ്ങള്‍ക്കും താത്‌പര്യമെന്നും രണ്ടാമത്തേതിൽ ദേവതകളുടെയും മന്ത്രങ്ങളുടെയും മറ്റും മഹിമയെ വ്യക്തമാക്കുവാനാണ്‌ യാഗാദികള്‍ എന്നും അവയ്‌ക്കു സ്വതന്ത്രമായ ഒരു ഉപയോഗമില്ലാ എന്നും മൂന്നാമത്തേതിൽ ദേവതകള്‍ സ്വേച്ഛാവിഗ്രഹത്തോടും സ്വേച്ഛാനുഗുണഗുണങ്ങളോടും കൂടിയവരാണെന്നും നാലാമത്തേതിൽ അതതു ദേവതകളുടെ പ്രസാദംകൊണ്ട്‌ അതതു ദിവ്യലോകങ്ങളും തദനുസാരികളായ വേഷഭൂഷാദികളും ഐശ്വര്യവും ആനന്ദവും ഉപാസനാഭേദമനുസരിച്ച്‌ ലഭ്യമാകുന്നു എന്നും പ്രതിപാദിക്കുന്നു. മധ്യമീമാംസ എന്ന അപരനാമത്തോടുകൂടിയ ഈ നാലധ്യായങ്ങള്‍ ഹിന്ദുമതത്തിലെ സഗുണോപാസനയുടെ അനുശാസനഗ്രന്ഥമാണെന്നു പറയാം. ഇതനുസരിച്ച്‌ മോക്ഷം സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിങ്ങനെ നാലു വിധത്തിലാണ്‌. അദ്വൈതദർശനത്തിന്റെ വിഭാഗങ്ങളായ ദ്വൈതാദ്വൈതം, ദ്വൈതം, വിശിഷ്‌ടാദ്വൈതം മുതലായ പ്രസ്ഥാനങ്ങളുടെ സ്രാതസ്സ്‌ ഈ മധ്യമീമാംസയാണെന്നു പറയാം. ഭാരതീയദർശനം അതിന്റെ ഉച്ചശൃംഗത്തിലെത്തി വിഹരിക്കുന്നത്‌ ജ്ഞാനപ്രകരണത്തിലാണ്‌. അദ്വൈതം അഥവാ കേവലാദ്വൈതമാണ്‌ ഇതിന്റെ വിഷയം. ഈ തത്ത്വചിന്താപദ്ധതിയുടെ പ്രാരംഭം ഋഗ്വേദത്തിലെ ഏകദേവതോദ്‌ഘോഷകങ്ങളായ സൂക്തങ്ങളിലും പരിപോഷം ഉപനിഷത്തുകളിലുമാണ്‌ ദൃശ്യമാകുന്നത്‌. ബാദരായണന്റെ ബ്രഹ്മസൂത്രത്തിൽ ഈ ദർശനത്തിന്റെ ഒരു ക്രാഡീകരണം കാണാമെങ്കിൽ ഗൗഡപാദാചാര്യരുടെ മാണ്ഡൂക്യകാരികയിൽ ഇതിന്റെ വിശദീകരണവും കാണാം. ആദിശങ്കരന്റേതിനു തൊട്ടുമുമ്പുവരെയുള്ള കാലഘട്ടത്തെ അദ്വൈതചരിത്രത്തിന്റെ ഒന്നാമത്തെ ഘട്ടമായി പരിഗണിക്കാം. ആദിശങ്കരന്‍ തന്റെ പ്രസ്ഥാനത്രയത്തിലൂടെ അദ്വൈതം പ്രചരിപ്പിച്ച ആ കാലത്തെ രണ്ടാംഘട്ടമായും അതിനുശേഷം പദ്‌മപാദന്‍, സുരേശ്വരാചാര്യന്‍, വാചസ്‌പതിമിശ്രന്‍ മുതലായവരുടേതായ സംഭാവനകളടങ്ങിയകാലം മൂന്നാംഘട്ടമായും കരുതാം. "ബ്രഹ്മം ഒന്നു മാത്രമേ സത്യമായിട്ടുള്ളൂ. ഇക്കാണുന്ന ജഗത്ത്‌ മിഥ്യയാണ്‌. ജീവന്‍ ബ്രഹ്മമല്ലാതെ മറ്റൊന്നല്ല' എന്നാണ്‌ അദ്വൈതത്തിന്റെ സാരസംഗ്രഹം.ഈ പരമസത്യത്തിലെത്തിക്കുന്ന യുക്തികളും മറ്റും വളരെ വിശദമായും സപ്രമാണമായും പ്രതിപാദിക്കുകയുംസ്വമതസ്ഥാപനത്തിന്‌ വേണ്ടിവന്നാൽ ഇതര മതഖണ്ഡനം സാധ്യമാക്കുകയും ചെയ്യുന്നതിൽ അദ്വൈതദർശനം വിജയം കൈവരിച്ചിട്ടുണ്ട്‌. ആദിശങ്കരന്റെ നിശിതമായ ബുദ്ധിയും നിത്യചൈതന്യവത്തായ പ്രതിഭയും അദ്വൈതത്തെ ഭാരതത്തിന്റെ മച്ചിൽ രൂഢമൂലമാകുവാനും ദർശനങ്ങളുടെ ദർശനമായി പരിലസിക്കുവാനും സഹായിച്ചിട്ടുണ്ട്‌.

ചാർവാകം മുതൽ അദ്വൈതംവരെയുള്ള ഈ ഭാരതീയ ദർശനങ്ങള്‍ക്ക്‌ ഓരോന്നിനും അതതിന്റെതായ ജ്ഞാനമീമാംസയുള്ളതുപോലെ ആചാരമീമാംസയുമുണ്ട്‌. പരമസത്യപ്രാപ്‌തിക്കുള്ള സാധനങ്ങളുടെ അഥവാ ഉപായങ്ങളുടെ ചർച്ചയാണ്‌ ഈ പ്രകരണത്തിൽ കാണുന്നത്‌. ഓരോ ദർശനത്തെക്കുറിച്ച്‌ മുകളിൽ പ്രസ്‌താവിച്ചപ്പോള്‍ അതതിന്റെ ആചാര്യമീമാംസയെക്കുറിച്ചും അല്‌പമായ ഒരു സൂചന നല്‌കിയിട്ടുണ്ട്‌. അദ്വൈത ദർശാനുസാരേണ ആത്മസ്വരൂപചൈതന്യസാക്ഷാത്‌കാരം അഥവാ "അഹം ബ്രഹ്മാസ്‌മി' എന്ന പരമസത്യത്തിന്റെ അനുഭവം ഉണ്ടാകുന്നതിന്‌ ശ്രവണം, മനനം, നിദിധ്യാസനം എന്നിവയുടെ അനുഷ്‌ഠാനം അത്യന്താപേക്ഷിതമാണ്‌. പരമാത്മവസ്‌തുവിൽ തത്‌പരനായിരിക്കുക എന്നതാണ്‌ ശ്രവണംകൊണ്ടുദ്ദേശിക്കുന്നതെങ്കിൽ ശ്രവണം കൊണ്ട്‌ ധരിക്കപ്പെട്ട അദ്വൈതവസ്‌തുവിനെ തക്ക യുക്തികള്‍കൊണ്ട്‌ ദൃഢീകരിക്കലാണ്‌ മനനം.

ഹിന്ദുമതം, ശ്രയഃപ്രാപ്‌തിക്കായി കർമം, ഭക്തി, ജ്ഞാനം എന്നിങ്ങനെ മൂന്നു മാർഗങ്ങള്‍ നിർദേശിക്കുന്നുണ്ട്‌. ഈ മാർഗങ്ങള്‍ ദർശനങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ ആചാരമീമാംസയിലുള്‍പ്പെടുന്നു. അങ്ങനെ മതവും ദർശനവും ഇന്ത്യയിൽ പ്രത്യേകം ഉരുത്തിരിഞ്ഞിട്ടല്ല, അഭിന്നമായിട്ടാണ്‌ നിലകൊള്ളുന്നതെന്നു കാണാം. രുചിഭേദത്തിനനുസരിച്ചും പാരമ്പര്യമനുസരിച്ചും മതാചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതുപോലെ ഈ രണ്ടുമനുസരിച്ച്‌ ഇന്ത്യയിലെ ജനങ്ങള്‍ അവരവർക്കിഷ്‌ടമുള്ള ദർശനത്താൽ ആകർഷിക്കപ്പെടുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ചാർവാകം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയ്‌ക്ക്‌ പരമ്പരാഗതങ്ങളായ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടില്ല എങ്കിലും ജൈനം, ബൗദ്ധം, പൂർവമീമാംസ, ഉത്തരമീമാം, എന്നീ ദർശനങ്ങളെ സംബന്ധിച്ചിടത്തോളം അതത്‌ അനുയായി വർഗങ്ങള്‍ അതതു പ്രസ്ഥാനം നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും യത്‌നങ്ങള്‍ ഇന്നും ചെയ്‌തുകൊണ്ടേയിരിക്കുന്നു; ശങ്കരാചാര്യസ്ഥാപിതങ്ങളായ നാലു മഠങ്ങള്‍ ഇതിനു നിദർശനങ്ങളാണ്‌.

അടുത്തകാലത്തായി ഇന്ത്യയിൽ ദർശനരേഖയ്‌ക്കു കാര്യമായ നൂതന സംഭാവനയൊന്നും നല്‌കുവാന്‍ സാധിച്ചിട്ടില്ല. എങ്കിലും പാശ്ചാത്യ ദർശനങ്ങളെയും ഭാരതീയ ദർശനങ്ങളെയും സമന്വയിപ്പിക്കുന്നതിനുള്ള ചില പരിശ്രമങ്ങള്‍ അങ്ങുമിങ്ങും ഉണ്ടായിട്ടില്ലെന്നില്ല. ഡോക്‌ടർ രാധകൃഷ്‌ണന്റെ നാമധേയം ഇത്തരുണത്തിൽ പ്രത്യേകം പ്രസ്‌താവ്യമാണ്‌. (നോ: അദ്വൈതം; അഷ്‌ടാംഗയോഗം; ജൈനദർശനം; ന്യായം; പൂർവമീമാംസ; പ്രമാണങ്ങള്‍ (ജ്‌ഞാനമീമാംസ); ബൗദ്ധദർശനം; വൈശേഷികം; സാംഖ്യം).

പ്രാഗ്‌വിജ്ഞാനം

ഈശ്വരസൃഷ്‌ടങ്ങളും ദൃശ്യാദൃശ്യങ്ങളും ചേതനാചേതനങ്ങളുമായ സമസ്‌തപദാർഥങ്ങളും ഉള്‍ക്കൊള്ളുന്ന ബ്രഹ്മാണ്ഡത്തെ പല ലോകങ്ങളായി വിഭജിച്ചതിൽ മേൽഭാഗത്തു വർത്തിക്കുന്ന ഭൂലോകത്തെ ജംബു, പ്ലക്ഷം, ശാല്‌മലി, കുശം, ക്രൗഞ്ചം, ശാകം, പുഷ്‌കരം എന്നിങ്ങനെ ഏഴു ദ്വീപങ്ങളായി വേർതിരിച്ചിരിക്കുകയാണെന്നും അവയിൽ ജംബുദ്വീപത്തിൽപ്പെട്ട ഭാഗമാണ്‌ ഭാരതവർഷമെന്നും വിഷ്‌ണുപുരാണം വിവരിക്കുന്നു. സ്വയംഭൂവമനുവിന്റെ മൂത്തപുത്രനായ പ്രിയവ്രതന്‍ തന്റെ പുത്രന്മാരിൽ ഏഴു പേർക്കുവേണ്ടി സപ്‌തദ്വീപങ്ങള്‍ പങ്കു വച്ചുകൊടുത്തപ്പോള്‍ അഗ്നീധ്രനാണ്‌ ജംബുദ്വീപം ലഭിച്ചത്‌. അഗ്‌ധീധ്രന്‍ ജംബുദ്വീപത്തെ തന്റെ ഒമ്പതു പുത്രന്മാർക്കായി വിഭജിച്ചുകൊടുത്തതിൽ ഹിമാലയപർവതത്തിന്‌ തെക്കുള്ള ഭാഗം നാഭിക്കാണ്‌ ലഭിച്ചത്‌. നാഭിയുടെ നൂറു പുത്രന്മാരിൽ മൂത്തവനായ ഭരതന്റെ പേരിൽനിന്ന്‌ ഈ ഭൂഭാഗത്തിന്‌ ഭാരതവർഷം എന്ന നാമം സിദ്ധിച്ചു. ഭാരതത്തിന്റെ അതിരുകളെ വിഷ്‌ണുപുരാണത്തിൽ ഇപ്രകാരം നിർണയിച്ചിരിക്കുന്നു:

	"ഉത്തരം യത്സമുദ്രസ്യ
	ഹിമാദ്രാശൈച്വ ദക്ഷിണം,
	വർഷം തദ്‌ഭാരതം നാമ
	ഭാരതീ യാത്ര സന്തതിഃ'
 

പ്രാചീന സംസ്‌കൃത ശബ്‌ദകോശങ്ങളിലൊന്നായ അമരകോശപ്രകാരം (നാം അധിവസിക്കുന്ന) ഈ ലോകത്തിന്റെ പേര്‌ ഭാരതം എന്നാണ്‌; ശരാവതിനദിയെ അവധി (അതിർത്തി) ആക്കിവച്ച്‌ അതിന്റെ തെ.കി. ഭാഗത്തുള്ള ദേശം പ്രാച്യവും വടക്കുപടിഞ്ഞാറുള്ള ഭാഗം ഉദീച്യവും അതിനപ്പുറത്തുള്ള ദേശം മ്ലേച്ഛവുമാണ്‌; രാജ്യത്തിന്റെ നടുക്കുകിടക്കുന്ന ഭൂവിഭാഗത്തിന്‌ മധ്യദേശമെന്നും മധ്യമമെന്നും പറയുന്നു; വിന്ധ്യന്‍ മുതൽ ഹിമാലയംവരെയുള്ള ദേശം ആര്യാവർത്തമെന്നും പുണ്യഭൂമി എന്നും അറിയപ്പെടുന്നു.

	"ലോകോƒയം ഭാരതം വർഷം
	ശരാവത്യാസ്‌തു യോƒവധേഃ
	ദേശഃപ്രാഗ്‌ ദക്ഷിണഃ പ്രാച്യ
	ഉദീച്യഃ പശ്ചിമോത്തരഃ
	പ്രത്യന്തോ മ്ലേച്ഛദേശഃസ്യ-
	ന്മധ്യദേശസ്‌തു മധ്യമഃ
	ആര്യാവർത്തഃ പുണ്യഭൂമിർ-
	മധ്യ വിന്ധ്യഹിമാലയോഃ'
(അമരകോശം)
 

ധആധുനിക അവധിൽപ്പെട്ട ഫൈസാബാദിലൂടെ ഒഴുകുന്ന ഒരു നദീയെ ശരാവസ്‌തി എന്നു വിളിക്കാറുണ്ട്‌. ഈ ശരാവതി (ശരാവസ്‌തി) തന്നെയാണ്‌ ശ്രാവസ്‌തി എന്ന്‌ പ്രസിദ്ധമായ ഒരു വ്യാഖ്യാനമുണ്ട്‌.പ ഭാരതവർഷത്തിൽ ഒമ്പതു ദ്വീപുകളും (ഇന്ദ്രദ്വീപം, കശെരുമാന്‍സ, താമ്രപർണം, ഗഭസ്‌തിമാന്‍, നാഗം, കടാഹം, സിംഹളം, വാകുണം, കുമാരം), ഏഴ്‌ കുലപർവതങ്ങളും (മഹേന്ദ്രം, മലയം, സഹ്യം, ശുക്തിമാന്‍, ഋക്ഷം, വിന്ധ്യം, പാരിയാത്രം), അനവധി നദികളും (സരസ്വതി, കാളിന്ദി, ഹിരണ്വതി, ശതദ്രു, വിതസ്‌ത, ഇരാവതി, ഗോമതി, ദൃഷദ്വതി, ഗണ്ഡകി, സരയൂ, സിന്ധു, ചർമണ്വതി, വിദിശ, നർമദ, മന്ദാകിനി, തമസ, പയോഷ്‌ണി, നിർവിന്ധ്യ, താപി, വൈതരണി, ഗോദാവരി, കൃഷ്‌ണ, രേവ, കാവേരി, കൃതമാല, താമ്രപർണി തുടങ്ങിയവ), അസംഖ്യം രാജ്യങ്ങളും (മത്സ്യം, പാഞ്ചാലം, കോസലം, കൗരവം, കലിംഗം, വംഗം, ആഭീരം, ഗാന്ധാരം, കേകയം, അംഗം, പ്രാഗ്‌ജ്യോതിഷം, മഗധം, കേരളം, ചോളം, ഉത്‌കലം, ദശാർണം, അവന്തി മുതലായവ) അടങ്ങിയിരിക്കുന്നതായി ഒന്നിലധികം പുരാണങ്ങളിൽ പരാമർശമുണ്ട്‌. (നോ: വിഷ്‌ണു പുരാണം, വാമനപുരാണം, ഭാഗവതം). ആധുനിക ഭൂമിശാസ്‌ത്രത്തിൽ, ഇവയിൽ ചിലവ അതേ പേരുകളിലും മറ്റു ചിലവ ഈഷദ്‌വ്യത്യാസങ്ങളോടുകൂടിയും ഇനിയും ചിലവ തികച്ചും പുതിയ സംജ്ഞകളാലും വിവക്ഷിക്കപ്പെടുന്നു.

പുരാവിജ്ഞാനീയം

ഇന്ത്യയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാചീന പാരമ്പര്യത്തെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായ അറിവുകള്‍ ശേഖരിച്ചു വിലയിരുത്തുവാനും അഭ്യൂഹങ്ങള്‍ക്കതീതമായ ഒരു സമ്പൂർണ ചരിത്രത്തിന്റെ ആധികാരിക രൂപരേഖ തയ്യാറാക്കുവാനുമുള്ള ഔദ്യോഗിക പരിശ്രമങ്ങള്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടിയാണ്‌ തുടങ്ങിയത്‌. എങ്കിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിൽത്തന്നെ ചില ചരിത്രാന്വേഷകർ വ്യക്തിപരമായ ഗവേഷണത്വരമൂലം ചെറിയ പരിശ്രമങ്ങള്‍ ഈ രംഗത്ത്‌ നടത്തിയിരുന്നതായി കാണാം. പ്രാചീന ജനപദങ്ങളിൽ കണ്ടെത്തിയ ഭഗ്നാവശിഷ്‌ടങ്ങള്‍ ഉത്‌ഖനനം ചെയ്‌തപ്പോള്‍ ലഭിച്ച കലാസംസ്‌കാരികശകലങ്ങള്‍, ലിഖിതങ്ങള്‍, സ്‌മാരകഫലകങ്ങള്‍, ശിലാശില്‌പങ്ങള്‍, പ്രതിമാശില്‌പങ്ങള്‍, വാസ്‌തുശില്‌പങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍ പലതും പ്രാചീന ചരിത്രത്തിന്റെ പുനർനിർമാണത്തിനുതകുന്നവയാണെന്നു ബോധ്യമായി. ആദ്യകാലങ്ങളിൽ കലാമൂല്യമുള്ള പഴയ കൗതുകവസ്‌തുക്കളും പ്രതിമാശില്‌പങ്ങളും കണ്ടെടുക്കുവാനുള്ള താത്‌പര്യമായിരുന്നു പൊന്തിനിന്നിരുന്നത്‌. എന്നാൽ ഈ സാമഗ്രികളുടെ ചരിത്രപരമായ പ്രാധാന്യം സ്‌പഷ്‌ടമായതോടെ ഇവയ്‌ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്‍ വ്യാപകമായ തോതിലാരംഭിച്ചു. 1861-ൽ അലക്‌സാണ്ടർ കച്ചിങ്‌ഹാമിന്റെ നേതൃത്വത്തിൽ ആർക്കിയോളജിക്കൽ സർവേ എന്നൊരു പുതിയ വകുപ്പ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എങ്കിലും ഈ രംഗത്ത്‌ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.

മോഹന്‍ജൊദരോ നഗരാവശിഷ്‌ടങ്ങള്‍
ഹാരപ്പ നഗരാവശിഷ്‌ടം

1860-ൽ സത്‌നാ ജില്ലയിൽനിന്ന്‌ ഒരു നവീന ശിലായുഗായുധം എഛ്‌.പി. ലെ മിസുറിയന്‍ ((H P Le Mesurien)എന്ന റയിൽവേ എന്‍ജിനീയർ കണ്ടെടുത്തു. തുടർന്ന്‌, 1863-ൽ ചെങ്കൽപ്പേട്ട്‌ ജില്ലയിൽ പല്ലാവരത്തുനിന്ന്‌ ജിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന റോബർട്ട്‌ ബ്രൂസ്‌ഫുട്ട്‌ പുരാതനശിലായുഗത്തിലെ ഏതാനും ഉപകരണങ്ങള്‍ കണ്ടെടുത്തു. ഇതു മുതലാണ്‌ കൂടുതൽ ഉപകരണങ്ങളും മറ്റു പുരാവസ്‌തുക്കളും കണ്ടെടുക്കുവാനുള്ള ശ്രമങ്ങളും ശിലായുഗകാലത്തെ പുരാവസ്‌തുക്കളെക്കുറിച്ചുള്ള പഠനങ്ങളും ആരംഭിച്ചത്‌. 1902-ൽ ഡോ. ജോണ്‍ മാർഷലിന്റെ നേതൃത്വത്തിൽ ആർക്കിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതോടുകൂടി പുരാവസ്‌തുഗവേഷണങ്ങള്‍ക്ക്‌ വളരെ പ്രാധാന്യവും അംഗീകാരവും ഉണ്ടായി. പല ബുദ്ധമത സങ്കേതങ്ങളും മാർഷലിന്റെ പര്യവേക്ഷണങ്ങള്‍ക്കു വിധേയമായി. സാഞ്ചി, തക്ഷശില, സാരാനാഥ്‌, സഹേട്‌-മഹേട്‌, കസിയ, പഹാഡ്‌പുർ, നാളന്ദ തുടങ്ങിയ ബൗദ്ധകേന്ദ്രങ്ങളിൽനിന്ന്‌ ബൗദ്ധവാസ്‌തുവിദ്യയെ സംബന്ധിച്ച പല പുതിയ ചരിത്രവസ്‌തുതകളും ശേഖരിക്കുവാന്‍ മാർഷലിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. തക്ഷശിലയിലെ ബൗദ്ധാവശിഷ്‌ടങ്ങള്‍ കൂടാതെ ബീർമൗണ്ട്‌, സിർകാപ്‌ എന്നീ രണ്ടു സ്ഥാനങ്ങളിൽനിന്ന്‌ ബി.സി. 6-ഉം 5-ഉം ശ.-ങ്ങളിലെ ഇന്തോ-ഗ്രീക്‌ സമ്പർക്കത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആരംഭംമുതൽ കുശാനവംശജരുടെ ആദ്യകാലംവരെയുള്ള കാലഘട്ടത്തിലേക്കു വെളിച്ചം വീശുന്ന നിരവധി ചരിത്രാവശിഷ്‌ടങ്ങളും കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. യമുനാനദിക്കരയിലുള്ള ഭിട (Bhita) ഒരു വാണിജ്യകേന്ദ്രമായിരുന്നുവെന്ന്‌ തെളിയിക്കുന്ന ഏതാനും സാമഗ്രികളും ലഭ്യമായിട്ടുണ്ട്‌. പാടലീപുത്രത്തിൽ കരിങ്കൽത്തൂണുകളിൽ ഉറപ്പിച്ച്‌ തടികൊണ്ടു നിർമിക്കപ്പെട്ടിരുന്ന ഒരു മൗര്യരാജകൊട്ടാരം നിന്ന സ്ഥാനവും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. 1921-ൽ ഹാരപ്പയിലും 1922-ൽ മോഹന്‍ജൊദരോയിലും നടത്തിയ ഉത്‌ഖനനനിരീക്ഷണങ്ങളുടെ പ്രാധാന്യം ബോധ്യമായതോടുകൂടി സിന്ധുനദീതടസംസ്‌കാരത്തെ-അഥവാ ഹാരപ്പാ സംസ്‌കാരത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ വന്‍തോതിലുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ നാഗരികജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഗവേഷണങ്ങളുടെ ഫലമായാണ്‌ ലഭ്യമായത്‌. ഇറാഖിൽ നടത്തിയ ഒരു ഉത്‌ഖനനത്തിന്റെ ഫലമായി ഈ കാലഘട്ടത്തിലേതെന്നു കരുതാവുന്ന ചില മുദ്രകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. പ്രസക്തസംസ്‌കാരം ബി.സി. മൂവായിരത്തോളം പഴക്കമുള്ളതാണെന്ന്‌ അനുമാനിക്കുവാന്‍ പോരുന്നവയാണ്‌ ഈ മുദ്രകള്‍. ഇതോടുകൂടി പുരാവസ്‌തുഗവേഷണത്തിനുള്ള താത്‌പര്യം പൂർവാധികം വർധിച്ചു. തത്‌ഫലമായി സിന്‍ഡിലും ബലൂചിസ്‌താനിലും മറ്റു പല സ്ഥലങ്ങളിലും ഹാരപ്പാസംസ്‌കാരത്തിന്റെ പൂർണരൂപം മനസ്സിലാക്കാന്‍വേണ്ടിയുള്ള ഖനനഗവേഷണങ്ങള്‍ പലതും തുടർന്നു നടത്തി. ഹാരപ്പാ കാലഘട്ടത്തിനും വളരെ മുമ്പുമുതലേയുള്ള ആദിമകാലസംസ്‌കാരത്തെപ്പറ്റി വിലയേറിയ പല വിവരങ്ങളും ശേഖരിക്കുവാന്‍കൂടി ഈ ഗവേഷണപ്രക്രിയ സഹായകമായിത്തീർന്നു.

സ്‌ത്രീരൂപം-മോഹന്‍ജൊദരോ
ശിലാവിഗ്രഹം-മോഹന്‍ജൊദരോ

1935-ൽ യേൽ-കേംബ്രിഡ്‌ജ്‌ അന്വേഷണസംഘം കാശ്‌മീർ പ്രദേശത്തു നടത്തിയ പുരാതത്വഗവേഷണങ്ങളുടെ ഫലമായി ദക്ഷിണേന്ത്യയിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള കല്‌മഴുക്കളിൽനിന്ന്‌ ഭിന്നമായി, പാറക്കല്ലുകളിൽ രൂപപ്പെടുത്തിയിട്ടുള്ള ഒറ്റ വായ്‌ത്തലയുള്ള വെട്ടുകത്തികള്‍ കണ്ടെടുക്കപ്പെട്ടു. കൂടാതെ ഹിമാലയന്‍ ഹിമാനിചക്രത്തോട്‌ ഇന്ത്യയിലെ ആദ്യകാലശിലായുഗത്തെ ബന്ധിപ്പിക്കുവാന്‍കൂടി ഇതു സഹായകമായി. 1935-37 വർഷങ്ങളിൽ ചമ്പാരന്‍ ജില്ലയിലെ ഖനനഗവേഷണങ്ങള്‍ അതുവരെ വൈദികകാല ശവകുടീരങ്ങളായി കരുതിപ്പോന്നിരുന്ന കുന്നുകള്‍ ബൗദ്ധസ്‌തൂപങ്ങളുടെ ആദ്യകാലരൂപങ്ങളായിരുന്നെന്ന്‌ വ്യക്തമാക്കി. 1935-39 കാലങ്ങളിൽ നന്ദന്‍ഗഡിൽ നടത്തിയ ഖനനം അനേകം ബൗദ്ധസ്‌തൂപാവശിഷ്‌ടങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനുപകരിച്ചു. അവിടെ കണ്ടെത്തിയ ഏറ്റവും വലിയ സ്‌തൂപത്തിന്‌ 610 മീ. ചുറ്റളവും 23 മീ. ഉയരവും ഉണ്ടായിരുന്നു എന്നു കണക്കാക്കിയിട്ടുണ്ട്‌.

1940-44 കാലഘട്ടത്തിൽ കെ.എന്‍. ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ അഹിച്ഛത്ര നഗരസ്ഥാനം വിപുലമായ ഖനനത്തിനു വിധേയമാക്കി. ഗംഗാതടപ്രദേശത്തിന്റെ ഉപരിഭാഗങ്ങളിൽ ചരിത്രാതീതകാലംതൊട്ട്‌ മധ്യകാലംവരെ ഉപയോഗത്തിലിരുന്ന മണ്‍പാത്രങ്ങളുടെ പരിണാമചരിത്രം നിർണയിക്കുന്നതിന്‌ ഇതു വഴിതെളിച്ചു.

ഡോ. മോർട്ടിമർ വീലറുടെ നേതൃത്വത്തിൽ ആധുനിക സമ്പ്രദായങ്ങള്‍ പ്രയോജനപ്പെടുത്തി അടുക്കുപാളികളുടെ അടിസ്ഥാനത്തിൽ കാലനിർണയനം നിർവഹിച്ചുകൊണ്ടുള്ള പഠനങ്ങള്‍ ആരംഭിച്ചതിന്റെ ഫലമായി തക്ഷശില, അരിക്കമേട്‌, ഹാരപ്പ, ബ്രഹ്മഗിരി എന്നിവിടങ്ങള്‍ ഈ മാർഗങ്ങളുപയോഗിച്ച്‌ ഖനനം ചെയ്‌തും പുനർഖനനം ചെയ്‌തും ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഹാരപ്പയിൽനടന്ന പാളിതിരിച്ചുള്ള ഭൂഖനനപഠനങ്ങള്‍ ആ സംസ്‌കാരത്തിന്റെ സാമൂഹികഘടനയിലേക്കു വെളിച്ചം വീശുന്നതായിരുന്നു.

1950 ആയപ്പോഴേക്കും പുരാതത്വഗവേഷണത്തിൽ സർവകലാശാലകളും വിവിധ സംസ്ഥാനങ്ങളിലെ പുരാതത്വവകുപ്പുകളും മറ്റ്‌ സ്ഥാപനങ്ങളും ഔത്സുക്യം പ്രദർശിപ്പിച്ചുതുടങ്ങി. ഇതോടെ ആർക്കിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയ്‌ക്ക്‌ ഈ രംഗത്തുണ്ടായിരുന്ന കുത്തക അവസാനിക്കാനിടയായി. നാനാമണ്ഡലങ്ങളിലുമുള്ള ഗവേഷണങ്ങളുടെ ഫലമായി പ്രാക്തനഭാരതത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങള്‍ ലഭ്യമായി തുടങ്ങി. ഇന്ന്‌ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും പുരാതത്വഗവേഷണവകുപ്പ്‌ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്നുണ്ട്‌. ആദിമശിലായുഗം, മധ്യശിലായുഗം, നവീന ശിലായുഗം തുടങ്ങി താമ്ര അയോയുഗങ്ങള്‍വരെയുള്ള സംസ്‌കാരം, ജനജീവിതം, സാമൂഹികഘടന എന്നിവയെപ്പറ്റി വ്യക്തമായി മനസ്സിലാക്കുവാനുതകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ നൂതനഗവേഷണമാർഗങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്‌.

ഭൂഖനനഗവേഷണങ്ങള്‍ കൂടാതെ ഭൂമുഖത്ത്‌ അവശേഷിച്ചിട്ടുള്ള നാഗരികാവശിഷ്‌ടങ്ങള്‍, ശിലാലിഖിതങ്ങള്‍, ഗ്രന്ഥവരികള്‍, ചെപ്പേടുകള്‍, സ്‌തൂപികാലിഖിതങ്ങള്‍, വൈദേശിക ലിഖിതങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയവകൂടി പഠനവിഷയമാക്കി ഇന്ത്യയുടെ പുരാതത്വ ഗവേഷണം കൂടുതൽ ശാസ്‌ത്രീയമായ രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. (നോ: ആർക്കിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യ)

പ്രപഞ്ചസിദ്ധാന്തം

പ്രപഞ്ചോത്‌പത്തിയെ സംബന്ധിച്ചുള്ള പല സിദ്ധാന്തങ്ങളും പ്രാചീനഭാരതത്തിലുണ്ടായിട്ടുണ്ട്‌. അവയിൽ ചിലതു ഭാവനാപരവും മറ്റു ചലിത്‌ യുക്തിവിചാരാധിഷ്‌ഠിതവുമാണ്‌. ഋഗ്വേദം, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവയിലൂടെ രൂപംകൊണ്ടിട്ടുള്ളതും ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ ഒരു പ്രപഞ്ചസിദ്ധാന്തം ഇപ്രകാരമാണ്‌: സൃഷ്‌ടിക്കു മുമ്പ്‌ ബ്രഹ്മപ്രളയാവസ്ഥയിൽ പരിപൂർണാനന്ദം, ജ്ഞാനം എന്നീ സ്വരൂപത്തോടുകൂടിയ അദ്വിതീയമായ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത്‌ പ്രകൃതിപോലും പരമാത്മാവിൽ ലയിച്ചിരിക്കയാൽ പ്രകൃതികാര്യങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. കാലം. കർമം, സത്വാദിഗുണങ്ങള്‍, ജീവാത്മാക്കള്‍ എന്നല്ല സമസ്‌തവസ്‌തുക്കളും ശക്തിസ്വരൂപമായ ബ്രഹ്മത്തിൽ ലയിച്ചിരിക്കുകയായിരുന്നു. ഈ രീതിയിൽ രണ്ടു പരാർധം സംവത്സരം കഴിഞ്ഞപ്പോള്‍ ബ്രഹ്മത്തിന്‌ സൃഷ്‌ടിക്കുള്ള ഇച്ഛയുണ്ടായി. ജീവാത്മാക്കളുടെ അദൃഷ്‌ടം ആണ്‌ ഇതിനു കാരണം. ഈ ഇച്ഛയ്‌ക്കനുസൃതമായി ശക്തിസ്വരൂപിണിയായ മായ സ്വയം ക്ഷോഭിച്ച മാത്രയിൽ മായയിൽനിന്ന്‌ അഭിവ്യക്തമായിവന്ന കാലശക്തി, കർമം, വാസന എന്നിവയുടെ സഹായത്താൽ ഗുണങ്ങള്‍ (സത്വം, രജസ്‌, തമസ്‌) വികസിക്കുകയും അത്‌ പ്രപഞ്ചോത്‌പത്തിക്കു സഹായകമായിത്തീരുകയും ചെയ്‌തു. മായ പ്രകൃതിയിൽനിന്ന്‌ ആദ്യം സൃഷ്‌ടിച്ചത്‌ മഹത്‌തത്ത്വം എന്നും ബുദ്ധിതത്വം എന്നും പറയുന്ന ചൈതന്യോപാധിയെയാണ്‌. മഹത്‌തത്ത്വം ത്രിഗുണാത്മകമെങ്കിലും സത്വഗുണം പ്രധാനമായിട്ടുള്ളതാണ്‌. ഈ മഹത്‌തത്ത്വത്തിൽനിന്ന്‌ തമോഗുണപ്രധാനമായ അഹംകാരമുണ്ടായി. ഇത്‌ ത്രിഗുണങ്ങളെ ആശ്രയിച്ച്‌ വൈകാരികം, തൈജസം, താമസം എന്നിങ്ങനെ മൂന്നായി വേർപിരിഞ്ഞു. വൈകാരികതത്ത്വത്തിൽനിന്ന്‌ ജ്ഞാനേന്ദ്രിയങ്ങളുടെ അധിഷ്‌ഠാനദേവതകളുണ്ടായി. മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ നാലു വൃത്തികളോടുകൂടിയ അന്തഃകരണം സത്വാംശത്തിൽനിന്നാണ്‌ ജനിച്ചത്‌. ദശേന്ദ്രിയങ്ങള്‍ തൈജസാംശത്തിൽനിന്നുമുണ്ടായി. താമസാംശത്തിൽനിന്നുമാണ്‌ ആകാശത്തിന്റെ സൂക്ഷ്‌മാംശമായ ശബ്‌ദതന്മാത്രം ഉണ്ടായത്‌. ശബ്‌ദതന്മാത്രത്തിൽനിന്ന്‌ ആകാശം എന്ന ഭൂതവൂം അതിൽനിന്ന്‌ സ്‌പർശതന്മാത്രവും അതിൽനിന്നു വായുവും അതിൽനിന്ന്‌ രൂപതന്മാത്രവും അതിൽനിന്നു തേജസ്സും അതിൽനിന്ന്‌ രസതന്മാത്രവും പിന്നീട്‌ ജലവും അതിൽനിന്ന്‌ ഗന്ധതന്മാത്രവും പിന്നീട്‌ പൃഥ്വിയും സൃഷ്‌ടിക്കപ്പെട്ടു. ഇപ്രകാരം ഭൂതാദികള്‍ ഉണ്ടായി എങ്കിലും അവയ്‌ക്ക്‌ ഒറ്റപ്പെട്ട അവസ്ഥിതി മാത്രമേ സംഭവിച്ചുള്ളൂ; യഥാവിധി സമന്വയിച്ച്‌ ദൃശ്യപ്രപഞ്ചമായിത്തീരുവാന്‍ കഴിഞ്ഞില്ല. കാലാന്തരത്തിൽ ഈ പൃഥഗ്വസ്‌തുക്കളിൽ ക്രിയാശക്തി ഉണരുകയും സംഘടിതമായ ഒരു സ്വരൂപം ഇവയ്‌ക്കു ലഭ്യമാവുകയും ചെയ്‌തു. അങ്ങനെ ഈ ബ്രഹ്മാണ്ഡം ഉടലെടുത്തു. ബ്രഹ്മാണ്ഡം സുവർണമയമാണ്‌. മുമ്പേ സൃഷ്‌ടിക്കപ്പെട്ടിരുന്ന കാരണജലത്തിൽ ഇത്‌ വളരെ സംവത്സരക്കാലം കിടന്നു. ഈ അണ്ഡം പിന്നീട്‌ പിളരുകയും പതിനാലു ലോകങ്ങളുടെ സ്വരൂപമുള്ളതായിത്തീരുകയും സമസ്‌തപ്രാണികളുടെയും ആകൃതിയിൽ അസംഖ്യം കൈകാലുകളോടും ശിരസ്സുകളോടുംകൂടി പ്രകാശിക്കുകയും ചെയ്‌തു. ഇതാണ്‌ പ്രസിദ്ധമായ വിരാട്‌സ്വരൂപം. എല്ലാറ്റിന്റെയും അടിയിലിരിക്കുന്ന പാതാളം ഈ വിരാട്‌സ്വരൂപന്റെ ഉള്ളംകാലും രസാതലം പ്രപദവും (കാൽച്ചുവടിന്റെ പുറം) മഹാതലം കണംകാലുകളുടെ ഭാഗവും തലാതലം കാൽമുട്ടുകളുടെ താഴെയുള്ള മാംസളഭാഗവും സുതലം മുട്ടുകളും വിതല-അതലങ്ങള്‍ തുടകളുടെ ഭാഗങ്ങളും ഭൂലോകം ജഘനവും ആകാശം നാഭിയും, സ്വർഗലോകം വക്ഷസ്സും, മഹർലോകം കണ്‌ഠവും, തപോലോകം ഫാലവും, സത്യലോകം ശിരസ്സുമാകുന്നു. ഇവയ്‌ക്കു പുറമേ ലോകങ്ങളെ ആശ്രയിച്ചിരിക്കുന്ന മറ്റു ചില വസ്‌തുക്കളും വിരാഡ്‌ രൂപന്റെ ശരീരാംശങ്ങളാണ്‌.

ഇപ്രകാരം ചതുർദശഭുവനസ്വരൂപനായിത്തീർന്ന ഈശ്വരന്‍ ഏറ്റവും ഉയർന്നതായ സത്യലോകത്തിൽ അഖില ലോകങ്ങളുടെയും ആത്മഭൂതനായി ഹിരണ്യഗർഭന്‍ എന്ന പേരോടുകൂടി ബ്രഹ്മാവായി രൂപംപൂണ്ടു. രജോഗുണപ്രധാനനായ ബ്രഹ്മാവിന്‌ വിവിധഭൂതജാലങ്ങളെ സൃഷ്‌ടിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയും കഠിനതപസ്സിലൂടെ അതിനുള്ള സർവശക്തികളും സമ്പാദിക്കുകയും അർഥസഹിതം മനസ്സിൽ തെളിഞ്ഞുവന്ന വേദങ്ങളിലെ അനുശാസനമനുസരിച്ച്‌ ഈ സ്ഥാവരജംഗമമയമായ ദൃശ്യപ്രപഞ്ചം യഥാപൂർവം സൃഷ്‌ടിക്കുകയും ചെയ്‌തു (ധാതാ യഥാ പൂർവമകല്‌പയത്‌).

ബ്രഹ്മപ്രളയം ഒന്നു കഴിഞ്ഞാൽ മറ്റൊരു ബ്രഹ്മാവിന്റെ കാലം ആരംഭിക്കുകയായി. കൃതം (17,28,000 സംവത്സരം), ത്രത (12,96,000), ദ്വാപരം (86,400), കലി (43,200) എന്നീ നാലു യുഗങ്ങള്‍ ചേർന്നത്‌ ഒരു ചതുർയുഗമാണ്‌. ആയിരം ചതുർയുഗങ്ങള്‍ കൂടിയതാണ്‌ ബ്രഹ്മാവിന്റെ ഒരു പകൽ. അത്രയും കാലംതന്നെ രാത്രിയും. പകൽ കഴിഞ്ഞു രാത്രി തുടങ്ങുമ്പോള്‍ ബ്രഹ്മാവ്‌ താന്‍ സൃഷ്‌ടിച്ചിട്ടുള്ള സകല ശരീരികളോടും ചേർന്നു ബ്രഹ്മത്തിൽ ലയിച്ചുകിടക്കുന്നു. ഈ സ്വാപകാലത്തെ നൈമിത്തികപ്രളയമെന്നു പറയുന്നു. ഉണർന്നാൽ തലേന്നാളത്തെപ്പോലെ വീണ്ടും സൃഷ്‌ടിയാരംഭിക്കുന്നു.

360 ബ്രഹ്മദിനങ്ങള്‍ ചേർന്നത്‌ ഒരു ബ്രഹ്മസംവത്സരവും അങ്ങനെ നൂറു സംവത്സരങ്ങള്‍ ചേർന്നത്‌ ബ്രഹ്മാവിന്റെ ആയുഷ്‌കാലവുമാണ്‌. ഈ നൂറു സംവത്സരം കഴിഞ്ഞുള്ള ബ്രഹ്മാവിന്റെ അന്ത്യത്തെയാണ്‌ ബ്രഹ്മപ്രളയമെന്ന്‌ പറഞ്ഞുവരുന്നത്‌. ബ്രഹ്മപ്രളയം ദ്വിപരാർധകാലം നില്‌ക്കുമെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ ഈ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടും അനവസാനമായി ചക്രഭ്രമണക്രമത്തിൽ തുടർന്നുകൊണ്ടും ഇരിക്കുന്നു. ഇതാണ്‌ ഈ സിദ്ധാന്തക്കാരുടെ വിശ്വാസം.

കല്‌പം എന്നു പറയുന്ന കാലയളവ്‌ ഒരു ബ്രഹ്മദിനമാണ്‌. ഇതിനെ പൗരാണികർ 14 മന്വന്തരങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഓരോ മന്വന്തരത്തിന്റെയും ദൈർഘ്യം 30,67,20,000 വർഷങ്ങളാണ്‌. മന്വന്തരങ്ങള്‍ക്കു തമ്മിൽ ഇടവേളയുണ്ട്‌. ഓരോ മന്വന്തരത്തിലും ഓരോ പുതിയ മനു അവതരിക്കുകയും ചെയ്യുന്നു എന്നും സങ്കല്‌പമുണ്ട്‌. ഇപ്പോള്‍ ലോകം ഒരു കല്‌പത്തിലെ ഏഴാമത്തെ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

പ്രപഞ്ചത്തിന്റെ രചനാപരമായ അവസ്ഥയെക്കുറിച്ചും ഉത്‌കടമായ ചില പൗരാണിക സങ്കല്‌പങ്ങളുമായിട്ടുണ്ട്‌. പ്രപഞ്ചത്തിന്റെ ഒത്ത നടുവിലായി മഹാമേരു എന്ന പർവതം നില്‌ക്കുന്നു. അതിന്റെ അധിത്യകയിലാണ്‌ ബ്രഹ്മലോകം. ഈ ബ്രഹ്മലോകത്തിനു ചുറ്റും ഗംഗ പ്രവഹിക്കുന്നുണ്ട്‌. ദേവഗണങ്ങളുടെ പാർപ്പിടങ്ങള്‍ ഈ നദിക്കു ചുറ്റും പരിലസിക്കുന്നു. താഴെയുള്ള കുന്നുകളിലാണ്‌ ഗന്ധർവാദികളുടെ ലോകം. താഴ്‌വരയാകട്ടെ, അസുരന്മാരുടെ അധിവാസസ്ഥാനമാണ്‌. ആദിശേഷനാണ്‌ ഭൂമിയടക്കമുള്ള ഈ പ്രപഞ്ചത്തെ താങ്ങിനിർത്തുന്നത്‌. കാരണജലത്തിന്‍മീതെ പൊന്തിക്കിടക്കുന്ന ആമ ആദിശേഷന്റെ ആധാരമാണ്‌. ഭൂമിയാകട്ടെ ഒരു ചക്രത്തിന്റെ ആകൃതിയിലാണ്‌. ഇതിനെ ചുറ്റിക്കൊണ്ട്‌ സകേന്ദ്രവൃത്തങ്ങളിലായി മറ്റു ദ്വീപങ്ങളും സ്ഥിതിചെയ്യുന്നു. ദ്വീപങ്ങളുടെ ഇടയ്‌ക്ക്‌ സമുദ്രങ്ങളുണ്ട്‌. ഭൂമിക്ക്‌ ജംബുദ്വീപ്‌ എന്നാണ്‌ പേര്‌. ജംബുദ്വീപിനു ചുറ്റും ലവണസമുദ്രവും അതുകഴിഞ്ഞാൽ പ്ലക്ഷദ്വീപുമുണ്ട്‌. പ്ലക്ഷദ്വീപിനു ചുറ്റുമുള്ളത്‌ ഈക്ഷുസമുദ്രമാണ്‌. പിന്നീടാണ്‌ ശാല്‌മലദ്വീപ്‌. അതിനുചുറ്റും ഘൃതസമുദ്രവും സ്ഥിതിചെയ്യുന്നു. ക്രൗഞ്ചദ്വീപും, ദധിസമുദ്രവും, ശ്വേതദ്വീപും, ക്ഷീരസമുദ്രവും, പുഷ്‌കരദ്വീപും, ശുദ്ധജല സമുദ്രവും പിന്നീട്‌ വരുന്നവയാണ്‌. ശുദ്ധജലസമുദ്രത്തിനപ്പുറത്താണ്‌ ലോകാലോകം എന്ന വിചിത്രമായ ലോകം.

ഭൂമിശാസ്‌ത്രപരമായ അജ്ഞത പ്രകടമാക്കുന്ന പ്രാചീനഭാരതീയരുടെ ഈ വിശ്വരചനാവർണനം ബാലിശമാണെന്ന്‌ അഭിപ്രായമുള്ളവരുണ്ട്‌. എന്നാൽ മതപരമായ ഗ്രന്ഥങ്ങളിലെ ഈ വിവരണം ഇന്ത്യക്കാരുടെ അന്നത്തെ ഭൂമിശാസ്‌ത്രജ്ഞാനത്തിന്‌ നിദർശനമായി കല്‌പിക്കുന്നതു ശരിയല്ല. ഇന്ത്യയിൽനിന്നു പടിഞ്ഞാറോട്ടും, കിഴക്കോട്ടും, കരവഴിക്കും, കടൽവഴിക്കും നിരവധി പ്രാവശ്യം യാത്രചെയ്‌തിട്ടുള്ളതായി പരാമർശങ്ങള്‍ ലഭിച്ചിട്ടുള്ളതിൽനിന്നും ബാഹ്യലോകത്തെക്കുറിച്ച്‌ അവർ അജ്ഞരായിരുന്നുവെന്ന്‌ തീർത്തുപറയുക ഉചിതമാകില്ല. ഭൂമി ഉരുണ്ട ഒരു ഗോളമാണെന്ന ധാരണയും പ്രാചീനഭാരതത്തിൽ ജ്യോതിഃശാസത്രജ്ഞർക്കിടയിൽ ഉണ്ടായിരുന്നു. ചില മതാചാര്യന്മാർ മാത്രം ഈ പഴയ വിശ്വാസത്തിൽ ഊന്നിനിന്നു എന്നേ വിചാരിക്കാനുള്ളൂ.

നൈമിത്തികപ്രളയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പൗരാണിക പരാമർശങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം: യുഗങ്ങളിൽവച്ച്‌ കൃതം ധർമപുഷ്‌കലമായ കാലഘട്ടമാണ്‌. അന്ന്‌ ധർമമാകുന്ന പശു നാലുകാലിൽ നടക്കുന്നതായിട്ടാണ്‌ സങ്കല്‌പം. കൃതയുഗത്തിന്‌ സത്യയുഗം എന്നും പേരുണ്ട്‌ ത്രതായുഗത്തിൽ ധർമം മൂന്നു കാലിലാണ്‌ നടക്കുന്നത്‌. ജനങ്ങളുടെ സത്യധർമനിഷ്‌ഠ ചുരുങ്ങിവരുന്നു എന്നു സാരം. സത്യധർമനിഷ്‌ഠയ്‌ക്കു തളർച്ച പറ്റിയ കാലഘട്ടമാണ്‌ ദ്വാപരയുഗം. എങ്കിലും പലരും വർണാശ്രമധർമങ്ങളിൽ നിഷ്‌ഠയുള്ളവരായിരിക്കും. എന്നാൽ കലിയുഗം അധർമപ്രവണതയുള്ള കാലമാണ്‌. സത്യധർമങ്ങള്‍ വെടിയുവാനും സന്‍മാർഗമുപേക്ഷിക്കുവാനും യാതൊരു പ്രയാസവുമില്ല. ക്ഷാമം, സാംക്രമികരോഗം എന്നിവയുടെയും അതിവൃഷ്‌ടി, അനാവൃഷ്‌ടി എന്നിവയുടെയും ബാധ നിമിത്തം ലോകം ദുരിതത്തിലും ദുഃഖത്തിലും ആണ്ടുപോകും. ഈ യുഗത്തിന്റെ അവസാനത്തിലാണ്‌ വിഷ്‌ണുവിന്റെ കല്‌കി എന്ന അവതാരമുണ്ടാകാന്‍ പോകുന്നത്‌. അധർമത്തിന്റെ കൂത്തരങ്ങായ ലോകത്തെ നശിപ്പിക്കുന്നതിനാണ്‌ കല്‌കിയുടെ അവതാരം. നൂറുകൊല്ലത്തോളം അനാവൃഷ്‌ടി തുടരും; ഏഴു സൂര്യന്മാർ ആകാശത്തിൽ ഏകകാലത്ത്‌ ഉദിച്ച്‌ ശേഷിച്ച ജലം വറ്റിക്കുകയും ചെയ്യും. വായുവിന്റെ സഹായത്തോടെ അഗ്നി ഭൂമിയെയും പാതാളത്തെയും ചുട്ടുപൊടിച്ചു ഭസ്‌മമാക്കും. അതിനെത്തുടർന്ന്‌ അതിഭയങ്കരങ്ങളായ പ്രളയകാലകാളമേഘങ്ങള്‍ ആകാശത്തിലുയർന്ന്‌ ഇടിയും മിന്നലും പേമാരിയുമായി പന്ത്രണ്ടു സംവത്സരംനിന്ന്‌ ഭൂമിയെ ജലത്തിലാഴ്‌ത്തും. അനന്തരം ജലോപരി പൊങ്ങിക്കിടക്കുന്ന താമരയ്‌ക്കകത്തുള്ള ബ്രഹ്മാവ്‌ മരുത്തുക്കളെ തന്നിലേയ്‌ക്കടക്കി നിദ്രയിൽ പ്രവേശിക്കും.

സാംഖ്യകർത്താവായ കപിലന്‍ ഈ പദാർഥപ്രപഞ്ചത്തെ പ്രകൃതി എന്നും പുരുഷന്‍ എന്നും രണ്ടു മൂലഘടകങ്ങളായി തിരിച്ചിരിക്കുന്നു. ഇവയിൽ പുരുഷന്‍ പുഷ്‌കരപലാശംപോലെ നിർലേപനും നിത്യനും ചേതനാ സ്വരൂപനുമാണെന്നും ജഡമായ പ്രകൃതിയാണ്‌ പദാർഥ പ്രപഞ്ചത്തിന്റെ മൂലരൂപമെന്നും സിദ്ധാന്തിക്കുന്നു. താർക്കികന്മാർ പ്രപഞ്ചപദാർഥത്തെ ഏഴായി വിഭജിച്ചിട്ടുണ്ട്‌. ഇവയിൽ ആദ്യത്തെ പൃഥിവി, അപ്‌, അഗ്നി, വായു എന്നീ നാലു ഭൂതങ്ങള്‍ ജന്യങ്ങളാണെന്നും ഇവയുടെ മൂലകാരണങ്ങള്‍ അത്യന്തസൂക്ഷ്‌മങ്ങളും അനന്തങ്ങളും നിത്യങ്ങളുമായ പരമാണുക്കളാണെന്നും അവർ വിശ്വസിക്കുന്നു. നാം കാണുന്ന ഭൂമി, ജലം, തേജസ്‌, വായു എന്നിവ അതതു പരമാണുക്കളുടെ സംയുക്തകാര്യങ്ങളാണ്‌ എന്നാണ്‌ അവരുടെ വാദം. പ്രപഞ്ചോത്‌പത്തിക്കുമുമ്പ്‌, അതായത്‌, പ്രളയദശയിൽ ഈ അനന്തമായ വിശ്വം മുഴുവനും അസംഖ്യേയപരമാണുക്കള്‍ തിങ്ങിവിങ്ങിയിരിക്കും. ധൂളിപടലം നിറഞ്ഞ ദിങ്‌മണ്ഡലം പോലെ ആകാശം പരമാണുസഞ്ചയത്താൽ വ്യാപൃതമായിരിക്കും. ഈശ്വരന്റെ ഇച്ഛാശക്തിയാൽ ജീവകർമങ്ങള്‍ ഉദ്‌ബുദ്ധങ്ങളാകുമ്പോള്‍ അതതു പരമാണുക്കള്‍ സംഘടിക്കുകയും അതു വിവിധപദാർഥസൃഷ്‌ടിക്കു നിദാനമായിത്തീരുകയും ചെയ്യും. പദാർഥപ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടശേഷം ജീവാത്മാക്കള്‍ നിജകർമവാസനയനുസരിച്ച്‌ ശരീരത്തെ സ്വീകരിച്ചു ജീവിതപ്രയാണമാരംഭിക്കുന്നു. ഇതാണ്‌ താർക്കികരുടെ പ്രപഞ്ചസിദ്ധാന്തം.

മീമാംസകനാകട്ടെ, ജീവികളുടെ അനന്തകോടി ജന്മകൃതമായ കർമസഞ്ചയത്തിന്റെ ഫലദാനപ്രഭാവത്താലാണ്‌ ഈ പ്രപഞ്ചം ഭോഗയോഗ്യമായ വിധം ഉണ്ടായിട്ടുള്ളതെന്നു വാദിക്കുന്നു. പ്രപഞ്ചസിദ്ധാന്തത്തെക്കുറിച്ച്‌ ജൈനം, ബൗദ്ധം മുതലായ മറ്റു ദർശനങ്ങളിലും ചർച്ചകളുണ്ടായിട്ടുണ്ട്‌. ഈ പ്രാചീനസിദ്ധാന്തങ്ങളിൽ ഒന്നിനും തികഞ്ഞ ശാസ്‌ത്രീയത അവകാശപ്പെടുവാന്‍ സാധ്യമല്ലെങ്കിലും സാംഖ്യരുടെയും താർക്കികരുടെയും ചർച്ചകള്‍ ശ്രദ്ധാർഹങ്ങളാണ്‌.

ജ്യോതിഃശാസ്‌ത്രം

ഭാരത്തിൽ ജ്യോതിഃശാസ്‌ത്രത്തെ ജ്യോതിഷം എന്നാണ്‌ വിളിച്ചിരുന്നത്‌. പിന്നീട്‌ പാശ്ചാത്യസ്വാധീനംകൊണ്ട്‌ ഫലപ്രവചനവിഭാഗത്തെ മാത്രം ജ്യോതിഷം(Astrology)എന്നു വ്യവഹരിക്കുവാന്‍ തുടങ്ങി. ജ്യോതിസ്സുകളുടെ വസ്‌തുനിഷ്‌ഠമായ പഠനം ജ്യോതിഃശാസ്‌ത്രമായും ഫലഭാഗപഠനം ജ്യോതിഷമായും കണക്കാക്കിവരുന്നു.

വേദകാലത്തുതന്നെ മതാനുഷ്‌ഠാനങ്ങള്‍ക്കാവശ്യമായ കാലഗണനയ്‌ക്കുവേണ്ടി ജ്യോതിഃശാസ്‌ത്രം വികാസം പ്രാപിച്ചിരുന്നു. അക്കാലത്തെ ജ്യോതിഃശാസ്‌ത്രപരമായ അറിവ്‌ കൃത്യമായി മനസ്സിലാക്കുവാനുള്ള രേഖകളില്ല. എങ്കിലും, ജ്യോതിഷത്തെ വേദാംഗങ്ങളിൽ ഒന്നായി പരിഗണിച്ചിരുന്നു എന്നറിയാം. ജ്യോതിഷജ്ഞാനം പുരോഹിതർക്ക്‌ നിർബന്ധമായിരുന്നു. ബി.സി. 10-ാം ശ.-ത്തോടടുത്ത്‌ രചിക്കപ്പെട്ട ലഗധ മുനിയുടെ വേദാംഗജ്യോതിഷം എന്ന കൃതി ശ്രദ്ധേയമാണ്‌. അത്രി, വസിഷ്‌ഠന്‍ തുടങ്ങിയ അനേകം ജ്യോതിശാസ്‌ത്രജ്ഞരെക്കുറിച്ചുള്ള പരാമർശങ്ങളും പ്രാചീനകൃതികളിലുണ്ട്‌. പിൽക്കാലത്ത്‌ മെസപ്പോട്ടേമിയ, ഗ്രീസ്‌ തുടങ്ങിയ നാടുകളിൽനിന്നുള്ള ആശയങ്ങളും ഭാരതീയ ജ്യോതിശാസ്‌ത്രത്തെ സ്വാധീനിച്ചു. ഗുപ്‌തകാലഘട്ടത്തിൽ ഫലപ്രവചനത്തെമാത്രം ലക്ഷ്യമാക്കുന്ന ഗ്രീക്ക്‌ ജ്യോതിഷം ഇന്ത്യയിൽ വളരെ വികസിക്കുകയുണ്ടായി. വേദകാലത്തുതന്നെ ആകാശത്തെ ചാന്ദ്രഗൃഹങ്ങളായി, അതായത്‌ 27 നക്ഷത്രങ്ങളായി വിഭജിച്ചു മനസ്സിലാക്കിയിരുന്നു. ഒരു കൂട്ടം താരങ്ങളെയാണ്‌ നക്ഷത്രം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ 27 നക്ഷത്രങ്ങള്‍ ഇന്നും ജ്യോതിഷത്തിൽ വ്യവഹരിക്കപ്പെട്ടുവരുന്നു. ജ്യോതിഷത്തിൽ ഉപയോഗിക്കാറുള്ള രാശിചക്രം (Zodiac) എന്ന സങ്കല്‌പം പിൽക്കാലത്ത്‌ ഗ്രീസിൽനിന്ന്‌ വന്നു ചേർന്നതാണ്‌. ഭാരതീയരുടെ ഗണിതവിജ്ഞാനംകൊണ്ട്‌ ഗ്രീക്ക്‌ വിജ്ഞാനം സംപുഷ്‌ടമാക്കപ്പെട്ടു എന്നു കരുതാവുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ട്‌. സിറിയന്‍ ജ്യോതിഃശാസ്‌ത്രത്തെയും ഗണിതശാസ്‌ത്രത്തെയും പ്രകീർത്തിക്കുന്നതും കാണാം. ബാഗ്‌ദാദിലെ ഖലീഫമാർ ഭാരതീയശാസ്‌ത്രജ്ഞന്മാരെ ജ്യോതിഃശാസ്‌ത്രപഠനത്തിനു നിയോഗിച്ചിട്ടുള്ളതായും രേഖകളുണ്ട്‌.

നഗ്നനേത്രങ്ങള്‍കൊണ്ടുമാത്രം നിരീക്ഷണം നടത്തിയാണ്‌ അന്ന്‌ പഠനം സാധിച്ചിരുന്നത്‌. ചരിത്രാതീതകാലത്ത്‌ നിരീക്ഷണാലയങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്‌ തെളിവില്ല. എന്നാൽ പല നിരീക്ഷണോപകരണങ്ങളെക്കുറിച്ചും വരാഹമിഹിരന്‍ പരാമർശിക്കുന്നുണ്ട്‌. 17-ഉം 18-ഉം ശ.-ങ്ങളിൽ ജയ്‌പൂരിലും ദില്ലിയിലും മറ്റും വളരെ കൃത്യമായി പ്രവർത്തിച്ചിരുന്ന നിരീക്ഷണോപകരണങ്ങള്‍ ഉണ്ടായിരുന്നു. ഇവയ്‌ക്കു മൂലോപകരണങ്ങള്‍ മുമ്പും ഉണ്ടായിരുന്നിരിക്കാമെന്ന്‌ ഊഹിക്കുന്നതിൽ തെറ്റില്ല.

അഞ്ച്‌ ഗ്രഹങ്ങളെക്കുറിച്ചു മാത്രമേ ഭാരതീയർക്ക്‌ ജ്ഞാനമുണ്ടായിരുന്നുള്ള: ചൊണ്ണ ((Mars), ബെുധന്‍ (Mercury), വ്യാഴം (Jupitor), ശുക്രന്‍ (Venus), ശെനി (Saturn) എന്നിവ കൂടാതെ രാഹു, കേതു എന്നീ രണ്ടു തമോഗ്രഹങ്ങളെയും സൂര്യചന്ദ്രന്മാരെയും കൂടി ചേർത്ത്‌ നവഗ്രഹ സങ്കല്‌പം രൂപപ്പെടുത്തി. രാഹുകേതുക്കള്‍ യഥാർഥത്തിൽ ചന്ദ്രന്റെ ആരോഹാവരോഹപാതങ്ങളാണ്‌. സൂര്യന്‍ യഥാർഥത്തിൽ ഒരു താരമാണെങ്കിലും പ്രാചീന സങ്കല്‌പത്തിൽ അത്‌ ഒരു ഗ്രഹമായിരുന്നു.

വേദകാല ജ്യോതിഷത്തിൽ നിന്നൊരു കുതിച്ചുചാട്ടമായിരുന്നു കൃസ്‌ത്വബ്‌ദാരംഭത്തോടെ ഇന്ത്യയിൽ വികാസം പ്രാപിച്ച സിദ്ധാന്ത ജ്യോതിഷം. ഗ്രീക്ക്‌ ജ്യോതിശാസ്‌ത്രത്തിന്റെ സ്വാധീനം അതിൽ വ്യക്തമായികാണാം. വൃദ്ധഗർഗനിലും പരാശരനിലും തുടങ്ങി ആര്യഭടനിലെത്തുമ്പോഴേക്കും അത്‌ പൂർണവികാസം നേടിയിരുന്നു. ആര്യഭടന്‍ (5-ാം ശ.) അവതരിപ്പിച്ച നൂതനമായ ജ്യോതിഃശാസ്‌ത്ര സിദ്ധാന്തങ്ങള്‍ ഭാരതീയ ജ്യോതിഃശാസ്‌ത്രത്തിന്‌ കാതലായ മുതല്‌ക്കൂട്ടായി; ആര്യഭടീയം (എ.ഡി. 499) ഭാരതീയ ജ്യോതിഃശാസ്‌ത്രഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാമാണികമാണെന്നു പറയാം. ഭൂമി സ്വന്തം അക്ഷത്തിൽ കറങ്ങുന്നു എന്ന ആശയം അന്നേവരെ നിലവിലിരുന്ന വിശ്വാസങ്ങള്‍ക്കു വിരുദ്ധമായിരുന്നു. ഗ്രഹണങ്ങള്‍ ഗണിച്ചെടുക്കുവാനും അവയുടെ ശരിയായ കാരണം മനസ്സിലാക്കുവാനും ആര്യഭട സിദ്ധാന്തം സഹായിച്ചു. വരാഹമിഹിരന്‍, ബ്രഹ്മഗുപ്‌തന്‍, ഭാസ്‌കരന്‍ തുടങ്ങിയവരും ഭാരതീയ ജ്യോതിഃശാസ്‌ത്രത്തെ പരിപുഷ്‌ടമാക്കിയ ആചാര്യന്മാരാണ്‌. ഭാരതീയ ജ്യോതിഷത്തിന്‌ കേരളവും മഹത്തായ സംഭാവന നല്‌കിയിട്ടുണ്ട്‌. (നോ: ജ്യോതിഃശാസ്‌ത്രം; ജ്യോതിഷം)

കാലഗണനാസമ്പ്രദായം

ചന്ദ്രന്റെ ഉദയാസ്‌തമനങ്ങളെ ആധാരമാക്കിയാണ്‌ ഭാരതത്തിൽ കാലഗണന നിർവഹിച്ചിരുന്നത്‌; വെളുത്തവാവു മുതൽ അടുത്ത വെളുത്ത വാവു വരെയുള്ള കാലയളവാണ്‌ ഒരു മാസം. (തമിഴ്‌നാട്‌ പോലെ ചിലയിടങ്ങളിൽ അമാവാസി മുതൽ അമാവാസി വരെയും). ഇത്‌ ശരാശരി 29മ്മ ദിവസമാണ്‌. ഇത്തരം 12 ചാന്ദ്രമാസം ചേർന്നതാണ്‌ ഒരു കൊല്ലം: ചൈത്രം, വൈശാഖം, ജേഷ്‌ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാർത്തിക, മാർഗശീർഷം (അഗ്രഹായണം), പൗഷം, മാഘം, ഫാൽഗുനം, മാർച്ച്‌-ഏപ്രിൽ കാലമാണ്‌ ചൈത്രം; തുടർന്ന്‌ ഫെബ്രുവരി-മാർച്ച്‌ എത്തുമ്പോള്‍ ഫാൽഗുനവുമായി. രണ്ടു മാസക്കാലത്തെ ഋതു എന്നു പറയുന്നു. ഭാരതീയ സങ്കല്‌പമനുസരിച്ച്‌ ഋതുക്കള്‍ ആറാണ്‌: വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്‌, ഹേമന്തം, ശിശിരം. മാർച്ച്‌-മേയ്‌ കാലമാണ്‌ വസന്തം; തുടർന്ന്‌ ജനുവരി-മാർച്ച്‌ ആകുമ്പോള്‍ ശിശിരവുമാകുന്നു.

12 ചാന്ദ്രമാസംകൊണ്ട്‌ 354 ദിനം മാത്രമേ ആകുന്നുള്ളൂ. സ്വാഭാവികമായും ചാന്ദ്രമാസവും ഋതുചക്രവും (സൗരമാസവും) തമ്മിൽ പൊരുത്തക്കേടുണ്ടായി. ഇതു പരിഹരിക്കപ്പെട്ടത്‌ ഇപ്രകാരമാണ്‌. 62 ചാന്ദ്രമാസം ഏകദേശം 60 സൗരമാസത്തിനു തുല്യമാണ്‌. അതുകൊണ്ട്‌ ഓരോ 30 മാസക്കാലത്തിനുശേഷവും ഒരു മാസംകൂടി ചേർത്ത്‌ ആ വർഷത്തെ അധിവർഷമായി കണക്കാക്കിപ്പോന്നു. ബാബിലോണിയയിലും ഇതേരീതി ഉണ്ടായിരുന്നു. ആഷാഢത്തിനോ ശ്രാവണത്തിനോ ശേഷമാണ്‌ അധിമാസം ചേർക്കുക പതിവ്‌. ദ്വിതീയ-ആഷാഢം അഥവാ ദ്വിതീയ-ശ്രാവണം എന്നാണ്‌ ഈ അധിമാസത്തെ വിളിച്ചുവന്നത്‌. സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള കാലഗണനാസമ്പ്രദായം പാശ്ചാത്യമാണ്‌. ഇന്ന്‌ സാർവത്രികമായി തീർന്നിരിക്കുന്ന രീതിയും ഇതുതന്നെ. എന്നാൽ മതാനുഷ്‌ഠാനങ്ങള്‍ക്കായി ഭാരതീയ കാലഗണനാസമ്പ്രദായം ഇന്നും ഉപയോഗിച്ചുവരുന്നു. സൗരദിനത്തെ ആസ്‌പദമാക്കിയുള്ള രീതി ഗുപ്‌തകാലഘട്ടം മുതൽ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്‌. ഇതിൽ രാശിചക്ര(Zodiac)ത്തിലെ 12 രാശികളെ ആധാരമാക്കിയാണ്‌ മാസങ്ങളെ നാമകരണം ചെയ്‌തിരിക്കുന്നത്‌. രാശി നാമങ്ങള്‍ ഗ്രീക്കുനാമങ്ങളുടെ തത്സമങ്ങളാണെന്നുതന്നെ പറയാം: മേടം (Aries), ഇെടവം (Taurus) മെിഥുനം(Gemini), കർക്കടകം(Cancer), ചിങ്ങം (Leo) കന്നി (Virgo), തുലാം (Libra), വൃശ്ചികം (Scropio), ധനു (Sagittarius), മെകരം (Capricorn), കുംഭം (Aquarius), മെീനം (Pisces). ആെഴ്‌ചയ്‌ക്ക്‌ 7 ദിവസമാണ്‌: ഞായർ, തിങ്കള്‍, ചൊണ്ണ, ബുധന്‍, വ്യാഴം, വെള്ളി, ശനി. ഓരോ ദിവസത്തിന്റെയും അധീശത്വം വെണ്ണേറെ ഗ്രഹത്തിന്‌ കല്‌പിക്കപ്പെട്ടിരിക്കുന്നു.

ഒരു പ്രത്യേക ദിനം മുതൽ കാലഗണന നടത്തുന്ന ദീർഘകാലഗണനാസമ്പ്രദായം അഥവാ അബ്‌ദഗണന എന്നു മുതൽ ഇവിടെ ആരംഭിച്ചു എന്നറിയില്ല. ഭരണാധിപന്മാരുടെ കാലികാവശ്യമനുസരിച്ച്‌ ഏതെങ്കിലുമൊരു ദിവസം മുതൽ കാലഗണന നടത്തുന്ന രീതിയായിരുന്നു ആദ്യകാലത്ത്‌. അതുകൊണ്ട്‌ ഭാരതത്തിൽ നിരവധി സമ്പ്രദായങ്ങള്‍ ഉണ്ടായി. ഇവയിൽ ചിലത്‌ പ്രാദേശികമായി ഇന്നും പ്രചാരത്തിലുണ്ട്‌: വിക്രമവർഷം (ബി.സി. 58), ശകവർഷം (എ.ഡി. 78), കാലകുറിവർഷം (എ.ഡി. 248). ഗുപ്‌തവർഷം (എ.ഡി. 320), ഹർഷവർഷം (എ.ഡി. 606), നേവാർവർഷം (എ.ഡി. 878), വിക്രമാദിത്യചാലൂക്യവർഷം (എ.ഡി. 1075) എന്നിവ ഉദാഹരണം. കേരളത്തിൽ ഇന്നും പ്രചാരമുള്ള കൊല്ലവർഷം (എ.ഡി. 825) അനുഷ്‌ഠാനകർമങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. അതുപോലെ ഇന്ത്യയിൽ ഇന്നും സാർവത്രികമായി പ്രചാരത്തിലുള്ള ഒരു കാലഗണനാ രീതിയാണ്‌ ശകവർഷം. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായി വർത്തിക്കുന്ന കലിവർഷം (ബി.സി. 3102 മുതൽ) സംസ്‌കൃതത്തിലുള്ള പ്രാചീന ഗ്രന്ഥങ്ങളിലെല്ലാംതന്നെ ഉപയോഗിച്ചിരിക്കുന്നതായി കാണാം, ഇന്ത്യയിൽ ഇന്ന്‌ സാർവത്രികമായി ഉപയോഗിച്ചുവരുന്നത്‌ ക്രിസ്‌തുവർഷമാണ്‌. (നോ: കലണ്ടർ; കാലഗണനാസമ്പ്രദായം)

ഗണിതശാസ്‌ത്രം

"പൂജ്യം' (0) എന്ന അക്കത്തിന്റെ അവതരണവും പത്തിന്റെ ഘാതങ്ങള്‍ സ്ഥാനവിലയായുള്ള ഇന്നത്തെ അങ്കനസമ്പ്രദായവും ഭാരതത്തിന്റെ സംഭാവനകളായി പരക്കെ അംഗീകാരം നേടിയിട്ടുണ്ട്‌. ഏതാണ്ട്‌ ബി.സി. 3000-ത്തോളം പഴക്കമുള്ള സിന്ധുതടസംസ്‌കാരത്തിൽപോലും ദശാംശാധിഷ്‌ഠിതമായ അങ്കനസമ്പ്രദായം നിലവിലിരുന്നതായി മോഹന്‍ജൊദരോയിലെ പുരാതത്വ ഗവേഷണങ്ങളിൽനിന്ന്‌ സൂചനയുണ്ട്‌. ഓരോ സംഖ്യയെയും പ്രത്യേകം പ്രത്യേകം ചിഹ്നങ്ങള്‍കൊണ്ട്‌ പ്രകടമാക്കുന്ന അപരിഷ്‌കൃതസമ്പ്രദായമാണ്‌ ക്രിസ്‌തുവർഷാംരഭത്തിനുശേഷവും ഭാരതത്തിനു വെളിയിൽ പ്രചാരത്തിലിരുന്നത്‌. പുരാതന ഭാരതീയശാസ്‌ത്രഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്‌ ബി.സി. 800-നും 500-നുമിടയിൽ എഴുതപ്പെട്ടിട്ടുള്ള ശുൽബ സൂത്രങ്ങള്‍ ആണെന്നു കരുതപ്പെടുന്നു. അനേകം പേർ പല ഘട്ടങ്ങളിലായി രചിച്ചതാണ്‌ ശുൽബസൂത്രങ്ങളെന്ന്‌ യജൂർവേദത്തിൽ സൂചനകളുണ്ട്‌. എങ്കിലും ബോധായനന്‍, ആപസ്‌തംബന്‍, കാത്യായനന്‍ തുടങ്ങി ഏഴുപേർ രചിച്ച സൂത്രങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ക്ഷേത്രഗണിതസംബന്ധമായ അളവുകള്‍ക്ക്‌ ചരട്‌ ഉപയോഗിച്ചിരുന്നു. ഇക്കാരണത്താൽ ക്ഷേത്രഗണിതത്തിന്‌ "രജ്ജുഗണിതം' എന്നൊരു പേർകൂടി അക്കാലത്ത്‌ നിലവിലിരുന്നു. ചരടിന്‌ ശുൽബ എന്നു പേരുള്ളതിനാലാണ്‌ ക്ഷേത്രഗണിതസിദ്ധാന്തങ്ങള്‍ ക്രമീകരിച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥപരമ്പര ശുൽബ എന്നറിയപ്പെടാന്‍ ഇടയായത്‌. ഇത്‌ ഗുരൂപദേശരൂപത്തിൽ ഭാവി തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്‌തെന്നു കരുതപ്പെടുന്നു. ത്രികോണം, സമാന്തരികം, സമലംബകം എന്നിവയുടെ ഗുണധർമങ്ങളും അവയുമായി ബന്ധപ്പെട്ട നിർമിതികളും ശുൽബസൂത്രങ്ങളിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എന്നിങ്ങനെയുള്ള അപരിമേയസംഖ്യകളെപ്പറ്റിയും ഇവയിൽ ചർച്ച ചെയ്‌തുകാണുന്നു. ബി.സി. 800-നു മുമ്പുതന്നെ ഭാരതത്തിൽ ഗണിതശാസ്‌ത്രം ഗണ്യമായ വളർച്ച നേടിയിരുന്നുവെന്ന്‌ ശുൽബസൂത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബി.സി. 500-നും 300-നും ഇടയ്‌ക്കും ജൈനപണ്ഡിതന്മാർ നിരവധി ഗണിതഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ജൈനമതസ്ഥാപകനായ മഹാവീരന്‍ ഒരു ഗണിത ശാസ്‌ത്രപണ്ഡിതനായിരുന്നു. സൂര്യപ്രജ്ഞപ്‌തി, ജംബുദ്വീപപ്രജ്ഞപ്‌തി തുടങ്ങി ശ്രദ്ധേയങ്ങളായ ശാസ്‌ത്രഗ്രന്ഥങ്ങള്‍ ജൈനപണ്ഡിതന്മാരുടെ സംഭാവനകളായി പില്‌ക്കാലത്ത്‌ ലഭിക്കുകയുണ്ടായി. ബി.സി. രണ്ടാം ശതകത്തിൽ ഉമാസ്വാതി എന്ന ജൈനപണ്ഡിതന്‍ കുസുമപുരത്ത്‌ ഒരു ഗണിതവിദ്യാലയം സ്ഥാപിച്ചു. ഈ കുസുമപുരം ഇന്നത്തെ പാടലീപുത്രം (പാറ്റ്‌ന) ആണെന്നു ഗവേഷകന്മാർ വ്യക്തമാക്കിയിട്ടുണ്ട്‌. എ.ഡി. ആറാം ശ. വരെ ഈ ഗണിതവിദ്യാലയം നിലനിന്നുപോന്നു. എ.ഡി. അഞ്ചാം ശ.-ത്തിൽ പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായ ആര്യഭടന്‍ ഇവിടെ അഭ്യസനം നടത്തിയിരുന്നതായി തെളിവുകളുണ്ട്‌. ഉമാസ്വാതിയുടെ കത്വാർഥാഗമസൂത്രഭാഷ്യം മഹത്തായ ഒരു ഗണിതശാസ്‌ത്രഗ്രന്ഥമാണ്‌. വൃത്തത്തിന്റെ പരിധി, ക്ഷേത്രഫലം, ജ്യാവ്‌ (chord) മുതലായവയെ സംബന്ധിച്ച പുതിയ സൂത്രങ്ങളും ഇതിൽ വിവരിച്ചുകാണുന്നു.-യുടെ മൂല്യം നിർണയിക്കാനും ഇതിൽ ശ്രമിച്ചിട്ടുള്ളതായി കാണാം.

അനുയോഗദ്വാരസൂത്രം എന്ന ജൈനഗണിതഗ്രന്ഥത്തിൽ ഘാതാങ്കനിയമങ്ങള്‍ (Laws of Indices) കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഭഗവതിസൂത്രം എന്ന മറ്റൊരു ഗ്രന്ഥത്തിൽ ക്രമചയവും സഞ്ചയവും (permutation and combination) ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. ദ്വിപദഗുണോത്തര(Binomial coefficients) നിർണയനത്തിനുപയോഗിച്ചുവരുന്ന പാസ്‌കൽ ത്രികോണം "മേരുപ്രസ്‌തരം' എന്ന പേരിൽ ഇതിൽ കൊടുത്തിട്ടുണ്ട്‌. പാസ്‌കലിന്റെയും പാസകൽത്രികോണനിർമിതിയുടെയും കാലം എ.ഡി. 17-ാം ശ.-മാണ്‌. മേല്‌പറഞ്ഞ ഭാരതീയ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്‌ ബി.സി. 300-നോടടുത്തും.

എ.ഡി. മുന്നാം ശ.-ത്തിലെഴുതിയതെന്നു കരുതപ്പെടുന്നതും ബക്ഷാലി കൈയെഴുത്തുഗ്രന്ഥം എന്ന പേരിലറിയപ്പെടുന്നതുമായ വിശിഷ്‌ട ഗണിതശാസ്‌ത്ര ഗ്രന്ഥത്തിൽ ഭിന്നം, വർഗം, വർഗമൂലം, പലിശ, ലാഭനഷ്‌ടം തുടങ്ങിയ അങ്കഗണിതപ്രശ്‌നങ്ങളുടെ നിർധാരണവും, യുഗപത്‌-സമവാക്യങ്ങള്‍, സമാന്തരശ്രഢി,ഗുണോത്തരശ്രഢി (അ. ജ. & ഏ. ജ.) തുടങ്ങിയ ബീജഗണിത വിഷയങ്ങളും, ഏതാനും ചില ക്ഷേത്രഗണിതനിർമിതികളും ഉള്‍പ്പെടുന്നു. ഈ ഗ്രന്ഥത്തിന്റെ എഴുപതോളം താളുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ; നഷ്‌ട്‌പ്പെട്ടുപോയ താളുകളിലെ ഉള്ളടക്കം ഉന്നതനിലവാരമുള്ള ഗണിതവിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളവയാണെന്നു കരുതേണ്ടിയിരിക്കുന്നു.

ആര്യഭടന്‍ ഒന്നാമനോടുകൂടിയാണ്‌ ഭാരതീയ ഗണിതശാസ്‌ത്രത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്‌. എ.ഡി. 476-ൽ ജനിച്ച അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി ഇരുപത്തിമൂന്നാമത്തെ വയസ്സിൽ രചിച്ച ആര്യഭടീയമാണ്‌. അശ്‌മകം എന്ന ഗ്രാമമാണ്‌ തന്റെ ജനനസ്ഥലമെന്നും വിദ്യാഭ്യാസത്തിനായി കുസുമപുരത്ത്‌ എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‌തു എന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്‌. അശ്‌മകം ഒരു കേരളഗ്രാമമാണെന്നും (കൊടുങ്ങല്ലൂർ) ആര്യഭടന്‍ ഒരു കേരളീയനാണെന്നും പ്രബലമായ അഭിപ്രായമുണ്ട്‌. ആര്യഭടീയം വിശ്വ പ്രശസ്‌തിയാർജിച്ച ഒരു ഗണിതജ്യോതിശാസ്‌ത്ര ഗ്രന്ഥമാണ്‌. ഗീതിക, ഗണിതം, കാലക്രിയ, ഗോളം എന്നിങ്ങനെ നാലു ഭാഗങ്ങളായി ഇത്‌ വിഭജിക്കപ്പെട്ടിരിക്കുന്നു.

ആര്യഭടീയത്തിലെ ഗണിതപാദത്തിലാണ്‌ ശുദ്ധഗണിതം പ്രതിപാദിച്ചിരിക്കുന്നത്‌. വർഗമൂലം; ഘനമൂലം; ഭിന്നക്രിയ; ത്രരാശികം; പ്രതിലോമനം (inversion); ശ്രഢികള്‍; കൂട്ടാകാരം (continued fraction); അനിർധാര്യസമവാക്യങ്ങളുടെ നിർധാരണം; -യുടെ ഏകദേശമൂല്യം; ത്രികോണം; സമാന്തരികം, സൂചീസ്‌തംഭം, ഗോളം തുടങ്ങിയവയുടെ ഘനഫലങ്ങള്‍; ഛായാഗണിതം തുടങ്ങി നിരവധി ഗണിതവിഷയങ്ങള്‍ ഇതിൽ പ്രതിപാദിച്ചുകാണുന്നു. സൈന്‍ജ്യാവുകള്‍ (sine chords)എന്ന ആശയം ആദ്യം അവതരിപ്പിച്ചതും ഇദ്ദേഹമാണ്‌. "കുട്ടകം' എന്ന ഗണിതശാഖയും ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌. ഭൂമി ഗോളാകൃതിയിലുള്ളതാണെന്നും അത്‌ സ്വന്തം അച്ചുതണ്ടിൽ തിരിയുന്നു എന്നും ഗോളപാദത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. ഗണിത-ജ്യോതിഃശാസ്‌ത്രമണ്ഡലങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിക്കാന്‍ ഈ അസാധാരണ പ്രതിഭാശാലിക്കു സാധിച്ചു.

1975 ഏ. 19-ന്‌ തൊടുത്തുവിട്ട ഇന്ത്യയുടെ ആദ്യ ഉപഗ്രഹത്തിന്‌ "ആര്യഭടന്‍' എന്ന്‌ പേരു നല്‌കിയത്‌ ഇദ്ദേഹത്തിന്റെ സ്‌മരണയെ ആദരിച്ചാണ്‌.

എ.ഡി. 598-ൽ ജനിച്ച ബ്രഹ്മഗുപ്‌തന്‍ ആര്യഭടന്‍ തുടങ്ങിവച്ച ഗണിതശാസ്‌ത്രഗവേഷണത്തെ കുറേക്കൂടി നൂതനമാർഗങ്ങളിലേക്കു നയിച്ചു. ബ്രഹ്മസ്‌ഫുടസിദ്ധാന്തമാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതി. ആര്യഭടന്‍ ചർച്ചചെയ്‌ത എല്ലാ ഗണിതശാസ്‌ത്രപ്രശ്‌നങ്ങളും കൂടുതൽ വിശദമായി ഇദ്ദേഹം ഈ കൃതിയിൽ പ്രതിപാദിച്ചതിനുപുറമെ ആര്യഭടനു വന്നുപോയ ചില തെറ്റുകള്‍ തിരുത്തുകകൂടി ചെയ്‌തു. സീമ (limit)എന്ന ആശയത്തെപ്പറ്റി അവ്യക്തമായ ചില അനുമാനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ചക്രീയ ചതുർഭുജങ്ങളെ(cyclic quadrilaterals)പ്പെറ്റിയുള്ള സിദ്ധാന്തങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. എട്ടാം ശ.-ത്തിൽ ബ്രഹ്മസ്‌ഫുടസിദ്ധാന്തം അറബിയിലേക്കു തർജുമ ചെയ്യപ്പെട്ടു. അറബികള്‍വഴി ഈ മഹാഗ്രന്ഥം യൂറോപ്യന്‍ പണ്ഡിതന്മാർക്കു ലഭ്യമായി. എ.ഡി. 10-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ആര്യഭടന്‍ കക പ്രശസ്‌തനായ മറ്റൊരു ഭാരതീയ ഗണിതശാസ്‌ത്രജ്ഞനായിരുന്നു. മഹാസിദ്ധാന്തം എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ബ്രഹ്മസ്‌ഫുടസിദ്ധാന്തത്തോളംതന്നെ മഹത്വമുള്ളതാണ്‌. എട്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന ശ്രീധരനും ഒന്‍പതാം ശ.-ത്തിൽ ജീവിച്ചിരുന്ന മഹാവീരനും ഭാരതീയ ഗണിതശാസ്‌ത്രത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‌കിയവരാണ്‌. എന്നാൽ എ.ഡി. 1114-ൽ ജനിച്ച ഭാസ്‌കരന്‍ കക ആണ്‌ ഭാരതീയ ഗണിതശാസ്‌ത്രജ്ഞന്മാരിൽ അഗ്രഗണ്യനായി പരിഗണിക്കപ്പെടുന്നത്‌. അദ്ദേഹം രചിച്ച സിദ്ധാന്തശിരോമണിയിൽ അന്നോളം അറിയപ്പെട്ടിരുന്ന എല്ലാ ഗണിതശാസ്‌ത്രസിദ്ധാന്തങ്ങളും ക്രാഡീകരിക്കപ്പെട്ടിട്ടുണ്ട്‌. അതിന്റെ ഒരു ഭാഗമാണ്‌ ലീലാവതി എന്ന പ്രശസ്‌ത ഗണിതഗ്രന്ഥം. ത്രികോണമിതി(Trigonometry)ക്ക്‌ വ്യക്തമായ രൂപവും ഭാവവും നല്‌കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സീമാസിദ്ധാന്തത്തെക്കുറിച്ച്‌ കൂടുതൽ വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. കലനശാസ്‌ത്രത്തെ സ്‌പർശിക്കുവാനും ഗോളോപരിതലവിസ്‌തീർണം, ഗോളഘനഫലം എന്നിവ കൃത്യമായി നിർണയിക്കുവാനും ഭാസ്‌കരനു സാധിച്ചു. 18-16 ശ.-ങ്ങളിൽ കേരളം ഭാരതീയ ഗണിതശാസ്‌ത്രരംഗത്ത്‌ അതുല്യമായ സംഭാവനകള്‍ നല്‌കുകയുണ്ടായി. സംഗ്രാമ മാധവന്റെ വേണ്വാരോഹം കേളല്ലൂർ നീലകണ്‌ഠസോമയാജിയുടെ ആര്യഭടീയഭാഷ്യവും തന്ത്രസംഗ്രഹം എന്ന സ്വതന്ത്രഗ്രന്ഥവും പുതുമനചോമാതിരിയുടെ കരണപദ്ധതിയും ഭാരതീയ ഗണിതശാസ്‌ത്രത്തെ ആധുനികയുഗത്തിലേക്കുയർത്തി. 17-ഉം 18-ഉം ശ.-ങ്ങളിൽ പാശ്ചാത്യപണ്ഡിതന്മാർ ആവിഷ്‌കരിച്ച ഗണിതസിദ്ധാന്തങ്ങള്‍ ഈ ഗ്രന്ഥങ്ങളിൽ ഉണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

19-ഉം 20-ഉം ശ.-ത്തിനിടയിൽ ജീവിച്ചിരുന്ന ദക്ഷിണേന്ത്യക്കാരനായ ശ്രീനിവാസരാമാനുജന്‍ പ്രതിഭാശാലിയായ മറ്റൊരു ഗണിതശാസ്‌ത്രജ്ഞനായിരുന്നു. പ്രസിദ്ധ യൂറോപ്യന്‍ ജർണലുകളിലും മറ്റുമായി അദ്ദേഹം ധാരാളം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിഭജനസിദ്ധാന്തം (Partition theory), എലിപ്‌ടിക ഫലന (Elliptic function) സിദ്ധാന്തം, തുടർഭിന്നം (Continued fraction)എന്നീ ശാഖകളിൽ അദ്ദേഹം നല്‌കിയിട്ടുള്ള സംഭാവനകള്‍ വളരെ മികച്ചതാണ്‌. ഗണിതശാസ്‌ത്രത്തിൽ ഭാരതത്തിന്റെ സംഭാവന വിശിഷ്‌ടമായി തുടരുന്നു.

ഭൗതികവും രസതന്ത്രവും

ഭൗതികം. മറ്റു വിജ്ഞാനശാഖകളെന്നപോലെതന്നെ ഭൗതികവിജ്ഞാനവും പ്രാചീനകാലത്ത്‌ മതവും ആധ്യാത്മികവിദ്യയുമായി ബന്ധപ്പെട്ടിരുന്നു. പ്രപഞ്ചം പൃഥ്വി, വായു, അഗ്നി, ജലം, ആകാശം എന്നീ അഞ്ചു മൂലകങ്ങളുടെ സംയുക്തമാണെന്ന സങ്കല്‌പം പണ്ടേ നിലവിലുണ്ട്‌. ബുദ്ധമതക്കാരും ആജീവകന്‍മാരും ആകാശം എന്ന മൂലക സങ്കല്‌പം നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. ആകാശം ഒഴികെയുള്ള മറ്റെല്ലാ മൂലകങ്ങളും അണുക്കളുടെ സംയുക്തമാണെന്ന സിദ്ധാന്തം ഭാരതത്തിൽ സ്വതന്ത്രമായി വളർന്നുവന്നതാണ്‌. പാശ്ചാത്യ ശാസ്‌ത്രജ്ഞനായ ഡെമോക്രിറ്റസിനുമുമ്പുതന്നെ, ബുദ്ധന്റെ സമകാലികനായിരുന്ന കാത്യായനന്‍ അണുസിദ്ധാന്തം ആവിഷ്‌കരിച്ചിരുന്നു. എല്ലാ അണുക്കളും തുല്യമാണെന്നും അവയുടെ സഞ്ചയവ്യത്യാസമാണ്‌ പദാർഥങ്ങളുടെ വൈവിധ്യത്തിനു നിദാനമെന്നും ജൈനർ വിശ്വസിച്ചിരുന്നു. ചരിത്രാതീതകാലത്ത്‌ ഭൗതികവിജ്ഞാനത്തിന്‌ ഭാരതത്തിൽ കാര്യമായ വളർച്ചയുണ്ടായിരുന്നെന്നതിന്‌ രേഖകളൊന്നുമില്ല. എന്നാൽ വൈശേഷികഭാഷ്യത്തിൽ (എ.ഡി, 3-4 ശ.) പ്രസന്നപാദന്‍ ചലനത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുള്ളതായി കാണുന്നുണ്ട്‌. രേഖീയചലനവും വക്രീയചലനവും അദ്ദേഹത്തിന്റെ പഠനത്തിനു വിധേയമായിരുന്നു. "ഗമനം' എന്നാണ്‌ അന്ന്‌ ഉപയോഗിച്ചിരുന്ന പദം. പ്രയാണം, ഗുരുത്വം എന്നീ കാരണങ്ങളാണ്‌ ഗമനത്തിനു നിദാനമെന്നും, കൈയുടെ ചലനം പ്രയാണംകൊണ്ടും പദാർഥം കീഴ്‌പോട്ടു വീഴുന്നത്‌ ഗുരുത്വംകൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്യഭടന്‍, ബ്രഹ്മഗുപ്‌തന്‍, ഭാസ്‌കരന്‍ എന്നിവരുടെ ജ്യോതിഃശാസ്‌ത്രഗ്രന്ഥങ്ങളിൽ പദാർഥങ്ങളുടെ ഗുരുത്വത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്‌. ദ്രവപദാർഥങ്ങള്‍ കീഴ്‌പോട്ടൊഴുകുന്നത്‌ "ദ്രാവകത്വം' കൊണ്ടാണെന്ന സങ്കല്‌പമുണ്ടായിരുന്നു. ചില അണുക്കളുടെ പ്രത്യേകതയാണ്‌ ദ്രാവകത്വത്തിനു കാരണമെന്ന്‌ വിശ്വസിച്ചിരുന്നു. എന്നാൽ ഗുരുത്വ ഫലമാണ്‌ ദ്രാവകത്വം എന്ന്‌ ശങ്കരമിശ്രന്‍ അഭിപ്രായപ്പെട്ടു (വൈശേഷികസൂത്രം). പദാർഥസംയോഗമില്ലാതെതന്നെ ഉണ്ടാകുന്ന ചില ചലനങ്ങളെക്കുറിച്ചും ഭാരതീയ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്‌. അജ്ഞാതകാരകങ്ങളെന്ന അർഥത്തിൽ അവയെ "അദൃഷ്‌ടം' എന്നു പറഞ്ഞിരുന്നു. പ്രപഞ്ചസൃഷ്‌ടിയുടെ ആദികാലത്തെ അണുക്കളുടെ ചലനം, തീജ്വാലകളുടെ മേലോട്ടുള്ള ഗതി, വായുവിന്റെ ഗതിവിഗതികള്‍, ചെടിയുടെ വേരുകളിൽനിന്ന്‌ തടിയിലേക്കു ദ്രവപദാർഥങ്ങള്‍ കയറുന്നത്‌ (അഭിസർപ്പണം) എന്നിവയെക്കുറിച്ചും പ്രതിപാദ്യങ്ങളുണ്ട്‌.

പദാർഥസംയോഗത്തിന്റെ ഫലമായുണ്ടാകുന്ന ചലനത്തെ നാലു തരത്തിൽപ്പെടുത്തിയിരുന്നു; മർദം കൊണ്ടുണ്ടാകുന്നത്‌, നൈമിഷികാഘാതം കൊണ്ടുണ്ടാകുന്നത്‌, സ്ഥിതിസ്ഥാപകത്വം (elasticity) ഉള്ള ഒരു പദാർഥത്തിൽ ചെന്നുമുട്ടുന്നതുകൊണ്ടുണ്ടാകുന്നത്‌, സംവേഗ(momentum)മുള്ള പദാർഥത്തെ സ്‌പർശിക്കുന്നതുകൊണ്ടുണ്ടാകുന്നത്‌.

ആധുനികരീതിയിൽത്തന്നെ, സഞ്ചരിച്ച ദൂരത്തെ അതിനെടുത്ത സമയംകൊണ്ട്‌ ഹരിക്കുമ്പോഴുള്ള ഫലമായി ശരാശരി പ്രവേഗത്തെ ഭാസ്‌കരാചാര്യന്‍ നിർവചിച്ചിരുന്നെങ്കിലും അതിന്‌ ഏകകം കല്‌പിച്ചിരുന്നില്ല. ത്വരണത്തെക്കുറിച്ച്‌ കൃത്യമായി അറിവില്ലായിരുന്നു. അതുകൊണ്ടുതന്നെ ബലം (force)അളക്കുന്നതിനുള്ള ഏകകങ്ങളും അജ്ഞാതമായിരുന്നു. എന്നാൽ ക്‌ലുപ്‌തകാലയളവിൽ സ്ഥിരമായ പ്രവേഗവ്യത്യാസം വരുമ്പോള്‍ സഞ്ചരിച്ച ദൂരം കണക്കാക്കുന്ന വിദ്യ മഹാവീരന്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. കാലയളവ്‌ അനന്തസൂക്ഷ്‌മം(infinitesimal) അല്ലാത്തതിനാൽ ഈ പ്രവേഗവർധനവ്‌ ത്വരണമാകുന്നില്ല. ജ്യോതിസ്സുകളുടെ ചലനം നിർണയിക്കുമ്പോള്‍ അവയുടെ പ്രത്യേകദിശകളിലേക്കുള്ള ചലനഘടകങ്ങളും ആപേക്ഷികചലനവും കണക്കാക്കുവാന്‍ കഴിഞ്ഞിരുന്നതായി ഭാസ്‌കരന്റെ സിദ്ധാന്തശിരോമണിയിൽ നിന്നു ഗ്രഹിക്കാം. ത്രിമാനസങ്കല്‌പത്തിലൂടെ ചലനത്തെ വാചസ്‌പതി അപഗ്രഥിച്ചിരുന്നു (ന്യായസൂചിനിബന്ധം). ഫ്രഞ്ചുഗണിതശാസ്‌ത്രജ്ഞനായ ദെക്കാർത്തെ ആണ്‌ ത്രിമാനജ്യാമിതിയുടെ ഉപജ്ഞാതാവെന്ന്‌ പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്‌ എട്ടു ശതാബ്‌ദം മുമ്പുതന്നെ വാചസ്‌പതിയുടെ ത്രിമാനസങ്കല്‌പം പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്രഹങ്ങളുടെ നൈമിഷികചലനത്തെ ഭാസ്‌കരന്‍ അപഗ്രഥിച്ചിട്ടുണ്ട്‌. ഈ അപഗ്രഥനം ആധുനികകലന(Calculus)ത്തിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്ന്‌ ബ്രിട്ടിഷ്‌ ജ്യോതിഃശാസ്‌ത്രജ്ഞനായ സ്‌പോട്ടിസ്‌ വൂഡ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ശബ്‌ദത്തെ അപഗ്രഥിക്കുന്നതിൽ പ്രാചീന ഭാരതീയർ മുന്‍പന്തിയിൽ നിന്നിരുന്നു. മീമാംസകന്മാർ ശബ്‌ദത്തെ മൂന്നു ഘടകങ്ങളായി വിശ്ലേഷണം ചെയ്‌തിരുന്നു: നാദം, ധ്വനി, സ്‌ഫോടം. സംസ്‌കൃതവൈയാകരണനായ പാണിനിയുടെ ഗുരുവായിരുന്ന ഉപവർഷന്‍ സ്‌ഫോടം എന്ന ഘടകത്തിനു പകരം "വർണങ്ങള്‍' എന്ന സങ്കല്‌പമാണ്‌ സ്വീകരിച്ചത്‌. വായുവിന്റെ ചലനങ്ങളാണ്‌ ശബ്‌ദത്തിനു നിദാനമെന്ന്‌ വേദകാലത്തു തന്നെ അറിവുണ്ടായിരുന്നു. പദാർഥങ്ങളുടെ പ്രത്യേക രീതിയിലുള്ള ഇടപെടൽമൂലം വായുവിന്റെ ചലനത്തിന്‌ നിയതമായ വ്യത്യാസം വരുമ്പോള്‍ കർണാനന്ദകരമായ ശബ്‌ദമുണ്ടാകുന്നു. ഭാരതത്തിൽ ശാസ്‌ത്രീയസംഗീതം സാംസ്‌കാരികപാരമ്പര്യമായിത്തന്നെ വികാസം പ്രാപിച്ചിരുന്നു. ആ സംഗീതത്തിന്റെ അടിസ്ഥാനം ശബ്‌ദത്തിന്റെ ഭൗതികവിശകലനമാണ്‌. വായുവിന്റെ തരംഗചലനമാണ്‌ നാദത്തിന്റെ ഭൗതികനിദാനം (ശബരഭാഷ്യം). ന്യായവൈശേഷികം അനുസരിച്ച്‌ വായുവല്ല, ആകാശ(ether)മാണ്‌ ശബ്‌ദതരംഗത്തെ സൃഷ്‌ടിക്കുന്നത്‌. എന്നാൽ വാചസ്‌പതി മുതൽ പിന്നീടുള്ള ചിന്തകന്മാർ ഈ അഭിപ്രായത്തെ നിരസിച്ചിട്ടുണ്ട്‌ (തത്വബിന്ദു). ശബ്‌ദത്തിന്‌ ഒരു മാധ്യമം ആവശ്യമാണെന്ന ആധുനിക ശാസ്‌ത്രവിജ്ഞാനത്തോടു താരതമ്യപ്പെടുത്താവുന്ന ഒരു ചിന്താഗതിയാണിത്‌. മണിനാദം ഉണ്ടാകുന്നത്‌ മണിയിൽ മുട്ടുമ്പോള്‍ അതിന്റെ തന്മാത്രകള്‍ക്ക്‌ ആന്ദോലനമുണ്ടാകുന്നതുമൂലമാണെന്ന്‌ വാത്സ്യായനന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പ്രതിധ്വനി (echo), താരത്വം (pitch), തീക്ഷ്‌ണത (intesnsity)എന്നിവയും പ്രാചീനകാലത്ത്‌ പഠനവിധേയമായിട്ടുണ്ട്‌.

രസതന്ത്രം. പുരാതനഭാരതത്തിൽ വൈദ്യവിജ്ഞാനത്തിന്റെ അവാന്തരവിഭാഗമെന്നനിലയിൽ രാസവിധികളെ സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുപോന്നു. ചരകന്‍, സുശ്രുതന്‍ തുടങ്ങിയ ആയുർവേദാചാര്യന്മാർ രാസയോഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‌കിക്കാണുന്നു: നാഗാർജുനന്റെ രസരത്‌നാകരത്തിൽ നിഷ്‌കർഷണം, ശുദ്ധീകരണം, നിശ്ചൂർണനം തുടങ്ങിയ രാസവിധികള്‍ പരാമൃഷ്‌ടമായിട്ടുണ്ട്‌. രസവാദികൂടിയായിരുന്ന നാഗാർജുനന്‍ തന്റെ ഗ്രന്ഥത്തിൽ സുവർണീകരണം, ജീവാമൃതനിർമാണം തുടങ്ങിയ ചില രാസവിധികളെ സംബന്ധിച്ചും പ്രസ്‌താവിച്ചുകാണുന്നു. എന്നാൽ മധ്യകാലയൂറോപ്പിലെ രാസവിജ്ഞാനികളെപ്പോലെ രാസവാദത്തിനല്ല; പ്രത്യുത, ഔഷധപ്രവിധികള്‍ക്കാണ്‌ ഭാരതീയവിജ്ഞാനികള്‍ മുന്‍തൂക്കം നല്‌കിയിരുന്നത്‌. ആയുർദൈർഘ്യം വർധിപ്പിക്കുവാന്‍ വരെയുള്ള വസ്‌തുക്കളുടെ നിർമാണത്തിനായി അവർ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. വിഷപദാർഥങ്ങളെയും അവയ്‌ക്കുള്ള പ്രതിവിധികളെയും സംബന്ധിച്ച വ്യാപകമായ അറിവ്‌ ഭാരതീയർക്കു സ്വായത്തമായിരുന്നു. വാറ്റിയും നീറ്റിയും നിർമിക്കപ്പെട്ടുപോന്ന വിവിധചൂർണങ്ങളും ലായനികളും ആധുനികകാലത്തെ ആൽക്കലികള്‍, അമ്ലങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവയുടെ ഗുണധർമങ്ങള്‍ വഹിച്ചിരുന്നുവെന്നതിന്‌ ഗ്രന്ഥസൂചനകള്‍ ലഭ്യമായിട്ടുണ്ട്‌. ഒരിനം വെടിമരുന്നും ഭാരതത്തിൽ പ്രയോഗത്തിലിരുന്നു. പശക്കൂട്ടുകള്‍, ചായങ്ങള്‍ തുടങ്ങിയവയുടെ നിർമാണത്തിന്‌ ഭാരതം വിശ്വപ്രശസ്‌തിയാർജിച്ചിരുന്നു. ഇന്ത്യയിൽ ലോഹകർമം വളരെയേറെ പുരോഗമിച്ചിരുന്നു. പതഞ്‌ജലിയുടെ ലോഹശാസ്‌ത്രം എന്ന ഗ്രന്ഥം ഇതിനു തെളിവാണ്‌. ദില്ലിയിൽ കുത്തബ്‌മീനാറിനടുത്തുള്ള അയസ്‌തംഭം ശുദ്ധമായ ഇരുമ്പുകൊണ്ടാണ്‌ നിർമിക്കപ്പെട്ടിരിക്കുന്നത്‌; ഇതും സുദൃശങ്ങളായ പുരാവസ്‌തുക്കളും ഭാരതീയരുടെ ലോഹകർമവൈദഗ്‌ധ്യത്തിനു സാക്ഷ്യം നല്‌കുന്നു. അയിരുകളിൽനിന്ന്‌ ധാതുക്കളെ നിഷ്‌കർഷിച്ചെടുക്കുന്നതുമുതൽ ലോഹോപകരണങ്ങള്‍ വാർത്തെടുക്കുന്നതുവരെയുള്ള വിവിധപ്രക്രിയകളിൽ കിടയറ്റ രാസവിധികള്‍ പ്രയോക്തങ്ങളായിരുന്നു. ഭാരതീയലോഹോപകരണങ്ങളും ആയുധങ്ങളും റോമാസാമ്രാജ്യത്തിലും സമകാലീനസംസ്‌കാരകേന്ദ്രങ്ങളിലും സാർവത്രികമായി ഉപയോഗത്തിലിരുന്നു.

പില്‌ക്കാലത്ത്‌ അറബികള്‍, പാരസീകർ തുടങ്ങിയവരുമായുള്ള സമ്പർക്കത്തിലൂടെ രസവാദത്തിനുണ്ടായ അത്യധികമായ പ്രചാരംമൂലം ഋഷിപ്രാക്തങ്ങളായ രാസവിധികള്‍ പ്രായേണ വിസ്‌മൃതങ്ങളായിത്തീർന്നു.

വൈദ്യശാസ്‌ത്രം

അഥർവവേദാന്തർഗതമായ ആയുർവേദമാണ്‌ ഇന്ത്യന്‍ ചികിത്സാശാസ്‌ത്രത്തിന്റെ അടിസ്ഥാനം. ആയുസ്സിനെക്കുറിച്ചുള്ള അറിവ്‌ എന്നാണ്‌ ആയുർവേദം എന്ന പദത്തിന്റെ അർഥം. ആയുർവേദവിജ്ഞാനത്തിന്‌ ആത്രയപരമ്പര എന്നും ധന്വന്തരിപരമ്പര എന്നും രണ്ടു മുഖ്യശാഖകളുണ്ടായിട്ടുണ്ട്‌. ആത്രയശിഷ്യനായ അഗ്നിവേശന്‍ എന്ന ആചാര്യനാണ്‌ അഗ്നിവേശതന്ത്രത്തിലൂടെ ആത്രയപാരമ്പര്യത്തെ വികസ്വരമാക്കിയത്‌. ഏകദേശം എ.ഡി. രണ്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന ചരകന്‍ അഗ്നിവേശതന്ത്രം പ്രസാധനം ചെയ്‌തു. ചരകപ്രസാധിതമായ ഗ്രന്ഥത്തിൽ പല നൂതനസിദ്ധാന്തങ്ങളും പിന്നീട്‌ കൂട്ടിച്ചേർത്തു പരിഷ്‌കരിച്ചതാണ്‌ ചരകസംഹിത എന്ന പേരിലറിയപ്പെടുന്നത്‌. ധന്വന്തരിയുടെ പാരമ്പര്യത്തെ നാഗാർജുനന്‍ (2-3 ശതകം) പുനഃപരിശോധനയ്‌ക്കു വിധേയമാക്കി പൂർണത കൈവരുത്തി. നാഗാർജുനന്റെ ശിഷ്യനായ സുശ്രതന്‍ അതു പ്രസാധനം ചെയ്‌തു. ഇതാണ്‌ സുശ്രുതസംഹിത. ഇതിൽ ശസ്‌ത്രക്രിയയ്‌ക്കു പ്രാമുഖ്യം നല്‌കിയിരിക്കുന്നു.

സംസ്‌കൃതഭാഷയിലെഴുതപ്പെട്ട ചരകസംഹിതയ്‌ക്ക്‌ അനുബന്ധമായി ഇന്ദ്രിയസ്ഥാനം എന്നും സുശ്രുതസംഹിതയ്‌ക്ക്‌ അനുബന്ധമായി ഉത്തരതന്ത്രം എന്നും ഓരോ ഭാഗങ്ങള്‍കൂടി പിന്നീടുവന്ന ആചാര്യന്മാർ ചേർത്തിട്ടുണ്ട്‌.

ഉത്തേരന്ത്യയിൽ സംസ്‌കൃതഗ്രന്ഥങ്ങള്‍ എന്നപോലെ ദക്ഷിണേന്ത്യയിൽ ചികിത്സാശാസ്‌ത്രപരമായി പ്രാമാണികമായ തമിഴ്‌ ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്‌.

സാംഖ്യദർശനത്തിന്റെ ലോകവീക്ഷണമാണ്‌ പൊതുവിൽ ആയുർവേദം സ്വീകരിച്ചിട്ടുള്ളത്‌. പൃഥ്‌വി, അപ്‌, തേജസ്‌, വായു, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങള്‍കൊണ്ടാണ്‌ ശരീരം നിർമിക്കപ്പെട്ടിരിക്കുന്നതെന്ന്‌ ആയുർവേദം സിദ്ധാന്തിക്കുന്നു. ഘനത്വത്തിൽ ഏറ്റവും മികച്ചതാണ്‌ പൃഥ്വി എങ്കിൽ ഏറ്റവും കുറഞ്ഞതാണ്‌ ആകാശം എന്ന ഭൂതം. കരള്‍ (liver) മുതലായ പൂർണാവയവങ്ങളിൽ പൃഥ്വി എന്ന ഭൂതവും കുഴൽ രീതിയിലുള്ള അവയവങ്ങളിൽ ആകാശവും പ്രമുഖമാണ്‌. ഇവ സ്വതേജങ്ങളാണെന്നും പ്രാണരൂപത്തിലുള്ള വായുവും പിത്തരൂപത്തിലുള്ള അഗ്നിയും കഫരൂപത്തിലുള്ള ജലവും ഇവയെ സക്രിയങ്ങളാക്കുന്നു എന്നും ഈ ശാസ്‌ത്രം വാദിക്കുന്നു. വായു (വാതം), പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ആധിക്യം, ന്യൂനത എന്നിവയാണ്‌ രോഗകാരണമായി ആയുർവേദക്കാർ കണ്ടുപിടിച്ചിട്ടുള്ളത്‌. ഇവയുടെ സമതുലിതാവസ്ഥയാണ്‌ ആരോഗ്യം. ആയുർവേദവൈദ്യന്‍ നാഡി പരിശോധിച്ചു മനസ്സിലാക്കുന്നത്‌ വാതപിത്തകഫങ്ങളിൽ ഏതെങ്കിലുമൊന്ന്‌ കോപിച്ചിരിക്കുന്നുവോ എന്നാണ്‌. ജ്വരങ്ങള്‍, ത്വഗ്‌രോഗങ്ങള്‍, മൂത്രക്ലേശങ്ങള്‍, മൂത്രസിത എന്നിങ്ങനെ രോഗങ്ങളെ പലതായി ആചാര്യന്മാർ വിഭജിച്ചിട്ടുണ്ട്‌. വാത-പിത്ത-കഫങ്ങളിൽ ഏതാണ്‌ കോപിച്ചിരിക്കുന്നത്‌ എന്നു നോക്കി തദനുസാരിയായിട്ടാണ്‌ ചികിത്സ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌. ശുചിത്വം, പഥ്യാഹാരം, ഔഷധങ്ങള്‍ എന്നിവയ്‌ക്ക്‌ തുലോം പ്രാധാന്യം കല്‌പിച്ചിരിക്കുന്നു. പൊടി, ഗുളിക, ലേഹ്യം, കഷായം, ആസവം, അരിഷ്‌ടം എന്നിങ്ങനെ ഔഷധങ്ങള്‍ വിവിധരൂപത്തിൽ തയ്യാറാക്കി നല്‌കാറുണ്ട്‌. നസ്യംചെയ്യൽ, പുകവലിക്കൽ, ആവികൊള്ളിക്കൽ, വിയർപ്പിക്കൽ, കിഴിവയ്‌ക്കൽ മുതലായ പ്രവിധികളും ആയുർവേദചികിത്സയുടെ ഭാഗങ്ങളാണ്‌.

ശരീരവ്യവച്ഛേദശാസ്‌ത്രവും (Anatomy) കുറെയെല്ലാം പ്രാചീനഭാരതത്തിൽ പുരോഗമിച്ചിരുന്നു, ശവശരീരം ശുദ്ധി ചെയ്‌തശേഷം വെള്ളത്തിൽ ഏഴുദിവസം താഴ്‌ത്തിയിട്ട്‌ പുറത്തെടുത്ത്‌ പുതിയ പച്ചമുളകള്‍കൊണ്ടുണ്ടാക്കിയ ബ്രഷ്‌ ഉപയോഗിച്ച്‌ തൊലി ഒരോ പാളിയായി അടർത്തിയെടുക്കുന്നു. അങ്ങനെ വളരെ ശ്രദ്ധാപൂർവം നടത്തിയ ഛേദനക്രിയയിലൂടെയാണ്‌ ശരീരത്തിന്റെ ഘടന ആചാര്യന്മാർ അറിഞ്ഞിട്ടുള്ളത്‌. കൈകാലുകളിലുള്ള ശസ്‌ത്രക്രിയയിലാണ്‌ ഏറ്റവുമധികം വളർച്ച ഉണ്ടായിട്ടുള്ളതെങ്കിലും തിമിരം, ആന്ത്രവീക്കം (Hernia)എന്നിവയ്‌ക്കും ശസ്‌ത്രക്രിയ നടത്തപ്പെട്ടിരുന്നു. തൊലിയൊട്ടിക്കൽ (grafting), ആന്ത്രത്തിൽ തുന്നിച്ചേർക്കൽ എന്നിവയും അന്ന്‌ നടത്തിയിരുന്നതിന്‌ തെളിവുകളുണ്ട്‌.

വാതപിത്തകഫാധിഷ്‌ഠിതമായ രോഗനിർണയനവും ചികിത്സയും ആന കുതിര എന്നിവയുടെ കാര്യത്തിലും പ്രചാരത്തിലുണ്ടായിരുന്നു. അശ്വചികിത്സ, ഗജചികിത്സ എന്നീ ഗ്രന്ഥങ്ങള്‍ ഇതിനു നിദർശനങ്ങളാണ്‌. ആയുർവേദം കൂടാതെ യൂനാനി, സിദ്ധവൈദ്യം, മർമചികിത്സ തുടങ്ങിയ ചികിത്സാപദ്ധതികളും ഇന്ത്യയിൽ പ്രചാരം നേടി. അയോണിയരിൽനിന്ന്‌ അറബികള്‍വഴി ഇന്ത്യയിലെത്തിയ യൂനാനി സമ്പ്രദായം മുസ്‌ലിങ്ങളുടെ ഇടയിലാണ്‌ കൂടുതൽ പ്രചാരത്തിലുള്ളത്‌. സിദ്ധവൈദ്യവും മർമചികിത്സയും ദ്രാവിഡദേശത്തിന്റെ പ്രത്യേകസ്വതന്ത്രരീതികളാണ്‌.

ജന്തുശാസ്‌ത്രവും സസ്യശാസ്‌ത്രവും ഇന്ത്യയിൽ ഏറെ വികസിച്ചിരുന്നില്ല. വൃക്ഷായുർവേദത്തെക്കുറിച്ചുള്ള പരാമർശങ്ങള്‍ കാണാം. പ്രയോജനമനുസരിച്ചുള്ള പഠനത്തിനു മാത്രമേ പ്രാണികളും സസ്യങ്ങളും വിധേയമായിരുന്നുള്ളൂ. സസ്യങ്ങളുടെ ഔഷധവീര്യം ഏറെക്കുറെ സമഗ്രമായി പഠിക്കപ്പെട്ടിരുന്നു. പ്രപഞ്ചോത്‌പത്തിയെക്കുറിച്ച്‌ ആചാര്യന്മാരുടെ ചിന്തകള്‍ സംഗ്രഹിച്ചിട്ടുള്ള ദർശനങ്ങളിൽ പദാർഥങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ നടന്നിട്ടുണ്ട്‌. ഭൗതികം അത്രത്തോളം വികസിച്ചിരുന്നു എന്നു പറയാം.

ഇന്ത്യയുടെ മറ്റൊരു മികച്ച സംഭാവന മനശ്ശാസ്‌ത്ര രംഗത്താണ്‌. മനസ്സിനെ വിശകലനം ചെയ്യുകയും അതിന്റെ സംയമം ഉദ്ദേശിച്ച്‌ യോഗശാസ്‌ത്രം വികസിപ്പിക്കുകയും ചെയ്‌ത ഇന്ത്യയുടെ നേട്ടം ലോകശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്‌.

മുഗള്‍ ആധിപത്യകാലത്ത്‌ ഇന്ത്യയിൽ ശാസ്‌ത്രത്തിനല്ല കൂടുതൽ വളർച്ചയുണ്ടായത്‌; കലകള്‍ക്കാണ്‌. പക്ഷേ, ഇംഗ്ലീഷുകാരുടെ വരവോടുകൂടി പാശ്ചാത്യവിജ്ഞാനം ഇന്ത്യയിലേക്കു കടക്കുകയും മങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ സയന്‍സിന്‌ പുനരുജ്ജീവനം ലഭിക്കുകയും ചെയ്‌തു. സ്വാതന്ത്യ്രലബന്ധിക്കുശേഷം ദീർഘവീക്ഷണത്തോടെയുള്ള നയപരിപാടികള്‍ ശാസ്‌ത്രസാങ്കേതികരംഗങ്ങളിൽ സർവതോമുഖമായ വികാസം പ്രദാനം ചെയ്‌തു വരുന്നു.

അളവുകളും തൂക്കങ്ങളും

വളരെ സൂക്ഷ്‌മമായ അളവു സമ്പ്രദായം ഭാരതത്തിൽ നിലവിലുണ്ടായിരുന്നു. അളവുകള്‍ക്ക്‌ ഐകരൂപ്യം ഉണ്ടായിരുന്നില്ല; വിവിധരീതികള്‍ പ്രയോഗത്തിലിരുന്നു. ഭാരതത്തിൽ നിലവിലിരുന്ന അളവുകളും തൂക്കങ്ങളും കൗടല്യന്‍ സംക്ഷേപിച്ച്‌ തന്റെ അർഥശാസ്‌ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌ (ബി.സി. 4-ാം ശ.). നീതിശാസ്‌ത്ര ഗ്രന്ഥങ്ങളിലാണ്‌ അവ പ്രതിപാദിതമായിക്കാണുന്നത്‌. അഷ്‌ടാധ്യായി, മനുസ്‌മൃതി, യാജ്ഞവല്‌ക്യം, ബൃഹത്‌സംഹിത, വസിഷ്‌ഠസ്‌മൃതി, അഷ്‌ടാംഗഹൃദയം എന്നീ പ്രാചീന ഗ്രന്ഥങ്ങളിൽ അവയെ സംബന്ധിച്ച സവിസ്‌തര പ്രതിപാദ്യങ്ങള്‍ കാണാം. നീതിശാസ്‌ത്രത്തിൽ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളാണ്‌ കൗടലീയം, കാമന്ദകീയം, ശുക്രനീതി എന്നിവ. എന്നാൽ ഈ ഗ്രന്ഥങ്ങളിലുള്ള വിവരങ്ങളെല്ലാം അർഥശാസത്രത്തിൽ ചേർത്തു കാണാം. ദൈർഘ്യം അളക്കുന്നതിന്‌ അംഗുലി, അംഗുഷ്‌ഠാപാദം, ബാഹു എന്നീ മാത്രകള്‍ വേദകാലത്തുതന്നെ ഉപയോഗിച്ചിരുന്നു; അംഗുലി, വിതസ്‌തി, പൗരുഷഹസ്‌തിന്‍, യോജന എന്നീ മാത്രകള്‍ ഉപയോഗിച്ചിരുന്നതായി അഷ്‌ടാധ്യായിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ദൈർഘ്യത്തിന്റെ മാത്രകളായി പരമാണു, അംഗുലം, ഹസ്‌തം, ദണ്ഡ്‌, യോജന എന്നിവയും കാലത്തിന്റേതായി ത്രുടി, നിമിഷം, യാമം, മുഹൂർത്തം, മാസം, സംവത്സരം, യുഗം എന്നിവയും തൂക്കത്തിന്റേതായി ഗുഞ്‌ജ (കുന്നിമണി), ശൈബ്യം (മഞ്ചാടി), തണ്ഡുലം (അരിമണി), പലം എന്നിവയും ഉപയോഗിച്ചിരുന്നു. ബൗദ്ധഗ്രന്ഥമായ ലളിതവിസ്‌താര(1-ാം ശ.)ത്തിലും വരാഹമിഹിരന്റെ ബൃഹത്‌സംഹിത(6-ാം ശ.)യിലും ഭാസ്‌കരാചാര്യന്റെ ലീലാവതിയിലും ഈ മാതൃകള്‍ മിക്കതും ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അംഗുലം, ചാണ്‍, മുഴം, ഗജം, മാറ്‌, കാതം, വിനാഴിക, നാഴിക, ദിവസം, മാസം, വർഷം, യുഗം എന്നീ ദൈർഘ്യ-കാലയളവുകളും ആഴക്ക്‌, ഉഴക്ക്‌, ഉരി, നാഴി, ഇടങ്ങഴി, പറ എന്നീ അളവുകളും നെന്മണി, കുന്നിക്കുരു, മഞ്ചാടിക്കുരു, പണമിട, പലം എന്നീ തൂക്കങ്ങളും പഴക്കംചെന്ന മാനങ്ങളാണ്‌.

ഗുപ്‌തകാലഘട്ടത്തിൽ പാശ്ചാത്യരിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ എത്തിയ ഒരു കാലയളവാണ്‌ ഹോര (hour). ജ്യോതിശാസ്‌ത്രത്തിലെ ഹോരാശാസ്‌ത്രശാഖയുമായി ഈ അളവിന്‌ ചരിത്രപരമായ ബന്ധമുണ്ടായിരിക്കാം. യൂറോപ്യന്‍ അധിനിവേശത്തെ തുടർന്ന്‌ ബ്രിട്ടിഷ്‌ സമ്പ്രദായത്തിലും 1956-നു ശേഷം മെട്രിക്‌ രീതിയിലുമുള്ള അളവു തൂക്കമാത്രകള്‍ ഇന്ത്യയിൽ നടപ്പിലായി. (നോ: അളവുകളും തൂക്കങ്ങളും)

നാണയവിജ്ഞാനം

കരമാർഗവും കടൽമാർഗവും ഗ്രീക്‌-റോമന്‍ വണിക്കുകള്‍ പുലർത്തിപ്പോന്ന വ്യാപാരബന്ധവും കരമാർഗം കടന്നുവന്ന്‌ അലക്‌സാണ്ടർ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ ചരിത്രപരമായ വ്യതിയാനങ്ങളും പ്രാചീനഭാരതത്തിൽ നാണയവ്യവസ്ഥ നിലവിൽവരുന്നതിനിടയാക്കി. ഈ നാണയങ്ങളുടെ മൂല്യം അവ ഉള്‍ക്കൊള്ളുന്ന ലോഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണയിക്കപ്പെട്ടിരുന്നത്‌. വിലപിടിപ്പുള്ള സ്വർണം, വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങളും അപൂർവമായി നിക്കലും നാണയനിർമാണത്തിന്‌ ഉപയോഗിച്ചിരുന്നു. കടൽമാർഗമായുള്ള വ്യാപാരബന്ധത്തിൽ ഭാരതത്തിലെ കേന്ദ്രങ്ങളിൽ മുഖ്യം മുസിറി (കൊടുങ്ങല്ലൂർ) ആയിരുന്നതുകൊണ്ട്‌ വിദേശനാണയങ്ങളിൽ അധികവും കേരളത്തിലൂടെയാണ്‌ ഭാരതത്തിൽ കടന്നുകൊണ്ടിരുന്നത്‌. കേരളത്തിലെ കുരുമുളകിനുവേണ്ടി റോമിലെ ഖജനാവുകള്‍ ശൂന്യമാക്കുന്നതായി പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്‌. കുരുമുളകിനുപകരം റോമാക്കാർ സ്വർണനാണയങ്ങളായിരുന്നു അധികവും നല്‌കിവന്നത്‌.

നാണയങ്ങള്‍ പൊതുവേ വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ളതായിരുന്നുവെങ്കിലും സമചതുര-ദീർഘചതുരാകാരങ്ങളിൽ നിർമിക്കപ്പെട്ടിട്ടുള്ളവയും കുറവല്ലായിരുന്നു. റോമന്‍ നാണയങ്ങളിൽ ദേവന്മാരുടെ ചിത്രങ്ങളുമായിരുന്നു സാധാരണയായി അങ്കനം ചെയ്‌തിരുന്നത്‌. അതിപ്രാചീനകാലത്ത്‌ ഇന്ത്യയിൽ നിലവിലിരുന്ന വെള്ളിനാണയങ്ങളെ പഞ്ച്‌മാർക്ക്‌ നാണയങ്ങള്‍ (punch-marked coins)എന്നാണ്‌ വിളിച്ചുവരുന്നത്‌. ഈ വെള്ളിനാണയങ്ങളുടെ ലോഹസങ്കരത്തിൽ ചെമ്പും അല്‌പം ഈയവും ഇരുമ്പും അടങ്ങിയിരുന്നു. അച്ചുകള്‍ മുഖേനരേഖപ്പെടുത്തിയിട്ടുള്ള മൂല്യത്തിനനുസരിച്ച്‌ ലോഹത്തിന്റെ തൂക്കം കൃത്യമായിരിക്കാന്‍ അന്ന്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നത്‌ പ്രാധാന്യമർഹിക്കുന്ന ഒരു വസ്‌തുതയാണ്‌. ഇത്തരം നാണയങ്ങള്‍ ഇന്ത്യയിൽ പല ഭാഗത്തുനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. അമരാവതി, മാമ്പലം, ചെന്നൈ, വെമ്പാവൂർ, വിശാഖപട്ടണം, കരിംനഗർ, ഗുൽബർഗ, റെയിച്ചൂർ, ബഹാൽ, ബിലാസ്‌പൂർ, പാലന്നൂർ, ഗോരഖ്‌പൂർ, കൗശാംബി, അലഹാബാദ്‌, മഥുര, ഗോർഹോഗാട്ട്‌, മയൂർഭഞ്‌ജ്‌ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ലഭിച്ചിട്ടുള്ള നിധിനിക്ഷേപങ്ങളാണ്‌ ഇവയിൽ പ്രമുഖം. കേരളത്തിൽ കോട്ടയത്തിനടത്തുനിന്ന്‌ 184 വെള്ളിനാണയങ്ങള്‍ അടങ്ങിയ ഒരു നിധിയും വടക്കാഞ്ചേരിക്കടുത്ത്‌ ഇയ്യാൽ എന്ന സ്ഥലത്തുനിന്നു മറ്റൊരു നിധിയും 1945-ൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

ഇന്ത്യയുമായി ബന്ധപ്പെട്ട ആദ്യത്തെ ഗ്രീക്കുനാണയം അലക്‌സാണ്ടർ പോറസിനെ (പുരു രാജാവ്‌) പരാജയപ്പെടുത്തിയതിനെ അനുസ്‌മരിച്ച്‌ സെല്യൂക്കസ്‌ പുറപ്പെടുവിച്ച ദ്രഹ്മപ്പണം (decadrachma) എന്ന വെള്ളിനാണയമാണ്‌. നോ: ഇന്തോ-ഗ്രീക്ക്‌ നാണയങ്ങള്‍ പഞ്ച്‌മാർക്ക്‌ നാണയവും ഇന്തോ-ഗ്രീക്ക്‌ നാണയവും പോലെതന്നെ പ്രാധാന്യമർഹിക്കുന്ന മറ്റു നാണയവ്യവസ്ഥകള്‍ വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യയിൽ പല ഭാഗങ്ങളിലായി നിലനിന്നുപോന്നിരുന്നു. ഇക്കൂട്ടത്തിൽ ട്രബൽ നാണയങ്ങളും ഇന്തോ-പാർഥ്യന്‍, ഇന്തോ-സിതിയന്‍ നാണയങ്ങളും കുശാന, ഗുപ്‌ത, മൗഖരി, കാശ്‌മീരി, ചോള, പാണ്ഡ്യ, ചാലൂക്യ നാണയങ്ങളും ഉള്‍പ്പെടുന്നു.

ദില്ലി കേന്ദ്രമാക്കി മുസ്‌ലിംഭരണം ആരംഭിച്ചതോടെ മൊഹർ എന്ന സ്വർണനാണയവും തുടർന്ന്‌ രൂപയാ (രൂപ) എന്ന വെള്ളിനാണയവും നടപ്പിൽവന്നു. തുഗ്ലക്കിന്റെ കാലത്ത്‌ തുകൽ നാണയങ്ങളും പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടിഷ്‌ ആധിപത്യം നിലവിൽ വന്നതോടുകൂടി, ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയും തുടർന്ന്‌ ബ്രിട്ടിഷ്‌ ഗവണ്‍മെന്റും രൂപ, അണ, പൈസ ക്രമത്തിലുള്ള നാണയസംവിധാനം ഏർപ്പെടുത്തി. അതേസമയം ചില പ്രമുഖ നാട്ടുരാജ്യങ്ങള്‍ അവരുടെ സ്വന്തമായ നാണയവ്യവസ്ഥയും നടപ്പിലാക്കിയിരുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ഇന്ത്യ പതുക്കെ ദശാംശനാണയവ്യവസ്ഥ സ്വീകരിക്കുകയും ആദ്യം രൂപ, നയാപൈസ എന്ന രീതിയും പിന്നീട്‌ രൂപ, പൈസ എന്ന വ്യവസ്ഥയും സാർവത്രികമാക്കുകയും ചെയ്‌തു. ഇന്ന്‌ ആയിരംരൂപ, അഞ്ഞൂറുരൂപ, നൂറുരൂപ, അമ്പതുരൂപ, ഇരുപതുരൂപ, പത്തുരൂപ, അഞ്ചുരൂപ, ഒറ്റരൂപ എന്നീ നാണയങ്ങളാണ്‌ ഇന്ത്യയിൽ പ്രചാരത്തിലിരിക്കുന്നത്‌. അന്‍പതു പൈസയിൽ താഴെ മൂല്യമുള്ള നാണയങ്ങളും മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ലുപ്‌തമായിക്കഴിഞ്ഞിരിക്കുകയാണ്‌. നോ: നാണയം

ചരിത്രം

പ്രാചീനകാലം

ഇന്ത്യയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ ഇന്ത്യയുടെ ചരിത്രത്തിന്‌ അതിന്റേതായ സവിശേഷതയും ഏകരൂപതയും നല്‌കുന്നു. ഹിമാലയപർവതവും ഇന്ത്യാസമുദ്രവും ഇന്ത്യയെ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന്‌ കുറെയൊക്കെ ഒഴിഞ്ഞുനില്‌ക്കുന്നതിനു സഹായിച്ചിട്ടുണ്ടെങ്കിലും വിദേശരാജ്യങ്ങളുമായി സക്രിയസമ്പർക്കം പുലർത്തുന്നതിന്‌ അവ വിഘാതമായി നിന്നിട്ടില്ല. ഭാരതത്തിന്റെ ചരിത്രഗതിയെയും സാംസ്‌കാരികവികാസത്തെയും മറ്റു രാഷ്‌ട്രങ്ങള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടോ, അത്രയോ അതിലധികമോ മറ്റു രാഷ്‌ട്രങ്ങളുടെ ചരിത്രഗതിയെയും സാംസ്‌കാരികവികാസത്തെയും സ്വാധീനിക്കുവാന്‍ ഭാരതത്തിനും സാധിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ ഭൂമിശാസ്‌ത്രപരമായ സവിശേഷത ഈ ഉപഭൂഖണ്ഡത്തെ അതിപ്രാചീനകാലം മുതൽ ഒരൊറ്റരാഷ്‌ട്രമെന്ന നിലയിൽ വീക്ഷിക്കുന്നതിനുകാരണമായി; അതിന്റെ വ്യത്യസ്‌തദേശങ്ങളിൽ താമസിക്കുന്ന നാനാജാതിമതസ്ഥരിൽ ദേശീയഐക്യബോധം വളർത്തുകയും ചെയ്‌തു. മഹനീയമായ ഒരു സാർവജനീനസംസ്‌കാരം വളർത്തിക്കൊണ്ടുവരാനും ഇതുപകരിച്ചു. അതേസമയം ഇന്ത്യയിലെ ജനങ്ങളുടെ ജീവിതരീതികള്‍ക്ക്‌ വൈവിധ്യവും വർണപ്പകിട്ടും നല്‌കുന്നതിനും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ സഹായകമായിട്ടുണ്ട്‌. "നാനാത്വത്തിലെ ഏകത്വം' ഇന്ത്യാചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതയാണ്‌.

പ്രാചീനഭാരതീയചരിത്രത്തെ സംബന്ധിച്ചിടത്തോളം ചരിത്രസാമഗ്രികളുടെ അപര്യാപ്‌തത ഒരു പ്രശ്‌നമാണ്‌. പ്രാക്കാല ഭാരതീയപണ്ഡിതന്മാർ ചരിത്രഗ്രന്ഥങ്ങള്‍ രചിക്കുന്നതിൽ തത്‌പരരായിരുന്നില്ല. ഭാരതീയവും വിദേശീയവുമായ സാഹിത്യഗ്രന്ഥങ്ങളും ശാസനങ്ങള്‍, നാണയങ്ങള്‍, സ്‌മാരകങ്ങള്‍ തുടങ്ങിയ പുരാതത്വവസ്‌തുക്കളും മാത്രമാണ്‌ പ്രാചീനഭാരതത്തിൽ നിലവിലിരുന്ന നിരവധി രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ചരിത്രം രചിക്കുവാനും വിഭിന്ന കാലഘട്ടങ്ങളിലെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തെക്കുറിച്ച്‌ പഠിക്കുവാനും സഹായിക്കുന്നത്‌.

പ്രാക്‌ചരിത്രസംസ്‌കാരങ്ങള്‍. പ്രാക്‌ചരിത്രകാലത്തെ ആദിശിലായുഗം, മധ്യശിലായുഗം, നവീനശീലായുഗം എന്നിങ്ങനെ മൂന്ന്‌ ഘട്ടങ്ങളായി തരംതിരിക്കാം. മനുഷ്യർ ആദിശിലായുഗത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്നുവോ എന്ന്‌ സംശയാണ്‌; പക്ഷേ, പുരാണശിലായുഗകാലത്ത്‌ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വസിച്ചിരുന്നുവെന്നതിന്‌ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. അന്നത്തെ മനുഷ്യർ പ്രാകൃതശിലായുധങ്ങള്‍ ഉപയോഗിച്ചിരുന്നു; തീ ഉണ്ടാക്കുവാന്‍ പഠിച്ചിരുന്നു; കൃഷിയെപ്പറ്റിയോ കളിമണ്‍പാത്രനിർമാണത്തെപ്പറ്റിയോ അവർക്ക്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട്‌ ജില്ല ഈ പുരാണശിലായുഗ മനുഷ്യന്റെ ഒരു പ്രധാന അധിവാസകേന്ദ്രമായിരുന്നു. ബി.സി. 10,000-ത്തോടുകൂടി മധ്യശിലായുഗം അവസാനിച്ചതായി വിശ്വസിക്കുന്നു.

ബി.സി. 10,000-ത്തിനും 5,000-ത്തിനും ഇടയ്‌ക്കുള്ള കാലഘട്ടമാണ്‌ നവീനശിലായുഗം. ഈ യുഗത്തിൽ മനുഷ്യർ ജീവിതത്തിന്റെ വിവിധരംഗങ്ങളിൽ പുരോഗതി നേടി; പല നവീന ആയുധങ്ങളും ഗൃഹോപകരണങ്ങളും നിർമിച്ചു. കളിമണ്‍പാത്രനിർമാണത്തിന്‌ തുടക്കം കുറിച്ചത്‌ ഈ കാലഘട്ടത്തിലാണ്‌. വീട്‌ വയ്‌ക്കാനും മൃഗങ്ങളെ വളർത്താനും കൃഷിചെയ്യാനും മറ്റും തുടങ്ങിയതും ഈ കാലഘട്ടത്തിലായിരുന്നു. ചിത്രകലയുടെ പ്രാകൃത രൂപവും ഈ ഘട്ടത്തിലാണ്‌ കണ്ടുതുടങ്ങുന്നത്‌. ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായ മഹാശിലാസംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. കൂറ്റന്‍ കല്ലുകൊണ്ട്‌ പടുത്തുണ്ടാക്കിയ ശവക്കല്ലറകളും സ്‌മാരകസ്‌തംഭങ്ങളും മഹാശിലാസംസ്‌കാരത്തിന്റെ സവിശേഷതകളാണ്‌.

നവീനശിലായുഗത്തെ തുടർന്നുള്ള കാലഘട്ടമാണ്‌ ലോഹയുഗം. ചെമ്പ്‌, ഇരുമ്പ്‌ മുതലായവകൊണ്ടുള്ള ആയുധങ്ങള്‍ ഈ കാലത്ത്‌ പ്രചാരത്തിൽവന്നു. ക്രമേണ മഹാശിലാസംസ്‌കാരം പൂർണവളർച്ച പ്രാപിച്ചു. തിരുനൽവേലിജില്ലയിലെ ആതിച്ചനല്ലൂർ മഹാശിലാസംസ്‌കാരാവശിഷ്‌ടങ്ങളുടെ ഒരു പ്രധാനകേന്ദ്രമാണ്‌. അവിടെ കണ്ടെത്തിയ മുതുമക്കത്താഴികളിൽ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പായുധങ്ങള്‍, സ്വർണാഭരണങ്ങള്‍ മുതലായവ ഉണ്ടായിരുന്നു.

ഇന്ത്യയിൽ സുസ്ഥാപിതവും അഭിവൃദ്ധവുമായ സംസ്‌കാരത്തിന്റെയും സാമൂഹികഘടനയുടെയും ആദ്യത്തെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്‌ ഇപ്പോള്‍ പാകിസ്‌താനിൽപ്പെടുന്ന ബലൂചിസ്‌താനിലും സിന്ധിലും ആകുന്നു. ബി.സി. മൂന്നാം സഹസ്രാബ്‌ദത്തോടെ ആരംഭിക്കുന്ന ഈ സംസ്‌കാരത്തിന്റെ സവിശേഷത സ്വയംപര്യാപ്‌തമായ കാർഷികഗ്രാമങ്ങളിൽ മനുഷ്യർ വസിച്ചിരുന്നു എന്നുള്ളതാണ്‌. കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു ഇവരുടെ മുഖ്യതൊഴിലുകള്‍. വൈവിധ്യമുള്ള മണ്‍പാത്രങ്ങള്‍ ഇവർ ധാരാളം ഉപയോഗിച്ചിരുന്നു. ചെമ്പ്‌ ആയിരുന്നു ഇവരുടെ പ്രധാന ലോഹം. ശക്തിപൂജയിൽ അധിഷ്‌ഠിതമായ ഒരു പ്രാകൃത മതത്തിൽ അവർ വിശ്വസിച്ചുപോന്നു.

ആദിമജനവർഗങ്ങള്‍. ഇന്ത്യയിൽ പ്രാചീന കാലത്ത്‌ ഏതേത്‌ ജനവർഗങ്ങളാണ്‌ ജീവിച്ചിരുന്നതെന്നകാര്യം ഇപ്പോഴും വ്യക്തമല്ല; എങ്കിലും ഇന്നു കാണുന്ന ജനങ്ങളുടെ ശാരീരികപ്രത്യേകതകള്‍ കണക്കിലെടുത്ത്‌ അവരുടെ പൂർവികന്മാർ നീഗ്രിറ്റോ(Negrito), പ്രാട്ടോ ആസ്റ്റ്രലോയ്‌ഡ്‌ (Proto-Australoid), മംഗൊളോയ്‌ഡ്‌ (Mongoloid), മെഡിറ്ററേനിയന്‍ (Mediterranean), നോർഡിക്‌ (Nordic) എന്നീ വർഗങ്ങളിൽപ്പെട്ടവരായിരുന്നു എന്ന്‌ അനുമാനിക്കപ്പെടുന്നു.

ഇവരിൽ ആന്‍ഡമാന്‍ദ്വീപിലെ ആദിമനിവാസികളൊഴിച്ചാൽ നീഗ്രിറ്റോവർഗം ഇന്ത്യയിൽനിന്ന്‌ പൂർണമായി അപ്രത്യക്ഷമായിരിക്കുന്നു. അസമിലെ നാഗന്മാർ, കേരളത്തിൽ കാടർ, പുലയർ എന്നിവർക്ക്‌ നീഗ്രിറ്റോവർഗവുമായി ബന്ധമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ കാണപ്പെടുന്ന ആദിമവർഗങ്ങള്‍ പ്രാട്ടോ ആസ്റ്റ്രലോയ്‌ഡ്‌ വർഗത്തിൽപ്പെടുന്നു. മുമ്പ്‌ കുടിയേറിപ്പാർത്തിരുന്ന നീഗ്രിറ്റോവർഗക്കാരും പിമ്പു വന്നുചേർന്ന മംഗൊളോയ്‌ഡ്‌ വർഗക്കാരും തമ്മിൽ കൂടിക്കലർന്ന്‌ മധ്യേന്ത്യയിൽ കാണുന്ന മുണ്‍ഡാ; അസമിലും മ്യാന്മറിലും മറ്റും കാണുന്ന മോണ്‍, ഖ്‌മെർ; മലനേഷ്യ, പോളിനേഷ്യ എന്നിവിടങ്ങളിലെ ആദിമവർഗക്കാർ എന്നിവർക്ക്‌ ജന്മം നല്‌കിയതായി വിശ്വസിക്കപ്പെടുന്നു. ഇവരുടെ സംസാരഭാഷകള്‍ ആസ്റ്റ്രിക്‌ വർഗത്തിൽപ്പെടുന്നു.

ഇന്ത്യയിൽ നവീനശിലായുഗം ആരംഭിച്ചത്‌ ഈ വർഗക്കാരുടെ വരവോടുകൂടിയാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. കൃഷി ആരംഭിച്ചതും സ്ഥിരം കുടിപാർപ്പു തുടങ്ങിയതും ഇവരാണെന്നു കരുതപ്പെടുന്നു. ഇവർക്ക്‌ കരിമ്പിൽനിന്ന്‌ പഞ്ചസാരയുണ്ടാക്കാനും പരുത്തിവസ്‌ത്രങ്ങള്‍ നിർമിക്കാനും വെറ്റില ഉപയോഗിക്കാനും ഇരുപതുവരെ എച്ചാനും കഴിയുമായിരുന്നു. ജീവിതത്തെയും പുനർജന്മത്തെയും സംബന്ധിക്കുന്ന പല പാരമ്പര്യവിശ്വാസങ്ങളും ഇവരിൽനിന്നാണ്‌ ഉദ്‌ഭവിച്ചിട്ടുള്ളത്‌.

മംഗൊളോയ്‌ഡുകളെ രണ്ട്‌ ഉപവർഗങ്ങളായി തരംതിരിച്ചിരിക്കുന്നു. അസം, ചട്‌ഗാവ്‌ (ചിറ്റഗോങ്‌) കുന്നുകള്‍, മ്യാന്മാർ അതിർത്തി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ആദിമ മംഗൊളോയ്‌ഡുകള്‍; സിക്കിം, ഭൂട്ടാന്‍ എന്നിവിടങ്ങളിൽ കാണപ്പെടുന്ന തിബത്തന്‍ മംഗൊളോയ്‌ഡുകള്‍.

മെഡിറ്ററേനിയന്‍ വർഗക്കാരുടെ പിന്‍ഗാമികളാണ്‌ തമിഴ്‌, തെലുഗ്‌, കന്നട, മലയാളം തുടങ്ങിയ ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്ന തെ. ഇന്ത്യയിലെ ആളുകള്‍ എന്നു വിശ്വസിക്കപ്പെടുന്നു. ആര്യന്മാരുടെ വരവിനു മുമ്പ്‌ ദ്രാവിഡർ ഉത്തരേന്ത്യ മുഴുവനും വ്യാപിച്ചിരുന്നുവെന്നതിന്‌ ബലൂചിസ്‌താനിൽ ഇപ്പോഴും സംസാരിക്കപ്പെടുന്ന ദ്രാവിഡഗോത്രത്തിൽപ്പെട്ട ബ്രാഹ്യയിഭാഷ തെളിവാണ്‌. ശാരീരികസൗന്ദര്യത്തിൽ മെച്ചപ്പെട്ടിരുന്ന ആര്യന്‍മാർ മിതമായ പൊക്കം, മിതമായ വച്ചം, മാന്തളിർ നിറം എന്നീ ശാരീരികലക്ഷണങ്ങളുള്ള ദ്രാവിഡരെ അനാര്യരെന്നും, നിഷാദരെന്നും അസുരരെന്നും വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യയിൽ പ്രവേശിച്ച നോർഡിക്‌ വംശജരാണ്‌ ആര്യന്മാർ എന്നറിയപ്പെടുന്നത്‌. നല്ല പൊക്കം, വെളുത്ത നിറം, ചെമ്പിച്ചമുടി, കൂർത്തമൂക്ക്‌ എന്നിവയായിരുന്നു അവരുടെ ശാരീരികലക്ഷണങ്ങള്‍. അവർ കാലക്രമേണ ഇന്ത്യയിൽ അന്നുണ്ടായിരുന്ന വർഗക്കാരുമായി ഇടകലർന്ന്‌ അവരുടെ വിശ്വാസാചാരങ്ങള്‍ സ്വാംശീകരിച്ച്‌, ഇവിടെ ഒരു സങ്കരസംസ്‌കാരത്തിന്‌ ബീജാവാപം ചെയ്‌തു.

സിന്ധുസംസ്‌കാരം. ഇന്ത്യയിൽ പൂർണവികാസം പ്രാപിച്ച ഒരു നാഗരികതയാണ്‌ സിന്ധുസംസ്‌കാരം. പഞ്ചാബിലും സിന്ധിലും ഈ സംസ്‌കാരത്തിന്റെതെന്ന്‌ കരുതപ്പെടുന്ന എല്ലാ ആസ്ഥാനങ്ങളും 1924 മുതൽ 1931 വരെ ശാസ്‌ത്രീയമായ രീതിയിൽ ഖനനം ചെയ്യപ്പെട്ടു. പഞ്ചാബിലെ ഹാരപ്പയും സിന്ധിലെ മോഹന്‍ജൊദരോയുമാണ്‌ ഈ സ്ഥലങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌. സിന്ധുസംസ്‌കാരാവശിഷ്‌ടങ്ങളുടെ കണ്ടെത്തൽ ഇന്ത്യാചരിത്രത്തിനും സംസ്‌കാരത്തിനും ഒരു പുതിയ കാഴ്‌ചപ്പാടുണ്ടാക്കി. താമ്രംകൊണ്ടും ശിലകൊണ്ടുമുള്ള ആയുധങ്ങളും ഗൃഹോപകരണങ്ങളും ധാരാളം ഉപയോഗിച്ചിരുന്നവരായിരുന്നു അക്കാലത്തെ ജനത; അതിനാൽ ഈ സംസ്‌കാരത്തെ താമ്രശിലാസംസ്‌കാരമെന്ന്‌ വിശേഷിപ്പിച്ചുവരുന്നു.

സിന്ധുസംസ്‌കാരാവശിഷ്‌ടങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിൽ ഏറ്റവും പ്രധാനമായ പങ്കുവഹിച്ച ജോണ്‍മാർഷൽ ഈ സംസ്‌കാരം ബി.സി. 3,250 മുതൽ 2,750 വരെയുള്ള കാലഘട്ടത്തിലാണ്‌ തഴച്ചുവളർന്നതെന്ന്‌ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ പിന്നീട്‌ നടത്തിയ കാർബണ്‍-14 കാലഗണനപ്രകാരം ഈ സംസ്‌കാരത്തിന്റെ കാലം ഉദ്ദേശം ബി.സി. 2,400 മുതൽ 1,700 വരെയാണെന്ന്‌ തീർച്ചപ്പെട്ടിട്ടുണ്ട്‌. ഈ സംസ്‌കാരം സിന്ധു നദീതടത്തിൽ മാത്രം പ്രചരിച്ചിരുന്ന ഒന്നായിരുന്നു എന്നാണ്‌ അടുത്തകാലംവരെ വിശ്വസിച്ചുപോന്നത്‌. പക്ഷേ, ഇന്ത്യയിലെ പല ഭാഗങ്ങളിലും ബലൂചിസ്‌താനിലെ സുക്‌ദാജന്‍ ദൊർ മുതൽ ഉത്തർപ്രദേശിലെ ആലംഗീർപൂർ വരെയും പഞ്ചാബിലെ റോപഡ്‌ മുതൽ കത്തിയവാഡിലെ ലോഥാൽ, ഭഗത്രാവ്‌ എന്നീ സ്ഥലങ്ങള്‍വരെയും ഈ സംസ്‌കാരം വ്യാപിച്ചിരുന്നു എന്നതിന്‌ തെളിവുകള്‍ കിട്ടിയിട്ടുണ്ട്‌. കൂടാതെ ഇറാന്‍, ഇറാഖ്‌, ചൈന മുതലായ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുള്ള സംസ്‌കാരങ്ങളുമായി പല സാദൃശ്യങ്ങളും സിന്ധുസംസ്‌കാരത്തിനുണ്ടെന്ന വസ്‌തുത കണക്കിലെടുത്തുകൊണ്ട്‌ ഈ സംസ്‌കാരം ഇന്ത്യയ്‌ക്കുപുറത്തുള്ള പ്രദേശങ്ങളിലും സമകാലികമായി പ്രചരിച്ചിരുന്ന ഒരു ബൃഹത്തായ ഏഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

സമ്പൂർണവളർച്ച പ്രാപിച്ച ഒരു നാഗരികസംസ്‌കാരമായിരുന്നു സൈന്ധവസംസ്‌കാരം. ശാസ്‌ത്രീയമായ ആസ്‌ത്രൂണനിയമനങ്ങള്‍ക്ക്‌ വിധേയമായാണ്‌ അക്കാലത്തെ നഗരങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരുന്നത്‌. കെട്ടിടങ്ങളും തെരുവുകളും ശാസ്‌ത്രീയമായ രീതിയിൽ നിർമിക്കപ്പെട്ടവയായിരുന്നു. എല്ലാ കെട്ടിടങ്ങള്‍ക്കും കുളിമുറികളുണ്ടായിരുന്നു. ശരിയായരീതിയിൽ ആസൂത്രണം ചെയ്‌തിട്ടുള്ള അഴുക്കുചാൽ പദ്ധതി നഗരസംവിധാനത്തിന്റെ ഒരു പ്രത്യേകതയാണ്‌. ചുറ്റും കുളിമുറികളും നടുവിൽ ഒരു നീന്തൽക്കുളവും ഉള്ള ഒരു പൊതുസ്‌നാനഘട്ടവും മോഹന്‍ജൊദരോയിൽ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. സിന്ധുതടത്തിലെ ജനങ്ങള്‍ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. അവർ പരുത്തി കൃഷിചെയ്യുകയും നൂൽകൊണ്ടുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയും ചെയ്‌തിരുന്നു; പശു, എരുമ, ആട്‌, നായ്‌ മുതലായ മൃഗങ്ങളെയും കോഴി മുതലായ പക്ഷികളെയും അവർ വളർത്തി; കളിമച്ചുകൊണ്ടുള ഗൃഹോപകരണങ്ങളും സ്വർണം, വെള്ളി, ചെമ്പ്‌ മുതലായ ലോഹങ്ങള്‍കൊണ്ടുള്ള ആഭരണങ്ങളും ധാരാളമായി ഉപയോഗിച്ചു. സിന്ധു ജനതയുടെ മതാനുഷ്‌ഠാനങ്ങളെ പരിഗണിച്ച്‌ സിന്ധുതടമാണ്‌ പില്‌ക്കാലത്ത്‌ ഹിന്ദുമതത്തിന്റെ പ്രഭവസ്ഥാനമെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അവിടത്തെ ജനത ആരാധിച്ചിരുന്ന മാതൃദേവതയുടെ മണ്‍കോലങ്ങള്‍ സിന്ധുസംസ്‌കാരാവശിഷ്‌ടങ്ങളുടെ കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. വൃക്ഷാരാധനയും ലിംഗാരാധനയും ഇവിടെ നിലവിലിരുന്നു. സിന്ധുജനതയ്‌ക്ക്‌ സ്വന്തമായ ഒരു ചിത്രലിപിയുണ്ടായിരുന്നു. മോഹന്‍ജൊദരോയിൽനിന്ന്‌ ലഭിച്ചിട്ടുള്ള മുദ്രകളും വിഗ്രഹങ്ങളും അവരുടെ കലാപരമായ കഴിവുകള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നു. ഹാരപ്പയിൽനിന്നു ലഭിച്ചിട്ടുള്ള ഒരു നർത്തകിയുടെ പ്രതിമ സൂചിപ്പിക്കുന്നത്‌ ശില്‌പകലയ്‌ക്കും നൃത്തകലയ്‌ക്കും അന്നുണ്ടായിരുന്ന പ്രചാരമാണ്‌.

ദ്രാവിഡസംസ്‌കാരം. ആര്യന്മാർക്ക്‌ മുമ്പ്‌ ഇന്ത്യയിൽ ജീവിച്ചിരുന്ന വർഗക്കാരിൽ ഏറ്റവും സംസ്‌കാരസമ്പന്നരായിരുന്നു ദ്രാവിഡർ. ആര്യന്മാരുടെ വരവിനുമുമ്പുള്ള കാലഘട്ടത്തിൽ തഴച്ചുവളർന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ഒരു ഭാഗമായിരുന്നു സിന്ധുതടസംസ്‌കാരമെന്ന്‌ ചില പണ്ഡിതന്മാർ വാദിക്കുന്നുണ്ട്‌. ആദ്യകാലങ്ങളിൽ ദ്രാവിഡർ വേട്ടയാടിയാണ്‌ ജീവിതം നയിച്ചുപോന്നത്‌. മരുമക്കത്തായമായിരുന്നു അവരുടെ ദായക്രമം. ആര്യന്മാർ ഇന്ത്യയിൽ പ്രവേശിക്കുമ്പോഴേക്കും ദ്രാവിഡസംസ്‌കാരം പൂർണവികാസം പ്രാപിച്ചിരുന്നു. കൃഷി, കച്ചവടം, വ്യവസായം, നെയ്‌ത്ത്‌, ചായം മുക്കൽ തുടങ്ങിയ തൊഴിലുകളിലേർപ്പെട്ടിരുന്ന അവർ ചെറിയ ഗ്രാമങ്ങളിലായിരുന്നു താമസിച്ചിരുന്നത്‌. സമുദ്രഗതാഗതത്തിൽ ദ്രാവിഡർ പരിചയം നേടിയിരുന്നു. തേക്ക്‌, തുണിത്തരങ്ങള്‍, അരി, മയിൽ, ചന്ദനത്തടി മതുലായവ പേർഷ്യ (ഇറാന്‍), മെസെപ്പൊട്ടേമിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കയറ്റിക്കൊണ്ടുപോയിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌; സമയം നിർണയിക്കുവാന്‍ അവർക്കറിയാമായിരുന്നു. പലതരത്തിലുള്ള ലോഹങ്ങള്‍ അവർ ഉപയോഗിച്ചിരുന്നു. കെട്ടിടങ്ങളും കോട്ടകളും നിർമിക്കുന്നതിലും ദ്രാവിഡർ വൈദഗ്‌ധ്യം പ്രകടിപ്പിച്ചു. സാമാന്യം വളർച്ചപ്രാപിച്ച ഒരു ഭാഷയും സാഹിത്യവും ദ്രാവിഡർക്കുണ്ടായിരുന്നു. സ്വന്തം അണികളിൽനിന്ന്‌ ഉയർന്നുവന്ന പ്രമാണികളായിരുന്നു ആദ്യകാലങ്ങളിൽ അവരുടെ ഭരണകർത്താക്കള്‍. കാലക്രമത്തിൽ അവർ വികാസോന്മുഖമായ ഒരു ഭരണവ്യവസ്ഥ പടുത്തുയർത്തി; വിസ്‌തൃതങ്ങളായ സാമ്രാജ്യങ്ങള്‍ ക്രമേണ ഉടലെടുത്തു.

ദ്രാവിഡരുടെ ആദ്യകാലമതവിശ്വാസങ്ങള്‍ പ്രാകൃതങ്ങളായിരുന്നു. ഭൂമി, വൃക്ഷം, സർപ്പം എന്നിവയെ അവർ ആരാധിച്ചിരുന്നു. ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. ആദിപരാശക്തിയിൽ വിശ്വസിച്ചിരുന്ന അവർ പൂജാകർമാദികള്‍ക്കായി ക്ഷേത്രങ്ങള്‍ നിർമിച്ചിരുന്നു. ഭൂതപ്രതപിശാചുക്കളെ ആരാധിക്കുവാനും അവയെ പ്രീതിപ്പെടുത്തുവാനും യാഗങ്ങളും ബലികളും നടത്തുക പതിവായിരുന്നു. പില്‌ക്കാലത്ത്‌ ദ്രാവിഡ സംസ്‌കാരവും ആചാരാനുഷ്‌ഠാനങ്ങളും ആര്യന്മാരുടെ സ്വാധീനത്തിന്‌ വിധേയമായി.

വേദകാലം. അര്യന്മാരുടെ ആഗമനം ഇന്ത്യാചരിത്രത്തിൽ പുതിയ ഒരധ്യായത്തിന്റെ തുടക്കംകുറിച്ചു. ഇവർ ദ്രാവിഡരെ കീഴടക്കി ആധിപത്യം സ്ഥാപിക്കുകയും തങ്ങളുടേതായ ജീവിതരീതിയും സംസ്‌കാരവും പടുത്തുയർത്തുകയും ചെയ്‌തു. ആര്യന്മാരുടെ ജന്മദേശത്തെപ്പറ്റി പല സിദ്ധാന്തങ്ങളും ഉണ്ടെങ്കിലും ഇപ്പോള്‍ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌ അവർ മധ്യേഷ്യയിൽ നിന്ന്‌ പുറപ്പെട്ട്‌ ബാക്‌ട്രിയ, ഇറാന്‍ എന്നീ പ്രദേശങ്ങള്‍ കടന്ന്‌ ഇന്ത്യയിൽ കുടിയേറിപ്പാർത്തു എന്നാണ്‌. ബി.സി. 2,500-ൽ ആരംഭിച്ച കുടിയേറ്റം ബി.സി. 600 വരെ തുടർന്നുവന്നിരുന്നു എന്ന്‌ കരുതപ്പെടുന്നു. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, ശ്രൗത-ഗൃഹസൂത്രങ്ങള്‍ മുതലായവ ആര്യന്മാരുടെ സംസ്‌കാരത്തെയും ജീവിതരീതിയെയും കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ നല്‌കുന്നു. വേദകാലത്തിന്റെ അവസാന ഘട്ടത്തിൽ രചിക്കപ്പെട്ട ഇതിഹാസകൃതികളാണ്‌ രാമായണവും മഹാഭാരതവും.

വേദകാലത്ത്‌ ആര്യന്മാർ ഉത്തരേന്ത്യയിൽ മേന്മയേറിയ ഒരു ജീവിതരീതിയും സംസ്‌കാരവും പടുത്തുയർത്തി. വ്യവസ്ഥാപിതമായ സമുദായം, പുരോഗമനോന്‍മുഖമായ രാഷ്‌ട്രീയഘടന, വികസിതമായ സമ്പദ്‌വ്യവസ്ഥ പ്രബുദ്ധമായ മതം ഇവയെല്ലാമാണ്‌ ഈ ഉത്‌കൃഷ്‌ടസംസ്‌കാരത്തിന്റെ സവിശേഷതകള്‍. ഋഗ്വേദകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ സമൂഹത്തിൽ സമുന്നതമായ സ്ഥാനമുണ്ടായിരുന്നു. ചാതുർവർണ്യം ഉണ്ടായിക്കഴിഞ്ഞിരുന്നുവെങ്കിലും അത്‌ അത്രമേൽ ഹിംസാത്മകമായിരുന്നില്ല. രാജ്യഭരണം രാജവാഴ്‌ചയിൽ അധിഷ്‌ഠിതമായിരുന്നു എങ്കിലും സഭ, സമിതി തുടങ്ങിയ പൊതുജനപ്രാതിനിധ്യമുള്ള ഗോത്രസംഘടനകള്‍ രാജാക്കന്മാരുടെ അധികാരത്തെ നിയന്ത്രിച്ചുപോന്നിരുന്നു. കൃഷിയിലും ഗ്രാമീണജീവിതത്തിലും അടിയുറച്ചതായിരുന്നു സമ്പദ്‌വ്യവസ്ഥ. പ്രകൃതിശക്തികള്‍ക്ക്‌ പവിത്രത നല്‌കി അവയെ ദേവതകളായി സങ്കല്‌പിച്ചുപോന്ന ഒരു മതമായിരുന്നു ഋഗ്വേദകാലത്തിലെ ആര്യന്മാരുടേത്‌. മന്ത്രാച്ചാരണങ്ങള്‍, പൂജാകർമങ്ങള്‍, യാഗങ്ങള്‍, ഹോമങ്ങള്‍ മുതലായവയ്‌ക്ക്‌ ഈ മതാനുഷ്‌ഠാനത്തിൽ പരമപ്രാധാന്യമുണ്ടായിരുന്നു. ഋഗ്വേദകാലത്തിനുശേഷം ആര്യന്മാരുടെ രാഷ്‌ട്രീയ-സാമൂഹിക-സാമ്പത്തിക ക്രമങ്ങളിൽ അടിസ്ഥാനപരമായ പലമാറ്റങ്ങളുണ്ടായി. രാജാക്കന്മാർ കൂടുതൽ സ്വേച്ഛാധിപതികളായി. രാജാധികാരത്തെ നിയന്ത്രിക്കുന്നതിൽ സഭയും സമിതിയും പരാജയപ്പെട്ടു; സ്‌ത്രീകള്‍ക്ക്‌ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തിന്‌ ഇടിവുസംഭവിച്ചു. ചാതുർവർണ്യത്തിന്‍കീഴിൽ ജാതിവ്യത്യാസങ്ങള്‍ കൂടുതൽ രൂക്ഷമായി; അനാർഭാടവും അഹിംസാത്മകവുമായിരുന്ന പൂജാകർമങ്ങള്‍ കൂടുതൽ സങ്കീർണവും ഹിംസാത്മകവുമായി. ആര്യേതരങ്ങളായ ദേവതകളെയും ആചാരങ്ങളെയും ആര്യന്മാർ സനാതനമതത്തിന്റെ ഭാഗമാക്കിയത്‌ ഇക്കാലത്താണ്‌. ഇക്കാലത്ത്‌ പൊതുവേ എല്ലാ സാംസ്‌കാരിക രംഗങ്ങളിലും വികാസമുണ്ടായി. ഭാഷാശാസ്‌ത്രം, വ്യാകരണം, നിഘണ്ടുനിർമാണം എന്നിവയെ സംബന്ധിച്ച ഭാരതീയ പരിശ്രമങ്ങളുടെ ആരംഭവും ഇക്കാലത്ത്‌ നടന്നു. വൈദ്യശാസ്‌ത്രം ആശാവഹമായ പുരോഗതിനേടി. ജ്യോതിഃശാസ്‌ത്രം, തർക്കം, ഗണിതശാസ്‌ത്രം, രാഷ്‌ട്രമീമാംസ, സുകുമാരകലകള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയെല്ലാം അന്നു പഠനവിഷയങ്ങളായിരുന്നു.

ജൈനബുദ്ധമതങ്ങള്‍. ബി.സി. ആറാം ശതാബ്‌ദത്തിൽ ഉത്തരേന്ത്യയിൽ സാംസ്‌കാരികവും ആധ്യാത്മികവുമായ പ്രസ്ഥാനങ്ങളുടെ ഒരു വേലിയേറ്റംതന്നെ ഉണ്ടായി. വേദകാലമതങ്ങളിലുണ്ടായ ദുഷിച്ച പ്രവണതകള്‍ക്കെതിരെ ഉത്തരേന്ത്യയിൽ സാർവത്രികമായ പ്രതിഷേധശബ്‌ദം ഉയർന്നു. ഹിംസയിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും വിമുക്തമായ ഒരു മതാനുഷ്‌ഠാന സംഹിതയ്‌ക്കുവേണ്ടി സാധാരണജനത വെമ്പൽകൊണ്ടു. ചാതുർവർണ്യത്തിനോട്‌ എതിർപ്പുണ്ടായി. ഈ പശ്ചാത്തലത്തിലാണ്‌ ജൈനമതവും ബുദ്ധമതവും ഉടലെടുത്തത്‌. സ്വാതന്ത്യ്രത്തിലും സമത്വത്തിലും അധിഷ്‌ഠിതമായ ഒരു പുതിയ സാമൂഹികവ്യവസ്ഥിതി വാർത്തെടുക്കുവാനുള്ള ബോധപൂർവമായ ശ്രമം ജൈനബുദ്ധമതങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ കാണാം.

വർധമാനമഹാവീരന്‍. ജൈനമതത്തിനാണ്‌ ബുദ്ധമതത്തെക്കാള്‍ പ്രാചീനത. ബി.സി. എട്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന പാർശ്വനാഥനാണ്‌ ജൈനമതത്തിന്റെ യഥാർഥ സ്ഥാപകന്‍. എങ്കിലും ബി.സി. 540-467-ൽ ജീവിച്ച വർധമാനമഹാവീരനാണ്‌ ജൈനമതതത്ത്വങ്ങള്‍ക്ക്‌ വ്യക്തമായ രൂപംനല്‌കിയത്‌. ജൈനമതം ഹോമാദികർമങ്ങളെ നിരുത്സാഹപ്പെടുത്തി. മനുഷ്യന്റെ ജീവിതദുഃഖങ്ങള്‍ക്കു മുഖ്യകാരണം കർമമാണെന്നും കർമം കുറ്റമറ്റതും ശുദ്ധവുമാക്കേണ്ടതാണെന്നും ആ മതം നിർദേശിച്ചു. ഇതിനുള്ള മാർഗങ്ങളായി മഹാവീരന്‍ നിർദേശിച്ചത്‌ ത്രിരത്‌നങ്ങളാണ്‌: ശരിയായ വിശ്വാസം, ശരിയായ പെരുമാറ്റം, ശരിയായ ജ്ഞാനം. ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്‌. ജൈനമതം മാനുഷികസമത്വത്തിൽ അടിയുറച്ചുവിശ്വസിച്ചു.

ബി.സി. രണ്ടാം ശ.-ത്തോടെ ജൈനമതം മധ്യേന്ത്യയിലും പശ്ചിമേന്ത്യയിലും വ്യാപകമായി പ്രചരിച്ചു. മഥുര, ഉജ്ജയിനി മുതലായ നഗരങ്ങള്‍ ജൈനമതത്തിന്റെ പ്രധാനകേന്ദ്രങ്ങളായി മാറി. കാലക്രമത്തിൽ അനുയായികളുടെ ഇടയിലുണ്ടായ സ്‌പർധയും അനൈക്യവും മൂലം ജൈനമതം ക്ഷയിച്ചു. ശ്വേതാംബരരെന്നും ദിഗംബരരെന്നും രണ്ട്‌ ഭിന്നവിഭാഗങ്ങളായി ജൈനമതം പിളർന്നു. ഇന്ത്യയിൽ ചുരുക്കം പ്രദേശങ്ങളിൽ ഇന്നും ഈ മതവിശ്വാസം നിലനില്‌ക്കുന്നുണ്ട്‌.

ഗൗതമബുദ്ധന്‍. ഗൗതമബുദ്ധനാണ്‌ (ബി.സി. 567-487) ബുദ്ധമതസ്ഥാപകന്‍. നാല്‌ ആര്യസത്യങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ബുദ്ധന്‍ തന്റെ സന്ദേശം പ്രചരിപ്പിച്ചത്‌: (1) ജീവിതം ദുഃഖസമ്പൂർണമാണ്‌; (2) തൃഷ്‌ണയാണ്‌ എല്ലാ ദൂഃഖത്തിന്റെയും മൂലകാരണം; (3) തൃഷ്‌ണയെ നിവാരണം ചെയ്യുകയാണ്‌ ദുഃഖനാശത്തിനുള്ള മാർഗം; (4) തൃഷ്‌ണാനിവാരണത്തിന്‌ എട്ടംഗങ്ങളുള്ള മാർഗം അനുസരിക്കണം; ശരിയായ ജഞാനം, ശരിയായ സങ്കല്‌പം, ശരിയായ സംസാരം, ശരിയായ പെരുമാറ്റം, ശരിയായ ഉപജീവനമാർഗം, ശരിയായ യത്‌നം, ശരിയായ ആലോചന, ശരിയായ സമാധി ഇവയാണ്‌ ഈ ആര്യമാർഗത്തിന്റെ എട്ട്‌ അംഗങ്ങള്‍.

ഈ അഷ്‌ടാംഗമാർഗം അത്യുന്നതധാർമികമൂല്യങ്ങള്‍ അടങ്ങിയ പെരുമാറ്റസംഹിതയാണ്‌. ബുദ്ധമതത്തിന്റെ പരമപ്രധാനങ്ങളായ തത്ത്വങ്ങളിലൊന്നാണ്‌ അഹിംസ. ബുദ്ധന്‍ വേദങ്ങളെയും വേദാചാരങ്ങളെയും ഉപേക്ഷിച്ച്‌ ഈശ്വരന്റെ അസ്‌തിത്വത്തെ സംബന്ധിച്ച ചർച്ചകളിൽനിന്ന്‌ അകന്നുനിന്നു. ബുദ്ധമതം ഇന്ത്യയിൽ അഭൂതപൂർവമായ വളർച്ച പ്രാപിച്ചു. ബുദ്ധന്റെകാലത്ത്‌ അത്‌ മഗധത്തിൽ ഒതുങ്ങിനിന്നിരുന്നു എങ്കിലും കാലക്രമത്തിൽ ഇന്ത്യയിലെ പ്രധാന മതങ്ങളിലൊന്നായി വികാസം പ്രാപിച്ചു; അശോകന്റെ (ഭ.കാ.ബി.സി. 2737-232) കാലത്തോടെ ഇന്ത്യയുടെ അതിർത്തികടന്ന്‌ ഒരു ലോകമതമായി രൂപാന്തരം പ്രാപിച്ചു. പക്ഷേ, ഇന്ത്യയിൽ ബുദ്ധമതം ക്രമേണ ക്ഷയിക്കുകയും ലഡാഖ്‌ ഒഴിച്ച്‌ മറ്റു പ്രദേശങ്ങളിൽനിന്ന്‌ പൂർണമായും അപ്രത്യക്ഷമാകുകയും ചെയ്‌തു. രാജകീയ പിന്തുണ നഷ്‌ടപ്പെട്ടതും ഹീനയാനം, മഹായാനം എന്ന രണ്ടുശാഖകളായി പിരിഞ്ഞതും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബുദ്ധമത വിശ്വാസികള്‍ക്കു നേരെ എതിർപ്പും അക്രമണവും വർധിച്ചതും ബുദധമതത്തിന്റെ ഉന്മൂലനത്തെ ത്വരിപ്പിച്ച ഘടകങ്ങളാണ്‌.

ജൈനബുദ്ധമതങ്ങള്‍ ഭാരതീയസംസ്‌കാരത്തെ സമ്പന്നമാക്കുന്നതിൽ നല്‌കിയിട്ടുള്ള സംഭാവനകള്‍ മഹത്താണ്‌. രണ്ടു മതങ്ങളുടെയും പ്രരണയിൽ മതപരവും മതേതരവുമായ പല വിഷയങ്ങളെ പുരസ്‌കരിച്ചുള്ള സാഹിത്യകൃതികള്‍ രചിക്കപ്പെട്ടു. വ്യാകരണം, രാഷ്‌ട്രമീമാംസ എന്നീ വിഷയങ്ങളുടെയും പാലി, പ്രാകൃതം, തമിഴ്‌, കന്നട മുതലായ ഭാഷകളുടെയും വളർച്ചയ്‌ക്ക്‌ ഈ മതങ്ങള്‍ സഹായകങ്ങളായിത്തീർന്നു. വാസ്‌തുവിദ്യ, പ്രതിമാശില്‌പം, ചിത്രകല മുതലായവയുടെ വികാസത്തിന്‌ ഈ മതങ്ങള്‍ മികച്ച സംഭാവനകള്‍ നല്‌കി. അജന്ത, എല്ലോറ എന്നീ ഗുഹകളിലെ ചുമർചിത്രങ്ങള്‍ക്ക്‌ ബുദ്ധമതവുമായുള്ള ബന്ധം പ്രസിദ്ധമാണ്‌. ആയുർവേദചികിത്സാസമ്പ്രദായത്തിന്റെ പുരോഗതിയിലും ബുദ്ധമതം മഹത്തായ പങ്കുവഹിച്ചു. അശോകന്റെ കാലത്ത്‌ നിലവിൽവന്ന "ക്ഷേമരാഷ്‌ട്രം' എന്ന ആശയം ബുദ്ധമതത്തിന്റെ സംഭാവനയാണ്‌.

പേർഷ്യന്‍-ഗ്രീക്ക്‌ ആക്രമണങ്ങള്‍. ക്രിസ്‌തുവിനുമുമ്പ്‌ ഭാരതത്തിന്റെ വ.പ. അതിർത്തികളിൽ ഉണ്ടായ പേർഷ്യന്‍-ഗ്രീക്ക്‌ ആക്രമണങ്ങള്‍ ഇന്ത്യയുടെ രാഷ്‌ട്രീയ-സാംസ്‌കാരികരംഗങ്ങളിൽ വമ്പിച്ച പ്രത്യാഘാതമുളവാക്കിയ സംഭവങ്ങളാണ്‌. ബി.സി. ആറാം ശ.-ത്തിൽ പേർഷ്യയിൽ അധികാരത്തിൽ വന്ന അക്കമീനിയന്‍ രാജവംശം ഇന്ത്യയുമായി സാമ്പത്തിക സാംസ്‌കാരികരംഗങ്ങളിൽ അടുത്തബന്ധം പുലർത്തുകയുണ്ടായി. ഇതു കാലക്രമേണ രാഷ്‌ട്രീയസംഘട്ടനത്തിനു വഴിതെളിച്ചു. ഇന്ത്യയെ ആക്രമിച്ച ആദ്യത്തെ പേർഷ്യന്‍ രാജാവ്‌ സൈറസ്‌ ക (ബി.സി. 558-531) വ.പ. അതിർത്തി പ്രദേശമായ ഗാന്ധാരം കൈവശപ്പെടുത്തി. സൈറസ്സിനുശേഷം ദാരിയൂസ്‌ ക (ബി.സി. 522-486) പഞ്ചാബും സിന്ധും കീഴടക്കി പേർഷ്യന്‍ സാമ്രാജ്യത്തിൽ ലയിപ്പിച്ചു. ഉത്തരേന്ത്യയുടെ മേലുള്ള പേർഷ്യന്‍ അധീശത്വം അലക്‌സാണ്ടറുടെ കാലം വരെ തുടർന്നു.

പേർഷ്യയിൽനിന്നുവന്ന കൊത്തുപണിക്കാരും ശില്‌പികളുമാണ്‌ മൗര്യകാലത്തെ സ്‌തംഭങ്ങളും സ്‌തൂപങ്ങളും വാർത്തെടുത്തത്‌. ജലസേചനപദ്ധതികളും മറ്റും നിർമിക്കുന്നതിലും പേർഷ്യന്‍ സാങ്കേതികവിദഗ്‌ധർ സഹായം നല്‌കി. മൗര്യസാമ്രാജ്യത്തിലെ ഭരണസംവിധാനത്തിലും പേർഷ്യന്‍ സാങ്കേതികവിദഗ്‌ധർ സഹായം നല്‌കി. മൗര്യസാമ്രാജ്യത്തിലെ ഭരണസംവിധാനത്തിലും പേർഷ്യന്‍ സ്വാധീനം കാണാവുന്നതാണ്‌. പേർഷ്യയുടെ ഔദ്യോഗികലിപിയായ ഖരോഷ്‌ഠി വ.പ. പ്രദേശങ്ങളിൽ പ്രചാരത്തിൽവന്നു.

പേർഷ്യന്‍ ആക്രമണത്തിന്റെ ദൂരവ്യാപക ഫലമായിട്ടുവേണം അലക്‌സാണ്ടറുടെ ഇന്ത്യന്‍ ആക്രമണത്തെ കണക്കാക്കേണ്ടത്‌. അലക്‌സാണ്ടറുടെ ആക്രമണകാലത്ത്‌ ഉത്തരേന്ത്യ ചെറിയ രാജ്യങ്ങളായി വിഭജിതമായിരുന്നു. അന്നത്തെ രാജാക്കന്മാരിൽ പ്രമുഖന്‍ പോറസ്‌ ആയിരുന്നു. ബി.സി. 327-ൽ കാബൂള്‍ പിടിച്ചടക്കി ഇന്ത്യയിൽ പ്രവേശിച്ച അലക്‌സാണ്ടർ പഞ്ചാബ്‌ പ്രദേശം മുഴുവന്‍ ഗ്രീക്ക്‌ ആധിപത്യത്തിന്‍ കീഴിൽ കൊണ്ടുവന്നു. പോറസ്‌ തുടങ്ങിയ ഇന്ത്യന്‍ രാജാക്കന്മാർ അലക്‌സാണ്ടറോട്‌ സുധീരമായി പൊരുതിയെങ്കിലും ഒടുവിൽ പരാജിതരായി. പക്ഷേ, ഗ്രീക്ക്‌ ആധിപത്യം വളരെക്കാലം നീണ്ടുനിന്നില്ല. ബിയാസ്‌നദിക്കു കിഴക്കുള്ള ഇന്ത്യ ഭരിച്ചിരുന്ന മഗധസാമ്രാജ്യത്തിന്റെ സൈനികശക്തിയെ ഭയന്നാണ്‌ അലക്‌സാണ്ടർ തന്റെ യുദ്ധശ്രമങ്ങളിൽനിന്നു പിന്തിരിഞ്ഞ്‌ ഗ്രീസിലേക്കു മടങ്ങിയതെന്ന്‌ വിശ്വസിക്കപ്പെടുന്നു.

അലക്‌സാണ്ടറുടെ ആക്രമണം ഉത്തരേന്ത്യയുടെ രാഷ്‌ട്രീയ ഏകീകരണത്തെ ത്വരിപ്പിച്ചു. അലക്‌സാണ്ടർ പല ചെറുരാജ്യങ്ങളെയും ആക്രമിച്ച്‌ കീഴടക്കിയതിനാൽ അവ ഉത്തരേന്ത്യയുടെ രാഷ്‌ട്രീയ ഭൂപടത്തിൽനിന്ന്‌ അപ്രത്യക്ഷമായി. ഇത്‌ പില്‌ക്കാലത്ത്‌ മൗര്യന്മാരുടെ കീഴിൽ ഉത്തേരന്ത്യയുടെ രാഷ്‌ടീയ ഏകീകരണത്തെ അനായാസമാക്കിത്തീർത്തു; കൂടാതെ അലക്‌സാണ്ടറുടെ കൂടെ ഇന്ത്യയിൽവന്ന പണ്ഡിതന്മാരും ഭൂമിശാസ്‌ത്രജ്ഞന്‍മാരും എഴുതിയ വിവരണങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിൽ ഇന്ത്യയെക്കുറിച്ചുള്ള അറിവ്‌ വർധിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്‌തു. പില്‌ക്കാലത്ത്‌ ഇന്ത്യയുടെയും ഗ്രീസിന്റെയും പ്രാചീനസംസ്‌കാരങ്ങള്‍ പല മേഖലകളിലും പരസ്‌പരം സ്വാധീനിക്കുന്നതിനും അലക്‌സാണ്ടറുടെ ആക്രമണം സഹായകമായി.

ശിശുനാഗവംശം. ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രം ആരംഭിക്കുന്നത്‌ മഗധസാമ്രാജ്യത്തിന്റെ ഉദയത്തോടുകൂടിയാണ്‌. ഉത്തരേന്ത്യയുടെ രാഷ്‌ട്രീയമായ ഏകീകരണം മഗധയുടെ നേതൃത്വത്തിലാണ്‌ നിർവഹിക്കപ്പെട്ടത്‌. ബി.സി. ആറാം ശ.-ത്തിൽ ഉത്തേരന്ത്യയിൽ 16 ചെറുരാജ്യങ്ങളുണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ കോസലം, മഗധം, അവന്തി, വത്സം എന്നിവയായിരുന്നു. ഈ രാജ്യങ്ങള്‍ രാഷ്‌ട്രീയാധീശത്വത്തിനുവേണ്ടിയുള്ള രൂക്ഷമായ മത്സരത്തിൽ ഏർപ്പെട്ടു. ബുദ്ധന്റെ കാലത്ത്‌ കോസല ഏറ്റവും പ്രബലമായ ശക്തിയായിരുന്നു. കാലക്രമത്തിൽ മഗധം ഒരു സാമ്രാജ്യശക്തിയായി വികസിക്കുകയും കോസലം ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളെ അതിന്റെ പരമാധികാരത്തിന്‍കീഴിൽ കൊണ്ടുവരികയും ചെയ്‌തു. സാംസ്‌കാരികവും മതപരവുമായ രംഗങ്ങളിൽ മഗധം മഹത്തായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ജൈന-ബുദ്ധ മതങ്ങളുടെയും വിവിധ തത്ത്വശാസ്‌ത്രങ്ങളുടെയും ഉറവിടമായിരുന്നു ഈ ഭൂപ്രദേശം. കൗടല്യന്‍, പതഞ്‌ജലി മുതലായ പല പ്രഗല്‌ഭ പണ്ഡിതന്മാർക്കും ജന്മം നല്‌കിയതും ഈ ഭുവിഭാഗം തന്നെ. പ്രാചീനഭാരതത്തിലെ സുപ്രസിദ്ധ സാംസ്‌കാരികകേന്ദ്രങ്ങളായ പാടലീപുത്രം, നാളന്ദ, വിക്രമശില മുതലായവയും ഇവിടെയാണ്‌ തഴച്ചുവളർന്നത്‌.

മഗധത്തിലെ ഏറ്റവും പ്രാചീനമായ രാജവംശം ബൃഹദ്രഥന്റേതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ബി.സി. ഏഴാം ശ.-ത്തിൽ ശിശുനാഗനെന്ന ഒരു പ്രാദേശിക പ്രമാണി ബൃഹദ്രഥനെ കീഴടക്കി സ്വന്തം രാജവംശം സ്ഥാപിച്ചു. ഈ രാജവംശത്തിലെ ആദ്യത്തെ പ്രമുഖഭരണാധികാരി ബിംബിസാരനായിരുന്നു (ബി.സി. 525-500). മഗധയുടെ രാഷ്‌ട്രീയപ്രാബല്യത്തിന്‌ അടിസ്ഥാനമിട്ടത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹം ജൈനമതവിശ്വാസി ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത്‌ മഗധസാമ്രാജ്യം കൂടുതൽ വിസ്‌തൃതി പ്രാപിച്ചു. മഗധയുടെ തലസ്ഥാനം പാടലീപുത്രത്തേക്കു മാറ്റിയത്‌ ഉദയനന്‍ എന്ന രാജാവിന്റെ കാലത്താണ്‌ (ബി.സി. 450-425). നന്ദവംശം. ശിശുനാഗവംശത്തിലെ അവസാനത്തെ രാജാവിനെ മഹാപത്മനന്ദന്‍ എന്ന യോദ്ധാവ്‌ കീഴടക്കി നന്ദരാജവംശം സ്ഥാപിച്ചു. നന്ദവംശത്തിന്റെ കീഴിൽ മഗധം ഒരു മികച്ച രാഷ്‌ട്രീയശക്തിയായി ഉയർന്നു. അവസാനത്തെ നന്ദരാജാവിന്റെ കാലത്താണ്‌ അലക്‌സാണ്ടർ ഉത്തരേന്ത്യ ആക്രമിച്ചത്‌. നന്ദരാജവംശം അധികകാലം നിലനിന്നില്ല.

മൗര്യവംശം. ബി.സി. 325-ൽ ചന്ദ്രഗുപ്‌തമൗര്യന്‍ തന്റെ മുഖ്യസചിവനായ കൗടല്യന്റെ സഹായത്തോടെ നന്ദവംശത്തെ കീഴടക്കി മൗര്യവംശം സ്ഥാപിച്ചു. ചന്ദ്രഗുപ്‌തന്‍. സാമ്രാജ്യവികസനത്തിൽ ശ്രദ്ധിച്ച ഇദ്ദേഹം ആദ്യമായി പഞ്ചാബും സിന്ധും ആക്രമിച്ചു കീഴടക്കി; തുടർന്ന്‌ ഗുജറാത്ത്‌-സൗരാഷ്‌ട്ര ഭൂവിഭാഗം ആക്രമിച്ച്‌ ദക്ഷിണാപഥത്തിലേക്ക്‌ തന്റെ അധീശത്വം വ്യാപിപ്പിച്ചു. ഗ്രീക്ക്‌ ഭരണാധികാരിയായ സെല്യൂക്കസിന്റെ ആക്രമണത്തെ പരാജയപ്പെടുത്തിയതാണ്‌ ചന്ദ്രഗുപ്‌തന്റെ മികച്ച സൈനികനേട്ടം. സെല്യൂക്കസ്‌ ചന്ദ്രഗുപ്‌തന്റെ രാജധാനിയിലേക്ക്‌ നിയോഗിച്ച ഗ്രീക്ക്‌ സ്ഥാനപതിയായിരുന്നു മെഗസ്‌തനീസ്‌. ഇദ്ദേഹം എഴുതിയ ഇന്‍ഡിക്ക മൗര്യകാലചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന ഒരു പ്രമുഖ കൃതിയാണ്‌.

തന്റെ മുഖ്യമന്ത്രിയും, അർഥശാസ്‌ത്രത്തിന്റെ രചയിതാവുമായ കൗടല്യന്റെ സഹായത്തോടെ ചന്ദ്രഗുപ്‌തന്‍ നടപ്പാക്കിയ ഭരണസംവിധാനം ശ്രദ്ധേയമാണ്‌. രാജാധികാരത്തിൽ അധിഷ്‌ഠിതമായ ഒരു കേന്ദ്രീകൃതഭരണകൂടമായിരുന്നു അത്‌. പക്ഷേ, മൗര്യചക്രവർത്തി നിയന്ത്രണങ്ങള്‍ക്കു വിധേയനാകാത്ത സ്വേഛാധിപതിയായിരുന്നില്ല. രാജാവിനെ ഉപദേശിക്കുവാന്‍ മന്ത്രിമാർക്കു പുറമെ "മന്ത്രിപരിഷത്ത്‌' എന്ന പേരിൽ ഒരുന്നത സമിതിയും പ്രവർത്തിച്ചിരുന്നു. ചാരവൃത്തിക്കുവേണ്ടി ഒരു പ്രത്യേകവകുപ്പുതന്നെ സംഘടിപ്പിക്കപ്പെട്ടിരുന്നു. തികഞ്ഞ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന തദ്ദേശസ്വയംഭരണവ്യവസ്ഥയായിരുന്നു മൗര്യഭരണകൂടത്തിന്റെ മറ്റൊരു സവിശേഷത. കാലാള്‍പ്പട, കുതിരപ്പട, രഥങ്ങള്‍, ആനകള്‍, നാവികപ്പട, സൈനികവാഹനങ്ങള്‍ എന്നീ ആറ്‌ വിഭാഗങ്ങളായിട്ടാണ്‌ മൗര്യസൈന്യം പ്രവർത്തിച്ചിരുന്നത്‌. യുദ്ധക്കളത്തിൽ മുറിവേറ്റവരെ കൊണ്ടുപോകുന്നതിനും ശുശ്രൂഷിക്കുന്നതിനും വൈദ്യന്മാരുടെയും ശുശ്രൂഷകരുടെയും ഒരു പ്രത്യേക സംഘടന ഉണ്ടായിരുന്നു.

ഇതിനെല്ലാം പുറമെ മൗര്യഭരണകൂടം ദരിദ്രർക്ക്‌ ആശ്വാസമരുളുന്ന സാമൂഹികക്ഷേമപരമായ പല പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിധവകള്‍, വികലാംഗർ, അനാഥശിശുക്കള്‍ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. കച്ചവടം, ഖനനം, വ്യവസായം മുതലായ പ്രവർത്തനങ്ങള്‍ പൂർണമായും സാമൂഹികനിയന്ത്രണത്തിനു വിധേയമായാണ്‌ നിർവഹിക്കപ്പെട്ടത്‌. ജലസേചനം, ഗതാഗതസൗകര്യം, വൈദ്യസഹായം എന്നീ ജനക്ഷേമകരമായ കാര്യങ്ങളിലും മൗര്യഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

അശോകന്‍. ചന്ദ്രഗുപ്‌തനെ പിന്തുടർന്ന്‌ രാജ്യാധികാരമേറ്റ ബിന്ദുസാരന്‍ മൗര്യസാമ്രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിച്ചു. 25 കൊല്ലത്തെ ഭരണത്തിനുശേഷം ബി.സി. 273 ?-ൽ ബിന്ദുസാരന്‍ മരണമടയുകയും അശോകന്‍ രാജ്യഭാരമേല്‌ക്കുകയും ചെയ്‌തു. ലോകചരിത്രത്തിലെ മഹാന്മാരായ ചക്രവർത്തിമാരിൽ അശോകന്‌ അതുല്യമായ ഒരു സ്ഥാനമാണുള്ളത്‌. വിവിധ രംഗങ്ങളിൽ അദ്ദേഹം മഹനീയമായ നേട്ടം കൈവരിച്ചു. ജേതാവ്‌, മതപ്രചാരകന്‍, ഭരണാധികാരി, രാജ്യതന്ത്രജ്ഞന്‍, സാമൂഹിക പരിഷ്‌കർത്താവ്‌, കലകളുടെയും സാഹിത്യത്തിന്റെയും സമുദ്ധാരകന്‍ എന്നീ നിലകളിലെല്ലാം അശോകന്‍ ഇന്ത്യാചരിത്രത്തിൽ തന്റെ മായാത്ത വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്‌.

അശോകന്റെ ഭരണകാലത്ത്‌ പ്രധാന സംഭവം തന്റെ 13-ാം ഭരണവർഷത്തിൽ കലിംഗവുമായുണ്ടായ യുദ്ധമാണ്‌. ഈ യുദ്ധത്തിൽ അശോകന്‍ വമ്പിച്ച വിജയം കൈവരിച്ചെങ്കിലും ജനങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അദ്ദേഹത്തെ വികാരാധീനനാക്കുക മൂലം യുദ്ധപരിപാടികളെല്ലാം ഉപേക്ഷിച്ച്‌, സമാധാന മാർഗം സ്വീകരിക്കാന്‍ സ്വയം പ്രരിതനായിത്തീർന്നു. അശോകന്‍ രാജ്യവ്യാപനനയം കൈവെടിഞ്ഞ്‌ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശകനായി മാറി.

കലിംഗയുദ്ധത്തെത്തുടർന്ന്‌ അശോകന്‍ ബുദ്ധമതം സ്വീകരിച്ചു. ബുദ്ധമതപ്രചാരണത്തിനായി ധാരാളം വിഹാരങ്ങളും ചൈത്യങ്ങളും സ്ഥാപിച്ചു; മിഷനറി സംഘങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്കും സിറിയ, ഈജിപ്‌ത്‌, ബർമ (മ്യാന്മാർ), സിലോണ്‍ (ശ്രീലങ്ക) എന്നീ വിദേശ രാജ്യങ്ങളിലേക്കും നിയോഗിച്ചു. രാജകീയവിളംബരങ്ങള്‍വഴി അശോകന്‍ ബുദ്ധമതതത്ത്വങ്ങള്‍ക്ക്‌ പ്രചാരം നല്‌കി. ഈ വിളംബരങ്ങള്‍ ശിലകളിലും സ്‌തൂപങ്ങളിലും കൊത്തിവയ്‌ക്കപ്പെട്ടു. അശോകന്റെ പ്രവർത്തനങ്ങള്‍ ബുദ്ധമതത്തിന്റെ വിസ്‌മയാവഹമായ വികാസനത്തിനു വഴിതെളിച്ചു. പൂർവേന്ത്യയിൽ ഒതുങ്ങിനിന്നിരുന്ന ബുദ്ധമതം ഒരു ലോകമതമായി രൂപാന്തരപ്പെട്ടു.

ജനങ്ങളുടെ ആധ്യാത്മികവും ഭൗതികവുമായ പുരോഗതിയെ ലക്ഷ്യമാക്കി അശോകന്‍ സൃഷ്‌ടിപരമായ പല പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‌കി. പൊതുജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ പല മരാമത്തുപണികളും സാമൂഹിക ക്ഷേമപദ്ധതികളും നടപ്പാക്കി.

വാസ്‌തുവിദ്യ, പ്രതിമാശില്‌പം എന്നിവയിൽ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌ അശോകന്റെ കാലത്താണ്‌. സാരനാഥിലെ അശോകസ്‌തംഭം അശോകന്റെ ശാശ്വതസ്‌മാരകങ്ങളിലൊന്നായി നിലകൊള്ളുന്നു.

സുംഗവംശം. അശോകന്റെ പിന്‍ഗാമികളായ മൗര്യരാജാക്കന്മാർ ദുർബലരാരായിരുന്നു. അവരുടെ കാലത്തു മൗര്യസാമ്രാജ്യം വിവിധ ഘടകങ്ങളായി വേർപിരിഞ്ഞു. മഗധസൈന്യത്തിന്റെ മേധാവിയായിരുന്ന പുഷ്യമിത്രസുംഗന്‍ അവസാനത്തെ മൗര്യരാജാവായ ബൃഹദ്രഥനെ വധിച്ച്‌ ഭരണാധികാരം പിടിച്ചെടുത്തു. ഇതോടെ മൗര്യസാമ്രാജ്യം നാമാവശേഷമാകുകയും സുംഗരാജവംശം അധികാരത്തിൽ വരികയും ചെയ്‌തു.

പുഷ്യമിത്രസുംഗന്‍ (ഭ.കാ.ബി.സി. 188 ? - 152 ?). കഴിവുറ്റ ഒരു യോദ്ധാവായിരുന്ന ഇദ്ദേഹം സൈനിക രംഗത്ത്‌ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. പുഷ്യമിത്രന്റെ പുത്രനായ അഗ്നിമിത്രന്‍ വിദർഭ രാജാവിനെ സ്ഥാനഭ്രഷ്‌ടനാക്കി ആ പ്രദേശം തന്റെ സ്വാധീനവലയത്തിൽ കൊണ്ടുവന്നു. പാടലീപുത്രംവരെ ആക്രമിച്ച്‌ മുന്നേറിയ ബാക്‌ട്രിയന്‍ ഗ്രീക്കുകാരെ അദ്ദേഹം തോല്‌പിച്ചോടിച്ചു. ഈ സൈനികവിജയങ്ങള്‍ ആഘോഷിക്കുന്നതിന്‌ പുഷ്യമിത്രന്‍ രണ്ട്‌ അശ്വമേധയാഗങ്ങള്‍ നടത്തി. പുഷ്യമിത്രനെത്തുടർന്ന്‌ രാജാവായ അഗ്നിമിത്രനാണ്‌ കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ നായകന്‍. അഗ്നിമിത്രനുശേഷം വസുമിത്രന്‍ രാജാവായി. അവസാനത്തെ സുംഗരാജാവായ ഭവഭൂതി അതീവദുർബലനായിരുന്നു. അദ്ദേഹത്തെ വധിച്ച്‌ (ബി.സി. 72) വസുദേവകണ്വന്‍ കണ്വരാജവംശം സ്ഥാപിച്ചു. ബി.സി. 72 മുതൽ 27 വരെയായിരുന്നു കണ്വവംശത്തിന്റെ ഭരണകാലം.

സുംഗകാലത്ത്‌ ഉത്തേരന്ത്യ സാംസ്‌കാരികരംഗത്ത്‌ വമ്പിച്ച പുരോഗതി നേടി. മതം, സാഹിത്യം, കലകള്‍ എന്നീ രംഗങ്ങളിൽ മികച്ച നേട്ടങ്ങളുണ്ടായി. മൗര്യകാലത്തെ ബുദ്ധമതാവേശം ഒട്ടാക്കെ കെട്ടടങ്ങുകയും ഹിന്ദുമതം ശ്രദ്ധേയമായ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങുകയും ചെയ്‌തു. സുംഗകാലത്ത്‌ സംസ്‌കൃതസാഹിത്യം വമ്പിച്ച വികാസം നേടി. പതഞ്‌ജലിയുടെ മഹാഭാഷ്യം, ആര്യസുതന്റെ ജാതകമാല, മാനവധർമശാസ്‌ത്രം എന്നീ ഉത്‌കൃഷ്‌ടഗ്രന്ഥങ്ങള്‍ ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇന്ത്യന്‍ വാസ്‌തുശില്‌പത്തിന്റെയും പ്രതിമാശില്‌പത്തിന്റെയും ചരിത്രത്തിലും സുംഗകാലം പ്രാധാന്യമർഹിക്കുന്നു. സാഞ്ചി, ബുദ്ധഗയ മുതലായ സ്ഥലങ്ങളിലെ ബുദ്ധവിഹാരങ്ങളും സ്‌തൂപങ്ങളും പ്രതിമാശില്‌പങ്ങളും സുംഗകാലത്തെ കലാപരമായ വൈശിഷ്‌ട്യത്തിനുള്ള മകുടോദാഹരണങ്ങളാണ്‌. സുംഗകാലത്തെ സാംസ്‌കാരികനേട്ടങ്ങളെ ഗുപ്‌തകാലത്തുണ്ടായ ഉജ്ജ്വല സാംസ്‌കാരിക നവോത്ഥാനത്തിന്റെ മുന്നോടിയായി കണക്കാക്കാം.

വിദേശാക്രമണങ്ങള്‍. സുംഗരാജവംശത്തിന്റെ പതനത്തിനും ഗുപ്‌തസാമ്രാജ്യത്തിന്റെ ഉയർച്ചയ്‌ക്കും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ പല വിദേശശക്തികളും വ. ഇന്ത്യയെ ആക്രമിച്ച്‌ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. ഇന്തോ-ഗ്രീക്കുകാർ, ശകന്മാർ, ഇന്തോപാർഥിയന്മാർ, കുഷാനന്മാർ എന്നിവരാണ്‌ ഇവരിൽ പ്രധാനികള്‍. ഇന്തോ-ഗ്രീക്കുകാർ. ബാക്‌ട്രിയയിലെ രാജാവായ ഡെമെട്രിയസ്‌ (ബി.സി. 189-160) പഞ്ചാബും സിന്ധും കിഴടക്കി, ഗ്രീക്ക്‌ ആധിപത്യത്തിന്റെ അടിത്തറപാകി. സൗരാഷ്‌ട്രം, രാജസ്ഥാന്‍, ഉജ്ജയിനി എന്നീ പ്രദേശങ്ങളും അദ്ദേഹത്തിന്റെ അധീശത്വത്തിലമർന്നു. സിയാൽക്കോട്ട്‌ (ശാകല) ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ഡെമെട്രിയസിന്റെ ജാമാതാവായ മിനാന്‍ഡർ (ബി.സി. 160-150) ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും ആരാധകനായിരുന്നു. "മിളിന്ദന്‍' എന്ന പേരിൽ പ്രഖ്യാതനായ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. തക്ഷശില ആസ്ഥാനമാക്കി മറ്റൊരു ഗ്രീക്ക്‌ രാജ്യവും പില്‌ക്കാലത്ത്‌ സ്ഥാപിതമായി. യൂക്രറ്റിഡസ്‌ സ്ഥാപിച്ച ഈ സാമ്രാജ്യത്തിൽ പഞ്ചാബും ഗാന്ധാരവും ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയിലെ ഗ്രീക്ക്‌ഭരണം സുപ്രധാനങ്ങളായ ഫലങ്ങള്‍ ഉളവാക്കി. ഗ്രീക്ക്‌മാതൃകയിലുള്ള സ്വതന്ത്രനഗരങ്ങള്‍ പല പ്രദേശങ്ങളിലും നിലവിൽവന്നു. ഗ്രീക്ക്‌ ഭരണസമ്പ്രദായവും ഭാഷയും ഇന്ത്യന്‍ ജീവിതത്തിൽ സ്വാധീനം ചെലുത്തി. ഇന്ത്യയുടെയും ഗ്രീസിന്റെയും സംസ്‌കാരങ്ങള്‍ പരസ്‌പരം സ്വാധീനിക്കുകയും ഒരു സമ്മിശ്ര സംസ്‌കാരം രൂപംകൊള്ളുകയും ചെയ്‌തു. ഇന്ത്യന്‍ തത്ത്വശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാഹിത്യം, വൈദ്യശാസ്‌ത്രം എന്നീ വിഷയങ്ങളിൽനിന്നു ഗ്രീക്കുകാരും ജ്യോതിശ്ശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ചിത്രകല, വാസ്‌തുവിദ്യ, ശില്‌പകല എന്നീ രംഗങ്ങളിൽ ഗ്രീക്കുകാരിൽനിന്ന്‌ ഇന്ത്യക്കാരും വിലയേറിയ ആശയങ്ങള്‍ സ്വീകരിച്ചു. പ്രതിമാശില്‌പരംഗത്ത്‌ ഗാന്ധാരരീതി എന്ന പേരിൽ ഒരു പ്രത്യേക പ്രസ്ഥാനം രൂപംകൊണ്ടു. ബുദ്ധന്റെയും മറ്റും പ്രതിമകള്‍ അപ്പോളോ മുതലായ ഗ്രീക്ക്‌ ദേവന്മാരുടെ പ്രതിമകളുടെ മാതൃകയിൽ നിർമിക്കപ്പെടുവാന്‍ തുടങ്ങിയത്‌ ഇക്കാലത്താണ്‌. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങളും ഗ്രീക്ക്‌ ഭരണംമൂലം സുസ്ഥാപിതമായി. ശകന്മാർ. (ബി.സി. 130-എ.ഡി. 195) പശ്ചിമ ചൈനയിലെ സ്ഥിയിന്‍ വർഗത്തിൽപ്പെട്ട ശകന്മാർ ഗ്രീക്കുകാരിൽനിന്ന്‌ ബാക്‌ട്രിയ പിടിച്ചെടുത്ത്‌ ബോളന്‍ചുരംവഴി ഇന്ത്യയിലേക്കു കടന്ന്‌ സിന്ധുനദീതടത്തിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. അവിടെനിന്ന്‌ അവർ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക്‌ ശക്തി വ്യാപിപ്പിക്കുകയും പല പുതിയ രാജവംശങ്ങളും സ്ഥാപിക്കുകയും ചെയ്‌തു. ആദ്യകാലത്ത്‌ പാർഥിയന്‍ രാജപ്രതിനിധികളായിരുന്ന ശകന്മാരെ ക്ഷത്രപർ എന്ന്‌ വിളിച്ചുവന്നു.

ശകന്മാർ ആദ്യകാലത്ത്‌ ഉത്തരേന്ത്യയിൽ സ്ഥാപിച്ച രാജ്യങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവ തക്ഷശിലയും മഥുരയും ആയിരുന്നു. ഈ രാജ്യങ്ങളിലെ ശക രാജാക്കന്മാരെ "വടക്കന്‍ക്ഷത്രപർ' എന്നാണ്‌ വിളിച്ചിരുന്നത്‌. അവർ ഒരു നിർണായക-രാഷ്‌ട്രീയ ശക്തിയായി വളർന്നില്ല. ശകന്മാരുടെ കൂട്ടത്തിൽ ഏറ്റവും ശക്തിയാർജിച്ചത്‌ പശ്ചിമേന്ത്യയിൽ ആധിപത്യം സ്ഥാപിച്ച പടിഞ്ഞാറന്‍ ക്ഷത്രപരായിരുന്നു. ഇവർ യഥാക്രമം നാസിക്കും ഉജ്ജയിനിയും തലസ്ഥാനമാക്കി രണ്ട്‌ രാജ്യങ്ങള്‍ സ്ഥാപിച്ചു. നാസിക്‌ രാജവംശത്തിലെ ഒരു പ്രധാന രാജാവായിരുന്നു നഹപാനന്‍ (ഭ.കാ.എ.ഡി. 119-124). ശാതവാഹനരാജാവായ ഗൗതമീപുത്രശാതകർണി നഹപാനനെ തോല്‌പിച്ച്‌ ക്ഷത്രപരുടെ ശക്തിക്ക്‌ മാരകമായ ക്ഷതമേല്‌പിച്ചു.

ഉജ്ജയിനി തലസ്ഥാനമാക്കിയിരുന്ന ശകരാജ്യം ആ വംശത്തിലെ ഏറ്റവും പ്രഗല്‌ഭനായിരുന്ന രുദ്രദാമന്റെ കീഴിൽ (ഭ.കാ.എ.ഡി. 130-150) ഒരു പ്രബലശക്തിയായി വളർന്നു. സുപ്രസിദ്ധമായ ഗിർനാർശാസനം (എ.ഡി. 150) വഴി രുദ്രദാമന്‍ ഇന്ത്യാചരിത്രത്തിൽ അനശ്വരസ്ഥാനം നേടിയിട്ടുണ്ട്‌. ഈ രാജാവ്‌ ശാതവാഹന രാജാവായ വാസിഷ്‌ഠീപുത്രപുലുമായിയെ യുദ്ധത്തിൽ രണ്ട്‌ പ്രാവശ്യം തോല്‌പിച്ച്‌ രാജ്യാതിർത്തികള്‍ വികസിപ്പിച്ചു. രുദ്രദാമനെത്തുടർന്ന്‌ 18 രാജാക്കന്മാർ ഭരിച്ചു. അവസാനത്തെ രാജാവായ രുദ്രസിംഹനെ എ.ഡി. 395-ൽ വധിച്ച്‌ ഗുപ്‌തചക്രവർത്തിയായ ചന്ദ്രഗുപ്‌തവിക്രമാദിത്യന്‍ ക്ഷത്രപഭരണം ഉന്മൂലനം ചെയ്‌തു. ശകന്മാർ ഇന്ത്യാചരിത്രത്തിൽ പ്രധാനപങ്ക്‌ വഹിച്ചിട്ടുണ്ട്‌. ആന്ധ്രസാമ്രാജ്യത്തിന്റെ വികസനത്തെ ഇവർ വളരെക്കാലം തടഞ്ഞു. ശകന്മാർ മറ്റു പല വിദേശീയരേയും പോലെ ഹിന്ദുമതം സ്വീകരിക്കുകയുണ്ടായി. അവരുടെ പ്രാത്സാഹനത്തിൽ ഹിന്ദുമതവും സംസ്‌കാരവും വികാസം പ്രാപിച്ചു. മഥുരയും ഉജ്ജയിനിയും ഹിന്ദുമതകേന്ദ്രങ്ങളായി വളർന്നു. അജന്തയിലെ ചില ചിത്രങ്ങള്‍ ഇവരുടെ കാലത്താണത്ര വരയ്‌ക്കപ്പെട്ടത്‌. ഇന്തോപാർഥിയന്മാർ. ശകന്മാർക്കുശേഷം ഇന്തോപാർഥിയന്മാർ (പഹ്‌ലവന്മാർ) വ.പ. പ്രദേശങ്ങളിൽ അവരുടേതായ രാജ്യം സ്ഥാപിച്ചു. ഏറ്റവും പ്രഗല്‌ഭനായ പാർഥിയന്‍ രാജാവ്‌ ഗോന്ദോഫെറസ്‌ (എ.ഡി. 19-42) ആയിരുന്നു. സെന്റ്‌ തോമസുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഈ രാജാവിനെകുറിച്ച്‌ പരാമർശണുണ്ട്‌. കുഷാനന്മാരുടെ ആക്രമണത്തെത്തുടർന്ന്‌ പാർഥിയന്മാരുടെ ശക്തി ശിഥിലമായി. കുഷാനരാജവംശം. കുഷാനസാമ്രാജ്യത്തിന്റെ ഉദയം ഇന്ത്യാചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്‌. ചൈനയിലെ യൂചി വർഗത്തിൽപ്പെട്ടവരായിരുന്നു കുഷാനന്മാർ. കഡ്‌ഫിസെസ്‌ ആണ്‌ ഇന്ത്യയിൽ കുഷാനസാമ്രാജ്യത്തിന്റെ സ്ഥാപകന്‍. ഈ രാജവംശത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്നു കനിഷ്‌കന്‍. അദ്ദേഹം രാജ്യഭാരമേറ്റെടുത്ത എ.ഡി. 78-ൽ ആണ്‌ ശകവർഷം ആരംഭിക്കുന്നത്‌. പാടലീപുത്രം ആക്രമിച്ചതിനെത്തുടർന്ന്‌ കനിഷ്‌കന്‍ ബുദ്ധമതപണ്ഡിതനായ അശ്വഘോഷനുമായി പരിചയപ്പെടുകയും അദ്ദേഹത്തെ തന്നോടൊപ്പംകൊണ്ടുപോവുകയും ചെയ്‌തു. കാശ്‌മീരും കനിഷ്‌കന്റെ സാമ്രാജ്യത്തിൽപ്പെട്ടിരുന്നു. "കനിഷ്‌കപുരം' എന്ന ഒരു മനോഹരനഗരം അദ്ദേഹം കാശ്‌മീരിൽ സ്ഥാപിച്ചു. ചൈനയുടെ ചില ഭാഗങ്ങളും കനിഷ്‌കന്‍ കുഷാനസാമ്രാജ്യത്തിൽപ്പെടുത്തി. "പുരുഷപുരം' (ആധുനികപെഷവാർ) ആയിരുന്നു കനിഷ്‌കന്റെ തലസ്ഥാനം.

മതം, സാഹിത്യം, കല എന്നിവയുടെ വികാസത്തിലും കനിഷ്‌കന്‍ സാരമായ പങ്ക്‌ വഹിച്ചു. മഹായാനബുദ്ധമതത്തിന്റെ ഏറ്റവും വലിയ പുരസ്‌കർത്താവായി അദ്ദേഹം സ്‌മരിക്കപ്പെടുന്നു. ബുദ്ധമതവികാസത്തിനുവേണ്ടി അദ്ദേഹം അനുഷ്‌ഠിച്ച സേവനത്തെ പരിഗണിച്ച്‌ കനിഷ്‌കനെ "രണ്ടാം അശോകന്‍' എന്നു വിളിക്കാറുണ്ട്‌. അശോകനെപ്പോലെ കനിഷ്‌കനും നിരവധി വിഹാരങ്ങളും ചൈത്യങ്ങളും സ്ഥാപിച്ചു. ശ്രീനഗറിനു സമീപമുള്ള കുന്തളവനത്തിൽവച്ച്‌ എ.ഡി. 100-ൽ കനിഷ്‌കന്റെ രക്ഷാകർത്തൃത്വത്തിൽ ബുദ്ധമതപണ്ഡിതന്മാരുടെ ഒരു സംഗിതി (സമ്മേളനം) നടന്നു. വസുമിത്രന്‍, അശ്വഘോഷന്‍, നാഗാർജുനന്‍ മുതലായ പണ്ഡിതന്മാർ ഇതിൽ പങ്കെടുത്തു. ഈ സമ്മേളനത്തിൽ വച്ച്‌ മഹായാനബുദ്ധമതത്തിന്‌ ഔദ്യോഗികാംഗീകാരം ലഭിച്ചു. ബുദ്ധമതതത്ത്വങ്ങളടങ്ങുന്ന ബൃഹത്‌ഗ്രന്ഥമായ മഹാവിഭാഷ ഈ സമ്മേളനത്തിൽവച്ച്‌ ബുദ്ധമതാചാര്യന്മാരുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ടു. അശോകനെ അനുകരിച്ച്‌ കനിഷ്‌കനും അനേകം ഭിക്ഷുസംഘങ്ങളെ ബുദ്ധമതപ്രചാരണാർഥം വിദേശരാജ്യങ്ങളിലേക്കയച്ചു. ചൈന, തിബത്ത്‌ മുതലായ രാജ്യങ്ങളിൽ ബുദ്ധമതം വ്യാപിച്ചത്‌ ഇക്കാലത്താണ്‌.

കനിഷ്‌കന്റെ ഭരണകാലത്ത്‌ സാഹിത്യത്തിനുണ്ടായ പുരോഗതി ശ്രദ്ധേയമാണ്‌. അശ്വഘോഷന്‍, വസുമിത്രന്‍, നാഗാർജുനന്‍ തുടങ്ങിയ ബൗദ്ധസാഹിത്യകാരന്മാരുടെ ഉത്‌കൃഷ്‌ടകൃതികള്‍ പുറത്തുവന്നത്‌ ഈ കാലത്താണ്‌. ആയുർവേദസംഹിതകള്‍ രചിച്ച ചരകനും സുശ്രുതനും കുഷാനകാലത്താണ്‌ ജീവിച്ചിരുന്നത്‌. ഗാന്ധാരരീതിയിലുള്ള ശില്‌പകല പൂർണവളർച്ച പ്രാപിച്ചത്‌ കനിഷ്‌കന്റെ ഭരണകാലത്താണ്‌. മഥുരയിലും ഗാന്ധാരത്തിലുമാണ്‌ ഈ കലാസൃഷ്‌ടികള്‍ അധികവും കാണപ്പെടുന്നത്‌. ഭാരതീയ മാതൃകയിലുള്ള പ്രതിമാശില്‌പവും അതോടൊപ്പം തഴച്ചുവളർന്നു. സാരനാഥ്‌, അമരാവതി എന്നീ പ്രദേശങ്ങള്‍ ഈ രീതിയിലുള്ള ശില്‌പകലയ്‌ക്കു പ്രസിദ്ധി നേടി.

കനിഷ്‌കന്റെ കാലത്ത്‌ ഇന്ത്യ വിദേശരാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തിപ്പോന്നു; റോം, ചൈന, ബർമ, തായ്‌ലണ്ട്‌, കംബോഡിയ എന്നീ രാജ്യങ്ങള്‍ പ്രാധാന്യമർഹിക്കുന്നു. റോമാചക്രവർത്തി ട്രാജന്റെ രാജധാനിയിലേക്ക്‌ കനിഷ്‌കന്‍ ഒരു ദൂതസംഘത്തെ അയച്ചിരുന്നു. കുഷാനകാലം മുതൽ ഇന്ത്യയിൽനിന്ന്‌ ധാരാളംപണ്ഡിതന്മാർ ചൈനയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി. കനിഷ്‌കന്റെ കാലത്തിനുശേഷം കുഷാനസാമ്രാജ്യം ക്ഷയിക്കാന്‍ തുടങ്ങി. ഹിന്ദുമതം കൂടുതൽ പ്രാമുഖ്യം നേടി. അതോടെ കുഷാനസാമ്രാജ്യം ഛിന്നഭിന്നമായിത്തീർന്നു. ഗുപ്‌തസാമ്രാജ്യം. എ.ഡി. നാലാം ശ.-ത്തിന്റെ പ്രാരംഭത്തോടുകൂടി ഉത്തരേന്ത്യയിൽ ഗുപ്‌തസാമ്രാജ്യം സ്ഥാപിതമായി. ഗുപ്‌തസാമ്രാജ്യകാലം ഇന്ത്യാചരിത്രത്തിലെ സുവർണകാലഘട്ടമായിട്ടാണ്‌ പരിഗണിക്കപ്പെട്ടുപോരുന്നത്‌. മതപരവും സാംസ്‌കാരികവുമായ എല്ലാരംഗങ്ങളിലും ഈ കാലഘട്ടത്തിൽ ഇന്ത്യ ഉയർച്ച നേടി.

ഗുപ്‌ത രാജവംശം സ്ഥാപിച്ചത്‌ എ.ഡി. മൂന്നാം ശ.-ത്തിന്റെ അവസാനദശകങ്ങളിൽ മഗധം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ശ്രീഗുപ്‌തനാണ്‌. അദ്ദേഹത്തിന്റെ മകനായ ഘടോൽകചന്‍ ഈ രാജവംശത്തിലെ രണ്ടാമത്തെ രാജാവായിരുന്നു. ഘടോൽകചന്റെ പുത്രനായ ചന്ദ്രഗുപ്‌തന്‍ ക ആണ്‌ ഗുപ്‌തസാമ്രാജ്യ സ്ഥാപകന്‍. എ.ഡി. 320-ൽ ഭരണാധികാരമേറ്റ ഇദ്ദേഹം "മഹാരാജാധിരാജന്‍' എന്ന ബിരുദം സ്വീകരിച്ചു. ചന്ദ്രഗുപ്‌തന്റെ നിര്യാണശേഷം അദ്ദേഹത്തിന്റെ പുത്രനായ സമുദ്രഗുപ്‌തന്‍ രാജാവായി.

സമുദ്രഗുപ്‌തന്‍. (ഭ.കാ., എ.ഡി. 330-380) ഇന്ത്യാചരിത്രത്തിലെ പ്രഗല്‌ഭരായ രാജാക്കന്മാരുടെ കൂട്ടത്തിൽ സമുദ്രഗുപ്‌തന്‌ മഹത്തായ ഒരു സ്ഥാനമുണ്ട്‌. ഇന്ത്യയിലെ വിദേശാധിപത്യം അവസാനിപ്പിച്ച്‌ ഒരു സ്വതന്ത്രഭരണകൂടത്തിന്‍കീഴിൽ രാജ്യത്തിന്റെ ഏകീകരണം നേടിയെടുക്കുകയായിരുന്നു സമുദ്രഗുപ്‌തന്റെ ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി അദ്ദേഹം ഒരു ദിഗ്‌വിജയം നടത്തി. ഉത്തരേന്ത്യയിലും ദക്ഷിണാപഥത്തിലും വമ്പിച്ച സൈനികവിജയങ്ങള്‍ നേടുകയും ഒരു അശ്വമേധയാഗം നടത്തുകയും ചെയ്‌തു. അലഹാബാദിലെ അശോകസ്‌തംഭത്തിൽ സംസ്‌കൃതഭാഷയിൽ കൊത്തിവച്ചിട്ടുള്ള ഒരു ശാസനം സമുദ്രഗുപ്‌തന്റെ സൈനികവിജയങ്ങളുടെ വിവരണം ഉള്‍ക്കൊള്ളുന്നു. സൈനികരംഗത്തു മാത്രമല്ല, സാഹിത്യം, കല, മതം, എന്നീ രംഗങ്ങളിലും അദ്ദേഹം പ്രശസ്‌തമായ സേവനം അനുഷ്‌ഠിച്ചു. വൈഷ്‌ണവമതത്തിന്റെ പ്രചാരത്തിനുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു. വേദങ്ങളുടെയും മറ്റു മതഗ്രന്ഥങ്ങളുടെയും പഠനം അദ്ദേഹത്തിന്റെ കാലത്ത്‌ പുരോഗതിനേടി.

ചന്ദ്രഗുപ്‌തന്‍ II (എ.ഡി. 380-415) സമുദ്രഗുപ്‌തന്റെ മരണത്തെതുടർന്ന്‌ അദ്ദേഹത്തിന്റെ മകനായ ചന്ദ്രഗുപ്‌തന്‍ കക വിക്രമാദിത്യന്‍ എന്ന ബിരുദനാമത്തോടെ ഭരണാധികാരമേറ്റു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയരംഗത്തിലെ മികച്ച നേട്ടങ്ങള്‍ മധ്യേന്ത്യയിലെ രാഷ്‌ട്രീയശക്തിയായിരുന്ന വാകാടകരുമായുള്ള സഖ്യവും പശ്ചിമേന്ത്യയിൽനിന്നു ശകന്മാരുടെ നിഷ്‌കാസനവും ആണ്‌. ശകന്മാരുമായുള്ള അന്തിമസമരത്തിൽ വാകാടകരുടെ സഹായം ലഭ്യമാകുന്നതിനുവേണ്ടി ചന്ദ്രഗുപ്‌തന്‍ തന്റെ പുത്രിയായ പ്രഭാവതിയെ വാകാടകരാജാവായ രുദ്രസേനന്‍ കക-നു വിവാഹം ചെയ്‌തുകൊടുത്തു. ഇപ്രകാരം ഗുപ്‌തന്മാരും വാകാടകരും തമ്മിലുള്ള ബന്ധം സുദൃഢമായതോടെ ശകന്മാർക്കെതിരായുള്ള പടനീക്കത്തിൽ ചന്ദ്രഗുപ്‌തന്റെ വിജയത്തിനുള്ള വഴി തെളിഞ്ഞു. എ.ഡി. 395-ൽ ആണ്‌ ചന്ദ്രഗുപ്‌തന്‍ ശകന്മാരുടെ രാജ്യം ഗുപ്‌തസാമ്രാജ്യത്തോട്‌ ചേർത്തത്‌. സാംസ്‌കാരിക കേന്ദ്രമായ ഉജ്ജയിനി ഗുപ്‌തസാമ്രാജ്യത്തിന്റെ രണ്ടാം രാജധാനി എന്ന നിലയിൽ അഭിവൃദ്ധിപ്രാപിച്ചു. ചന്ദ്രഗുപ്‌തന്റെ ഭരണകാലം സംസ്‌കൃതസാഹിത്യത്തിന്റെ സുവർണയുഗമായിരുന്നു. പണ്ഡിതനും കവിയുമായിരുന്ന രാജാവ്‌ അനേകം പണ്ഡിതന്മാരെയും കവികളെയും തന്റെ രാജധാനിയിലേക്ക്‌ ആകർഷിച്ചു. കാളിദാസനുള്‍പ്പെടെ സംസ്‌കൃതത്തിലെ "നവരത്‌നങ്ങ'ളെന്ന്‌ വിഖ്യാതിനേടിയ ഒമ്പതു മഹാകവികള്‍ അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഹിന്ദുമതത്തിന്റെ പുരസ്‌കർത്താവു കൂടിയായിരുന്നു അദ്ദേഹം. പില്‌ക്കാല ഗുപ്‌തരാജാക്കന്മാർ തീരെ അപ്രാപ്‌തരായിരുന്നു. അവരുടെ ഇടയിൽ ഛിദ്രവാസനകള്‍ തലപൊക്കി. ഈ തക്കംനോക്കി ഹൂണർ തുടങ്ങിയ വിദേശീയാക്രമണകാരികള്‍ വ.പ. അതിർത്തി പ്രദേശംവഴി ഇന്ത്യയെ ആക്രമിക്കുകയും ഗുപ്‌തസാമ്രാജ്യത്തെ തകർക്കുകയും ചെയ്‌തു.

ഭരണസമ്പ്രദായം. ഫാഹിയാന്റെ യാത്രാവിവരണങ്ങളിലും രാജശാസനങ്ങളിലുംനിന്ന്‌ ഗുപ്‌തസാമ്രാജ്യത്തിലെ ഭരണസംവിധാനത്തെയും സാമൂഹികവ്യവസ്ഥിതിയെയുംകുറിച്ച്‌ വിശദവിവരങ്ങള്‍ ലഭിക്കുന്നുണ്ട്‌. രാജാവ്‌ സ്വേഛാധിപതിയായിരുന്നെങ്കിലും പ്രജാഹിതത്തിനു തികച്ചും വിധേയനായിരുന്നു. ഗുപ്‌തസമ്രാജ്യത്തിലെ നീതിന്യായവ്യവസ്ഥ പുരോഗമനോന്മുഖവും ശിക്ഷാനിയമങ്ങള്‍ ഉദാരവുമായിരുന്നു. മരണശിക്ഷ നല്‌കിയിരുന്നില്ല; പിഴയായിരുന്നു സാധാരണ ശിക്ഷ. കുറ്റങ്ങള്‍ എച്ചത്തിലും തരത്തിലും കുറവായിരുന്നു.

സാമ്പത്തികസ്ഥിതി. ഗുപ്‌തസാമ്രാജ്യകാലത്ത്‌ സാമ്പത്തികരംഗത്ത്‌ ഭാരതം ഗണ്യമായ പുരോഗതിനേടി. വിദേശരാജ്യങ്ങളുമായുള്ള വാണിജ്യവും വ്യവസായരംഗത്തെ സജീവപ്രവർത്തനങ്ങളുമായിരുന്നു പൊതുവെയുള്ള സമ്പദ്‌സമൃദ്ധിക്കു നിദാനം. കൈത്തൊഴിലുകളിലും വ്യവസായങ്ങളിലും ഏർപ്പെട്ടിരുന്ന എല്ലാ വിഭാഗക്കാർക്കും അവരവരുടേതായ സംഘടനകള്‍ ഉണ്ടായിരുന്നു. ഗുപ്‌തസാമ്രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിമൂലം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ സാങ്കേതികതൊഴിലുകളിലേർപ്പെട്ടിരുന്ന വിദഗ്‌ധന്മാർ മഗധത്തിലേക്ക്‌ പ്രവഹിച്ചു.

സാംസ്‌കാരികാഭിവൃദ്ധി. സമുജ്ജ്വലമായ സാംസ്‌കാരികോത്‌കർഷമാണ്‌ ഗുപ്‌തകാലത്തിന്റെ സവിശേഷത. മതവും സാഹിത്യവും ശാസ്‌ത്രവും കലകളും വിപുലമായ വികാസം നേടി. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വസന്തകാലമെന്നുതന്നെ ഗുപ്‌തകാലത്തെ വിശേഷിപ്പിക്കാം.

ഗുപ്‌തകാലത്ത്‌ വൈദികഹിന്ദുമതം ഗണ്യമായ പുരോഗതി നേടി. ശിവന്‍, വിഷ്‌ണു, ദുർഗ, സൂര്യന്‍ മുതലായ ദേവീദേവന്മാർ പൂർവാധികം ആരാധിക്കപ്പെട്ടുതുടങ്ങി. സംസ്‌കൃതത്തിലെ വിപുലമായ പുരാണസാഹിത്യം രൂപംകൊണ്ടത്‌ ഇക്കാലത്താണ്‌. ക്ഷേത്രങ്ങള്‍ ധാരാളമായി നിർമിക്കപ്പെട്ടതും ഗുപ്‌തരാജാക്കന്മാരുടെ കാലത്തായിരുന്നു.

സാഹിത്യം. സാഹിത്യരംഗത്ത്‌ മികച്ച നേട്ടങ്ങള്‍ ഗുപ്‌തരാജാക്കന്മാരുടെ കാലത്തുണ്ടായി. സംസ്‌കൃതത്തിന്‌ അതുല്യമായ ഒരു നില കൈവന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായ വസ്‌തുത. നവരത്‌നങ്ങള്‍ക്കുപുറമേ വിശാഖദത്തന്‍, ശൂദ്രകന്‍ മുതലായ നാടകകർത്താക്കളും ഗുപ്‌തകാലത്ത്‌ ജീവിച്ചിരുന്നവരായിരുന്നു. ലോകസാഹിത്യത്തിൽ ചിരപ്രതിഷ്‌ഠനേടിയ പഞ്ചതന്ത്രകഥകള്‍ ഇക്കാലത്ത്‌ എഴുതപ്പെട്ടവയാണ്‌. അമരകോശം എന്ന നിഘണ്ടുവിന്റെ രചയിതാവായ അമരസിംഹനും ഗുപ്‌തകാലത്താണ്‌ ജീവിച്ചിരുന്നത്‌ എന്ന്‌ കരുതപ്പെടുന്നു.

ശാസ്‌ത്രം. ഗണിതശാസ്‌ത്രം, ജ്യോതിഃശാസ്‌ത്രം, വൈദ്യശാസ്‌ത്രം എന്നീ രംഗങ്ങളിലും ഗുപ്‌തകാലം മികച്ച സംഭാവനകള്‍ നല്‌കുകയുണ്ടായി. സുപ്രസിദ്ധ പണ്ഡിതനായ ആര്യഭടന്‍ തന്റെ വിശിഷ്‌ടകൃതിയായ ആര്യഭടീയം രചിച്ച്‌ ഇന്ത്യയിൽ ജ്യോതിഃശാസ്‌ത്രത്തെയും ഗണിതശാസ്‌ത്രത്തെയും പരിപോഷിപ്പിച്ചു. വരാഹമിഹിരന്‍, ബ്രഹ്മഗുപ്‌തന്‍, ഭാസ്‌കരാചാര്യന്‍ തുടങ്ങിയ പ്രഗല്‌ഭമതികളായ ഗണിത ജ്യോതിശ്ശാസ്‌ത്ര പണ്ഡിതന്മാർ ഗുപ്‌തകാലത്താണ്‌ ജീവിച്ചിരുന്നത്‌. സുപ്രസിദ്ധ വൈദ്യശാസ്‌ത്രഗ്രന്ഥമായ അഷ്‌ടാംഗഹൃദയം ഗുപ്‌തകാലത്തിന്റെ ഒരു ഉത്‌കൃഷ്‌ട സംഭാവനയാണ്‌. കലകള്‍. വാസ്‌തുവിദ്യ, പ്രതിമാശില്‌പം, ചിത്രകല എന്നീ രംഗങ്ങളിലും ഗുപ്‌തകാലം ഒരു സുവർണയുഗം തന്നെയായിരുന്നു. ഝാന്‍സിക്കു സമീപം ദേവഗുഡ്‌ എന്ന സ്ഥലത്തുള്ള ദശാവതാരക്ഷേത്രം ഗുപ്‌തകാലത്തു നിർമിക്കപ്പെട്ടതാണ്‌. മഥുരയിലുള്ള ധ്യാനനിരതനായ ബുദ്ധന്റെ പ്രതിമയും ഗുപ്‌തകാലശൈലിയുടെ ഒരു ഉത്തമമാതൃകയാണ്‌. അനേകം ശതാബ്‌ദങ്ങളായിട്ടും തുരുമ്പുപിടിക്കാതെ നില്‌ക്കുന്ന മെഹ്‌റൗളിയിലെ അയസ്‌തംഭം ഗുപ്‌തകാലത്ത്‌ നിർമിക്കപ്പെട്ടതാണ്‌.

ശ്രീഹർഷന്‍. ഹൂണന്മാരുടെ ആക്രമണത്തെ തുടർന്ന്‌ ഗുപ്‌തസാമ്രാജ്യം ഛിന്നഭിന്നമാവുകയും പല ചെറുരാജ്യങ്ങളും പുതുതായി രൂപംകൊള്ളുകയും ചെയ്‌തു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാന്യമർഹിക്കുന്നത്‌ കുരുക്ഷേത്രത്തിനു സമീപമുള്ള അനേശ്വർ (സ്ഥാണ്വീശ്വരം) തലസ്ഥാനമാക്കി ഉയർച്ച പ്രാപിച്ച വർധന്മാരുടെ രാജ്യമാണ്‌. ഈ രാജവംശത്തിലെ ഏറ്റവും പ്രബലനായ രാജാവായിരുന്നു ഹർഷവർധനന്‍ (606-647) ഉത്തരേന്ത്യയിൽ പല സൈനികവിജയങ്ങളും നേടി ഹർഷന്‍ തന്റെ സാമ്രാജ്യത്തിന്റെ വിസ്‌തൃതി വർധിപ്പിച്ചു. എന്നാൽ വിന്ധ്യനു തെക്ക്‌ അദ്ദേഹത്തിനു വമ്പിച്ച എതിർപ്പാണ്‌ നേരിടേണ്ടിവന്നത്‌. പശ്ചിമചാലൂക്യരാജാവായ പുലകേശിരണ്ടാമനുമായുണ്ടായ യുദ്ധത്തിൽ ഹർഷന്‍ പരാജിതനായി. ഹർഷന്റെ സാമ്രാജ്യം ബ്രഹ്മപുത്ര മുതൽ കച്ച്‌ വരെയും ഹിമാലയം മുതൽ നർമദ വരെയും പരന്നുകിടന്നിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ സംസ്‌കൃതസാഹിത്യത്തിൽ വിസ്‌മയാവഹമായ പുരോഗതിയുണ്ടായി. ഹർഷന്‍തന്നെ ഒരു പണ്ഡിതനും കവിയുമായിരുന്നു. രത്‌നാവലി, നാഗാനന്ദം, പ്രിയദർശിക എന്നീ സംസ്‌കൃത നാടകകൃതികള്‍ ഇദ്ദേഹം രചിച്ചതാണ്‌. അനേകം പ്രശസ്‌തരായ കവികളും ഗ്രന്ഥകാരന്മാരും ഹർഷന്റെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു. ബാണഭട്ടനായിരുന്നു ഇവരിൽ പ്രഥമഗണനീയന്‍. ഹർഷചരിതം, കാദംബരി എന്നീ ആഖ്യായികകളാണ്‌ ബാണന്റെ മുഖ്യകൃതികള്‍. ശൈവമതാനുയായിയായിരുന്ന ഹർഷന്‍ സൈനികവിജയങ്ങളെ തുടർന്ന്‌ ശീലാദിത്യന്‍ എന്ന നാമം സ്വീകരിച്ച്‌ ബുദ്ധമതത്തിൽ ചേർന്നു. നിരവധി ബുദ്ധവിഹാരങ്ങളും ചൈത്യങ്ങളും ഹർഷന്‍ സ്ഥാപിച്ചു. മൃഗബലിയും മാംസഭക്ഷണവും നിരോധിച്ചു. ബുദ്ധമതതത്ത്വങ്ങളുടെ പഠനത്തിനും പ്രചാരത്തിനുമായി ബുദ്ധമതപണ്ഡിതന്മാരുടെ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. അഞ്ചുകൊല്ലത്തിലൊരിക്കൽ ബുദ്ധമതപണ്ഡിതന്മാരുടെ ഒരു ഉന്നതതലസമ്മേളനവും പ്രയാഗിൽ വിളിച്ചുകൂട്ടിയിരുന്നു. തിബത്തിൽ ബുദ്ധമതം വിപുലമായ തോതിൽ പ്രചരിപ്പിച്ചത്‌ ഹർഷന്റെ കാലത്താണ്‌. ഗുപ്‌തഭരണസംവിധാനത്തിന്റെ ഒരു തുടർച്ചയായിരുന്നു ഹർഷന്റെ ഭരണസമ്പ്രദായം. രാജവാഴ്‌ചയിൽ അധിഷ്‌ഠിതമായിരുന്നു അത്‌. മന്ത്രിമാരുടെയും വകുപ്പുമേധാവികളുടെയും ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ഔദ്യോഗികരേഖകള്‍ സൂക്ഷിക്കുന്നതിന്‌ ഒരു പ്രത്യേക വകുപ്പുതന്നെ സംഘടിപ്പിക്കപ്പെട്ടുവെന്നത്‌ ശ്രദ്ധേയമാണ്‌. നികുതിഭാരം താരതമ്യേന കുറവായിരുന്നു. ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയും അതിൽനിന്നുള്ള വരുമാനവും അളന്നു തിട്ടപ്പെടുത്തിയാണ്‌ നികുതിനിരക്ക്‌ നിശ്ചയിച്ചിരുന്നത്‌. പലതരം ചുങ്കങ്ങള്‍ ചുമത്തപ്പെട്ടിരുന്നു. സ്വർണവും വെള്ളിയും കൊണ്ടുള്ള നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു.

രാജ്യത്തിൽ ജാതിസമ്പ്രദായം പൂർണമായും വളർച്ചപ്രാപിച്ചിരുന്നു. അസ്‌പൃശ്യത നിലവിലുണ്ടായിരുന്നതായി ഹ്യൂയന്‍സാങ്‌ ചൂണ്ടിക്കാണിക്കുന്നു. സ്‌ത്രീകള്‍ക്ക്‌ സമുദായത്തിലുണ്ടായിരുന്ന സ്ഥാനത്തിന്‌ ഇടിവുതട്ടി. വിധവാവിവാഹം നിരോധിക്കപ്പെട്ടിരുന്നു.

സംസ്‌കാരികവികാസം. വിദ്യാഭ്യാസപരമായി അന്നുണ്ടായിരുന്ന അഭിവൃദ്ധി സാംസ്‌കാരികരംഗത്തെ ഒരു പ്രധാന നേട്ടമായിരുന്നു. ഓരോ ബൗദ്ധവിഹാരവും ഓരോ വിദ്യാകേന്ദ്രമായിരുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വന്ന അധ്യാപകാധ്യേതാക്കളെക്കൊണ്ട്‌ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ നിറഞ്ഞിരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ നാളന്ദ, ഉജ്ജയിനി, വിക്രമശില, കാശി മുതലായ സ്ഥലങ്ങളിലെ സർവകലാശാലകളായിരുന്നു. കാശി മതങ്ങളുടെ താരതമ്യപഠനത്തിലും ഉജ്ജയിനി ജ്യോതിഃശാസ്‌ത്രപഠനത്തിലും പ്രസിദ്ധിയാർജിച്ചു. നാളന്ദാസർവകലാശാലയിൽ നല്ലൊരു ഗ്രന്ഥശാലയും ഗവേഷണവകുപ്പും നക്ഷത്രബംഗ്ലാവുമുണ്ടായിരുന്നു. നാളന്ദാസർവകലാശാല ഏഷ്യയുടെ സാംസ്‌കാരിക ജീവിതത്തിൽ മഹത്തായ ഒരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ആന്ധ്രയിലെ ശാതവാഹനർ. ഉത്തരേന്ത്യയിലെന്നപോലെ ഡക്കാണിലും ദക്ഷിണേന്ത്യയിലും ആര്യന്മാരുടെ അധിനിവേശത്തോടുകൂടിയാണ്‌ ചരിത്രം ആരംഭിക്കുന്നത്‌. വിന്ധ്യക്കുതെക്കുള്ള ഭൂപ്രദേശത്തിന്റെ ആര്യവത്‌കരണം ബി.സി. 1000-ത്തോടുകൂടി തുടങ്ങി, ബി.സി. നാലാം ശ.-ത്തോടുകൂടി നിർണായകഘട്ടത്തിലെത്തി. ചരിത്രപരമായി വീക്ഷിക്കുമ്പോള്‍ ആന്ധ്രക്കാരാണ്‌ ഡെക്കാണിലെ ആദ്യത്തെ രാഷ്‌ട്രീയ ശക്തി. കൗടല്യന്റെ അർഥശാസ്‌ത്രത്തിലും അശോകന്റെ ശാസനങ്ങളിലും അവരെപ്പറ്റി പരാമർശമുണ്ട്‌.

മൗര്യസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന്‌ ആന്ധ്രപ്രദേശം സ്വതന്ത്രമായി. സിമുകന്‍ എന്ന രാജാവ്‌ ശ്രീകാകുളം തലസ്ഥാനമാക്കി ശാതവാഹനരാജവംശം സ്ഥാപിച്ചു. ശാതവാഹനരാജാക്കന്മാർ യുദ്ധങ്ങളിലൂടെ രാജ്യാതിർത്തി വിപുലീകരിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. ശ്രീശാതകർണി ക സുംഗരാജാക്കന്മാരുമായുള്ള യുദ്ധത്തിൽ വിജയം കൈവരിച്ചു. ശാതകർണി കക (ബി.സി. രണ്ടാം ശ.) സുംഗരാജാക്കന്മാരുമായുള്ള സംഘട്ടനം തുടർന്നു. ഇദ്ദേഹം മാളവം മുഴുവന്‍ കീഴടക്കി. ശാതവാഹനവംശത്തിലെ 17-ാമത്തെ രാജാവായ ഹാലന്‍ (ഭ.കാ., എ.ഡി. 20-24) സാഹിത്യരംഗത്തു ഗണ്യമായ സേവനമനുഷ്‌ഠിച്ചു. ഗൗതമീപുത്രശാതകർണി എന്ന രാജാവ്‌ (എ.ഡി. 106-130) ശകരാജാവായ നഹപാനനുമായി ഏറ്റുമുട്ടി, പല പ്രദേശങ്ങളും കീഴടക്കി ശാതവാഹനരുടെ ശക്തി പുനഃസ്ഥാപിച്ചു. വാസിഷ്‌ഠീപുത്രപുലുമായി(എ.ഡി. 130-158)യുടെ ഭരണകാലത്ത്‌ ശകരാജാവായ രുദ്രദാമന്‍ നഷ്‌ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുത്തെങ്കിലും പിന്നീട്‌ രാജ്യഭാരമേറ്റ യജ്ഞശ്രീശാതകർണി ശകന്മാരുമായി യുദ്ധംചെയ്‌ത്‌ ഈ പ്രദേശങ്ങള്‍ വീണ്ടും പിടിച്ചെടുത്തു. പില്‌ക്കാലരാജാക്കന്മാർ ദുർബലന്മാരായിരുന്നതിനാൽ ശാതവാഹനരുടെ രാഷ്‌ട്രീയശക്തിക്കു ക്ഷതമേറ്റു.

ശാതവാഹനരുടെ കാലത്ത്‌ ഡെക്കാണിൽ ഒരു വ്യവസ്ഥാപിതഭരണകൂടം നിലവിലിരുന്നു. സാമ്പത്തികരംഗത്ത്‌ ആന്ധ്രപ്രദേശം ഗണ്യമായ പുരോഗതിനേടി. അന്തർദേശീയ വാണിജ്യരംഗത്തും നേട്ടങ്ങളുണ്ടായി. റോമാസാമ്രാജ്യമുള്‍പ്പെടെ പല വിദേശരാജ്യങ്ങളുമായി ശാതവാഹനർ വാണിജ്യബന്ധം പുലർത്തി. ആദ്യകാല ശാതവാഹനർ ബുദ്ധമതാനുയായികളായിരുന്നു. പില്‌ക്കാലത്തെ രാജാക്കന്മാർ ഹിന്ദുമതം സ്വീകരിച്ചു. സംസ്‌കൃതഭാഷയും സാഹിത്യവും ആന്ധ്രപ്രദേശത്ത്‌ വമ്പിച്ച പുരോഗതി നേടി. കലാരംഗത്ത്‌ സൃഷ്‌ടിപരമായ ചലനങ്ങളുണ്ടായി. നാഗാർജുനകൊണ്ട, നാസിക്‌, അമരാവതി മുതലായ സ്ഥലങ്ങളിലെ പ്രസിദ്ധമായ കലാശില്‌പങ്ങള്‍ ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്‌.

സംഘകാലം. ദക്ഷിണേന്ത്യ(തമിഴകം)യെക്കുറിച്ച്‌ പ്രാചീനസാഹിത്യകൃതികളിലും ശാസനങ്ങളിലും പരാമർശമുണ്ട്‌. ഈ ഭൂപ്രദേശത്തിന്റെ പ്രാചീനചരിത്രത്തിലേക്ക്‌ വെളിച്ചംവീശുന്ന പ്രധാനപ്പെട്ട രേഖകള്‍ സംഘകാലത്തെ തമിഴ്‌സാഹിത്യകൃതികളാണ്‌. ക്രിസ്‌തുവർഷത്തിന്റെ ആദ്യത്തെ അഞ്ച്‌ ശ.-ങ്ങളിൽ മധുര ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന തമിഴ്‌ സംഗത്തിന്റെ പ്രാത്സാഹനത്താൽ രചിക്കപ്പെട്ട കൃതികളാണ്‌ സംഘകൃതികളെന്ന പേരിലറിയപ്പെടുന്ന പത്തുപ്പാട്ട്‌, എട്ടുത്തൊകൈ മുതലായവ. സംഘകാലത്തിനുശേഷം രചിക്കപ്പെട്ട ചിലപ്പതികാരം, മണിമേഖല എന്നീ കൃതികളും ക്രിസ്‌തുവർഷം ആദ്യശതകങ്ങളിലെ ദക്ഷിണേന്ത്യാചരിത്രത്തിലേക്ക്‌ വെളിച്ചംവീശുന്നവയാണ്‌.

സംഘകാലത്തെ തമിഴകത്തിന്റെ രാഷ്‌ട്രീയ ചരിത്രം ചേര-പാണ്ഡ്യ-ചോള രാജവംശങ്ങളുടെ ഭാഗധേയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കരികാലനാണ്‌ ഈ കാലത്തെ ഏറ്റവും പ്രഗല്‌ഭനായ ചോളരാജാവ്‌. സമകാലികരായ ചേര-പാണ്ഡ്യരാജാക്കന്മാരെ അദ്ദേഹം യുദ്ധത്തിൽ തോല്‌പിക്കുകയുണ്ടായി.

കരികാലനെ തോല്‌പിച്ച ചേരരാജാവായിരുന്നു ഉതിയന്‍ ചേരലാതന്‍. അദ്ദേഹത്തിന്റെകാലം മുതൽ ചേരന്മാർ തമിഴകത്തെ ഏറ്റവും മികച്ച രാഷ്‌ട്രീയശക്തിയായി വളർന്നു. എട്ടുത്തൊകൈയിൽപ്പെട്ട പതിറ്റുപ്പത്തിൽനിന്ന്‌ എട്ട്‌ ചേരരാജാക്കന്മാരുടെ നേട്ടങ്ങളെപ്പറ്റി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്‌. ഇവരിൽ പ്രധാനി നെടുംചേരലാതനും ചെൽകെഴുകുട്ടുവനുമാണ്‌. ചിലപ്പതികാരത്തിലെ ചെങ്കുട്ടുവനും ചെൽകെഴുകുട്ടുവനും ഒന്നാണെന്ന്‌ കരുതുന്നവരുമുണ്ട്‌.

നെടുംചേഴിയനായിരുന്നു സംഘകാലത്തെ ഏറ്റവും പ്രസിദ്ധനായ പാണ്ഡ്യരാജാവ്‌. തലൈയാലങ്കാനത്തുവച്ച്‌ നടന്ന യുദ്ധത്തിൽ ഇദ്ദേഹം ചേരചോളരാജാക്കന്മാരെ തോല്‌പിക്കുകയുണ്ടായി. ഭരണവ്യവസ്ഥ. സംഘകാലത്ത്‌ തമിഴകത്ത്‌ പല ചെറുരാജ്യങ്ങളുണ്ടായിരുന്നു. ഇവയിൽ ഉയർന്നനിലവാരമുള്ള ഭരണസമ്പ്രദായവും ജീവിതരീതിയും നിലവിലിരുന്നു. രാജവാഴ്‌ചയിൽ അധിഷ്‌ഠിതമായിരുന്നു എല്ലാ രാജ്യങ്ങളിലെയും ഭരണവ്യവസ്ഥ. പക്ഷേ, രാജാവിന്റെ അധികാരം ചില കീഴ്‌വഴക്കങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. നികുതികള്‍ പിരിച്ചെടുക്കുന്നതിനും ക്രമസമാധാനം പാലിക്കുന്നതിനും കള്ളക്കടത്ത്‌ തടയുന്നതിനും വിപുലമായ ഏർപ്പാടുകളുണ്ടായിരുന്നു. കവികള്‍ക്കും വിദ്വാന്മാർക്കും രാജധാനിയിൽ ബഹുമാന്യമായ സ്ഥാനമുണ്ടായിരുന്നു.

സാമൂഹികജീവിതം. സാമൂഹികസ്വതന്ത്യ്രത്തിലും സമത്വത്തിലും അധിഷ്‌ഠിതമായിരുന്നു അന്നത്തെ സമുദായം. തീവ്രമായ ജാതിവ്യത്യാസങ്ങള്‍ അനുഭവപ്പെട്ടിരുന്നില്ല. അധ്വാനത്തിന്റെ അന്തസ്സ്‌ അംഗീകരിക്കപ്പെട്ടിരുന്നു. സ്‌ത്രീകള്‍ക്കു സമൂഹത്തിൽ ഉന്നതപദവിയുണ്ടായിരുന്നു. അവർക്ക്‌ ഇഷ്‌ടമുള്ള തൊഴിലുകളിലേർപ്പെടാനുള്ള സ്വാതന്ത്യ്രവും ഉണ്ടായിരുന്നു. സ്‌ത്രീവിദ്യാഭ്യാസം ശ്രദ്ധേയമായ പുരോഗതി പ്രാപിച്ചിരുന്നു.

സാമ്പത്തികവ്യവസ്ഥിതി. സംഘകാലത്ത്‌ ദക്ഷിണേന്ത്യ സാമ്പത്തികമായ പുരോഗതിനേടി. കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന തൊഴിൽ. മഞ്ഞള്‍, കുരുമുളക്‌, ഏലം, കറുവപ്പട്ട എന്നിവയ്‌ക്ക്‌ പ്രസിദ്ധമായിരുന്നു ചേരരാജ്യം. സുഗന്ധദ്രവ്യങ്ങള്‍, ദന്തം, മുത്തുകള്‍, രത്‌നങ്ങള്‍ എന്നിവ കയറ്റുമതിചെയ്‌തുപോന്നു. റോമയും കേരളവുമായി വിപുലമായതോതിൽ വാണിജ്യബന്ധം നിലനിന്നിരുന്നു. ദക്ഷിണേന്ത്യയും വിദേശരാജ്യങ്ങളുമായുണ്ടായ വാണിജ്യബന്ധങ്ങളെത്തുടർന്ന്‌ ക്രിസ്‌തുമതവും യഹൂദമതവും എ.ഡി. ഒന്നാം ശതകത്തിൽത്തന്നെ കേരളത്തിൽ പ്രചരിക്കുവാനിടയായി. മുസിരിസ്സിൽ (കൊടുങ്ങല്ലൂർ) ആയിരുന്നു യഹൂദമതാനുയായികളും ക്രിസ്‌തുമതപ്രചാരകരും ആദ്യംവന്നിറങ്ങിയത്‌.

ചാലൂക്യർ. ആറ്‌ മുതൽ ഒമ്പത്‌ വരെ ശ.-ങ്ങളിൽ മൂന്നു പ്രധാന രാഷ്‌ട്രീയശക്തികള്‍ ദക്ഷിണേന്ത്യയിൽ അധികാരം സ്ഥാപിക്കുന്നതിനുള്ള മത്സരത്തിൽ ഏർപ്പെട്ടു. ബാദാമി(വാതാപി)യിലെ ചാലൂക്യർ, കാഞ്ചിയിലെ പല്ലവർ, മധുരയിലെ പാണ്ഡ്യർ എന്നിവരാണവർ. ബാദാമിയിലെ പ്രധാന ശാഖയ്‌ക്കു പുറമെ ചാലൂക്യവംശത്തിന്റെ വേറെ രണ്ടു ശാഖകള്‍വെംഗിയും കല്യാണിയും ആസ്ഥാനമാക്കിയും ഭരിച്ചിരുന്നു.

ആദ്യകാല ചാലൂക്യരാജാക്കന്മാരിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌ വാതാപിശാഖയിലെ പുലകേശി കക (609-642) ആണ്‌. വനവാസിയിലെ കദംബരെയും തെക്കന്‍കർണാടകത്തിലെ തുളുവരാജാക്കന്മാരെയും മൈസൂറിലെ ഗംഗന്മാരെയും ഇദ്ദേഹം തോല്‌പിച്ചു. നർമദാനദീതീരത്തുവച്ച്‌ ഹർഷവർധനനെ തോല്‌പിച്ചതാണ്‌ പുലകേശിയുടെ ഏറ്റവും മികച്ച സൈനികനേട്ടം. പിന്നീടദ്ദേഹം ദക്ഷിണകോസലവും കലിംഗവും കീഴടക്കി. പുലകേശി പല്ലവന്മാരുമായി നിരന്തരസമരത്തിലേർപ്പെട്ടു. പല്ലവരാജാവായ മഹേന്ദ്രവർമനെ തോല്‌പിച്ച്‌ ചാലൂക്യസൈന്യം ആ രാജ്യത്തിന്റെ പല ഭാഗങ്ങളും കൈവശപ്പെടുത്തി. പക്ഷേ, പിന്നീട്‌ നടന്ന യുദ്ധത്തിൽ പുലകേശി വധിക്കപ്പെടുകയും പല്ലവരാജാവായ നരസിംഹവർമന്‍ വാതാപി പിടിച്ചടക്കുകയും ചെയ്‌തു. ആഹവമല്ലന്‍ എന്ന പേരിലറിയപ്പെടുന്ന സോമേശ്വരന്‍ ക (1042-68) പില്‌ക്കാലത്തെ ചാലൂക്യരുടെ കൂട്ടത്തിൽ പ്രശസ്‌തനായ രാജാവാണ്‌. മാളവത്തിലെ ഭോജരാജാവിനെ തോല്‌പിച്ചതാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനനേട്ടം. വിദർഭം, കോസലം, കലിംഗം എന്നീ പ്രദേശങ്ങളും മധ്യേന്ത്യയുടെ ഒരു വലിയ ഭാഗവും സോമേശ്വരന്റെ അധീനതയിൽ വന്നു. വെംഗിയെ ആക്രമിച്ച്‌ അദ്ദേഹം ചോളശക്തിയെയും വെല്ലുവിളിച്ചു; കൃഷ്‌ണാനദീതീരത്തുവച്ചുണ്ടായ ഉഗ്രസംഘട്ടനത്തിൽ ചോളരാജാവായ രാജാധിരാജനെ (1018-1054) വധിച്ചു. രാജാധിരാജനെത്തുടർന്നു ഭരണമേറ്റ രാജേന്ദ്രന്‍ ചാലൂക്യർക്കെതിരായി പൊരുതുകയും ചാലൂക്യരെ തോല്‌പിക്കുകയും ചെയ്‌തു. 1066-ൽ തുംഗഭദ്രാനദീതിരത്തുവച്ച്‌ നടന്ന യുദ്ധത്തിലും സോമേശ്വരന്‍ പരാജിതനായി. വിക്രമാദിത്യന്‍ V(1076-1126) പില്‌ക്കാലചാലൂക്യ രാജാക്കന്മാരിൽ ഏറ്റവും പ്രഗല്‌ഭനായിരുന്നു. ഹോയ്‌സാല രാജാക്കന്മാരെക്കൊണ്ട്‌ ചാലൂക്യരുടെ ആധിപത്യം അദ്ദേഹം സ്വീകരിപ്പിച്ചു. വിക്രമാദിത്യന്‍ സാംസ്‌കാരികരംഗത്തും സേവനങ്ങളനുഷ്‌ഠിച്ചിട്ടുണ്ട്‌. ഹൈന്ദവ നിയമങ്ങളെപ്പറ്റിയുള്ള ഒരു ആധികാരികഗ്രന്ഥമായി കരുതിപ്പോരുന്ന മിതാക്ഷരയുടെ കർത്താവായ വിജ്ഞാനേശ്വരന്‍ വിക്രമാദിത്യന്റെ സദസ്സിലുണ്ടായിരുന്ന ഒരു പണ്ഡിതനാണ്‌. ആദ്യകാലങ്ങളിൽ ജൈനമതവിശ്വാസിയായിരുന്ന വിക്രമാദിത്യന്‍ പില്‌കാലത്ത്‌ ശൈവമതം പ്രചരിപ്പിച്ചു.

സാംസ്‌കാരികരംഗം. ചാലൂക്യരുടെ കാലത്ത്‌ ശില്‌പകലയും ചിത്രകലയും വമ്പിച്ച പുരോഗതിനേടി. അജന്തയിലെ ഏതാനും ചുമർചിത്രങ്ങള്‍, ഔറംഗാബാദിലെയും നാസിക്കിലെയും ഗുഹാശില്‌പങ്ങള്‍ എന്നിവ ഇതിനു സാക്ഷ്യം വഹിക്കുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണിവ. ഹിന്ദുപുരാണകഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‌പങ്ങളും ഇവരുടെ കാലത്തു ധാരാളമായി ഉണ്ടായി. നരസിംഹവാമനാവതാരങ്ങളെ ചിത്രീകരിക്കുന്ന ബാദാമിയിലെ ശില്‌പങ്ങളും പരാമർശമർഹിക്കുന്നു. ഐഹോള്‍, ബാദാമി, പട്ടടക്കൽ എന്നീ സ്ഥലങ്ങളിലെ ശിലാക്ഷേത്രങ്ങളും ചാലൂക്യകാലത്തെ വാസ്‌തുശില്‌പത്തിന്റെ മാതൃകകളാണ്‌. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത്‌ കാഞ്ചിയിലെ കൈലാസനാഥക്ഷേത്രത്തെ അനുകരിച്ച്‌ നിർമിച്ചിട്ടുള്ളതും രാമായണകഥ കൊത്തിവച്ചിട്ടുള്ളതുമായ വിരൂപാക്ഷ ക്ഷേത്രമാണ്‌. പശ്ചിമചാലൂക്യർ വിദേശീയരുമായി സൗഹൃദബന്ധങ്ങള്‍ സ്ഥാപിച്ചു. പുലകേശി കക-ന്റെ സദസ്സിലേക്ക്‌ പേർഷ്യയിലെ രാജാവായ ഖുസ്‌റൗ ഒരു സൗഹൃദസംഘത്തെ അയച്ചത്‌ ഒരു പ്രധാനസംഭവമാണ്‌. അജന്തയിലെ ചുമർചിത്രങ്ങളിലൊന്ന്‌ ഇതിനെ ചിത്രീകരിക്കുന്നു.

രാഷ്‌ട്രകൂടർ. എ.ഡി. 743-ൽ പല്ലവരുടെ സഹായത്തോടെ പശ്ചിമചാലൂക്യരാജാവായ കീർത്തിവർമന്‍ രണ്ടാമനെ സ്ഥാനഭ്രഷ്‌ടനാക്കി ദന്തിദുർഗന്‍ രാഷ്‌ട്രകൂടവംശം സ്ഥാപിച്ചു. രാഷ്‌ട്രകൂടരാജാക്കന്മാർ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗോവിന്ദന്‍ കകക (792-814) എന്ന രാഷ്‌ട്രകൂടരാജാവ്‌ മികച്ച സൈനികവിജയങ്ങള്‍ കൈവരിച്ചു. ഗംഗ പല്ലവ രാജാക്കന്മാർ ഇദ്ദേഹത്തിന്റെ അധീശത്വം സ്വീകരിച്ചു. സിലോണിലെ (ശ്രീലങ്ക) രാജാവും രാഷ്‌ട്രകൂടരുടെ ആധിപത്യം അംഗീകരിച്ചു.

ഗോവിന്ദന്‍ III-ന്റെ പിന്‍ഗാമിയായ നൃപതുംഗന്‍ അഥവാ അമോഘവർഷന്‍ (814-881) രാഷ്‌ട്രകൂടവംശത്തിലെ ഏറ്റവും പ്രഗല്‌ഭനായ രാജാവായിരുന്നു. സൈനികരംഗത്തെക്കാള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ്‌ ഇദ്ദേഹം മതം, കല, സാഹിത്യം എന്നീ രംഗങ്ങളിലുണ്ടാക്കിയത്‌. അദ്ദേഹം ജൈനമതപ്രചാരണത്തിനുവേണ്ടി പല സേവനങ്ങളുമനുഷ്‌ഠിച്ചു. ജൈനപണ്ഡിതനായ ജിനസേനന്‍ അമോഘവർഷന്റെ ഉപദേശകനായിരുന്നു. ഹിന്ദുമതത്തെയും അദ്ദേഹം പ്രാത്സാഹിപ്പിച്ചിരുന്നു. മഹാലക്ഷ്‌മിയായിരുന്നു ഇഷ്‌ടദേവത. ആ കാലത്ത്‌ ദക്ഷിണേന്ത്യ സന്ദർശിച്ച അറബിവ്യാപാരി സുലൈമാന്‍ അമോഘവർഷനെ അന്നു ലോകത്തിൽ ജീവിച്ചിരുന്ന മഹാന്മാരായ നാല്‌ രാജാക്കന്മാരിൽ ഒരാളായി കണക്കാക്കിയിരിക്കുന്നു. അമോഘവർഷന്റെ പിന്‍ഗാമികള്‍ ദുർബലരായിരുന്നതിനാൽ രാഷ്‌ട്രകൂടശക്തി ക്ഷയിച്ചു. സാംസ്‌കാരിക സംഭാവനകള്‍. സാംസ്‌കാരികരംഗത്ത്‌ രാഷ്‌ട്രകൂടർ സാരമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. അവരുടെ ഭരണകാലം ഡക്കാണിന്റെ ചരിത്രത്തിൽ ജൈനമതത്തിന്റെ സുവർണയുഗമായിരുന്നു. ശൈവമതവും വൈഷ്‌ണവമതവും ഇക്കാലത്തു പുരോഗതിനേടി. ബുദ്ധമതം ക്ഷയിച്ചുകൊണ്ടിരുന്നെങ്കിലും ചില ബുദ്ധമതകേന്ദ്രങ്ങള്‍ തുടർന്നും നിലനിന്നു.

സാഹിത്യരംഗത്ത്‌ രാഷ്‌ട്രകൂടരുടെ നേട്ടങ്ങള്‍ വളരെ ശ്രദ്ധേയമാണ്‌. കന്നഡസാഹിത്യം ഇക്കാലത്ത്‌ ഗണ്യമായ പുരോഗതി നേടി. നൃപതുംഗന്‍ അഥവാ അമോഘവർഷന്റെ കവിരാജമാർഗമാണ്‌ ഈ ഭാഷയിലെ ഏറ്റവും പഴക്കംചെന്ന കൃതി. ആദിപുരാണം, വിക്രമാർജുനവിജയം എന്നീ കൃതികളുടെ കർത്താവായ പമ്പനും, ശാന്തിപുരാണകർത്താവായ പൊന്നനും അജിതപുരാണത്തിന്റെ കർത്താവായ രന്നനും ഇക്കാലത്താണ്‌ ജീവിച്ചിരുന്നത്‌. കന്നട സാഹിത്യത്തിലെ ത്രിരത്‌നങ്ങളായി പമ്പനും പൊന്നനും രന്നനും അറിയപ്പെടുന്നു.

വിദ്യാഭ്യാസരംഗത്തും രാഷ്‌ട്രകൂടരാജ്യം അഭിവൃദ്ധി പ്രാപിച്ചിരുന്നു. 945-ലെ സലോട്‌ഗി ശാസനത്തിൽ ഉന്നതവിദ്യാകേന്ദ്രങ്ങങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. ശില്‌പകലാരംഗത്തും രാഷ്‌ട്രകൂടർ അവരുടെ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. എല്ലോറയിലെ കൈലാസക്ഷേത്രം ഇക്കാലത്തെ വാസ്‌തുശില്‌പത്തിന്റെ ഉത്തമമാതൃകയാണ്‌. മുംബൈക്കു സമീപമുള്ള എലിഫെന്റാഗുഹകളിലെ ദേവശില്‌പങ്ങളും ഇക്കാലത്ത്‌ നിർമിക്കപ്പെട്ടവയാണ്‌.

പല്ലവർ. പല്ലവർ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖരാഷ്‌ട്രീയശക്തിയായിരുന്നു. 4 മുതൽ 6 വരെയുള്ള ശതാബ്‌ദങ്ങളിലെ പല്ലവരുടെ ചരിത്രം ചോള-പാണ്ഡ്യചരിത്രങ്ങളെക്കാള്‍ വ്യക്തമായി ലഭ്യമാണ്‌. കാഞ്ചി തലസ്ഥാനമായി ഒന്നിലേറെ പല്ലവരാജ്യങ്ങളുണ്ടായിരുന്നതിന്‌ തെളിവുണ്ട്‌. 560-580-ൽ സിംഹവിഷ്‌ണുവിന്റെ ഭരണത്തോടെ മഹാന്മാരായ പല്ലവരെന്ന്‌ അറിയപ്പെടുന്ന രാജാക്കന്മാരുടെ കാലം തുടങ്ങുന്നു. പല്ലവരാജ്യം കാവേരി മുതൽ ചെന്നൈ വരെ പരന്നുകിടന്നിരുന്നു. ചോളർ, പാണ്ഡ്യർ, കളഭ്രർ എന്നിവരെ സിംഹവിഷ്‌ണു തോല്‌പിച്ചതായി കരുതപ്പെടുന്നു. മഹേന്ദ്രവർമന്‍ ക-ന്റെ ഭരണകാലത്ത്‌ ചാലൂക്യരാജാവായ പുലകേശി കക പല്ലവരാജ്യം ആക്രമിച്ച്‌ വേംഗി കൈവശപ്പെടുത്തി. ജൈനനായിരുന്ന മഹേന്ദ്രവർമന്‍ പില്‌ക്കാലത്ത്‌ ശൈവമതം സ്വീകരിച്ചു. തുടർന്ന്‌ അദ്ദേഹം ജൈനരെ തന്റെ രാജ്യത്തുനിന്ന്‌ നിഷ്‌കാസനം ചെയ്യുന്നതിനും ശൈവമതം പ്രചരിപ്പിക്കുന്നതിനും ശ്രമിച്ചു. സാഹിത്യകാരന്മാരെ അദ്ദേഹം പ്രാത്സാഹിപ്പിച്ചു. ദക്ഷിണേന്ത്യയിലെ സമകാലീന മതാചാരങ്ങളെപ്പറ്റിയുള്ള വിവരങ്ങളുള്‍ക്കൊള്ളുന്ന മത്തവിലാസ പ്രഹസനം ഇദ്ദേഹം രചിച്ചതാണ്‌. ഒരു നല്ല സംഗീതജ്ഞന്‍ കൂടിയായിരുന്നു ഇദ്ദേഹം.

നരസിംഹവർമന്‍ (630-668) ആയിരുന്നു മഹേന്ദ്രവർമന്റെ പിന്‍ഗാമി. ഇദ്ദേഹം ചോള-ചേര-പാണ്ഡ്യ രാജാക്കന്മാരെ തുടർച്ചയായി യുദ്ധങ്ങളിൽ തോല്‌പിച്ചു. നരസിംഹവർമന്‍ ചാലൂക്യതലസ്ഥാനമായിരുന്ന ബാദാമിയിൽ ഒരു വലിയ സൈന്യത്തോടെ പ്രവേശിച്ച്‌ ആ നഗരത്തിന്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തി. ഇദ്ദേഹം രണ്ടുപ്രാവശ്യം തന്റെ നാവികസേനയെ സിലോണിലേക്കയച്ചു. സാംസ്‌കാരികരംഗത്ത്‌ നരസിംഹവർമനും സേവനങ്ങള്‍ അനുഷ്‌ഠിച്ചിട്ടുണ്ട്‌. ദക്ഷിണേന്ത്യന്‍ ശില്‌പകലയുടെ ഒരു പ്രധാന കേന്ദ്രമായ മാമല്ലപുരം ഇദ്ദേഹത്തിന്റെ സൃഷ്‌ടിയാണ്‌. മാമല്ലപുരത്തെ ഒരു തുറമുഖമെന്ന നിലയിൽ വളർത്തിയെടുക്കുന്നതിന്‌ ഇദ്ദേഹം ശ്രദ്ധിച്ചു. ചൈനീസ്‌ തീർഥാടകനായ ഹ്യൂയന്‍സാങ്‌ കാഞ്ചി സന്ദർശിച്ചത്‌ ഇദ്ദേഹത്തിന്റെ കാലത്താണ്‌.

സാംസ്‌കാരികവികാസം. സാഹിത്യരംഗത്ത്‌ പല്ലവർ വിശിഷ്‌ടമായ സേവനങ്ങള്‍ അനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്‌കൃതഭാഷയ്‌ക്ക്‌ അവർ ഗണ്യമായ പ്രാത്സാഹനം നല്‌കി. കാഞ്ചി സർവകലാശാലയുടെ ഭരണച്ചുമതല നിർവഹിച്ചിരുന്നത്‌ പ്രശസ്‌തി നേടിയ സംസ്‌കൃതപണ്ഡിതന്മാരായിരുന്നു. ഒരു ഉന്നത വിദ്യാകേന്ദ്രമെന്ന നിലയ്‌ക്ക്‌ കാഞ്ചി ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും ആകർഷിച്ചിരുന്നു. ദിങ്‌നാഗന്‍, ഭരവി, ദണ്ഡി മുതലായ പല പ്രശസ്‌ത സാഹിത്യകാരന്മാരും പല്ലവരാജസദസ്സിനെ അലങ്കരിച്ചിരുന്നു. മഹേന്ദ്രവർമന്‍ ക തന്നെ ഒരു പ്രശസ്‌ത പണ്ഡിതനായിരുന്നു. ഭാസന്റേതെന്നു കരുതപ്പെട്ടിട്ടുള്ള നാടകങ്ങള്‍ പല്ലവകാലത്ത്‌ രചിക്കപ്പെട്ടവയാണ്‌ എന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

പ്രതിമാശില്‌പകലയും വാസ്‌തുശില്‌പവും പല്ലവകാലത്തു പുരോഗതി നേടി. പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങളും രഥങ്ങളും പല്ലവകാലത്തെ ക്ഷേത്രശില്‌പ മാതൃകകളാണ്‌. അർജുനന്റെ തപസ്സ്‌ എന്നറിയപ്പെടുന്ന വിശിഷ്‌ട ശിലാശില്‌പം മാമല്ലപുരത്തുണ്ട്‌. ദേവന്മാരും മനുഷ്യരും മൃഗങ്ങളും ഭക്തിനിർഭരമായ ഒരന്തരീക്ഷത്തിൽ അദ്‌ഭുതത്തോടെ നില്‌ക്കുമ്പോള്‍ ഗംഗ ഭൂമിയിലേക്ക്‌ ഒഴുകിവരുന്ന കാഴ്‌ചയാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്‌. പല്ലവകാലത്തിലെ അത്യുത്തമകലാസൃഷ്‌ടിയായി ഇതിനെ കണക്കാക്കാം. ശിത്തനവാസലിലെ ഗുഹാചിത്രങ്ങളും പല്ലവകാലത്തു രചിക്കപ്പെട്ടവയാണ്‌. നൃത്തം, സംഗീതം, ചിത്രകല എന്നീ സുകുമാര കലകള്‍ അത്യധികം പ്രാത്സാഹിപ്പിക്കപ്പെട്ടിരുന്നു.

മതം. പല്ലവകാലത്തു ബുദ്ധമതവും ജൈനമതവും ക്ഷയിച്ചു; ഹിന്ദുമതം പുരോഗതി പ്രാപിച്ചു. ഭക്തി മാർഗസ്ഥാപകരായ ആഴ്‌വാർമാരും നായനാർമാരും ഇക്കാലത്ത്‌ തമിഴ്‌നാട്ടിൽ തങ്ങളുടെ ഗാനകൃതികളിലൂടെ ഒരു മതനവോത്ഥാനം സൃഷ്‌ടിച്ചു. ക്ഷേത്രരാധാനയും, ഇഷ്‌ടദേവനിൽ പൂർണമായി ശരണംപ്രാപിക്കലുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ കാതൽ. ഈ ഭക്തി പ്രസ്ഥാനത്തിന്റെ വൈഷ്‌ണവശാഖയ്‌ക്ക്‌ നേതൃത്വം നല്‌കിയവരാണ്‌ ആഴ്‌വാർമാർ. ശൈവമതത്തിൽപ്പെട്ടവരെ നായനാർമാരെന്നു പറയുന്നു. ആഴ്‌വാർമാരിൽ ഒരാളായ തിരുമങ്കൈയും നായനാർമാരിൽപ്പെട്ട അപ്പർ, സംബന്ധർ, സുന്ദരർ, ചേരമാന്‍പെരുമാള്‍ എന്നിവരും പല്ലവകാലത്ത്‌ ജീവിച്ചിരുന്നവരാണ്‌. ആഴ്‌വാർമാരുടെ കൃതികളുടെ സമാഹാരമായ നാലായിര ദിവ്യപ്രബന്ധവും, നായനാർമാരുടെ കൃതികളുടെ സമാഹാരമായ തേവാരവും ഹിന്ദുമതത്തെ തമിഴ്‌നാട്ടിൽ സ്ഥിരപ്രതിഷ്‌ഠമാക്കി. ക്ഷേത്രങ്ങളും അവയോടു ബന്ധപ്പെട്ട വിദ്യാകേന്ദ്രങ്ങളും ഹിന്ദുമത വികാസത്തിന്റെ ഫലമായി നിലവിൽവന്നു. ഇങ്ങനെ പല്ലവകാലം ഹിന്ദുമതത്തിന്റെ കാര്യത്തിലും ദക്ഷിണേന്ത്യാചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.

ചോളന്മാർ. ഒരു കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയശക്തിയായിരുന്നു ചോളന്മാർ. മഹാഭാരതത്തിലും അശോകശാസനങ്ങളിലും പല വിദേശീയ യാത്രാവിവരണങ്ങളിലും ചോളന്മാരെപ്പറ്റി പരാമർശങ്ങളുണ്ട്‌. ആദ്യകാല ചോളന്മാരെപറ്റി സംഘം കൃതികളിൽനിന്ന്‌ വിവരങ്ങള്‍ ലഭിക്കുന്നു. സംഘകാലത്തു ജീവിച്ചിരുന്ന കരികാലചോളന്റെ മരണശേഷം ചോളശക്തി ക്ഷയിച്ചെങ്കിലും പല്ലവരുടെ പതനത്തെത്തുടർന്ന്‌ വിജയാലയന്‍ (850-71) ചോളശക്തി പുനഃസ്ഥാപിച്ചു.

രാജരാജന്‍ I (985-1016) ന്റെ സൈനികവിജയങ്ങളിൽ പ്രധാനപ്പെട്ടത്‌ ചേരരാജാവായ ഭാസ്‌കരരവിവർമന്റെ കേന്ദ്രമായ കാന്തളൂർശാല ഇദ്ദേഹം അധീനമാക്കിയാണ്‌. പാണ്ഡ്യരെക്കൊണ്ട്‌ രാജരാജന്‍ തന്റെ മേല്‌ക്കോയ്‌മ അംഗീകരിപ്പിച്ചു. മാലദ്വീപസമുഹവും ഇദ്ദേഹം കൈവശപ്പെടുത്തി.

രാജരാജന്‍ കലകളെയും സാഹിത്യത്തെയും പ്രാത്സാഹിപ്പിച്ചു. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം ഇദ്ദേഹമാണ്‌ നിർമിച്ചത്‌. രാജരാജന്‍ ഒരു ശൈവമത വിശ്വാസിയായിരുന്നെങ്കിലും വൈഷ്‌ണവമതത്തെയും പ്രാത്സാഹിപ്പിക്കുകയും നാഗപട്ടണത്തിൽ ഒരു ബുദ്ധവിഹാരം നിർമിക്കുകയും ചെയ്‌തു.

രാജേന്ദ്രന്‍ I (1012-44). രാജരാജന്റെ നിര്യാണത്തെത്തുടർന്ന്‌ രാജ്യഭാരമേറ്റ രാജേന്ദ്രന്‍ പിതാവിന്റെ സാമ്രാജ്യവികസനനയം തുടർന്നു. 1018-ൽ രാജേന്ദ്രന്‍ പാണ്ഡ്യരെ നിശ്ശേഷം തോല്‌പിച്ച്‌ അവരുടെ രാജ്യം തന്റെ കൊടിക്കീഴിലാക്കി. ചേരരാജാവിനെയും അദ്ദേഹം തോല്‌പിച്ചു; സിലോണും കീടക്കി; റായ്‌പൂരും വനവാസിയും ഗംഗന്മാരിൽനിന്ന്‌ പിടിച്ചെടുത്തു. രാജേന്ദ്രന്റെ ഉത്തേരന്ത്യയിലെ സൈനികവിജയങ്ങളിൽ പ്രധാനമായത്‌ ബംഗാളിലെ പാലരാജാവായ മഹീപാലന്‍ ക-നെ തോല്‌പിച്ചതാണ്‌. ഉത്തേരന്ത്യയിലെ വിജയങ്ങളെ തുടർന്ന്‌ അദ്ദേഹം "ഗംഗൈകൊണ്ടചോളന്‍' എന്ന ബിരുദവും സ്വീകരിച്ചു. തെ.കി. ഏഷ്യയിലേക്കും സിലോണിലേക്കും നാവികസേനയെ അയച്ച്‌ അവിടെയും പല വിജയങ്ങള്‍ നേടി. 1025-ൽ കഡാരത്തിലേക്കും ശ്രീവിജയത്തിലേക്കും സൈന്യങ്ങളെ അയച്ചു. ബർമ(മ്യാന്മാർ)യും മലയയും കൈവശപ്പെടുത്തി. സൈനികവിജയങ്ങളെ തുടർന്ന്‌ രാജേന്ദ്രന്‍ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധചെലുത്തി. ഗംഗൈകൊണ്ടചോളപുരം എന്ന പുതിയ തലസ്ഥാനനഗരം നിർമിച്ചു; ജലസേചനപദ്ധതികള്‍ നടപ്പിലാക്കി; സാഹിത്യത്തെയും സാഹിത്യകാരന്മാരെയും പ്രാത്സാഹിപ്പിച്ചു. ഈ പ്രാത്സാഹനത്തെത്തുടർന്ന്‌ "പണ്ഡിതവത്സലന്‍' എന്ന അപരനാമധേയം അദ്ദേഹത്തിനു ലഭിച്ചു.

ചോളരും ചാലൂക്യരും തമ്മിലുണ്ടായിരുന്ന വൈവാഹികബന്ധത്തിൽനിന്ന്‌ ഉടലെടുത്ത ഒരു പുതിയ രാജവംശമാണ്‌ 1070-നുശേഷം അധികാരത്തിൽവന്നത്‌. ഈ വംശത്തിലെ ആദ്യരാജാവാണ്‌ കുലോത്തുംഗചോളന്‍. ഇദ്ദേഹത്തിന്റെ ഭരണകാലം സൈനികനേട്ടങ്ങളുടെയും ഭരണപരിഷ്‌കാരങ്ങളുടെയും കാലമായിരുന്നു. കുലോത്തുംഗന്റെ മരണശേഷം ചോളശക്തി ക്ഷയിച്ചു.

ഭരണവ്യവസ്ഥ. ചോളന്മാരുടെ കാലത്ത്‌ വിപുലമായ തോതിൽ സംവിധാനം ചെയ്യപ്പെട്ട ഒരു ഭരണകൂടം പ്രവർത്തിച്ചിരുന്നു. രാജവാഴ്‌ചയിൽ അധിഷ്‌ഠിതമായിരുന്നു അത്‌. രാജാവ്‌ ഒരു വ്യവസ്ഥാപിത ഭരണാധികാരിയായിരുന്നു. മന്ത്രിമാരുടെ ഒരു സമിതിയും ഒരു വലിയ ഉദ്യോഗസ്ഥവൃന്ദവും രാജാവിനെ ഉപദേശിക്കാനുണ്ടായിരുന്നു. ചോളകാലത്തെ ഭരണവ്യവസ്ഥിതിയുടെ സവിശേഷത ഗ്രാമതലസ്വയംഭരണമായിരുന്നു. ഗ്രാമഭരണസംബന്ധമായ എല്ലാ ചുമതലകളും അധികാരങ്ങളും ജനങ്ങളിൽ നിക്ഷിപ്‌തമായിരുന്നു. പ്രായപൂർത്തിവന്ന എല്ലാവരും ഉള്‍പ്പെട്ട ഒരു സമിതിയായിരുന്നു ഗ്രാമഭരണം നിർവഹിച്ചുപോന്നത്‌. രണ്ടുതരം സമിതികള്‍ ഉണ്ടായിരുന്നു: ഊരും സഭയും. ആദ്യത്തേത്‌ ഗ്രാമത്തിലെല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു സംഘടനയും രണ്ടാമത്തേത്‌ ബ്രാഹ്മണർ മാത്രമുള്ള ഒരു ഉപരിസമിതിയുമായിരുന്നു. ഇത്തരം ബ്രാഹ്‌ണസഭകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉത്തിരമേരൂർശാസനങ്ങളിൽനിന്നു ലഭിക്കുന്നുണ്ട്‌.

ഭൂനികുതിയായിരുന്നു സർക്കാരിന്റെ പ്രധാന വരുമാനമാർഗം. മൊത്തം ഉത്‌പാദനത്തിന്റെ ആറിലൊന്നായിരുന്ന ഇത്‌. നികുതിനിരക്ക്‌ നിശ്ചയിക്കാന്‍ "സർവേ'കള്‍ നടത്തിയിരുന്നു. ജലസേചനനികുതി, തൊഴിൽനികുതി, കോടതിഫീസ്‌, പിഴകള്‍ എന്നിങ്ങനെ മറ്റു വരുമാനമാർഗങ്ങളും ഉണ്ടായിരുന്നു. നികുതി അടയ്‌ക്കുന്നതിൽ വീഴ്‌ചവരുത്തുന്നവരുടെ സ്വത്തുക്കള്‍ ലേലം വിളിച്ചിരുന്നു. നീതിന്യായം. നീതിന്യായഭാരണം ഗ്രാമസഭകളും ഉദ്യോഗസ്ഥന്മാരും നിർവഹിച്ചിരുന്നു. സിവിൽകേസുകളിൽ രാജകീയോദ്യോഗസ്ഥന്മാരും ക്രിമിനൽ കേസുകളിൽ ഗ്രാമസഭയും തീർപ്പു കല്‌പിച്ചുവന്നു. കൊലപാതകത്തിനു വധശിക്ഷ നല്‌കിയിരുന്നുവെങ്കിലും ചോളരുടെ ശിക്ഷാനിയമം പൊതുവേ ഉദാരമായിരുന്നു.

സൈന്യം. ചോളരാജാക്കന്മാർ സുസജ്ജമായ ഒരു ചതുരംഗസേന സംഘടിപ്പിച്ചിരുന്നു. സൈന്യത്തിൽ അച്ചടക്കം കർശനമായി പാലിക്കപ്പെട്ടു. വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഒരു നാവികസേനയും അവർക്കുണ്ടായിരുന്നു.

മതം. ചോളകാലത്ത്‌ ശൈവ-വൈഷ്‌ണവമതങ്ങള്‍ ഗണ്യമായ പുരോഗതിനേടി. ശൈവമതതത്ത്വങ്ങള്‍ പഠിപ്പിച്ചിരുന്ന മഠങ്ങള്‍ ഇക്കാലത്തു നിലവിൽവന്നു. ക്ഷേത്രനിർമാണം വിപുലമായതോതിൽ നടത്തപ്പെട്ടു. വിദ്യാഭ്യാസം. ഓരോ ഗ്രാമത്തിലും വിദ്യാലയം സ്ഥാപിക്കപ്പെട്ടിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ മികച്ച നേട്ടങ്ങള്‍ ഉണ്ടായി. മീമാംസ, വ്യാകരണം എന്നീ വിഷയങ്ങളിൽ പ്രത്യേക പാഠ്യപദ്ധതികള്‍ ഉണ്ടായിരുന്നു. തഞ്ചാവൂരിനടുത്ത്‌ തിരുവാടുതുറയിൽ ചരകന്റെയും വാഗ്‌ഭടന്റെയും ഗ്രന്ഥങ്ങളെ ആസ്‌പദമാക്കി വൈദ്യശാസ്‌ത്രം പഠിപ്പിച്ചിരുന്ന ഒരു വിദ്യാലയമുണ്ടായിരുന്നു.

സാഹിത്യം. പല വിശിഷ്‌ടസാഹിത്യകൃതികളും ഇക്കാലത്ത്‌ രചിക്കപ്പെട്ടു. ജയംകൊണ്ടാരുടെ കലിംഗത്തുപ്പരണി, ഒട്ടക്കൂത്തരുടെ ഉലാകള്‍ എന്നിവ ചോളകാലത്തെ മികച്ച തമിഴ്‌ കൃതികളാണ്‌. കവിചക്രവർത്തിയായ കമ്പർ തമിഴിൽ രാമായണം രചിച്ചതും ഇക്കാലത്തായിരുന്നു. ഇക്കാലത്തെ വേറൊരു കൃതിയാണ്‌ മാതേവനടികള്‍ ചേക്കിഴാരുടെ പെരിയപുരാണം.

കല. ചോളരുടെ കാലത്ത്‌ ക്ഷേത്രശില്‌പകലയും പ്രതിമാനിർമാണവും അഭിവൃദ്ധിപ്രാപിച്ചു. നടരാജനെ ചിത്രീകരിക്കുന്ന ലോഹപ്രതിമകള്‍ ഇതിനു ദൃഷ്‌ടാന്തങ്ങളാണ്‌. ബൃഹദീശ്വരക്ഷേത്രവും ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രവും ചോളരുടെ ക്ഷേത്രശില്‌പമാതൃകകളാണ്‌. ചോളരുടെ ഭരണകാലം ദക്ഷിണേന്ത്യാചരിത്രത്തിന്റെ ഉജ്വലമായ സാംസ്‌കാരികവികാസത്തിന്റെ കാലമാണെന്ന്‌ പറയാം.

പാണ്ഡ്യർ. മധുര-തിരുനെൽവേലി ജില്ലകള്‍ ഉള്‍പ്പെട്ടതാണ്‌ പ്രാചീനകാലത്തെ പാണ്ഡ്യരാജ്യം; മധുരയായിരുന്നു തലസ്ഥാനം. ആദ്യകാല പാണ്ഡ്യരാജാക്കാന്മാരെപ്പറ്റി വ്യക്തമായ വിവരങ്ങളൊന്നിമില്ല. സംഘകൃതികളിൽ പറയപ്പെടുന്ന നെടുംചേഴിയന്റെ കാലത്തിനുശേഷം പാണ്ഡ്യശക്തി ക്ഷയിക്കുകയും പല്ലവർ ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു. ഏഴാം ശ.-ത്തിൽ പാണ്ഡ്യശക്തി പുനഃസ്ഥാപിക്കിപ്പെട്ടു. മാറവർമന്‍ രാജസിംഹന്‍ എന്ന പാണ്ഡ്യരാജാവ്‌ കാവേരിപ്രദേശം കൈയടക്കുകയും പല്ലവരുമായി ഏറ്റുമുട്ടുകയും ചെയ്‌തു.

രാജസിംഹനെത്തുടർന്ന്‌ മാചടൈയന്‍ അഥവാ ജടിലവർമന്‍ പരാന്തകന്‍ (765-815) ചേരരെയും പല്ലവരെയും പരാജയപ്പെടുത്തി തന്റെ സാമ്രാജ്യം വികസിപ്പിച്ചു. സേലം, കോയമ്പത്തൂർ, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി എന്നീ ഭൂവിഭാഗങ്ങള്‍ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഉള്‍പ്പെട്ടിരുന്നു. ശ്രീമാറശ്രീവല്ലഭനായിരുന്നു (815-62) പിന്നത്തെ രാജാവ്‌. പാണ്ഡ്യർ സിലോണ്‍ ആക്രമിച്ചത്‌ ഇദ്ദേഹത്തിന്റെ കാലത്താണ്‌.

പാണ്ഡ്യരാജാക്കന്മാരിൽ ഏറ്റവും പ്രഗല്‌ഭനായ ജടാവർമന്‍ സുന്ദരപാണ്ഡ്യന്‍ 1251-ൽ സിംഹാസനാരോഹണം ചെയ്‌തു. ഹോയ്‌സാലരെ തോല്‌പിച്ച്‌ ഇദ്ദേഹം പാണ്ഡ്യരാജ്യം വികസിപ്പിച്ചു. സുന്ദരപാണ്ഡ്യന്റെ പിന്‍ഗാമിയായ മാറവർമന്‍ കുലശേഖരന്‍ (1268-1310) ഹോയ്‌സാലരെ നിശേഷം കീഴടക്കി.

മാറവർമന്‍ കുലശേഖരന്റെ മരണത്തെത്തുടർന്ന്‌ (1310) അദ്ദേഹത്തിന്റെ മക്കളായ സുന്ദരപാണ്ഡ്യനും വീരപാണ്ഡ്യനും തമ്മിൽ അധികാരമത്സരം തുടങ്ങി. ഈ അവസരത്തിലാണ്‌ അലാവുദ്ദീന്‍ കിൽജിയുടെ സേനാനായകനായിരുന്ന മാലിക്‌ കാഫർ മധുര ആക്രമിച്ച്‌ കീഴടക്കിയത്‌. ഇതിനെത്തുടർന്നുണ്ടായ ആഭ്യന്തരകലാപം വേണാട്‌ രാജാവായിരുന്ന രവിവർമ കുലശേഖരന്‌ മധുര ആക്രമിക്കാനുള്ള അവസരം സൃഷ്‌ടിച്ചു. രവിവർമ വീരപാണ്ഡ്യന്റെ സൈന്യങ്ങളെ തോല്‌പിക്കുകയും പാണ്ഡ്യരാജ്യത്തിൽപ്പെട്ട പല സ്ഥലങ്ങളിലും തന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു. കാഞ്ചീപുരംവരെ രവിവർമ തന്റെ ജൈത്രയാത്ര തുടർന്നു. രവിവർമയുടെ വിജയം പാണ്ഡ്യശക്തിക്കേറ്റ ഒരു പ്രഹരമായിരുന്നു. 18-ാം ശ.-വരെ പല പാണ്ഡ്യമേധാവികളും ദക്ഷിണേന്ത്യയിൽ ചെറുരാജ്യങ്ങള്‍ സ്ഥാപിച്ച്‌ ഭരണം നടത്തിപ്പോന്നു. പാണ്ഡ്യരാജാക്കന്മാരുടെ കാലത്തെ ഭരണവ്യവസ്ഥ ചോള-പല്ലവരാജ്യങ്ങളുടെതിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നില്ല. ഗ്രാമസഭകള്‍ സജീവമായി പ്രവർത്തിച്ചുപോന്നു. പാണ്ഡ്യരാജാക്കന്മാർ സാഹിത്യവും കലകളും പ്രാത്സാഹിപ്പിച്ചു. സംസ്‌കൃതവും തമിഴും അവരുടെ പ്രാത്സാഹനത്താൽ ഉത്‌കർഷം പ്രാപിച്ചു. മധുര ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന തമിഴ്‌സംഘം തമിഴ്‌സാഹിത്യത്തിനും വിജ്ഞാനത്തിനും ഗണ്യമായ സംഭാവനകള്‍ നല്‌കി. വൈഷ്‌ണവമതവും ശൈവമതവും പുരോഗതിനേടി. ക്ഷേത്രനിർമാണത്തിലും ഇവർ ശ്രദ്ധപതിപ്പിച്ചു. പാണ്ഡ്യരാജാക്കന്മാർ വിദേശവ്യാപാരികള്‍ക്ക്‌ ഉദാരമായ സൗജന്യങ്ങള്‍ ചെയ്‌തുകൊടുത്തു. മാർക്കോപോളോയുടെ വിവരണങ്ങളിൽനിന്ന്‌ പാണ്ഡ്യരാജ്യത്തിലെ സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ച്‌ പല വിവരങ്ങളും ലഭിക്കുന്നുണ്ട്‌.

ചേരർ.സംഘകാലത്തിനുശേഷം എ.ഡി. എട്ടാം ശ.-ത്തിൽ കുലശേഖരവർമയുടെ നേതൃത്വത്തിൽ ചേരശക്തി പുനഃസ്ഥാപിതമായി. കുലശേഖരന്മാരെന്ന്‌ വിഖ്യാതരായ 13 രാജാക്കന്മാരുടെ നേതൃത്വത്തിൽ ചേരശക്തി പുനഃസ്ഥാപിതമായി. കുലശേഖരന്‍മാരെന്ന്‌ വിഖ്യാതരായ 13 രാജാക്കന്മാരുടെ ഒരു പരമ്പര തിരുവഞ്ചിക്കുളം അഥവാ മഹോദയപുരം തലസ്ഥാനമാക്കി എ.ഡി. 800 തൊട്ട്‌ 1102 വരെ ഭരിച്ചു. കുലശേഖരവർമയാണ്‌ (800-820) രണ്ടാം ചേരസാമ്രാജ്യസ്ഥാപകന്‍. പ്രശസ്‌ത ഭക്തകവിയായ കുലശേഖര ആഴ്‌വാർ ഇദ്ദേഹംതന്നെയാണ്‌. കുലശേഖരവംശത്തിലെ രണ്ടാമത്തെ രാജാവായിരുന്നു രാജശേഖരവർമ (എ.ഡി. 820-44). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ കൊല്ലവർഷം സ്ഥാപിതമായത്‌ (എ.ഡി. 825). അടുത്ത ചക്രവർത്തിയായ സ്ഥാണുരവിവർമ (844-85) സമുന്നതനായ ഒരു ഭരണാധിപനായിരുന്നു. അദ്ദേഹം ഒരു ശിവഭക്തനുമായിരുന്നു. ഭാസ്‌കരന്റെ സുപ്രസിദ്ധമായ ലഘുഭാസ്‌കരീയം എന്ന ജ്യോതിഃശാസ്‌ത്രഗ്രന്ഥത്തിന്‌ ശങ്കരനാരായണീയമെന്ന വ്യാഖ്യാനമെഴുതിയ ശങ്കരനാരായണന്‍ ഇദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. സ്ഥാണുരവിയുടെ കാലത്ത്‌ കേരളവും ചൈനയും തമ്മിൽ വിപുലമായ തോതിൽ കച്ചവടബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നതായി രേഖകളുണ്ട്‌.

സ്ഥാണുരവിയുടെ പിന്‍ഗാമിയായ രാമവർമകുലശേഖരന്‍ (815-917) സാഹിത്യത്തിന്റെയും കലകളുടെയും പ്രാത്സാഹകന്‍ എന്ന നിലയിൽ പ്രശസ്‌തിയാർജിച്ചു. ഗോദരവിവർമയാണ്‌ (917-44) അടുത്ത ചേരചക്രവർത്തി. ഗോദരവിവർമയുടെകാലം മുതല്‌ക്ക്‌ ചോള-ചേരബന്ധം ശിഥിലമാകാന്‍ തുടങ്ങി. അദ്ദേഹം തന്റെ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയിൽ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഫലപ്രദമായ പല നടപടികളും എടുത്തു. ഇന്ദുക്കോതവർമയുടെ (944-62) കാലത്ത്‌ കൊങ്ങുനാടിന്റെ വ.പ. ഭാഗം ചോളർ ആക്രമിച്ചു.

ഇന്ദുക്കോതവർമയുടെ പിന്‍ഗാമികളായി ഭാസ്‌കര രവിവർമ ക (962-1019). ഭാസ്‌കരരവിവർമ കക (1011-21) എന്നിവർ രാജ്യം ഭരിച്ചു. എ.ഡി. 1000-ൽ ഭാസ്‌കരരവിവർമ I മഹോദയപുരത്ത്‌ വച്ച്‌ യഹൂദപ്രമാണിയായ ജോസഫ്‌ റമ്പാന്‌ പല അവകാശങ്ങളും കൊടുത്തതായി രേഖപ്പെടുത്തുന്ന ജൂതശാസനം ചരിത്രപ്രാധാന്യമുള്ള ഒരേടാണ്‌. ഇദ്ദേഹത്തിന്റെ കാലത്താണ്‌ ചോള-ചേരയുദ്ധം ആരംഭിച്ചത്‌. രാജരാജചോളന്‍ ദക്ഷിണകേരളം പല പ്രാവശ്യം ആക്രമിക്കുകയുണ്ടായി. രാജരാജന്റെ ഭരണാവസാനത്തോടെ തിരുവിതാംകൂറിന്റെ തെക്കന്‍ പ്രദേശങ്ങള്‍ പൂർണമായും ചോളാധിപത്യത്തിലായി. വീരകേരളനായിരുന്നു ഭാസ്‌കരരവി II-ന്റെ പിന്‍ഗാമി. ഇദ്ദേഹത്തിന്റെ കാലത്തും ചോള-ചേരയുദ്ധം തുടർന്നു. ചോളർ ചേരരാജാക്കന്മാരുടെ മേൽ പല വിജയങ്ങളും കൈവരിച്ചു. വീരകേരളന്റെ പിന്‍ഗാമിയായ രാജസിംഹന്റെ (1028-43) കാലത്തും ചോളാധിപത്യം കേരളത്തിൽ കുറെക്കാലത്തേക്കെങ്കിലും നിലനിന്നു.

ഭാസ്‌കരരവിവർമ III-ന്റെയും (1043-82) രവിരാമവർമയുടെയും കാലത്ത്‌ ചേരസാമ്രാജ്യം അതിന്റെ ശക്തി വീണ്ടെടുക്കാന്‍ ശ്രമിച്ചു. ചോളചക്രവർത്തിയായ കുലോത്തുംഗന്റെ ഭരണാരംത്തിൽ കേരളം ചോളനിയന്ത്രണത്തിൽനിന്ന്‌ വിമുക്തമായിരുന്നു. ഇക്കാലത്ത്‌ കുലോത്തുംഗന്‍ കന്യാകുമാരിയും വിഴിഞ്ഞവും കാന്തളൂരും ആക്രമിച്ചു.

ഈ ഘട്ടത്തിലാണ്‌ അവസാനത്തെ ചേരചക്രവർത്തിയായ രാമവർമകുലശേഖരന്‍ (1090-1102) ഭരണാധികാരമേറ്റത്‌. കുലോത്തുംഗന്‍ ഇതിനകം കൊല്ലംനഗരം ആക്രമിച്ചു നശിപ്പിച്ചു. രാമവർമകുലശേഖരന്‍ ചേരരുടെ ഒരു ചാവേറ്റുപട രൂപവത്‌കരിച്ച്‌ ചോളരുമായി യുദ്ധം ചെയ്‌തു. ചോളന്മാർ മഹോദയപുരവും പരിസരങ്ങളും ചുട്ടെരിക്കുകയുണ്ടായി. ഇതിനെത്തുടർന്ന്‌ രാമവർമകുലശേഖരന്‍ തന്റെ ആസ്ഥാനം മഹോദയപുരത്തുനിന്ന്‌ കൊല്ലത്തേക്കുമാറ്റി. അദ്ദേഹം ഒരു വലിയ സൈന്യത്തെ സജ്ജീകരിച്ച്‌ ചോളരെ നാഞ്ചിനാട്ടിൽനിന്ന്‌ ഓടിച്ചു; പക്ഷേ പിന്നീട്‌ മഹോദയപുരത്തേക്ക്‌ മടങ്ങിയില്ല. മഹോദയപുരത്തിന്റെ രാഷ്‌ട്രീയപ്രാധാന്യം അങ്ങനെ നഷ്‌ടപ്പെട്ടു. ഇത്‌ കുലശേഖരസാമ്രാജ്യത്തിന്റെ അസ്‌തമനം കുറിച്ചു.

ഭരണരീതി. കുലശേഖരന്മാരുടെ ഭരണകാലം കേരളചരിത്രത്തിലെ സുവർണയുഗമാണ്‌. സാർവത്രികമായ അഭിവൃദ്ധി ഇക്കാലത്തു നിലവിൽവന്നു. സമുജ്വലമായ സാംസ്‌കാരികോത്‌കർഷത്തിന്റെ കാലമായിരുന്നു അത്‌. സാഹിത്യം, കല, ശാസ്‌ത്രം, മതം, വ്യവസായം, വ്യാപാരം എന്നീ തുറകളിലെല്ലാംതന്നെ അഭിവൃദ്ധിയുണ്ടായി.

ഭരണസൗകര്യത്തിനുവേണ്ടി രാജ്യം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. പരമ്പരാഗതരായ നാടുവാഴികളോ ചക്രവർത്തിയുടെ സാമന്തരോ നാടുകളുടെ ഭരണകാര്യങ്ങള്‍ നിർവഹിച്ചുപോന്നു. മുന്നൂറ്റുവർ, അറുനൂറ്റുവർ തുടങ്ങിയ പ്രാദേശികസമിതികള്‍ നാടുവാഴികളെ അവരുടെ ഭരണമേഖലകളിൽ നിയന്ത്രിച്ചിരുന്നു. ഭരണകൂടത്തിന്റെ ഏറ്റവും മുകളിലായിരുന്നു ചക്രവർത്തി. അദ്ദേഹത്തെ പെരുമാള്‍ എന്നും വിളിച്ചിരുന്നു. മക്കത്തായമനുസരിച്ചായിരുന്നു സിംഹാസനാരോഹണം.

മതം. കുലശേഖരന്മാരുടെ ഭരണകാലത്ത്‌ കേരളത്തിൽ ജൈന-ബുദ്ധമതങ്ങള്‍ ക്ഷയിക്കുകയും ഹിന്ദുമതത്തിന്‌ പ്രചാരം കൂടുകയും ചെയ്‌തു. ശങ്കരാചാര്യർ, കുലശേഖരആഴ്‌വാർ, ചേരമാന്‍പെരുമാള്‍, വിറന്‍മിണ്ട നായനാർ എന്നീ സിദ്ധന്മാർ ഇക്കാലത്താണ്‌ ജീവിച്ചിരുന്നത്‌. കുലശേഖര ആഴ്‌വാർ തുടങ്ങിയ ഭക്തകവികള്‍ക്ക്‌ സാമാന്യജനങ്ങളെ ഹിന്ദുമതത്തിലേക്ക്‌ ആകർഷിക്കുവാന്‍ സാധിച്ചു. ഹിന്ദുമതത്തിന്റെ പുരോഗമനത്തോടെ ക്ഷേത്രനിർമാണവും ക്ഷേത്രകലകളും അഭിവൃദ്ധി പ്രാപിച്ചു. സാംസ്‌കാരികപ്രവർത്തനങ്ങളുടെ സിരാകേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. ക്ഷേത്രകലയോടൊപ്പം ചരിത്രരചനയും കൊത്തുപണിയും വികാസംനേടി. കേരളത്തിലെ മികച്ച ചുമർചിത്രങ്ങളുടെ ആരംഭവും ഇക്കാലത്തുതന്നെയായിരുന്നു.

സാഹിത്യവും വിജ്ഞാനവും. രണ്ടാം ചേരസാമ്രാജ്യകാലത്താണ്‌ മലയാളഭാഷയും സാഹിത്യവും രൂപംകൊണ്ടുതുടങ്ങുന്നത്‌. എ.ഡി. ഒന്‍പതാം ശ.-ത്തോടെ മലയാളം തമിഴിൽനിന്ന്‌ വേർപെടാന്‍തുടങ്ങി. കുലശേഖരന്‍മാർ സാഹിത്യത്തെയും വിജ്ഞാനത്തെയും പ്രാത്സാഹിപ്പിച്ചു. കുലശേഖരആഴ്‌വാർ തമിഴിൽ പെരുമാള്‍ തിരുമൊഴിയും സംസ്‌കൃതത്തിൽ മുകുന്ദമാലയും രചിച്ചു. തപതീസംവരണം, സുഭദ്രാധനഞ്‌ജയം എന്നീ നാടകങ്ങളും ഇപ്പോള്‍ അലഭ്യമായ ആശ്ചര്യമഞ്‌ജരിയും ഇദ്ദേഹത്തിന്റെ കൃതികളാണ്‌. സുപ്രസിദ്ധ ജ്യോതിഃശാസ്‌ത്രജ്ഞനായ ശങ്കരനാരായണന്റെ മേൽനോട്ടത്തിൽ മഹോദയപുരത്ത്‌ ഒരു ഖഗോളനിരീക്ഷണശാല പ്രവർത്തിച്ചിരുന്നു. അദ്വൈതസ്ഥാപകനായ ശങ്കാചാര്യർ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതയ്‌ക്കും ഭാഷ്യങ്ങള്‍ രചിച്ചത്‌ കുലശേഖരന്മാരുടെ കാലത്താണ്‌. കൂടിയാട്ടം എന്ന നാടകാഭിനയത്തിന്റെ പ്രമാണഗ്രന്ഥങ്ങളായ ആട്ടപ്രകാരങ്ങളും ക്രമദീപികകളും രചിക്കപ്പെട്ടത്‌ ഇക്കാലത്തുതന്നെ.

വാണിജ്യബന്ധങ്ങള്‍. കുലശേഖരസാമ്രാജ്യത്തിന്‌ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. കാന്തളൂർ, വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂർ എന്നിവയായിരുന്നു പ്രധാന തുറമുഖങ്ങള്‍. വിദേശവാണിജ്യംകൊണ്ട്‌ കേരളം സാമ്പത്തികാഭിവൃദ്ധി കൈവരിച്ചിരുന്നു. ചൈനയുമായും കേരളം വ്യാപാരം നടത്തിക്കൊണ്ടിരുന്നു. അഞ്ചുവച്ചം, മണിഗ്രാമം, വളഞ്ചിയർ മുതലായ വണിക്‌സംഘടനകള്‍ ഇക്കാലത്ത്‌ കേരളത്തിലെ സാമ്പത്തിക സാമൂഹികജീവിതത്തിൽ സുപ്രധാന പങ്കുവഹിച്ചു. നഗരജീവിതത്തിൽ അഞ്ചുവച്ചത്തിനും മണിഗ്രാമത്തിനുമുണ്ടായിരുന്ന പ്രാധാന്യം തരിസാപ്പള്ളിശാസനം വ്യക്തമാക്കുന്നു. ക്രസ്‌തവ ജൂതസമുദായങ്ങള്‍ക്ക്‌ വ്യാപാരരംഗത്തുണ്ടായിരുന്ന പദവിയും പ്രാമാണ്യവും ഇക്കാലത്തെ സിറിയന്‍ ക്രസ്‌തവശാസനങ്ങളും ജൂതശാസനങ്ങളും വ്യക്തമാക്കുന്നുണ്ട്‌.

രജപുത്രരും മുസ്‌ലിം ആക്രമണങ്ങളുടെ ആരംഭവും. ഹർഷന്റെ കാലത്തിനുശേഷം രജപുത്രർ ഉത്തരേന്ത്യയിലെ പ്രബലശക്തിയായി വളർന്നു. യൂറോപ്യന്‍ചരിത്രത്തിലെ ഫ്യൂഡൽയുഗവുമായി ഇന്ത്യാചരിത്രത്തിലെ രജപുത്രകാലത്തെ താരതമ്യപ്പെടുത്താറുണ്ട്‌. രജപുത്രരുടെ ചരിത്രത്തെപ്പറ്റി ലഭിച്ചിട്ടുള്ള അറിവു വളരെ പരിമിതമാണ്‌. കൽഹണന്റെ രാജതരംഗിണി, ചന്ദ്‌കവിയുടെ കൃതികള്‍, ഹേമചന്ദ്രന്റെ ചില കൃതികള്‍ മുതലായവയാണ്‌ ഇവരുടെ ചരിത്രത്തിലേക്ക്‌ അല്‌പമെങ്കിലും വെളിച്ചം വീശുന്നത്‌.

ക്ഷത്രിയവംശജരുടെ പിന്‍ഗാമികളാണ്‌ തങ്ങളെന്ന്‌ രജപുത്രർ അവകാശപ്പെടാറുണ്ട്‌; പക്ഷേ പല ചരിത്രകാരന്മാരുടെയും അഭിപ്രായം ഇവരുടെ മുന്‍ഗാമികള്‍ വിദേശാക്രമണകാരികളുടെ വംശപരമ്പരയിൽപ്പെടുന്നുവെന്നാണ്‌. എ.ഡി. രണ്ടു മുതൽ ആറു വരെ നൂറ്റാണ്ടുകളിൽ ഹൂണന്മാരുള്‍പ്പെടെയുള്ള പല വിദേശീയരും ഇന്ത്യയിൽ ആക്രമിച്ചു കടക്കുകയുണ്ടായി. ഈ വിദേശാക്രമണകാരികള്‍ പലരും പിന്നീട്‌ ഹിന്ദുമതം സ്വീകരിച്ച്‌ ഇന്ത്യയിൽ സ്ഥിരതാമസമാക്കി. അവരുടെ രാജകുടുംബാംഗങ്ങളെ ക്ഷത്രിയരായിട്ടാണ്‌ കരുതിപ്പോന്നത്‌. ഇവർ അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടുകയും സാമൂഹികാചാരങ്ങള്‍ കൈമാറുകയും ചെയ്‌തു. ഇവരുടെ വംശപരമ്പരയിൽപ്പെട്ടവരാണ്‌ പില്‌ക്കാലത്തെ രജപുത്രർ എന്നു കരുതപ്പെടുന്നു.

എ.ഡി. 10-ാം ശ.-ത്തോടുകൂടി മുസ്‌ലിം ആധിപത്യം സ്ഥാപിതമാകുന്നതുവരെ രജപുത്രശക്തി അജയ്യമായി നിലകൊണ്ടു. എങ്കിലും രജപുത്രർക്ക്‌ ഇന്ത്യയിൽ ഒരു കേന്ദ്രീകൃതഭരണകൂടം കെട്ടിപ്പടുക്കുന്നതിനു സാധിച്ചില്ല. രജപുത്രസമുദായം പല ഗോത്രങ്ങളായി വിഭജിതമായിരുന്നു. നിരന്തരമായ ആഭ്യന്തരകലഹങ്ങള്‍ക്ക്‌ വഴിതെളിച്ച സംഘടനാപരമായ ഈ വൈകല്യം അവരുടെ ശക്തിയെയും കെട്ടുറപ്പിനെയും സാരമായി ബാധിച്ചു. മുസ്‌ലിം ആക്രമണകാരികള്‍ക്കെതിരെ ഒറ്റക്കെട്ടായിനിന്നു പൊരുതാന്‍ അവർക്ക്‌ കഴിയാതെപോയി. രജപുത്രരുടെ അനൈക്യവും കിടമത്സരവുംകൊണ്ടു മാത്രമാണ്‌ പുറത്തുനിന്നുവന്ന മുസ്‌ലിം ആക്രമണകാരികള്‍ക്ക്‌ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യമായത്‌.

അറബികളുടെ സിന്ധ്‌ ആക്രമണം. ആദ്യകാല മുസ്‌ലിം ആക്രമണങ്ങളിൽവച്ച്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ അറബികളുടെ സിന്ധ്‌ ആക്രമണമായിരുന്നു. (എ.ഡി. 712). എട്ടാം ശ.-ത്തിന്റെ ആരംഭത്തിൽ സിന്ധിലെ കടൽക്കൊള്ളക്കാർ ഏതാനും അറബിക്കപ്പലുകള്‍ പിടിച്ചതിനെതുടർന്ന്‌ മുഹമ്മദ്‌ ഇബ്‌ന്‌ കാസിമിന്റെ നേതൃത്വത്തിൽ ഒരു സൈന്യം സിന്ധിൽ പ്രവേശിച്ചു. ഈ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ അറബികള്‍ വിജയം കൈവരിച്ചെങ്കിലും സിന്ധുനദി കടക്കാനുള്ള ശ്രമത്തിൽ അവർക്ക്‌ സിന്ധിലെ രാജാവായ ദാഹിറിന്റെ നേതൃത്വത്തിൽ രജപുത്രരുടെ സംഘടിത എതിർപ്പ്‌ നേരിടേണ്ടിവന്നു. റാവൽ എന്ന സ്ഥലത്തുവച്ച്‌ അറബികള്‍ ദാഹിറിനെ യുദ്ധത്തിൽ വധിക്കുകയും സിന്ധ്‌ കീഴടക്കുകയും ചെയ്‌തു.

അറബികളുടെ സിന്ധ്‌ ആക്രമണം വ്യർഥവും നിഷ്‌ഫലവുമായ ഒരു സാഹസമായിട്ടാണ്‌ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്‌. സ്ഥായിയായ യാതൊരു ഫലവും ഈ ആക്രമണംകൊണ്ട്‌ ഉണ്ടായില്ല. ഏതാനും അധിനിവേശപ്രദേശങ്ങളും കുറച്ചു കുടുംബങ്ങളും മാത്രമാണ്‌ അറബികളുടെ സ്‌മരണക്കായി ഇന്ത്യയിൽ അവശേഷിച്ചത്‌. കെട്ടിടങ്ങളോ റോഡുകളോ അവർ നിർമിച്ചില്ല. ഭാഷ, സാഹിത്യം, കല, ആചാരമര്യാദകള്‍ മുതലായവയ്‌ക്ക്‌ യാതൊരു മുതൽക്കൂട്ടും അറബികളിൽ നിന്നുണ്ടായില്ല. നേരെമറിച്ച്‌ പഴയ കോട്ടകളും കെട്ടിടങ്ങളും നാശോന്മുഖമാവുകയാണുണ്ടായത്‌.

മഹമൂദ്‌ഗസ്‌നി. 10-ാം. ശ.-ത്തിൽ ഖലീഫമാരുട ഭരണം ക്ഷയിച്ചതോടുകൂടി അവരുടെ അടിമകളായിരുന്ന തുർക്കികള്‍ അധികാരത്തിൽ വരികയും സ്വന്തമായ ഒരു ഭരണകൂടം പടുത്തുയർത്തുകയും ചെയ്‌തു. ഇവരിൽ ഒരാളായ ആൽപ്‌തജിന്‍ എ.ഡി. 933-ൽ ഗസ്‌നി പിടിച്ചെടുത്ത്‌ ഒരു സ്വാതന്ത്രരാജ്യം സ്ഥാപിച്ചു. തുടർന്ന്‌ സബക്തിജിന്‍ അധികാരത്തിന്‍ വരികയും, പഞ്ചാബിലെ രാജാവായ ജയപാലനെ തോല്‌പിച്ച്‌ ആ രാജ്യം സ്വന്തം സാമ്രാജ്യത്തോടു ചേർക്കുകയും ചെയ്‌തു. ഇത്‌ തുർക്കികളുടെ ആക്രമണപരമ്പരയുടെ തുടക്കം കുറിച്ചു. എ.ഡി. 997-ൽ മഹമൂദ്‌ഗസ്‌നി രാജ്യഭാരം കൈയേറ്റു. എ.ഡി. 1000-നും 1026-നുമിടയ്‌ക്ക്‌ അദ്ദേഹം പതിനേഴുപ്രാവശ്യം ഇന്ത്യ ആക്രമിച്ചു. പക്ഷേ പഞ്ചാബ്‌ മാത്രമേ കീഴടങ്ങിയുളളൂ. മഹമൂദ്‌ ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിലെ അളവറ്റ ധനം കൊള്ളയടിച്ച്‌ സ്വരാജ്യത്തേക്ക്‌ മടങ്ങി.

ഇന്ത്യയിൽ ശാശ്വതമായി ഒരു മുസ്‌ലിം സാമ്രാജ്യത്തിന്‌ അടിത്തറപാകാന്‍ മഹമൂദിന്‌ ഉദ്ദേശമുണ്ടായിരുന്നില്ല. അദ്ദേഹത്തെത്തുടർന്ന്‌ ഇന്ത്യയെ ആക്രമിച്ച മുഹമ്മദ്‌ഗോറിയാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

(എ. ശ്രീധരമേനോന്‍)

മധ്യകാലം

ഡൽഹി സുൽത്താന്മാർ (1206-1526). മഹമൂദ്‌ഗസ്‌നി (998-1036)യുടെ ആക്രമണങ്ങള്‍ ഇന്ത്യന്‍ ഭരണകൂടങ്ങളുടെ ശക്തിഹീനത തെളിയിച്ചുവെങ്കിലും മുഹമ്മദ്‌ഗോറി(1175-1206)ക്കാണ്‌ ദില്ലി കേന്ദ്രമാക്കി ഒരു ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌. മുഹമ്മദിന്റെ അനുചരന്മാർ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ആക്രമിച്ചു കീഴ്‌പ്പെടുത്തി. 1206-ൽ മുഹമ്മദ്‌ വധിക്കപ്പെട്ടു.

ഉത്തരേന്ത്യയിലെ പ്രധാനനഗരങ്ങളും തന്ത്രപ്രധാനമായ സ്ഥാനങ്ങളും സൈനികശക്തികൊണ്ട്‌ കൈയടക്കിവയ്‌ക്കുവാന്‍ ഇക്കാലത്ത്‌ തുർക്കി ഭരണാധികാരികള്‍ക്കു കഴിഞ്ഞില്ല. ആക്രമണത്തിന്റെ ആദ്യത്തെ ഞെട്ടലിൽ നിന്നു വിമുക്തരായതിനുശേഷം പ്രതിരോധശക്തികള്‍ ഉണരുകയും പുതിയ ഭരണകർത്താക്കള്‍ക്കെതിരായി കലാപങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. തന്നിമിത്തം ദില്ലിയിലെ സുൽത്താന്‍ വാഴ്‌ചയുടെ ചരിത്രം ഒരളവുവരെ ആക്രമണകാരികളെ തുരത്താനുള്ള ഭരണീയരുടെയും പിടിച്ചടക്കിയ പ്രദേശങ്ങള്‍ കൈവശം വയ്‌ക്കാനുള്ള ഭരണകർത്താക്കളുടെയും സമരങ്ങളുടെ ചരിത്രമാണ്‌. അടിമവംശം (ഇൽബരീ തുർക്കികള്‍) 1206-90). ഈ പരമ്പരയിലെ സുൽത്താന്മാരിൽ പലരും അടിമകളായി ജീവിതമാരംഭിച്ചതുകൊണ്ട്‌ ഈ രാജവംശം അടിമവംശം എന്നറിയപ്പെടുന്നു. ഈ പരമ്പരയിലെ ആദ്യത്തെ സുൽത്താന്‍ കുത്‌ബുദ്ദീന്‍ ഐബക്‌ (1206-10) ആണ്‌. മുഹമ്മദ്‌ഗോറിയുടെ പ്രധാന സചിവനായിരുന്നതുകൊണ്ട്‌ സുൽത്താനായി അംഗീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ വാഴ്‌ചക്കാലം യുദ്ധങ്ങളും കലാപങ്ങളുംകൊണ്ട്‌ നിറഞ്ഞതായിരുന്നുവെങ്കിലും ഭരണം സുസ്ഥിരമാക്കാനും കൃത്യമായ നീത്യനായം പുലർത്താനും കുത്‌ബുദ്ദീന്‍ ശ്രമിച്ചിരുന്നു.

ഇൽത്തമിഷ്‌ (ഇൽതുത്മിഷ്‌). കുത്‌ബുദ്ദീനെ പിന്തുടർന്ന ആരാംഷായെ അധികാരഭ്രഷ്‌ടനാക്കി ബദായൂന്‍ ഗവർണറായ ഷംസുദ്ദീന്‍ ഇൽത്തമിഷ്‌ (1211-36) സുൽത്താന്‍പദം കൈയടക്കി. ഈ സ്ഥാനാരോഹണത്തിൽ എതിർപ്പുള്ള പല തുർക്കി പ്രമാണികളും ഇൽത്തമിഷ്‌ തോല്‌പിക്കുകയും ഭരണത്തിൽ മർമസ്ഥാനങ്ങള്‍ വഹിച്ചിരുന്ന മറ്റു പ്രഭുക്കന്മാരെ ഒഴിവാക്കി സ്വന്തം അനുയായികളെ നിയമിക്കുകയും ചെയ്‌തു. ഇതിനിടയിൽ ഖ്വാരിസമിലെ ഷായെ അനുധാവനം ചെയ്‌ത്‌ ഇന്ത്യയിലേക്കു കടന്നുവന്ന മംഗോള്‍നേതാവായ ജെങ്കിസ്‌ഖാനിൽ (1162-1227)നിന്നുള്ള ആക്രമണം നേരിടേണ്ടിവന്നു; എന്നാൽ ഷായ്‌ക്ക്‌ ബുദ്ധിപൂർവം അഭയം നിരസിക്കുകവഴി ഇൽത്തമിഷിന്‌ ശൈശവദശയിലായിരുന്ന ഡൽഹിസാമ്രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞു. സുൽത്താന്‍ 1225-ൽ ബംഗാള്‍ ആക്രമിച്ച്‌ കിൽജി പ്രഭുക്കന്മാരുടെ സ്വാതന്ത്യ്രശ്രമം തടയുകയുണ്ടായി. അതിനുശേഷം മധ്യേന്ത്യയിലുള്ള രണ്‍ഥംഭോർ, ഗ്വാളിയർ, മാള്‍വ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചുകീഴടക്കി.

1229-ൽ അബ്ബാസിയ്യാ ഖലിഫ അൽ-മുസ്‌ത ഈന്‍ബില്ലാ, ഇൽത്തമിഷിന്റെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട്‌ ഒരു "സനദ്‌' അയച്ചുകൊടുത്തത്‌ അദ്ദേഹത്തിന്റെ പ്രശസ്‌തി വർധിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി തനി അറബിലിഖിതങ്ങളുള്ള നാണയങ്ങള്‍ പുറപ്പെടുവിച്ചതും ദില്ലിയിലെ കുത്തബ്‌മീനാർ പണികഴിപ്പിച്ചതും അദ്ദേഹമായിരുന്നു.

ഇൽത്തമിഷിന്റെ നിർദേശപ്രകാരം അദ്ദേഹത്തെത്തുടർന്ന്‌ സുൽത്താനായത്‌ പുത്രി റസിയ്യാ ആയിരുന്നു; എന്നാൽ ഒരു സ്‌ത്രീ ഭരിക്കുന്നത്‌ ഇഷ്‌ടപ്പെടാതിരുന്ന തുർക്കി പ്രഭുക്കന്മാർ റസിയ്യായ്‌ക്കെതിരെ കലാപമുണ്ടാക്കുകയും യുദ്ധത്തിൽ അവരെ വധിക്കുകയും ചെയ്‌തു. റസിയ്യായെ പിന്തുടർന്ന ബലഹീനരായ രണ്ട്‌ രാജകുമാരന്മാർ സ്ഥാനം ഒഴിയാന്‍ നിർബന്ധിതരായി. അവരെത്തുടർന്ന്‌ രാജാവായ നാസിറുദ്ദീന്‍ മഹ്മൂദ്‌ (1246-66) ഭരണകാര്യങ്ങളെല്ലാം പ്രധാന സചിവനായ ബാൽബനെ ഏല്‌പിക്കുകവഴി സ്വന്ത പദവി നിലനിറുത്തി. ഗിയാസുദ്ദീന്‍ ബാൽബന്‍ (1266-87) നാസിറുദ്ദീന്‍ മഹ്മൂദിന്റെ പ്രധാനമന്ത്രിയായും പിന്നീട്‌ സുൽത്താനായും നാല്‌പുത കൊല്ലക്കാലം ബാൽബന്‍ ഭരണംനടത്തി. അക്രമാസക്തരായ പ്രഭുക്കന്മാരെ അമർച്ചവരുത്താനും സുസംഘടിതമായ ഒരു ചാരവൃന്ദത്തിന്റെ സഹായത്തോടുകൂടി താഴ്‌ന്നവരിലും ഉയർന്നവരിലും ഭരണകൂടത്തോടു ഭയഭക്തി ബഹുമാനങ്ങള്‍ ജനിപ്പിക്കുവാനും ബാൽബനു കഴിഞ്ഞു. ഇക്കാലത്ത്‌ മംഗോളുകള്‍ തുടർച്ചയായി ഇന്ത്യയുടെ വ. പ. അതിർത്തികള്‍ ആക്രമിച്ചകൊണ്ടിരുന്നതിനാൽ സാമ്രാജ്യം വിസ്‌തൃതമാക്കണമെന്ന്‌ സുൽത്താന്‍ ആഗ്രഹിച്ചില്ല; എന്നാൽ രാജ്യത്തിനകത്തുണ്ടായ ഏതൊരു കലാപവും ഇരുമ്പുമുഷ്‌ടിക്കൊണ്ട്‌ അടിച്ചമർത്തുകയും ചെയ്‌തു. ഗവർണറായ തുഗ്‌രിൽഖാന്‍ കലാപമുണ്ടാക്കിയപ്പോള്‍, തന്റെ പ്രായാധിക്യം കണക്കാക്കാതെ സുൽത്താന്‍ നേരിട്ട്‌ ഒരു സൈന്യത്തെ നയിക്കുകയും തുഗ്‌രിലിനെ തോല്‌പിച്ച കലാപകാരികളെ നിഷ്‌ഠൂരമായി ശിക്ഷിക്കുകയും ചെയ്‌തു (1280). 1285-ൽ പഞ്ചാബ്‌ ആക്രമിച്ച മംഗോളുകളെ സുൽത്താന്റെ മൂത്തപുത്രനായ മുഹമ്മദ്‌ തുരത്തിയോടിച്ചെങ്കിലും ആക്രമണത്തിൽ അദ്ദേഹം വധിക്കപ്പെടുകയാണുണ്ടായത്‌. പുത്രന്റെ ദേഹവിയോഗത്തിൽ ഖിന്നനായ പിതാവ്‌ 1287-ൽ അന്തരിച്ചു.

കിൽജികള്‍

ജലാലുദ്ദീന്‍ ഫിറൂസ്‌ കിൽജി. ബാൽബന്റെ ദുർബലരായ പിന്‍ഗാമികളിൽനിന്ന്‌ കിൽജിവംശസ്ഥാപകനായ ജലാലുദ്ദീന്‍ ഫിറൂസ്‌ അധികാരം പിടിച്ചെടുത്തു. അദ്ദേഹം പിന്തുടർന്നിരുന്ന അസ്ഥിരനയത്തിൽ (1290-96) അതൃപ്‌തരായ യുവപ്രഭുക്കന്മാരുടെ സഹായത്തോടെ മരുമകനായ അലാവുദ്ദീന്‍ 1296-ൽ സുൽത്താനെ വധിച്ച്‌ അധികാരം പിടിച്ചെടുത്തു. അലാവുദ്ദീന്‍ കിൽജി (1296-1316). കാറായിലെ ഗവർണറായിരിക്കുമ്പോള്‍തന്നെ അലാവുദ്ദീന്‍ മാള്‍വ, ബുന്ദേൽഖണ്ഡ്‌ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും ദേവഗിരി കൊള്ളയടിച്ച്‌ വമ്പിച്ച സമ്പത്ത്‌ കരസ്ഥമാക്കുകയും ചെയ്‌തു. സുൽത്താനായശേഷം പഞ്ചാബ്‌ തുടരെത്തുടരെ ആക്രമിച്ച മംഗോളുകളെ തോല്‌പിച്ചോടിച്ച്‌ ഭരണത്തിനു ഭദ്രത കൈവരുത്തി. 1299-ൽ അലാവുദ്ദീന്‍ സമ്പന്നമായ ഗുജറാത്ത്‌ പിടിച്ചടക്കി. ഗുജറാത്ത്‌ ആക്രമണത്തിൽ ലഭിച്ച സ്വത്തിൽ ഏറ്റവും വിലപിടിച്ചത്‌ അലാവുദ്ദീന്റെ പ്രധാനസേനാ നായകനായിത്തീർന്ന മാലിക്‌ കാഫൂർ എന്ന അടിമയായിരുന്നു.

ഗുജറാത്ത്‌ ആക്രമണം

കഴിഞ്ഞ്‌ ദില്ലിയിൽ തിരിച്ചെത്തിയ അലാവുദ്ദീനു വമ്പിച്ചൊരു മംഗോള്‍സേനയെ നേരിടേണ്ടിവന്നു. അലാവുദ്ദീന്‍ ശക്തമായ പ്രതിരോധം സംഘടിപ്പിച്ച്‌ അവരെ തോല്‌പിച്ചോടിച്ചു. ഈ ആക്രമണം അവസരമാക്കി കലാപമുണ്ടാക്കിയ നവമുസ്‌ലിങ്ങളെ അലാവുദ്ദീന്‍ കശാപ്പുചെയ്‌തു. 1303-ലും 1305-ലും ഉണ്ടായ മംഗോള്‍ ആക്രമണങ്ങളും അദ്ദേഹം പരാജയപ്പെടുത്തി. 1306-നുശേഷം ഇന്ത്യ ആക്രമിക്കുവാന്‍ മംഗോളുകള്‍ ധൈര്യപ്പെട്ടില്ല. മംഗോള്‍വിപത്ത്‌ നിയന്ത്രിച്ചതിനുശേഷം തന്റെ രാജ്യം വിപുലമാക്കുന്നതിലായി അലാവുദ്ദീന്റെ ശ്രദ്ധ. 1303-ൽ ചിത്തോർ പിടിച്ചടക്കി; മാള്‍വ 1305-ലും മാർവാഡ്‌ 1308-ലും ജലോർ 1311-ലും കീഴടക്കി. 1296-ൽ ദേവഗിരി ആക്രമിച്ച്‌ വമ്പിച്ച ധനം കൈക്കലാക്കിയത്‌ ദക്ഷിണേന്ത്യ ആക്രമിക്കുവാന്‍ അലാവുദ്ദീനു ആവേശം നല്‌കി.

മാലിക്‌ കാഫൂറിന്റെ നേതൃത്വത്തിലുള്ള ദില്ലി സൈന്യം 1308-നും 1312-നും ഇടയ്‌ക്ക്‌ ഡെക്കാണിലെ പ്രധാന ഭരണാധികാരികളായ ദേവഗിരിയിലെ യാദവരെയും വാറംഗലിലെ കാകതീയരെയും ദൊരൈസമുദ്രത്തിലെ ഹോയ്‌സാലരെയും മധുരയിലെ പാണ്ഡ്യരെയും തോല്‌പിക്കുകയും അവരെല്ലാം ദില്ലി സുൽത്താന്റെ സാമന്തപദവി അംഗീകരിക്കുകയും ചെയ്‌തു. ഇങ്ങനെ പഞ്ചാബു മുതൽ മധുര വരെയും സിന്ധ്‌ മുതൽ ബംഗാള്‍വരെയും വ്യാപിച്ചുകിടക്കുന്ന വിസ്‌തൃതമായ ഒരു സാമ്രാജ്യത്തിന്റെ ആധിപത്യം നേടിയെടുക്കുവാന്‍ അലാവുദ്ദീനു സാധിച്ചു. അമീർഖുസ്‌റോ, അമീർഹസന്‍ തുടങ്ങിയ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും അലാവുദ്ദീന്‍ പ്രാത്സാഹിപ്പിച്ചിരുന്നു. കുതബ്‌മീനാറിനു മുന്നിലുള്ള "ആലായ്‌ദർവാസാ' എന്നറിയപ്പെടുന്ന പ്രവേശനദ്വാരം പണികഴിപ്പിച്ചത്‌ അലാവുദ്ദീനായിരുന്നു; അത്‌ ഇന്തോ ഇസ്‌ലാമിക ശില്‌പകലയുടെ ആദ്യകാല മാതൃകകളിൽ ഉത്തമമായതാണെന്നു വിവരിക്കപ്പെടുന്നു. അലാവുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികളുടെ ദൗർബല്യം കാരണം ഭരണം ശിഥിലമാകുകയും പ്രവിശ്യകള്‍ സ്വാതന്ത്യ്രം പ്രാപിക്കുകയും ചെയ്‌തു. ഈ അവസരം ഉപയോഗിച്ച്‌ അതിർത്തിസേനകളുടെ നായകനായ ഗാസീമാലിക്‌ അധികാരം പിടിച്ചെടുത്ത്‌ ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌ എന്ന നാമധേയത്തിൽ ദില്ലിയിൽ ഭരണമാരംഭിച്ചു (1320).

തുഗ്ലക്കുകള്‍.

ഗിയാസുദ്ദീന്‍ തുഗ്‌ളക്ക്‌ (1320-25). അലാവുദ്ദീന്റെ കാലശേഷം ശിഥിലമായിത്തീർന്ന ഭരണത്തിന്‌ ഒരു പുതിയ ഉണർവും ശക്തിയും പകരാന്‍ ഗിയാസുദ്ദീന്‍ ശ്രമിച്ചു; സ്വാതന്ത്യ്രം പ്രഖ്യാപിച്ച പല പ്രവിശ്യകളെയും പുത്രനായ ജൗനാഖാന്റെ സഹായത്തോടുകൂടി തിരികെ ദില്ലി സാമ്രാജ്യത്തിന്റെ കീഴിൽ കൊണ്ടുവരാനും ഗിയാസുദ്ദീനു കഴിഞ്ഞു. ബംഗാള്‍ കീഴടക്കി വിജയ പതാകയുമേന്തി മടങ്ങിയ സുൽത്താന്‌ പുത്രന്‍ ഒരു സ്വീകരണം ഏർപ്പെടുത്തി. ഈ സ്വീകരണത്തിന്‌ ഒരുക്കിയിരുന്ന മണ്ഡപം തകർന്നുവീണ്‌ സുൽത്താന്‍ ചരമം പ്രാപിച്ചു. ഈ സംഭവത്തിൽ രാജകുമാരന്‌ പങ്കുണ്ടായിരുന്നുവെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. മുഹമ്മദ്‌ ഇബ്‌നു തുഗ്‌ളക്‌ (1325-51) ഗിയാസുദ്ദീന്‍ തുഗ്ലക്കിനെ തുടർന്ന്‌ സുൽത്താനായ മുഹമ്മദ്‌ ഇബ്‌നു തുഗ്ലക്‌ ദില്ലി ഭരിച്ചിരുന്ന തുർക്കി സുൽത്താന്മാരിൽ ഏറ്റവും പണ്ഡിതനും പ്രഗല്‌ഭനും ആയിരുന്നു. സുൽത്താന്‍ യമുനാ ദോആബിലെ ഭൂനികുതി വർധിപ്പിച്ചതിനെത്തുടർന്ന്‌ ഭൂവുടമകള്‍ കലാപം സംഘടിപ്പിച്ചു. ഇതിനിടയിൽ ഉത്തരേന്ത്യയിൽ രൂക്ഷമായിത്തീർന്ന ക്ഷാമവും കുഴപ്പങ്ങള്‍ വർധിക്കാന്‍ ഇട നല്‌കി. ക്ഷാമപരിഹാരത്തിന്‌ സുൽത്താന്‍ എടുത്ത നടപടികള്‍ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം അലസിപ്പോയി. ഭരണസുഗമതയ്‌ക്കുവേണ്ടി ദക്ഷിണേന്ത്യയിലും ഒരു മുസ്‌ലിം ശക്തികേന്ദ്രം വേണ്ടതാണെന്നു സുൽത്താന്‍ തീരുമാനിച്ചതിന്റെ ഫലമായി ദേവഗിരി (ദൗലത്താബാദ്‌) ഒരു കേന്ദ്രമാക്കാനുള്ള നടപടികളാരംഭിക്കുകയും ഇത്‌ അപ്രായോഗികമാണെന്നു ബോധ്യപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്‌തു.

സുൽത്താന്റെ നാണയപരിഷ്‌കാരവ്യഗ്രതയും പലവിമർശനങ്ങള്‍ക്കും ഇടനല്‌കി. വെള്ളിയിലും സ്വർണത്തിലുമുള്ള നാണയങ്ങള്‍ക്കു പകരമായി അതേ മുഖവിലയുള്ള ചെമ്പുനാണയങ്ങള്‍ സുൽത്താന്‍ പുറപ്പെടുവിച്ചു. ഈ പദ്ധതി പരാജയപ്പെടാനുള്ള പ്രധാനകാരണം കള്ളനാണയങ്ങള്‍ ധാരാളമായി പ്രചരിച്ചതായിരുന്നു. ഇതുമൂലം കച്ചവടവും വ്യവസായങ്ങളും നിശ്ചലമായി.

ഖുറാസാനി(മധ്യേഷ്യ)ലെ രാഷ്‌ട്രീയക്കുഴപ്പങ്ങള്‍ അവസരമാക്കി ആ രാജ്യം ആക്രമിച്ചുകീഴടക്കാന്‍ മുഹമ്മദ്‌ ഇബ്‌നു ഒരുമ്പെട്ടുവെങ്കിലും പിന്നീട്‌ ആ ശ്രമം ഉപേക്ഷിക്കയാണുണ്ടായത്‌. അതിനുവേണ്ടി ശേഖരിച്ച സൈന്യവിഭാഗത്തെ ഹിമാലയസാനുക്കളിലുള്ള കലാപകാരികള്‍ക്കെതിരായി അയച്ചു. ഈ സൈനികനടപടിയിലെ പരാജയം സുൽത്താന്റെ പ്രശസ്‌തിക്ക്‌ കോട്ടമുണ്ടാക്കി. ഈ അവസരത്തിൽ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗവർണർമാർ കലാപങ്ങള്‍ സംഘടിപ്പിച്ചു. 1334-ൽ "മഅബറീലെ' (പാണ്ഡ്യദേശം) ഗവർണറായ ജലാലുദ്ദീന്‍ അഹ്‌സന്‍ഷായാണ്‌ കലാപങ്ങള്‍ക്കു തുടക്കം കുറിച്ചത്‌. 1336-ൽ ഹരിഹരനും ബുക്കനും വിജയനഗരത്തിലും, 1947-ൽ ഹസന്‍ഗാംഗു ദൗലത്താബാദിലും സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. ഗുജറാത്തിലെ കലാപകാരികളെ പിന്തുടർന്നു സിന്ധിലേക്കുപോയ സുൽത്താന്‍ അവിടെവച്ച്‌ അന്തരിക്കുകയാണുണ്ടായത്‌ (1351).

ഫിറൂസ്‌ഷാതുഗ്‌ളക്ക്‌ (1351-88). മുഹമ്മദ്‌ഇബ്‌നു തുഗ്ലക്കിനെ പിന്തുടർന്ന്‌ പിതൃവ്യപുത്രനായ ഫിറൂസ്‌ സുൽത്താനായി. രാജ്യത്തുണ്ടായ അസ്വസ്ഥതകള്‍ അവസാനിപ്പിക്കുവാനാണ്‌ ഫിറൂസ്‌ പ്രധാനമായും ശ്രമിച്ചത്‌. പല നികുതികളും നിർത്തലാക്കുകയും കർഷകരെ സഹായിക്കുന്നതിനായി ജലസേചനപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്‌തു. ഫിറൂസാബാദ്‌, ഫത്തേഹാബാദ്‌, ജാന്‍പൂർ തുടങ്ങിയ പല നഗരങ്ങളും സുൽത്താന്‍ നിർമിക്കുകയുണ്ടായി. സുൽത്താന്‍ മതകാര്യങ്ങളിൽ സഹിഷ്‌ണുത കാണിച്ചില്ല. ബ്രാഹ്മണരുടെമേൽ "ജിസിയ' നികുതി ആദ്യമായി ഏർപ്പെടുത്തിയത്‌ ഫിറുസായിരുന്നു. ഉദ്യോഗസ്ഥന്മാർക്ക്‌ ശമ്പളത്തിനുപകരമായി "ജാഗീർ' സമ്പ്രദായം വീണ്ടും ഏർപ്പെടുത്തിയത്‌ കുഴപ്പങ്ങള്‍ക്കു വഴിതെളിച്ചു.

സയ്യിദുകള്‍. ഫിറൂസ്‌ ഷായുടെ അപ്രാപ്‌തരും ദുർബലരുമായ പിന്‍ഗാമികള്‍ക്കു സാമ്രാജ്യത്തിന്റെ വിഘടനം തടയാന്‍ കഴിഞ്ഞില്ല. തുർക്കിജേതാവായ തിമൂറിന്റെ ആക്രമണം (1398) സാമ്രാജ്യത്തിന്റെ പതനത്തെ ത്വരിതപ്പെടുത്തി. തിമൂർ മടങ്ങിപ്പോകുമ്പോള്‍ താന്‍ പിടിച്ചെടുത്ത ദില്ലി-പഞ്ചാബ്‌ പ്രദേശങ്ങള്‍ സിന്ധിലെ സയ്യിദ്‌ഖിസ്‌ർഖാനെ ഏല്‌പിച്ചുവെങ്കിലും ഖിസ്‌ർഖാനും പിന്തുടർച്ചക്കാർക്കും വിഘടിച്ചു നില്‌ക്കുന്ന പ്രവിശ്യകള്‍ വീണ്ടെടുക്കാനോ ദില്ലിക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും ബലപ്രയോഗം കൂടാതെ നികുതികള്‍ പിരിക്കാനോ കഴിഞ്ഞില്ല. സയ്യിദ്‌ വംശത്തിലെ സുൽത്താനായ ആലംഷാ തന്റെ അധികാരം സ്വമേധയാ ശക്തനായ ബഹ്‌ലൂൽ ലോദിക്ക്‌ ഒഴിഞ്ഞു കൊടുത്തു (1451).

ലോദികള്‍

ബഹ്‌ലൂൽലോദി (1451-89). ദീർഘമായ ഒരു യുദ്ധത്തിനുശേഷം ജാന്‍പൂർവരെയുള്ള പ്രദേശങ്ങള്‍ കീഴടക്കി ബഹ്‌ലൂൽ ലോദി ഗംഗാസമതലത്തിൽ തന്റെ ആധിപത്യം സ്ഥാപിച്ചു. ബഹ്‌ലൂലിന്റെ പുത്രന്‍ സിക്കന്‍ദർ ലോദി (1489-1517) ആയിരുന്നു ലോദിവംശത്തിലെ ഏറ്റവും കഴിവുറ്റ രാജാവ്‌. അദ്ദേഹം തന്റെ രാജ്യാതിർത്തി പഞ്ചാബ്‌ മുതൽ ഗ്വാളിയർ വരെ വിപുലമാക്കി; ആസ്ഥാനം ആഗ്രയിലേക്കു മാറ്റി (1505). സാമ്രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ദേഹം പല പദ്ധതികളും നടപ്പിൽവരുത്തി; എന്നാൽ പ്രായം ഏറുന്തോറും സിക്കന്‍ദർ ലോദി മതകാര്യങ്ങളിൽ അസഹിഷ്‌ണുത പ്രദർശിപ്പിക്കുകയും ഹിന്ദുക്കള്‍ക്കെതിരായി പല നടപടികളും കൈക്കൊള്ളുകയും ചെയ്‌തു.

ഇബ്രാഹിം ലോദി (1517-26). ലോദിവംശത്തിലെ അവസാനത്തെ സുൽത്താനായിരുന്ന ഇദ്ദേഹത്തിന്റെ വാഴ്‌ചക്കാലത്ത്‌ ബന്ധുക്കളുടെയും പ്രഭുക്കന്മാരുടെയും എതിർപ്പുകാരണം രാജ്യം ഛിന്നഭിന്നമായിത്തീർന്നു. ബിഹാറിലെയും പഞ്ചാബിലെയും ഗവർണർമാർ കലാപമുണ്ടാക്കി. പഞ്ചാബ്‌ ഗവർണർ ദൗലത്‌ഖാന്‍ലോദി, ഇബ്രാഹിം ലോദിയെ അധികാരത്തിൽനിന്നു പുറത്താക്കാന്‍ കാബൂളിലെ ഭരണാധികാരിയായ ബാബറെ ക്ഷണിച്ചുവരുത്തി. ഇന്ത്യ ആക്രമിച്ചുകീഴടക്കാന്‍ തക്കം പാർത്തുകൊണ്ടിരുന്ന ബാബർക്ക്‌ ഈ ക്ഷണം ഒരനുഗ്രഹമായിത്തീർന്നു. 1526 ഏ. 21-ന്‌ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ഇബ്രാഹിം ലോദി വധിക്കപ്പെട്ടു. ദൗലത്‌ഖാന്‍ ലോദിയെ സഹായിക്കാന്‍ വന്ന ബാബർ ദില്ലിയും ആഗ്രയും കീഴടക്കുകയും ഇന്ത്യയിൽ മുഗള്‍സാമ്രാജ്യത്തിന്റെ അസ്‌തിവാരം ഇടുകയും ചെയ്‌തു. ദില്ലിസുൽത്താന്മാരുടെ അധികാരക്ഷയത്തോടുകൂടി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പല ചെറിയ രാജ്യങ്ങളും ഉയർന്നുവന്നു. അങ്ങനെ രൂപംകൊണ്ട ഉത്തരേന്ത്യന്‍ രാജ്യങ്ങളിൽ പ്രധാനമായവ ബംഗാള്‍, ജാന്‍പൂർ, ഖാന്‍ദേശ്‌, മാള്‍വ, ഗുജറാത്ത്‌, കശ്‌മീർ എന്നിവയായിരുന്നു; തെ. ഇന്ത്യയിൽ ബാഹ്മനിയും വിജയനഗരവും ശക്തിയാർജിച്ച്‌ സാമ്രാജ്യപദവി നേടി.

ബംഗാള്‍. 1204-ൽ ബഖ്‌തിയാർ കിൽജി ആക്രമിച്ചു കീഴടക്കിയതുമുതൽ ബംഗാള്‍ ദില്ലി ഭരണകൂടത്തിന്റെ കീഴിലായിരുന്നു. 1342-ൽ ഇല്യാസ്‌ഷാ ബംഗാളിൽ സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും ഒറീസ ആക്രമിക്കുകയും ചെയ്‌തു. 1353-ൽ ഫിറൂസ്‌ഷാ ബംഗാള്‍ ആക്രമിച്ചുവെങ്കിലും ഇല്യാസ്‌ഷായെ തോല്‌പിച്ച്‌ കലാപം അവസാനിപ്പിക്കുവാന്‍ യാതൊരു ശ്രമവും നടത്തിയില്ല. ഫിറൂസിന്റെ മരണത്തോടുകൂടി ബംഗാള്‍ പൂർണമായും സ്വതന്ത്രമായി. ഒന്നിനുപുറകെ ഒന്നായി ഭരണകൂടങ്ങള്‍ മാറിവന്ന ബംഗാളിൽ ഭരണസ്ഥിരത കൈവന്നത്‌ ഷേർഖാന്‍ 1538-ൽ ബംഗാള്‍ കീഴടക്കിയതോടുകൂടിയാണ്‌. മുഗള്‍ചക്രവർത്തി ഹുമായൂണ്‍ ബംഗാള്‍ ആക്രമിച്ചുവെങ്കിലും ഷേർഖാനെ തോല്‌പിച്ച്‌ ബംഗാള്‍ മുഗള്‍ സാമ്രാജ്യത്തിൽ ലയിപ്പിക്കാന്‍ കഴിഞ്ഞില്ല.

ജാന്‍പൂർ. തന്റെ മുന്‍ഗാമിയും പിതൃവ്യപുത്രനുമായ മുഹമ്മദ്‌ ഇബ്‌നു തുഗ്ലക്കിന്റെ സ്‌മാരകായി ഫിറൂസ്‌ഷാ 1359-ൽ സ്ഥാപിച്ച നഗരമാണ്‌ ജാന്‍പൂർ. ഒരു പ്രധാന സൈനികത്താവളവും പ്രവിശ്യാതലസ്ഥാനവുമായിരുന്ന ജാന്‍പൂർ, ദില്ലിക്ക്‌ തിമൂറിന്റെ ആക്രമണത്തോടുകൂടി പ്രതാപം നഷ്‌ടപ്പെട്ടപ്പോള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. അതോടെ ഷർഖീരാജവംശം ഉടലെടുക്കുകയും ചെയ്‌തു. ഈ രാജവംശത്തിലെ ഏറ്റവും പ്രഗല്‌ഭനായ രാജാവ്‌ ഇബ്രാഹിം ഷാ (1401-40) ആയിരുന്നു. അധികാരത്തിൽ വന്ന്‌ അധികം കഴിയുന്നതിനുമുമ്പ്‌ മുഹമ്മദ്‌ തുഗ്ലക്ക്‌ ജാന്‍പൂർ ആക്രമിച്ചുവെങ്കിലും പിന്നീട്‌ ഇബ്രാഹിമിന്റെ പക്ഷത്തു ചേരുകയാണുണ്ടായത്‌. 1405-ൽ ഇബ്രാഹിംഷാ കനൗജ്‌ ആക്രമിച്ചുകീഴടക്കി; ദില്ലി കീഴടക്കാന്‍ നടത്തിയ പരിശ്രമം ഗുജറാത്തിലെ മുസഫർഷാ യുടെ ഇടപെടൽമൂലം പരാജയമടഞ്ഞു. അടുത്ത 14 വർഷക്കാലം അദ്ദേഹം കലാപരവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

വിദ്യാഭ്യാസ-സാംസ്‌കാരിക മണ്ഡലങ്ങളിൽ പൂർവേന്ത്യയിൽ വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്നതിനാൽ ജാന്‍പൂർ ഇന്ത്യയിലെ ഷീറാസ്‌ എന്ന അപരാഭിധാനത്താൽ അറിയപ്പെട്ടിരുന്നു. ഖാന്‍ദേശ്‌. ഫിറൂസ്‌ഷാ തുഗ്ലക്കിന്റെ മരണത്തിനുശേഷം ഖാന്‍ദേശ്‌ പ്രവിശ്യ ഭരിച്ചിരുന്ന മാലിക്‌, സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും മാള്‍വാരാജവംശവുമായി വിവാഹബന്ധം സ്ഥാപിക്കുകയും ചെയ്‌തു. 1437-ൽ സ്ഥാനാരോഹണം ചെയ്‌ത ആദിൽഖാന്‍ കക ആയിരുന്നു ഈ രാജവംശത്തിലെ ഏറ്റവും ശക്തനായ രാജാവ്‌. അദ്ദേഹം നിരന്തരം യുദ്ധങ്ങള്‍ നടത്തി. ചുറ്റുമുള്ള രാജാക്കന്മാരെയും പ്രഭുക്കന്മാരെയും തന്റെ അധികാരത്തിന്‍ കീഴിൽ കൊണ്ടുവന്നു. 1498-ൽ ഗുജറാത്തിലെ മഹ്‌മൂദ്‌ ഖാന്‍ദേശ്‌ ആക്രമിച്ച്‌ ആദിൽഖാനെ തോല്‌പിച്ചു. 1601-ൽ അക്‌ബർ, ബഹാദൂർഖാനെ തോല്‌പിച്ച്‌ ഖാന്‍ദേശ്‌ മുഗള്‍സാമ്രാജ്യത്തിൽ കൂട്ടിച്ചേർത്തു.

മാള്‍വ. 1390 മുതൽ മാള്‍വയിലെ ഗവർണറായിരുന്ന ദിലാവർഖാന്‍ 1401-ൽ അവിടെ സ്വതന്ത്രഭരണം സ്ഥാപിച്ചു. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോള്‍ ദില്ലി സുൽത്താനായിരുന്ന മഹ്‌മൂദ്‌ഷായ്‌ക്ക്‌ അഭയം നല്‌കിയത്‌ ദിലാവർഖാനായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഹോഷങ്‌ഷാ എന്ന പേരിൽ രാജാവായി. ഹോഷങ്‌ഷാ തന്റെ പുതിയ തലസ്ഥാനമായി മാണ്ഡു തിരഞ്ഞെടുക്കുകയും, ആഫീസുകള്‍, കൊട്ടാരങ്ങള്‍, പള്ളികള്‍ എന്നിവകൊണ്ട്‌ അവിടം മോടിപിടിപ്പിക്കുകയും ചെയ്‌തു. ഹോഷങ്‌ഷാ മാള്‍വയ്‌ക്ക്‌ ചുറ്റുമുള്ള രാജാക്കന്മാരുമായി നിരന്തരസമരം നടത്തിയിരുന്നു. അദ്ദേഹത്തെ തുടർന്ന്‌ സുൽത്താനായ മഹ്‌മൂദ്‌ കിൽജിയായിരുന്നു മാള്‍വയിലെ ഏറ്റവും പ്രഗല്‌ഭനായ രാജാവ്‌. ദില്ലി ഭരിച്ചിരുന്ന അപ്രാപ്‌തരായ സയ്യിദ്‌സുൽത്താന്മാർക്കെതിരായി അവിടത്തെ പ്രഭുക്കന്മാർ മഹ്‌മൂദ്‌കിൽജിയെ ക്ഷണിച്ചു; എന്നാൽ അദ്ദേഹത്തിന്‌ കനത്ത എതിർപ്പുനേരിട്ടതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു (1442).

മഹ്‌മൂദ്‌കിൽജിയുടെ പുത്രനായ മുഹമ്മദ്‌ഷാ അമീർമാരുടെ ശക്തിനിയന്ത്രിക്കുന്നതിനായി മേദിനീറായിയെ വസീർ (പ്രധാനമന്ത്രി) ആയി നിയമിച്ചു. മേദിനീറായി ശക്തിയാർജിച്ച്‌ സുൽത്താനുതന്നെ ഒരു ഭീഷണിയായിതീർന്നു. ഇതിൽ അമർഷംപൂണ്ട അമീർമാർ ഗുജറാത്തിലെ മുസഫർഷാ കക-ന്റെ സഹായംതേടി; യുദ്ധത്തിൽ മുഹമ്മദ്‌ഷാ തോല്‌പിക്കപ്പെട്ടു. 1531-ൽ ഗുജറാത്‌സുൽത്താന്‍ ബഹദൂർഷാ മാണ്ഡു ആക്രമിച്ച്‌ മുഹമ്മദ്‌ഷായെ തടവുകാരനാക്കി; ഗുജറാത്തിലേക്കു കൊണ്ടുപോകുന്നവഴി അദ്ദേഹം വധിക്കപ്പെട്ടു. മാള്‍വ കുറെക്കാലംകൂടി സ്വതന്ത്രമായി നിലനിന്നു. 1562-ൽ അക്‌ബർ അവസാനത്തെ സുൽത്താനായ ബാസ്‌ബഹാദൂറിനെ തോല്‌പിച്ച്‌ മാള്‍വ മുഗള്‍ സാമ്രാജ്യത്തിൽ ലയിപ്പിച്ചു.

ഗുജറാത്ത്‌. 1299-ൽ അലാവുദ്ദീന്‍ കിൽജി ഗുജറാത്ത്‌ ആക്രമിച്ചു കീഴടക്കിയിരുന്നു. മുഹമ്മദ്‌ തുഗ്ലക്കിന്റെ ഭരണാന്ത്യത്തിൽ ഉണ്ടായ കലാപങ്ങള്‍ ഗുജറാത്തിലും പ്രതിഫലിച്ചു. അവിടത്തെ കലാപം പൂർണമായി കെട്ടടങ്ങുന്നതിനുമുമ്പ്‌ സിന്ധിൽ കലാപം തുടങ്ങിയതിനാൽ സുൽത്താന്റെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. ഫിറൂസ്‌ഷായുടെ കാലത്ത്‌ ഗവർണർമാരെ മാറിമാറി നിയമിക്കേണ്ടിവന്നു. 1407-ൽ ഗവർണറായിരുന്ന മുസഫർഷാ അവിടെ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു.

മുസഫറീ രാജാക്കന്മാരിൽ അഹമ്മദ്‌ഷാ ക, മഹമൂദ്‌ ക, ബഹദൂർഷാ എന്നിവരായിരുന്നു പ്രധാനികള്‍. അഹമ്മദ്‌ ഷാ ക (1411-42) ആണ്‌ അഹമ്മദാബാദ്‌ നഗരം സ്ഥാപിച്ചത്‌. മാള്‍വയിലെ ഹോഷങ്‌ഷാ, ബാഹ്മനി സുൽത്താന്മാർ, ഖാന്‍ദേശ്‌സുൽത്താന്മാർ എന്നിവരുമായി അഹമദ്‌ഷാ തുടർച്ചയായ യുദ്ധങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പൗത്രനായ മഹ്‌മൂദ്‌ ക (1459-1511) യുദ്ധതന്ത്രവും ഭരണപാടവവുംകൊണ്ട്‌ ഏറ്റവും ശ്രദ്ധേയനായിത്തീർന്നു. അദ്ദേഹം നിസാംഷാ(ബാഹ്മനി)യെ മാള്‍വയിലെ മഹ്‌മൂദ്‌കിൽജിയുടെ ആക്രമണത്തിൽനിന്നു മോചിപ്പിക്കുകയും കച്ചിലെ കലാപകാരികളായ വിവിധ ഗോത്രങ്ങളെ അമർത്തുകയും ചെയ്‌തു. ഇതിനിടയിൽ സമുദ്രാന്തരവാണിജ്യത്തിന്‌ ഭീഷണിയായിത്തീർന്ന പോർച്ചുഗീസുകാരുടെ പ്രവൃത്തികള്‍ക്കെതിരായി ഈജിപ്‌തിലെ സുൽത്താനും സാമൂതിരിയുമായി യോജിച്ചു പൊരുതുകയും 1508-ൽ ചൗളിനു സമീപം വച്ച്‌ പോർച്ചുഗീസ്‌ കപ്പൽപ്പടയെ തോല്‌പിക്കുകയും ചെയ്‌തു. പോർച്ചുഗീസുകാർ സംയുക്ത നാവികസേനയെ വീണ്ടും ആക്രമിച്ചു; ഗുജറാത്ത്‌ സേനാനായകന്റെ വഞ്ചനകാരണം ഈജിപ്‌ഷ്യന്‍ കപ്പൽപ്പട അപൂർണമായൊരു യുദ്ധത്തിനുശേഷം മടങ്ങിപ്പോവുകയുണ്ടായി.

മഹ്‌മൂദ്‌ I-ന്റെ പൗത്രനായ ബഹദൂർഷാ (1526-37) ശക്തനായ ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹം മാള്‍വ കീഴടക്കുകയും ചിത്തോർ ആക്രമിക്കുകയും ചെയ്‌തു. ചിത്തോറിലെ റാണിയുടെ സഹായത്തിനെത്തിയ മുഗള്‍ചക്രവർത്തി ഹുമായൂണുമായി ഏറ്റുമുട്ടി. തോല്‌പിക്കപ്പെട്ട ബഹദൂർഷാ ദിയൂവിലെ പോർച്ചുഗീസ്‌ കോട്ടയിലേക്ക്‌ ഓടി രക്ഷപ്പെട്ട. ഹുമായൂണിന്റെ മടക്കത്തിനുശേഷം ബഹദൂർഷാ തിരിച്ചുവരികയും മുഗള്‍ ഗവർണരെ തോല്‌പിച്ച്‌ ഗുജറാത്ത്‌ വീണ്ടെടുക്കുകയും ചെയ്‌തു. പക്ഷേ പോർച്ചുഗീസുകാർ ബഹദൂർഷായെ ചതിവിൽ കൊലപ്പെടുത്തി. ഈ രാജവംശത്തിലെ അവസാനത്തെ രാജാവായ മുസഫർ കക-നെ തോല്‌പിച്ച്‌ അക്‌ബർ ഗുജറാത്ത്‌ മുഗള്‍സാമ്രാജ്യത്തിൽ ലയിപ്പിച്ചു.

കാശ്‌മീർ. ദില്ലിസുൽത്താന്മാരുടെ ഭരണത്തിനു കീഴ്‌പ്പെട്ട്‌ വളരെക്കാലം കഴിഞ്ഞിട്ടും കാശ്‌മീർ മുസ്‌ലിം ആധിപത്യത്തിൽനിന്ന്‌ വിട്ടുനിന്നിരുന്നു. 1338-ൽ ഷാമീർ (ഷാഗ്മിർസാ) അവിടത്തെ ഹിന്ദുരാജവംശത്തെ സ്ഥാനഭ്രഷ്‌ടമാക്കി സ്വന്തം അധികാരം കാശ്‌മീരിൽ സ്ഥാപിച്ചു. ഈ രാജവംശത്തിലെ അഞ്ചാമത്തെ രാജാവായ സിക്കന്‍ദർ (1386-1410) ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. ഈ രാജവംശത്തിലെ ഏറ്റവും പ്രഗല്‌ഭനായ രാജാവ്‌ സൈനുൽ ആബിദീന്‍ (1420-70) ആയിരുന്നു. അദ്ദേഹം മതസഹുഷ്‌ണുതയും ഭരണസാമർഥ്യവും കൊണ്ട്‌ ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ രാജാവായിത്തീർന്നു. പേർഷ്യന്‍, സംസ്‌കൃതം, തിബത്തന്‍ തുടങ്ങിയ പല ഭാഷകളിലും കലകളിലും പണ്ഡിതനായിരുന്ന സുൽത്താന്‍ വിദ്വാന്മാരെയും കലാകാരന്മാരെയും പ്രാത്സാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാത്സാഹന ഫലമായി മഹാഭാരതവും രാജതരംഗിണിയും പേർഷ്യനിലേക്കും പേർഷ്യനിലും അറബിയിലുമുള്ള നിരവധി ഗ്രന്ഥങ്ങള്‍ കാശ്‌മീരിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

സമകാലീനരായ രാജാക്കന്മാരുടെ ഇടയിൽ അത്യധികം പ്രശസ്‌തനായ ഒരു രാജാവായിരുന്നു സൈനുൽ ആബിദീന്‍. ബഹ്‌ലൂൽ ലോദി, മഹ്‌മൂദ്‌ബെഗാറാ, ഗ്വാളിയർ റാണ തുടങ്ങിയ രാജാക്കന്മാർ അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഖുറാസാന്‍, ഈജിപ്‌ത്‌, മക്കാ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അദ്ദേഹവുമായി പാരിതോഷികങ്ങള്‍ കൈമാറിയിരുന്നു. സൈനുൽ ആബിദീന്റെ കാലശേഷം അരാജകത്വത്തിലേക്ക്‌ വഴുതിവീണ കാശ്‌മീർ 1586-ൽ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. നോ: ജമ്മുകാശ്‌മീർബാഹ്മനി. മുഹമ്മദ്‌ ഇബ്‌നു തുഗ്ലക്കിന്റെ ഭരണാന്ത്യത്തിൽ സ്വാതന്ത്യ്രം പ്രഖ്യാപിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ദൗലത്താബാദ്‌ കേന്ദ്രമായി സ്ഥാപിതമായ ബാഹ്മനിരാജ്യം. അലാവുദ്ദീന്‍ ബാഹ്മന്‍ഷായുടെ നേതൃത്വത്തിൽ ഡക്കാണിലെ അമീർമാർ മുഹമ്മദ്‌ ഇബ്‌നു തുഗ്ലക്കിന്റെ ആക്രമണങ്ങളെ ചെറുത്തുനിന്നു. ബാഹ്മനിരാജ്യം ഉടലെടുത്തതു (1347) മുതൽ വാറംഗലിലെ കാകതീയരും വിജനഗരസാമ്രാജ്യവും ആയി അവർക്ക്‌ നിരന്തരസമരം നടത്തേണ്ടിവന്നു. 1425-ൽ വാറംഗൽ കീഴടക്കുവാന്‍ സാധിച്ചുവെങ്കിലും വിജയനഗരവുമായുള്ള സമരം ആ രാജ്യത്തിന്റെ പതനംവരെ (1565) തുടർന്നു നിന്നു. അലാവുദ്ദീന്‍ ബാഹ്മന്‍ഷാ(1347-59)യുടെ പ്രധാന പ്രവർത്തനം ഡക്കാണിൽ വിഘടിച്ചുനിന്ന പ്രഭുക്കന്മാരെ ബാഹ്മനി സർക്കാറിന്റെ കീഴിൽ കൊണ്ടുവരിക എന്നുള്ളതായിരുന്നു. ഭീഷണികൊണ്ടും നയോപായങ്ങള്‍കൊണ്ടും അപ്രകാരമുള്ള പ്രഭുക്കന്മാരെ അദ്ദേഹം നിയന്ത്രിക്കുകയും വടക്കന്‍ കൊങ്കണത്തിലെ ചൗള്‍, ഭാഭോൽ എന്നീ തുറമുഖങ്ങളുടെ നിയന്ത്രണം കരസ്ഥാമാക്കുകയും ചെയ്‌തു. യുദ്ധനൈപുണ്യവും ഭരണകുശലതയുംകൊണ്ട്‌ പ്രസിദ്ധനായ ഫിറൂസ്‌ഷാ (ഭ. കാ. 1397-1422) ബാഹ്‌മനി പ്രഭുക്കന്മാരുടെ ഇടയിൽ നടമാടിയിരുന്ന ഛിദ്രങ്ങള്‍ രഞ്‌ജിപ്പിച്ച്‌ നാട്ടിൽ സമാധാനവും ഭദ്രതയും കൈവരുത്തി. മൂന്നുതവണ വിജയനഗരവുമായി യുദ്ധം നടത്തിയ ഫിറൂസ്‌ ആദ്യത്തെ രണ്ട്‌ യുദ്ധങ്ങളിൽ വിജയം വരിച്ചു; എന്നാൽ 1417-ലെ യുദ്ധത്തിൽ ഫിറൂസിന്‌ തോൽവിപറ്റുകയും റെയിച്ചൂർ ദൊആബ്‌ നഷ്‌ടപ്പെടുകയും ചെയ്‌തു. പ്രധാന പ്രഭുക്കന്മാരുടെയും സൈനികരുടെയും വിശ്വാസം നഷ്‌ടപ്പെട്ട ഫിറൂസ്‌, സഹോദരനായ അഹമ്മദിനെ സുൽത്തനായി വാഴിച്ചുകൊണ്ട്‌ സ്ഥാനത്യാഗം ചെയ്‌തു. ബാഹ്മനി രാജ്യത്തിൽ സ്വദേശികളും വിദേശികളുമായ മുസ്‌ലിങ്ങളും തമ്മിലുണ്ടായിരുന്ന ഉരസൽ അഹമ്മദ്‌ഷായുടെ ഭരണകാലത്ത്‌ (1422-36) മൂർച്ഛിച്ചു. ഡക്കാണിലെ മുസ്‌ലിങ്ങള്‍ സുൽത്താനെ സ്വാധീനിച്ച്‌ വിദേശികളെ അതിക്രൂരമായി പീഡിപ്പിച്ചു. സത്യാവസ്ഥ മനസ്സിലാക്കിയ അടുത്ത സുൽത്താന്‍ അഹമ്മദ്‌ഷാ (1436-57) ഡക്കാണികള്‍ക്ക്‌ അർഹിക്കുന്ന ശിക്ഷ നല്‌കുകയുണ്ടായി. രാജ്യത്തിന്റെ ഭദ്രത അപകടത്തിലായിരുന്ന ഈ സന്ദർഭത്തിൽ സ്വദേശികളെയും വിദേശികളെയും അനുരഞ്‌ജിപ്പിക്കുന്നതിൽ മന്ത്രിയായിരുന്ന മഹ്മൂദ്‌ ഗാവാന്‍ വിജയിച്ചു. ഭരണപരമായ നടപടികള്‍വഴി പ്രഭുക്കന്മാരുടെ അധികാരാവകാശങ്ങള്‍ നിയന്ത്രിച്ച്‌ ഗാവാന്‍ രാജ്യത്ത്‌ സമാധാനം സ്ഥാപിച്ചു. വിദേശിയായ ഗാവാന്റെ ഉയർച്ചയിൽ അസൂയാലുക്കളായ സ്വദേശികള്‍ നടത്തിയ ഉപജാപത്തിന്റെ ഫലമായി മുഹമ്മദ്‌ഷാ (1463-82) ഗാവാന്റെ വധത്തിന്‌ ഉത്തരവിട്ടു. ഗാവാന്റെ നിര്യാണത്തിനുശേഷം ബാഹ്മനി രാജ്യത്തിന്റെ കെട്ടുറപ്പും ശക്തിയും നഷ്‌ടപ്പെട്ടു. വളരെവേഗം ബാഹ്മനി രാജ്യം അഞ്ചു രാജ്യങ്ങളായി (ബീജപ്പൂർ, ഗോൽക്കൊണ്ട, അഹമ്മദ്‌നഗർ, ബിദാർ, ബീറാർ) വിഭജിതമായി.

വിജയനഗരം. 14-ാം ശ.- മുസ്‌ലിം ആക്രമണങ്ങള്‍ക്കെതിരായി തെ. ഇന്ത്യയിലുണ്ടായ മുന്നേറ്റമാണ്‌ വിജയനഗരത്തിന്റെ ഉദയത്തിനു വഴിതെളിച്ചത്‌. കംപീലി രാജാവിന്റെ മന്ത്രിമാരായിരുന്ന ഹരിഹരനും ബുക്കനും തുഗ്ലക്ക്‌ സാമ്രാജ്യത്തിന്റെ അധഃപതനത്തിന്റെ തുടക്കത്തിൽത്തന്നെ ആനഗുണ്ടി കേന്ദ്രമാക്കി ഒരു ഭരണകൂടം സ്ഥാപിച്ചു. ഹരിഹരന്‍ ക-ന്റെ ഭരണകാലത്ത്‌ (1336-56) തുംഗഭദ്ര മുതൽ ഹോയ്‌സാല വരെയുള്ള രാജ്യവിഭാഗങ്ങള്‍ വിജയനഗരത്തിന്റെ കീഴിലായി.

ആദ്യകാലരാജാക്കന്മാരിൽ പ്രധാനിയായിരുന്നു ദേവരായന്‍ I (1406-22). അദ്ദേഹത്തിന്റെ കാലത്താണ്‌ ബാഹ്മനിയും വിജയനഗരവും തമ്മിലുള്ള സംഘട്ടനങ്ങള്‍ ഏറ്റവും രൂക്ഷമായത്‌. 1406-ൽ ദേവരായന്‍ റെയിച്ചൂർ ദൊആബ്‌ ആക്രമിച്ചത്‌ സംഘട്ടനത്തിനു വഴിതെളിച്ചു. യുദ്ധത്തിൽ തോല്‌പിക്കപ്പെട്ട ദേവരായന്‍ തന്റെ പുത്രിയെ സുൽത്താനു വിവാഹംകഴിച്ചു കൊടുക്കുവാന്‍ നിർബന്ധിതനായി. ദേവരായന്‍ ബാഹ്മനി രാജ്യത്തിനെതിരായി റെഡ്ഡി രാജ്യത്തിലെ കാടയവേമനുമായി സഖ്യംചെയ്‌തു. പക്ഷേ യുദ്ധത്തിൽ കാടയവേമന്‍ വധിക്കപ്പെട്ടു. എങ്കിലും ദേവരായന്‍ പൗഗൽ പിടിച്ചടക്കുകയും യുദ്ധത്തിൽ നിർണായകമായ വിജയം കൈവരിക്കുകയും ചെയ്‌തു.

ദേവരായന്‍ II (1422-46) കൊണ്ടവിടു കീഴടക്കുകയും ഒറീസ ആക്രമിക്കുകയും ചെയ്‌തു. ദേവരായന്‍ കേരളരാജാക്കന്മാർക്കെതിരായും സൈന്യത്തെ അയച്ചതായി പറയപ്പെടുന്നു. 1442-ൽ ബാഹ്മനി രാജ്യത്തിനെതിരായി നടത്തിയ ആക്രമണം വിജയിച്ചില്ലെന്നു മാത്രമല്ല; അത്‌ അഹമ്മദ്‌ഷായുടെ പ്രതികാരനടപടികള്‍ക്കു കളമൊരുക്കുകയും ചെയ്‌തു. വിജയനഗരസാമ്രാജ്യത്തിലെ സാമ്പത്തികാഭിവൃദ്ധിയെയും സാംസ്‌കാരികപുരോഗതിയെയും അക്കാലത്ത്‌ വിജയനഗരം സന്ദർശിച്ച അബ്‌ദുൽറസ്സാക്കും റഷ്യാക്കാരനായ നികിതിനും പുകഴ്‌ത്തിയിരിക്കുന്നു. വിജയനഗരരാജാക്കന്മാരിൽ ഏറ്റവും പ്രഗല്‌ഭനായിരുന്നു കൃഷ്‌ണദേവരായർ (1509-29). ഭരണാരംഭത്തിൽത്തന്നെ കൃഷ്‌ണദേവരായർ പ്രാദേശികകലാപങ്ങള്‍ അമർത്തി ഭരണം ഭദ്രമാക്കി. 1520-ൽ റെയ്‌ച്ചൂർ ആക്രമിച്ച ബീജപ്പൂരിലെ ഇസ്‌മായിൽ ആദിൽഷായെ തോല്‌പിച്ച്‌ ബീജപ്പൂരും ഉദയഗിരിയും കൊണ്ടവിടുവും കീഴടക്കി. സൈനികകാര്യങ്ങളിലെന്നപോലെ ഭരണരംഗത്തും കൃഷ്‌ണദേവരായർ ശോഭിച്ചു. പണ്ഡിതനും കവിയുമായിരുന്ന രായർ വിദ്വാന്‍മാരെയും കലാകാരന്മാരെയും നന്നായി പ്രാത്സാഹിപ്പിച്ചു.

കൃഷ്‌ണദേവരായരുടെ കാലശേഷം കുടുംബഛിദ്രം മൂലം രാജ്യഭരണം താറുമാറായി. ബാഹ്മനി സുൽത്താന്മാരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടിരുന്ന വിജയനഗരത്തിലെ രാമരായർക്കെതിരായി സുൽത്താന്മാരെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു. 1565 ജനു:-ൽ കളിക്കോട്ടയിൽവച്ച്‌ രണ്ടുസൈന്യങ്ങളും ഏറ്റുമുട്ടി. വിജയനഗരസൈന്യങ്ങള്‍ നിശ്ശേഷം തോല്‌പിക്കപ്പെട്ടു; രാമരായർ യുദ്ധത്തിൽ മരിച്ചു. വിജയനഗര തലസ്ഥാനം നശിപ്പിച്ചാണ്‌ ബാഹ്മനി സുൽത്താന്മാർ വിജയമാഘോഷിച്ചത്‌. അരവിഡുരാജവംശം തുടർന്ന്‌ ഭരിച്ചുവെങ്കിലും വിജയനഗരത്തിന്റെ പണ്ടത്തെ ഐശ്വര്യവും പ്രതാപവും വീണ്ടെടുക്കാന്‍ അവർക്കു കഴിഞ്ഞില്ല.

സംസ്‌കൃതസാഹിത്യത്തിനും വൈദികപാണ്ഡിത്യത്തിനും ഹൈന്ദവതത്ത്വചിന്തയ്‌ക്കും നല്‌കിയ പ്രാത്സാഹനമാണ്‌ വിജയനഗരസാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച സംഭവന. തെലുഗുസാഹിത്യവും വിജയനഗരത്തിന്റെ സംരക്ഷണയിൽ പുഷ്‌ടിപ്പെട്ടു. ക്ഷേത്രനിർമാണകലയിലും വമ്പിച്ച പുരോഗതിയുണ്ടായി.

മുഗള്‍ സാമ്രാജ്യം (1526-1761).

ബാബർ (1526-30). മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബർ ചെങ്കിസ്‌ഖാന്റെയും തിമൂറിന്റെയും വംശപരമ്പയിൽപ്പെട്ട ഒരാളായിരുന്നു. മധ്യേഷ്യയിലെ രാഷ്‌ട്രീയക്കുഴപ്പങ്ങള്‍ 21-ാം മത്തെ വയസ്സിൽ ബാബറെ സ്വന്തം രാജ്യമായ ഫർഗാനയിൽനിന്ന്‌ പിഴുതെറിഞ്ഞു. 1504-ൽ കാബൂള്‍ കീഴടക്കിയ ബാബർ തന്റെ ശ്രദ്ധ ഇന്ത്യയിലേക്ക്‌ തിരിച്ചു. 1519-ൽ ഭെറാ കീഴടക്കി, ബാബർ ഇന്ത്യയിൽ പ്രവേശിച്ചു. ഡൽഹി സുൽത്താനെ നേരിടാന്‍ ലോദി പ്രഭുക്കന്മാർ ബാബറെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു. 1526 ഏ. 2-ന്‌ പാനിപ്പത്തിൽവച്ചുണ്ടായ യുദ്ധത്തിൽ ഇബ്രാഹിംലോദിയെ വധിച്ച്‌ ബാബർ ഡൽഹിരാജ്യത്തിന്റെ ആധിപത്യം കരസ്ഥമാക്കി. ഡൽഹി കീഴടക്കിയെങ്കിലും മേവാഡ്‌ രാജാവായ റാണാസംഗ്രാമസിംഹന്റെയും പൂർവേന്ത്യയിൽ അഫ്‌ഗാന്മാരുടെയും ശക്തമായ എതിർപ്പ്‌ ബാബറിനു നേരിടേണ്ടിവന്നു. 1527-ൽ ഖണ്ഡ്വയിൽവച്ചുണ്ടായ യുദ്ധത്തിൽ റാണാസംഗ്രാമസിംഹന്‍ പരാജിതനായി. അതിനുശേഷം ബാബർ ബിഹാറിലെ അഫ്‌ഗാന്മാരെ നേരിട്ടു. ഘാഘ്‌രാ നദീതീരത്തുവച്ചുണ്ടായ സംഘട്ടനത്തിൽ (1529 മേയ്‌) അഫ്‌ഗാന്മാർ തോല്‌പിക്കപ്പെട്ടു. 1530-ൽ അന്തരിക്കുമ്പോള്‍ കാബൂള്‍ മുതൽ ബംഗാള്‍വരെയും മേവാഡ്‌ മുതൽ ഹിമാലയം വരെയുമുള്ള പ്രദേശങ്ങള്‍ ബാബറിന്റെ കീഴിലായിരുന്നു.

ഹുമായൂണ്‍ (1530-40, 1555-56). ബാബറെ തുടർന്ന്‌ രാജാവായ ഹുമായൂണ്‍ യുദ്ധനിപുണനായിരുന്നുവെങ്കിലും അലസതമൂലം തന്റെ പൈതൃകം കളഞ്ഞുകുളിച്ചു. പാനിപ്പത്തിലെയും ഘാഘ്‌രയിലെയും വിജയം മൂലം അഫ്‌ഗാന്‍ശക്തി ശിഥിമായെങ്കിലും അവർ ഗുജറാത്തിലും ബംഗാളിലും മുഗള്‍ശക്തിക്ക്‌ ഒരു ഭീഷണിയായി തുടർന്നു. ജാന്‍പൂർ ആക്രമിച്ച മഹ്‌മൂദ്‌ ലോദിയെ തുരത്തിയെങ്കിലും ബംഗാളിൽ ഷേർഖാന്റെ ചെറുത്തുനില്‌പ്‌ അവസാനിപ്പിക്കുന്നതിനുമുമ്പ്‌ ഹുമായൂണ്‍ ഗുജറാത്തിലേക്ക്‌ പുറപ്പെട്ടു. ഗുജറാത്ത്‌ സുൽത്താന്‍ ബഹാദൂർഷാ ഹുമായൂണിനെ നേരിടുന്നതിനുപകരം ദിയൂവിലെ പോർച്ചുഗീസ്‌ കോട്ടയിൽ അഭയം പ്രാപിക്കയാണുണ്ടായത്‌. ഗുജറാത്തിലെ ഭരണം ചിട്ടപ്പെടുത്തുന്നതിനുമുമ്പ്‌ ഹുമായൂണ്‍ സ്ഥലം വിട്ടതുനിമിത്തം ഗുജറാത്ത്‌ മുഗളരിൽനിന്നും വഴുതിപ്പോയി. ബഹാദൂർ ഷാ ദിയൂവിൽനിന്ന്‌ തിരിച്ചുവരികയും മുഗളരെ ഗുജറാത്തിൽനിന്നും തുരത്തുകയും ചെയ്‌തു.

ഷേർഖാന്‍ ഇതിനിടയിൽ ബിഹാറിൽ ഒരു പ്രബലശക്തിയായി ഉയർന്നുകഴിഞ്ഞിരുന്നു. മുഗള്‍ ആധിപത്യം അംഗീകരിക്കുന്നുവെന്നു ഭാവിച്ചുകൊണ്ടുതന്നെ ചുനാർവരെയുള്ള മുഗള്‍പ്രദേശങ്ങള്‍ ഷേർഖാന്‍ കൈയടക്കി. ഷേർഖാന്റെ പ്രവൃത്തിയിൽ സംശയംതോന്നിയ ഹുമായൂണ്‍ ബിഹാർ ആക്രമിച്ചു. ഷേർഖാനെതിരായി ഉടനടി നടപടികളെടുക്കുന്നതിനുപകരം വഴിയിലുള്ള കോട്ടകൊത്തളങ്ങള്‍ പിടിച്ചെടുക്കുവാനാണ്‌ ഹുമായൂണ്‍ മുതിർന്നത്‌. ഈ സമയം ഉപയോഗിച്ച്‌ ഷേർഖാന്‍ ബംഗാള്‍ ആക്രമിക്കുകയും ഗൗർനഗരം പിടിച്ചടക്കുകയും ചെയ്‌തു. ഷേർഖാനെ പിന്തുടർന്ന്‌ ബംഗാളിലെത്തിയ ഹുമായൂണ്‍ കണ്ടത്‌ ഷേർഖാന്‍ സ്വതന്ത്രഭരണം സ്ഥാപിക്കാന്‍ വെമ്പുന്നതായിട്ടാണ്‌. തന്നിമിത്തം ബംഗാള്‍ കൈവശപ്പെടുത്താനും അവിടത്തെ ഭരണം ക്രമീകരിക്കാനും ഹുമായൂണിന്‌ ശ്രദ്ധിക്കേണ്ടിവന്നു. ഇതിനിടയിൽ ഷേർഖാന്‍ ചുനാറും ജാന്‍പൂറും ഉപരോധിക്കുകയും മുഗള്‍സൈന്യത്തിന്റെ തിരിച്ചുവരവിനുള്ള വഴി തടസ്സപ്പെടുത്തുകയും ചെയ്‌തു. ഹുമായൂണ്‍ 1539 മാ.-ൽ ചൗസായിലെത്തി. യുദ്ധം ചെയ്യുന്നതിനുപകരം തനിക്കനുകൂലമായ സന്ദർഭം ലഭ്യമാക്കാന്‍വേണ്ടി തന്ത്രപരമായി ഷേർഖാന്‍ മുഗളരുമായി സന്ധിസംഭാഷണം നടത്തി. ജൂണ്‍ 7-ന്‌ ഷേർഖാന്‍ മുന്നറിയിപ്പൊന്നും കൂടാതെ മുഗള്‍താവളം ആക്രമിച്ചു. എല്ലാം നഷ്‌ടപ്പെട്ട ഹുമായൂണ്‍ ഗംഗ നീന്തിക്കടന്ന്‌ രക്ഷപ്പെട്ടു. ഒരു കൊല്ലത്തിനുശേഷം നഷ്‌ടപ്പെട്ടപ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ നടത്തിയ ശ്രമം പരാജയമടയുകയും ഇന്ത്യ വിട്ടുപോകാന്‍ ഹുമായൂണ്‍ നിർബന്ധിതനാവുകയും ചെയ്‌തു. പേർഷ്യന്‍ ചക്രവർത്തിയായ ക്ഷാതമാസ്‌പ്‌ നല്‌കിയ സൈന്യവുമായി ഹുമായൂണ്‍ മടങ്ങിവരികയും ഷേർഷായുടെ അനന്തരഗാമിയെ തോല്‌പിച്ച്‌ 1555 ജൂലൈയിൽ ദില്ലി അധീനപ്പെടുത്തുകയും ചെയ്‌തു. എന്നാൽ ഒരു വീഴ്‌ചയിൽ പരുക്കുപറ്റിയതുമൂലം ഹുമായൂണ്‍ 1556 ജനു. 24-ന്‌ അന്തരിച്ചു.

ഷേർഷാസൂർ. ബിഹാറിലെ സസറാം ജില്ലയിൽ ഒരു ജാഗിർദാറുടെ മകനായി ജനിച്ച ഷേർഖാന്‍ പിതാവിന്റെ കീഴിൽ ഭരണപരിചയം സമ്പാദിച്ചു. ഹുമായൂണ്‍ കിഴക്കേ ഇന്ത്യ ആക്രമിച്ചപ്പോള്‍ ഷേർഖാന്‍ മുഗളരുടെ മേല്‌ക്കോയ്‌മയ്‌ക്കു വഴങ്ങുകയും മറ്റ്‌ അഫ്‌ഗാന്‍ നേതാക്കന്മാരെ അതിന്നായി പ്രരിപ്പിക്കുകയും ചെയ്‌തു; എന്നാൽ ഷേർഖാന്‍ അടുത്തുതന്നെ ചുനാർകോട്ട കൈവശപ്പെടുത്തി; ബംഗാള്‍ ആക്രമിച്ചുകീഴ്‌പെടുത്തി. പിന്നീട്‌ ഹുമായൂണുമായുണ്ടായ യുദ്ധങ്ങളിൽ മുഗളരെ നിശ്ശേഷം പരാജയപ്പെടുത്തി.

ഹുമായൂണിന്റെ പലായനത്തിനുശേഷം ഷേർഷാ പഞ്ചാബും മാള്‍വയും കീഴടക്കുകയും ബംഗാളിലും ബിഹാറിലും ഭരണം ക്രമപ്പെടുത്തുകയും ചെയ്‌തു. മാർവാഡ്‌ ആക്രമിച്ച ഷേർഖാന്‍ ചതിയിൽ മാൽദേവിനെ പരാജയപ്പെടുത്തി. രാജസ്ഥാനിൽ മാർവാഡും അജ്‌മീറും ചിത്തോറും പിടിച്ചടക്കി. കലിന്‍ജർകോട്ട ഉപരോധിച്ചുകൊണ്ടിരുന്ന അവസരത്തിൽ ഒരു വെടിയുണ്ടയേറ്റ്‌ ഷേർഷാ മൃതിയടഞ്ഞു (1545). ഷേർഷായുടെ മരണം അഫഗാന്‍നേതാക്കള്‍ തമ്മിലുള്ള അധികാരമത്സരത്തിനു വഴിതെളിച്ചു. വളരെവേഗം സൂർസാമ്രാജ്യം പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടു; ഈ സാഹചര്യം മുഗള്‍ സാമ്രാജ്യത്തിന്റെ പുനരുത്ഥാനത്തിന്‌ അവസരം നല്‌കി.

അക്‌ബർ (1556-1605). ഹുമായൂണ്‍ അന്തരിക്കുമ്പോള്‍ അക്‌ബർ പഞ്ചാബിൽ സിക്കന്ദർസൂറിനെതിരായി യുദ്ധം ചെയ്യുകയായിരുന്നു; അവിടെവച്ചുതന്നെ അക്‌ബർ രാജാവായി വാഴിക്കപ്പെട്ടു. സ്ഥാനാരോഹണം ചെയ്യുന്നകാലത്ത്‌ അക്‌ബറുടെനില പരുങ്ങലിലായിരുന്നു. പഞ്ചാബ്‌, ആഗ്ര, ബിഹാർ, ബംഗാള്‍, മാള്‍വ, ഗുജറാത്ത്‌ എന്നീ പ്രദേശങ്ങള്‍ അപ്പോഴും അഫ്‌ഗാന്‍കാരുടെ അധീനതയിലായിരുന്നു. 1556 നവംബറിലെ രണ്ടാം പാനിപ്പത്ത്‌ യുദ്ധത്തിൽ സിക്കന്ദർസൂറിന്റെ പടനായകനായ ഹിമൂവിനെ തോല്‌പിച്ചതിനുശേഷം മാത്രമേ അക്‌ബർക്ക്‌ അല്‌പമെങ്കിലും സ്വൈരം ലഭിച്ചുള്ളൂ. അക്‌ബറുടെ രക്ഷകർത്താവായിരുന്ന ബൈറാംഖാന്റെ നേതൃത്വത്തിലുള്ള മുഗള്‍സൈന്യം വളരെവേഗം കാബൂള്‍ മുതൽ അജ്‌മീർവരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി.

അക്‌ബർ ബൈറാംഖാനെ രക്ഷാകർതൃസ്ഥാനത്തുനിന്ന്‌ ഒഴിവാക്കുകയും മറ്റു പല മുഗള്‍ പ്രധാനികളെയും പല കുറ്റങ്ങള്‍ക്കുമായി ശിക്ഷിക്കുകയും ചെയ്‌തു. 1562-ൽ അജ്‌മീറിലേക്ക്‌ തീർഥയാത്രപോകുന്ന അവസരത്തിൽ അംബറിലെ രാജാവായ ഭാരാമൽ കഛ്‌വാഹ അക്‌ബറെ സന്ദർശിച്ച്‌ സന്ധിചെയ്‌തു. രാജാവ്‌ തന്റെ പുത്രിയെ അക്‌ബർക്കു വിവാഹം കഴിച്ചുകൊടുത്തു; രാജാവിന്റെ പുത്രന്‍ ഭഗവന്‍ദാസും പൗത്രന്‍ മാനസിംഹനും അക്‌ബറുടെ കീഴിൽ ഉദ്യോഗം സ്വീകരിക്കുകയും ചെയ്‌തു.

മുഗള്‍സാമ്രാജ്യവികസനത്തിന്റെ മുന്നോടിയായി രജപുത്രരാജ്യങ്ങളെ സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ കൊണ്ടുവരേണ്ടത്‌ ആവശ്യമാണെന്ന്‌ അക്‌ബർ തീരുമാനിച്ചു. 1567-ൽ അക്‌ബർ ചിത്തോർ ആക്രമിച്ചു കീഴടക്കി. വനാന്തരങ്ങളിലേക്ക്‌ ഓടിപ്പോയ ഉദയസിംഹന്‍ പിന്നീട്‌ ഉദയപൂർ നഗരം സ്ഥാപിച്ചു. 1572-ൽ ഉദയസിംഹനെ പിന്തുടർന്ന്‌ രാജാവായ പ്രതാപസിംഹന്‍ മേവാഡിന്റെ സ്വാതന്ത്യ്രം നിലനിർത്തുവാന്‍ തീരുമാനിച്ചു. 1576-ൽ ഹൽദീഘട്ടിലെ യുദ്ധത്തിൽ പ്രതാപസിംഹനെ അക്‌ബർ തോല്‌പിച്ചു. എങ്കിലും പ്രതാപസിംഹന്റെ എതിർപ്പ്‌ അഭംഗുരമായി തുടരുകതന്നെ ചെയ്‌തു. ക്രമേണ ചുറ്റുമുള്ള മറ്റ്‌ രജപുത്രരാജ്യങ്ങളെല്ലാം മുഗള്‍ ആധിപത്യത്തിൽ വന്നതോടുകൂടി മേവാഡിന്റെ എതിർപ്പ്‌ മുഗള്‍സാമ്രാജ്യത്തിന്‌ ഒരു ഭീഷണിയല്ലാതായിതീർന്നു. പ്രതാപസിംഹന്‍ ഈ അവസരം ഉപയോഗിച്ച്‌ തനിക്കു നഷ്‌ടപ്പെട്ട പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും മേവാഡിന്റെ ഭരണം പരിഷ്‌കരിക്കുകയും ചെയ്‌തു. പ്രതാപസിംഹന്‍ 1597 ജനു.-ൽ അന്തരിച്ചു.

പ്രതാപസിംഹന്റെ മരണത്തിനുമുമ്പുതന്നെ ബിക്കാനീറും ജയ്‌സാൽമറും മുഗള്‍ആധിപത്യം സ്വീകരിച്ചു കഴിഞ്ഞിരുന്നു. പ്രതാപസിംഹന്റെ മരണത്തോടുകൂടി മേവാഡിന്റെ ചില ഭാഗങ്ങള്‍ ഒഴിച്ച്‌ രജപുത്താന മുഴുവനും മുഗള്‍ആധിപത്യത്തിന്‍കീഴിൽ വന്നു. രജപുത്രരുടെ വികാരങ്ങളെ മാനിക്കുന്നകാര്യത്തിൽ അക്‌ബർ അതീവ ശ്രദ്ധാലുവായിരുന്നു. തങ്ങളുടെ നില ഉയർത്തുന്നതിനുള്ള രജപുത്രന്മാരുടെ എല്ലാ ശ്രമങ്ങള്‍ക്കും ചക്രവർത്തി ആനുകൂല്യം നല്‌കിയിരുന്നു.

ബഹാദുർഷായുടെ മരണശേഷം ഗുജറാത്തിൽ ഉണ്ടായ കുഴപ്പങ്ങള്‍ ആ പ്രദേശം പിടിച്ചെടുക്കുന്നതിന്‌ അക്‌ബറെ പ്രരിപ്പിച്ചു. അഫ്‌ഗാന്മാർ ബിഹാറിലും ബംഗാളിലും തുടർന്ന്‌ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത്‌ അവസാനിപ്പിക്കാനായി ആ പ്രവിശ്യകളും അക്‌ബർ കീഴടക്കുകയുണ്ടായി.

1580-ൽ അക്‌ബർ നടപ്പിലാക്കിയ ഭരണപരവും റവന്യൂസംബന്ധിയുമായ പരിഷ്‌കാരങ്ങള്‍ രാജ്യത്താകെ കുഴപ്പങ്ങള്‍ ഇളക്കിവിട്ടു. ഈ ഭരണപരിഷ്‌കാരങ്ങളെ എതിർത്തിരുന്നവരിൽ അക്‌ബറുടെ സഹോദരനായ മിർസാ ഹക്കീമും ഉള്‍പ്പെട്ടിരുന്നു. ബംഗാളിൽ ആരംഭിച്ച ഈ പ്രക്ഷോഭം വളരെ വേഗം ഉത്തരേന്ത്യ മുഴുവന്‍ പടർന്നു പിടിച്ചു; എന്നാൽ അക്‌ബറുടെ സത്വരവും ശക്തവുമായ സൈനികനടപടികള്‍മൂലം പ്രക്ഷോഭം അധികനാള്‍ നീണ്ടുനിന്നില്ല. മിർസാ ഹക്കിം കാബൂള്‍ കൈവശപ്പെടുത്തിയെങ്കിലും അയാള്‍ക്ക്‌ ഭരണകൂടത്തോടുള്ള കൂറു പ്രകടിപ്പിക്കാന്‍ ഒരവസരംകൂടി നല്‌കുന്നതിനുവേണ്ടി, കാബൂളിനെ അക്‌ബർ സാമ്രാജ്യത്തിൽ ലയിപ്പിച്ചില്ല.

അധികം വൈകാതെ അക്‌ബർ കാശ്‌മീറും കീഴടക്കി. സൈനുൽ ആബിദീന്റെ കാലത്തിനുശേഷം കാശ്‌മീരിൽ വ്യവസ്ഥാപിത ഭരണം ഉണ്ടായിരുന്നില്ല. 1586-ൽ മുഗള്‍ സൈന്യം ശ്രീനഗർ കീഴടക്കി. 1591-ൽ ലഡാഖും 1592-ൽ സിന്ധും 1595-ൽ ബലൂചിസ്‌താനും കാന്ദഹാറും (ഗാന്ധാരം) കീഴടക്കിയതോടുകൂടി മുഗള്‍സാമ്രാജ്യത്തിന്റെ ദേശീയാതിർത്തികള്‍ ഭദ്രമായി.

മാള്‍വയും ഗുജറാത്തും കീഴടങ്ങിയതോടുകൂടി മുഗള്‍ സാമ്രാജ്യവും ഡക്കാണുമായി അടുത്ത സമ്പർക്കം സ്ഥാപിക്കപ്പെട്ടു. 1591-ൽ മുഗള്‍ ആധിപത്യം അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അക്‌ബർ ഡക്കാണ്‍രാജ്യങ്ങളിലേക്ക്‌ നയതന്ത്രപ്രതിനിധികളെ അയച്ചിരുന്നു. എന്നാൽ ഖാന്‍ദേശ്‌ ഒഴികെ മറ്റൊരു രാജ്യവും ഈ ആവശ്യം അംഗീകരിച്ചില്ല. സൗഹൃദം സ്ഥാപിക്കുന്നതിനുവേണ്ടി 1589-ൽ അക്‌ബർ ബുർഹാന്‍ നിസാംഷായെ സഹായിച്ചിരുന്നുവെങ്കിലും, 1595-ൽ ബുർഹാന്‍ മരിച്ചപ്പോള്‍ അധികാരത്തിൽവന്ന അഹമ്മദ്‌നഗറിലെ റീജന്റും ബുർഹാന്റെ സഹോദരിയുമായ ചാന്ദ്‌ബീബി മുഗളരെ എതിർത്തു. യുദ്ധത്തിൽ തോല്‌പിക്കപ്പെട്ട ചാന്ദ്‌ബീബി ബീറാർ വിട്ടുകൊടുത്ത്‌ സമാധാനം തേടേണ്ടിവന്നു. ചാന്ദ്‌ബീബിയുടെ മരണത്തോടുകൂടി അഹമ്മദ്‌നഗറിൽ ഉണ്ടായ കുഴപ്പങ്ങള്‍ മുഗള്‍ ആക്രമണത്തിനു സഹായകമായി. അഹമ്മദ്‌നഗറിന്റെ ഉത്തരഭാഗങ്ങള്‍ മുഗളർക്കധീനമായി. നീണ്ടുനിന്ന ഉപരോധത്തിനുശേഷം ഖാന്‍ദേശിലെ അസീർഗഡ്‌ കോട്ടയും കീഴടങ്ങി. ബിജപ്പൂർസുൽത്താനും മുഗള്‍ ആധിപത്യം സ്വീകരിക്കാന്‍ തയ്യാറായി. ഈ അവസരത്തിലാണ്‌ അക്‌ബറുടെ പുത്രനായ സലിംരാജകുമാരന്‍ കലാപോദ്യുക്തനായത്‌. 1591 മുതൽ സലിമിന്റെ പെരുമാറ്റത്തിൽ ചക്രവർത്തി അതൃപ്‌തനായിരുന്നു. മധ്യേഷ്യ ആക്രമിക്കാനുള്ള അക്‌ബറുടെ പരിപാടിക്ക്‌ സലിമിന്റെ നടപടി വിഘ്‌നം സൃഷ്‌ടിച്ചു. ചക്രവർത്തി ഡക്കാണ്‍ ആക്രമണത്തിൽ മുഴുകിയിരുന്നപ്പോള്‍ സലിം ആഗ്ര പിടിച്ചടക്കാന്‍ ശ്രമിച്ചു; അതു വിഫലമായപ്പോള്‍ കിഴക്കന്‍ പ്രവിശ്യകള്‍ കീഴടക്കാന്‍ ശ്രമം നടത്തി. ഇതിനിടയിലാണ്‌ 1602-ൽ ചക്രവർത്തിയുടെ വിശ്വസ്‌തസുഹൃത്തായ അബുൽഫസ്‌ലിനെ ഗൂഢാലോചന നടത്തി സലിം വധിച്ചത്‌. സലിമിനെ ശിക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചുകൊണ്ടിരുന്ന അവസരത്തിൽ ചക്രവർത്തിയുടെ മാതാവ്‌ മറിയംമക്കാനി അന്തരിച്ചു (1604). അതിനടുത്ത്‌, തന്നെ സന്ദർശിച്ച സലിമുമായി അക്‌ബർ രഞ്‌ജിപ്പിലെത്തി; 1605-ൽ ചക്രവർത്തി അന്തരിക്കുകയും ചെയ്‌തു.

അക്‌ബർ മഹാനായ ഒരു ഭരണാധികാരിയായിരുന്നു. 1573-നും 1582-നും ഇടയ്‌ക്ക്‌ അദ്ദേഹം മുഗള്‍ ഭരണക്രമത്തിൽ സുപ്രധാനങ്ങളായ വളരെയേറെ പരിഷ്‌കാരങ്ങള്‍ വരുത്തി. തത്ത്വചിന്തയിലും വിശ്വാസാചാരങ്ങളിലും കലകളിലും സാഹിത്യത്തിലും അഗാധമായ താത്‌പര്യമുണ്ടായിരുന്ന ചക്രവർത്തി അവയുടെ വികസനത്തിനുവേണ്ടുന്ന പല നടപടികളും സ്വീകരിച്ചു. സാംസ്‌കാരിക പൗഷ്‌കല്യത്തിന്റെയും മതസൗഹാർദത്തിന്റെയും സങ്കേതമായി അക്‌ബറുടെ ഭരണകാലം കണക്കാക്കപ്പെട്ടുവരുന്നു.

ജഹാംഗീർ (1605-27). അക്‌ബറുടെ മകനായ സലിം രാജകുമാരന്‍ 1605-ൽ ജഹാംഗീർ എന്ന പേരോടുകൂടി ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്‌തു. ജഹാംഗീറിന്റെ മൂത്തപുത്രനായ ഖുസ്‌റോ അക്‌ബറുടെ വാത്സല്യഭാജനമായിരുന്നു. കുഴപ്പക്കാരനായിരുന്ന സലിമിനുപകരം ഖുസ്‌റോയെ അനന്തരാവകാശിയാക്കാന്‍പോലും അക്‌ബർ ആലോചിച്ചിരുന്നു. ഖുസ്‌റോ 1606 ഏ.-ൽ ലാഹോറിലേക്കു പോവുകയും അവിടെവച്ച്‌ കലാപം സംഘടിപ്പിക്കുകയം ചെയ്‌തു. വളരെവേഗം ലഹള അടിച്ചമർത്തപ്പെട്ടു. ഖുസ്‌റോ ബന്ധനസ്ഥനാവുകയും കുറെക്കാലത്തിനുശേഷം വധിക്കപ്പെടുകയും ചെയ്‌തു. ഖുസ്‌റോയ്‌ക്കു വേണ്ടുന്ന പ്രാത്സാഹനങ്ങള്‍ നല്‌കി എന്ന കാരണംപറഞ്ഞ്‌ ഗുരു അർജുന്‍സിംഗിനെ (സിക്കുകാരുടെ അഞ്ചാമത്തെ ആത്മീയഗുരു) വധിക്കുവാനും ചക്രവർത്തി കല്‌പന പുറപ്പെടുവിച്ചു. ഈ സംഭവം സിക്കുകാരുടെ അപ്രീതി ജ്വലിപ്പിക്കാന്‍ ഇടയാക്കി.

മേവാഡിനെതിരായ യുദ്ധവും ജഹാംഗീർ തുടർന്നുനടത്തി. യുദ്ധത്തിൽ പരാജിതനായ അമരസിംഹന്‍ മുഗള്‍ ആധിപത്യം സ്വീകരിക്കാന്‍ നിർബന്ധിതനായിത്തീർന്നു. അഫ്‌ഗാന്‍കാരുടെ ഒരു സങ്കേതമായിരുന്ന ബംഗാള്‍ മുഗള്‍ സാമ്രാജ്യത്തിന്‌ എന്നും ഒരു പ്രശ്‌നമായിരുന്നു. ഷെർ അഫ്‌ഗാന്റെ നേതൃത്വത്തിൽ അഫ്‌ഗാന്‍കാർ ബംഗാളിൽ എതിർപ്പു സംഘടിപ്പിച്ചു. ജഹാംഗീർ ഷെർഅഫ്‌ഗാനെ വധിച്ചു. അദ്ദേഹത്തിന്റെ വിധവയായ മെഹറുന്നീസയെ ചക്രവർത്തി ഭാര്യയായി സ്വീകരിച്ചു.

നൂർജഹാന്‍ എന്ന അപരനാമത്താൽ അറിയപ്പെടുന്ന മെഹറുന്നിസ തന്റെ പിതാവായ ഇതിമാദുദൗലയും സഹോദരനായ ആസഫ്‌ഖാനും ജഹാംഗീറിന്റെ പുത്രനായ ഷാജഹാനുമായി ചേർന്നുണ്ടാക്കിയ രാഷ്‌ട്രീയ കൂട്ടുകെട്ട്‌ അടുത്ത 12 സംവത്സരത്തേക്ക്‌ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗധേയം നിയന്ത്രിച്ചു.

1621-ൽ ഇതിമാദുദൗലാ അന്തരിച്ചു. തന്റെ മകളായ അന്‍ജൂന്‍മദ്‌ബാനുബീഗം ഷാജഹാനെ വിവാഹം കഴിക്കുകയാൽ ആസഫ്‌ഖാന്‍ ഷാജഹാന്റെ പക്ഷപാതിയായി മാറി. നൂർജഹാന്റെ അധികാരഗർവ്‌ ഷാജഹാനെ വല്ലാതെ ചൊടിപ്പിച്ചു. ഇക്കാരണങ്ങളാൽ ഈ രാഷ്‌ട്രീയ കൂട്ടുകെട്ട്‌ അവസാനിക്കുകയും കൂട്ടുകെട്ടിലെ ഓരോ കക്ഷിയും മറുകക്ഷിക്കു ദോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌തു. 1622-ൽ പേർഷ്യയിലെ ഷാ കാന്ദഹാർ പിടിച്ചടക്കി. കാന്ദഹാർ തിരിച്ചുപിടിക്കാന്‍ നിയുക്തനായ ഷാജഹാന്‍ അത്‌ തന്റെ രാഷ്‌ട്രീയഭാവി നശിപ്പിക്കുന്നതിനുള്ള നൂർജഹാന്റെ ശ്രമമാണെന്നു ശങ്കിച്ച്‌ അതിൽനിന്ന്‌ പിന്തിരിഞ്ഞു. അതിനുംപുറമെ ഷഹ്‌രിയാർ രാജകുമാരന്റെ നിയന്ത്രണത്തിലുള്ള ധോൽപൂർ പിടിച്ചടക്കുകയും ദില്ലിയിലേക്കു മുന്നേറുകയും ചെയ്‌തു. ബിലൊച്‌പൂരിൽവച്ച്‌ തോല്‌പിക്കപ്പെട്ട ഷാജഹാന്‍ ഡക്കാണിലേക്കു പിന്തിരിഞ്ഞു. അവിടെനിന്ന്‌ പൂർവേന്ത്യയിലേക്കു പോയി. അവിടെ തന്റെ ശക്തി ഉറപ്പിക്കുക എന്നതായിരുന്നു ഷാജഹാന്റെ ലക്ഷ്യം. പാറ്റ്‌ന, ജാന്‍പൂർ എന്നീ സ്ഥലങ്ങള്‍ കീഴടക്കിയശേഷം ഷാജഹാന്‍ അലഹാബാദ്‌ ഉപരോധിച്ചു. മഹാബത്‌ഖാന്റെ കീഴിലുള്ള രാജകീയ സൈന്യവുമായി നടന്ന യുദ്ധത്തിൽ കഷ്‌ടിച്ചു രക്ഷപ്പെട്ട ഷാജഹാന്‍ ഡക്കാണിലേക്ക്‌ ഓടിപ്പോയി. മാലിക്‌ അംബറിന്റെ സഹായത്തോടുകൂടി ബുർഹാന്‍പൂർ ഉപരോധിച്ച ഷാജഹാന്‍ ബീറാറിലേക്കു പിന്‍വാങ്ങുകയും ചക്രവർത്തിയോട്‌ മാപ്പിന്‌ അപേക്ഷിക്കുകയും ചെയ്‌തു. അങ്ങനെ തനിക്കെതിരായി നിങ്ങിയ ഷാജഹാനെ ഒരു പാഠം പഠിപ്പിക്കുന്നതിൽ നൂർജഹാന്‍ വിജയിച്ചു.

അനുദിനം ക്ഷയിച്ചുകൊണ്ടിരുന്ന ജഹാംഗീറിന്റെ ആരോഗ്യസ്ഥിതി പുതിയ ഉപജാപങ്ങള്‍ക്കു വഴിതെളിച്ചു. മഹാബത്‌ഖാന്‍ പിന്താങ്ങിയിരുന്ന പർവീസ്‌ രാജകുമാരന്റെ രാഷ്‌ട്രീയഭാവി തെളിഞ്ഞുവന്നു. നൂർജഹാന്‍ ഷഹ്‌രിയാന്‍ രാജകുമാരനും ആസഫ്‌ഖാന്‍ ഷാജഹാനും പിന്തുണ നല്‌കിയിരുന്നു. മഹാബത്‌ഖാനെ പർവീസിൽനിന്നും അകറ്റുകയായിരുന്നു നൂർജഹാന്റെ അടുത്തശ്രമം. മഹാബത്‌ഖാനെതിരായി കുറ്റാരോപണങ്ങള്‍ നടത്തി ബംഗാളിലേക്കു സ്ഥലം മാറ്റി; എന്നാൽ ഈ അപമാനത്തിനുപകരം വീട്ടാന്‍തന്നെ മഹാബത്‌ഖാന്‍ തീരുമാനിച്ചു. ചക്രവർത്തി പരിവാരസമേതം കാശ്‌മീരിൽനിന്നു കാബൂളിലേക്കു പോകുന്ന വഴിക്ക്‌ അദ്ദേഹത്തെയും ചക്രവർത്തിനിയെയും മഹാബത്‌ഖാന്‍ തടവുകാരാക്കി പിടിച്ചു. ചക്രവർത്തിയെ നൂർജഹാന്‍ കൗശലത്തിൽ രക്ഷപ്പെടുത്തിയപ്പോള്‍ മഹാബത്‌ഖാന്‌ ഡക്കാണിൽ ഷാജഹാന്റെ അടുക്കൽ അഭയം തേടേണ്ടിവന്നു. ഇതിനിടയിൽ ജഹാംഗീറിന്റെ ആരോഗ്യം തകരാറിലാവുകയും 1627 ഒ.-ൽ അദ്ദേഹം അന്തരിക്കുകയും ചെയ്‌തു.

ഷാജഹാന്‍ (1627-57). ഷാജഹാന്‍ കിരീടധാരണം നടത്തുന്ന സമയത്തെ രാഷ്‌ട്രീയാന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു. രാജ്യത്തുണ്ടായ ആദ്യത്തെ കലാപം ഖാന്‍ജഹാന്‍ ലോദിയുടേതായിരുന്നു. നൂർജഹാന്‍ പക്ഷക്കാരനായിരുന്ന ബാന്‍ജഹാന്‍ ശിക്ഷ ഭയന്ന്‌ നിസാംഷായുടെ സഹായംതേടി അഹമ്മദ്‌നഗറിലേക്ക്‌ ഓടിപ്പോയി. അവിടെ സഖ്യം ലഭ്യമാകാതിരുന്ന ഖാന്‍ജഹാന്‍ പഞ്ചാബിലേക്കു പോവുന്നതിനിടയിൽ വധിക്കപ്പെട്ടു. 1631 ജൂണിൽ മുംതാസ്‌മഹൽ അന്തരിച്ചതുകാരണം ഷാജഹാന്‍ ഡക്കാണ്‍ വിട്ടുപോയി. അവിടെ കൂടുതൽ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ഇത്‌ ഇടവരുത്തി. മറാഠികളുടെ പ്രവർത്തനം നിയന്ത്രിക്കുകയും ബീജപ്പൂരും ഗോൽക്കൊണ്ടയും മുഗള്‍ ആധിപത്യത്തിൽ കൊണ്ടുവരികയും ചെയ്യുന്നതുവരെ ഡക്കാണിൽ സമാധാനം സ്ഥാപിക്കുന്നതു ദുഷ്‌കരമായിരിക്കുമെന്ന്‌ ഷാജഹാനുബോധ്യമായി. ഈ തീരുമാനം നടപ്പിൽ വരുത്താനായി ഷാജഹാന്‍ 1636 ജനു.-ൽ ബുർഹാന്‍പൂരിൽ എത്തി. മറാഠികള്‍ പിടിച്ചടക്കിയിരുന്ന കോട്ടകള്‍ ഒന്നൊന്നായി മുഗള്‍സൈന്യം തിരിച്ചുപിടിച്ചു. ബീജപ്പൂരും ഗോൽക്കൊണ്ടയും മുഗള്‍ ആധിപത്യം സ്വീകരിക്കാമെന്നും കപ്പം നല്‌കാമെന്നും സമ്മതിച്ചു.

1638-ൽ കാന്ദഹാറിലെ പേർഷ്യന്‍ ഗവർണർ പണാപഹരണത്തിനുള്ള ശിക്ഷ ഭയന്ന്‌ അവിടത്തെ തന്ത്രപ്രധാനമായ കോട്ട മുഗളർക്കു കൈമാറി. ഡക്കാണിൽ അടുത്തകാലത്തുണ്ടായ വിജയങ്ങളും കാന്ദഹാറിന്റെ വീണ്ടെടുക്കലും മധ്യേഷ്യയിലെ കുഴപ്പങ്ങള്‍ ഉപയോഗപ്പെടുത്തി ആപ്രദേശങ്ങള്‍ ആക്രമിച്ചുകീഴടക്കാന്‍ ഷാജഹാനെ പ്രരിപ്പിച്ചു. മുറാദ്‌ രാജകുമാരന്‍ ബൽഖ്‌, ബദക്ഷാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കി; എന്നാൽ നാട്ടുകാരുടെ നിസ്സഹകരണവും ഈ പ്രദേശങ്ങളിൽ തുടരുന്നതിനുള്ള മുഗള്‍സൈന്യത്തിന്റെ മടിയും ഈ ആക്രമണത്തെ നിഷ്‌ഫലമാക്കി; അറംഗസീബ്‌ രാജകുമാരന്റെ നേതൃത്വത്തിൽ മുഗള്‍ ആധിപത്യം നിലനിർത്താനുള്ള ശ്രമവും വിജയിച്ചില്ല. മുഗള്‍സൈന്യത്തിന്റെ പിന്മാറ്റത്തോടുകൂടിത്തന്നെ പേർഷ്യാക്കാർ കാന്ദഹാർ തിരിച്ചുപിടിച്ചു. കാന്ദഹാർ വീണ്ടെടുക്കുന്നതിനു നടത്തിയ മൂന്നു ശ്രമങ്ങള്‍ വിജയിച്ചില്ലെന്നു മാത്രമല്ല, ആളിലും അർഥത്തിലും അവ സാമ്രാജ്യത്തിന്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തിവയ്‌ക്കുകകൂടി ചെയ്‌തു.

1652-ൽ അറംഗസീബ്‌ രണ്ടാംപ്രാവശ്യം ഡക്കാണിലെ രാജപ്രതിനിധിയായി നിയമിക്കപ്പെട്ടു. ഡക്കാണിലെ ഭൂനികുതിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായ സബ്‌തി (കൃഷിഭൂമി അളന്നു തിട്ടപ്പെടുത്തി വരുമാനത്തിനനുസരിച്ച്‌ ഭൂനികുതി) സമ്പ്രദായം നടപ്പിലായത്‌ ഇക്കാലത്താണ്‌. ഡക്കാണ്‍രാജ്യങ്ങളെ കീഴടക്കി മുഗള്‍ സാമ്രാജ്യത്തോടു കൂട്ടിച്ചേർക്കുക എന്ന നയമാണ്‌ അറംഗസീബ്‌ സ്വീകരിച്ചത്‌. ഗോൽക്കൊണ്ടയിലെ അബ്‌ദുല്ലാ ഖുത്‌ബ്‌ഷായ്‌ക്കെതിരായിട്ടായിരുന്നു ആദ്യത്തെ നീക്കം. കപ്പം വീഴ്‌ചവരുത്തിയെന്ന കാരണത്താൽ 1656-ൽ ഗോൽക്കൊണ്ടയും അവകാശത്തർക്കത്തിന്റെപേരിൽ 1657-ൽ ബീജപ്പൂരും ആക്രമിച്ചു.

1657 സെപ്‌.-ൽ ഷാജഹാന്‌ ഗുരുതരമായ സുഖക്കേട്‌ ബാധിച്ചു. ചക്രവർത്തി അന്തരിച്ചുവെന്ന കിംവദന്തി എമ്പാടും പരന്നപ്പോള്‍ പുത്രന്മാർ സിംഹാസനത്തിനുവേണ്ടി സമരസന്നാഹങ്ങള്‍ തുടങ്ങി. മുത്തപുത്രനായ ദാറായാണ്‌ പിന്തുടർച്ചാവകാശിയായി നിർദേശിക്കപ്പെട്ടിരുന്നത്‌. രണ്ടാമത്തെ പുത്രനായ ഷൂജാ ബംഗാളിലെയും മൂന്നാമനായ അറംഗസീബ്‌ ഡക്കാണിലെയും നാലാമനായ മുറാദ്‌ ഗുജറാത്തിലെയും വൈസ്രായിമാരായിരുന്നു. ഷാജഹാന്റെ സുഖക്കേടിനെപ്പറ്റി കേട്ട ഉടനെതന്നെ മുറാദ്‌ സ്വയം ചക്രവർത്തിപദം സ്വീകരിക്കുകയും ഷൂജാ കിരീടം കരസ്ഥമാക്കുവാന്‍ ദില്ലിയിലേക്കു തിരിക്കുകയും ചെയ്‌തു. അറംഗസീബ്‌ മാത്രമാണ്‌ കാര്യങ്ങളുടെ ഗതി നോക്കിയിരിക്കാനുള്ള ക്ഷമ കാണിച്ചത്‌. ദാറായ്‌ക്ക്‌ ഈ മൂന്ന്‌ സഹോദരന്മാരുടെ എതിർപ്പും രാജധാനിയിലെ പ്രഭുക്കന്മാരുടെ ഉപജാപങ്ങളും അഭിമുഖീകരിക്കേണ്ടിവന്നു. ദാറാ അയച്ച സൈന്യം ബഹാദൂർപൂറിൽവച്ച്‌ ഷൂജയെ തോല്‌പിച്ചോടിച്ചു. മുറാദിനെയും അറംഗസീബിനെയും തടഞ്ഞുനിർത്താന്‍ അയച്ചിരുന്ന സൈന്യവിഭാഗങ്ങള്‍ ഈ രണ്ട്‌ രാജകുമാരന്മാരും യോജിച്ചു മുന്നേറുന്നതു തടയുന്നതിൽ പരാജയപ്പെട്ടു. തന്നിമിത്തം മുറാദിന്റെയും അറംഗസീബിന്റെയും സംയുക്തസൈന്യം ധർമയുദ്ധത്തിലും സമൂഗറിലെ യുദ്ധത്തിലും ദാറായുടെ സൈന്യങ്ങളെ നിർണായകമായി തോല്‌പിച്ചു. ദാറാ പഞ്ചാബിലേക്ക്‌ ഓടിപ്പോയി.

1658 ജൂണിൽ ആഗ്രയിലെത്തിയ അറംഗസീബ്‌ ഷാജഹാനെ ബന്ധനസ്ഥനാക്കി. 1666 ജനു.-ൽ അന്തരിക്കുന്നതുവരെ ഷാജഹാന്‍ ബന്ധനത്തിൽത്തന്നെ കഴിഞ്ഞു. മുറാദ്‌ വധിക്കപ്പെട്ടു. രണ്ടാമതും ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയ ഷൂജാ ഖജ്‌വായിൽവച്ച്‌ വീണ്ടും തോല്‌പിക്കപ്പെട്ടു. അറംഗസീബിന്റെ സൈന്യത്താൽ അനുധാവനം ചെയ്യപ്പെട്ട ഷൂജാ അരക്കാനിലേക്ക്‌ ഓടി രക്ഷപ്പെട്ടു. ദാറാ പഞ്ചാബിൽനിന്ന്‌ മുള്‍താനിലേക്കും അവിടെനിന്നും സിന്ധിലേക്കും പലായനം ചെയ്‌തു. ധന്‍ദറിലെ അഫ്‌ഗാന്‍ പ്രഭുവായ മാലിക്‌ ജീവന്‍ഖാന്‍ തന്റെ സഹായംതേടിയ ദാറായെ ബന്ധനസ്ഥനാക്കി അറംഗസീബിന്റെ ഉദ്യോഗസ്ഥന്മാർക്ക്‌ ഏല്‌പിച്ചുകൊടുത്തു. മതത്തിൽനിന്നും ഭ്രംശിച്ചു എന്ന കുറ്റംചുമത്തി ദാറാ വധിക്കപ്പെട്ടു. എതിരാളികളെയെല്ലാം വകവരുത്തിയതിനുശേഷം 1658 ജൂലായിൽ അറംഗസീബ്‌ ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്‌തു.

അറംഗസീബ്‌ (1658-1707). ആഗ്രപിടിച്ചടക്കി തന്റെ പിതാവിനെ തടവിലാക്കിയശേഷം 1658 ജൂല.-ൽ സ്ഥാനാരോഹണം ചെയ്‌ത അറംഗസീബ്‌ ദാരാഷുക്കോവിനെതിരെയുള്ള യുദ്ധങ്ങളിൽ വിജയം വരിച്ചശേഷം 1659 ജൂണിൽ "ആലംഗീർ', "പാദ്‌ഷാ' തുടങ്ങിയ പല ഉയർന്ന സ്ഥാനപ്പേരുകളും സ്വീകരിച്ച്‌ വീണ്ടും അധികാരമേറ്റു.

മുഗള്‍ സാമ്രാജ്യത്തിന്റെ സാമ്രാജ്യവികസനപ്രക്രിയ അറംഗസീബിന്റെ ഭരണകാലത്തും ത്വരിതമായിത്തന്നെ തുടർന്നു. അധികാരത്തിൽ വന്നയുടനെ അതിർത്തിപ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലായിരുന്നു അറംഗസീബ്‌ ശ്രദ്ധ പതിപ്പിച്ചത്‌. 1661-ൽ കിഴക്കന്‍ അതിർത്തിയായ കൂച്ച്‌ ബിഹാർ ആക്രമിച്ചു കീഴടക്കിയശേഷം ആഹോറുകളുടെ താവളമായ ഗാഢ്‌ഗാവിൽ നിന്നും അവിടത്തെ ജനതയെ തുരത്തിഓടിക്കുവാന്‍ ശ്രമിച്ചുവെങ്കിലും സന്ധിയിൽ ഏർപ്പെടേണ്ടിവന്നു. മുഗള്‍സൈന്യമേധാവികളിൽ പ്രഗല്‌ഭനായ മീർജൂംലയായിരുന്നു ഇക്കാലത്തെ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയിരുന്നത്‌. മീർജൂംലയുടെ മരണത്തെത്തുടർന്ന്‌ അറംഗസീബിന്റെ മാതുലനായ ഷായിസ്‌കഖാന്‍ മുഗള്‍ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും രംഗ്‌പൂരും കാമരൂപവും കീഴടക്കുകയും ചെയ്‌തു.

യുദ്ധപ്രിയരായിരുന്ന പത്താന്‍കാർ മുഗള്‍ സാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ അതിർത്തികടന്നുവന്ന്‌ മുഗള്‍ പ്രദേശങ്ങളിൽ കൊള്ള നടത്തിയിരുന്നു. 1667-ൽ സ്വാത്‌ താഴ്‌വരയിലെ യൂസുഫ്‌ഡായികള്‍ കലാപമുണ്ടാക്കുകയും പെഷവാറും ഖട്ടക്കും കൊള്ളയടിക്കുകയും ചെയ്‌തു. മുഗള്‍സൈന്യം അവരെ അമർത്തിയെങ്കിലും 1672-ൽ ആഫ്‌റീദികളും ഖട്ടക്കുകളും ഒത്തുചേർന്ന്‌ കാബൂള്‍ ഗവർണറെ പരാജയപ്പെടുത്തി. അവരെ കീഴടക്കാനുള്ള ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 1674-ൽഅറംഗസീബ്‌ നേരിട്ടുതന്നെ പെഷവാറിലേക്ക്‌ ചെന്ന്‌ പല ഗ്രാത്രത്തലവന്മാർക്കും സമ്മാനങ്ങളും ഉദ്യോഗങ്ങളും സൗജന്യങ്ങളും നല്‌കി സ്വാധീനിച്ചു. വഴങ്ങാന്‍ കൂട്ടാക്കാത്തവരെ ബലംപ്രയോഗിച്ചും കീഴടക്കി. ഗവർണറായി നിയമിതനായ അമീർഖാനാണ്‌ ഇരുപതുകൊല്ലത്തോളം ഈ അതിർത്തിയെ നിയന്ത്രിച്ചുപോന്നത്‌. എന്നാൽ അറംഗസീബിന്റെ നയം സാമ്രാജ്യത്തിന്‍ വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കി. സൈന്യത്തിന്റെ ഒരു വലിയ വിഭാഗം അദ്ദേഹത്തിനു നഷ്‌ടപ്പെട്ടു. അതിന്റെ രാഷ്‌ട്രീയ ഫലമാകട്ടെ അതിലുംകൂടുതൽ ദോഷകരമായിരുന്നു. രജപുത്രരെ വെറുപ്പിച്ചതും വടക്കു പടിഞ്ഞാറന്‍ ഭാഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ ഡെക്കാണിൽ ആക്രമണം നടത്താന്‍ ശിവജിക്ക്‌ അവസരമൊരുങ്ങിയതും അറംഗസീബിന്റെ അശ്രദ്ധയായി കണക്കാക്കപ്പെട്ടു. അറംഗസീബിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരേന്ത്യന്‍ യുദ്ധം പ്രമുഖ രജപുത്ര രാജാവായ മാർവാഡിനെതിരെയുള്ളതായിരുന്നു. 1678-ൽ രാജാ ജസ്‌വന്തിസിങ്ങിന്റെ മരണത്തോടെ മാർവാഡ്‌ മുഗള്‍ സൈന്യത്തിനു കീഴടങ്ങി. തുടർന്ന്‌ മുഗള്‍ സൈന്യം മേവാഡ്‌ ആക്രമിക്കുകയും പിലറ്റാർ കീഴ്‌പ്പെടുത്തുകയും ചെയ്‌തു. എന്നാൽ രജപുത്രരുമൊന്നിച്ചുള്ള അക്‌ബർ രാജകുമാരന്റെ ഇടപെടൽ മുഗള്‍ സാമ്രാജ്യത്തിനെതിരെ പുതിയ വെല്ലുവിളി ഉയർത്തിയെങ്കിലും അത്‌ അധികകാലം നീണ്ടുനിന്നില്ല. 1681-ൽ അറംഗസീബ്‌ മേവാഡുമായി സഖ്യത്തിലേർപ്പെടുകയും ഡെക്കാണിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു. ഇതേകാലയളവിൽ ബിജാപ്പൂരിലെയും ഗോൽക്കൊണ്ടയിലെയും സുൽത്താന്മാരുമായും മറാത്തികളുമായും അദ്ദേഹത്തിന്‌ യുദ്ധം ചെയ്യേണ്ടതായി വന്നു. സാമ്രാജ്യ താത്‌പര്യങ്ങളും മതപരമായ പരിഗണനകളും ഇക്കാലയളവിൽ അറംഗസീബിനെ സ്വാധീനിക്കുകയുണ്ടായി. രണ്ടു രാജ്യങ്ങളിലെയും മുസ്‌ലിങ്ങള്‍ ഷിയാവിഭാഗക്കാരായതുകൊണ്ട്‌ ഒരു യാഥാസ്ഥിതിക സുന്നി മുസ്‌ലിമായ അറംഗസീബ്‌ അവരെ കീഴടക്കേണ്ടത്‌ തന്റെ മതപരമായ ബാധ്യതയാണെന്നു പോലും കരുതി ആ രാജ്യങ്ങളിലെ അഭ്യന്തരമായ കലഹങ്ങള്‍ അറംഗസീബിന്‌ അനുകൂല സാഹചര്യമൊരുക്കി. 1686-ൽ ബിജാപ്പൂരും 1687-ൽ ഗോൽക്കൊണ്ടയും കീഴടക്കി. ഇരു രാജ്യങ്ങളിലെയും സ്വതന്ത്രഭരണം അവസാനിപ്പിച്ച്‌ മുഗള്‍ സാമ്രാജ്യത്തോട്‌ ചേർക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഇവയുടെ പ്രത്യാഘാതം ഗുരുതരമായിരുന്നു. മുഗളരും മറാത്തികളും തമ്മിൽ നേരിട്ടുള്ള സംഘർഷങ്ങള്‍ ഉടലെടുത്തു. രജപുത്രരും സിക്കുകാരും ഈ അവസരം മുതലെടുത്ത്‌ മുഗള്‍ സാമ്രാജ്യത്തിനെതിരായി തങ്ങളുടെ ശക്തി സംഭരിച്ചു. ഇക്കാലത്ത്‌ ശിവജിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്ത്‌ ഒരു പുതിയ രാഷ്‌ട്രീയശക്തിയായി ഉയർന്നുകഴിഞ്ഞിരുന്ന മറാഠികളോട്‌ അറംഗസീബിന്‌ എതിരിടേണ്ടതായി വന്നു. ശിവജിയെ കീഴടക്കാന്‍ സൈനിക മേധാവിയായ ഷായിസ്‌തഖാനെയും തുടർന്ന്‌ സ്വന്തം മകനായ മുഅസ്സമിനെയും നിയോഗിച്ചുവെങ്കിലും അവർ വിജയിക്കുകയുണ്ടായില്ല. 1664-ൽ തന്റെ സമർഥനായ സൈന്യാധിപന്‍ ജയസിംഹിലൂടെ ശിവജിയെ താത്‌കാലികമായി കീഴടക്കി ആഗ്രയിലെത്തിച്ചു. ആഗ്രയിലെത്തിയ ശിവജിയെ അറംഗസീബ്‌ അപമാനിച്ച്‌ തടവിലടച്ചുവെങ്കിലും ശിവജി തടവിൽനിന്നു രക്ഷനേടി. തുടർന്നു മറാത്തികളുടെ അഭ്യർഥനയെ മാനിച്ച്‌ ശിവജി കിരീടധാരണം ചെയ്യുകയും വിജയനഗരസാമ്രാജ്യാതിർത്തിയിലുള്ള ജിന്‍ജി കീഴടക്കി തന്റെ തലസ്ഥാനമാകുകയും ചെയ്‌തു. 1680-ൽ ശിവജിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പുത്രന്‍ ശംഭുജിയെ അറംഗസീബ്‌ തടവിലാക്കി കൊലചെയ്യുകയും മഹാരാഷ്‌ട്രത്തിന്റെ തലസ്ഥാനമായ റായ്‌ഗഡും ജിന്‍ജിയും പിടിച്ചടക്കുകയും ചെയ്‌തുവെങ്കിലും മറാത്തികളെ നിർവീര്യമാക്കാന്‍ അറംഗസീബിനു കഴിഞ്ഞില്ല. രാജാറാമും അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ വിധവയായ താരാബായിയും മുഗളന്മാർക്കെതിരായ യുദ്ധം തുടർന്നു നടത്തി. ഒടുവിൽ മുഗളർക്ക്‌ പിന്‍വാങ്ങേണ്ടിവന്നു.

ഇസ്‌ലാം മത കാര്യങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അറംഗസീബ്‌ കടുത്ത യാഥാസ്ഥിതിക വാദിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഹിന്ദുക്കള്‍ പലവിധ വിവേചനങ്ങള്‍ക്കും വിധേയരായി. സാമ്പത്തിക-രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ മുന്‍നിർത്തി ഗുജറാത്തിലെ സോമനാഥക്ഷേത്രവും ബനാറസ്സിലെ വിശ്വനാഥക്ഷേത്രവും മധുരയിലെ കേശവദേവക്ഷേത്രവും ഇദ്ദേഹം തകർത്തു. ഹിന്ദുക്കള്‍ക്കുമേൽ ജസിയ എന്ന മതനികുതി ചുമത്തുകയും അവരെ ഉദ്യോഗങ്ങളിൽനിന്നും ഒഴിവാക്കുകയും ചെയ്‌തു. ഹിന്ദുവ്യാപാരികളിൽനിന്നും ചുങ്കങ്ങള്‍ പിരിച്ചപ്പോള്‍ത്തന്നെ മുസ്‌ലിം വ്യാപാരികളെ അതിൽനിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നു. മതപരിവർത്തനത്തെ പ്രാത്സാഹിപ്പിച്ചിരുന്ന അറംഗസീബ്‌ അതേ സമയം ഷിയാവിഭാഗക്കാരായ മുസ്‌ലിങ്ങളെ വെറുത്തിരുന്നു. സാമ്രാജ്യ വിപുലീകരണത്തിൽ അന്ധനായിരുന്ന അറംഗസീബ്‌ സ്വന്തം ജനതയുടെ ഇഷ്‌ടാനിഷ്‌ടങ്ങളെ തിരിച്ചറിയാതെപോയി. 1707-ൽ ഡെക്കാണിൽവച്ച്‌ അറംഗസീബ്‌ ചരമമടഞ്ഞു.

മുഗള്‍-മറാഠാമത്സരങ്ങള്‍. അറംഗസീബിന്റെ മരണത്തോടുകൂടി ഛിന്നഭിന്നമായിത്തുടങ്ങിയ മുഗള്‍ സാമ്രാജ്യം മുഗള്‍-മറാഠാ-സിക്ക്‌ മത്സരങ്ങളുടെ ഒരു കേരളീരംഗമായിത്തീർന്നു. സാംബാജിയുടെ പുത്രനായ ശാഹൂ തടവിൽനിന്നു രക്ഷപ്പെട്ട്‌ മഹാരാഷ്‌ട്രത്തിലെത്തി താരാബായിയുടെ പുത്രന്‍ ശിവാജി കക-ൽ നിന്ന്‌ മറാഠാസിംഹാസനം അവകാശപ്പെട്ടു; ഈ ബലപരീക്ഷണത്തിൽ ശാഹൂ പേഷ്വ (പ്രധാനമന്ത്രി) ബാലാജിവിശ്വനാഥിന്റെ സഹായത്തോടുകൂടി വിജയം വരിച്ചു. ബാലാജിവിശ്വനാഥിന്റെ അടുത്ത പ്രധാനവിജയം മറാഠാ പ്രദേശങ്ങളിൽനിന്നും ചൗത്‌, സർദേശ്‌മുഖി എന്നീ നികുതികള്‍ പിരിക്കാനുള്ള അവകാശം ദില്ലിയിലെ സയ്യിദ്‌ സഹോദരന്മാരിൽനിന്നു കരസ്ഥമാക്കിയതാണ്‌. നേതാക്കന്മാർ തമ്മിലുള്ള മത്സരം കാരണം ദുർബലമായിക്കൊണ്ടിരുന്ന മറാഠാരാഷ്‌ട്രത്തിന്‌ ഉത്തേജനം നല്‌കാന്‍ ഈ അനുവാദപത്രത്തിനു കഴിഞ്ഞു.

ശാഹൂ 1749 വരെ ഭരണം തുടർന്നു. ബാലാജിവിശ്വനാഥിനുശേഷം പുത്രന്‍ ബാജിറാവു പേഷ്വ ആയി നിയമിക്കപ്പെട്ടു (1720). മറാഠാ വിമതന്‍മാരെ ശാഹൂവിനെതിരായി തിരിച്ച്‌ തന്റെ അധീശത്വം ഡക്കാണ്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുള്ള മുഗള്‍ സുബേദാർ നിസാമിന്റെ ശ്രമത്തെ ബാജിറാവു വിഫലമാക്കി (1727). പോർച്ചുഗീസുകാർ കീഴടക്കിയിരുന്ന ബസീന്‍ തിരിച്ചുപിടിച്ചു (1739). ഈ സമയത്ത്‌ ദില്ലി ആക്രമിച്ച നാദിർഷായ്‌ക്കെതിരായി നിസാമുമായി യോജിച്ച്‌ ഒരു സൈന്യത്തെ ഉത്തരേന്ത്യയിലേക്കയച്ചു. എന്നാൽ നാദിർഷാ അപ്പോഴേക്കും മടങ്ങിപ്പോയിരുന്നു. 1740-ൽ ബാജിറാവു മരിച്ചപ്പോള്‍ പുത്രനായ ബാലാജി പേഷ്വ ആയി നിയമിക്കപ്പെട്ടു; അങ്ങനെ പേഷ്വാപട്ടം പാരമ്പര്യമായിത്തീർന്നു. ബാലാജിയുടെ നേതൃത്വത്തിന്‍കീഴിൽ മറാഠാശക്തി വ. ഇന്ത്യയിലും തെ. ഇന്ത്യയിലും കൂടുതൽ സ്ഥലങ്ങളിലേക്ക്‌ വ്യാപിച്ചു. മൈസൂറിൽ ഹൈദർ അലിയുടെയും ഹൈദരാബാദിൽ ബുസ്സിയുടെയും നേതൃത്വത്തിൽ മറാഠാശക്തിയെ ചെറുക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അതെല്ലാം ഭാഗികമായേ വിജയിച്ചുള്ളൂ. വ. ഇന്ത്യയിൽ അഹമ്മദ്‌ഷാ അബ്‌ദാലി പഞ്ചാബ്‌ കീഴടക്കുകയും ദില്ലിക്ക്‌ ഒരു ഭീഷണിയായിത്തീരുകയും ചെയ്‌തിരുന്നു. പഞ്ചാബ്‌ ആക്രമിച്ച മറാഠികളെ അബ്‌ദാലി 1760 ജനു.-ൽ തോല്‌പിക്കുകയും ഹോള്‍ക്കറെ ദില്ലിയിൽനിന്ന്‌ തുരത്തുകയും ചെയ്‌തു. സദാശിവറാവുവിന്റെ നേതൃത്വത്തിലുള്ള മറാഠാസൈന്യം 1761 ജനു. 14-ന്‌ പാനിപ്പത്തിൽവച്ച്‌ അബ്‌ദാലിയുമായി ഏറ്റുമുട്ടി; ഇതിൽ മറാഠികള്‍ പരാജിതരായി.

ഇസ്‌ലാമിക ഭരണകാലത്തെ പ്രത്യേകതകള്‍. ദില്ലി സുൽത്താന്മാരും മുഗളരും അനുവർത്തിച്ചുവന്നത്‌ രാജവാഴ്‌ചാസമ്പ്രദായമായിരുന്നു. എന്നാൽ ഈ രാജവാഴ്‌ചയ്‌ക്ക്‌ ആശാസ്യമായ പാരമ്പര്യസ്വഭാവമോ വ്യക്തമായ പിന്തുടർച്ചാനിയമമോ ഇല്ലായിരുന്നു. സുൽത്താന്‍വാഴ്‌ചയുടെ ആദ്യഘട്ടങ്ങളിൽ ഏറ്റവും ശക്തനായ പ്രഭുവിനെ രാജാവായി തെരഞ്ഞെടുക്കകയായിരുന്നു പതിവ്‌. പിന്തുടർച്ചാവകാശത്തെ സംബന്ധിച്ച്‌ സ്‌പടഷ്‌ടമായ വ്യവസ്ഥകളില്ലാതിരുന്നതുകൊണ്ട്‌ അനർഹമായ അധികാരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം നിത്യസംഭവമായി മാറിയിരുന്നു. ഈ ദുസ്ഥിതി നൂതനമായി രൂപംകൊണ്ട പല രാജവംശങ്ങളെയും ശിഥിലമാക്കി.

ഭരണസംവിധാനം. ദില്ലി സുൽത്തന്മാർ സംവിധാനം ചെയ്‌ത ഭരണക്രമം സ്വദേശീയവും വിദേശീയവുമായ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു. സുൽത്തന്മാരുടെ അധികാരം തത്ത്വത്തിൽ അവ്യവസ്ഥിതമായിരുന്നുവെങ്കിലും പ്രഭുക്കന്മാരുടെ എതിർപ്പും രാജ്യത്തിലുണ്ടായിക്കൊണ്ടിരുന്ന കലാപങ്ങളും അവരുടെ പ്രവൃത്തികളെ പരോക്ഷമായി നിയന്ത്രിക്കുവാന്‍ പോരുന്നവയായിരുന്നു. ഭരണസൗകര്യത്തിനായി രാജ്യത്തെ പ്രവിശ്യകളായി വിഭജിച്ചിരുന്നു.

വിദ്യാഭ്യാസ-സാംസ്‌കാരികസാഹചര്യങ്ങള്‍. ദില്ലി ഭരിച്ചിരുന്ന മുസ്‌ലിംരാജാക്കന്മാർ പ്രധാന നഗരങ്ങളിൽ മദ്രസകള്‍ സ്ഥാപിക്കുകയും പണ്ഡിതന്മാർക്കു ധനസഹായം നല്‌കുകയും ചെയ്‌തിരുന്നുവെങ്കിലും, മധ്യകാലങ്ങളിൽ പൊതുവിദ്യാഭ്യാസത്തിനു വേണ്ടുന്ന നടപടികളൊന്നും എടുത്തിരുന്നില്ല. മദ്രസകള്‍ മതവിഷയകമായ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അക്‌ബറുടെ ഭരണകാലത്ത്‌ കണക്ക്‌, ചരിത്രം, ജ്യോതിഃശാസ്‌ത്രം മുതലായ വിഷയങ്ങള്‍കൂടി മദ്രസകളുടെ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തി. വേദങ്ങള്‍, മഹാഭാരതം, രാമായണം, പഞ്ചതന്ത്രം തുടങ്ങിയ പൗരാണിക സാഹിത്യഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്താന്‍ ഒരു കാര്യാലയം അക്‌ബർ സ്ഥാപിച്ചു. ഹിന്ദു പാഠശാലകള്‍ക്ക്‌ ധനസഹായം നല്‌കാനും ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല.

ഇന്ത്യന്‍ ജാതിവ്യവസ്ഥയും ഗ്രാമീണ സാമ്പത്തികഘടനയും വലിയ മാറ്റങ്ങളൊന്നും കൂടാതെ തുടർന്നുപോയതോടൊപ്പം അവയിൽ പല പരിവർത്തനങ്ങളുമുണ്ടാക്കാന്‍ പുതിയ ഭരണത്തിനു കഴിഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും പരസ്‌പരം മനസ്സിലാക്കാനും പൊതുവായ സാംസ്‌കാരികരംഗങ്ങള്‍ കണ്ടെത്തുവാനും അവസരമുണ്ടായി. ഹിന്ദു-മുസ്‌ലിം ആഘോഷങ്ങള്‍ രണ്ടു സമുദായങ്ങളിലെയും ആളുകളെ ഒരുപോലെ ആകർഷിച്ചിരുന്നു. മുസ്‌ലിംസൂഫികളും ഹിന്ദുയോഗിമാരും ഈ സഹവർത്തിത്വത്തിനു സഹായിച്ചു. ആശയവിനിമയത്തിനുവേണ്ടി ഇന്ത്യന്‍ ഭാഷാപദങ്ങളും ശൈലികളും സ്വീകരിക്കുവാന്‍ സന്നദ്ധരായതുമൂലം പുതിയൊരു ഭാഷയ്‌ക്ക്‌ (ഉറുദു) ജന്മം നല്‌കുവാന്‍ സാധിച്ചു. ജനകീയ വിനോദങ്ങളിൽ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം ലഭിച്ചു.

ഈ കാലഘട്ടത്തിൽ ഉത്തരേന്ത്യയൊട്ടാകെ ഒരു പ്രസ്ഥാനമായി വളർന്നുവന്ന ഭക്തിമാർഗത്തിന്‌ ഹിന്ദു-മുസ്‌ലിം സന്യാസിമാരുടെയും ചിന്തകന്മാരുടെയും കവികളുടെയും വിലയേറിയ സംഭാവനകള്‍ പശ്ചാത്തലമൊരുക്കി. രാമാനുജന്‍, രാമാനന്ദന്‍, കബീർ, ഗുരുനാനാക്ക്‌, തുളസീദാസന്‍, ചൈതന്യന്‍, ജ്ഞാനദേവ്‌, നാമദേവ്‌, ഏകനാഥന്‍, തുക്കാറാം, രാമദാസ്‌ തുടങ്ങിയ ആചാര്യന്മാർ പുതിയൊരു സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിന്‌ വഴിതെളിച്ചു.

സാഹിത്യം. ഇന്ത്യയിൽ മുസ്‌ലിം ഭരണംകൊണ്ടുണ്ടായ ഒരു നേട്ടം പ്രാദേശികഭാഷകളുടെ വളർച്ചയായിരുന്നു. സംസ്‌കൃതഭാഷയുടെ പ്രാമാണ്യം മുസ്‌ലിം ഭരണകർത്താക്കള്‍ കുറച്ചു. അത്‌ പ്രാദേശികഭാഷകളുടെ വളർച്ചയ്‌ക്ക്‌ സഹായകമായിത്തീർന്നു. പല മുസ്‌ലിം ഭരണകർത്താക്കളും പ്രാദേശികഭാഷകളെ താത്‌പര്യപൂർവം പ്രാത്സാഹിപ്പിച്ചു. 14-ാം ശ.-ത്തിന്റെ അന്ത്യത്തോടുകൂടി ഉർദു ഒരു സ്വതന്ത്രഭാഷയായി വികസിച്ചു. പേർഷ്യന്‍, അറബി, തുർക്കി, ഹിന്ദി എന്നീ ഭാഷകളിൽനിന്നുള്ള പദങ്ങളും ശൈലികളും ഉള്‍ക്കൊണ്ട്‌ വളർന്നുവികസിച്ച ഉർദു എന്ന സങ്കരഭാഷ അക്കാലത്തെ മികച്ച ആശയവിനിമയമാധ്യമമായിത്തീർന്നു. ഈ കാലഘട്ടത്തിൽ മറ്റ്‌ ഇന്ത്യന്‍ഭാഷകള്‍ക്കും അറബി, പേർഷ്യന്‍ തുടങ്ങിയ വിദേശഭാഷകള്‍ക്കും സ്വതന്ത്രമായി വികസിക്കുവാന്‍ വേണ്ടുന്ന സാഹചര്യം ലഭിച്ചു. സംസ്‌കൃതത്തിൽനിന്നും പല ശാസ്‌ത്രസാഹിത്യകൃതികളും മുസ്‌ലിം ഭരണാധികാരികളുടെ പ്രാത്സാഹനഫലമായി അറബിയിലേക്കും പേർഷ്യനിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടത്‌ ഇക്കാലത്തായിരുന്നു.

കലയും വാസ്‌തുശില്‌പവും. മധ്യകാലേന്ത്യയിൽ രൂപംകൊണ്ടതാണ്‌ ഇന്തോ-ഇസ്‌ലാമിക ശില്‌പകല. കുതബ്‌മീനാർ, ഖുണ്ണത്തുൽ ഇസ്‌ലാം പള്ളി, തുഗ്ലക്കാബാദ്‌ കോട്ട തുടങ്ങിയവ ഈ കലാമാതൃകകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പേർഷ്യന്‍ ശില്‌പികളുടെ സഹായത്തോടെ പുതിയൊരു വാസ്‌തുവിദ്യാരീതി ഇക്കാലത്തുയർന്നുവന്നു. സ്വദേശീയവും വിദേശീയവുമായ വാസ്‌തുവിദ്യാ രീതികളെ സംയോജിപ്പിച്ച്‌ രൂപംനല്‌കിയ ശില്‌പമാതൃകകള്‍ക്കുദാഹരണങ്ങളാണ്‌, ഫതേപൂർസിക്രിയിലെ ദിവാനൊഖാസ്‌, അന്തഃപുരം, സലിം ചിശ്‌തിയുടെ ശവകുടീരം തുടങ്ങിയവ. മുസ്‌ലിം ഭരണാധികാരികള്‍ ചിത്രകലയിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. കൈയെഴുത്തു ഗ്രന്ഥങ്ങള്‍ ചിത്രങ്ങള്‍ വരച്ച്‌ അലങ്കരിക്കുന്ന കലയ്‌ക്ക്‌ (miniature painting) സുൽത്താന്മാരുടെ കാലത്തു വലിയ പ്രാത്സാഹനം ലഭിച്ചിരുന്നു. പേർഷ്യന്‍ മഹാകാവ്യമായ ഹംസാനാമാ 1400 ചിത്രങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ട്‌ 17 വാല്യങ്ങളിലായി പൂർത്തിയാക്കിയത്‌ ഇക്കാലത്തായിരുന്നു. രാജസ്ഥാനിലും വ.പ. ഇന്ത്യയിലും ഇക്കാലത്ത്‌ പുരോഗതി പ്രാപിച്ച ചിത്രകല രാജസ്ഥാനി ചിത്രകല എന്ന പേരിൽ പിന്നീട്‌ വിഖ്യാതമായിത്തീർന്നു. ജയ്‌പൂരി, പഹാഡി എന്നീ ചിത്രകലാമാതൃകകളും വളർച്ചയിലേക്കുനീങ്ങി. ഡക്കാണ്‍ ചിത്രകലയും ഇതേകാലത്ത്‌ ബാഹ്മനി സുൽത്താന്മാരുടെ സ്വാധീനഫലമായി വികസിച്ചു.

സാമ്പത്തികരംഗം. മധ്യകാലങ്ങളിലും പരമ്പരാഗത കൃഷിസമ്പ്രദായങ്ങള്‍തന്നെയാണ്‌ പ്രയോഗത്തിലിരുന്നത്‌. നെല്ല്‌, ഗോതമ്പ്‌, ബാർലി, ചോളം എന്നിവയായിരുന്നു പ്രധാന വിളകള്‍. നാണ്യവിളകളായ പരുത്തിയും കരിമ്പും നാടൊട്ടുക്ക്‌ കൃഷിചെയ്‌തിരുന്നു. എച്ചക്കുരുക്കളും വിപുലമായതോതിൽ കൃഷിചെയ്‌തിരുന്നു. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്താന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു.

വ്യാവസായികരംഗത്തും തൃപ്‌തികരമായ പുരോഗതി ആർജിച്ചിരുന്നു. ലോഹപ്പണി വളരെ അഭിവൃദ്ധിപ്പെട്ടിരുന്നു. ലോകവിപണിയിൽ ഇന്ത്യന്‍ കരകൗശലവസ്‌തുക്കള്‍ അത്യധികം വിലമതിക്കപ്പെട്ടുവന്നു. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക്‌ വിദേശകമ്പോളങ്ങളിൽ വമ്പിച്ച വിപണന സാധ്യതയുണ്ടായിരുന്നു. വാരാണസി, ആഗ്ര, മാള്‍വ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ മേൽത്തരം തുണിത്തരങ്ങള്‍ നിർമിച്ചിരുന്നു. ചായംമുക്കൽ, തുണികളിൽ ചിത്രണം ചെയ്യൽ തുടങ്ങിയ തൊഴിലുകളും വളരെയേറെ പുരോഗമിച്ചിരുന്നു. ഗുജറാത്തിൽ കാംബെ, അഹമ്മദാബാദ്‌ എന്നീ നഗരങ്ങള്‍ പട്ടുതുണിത്തരങ്ങളുടെ നെയ്‌ത്തിന്‌ പേരുകേട്ടിരുന്നു. കടലാസ്‌ ഉത്‌പാദനം 14-ാം ശ.-ത്തിലാണ്‌ ഇന്ത്യയിൽ പുരോഗതിപ്രാപിച്ചത്‌. ഗ്രാമത്തിലെ രേഖകള്‍പോലും കടലാസിൽ എഴുതിസൂക്ഷിച്ചിരുന്നു. അച്ചടിവിദ്യ അക്കാലത്ത്‌ പ്രചരിച്ചിരുന്നില്ല. കൈത്തൊഴിലുകളെ അടിസ്ഥാനമാക്കിയായിരുന്നു മധ്യകാലേന്ത്യയിലെ വ്യാവസായികഘടന. ഗ്രാമങ്ങള്‍ ഇക്കാലത്ത്‌ മിക്കവാറും സ്വയം പര്യാപ്‌തങ്ങളായിരുന്നു. നഗരങ്ങളുടെ ആവശ്യങ്ങള്‍ അവയ്‌ക്ക്‌ ചുറ്റുമുള്ള ഗ്രാമങ്ങള്‍ നിർവഹിച്ചു. ദില്ലി സുൽത്താന്മാരിൽ പലരും റോഡുകള്‍ നിർമിക്കുന്നതിൽ തത്‌പരരായിരുന്നു. ഷേർഷ പണിയിച്ച പല റോഡുകളും ഇന്നും ഉപയോഗത്തിലുണ്ട്‌. റോഡുകളിൽ അവിടവിടെ സത്രങ്ങള്‍ (സരായ്‌) പണിയിച്ചിരുന്നു. കാളവണ്ടികളും ചുമട്ടു കാളകളുമായിരുന്നു ദൂരസ്ഥലങ്ങളിലേക്ക്‌ ചരക്കുകള്‍ കൊണ്ടുപോയിരുന്നത്‌. സംഘങ്ങളായിട്ടാണ്‌ കച്ചവടക്കാർ സഞ്ചരിച്ചത്‌. വിദേശവ്യാപാരത്തിലും ശ്രദ്ധപതിച്ചിരുന്നു. ഏഷ്യന്‍രാജ്യങ്ങളുമായി കൂടുതലും കരമാർഗമായിട്ടായിരുന്നു വാണിജ്യം കാംബെ, സൂറത്ത്‌, ഗോവ, കോഴിക്കോട്‌, കൊച്ചി, മഛ്‌ലിപട്ടണം, നാഗപട്ടണം, ഹൂഗ്ലി, ത്രിപുരം (ബംഗാള്‍) എന്നീ തുറമുഖങ്ങള്‍ മറ്റു രാജ്യങ്ങളുമായുള്ള വാണിജ്യബന്ധത്തിന്റെ കവാടങ്ങളായി നിലകൊണ്ടു. ഇന്ത്യ ചൈനയിൽനിന്ന്‌ പട്ടുതുണികള്‍, കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവയും മറ്റു പൗരസ്‌ത്യദേശങ്ങളിൽനിന്ന്‌ ഗ്രാമ്പു, ജാതിക്ക, സ്വർണം, വെള്ളി എന്നിവയും ഇറക്കുമതി ചെയ്‌തിരുന്നു. തുണിത്തരങ്ങള്‍, നൂൽ, കറുപ്പ്‌, പഞ്ചസാര എന്നിവ കയറ്റി അയക്കുകയും ചെയ്‌തു.

സാമ്രാജ്യവിസ്‌തൃതിക്കുവേണ്ടിയുള്ള യുദ്ധങ്ങളും അവകാശവടംവലികളും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു എങ്കിലും മുകളിൽപറഞ്ഞ കാര്യങ്ങളിലെല്ലാം അന്നത്തെ ഭരണാധികാരികള്‍ ശ്രദ്ധിക്കാതിരുന്നില്ല. സിക്കുകാർ. ഗുരുനാനാക്കിന്റെ ഉപദേശങ്ങള്‍ പിന്തുടർന്ന സിക്കുകാർ അവരുടെ ഗുരുക്കന്മാരുടെ കീഴിൽ കെട്ടുറപ്പുള്ള ഒരു സമൂഹമായി വളർന്നു. കലാപകാരിയായ ഖുസ്‌റോ രാജകുമാരനെ രാഷട്രീയകാര്യങ്ങളിൽ സഹായിച്ചു എന്ന കാരണത്താൽ ജഹാംഗീർ അഞ്ചാമത്തെ ഗുരുവായ അർജുന്‍സിംഗിനെ വധിച്ചതുമുതലാണ്‌ മുഗളരും സിക്കുകാരും തമ്മിൽ ഉരസൽ തുടങ്ങിയത്‌. ആറാമത്തെ ഗുരുവായ ഹർഗോവിന്ദ്‌ സിക്കുസേന സംഘടിപ്പിച്ചു. ഒമ്പതാമത്തെ ഗുരുവായ തേജ്‌ബഹാദൂർ കുറേനാള്‍ രാജാറാംസിംഗിന്റെ കീഴിൽ മുഗളർക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത്‌ സിക്കുസമുദായം വളർച്ചപ്രാപിച്ചു. തേജ്‌ബഹാദൂർ പഞ്ചാബിൽ മുഗള്‍ഗവണ്‍മെന്റിനെതിരായുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട കാരണത്താൽ കൊല്ലപ്പെട്ടു (1675). പത്താമത്തെ ഗുരുവായ ഗുരുഗോവിന്ദ്‌ സിക്കുകാരെ ഒരു സമുദായമായി രൂപാന്തരപ്പെടുത്തി. സമുദായത്തിനും ഗുരുവിനുംവേണ്ടി മരിക്കാന്‍ തയ്യാറുള്ള അംഗങ്ങളെ ചേർത്ത്‌ അദ്ദേഹം ഖാൽസാ രൂപവത്‌കരിച്ചു. പഞ്ചാബിലെ മുഗള്‍ ഉദ്യോഗസ്ഥന്മാരെ അദ്ദേഹം തുടർച്ചയായി എതിർത്തു.

ഗോവിന്ദ്‌സിംഗ്‌ ആയിരുന്നു സിക്കുകാരുടെ അവസാനത്തെ ഗുരു. അദ്ദേഹത്തെ പിന്തുടർന്ന ബാന്‍ദാ സിക്കുകാരെ തികച്ചും ഒരു സൈനികസമൂഹമാക്കി മാറ്റി. പലതവണ സിക്കുകാർ മുഗള്‍ ഗവണ്‍മെന്റുമായി സംഘട്ടനത്തിലേർപ്പെടുകയും ഏതാനും പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ബാന്‍ദാ 1716-ൽ ദില്ലിയിൽവച്ചു വധിക്കപ്പെട്ടു.

അതിനുശേഷം സിക്കുകാർ കുറേനാളത്തേക്ക്‌ ശാന്തമായ ജീവിതം നയിച്ചു. 1738-ൽ സിക്കുനേതാവായ ഭായിമാനിസിംഗ്‌ വധിക്കപ്പെട്ടു. ദില്ലി ആക്രമണം (1739) കഴിഞ്ഞ്‌ മടങ്ങിപ്പോകുന്ന നാദിർഷായുടെ സൈനികസാമഗ്രികള്‍ പിടിച്ചെടുക്കാന്‍ സിക്കുകാർ ധൈര്യപ്പെട്ടു. പഞ്ചാബിൽ അവർ പല പ്രദേശങ്ങളും ആക്രമിച്ചുകീഴടക്കി. മുഗള്‍സാമ്രാജ്യത്തിന്റെ ബലഹീനതയും രാജ്യത്തിലെ അസ്വസ്ഥതകളും സിക്കുകാർ അവരുടെ അധികാരം വർധിപ്പിക്കാനുള്ള അവസരമായി ഉപയോഗിച്ചു. അഹമ്മദ്‌ഷാ അബ്‌ദാലിയുടെ ആക്രമണങ്ങള്‍ ഈ പ്രക്രിയയ്‌ക്കു കൂടുതൽ സൗകര്യം നല്‌കി. 1761-ലെ പാനിപ്പത്ത്‌ യുദ്ധത്തിൽ മറാഠികള്‍ക്കു തോൽവിസംഭവിച്ചതും യുദ്ധത്തിനുശേഷം അബ്‌ദാലി പിന്തിരഞ്ഞതും വ.പ. ഇന്ത്യയിൽ തങ്ങളുടെ രാഷ്‌ട്രീയാധികാരം ഉറപ്പിക്കാന്‍ സിക്കുകാർക്കു കിട്ടിയ സുവർണാവസരമായിരുന്നു. യൂറോപ്യന്മാരുടെ ആഗമനം.

പോർച്ചുഗീസുകാർ. യൂറോപ്യന്‍രാജ്യങ്ങള്‍ ആഫ്രിക്കയിലും ഏഷ്യയിലും തങ്ങളുടെ കോളനികള്‍ സ്ഥാപിച്ച്‌ ആ പ്രദേശങ്ങളെ രാഷ്‌ട്രീയമായും സാമ്പത്തികമായും ചൂഷണംചെയ്യാന്‍ തുടങ്ങിയതായിരുന്നു 15-ാം ശ.-ത്തിന്റെ അവസാനത്തിലുണ്ടായ ഭൂമിശാസ്‌ത്രപരമായ കണ്ടെത്തലുകളുടെ ഫലം.

യൂറോപ്പിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ ഗുഡ്‌ഹോപ്‌ മുനമ്പുചുറ്റിയുള്ള ജലമാർഗം കണ്ടുപിടിച്ചത്‌ പോർച്ചുഗീസ്‌ നാവികനായ വാസ്‌കോ ദെ ഗാമ ആയിരുന്നു. പത്തുമാസം രണ്ടു ദിവസം നീണ്ടുനിന്നതും അപകടം നിറഞ്ഞതുമായ ഒരു യാത്രയ്‌ക്കുശേഷം 1498 മേയ്‌ 20-ന്‌ കോഴിക്കോടിന്‌ സമീപമുള്ള കാപ്പാട്‌ എന്ന സ്ഥലത്ത്‌ ഗാമ കപ്പലിറങ്ങി. മടങ്ങിപ്പോയത്‌ യാത്രയ്‌ക്കു ചെലവായതിന്റെ അറുപതിരട്ടിയോളം വിലവരുന്ന സാധനങ്ങളുമായിട്ടാണ്‌. ഈ വ്യാപാരവിപ്ലവം പോർച്ചുഗീസ്‌ രാജാവായ ഡോം മാനുവലിനെ "എത്യോപ്യ, അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അധിപന്‍' എന്ന ബിരുദം സ്വീകരിക്കാന്‍ പ്രരിപ്പിച്ചു. അടുത്ത പോർച്ചുഗീസ്‌ കപ്പൽപ്പടയുടെ നേതാവായി അയയ്‌ക്കപ്പെട്ട കബ്രാളിനു നല്‌കപ്പെട്ട നിർദേശം സമുദ്രാന്തരവാണിജ്യം കുത്തകയാക്കാന്‍ വേണ്ട നടപടികള്‍ ഏടുക്കണമെന്നതാണ്‌. ഈ സാഹചര്യത്തിൽ ഈ നാടുകളിലെ രാജാക്കന്മാരും വ്യാപാരികളും ആയി നിരന്തരവും അതിരൂക്ഷവുമായ സമരം അനിവാര്യമായിരുന്നു. തങ്ങളുടെ വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും മുസ്‌ലിം വ്യാപാരികളെ നശിപ്പിക്കുന്നതിനുംവേണ്ടി ഏദന്‍, ആർമസ്‌, മലാക്കാ എന്നീ തന്ത്രപ്രധാനങ്ങളായ കേന്ദ്രങ്ങള്‍ കൈവശപ്പെടുത്തുന്നതിനായിരുന്നു പോർച്ചുഗീസുകാരുടെ അടുത്തശ്രമം. 1505-ൽ പോർച്ചുഗീസ്‌ വൈസ്രായിയായി നിയമിക്കപ്പെട്ട ഫ്രാന്‍സിസ്‌കോ ദ അൽമേഡയെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. പോർച്ചുഗീസുകാരുടെ കച്ചവടക്കുത്തകശ്രമത്തിനെതിരായി സാമൂതിരിയും ഗുജറാത്ത്‌-ബീജപ്പൂർസുൽത്താന്മരും ഇജിപ്‌തിലെ സുൽത്താന്റെ സഹായം തേടി. ഈജിപ്‌ഷ്യന്‍ നാവികപ്പടയുടെ സഹായത്തോടെ സഖ്യകക്ഷികള്‍ പോർച്ചുഗീസ്‌ കപ്പൽപ്പടയെ ചൗളിനുസമീപം വച്ചു തോല്‌പിച്ചു (1508 ജനു.); എന്നാൽ ദിയൂവിലെ ഗവർണറായ മാലിക്‌ അയാസ്‌ പോർച്ചുഗീസുകാരെ പരോക്ഷമായി സഹായിച്ചതുകൊണ്ട്‌ അടുത്തവർഷം നടന്ന യുദ്ധത്തിൽ പോർച്ചുഗീസുകാർ വിജയിച്ചു; ഈജിപ്‌ഷ്യന്‍ നാവികപ്പട മടങ്ങിപ്പോവുകയും ചെയ്‌തു. 1509-ൽ ആൽബുക്കർക്ക്‌ ഇന്ത്യയിലെ പോർച്ചുഗീസ്‌ വൈസ്രായിപദം ഏറ്റെടുത്തു. അദ്ദേഹം 1510-ൽ ബീജപ്പൂർസുൽത്താനിൽനിന്ന്‌ ഗോവ പിടിച്ചെടുത്ത്‌ പോർച്ചുഗീസ്‌-ഇന്ത്യയുടെ തലസ്ഥാനമാക്കി. മലാക്ക, ആർമസ്‌ എന്നീ സ്ഥലങ്ങളിൽ കോട്ടകള്‍കെട്ടി ഇന്ത്യാ സമുദ്രത്തിൽ പോർച്ചുഗീസ്‌ശക്തി ഉറപ്പിക്കാന്‍ ശ്രമം നടത്തി. പോർച്ചുഗീസ്‌ താത്‌പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു ജനസമൂഹത്തെ വാർത്തെടുക്കുന്നതിനായി ആൽബുക്കർക്ക്‌ ഇന്ത്യന്‍ സ്‌ത്രീകളെ വിവാഹം ചെയ്യാന്‍ പോർച്ചുഗീസുകാരെ പ്രരിപ്പിച്ചു. ഇന്ത്യയിൽ പോർച്ചുഗീസ്‌ശക്തി സ്ഥാപിക്കുന്നതിൽ കൂടുതൽ സേവനം നല്‌കിയിട്ടുള്ളത്‌ ആൽബുക്കർക്കാണ്‌.

നിനോദകുഞ്ഞ എന്ന പോർച്ചുഗീസ്‌ വൈസ്രായിയുടെ കാലത്തായിരുന്നു മുഗള്‍ചക്രവർത്തി ഹുമായൂണ്‍ ഗുജറാത്ത്‌ ആക്രമിച്ചത്‌. മുഗള്‍സൈന്യത്തെ ചെറുത്തുനിർത്താന്‍ കഴിയാതെവന്ന ഗുജറാത്ത്‌ സുൽത്താന്‍ ബഹാദുർഷാ പോർച്ചുഗീസ്‌ കോട്ടയായ ദിയൂവിൽ അഭയംതേടി. ഹുമായൂണിന്റെ മടക്കത്തിനുശേഷം, ബഹാദൂർഷായുടെ നടപടികളിൽ സംശയംതോന്നിയ പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തി. 1538-ൽ തുർക്കിസുൽത്താന്‍ ഇന്ത്യാസമുദ്രത്തിലെ പോർച്ചുഗീസാധിപത്യം അവസാനിപ്പക്കണമെന്നുറച്ച്‌ സുലൈമാന്‍ പാഷായുടെ നേതൃത്വത്തിൽ സുശക്തമായൊരു കപ്പൽപ്പടയെ ഇന്ത്യയിലേക്കയച്ചു. പോർച്ചുഗീസ്‌ നാവികപ്പടയെ കടലിൽവച്ച്‌ നേരിടുന്നതിനുപകരം ദിയൂ ആക്രമിക്കാനാണ്‌ ഇദ്ദേഹം മുതിർന്നത്‌. പാഷായുടെ പെരുമാറ്റത്തോടുണ്ടായ അസംതൃപ്‌തി നിമിത്തം നാട്ടുകാർ തുർക്കിനാവികപ്പടയുമായി സഹകരിച്ചില്ല. രണ്ടുമാസം നീണ്ടുനിന്ന ഉപരോധത്തിനുശേഷം തുർക്കിപ്പട മടങ്ങിപ്പോയി. പോർച്ചുഗീസുകാർക്കെതിരായി ആസൂതണം ചെയ്‌ത പരിപാടികളെല്ലാം തകർന്നു; ഗുജറാത്ത്‌ സുൽത്താനും സാമൂതിരിയും പോർച്ചുഗീസുകാരുമായി സന്ധിചെയ്യാന്‍ നിർബന്ധിതരായി

ദിയൂ, ഗോവ, കച്ചൂർ, കൊച്ചി, കൊല്ലം എന്നിവയായിരുന്നു ഇന്ത്യയിലെ ആദ്യകാല പോർച്ചുഗീസ്‌ താവളങ്ങള്‍. ക്രമേണ ദാമന്‍, സാൽസെറ്റ്‌, ചൗള്‍, മുംബൈ തോം, ഹൂഗ്ലി എന്നീ കേന്ദ്രങ്ങളിലും അവരുടെ സ്വാധീനശക്തി വ്യാപിച്ചു. 1542-ൽ ഫ്രാന്‍സിസ്‌ സേവിയർ പോർച്ചുഗീസ്‌ സഹായത്തോടെ ഇന്ത്യയിൽ ക്രിസ്‌തു മതപ്രചാരണത്തിനെത്തിയത്‌ ഒരു പ്രധാന സംഭവമായിരുന്നു.

ചില നാട്ടുരാജാക്കന്മാരെ അമർച്ചചെയ്യാന്‍ പോർച്ചുഗീസുകാർ ശ്രമിച്ചത്‌ വമ്പിച്ച ഒരു തിരിച്ചടിക്കു കാരണമായി. സാമൂതിരിയുടെ നേതൃത്വത്തിൽ കുഞ്ഞാലിമരയ്‌ക്കാർ മൂന്നാമനും നാലാമനും തീവ്രസമരം സംഘടിപ്പിച്ച്‌ പോർച്ചുഗീസ്‌ നാവികാധിപത്യത്തെയും വാണിജ്യത്തെയും വെല്ലുവിളിച്ചു. സാമൂതിരിയെ സ്വാധീനിച്ച്‌ പോർച്ചുഗീസുകാർ കുഞ്ഞാലി നാലാമനെതിരായി യുദ്ധംചെയ്‌ത്‌ അദ്ദേഹത്തെയും പ്രധാന അനുചരന്മാരെയും വധിച്ചു (1600). എങ്കിലും മലബാർ നാവികർ തുടർന്നും പോർച്ചുഗീസ്‌ കപ്പൽഗതാഗതത്തിന്‌ നാശനഷ്‌ടങ്ങള്‍ വരുത്തുക്കൊണ്ടിരുന്നു. പോർച്ചുഗീസുകാർ മുഗള്‍പ്രദേശങ്ങള്‍ ആക്രമിച്ചതിനെതിരായി 1632-ൽ ഷാജഹാന്‍ ഹ്ലൂഗ്ലി പിടിച്ചെടുത്തു. 1639-ൽ മറാഠികള്‍ സാൽസെറ്റും ബസീനും കൈവശപ്പെടുത്തി. ഇതിനിടയിൽ ഡച്ച്‌ ആക്രമണംമൂലം പോർച്ചുഗീസുകാർക്ക്‌ ഇന്ത്യയിലെ പല പ്രദേശങ്ങളും നഷ്‌ടപ്പെട്ടു. 17-ാം ശ.-ത്തിന്റെ അവസാനത്തിൽ ഇന്ത്യയിലെ പോർച്ചുഗീസ്‌ താവളങ്ങള്‍ ഗോവ, ദിയൂ, ദാമന്‍ എന്നീ സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നു.

ഡച്ചുകാർ. 1596-ൽ അഡ്‌മിറൽ ഹൗത്മാന്‍ സുമാത്രയിലെത്തിയതോടുകൂടിയാണ്‌ ഏഷ്യാവന്‍കരയിൽ ഡച്ചുകാരുടെ വാണിജ്യപ്രവർത്തനങ്ങള്‍ ആരംഭിച്ചത്‌. ഈ സംരംഭം പൂർവേഷ്യയുമായി വ്യാപാരം നടത്തുന്നതിന്‌ പല ഡച്ചുകച്ചവടസംഘങ്ങള്‍ക്കും പ്രചോദനം നല്‌കി 1602 മാ.-ൽ ഈ കച്ചവടസംഘങ്ങളെയെല്ലാം സംയോജിപ്പിച്ച്‌ രൂപംകൊണ്ട യൂണൈറ്റഡ്‌ ഈസ്റ്റിന്ത്യാക്കമ്പനിക്ക്‌ ഗുഡ്‌ഹോപ്‌ മുനമ്പിനും മഗല്ലന്‍ കടലിടുക്കിനും ഇടയിൽ കച്ചവടം നടത്തുന്നതിന്‌ സ്റ്റേറ്റ്‌സ്‌ ജനറൽ അനുവാദം നല്‌കുകയുണ്ടായി. 1605-ൽ അംബോയ്‌ന പിടിച്ചെടുത്ത ഡച്ചുകാർ 1619-ഓടുകൂടി ഈസ്റ്റിന്‍ഡീസിൽനിന്ന്‌ പോർച്ചുഗീസുകാരെ ഒഴിവാക്കി; ബറ്റാവിയ (ജക്കാർത്ത) ഡച്ചുകമ്പനിയുടെ ആസ്ഥാനമായിതീർന്നു. 1658-ൽ പോർച്ചുഗീസുകാരിൽനിന്ന്‌ ഡച്ചുകാർ സിലോണ്‍ പിടിച്ചെടുക്കുകയും 1663-ൽ കേരളക്കരയിലെ പോർച്ചുഗീസ്‌ താവളങ്ങളെല്ലാം കീഴടക്കുകയും ചെയ്‌തു.

കച്ചൂർ, കൊച്ചി, കൊല്ലം, സൂറത്ത്‌ എന്നീ സ്ഥലങ്ങള്‍ക്കുപുറമെ നാഗപട്ടണം, ചിന്‍സുരാ, കാസിം ബസാർ, പാറ്റ്‌ന എന്നിവിടങ്ങളിലും ഡച്ചുകാർ പ്രധാന പണ്ടകശാലകള്‍ സ്ഥാപിക്കുകയുണ്ടായി. സുഗന്ധ വ്യഞ്‌ജനങ്ങള്‍ യൂറോപ്പിലേക്ക്‌ കയറ്റുമതി ചെയ്‌തതിനുപുറമെ നീലം, തുണിത്തരങ്ങള്‍, വെടിയുപ്പ്‌, കറുപ്പ്‌, അരി എന്നിവ പൂർവേഷ്യന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. പോർച്ചുഗീസുകാരെ പൂർവേഷ്യയിൽനിന്ന്‌ തുരത്തിയശേഷം അവിടെയുള്ള സുഗന്ധദ്രവ്യ വ്യാപാരം ഡച്ചുകാർ കുത്തകയാക്കി. ഈ വ്യാപാരക്കുത്തക നിലനിർത്തുന്നതിനുവേണ്ടി അവർ ഇംഗ്ലീഷുകാരുമായി ഒരു രൂക്ഷസമരം തന്നെ നടത്തി. 1623-ലെ അംബോയ്‌നാ കൂട്ടക്കൊല ഈ സംഘട്ടനത്തിലെ ഒരു പ്രധാന സംഭവമാണ്‌. മൂന്നാം ആംഗ്ലോ-ഡച്ച്‌ യുദ്ധകാലത്ത്‌ (1672-74) ഡച്ചുകാർ ഇന്ത്യയിലെ ഇംഗ്ലീഷ്‌ പണ്ടകശാലകള്‍ക്ക്‌ ഒരു ഭീഷണിയായിരുന്നു. 1741-ലെ കുളച്ചൽ യുദ്ധത്തിലും തുടർന്നുണ്ടായ സംഘട്ടനങ്ങളിലും ഡച്ചുകാർ തോറ്റത്‌ കേരളക്കരയുമായുള്ള അവരുടെ വാണിജ്യത്തെ പ്രതികൂലമായി ബാധിച്ചു. 18-ാം ശ.-ത്തിന്റെ അന്ത്യത്തിൽ ഡച്ചുകാർ പൂർവേഷ്യന്‍ രാജ്യങ്ങളിലേക്ക്‌ അവരുടെ വ്യാപാരം മാറ്റിയത്‌ ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ അധികാരം വർധിക്കുവാന്‍ കളമൊരുക്കി. ഫ്രഞ്ചുവിപ്ലവത്തെ തുടർന്നുണ്ടായ യുദ്ധങ്ങളിൽ ഹോളണ്ട്‌ ഫ്രാന്‍സിനെ സഹായിച്ചതുകാരണം ഇന്ത്യയിലെ ഡച്ചു കോട്ടകളെല്ലാം ഇംഗ്ലീഷുകാർ പിടിച്ചെടുത്തു.

ബ്രിട്ടിഷുകാർ. 1600 ഡി. 31-നാണ്‌ ഏഷ്യന്‍രാജ്യങ്ങളുമായി വ്യാപാരംചെയ്യുന്നതിന്‌ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാകമ്പനിക്ക്‌ എലിസബത്ത്‌ രാജ്ഞി അനുവാദപത്രം നല്‌കിയത്‌. ആദ്യകാലങ്ങളിൽ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും പിന്നീട്‌ പ്രഞ്ചുകാരുടെയും കനത്ത എതിർപ്പിനെ ഈസ്റ്റിന്ത്യാകമ്പനിക്ക്‌ നേരിടേണ്ടിവന്നു. 1613-ൽ സൂറത്തിൽ ഒരു പണ്ടകശാല സ്ഥാപിക്കാന്‍ കമ്പനിക്ക്‌ ജഹാംഗീർ അനുവാദം കൊടുത്തു. 1615-ൽ ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ്‌ ക-ന്റെ പ്രതിനിധിയായി തോമസ്‌ റോ ജഹാംഗീറിനെ സന്ദർശിച്ചു. മുഗള്‍ചക്രവർത്തിയുമായി ഒരു വ്യാപാരക്കരാറുണ്ടാക്കുന്ന കാര്യത്തിൽ റോ വിജയിച്ചില്ലെങ്കിലും കമ്പനിക്കുവേണ്ടി പല ആനുകൂല്യങ്ങളും സമ്പാദിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. റോ മടങ്ങിപ്പോകുന്നതിനുമുമ്പുതന്നെ ആഗ്ര, അഹമ്മദാബാദ്‌ എന്നീ സ്ഥലങ്ങളിൽകൂടി പണ്ടകശാലകള്‍ സ്ഥാപിക്കുവാന്‍ കമ്പനിക്ക്‌ സാധിച്ചു. 1652 മുതൽ 1654 വരെയുണ്ടായ ആംഗ്ലോ-ഡച്ചുയുദ്ധകാലത്ത്‌ ബ്രിട്ടിഷ്‌ പോർച്ചുഗീസ്‌ കമ്പനികള്‍ കൂടുതൽ അടുത്തു. പൗരസ്‌ത്യനാടുകളിലുള്ള കമ്പനിസ്ഥലങ്ങള്‍ ഡച്ചുകാരിൽനിന്നു വീണ്ടെടുക്കുന്നതിന്‌ പരസ്‌പരം സഹായിക്കാമെന്ന്‌ ബ്രിട്ടിഷ്‌കമ്പനിയും പോർച്ചുഗീസ്‌കമ്പനിയും 1661-ൽ സമ്മതിക്കുകയുണ്ടായി. പോർച്ചുഗീസ്‌ രാജാവിൽനിന്നും സ്‌ത്രീധനമായി ലഭിച്ച മുംബൈ 10 പവന്‍ വാർഷികാദായത്തിന്‌ ചാള്‍സ്‌ II 1668-ൽ കമ്പനിക്ക്‌ വിട്ടുകൊടുത്തു.

കേരളവുമായി വ്യാപാരബന്ധം സ്ഥാപിക്കുക എന്നത്‌ കമ്പനിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു. പോർച്ചുഗീസുകാരുടെയും അവരെ സ്ഥാനഭ്രഷ്‌ടരാക്കിയ ഡച്ചുകാരുടെയും ശക്തമായ എതിർപ്പ്‌ ഇക്കാര്യത്തിൽ ബ്രിട്ടിഷുകാർക്ക്‌ നേരിടേണ്ടിവന്നു, 1615-ൽക്യാപ്‌റ്റന്‍ കീലിങ്‌ സാമൂതിരിയുമായ ഒരുടമ്പടി ഉണ്ടാക്കിയെങ്കിലും അത്‌ പ്രാബല്യത്തിൽ വന്നില്ല. 1663-ൽ ഡച്ചുകാർ മലബാറിലെ പോർച്ചുഗീസ്‌ കോളനികള്‍ പിടിച്ചെടുത്തതിനുശേഷം മാത്രമാണ്‌ ബ്രിട്ടിഷ്‌കമ്പനിക്ക്‌ കേരളത്തിൽ താവളങ്ങള്‍ ലഭ്യമായത്‌. ഡച്ചുകാരുടെ എതിർപ്പുണ്ടായിരുന്നിട്ടും കേരളത്തിൽ പലയിടത്തും പണ്ടകശാലകള്‍ സ്ഥാപിക്കുവാന്‍ അവർക്ക്‌ കഴിഞ്ഞു. കോലത്തു നാട്ടിൽ തലശ്ശേരിയിലും വേണാട്ടിൽ അഞ്ചുതെങ്ങിലും അവർ സ്ഥാനമുറപ്പിച്ചു. ഡച്ചുകാർക്കെതിരായി സാമൂതിരിയെയും വേണാട്ടുരാജാവായ മാർത്താണ്ഡവർമയെയും അവർ സഹായിച്ചു. ഡച്ചുകാർക്ക്‌ കേരളത്തിൽ സംഭവിച്ച ശക്തിക്ഷയത്തിന്‌ ഒരു പ്രധാനകാരണം ബ്രിട്ടിഷുകാർ നാട്ടുരാജക്കന്മാർക്ക്‌ നല്‌കിയ ഈ സഹായമായിരുന്നു.

1611-ൽ മഛ്‌ലിപട്ടണത്തും 1639-ൽ ചെന്നൈപട്ടണത്തും (മദ്രാസ്‌) കമ്പനി പണ്ടകശാലകള്‍ സ്ഥാപിക്കുകയുണ്ടായി. 1633-ൽ ബാലസോറിലും 1651-ൽ ഹ്ലൂഗ്ലിയിലും പാറ്റ്‌ന, കാസിംബസാർ, രാജ്‌മഹൽ എന്നീ സ്ഥലങ്ങളിലും അവരുടെ പണ്ടകശാലകള്‍ സ്ഥാപിക്കപ്പെട്ടു. 1661-ൽ ഈ പണ്ടകശാലകളെല്ലാം ചെന്നൈയിലെ ഫോർട്ട്‌ സെന്റ്‌ ജോർജിന്റെ കീഴിൽ സംഘടിപ്പിച്ചു. ഇക്കാലത്തിനിടയിൽ കമ്പനി ഇന്ത്യയിൽ പിന്തുടർന്നു വന്ന നയത്തിനുതന്നെ വ്യതിയാനം വന്നിരുന്നു. തോമസ്‌ റോയുടെ ഉപദേശം ആദരിച്ച്‌ അതുവരെ പ്രാദേശികകലഹങ്ങളിൽ പങ്കെടുക്കുന്നതിലും സ്ഥലങ്ങള്‍ ആക്രമിച്ചു കൈവശപ്പെടുത്തുന്നതിലും നിന്ന്‌ അവർ ഒഴിഞ്ഞുനിന്നിരുന്നു. എന്നാൽ 1687 ഡി.-ൽ കമ്പനി ഡയറക്‌ടർമാർ വിപുലവും ഭദ്രവും ആയ ബ്രിട്ടിഷ്‌ മേല്‌ക്കോയ്‌മ ഇന്ത്യയിൽ സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനമായി, സിവിലും സൈനികവുമായ ഭരണക്രമം സ്ഥാപിക്കുന്നതിനും അതിനുവേണ്ടുന്ന വിപുലമായ വരുമാനം ശേഖരിക്കുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കാന്‍ മദ്രാസി(ചെന്നൈ)ലെ കമ്പനി പ്രതിനിധിക്ക്‌ നിർദേശം നല്‌കുകയുണ്ടായി. ഈ നയം പിന്തുടരാന്‍ ശ്രമിച്ച ബോംബെ ഗവർണർ ജോണ്‍ ചൈൽഡ്‌ മുഗള്‍ അധികൃതരുമായി ഏറ്റുമുട്ടി. പിടിച്ചെടുത്ത മുഗള്‍ കപ്പലുകള്‍ 1690 ഫെ.-ൽ വിട്ടുകൊടുക്കുകയും 1മ്മ ലക്ഷം രൂപ നഷ്‌ട പരിഹാരമായി നല്‌കുകയും ചെയ്‌തു. ഇതോടൊപ്പം വ്യാപാരം നടത്താനുള്ള സമ്മതംകൂടി ബ്രിട്ടിഷുകാർ തന്ത്രപൂർവം വീണ്ടും സമ്പാദിച്ചെടുത്തു. ബംഗാളിൽ വ്യാപാരം നടത്തിയിരുന്ന കമ്പനിപ്രതിനിധികളും മുഗള്‍ അധികാരികളും തമ്മിൽ 1686-ൽ യുദ്ധമുണ്ടായി. മുഗള്‍സൈന്യം ഹൂഗ്ലി പിടിച്ചടക്കിയതിനു പ്രതികാരമായി ബ്രിട്ടിഷുകാർ ബാലസോറിലെ മുഗള്‍കോട്ട പിടിച്ചെടുത്തു. 1691 ഫെ.-ൽ 3,000 രൂപ വാർഷികവരി കൊടുത്ത്‌ ഹൂഗ്ലിയിൽ വ്യാപാരം തുടർന്നു നടത്തുന്നതിന്‌ ബ്രിട്ടിഷുകാർക്ക്‌ മുഗള്‍ചക്രവർത്തി അനുവാദം നല്‌കി. ഈ കേന്ദ്രമാണ്‌ പിന്നീട്‌ കൊൽക്കത്തനഗരമായി വികസിച്ചത്‌. 1700-ൽ ഫോർട്ട്‌വില്യം എന്ന നാമധേയം നല്‌കപ്പെട്ട ഈ നഗരം പിന്നീട്‌ ബംഗാള്‍ പ്രവിശ്യയുടെ തലസ്ഥാനം ആയിത്തീർന്നു. മുഗള്‍സാമ്രാജ്യത്തിന്റെ അധഃപതനം ബ്രിട്ടിഷുകാർക്ക്‌ വ്യാപാരവും രാഷ്‌ട്രീയ സ്വാധീനവും വളർത്താന്‍ സഹായകമായിത്തീർന്നു. 1715-ൽ ഫറൂഖ്‌ സിയർ കമ്പനിക്ക്‌ പല ആനുകൂല്യങ്ങളും അനുവദിക്കുകയുണ്ടായി. ബംഗാളിൽ കമ്പനിയെ കയറ്റുമതി-ഇറക്കുമതിച്ചുങ്കം കൊടുക്കുന്നതിൽനിന്നും ഒഴിവാക്കിയതിനു പ്രതിഫലമായി 3,000 രൂപ ആണ്ടുതോറും കൊടുക്കാമെന്ന്‌ അവർ സമ്മതിച്ചു. 10,000 രൂപ വാർഷിക പ്രതിഫലം കൊടുക്കാമെന്ന കരാറിൽ സൂറത്തിലും കയറ്റുമതി-ഇറക്കുമതിച്ചുങ്കം കൊടുക്കുന്നതിൽനിന്ന്‌ കമ്പനിയെ ഒഴിവാക്കി. മുംബൈയിൽ കമ്പനിവക നാണയങ്ങള്‍ മുഗള്‍ സാമ്രാജ്യത്തിനുള്ളിൽ ആദരിക്കപ്പെടുമെന്നും വ്യവസ്ഥ ചെയ്‌തിരുന്നു.

ബംഗാള്‍ സുബേദാർ മൂർഷിദ്‌ ഖുലിഖാന്‍ ബ്രിട്ടിഷ്‌ ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാനാവാത്തവിധം കമ്പനിയുടെ വ്യാപാരം വളരെയേറെ അഭിവൃദ്ധിപ്പെട്ടുകഴിഞ്ഞിരുന്നു. കമ്പനിയുടെ ഡക്കാണ്‍ സുബേദാറും കർണാട്ടിക്‌ നവാബും ദക്ഷിണേന്ത്യയിൽ രമ്യതയിൽ വർത്തിച്ചു. മദ്രാസ്‌ ഗവർണർ കർണാട്ടിക്‌ നവാബിൽനിന്നും 1708-ലും 1734-ലും അഞ്ച്‌ ഗ്രാമങ്ങള്‍വീതം വിലയ്‌ക്കുവാങ്ങുകയുണ്ടായി. ഇക്കാലത്ത്‌ മറാഠാ നാവിക സേനാധിപന്മാരുടെ ആക്രമണങ്ങളും കൈയേറ്റങ്ങളും അവസാനിപ്പിക്കാന്‍ ബ്രിട്ടിഷുകാർക്ക്‌ നടപടി എടുക്കേണ്ടിവന്നു. എന്നാൽ ഇക്കാലത്തും മുംബൈയിലും സൂറത്തിലും കമ്പനിയുടെ വ്യാപാരം വിപുലമായ തോതിൽ നടന്നിരുന്നു. 1744-ൽ മുംബൈയിലെ ജനസംഖ്യ 70,000 ആയും വരുമാനം ഉദ്ദേശം 16 ലക്ഷം രൂപ ആയും വർധിച്ചു.

ഫ്രഞ്ചുകാർ. ഫ്രഞ്ചുകാർ ഇന്ത്യയിൽ വ്യാപാരത്തിൽ ഏർപ്പെട്ടത്‌ താമസിച്ചായിരുന്നു (1644). പ്രധാനമായും കിഴക്കന്‍കരയിലാണ്‌ അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. 1669-ൽ മഛ്‌ലിപട്ടണത്തും 1673-ൽ പുതുശ്ശേരി(പോണ്ടിച്ചേരി)യിലും 1690-ൽ ചന്ദ്രനഗര(ബംഗാള്‍)ത്തിലും അവർ പണ്ടകശാല സ്ഥാപിച്ചു. ഇവയിൽ പുതുശ്ശേരി വളരെവേഗം വളർന്നു വികസിക്കുകയും ഇന്ത്യയിലെ ഫ്രഞ്ചുകേന്ദ്രകാര്യാലയമായിത്തീരുകയും ചെയ്‌തു. പടിഞ്ഞാറേക്കരയിൽ അവർ മയ്യഴി (മാഹി) പിടിച്ചെടുത്ത്‌ അവിടെ ഒരു പണ്ടകശാല സ്ഥാപിക്കുകയുണ്ടായി (1723); യാനം, കാരയ്‌ക്കൽ എന്നിവയും അവർ കീഴടക്കി; 1740-നുശേഷം ഡ്യൂപ്ലേയുടെ കീഴിൽ വിദേശകമ്പനികളും പ്രാദേശിക രാജാക്കന്മാരുമായി ഫ്രഞ്ചുകാർ രാഷ്‌ട്രീയസ്വാധീനത്തിനുവേണ്ടി തുടർച്ചയായ സമരത്തിൽ ഏർപ്പെട്ടു.

ആധുനികകാലം

ഇന്ത്യാചരിത്രത്തിൽ ആധുനികയുഗം തുടങ്ങുന്നതെപ്പോഴാണെന്ന്‌ ക്‌ലുപ്‌തമായിപറയുക പ്രയാസമാണ്‌. സാംസ്‌കാരികനവോത്ഥാനം, ഭൂമിശാസ്‌ത്രപരമായ കണ്ടെത്തലുകള്‍, മതനവീകരണം, ആധുനികശാസ്‌ത്രത്തിന്റെ പിറവി എന്നീ യൂറോപ്യന്‍ പ്രതിഭാസങ്ങള്‍ പ്രദാനം ചെയ്‌ത പരിവർത്തനം ഇന്ത്യയെയും മറ്റു പൗരസ്‌ത്യ നാടുകളെയും സ്വാധീനിക്കാന്‍ തുടങ്ങിയത്‌ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ തുടക്കത്തോടുകൂടിയാണ്‌. ഈ പൊതുതത്ത്വം ഇന്ത്യാചരിത്രത്തിന്‌ ബാധകമാക്കിയാൽ ഇന്ത്യയുടെ ആധുനികചരിത്രം തുടങ്ങുന്നത്‌ ബ്രിട്ടിഷ്‌ ആധിപത്യത്തിന്റെ സ്ഥാപനത്തോടെയാണെന്നുവരും. ആ ആധിപത്യം വളർന്നതാകട്ടെ ഏകദേശം ഒന്നര നൂറ്റാണ്ടുകാലത്തേക്ക്‌ ഇന്ത്യയുടെ വലിയൊരു ഭാഗത്തിന്‌ രാഷ്‌ട്രീയവും ഭരണപരവുമായ സ്ഥിരതയും ഒരു ഔദ്യോഗിക സംസ്‌കാരത്തിലൂടെ ഇന്ത്യക്കാകമാനം ഉപരിപ്ലവമായ ഐകരൂപ്യവും കൈവരുത്തിയ മുഗള്‍സാമ്രാജ്യത്തിന്റെ തകർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു. ആ തകർച്ച സംജാതമാക്കിയ ആഭ്യന്തരവ്യവസ്ഥിതിയിൽ മുഗളരുടെതുപോലെ അഖിലേന്ത്യാവ്യാപ്‌തിയുള്ള ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്‌ പ്രഗല്‌ഭരായ രണ്ടുമൂന്നു പേഷ്വമാരുടെ നേതൃത്വത്തിൽ (1713-1761) മഹാരാഷ്‌ട്രർ ഒരു ശ്രമം നടത്തി. പക്ഷേ, പാനിപ്പത്തിൽവച്ചു മഹാരാഷ്‌ട്രർക്കുണ്ടായ നിർണായകമായ പരാജയം (1761) അതിനു അന്ത്യം കുറിച്ചു. മുഗളശക്തി നശിച്ചതോടൊപ്പം മഹാരാഷ്‌ട്രശക്തിയെ അഹമ്മദ്‌ഷാ അബ്‌ദാലി പാനിപ്പത്തിൽവച്ച്‌ ക്ഷയിപ്പിക്കുകയും ചെയ്‌തു. മൂന്നാം പാനിപ്പത്ത്‌യുദ്ധം നിഷേധാത്മകമായ ഒരർഥത്തിൽ ഇന്ത്യാചരിത്രത്തിലെ നിർണായകമായ ഒരു സംഭവമാണ്‌. ഈ യുദ്ധം തീരുമാനിച്ചത്‌ ഇന്ത്യയെ ആർ ഭരിക്കണമെന്നല്ല, ആർ ഭരിക്കരുതെന്നാണ്‌. ഒന്നാം പാനിപ്പത്തിലെ ജേതാവ്‌ അഫ്‌ഗാന്‍കാരെ തോല്‌പിച്ച്‌ മുഗള്‍സാമ്രാജ്യം ഇട്ടെറിഞ്ഞ്‌ കാബൂളിലേക്ക്‌ മടങ്ങിപ്പോവുകയാണ്‌ ചെയ്‌തത്‌. പഴയ ഇന്ത്യയുടെ ചരിത്രം ഇവിടെ (1761-ൽ) അവസാനിക്കുന്നുവെന്ന്‌ പറയാം.

സാമ്രാജ്യത്തിനുവേണ്ടിയുള്ള മഹാരാഷ്‌ട്രരുടെ വലിയ സംരംഭം 1761-ൽ നിലച്ചതോടുകൂടി ഒരധീശശക്തിയുടെ അഭാവം ഇന്ത്യയിൽ പിന്നെയും പ്രകടമായി. പേഷ്വാമാധവറാവുവിന്റെ കീഴിൽ (1761-72) ഒരു പുനരുജ്ജീവനത്തിന്റെ നാമ്പുകാട്ടിത്തുടങ്ങിയിരുന്ന മറാഠാശക്തി അദ്ദേഹത്തിന്റെ അകാലചരമത്തിനുശേഷം പേഷ്വാ ഭോണ്‍സ്ലേ, സിന്ധ്യ, ഹോള്‍ക്കർ, ഗെയ്‌ക്ക്‌വാഡ്‌ എന്നീ പ്രാദേശികശക്തികളായി വിഘടിച്ചു. ഈ സാഹചര്യത്തിലാണ്‌ മുഗള്‍സാമ്രാജ്യത്തിൽ ഏകദേശം ഒന്നരനൂറ്റാണ്ടുകാലം വർത്തകർമാത്രമായി വർത്തിച്ചിരുന്ന ബ്രിട്ടിഷുകാർ ആ സാമ്രാജ്യത്തിന്റെ അവകാശികളായി മാറിയത്‌. 18-ാം ശ.-ത്തിന്റെ ആദ്യ പകുതിയിൽ മുഗള്‍ സാമ്രാജ്യത്തിനുണ്ടായ തകർച്ചയും മഹാരാഷ്‌ട്രശക്തിക്കുണ്ടായ വളർച്ചയും ഇസ്‌ലാമികശക്തിയുടെ ക്ഷയവും ഹൈന്ദവശക്തിക്കുണ്ടായ നവോത്ഥാനവുമായി വ്യാഖ്യാനിക്കുന്നത്‌ ശരിയായിരിക്കയില്ല. വാസ്‌തവത്തിൽ ഹിന്ദു-മുസ്‌ലിം സംസ്‌കാരങ്ങള്‍ മാറ്റത്തിന്‌ വിധേയമാകാതെ ചൈതന്യമറ്റുകിടക്കുകയായിരുന്നു. രണ്ടിനും കാലത്തിന്റെ മാറ്റത്തോടുകൂടി ഉണ്ടായിത്തീർന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരമൊന്നും പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. നൂതനാശയങ്ങളുടെയും മാർഗങ്ങളുടെയും അഭാവമാണ്‌ 18-ാം ശ.-ത്തിലെ ഇന്ത്യയുടെ ദുസ്ഥിതിയെങ്കിൽ യൂറോപ്പിൽ നവോത്ഥാനം 18-ാം ശ.-ത്തിലെ ഉദ്‌ബുദ്ധതയായി വളർന്ന്‌ പുഷ്‌പിക്കുകയായിരുന്നു. പ്രകൃതിയുടെ സൂക്ഷ്‌മനിരീക്ഷണത്തിലും പഠനത്തിലും അധിഷ്‌ഠിതമായ യൂറോപ്യന്‍ ഉദ്‌ബുദ്ധത യുക്തിയെയും ശാസ്‌ത്രത്തെയും മനുഷ്യന്റെ ധാർമികവും ഭൗതികവുമായ വളർച്ചയുടെ ഉപകരണങ്ങളായാണ്‌ കരുതിയിരുന്നത്‌. ഇതിന്റെ വെളിച്ചത്തിൽ പുരോഗതി എന്നത്‌ ജീവിതത്തിന്റെ ഒരു സാധാരണ നിയമമായി കരുതപ്പെട്ടു. തത്‌ഫലമായി അവർക്ക്‌ അദ്‌ഭുതകരമായ ഭൗതിക പുരോഗതിയും അതിരില്ലാത്ത ആത്മവിശ്വാസവും കൈവന്നു. പുരോഗതിയിലുള്ള വിശ്വാസം പലമടങ്ങ്‌ വർധിപ്പിക്കുമാറ്‌ ശാസ്‌ത്രത്തിന്റെ സന്തതിയായ വ്യാവസായികവിപ്ലവം ഉത്‌പാദനപ്രക്രിയയിൽ തികഞ്ഞ പ്രവൃദ്ധിയുണ്ടാക്കി. യുദ്ധത്തിലും സമാധാനത്തിലും യൂറോപ്പിന്‌ ഏഷ്യയെക്കാള്‍ കൂടുതൽ മെച്ചപ്പെട്ട സങ്കേതങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്നതോർത്താൽ 18-ാം ശ.-ത്തിലെ ഇന്ത്യയിൽ ബ്രിട്ടിഷ്‌ശക്തിക്കുണ്ടായ അദ്‌ഭുതകരമായ വളർച്ച എളുപ്പത്തിൽ മനസ്സിലാക്കാന്‍ സാധിക്കും.

ബ്രിട്ടിഷ്‌ ആധിപത്യസ്ഥാനം. യൂറോപ്പിൽ പൊട്ടിപുറപ്പെട്ട സ്‌പതവത്സരയുദ്ധത്തിന്റെ (1756-63) ഭാഗമായി ഇന്ത്യയിൽ ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും തമ്മിൽ യുദ്ധത്തിലേർപ്പെട്ടു. 1760-ൽ ദക്ഷിണേന്ത്യയിൽ പന്തവാശി (വാണ്ടിവാഷ്‌) എന്ന സ്ഥലത്തുവച്ച്‌ ഐർ കൂട്ട്‌ ഫ്രഞ്ചുകാരെ തോല്‌പിച്ചു; 1761-ൽ ഒരു കടുത്ത ഉപരോധത്തിനുശേഷം പുതുശ്ശേരി ഇംഗ്ലീഷുകാർക്ക്‌ കീഴടങ്ങി. 1763-ലെ പാരിസ്‌ ഉടമ്പടിയിലൂടെ ഇന്ത്യയിലെ ഫ്രഞ്ചുപ്രദേശങ്ങള്‍ ഫ്രാന്‍സിന്‌ തിരികെ ലഭിച്ചുവെങ്കിലും പുതുശ്ശേരിയുടെ പതനം ഇന്ത്യയിൽ ഫ്രഞ്ചുസാമ്രാജ്യവ്യാപനത്തിന്‌ അവസാനം കുറിച്ചു.

ബംഗാള്‍. ദക്ഷിണേന്ത്യയിലെ ആംഗ്ലോ-ഫ്രഞ്ച്‌ മത്സരം ബംഗാളിലെ യൂറോപ്യന്‍ ഇടപെടലിനുമുമ്പുള്ള ഒരു പരിശീലനമായിരുന്നു എന്നു പറയാം. ഇന്ത്യയുടെ മർമസ്ഥാനമായ ഗംഗാസമതലത്തിൽ ഇടപെടലിനുള്ള സാഹചര്യവുമുണ്ടായിരുന്നു. മുഗള്‍ ശക്തിയുടെ തിരോധാനമുളവാക്കിയ അവ്യവസ്ഥ, ബലഹീനരായ പ്രാദേശിക ഭരണാധികാരികള്‍, അവരുടെ കുടുംബകലഹങ്ങള്‍ എന്നിവ ബംഗാളിനെ വിദേശീയ ഇടപെടലിനുള്ള രംഗമാക്കിത്തീർത്തു. മാത്രമല്ല, ബംഗാളിലെ ആധിപത്യം ഗംഗാസമതലത്തിലേക്കുള്ള ചവിട്ടുപടിയുമായിരുന്നു. ദക്ഷിണേന്ത്യയിൽ ഫ്രഞ്ചുകാരുമായുള്ള മത്സരത്തിൽനിന്നാണ്‌ ബ്രിട്ടിഷുകാരുടെ താത്‌പര്യങ്ങള്‍ വളർന്നത്‌. ബംഗാളിലാകട്ടെ മറ്റു യൂറോപ്യന്‍ ശക്തികളിൽനിന്നോ ബംഗാളിലെ നവാബിൽനിന്നൊ യാതൊരു പ്രകോപനവുമില്ലാതെ പ്രാദേശിക കാര്യങ്ങളിൽ ബ്രിട്ടിഷുകാർ കടന്നിടപെടുകയാണ്‌ ചെയ്‌തത്‌.

സിറാജ്‌-ഉദ്‌-ദൗല. 1740-ൽ കലാപത്തിലൂടെ സ്വയം ബംഗാള്‍ നവാബായിത്തീർന്ന അലിവർദിഖാന്‍ 1756-ൽ അന്തരിച്ചു. തുടർന്ന്‌ നവാബായ അദ്ദേഹത്തിന്റെ പൗത്രന്‍ സിറാജ്‌-ഉദ്‌-ദൗല ബ്രിട്ടിഷ്‌ കച്ചവടക്കാരെ നിയന്ത്രിക്കുവാനുള്ള ശക്തിയോ അവരുമായി സമാധാനത്തിൽ വർത്തിക്കുവാനുള്ള നയമോ ഇല്ലാത്ത സുഖലോലുപനായ ഒരു ഇരുപതുകാരനായിരുന്നു. ബ്രിട്ടിഷുകാർ കൊല്‌ക്കത്തയിലേർപ്പെടുത്തിയ രക്ഷാസംവിധാനങ്ങള്‍ സിരാജ്‌-ഉദ്‌-ദൗലയെ സംശയാലുവാക്കി. അദ്ദേഹം കാസിം ബസാർ പിടിക്കുകയും (1756) കൊല്‌ക്കത്ത ആക്രമിക്കുകയും ചെയ്‌തു. ഈ ആക്രമണത്തിനിടയിലാണ്‌ കുപ്രസിദ്ധമായ "ഇരുട്ടറവധം' എന്ന സംഭവം ഉണ്ടായത്‌. പരാജിതരായ ഇംഗ്ലീഷുകാർ നവാബിന്റെ ശത്രുക്കളുമായി ഗൂഢാലോചനയിലേർപ്പെട്ടു. കൊല്‌ക്കത്തയുടെ ഭരണച്ചുമതല വഹിച്ചിരുന്ന മണിക്‌ചന്ദ്‌, ഒരു കച്ചവടപ്രമാണിയായിരുന്ന ഒംനിചന്ദ്‌, പണമിടപാടുകാരനായ ജഗത്‌സേത്ത്‌ എന്നിവരെയെല്ലാം പ്രലോഭനങ്ങള്‍കൊണ്ടും പ്രതിഫലം വാഗ്‌ദാനം ചെയ്‌തും പാട്ടിലാക്കി. അപ്പോഴേക്കും അഡ്‌മിറൽ വാട്ട്‌സണ്‍, റോബർട്ട്‌ ക്ലൈവ്‌ എന്നിവർ 900 വെള്ളക്കാരും 1,500 ഇന്ത്യക്കാരുമുള്ള ഒരു സൈന്യവുമായി ചെന്നൈയിൽനിന്ന്‌ ബംഗാളിൽ എത്തിയിരുന്നു. ഗൂഢാലോചനയ്‌ക്കു ഫലമുണ്ടായി. ക്ലൈവ്‌ കൊൽക്കത്തയ്‌ക്കുനേരെ തന്റെ സൈന്യത്തെ നയിച്ചപ്പോള്‍ മണിക്‌ചന്ദ്‌ യുദ്ധ പ്രകടനം നടത്തി പിന്‍വാങ്ങി.

പ്‌ളാസിയുദ്ധം. സിറാജ്‌-ഉദ്‌-ദൗലയും ബ്രിട്ടിഷുകാരും തമ്മിലുള്ള സംഘട്ടനം കൊൽക്കത്ത തിരികെ പിടിച്ചതോടെ അവസാനിച്ചില്ല. കർണാട്ടിക്കിൽ നടന്നുകൊണ്ടിരുന്ന ആംഗ്ലോ-ഫ്രഞ്ചുയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ചനുഭാവിയും ബ്രിട്ടിഷുവിരോധിയും ആയ സിറാജിനെ സ്ഥാനഭ്രഷ്‌ടനാക്കുവാന്‍ ബ്രിട്ടിഷുകാർ തീർച്ചയാക്കി. നവാബിന്റെ ഒരു സേനാനായകനായിരുന്ന മിർജാഫറെ നവാബാക്കാന്‍ അവർ മറ്റൊരു ഗൂഢാലോചനയിലേർപ്പെട്ടു. തുടർന്നുനടന്ന ചരിത്ര പ്രസിദ്ധമായ പ്ലാസിയുദ്ധത്തിൽ (1757) സിറാജിന്റെ സേനാപതികളായ മിർജാഫറും നായ്‌ദുർല്ലഭും പങ്കെടുക്കാതെ മാറിനിന്നു.

മിർജാഫർ (1757-60). പ്ലാസിയുദ്ധാനന്തരം ബ്രിട്ടിഷുകാർ ബംഗാളിന്റെയും ബിഹാറിന്റെയും ഭരണാധികാരികളായിത്തീർന്നു. പുതിയ നവാബായ മിർജാഫർ ബ്രിട്ടിഷുകാരുടെ പാവ മാത്രമായി. കൊൽക്കത്തയിലെ കൗണ്‍സിലിൽ ഓരോരുത്തർക്കും കൊടുക്കേണ്ടിയിരുന്ന കൈക്കൂലിക്കുപുറമെ ഇംഗ്ലീഷുകമ്പനിയുടെ കച്ചവടത്തിനനുവദിച്ചിരുന്ന പ്രത്യേകാനുകൂല്യങ്ങള്‍ കമ്പനിജീവനക്കാരായ വെള്ളക്കാരുടെ സ്വകാര്യക്കച്ചവടത്തിനും അനുവദിക്കേണ്ടിവന്നു. നിയന്ത്രണം നീങ്ങിക്കിട്ടിയ കമ്പനിയും അതിന്റെ ജീവനക്കാരും ബംഗാളിനെ കൊള്ളയടിക്കാന്‍ തുടങ്ങിയത്‌ പ്ലാസിയുദ്ധത്തിനുശേഷമാണ്‌. എന്നാൽ പ്ലാസിയുദ്ധത്തിന്റെ ഫലമായി ബ്രിട്ടിഷുകാർക്കുണ്ടായ ഏറ്റവും സാരവത്തായ നേട്ടം ഏകദേശം 2,330 ച.കി.മീ. വിസ്‌തീർണമുള്ള 24 പർഗാനകള്‍ എന്ന പ്രദേശം ലഭിച്ചതാണ്‌. ബ്രിട്ടിഷുകാർ മിർജാഫറെ ഡച്ചുകാരുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചു സ്ഥാനഭ്രഷ്‌ടനാക്കി അദ്ദേഹത്തിന്റെ ജാമാതാവായ മിർകാസിമിനെ ബംഗാള്‍ നവാബാക്കി (1760-64). 20 ലക്ഷം രൂപയാണ്‌ പുതിയ നവാബ്‌ ബ്രിട്ടിഷ്‌ കമ്പനിക്ക്‌ പാരിതോഷികമായി കൊടുത്തത്‌. പുറമെ, തന്നെ സഹായിക്കാനുള്ള ബ്രിട്ടിഷ്‌ സൈന്യത്തിന്റെ ചെലവിലേക്കായി ബർദ്വാന്‍, മിഡ്‌നാപൂർ, ചിറ്റഗോങ്‌ എന്നീ മൂന്നു ജില്ലകളും കമ്പനിക്കു വിട്ടുകൊടുത്തു. നല്ലൊരു സൈനിക നേതാവായിരുന്നില്ലെങ്കിലും കഴിവുറ്റ ഭരണാധികാരിയായിരുന്ന മിർകാസിം താമസിയാതെ കമ്പനിച്ചുങ്കങ്ങളിൽ നിന്നൊഴിവായ സ്വകാര്യവാണിജ്യത്തെച്ചൊല്ലി കൊൽക്കത്ത കൗണ്‍സിലുമായി പിണങ്ങി. ഇന്ത്യന്‍ കച്ചവടക്കാർക്കു ചുമത്തിയിരുന്ന ചുങ്കം നവാബ്‌ എടുത്തുകളയുകയും അവരുടെയും ബ്രിട്ടിഷുകച്ചവടക്കാരുടെയും അവകാശങ്ങള്‍ തുല്യനിലയിലാക്കുകയും ചെയ്‌തു (1762). അത്‌ കമ്പനിയുമായുള്ള കലഹത്തിനുവഴിതെളിച്ചു. പാറ്റ്‌നയിലെ ബ്രിട്ടിഷ്‌ പണ്ടകശാലയുടെ തലവന്‍ എല്ലിസ്‌ ആ പട്ടണം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം തുറന്ന ഒരു യുദ്ധത്തിനിടവരുത്തി (1763). തുടർച്ചയായ നാലു യുദ്ധങ്ങളിൽ മേജർ ആഡംസ്‌ മിർകാസിമിനെ പരാജയപ്പെടുത്തി. നവാബ്‌ അവധിലേക്ക്‌ പലായനം ചെയ്യുകയും അവിടത്തെ നവാബായ ഷുജാ ഉദ്‌ ദൗലയും മുഗള്‍ചക്രവർത്തിയായ ഷാ ആലം II ഉം ചേർന്ന്‌ ഇംഗ്ലീഷുകാർക്കെതിരായി ഒരു സഖ്യസൈന്യം ഉണ്ടാക്കുകയും ചെയ്‌തു. ഈ സൈന്യത്തെ മേജർ ഹെക്‌ടർ മണ്‍റോ ബക്‌സറിൽവച്ച്‌ പരാജയപ്പെടുത്തി (1764).

അലഹാബാദ്‌ ഉടമ്പടികള്‍. ബക്‌സറിലെ പരാജയം ചക്രവർത്തി ഷാ ആലമിനെയും നവാബ്‌ ഷുജാ ഉദ്‌ ദൗലയെയും ബ്രിട്ടിഷുപാളയത്തിലേക്കാനയിച്ചു. അലഹാബാദിലെ ആദ്യത്തെ ഉടമ്പടിപ്രകാരം ഷാ ആലം കക ബംഗാള്‍, ബിഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ ദിവാനി (നികുതി) പിരിവധികാരം ബ്രിട്ടിഷുകമ്പനിക്ക്‌ ഔപചാരികമായി വിട്ടുകൊടുത്തു. മുമ്പുതന്നെ കമ്പനിക്ക്‌ സിദ്ധിച്ചിരുന്ന ഉത്തര സർക്കാർ ജില്ലകളുടെ ഭരണാധികാരം സ്ഥിരപ്പെടുത്തുകയും ചെയ്‌തു. ഇതോടെ മുഗള്‍ ചക്രവർത്തി കമ്പനിയുടെ പെന്‍ഷന്‍കാരനായിത്തീർന്നു. രണ്ടാമത്തെ ഉടമ്പടിപ്രകാരം 50 ലക്ഷം രൂപ നഷ്‌ടപരിഹാരമായി സ്വീകരിച്ച്‌ അവധ്‌ ഷുജാഉദ്‌ ദൗലയ്‌ക്ക്‌ മടക്കികൊടുത്തു.

വാറന്‍ ഹേസ്റ്റിംഗ്‌സ്‌. 1767-ൽ റോബർട്ട്‌ ക്ലൈവ്‌ ഇംഗ്ലണ്ടിലേക്കു മടങ്ങുമ്പോള്‍ ബ്രിട്ടിഷ്‌കമ്പനി ഇന്ത്യയിലെ പ്രമുഖശക്തിയായി തീർന്നിരുന്നു. ഈ പദവയിൽനിന്ന്‌ അധീശത്വത്തിലേക്ക്‌ ബ്രിട്ടന്‌ തുടർന്നും ബഹുദൂരം പോകേണ്ടിയിരുന്നു. ഈ യാത്രയിൽ ആദ്യത്തെ നാഴികക്കല്ല്‌ വാറന്‍ ഹേസ്റ്റിംഗ്‌സിന്റെ കാലത്തെ (1772-1735) ഒന്നാം മഹാരാഷ്‌ട്രയുദ്ധവും (1778-82) രണ്ടാം മൈസൂർ യുദ്ധവും (1778-84) ആണ്‌. ഒന്നാം മഹാരാഷ്‌ട്രയുദ്ധം അവസാനിച്ചത്‌ സാൽസെറ്റ്‌ ബ്രിട്ടിഷുകാർക്ക്‌ ലഭ്യമാക്കിയ സാൽബായ്‌ ഉടമ്പടിയോടുകൂടിയാണ്‌ (1782). മദ്രാസ്‌ ഗവണ്‍മെന്റിന്റെ കുറ്റകരമായ ഉപേക്ഷ ഹൈദരലിയും മഹാരാഷ്‌ട്രരും നിസാമും ചേർന്നുള്ള ഒരു ത്രിശക്തിസഖ്യത്തിലേക്കും ഹേസ്റ്റിംഗ്‌സിനെ ആ സഖ്യത്തിനെതിരായുള്ള ഒരു യുദ്ധത്തിലേക്കും നയിച്ചു. 1782-ൽ ഹേസ്റ്റിംഗ്‌സ്‌ നിസാമിനെയും മഹാരാഷ്‌ട്രരെയും ഹൈദരിൽനിന്ന്‌ അകറ്റി. ഇംഗ്ലീഷുകാരോട്‌ ഹൈദർക്ക്‌ ഒറ്റക്ക്‌ യുദ്ധം ചെയ്യേണ്ടിവന്നു. ഹൈദരുടെ മരണശേഷം (1782) അദ്ദേഹത്തിന്റെ പുത്രനായ ടിപ്പു സുൽത്താന്‍ യുദ്ധം തുടർന്നു. 1784-ലെ മംഗലാപുരം സമാധാനസന്ധിയിലൂടെ ഇരുകൂട്ടരും യുദ്ധത്തിൽ പിടിച്ച പ്രദേശങ്ങളെയും തടവുകാരെയും തിരിച്ചുകൊടുക്കാന്‍ കരാർ ചെയ്‌തു.

1785 മുതൽ 1798 വരെ ഇന്ത്യയിലെ ബ്രിട്ടിഷ്‌നയം യുദ്ധത്തിന്റേതായിരുന്നില്ല; സമാധാനത്തിന്റെതായിരുന്നു. എന്നാൽ ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണത്തോടെ (1789) തുടങ്ങിയ മൂന്നാം മെസൂർയുദ്ധം (1789-91) ഇതിനൊരപവാദമാണ്‌. ശ്രീരംഗപട്ടണം സന്ധിയോടുകൂടി (1792) അവസാനിച്ച ഈ യുദ്ധം ടിപ്പുവിന്‌ തന്റെ രാജ്യത്തിന്റെ പകുതി നഷ്‌ടപ്പെടുത്തി. ദിണ്ടുകൽ, ബഡാമഹൽ, കുടക്‌, മലബാർ എന്നീ പ്രദേശങ്ങള്‍ ബ്രിട്ടിഷുകാർക്ക്‌ കിട്ടിയപ്പോള്‍, അവരുടെ സഖ്യകക്ഷികളിൽ മഹാരാഷ്‌ട്രർ തുംഗഭദ്ര വരെയും, നിസാം കടപ്പ വരെയും തങ്ങളുടെ അധികാരം വ്യാപിപ്പിച്ചു.

വെല്ലസ്‌ളി. വെല്ലസ്ലിയുടെ ഭരണകാലം (1798-1805) ബ്രിട്ടിഷുശക്തിയുടെ വ്യാപനത്തിൽ നിർണായകമായ ഒരു കാലഘട്ടമായിരുന്നു. ഇന്ത്യയ്‌ക്ക്‌ ഇന്ത്യന്‍ ഭരണത്തേക്കാള്‍ ബ്രിട്ടിഷുഭരണമാണ്‌ നല്ലതെന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്ന വെല്ലസ്ലി ബ്രിട്ടിഷ്‌ ആധിപത്യത്തിന്റെ വ്യാപനത്തിന്‌ രണ്ടു രീതികളാണ്‌ സ്വീകരിച്ചത്‌: തുറന്ന യുദ്ധവും സഹായവ്യവസ്ഥയും. ടിപ്പുവിന്റെ മരണത്തിലവസാനിച്ച നാലാം മൈസൂർയുദ്ധത്തിനുശേഷം മൈസൂറിന്റെ പകുതി വെല്ലസ്ലി പിടിച്ചടക്കി; മറ്റേ പകുതി വൊഡയാർ വംശത്തിന്‌ ഏല്‌പിച്ചുകൊടുക്കുകയും ചെയ്‌തു. രണ്ടാം മഹാരാഷ്‌ട്രയുദ്ധത്തിനു കാരണം പേഷ്വ ബാജിറാവു കക 1802-ൽ ബ്രിട്ടിഷുകാരുമായി ചെയ്‌ത സഹായവ്യവസ്ഥാ ഉടമ്പടിയായിരുന്നു. ആദ്യത്തെ ചില വിജയങ്ങള്‍ക്കുശേഷം അവസാനപരാജയങ്ങളിൽ കലാശിച്ച രണ്ടാം മഹാരാഷ്‌ട്രയുദ്ധത്തിൽ ബ്രിട്ടിഷുകാരുടെ നേട്ടങ്ങള്‍ കട്ടക്ക്‌, ദില്ലി, ആഗ്ര എന്നീ സ്ഥലങ്ങളും വൃദ്ധനായ ഷാ ആലംചക്രവർത്തിയും പേഷ്വ, ഭോണ്‍സ്ലേ, സിന്ധ്യ എന്നിവരുമായുള്ള സഹായവ്യവസ്ഥകളും ആയിരുന്നു. നിസാമുമായി അതിനുമുമ്പുതന്നെ ഒരു സഹായ ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു. ബ്രിട്ടിഷ്‌ധീശത്വം സ്ഥാപിക്കാന്‍ വെല്ലസ്ലി സ്വീകരിച്ച മറ്റൊരുമാർഗം ക്ഷയോന്മുഖമായ രാജ്യങ്ങളെ ബ്രിട്ടിഷ്‌ പ്രദേശങ്ങളോടു കൂട്ടിച്ചേർക്കുകയായിരുന്നു. ഇപ്രകാരമാണ്‌ തഞ്ചാവൂരും കർണാട്ടിക്കും സൂറത്തും സ്വാതന്ത്യ്രം നഷ്‌ടപ്പെട്ട്‌ ബ്രിട്ടിഷു പ്രദേശങ്ങളിൽ ലയിച്ചത്‌. 1801-ൽ പുതിയൊരു സഹായവ്യവസ്ഥപ്രകാരം ഗോരഖ്‌പൂർ, റോഹിൽഖണ്ഡ്‌ തുടങ്ങി അവധിന്റെ പകുതി രാജ്യവും ബ്രിട്ടിഷധീനതയിലായി; അതുപോലെ കൃഷ്‌ണയ്‌ക്കും തുംഗഭദ്രയ്‌ക്കും ഇടയിലുള്ള നിസാമിന്റെ പ്രദേശങ്ങളും.

1805 മുതൽ 1813 വരെ വ്യാപനത്തിന്റെ കാലമായിരുന്നു. ഇക്കാലത്ത്‌ ശ്രദ്ധേയമായ ഒരു സംഭവം രഞ്‌ജിത്‌സിംഗുമായി ബ്രിട്ടിഷുകാർ ചെയ്‌ത അമൃതസരസ്‌ സന്ധിയാണ്‌. അന്നത്തെ ഗവർണർ ജനറൽ മിന്റോയായിരുന്നു. 1809-ലെ ഉടമ്പടിപ്രകാരം ബ്രിട്ടിഷിന്ത്യയുടെ വ.പ. അതിർത്തി യമുനയ്‌ക്കുപകരം സത്‌ലജ്‌ ആയി.

ഹേസ്റ്റിംഗ്‌സ്‌. മിന്റോയുടെ പിന്‍ഗാമിയായ ഹേസ്റ്റിംഗ്‌സ്‌ പ്രഭുവിന്റെ കാലത്ത്‌ ബ്രിട്ടിഷിന്ത്യന്‍ സാമ്രാജ്യം നിലവിൽവന്നു. മധ്യേന്ത്യയിലെ ജനജീവിതത്തെ പീഡിപ്പിച്ചിരുന്ന പിന്‍ഡാരി കൊള്ളക്കാരെ ചികഞ്ഞുപിടിക്കുന്ന പട്ടാളനടപടി മൂന്നാം മഹാരാഷ്‌ട്രയുദ്ധമായിത്തീർന്നു. ഇതിന്റെ ഫലമായി മഹാരാഷ്‌ട്ര നേതാക്കന്മാർ ബ്രിട്ടിഷ്‌ അധീശത്വം സ്വീകരിച്ചു. സിന്ധ്യ പുതിയൊരു സന്ധിചെയ്യാന്‍ നിർബന്ധിതനായി (1817); ചെറുത്തുനിന്ന ഹോള്‍ക്കും ഭോണ്‍സ്ലെയും പേഷ്വയും തോല്‌പിക്കപ്പെട്ടു. പേഷ്വയുടെ ഭരണത്തിലുള്ള പ്രദേശങ്ങള്‍ ബ്രിട്ടിഷ്‌ബോംബെ സംസ്ഥാനമായി; ഭോണ്‍സ്ലെയുടെ നാഗ്‌പൂർ ബ്രിട്ടിഷുകാർക്കു കീഴിലായി. രജപുത്രരാജാക്കന്മാരുമായി സഹായവ്യവസ്ഥാരീതിയിലുള്ള സന്ധികള്‍ രജപുട്ടാണയെ ബ്രിട്ടിഷ്‌മേൽക്കോയ്‌മക്കു കീഴിൽ കൊണ്ടുവന്നു. ഹേസ്റ്റിംഗ്‌സിന്റെ കാലത്തുണ്ടായ ആദ്യത്തെയും അവസാനത്തെയും നേപാള്‍ യുദ്ധം (1814-16) കാളിനദി മുതൽ സത്‌ലജ്‌ വരെയുള്ള പ്രദേശങ്ങളെ ബ്രിട്ടിഷുകാരുടെ വരുതിക്കു കീഴിലാക്കി.

ബ്രിട്ടിഷധീശത്വത്തിന്റെ പൂർത്തീകരണം. മുഗള്‍സാമ്രാജ്യത്തിന്റെ തകർച്ചയിൽനിന്നുളവായതും ഏകദേശം 75 വർഷം നീണ്ടുനിന്നതുമായ സാഹചര്യം അവസാനിച്ച്‌ 1818-ൽ ഇന്ത്യക്ക്‌ ഒരിക്കൽക്കൂടി രാഷ്‌ട്രീയാസ്‌തിത്വം കൈവന്നു; 1818 മുതൽ 1858 വരെയുള്ള ഇന്ത്യാചരിത്രം ഇന്ത്യയുടെ പ്രകൃതിദത്തമായ അതിരുകളിലേക്ക്‌ ബ്രിട്ടിഷാധിപത്യവ്യാപനത്തിന്റെ ചരിത്രമാണ്‌. ചില അനുകൂലസാഹചര്യങ്ങളുടെ സമ്മർദം ഈ വ്യാപനത്തെ ത്വരിതപ്പെടുത്തി. കച്ചവടക്കാരുടെ നാടായ ഇംഗ്ലണ്ടിന്‌ സാമ്രാജ്യവ്യാപനമെന്നു പറഞ്ഞാൽ വാണിജ്യവ്യാപനമെന്നാണർഥം. വ്യാവസായികവിപ്ലവത്തിന്റെ ഫലമായി ബ്രിട്ടിഷ്‌ സമ്പദ്‌വ്യവസ്ഥയുടെ ഉത്‌പാദനക്ഷമത എത്രയോ മടങ്ങ്‌ വർധിച്ചിരുന്നു. തെക്കും കിഴക്കും ഏഷ്യ ബ്രിട്ടിഷുകാരുടെ പരുത്തിത്തുണികള്‍ക്കും മധ്യേഷ്യയിലേയും വ.കി. ഏഷ്യയിലേയും തണുപ്പേറിയ പ്രദേശങ്ങള്‍ രോമത്തുണികള്‍ക്കും പറ്റിയ കമ്പോളങ്ങളായിരുന്നു. വാണിജ്യസൗകര്യവും ലാഭക്കൊതിയും ബ്രിട്ടന്റെ വിദേശനയത്തെ ശക്തിയായി സ്വാധീനിച്ച ഘടകങ്ങളാണ്‌. വ്യാപനത്തിന്റെ പിന്നിലുള്ള മറ്റൊരു പ്രരണ വ.കി. ചുരങ്ങളിലൂടെയുള്ള വിദേശാക്രമണഭീഷണിയായിരുന്നു.

1768-ൽ നിലവിൽവന്ന ആവ രാജവംശം 1821-ൽ മണിപ്പൂരും 1822-ൽ അസമും കീഴടക്കി. ഇതിൽ ഭീതിപൂണ്ട ഗവർണർജനറൽ ആമേഴ്‌സ്റ്റ്‌ പ്രഭു (1823-28) 1824-ൽ ബർമയുമായി യുദ്ധം പ്രഖ്യാപിച്ചു. യണ്ടബൂഉടമ്പടി(1826)യിൽ അവസാനിച്ച ഒന്നാം ബർമീസ്‌ യുദ്ധം അരക്കാന്‍, ടെന്നാസെറിം എന്നീ പ്രവിശ്യകളെയും ബ്രിട്ടിഷ്‌ റസിഡന്റിനെ റംഗൂണിൽ പ്രതിഷ്‌ഠിക്കുവാനുള്ള അവസരത്തെയും ബ്രിട്ടനു നേടിക്കൊടുത്തു. അസം താഴ്‌വരയിന്മേലുള്ള അവകാശം ഉപേക്ഷിക്കാനും കച്ചാർ, ജയന്തിയ എന്നീ രാജ്യങ്ങളിൽ ഇടപെടാതിരിക്കാനും മണിപ്പൂരിന്റെ സ്വാതന്ത്യ്രം അംഗീകരിക്കാനും ഈ ഉടമ്പടിപ്രകാരം ബർമ സമ്മതിച്ചു. രണ്ടാം ബർമീസ്‌ യുദ്ധ(1852)ത്തിന്റെ ഫലമായി പെഗു ബ്രിട്ടിഷിന്ത്യയോടു ചേർക്കപ്പെട്ടു.

റഷ്യന്‍ ആക്രണത്തെപ്പറ്റിയുള്ള സാങ്കല്‌പികഭീതിയാണ്‌ ഒന്നാം അഫ്‌ഗാന്‍ യുദ്ധത്തിന്റെ (1839-42) പശ്ചാത്തലം. രഞ്‌ജിത്‌സിംഗും ബ്രിട്ടിഷുകാരും ഷാഷൂജയും തമ്മിലുണ്ടാക്കിയ 1838-ലെ ത്രിശക്തി സഖ്യമനുസരിച്ച്‌ അഫ്‌ഗാനിസ്‌താന്‍ ഭരിച്ചിരുന്ന ദോസ്‌ത്‌ മുഹമ്മദിനെ സ്ഥാനഭ്രഷ്‌ടനാക്കി പകരം ഷാഷൂജയെ വാഴിക്കണമായിരുന്നു. രഞ്‌ജിത്‌ ഇതിൽനിന്ന്‌ ഒഴിഞ്ഞു മാറിയതിനാൽ ഗവർണർജനറലായ ആക്‌ലന്‍ഡ്‌ പ്രഭു മുഴുവന്‍ ഭാരവും സ്വയം വഹിച്ച്‌ അഫ്‌ഗാനിസ്‌താനിലേക്ക്‌ ഒരു സൈന്യത്തെ അയച്ചു. പക്ഷേ, യുദ്ധാനന്തരം ദോസ്‌ത്‌മുഹമ്മദിനെത്തന്നെ കാബൂളിൽ വാഴിക്കേണ്ടി വന്നു. അഫ്‌ഗാനിസ്‌താനിലെ പരാജയത്തിന്‌ ബ്രിട്ടിഷുകാർ പകപോക്കിയത്‌ സിന്ധിലെ അമീർമാരോടായിരുന്നു. അമീർമാരെ സകല വിധത്തിലുള്ള ഭീഷണികള്‍ക്കും വിധേയരാക്കുകയും സിന്ധിനെ ബ്രിട്ടിഷിന്ത്യയോടു കൂട്ടിച്ചേർക്കുകയും ചെയ്‌തു (1843).

വിഭവശേഷി, ജനങ്ങളുടെ വീര്യം, രാഷ്‌ട്രത്തിന്റെ ക്രമവത്‌കരണം, സൈനികശക്തി എന്നിവയിലെല്ലാം പഞ്ചാബ്‌ ഇന്ത്യയിലെ ഒന്നാംകിട മേഖലയായിരുന്നു. രഞ്‌ജിത്തിന്റെ മരണം (1839) സിക്കുകാരെ അരാജകത്വത്തിലേക്കു നയിച്ചു; "ഖാൽസ' സൈന്യം അരാജകത്വത്തിന്‌ ശക്തികൂട്ടി; രണ്ടുംകൂടി പഞ്ചാബിനെ ബ്രിട്ടിഷുകാരുമായി യുദ്ധത്തിലേക്ക്‌ നയിച്ചു. നാലു യുദ്ധങ്ങളിൽ (മുഡ്‌കി, ഫെറോസ്‌ ഷാ, ആലിവാള്‍, സോബ്രാണ്‍) തുടർച്ചയായി സിക്കുകാർ തോല്‌പിക്കപ്പെട്ടു; പക്ഷേ, പഞ്ചാബ്‌ ബ്രിട്ടിഷ്‌ ഇന്ത്യയോട്‌ കൂട്ടിച്ചേർക്കപ്പെട്ടില്ല. പകരം പുതുതായി നിയമിക്കപ്പെട്ട ബ്രിട്ടിഷ്‌ റസിഡന്റ്‌ ഹെന്‌റി ലോറന്‍സിന്റെ കീഴിൽ അവിടെ ആഭ്യന്തരപരിഷ്‌കാരങ്ങള്‍ പലതും നടപ്പിൽ വരുത്തി. എന്നാൽ പരാജയം സമ്മതിക്കാത്ത സിക്കുകാർ ലഹളയ്‌ക്കൊരുമ്പെട്ടു. ഇതിനെത്തുടർന്നാണ്‌ ഡൽഹൗസിയുടെ കാലത്ത്‌ രണ്ടാം സിക്കു യുദ്ധമുണ്ടായത്‌ (1849). സിക്കുകാർ പരാജിതരാവുകയും അതോടെ പഞ്ചാബ്‌ ബ്രിട്ടിഷിന്ത്യയിൽ ലയിക്കുകയും ചെയ്‌തു. ഇതിനിടയിൽ മൈസൂർ (1831), കുടക്‌ (1834), കച്ചാർ (1832), ജയന്തിയ (1835) എന്നീ പ്രദേശങ്ങള്‍ ബ്രിട്ടിഷിന്ത്യയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

ഡൽഹൗസി. വെല്ലസ്ലിയെപ്പോലെ, ഇന്ത്യാക്കാർക്ക്‌ ഇന്ത്യന്‍ ഭരണത്തെക്കാള്‍ ബ്രിട്ടിഷ്‌ ഭരണമാണ്‌ നല്ലതെന്ന്‌ വിശ്വസിച്ചിരുന്ന ഡൽഹൗസി പ്രഭു സാമന്തരാജ്യങ്ങളിൽ പലതിനെയും ബ്രിട്ടിഷ്‌ ഭരണത്തിന്‍കീഴിൽ കൊണ്ടുവന്നത്‌ "ദത്താപഹാരനിയമം' ((Doctrine of Lapse) പ്രയോഗിച്ചാണ്‌. സത്താറ, ഝാന്‍സി, നാഗ്‌പൂർ, ജെയ്‌പൂർ, സാംബൽപൂർ, ഭഗത്‌പൂർ, ഉദയ്‌പൂർ എന്നീ രാജ്യങ്ങളെല്ലാം അപ്രകാരം ബ്രിട്ടിഷ്‌ ഭരണത്തിന്‍കീഴിൽ കൊണ്ടുവരപ്പെട്ടു. ദുർഭരണം ആരോപിച്ച്‌ ബ്രിട്ടിഷിന്ത്യയിൽ ലയിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട രാജ്യം അവധ്‌ ആണ്‌. ഭരണക്രമം (1765-1858). സ്വതന്ത്ര ഇന്ത്യയുടെ ഭരണക്രമത്തിന്റെ അടിസ്ഥാനമായ ബ്രിട്ടിഷിന്ത്യന്‍ ഭരണഘടനയുടെ ചരിത്രം തുടങ്ങുന്നത്‌ ക്ലൈവ്‌ രണ്ടാമത്തെ തവണ ഗവർണർ ജനറലായി വന്നതു മുതല്‌ക്കാണ്‌ (1765-67). മുഗള്‍ ചക്രവർത്തി കല്‌പിച്ചുകൊടുത്ത "ദിവാനി' ബ്രിട്ടിഷു കമ്പനിയെ മറ്റ്‌ ഇന്ത്യന്‍ രാജ്യങ്ങളുടെ ഇടയിൽ ഒരു രാജ്യമെന്ന പദവിയിലേക്കുയർത്തിയിരുന്നു; എന്നാൽ "നിസാമത്‌' അഥവാ പോലീസ്‌ നീതിന്യായച്ചുമതല വേർപ്പെടുത്തിക്കൊണ്ടുള്ള ദിവാനി (നികുതി) പിരിവധികാരം ഉത്തരവാദിത്വമില്ലാത്ത അധികാരമായിരുന്നു.

വാറന്‍ ഹേസ്റ്റിംഗ്‌സിന്റെ കാലം മുതൽ കമ്പനി സ്വന്തം ഉദ്യോഗസ്ഥന്മാരിൽകൂടി നികുതി പിരിക്കാന്‍ തുടങ്ങി. ഭൂനികുതി പിരിവ്‌ മുഖ്യജോലിയായിരുന്ന കളക്‌ടർമാർ ഒരു റവന്യൂബോർഡിന്റെ കീഴിലാണ്‌ പ്രവർത്തിച്ചിരുന്നത്‌. വാറന്‍ ഹേസ്റ്റിംഗ്‌സ്‌ നീതിന്യായ വ്യവസ്ഥയും കോടതികളും പുനഃസംവിധാനം ചെയ്‌തു. നികുതിപിരിവായാലും നീതിന്യായമായാലും ഭരണപരമായ ഈ മാറ്റങ്ങളെല്ലാം പ്രതിനിധീകരിച്ചത്‌ ഇന്ത്യക്കാരിൽനിന്ന്‌ ബ്രിട്ടിഷുകാരിലേക്കുള്ള പടിപടിയായ മാറ്റമാണ്‌.

ഈ ആംഗലവത്‌കരണം പൂർത്തിയായത്‌ കോണ്‍വാലിസ്‌ പ്രഭുവിന്റെ കാലത്തായിരുന്നു. നികുതിപിരിവും നീതിന്യായവും കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായെന്നു മാത്രമല്ല ഏകദേശം 5000 രൂപയിൽ കവിഞ്ഞ വാർഷിക ശമ്പളമുള്ള ഉദ്യോഗസ്ഥന്മാരെല്ലാം ബ്രിട്ടിഷുകാരാവുകയും ചെയ്‌തു. ഭരണത്തിൽനിന്ന്‌ ഇന്ത്യക്കാരെ പൂർണമായും ഒഴിച്ചുനിർത്തിയിരുന്നു. കോണ്‍വാലിസ്‌ തന്റെ നയം പൂർത്തിയാക്കിയത്‌ ഒരു പോലീസ്‌ സർവീസ്‌ സ്ഥാപനത്തിലൂടെയും സൈന്യത്തിന്റെ യൂറോപ്യവത്‌കരണത്തിലൂടെയുമാണ്‌. സർവീസുകളിലെ യൂറോപ്യന്‍കുത്തക ബ്രിട്ടനിൽ സ്ഥാപിതതാത്‌പര്യം സൃഷ്‌ടിക്കുകയും ഇന്ത്യന്‍ രാഷ്‌ട്രീയ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്‌തു.

ഭരണസംവിധാനത്തോടൊപ്പംതന്നെ ഭരണത്തിന്റെ ധാർമിക നിലവാരം ഉയർത്തുവാനും ചില നടപടികള്‍ സ്വീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥന്മാർക്ക്‌ നല്ല ശമ്പളംകൊടുത്ത്‌ സ്വകാര്യക്കച്ചവടവും മറ്റഴിമതികളും കോണ്‍വാലിസ്‌ നിർത്തലാക്കി.

ക്രമവത്‌കരണനിയമം. അതുപോലെതന്നെ കമ്പനി ഭരണത്തിന്‌ ഘടനാപരമായ മാറ്റങ്ങളും ഉണ്ടായി. 1770-ൽ കമ്പനി ഒരു വായ്‌പയ്‌ക്ക്‌ ബ്രിട്ടിഷ്‌ ഗവണ്‍മെന്റിനെ സമീപിച്ചപ്പോള്‍ പാർലമെന്റ്‌ അന്വേഷണങ്ങളിലൂടെ കമ്പനിയുടെ പ്രവർത്തനത്തിൽ താത്‌പര്യം പ്രദർശിപ്പിക്കാനും കമ്പനിയുടെമേൽ നിയന്ത്രണം ചെലുത്താനും തുടങ്ങി. ഇതിന്റെ ആദ്യഫലമാണ്‌ 1773-ലെ ക്രമവത്‌കരണനിയമം (Regulating Act). കേമ്പനിയുടെ ഓഹരിക്കാർ ഇന്ത്യന്‍ഭരണം നിയന്ത്രിക്കുന്നത്‌ കുറെയെല്ലാം തടയുവാന്‍ ക്രമവത്‌കരണനിയമത്തിന്‌ കഴിഞ്ഞു. കൊൽക്കത്തയിൽ ഈ കാലത്ത്‌ ഒരു സുപ്രിംകോടതി സ്ഥാപിതമായി. ഇംഗ്ലീഷ്‌ ഭരണസ്ഥാപനങ്ങളും അതോടൊപ്പം ഭരണപരമായ ആശയങ്ങളും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ്‌ ക്രമവത്‌കരണനിയമം. അതിന്റെ ദോഷഫലങ്ങള്‍ മുഴുവന്‍ അനുഭവിച്ചത്‌ ആ നിയമപ്രകാരം ആദ്യത്തെ ഗവർണർജനറലായ വാറന്‍ ഹേസ്റ്റിംഗ്‌സാണ്‌.

പിറ്റിന്റെ ഇന്ത്യാനിയമം 1784. ഇന്ത്യ ബ്രിട്ടന്റെ ഉന്നതതലരാഷ്‌ട്രീയത്തിൽ ഒരു ഘടകമായിത്തീർന്നിരുന്നു. ജെയിംസ്‌ ഫോക്‌സിന്റെ "ഇന്ത്യാബിൽ' അദ്ദേഹവും നോർത്ത്‌ പ്രഭുവും ചേർന്നുണ്ടാക്കിയ കൂട്ടുമന്ത്രിസഭയുടെ പതനത്തിന്‌ കാരണമായി. തുടർന്നു ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായ വില്യം പിറ്റ്‌ (1759-1806) ആദ്യം നടത്തിയത്‌ ഇന്ത്യയ്‌ക്കുള്ള നിയമനിർമാണമായിരുന്നു. 1857 വരെയുള്ള ബ്രിട്ടിഷിന്ത്യന്‍ ഗവണ്‍മെന്റിന്റെ രൂപം തിട്ടപ്പെടുത്തിയ പിറ്റിന്റെ ഇന്ത്യാനിയമം കമ്പനി ഭരണത്തിന്മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണമാക്കിത്തീർത്തു.

ബ്രിട്ടിഷ്‌ പാർലമെന്റിനോടും ജനങ്ങളോടും എന്ന പോലെ ഇന്ത്യന്‍ പ്രജകളുടെ ക്ഷേമത്തോടും കമ്പനി ഉത്തരവാദപ്പെട്ടു. ഈ ദ്വിമുഖമായ ഉത്തരവാദിത്ത്വം ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന ഒരു ആറംഗസമിതിയിൽ കൂടെയാണ്‌ പ്രാവർത്തികമാക്കിയത്‌.

ഗവർണർ ജനറലിന്റെ അധികാരം വർധിപ്പിക്കുകയും സംസ്ഥാന ഗവണ്‍മെന്റുകളെ അദ്ദേഹത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിന്‍കീഴിലാക്കുകയും ചെയ്‌തതോടുകൂടി പിറ്റിന്റെ ഇന്ത്യാ നിയമം ഭരണപരവും രാഷ്‌ട്രീയവുമായ ഇന്ത്യയുടെ പുനരേകീകരണത്തിന്റെ തുടക്കം കുറിച്ചു. തുടർന്ന്‌ 1793, 1813, 1833, 1853 എന്നീ കൊല്ലങ്ങളിലുണ്ടായ ചാർട്ടർ-നിയമങ്ങള്‍ ആ ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങളെ സാക്ഷാത്‌കരിക്കുകയും ചെയ്‌തു.

ഇന്ത്യയുടെ നവീകരണം. മുഗള്‍ സാമ്രാജ്യത്തിന്റെ തകർച്ച ഉളവാക്കിയ വിഘടനാത്മകമായ അരാജകത്വത്തിനുശേഷം ബ്രിട്ടിഷാധിപത്യത്തിന്‍കീഴിലാണ്‌ ഇന്ത്യയിൽ രാഷ്‌ട്രീയമായ ഏകീകരണവും ഭരണഭദ്രതയും നിയമസമാധാനത്തിന്റെ പുനഃസ്ഥാപനവും കൈവന്നത്‌. ബ്രിട്ടിഷുകാർതന്നെ ഈ പ്രക്രിയയെ വീക്ഷിച്ചത്‌ മുഗളിന്ത്യയുടെ ഏതാണ്ടൊരു പുനഃസ്ഥാപനമായാണ്‌. അവരെ സംബന്ധിച്ചിടത്തോളം ഈ ഏകീകരണത്തിന്റെയും വ്യവസ്ഥിതിയുടെയും നിയമസമാധാനസ്ഥാപനത്തിന്റെയും എല്ലാം പ്രചോദനം കച്ചവടസൗകര്യമായിരുന്നു. ഇന്ത്യയിൽ നൂതനാശയങ്ങളും ഉത്‌പാദനരീതികളും ഇറക്കുമതി ചെയ്‌ത്‌ അപകടകരമായ ചിന്താഗതികളും ബ്രിട്ടന്റെ വ്യവസായസംരംഭങ്ങള്‍ക്കും നിർമിതവസ്‌തുക്കള്‍ക്കും എതിരായി നില്‌ക്കുന്ന സാഹചര്യങ്ങളും സൃഷ്‌ടിക്കണമെന്ന്‌ അവർക്ക്‌ ഉദ്ദേശമുണ്ടായിരുന്നില്ല. എന്നാൽ യുക്തിയുടെയും ശാസ്‌ത്രീയപുരോഗതിയുടെയും മനുഷ്യതുല്യതയുടെയും അടിസ്ഥാനത്തിലുള്ള സാമൂഹിക പുനഃസംവിധാനത്തിന്റെ ആവേശം 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽതന്നെ ഇന്ത്യയെ സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. ജെയിംസ്‌ മിൽ ബ്രിട്ടിഷിന്ത്യയുടെ ചരിത്രം (1817) എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ ഈ പരിഷ്‌കരണൗത്സുക്യത്തിന്‌ ശക്തികൂടി. ബ്രിട്ടിഷിന്ത്യന്‍ നയത്തിലുണ്ടായ വ്യതിയാനത്തിന്‌ ഉത്തരവാദികളായ ബെന്‍ടിക്‌, മെക്കാളെ തുടങ്ങിയവർ പുരോഗമന വാദികളായിരുന്നു.

സ്വതന്ത്രവാണിജ്യവാദം. യുക്തിയിലൂന്നിയ ഈ തീവ്രവാദികള്‍ക്ക്‌ കുറെ പ്രാട്ടസ്റ്റന്റ്‌ മതപ്രബോധകരെ കൂട്ടിനു കിട്ടി. യുക്തിയുടെയും ദൈവവിശ്വാസത്തിന്റെയും ഉറവിടങ്ങളിൽനിന്നു നിർഗളിച്ച ഈ രണ്ടു ധാരകളും മനുഷ്യവാദത്തിൽ ഒന്നിച്ചു. രണ്ടു കൂട്ടരുടെയും ലക്ഷ്യം ഇന്ത്യന്‍ സാമൂഹിക ജിവിതത്തിലുറഞ്ഞു കൂടിയിരുന്ന അനാചാരങ്ങളുടെ നിർമാർജനം ആയിരുന്നു. ഈ ലക്ഷ്യം പ്രാപിക്കേണ്ടത്‌ നിയമനിർമാണത്തിലൂടെയാണെന്ന്‌ ബെന്താമിന്റെ ശിഷ്യന്മാർ വാദിച്ചപ്പോള്‍ മതപരിവർത്തനത്തിലൂടെയാണ്‌ വേണ്ടതെന്ന്‌ വിൽബർ ഫോർസിന്റെ അനുയായികള്‍ വിശ്വസിച്ചു. പരിഷ്‌കരണവാദികളെ സഹായിച്ച മൂന്നാമതൊരു കൂട്ടർ സ്വതന്ത്ര വാണിജ്യവാദികളായിരുന്നു(Free Traders). വെൽത്ത്‌ ഒഫ്‌ നേഷന്‍സ്‌ (1776) എന്ന പ്രാമാണികഗ്രന്ഥമെഴുതിയ ആഡം സ്‌മിത്ത്‌ ആയിരുന്നു ഇവരുടെ അപ്പോസ്‌തലന്‍.

വില്യം ബെന്‍ടിക്‌. 1813-ലെ ചാർട്ടർ നിയമം പുതിയ നയത്തിന്റെ ചെറിയൊരു തുടക്കമായിരുന്നു. വിൽബർ ഫോർസിന്റെ പ്രരണയിൽ ബ്രിട്ടിഷിന്ത്യയിൽ ക്രിസ്‌തുമതപ്രവർത്തനം അനുവദിക്കപ്പെട്ടു. ഇതേ ചാർട്ടർനിയമം തന്നെയാണ്‌ കമ്പനിയുടെ കച്ചവടക്കുത്തക അവസാനിപ്പിച്ചതും; മാത്രമല്ല, പ്രതിവർഷം ഒരു ലക്ഷം രൂപ ഇന്ത്യാക്കാരുടെ വിദ്യാഭ്യാസത്തിന്നായി നീക്കി വയ്‌ക്കുകയും ചെയ്‌തു. പ്രധാനമന്ത്രിയായിരുന്ന പോർട്ട്‌ലണ്ട്‌ പ്രഭുവിന്റെ പുത്രനും ബെന്താമിന്റെ ഒരുത്തമ ശിഷ്യനും ആയ വില്യം ബെന്‍ടിക്‌ പ്രഭു 1828-ൽ ഗവർണർജനറലായി നിയമിക്കപ്പെടുകയും, ഇംഗ്ലണ്ടിൽ പരിഷ്‌കരണത്തിന്റെ ഒരു യുഗം ഉദ്‌ഘാടനം ചെയ്‌ത വിഗ്‌ മന്ത്രിസഭ 1830-ൽ അധികാരത്തിൽ വരികയും ചെയ്‌തതോടെ നവോത്ഥാനത്തിന്‌ ശക്തികൂടി.

ബെന്‍ടിക്‌ പല ദുരാചാരങ്ങളും നിർത്തലാക്കി. അതിലൊന്നായിരുന്നു "സതി'. ഇതിൽ അദ്ദേഹത്തിന്‌ രാജാറാം മോഹന്‍ റായിയുടെ പിന്തുണ ലഭിച്ചു. അതുപോലെതന്നെ കുട്ടികളെ ബലികൊടുത്തുകൊണ്ടുള്ള സോഗൊർ ദ്വീപിലെ ഒരാചാരം, ശിശുഹത്യ എന്നിവ നിയമം മൂലം നിർത്തൽ ചെയ്യപ്പെട്ടു. ദൈവപ്രീതിക്കായി നരഹത്യ നടത്തിയിരുന്ന കവർച്ചക്കാരായ തഗ്ഗുകളെ അമർച്ച ചെയ്‌തു. മതം മാറ്റം സ്വത്തവകാശത്തെ ദുർബലപ്പെടുത്തുകയില്ലെന്ന നിയമം കൊണ്ടുവന്നു. എല്ലാ ജനവിഭാഗങ്ങളും പൊതുനിയമങ്ങള്‍ക്ക്‌ അർഹരാണെന്ന്‌ 1833-ൽ പ്രഖ്യാപിക്കപ്പെട്ടു.

ഭരണകൗണ്‍സിലിലെ നിയമമെമ്പറായ മെക്കാളെ ബെന്‍ടിക്കിന്റെ ധാർമികപിന്തുണയോടെ തുടങ്ങിവച്ച പ്രവൃത്തിയാണ്‌ സിവിൽക്രിമിനൽ ചട്ടങ്ങളുടെ സംഹിതയായും ഇന്ത്യന്‍ ശിക്ഷാനിയമമായും പിന്നീട്‌ വളർന്നത്‌. ബെന്‍ടികും മെക്കാളെയും ചേർന്ന്‌ ആവിഷ്‌കരിച്ച 1835-ലെ ഒരു നിയമമനുസരിച്ച്‌ ഭാവിയിൽ എല്ലാ ഉന്നത വിദ്യാഭ്യാസത്തിന്റെയും സത്ത ആധുനികപാശ്ചാത്യവ്‌തകരണത്തിന്റെ ഏറ്റവും വലിയ ഉപകരണമായിത്തീർന്നതും ഈ വിദ്യാഭ്യാസപദ്ധതിതന്നെയാണ്‌. ഈ പുതിയ വിദ്യാഭ്യാസവും വിജ്ഞാനവും പഴയ ഇന്ത്യയെ അടിമുടി മാറ്റി മറിച്ചു. ബർക്ക്‌, മെക്കാളെ, ജോണ്‍ സ്റ്റുവർട്ട്‌ മിൽ തുടങ്ങിയ എഴുത്തുകാരും ഇംഗ്ലീഷുകവികളും മറ്റു പല പാശ്ചാത്യചിന്തകരും വ്യക്തിയുടെ പ്രാധാന്യം, അവന്റെ സ്വാതന്ത്യ്രം, ദൈവത്തിന്റെ മുമ്പിലുള്ള ധാർമികസമത്വം, നിയമത്തിന്റെ മുമ്പിലുള്ള സിവിൽസമത്വം, യുക്തിബോധം, ശാസ്‌ത്രരീതികള്‍, സ്വയംഭരണം തുടങ്ങി ഇന്ത്യയ്‌ക്ക്‌ അപരിചിതങ്ങളായിരുന്ന കുറേ നൂതനാശയങ്ങള്‍ ഇന്ത്യന്‍ ചിന്താമണ്ഡലത്തിലേക്കു പകർന്നുകൊടുക്കുകയുണ്ടായി. വിജ്ഞാനത്തോടുള്ള പ്രതിപത്തി മാത്രമല്ല ഇന്ത്യക്കാരെ ഈ പുതിയ വിദ്യാഭ്യാസത്തിലേക്കാകർഷിച്ചത്‌. ഉദ്യോഗക്കൊതി വലിയൊരാകർഷണമായിരുന്നു. കാരണം, ബെന്‍ടിക്‌ പേർഷ്യന്‍ ഭാഷയ്‌ക്കുപകരം ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കി.

ഇന്ത്യയിലെ ഭൗതികപുരോഗതിയുടെ രൂപരേഖ തയ്യാറാക്കിയതിൽ ഡൽഹൗസിക്ക്‌ വലുതായ പങ്കുണ്ട്‌. പൊതുമരാമത്തിന്‌ പ്രത്യേകമൊരു വകുപ്പ്‌ രൂപവത്‌കരിച്ച അദ്ദേഹം ബൃഹത്തായ ഒരു നിർമാണ പരിപാടിയിലേർപ്പെട്ടു. ജലസേചനം വിപുലീകരിച്ചു. വലിയൊരു റോഡുപദ്ധതി ആവിഷ്‌കരിച്ചു. കൊൽക്കത്തയിൽനിന്ന്‌ പെഷവാറിലേയ്‌ക്കുള്ള ഗ്രാന്‍ഡ്‌ ട്രങ്ക്‌റോഡ്‌ ഇതിൽപ്പെട്ടതാണ്‌. ഇന്ത്യന്‍ റയിൽവേയുടെ ഘടന അദ്ദേഹം ആസൂത്രണം ചെയ്‌തതാണ്‌; അതുപോലെ ആദ്യത്തെ റയിൽവേകളും ടെലഗ്രാഫും അവതരിപ്പിച്ചതും ഒരു തപാൽവ്യവസ്ഥ ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു. ഡൽഹൗസിയും ചാള്‍സ്‌വുഡും ആണ്‌ പുതിയ പാശ്ചാത്യ വിദ്യാഭ്യാസ പദ്ധതിയുടെ വിപുലീകരണത്തിന്‌ ഉത്തരവാദികള്‍. ഒരു ഗ്രാന്റ്‌-ഇന്‍-എയിഡ്‌ വ്യവസ്ഥയുടെ തണലിൽ സ്വകാര്യ കോളജുകള്‍ വർധിക്കാന്‍ തുടങ്ങി. ബഹുമുഖമായ അദ്ദേഹത്തിന്റെ പ്രവർത്തനപരിപാടിയിൽ ഒരു എന്‍ജിനീയറിംഗ്‌ കോളജും പെട്ടിരുന്നു. കൊൽക്കത്തയിലും മുംബൈയിലും ചെന്നൈയിലും ഓരോ സർവകലാശാല ഉയർന്നുവരികയും ചെയ്‌തു.

ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരം. 1857-ലെ "ലഹള' സാമ്പത്തിക സാമൂഹിക അസംതൃപ്‌തികളിൽനിന്നു ബലം ആർജിച്ച വിസ്‌ഫോടനമായിരുന്നുവെന്ന്‌ വിചാരിക്കുന്നതിൽ ന്യായമുണ്ട്‌. ഡൽഹൗസിയെപ്പറ്റിയുള്ള പൊതുവിവക്ഷ ഇന്ത്യാക്കാരുടെ അഭിപ്രായങ്ങളെയും ആചാരസമ്പ്രദായങ്ങളെയും പുച്ഛിക്കുന്നവനായിട്ടായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ പരമ്പരാഗതമായ ജീവിതത്തെയും സ്ഥാപിത താത്‌പര്യങ്ങളെയും ഭീഷണിപ്പെടുത്തി. ഭൂനികുതിവ്യവസ്ഥകള്‍ നിരവധി ജന്മിമാരെ നശിപ്പിച്ചിരുന്നു; കരമൊഴിവായ നിലങ്ങളെ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ നികുതി നിശ്ചയിക്കുന്ന സമ്പ്രദായം പലരെയും പ്രകോപിപ്പിച്ചു. ഒട്ടേറെ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷിന്ത്യയോട്‌ കൂട്ടിച്ചേർക്കുക വഴി അവരെ സേവിച്ചിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാർക്കും പട്ടാളക്കാർക്കും ഉദ്യോഗങ്ങള്‍ നഷ്‌ടപ്പെട്ടു. പൊതുവേ ഇന്ത്യാക്കാരുടെ കഴിവ്‌ പ്രദർശിപ്പിക്കുവാനുള്ള മാർഗങ്ങള്‍ അടഞ്ഞുവരികയായിരുന്നു. ഇതെല്ലാം നഷ്‌ടപ്പെട്ടവരിൽ അതൃപ്‌തിയും മറ്റുള്ളവരിൽ പരിഭ്രാന്തിയും ഉളവാക്കി. ഹിന്ദുരാജാവായാലും മുസ്‌ലിം നവാബായാലും, ഇനി ആരുടെ കഴുത്തിലാണ്‌ ഡൽഹൗസിയുടെ കത്തി വീഴുകയെന്ന ആശങ്കയിലായിരുന്നു. ദത്താപഹാരനയം ഹിന്ദുരാജ്യങ്ങളെ മാത്രമേ ബാധിച്ചിരുന്നുള്ളുവെങ്കിൽ, ദുർഭരണമെന്നത്‌ ഏതു രാജ്യത്തെയും ബ്രിട്ടിഷിന്ത്യയിൽ ലയിപ്പിക്കാന്‍ പോന്ന ഒരു പൊതുകാരണമായിരുന്നു. ഇതിനെല്ലാം പുറമെ റയിൽവേ, ടെലഗ്രാഫ്‌ തുടങ്ങിയ ഡൽഹൗസിയുടെ പുതിയ "വിദ്യകള്‍' ജാതിവ്യവസ്ഥയെ തുരങ്കംവച്ചുകൊണ്ട്‌ ക്രിസ്‌തുമത പ്രചാരണത്തിന്‌ ഗവണ്‍മെന്റ്‌ പരോക്ഷമായി നല്‌കുന്ന സഹായമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്‌തു. പാശ്ചാത്യവത്‌കരണത്തിനെതിരായുള്ള യാഥാസ്ഥിതിക-ഇന്ത്യയുടെ ധീരമായ എതിർപ്പിനെയാണ്‌ ലഹള കുറിക്കുന്നത്‌.

രാജ്യമോ പെന്‍ഷനോ നഷ്‌ടപ്പെട്ട ചെറുതും വലുതുമായ രാജാക്കന്മാർ, ഭൂമിയും പ്രത്യേകാവകാശങ്ങളും നഷ്‌ടപ്പെട്ട പ്രഭുക്കന്മാർ, ബ്രിട്ടിഷിന്ത്യയോടു ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങളിലെ തൊഴിൽരഹിതരായ സാമാന്യജനങ്ങള്‍ തുടങ്ങിയവർ അതൃപ്‌തിയുടെ അലകള്‍ സൃഷ്‌ടിച്ചിരുന്നു. എതിർപ്പ്‌ രേഖപ്പെടുത്താനുള്ള ഏകമാർഗം പ്രതിഷേധകലാപങ്ങളുമായിരുന്നു. ഇവിടെയാണ്‌ സൈന്യത്തിന്റെ പങ്കു വരുന്നത്‌. സായുധസേന, പ്രത്യേകിച്ചും ബംഗാള്‍ സൈന്യം, ആവലാതികളുടെയും അതൃപ്‌തിയുടെയും കൂടായിരുന്നു. ബ്രിട്ടിഷിന്ത്യന്‍ സൈന്യത്തിലെ ഒരു ഇന്ത്യന്‍ പടയാളിക്ക്‌ 20 വർഷം സേവനമനുഷ്‌ഠിച്ചാൽ മാത്രമേ ഒരു നോണ്‍ കമ്മിഷന്‍ഡ്‌ ഓഫീസറാകാന്‍ സാധിച്ചിരുന്നുള്ളൂ; അതിനുതന്നെ 55 വയസ്സാകുകയും വേണം. ജനറൽ സർവീസ്‌ എന്‍ലിസ്റ്റ്‌മെന്റ്‌ ആക്‌ട്‌ (1856) മൂലം ഒരു ഇന്ത്യന്‍ പടയാളി ഇന്ത്യയ്‌ക്കകത്തെന്നപോലെ പുറത്തെവിടെയും സേവനമനുഷ്‌ഠിക്കാന്‍ നിർബന്ധിതനായിരുന്നു. തുടർന്നു മറ്റൊരു നിയമപ്രകാരം ശിപായിക്ക്‌ കൂടുതൽ കാലം സൈന്യസേവനമനുഷ്‌ഠിക്കേണ്ടിയും വന്നു.

ഇതിന്റെ ഫലമായുണ്ടായ വിസ്‌ഫോടനത്തിന്റെ താത്‌കാലികകാരണം പുതിയ എന്‍ഫീൽഡ്‌ തോക്കിലെ മൃഗക്കൊഴുപ്പു പുരട്ടിയ തിരകളായിരുന്നു. കടിച്ചു തുറന്നു റൈഫിളിലേക്കു തള്ളേണ്ടിയിരുന്ന ഈ തിരകള്‍ ഹിന്ദുവിന്‌ പാവനമായ പശുവിന്റെ കൊഴുപ്പോ മുസ്‌ലിമിന്‌ ഹറാമായ പന്നിക്കൊഴുപ്പോ ഉപയോഗിച്ചുണ്ടാക്കിയതാണെന്ന ഒരു കിംവദന്തി പരന്നു. വാസ്‌തവത്തിൽ മൃഗക്കൊഴുപ്പുപയോഗിച്ചിരുന്നുതാനും. ജാതിയും മതവും നശിപ്പിക്കാന്‍ വെള്ളക്കാരന്റെ സമർഥമായ ഒരു സംരംഭമാണിതെന്ന്‌ ഹിന്ദുക്കളും മുസ്‌ലിങ്ങളും വിശ്വസിച്ചു.

1857 മേയ്‌ 10-ന്‌ മീറഠിൽ മൂന്നു റെജിമെന്റുകള്‍ തുടങ്ങിവച്ച പട്ടാളലഹള പഞ്ചാബ്‌, സിന്ധ്‌, അസം എന്നീ പ്രദേശങ്ങളൊഴിച്ചുള്ള ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചു. മീറഠിൽ തങ്ങളുടെ ബ്രിട്ടിഷ്‌ ഓഫീസർമാരെ വധിച്ച ലഹളക്കാർ ദില്ലി പിടിച്ച്‌ നാമമാത്ര മുഗള്‍ ചക്രവർത്തിയായിരുന്ന ബഹാദുർഷായെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. ലഹളയുടെ മറ്റു പ്രധാന കേന്ദ്രങ്ങള്‍ കാണ്‍പൂർ, ലഖനൗ, ഝാന്‍സി, ഗ്വാളിയർ എന്നിവയായിരുന്നു. കാണ്‍പൂരിൽ നാനാസാഹിബും അദ്ദേഹത്തിന്റെ സൈനികോപദേഷ്‌ടാവായ താന്തിയാതോപിയും ലഹളയ്‌ക്ക്‌ നേതൃത്വം കൊടുത്തു; അവിടെ കീഴടങ്ങിയ ബ്രിട്ടിഷുകാരെ നിഷ്‌കരുണം കൊലചെയ്‌തു. ലഖ്‌നൗവിൽ ഹെന്‌റി ലോറന്‍സ്‌ റസിഡന്‍സിക്കേർപ്പെടുത്തിയിരുന്ന പ്രതിരോധം ഭേദിക്കുവാനോ റസിഡന്‍സി പിടിക്കുവാനോ ലഹളക്കാർക്ക്‌ സാധിച്ചില്ല. മാത്രമല്ല, കാണ്‍പൂർ ബ്രിട്ടിഷുകാർ തിരികെ പിടിക്കുകയും ബിഠൂരിൽവച്ച്‌ താന്തിയാതോപിയെ തോല്‌പിക്കുകയും ചെയ്‌തു. അതുപോലെ ദില്ലിയും ലഹളക്കാർക്കു നഷ്‌ടപ്പെട്ടു. ബഹാദുർഷായുടെ പുത്രന്മാരെ വെടിവച്ചുകൊല്ലുകയും ചക്രവർത്തിയെ തടവുകാരനായി പിടിച്ച്‌ റംഗൂണിലേക്കയ്‌ക്കുകയും ചെയ്‌തു. തുടർന്നു ലഖ്‌നൗ ബ്രിട്ടിഷ്‌ പട്ടാളം പിടിച്ചെടുത്തു. ഇതിനിടയ്‌ക്ക്‌ താന്തിയാതോപി പല ഏറ്റുമുട്ടലുകള്‍ക്കും നേതൃത്വം നല്‌കി. എന്നാൽ കാണ്‍പൂരിൽ അദ്ദേഹത്തിന്‌ പിന്നെയും പരാജയം പിണഞ്ഞു. അതേസമയം മധ്യേന്ത്യയിലും രൂക്ഷസമരം നടക്കുകയായിരുന്നു. ഝാന്‍സിയിലെ റാണി ലക്ഷ്‌മിബായിയെ സഹായിക്കാന്‍ താന്തിയാതോപി അവിടെ എത്തിയെങ്കിലും ബേത്‌വായിൽവച്ച്‌ പരാജിതനായി. റാണി ലക്ഷ്‌മിബായി ഗ്വാളിയറിനുവേണ്ടിയുള്ള യുദ്ധത്തിൽ വീരചരമമടഞ്ഞു.

ലഹള ഏറ്റവും രൂക്ഷമായത്‌ അവധിലായിരുന്നു. അവധിലേയും രോഹിൽഖണ്ഡിലേയും ജനങ്ങള്‍ ലഹളയിൽചേർന്ന്‌ അതിനെ തികച്ചും ജനകീയമാക്കി. അവധിലെ ബേഗം, ബറെയ്‌ലിയിലെ നവാബ്‌, ഫൈസാബാദിലെ അഹമ്മദ്‌ഷാ, കുന്‍വാർസിംഗ്‌, ഫിറോസ്‌ഷാ എന്നിവർ ലഹളയ്‌ക്കു നേതൃത്വം കൊടുത്തവരിൽപ്പെടുന്നു എന്നാൽ താന്തിയാതോപിയുടെ നിഷ്‌ഫലമായ അവസാനയുദ്ധങ്ങളോടെ ആ മഹാകലാപം പരാജയമടഞ്ഞു.

ലഹളക്കാർക്ക്‌ സംഘടനാവൈദഗ്‌ധ്യം, യുദ്ധനൈപുണ്യം, ഐക്യം എന്നിവ എതിരാളികളെ അപേക്ഷിച്ച്‌ തുലോം കുറവായിരുന്നു. പൊതുവായൊരു ലക്ഷ്യബോധം 1857-ലെ കലാപകാരികള്‍ക്ക്‌ ഇല്ലായിരുന്നു. ലഹളക്കാർ മുന്‍പോട്ടല്ല, പിമ്പോട്ടാണ്‌ നോക്കിയത്‌. പഴയതിന്റെ പുനഃസ്ഥാപനത്തെപ്പറ്റിയല്ലാതെ പുതിയതിനെപ്പറ്റി അവർക്കറിവുണ്ടായിരുന്നില്ല. ഹിന്ദു-മുസ്‌ലിം ആശകളുടെ പ്രതീകങ്ങളായ നാനാസാഹിബും ബഹാദുർഷാ ചക്രവർത്തിയും പഴയ ഇന്ത്യയുടെ ചിഹ്നങ്ങളായിരുന്നു.

വൈസ്രായി ഭരണം (1858-1947). ഒന്നാമത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ഫലമായി ഇന്ത്യന്‍ ഭരണ സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍ വന്നു. 1858-ൽ ഇന്ത്യയുടെ ഭരണം ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയിൽനിന്ന്‌ ബ്രിട്ടിഷ്‌ പാർലമെന്റ്‌ ഏറ്റെടുത്തു. ബോർഡ്‌ ഒഫ്‌ കണ്‍ട്രാള്‍ പതിനഞ്ചംഗ-ഇന്ത്യാ കൗണ്‍സിലിനായി; അതിന്റെ പ്രസിഡണ്ട്‌ ഇന്ത്യാ സെക്രട്ടറിയും ആയി. ബ്രിട്ടിഷ്‌ രാജാവിന്റെ നേരിട്ടുള്ള പ്രതിനിധിയെന്ന നിലയ്‌ക്ക്‌ ഗവർണർജനറൽ "വൈസ്രായി' എന്ന പുതിയ സ്ഥാനപ്പേരിലാണറിയപ്പെട്ടത്‌. ഈ മാറ്റങ്ങളോടൊപ്പം ഇന്ത്യയുടെ വ്രണിതവികാരത്തിന്‌ ആശ്വാസം പകരുവാനുദ്ദേശിച്ചുകൊണ്ട്‌ വിക്‌ടോറിയാ രാജ്ഞി ഒരു വിളംബരം മുഖേന നാട്ടുരാജാക്കന്മാരുടെ ദത്തവകാശവും മറ്റധികാരങ്ങളും അംഗീകരിക്കുകയും, തന്റെ ഇന്ത്യന്‍ പ്രജകളുടെ മതം, സ്വത്ത്‌ എന്നിവയ്‌ക്ക്‌ സംരക്ഷണം വാഗ്‌ദാനം ചെയ്യുകയും വർഗവിവേചനമുണ്ടാവില്ലെന്ന്‌ ഉറപ്പുകൊടുക്കുകയും ചെയ്‌തു.

ഡൽഹൗസിയുടെ പിന്‍ഗാമിയായ കാനിങ്‌ പ്രഭു (1856-62) ആദ്യത്തെ വൈസ്രായി ആയി നിയമിക്കപ്പെട്ടു. ലഹളയെ ക്രൂരമായി അടിച്ചമർത്തിയശേഷവും കൂടുതൽ പ്രതികാരനടപടികള്‍ക്കുവേണ്ടിയുള്ള തന്റെ നാട്ടുകാരുടെ മുറവിളി ചെറുത്തുനിന്ന കാനിങ്ങ്‌ പുതിയൊരു തുടക്കത്തിനു പറ്റിയ ആളായിരുന്നു. താന്‍ അവസാനത്തെ ഗവർണർജനറൽ ആയിരുന്നുവെന്നകാര്യം ആദ്യത്തെ വൈസ്രായി മറന്നില്ല. പുനർനിർമാണമെന്ന തന്റെ ഭാരിച്ച ജോലി ഒരു ഉത്തരേന്ത്യന്‍ പര്യടനത്തോടുകൂടിയാണ്‌ അദ്ദേഹം തുടങ്ങിയത്‌. ബജറ്റ്‌ സമ്പ്രദായം അവതരിപ്പിച്ചതും കടലാസു കറന്‍സി നടപ്പാക്കിയതും കാനിങ്‌ ആണ്‌. ഈ മാറ്റങ്ങള്‍ ആധുനിക ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിന്റെ തുടക്കം കുറിക്കുന്നു. സാമ്പത്തികകാര്യങ്ങളുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്‌ വൈസ്രായിയുടെ കൗണ്‍സിലിൽ സാമ്പ്‌ത്തിക കാര്യങ്ങള്‍ക്കായുള്ള ഒരു മെമ്പറെയും ഉള്‍പ്പെടുത്തി. അപ്രധാനമല്ലാത്ത മറ്റൊരു നിയമനിർമാണമായിരുന്നു 1859-ലെ ബംഗാള്‍ റെന്റ്‌ആക്‌ട്‌; ഈ നിയമപ്രകാരം കൃഷിക്കാരന്‌ സെമിന്ദാരുടെമേലുള്ള ആശ്രിതത്വം കുറഞ്ഞു. കാനിങ്‌ നീതിന്യായരംഗത്ത്‌ ഐകരൂപ്യം വരുത്തി; സംസ്ഥാനങ്ങളിലെല്ലാം ഓരോ ഹൈക്കോടതി സ്ഥാപിച്ചു.

വ്യാവസായികവിപ്‌ളവം. 1857-ലെ കലാപത്തിനുശേഷം ഗവണ്‍മെന്റ്‌ സാമൂഹിക പരിഷ്‌കരണത്തിലല്ല, പൊതുമരാമത്തിലാണ്‌ ശ്രദ്ധ പതിപ്പിച്ചത്‌. മുഖ്യമായും ഇത്‌ ഡൽഹൗസി ആവിഷ്‌കരിച്ച പരിപാടിയുടെ ഒരു തുടർച്ചയായിരുന്നു. പഞ്ചാബിന്റെ വികസനത്തിൽ ഡൽഹൗസിയുടെ വലംകൈയായിരുന്ന ജോണ്‍ ലോറന്‍സ്‌ ഇന്ത്യയുടെ വൈസ്രായി ആയപ്പോള്‍ (1864-69) പൊതുമരാമത്തു പ്രവർത്തനങ്ങള്‍ക്കു പൂർവാധികം പ്രാധാന്യം കൈവന്നു. ലോറന്‍സിനെ തുടർന്നു വൈസ്രായിയായ മേയോ പ്രഭു (1869-72) തന്റെ മുന്‍ഗാമിയുടെനയം തന്നെ തുടർന്നു.

ബ്രിട്ടിഷ്‌ ഗവണ്‍മെന്റ്‌ ഇന്ത്യയിൽ ചെയ്‌ത പൊതുമരാമത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങള്‍ റോഡ്‌, റെയിൽ, ജലസേചനം എന്നിവയാണ്‌. ഇന്ത്യന്‍ റയിൽവേ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ തമ്മിൽ കൂട്ടിയിണക്കിയെന്നു മാത്രമല്ല, അത്‌ ഇന്ത്യക്കാരുടെ മാനസികമായ ഏകീകരണത്തിന്‌ കളമൊരുക്കുകയും ചെയ്‌തു.

കാവേരിക്ക്‌ കുറുകെ കെട്ടിയ വലിയ അണക്കെട്ടും (1836) ഡൽഹൗസിയുടെ കാലത്തുണ്ടാക്കിയ ഗംഗാതോടും (1856) പോലുള്ള പുതിയ പദ്ധതികളും നിലവിൽവന്നു. ഇന്ത്യയിൽ ഇടയ്‌ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന വരള്‍ച്ചയ്‌ക്കും ക്ഷാമത്തിനും പകർച്ച വ്യാധിക്കുമെതിരെ ഫലപ്രദമായ ഒരു ദ്വിമുഖ പരിപാടിയായിട്ടാണ്‌ ജലസേചനത്തെയും തീവണ്ടിയെയും ഗവണ്‍മെന്റ്‌ വീക്ഷിച്ചത്‌. 1876-78-ൽ തെന്നിന്ത്യയിലുണ്ടായ ക്ഷാമത്തിന്റെ രൂക്ഷത കുറയ്‌ക്കാന്‍ ലിറ്റണ്‍ പ്രഭുവിന്‌ സാധിച്ചത്‌ ഗതാഗതത്തിൽ കൈവന്നിരുന്ന പുരോഗതികൊണ്ടാണ്‌. ക്ഷാമത്തെ നേരിടാന്‍ ലിറ്റണ്‍ 1876-78-ൽ ഒരു സ്ഥിരം വ്യവസ്ഥ ഏർപ്പെടുത്തി. ഇതിൽനിന്നാണ്‌ "ക്ഷാമച്ചട്ടം' (Famine Code) രൂപമെടുത്തത്‌.

കല്‌ക്കരി. ഇന്ത്യയുടെ വ്യാവസായികവളർച്ചയുടെ തുടക്കം കുറിച്ചത്‌ ലഹളയ്‌ക്കുശേഷമുള്ള കാലത്താണ്‌. റെയിൽവേയുടെ നിർമാണമൊഴിച്ചാൽ വ്യാവസായികവളർച്ചയെ സംബന്ധിച്ചിടത്തോളം ബ്രിട്ടിഷിന്ത്യന്‍ ഗവണ്‍മെന്റ്‌ വളരെ ഉദാസീനമായ ഒരു നയമാണ്‌ പിന്തുടർന്നത്‌-ബ്രിട്ടിഷ്‌ വ്യവസായങ്ങളുടെ വളർച്ചയ്‌ക്കും നിലനില്‌പിനും അനുസൃതമായ ഒരു നയം. എന്നാൽ ബ്രിട്ടിഷുകാരും ഇന്ത്യക്കാരും അടങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസായരംഗത്തിൽ ശ്രദ്ധിക്കാന്‍ തുടങ്ങി. വ്യവസായവത്‌കരണത്തിന്‌ അനുപേക്ഷണീയമായ കല്‌ക്കരിയും ഇരുമ്പും ഉത്‌പാദിപ്പിക്കുന്നതിൽ ഇന്ത്യ വളരെ വേഗം പുരോഗമിച്ചു. പശ്ചിമബംഗാളിലും ദക്ഷിണ ബിഹാറിലും ഉള്ള ഇരുമ്പിന്റെയും കല്‌ക്കരിയുടെയും വന്‍നിക്ഷേപങ്ങള്‍ വലിയ തോതിൽ ചൂഷണം ചെയ്യപ്പടാന്‍ തുടങ്ങിയത്‌ 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലാണ്‌. കല്‌ക്കരി ധാരാളമായി ലഭിക്കാന്‍ തുടങ്ങിയതോടെ ഇരുമ്പുവ്യവസായവും പുരോഗതി പ്രാപിച്ചു.

ഇന്ത്യയിൽ പരുത്തിത്തുണി വ്യവസായം പരമ്പരാഗതമാണ്‌. അത്‌ കുടിലിൽനിന്നും ഗ്രാമത്തിൽനിന്നും വ്യാവസായികയുഗത്തിന്റെ അപ്രതിഹതമായ ഒഴുക്കിൽപ്പെട്ട്‌ വന്‍ഫാക്‌ടറികളിലേക്ക്‌ നീങ്ങിയത്‌ 1850-നു ശേഷമാണ്‌. ഇന്ത്യയുടെ ചണവ്യവസായം 1838-ൽ തുടങ്ങിയതാണ്‌. ക്രമേണ ഇത്‌ കൊൽക്കത്തയെ ഒരു വ്യാവസായിക നഗരമാക്കി. 1879-ൽ ബംഗാളിൽ 21 ചണമില്ലുകള്‍ ഉണ്ടായിരുന്നു. 1850 മുതൽ വളർച്ച പ്രാപിച്ച മറ്റൊന്നാണ്‌ തോട്ടവ്യവസായം. അസം, ബംഗാള്‍, ദക്ഷിണേന്ത്യ, ഹിമാലയസാനുക്കള്‍ എന്നിവിടങ്ങളിലെ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഇന്ത്യക്ക്‌ ഇഷ്‌ടപാനീയങ്ങള്‍ മാത്രമല്ല ഏറ്റവും വലിയ കയറ്റുമതിച്ചരക്കുകളിൽ രണ്ടെച്ചവും പ്രദാനം ചെയ്യുന്നു. തോട്ടവ്യവസായങ്ങളിൽപ്പെടുന്ന മറ്റിനങ്ങളാണ്‌ റബ്ബറും പുകയിലയും. വിദ്യാഭ്യാസപുരോഗതി. അടി മുതൽ മൂടി വരെ പരസ്‌പരം സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ച ചാള്‍സ്‌ വുഡ്ഡിന്റെ ഔദ്യോഗികരേഖയ്‌ക്ക്‌ (1854) ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസഘടനയിലും പുരോഗതിയിലും മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്‌കരണത്തോടൊപ്പം (1835) അടിസ്ഥാനപരമായ ഒരു സ്ഥാനമാണുള്ളത്‌. പ്രാഥമികവിദ്യാലയങ്ങള്‍, സെക്കണ്ടറിവിദ്യാലയങ്ങള്‍, കോളജുകള്‍ എന്നിവയിലൂടെയും വിദ്യാഭ്യാസത്തിൽ സ്വകാര്യസംരംഭങ്ങള്‍ക്ക്‌ ഒരു ഗ്രാന്റ്‌-ഇന്‍-എയ്‌ഡ്‌ പദ്ധതിയിലൂടെയും ഈ ഔദ്യോഗികരേഖ വിദ്യാഭ്യാസസംവിധാനത്തെ ക്രമീകരിച്ചു. ഓരോ സംസ്ഥാനത്തിലും ഓരോ വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റ്‌, ഓരോ പ്രസിഡന്‍സി ടൗണിലും ഓരോ സർവകലാശാല, സ്‌ത്രീവിദ്യാഭ്യാസത്തിലും മാതൃഭാഷയുടെ പുരോഗതിയിലും ഊന്നൽ, പഠനമാധ്യമം മാതൃഭാഷയായിരിക്കണമെന്ന നിബന്ധന, വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷസ്വഭാവം എന്നിവയെല്ലാം ഈ പദ്ധതിയുടെ സവിശേഷതകളായിരുന്നു.

ഈ പദ്ധതിയുടെ പുരോഗിതയെക്കുറിച്ച്‌ വിലയിരുത്തുന്നതിനുവേണ്ടി 1882-ൽ വില്യം ഹണ്ടറുടെ അധ്യക്ഷതയിൽ നിയമിക്കപ്പെട്ട കമ്മിഷന്റെ റിപ്പോർട്ട്‌ 1884-ൽ ഗവണ്‍മെന്റ്‌ അംഗീകരിച്ചു. കഴ്‌സണ്‍ പ്രഭുവിന്റെ ഭരണകാലം മറ്റു പലതിലുമെന്നപോലെ വിദ്യാഭ്യാസപുരോഗതിയിലും ഒരു നാഴികക്കല്ലാണ്‌. 1902-ൽ അദ്ദേഹം തോമസ്‌ റാലിയുടെ അധ്യക്ഷതയിൽ നിയമിച്ച വിദ്യാഭ്യാസക്കമ്മിഷന്റെ റിപ്പോർട്ട്‌ 1904-ലെ സർവകലാശാല ആക്‌ടിന്റെ രൂപത്തിൽ നിയമമാക്കി. എന്നാൽ സർവകലാശാലകളുടെ മേൽ ഗവണ്‍മെന്റിന്റെ പിടിമുറുക്കിക്കൊണ്ടുള്ള കഴ്‌സന്റെ സർവകലാശാലാനിയമത്തിനെതിരെ ഇന്ത്യയൊട്ടുക്കും ആക്ഷേപങ്ങളുയർന്നു.

1910-ൽ ഇന്ത്യാ ഗവണ്‍മെന്റിനു കീഴിൽ വിദ്യാഭ്യാസവകുപ്പ്‌ രൂപവത്‌കൃതമായി; അതുപോലെതന്നെ വൈസ്രായിയുടെ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിൽ വിദ്യാഭ്യാസത്തിനുള്ള ഒരു അംഗവും കൂടിയുണ്ടായി. മത-സാമൂഹികനവോത്ഥാനം. രക്തത്തിലും നിറത്തിലും ഇന്ത്യക്കാരെങ്കിലും രുചിയിലും അഭിപ്രായത്തിലും സദാചാരത്തിലും ബുദ്ധിയിലും ഇംഗ്ലീഷുകാരായ ഒരു ഇന്ത്യന്‍ വർഗത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യം മുന്‍നിർത്തിയാണ്‌ മെക്കാളെ ഇംഗ്ലീഷു വിദ്യാഭ്യാസ സമ്പ്രദായത്തെ ഇന്ത്യയിലവതരിപ്പിക്കാന്‍ ശക്തിയായി വാദിച്ചതും പ്രവർത്തിച്ചതും. എന്നാൽ ഇന്ത്യക്കാർ ഇംഗ്ലീഷുകാരെ അപ്പടി അനുകരിക്കുകയല്ല, അവരിൽനിന്ന്‌ പഠിക്കുകയാണ്‌ ചെയ്‌തത്‌. നവീനവിദ്യാഭ്യാസത്തിലൂടെ കൈവന്ന പാശ്ചാത്യാശയങ്ങളും ശാസ്‌ത്രബോധവും ഇന്ത്യ ക്കാരെ മാനസികവും ആത്മീയവുമായ ഒരു വിപ്‌ളവത്തിനു സജ്ജരാക്കി.

രാജാറാംമോഹന്‍റോയ്‌. ആധുനിക പാശ്ചാത്യസംസ്‌കാരവും പുരാതനേന്ത്യന്‍ സംസ്‌കാരവും സമന്വയിക്കേണ്ടതിന്റെ ആവശ്യകത ദൃഢസ്വരത്തിൽ ഉദ്‌ഘോഷിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്‌ രാജാ റാംമോഹന്‍ റോയ്‌ (1774-1835). പത്തു ഭാഷകളും ലോകത്തിലെ എല്ലാ പ്രമുഖ മതങ്ങളും ഇന്ത്യയുടെയും പാശ്ചാത്യ ലോകത്തിന്റെയും തത്വചിന്തയും ശാസ്‌ത്രവുമെല്ലാം വിമർശനാത്മകമായി പഠിച്ചിരുന്ന അദ്ദേഹം ഒരു സർവവിജ്ഞാനവല്ലഭനായിരുന്നു. മാനുഷികവാദിയുടെയും സാമൂഹികപരിഷ്‌കർത്താവിന്റെയും നിലയിലാണ്‌ റാംമോഹന്‍ റോയ്‌ ഏറ്റവും ഫലപ്രദമായ സേവനമനുഷ്‌ഠിച്ചത്‌. ജാതിവ്യവസ്ഥയുടെ കാർക്കശ്യം, ഹിന്ദു സ്‌ത്രീകളുടെ അധഃസ്ഥിതി, ഹിന്ദു വിധവകളുടെ ദുസ്ഥിതി, സതി, ബഹുഭാര്യാത്വം, പുരുഷമേധാവിത്വം എന്നിവയെ അദ്ദേഹം ശക്തിയായി ആക്ഷേപിച്ചു. വിധവകളെ സഹായിക്കുന്നതിനുവേണ്ടി ഹിന്ദു പിന്തുടർച്ചാനിയമം പരിഷ്‌കരിക്കുന്നതിനും പാശ്ചാത്യ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനും ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയാക്കുന്നതിനും ജൂറി വ്യവസ്ഥയ്‌ക്കും നിയമത്തിന്റെ ക്രാഡീകരണത്തിനും സൈന്യത്തിന്റെ ഭാരതവത്‌കരണത്തിനും കർഷകന്റെ താത്‌പര്യസംരക്ഷണത്തിനും അദ്ദേഹം പരിശ്രമിച്ചു. കൊൽക്കത്തയിലെ ഹിന്ദുകോളജ്‌ സ്ഥാപിക്കുന്നതിന്‌ റാംമോഹന്‍ റോയ്‌ ആണ്‌ മുന്‍കൈ എടുത്തത്‌ (1816). ബ്രഹ്മസമാജം സ്ഥാപിച്ചതും അദ്ദേഹമാണ്‌.

ബംഗാളിൽ ബ്രഹ്മസമാജത്തെപ്പോലെ മഹാരാഷ്‌ട്രയിൽ ഒരു പ്രാർഥനാസമാജം സ്ഥാപിതമായി (1867). പ്രാർഥനാസമാജക്കാർ മിശ്രഭോജനം, മിശ്രവിവാഹം, വിധവാവിവാഹം, അധഃകൃതവർഗോദ്ധാരണം എന്നീ സാമൂഹികപരിഷ്‌കരണ പ്രവർത്തനങ്ങളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. അനാഥാലയങ്ങള്‍, വിധവാലയങ്ങള്‍, നിശാപാഠശാലകള്‍, അധഃകൃതോദ്ധാരണം തുടങ്ങി മനുഷ്യസേവനത്തിനുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രാർഥനാസമാജക്കാർ ഏർപ്പെടുത്തി.

ദയാനന്ദസരസ്വതി. റാംമോഹന്‍ റോയ്‌ ആധുനിക ലോകത്തിന്റെ ആത്മാവുള്‍ക്കൊള്ളാന്‍ ഇന്ത്യയെ സജ്ജീകരിച്ചത്‌ യുക്തിയുടെ അടിസ്ഥാനത്തിലാണ്‌. എന്നാൽ യുക്തിയുടെ വലിയ സഹായമൊന്നുമില്ലാതെ ദയാനന്ദസരസ്വതി (1824-83) ബ്രഹ്മസമാജത്തെക്കാള്‍ കരുത്തും രണവീര്യവുമുള്ള ആര്യസമാജം സ്ഥാപിച്ചു. ഹിന്ദുമതത്തിലെ കാൽവിന്‍ ആണ്‌ ദയാനന്ദന്‍ എന്നു പറയാം. റാംമോഹന്‍ റോയിയെപ്പോലെ ഹിന്ദുമതത്തിലെ യാഥാസ്ഥിതികത്വത്തെ ദയാനന്ദനും എതിർത്തു; കുറെക്കൂടെ ശക്തിയോടെ എന്നു മാത്രം. ആധുനികശാസ്‌ത്ര സിദ്ധാന്തങ്ങളടക്കം എല്ലാ സത്യവും വേദങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നദ്ദേഹം വിശ്വസിച്ചു. ജാതിയോടു യുദ്ധം പ്രഖ്യാപിച്ചുകൊണ്ട്‌ ജാതിവിഹീനരേയും അഹിന്ദുക്കളെക്കൂടിയും ശുദ്ധിചെയ്‌തെടുത്ത്‌ ജാതിയില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍വേണ്ടിയുള്ള പരിശ്രമത്തിന്റെ ഫലമാണ്‌ ആര്യസമാജം.

ശ്രീരാമകൃഷ്‌ണനും വിവേകാനന്ദനും. റാംമോഹന്‍ റോയിയുടെ യുക്തിബോധവും പ്രാർഥനാസമാജത്തിന്റെ സാമൂഹികസേവനൗത്സുക്യവും ദയാനന്ദന്റെ ദേശീയമതാവേശവും പശ്ചാത്യരുടെ ശാസ്‌ത്രബോധവും മനുഷ്യവാദവുമെല്ലാം ശുദ്ധമായ ഭാരതീയ പാരമ്പര്യത്തിൽ സമന്വയിപ്പിച്ച്‌, ഇന്ത്യന്‍ സംസ്‌കാരത്തെ അതിന്റെ സുഷുപ്‌തിയിൽനിന്നുണർത്തി ഊർജസ്വലവും ചലനാത്മകവും ക്രിയാത്മകവും ആക്കുകയാണ്‌ വിവേകാനന്ദന്‍ (1868-1902) ചെയ്‌തത്‌. ഒരു നിരീശ്വരവാദിയായി മാറിയിരുന്ന നരേന്ദ്രനാഥ്‌ദത്ത്‌ എന്ന ഈ തീവ്രവാദിയുവാവിനെ ചലിപ്പിച്ച ഉത്‌പ്രരകം ഹിന്ദുമതസാംരാംശത്തിന്റെ മൂർത്തിമദ്‌ഭാവമായിരുന്ന രാമകൃഷ്‌ണപരമഹംസനായിരുന്നു. ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്ന വിഭിന്നമാർഗങ്ങള്‍ മാത്രമാണ്‌ വ്യത്യസ്‌തമതവീക്ഷണങ്ങള്‍ എന്ന്‌ രാമകൃഷ്‌ണന്‍ ഉദ്‌ബോധിപ്പിച്ചു. രാമനും ക്രിസ്‌തുവും അല്ലാഹുവും കൃഷ്‌ണനുമെല്ലാം വിഭിന്നനാമങ്ങളിൽ അറിയപ്പെടുന്ന ഒരേ ദൈവംതന്നെയാണ്‌, ഒരേ സത്യംതന്നെയാണ്‌ എന്ന ശ്രീരാമകൃഷ്‌ണന്റെ ആശയമായിരുന്നു വിവേകാനന്ദന്റെ സാർവജനീനതയുടെ അടിസ്ഥാനം. മനുഷ്യ സേവനത്തെ ഹിന്ദുമതത്തിന്റെ ഒരു അവിഭാജ്യഘടകമാക്കുവാന്‍വേണ്ടി വിവേകാനന്ദന്‍ വേദാന്തത്തിന്‌ സജീവവും രചനാത്മകവും അത്യന്തം ഫലപ്രദവുമായ ഒരു വ്യാഖ്യാനം കൊടുത്തു.

തിയോസൊഫിക്കൽ സൊസൈറ്റി. ഇന്ത്യന്‍ മതവും സംസ്‌കാരവും പാശ്ചാത്യരെ ആകർഷിച്ചതിന്റെ ഉദാഹരണമാണ്‌ 1875-ൽ കേണൽ ഓൽക്കോട്ടും മദാം ബ്ലാവട്‌സ്‌കിയും ചേർന്നു സ്ഥാപിച്ച തിയോസൊഫിക്കൽ സൊസൈറ്റി. 1886-ൽ സൊസൈറ്റിയുടെ ആസ്ഥാനം ചെന്നൈയിലെ അടയാറിലേക്ക്‌ മാറ്റപ്പെട്ടു. തുടർന്ന്‌ അതിന്റെ നേതൃത്വത്തിലേക്കു വന്നത്‌ ആനി ബെസന്റ്‌ ആയിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്‌ പാശ്ചാത്യസംസ്‌കാരത്തോട്‌ തുല്യത കല്‌പിച്ചതിലൂടെ തിയോസൊഫി ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തിനും അന്യരാജ്യക്കാരുമായുള്ള പരസ്‌പരസമ്പർക്കത്തിനും ഉത്തേജകമായിത്തീർന്നു. ആനി ബെസന്റിന്റെയും മദന്‍മോഹന്‍ മാളവ്യയുടെയും സൃഷ്‌ടിയാണ്‌ 1910-ൽ സ്ഥാപിതമായ ബനാറസ്‌ ഹിന്ദു സർവകലാശാല. മാത്രമല്ല, തന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഒരളവോളം സ്വാധീനിക്കുവാനും ബെസന്റിനു കഴിഞ്ഞു.

ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ഉയിർത്തെഴുന്നേല്‌പ്‌. ചരിത്രപരവും മതപരവുമായ കാരണങ്ങളാൽ ആധുനിക ഇന്ത്യയിൽ മുസ്‌ ലിങ്ങളുടെ ഉജ്ജീവനവും അവരുടെ ഇടയിൽ ദേശീയബോധത്തിന്റെ വളർച്ചയും വളരെ പതുക്കെയായിരുന്നു. 1857-ലെ ലഹളക്കുശേഷം ബ്രിട്ടിഷുകാരും ഇന്ത്യന്‍ മുസ്‌ലിങ്ങളും തമ്മിലുള്ള വൈകാരികമായ അകൽച്ച സ്വഭാവികമായും വർധിച്ചു. ഈ ഘട്ടത്തിലാണ്‌ മുസ്‌ലിം പരിഷ്‌കരണസംരംഭത്തിന്‌ തുടക്കമിട്ടത്‌.

അലിഗഡ്‌ പ്രസ്ഥാനത്തെ സയ്യിദ്‌ പ്രസ്ഥാനം എന്നു വിളിക്കുകയാണ്‌ ഉത്തമം. സയ്യിദ്‌ അഹമ്മദ്‌ഖാനാണ്‌ ഇന്ത്യന്‍ മുസ്‌ലിങ്ങളെ പാശ്ചാത്യസംസ്‌കാരവുമായി ആശയപരമായി ബന്ധിപ്പിച്ചത്‌. ബ്രിട്ടിഷുകാരിൽനിന്ന്‌ അകന്നുനില്‌ക്കാതെ, അവരുടെ ആധിപത്യത്തോട്‌ കൂറും ഭക്തിയും പുലർത്തി പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ ആധുനികശാസ്‌ത്രവും മാനവികതയും ഉള്‍ക്കൊണ്ട്‌ ഭൗതികപുരോഗതി നേടാന്‍ അദ്ദേഹം മുസ്‌ലിങ്ങളെ ആഹ്വാനം ചെയ്‌തു.

1889-ൽ മിഴ്‌സാഗുലാം അഹമ്മദ്‌ തുടങ്ങിയ അഹമ്മദിയ്യ പ്രസ്ഥാനം ലിബറൽ സിദ്ധാന്തങ്ങളിലധിഷ്‌ഠിതമായിരുന്നു. പാശ്ചാത്യലിബറലിസം, തിയോസൊഫി, ഹിന്ദുപരിഷ്‌കരണപ്രസ്ഥാനങ്ങള്‍ എന്നിവയുടെയെല്ലാം സ്വാധീനം ഉള്‍ക്കൊണ്ടിരുന്ന അഹമ്മദിയ്യക്കാർ ഒരു സാർവലൗകിക മതമെന്ന ആശയത്തിൽ അടിയുറച്ചു വിശ്വസിച്ചു. ജിഹാദിനെതിരായി എല്ലാ ജനവിഭാഗങ്ങളുടെയും സാഹോദര്യത്തിനുവേണ്ടി നിലകൊണ്ടു. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ഉജ്ജീവനത്തിൽ സാരമായ പങ്കു വഹിച്ചവരിൽ പ്രശസ്‌ത കവി മുഹമ്മദ്‌ ഇഖ്‌ബാലും പെടുന്നു. പാശ്ചാത്യ സംസ്‌കാരം കൊള്ളക്കാരുടെ സംസ്‌കാരമാണെന്ന്‌ കരുതിയിരുന്ന അദ്ദേഹം അതു ക്ഷമയോന്‍മുഖമാണെന്നു വിശ്വസിച്ചു. ഇക്കാരണത്താൽ പില്‌ക്കാലത്ത്‌ പ്രജായത്തഭരണത്തെപ്പോലും അദ്ദേഹം എതിർത്തു.

സാംസ്‌കാരിക നവോത്ഥാനം. പാശ്ചാത്യ സമ്പർക്കം പ്രാചീനസംസ്‌കാരത്തിന്റെ നേട്ടങ്ങള്‍ പുനരുദ്ധരിക്കുവാനുള്ള അദമ്യമായ ആഗ്രഹത്തോടൊപ്പംതന്നെ, സമഗ്രമായ ഒരു സാംസ്‌കാരികനവോത്ഥാനത്തിന്‌ ഇവിടെ വഴിയൊരുക്കി. മത-സാമൂഹികജീവിതം ചലനാത്മകമായിക്കൊണ്ടിരിക്കവേതന്നെ സാഹിത്യവും കലയും ശാസ്‌ത്രവും ഇന്ത്യയിൽ വളർന്നു. ദേശീയ ബോധത്തിന്റെ ഏറ്റവും വലിയ ഉത്തേജനവും ഈ സാംസ്‌കാരികനവോത്ഥാനമായിരുന്നു. 19-ാം ശ.-ത്തിൽ തുടങ്ങി 20-ാം ശ.-ത്തിന്റെ പൂർവാർധത്തിൽ വളർച്ച പ്രാപിച്ച ഇന്ത്യന്‍ നവോത്ഥാനം കാളിദാസന്റെയും ആര്യഭട്ടന്റെയും കാലങ്ങള്‍ക്കുശേഷം ഭാരതീയ പ്രതിഭയുടെ ഏറ്റവും വലിയ തെളിവായിരുന്നുവെന്ന്‌ ശങ്കരനെയും തുളസീദാസനെയും മറക്കാതെതന്നെ പറയാം സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഒരു മുഖ്യഘടകമായിരുന്നു ഗവേഷണതൃഷ്‌ണ. 1784-ൽ വില്യം ജോണ്‍സ്‌ സ്ഥാപിച്ച ബംഗാള്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി തുടങ്ങിവച്ച ഈ ഗവേഷണയജ്ഞം അഖിലേന്ത്യാ പൗരസ്‌ത്യവിജ്ഞാനസമ്മേളനം, ഇന്ത്യാചരിത്രസമ്മേളനം, ഭണ്ഡാർക്കർ പൗരസ്‌ത്യഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ തുടങ്ങിയ നിരവധി സംഘടനകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഇന്ത്യന്‍ സർവകലാശാലകളിലൂടെയും അനുസ്യൂതം തുടർന്നുവരുന്നു. അവയുടെ പ്രവർത്തനങ്ങള്‍ക്ക്‌ അദ്‌ഭുതാവഹമായ ആക്കം കൂട്ടിയത്‌ കഴ്‌സണ്‍ പ്രഭുവിന്റെ കാലത്ത്‌ പാസ്സാക്കപ്പെട്ട പുരാതത്വനിയമമാണ്‌. ചരിത്രപ്രധാനമായ സകലവസ്‌തുക്കളുടെയും ശേഖരണവും സംരക്ഷണവും ഉറപ്പുവരുത്തിയ ഈ നിയമമനുസരിച്ചാണ്‌ പുരാതത്വവകുപ്പ്‌ രൂപവത്‌കൃതമായത്‌. ഈ വകുപ്പും മേല്‌പറഞ്ഞ സംഘടനകളും പൗരാണിക ഇന്ത്യയെ ഉന്മീലനം ചെയ്യുന്നതിൽ സ്‌തുത്യർഹമായ സേവനമാണ്‌ അനുഷ്‌ഠിച്ചിട്ടുള്ളത്‌. കച്ചിങ്‌ഹാം, മാർഷൽ, ഭണ്ഡാർക്കർ എന്നീ ഗവേഷകപണ്ഡിതന്മാർ ഇന്ത്യന്‍ ദേശീയതയ്‌ക്കു നല്‌കിയ ഉത്തേജനം ചെറുതല്ല. ഭൗതികശാസ്‌ത്രങ്ങള്‍, തത്വചിന്ത എന്നിവയുടെ പഠനത്തിലും ഇന്ത്യാക്കാർ ശ്രദ്ധാർഹമായ പുരോഗതിനേടി. വിദ്യുച്ഛക്തിയിലും സസ്യങ്ങളുടെ ജീവശാസ്‌ത്രത്തിലും പ്രാഫ. ജഗദീശ്‌ചന്ദ്രബോസ്‌ നടത്തിയ ഗവേഷണങ്ങള്‍ ലോകപ്രശസ്‌തിയാർജിച്ചു.

വില്യം ബെന്‍ടിക്‌ പ്രഭു സതി നിയമവിരുദ്ധമാക്കിയതുമുതൽ (1828) ഇന്ത്യയിൽ വനിതാവിമോചനത്തിന്റെ ചരിത്രം തുടങ്ങിയെന്നു പറയാം. ബാല്യവിവാഹം നിർത്തൽചെയ്യുന്നതിനും വിധവാവിവാഹത്തിന്‌ നിയമസാധുത നല്‌കുന്നതിനും ഉള്ള സമരത്തിലെ നിരവധി പോരാളികളുടെ കൂട്ടത്തിൽ ഈശ്വരചന്ദ്രവിദ്യാസാഗർ, നർമദ്‌, മഹാദേവഗോവിന്ദ റാനഡേ, മലബാറി എന്നിവർ സ്‌മരണീയരാണ്‌. 1856-ൽ വിധവാവിവാഹത്തിന്‌ നിയമസാധുത ലഭിച്ചു. 1860-ലെ ബാല്യവിവാഹനിരോധനനിയമം പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തുവയസ്സാക്കി ഉയർത്തി. ബാല്യവിവാഹമെന്ന ശാപത്തിൽനിന്ന്‌ അവസാനമോചനമുണ്ടായത്‌ ഹർബിലസ്‌ ശാർദയുടെ പ്രയത്‌നഫലമായി 1929-ൽ പാസ്സാക്കപ്പെട്ട ബാല്യവിവാഹ നിരോധനനിയമത്തിലൂടെയാണ്‌. ഇതനുസരിച്ച്‌ വധൂവരന്മാരുടെ ഏറ്റവും ചുരുങ്ങിയ വിവാഹപ്രായം യഥാക്രമം 14-ഉം 18-ഉം ആയി ഉയർത്തപ്പെട്ടു. അതുപോലെ 1915-ൽ 15 വിധവാവിവാഹങ്ങള്‍ ഉണ്ടായെങ്കിൽ 1925-ൽ അതിന്റെ എച്ചം 2,263 ആയിരുന്നു. നിയമം മൂലം വിലക്കപ്പെട്ടതിന്‌ എത്രയോ മുമ്പുതന്നെ സാമൂഹിക ദുരാചാരമായ ബഹുഭാര്യാത്വം സ്വയം നിഷ്‌പ്രഭമായി വരികയായിരുന്നു. ഡോ. മുത്തുലക്ഷ്‌മി റെഡ്ഡിയുടെയും മറ്റു പരിഷ്‌കർത്താക്കളുടെയും പ്രവർത്തനഫലമായി 1925-ൽ ദേവദാസി സമ്പ്രദായം നിർത്തൽ ചെയ്യപ്പെട്ടു. അപ്രത്യക്ഷമായി വരുന്ന ഒരു സാമൂഹിക അനാചാരമായി പർദാസമ്പ്രദായവും മാറി.

ഏറ്റവും വലിയ വനിതാവിമോചനപ്രസ്ഥാനം സ്‌ത്രീവിദ്യാഭ്യാസമായിരുന്നു. ഇക്കാര്യത്തിൽ 19-ാം ശ.-ത്തിൽത്തന്നെ ഗണ്യമായ പുരോഗതിയുണ്ടായി. ബ്രഹ്മസമാജം, രാമകൃഷ്‌ണമിഷന്‍, ഭാരതസേവാസംഘം തുടങ്ങിയ പരിഷ്‌കരണസംഘടനകള്‍ ഇതിനു വളരെ സഹായിച്ചിട്ടുണ്ട്‌.

ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനം. ഒന്നാമത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരം മുതൽ ഒന്നാം ലോകയുദ്ധം വരെയുള്ള കാലഘട്ടത്തിൽ (1857-1914) ബ്രിട്ടിഷ്‌ സാമ്രാജ്യത്തിന്റെ അടിത്തറതന്നെ കുലുക്കിക്കൊണ്ടാണ്‌ ഇന്ത്യന്‍ ദേശീയബോധം വളർന്നത്‌. ഭരണത്തിൽ പങ്കാളിത്തത്തിനുള്ള ആഗ്രഹമായും ബ്രിട്ടന്റെ കീഴിൽ സ്വയംഭരണത്തിനുള്ള അവകാശവാദമായും 1942-ൽ ബ്രിട്ടന്‍ ഇന്ത്യവിടണമെന്ന ആഹ്വാനമായും വളർന്ന ഇന്ത്യന്‍ സ്വാതന്ത്യ്രപ്രസ്ഥാനം മാനവരാശിയുടെ സ്വാതന്ത്യ്രസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ്‌.

ദേശീയൈക്യത്തിന്റെ തുടക്കം. മത-സാമൂഹികതലങ്ങളിലെ പരിഷ്‌കരണോദ്യമങ്ങളും വിദ്യാഭ്യാസപുരോഗതിയും സാംസ്‌കാരികനവോത്ഥാനവും അവയുടെയെല്ലാം ഫലമായുളവായ ദേശീയബോധത്തിന്റെ വളർച്ചയും ഏകദേശം ഒരേ കാലത്താണ്‌ ഉണ്ടായത്‌. ബ്രിട്ടിഷ്‌ ഭരണം ഇന്ത്യയിൽ സൃഷ്‌ടിച്ചിരുന്ന ഒരു ന്യൂനപക്ഷമായ ഉദ്‌ബുദ്ധമധ്യവർഗത്തിൽ ഈ പരിവർത്തനമെല്ലാം പ്രതിഫലിച്ചു. ബ്രിട്ടിഷ്‌ഭരണത്തോടൊപ്പം അതിനെ സേവിച്ചുകൊണ്ട്‌ വളർന്ന ഈ മധ്യവർഗം ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍ക്കൊണ്ടിരുന്നു. അവരിൽ പ്രധാനപ്പെട്ടവരായിരുന്നു സ്വാധീനശക്തിയുള്ള ഉദ്യോഗസ്ഥവൃന്ദം, പുതിയ വർഗത്തിന്റെ നട്ടെല്ലായ വക്കീലന്മാർ, ഇന്ത്യയിൽ പൊതുജനാഭിപ്രായം വളർത്തിയെടുത്ത പത്രപ്രവർത്തകർ, ഇന്ത്യന്‍ പ്രബുദ്ധതയുടെ പ്രതീകങ്ങളായ സ്‌കൂള്‍-കോളജ്‌ അധ്യാപകർ, കച്ചവടക്കാർ, ബാങ്കർമാർ എന്നിവർ. പൊതുജനാഭിപ്രായം വളർത്തിയെടുക്കുന്നതിൽ പുതിതായി സ്ഥാപിക്കപ്പെട്ട പത്രങ്ങള്‍ വഹിച്ച പങ്ക്‌ നിസ്സീമമാണ്‌. അവയിൽ ചെന്നൈയിലെ ഹിന്ദു, അലഹാബാദിലെ ലീഡർ, കൊൽക്കത്തയിലെ അമൃതബസാർ പത്രിക, മോഡേണ്‍ റിവ്യൂ എന്നിവ അഖിലേന്ത്യാനിലവാരത്തിൽ പ്രശസ്‌തിയാർജിച്ചു.

ഇന്തോളജി. ഇന്ത്യയിലെ പുതിയ മധ്യവർഗത്തിന്‌ പാശ്ചാത്യരായ പൗരസ്‌ത്യകാര്യപണ്ഡിതന്മാരിൽനിന്ന്‌ വമ്പിച്ച പ്രാത്സാഹനമാണ്‌ ലഭിച്ചത്‌. വില്യം ജോണ്‍സ്‌ സംസ്‌കൃതവും മറ്റു യൂറോപ്യന്‍ഭാഷകളും തമ്മിലുള്ള പൗരാണികബന്ധം പാശ്ചാത്യലോകത്തു വിളംബരം ചെയ്‌തതു മുതൽ ഭാരതവിജ്ഞാനീയം എന്ന ഒരു പാണ്ഡിത്യശാഖതന്നെ ഉടലെടുത്തു. പാശ്ചാത്യ പണ്ഡിതന്മാരുടെ സംഘങ്ങള്‍ സംസ്‌കൃതസാഹിത്യത്തിന്റെ പരപ്പും ഹിന്ദുദർശനത്തിന്റെ ആഴവും ഇന്ത്യാ ചരിത്രപാരമ്പര്യത്തിന്റെ സംപുഷ്‌ടിയും ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കാന്‍ തുടങ്ങി. ജർമന്‍കാരനായ മാക്‌സ്‌മുള്ളറുടെ സാഹിത്യജീവിതം ഇതിന്റെ ഒരു ഉത്തമോദാഹരണമാണ്‌.

വർഗവിവേചനത്തിനു തിരിച്ചടി. ഈ രാജ്യത്തെ ചെറുതെങ്കിലും അനുദിനം ശക്തിയാർജിച്ചുവന്ന മധ്യവർഗത്തിന്റെ ആദ്യത്തെ വ്യക്തമായ അവകാശവാദം സ്വാഭാവികമായും സിവിൽസർവീസിന്റെ ഉന്നതമണ്ഡലങ്ങളിൽ ഇന്ത്യാക്കാർക്ക്‌ കുറെക്കൂടി വിപുലമായ തോതിൽ പ്രവേശനം ലഭിക്കണമെന്നതായിരുന്നു. 1853-ൽ ഐ.സി.എസ്‌. മത്സരപരീക്ഷയിൽ ഇന്ത്യാക്കാരെക്കൂടി ഉള്‍പ്പെടുത്തിത്തുടങ്ങി. 1861 മുതൽ പാസ്സാക്കപ്പെട്ട ഇന്ത്യാ കൗണ്‍സിൽ നിയമപ്രകാരം വൈസ്രായിയുടെ ഭരണ നിർവഹണസമിതിയിൽ അഞ്ചാമതൊരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി. വൈസ്രായിയുടെ നിയമനിർമാണസഭയിലേക്ക്‌ ആറിൽ കുറയാതെയും പന്ത്രണ്ടിൽ കൂടാതെയും അംഗങ്ങളെ വ്രസോയി രണ്ട്‌ വർഷത്തേക്ക്‌ നോമിനേറ്റുചെയ്യാനും ഈ നിയമം വ്യവസ്ഥചെയ്‌തു. മൂന്ന്‌ ഇന്ത്യാക്കാർ ഈ വിപുലീകരിച്ച സമിതിയിൽ അംഗങ്ങളായി. എന്നാൽ ഇതൊന്നും ഇന്ത്യാക്കാരെ തൃപ്‌തിപ്പെടുത്താന്‍ പര്യാപ്‌തമായില്ല. മതത്തിന്റെയും വർണത്തിന്റെയും ജനനസ്ഥലത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യാക്കാരെ പദവികളിൽനിന്നോ ഉദ്യോഗങ്ങളിൽനിന്നോ മാറ്റിനിർത്തുകയില്ലെന്നു ബ്രിട്ടിഷ്‌ ഗവണ്‍മെന്റിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ (1833, 1858, 1861) വെറും കപടവാഗ്‌ദാനങ്ങളായിരുന്നുവെന്ന്‌ അവർക്ക്‌ ബോധ്യമായി. സാമ്രാജ്യ നയവൈകല്യങ്ങള്‍. ആശയങ്ങളെയും അഭിപ്രായങ്ങളെയും വികാരങ്ങളെയും ദൃഢനിശ്ചയമാക്കി മാറ്റുകയെന്ന പ്രക്രിയയെ ക്രിയാത്മകമായ പ്രക്ഷോഭത്തിലേക്ക്‌ മാറ്റിയതിൽ, 1876 മുതൽ 80 വരെ വൈസ്രായിയായിരുന്ന ലിറ്റണ്‍പ്രഭുവിന്‌ വലിയൊരു പങ്കുണ്ട്‌. സുരേന്ദ്രനാഥ ബാനർജിയുടെ ഐ.സി. എസ്സിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ഒരു കാര്യം അപ്പോഴേക്കുതന്നെ ഇന്ത്യന്‍ ദേശീയവികാരത്തെ രാഷ്‌ട്രീയ പ്രക്ഷോഭത്തിന്റെ ആദ്യപടിയിലേക്കുയർത്തിയിരുന്നു. സുരേന്ദ്രനാഥ്‌ 1876-ൽ സ്ഥാപിച്ച ഇന്ത്യന്‍ അസോസിയേഷന്‍ വളരെവേഗത്തിൽ ഒരു ഉജ്ജ്വലരാഷ്‌ട്രീയവേദിയായി ഉയർന്നു. ബ്രിട്ടിഷ്‌ സാമ്രാജ്യ താത്‌പര്യങ്ങള്‍ക്കായി ഇന്ത്യാക്കാരുടെ ജീവന്‍ കുരുതികൊടുക്കുന്ന ഒരു ഭ്രാന്തന്‍ സാഹസികതയായിട്ടാണ്‌ ലിറ്റന്റെ അഫ്‌ഗാന്‍യുദ്ധത്തെ ഇന്ത്യാക്കാർ വീക്ഷിച്ചത്‌. ഐ.സി.എസ്‌. പരീക്ഷയിലേക്കു പ്രവേശനത്തിനുള്ള പ്രായപരിധി കുറച്ചത്‌ ആ സർവീസിലേക്കുള്ള ഇന്ത്യാക്കാരുടെ പ്രവേശനം കഴിയുന്നതും തടയാനുള്ള ഒരു ഉപായമായിട്ടാണ്‌ സ്വാഭാവികമായും ദേശീയവാദികള്‍ക്കു തോന്നിയത്‌. 1878-ൽ സൈപ്രസിലേക്ക്‌ റഷ്യയ്‌ക്കെതിരെ ഇന്ത്യന്‍ പട്ടാളത്തെ അയച്ചതും അവരുടെ വിമർശനത്തിന്‌ വിഷയമായി. ഇവയ്‌ക്കു പുറമേ വൈസ്രായിയുടെ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിലെ ഇന്ത്യന്‍ മെമ്പർമാരുടെ തലയ്‌ക്കുമുകളിലൂടെ, ലങ്കാഷെയർ മില്ലുടമകളുടെ താത്‌പര്യസംരക്ഷണത്തിനുമാത്രംവേണ്ടി, സ്വതന്ത്രവ്യാപാരത്തിന്റെപേരിൽ പരുത്തിത്തുണിയിന്മേലുള്ള 5% ഇന്ത്യന്‍ ചുങ്കം എടുത്തു കളഞ്ഞത്‌ പശ്ചിമേന്ത്യയിലെ വണിഗ്‌വർഗത്തെയൊന്നാകെ ശത്രുതയിലേക്ക്‌ മാറ്റി. എന്നാൽ വിമർശനത്തെ എതിർപ്പാക്കി മാറ്റിയത്‌ ഇന്ത്യന്‍ പതസ്വാതന്ത്യ്രത്തെ ഞെക്കിക്കൊന്ന ലിറ്റന്റെ തദ്ദേശ-ഭാഷാപത്രനിയമമായിരുന്നു (1878). ചില സൗജന്യങ്ങള്‍. ഇന്ത്യയിൽ സ്വയംഭരണസ്ഥാപനങ്ങള്‍ ഉണ്ടാകാത്തതിൽ കുണ്‌ഠിതമുണ്ടായിരുന്ന ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ഗ്ലാഡ്‌സ്റ്റണ്‍ (1809-98) തന്റെ രാഷ്‌ട്രീയശിഷ്യനായ റിപ്പണ്‍പ്രഭുവിനെ ഇന്ത്യയിലെ വൈസ്രായിയായി നിയമിച്ചു. ഇന്ത്യയൊട്ടാകെ റിപ്പണ്‍ സ്ഥാപിച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അവയുടെ അപര്യാപ്‌തത എന്തുതന്നെയായിരുന്നാലും, ഇന്ത്യാക്കാർക്ക്‌ രാഷ്‌ട്രീയവിദ്യാഭ്യാസവും ഭരണപരിചയവും ഒരേസമയം പ്രദാനം ചെയ്യുവാന്‍ പ്രയോജനീഭവിച്ചു. മാത്രമല്ല, തദ്ദേശഭാഷാപത്രനിയമം റദ്ദുചെയ്യുകവഴി റിപ്പണ്‍ ഇംഗ്ലീഷുപത്രങ്ങളോടൊപ്പം ഇന്ത്യന്‍ പത്രങ്ങള്‍ക്കും പ്രവർത്തനസ്വാതന്ത്യ്രം അനുവദിച്ചു. റിപ്പന്റെ കാലത്തെ എടുത്തുപറയത്തക്ക മറ്റൊരു നേട്ടം ഫാക്‌ടറിരംഗത്തെ നിയമനിർമാണമായിരുന്നു. ആദ്യത്തെ നിയമം (1881) ഫാക്‌ടിക്കുള്ളിൽ ഒമ്പത്‌ വയസ്സിനും പന്ത്രണ്ട്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ദിവസം ഒമ്പത്‌ മണിക്കൂറിലധികം ജോലി നല്‌കരുതെന്നു നിർദേശിച്ചു. ഇത്‌ നടപ്പാക്കാന്‍ ഫാക്‌ടറി ഇന്‍സ്‌പെക്‌ടർമാരെ നിയമിക്കുവാനും വ്യവസ്ഥചെയ്‌തു. നീതിന്യായരംഗത്തെ വർഗവിവേചനം അവസാനിപ്പിക്കാന്‍വേണ്ടി നിയമകാര്യാംഗമായ ഇൽബെർട്ട്‌ രൂപം നല്‌കിയ ക്രിമിനൽനടപടിപ്രകാരം ഇന്ത്യക്കാരായ സെഷന്‍സ്‌ ജഡ്‌ജിമാർക്ക്‌ യൂറോപ്യന്മാരായ കുറ്റക്കാരെ വിചാരണ ചെയ്യാനുള്ള അധികാരം നല്‌കി (1883).

ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ രൂപവത്‌കരണത്തിന്‌ ഇൽബർട്ട്‌ബിൽ-പ്രക്ഷോഭവുമായി അടുത്ത ബന്ധമുണ്ട്‌. 1883-ൽ തന്നെ സുരേന്ദ്രനാഥ ബാനർജി കൊൽക്കത്തയിൽ ഒരു ഇന്ത്യന്‍ നാഷണൽ കോണ്‍ഫറന്‍സ്‌ വിളിച്ചുകൂട്ടിയിരുന്നു. എ.ഒ.ഹ്യൂം, വില്യം വെഡ്‌ഡെർബേണ്‍ എന്നീ ഉത്‌പതിഷ്‌ണുക്കളായ ഇംഗ്ലീഷുകാരുടെ പ്രാത്സാഹനത്തോടെ പ്രബുദ്ധമായ ഇന്ത്യന്‍ മധ്യവർഗം പ്രവർത്തിക്കുവാന്‍ തുടങ്ങിയതിന്റെ ഫലമാണ്‌ 1885-ൽ ഡഫറിന്‍ പ്രഭുവിന്റെ കാലത്ത്‌ സ്ഥാപിതമായ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌. അതിന്റെ ആദ്യത്തെ സമ്മേളനം ഡബ്ല്യു.സി. ബാനർജിയുടെ അധ്യക്ഷതയിൽ മുംബൈയിലാണ്‌ ചേർന്നത്‌. സുരേന്ദ്രനാഥ്‌ ബാനർജിയുടെ നാഷണൽ കോണ്‍ഫറന്‍സ്‌ ഉടനേതന്നെ കോണ്‍ഗ്രസ്സിൽ ലയിച്ചുവെന്നത്‌ വളർന്നുവന്ന ദേശീയൈക്യത്തിന്റെ ഉത്തമോദാഹരണമായിരുന്നു.

കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ സമ്മേളനത്തിൽ 70 പേരാണ്‌ സംബന്ധിച്ചിരുന്നത്‌. അതിന്റെ ആദ്യത്തെ പ്രമേയങ്ങള്‍ ഉണ്ടാക്കിയവർ അതിനെ അനുസരണയുള്ള പ്രജകളുടെ ഒരു സംഘടനയായി മാത്രമേ കരുതിയിരുന്നുള്ളൂവെന്നത്‌ വ്യക്തമാണ്‌. ആ സംഘടനയുടെ ആദ്യത്തെ 15 വർഷക്കാലത്ത്‌ അത്‌ ഹർജികളുടെ രൂപത്തിൽ ചില ആവശ്യങ്ങള്‍ ഉന്നയിച്ചുപോന്നു. ആദ്യവിജയം. എന്നാൽ താമസിയാതെതന്നെ കോണ്‍ഗ്രസ്സിന്റെ നയപരിപാടികളിൽ ഗവണ്‍മെന്റ്‌ വിപ്രതിപത്തി പ്രദർശിപ്പിക്കാന്‍ തുടങ്ങി. അതോടെ കോണ്‍ഗ്രസ്‌ ഇന്ത്യയിലും ഇംഗ്ലണ്ടിലും പൊതുജനാഭിപ്രായം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിൽ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിനു പുറമേ 1888-ൽ ലണ്ടനിൽ ഒരു പ്രവർത്തനകേന്ദ്രം തുറന്നു. ഇതിന്റെയെല്ലാം ഫലമായി, 1889-ൽ മുംബൈയിൽ ചേർന്ന കോണ്‍ഗ്രസ്സിന്റെ അഞ്ചാം സമ്മേളനത്തിൽ ബ്രിട്ടിഷ്‌ പാർലമെന്റ്‌ മെമ്പറായ ചാള്‍സ്‌ ബ്രാഡ്‌ലോ പങ്കെടുക്കുകയും, ഇന്ത്യന്‍ നേതാക്കന്മാരുമായി കൂടിയാലോചിച്ച്‌ നിയമനിർമാണ സമിതികളുടെ വികസനത്തിനും പരിഷ്‌കരണത്തിനുമായി ഒരു ബിൽ തയ്യാറാക്കി 1890-ൽ ജനസഭയിൽ അവതരിപ്പിക്കുകയും ചെയ്‌തു. ഇതിന്റെ ഫലമായി ബ്രിട്ടിഷ്‌ ഗവണ്‍മെന്റുതന്നെ അവതരിപ്പിച്ച ഒരു ബില്ലാണ്‌ 1892-ലെ ഇന്ത്യാ ആക്‌ട്‌. ഈ ആക്‌ടനുസരിച്ച്‌ വൈസ്രായിയുടെ നിയമനിർമാണസഭയിലെ അംഗസംഖ്യ 16-ഉം ബോംബെ, മദ്രാസ്‌, ബംഗാള്‍ എന്നീ സംസ്ഥാന കൗണ്‍സിലുകളിലെ അംഗസംഖ്യ 20-ഉം ആക്കി വർധിപ്പിച്ചു. ഭിന്നിപ്പിച്ചു ഭരിക്കൽനയം. കോണ്‍ഗ്രസ്സിന്റെ എല്ലാ ലക്ഷ്യങ്ങളിൽനിന്നും മുസ്‌ലിങ്ങള്‍ അകന്നു നില്‌ക്കേണ്ടതാണ്‌ എന്ന്‌ സയ്യിദ്‌ അഹമ്മദ്‌ ആഹ്വാനം ചെയ്‌തു. കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിൽനിന്ന്‌ വിട്ടുനിന്ന്‌ വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പുരോഗതി തേടാന്‍ മുസ്‌ലിങ്ങളെ പ്രരിപ്പിക്കുന്നതിനായി, കോണ്‍ഗ്രസ്സിന്‌ ഒരു എതിർസംഘടനയെന്ന നിലയിൽ, അദ്ദേഹം 1886-ൽ ഒരു വിദ്യാഭ്യാസകോണ്‍ഗ്രസ്‌ സ്ഥാപിച്ചു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിനെ ചെറുക്കുന്നതിനുവേണ്ടി അദ്ദേഹം സ്ഥാപിച്ച മറ്റു രണ്ട്‌ സംഘടനകളിൽ ആദ്യത്തേതായ യുണൈറ്റഡ്‌ ഇന്ത്യന്‍ പേട്രിയോട്ടിക്‌ അസോസിയേഷനിൽ (1888) മുസ്‌ലിങ്ങളുടെ കൂടെ ഹിന്ദുക്കളെയും അംഗങ്ങളായി ചേർത്തിരുന്നു; എന്നാൽ 1893-ൽ സ്ഥാപിച്ച "മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റൽ ഡിഫന്‍സ്‌ അസോസിയേഷന്‍ ഒഫ്‌ അപ്പർ ഇന്ത്യ' എന്ന സംഘടനയിൽ മുസ്‌ലിങ്ങള്‍ക്ക്‌ മാത്രമേ അംഗത്വം നല്‌കിയുള്ളൂ. ദ്വിരാഷ്‌ട്രവാദത്തിന്‌ ബീജാവാപം ചെയ്‌ത സംഗതിയായിരുന്നു അത്‌.

ഈ ആശയത്തിന്‌ ഉപോദ്‌ബലകമായിരുന്നു ബ്രിട്ടിഷുകാരുടെ "ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയം. 1883 മുതൽ 1899 വരെ അലിഗഡിലെ മുഹമ്മദന്‍ കോളജിന്റെ പ്രിന്‍സിപ്പൽ ആയിരുന്ന ബെക്ക്‌ പ്രസ്‌തുത നയത്തിന്റെ സമർഥനായ ഒരു വക്താവായിരുന്നു. സയ്യിദിനെയും മുസ്‌ലിങ്ങളെയും ദേശീയപ്രസ്ഥാനത്തിൽനിന്ന്‌ അകറ്റിനിർത്തിയ ഒരു സ്വാധീനശക്തി ബെക്കാണ്‌. കഴ്‌സന്റെ ഭരണപരിഷ്‌കാരങ്ങള്‍. കുറച്ചു മിതവാദികളുടെ വ്യക്തിഗതങ്ങളായ അഭിപ്രായങ്ങളെന്ന നിലയിൽനിന്ന്‌ ദേശീയബോധത്തെയും കോണ്‍ഗ്രസ്സിനെയും അഖിലേന്ത്യാതലത്തിലുള്ള ഒരു മഹാദേശീയപ്രസ്ഥാനമായി വളർത്തിയത്‌ കഴ്‌സണ്‍ പ്രഭുവാണ്‌. ബ്രിട്ടിഷ്‌സാമ്രാജ്യം അതിന്റെ ഉച്ചകോടിയിലെത്തിയിരുന്ന കാലത്താണ്‌ കഴ്‌സണ്‍ ഇന്ത്യയിലെ വൈസ്രായിയായിരുന്നത്‌ (1899-1905). കഴ്‌സണ്‍ ഇന്ത്യയുടെ ഭരണക്രമം ഉടച്ചുവാർക്കാന്‍ ശ്രമിച്ചു; പല കാർഷിക പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പിൽവരുത്തി. അദ്ദേഹം പാസാക്കിയ പഞ്ചാബ്‌ ഭൂമി കൈമാറ്റനിയമം, ഋണബാധ്യത കാരണംപറഞ്ഞ്‌ കർഷകരെ കൃഷിയിടങ്ങളിൽനിന്ന്‌ ഒഴിപ്പിക്കുന്നതു തടഞ്ഞു. സഹകരണവായ്‌പാസംഘങ്ങള്‍ വഴി അവിടത്തെ കൃഷ്‌ക്കാർക്ക്‌ ലഘുവായ പലിശനിരക്കിൽ വായ്‌പകള്‍ നൽകാന്‍ ഏർപ്പാടുചെയ്‌തു. കാർഷികമേഖലയിൽ പുരോഗതി കൈവരുത്താന്‍വേണ്ടി പുണെയിൽ ഒരു കാർഷികഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചു. 1903-ൽ അദ്ദേഹം അതിപ്രധാനമായ ഒരു പോലീസ്‌ പരിഷ്‌കരണം നടപ്പിൽവരുത്തി. മറ്റുകാര്യങ്ങളിലെന്നപോലെ വാണിജ്യ-വ്യാവസായികമേഖലകളിലും അദ്ദേഹത്തിന്റെ ദൃഷ്‌ടി പതിഞ്ഞു. അദ്ദേഹത്തിന്റെ കാലത്തുമാത്രം ഏകദേശം 9,660 കി.മീ. (6,000 മൈൽ) റയിൽവേ പുതുതായി ഏർപ്പെടുത്തി. 65 ലക്ഷം ഏക്കർ സ്ഥലം ജലസേചനവിധേയമാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്‌തു. അദ്ദേഹമാണ്‌ കൊൽക്കത്തയിലെ വിക്‌ടോറിയാ മെമ്മോറിയൽ പണികഴിപ്പിച്ചത്‌. ഇന്ത്യയിൽ ശാസ്‌ത്രീയരീതിയിൽ പുരാതത്വസംരക്ഷണവും ഗവേഷണവും സാധ്യമാക്കുമാറ്‌ ഒരു പുരാതത്വവകുപ്പ്‌ സ്ഥാപിച്ചതും കഴ്‌സനാണ്‌.

ബംഗാള്‍ വിഭജനം. ഇന്ത്യയുടെ ഭരണം ഇന്ത്യാക്കാർ എപ്പോഴെങ്കിലും സ്വയം ഏറ്റെടുക്കുക എന്നത്‌ കഴ്‌സനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ ഒന്നായിരുന്നു. സർവകലാശാലാനിയമത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇന്ത്യയിലെ പുതിയ മധ്യവർഗവുമായി ഏറ്റുമുട്ടി. ഇന്ത്യയെ മുഴുവന്‍ പ്രക്ഷുബ്‌ധമാക്കിയ ബംഗാള്‍ വിഭജനം ബംഗാള്‍ദേശീയവാദികളെ പല തരത്തിൽ ക്ഷുഭിതരാക്കി. ബംഗാള്‍ വിഭജനത്തിനെതിരായ സമരത്തെ ജനമധ്യത്തിലേക്കുകൊണ്ടുവന്നത്‌ അതിന്റെ നേതൃത്വമേറ്റെടുത്ത സുരേന്ദ്രനാഥ്‌ ബാനർജിയാണ്‌. ഈ സമരത്തിന്റെ ഒരു ഭാഗമായി ഇന്ത്യന്‍ സാധനങ്ങള്‍ വാങ്ങുകയും വിദേശച്ചരക്കുകള്‍-പ്രത്യേകിച്ചും ലങ്കാഷയർതുണി-ബഹിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സ്വദേശി പ്രസ്ഥാനം ആവിഷ്‌കരിക്കപ്പെട്ടു. മറ്റു കോണ്‍ഗ്രസ്‌ നേതാക്കളുടെ, പ്രത്യേകിച്ചും ബാലഗംഗാധരതിലകന്റെ പരിപൂർണ പിന്തുണ ബംഗാള്‍വിഭജനത്തെ ഒരു അഖിലേന്ത്യാപ്രശ്‌നമാക്കി. തിലകന്‍ അർഥപുഷ്‌ടിയിലും ഗാംഭീര്യത്തിലും അതുല്യമായ "സ്വരാജ്‌' എന്ന വാക്ക്‌ മെനഞ്ഞെടുത്തു. ആറു വർഷം കഴിഞ്ഞ്‌ ബംഗാള്‍വിഭജനം റദ്ദാക്കപ്പെട്ടുവെന്നതല്ല ദേശീയവാദികളുടെ വിജയം. ആ വിഭജനവും തുടർന്നുണ്ടായ ദേശീപ്രക്ഷോഭവും ഇന്ത്യന്‍മധ്യവർഗത്തെ ഇതിനു മുമ്പൊരിക്കലും ഉണ്ടാവാത്തവിധം അടുപ്പിച്ചു. കോണ്‍ഗ്രസ്സിനെ ഒരു ഉറച്ച പാർട്ടിയാക്കി; ഒരു സമരതന്ത്രമെന്നപോലെ ഒരു ദേശീയമന്ത്രവും അതു പ്രദാനം ചെയ്‌തു.

മിതവാദികളും തീവ്രവാദികളും. കഴ്‌സന്റെ നയം മൂലം കോണ്‍ഗ്രസ്‌ ശക്തിയാർജിച്ചുവന്ന അതേകാലത്തുതന്നെ അതിൽ ഭിന്നിപ്പിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി. കോണ്‍ഗ്രസ്‌ ഓരോ വർഷവും ഗവണ്‍മെന്റിനു സമർപ്പിക്കുന്ന വിനയാന്വിതമായ ഹർജികള്‍ ആർഭാടരഹിതമായി ചവറ്റുകൊട്ടയിലേക്ക്‌ വീഴുന്നതുകണ്ട്‌ മനം മടുത്ത്‌, സംഘടനയിലെ ഒരു വിഭാഗം സമാധാനപരമായ പ്രരണകള്‍കൊണ്ട്‌ കാര്യമില്ലെന്നും ധീരവും സമരോത്സുകവുമായ പ്രവർത്തനമാണ്‌ ആവശ്യമെന്നും വാദിച്ചു. ഈ വിഭാഗത്തിന്റെ നേതാവായിരുന്നു ബാലഗംഗാധര തിലകന്‍. അദ്ദേഹം ഇന്ത്യയുടെ, പ്രത്യേകിച്ചും മഹാരാഷ്‌ട്രത്തിന്റെ ഭൂതകാലമഹിമയിൽനിന്നും ആവേശംകൊണ്ട്‌ ഇന്ത്യാക്കാർക്കിടയിൽ സുശക്തമായ ദേശീയബോധം വളർത്തുന്നതിനു ശ്രമിച്ചു.

രാഷ്‌ട്രീയത്തിൽ തീവ്രവാദിയായ തിലകിന്‌ എതിരായ ക്യാമ്പിലായിരുന്നു മിതവാദിയായ ഗോപാലകൃഷ്‌ണ ഗോഖലേ. യുക്തിബോധവും മിതസ്വരവുമായിരുന്നു ഗോഖലേയുടെ പ്രകൃതത്തിലെ പ്രധാനഘടകങ്ങള്‍. രാഷ്‌ട്രീയത്തിൽ ഇത്‌ ലിബറൽ സിദ്ധാന്തങ്ങളിലും ക്രമാനുഗതമായ പരിഷ്‌കരണത്തിലും ഉള്ള വിശ്വാസമായി പരിണമിച്ചു. 1907-ൽ കോണ്‍ഗ്രസ്സിന്റെ സൂറത്ത്‌ സമ്മേളനത്തിൽ തീവ്രവിഭാഗവും മിതവാദിവിഭാഗവും തമ്മിലുണ്ടായ തുറന്ന സംഘട്ടനത്തെ തുടർന്ന്‌ തീവ്രവാദിവിഭാഗത്തിന്‌ കോണ്‍ഗ്രസ്സിനുപുറത്തു പ്രവർത്തിക്കേണ്ടിവന്നു.

രാഷ്‌ട്രീയം വർജിക്കുവാനുള്ള സയ്യിദ്‌ അഹമ്മദ്‌ഖാന്റെ ആഹ്വാനമനുസരിച്ച്‌ മുസ്‌ലിങ്ങള്‍ പൊതുവേ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിൽനിന്ന്‌ വേറിട്ടുനില്‌ക്കുകയാണ്‌ ചെയ്‌തത്‌. എന്നാൽ ഈ തീണ്ടിക്കൂടായ്‌മ അധികകാലം നിലനിന്നില്ല. ഇക്കാലത്താണ്‌ കോണ്‍ഗ്രസ്സിനകത്തെ പിളർപ്പിനെക്കാള്‍ എത്രയോ പ്രാധാന്യമർഹിക്കുന്നതും, പില്‌ക്കാലത്ത്‌ രാജ്യത്തെതന്നെ പിളർന്നതും ആയ "മുസ്‌ലിംലീഗ്‌' എന്ന രാഷ്‌ട്രീയ സംഘടനയുടെ സ്ഥാപനം (1906). ഡാക്കയിലെ നവാബ്‌ സലീമുല്ലയായിരുന്നു അതിന്റെ സ്ഥാപകന്‍.

ഇക്കാലത്തെ മറ്റുചില സംഭവവികാസങ്ങളെയും പരാമർശിക്കേണ്ടതുണ്ട്‌. 1905 മുതൽ നാഷണൽ കോണ്‍ഗ്രസ്സിന്‌ ബ്രിട്ടിഷ്‌ രാജിനെക്കാള്‍ പ്രാധാന്യം ലഭിച്ചു തുടങ്ങി. ജപ്പാന്റെ അദ്‌ഭുതകരമായ വളർച്ചയും, 1902-ലെ ബ്രിട്ടനുമായുള്ള സഖ്യത്തിലൂടെയും 1904-05-ലെ റഷ്യന്‍ വിജയത്തിലൂടെയും വന്‍ശക്തിപദത്തിലേക്കുള്ള ഉയർച്ചയും ഇന്ത്യാക്കാരുടെ മനസ്സിൽ ആവേശത്തിന്റെ അലകള്‍ ഉയർത്തി. 1908-ലെ "യങ്‌ടർക്ക്‌' പ്രസ്ഥാനവും 1911-ലെ ചൈനീസ്‌ വിപ്ലവവും എല്ലാം അവരുടെ മനസ്സിൽ ഭാവനാചിത്രങ്ങള്‍ വരയ്‌ക്കാന്‍ പര്യാപ്‌തമായിരുന്നു. മാത്രമല്ല; ബംഗാള്‍ വിഭജനത്തിനെതിരായ പ്രക്ഷോഭത്തെ നേരിടാന്‍ ഗവണ്‍മെന്റ്‌ അഴിച്ചുവിട്ട മർദനത്തിനെതിരെ പ്രവർത്തിച്ച തിലകനെ ഒരു ഭീകരപ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ തിലകിനെ അറസ്റ്റു ചെയ്‌തു (1908).

മിന്റോ-മോർലി ഭരണപരിഷ്‌കാരം (1909). മർദന നടപടികള്‍ പരാജയപ്പെട്ടപ്പോള്‍, മിതവാദികളെ പാട്ടിലാക്കുന്നതിന്‌ ഗവണ്‍മെന്റ്‌ ഒരു വലിയ പരിശ്രമം നടത്തി. ഇതാണ്‌ മിന്റോ-മോർലി ഭരണപരിഷ്‌കാരങ്ങള്‍. ഈ പരിഷ്‌കാരങ്ങള്‍ക്കു രണ്ട്‌ മുഖങ്ങളുണ്ടായിരുന്നു: ഒന്ന്‌ വൈസ്രായിയുടെയും സംസ്ഥാന ഗവർണർമാരുടെയും ഭരണനിർവഹണസമിതികളിലും മറ്റ്‌ ഉയർന്ന സർവീസുകളിലും ഇന്ത്യക്കാർക്ക്‌ പ്രവേശനം നല്‌കി. സംസ്ഥാന എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലുകളിലേക്കും ഇന്ത്യാക്കാരെ നിയമിച്ചു. നിയമനിർമാണത്തിന്റെ മേഖലയിലാകട്ടെ ഇംപീരിയൽ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലെ അംഗസംഖ്യ 16-ൽ നിന്ന്‌ 60 ആക്കി ഉയർത്തിയതിനുപുറമെ തെരഞ്ഞുടുപ്പുതത്ത്വം ആദ്യമായി അംഗീകരിക്കപ്പെടുകയും ചെയ്‌തു.

എന്നാൽ മിന്റോ-മോർലി പരിഷ്‌കാരങ്ങള്‍ക്ക്‌ വലിയൊരു കറുത്തവശം ഉണ്ടായിരുന്നു; ആറ്‌ നിയോജക മണ്ഡലങ്ങള്‍ മുസ്‌ലിങ്ങള്‍ക്കായി പ്രത്യേകം നീക്കിവയ്‌ക്കപ്പെട്ടുവെന്നതാണത്‌. ഗവണ്‍മെന്റിന്റെ അനുഗ്രഹത്തോടുകൂടി പുതിയ മുസ്‌ലിംലീഗിന്റെ നിവേദനത്തെതുടർന്നാണ്‌ ഈ "വേറിട്ട നിയോജകമണ്ഡലവ്യവസ്ഥ' നടപ്പിൽ വരുത്തിയത്‌.

മിന്റോയെ തുടർന്ന്‌ വൈസ്രായി ആയി വന്ന ഹാർഡിഞ്‌ജ്‌ പ്രഭുവിന്റെ ഭരണം തുടങ്ങിയത്‌ (1911) ചക്രവർത്തി ജോർജ്‌ ഢ-ന്റെ ഇന്ത്യാസന്ദർശനത്തോടെയാണ്‌. ഈ സന്ദർഭത്തിൽ ബംഗാള്‍വിഭജനം റദ്ദ്‌ ചെയ്യുകയും തലസ്ഥാനം കൊൽക്കത്തയിൽനിന്ന്‌ ദില്ലിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ കാലത്ത്‌ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു; ഇന്ത്യ ബ്രിട്ടന്റെ യുദ്ധ സന്നാഹങ്ങളെ ഉത്സാഹപൂർവം സഹായിച്ചു. യുദ്ധാവശ്യത്തിനായി 8,00,000 ഭടന്മാരെ ഇന്ത്യയിൽനിന്ന്‌ റിക്രൂട്ട്‌ ചെയ്‌തിരുന്നു. ഇന്ത്യന്‍ ഭടന്മാർ പൂർവാഫ്രിക്കയിലും മധ്യപൗരസ്‌ത്യദേശത്തും യൂറോപ്പിലും മികച്ച സേവനമാണ്‌ അനുഷ്‌ഠിച്ചത്‌. ഇതെല്ലാം ഇന്ത്യാക്കാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. യുദ്ധാവശ്യങ്ങള്‍ നിറവേറ്റുകവഴി ഇന്ത്യന്‍ വ്യവസായങ്ങള്‍ പരിമിതമായെങ്കിലും മെച്ചപ്പെട്ടു, പക്ഷേ യുദ്ധത്തിന്റെ ഫലമായി ഉണ്ടായ വമ്പിച്ച വില വർധനവും പകർച്ചവ്യാധികളും ഇന്ത്യയെ വല്ലാതെ ബാധിച്ചു. 50,00,000 ഇന്ത്യക്കാർ തത്‌ഫലമായി മരിച്ചു. ഈ പരിതഃസ്ഥിതിയിൽ യുദ്ധം അവസാനിച്ചപ്പോഴേക്കും ഇന്ത്യയുടെ ഉത്സാഹം അതൃപ്‌തിയായി മാറിയിരുന്നു. ഇതിനുപുറമേ, അതിപ്രധാനമായ ഒരു മാറ്റം- ഒരു മാനസിക വിപ്ലവംതന്നെ യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിൽ ഉണ്ടായി. പാശ്ചാത്യരെപ്പറ്റിയും അവരുടെ സംസ്‌കാരത്തെപ്പറ്റിയും ഇന്ത്യക്കാർക്കു മുമ്പുണ്ടായിരുന്ന മതിപ്പ്‌ നഷ്‌ടപ്പെട്ടതാണത്‌. ധാർമികമായി പാശ്ചാത്യർ അവകാശപ്പെട്ടിരുന്ന ശ്രഷ്‌ഠത അവർക്കില്ലെന്നു വ്യക്തമായി. മാത്രമല്ല യുദ്ധത്തിനിടയിൽ ഒക്‌ടോബർ വിപ്ലവത്തിൽ റഷ്യയിലെ സാറിസ്റ്റ്‌ സ്വേച്ഛാധിപത്യവും വീണടിഞ്ഞു. ഇന്ത്യയിലെ വിദേശീയ സ്വേച്ഛാധിപത്യം എന്തുകൊണ്ട്‌ വീണുകൂടാ ? സ്വയം നിർണയാവകാശം, ജനകീയഭരണം എന്നീ സിദ്ധാന്തങ്ങളുമായി പാരിസിലെത്തിയ യു.എസ്‌. പ്രസിഡന്റ്‌ വുഡ്രാവിൽസന്‍ ഇന്ത്യന്‍ദേശീയവാദികളെയും സ്വാതന്ത്യ്രപ്രമികളെയും ആശാഭരിതരാക്കി.

ലഖ്‌നൗകരാർ. യുദ്ധകാലത്ത്‌ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗം കൂടുതൽ ശക്തിയാർജിച്ചിരുന്നു. ഇത്‌ രണ്ടു തരത്തിലാണുണ്ടായത്‌. 1913-ൽ സ്വയംഭരണമെന്ന ലക്ഷ്യം മുസ്‌ലിംലീഗും സ്വീകരിച്ചുവെന്നു മാത്രമല്ല, ബ്രിട്ടനും തുർക്കിയുമായുള്ള യുദ്ധം ഇന്ത്യന്‍ മുസ്‌ലിങ്ങളിൽ വലിയൊരു വിഭാഗത്തെ ബ്രിട്ടിഷ്‌ വിരോധികളാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസ്സും ലീഗും കൂടുതൽ അടുത്തു. രണ്ടു സംഘടനകളും അവയുടെ 1916-ലെ വാർഷികസമ്മേളനങ്ങള്‍ ലഖ്‌നൗവിൽ വിളിച്ചുകൂട്ടി, പ്രസിദ്ധമായ ലഖ്‌നൗകരാർ ആവിഷ്‌കരിച്ചു. ഇതനുസരിച്ച്‌ പ്രത്യേക നിയോജകമണ്ഡലമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ്‌ അംഗീകരിച്ചു. മിതവാദികളെ പാട്ടിലാക്കുകയെന്ന ഗവണ്‍മെന്റ്‌ പരിപാടി സാമുദായികനിയോജമണ്ഡലപ്രശ്‌നത്തിന്മേൽ മുട്ടി പരാജയമടഞ്ഞതായിരുന്നു. അതിനാൽ 1916-ലെ ലഖ്‌നൗ സമ്മേളനത്തിൽവച്ച്‌ കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും വീണ്ടും യോജിച്ചു.

മൊണ്‍ടേഗു-ചെംസ്‌ഫോർഡ്‌ ഭരണപരിഷ്‌കാരങ്ങള്‍. ഇന്ത്യക്കാരുടെ ആവശ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യാ സെക്രട്ടറി എഡ്വിന്‍ മൊണ്‍ടേഗു 1917 ആഗ. 20-ന്‌ പാർലമെന്റിൽ ചെയ്‌ത നയപ്രഖ്യാപനത്തിൽ ഭരണത്തിന്റെ എല്ലാ ശാഖകളിലും ഇന്ത്യക്കാരെ കൂടുതൽ പങ്കാളികളാക്കിത്തീർക്കുകയും സ്വയംഭരണസ്ഥാപനങ്ങള്‍ ക്രമാനുസൃതമായി വളർത്തിയെടുക്കുകയുമാണ്‌ ബ്രിട്ടിഷ്‌ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന്‌ അറിയിച്ചു. ഇതിനെത്തുടർന്ന്‌ അദ്ദേഹവും വൈസ്രായി ചെംസ്‌ ഫോർഡ്‌ പ്രഭുവും ചേർന്നുണ്ടാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ ആണ്‌ 1919-ലെ ഇന്ത്യാഗവണ്‍മെന്റ്‌ നിയമം ആയത്‌; ഇത്‌ പ്രാബല്യത്തിൽവന്നത്‌ 1921-ലായിരുന്നു.

ഗാന്ധിജിയും സ്വാതന്ത്യ്രപ്രസ്ഥാനവും. ഈ പശ്ചാത്തലത്തിലാണ്‌ മഹാത്മാ ഗാന്ധിയുടെ രംഗപ്രവേശം (1919). "ഇന്ത്യയുടെ ആത്മാവ്‌' എന്നു വിവരിക്കാവുന്ന ഈ അസാധാരണനായ സാധാരണ മനുഷ്യന്‍ തുടർന്നുള്ള 28 കൊല്ലം ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്നു. തിലക്‌ ലണ്ടനിൽ ബ്രിട്ടിഷ്‌ രാഷ്‌ട്രതന്ത്രജ്ഞന്‍മാരുമായി തർക്കത്തിലൂടെയും ചർച്ചകളിലൂടെയും ഇന്ത്യയ്‌ക്കുവേണ്ടി വാദിക്കുമ്പോള്‍ ഗാന്ധി മർദനപരമായ റൗലറ്റ്‌ നിയമങ്ങള്‍ക്കെതിരെ ഹർത്താലുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ രാഷ്‌ട്രീയപ്രശ്‌നങ്ങളുടെ ധാർമികപശ്ചാത്തലത്തെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കിയത്‌ ഗാന്ധിജിയാണ്‌. ഭരണഘടനാപരമായി പ്രമേയങ്ങള്‍ പാസ്സാക്കുകയും നിവേദനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനുപകരം അദ്ദേഹം അഖിലേന്ത്യാതലത്തിൽ അഖിലമത-ജാതിതലത്തിൽ, അഹിംസാത്മകമായ നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു. സ്വയം സഹായവും സ്വദേശിപ്രസ്ഥാനവും വളർത്തുവാന്‍ ചർക്കയും ഖാദിയും പ്രചരിപ്പിച്ചു. ഹിന്ദുസമൂഹത്തിലെ ഏറ്റവും വലിയ അനീതിയായ ജാതിക്കെതിരെ അദ്ദേഹം ഹരിജനപ്രസ്ഥാനം ആരംഭിച്ചു.

ജാലിയന്‍വാലാബാഗ്‌. മഹാത്മഗാന്ധി ദേശീയ പ്രസ്ഥാനത്തെ ഒരു ജനകീയവിപ്ലവപ്രസ്ഥാനമാക്കി മാറ്റി. 1919-ൽ അമൃതസരസ്സിൽ ജാലിയന്‍വാലാബാഗ്‌ എന്ന മതിൽ ചൂഴ്‌ന്ന മൈതാനത്തിൽ നിരോധനം ലംഘിച്ചു നടത്തിയ ബഹുജനസമ്മേളനത്തിന്റെ നേരെ ജനറൽ ഓ ഡയറുടെ കീഴിലുള്ള പട്ടാളം 1,600 ചുറ്റു വെടിവച്ച്‌ 379 പേരെ കൊല്ലുകയും 1,200 പേരെ പരിക്കേല്‌പിക്കുകയും ചെയ്‌ത സംഭവം ഇന്ത്യയെ മുഴുവന്‍ പിടിച്ചു കുലുക്കി. വെടിവയ്‌പിനെ തുടർന്ന്‌ പഞ്ചാബിൽ പട്ടാളനിയമം പ്രഖ്യാപിക്കുകയും മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. അതോടെ ബ്രിട്ടിഷ്‌ ഭരണവുമായി സന്ധിയില്ലാത്ത ഒരു സമരത്തിന്‌ ഇന്ത്യ തയ്യാറെടുത്തു. ഖിലാഫത്ത്‌ പ്രസ്ഥാനം. ഒന്നാം ലോകയുദ്ധത്തിൽ തുർക്കിയെ പരാജയപ്പെടുത്തുന്നതിലും തുർക്കി സാമ്രാജ്യം ഛിന്നഭിന്നമാക്കുന്നതിലും ബ്രിട്ടന്‍ വഹിച്ച പങ്ക്‌ മുസ്‌ലിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി. ഈ സാഹചര്യത്തിൽ മുഹമ്മദലിയും ഷൗക്കത്തലിയും (അലി സഹോദരന്മാർ) സംഘടിപ്പിച്ച ഖിലാഫത്ത്‌ പ്രസ്ഥാനം ഗാന്ധിജി തികച്ചും ഉപയോഗപ്പെടുത്തി.

അക്രമരഹിതമായ നിസ്സഹകരണത്തിന്റെ രൂപത്തിലാണ്‌ സമരം കരുപ്പിടിപ്പിച്ചത്‌. 1920-ലെ കൊൽക്കത്ത കോണ്‍ഗ്രസ്‌ അത്‌ ശരിവയ്‌ക്കുകയും ചെയ്‌തു. 1920 ന.-ൽ നടന്ന കൗണ്‍സിൽ തെരഞ്ഞെടുപ്പ്‌ മൂന്നിൽ രണ്ടു ഭാഗം വോട്ടർമാർ ബഹിഷ്‌കരിച്ചു; വക്കീലന്മാർ കോടതികളിൽനിന്നു പുറത്തിറങ്ങി. വിദ്യാലയബഹിഷ്‌കരണം 1921-ൽ തുടങ്ങി. വെയിൽസ്‌ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ബഹിഷ്‌കരിക്കുകയും ആ ദിവസം ഹർത്താലാചരിക്കുകയും ചെയ്‌തു. വിദേശവസ്‌ത്രദഹനം മറ്റൊരു പ്രക്ഷോഭണ പരിപാടിയായിരുന്നു. 1921-ലെ അഹമ്മദാബാദ്‌ കോണ്‍ഗ്രസ്‌ നിസ്സഹകരണപരിപാടി കൂടുതൽ ഊർജസ്വലമാക്കാന്‍ നിശ്ചയിച്ചു.

കോണ്‍ഗ്രസ്‌-ലീഗ്‌ അകൽച്ച. ലീഗും കോണ്‍ഗ്രസ്സും ആയുള്ള വാഴ്‌ച ഖിലാഫത്ത്‌ പ്രസ്ഥാനത്തോടു കൂടി അവസാനിച്ചു. മാത്രമല്ല, മലബാർലഹളപോലുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും മുസ്‌ലിംലീഗ്‌ കൂടുതൽ ശക്തിപ്പെടുകയും ചെയ്‌തു. ചൗരിചൗരയിലെ അക്രമാസക്തമായ ജനക്കൂട്ടം 22 പോലീസുകാരെ കൊന്നപ്പോള്‍ ഗാന്ധിജി നിയമലംഘനപ്രസ്ഥാനം നിർത്തിവച്ചു. ഇതിനിടയ്‌ക്ക്‌ സി.ആർ. ദാസിന്റെയും മോത്തീലാൽ നെഹ്‌റുവിന്റെയും നേതൃത്വത്തിൽ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാർ ഒരു "സ്വരാജ്‌ കക്ഷി' രൂപവത്‌കരിച്ച്‌ മൊണ്‍ടേഗു-ചെംസ്‌ഫോർഡ്‌ ഭരണപരിഷ്‌കാരങ്ങളെ നിയമസഭയ്‌ക്കകത്തുനിന്നുകൊണ്ട്‌ എതിർക്കാന്‍ തുടങ്ങി. 1922-ൽ ഗാന്ധിജിയെ അറസ്റ്റുചെയ്‌തതോടെ പ്രക്ഷോഭണപരിപാടികള്‍ നിലച്ചു.

സൈമണ്‍ കമ്മിഷന്‍. മൊണ്‍ടേഗു-ചെംസ്‌ഫോർഡ്‌ പരിഷ്‌കാരങ്ങളെപ്പറ്റി ആവശ്യമായ നിർദേശങ്ങള്‍ സമർപ്പിക്കാന്‍ ജോണ്‍ സൈമന്റെ നേതൃത്വത്തിൽ ഒരു ഏഴംഗക്കമ്മിഷന്‍ ഇന്ത്യയിലെത്തി (1928). സൈമണ്‍ കമ്മിഷന്റെ പ്രസിദ്ധി അതിന്റെ പരിപൂർണ ബഹിഷ്‌കരണത്തിൽ നിന്നുണ്ടായതാണ്‌.

ബഹിഷ്‌കരണത്തിൽ യോജിച്ച എല്ലാ ഇന്ത്യന്‍ കക്ഷികളും 1928 അവസാനം ഒരു സർവകക്ഷി കണ്‍വെന്‍ഷനിൽ സംബന്ധിച്ചു. മുസ്‌ലിങ്ങളുടെ പേരിൽ താന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ കണ്‍വെന്‍ഷന്‍ അനുകൂലിക്കാത്തതിനെ തുടർന്ന്‌, 1929-ൽ ഒരു മുസ്‌ലിം കോണ്‍ഫറന്‍സിൽ ജിന്ന അദ്ദേഹത്തിന്റെ 14 ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇന്ത്യയ്‌ക്ക്‌ ഡൊമിനിയന്‍ പദവിയെന്ന വൈസ്രായി ഇർവിന്റെ പ്രതിജ്ഞയും ഒരു സർവകക്ഷി വട്ടമേശ സമ്മേളനമെന്ന അദ്ദേഹത്തിന്റെ നിർദേശവും കോണ്‍ഗ്രസ്സിന്‌ സ്വീകാര്യമല്ലായിരുന്നു. അതിനാൽ 1929-ൽ ജവാഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ്‌ സമ്മേളനം പൂർണസ്വാതന്ത്യ്രം അതിന്റെ ലക്ഷ്യമായി അംഗീകരിക്കുകയും നിയമസഭകളും വട്ടമേശസമ്മേളനവും ബഹിഷ്‌കരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. 1930 ജനു. 26-ന്‌ ഇന്ത്യയിലെങ്ങും സ്വാതന്ത്യ്രദിനം ആഘോഷിക്കപ്പെട്ടു.

ഉപ്പുസത്യഗ്രഹവും ഗാന്ധി-ഇർവിന്‍ കരാറും. നികുതിസമ്പ്രദായത്തെ പ്രതിഷേധിക്കുന്നതിനുവേണ്ടി ഗാന്ധിജി നടത്തിയ വിഖ്യാതമായ ദണ്ഡിയാത്രയോടുകൂടി സിവിൽ നിയമലംഘനപ്രസ്ഥാനം ആരംഭിച്ചു. സബർമതി ആശ്രമത്തിൽനിന്ന്‌ 380 കി.മീ. ദൂരെ ദണ്ഡിയിലേക്കുള്ള ഗാന്ധിജിയുടെ പദയാത്ര ഒരു ജൈത്രയാത്രയായിരുന്നു എന്നതിനുപുറമെ ഗാന്ധിയന്‍ സമതരതന്ത്രത്തിന്റെ ഒരു ഉത്തമോദാഹരണവുമായിരുന്നു. പൊതു പണിമുടക്ക്‌, വിദേശവസ്‌തുക്കളുടെ ബഹിഷ്‌കരണം ഇവ ഒരു വശത്തു നടന്നപ്പോള്‍ മറുവശത്ത്‌ ഭീകരപ്രവർത്തകരുടെ ചിറ്റഗോങ്‌ ആയുധശാലാകൈയേറ്റം പോലെയുള്ള അക്രമപ്രവർത്തനങ്ങളുമുണ്ടായി. ഒട്ടേറെ സ്ഥലങ്ങളിൽ "സമാന്തരഭരണം' ഏർപ്പെടുത്തപ്പെട്ടു. ആകെക്കൂടി വിപുലമായ ബഹുജനപ്രസ്ഥാനത്തിന്റെ പ്രാരംഭമായിരുന്നു അത്‌. ഇതിന്റെയൊക്കെ ഫലമായി 20 വെടിവയ്‌പുകളും 103 മരണങ്ങളും 60,000 പേരെ തടവിലാക്കലും ഉണ്ടായി. എങ്കിലും പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട ഗവണ്‍മെന്റ്‌ കോണ്‍ഗ്രസ്സുമായി സന്ധിസംഭാഷണങ്ങളിലേർപ്പെട്ടു. ഇതിന്റെ ഫലമായാണ്‌ ഗാന്ധി-ഇർവിന്‍ സന്ധി ഉണ്ടായത്‌. ഇതനുസരിച്ച്‌ കോണ്‍ഗ്രസ്‌ നിയമലംഘനപ്രസ്ഥാനം പിന്‍വലിക്കുന്നതിനും രാഷ്‌ട്രീയത്തടവുകാരെ മോചിപ്പിക്കുന്നതിനും തീരുമാനമായി.

വട്ടമേശസമ്മേളനങ്ങള്‍ (1931-32). ഒന്നാം വട്ടമേശസമ്മേളനം കോണ്‍ഗ്രസ്‌ ബഹിഷ്‌കരിച്ചിരുന്നു. ഗാന്ധി ഇർവിന്‍ കരാറുപ്രകാരം രണ്ടാമത്തെ വട്ടമേശസമ്മേളനത്തിൽ ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ ഏക പ്രതിനിധിയായി പങ്കെടുത്തു. എന്നാൽ വർഗീയപ്രശ്‌നം പരിഹൃതമാകാതെ അവശേഷിച്ചതിനാൽ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി റാംസെ മക്‌ഡൊണാള്‍ഡ്‌ "കമ്യൂണൽ അവാർഡ്‌' പ്രഖ്യാപിച്ചു. ഗവണ്‍മെന്റ്‌ പൂർവാധികം ശക്തിയോടെ മർദനം അഴിച്ചുവിട്ടു. കോണ്‍ഗ്രസ്‌ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു; നേതാക്കള്‍ ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌തു. 1933 മാ. അവസാനത്തോടെ 1,20,000 പേർ അറസ്റ്റുചെയ്യപ്പെട്ടുവെന്ന്‌ കണക്കാക്കപ്പെടുന്നു. ബന്ധനസ്ഥനായ ഗാന്ധിജിയെ ഒരു ഉപവാസത്തിലേക്കു നയിച്ചത്‌ അധഃകൃതവർഗക്കാർക്ക്‌ മാത്രമായി നിയോജകമണ്ഡലങ്ങള്‍ ഏർപ്പെടുത്തുന്ന വിളംബരമായിരുന്നു. അതിന്റെ ഫലമായുണ്ടായ "പൂണെകരാർ' (1932) അധഃകൃതവർഗക്കാർക്കു നീക്കിവച്ച സ്ഥാനങ്ങളുടെ എച്ചം ഇരട്ടിയാക്കി; പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഇല്ലാതെയുമാക്കി. 1932-ൽത്തന്നെ 3-ാം വട്ടമേശസമ്മേളനം നടന്നു. അതിന്റെ ഫലമായി ഇന്ത്യയുടെ ഭരണഘടനാപരിഷ്‌കരണത്തെപ്പറ്റി ബ്രിട്ടിഷ്‌ ഗവണ്‍മെന്റ്‌ ഒരു ധവളപത്രം പ്രസിദ്ധപ്പെടുത്തി (1933). ഇതിലടങ്ങിയിരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ 1935-ലെ ഇന്ത്യാഗവണ്‍മെന്റ്‌ നിയമം രൂപപ്പെട്ടത്‌. 1935-ലെ ആക്‌ടിൽ രണ്ട്‌ അടിസ്ഥാനതത്ത്വങ്ങളാണ്‌ ഉണ്ടായിരുന്നത്‌: ബ്രിട്ടിഷ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളും നാട്ടുരാജ്യങ്ങളും അടങ്ങുന്ന ഒരു അഖിലേന്ത്യാഫെഡറേഷന്‍; ബ്രിട്ടിഷ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ സ്വയംഭരണവും. ഇവയിൽ ഫെഡറേഷനെ ബാധിക്കുന്ന ഭാഗം നടപ്പാക്കപ്പെട്ടില്ല. എന്നാൽ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കുകയും അവയിൽ ദ്വിഭരണസമ്പ്രദായം അവസാനിപ്പിച്ച്‌ സ്വയംഭരണം നടപ്പിലാക്കുകയും ചെയ്‌തു. മാത്രമല്ല, സംസ്ഥാനതലത്തിൽ ഉത്തരവാദിത്വഭരണത്തിന്റെ തുടക്കവും 1935-ലെ ആക്‌ട്‌ കുറിച്ചു. എങ്കിലും നിയമപാലനം, ക്രമപാലനം തുടങ്ങി ചില സാഹചര്യങ്ങളിൽ ഗവർണർക്ക്‌ പ്രത്യേക ഉത്തരവാദിത്തവും അധികാരവും ഉണ്ടായിരുന്നു. സംസ്ഥാന ഗവണ്‍മെന്റുകളെ സംബന്ധിച്ചുള്ള ഭരണഘടനാവകുപ്പുകള്‍ 1937-ൽ നടപ്പാക്കപ്പെട്ടു.

ദേശീയപ്രസ്ഥാനത്തിന്റെ അവസാനഘട്ടം. 1930-ൽ ആരംഭിച്ച നിയമലംഘന-നിസ്സഹകരണപ്രസ്ഥാനം 1934 മേയിൽ കൈവെടിഞ്ഞ കോണ്‍ഗ്രസ്‌ 1935-ലെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിൽ വരുത്തുവാന്‍ തീരുമാനിച്ചു. ഇതുപ്രകാരമാണ്‌ 1937-ൽ 8 സംസ്ഥാനങ്ങളിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ആ പാർട്ടി അധികാരത്തിലേറിയത്‌.

കോണ്‍ഗ്രസ്സിന്റെ ശക്തിയും അന്തസ്സും വർധിച്ചുകൊണ്ടിരുന്ന കാലത്ത്‌ അതിനുള്ളിൽ ഒരു ഇടതുപക്ഷം വളർന്നുവന്നു. സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക്‌ ഗാന്ധിജി അനുകൂലിച്ച സ്ഥാനാർഥിയെ തോല്‌പിച്ച സുഭാഷ്‌ ചന്ദ്രബോസ്‌ തെരഞ്ഞെടുക്കപ്പെട്ടുവെന്നത്‌ പുതിയ ഇടതുപക്ഷശക്തിയുടെ സൂചനയായിരുന്നു. കോണ്‍ഗ്രസ്‌ മിതവാദികള്‍ സുഭാഷിനെ രാജിവയ്‌ക്കാന്‍ നിർബന്ധിതനാക്കിയപ്പോള്‍ അദ്ദേഹം "ഫോർവേർഡ്‌ ബ്ലോക്ക്‌' എന്ന പേരിൽ ഒരു പുതിയ പാർട്ടി രൂപവത്‌കരിച്ചു.

രണ്ടാം ലോകയുദ്ധത്തിലേക്ക്‌ ഇന്ത്യയെ വലിച്ചിഴച്ചുവെന്ന കാരണത്താൽ കോണ്‍ഗ്രസ്‌ മന്ത്രിസഭകള്‍ ഒന്നടങ്കം രാജിവച്ചു. മുസ്‌ലിംലീഗാകട്ടെ ഈ രാജിയെത്തുടർന്ന്‌ ഇന്ത്യയിലൊട്ടാകെ വിമോചനദിനം കൊണ്ടാടുകയും നന്ദിപ്രകടനം നടത്തുകയും ചെയ്‌തു.

കേന്ദ്രത്തിൽ ഒരു താത്‌കാലിക ദേശീയഗവണ്‍മെന്റെങ്കിലും രൂപവത്‌കരിക്കാമെങ്കിൽ യുദ്ധയത്‌നങ്ങളിൽ സഹകരിക്കാമെന്ന്‌ കോണ്‍ഗ്രസ്‌ സമ്മതിച്ചു. എന്നാൽ ഈ ആശയത്തെ വൈസ്രായി ലിന്‍ലിത്‌ഗോ നിരാകരിച്ചു; പകരം അദ്ദേഹം മുമ്പോട്ടുവച്ചത്‌ "ആഗസ്‌ത്‌ വാഗ്‌ദാനം' എന്ന പേരിലറിയപ്പെടുന്നു. ബ്രിട്ടിഷ്‌ ഇന്ത്യയിൽനിന്നും നാട്ടുരാജ്യങ്ങളിൽനിന്നും അംഗങ്ങളെ ചേർത്തുകൊണ്ട്‌ ഒരു യുദ്ധോപദേശക കൗണ്‍സിൽ; കൂടുതൽ ഇന്ത്യക്കാരെ ചേർത്തുകൊണ്ട്‌ വ്രസോയിയുടെ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിന്റെ വിപുലീകരണം; യുദ്ധാനന്തരം ഒരു പുതിയ, തെരഞ്ഞെടുക്കപ്പെട്ട, ഭരണഘടനാസമിതി എന്നിവയായിരുന്നു ഈ വാഗ്‌ദാനങ്ങള്‍. ആഗസ്‌ത്‌വാഗ്‌ദാനം' അപര്യാപ്‌തമെന്നു പറഞ്ഞ്‌ കോണ്‍ഗ്രസ്‌ തള്ളിക്കളഞ്ഞു.

ഹിന്ദുക്കളും മുസ്‌ലിങ്ങളും രണ്ട്‌ വ്യത്യസ്‌ത രാഷ്‌ട്രങ്ങളാണെന്നും "അവരുടെ പൊതുമാതൃഭൂമിയുടെ ഭരണം രണ്ടുകൂട്ടരും പങ്കിട്ടെടുക്കേണ്ടതാണെന്നും' ഇതിനിടയ്‌ക്ക്‌ ജിന്ന പ്രഖ്യാപിച്ചു. 1940-ൽ ലാഹോറിൽ ചേർന്ന ലീഗ്‌ സമ്മേളനത്തിൽ മുസ്‌ലിം രാഷ്‌ട്രത്തിന്‌ പ്രത്യേകമായ ഒരു സ്വതന്ത്രഭരണകൂടം ലഭിക്കേണ്ടതാണെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അതായത്‌ പഞ്ചാബ്‌, വ.പ. അതിർത്തി സംസ്ഥാനം, കാശ്‌മീർ, സിന്ധ്‌, ബലൂചിസ്‌താന്‍ എന്നിവ അടങ്ങുന്ന ഒരു പരമാധികാര രാഷ്‌ട്രം-പാകിസ്‌താന്‍-സ്ഥാപിക്കേണ്ടതാണെന്ന്‌ അദ്ദേഹം വാദിച്ചു. ഇത്‌ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അനുരഞ്‌ജനം അസാധ്യമാക്കി. ബ്രിട്ടന്‌ ഇത്‌ വലിയൊരു ആശ്വാസമായി.

ക്രിപ്‌സ്‌ദൗത്യം (1942). എന്നാൽ പൗരസ്‌ത്യദേശത്ത്‌ ജപ്പാന്റെ മുന്നേറ്റം ബ്രിട്ടനെ അസ്വസ്ഥമാക്കി. ഈ പുതിയ ഭീഷണിയുടെ ഫലമായി ബ്രിട്ടന്‍ സ്റ്റാഫോർഡ്‌ ക്രിപ്‌സിനെ ഇന്ത്യന്‍ നേതാക്കന്മാരുമായി സമാധാനസംഭാഷണത്തിന്‌ അയച്ചു. എന്നാൽ, യുദ്ധം കഴിഞ്ഞാൽ ഡൊമിനിയന്‍ പദവിയും ഒരു ഭരണഘടനാനിർമാണസമിതിയും എന്നതിൽകവിഞ്ഞ്‌ ഒന്നും ക്രിപ്‌സ്‌ വാഗ്‌ദാനം ചെയ്‌തില്ല. ആഗസ്‌ത്‌ വാഗ്‌ദാനത്തിന്റെ ഈ ക്രിപ്‌സ്‌-പതിപ്പിനെ കോണ്‍ഗ്രസ്സും ലീഗും ഒരു പോലെ തള്ളിക്കളഞ്ഞു.

ക്വിറ്റ്‌ ഇന്ത്യ. ക്രിപ്‌സ്‌ ദൗത്യത്തിന്റെ പരാജയത്തോടെ വ്യാപകമായ തോതിൽ ബഹുജനസമരം ആരംഭിക്കുവാന്‍ 1942 ആഗ. 8-ന്‌ ഇന്ത്യയിൽ നാഷണൽ കോണ്‍ഗ്രസ്‌ തീരുമാനമെടുത്തു. ആഗ. 9-ന്‌ അതിരാവിലെതന്നെ ഗാണ്ഡിജി തുടങ്ങി എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളെയും അറസ്റ്റ്‌ ചെയ്യുകയും സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇംഗ്ലീഷുകാർ ഇന്ത്യ വിടുക ("ക്വിറ്റ്‌ ഇന്ത്യ') എന്ന മുദ്രവാക്യം ആസേതുഹിമാചലം മുഴങ്ങി. നേതൃത്വത്തിന്റെ അഭാവത്തിൽ അക്രമാസക്തമായ കൊള്ളകളും അതിക്രമങ്ങളും ഉണ്ടായി. വിമാനത്തിൽനിന്നു വെടിയുതിർക്കുകയുള്‍പ്പെടെയുള്ള മർദനനപടികള്‍ ഗവണ്‍മെന്റും കൈക്കൊണ്ടു.

സുഭാഷ്‌ ചന്ദ്രബോസും ആസാദ്‌ ഹിന്ദ്‌ഫൗജും. 1941-ൽ സുഭാഷ്‌ചന്ദ്രബോസ്‌ ഇന്ത്യവിട്ട്‌ ജർമനിയും ജപ്പാനുമായി ബന്ധം സ്ഥാപിച്ചു. ജപ്പാനുമായി ഉണ്ടാക്കിയ ഒരു കരാർപ്രകാരം മലയയിൽ ജപ്പാന്റെ തടവുകാരായിരുന്ന ഇന്ത്യന്‍ പട്ടാളക്കാരെയും മറ്റ്‌ ഇന്ത്യാക്കാരെയും "ആസാദ്‌ഹിന്ദ്‌ഫൗജ്‌' (ഇന്ത്യന്‍ ദേശീയസേന) എന്ന പേരിൽ സംഘടിപ്പിച്ച്‌ സിംഗപ്പൂരിൽ സ്വതന്ത്ര ഇന്ത്യയുടെ ഗവണ്‍മെന്റ്‌ സ്ഥാപിച്ചു. 1943-ൽ ബോസിന്റെ ദേശീയസേന ഇന്ത്യയുടെ അതിർത്തികടന്ന്‌ ഇംഫാലിൽ ഇന്ത്യന്‍ കൊടികുത്തി.

വേവൽപ്രഭുവും സിംലാസമ്മേളനവും. വൈസ്രായിയായി ലിന്‍ലിത്‌ഗോ പ്രഭുവിനെ പിന്തുടർന്നത്‌ വേവൽപ്രഭുവായിരുന്നു (1943). വൈസ്രായിയും സർവസൈന്യാധിപനും ഒഴിച്ച്‌ തന്റെ കൗണ്‍സിലിലെ ബാക്കി എല്ലാ അംഗങ്ങളെയും ഇന്ത്യന്‍ രാഷ്‌ട്രീയസംഘടനകളിൽനിന്നു തെരഞ്ഞെടുക്കാമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു, എന്നാൽ 1945 ജൂണിൽ, കൗണ്‍സിലംഗങ്ങളെ തെരഞ്ഞെടുക്കുവാന്‍ അദ്ദേഹം ഷിംലയിൽ വിളിച്ചുകൂട്ടിയ സമ്മേളനം കോണ്‍ഗ്രസും ലീഗും യോജിക്കാത്തതിനാൽ അലസിപ്പിരിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ മോചിതനായിരുന്ന (1944) ഗാന്ധിജി ജിന്നയുമായി കോണ്‍ഗ്രസ്‌-ലീഗ്‌ യോജിപ്പിനെപ്പറ്റി ഒട്ടേറെ ചർച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആറ്റ്‌ലി ഗവണ്‍മെന്റും ഇന്ത്യന്‍ പ്രതിസന്ധിയും. യുദ്ധം 1945-ൽ അവസാനിച്ചു. തുടർന്ന്‌ ഇംഗ്ലണ്ടിൽ ആറ്റ്‌ലിയുടെ കീഴിൽ ഒരു ലേബർകക്ഷി ഗവണ്‍മെന്റാണ്‌ അധികാരത്തിൽ വന്നത്‌. അവർ ഇന്ത്യന്‍ പ്രതിസന്ധിക്ക്‌ ഒരു പരിഹാരം കാണുന്നതിന്‌ 1946 ആദ്യത്തിൽ തെരഞ്ഞെടുപ്പുകള്‍ നടത്തി. പൊതു സീറ്റുകളിൽ കോണ്‍ഗ്രസ്സും മുസ്‌ലിം സീറ്റുകളിൽ ലീഗും വമ്പിച്ച ഭൂരിപക്ഷം നേടി. അപ്പോഴേക്കും ബോസ്‌ വീരചരമമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ദേശീയസേന ജപ്പാന്റെ പതനത്തോടുകൂടി ബ്രിട്ടിഷുകാർക്ക്‌ കീഴടങ്ങുകയും ചെയ്‌തു. അതിലെ ഓഫീസർമാരെ രാജ്യദ്രാഹകുറ്റം ചുമത്തി വിചാരണംചെയ്യുന്ന പ്രശ്‌നം വന്നപ്പോള്‍ ഇന്ത്യയിൽ വികാരാവേശം അലതല്ലാന്‍ തുടങ്ങി. 1946 ഫെ.-ൽ രാജകീയനാവികസേനയുടെ ഒരു വിഭാഗം തുറന്ന ലഹള നടത്തി.

ക്യാബിനറ്റ്‌ മിഷന്‍. തുടർന്ന്‌ ഒരു മൂന്നംഗ ക്യാബിനറ്റ്‌ മിഷന്‍ ഡൽഹിയിലെത്തി. കോണ്‍ഗ്രസ്‌ നേതാക്കളും ലീഗ്‌ നേതാക്കളുമായി ക്യാബിനറ്റ്‌ മിഷന്‍ ആവർത്തിച്ചാവർത്തിച്ചു നടത്തിയ സംഭാഷണങ്ങള്‍ കോണ്‍ഗ്രസ്സും ലീഗും തമ്മിൽ യോജിപ്പിനു യാതൊരു സാധ്യതയുമില്ലെന്നു തെളിയിച്ചു. ക്യാബിനറ്റ്‌ മിഷന്‍ രണ്ട്‌ പ്രധാന ശുപാർശകള്‍ ചെയ്‌തു: ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയകക്ഷിനേതാക്കളെയും ചേർത്ത്‌ വൈസ്രായിയുടെ നേതൃത്വത്തിൽ ഒരു ഇടക്കാല ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുക; ഇന്ത്യയ്‌ക്ക്‌ ഒരു ഭരണഘടനാനിർമാണസഭ രൂപവത്‌കരിക്കുക.

മുസ്‌ലിംലീഗിന്റെ പ്രതിനിധികളില്ലാതെ വൈസ്രായി തന്റെ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിൽ പുനഃസംഘടിപ്പിച്ചു. ജവാഹർലാൽ നെഹ്‌റുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും 1946 സെപ്‌.-ൽ അതിലെ അംഗങ്ങളായി. ജിന്നയും വിഭജനവാദികളും അതിനുമുമ്പുതന്നെ 1946 ആഗ. 16 പ്രത്യക്ഷസമരദിനമായി പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ ഹിന്ദുക്കള്‍ തെരഞ്ഞുപിടിച്ചു വധിക്കപ്പെട്ടു; അവരുടെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്‌തു. ഹിന്ദുക്കള്‍ ഉടനെ പകരംവീട്ടി. നവോഖാലിയിലും കോമില്ലയിലും ഹിന്ദുക്കള്‍ ആയുധധാരികളായ ആളുകളുടെ സംഘടിതമായ ആക്രമണത്തിനു വിധേയരായി. ഇതിനു പ്രതികാരമായി ബിഹാറിൽ അനവധി മുസ്‌ലിങ്ങള്‍ക്ക്‌ ഹിന്ദുക്കളിൽനിന്നു തിരിച്ചടി ലഭിച്ചു.

നെഹ്‌റു എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിൽ വന്നതോടെ തന്റെ അധികാരം അസ്‌തമിച്ചതായിക്കണ്ട വേവൽ, കൗണ്‍സിലിന്റെ ഏകത്വഭാവത്തെ കെടുത്തുമാറ്‌ ലീഗംഗങ്ങളെക്കൂടി അതിലുള്‍പ്പെടുത്തി; എന്നാൽ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിൽ പിടിച്ചുകയറ്റിയ അവരെ കോണ്‍സ്റ്റിറ്റുവന്റ്‌ അസംബ്ലിയിൽ ചേരാന്‍ സമ്മിതിച്ചില്ല. അതിനാൽ 1946 ഡി.-ൽ സമ്മേളിച്ച കോണ്‍സ്റ്റിറ്റുവന്റ്‌ അസംബ്ലി ഒരു കോണ്‍ഗ്രസ്‌ അസംബ്ലിയായിരുന്നു.

വിഭജനം. 1947 ഫെ. 20-ന്‌ ബ്രിട്ടന്‍ ഇന്ത്യ വിടുകയാണെന്നു പ്രഖ്യാപിച്ചു. അധികാരക്കൈമാറ്റത്തിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നിർദേശിച്ചു കൊണ്ട്‌ മൗണ്ട്‌ബാറ്റന്‍ പ്രഭുവിനെ വൈസ്രായിയായി ഇന്ത്യയിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. ഇന്ത്യയൊട്ടാകെ ആവേശത്തോടെ ശ്രവിച്ച ഈ പ്രഖ്യാപനം മുസ്‌ലിം ലീഗിന്‌ നിരാശയാണ്‌ ഉണ്ടാക്കിയത്‌. ആ സംഘടന വീണ്ടും ഒരു "പ്രത്യക്ഷസമര'ത്തിന്‌ ആഹ്വാനം നല്‌കി. വ.പ. സംസ്ഥാനത്തിലും പഞ്ചാബിലും തത്‌ഫലമായി വ്യാപകമായ വർഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.

1947 മാ. 24-ന്‌ മൗണ്ട്‌ബാറ്റന്‍ പ്രഭു ഇന്ത്യയുടെ വിഭജനം പ്രഖ്യാപിച്ചു. ഹിന്ദുക്കളും മറ്റെല്ലാ ദേശീയവാദികളും ഇന്ത്യയുടെ ഈ അംഗവിച്ഛേദത്തെ അപലപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ പ്രശ്‌നത്തിന്‌ നിർദേശിക്കാവുന്ന ഏറ്റവും നല്ല പരിഹാരമാണിതെന്ന്‌ സ്വയം ബോധ്യപ്പെട്ടുകൊണ്ട്‌ കോണ്‍ഗ്രസ്സും, ആവശ്യപ്പെട്ടതുമുഴുവന്‍ കിട്ടാത്തതിൽ നിരാശയോടുകൂടി മുസ്‌ലിംലീഗും വിഭജനത്തെ അംഗീകരിച്ചു. ബ്രിട്ടിഷ്‌ പാർലമെന്റ്‌ എതിർപ്പില്ലാതെ പാസ്സാക്കിയ ഇന്ത്യന്‍ സ്വാതന്ത്യ്രനിയമം (1947 ജൂല.) അധികാരക്കൈമാറ്റത്തിനുള്ള ദിവസമായി 1947 ആഗ. 15 നിശ്ചയിച്ചു.

സ്വതന്ത്രഇന്ത്യ

ഒന്നര നൂറ്റാണ്ടിലേറെക്കാലം ബ്രിട്ടിഷ്‌ സാമ്രാജ്യത്തിന്റെ ഒരു കോളനിയായി അടിമത്തം അനുഭവിച്ചുപോന്ന ഇന്ത്യ 1947 ആഗ. 14-ന്‌ അർധരാത്രിക്ക്‌ സ്വതന്ത്രയായി. ലോകജനതയുടെ അഞ്ചിലൊന്നുഭാഗം വിദേശാധിപത്യത്തിൽനിന്നു വിമുക്തമായെങ്കിലും പാകിസ്‌താനികളെന്നും ഇന്ത്യാക്കാരെന്നും ഔദ്യോഗികമായി വേർതിരിക്കപ്പെട്ടു.

അഭയാർഥിപ്രശ്‌നം

സ്വതന്ത്ര ഇന്ത്യയെ ആദ്യം അഭിമുഖീകരിച്ചത്‌ വർഗീയലഹളകളുടെ കെടുതികളായിരുന്നു. വിഭജനത്തിനുമുമ്പുതന്നെ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകള്‍ നടക്കുന്നുണ്ടായിരുന്നു; വിഭജനത്തോടെ അതിന്റെ തീവ്രത വർധിച്ചു. മുഹമ്മദലി ജിന്ന ഉന്നയിച്ച ദ്വിരാഷ്‌ട്രവാദമാണ്‌ കലാപത്തിന്റെ വിത്തുകള്‍ പാകിയത്‌. 1946 ആഗ. 16-ന്‌ മുസ്‌ലിംലീഗ്‌ പ്രത്യക്ഷസമരം ആരംഭിച്ചതാണ്‌ വർഗീയലഹളയ്‌ക്കു തുടക്കം കുറിച്ചത്‌. കൊൽക്കത്തയിൽ മാത്രം അയ്യായിരം പേർ കൊലചെയ്യപ്പെട്ടു. അന്ന്‌ മുസ്‌ലിംലീഗ്‌ മന്ത്രിസഭ ആയിരുന്നു.

കൊൽക്കത്തയിലെ കൂട്ടക്കൊല പിന്നീട്‌ പൂർവബംഗാളിലെ നവോഖാലിയിൽ ആവർത്തിക്കപ്പെട്ടു. കലാപം അവസാനിപ്പിക്കണമെന്ന്‌ അഭ്യർഥിച്ചുകൊണ്ട്‌ മഹാത്മാഗാന്ധി അവിടെ ഗ്രാമങ്ങള്‍തോറും പദയാത്ര നടത്തി. നവോഖാലിയിലെ സംഭവങ്ങളുടെ പ്രതികരണമെന്നോണം ബിഹാറിൽ അസ്വസ്ഥതകള്‍ തലപൊക്കി. എന്നാൽ അവിടുത്തെ ഗവണ്‍മെന്റിന്റെ സമയോചിതമായ നടപടികള്‍മൂലം കലാപം ആളിക്കത്തിയില്ല. പക്ഷേ വ.പ. അതിർത്തിപ്രവിശ്യയിലും പശ്ചിമബംഗാളിലും കൂട്ടക്കൊലകള്‍ നടന്നു.

അധികാരക്കൈമാറ്റം നടന്ന്‌ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പാകിസ്‌താനിലെ അതിർത്തിനഗരമായ ഷെയിഖ്‌പുരയിൽ ഹിന്ദുക്കള്‍ കൂട്ടക്കൊലയ്‌ക്കിരയായി. അതിന്റെ പ്രതികരണമെന്നനിലയിൽ അമൃതസരസ്സിൽ മുസ്‌ലിങ്ങളും ആക്രമിക്കപ്പെട്ടു. വർഗീയ സംഘട്ടനം ആയരിക്കണക്കിനു ജനങ്ങളുടെ കൊലയ്‌ക്ക്‌ കാരണമായിത്തീർന്നു. ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ സർവവുമുപേക്ഷിച്ച്‌ പലായനം ചെയ്‌തു. 1948 ജൂണ്‍ 15 വരെ 55 ലക്ഷം പേർ അഭയാർഥികളെന്ന നിലയിൽ ഇന്ത്യയിലെത്തി. അഭയാർഥികളുടെ പുനരധിവാസം ഒരു പ്രശ്‌നമായിത്തീർന്നു. എങ്കിലും ഇന്ത്യാഗവണ്‍മെന്റ്‌ അതിന്‌ സമചിത്തതയോടെ പരിഹാരം കണ്ടെത്തി.

നാട്ടുരാജ്യസംയോജനം

അഞ്ഞൂറിൽപരം സംസ്ഥാനങ്ങളുടെ സംയോജനം സ്വതന്ത്രഇന്ത്യയെ അഭിമുഖീകരിച്ച മറ്റൊരു പ്രശ്‌നമായിരുന്നു. ബ്രിട്ടിഷുകാർ നേരിട്ടുഭരണം നടത്തിയിരുന്ന പ്രവിശ്യകളും ബ്രിട്ടിഷ്‌ മേല്‌ക്കോയ്‌മയ്‌ക്കു വിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്ന അഞ്ഞൂറോളം നാട്ടുരാജ്യങ്ങളും ചേർന്നതായിരുന്നു സ്വാതന്ത്യ്രലബ്‌ധിയുടെ കാലത്തെ ഇന്ത്യ. 1947 ജൂലായിലെ ഇന്ത്യന്‍ സ്വാതന്ത്യ്രനിയമപ്രകാരം നാട്ടുരാജ്യങ്ങള്‍ക്ക്‌ ഇന്ത്യയിലോ പാകിസ്‌താനിലോ ലയിക്കാന്‍ സ്വാതന്ത്യ്രം ലഭിച്ചു. ഇത്‌ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഒരു വെല്ലുവിളിയായിത്തീർന്നു. എന്നാൽ സർദാർ വല്ലഭ്‌ഭായി പട്ടേലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്റ്റേറ്റ്‌സ്‌ ഡിപ്പാർട്ടുമെന്റ്‌ ഈ പ്രശ്‌നം വിജയകരമായി പരിഹരിച്ചു. ജൂനാഗഡ്‌, ഹൈദരാബാദ്‌, കാശ്‌മീർ എന്നീ നാട്ടുരാജ്യങ്ങള്‍ മാത്രമാണ്‌ സ്വാതന്ത്യ്രത്തിനുശേഷവും ഇന്ത്യയിൽ ലയിക്കാതെ അവശേഷിച്ചത്‌.

ഭൂമിശാസ്‌ത്രപരമായി ഇന്ത്യയിലുള്‍പ്പെട്ട ജൂനാഗഡിനെ പാകിസ്‌താന്റെ ഭാഗമാക്കാന്‍ അവിടത്തെ നവാബ്‌ തീരുമാനിച്ചു. ഇതിനെതിരായി ഉയർന്നു വന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ കഴിയാതായ നവാബ്‌, കുടുംബസഹിതം രാജ്യംവിട്ടുപോയി. അങ്ങനെ ജൂനാഗഡ്‌ ഇന്ത്യയിൽ ലയിച്ചു.

ഹൈദരാബാദിലെ നിസാം ആദ്യം ലയനകാര്യത്തിൽ തീരുമാനമൊന്നും എടുത്തില്ല; എങ്കിലും 1947 ന.-ൽ ഒരു ഇടക്കാല ഉടമ്പടിക്കു വഴങ്ങി. എന്നാൽ സംസ്ഥാനത്തെ വർഗീയ പിന്തിരിപ്പന്‍ ശക്തികള്‍ റസാക്കർ എന്ന സൈനികസംഘടനയുടെ നേതൃത്വത്തിൽ കലാപം അഴിച്ചുവിട്ടു. ഹൈദരാബാദിനെ പാകിസ്‌താനിൽ ലയിപ്പിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ജനങ്ങളുടെ ജീവധനാദികള്‍ അപകടത്തിലായപ്പോള്‍ പോലീസ്‌ നടപടിയിലൂടെ ഹൈദരാബാദ്‌ ഇന്ത്യയിൽ ലയിപ്പിക്കപ്പെട്ടു.

ജമ്മു-കാശ്‌മീർ സംസ്ഥാനത്തിന്റെ ലയനത്തെപ്പറ്റി അവിടുത്തെ മഹാരാജാവ്‌ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ കാശ്‌മീരിന്റെമേൽ ആദിവാസികളുള്‍പ്പെട്ട ഒരു സംഘം പൊടുന്നനെ ആക്രമണം നടത്തി. പാകിസ്‌താനാണ്‌ ഈ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്‌. ആദ്യം പൂഞ്ച്‌-സിയാൽക്കോട്ട്‌ മേഖലകളിലേക്കുകടന്ന ആക്രമണം പിന്നീട്‌ ഹസാറാ ജില്ലയിലേക്ക്‌ വ്യാപിച്ചു. ആക്രമണകാരികളെ നേരിടാന്‍ കഴിയാതെവന്ന രാജാവ്‌ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു; കാശ്‌മീരിനെ ഇന്ത്യയിൽ ലയിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തു. ഇന്ത്യന്‍സൈന്യവും ആക്രമണകാരികളും തമ്മിൽ യുദ്ധം തുടർന്നു. പാകിസ്‌താന്റെ അതിർത്തിക്കുള്ളിലായിരുന്ന ആക്രമണകാരികളുടെ താവളങ്ങളും പരിശീലനകേന്ദ്രങ്ങളും നശിപ്പിക്കുവാന്‍ അന്താരാഷ്‌ട്ര നിയമത്തെ അതിലംഘിച്ച്‌ പാകിസ്‌താന്‍ അതിർത്തിക്കുള്ളിലേക്കു കടക്കാതെ സാധ്യമായിരുന്നില്ല. അതിനാൽ പാകിസ്‌താന്‍ പ്രദേശങ്ങള്‍ ആക്രമണകാരികള്‍ ഉപയോഗപ്പെടുത്തുന്നത്‌ തടയണമെന്ന്‌ ഇന്ത്യ അഭ്യർഥിച്ചു. പക്ഷേ, പാകിസ്‌താന്‍ ആക്രമണത്തെ പരോക്ഷമായി സഹായിക്കുകയായിരുന്നു. തന്നിമിത്തം ഇന്ത്യ കാശ്‌മീർപ്രശ്‌നം യു.എന്‍. രക്ഷാസമിതിയിൽ ഉന്നയിച്ചു. വെടിനിർത്തൽ നിലവിൽ വന്നപ്പോള്‍ ജമ്മു-കാശ്‌മീർ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യഘടകമായിത്തീർന്നുവെങ്കിലും, ആക്രമണകാരികള്‍ കൈവശപ്പെടുത്തിയിരുന്ന പ്രദേശത്തെ സംബന്ധിച്ച്‌ ഇനിയും തീരുമാനമായിട്ടില്ല.

നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ ഇന്ത്യയുടെ ഏകീകരണം പൂർത്തിയായി. പഴയ ബ്രിട്ടിഷ്‌ പ്രവിശ്യകള്‍ പാർട്ട്‌ എ സംസ്ഥാനങ്ങളായും നാട്ടുരാജ്യങ്ങള്‍ സംയോജിച്ചുണ്ടായ പുതിയ പ്രാദേശികഘടകങ്ങള്‍ പാർട്ട്‌ ബി, പാർട്ട്‌ സി. സംസ്ഥാനങ്ങളായും പുനഃസംഘടിപ്പിക്കപ്പെട്ടു.

ദേശീയ പതാക

മുകള്‍ഭാഗത്ത്‌ കട്ടിക്കാവിയും നടുവിൽ വെള്ളയും കീഴ്‌ഭാഗത്ത്‌ കടും പച്ചയും നിറങ്ങള്‍ നെടുകെ തുല്യവീതിയിൽ സംയോജിപ്പിച്ചിട്ടുള്ള ത്രിവർണപതാകയാണ്‌ ഇന്ത്യയുടെ ദേശീയപതാക. ദീർഘചതുരാകൃതിയിലുള്ള ഇതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്‌. വെളുത്ത മേഖലയിൽ ഒത്ത നടുവിലായി നിറഞ്ഞുനില്‌ക്കുന്നതും 24 ആരക്കാലുകളുള്ളതുമായ ഒരു ചക്രം നാവിക നീലനിറത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌. സാരനാഥിലെ അശോക സ്‌തംഭത്തിൽനിന്നു സ്വീകരിച്ചിട്ടുള്ള ഈ ചിഹ്നം ധർമചക്രം അഥവാ അശോകചക്രം എന്ന പേരിലറിയപ്പെടുന്നു. 1947 ജൂല. 22-ന്‌ കോണ്‍സ്റ്റിറ്റുവന്റ്‌ അസംബ്ലി ദേശീയപതാകയുടെ ഈ മാതൃകയ്‌ക്ക്‌ അംഗീകാരം നല്‌കി. (നോ: ഇന്ത്യന്‍ ദേശീയപതാക).

ദേശീയ ഗാനം

4. ദേശീയഗാനം. ഔപചാരികാവസരങ്ങളിൽ ആലപിക്കുന്നതിന്‌ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയുടെ ദേശീയഗാനം താഴെക്കൊടുക്കുന്നു.

       "ജനഗണമന അധിനായക ജയഹേ, ഭാരതഭാഗ്യവിധാതാ,
	പഞ്ചാബസിന്ധുഗുജറാട മറാഠാ ദ്രാവിഡ ഉത്‌കല വംഗാ,
	വിന്ധ്യഹിമാചലയമുനാഗംഗാ, ഉച്ഛലജലധിതരംഗാ,
	തവ ശുഭനാമേ ജാഗേ, തവശുഭ ആശിസ മാഗേ, 
	ഗാഹേ തവ ജയഗാഥാ.
	ജനഗണമംഗലദായക ജയഹേ, ഭാരതഭാഗ്യവിധാതാ
	ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ'.
 

വിശ്വമഹാകവിയായ രവീന്ദ്രനാഥടാഗൂർ രചിച്ചതും ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ 28-ാം വാർഷികം (1911 ഡി. 27-ന്‌) കൊൽക്കത്തയിൽവച്ച്‌ ആഘോഷിച്ചപ്പോള്‍ ആദ്യമായി ആലപിക്കപ്പെട്ടതുമായ അഞ്ചുചരണങ്ങളുള്ള ഗാനത്തിലെ ഈ ഒന്നാം ചരണമാണ്‌ ഇന്ത്യ ദേശീയ ഗാനമായി സ്വീകരിച്ചിരിക്കുന്നത്‌. 1950 ജനു. 24-ന്‌ ജനഗണമനയെ ദേശീയഗാനമായി കോണ്‍സ്റ്റിറ്റുവന്റ്‌ അസംബ്ലി അംഗീകരിച്ചു. (നോ: ഇന്ത്യന്‍ ദേശീയഗാനം)

ദേശീയ ചിഹ്നം

ശ്രീബുദ്ധന്‍ ആദ്യമായി ഉപദേശം നല്‌കിയ സാരനാഥിൽ അശോകചക്രവർത്തി പണികഴിപ്പിച്ച സ്‌തംഭത്തിൽനിന്നു പകർത്തിയതാണ്‌ ഇന്ത്യയുടെ ദേശീയചിഹ്നം, ധർമചക്രം അങ്കിതമായിട്ടുള്ള ഒരു പീഠത്തിൽ ഒന്നിനോടൊന്ന്‌ പുറംതിരഞ്ഞു നില്‌ക്കുന്ന മൂന്ന്‌ സിംഹങ്ങളെ അതു കാണിക്കുന്നു; ചിഹ്നത്തിന്റെ ചുവട്ടിലായി "സത്യമേവ ജയതേ' എന്നു ദേവനാഗരി ലിപിയിൽ കൊത്തിയിരിക്കുന്നു. പീഠമധ്യത്തിൽ ധർമചക്രവും അതിന്റെ ഇടത്തും വലത്തുമായി കാളയുടെയും കുതിരയുടെയും രൂപങ്ങളും അരികറ്റങ്ങളിൽ ചക്രത്തിന്റെ ദൃശ്യവും കാണുന്നു. 1950 ജനു. 26-നാണ്‌ ഈ ചിഹ്നം അംഗീകരിക്കപ്പെട്ടത്‌.

ദേശീയ പഞ്ചാംഗം

നിലവിലുള്ള വിവിധ പഞ്ചാംഗങ്ങള്‍ പരിശോധിച്ച്‌ ഇന്ത്യയ്‌ക്ക്‌ മൊത്തത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു പഞ്ചാംഗം നിശ്ചയിക്കുന്നതിന്‌ 1952-ൽ ഒരു സമിതിയെ ഇന്ത്യാഗവണ്‍മെന്റ്‌ നിയമിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രാചീനമായ ശകവർഷസമ്പ്രദായം ഗവണ്‍മെന്റ്‌ സ്വീകരിച്ചു. ശകവർഷത്തിന്‌ 365 ദിവസങ്ങളാണുള്ളത്‌. എ.ഡി. 78-ലാണ്‌ ശകവർഷം ആരംഭിക്കുന്നത്‌. ശകവർഷത്തിലെ മാസങ്ങളാണ്‌ ചൈത്രം വൈശാഖം, ജ്യേഷ്‌ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാർത്തിക, അഗ്രഹായണം, പൗഷം, മാഘം, ഫാൽഗുനം എന്നിവ. ശകവർഷത്തിന്‌ ഗ്രിഗോറിയന്‍ കലണ്ടറുമായി ചില സാമ്യങ്ങളുണ്ട്‌. ചൈത്രമാസം 1-ന്‌ സാധാരണയായി മാർച്ച്‌ 22 ആയിരിക്കും (അധിവർഷങ്ങളിൽ മാർച്ച്‌ 21-ഉം). 1957 മാർച്ച്‌ 22-ന്‌ ദേശീയ പഞ്ചാംഗം ഇന്ത്യാഗവണ്‍മെന്റ്‌സ്വീകരിക്കുകയുണ്ടായി (1879 ചൈത്രം-1). ചില ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഗ്രിഗോറിയന്‍ കലണ്ടറും ഉപയോഗിച്ചുവരുന്നു. ഗസറ്റ്‌, ആകാശവാണിയുടെ പ്രക്ഷേപണം, ഇന്ത്യാഗവണ്‍മെന്റിന്റെ കത്തിടപാടുകള്‍ എന്നിവയ്‌ക്ക്‌ ഗ്രിഗോറിയന്‍ കലണ്ടർ ഉപയോഗിക്കുന്നുണ്ട്‌.

ഇന്ത്യന്‍ റിപ്പബ്ലിക്‌

1950-ൽ ഇന്ത്യ അഥവാ ഭാരതം ഒരു പരമാധികാര ജനാധിപത്യരാഷ്‌ട്രം (റിപ്പബ്ലിക്‌) ആയി പ്രഖ്യാപിക്കപ്പെട്ടു; ഇന്ത്യന്‍ യൂണിയന്‍ എന്ന പേരിലും അറിയപ്പെടുന്നു. റിപ്പബ്ലിക്കായതിനു ശേഷവും ബ്രിട്ടിഷ്‌ കോമണ്‍വെൽത്തിൽ അംഗമായി തുടർന്നു. കോമണ്‍വെൽത്തിലെ അംഗത്വം സ്വീകരിച്ച ആദ്യത്തെ റിപ്പബ്ലിക്കും ഇന്ത്യ ആയിരുന്നു.

1950 ജനു. 26-നു നിലവിൽവന്ന ഭരണഘടന അനുസരിച്ചാണ്‌ റിപ്പബ്ലിക്കിന്റെ ഭരണം നിർവഹിക്കപ്പെടുന്നത്‌. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ്‌ ഇന്ത്യയുടേത്‌. ഫെഡറൽ ഘടനയുള്ള ഇത്‌ യൂണിറ്ററി സ്വഭാവങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌. പ്രായപൂർത്തി വോട്ടവകാശത്തിൽ അധിഷ്‌ഠിതമായ പാർലമെന്ററി ഭരണസംവിധാനമാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. രാഷ്‌ട്രത്തിന്റെ അധികാരം നിയമനിർമാണസഭ, ഭരണനിർവാഹകസമിതി, നീതിന്യായഭരണസമിതി എന്നിങ്ങനെ മൂന്നായി വേർതിരിച്ചിരിക്കുന്നു.

യൂണിയന്‍. യൂണിയന്റെ നിർവാഹകാധികാരം രാഷ്‌ട്രപതിയിൽ നിക്ഷിപ്‌തമാണ്‌. ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച്‌ അദ്ദേഹം നേരിട്ടോ കീഴിലുള്ള ഉദ്യോഗസ്ഥന്മാർ മുഖേനയോ അധികാരങ്ങള്‍ വിനിയോഗിക്കുന്നു. ഭരണനിർവഹണത്തിൽ രാഷ്‌ട്രപതിയെ ഉപദേശിക്കുന്നതും സഹായിക്കുന്നതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ മന്ത്രിസഭയാണ്‌. ഫലത്തിൽ ഭരണനിർവഹണാധികാരം മന്ത്രിസഭയിൽ നിക്ഷിപ്‌തമായിരിക്കുന്നു. മന്ത്രിസഭയ്‌ക്ക്‌ പാർലമെന്റിനോട്‌ കൂട്ടുത്തരവാദിത്ത്വം ഉണ്ട്‌.

യൂണിയന്റെ നിയമനിർമാണാധികാരം രാഷ്‌ട്രപതിയും രാജ്യസഭ, ലോക്‌സഭ എന്നിങ്ങനെ അറിയപ്പെടുന്ന സഭകളും അടങ്ങുന്ന പാർലമെന്റിനാണ്‌. ലോക്‌സഭയിൽ സംസ്ഥാനങ്ങളിൽനിന്ന്‌ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരായി 525-ൽ കവിയാതെയും കേന്ദ്രഭരണ പ്രവിശ്യകളെ പ്രതിനിധികരിച്ച്‌ 20-ൽ കവിയാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കാം. മൊത്തം അംഗസംഖ്യ 545-ൽ കവിയാന്‍ പാടില്ല. ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്‌ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന്‌ രാഷ്‌ട്രപതിക്ക്‌ അഭിപ്രായമുണ്ടാകുന്നപക്ഷം ആ സമുദായത്തിലെ രണ്ടിൽകൂടാത്ത അംഗങ്ങളെ ലോകസഭയിലേക്ക്‌ അദ്ദേഹം നാമനിർദേശം ചെയ്യാറുണ്ട്‌. രാജ്യസഭയിലെ അംഗസംഖ്യ 250-ൽ കവിയാന്‍പാടില്ല. ഇവരിൽ 12 പേരെ സാഹിത്യം, ശാസ്‌ത്രം, കല, സാമൂഹികസേവനം എന്നീ വിഷയങ്ങളിലുള്ള പ്രാഗല്‌ഭ്യമനുസരിച്ച്‌ രാഷ്‌ട്രപതി നോമിനേറ്റു ചെയ്യുന്നു. ബാക്കി അംഗങ്ങളെ ഓരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യസമ്പ്രദായമനുസരിച്ച്‌ തെരഞ്ഞെടുക്കുന്നു. രാജ്യസഭ ലോക്‌സഭയെപ്പോലെ ഒരു നിശ്ചിതകാലം (5 വർഷം) കഴിയുമ്പോള്‍ പിരിച്ചുവിടപ്പെടുന്നില്ല. ഇത്‌ ഒരു സ്ഥിരം സമിതിയാണ്‌. രണ്ടുവർഷം കൂടുമ്പോള്‍ മൂന്നിലൊന്ന്‌ അംഗങ്ങള്‍ വീതം സ്ഥാനമൊഴിയുന്നു. (നോ: പാർലമെന്റ്‌, ഇന്ത്യയിൽ)

സംസ്ഥാനങ്ങള്‍. കേന്ദ്രമാതൃകയിലുള്ള ഭരണസംവിധാനംതന്നെയാണ്‌ സംസ്ഥാനങ്ങളിലുമുള്ളത്‌. ഗവർണറാണ്‌ സംസ്ഥാനത്തിന്റെ നിർവാഹകമേധാവി. ഗവർണറെ പ്രസിഡണ്ട്‌ നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനമന്ത്രിസഭ ഗവർണറെ ഉപദേശിക്കുന്നു. യഥാർഥത്തിൽ ഭരണം നടത്തുന്നത്‌ മന്ത്രിസഭയാണ്‌. മന്ത്രിസഭ നിയമസഭയോട്‌ ഉത്തരവാദിത്തം വഹിക്കുന്നു. സംസ്ഥാനത്തെ നിയമനിർമാണച്ചുമതല ഗവർണറിലും നിയമസഭയിലും നിക്ഷിപ്‌തമാണ്‌. സംസ്ഥാനത്തെ പ്രായപൂർത്തിയെത്തിയ പൗരന്മാർ തെരഞ്ഞെടുക്കുന്ന അംഗങ്ങള്‍ ചേർന്നതാണ്‌ നിയമസഭ. ഓരോ സംസ്ഥാനനിയമസഭയുടെയും അംഗസംഖ്യ അതതു സംസ്ഥാനത്തെ ജനസംഖ്യയുടെ തോതനുസരിച്ച്‌ വ്യത്യസ്‌തമായിരിക്കും. ആന്ധ്രപ്രദേശ്‌, ബിഹാർ, ജമ്മു-കാശ്‌മീർ, കർണാടക, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭയ്‌ക്ക്‌ ലജിസ്ലേറ്റീവ്‌ കൗണ്‍സിൽ, ലജിസ്ലേറ്റീവ്‌ അസംബ്ലി എന്നീ ദ്വിമണ്ഡലസംവിധാനം നിലവിലുണ്ട്‌. ബാക്കി സംസ്ഥാനങ്ങളിൽ ലജിസ്ലേറ്റീവ്‌ അസംബ്ലി മാത്രമേയുള്ളൂ. സംസ്ഥാനനിയമസഭകളെ പിരിച്ചുവിടുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ട്‌. (നോ: നിയമസഭകള്‍, ഇന്ത്യയിൽ)

യൂണിയന്‍ ടെറിട്ടറികള്‍. യൂണിയന്‍ ടെറിട്ടറികള്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാണ്‌. പ്രസിഡണ്ട്‌ നിയമിക്കുന്ന അഡ്‌മിനിസ്‌ട്രറ്റർ എന്ന ഉദ്യോഗസ്ഥനാണ്‌ ഭരണമേധാവി. ആന്‍ഡമാന്‍-നിക്കോബാർ ചണ്ഡിഗഢ്‌, ഭദ്രാ-നഗർ ഹവേലി, ദാമന്‍, ദിയൂ, ലക്ഷ്‌ദ്വീപ്‌, പോണ്ടിച്ചേരി എന്നിവയാണ്‌ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങള്‍. ഇതിൽ ആന്‍ഡമാന്‍-നിക്കോബർ, പുതുച്ചേരി എന്നിവിടങ്ങളിൽ ലഫ്‌റ്റനന്റ്‌ ഗവർണർ പദവിയാണ്‌ അഡ്‌മിനിസ്‌ട്രറ്റർക്കു നൽകിയിട്ടുള്ളത്‌. "ലഫ്‌റ്റനന്റ്‌ ഗവർണർ' പദവിയാണ്‌ അഡ്‌മിനിസ്‌ട്രറ്റർക്കു നല്‌കപ്പെട്ടിട്ടുള്ളത്‌. ഡൽഹി, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ പ്രത്യേകനിയമനിർമാണ സഭകളുണ്ട്‌.

തദ്ദേശസ്വയംഭരണം. സംസ്ഥാന-കേന്ദ്രഭരണ ഘടകങ്ങള്‍ കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഭരണഘടനയിലെ നിർദേശകതത്വങ്ങളിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്‌. മിക്കവാറും സംസ്ഥാനങ്ങളിൽ പഞ്ചായത്തിരാജ്‌ നിലവിൽ വന്നുകഴിഞ്ഞു. ഓരോ ഗ്രാമവും ഓരോ പഞ്ചായത്തിന്റെ പരിധിയിൽ പുനഃസംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ബ്ലോക്കുനിലവാരത്തിലും പഞ്ചായത്തുസമിതികളുണ്ട്‌. ജില്ലാതലത്തിലുള്ള കമ്മിറ്റിക്ക്‌ ജില്ലാപരിഷത്ത്‌ എന്നു പറയുന്നു. നഗരങ്ങളിൽ മുനിസിപ്പൽ കോർപ്പറേഷനും ചെറിയ പട്ടണങ്ങളിൽ മുനിസിപ്പൽ കൗണ്‍സിലും തദ്ദേശീയഭരണം നിർവഹിക്കുന്നു.

തെരഞ്ഞെടുപ്പ്‌. യൂണിയന്‍ പ്രസിഡന്റ്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളിലേക്കും പാർലമെന്റ്‌, സംസ്ഥാനനിയമസഭ തുടങ്ങിയ ജനപ്രതിനിധി സഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല ഭരണഘടനയനുസരിച്ച്‌ പ്രസിഡന്റ്‌ നിയമിക്കുന്ന ഇലക്ഷന്‍ കമ്മിഷനിൽ നിക്ഷിപ്‌തമായിരിക്കുന്നു. (നോ: ഇലക്ഷന്‍ കമ്മിഷന്‍). സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ഇന്ത്യയിൽ ഇതിനകം (2001) ലോക്‌സഭയിലേക്ക്‌ 15 പൊതു തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെട്ടു. ഏറ്റവും ഒടുവിലത്തേത്‌ 2009-ലെ തെരഞ്ഞെടുപ്പായിരുന്നു.

രാഷ്‌ട്രീയ കക്ഷികള്‍. ഇന്ത്യയിലെ രാഷ്‌ട്രീയ പ്രക്രിയയിൽ വിവിധരാഷ്‌ട്രീയ കക്ഷികള്‍ സജീവമായി പങ്കുവഹിക്കുന്നു. ഒരു തെരഞ്ഞെടുപ്പിൽ ഒന്നിലധികം സംസ്ഥാനത്തു മത്സരിക്കുകയും ആ തെരഞ്ഞെടുപ്പിൽ രാജ്യത്ത്‌ മൊത്തമായി രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ നാലു ശതമാനത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്യുന്ന രാഷ്‌ട്രീയപാർട്ടികളെ അടുത്ത തെരഞ്ഞെടുപ്പിലേക്ക്‌ ബഹുസംസ്ഥാന കക്ഷികളായി തെരഞ്ഞെടുപ്പുകമ്മിഷന്‍ അംഗീകരിക്കുന്നു. അത്തരത്തിൽപ്പെട്ട ഓരോ പാർട്ടിക്കും ഓരോ പ്രത്യേക തെരഞ്ഞെടുപ്പുചിഹ്നം നല്‌കുന്നു. 1971-ലെ തെരഞ്ഞെടുപ്പിൽ 8 ബഹു സംസ്ഥാന കക്ഷികള്‍ മത്സരിച്ചു: ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ (ഇത്‌ 1970-ൽ രണ്ടായി വിഘടിച്ചു.) ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാർട്ടി, സ്വതന്ത്രാപാർട്ടി, ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാർട്ടി (മാർക്‌സിസ്റ്റ്‌), ഭാരതീയ ജനസംഘം, പ്രജാസോഷ്യലിസ്റ്റ്‌ പാർട്ടി, സംയുക്ത സോഷ്യലിസ്റ്റ്‌ പാർട്ടി, ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ പാർട്ടി.

ഇന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികളെ ദേശീയപാർട്ടി, സംസ്ഥാനപാർട്ടി, രജിസ്റ്റേർഡ്‌ പാർട്ടി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരുക്കുന്നു. ഇന്ത്യയിൽ 862 രാഷ്‌ട്രീയ പാർട്ടികളുണ്ട്‌ (2009). ആറ്‌ പാർട്ടികളെ ദേശീയ കക്ഷിയായും 55 പാർട്ടികളെ സംസ്ഥാന കക്ഷിയായും അംഗീകരിച്ചിട്ടുണ്ട്‌. 781 എച്ചം അംഗീകാരമില്ലാത്ത രജിസ്റ്റേർഡ്‌ പാർട്ടികളാണ്‌. കേരളത്തിൽ കേരള കോണ്‍ഗ്രസ്‌ (ജെ), കേരളകോണ്‍ഗ്രസ്‌ (എം), മുസ്‌ലീം ലീഗ്‌, ജനാധിപത്യസംരക്ഷണസമിതി (ജെ.എസ്‌.എസ്‌), ജനതാദള്‍ (സെകുലർ) എന്നീ പാർട്ടികള്‍ക്കു സംസ്ഥാന കക്ഷിയെന്ന അംഗീകാരമുണ്ട്‌.

മേഖലാകൗണ്‍സിലുകള്‍. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പൊതുവേ ആറ്‌ മേഖലകളായി തിരിച്ചിരിക്കുന്നു: (i) ഉത്തരമേഖല: ഹരിയാന, ഹിമാചൽപ്രദേശ്‌, ജമ്മു-കാശ്‌മീർ, പഞ്ചാബ്‌, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌; (ii) മധ്യമേഖല : മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, (iii) പൂർവമേഖല : ബിഹാർ, ഒറീസ, പശ്ചിമബംഗാള്‍; (iv) പശ്ചിമമേഖല: ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഗോവ-ദാമന്‍-ദിയൂ, ദാദ്ര-നഗർഹവേലി; (v) ദക്ഷിണമേഖല: ആന്ധ്രപ്രദേശ്‌, കർണാടക, കേരളം, തമിഴ്‌നാട്‌, പുതുച്ചേരി; (vi) ഉത്തരപൂർവമേഖല: അസം, മണിപ്പൂർ, മേഘാലയ, നാഗാലാന്‍ഡ്‌, ത്രിപുര, അരുണാചൽപ്രദേശ്‌, മിസോറാം. ഓരോ മേഖലയ്‌ക്കും ഉന്നതാധികാരമുള്ള ഓരോ ഉപദേശകസമിതി-മേഖലാ കൗണ്‍സിൽ-ഉണ്ട്‌. കൗണ്‍സിൽ ബന്ധപ്പെട്ട മേഖലയുടെ പൊതുവായ പ്രശ്‌നങ്ങള്‍ ചർച്ചചെയ്യുന്നു. ഉത്തരപൂർവമേഖലാകൗണ്‍സിലിന്‌ മറ്റുചില പ്രവർത്തങ്ങള്‍കൂടിയുണ്ട്‌. സംസ്ഥാനപദ്ധതികള്‍ക്കു പുറമേ, പൊതു പ്രാധാന്യമുള്ള മേഖലാപദ്ധതികള്‍ ആസൂത്രണം ചെയ്യുക, അവയുടെ പ്രവർത്തനങ്ങള്‍ക്ക്‌ മേൽനോട്ടം വഹിക്കുക, സുരക്ഷിതത്വവും ക്രമസമാധാനവും നിലനിർത്താന്‍ ഘടകഗവണ്‍മെന്റുകള്‍ ആവിഷ്‌കരിക്കുന്ന പരിപാടികള്‍ വിലയിരുത്തുക മുതലായവ കൗണ്‍സിലിന്റെ ചുമതലയിൽപ്പെടുന്നു. എക്‌സിക്യൂട്ടീവിൽനിന്നു വേറിട്ട്‌ സ്വതന്ത്രമായി വർത്തിക്കുന്ന ഒരു നീതിന്യായഭരണസംവിധാനവും ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

ഭാഷാസംസ്ഥാനങ്ങള്‍. 1947-ൽ നാട്ടുരാജ്യ സംയോജനത്തോടനുബന്ധിച്ച്‌ നിലവിൽവന്ന പാർട്ട്‌ എ, ബി, സി സംസ്ഥാനങ്ങള്‍ 1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. ഭാഷാ സംസ്ഥാനം എന്ന ആശയം സ്വാതന്ത്യ്രപ്രാപ്‌തിക്ക്‌ കാൽനൂറ്റാണ്ടുമുമ്പുതന്നെ പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു. ഈസ്റ്റിന്ത്യാകമ്പനിക്ക്‌ പലപ്പോഴായി കീഴപ്പെടുത്താന്‍ കഴിഞ്ഞ ഭൂവിഭാഗങ്ങളെ ഭരണസൗകര്യം മാത്രം മുന്‍നിർത്തി വിവിധ ഘടകങ്ങളായി രൂപപ്പെടുത്തിപ്പോന്ന ഒരു പ്രക്രിയയിലൂടെയാണ്‌ ഇന്ത്യന്‍ പ്രവിശ്യകള്‍ നിലവിൽ വന്നത്‌. അവയുടെ അതിർത്തികള്‍ നിർണയിക്കുന്നതിൽ ഭാഷാപരമോ സാംസ്‌കാരികമോ ആയ പരിഗണനകള്‍ ഉണ്ടായിരുന്നില്ല. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കണമെന്ന്‌ കോണ്‍ഗ്രസ്സും മറ്റു കക്ഷികളും ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്യ്രസമരകാലത്ത്‌ വാഗ്‌ദത്തം ചെയ്യപ്പെട്ടിരുന്ന ഭാഷാ സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കാന്‍ സ്വാതന്ത്യ്രാനന്തരഘട്ടത്തിൽ ജനങ്ങള്‍ പ്രക്ഷോഭം നടത്തി. മദ്രാസ്‌ പ്രവിശ്യയിലെ തെലുഗു സംസാരിക്കുന്ന പ്രദേശങ്ങള്‍ വേർപെടുത്തി ഒരു ആന്ധ്രാ സംസ്ഥാനം രൂപവത്‌കരിക്കണമെന്ന ആവശ്യം മുന്‍നിറർത്തി 1953-ൽ പോറ്റി ശ്രീരാമലു നിരാഹാരസത്യഗ്രഹം നടത്തുകയും രക്തസാക്ഷിയാവുകയും ചെയ്‌തു. തുടർന്ന്‌ ഇന്ത്യാഗവണ്‍മെന്റ്‌ സർദാർ കെ.എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുനഃസംഘടനാക്കമ്മിഷനെ നിയമിച്ചു. പ്രസ്‌തുത കമ്മിഷന്റെ ശുപാർശകള്‍ ഏറെക്കുറെ ഗവണ്‍മെന്റ്‌ അംഗീകരിക്കുകയും അതനുസരിച്ച്‌ 1956-ൽ സംസ്ഥാന പുനഃസംഘടന നടപ്പാക്കുകയും ചെയ്‌തു.

ഫ്രഞ്ച്‌-പോർട്ടുഗീസ്‌ കോളനികളായിരുന്ന പുതുച്ചേരി, ദാദ്ര, നഗർഹവേലി, ഗോവ, ദാമന്‍, ദിയു എന്നീ പ്രദേശങ്ങള്‍ 1962-ൽ ഇന്ത്യയുടെ ഭാഗമായി. ഭാഷാവിഭജനത്തിന്റെ ഭാഗമായി 1960-ൽ ബോംബെ സംസ്ഥാനം ഗുജറാത്ത്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. 1963-ൽ നാഗാലാന്‍ഡ്‌ സംസ്ഥാനം നിലവിൽവന്നു. പഞ്ചാബിലെ ഹിന്ദി സംസാരിക്കുന്ന ഏതാനും പ്രദേശങ്ങള്‍ 1966-ൽ ഹിമാലന്‍ പ്രദേശിന്റെ ഭാഗമായി. 1972-ലാണ്‌ മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ക്ക്‌ സംസ്ഥാന പദവി ലഭിച്ചത്‌. 1975-ൽ സിക്കിയും നിലവിൽ വരികയുണ്ടായി. 2000-ൽ ചത്തീസ്‌ഗഡും, ഉത്തർഖണ്ഡും രൂപീകൃതമായി.

നിയമസംവിധാനം

ഇന്ത്യയിലെ ഉന്നത ന്യായപീഠം സുപ്രീം കോടതിയാണ്‌. സുപ്രീം കോടതിയിൽ ചീഫ്‌ ജസ്റ്റിസും 13-ൽ കവിയാതെ ജഡ്‌ജിമാരും ഉണ്ടായിരിക്കും. ഇപ്പോള്‍ 28 ജഡ്‌ജിമാരാണുള്ളത്‌ (2010). ഇന്ത്യന്‍ പ്രസിഡന്റാണ്‌ സുപ്രീംകോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്‌. ജഡ്‌ജിമാരുടെ പ്രായപരിധി 65 ആണ്‌. സുപ്രീംകോടതി ജഡ്‌ജിയായി നിയമനം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ ഭരണഘടനയിൽ വ്യവസ്ഥചെയ്‌തിട്ടുണ്ട്‌. ചുരുങ്ങിയത്‌ 5 വർഷം ഒരു ഹൈക്കോടതിയിലെയോ തുടർച്ചയായി രണ്ടോ അതിലധികമോ ഹൈക്കോടതികളിലെയോ ജഡ്‌ജിയായിരിക്കുകയോ കുറഞ്ഞപക്ഷം 10 വർഷം ഒരു ഹൈക്കോടതിയിലെയോ തുടർച്ചയായി രണ്ടോ അതിലധികമോ കോടതികളിലെയോ അഡ്വക്കേറ്റായിരിക്കുകയോ, രാഷ്‌ട്രപതിയുടെ ദൃഷ്‌ടിയിൽ സമുന്നതനായ ഒരു നിയമപണ്ഡിതനായിരിക്കുകയോ ചെയ്യുന്ന ഒരാളിനെയാണ്‌ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്‌. ഒരു ജഡ്‌ജിയെ ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുന്നതിനും പ്രത്യേകവ്യവസ്ഥകളുണ്ട്‌. തെളിയിക്കപ്പെട്ട ദുർവൃത്തിയോ അപ്രാപ്‌തിയോ കാരണമാക്കി പാർലമെന്റിന്റെ ഓരോ സഭയിലും ആകെ അംഗത്വത്തിന്റെ ഭൂരിപക്ഷവും സഭയിൽ ഹാജരായി വോട്ടു ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ടു ഭാഗത്തിൽ കുറയാത്ത ഭൂരിപക്ഷവും പിന്താങ്ങിയ ഒരു സമാവേദനം, അതേ സമ്മേളനത്തിൽതന്നെ പ്രസിഡന്റിനു സമർപ്പിക്കപ്പെട്ട ശേഷം പ്രസിഡണ്ടു പുറപ്പെടുവിക്കുന്ന ഉത്തരവനുസരിച്ചേ സുപ്രീം കോടതി ജഡ്‌ജിയെ നീക്കം ചെയ്യാന്‍ പാടുള്ളൂ. സുപ്രീം കോടതി ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ച ആള്‍ വീണ്ടും അഭിഭാഷകവൃത്തിയിൽ ഏർപ്പെടാന്‍ പാടുള്ളതല്ല.

സുപ്രീം കോടതിക്ക്‌ ആദ്യാധികാരിതയും (Original Jurisdiction) അപ്പീൽ അധികാരിതയുമുണ്ട്‌. ഇതിനു പുറമേ ചില റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരവുമുണ്ട്‌. സുപ്രീംകോടതിയിൽ പ്രഖ്യാപിക്കപ്പെടുന്ന തീർപ്പുകള്‍ എല്ലാ കോടതികള്‍ക്കും ബാധകമാണ്‌.

ഇന്ത്യയിൽ ആകെ 21 ഹൈക്കോടതികളാണുള്ളത്‌. ഇവയിൽ മൂന്നെച്ചത്തിന്‌ ഒന്നിലേറെ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധികാരപരിധിയാണുള്ളത്‌. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയിൽ മാത്രമേ ഹൈക്കോടതിയുള്ളൂ. മറ്റുള്ള 6 കേന്ദ്രഭരണപ്രദേശങ്ങളെ ഇതര സംസ്ഥാനങ്ങളിലെ ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസിഡണ്ടാണ്‌ ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്‌. ഓരോ ഹൈക്കോടതിയിലും ഒരു ചീഫ്‌ ജസ്റ്റിസും ഏതാനും ജഡ്‌ജിമാരുമുണ്ട്‌. ഇന്ത്യയിലെ ചീഫ്‌ ജസ്റ്റിസുമായും സംസ്ഥാനഗവർണർമാരുമായും ആലോചിച്ചാണ്‌ ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്‌. ഇവരുടെ പ്രായപരിധി 62 ആണ്‌. സുപ്രീം കോടതി ജഡ്‌ജിമാരെ നീക്കംചെയ്യുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി ജഡ്‌ജിമാർക്കും ബാധകമാണ്‌. ഹൈക്കോടതികള്‍ക്ക്‌ ആദ്യാധികാരിതയും അപ്പീൽ അധികാരിതയും അതിനുപുറമേ ഹേബിയസ്‌ കോർപസ്‌, മന്‍ഡേമസ്‌, പ്രാഹിബിഷന്‍, ക്വോ വാറന്റോ, സെർഷ്യോററൈ എന്നീ റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനും അധികാരമുണ്ട്‌.

മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ ഹൈക്കോടതികളിൽ ഷെറീഫുമാരെയും നിയമിക്കുന്നുണ്ട്‌. ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റീസാണ്‌ ഷെറീഫിനെ നിയമിക്കുന്നത്‌. സുപ്രീം കോടതിയും ഹൈക്കോടതികളും റെക്കോർഡ്‌ കോടതികളാണ്‌. കോടതികള്‍ക്ക്‌ എതിരായുള്ള അലക്ഷ്യത്തിനു ശിക്ഷിക്കാനുള്ള അധികാരങ്ങളും ഇവയ്‌ക്കുണ്ട്‌.

സംസ്ഥാനങ്ങളിൽ ഹൈക്കോടതിയുടെ കീഴിൽ കീഴ്‌ക്കോടതികളുണ്ട്‌. ജില്ലകളിലെ ജില്ലാക്കോടതികള്‍ക്ക്‌ ആദ്യാധികാരിതയും കീഴ്‌ക്കോടതികളുടെ ഉത്തരവിന്മേൽ അപ്പീൽ അധികാരിതയുമുണ്ട്‌. ജില്ലാക്കോടതികള്‍ക്കു താഴെയായി സബോർഡിനേറ്റ്‌ ജഡ്‌ജിയുടെ കോടതിയും അതിനുതാഴെ മുന്‍സിഫ്‌ കോടതികളുമുണ്ട്‌. കൊല്‌ക്കത്ത, ചെന്നൈ, മുംബൈ എന്നീ പ്രസിഡന്‍സി ടൗണുകളിൽ പ്രസിഡന്‍സി സ്‌മാള്‍കാസ്‌ കോർട്ടുകളും ഉണ്ട്‌. 1974-ൽ പ്രാബല്യത്തിൽവന്ന ക്രിനൽനടപടി നിയമസംഹിതയിലെ വ്യവസ്ഥകളനുസരിച്ചാണ്‌ ക്രിമിനൽ കോടതികളുടെ സംവിധാനം. എക്‌സിക്യൂട്ടീവ്‌ ജുഡീഷ്യൽ അധികാരങ്ങള്‍ നിർവഹിക്കുന്നതിന്‌ പ്രത്യേകം കോടതികളുണ്ട്‌. എക്‌സിക്യൂട്ടീവ്‌ മജിസ്റ്റ്രട്ടുമാർ സംസ്ഥാനഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലും ജുഡീഷ്യൽ മജിസ്റ്റ്രട്ടുമാർ ഹൈക്കോടതിയുടെ നിയന്ത്രണത്തിലുമാണ്‌ പ്രവർത്തിക്കുന്നത്‌. എക്‌സിക്യൂട്ടീവ്‌ വിഭാഗത്തിൽ ഓരോ ജില്ലയിലും ഡിസ്റ്റ്രിക്‌റ്റ്‌ മജിസ്റ്റ്രട്ടും ഡിസ്റ്റ്രിക്‌റ്റ്‌ മജിസ്റ്റ്രട്ടിനു താഴെ സബോർഡിനേറ്റ്‌ മജിസ്റ്റ്രട്ടുമാരുമുണ്ട്‌. ജുഡീഷ്യൽവിഭാഗത്തിൽ ജില്ലാതലത്തിൽ ചീഫ്‌ ജുഡിഷ്യൽ മജിസ്റ്റ്രട്ടുമാരും അതിനുതാഴെ ഒന്നിലധികം ഗ്രഡുകളിൽ ജുഡീഷ്യൽ മജിസ്റ്റ്രട്ടുമാരുമുണ്ട്‌. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മെട്രാപോളിറ്റന്‍ പ്രദേശങ്ങളിൽ മെട്രാപോളിറ്റന്‍ മജിസ്റ്റ്രട്ടുമാർ പ്രത്യേകമായുണ്ട്‌.

ഭരണനിർവഹണസംവിധാനത്തിൽനിന്നും നിയമസംവിധാനത്തെ വേർപ്പെടുത്തി സ്വതന്ത്രമാക്കിക്കൊണ്ടുള്ള നിയമം 1974 ഏ. 1-മുതൽ ഏകീകൃതമായ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുണ്ട്‌.

പ്രതിരോധം

അയൽരാജ്യങ്ങളുമായുള്ള സുഹൃദ്‌ബന്ധത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും ഉപഭൂഖണ്ഡത്തിൽ ശാശ്വതസമാധാനം നിലനിർത്തുകയും പുറത്തുനിന്ന്‌ ഉണ്ടായേക്കാവുന്ന ഏത്‌ ആക്രമണത്തെയും ചെറുക്കുവാന്‍പോരുന്ന സുസജ്ജമായ സൈനികശക്തി വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്‌ ഇന്ത്യയുടെ പ്രതിരോധനയം.

ആധുനിക സൈനികപരിശീലനത്തിനും യുദ്ധോപകരണനിർമാണത്തിനും വേണ്ട സംവിധാനങ്ങള്‍ ഇന്ത്യയിൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി കരസേനാ ആഫീസർമാർക്ക്‌ ഉന്നതപരിശീലനം നല്‌കിവരുന്നു. ഖഡക്‌വാസ്‌ലയിലുള്ള നാഷണൽ ഡിഫന്‍സ്‌ അക്കാദമി എല്ലാ സേനാവിഭാഗങ്ങളിൽപ്പെട്ടവർക്കും പരിശീലനം നല്‌കുന്നു. വെല്ലിംഗ്‌ടനിലുള്ള ഡിഫന്‍സ്‌ സർവീസസ്‌ സ്റ്റാഫ്‌ കോളജ്‌ സർവീസിലിരിക്കുന്ന സൈനികരെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. മെഡിക്കൽ ആഫീസർമാർക്ക്‌ ഉന്നതപരിശീലനം നല്‌കുന്ന സ്ഥാപനമാണ്‌ പുണെയിലെ ആർമി മെഡിക്കൽ കോളജ്‌. കൊച്ചി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നാവികപരിശീലനസൗകര്യങ്ങളും ജോഡ്‌പൂർ, അലഹാബാദ്‌ എന്നിവിടങ്ങളിൽ വ്യോമപരീശീലനസൗകര്യങ്ങളും ഉണ്ട്‌. ഇവയ്‌ക്കു പുറമേ ഇടത്തരവും, ചെറിയ തോതിൽ പ്രവർത്തിക്കുന്നതുമായ ഒട്ടേറെ സൈനികപരിശീലന സ്ഥാപനങ്ങളും നിലവിലുണ്ട്‌. (നോ: ഇന്ത്യന്‍ മിലിട്ടറി അക്കാദമി, നാഷണൽ ഡിഫന്‍സ്‌ അക്കാദമി, നാഷണൽ കേഡറ്റ്‌ കോർ, സൈനിക സ്‌കൂളുകള്‍)

പ്രതിരോധ ഉപകരണങ്ങളുടെ നിർമാണത്തിൽ ഇന്ത്യ ഇന്ന്‌ ഏതാണ്ട്‌ സ്വയംപര്യാപ്‌തമായിട്ടുണ്ട്‌. ഉപകരണങ്ങളിൽ സിംഹഭാഗവും പൊതുമേഖലയിലാണ്‌ നിർമിക്കപ്പെടുന്നത്‌. പ്രതിരോധ ഉപകരണ നിർമാണത്തിൽ പെട്ടെന്നുള്ള വളർച്ച സാധ്യമാക്കിയതിൽ മുന്‍ പ്രതിരോധവകുപ്പ്‌ മന്ത്രിയായ വി.കെ. കൃഷ്‌ണമേനോന്‌ നിർണായകമായൊരു പങ്കുണ്ട്‌. ചെറുതോക്കുകള്‍ മുതൽ വന്‍കിട മോർട്ടാർവരെയും, സൈനിക വാഹനങ്ങള്‍, ടാങ്കുകള്‍, യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ മുതലായവയും ഇന്ത്യയിൽ നിർമിച്ചുവരുന്നു. ചെന്നൈയിലെ ആവടി ഫാക്‌ടറിയിൽ നിർമിച്ചുവരുന്ന "വൈജയന്താ' ടാങ്ക്‌ അതിന്റെ പ്രവർത്തനക്ഷമതമൂലം ലോകപ്രശസ്‌തി നേടിക്കഴിഞ്ഞിട്ടുണ്ട്‌. ബാംഗ്ലൂർ, കാണ്‍പൂർ എന്നിവിടങ്ങളിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കൽ ഫാക്‌ടറികള്‍ പരിശീലനവിമാനങ്ങളും യുദ്ധവിമാനങ്ങളും നിർമിച്ചുവരുന്നു. നാവികസേനയ്‌ക്ക്‌ ആവശ്യമുള്ള ജലയാനങ്ങള്‍ വിപുലമായരീതിയിൽ ഇന്ത്യയിൽ നീർമിക്കാനാരാംഭിച്ചത്‌ 1964 മുതലാണ്‌. സർവേ നടത്തുന്നതിനുള്ള കപ്പലുകള്‍, പ്രതിരോധസജ്ജീകരണങ്ങളുള്ള ബോട്ടുകള്‍, യുദ്ധക്കപ്പലുകള്‍ മുതലായവയും നിർമിച്ചുവരുന്നുണ്ട്‌. നാവികസേനയ്‌ക്കാവശ്യമുള്ള മറ്റുപകരണങ്ങള്‍ നിർമിക്കുന്ന സ്ഥാപനങ്ങള്‍ മുംബൈയിലും കൊൽക്കത്തയിലുമുണ്ട്‌. ബാംഗ്ലൂരിലെ ഭാരത്‌ ഇലക്‌ട്രാണിക്‌സിൽ യുദ്ധാവശ്യങ്ങള്‍ക്കുള്ള ഇല്‌ക്‌ട്രാണികോപകരണങ്ങളും നിർമിച്ചുവരുന്നു. പ്രതിരോധ ഉപകരണ നിർമാണശാലകളിൽ 1947-48-ൽ 5 കോടി രൂപയുടെ ഉത്‌പന്നങ്ങള്‍ മാത്രമാണ്‌ ഉത്‌പാദിപ്പിച്ചിരുന്നതെങ്കിൽ, 1976 ആയപ്പോഴേക്കും 600 കോടി രൂപയ്‌ക്കുള്ള ഉപകരണങ്ങള്‍ ഉത്‌പാദിപ്പിക്കുവാന്‍ സാധിച്ചു. ശാസ്‌ത്രരംഗത്തുണ്ടാകുന്ന പുതിയ കണ്ടുപിടിത്തങ്ങള്‍ യുദ്ധോപകരണങ്ങളെയും യുദ്ധതന്ത്രത്തെയും നിർണായകമായി സ്വാധീനിക്കാറുണ്ട്‌. ഈ വസ്‌തുത തികച്ചും കണക്കിലെടുത്തു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ പ്രതിരോധഗവേഷണ വികസന കൗണ്‍സിൽ.

പ്രതിരോധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ആധുനിക സാധനസാമഗ്രികള്‍ ആവശ്യാനുസരണം ലഭ്യമാക്കുക, ഇന്ത്യന്‍ പ്രത്യേകതക്കള്‍ക്കനുയോജ്യമായ പ്രതിരോധോപകരണങ്ങള്‍ ഇന്ത്യയിൽത്തന്നെ നിർമിച്ച്‌ സംഭരിക്കാന്‍വേണ്ട പ്രവർത്തനങ്ങള്‍ നടത്തുക എന്നിവ പ്രതിരോധവിതരണവകുപ്പിന്റെ ചുമതലയിൽപ്പെടുന്ന കാര്യങ്ങളാണ്‌. പ്രതിരോധ മന്ത്രികാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വകുപ്പ്‌ അനേകം സാങ്കേതിക കമ്മിറ്റികളെ നിയമിച്ചിട്ടുണ്ട്‌.

കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഏത്‌ സാഹചര്യത്തെയും നേരിടത്തക്കവിധത്തിൽ സൈന്യത്തെ സജ്ജമാക്കി നിർത്തുന്നതിന്‌ പ്രതിരോധച്ചെലവ്‌ വർധിപ്പിക്കേണ്ടിവരിക സ്വാഭാവികമാണ്‌. 1950-51-ൽ ഇന്ത്യയുടെ പ്രതിരോധച്ചെലവ്‌ 164 കോടി രൂപ മാത്രമായിരുന്നെങ്കിൽ 2010-11-ൽ അത്‌ 147,344 കോടി രൂപയായി വർധിച്ചു. (നോ: ആയുധങ്ങള്‍, ആയുധശാല) . ഇന്ത്യന്‍സൈന്യത്തിന്‌ ധീരതയുടെയും സേവനത്തിന്റെയും മഹത്തായ ഒരു പാരമ്പര്യമുണ്ട്‌. വിഭജനത്തെതുടർന്ന്‌ കെട്ടുറപ്പില്ലാത്ത ഒരു സൈന്യത്തെയായിരുന്നു സ്വാതന്ത്യ്രപ്രാപ്‌തിയോടെ ഇന്ത്യയ്‌ക്കു ലഭിച്ചത്‌. ഇന്നാകട്ടെ അത്‌ ആധുനികരീതിയിൽ കെട്ടുറപ്പുള്ള ഒരു വന്‍ശക്തിയായി വളർന്നുകഴിഞ്ഞിട്ടുണ്ട്‌. വൈവിധ്യപൂർണമായ 50,000 കി. മീ. കരയതിർത്തിയും 5,700 കി. മീ. സമുദ്രാതിർത്തിയും സംരക്ഷിക്കേണ്ട ചുമതല ഇന്ത്യന്‍ സൈനികർക്കിന്നുണ്ട്‌. കരസേന, നാവികസേന, വ്യോമസേന എന്നിവ ഇന്ത്യയിൽ പ്രത്യേകം സൈന്യാധിപന്മാരുടെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇന്ത്യന്‍ പ്രസിഡന്റാണ്‌ സർവസൈന്യാധിപന്‍. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന പ്രശ്‌നങ്ങളിലും പ്രധാനമന്ത്രി ചെയർമാനായി രാഷ്‌ട്രീയകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ്‌ കമ്മിറ്റികൂടിയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌. സായുധ സേനകളുടെ ഭരണപരവും പ്രായോഗികവുമായ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ പ്രതിരോധ മന്ത്രികാര്യാലയവും മൂന്ന്‌ സായുധസേനാ ഹെഡ്‌ക്വാർട്ടേഴ്‌സും കൂടിയാണ്‌. നയപരമായ കാര്യങ്ങളിൽ ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ ബന്ധപ്പെട്ട സൈനിക ഹെഡ്‌ക്വാർട്ടേഴ്‌സുകളെ അറിയിക്കുക, പ്രതിരോധച്ചെലവുകള്‍ക്കുള്ള പാർലമെന്റിന്റെ അനുവാദം വാങ്ങുക, മൂന്ന്‌ സൈനികസർവീസുകളുടെയും ഏകോപിതവികസനം സാധ്യമാക്കുക എന്നീ പ്രവർത്തനങ്ങള്‍ക്കുള്ള ഒരു ഏജന്‍സിയായും പ്രതിരോധമന്ത്രികാര്യാലയം പ്രവർത്തിക്കുന്നു. മൂന്നു സൈനിക വിഭാഗങ്ങളുടെയും ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ന്യൂഡൽഹിയിലാണ്‌ ഇന്ത്യന്‍ അതിർത്തിയുടെ സംരക്ഷണച്ചുമതല നിർവഹിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്‌ എന്ന പേരിൽ ഒരു അർധസൈനിക സംഘടന 1965 ഡി. 1-ന്‌ സംഘടിപ്പിക്കപ്പെട്ടു. ബാംഗ്ലദേശ്‌ രൂപീകരണത്തോടനുബന്ധിച്ച്‌ 1971-ലെ ഇന്തോ-പാക്‌ യുദ്ധത്തിൽ ബോർഡർ സെക്യൂരിറ്റിഫോഴ്‌സ്‌ നിർണായകമായ പങ്കുവഹിച്ചു. ഒരു ഡയറക്‌ടർ ജനറലിന്റെ കീഴിലാണ്‌ ഈ സംഘടന പ്രവർത്തിച്ചുവരുന്നത്‌. ശത്രുസൈന്യത്തിന്റെ നീക്കങ്ങളെ സംബന്ധിച്ച തന്ത്ര പ്രാധാന്യമുള്ളതും കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഒരു ഇന്റലിജന്‍സ്‌ വിഭാഗവും ഈ സംഘടനയ്‌ക്കുണ്ട്‌. അതിർത്തിപ്രദേശത്തെ നിരന്തര പ്രവർത്തനത്തിന്റെ ഫലമായി ഈ സംഘടന വിലയേറിയ പല നേട്ടങ്ങളും ഇതിനകം കൈവരിച്ചിട്ടുണ്ട്‌. (നോ: ഇന്ത്യന്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്‌) കരസേന. 17-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി ഇംഗ്ലീഷുകാർ ഇന്ത്യയിൽ പല സ്ഥലത്തും കച്ചവടകേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ഈ കേന്ദ്രങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിന്‌ സായുധ കാവല്‌ക്കാരെ നിലനിർത്തുകയും ചെയ്‌തു. ഈ കാവൽസംഘങ്ങളാണ്‌ ബ്രിട്ടിഷ്‌ ഇന്ത്യന്‍സേനയുടെ മുന്നോടികള്‍. 1748-ൽ ഇവരുടെ പേർ പ്രസിഡന്‍സി ആർമി എന്നായിതീർന്നു. ഒരു കമാന്‍ഡർ ഇന്‍ ചീഫും നിയമിക്കപ്പെട്ടു. 18-ാം ശ. അവസാനത്തോടുകൂടി ഇന്ത്യന്‍ നാട്ടുരാജാക്കന്മാരും ബ്രിട്ടിഷുകാരെ അനുകരിച്ച്‌ യൂണിഫോറം, പരിശീലനം, ഡ്രിൽ, അച്ചടക്കം മുതലായവ തങ്ങളുടെ സൈന്യത്തിന്‌ ഏർപ്പെടുത്തിത്തുടങ്ങി. ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണത്തിൽ ഇന്ത്യാക്കാർക്കുണ്ടായ അസംതൃപ്‌തിയുടെ ഫലമായി 1857-ൽ നടന്ന സ്വാതന്ത്യ്ര സമരം (ശിപായിലഹള) സൈന്യഘടനയിൽ പല മാറ്റങ്ങളും വരുത്തുന്നതിനിടയാക്കി. ഇതിലൊന്ന്‌ കമ്പനിപ്പട്ടാളം ബ്രിട്ടിഷ്‌ മേൽക്കോയ്‌മയിന്‍ കീഴിലായിത്തീർന്നു എന്നതാണ്‌. "ഇന്ത്യന്‍ ട്രൂപ്പേഴ്‌സ്‌' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ഭടന്മാരുടെ വിഭാഗം 1860-ൽ ചക്രവർത്തിനിയുടെ സൈനികവിഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. മൊത്തം മൂന്നുലക്ഷം ആയിരുന്നു അന്നത്തെ സൈനികശക്തി.

ഒന്നാം ലോകയുദ്ധകാലത്ത്‌ ഇന്ത്യന്‍ സേനാഘടകങ്ങള്‍ പലസ്‌തീന്‍, മെസപ്പൊട്ടേമിയ, ഫ്രാന്‍സ്‌ എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിക്കുകയും 21 ഇന്ത്യന്‍ സൈനികർ ഏറ്റവും ഉയർന്ന ബ്രിട്ടിഷ്‌ സൈനിക ബഹുമതിയായ വിക്‌ടോറിയാക്രാസ്‌ നേടുകയുമുണ്ടായി. 1923-ൽ ആഫീസർമാരുള്‍പ്പെടെ ഇന്ത്യന്‍ഭടന്മാർ മാത്രമുള്‍ക്കൊള്ളുന്ന കാലാള്‍പ്പട യൂണിറ്റുകള്‍ ആദ്യമായി രൂപവത്‌കരിക്കപ്പെട്ടു. 1857-ലെ സമരത്തെത്തുടർന്ന്‌ നിർത്തലാക്കിയ പീരങ്കിവിഭാഗം 1935-ൽ പുനരാരംഭിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത്‌ സൈന്യത്തിൽചേർന്ന ഇന്ത്യക്കാരുടെ സംഖ്യ 30 ലക്ഷത്തോളമാണ്‌. വിദേശ സമരരംഗങ്ങളിലേക്ക്‌ ഇന്ത്യന്‍സൈനികർ കൂടുതൽ നിയോഗിക്കപ്പെടുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത്‌ 31 ഇന്ത്യന്‍ ഭടന്മാർക്ക്‌ വിക്‌ടോറിയാക്രാസ്‌ ലഭിച്ചു.

വിഭജനത്തെത്തുടർന്ന്‌ സ്വതന്ത്രഇന്ത്യയ്‌ക്കു ലഭിച്ച കരസേന വേണ്ടത്ര കെട്ടുറപ്പുള്ളതായിരുന്നില്ല. ഇന്ത്യന്‍ കരസേനയുടെ തലവന്മാരായി ബ്രിട്ടിഷ്‌ ജനറൽമാരായ ഓക്കിന്‍ലക്ക്‌, ലോക്ക്‌ ഹാർട്ട്‌ ബുച്ചർ എന്നിവർ സ്വാന്ത്യ്രലബന്ധിക്കുശേഷം രണ്ടുവർഷക്കാലംകൂടി തുടരുകയുണ്ടായി. 1949 ജനു.-ൽ ജനറൽ കെ.എം. കരിയപ്പ സൈന്യാധിപനായി നിയമിതനായതോടെ ഇന്ത്യന്‍ കരസേന പൂർണമായും ഭാരതീയമായിത്തീർന്നു. പ്രതിരോധ വകുപ്പിനു കീഴിലാണ്‌ മൂന്നു സായുധസേനാ വിഭാഗങ്ങളും എന്നാൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്‌, സി.ആർ.പി.എഫ്‌., സി.ഐ.എസ്‌.എഫ്‌, അസം റൈഫിള്‍സ്‌, സശസൂ സീമാബൽ എന്നീ അർധ സൈനിക വിഭാഗങ്ങള്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിനു കീഴിലാണ്‌ പ്രവർത്തിക്കുന്നത്‌. കോസ്റ്റ്‌ഗാർഡ്‌, ടെറിട്ടോറിയൽ ആർമി, എന്‍.സി.സി എന്നിവ പ്രതിരോധസേനയുടെ അനുബന്ധ വിഭാഗങ്ങളാണ്‌. മുഴുവന്‍ സമയ സൈനികരുടെ എച്ചത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ്‌ ഇന്ത്യക്ക്‌. ലഖ്‌നൗവിലെ സെന്‍ട്രൽ കമാന്‍ഡ്‌, കൊൽക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ്‌, ഉധംപൂരിലെ നോർത്തേണ്‍ കമാന്‍ഡ്‌, ചണ്ഡിമന്ദിറിലെ വെസ്റ്റേണ്‍ കമാന്‍ഡ്‌, പൂണെയിലെ സതേണ്‍ കമാന്‍ഡ്‌, ജയ്‌പൂരിലെ സൗത്ത്‌ വെസ്റ്റേണ്‍ കമാന്‍ഡ്‌, സിംലയിലെ ആർമി ട്രയ്‌നിങ്‌ കമാന്‍ഡ്‌ എന്നിവയാണ്‌ കരസേനയുടെ വിവിധ കമാന്‍ഡുകള്‍. നിലവിൽ രാജ്യത്ത്‌ 62 കന്റോണ്‍മെന്റുകളാണുള്ളത്‌ (സൈനികത്താവളങ്ങള്‍). പഞ്ചാബിലെ ഭാട്ടിന്‍ഡയാണ്‌ ഇതിൽ ഏറ്റവും വലുത്‌. കരസേനയുടെ കേരളത്തിലെ കന്റോണ്‍മെന്റ്‌ കച്ചൂരിലാണ്‌. പ്രതിരോധരംഗത്തെ നൂതന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന പരിശീലന കേന്ദ്രങ്ങളും കരസേനയ്‌ക്കുണ്ട്‌. ആംഡ്‌ ഫോഴ്‌സ്‌ മെഡിക്കൽ കോളേജ്‌ (പൂണൈ), നാഷണൽ ഡിഫെന്‍സ്‌ അക്കാദമി (മഹാരാഷ്‌ട്ര), രാഷ്‌ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്‌ (ഡെറാഡൂണ്‍), ആർമി കേഡറ്റ്‌ കോളേജ്‌ (ഡെറാഡൂണ്‍), ഓഫീസേഴ്‌സ്‌ ട്രയിനിങ്‌ അക്കാദമി (ചെന്നൈ), കൗണ്ടർ ഇന്‍സർജന്‍സി ആന്‍ഡ്‌ ജംഗിള്‍ വാർഫെയർ സ്‌കൂള്‍ (മിസോറാം) എന്നിവയാണിവ. ജനുവരി 15 ഇന്ത്യന്‍ കരസേനാദിനമായി ആചരിച്ചുപോരുന്നു. (നോ: കരസേന)

സ്വാതന്ത്യ്ര പ്രാപ്‌തിക്കുശേഷം കാശ്‌മീരിലെ പാകിസ്‌താന്‍ കയ്യേറ്റത്തെ നേരിടുന്നതിലും ഹിമാലയന്‍ അതിർത്തികളിൽ ചൈനയുടെ ആക്രമണത്തെ ചെറുക്കുന്നതിലും 1965-ലെ പാകിസ്‌താന്‍ ആക്രമണത്തെ പരാജയപ്പെടുത്തുന്നതിലും 1971-ൽ ബാംഗ്ലദേശ്‌ വിമോചനത്തിൽ കലാശിച്ച സംഘട്ടനത്തിലും പ്രദർശിപ്പിക്കപ്പെട്ട ധീരതയും കാര്യമക്ഷമതയും ഇന്ത്യന്‍കരസേനയുടെ പടിപടിയായുള്ള വളർച്ചയുടെയും ഇന്ന്‌ അതിനുള്ള അജയ്യതയുടെയും സൂചനകളാണ്‌. (നോ: ഇന്ത്യന്‍ കരസേന)

നാവികസേന. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി 1612-ൽ "റോയൽ ഇന്ത്യന്‍ മറൈന്‍' എന്ന പേരിൽ സൂറത്തിൽ ഒരു നാവികപ്പട രൂപീകരിച്ചു. 1686-ൽ ഇതിന്റെ കേന്ദ്രം മുംബൈയിലേക്കു മാറ്റുകയും "ബോംബെ മറൈന്‍' എന്ന്‌ പേരുമാറ്റുകയും ചെയ്‌തു. 1830-ൽ "ഇന്ത്യന്‍ നേവി' എന്ന പേര്‌ സ്വീകരിച്ചെങ്കിലും പിന്നീട്‌ പേരിൽ പല മാറ്റങ്ങളും വന്നുചേർന്നു. ബ്രിട്ടിഷുകാർ മാത്രമായിരുന്നു അക്കാലത്തെ ആഫീസർമാർ. 1857-ൽ ഇതിന്റെ പേർ "ഹേർ മെജസ്റ്റീസ്‌ ഇന്ത്യന്‍നേവീ' എന്നും, 1862-ൽ വീണ്ടും "ബോംബേ മറൈന്‍' എന്നും മാറി മാറിവന്നു. നാവികസേന രാജ്യവ്യാപകമായിത്തീർന്നത്‌ 1891-92-ൽ മാത്രമാണ്‌; അതോടെ പേര്‌ "റോയൽ ഇന്ത്യന്‍ മറൈന്‍' എന്നായിത്തീർന്നു. ക്രമേണ കൂടുതൽ ഇന്ത്യക്കാരെ എല്ലാ റാങ്കുകളിലേക്കും റിക്രൂട്ട്‌ ചെയ്യാന്‍ തുടങ്ങി. ഒന്നാം ലോകയുദ്ധകാലത്ത്‌ പേർഷ്യന്‍ ഉള്‍ക്കടലിലും ചെങ്കടലിലും ഈ നാവികസേന സേവനമനുഷ്‌ഠിക്കുകയുണ്ടായി. 1928-ൽ ഇതിന്റെ പേരിൽ വീണ്ടും മാറ്റംവന്നു; "റോയൽ ഇന്ത്യന്‍നേവി' എന്ന പേരാണ്‌ സ്വീകരിക്കപ്പെട്ടത്‌.

രണ്ടാം ലോകയുദ്ധംവരെ ഇന്ത്യന്‍ നാവികസേനയുടെ ശക്തി താരതമ്യേന മോശമായിരുന്നു. എന്നാൽ യുദ്ധാരംഭത്തോടെ നാവികസനേയെ കൂടുതൽ ശക്തിപ്പെടുത്താന്‍ അഭ്യർഥിച്ചു.. 1945 ആയപ്പോള്‍ നാവികസേനയിലെ ആഫീസർമാരിൽ 60%-വും ഇന്ത്യക്കാരായിരുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം നാവികസേനയ്‌ക്ക്‌ "ഇന്ത്യന്‍ നേവി' എന്ന പേർ നല്‌കപ്പെട്ടു. സ്വതന്ത്രഭാരതത്തിലും കുറേ വർഷങ്ങള്‍കൂടി ഇന്ത്യന്‍നേവി ബ്രിട്ടിഷുകാരായ അഡ്‌മിറൽമാരുടെ മേൽനോട്ടത്തിൽത്തന്നെ തുടർന്നു. 1958 മുതലാണ്‌ ഇന്ത്യന്‍ അഡ്‌മിറൽമാരിലേക്ക്‌ നേതൃത്വം മാറിയത്‌. അതോടെ ഇന്ത്യന്‍ നാവികസേന പൂർണമായും ഭാരതീയമായിത്തീർന്നു.

1971-ൽ പാകിസ്‌താനുമായി നടന്ന യുദ്ധത്തിൽ ശത്രുവിന്റെ നിരവധി പടക്കപ്പലുകള്‍ നശിപ്പിക്കുകയും, അവരുടെ സമുദ്രതീരത്തെ യുദ്ധസന്നാഹങ്ങള്‍ക്ക്‌ കടുത്ത പ്രഹരമേല്‌പിക്കുകയും ചെയ്‌തതിലൂടെ ഇന്ത്യന്‍ നാവികസേന അജയ്യമായ ശക്തിയും യുദ്ധപാടവവും തെളിയിക്കുകയുണ്ടായി. ഈ പോരാട്ടത്തിൽ ബാംഗ്ലദേശിലേക്കും പ. പാകിസ്‌താനിലേക്കുമുള്ള ശത്രുക്കപ്പലുകളുടെ സഞ്ചാരം പൂർണമായി തടയുന്നതിനും കഴിഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ നാവികസേനയാണ്‌ ഇന്ത്യയുടേത്‌. മൂന്നു റീജണൽ കമാന്‍ഡുകളാണ്‌ നാവികസേനയ്‌ക്കുള്ളത്‌. ഈസ്റ്റേണ്‍ നേവൽ കമാന്‍ഡിന്റെ ആസ്ഥാനം വിശാഖപട്ടണവും. വെസ്റ്റേണ്‍ നേവൽ കമാന്‍ഡിന്റെ ആസ്ഥാനം കൊച്ചിയുമാണ്‌. കർണാടക തീരത്തെ കാർവാറിലുള്ള ഐ.എന്‍.എസ്‌. കദംബ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നേവൽ ബേസുകളിലൊന്നാണ്‌. ഡിസംബർ 4 ഇന്ത്യന്‍ നാവികസേനാ ദിനമായി ആചരിച്ചുവരുന്നു. (നോ: ഇന്ത്യന്‍ നാവികസേന.)

വ്യോമസേന. "റോയൽ ഇന്ത്യന്‍ എയർഫോഴ്‌സ്‌' എന്ന പേരിൽ 1932 ഒ. 8-നാണ്‌ ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്‌. തുടക്കത്തിൽ 6 ആഫീസർമാരും 9 ഭടന്മാരും മാത്രമാണുണ്ടായിരുന്നത്‌. സമ്മർദങ്ങള്‍ക്കു ശേഷമാണ്‌ "സാന്‍ഡ്‌ഹർട്ട്‌ കമ്മിറ്റി' നിയമിതമായതും പ്രസ്‌തുത കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച്‌ ഇന്ത്യന്‍വ്യോമസേന രൂപീകരിക്കപ്പെട്ടതും. 1933-ൽ എളിയരീതിയിൽ രൂപംകൊണ്ട ഇന്ത്യന്‍ വ്യോമസേന അടുത്ത 5 വർഷങ്ങള്‍ക്കകം പ്രശസ്‌തമായ ഒരു സ്‌ക്വാഡ്രന്‍ ആയി വളർന്നു.

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ പ്രായോഗികാനുഭവം ആദ്യമായുണ്ടായത്‌ 1937-ൽ ഉത്തര പശ്ചിമാതിർത്തികളിൽ ആയിരുന്നു. പിന്നീട്‌ 1939-ൽ ബർമാമുന്നണിയിലും, രണ്ടാം ലോകയുദ്ധത്തിലും പങ്കെടുക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ 9 സ്‌ക്വാഡ്രനുകള്‍ നിലവിലുണ്ടായിരുന്നു. ക്രമേണയെങ്കിലും പടിപടിയായി ഇന്ത്യക്കാർ പ്രധാനസ്ഥലങ്ങളിൽ ഇന്‍സ്‌ട്രക്‌ടർമാരായും സാങ്കേതികവിദഗ്‌ധന്മാരായും നിയമിക്കപ്പെടാന്‍ തുടങ്ങി. രണ്ടാംലോകയുദ്ധസമയത്ത്‌ 28,500 സൈനികർ ഇന്ത്യന്‍ വ്യോമസേനയ്‌ക്കുണ്ടായിരുന്നു. എയർ മാർഷൽ സുബ്രതോ മുക്കർജി ഇന്ത്യന്‍ വ്യോമസേനാമേധാവിയായിതീർന്നതോടെ ഇന്ത്യന്‍ വ്യോമസേനയിലെ ഇന്ത്യാവത്‌കരണം പൂർണമായി. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷമുള്ള ആദ്യവർഷങ്ങളിൽ അഭയാർഥികളെ ഒഴിപ്പിക്കുന്നതിലും കാശ്‌മീർ പ്രതിരോധത്തിലും ഇന്ത്യന്‍ വ്യോമസേന സന്ദർഭത്തിനൊത്തുയരുകയുണ്ടായി. ശത്രുസേനയാൽ വളയപ്പെട്ട പൂഞ്ച്‌ പട്ടണത്തിൽനിന്ന്‌ പട്ടിണികൊണ്ട്‌ മരണമടയുമായിരുന്ന 30,000 അഭയാർഥികളെ ഒഴിപ്പിച്ച്‌ രക്ഷപ്പെടുത്താന്‍ വ്യോമസേനയ്‌ക്കു സാധിച്ചു. പ്രധാനപ്പെട്ട മൂന്ന്‌ യുദ്ധങ്ങളിൽ പങ്കെടുക്കുകയും, വൈവിധ്യമാർന്ന കാലാവസ്ഥകളുള്ള അതിവിശാലമായ ഇന്ത്യന്‍ അതിർത്തികളിൽ പ്രവർത്തിച്ച അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്‌തതിന്റെ ഫലമായി ഇന്ന്‌ ഇന്ത്യന്‍ വ്യോമസേന ശക്തിയിലും കഴിവിലും കിടയറ്റ ഒരു ശക്തിയായി വളർന്നുകഴിഞ്ഞിട്ടുണ്ട്‌. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിൽ അങ്ങേയറ്റം സുക്ഷ്‌മത ആവശ്യമുള്ള അത്യാധുനിക യുദ്ധവിമാനം പറപ്പിക്കുന്നതിന്‌ ഇന്ത്യന്‍പൈലറ്റുകള്‍ പരിശീലിച്ചിട്ടുണ്ട്‌. യുദ്ധ വിമാനനിർമാണത്തിലും, അവയുടെ അറ്റകുറ്റപ്പണികള്‍ തീർക്കുന്നതിലും ഇന്ത്യന്‍ സാങ്കേതികവിദഗ്‌ധന്മാർ മികച്ച വൈദഗ്‌ധ്യം നേടിയിട്ടുണ്ട്‌. നിലവിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ്‌ ഇന്ത്യയുടേത്‌. വെസ്റ്റേണ്‍ എയർ കമാന്‍ഡ്‌ (ന്യൂഡൽഹി), സെന്‍ട്രൽ എയർ കമാന്‍ഡ്‌ (അലഹബാദ്‌), ഈസ്റ്റേണ്‍ എയർ കമാന്‍ഡ്‌ (ഷില്ലോങ്‌), സൗത്ത്‌ വെസ്റ്റേണ്‍ എയർ കമാന്‍ഡ്‌ (ജോധ്‌പൂർ), സതേണ്‍ എയർ കമാന്‍ഡ്‌ (തിരുവനന്തപുരം) എന്നീ അഞ്ച്‌ ഓപ്പറേഷന്‍ കമാന്‍ഡുകളും ട്രയ്‌നിങ്‌ കമാന്‍ഡ്‌ (ബാംഗ്ലൂർ), മെയിന്റനന്‍സ്‌ കമാന്‍ഡ്‌ (നാഗ്‌പൂർ) എന്നീ രണ്ട്‌ ഫങ്‌ഷണൽ കമാന്‍ഡുകളും ഉള്‍പ്പെടെ ഏഴു കമാന്‍ഡുകളാണ്‌ വ്യോമസേനയ്‌ക്കുള്ളത്‌ (നോ: വ്യോമസേന)

വിദേശബന്ധങ്ങള്‍

ആധുനികരാഷ്‌ട്ര തന്ത്രത്തിൽ വിവക്ഷിക്കപ്പെടുന്നരീതിയിലുള്ള ഒരു വിദേശനയം സ്വാതന്ത്യ്രത്തിനുമുമ്പ്‌ ഇന്ത്യയ്‌ക്ക്‌ ഉണ്ടായിരുന്നില്ല. ബ്രിട്ടിഷ്‌ ആധിപത്യകാലത്ത്‌ ഇന്ത്യയുടെ വിദേശനയം എന്നത്‌ ബ്രിട്ടന്റെ നയമായിരുന്നു. മുസ്‌ലിം കാലഘട്ടത്തിൽ-മുഗള്‍സാമ്രാജ്യകാലത്തുപോലും-ഇന്നത്തെ അർഥത്തിലുള്ള വിദേശനയമെന്നത്‌ അജ്ഞാതമായിരുന്നു. ഇന്ത്യയിൽത്തന്നെയുള്ള മറ്റു രാജ്യങ്ങളുമായി നയതന്ത്രബന്ധത്തിൽ ഏർപ്പെടുകയെന്നതിൽക്കവിഞ്ഞ്‌ അന്ന്‌ വിദേശനയസങ്കല്‌പത്തിനു പ്രസക്തി ഉണ്ടായിരുന്നില്ല. അർഥശാസ്‌ത്രത്തിലും മനുസ്‌മൃതിയിലും വിദേശനയം പരാമർശിക്കപ്പെടുന്നത്‌ ഇന്ത്യയിലെതന്നെ മറ്റു രാജ്യങ്ങളോടുള്ള ബന്ധമെന്നതരത്തിൽ മാത്രമാണ്‌.

സ്വാതന്ത്യ്രലബ്‌ധിയോടുകൂടി ഇന്ത്യയ്‌ക്ക്‌ തനതായ ഒരു വിദേശനയം ആവശ്യമായി വന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആയിരുന്ന ജവഹാർലാൽ നെഹ്‌റു ഇന്ത്യയുടെ വിദേശനയത്തിനു രൂപംനല്‌കി. ചേരിചേരാനയം എന്നാണ്‌ നെഹ്‌റു അതിനെ വിശേഷിപ്പിച്ചത്‌.

പ്രമുഖരായ രണ്ടു ലോകരാഷ്‌ട്രങ്ങള്‍-സോവിയറ്റ്‌ യൂണിയനും യു.എസ്സും-ആയുധബലത്തിലും സാങ്കേതിവിജ്ഞാനത്തിലും തുല്യശക്തിയോടെ ഉയർന്നുവന്ന സാർവദേശീയ സാഹചര്യത്തിലാണ്‌ ഇന്ത്യ അതിന്റെ വിദേശനയം രൂപവത്‌കരിച്ചത്‌. പ്രസ്‌തുത രാഷ്‌ട്രങ്ങളുടെ ആയുധമത്സരത്തോടെ സാർവദേശീയ സുരക്ഷിതത്ത്വത്തെപ്പറ്റിയും ശക്തിസന്തുലനത്തെപ്പറ്റിയും നിലനിന്നുപോന്ന ധാരണകള്‍ക്ക്‌ ഇളക്കംതട്ടി. നാറ്റോ (NATO), സെന്റോ (CENTO), സിയാറ്റോ (SEATO) മുതലായ സൈനികസഖ്യങ്ങള്‍ നിലവിൽവന്നു. ശക്തിസന്തുലനം എന്നത്‌ ആഗോള ഭീഷണിയായി മാറിയ ഈ സാഹചര്യത്തിൽ ഇന്ത്യ ഒരു ചേരിയിലും ചേരാതെ നില്‌ക്കാനാണ്‌ തീരുമാനിച്ചത്‌.

വിദേശനയത്തിന്റെ രൂപവത്‌കരണത്തിൽ ആഭ്യന്തര സ്ഥിതിഗതികളും സ്വാധീനം ചെലുത്തുകയുണ്ടായി. രാജ്യത്തിന്റെ ഭൂമിശാസ്‌ത്രപരവും യുദ്ധതന്ത്രപരവുമായ സ്ഥാനം, മതപരമായ പാരമ്പര്യവൈവിധ്യം, സാമ്പത്തികമായ പിന്‍നില, ബൃഹത്തും വർധമാനവുമായ ജനസംഖ്യ എന്നിവയെല്ലാം സ്വാധീനഘടകങ്ങളായിരുന്നു. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യഭാവങ്ങള്‍ ഇവയാണ്‌: ലോകസമാധാനത്തിനുവേണ്ടി പ്രവർത്തിക്കുക, സാർവദേശീയത്തർക്കങ്ങള്‍ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുക, യുദ്ധോപകരണ സംഭരണം കുറയ്‌ക്കുക, അണുവായുധ നിരോധനത്തിന്‌ സാർവദേശീയ ഉടമ്പടികള്‍ ഉണ്ടാക്കുക, ഐക്യരാഷ്‌ട്രസഭയുടെ ആദർശങ്ങളും ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുക, ജനാധിപത്യപരമായ ഒരു ലോകസംവിധാനത്തിന്‌ ധാർമിക പിന്തുണ നല്‌കുക, സാമൂഹിക-രാഷ്‌ട്രീയ മേഖലകളിൽ വർണവിവേചനം ഒഴിവാക്കുക, കോളനിവാഴ്‌ച അവസാനിപ്പിക്കുക, സൈനികസഖ്യങ്ങളിൽ കക്ഷി ചേരാതെ നില്‌ക്കുക, അന്താരാഷ്‌ട്രപ്രശ്‌നങ്ങളിൽ സ്വതന്ത്രമായും നിഷ്‌പക്ഷമായും അഭിപ്രായം പ്രകടിപ്പിക്കുക, അതിർത്തിഭദ്രതയും പരമാധികാരവും പരസ്‌പരം അംഗീകരിക്കുക, ആഭ്യന്തര കാര്യങ്ങളിൽ പരസ്‌പരം ഇടപെടാതിരിക്കുക, വർണവർഗ രാഷ്‌ട്രീയ വ്യവസ്ഥകള്‍ക്കതീതമായി രാജ്യങ്ങള്‍ തമ്മിൽ സമാധാനപരമായ സഹവർത്തിത്വം പുലർത്തുക.

അന്താരാഷ്‌ട്രബന്ധങ്ങളെപ്പറ്റി നിലനിന്നുപോന്ന മാമൂലുകളിൽനിന്നുള്ള ഒരു വ്യതിയാനമായിരുന്നു ഈ നയം. തന്നിമിത്തം പല വിദേശരാജ്യങ്ങളും ഇന്ത്യയുടെ നയത്തിൽ സംശയാലുക്കളായിരുന്നു. ഇന്ത്യയുടെ ചേരിചേരാനയവും പഞ്ചശീലതത്ത്വങ്ങളും 1955-ലെ ബാന്ദുംഗ്‌ സമ്മേളനത്തിൽ അഭിനന്ദിക്കപ്പെട്ടു. പ്രസ്‌തുത സമ്മേളനത്തിൽ സംബന്ധിച്ച, ചൈന ഉള്‍പ്പെടെ 40-ൽ പരം ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ നയം അംഗീകരിച്ചു.

അന്താരാഷ്‌ട്രരംഗത്തു സമാധാനപരമായ "സഹവർത്തിത്വം' എന്ന നയം ഉയർത്തിപ്പിടിച്ച ഇന്ത്യയ്‌ക്ക്‌ 1962-ൽ ചൈനയുടെയും, 1965-ലും 1971-ലും പാകിസ്‌താന്റെയും ആക്രമണങ്ങളെ നേരിടേണ്ടിവന്നു. ചൈനീസാക്രമത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങളിൽ കുറച്ചുകാലത്തേക്ക്‌ ഇന്ത്യയ്‌ക്ക്‌ അന്താരാഷ്‌ട്രരംഗത്ത്‌ പഴയ ഉന്നതപദവി നിലനിർത്താന്‍ കഴിഞ്ഞില്ല. എന്നാൽ ആന്തരികശക്തിയും ആത്മവീര്യവും വീണ്ടെടുത്തതോടെ ഇന്ത്യ പഴയ പദവിയിലേക്കു തിരിച്ചെത്തി. രാജ്യത്തിനു തരണംചെയ്യേണ്ടിവന്ന പല അഗ്നിപരീക്ഷണങ്ങളിലും ചേരിചേരാനയത്തിന്റെ അന്തസ്സത്ത നിലനിർത്താന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. 1951-ലു 1954-ലും ഇന്ത്യയും ചൈനയും തമ്മിൽ സൗഹൃദക്കരാറുകള്‍ ഉണ്ടാക്കിയിരുന്നു. 1954-ൽ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ചൈനീസ്‌ പ്രധാനമന്ത്രി ചൗ എന്‍ലായും പീക്കിങ്ങിൽ സമ്മേളിച്ച്‌ പഞ്ചശീലപ്രഖ്യാപനം ഒപ്പുവച്ചു. എന്നാൽ ഈ സൗഹൃദം ഏറെക്കാലം നീണ്ടുനിന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി-മക്‌മോഹന്‍രേഖ-ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ശക്തി ഉപയോഗിച്ച്‌ അടിച്ചേല്‌പിച്ചതാണെന്നും അത്‌ അംഗീകരിക്കാനാവില്ലെന്നും, അന്യോന്യ ചർച്ചയിലൂടെ അതിർത്തി പുനർനിർണയിക്കണമെന്നും ഉള്ള നിലപാട്‌ ചൈന സ്വീകരിച്ചു. തർക്കം മൂർച്ചിച്ച്‌ 1962-ൽ അതിർത്തിപോരാട്ടത്തിൽ കലാശിക്കുകയും ദീർഘകാലത്തേക്ക്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക്‌ ക്ഷതമേല്‌ക്കുകയും ചെയ്‌തു. 1971-ൽ ഇന്ത്യയും പാകിസ്‌താനും തമ്മിൽ യുദ്ധമുണ്ടായപ്പോള്‍ ചൈന പാകിസ്‌താനോടൊപ്പം നിന്നു. ഇതിനൊരുമാറ്റമുണ്ടായത്‌ 1988-ൽ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി ചൈന സന്ദർശിച്ചതോടെയാണ്‌. ചൈനീസ്‌ പ്രധാനമന്ത്രി ലീപെങുമായി ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്‌മളമാക്കുന്നതിനുള്ള ചർച്ചകള്‍ നടത്തി. ശാസ്‌ത്രസാങ്കേതികരംഗത്തും വാണിജ്യരംഗങ്ങളിലുമുള്ള വികസനം ലക്ഷ്യമാക്കിയുള്ള കരാറുകള്‍ ഒപ്പുവച്ചു. 1989-ൽ ഇന്ത്യയിൽ അധികാരത്തിൽ വന്ന സർക്കാരും ചൈനയുമായി സൗഹൃദബന്ധം വർധിപ്പിക്കുവാന്‍ ശ്രമിച്ചു. 1990-ൽ ചൈനീസ്‌ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അതിനെത്തുടർന്നും സൗഹൃദബന്ധം മെച്ചപ്പെടുത്തുവാനുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. 2005-ൽ ഇന്തോ-ചൈന നയതന്ത്രപരമായ ബന്ധത്തിന്റെ അന്‍പത്തിയഞ്ചാം വാർഷികം പുറംലോകം അറിയെ പ്രഖ്യാപിക്കപ്പെട്ടു. വാണിജ്യപരമായ ബന്ധം മെച്ചപ്പെട്ടു. 2005 ഏ. 9 മുതൽ 11 വരെ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബാവോ ഇന്ത്യ സന്ദർശിച്ചു. ഈ സന്ദർശനവേളയിലും സമാധാനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള തന്ത്രപരവും സഹകരണാത്മകവുമായ ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാന്‍ തീരുമാനിക്കപ്പെട്ടു. അതിനു ഉപോദ്‌ബലകമായ കരാറുകള്‍ ഇരുപ്രധാനമന്ത്രിമാരും ചേർന്ന്‌ ഒപ്പുവച്ചു (ഡോ. മന്‍മോഹന്‍സിങും, വെന്‍ജിയാബാവോയും). തുടർന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ്‌ പ്രസിഡന്റുമായി ജക്കാർത്തയിൽ വച്ച്‌ കൂടിക്കാഴ്‌ച നടത്തി. 2005 ഡിസംബറിൽ ഇരുപ്രധാനമന്ത്രിമാരും ക്വാലാലംപൂരിൽ പ്രഥമ ഈസ്റ്റ്‌ ഏഷ്യാ സമ്മിറ്റ്‌ നടക്കുമ്പോള്‍ കൂടിക്കാഴ്‌ച നടത്തി. തുടർന്ന്‌ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യപരമായ ബന്ധം വളരെയേറെ മെച്ചപ്പെടുകയും കയറ്റുമതിയും ഇറക്കുമതിയും വഴി ഇരുരാജ്യങ്ങളും മികച്ച സാമ്പത്തികനേട്ടം കൈവരിക്കുകയും ചെയ്‌തു. 2006 "ഇന്തോ-ചൈന സൗഹൃദവർഷ'മായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

അയൽരാജ്യമായ ഭൂട്ടാനുമായും ആറുപതിറ്റാണ്ടിലേറെയായി സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും പാതയാണ്‌ ഇന്ത്യ പിന്തുടരുന്നത്‌. 1949-ൽ ഉണ്ടാക്കിയ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദകരാറിന്റെ അടിസ്ഥാനത്തിൽ, ഭൂട്ടാന്റെ അഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ലായെന്നും എന്നാൽ, വിദേശ ബന്ധത്തിൽ ഇന്ത്യയുടെ അഭിപ്രായം ആരായേണ്ടതുണ്ട്‌ എന്നും വ്യവസ്ഥ ചെയ്‌തിരുന്നു. ദൃഢതയാർന്ന വിശ്വാസ്യതയുടെ പശ്ചാത്തലത്തിൽ 2007 പ്രസ്‌തുത സൗഹൃദകരാർ പുതുക്കിയപ്പോള്‍ ഇരു രാഷ്‌ട്രങ്ങളും അവയുടെ സ്വാതന്ത്യ്രം, പരാമധികാരം, ഭൂപര അഖണ്ഡത എന്നിവ പരസ്‌പരം ബഹുമാനിക്കുന്നതായും രേഖപ്പെടുത്തുകയുണ്ടായി. ഭൂട്ടാന്റെ ജലവൈദ്യുതോത്‌പാദന രംഗത്ത്‌ ഇന്ത്യയുടെ സഹകരണം നിസ്‌തുലമാണ്‌.

ബർമീസ്‌ (മ്യാന്‌മർ) സ്വാതന്ത്യ്രപോരാട്ടത്തോട്‌ സഹകരിച്ച ലോകരാഷ്‌ട്രങ്ങളിൽ മുന്നിലായിരുന്നു ഇന്ത്യ. 1948-ൽ ബ്രിട്ടന്റെ കോളനിവാഴ്‌ചയിൽ നിന്നും മോചനം നേടിയ ഘട്ടത്തിൽത്തന്നെ ബർമയുമായി നയതന്ത്രബന്ധം സ്ഥാപിക്കുവാന്‍ ഇന്ത്യ മുന്‍കൈയ്യെടുത്തു. പൊതുവായ സാംസ്‌കാരിക-വാണിജ്യ-ബന്ധങ്ങള്‍ ഇന്ത്യയ്‌ക്കും-ബർമയ്‌ക്കുമിടയിൽ നിലനിന്നുപോരുന്നു. പ്രാദേശിക കലാപങ്ങള്‍ തലപൊക്കിയ കാലത്ത്‌ ബർമീസ്‌ സർക്കാരിനെ ഇന്ത്യ സഹായിച്ചിരുന്നു. എന്നാൽ പട്ടാള അട്ടിമറിയിലൂടെ ജനാധിപത്യഭരണകൂടം അട്ടിമറിക്കപ്പെട്ടതോടെ ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ ചില അകൽച്ചകള്‍ ഉണ്ടാകാന്‍ സാഹചര്യമൊരുങ്ങി. ഈ രാഷ്‌ട്രീയ ഭിന്നതകള്‍ തുടരുമ്പോഴും 1993-ൽ മ്യാന്‌മർ എന്ന പുതിയ പേര്‌ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായി. ഇന്നും മ്യാന്‌മർ ജനാധിപത്യത്തിന്റെ പാതയിൽ തിരികെയെത്തുവാന്‍ താല്‌പര്യപ്പെടുന്ന രാഷ്‌ട്രമാണ്‌ ഇന്ത്യ. മ്യാന്‌മറുമായി 1967-ൽ ഇന്ത്യ അതിർത്തി നിർണയ കരാർ ഉണ്ടാക്കുകയുണ്ടായി. പ്രാദേശിക വാദങ്ങള്‍ തലപൊക്കാറുള്ള മിസോറാം, മണിപ്പൂർ, നാഗാലാന്‍ഡ്‌, അരുണാചൽ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ മ്യാന്‌മറിനു സമീപത്താണ്‌ എന്നതും ചൈനയുമായി ഇവ അതിർത്തു പങ്കിടുന്നു എന്നതുംകൊണ്ട്‌ പ്രതിരോധപരമായി മ്യാന്മാറിനുമേൽ ഇന്ത്യ ജാഗ്രത പുലർത്തിപ്പോരുന്നു.

വംശം, ഭാഷ തുടങ്ങിയവ ഇന്ത്യയുമായി പങ്കുവയ്‌ക്കുന്ന അയൽ രാജ്യമാണ്‌ നേപ്പാള്‍. സുരക്ഷയെ മുന്‍നിർത്തി 1950-ൽ ഇന്ത്യയും നേപ്പാളും സമാധാന-സൗഹൃദ ഉടമ്പടിയിൽ ഏർപ്പെടുകയുണ്ടായി. ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയാകുന്ന പ്രവൃത്തിയോ വിദേശരാജ്യത്തിന്റെ സാന്നിധ്യമോ പ്രാത്സാഹിപ്പിക്കില്ല എന്നതായിരുന്നു പ്രസ്‌തുത ഉടമ്പടിയുടെ അന്തഃസത്ത. ഇരു രാഷ്‌ട്രങ്ങളും തമ്മിലോ അയൽരാജ്യങ്ങള്‍ തമ്മിലോ ഗുരുതരമായ അഭിപ്രായഭിന്നതകള്‍ ഉണ്ടായാൽ അത്‌ സമാധാനപരമായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. നേപ്പാളി പൗരന്മാർക്ക്‌ ഇന്ത്യയിൽ വിദ്യാഭ്യാസം ചെയ്യുന്നതിന്‌ ഇന്ത്യന്‍ പൗരന്മാർക്കു ലഭ്യമാകുന്ന തുല്യ പരിഗണനയാണ്‌ നല്‌കി വരുന്നത്‌. രാജവാഴ്‌ച അവസാനിപ്പിച്ചുകൊണ്ട്‌ നേപ്പാളിൽ ജനാധിപത്യ ഭരണകൂടം അധികാരത്തിലെത്തിയതിനെ ഇതരരാഷ്‌ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും സ്വാഗതം ചെയ്യുകയുണ്ടായി.

ശ്രീലങ്കയുമായും സൗഹാർദ പൂർണമായ ഉഭയകക്ഷി ബന്ധമാണ്‌ ഇന്ത്യ തുടർന്നു വരുന്നത്‌. എന്നാൽ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പരിഹരിക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടൽ പരാജയപ്പെട്ടത്‌ ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ അസ്വാരസ്യങ്ങള്‍ സൃഷ്‌ടിച്ചു. പാക്‌ കടലിടുക്കിലെ ജലവിഭജനവും കച്ചത്തീവ്‌ പ്രശ്‌നവും പരിഹരിക്കുന്ന ഒരു കരാറിൽ 1974-ൽ ഇന്ത്യ-ശ്രീലങ്ക ധാരണയുണ്ടായി. വ്യാപാരം, വാണിജ്യം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളിൽ സമീപകാലത്ത്‌ കൂടുതൽ സഹകരണം കൈവന്നിട്ടുണ്ട്‌. 2004-ലെ സുനാമി ദുരന്തത്തിൽ ലോകസമൂഹത്തോട്‌ ശ്രീലങ്ക സഹായം അഭ്യർഥിച്ചപ്പോള്‍ ആദ്യം സഹായവുമായി എത്തിയത്‌ ഇന്ത്യയാണ്‌. മുന്‍പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ വധത്തെ തുടർന്ന്‌ എൽ.ടി.ടി.ഇക്ക്‌ എതിരായ പോരാട്ടത്തിൽ ഇരുരാഷ്‌ട്രങ്ങളും ഒരേ നയമാണ്‌ സ്വീകരിച്ചത്‌. 2009-ൽ എൽ.ടി.ടി. ഇയെ ഉന്മൂലനം ചെയ്‌തുകൊണ്ടുള്ള ശ്രീലങ്കന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്യുകയുണ്ടായി.

വിഭജനത്തിലെ മുറിവുകള്‍ ഇന്നും ഇന്ത്യാ-പാകിസ്‌താന്‍ ബന്ധത്തിൽ അസ്വസ്ഥതകള്‍ സൃഷ്‌ടിച്ചുപോരുന്നുണ്ട്‌. ഇക്കാരണത്താൽ പാക്കിസ്‌താനുമായുള്ള ബന്ധത്തെ സംബന്ധിച്ച്‌ ഇന്ത്യ സദാ ജാഗരൂകയാണ്‌. 1965-ലെ ഇന്ത്യാ-പാക്‌ യുദ്ധത്തിനുശേഷം ഒപ്പുവയ്‌ക്കപ്പെട്ട താഷ്‌കെന്റ്‌ പ്രഖ്യാപനം ഇരുരാജ്യങ്ങളുടെയും പ്രശ്‌നങ്ങള്‍ കൂടുതൽ അറിയാനും പരസ്‌പരധാരണ ഉളവാക്കാനും സഹായകരമായിരുന്നു. എന്നാൽ പാകിസ്‌താന്റെ മനോഭാവത്തിലും സമീപനത്തിലും വന്ന മാറ്റം 1971-ലെ യുദ്ധത്തിലേക്കു വഴിതെളിച്ചു. എന്നും സമാധാനം കാംക്ഷിക്കുന്ന ഇന്ത്യയ്‌ക്കു യുദ്ധത്തിലെ വിജയം കേവലം പ്രതിരോധ-സൈനിക നടപടി മാത്രമായിരുന്നു. പൂർവ പാകിസ്‌താനിൽ വിജയിച്ച ഇന്ത്യ പശ്ചിമ സമരമുഖത്ത്‌ ഏകപക്ഷീയമായി വെടി നിർത്തൽ പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തത്‌. മാത്രമല്ല യുദ്ധത്തിൽ കീഴടക്കിയ പ്രദേശങ്ങളിൽ നിന്നും ഇന്ത്യ സ്വയം പിന്മാറുകയും ചെയ്‌തു. 1972 ജൂലൈയിൽ ഒപ്പുവച്ച സിംലാക്കരാർ ഉഭയബന്ധങ്ങളിൽ ഗണ്യമായ പുരോഗതി സൃഷ്‌ടിക്കുവാന്‍ പര്യാപ്‌തമായി.

1998-ൽ ഇരു രാഷ്‌ട്രങ്ങളും നടത്തിയ ആണവ പരീക്ഷണങ്ങള്‍ (പൊഖ്‌റാന്‍ II, ചഗായ്‌ I) ദക്ഷിണേഷ്യയെ ആണവ ഭീതിയിലാഴ്‌ത്തിയെങ്കിലും 1999 ഫെ.-യിലെ ലാഹോർ പ്രഖ്യാപനം ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്തി. എന്നാൽ പാകിസ്‌താന്‍ സൈനികനേതൃത്വത്തിന്റെ അറിവോടെ കാർഗിലിൽ ആയിരക്കണക്കിനു സൈനികർ നടത്തിയ നുഴഞ്ഞു കയറ്റത്തെ ചെറുക്കാന്‍ ഒരിക്കൽകൂടി സൈനിക നടപടിയിലേക്കു നീങ്ങാന്‍ ഇന്ത്യ നിർബന്ധിതമായി. തീവ്രവാദികളുടെ മോചനം ആവശ്യപ്പെട്ട്‌ 1999 ഡി.-ൽ ഇന്ത്യന്‍ എയർലയിന്‍സ്‌ വിമാനം റാഞ്ചിയ സംഭവം ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ വീണ്ടും സ്‌പർധകള്‍ സൃഷ്‌ടിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇരു രാഷ്‌ട്രങ്ങളുടെയും നേതാക്കന്മാർ 2001-ൽ ആഗ്രയിൽ വച്ചു ചേർന്ന ഉച്ചകോടി പരാജയപ്പെടുകയും ചെയ്‌തു. ഇതേ വർഷം ഇന്ത്യന്‍ പാർലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും പാകിസ്‌താന്‍ ഭരണകൂടത്തിന്റെ മൗനം ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ അശാന്തി പടർത്തി. എന്നിരുന്നാലും 2003-ഓടെ ഇന്ത്യയ്‌ക്കും പാകിസ്‌താനുമിടയിൽ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക്‌ സ്വാഭാവികത കൈവന്നു. സംഝോധാ എക്‌സ്‌പ്രസ്‌, ഡൽഹി-ലാഹോർ ബസ്‌സർവീസ്‌, ശ്രീനഗർ-മുസാഫർബാദ്‌ ബസ്‌സർവീസ്‌ തുടങ്ങിയവ ഇരു രാഷ്‌ട്രങ്ങളിലെയും ജനങ്ങള്‍ക്കിടയിൽ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം ഒരുക്കാന്‍ സഹായകമായി. 2009-ൽ നടന്ന മുംബൈ ഭീകരാക്രമണം പാകിസ്‌താന്റെ പങ്ക്‌ തുറന്നു കാട്ടുന്നതായിരുന്നു. ഭീകരവാദത്തെ തടയുന്നതിൽ പാകിസ്‌താന്‍ സർക്കാരിന്റെ പരാജയം ഇന്ത്യയുടെ എക്കാലത്തെയും ഉത്‌കണ്‌ഠയാണ്‌.

ആഗോളവത്‌കരണകാലത്ത്‌ ഇന്ത്യയും-ചൈനയും തമ്മിലുള്ള പരസ്‌പര സഹകരണം സാമ്പത്തികമായി ഏഷ്യയെ ശക്തിപ്പെടുത്തുമെന്ന്‌ ഇരു രാഷ്‌ട്രങ്ങളും കരുതുന്നു. 2008-ൽ നടന്ന ലോക വ്യാപാര സംഘടനയുടെ ഉച്ചകോടിയിലും സ്വതന്ത്ര വ്യാപാരക്കരാർ, ആണവോർജസഹകരണം തുടങ്ങിയ രംഗത്തും ഇരു രാഷ്‌ട്രങ്ങളും പുരോഗതിയെ ലക്ഷ്യം വയ്‌ക്കുന്നു. ഏഷ്യന്‍ ബന്ധങ്ങള്‍. തെ.കി.ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളോട്‌ ഇന്ത്യ സൗഹൃദം പ്രഖ്യാപിക്കുകയും ഈ മേഖലയിലെ രാജ്യങ്ങളുടെ പരസ്‌പര സഹകരണത്തെ സ്വാഗതം ചെയ്യുകയും തെ.കി. ഏഷ്യയെ സമാധാനത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും നിഷ്‌പക്ഷതയുടെയും മേഖലയായി നിലനിർത്താനുള്ള ആ രാജ്യങ്ങളുടെ ആഗ്രഹത്തിന്‌ പിന്തുണ നല്‌കുകയും ചെയ്‌തു. ഇന്തോചൈനയുടെ സ്വതന്ത്ര പരമാധികാരം മാനിക്കപ്പെടണമെന്നു വാദിച്ചുപോന്ന ഇന്ത്യ, വിയറ്റ്‌നാമിലും കംബോഡിയയിലും നിലവിൽവന്ന സ്വതന്ത്ര ഭരണകൂടങ്ങളെ സ്വാഗതം ചെയ്‌തു. ജപ്പാനുമായി സാമ്പത്തിക സാങ്കേതികകാര്യങ്ങളിൽ പരസ്‌പരസഹകരണം ലാക്കാക്കിയുള്ള ബന്ധമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌.

ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഖിലാഫത്ത്‌ മുന്നേറ്റങ്ങള്‍ക്ക്‌ പശ്ചിമേഷ്യയിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പശ്ചിമേഷ്യന്‍ രാഷ്‌ട്രങ്ങളോടും അവിടത്തെ പ്രശ്‌നങ്ങളോടും സ്വാതന്ത്യ്രാനന്തരം ഇന്ത്യ പ്രത്യേക താത്‌പര്യം കാട്ടുകയുണ്ടായി. പലസ്‌തീന്റെ സമാധാനപരമായ സ്വാതന്ത്യ്ര പോരാട്ടങ്ങള്‍ക്ക്‌ ഇന്ത്യ പിന്തുണ നൽകുമ്പോള്‍ത്തന്നെ ജനവാസം കൂടുതലുള്ള മേഖലകള്‍ക്ക്‌ സ്വയംഭരണാവകാശം നൽകണമെന്നും ഇന്ത്യ താത്‌പര്യപ്പെട്ടു. എച്ചയുത്‌പാദനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഇറാനോടും ഇറാഖിനോടും ഊർജ സുരക്ഷയെകൂടി മുന്‍നിർത്തി ഇന്ത്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയുണ്ടായി. 1980-കളോടെ ഗള്‍ഫ്‌ മേഖലയിലേക്കു തൊഴിൽ തേടിപ്പോകുന്ന ഇന്ത്യാക്കാരുടെ എച്ചത്തിൽ വലിയ വർധനവുണ്ടായി. പലസ്‌തീന്‍ പ്രശ്‌നത്തിൽ ഇസ്രയേലിന്റെ നടപടികളുമായി വിയോജിപ്പു രേഖപ്പെടുത്തുമ്പോള്‍ത്തന്നെ പ്രതിരോധ മേഖലയിൽ ഇസ്രയേലുമായി ഇന്ത്യ സഹകരിച്ചുപോരുന്നു. ഈ മേഖലയിലെ രാജ്യങ്ങള്‍ക്കുമേൽ ഏതു തരത്തിലുള്ള സൈനിക നടപടികളെയും ഇന്ത്യ അപലപിച്ചിട്ടുണ്ട്‌. എന്നാൽ സോവിയറ്റ്‌ യൂണിയന്റെ പതനം ശാക്തികസന്തുലനത്തിൽ സൃഷ്‌ടിച്ച മാറ്റം, അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം, പലസ്‌തീന്‍ പ്രശ്‌നം, ലെബനന്‍, സിറിയ പ്രശ്‌നങ്ങള്‍, ഇറാനുനേരെയുള്ള ഉപരോധ ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങളിലുള്ള ഇന്ത്യയുടെ സമീപകാല നിലപാടുകളെ സ്വാധീനിക്കുന്നതായി കാണാവുന്നതാണ്‌.

ആഫ്രിക്കന്‍ രാജ്യങ്ങള്‍. വർണവിവേചനത്തിനെതിരെയും കോളനിവത്‌കരണത്തിനെതിരെയും ഇന്ത്യ സ്വീകരിച്ച നയം ആഫ്രിക്കന്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്ക്‌ കരുത്തേകി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഗാന്ധിജിയുടെ കാലം മുതൽക്കേ ഇത്തരം ബന്ധങ്ങള്‍ ദൃഢമായിരുന്നു. ദക്ഷിണാഫ്രിക്ക, നൈജീരിയ, ലൈബീരിയ, അംഗോള, നമീബിയ, സാംബിയ, സുഡാന്‍, സിംബാബ്‌വേ, മൊസാംബിക്‌, എത്യോപിയ, കെനിയ, ഉഗാണ്ട, താന്‍സാനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുമായി സാങ്കേതിക-സാമ്പത്തിക-വാണിജ്യ വ്യാപാര കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടുണ്ട്‌. പോർച്ചുഗീസ്‌ കോളനിവാഴ്‌ചയിൽ നിന്നും സ്വതന്ത്രയായ ഗിനി, മൊസാംബിക്‌, അങ്‌ഗോള എന്നീ രാജ്യങ്ങളെ അംഗീകരിക്കുകയും അവയുടെ സൗഹൃദം ആർജിക്കുകയും ചെയ്‌തു. സാമ്പത്തികരംഗത്തും ലോകരാഷ്‌ട്രീയത്തിലും ഇന്ത്യാ-സൗത്താഫ്രിക്കാ ബന്ധം ഈടുറ്റ സംഭാവനകള്‍ നൽകിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്തായി ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഭാരതസർക്കാർ കൂടുതൽ മുന്‍കൈ എടുത്തുവരുന്നു.

റഷ്യയും മുന്‍സോവിയറ്റ്‌ രാഷ്‌ട്രങ്ങളും. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ഇന്ത്യ അന്താരാഷ്‌ട്രരംഗത്തു സ്വീകരിച്ച പ്രധാന നടപടികളിലൊന്ന്‌ സോവിയറ്റ്‌ യൂണിയനുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയായിരുന്നു. സോവിയറ്റ്‌ യൂണിയനോട്‌ മുന്‍ ബ്രിട്ടിഷ്‌ ഭരണാധികാരികള്‍ പുലർത്തിപ്പോന്ന സൗഹൃദകരമല്ലാത്ത നയത്തിന്റെ അവശിഷ്‌ടങ്ങളും, കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തോട്‌ സോവിയറ്റ്‌ യൂണിയന്‍ അക്കാലത്തു പുലർത്തിവന്ന കടുത്ത പക്ഷപാതവും എല്ലാം ഉണ്ടായിട്ടും ഇന്ത്യ ചേരിചേരാനയം സ്വീകരിക്കാന്‍ തയ്യാറായി.

സ്റ്റാലിന്റെ മരണശേഷം ഇന്തോ-സോവിയറ്റ്‌ ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. സമാധാനപരമായ സഹവർത്തിത്വം സോവിയറ്റ്‌ യൂണിയന്‍ അവരുടെ വിദേശനയത്തിന്റെ മുഖ്യഭാവമായി അംഗീകരിച്ചു. തുടർന്ന്‌ ഇന്ത്യയുമായുള്ള സോവിയറ്റ്‌ സൗഹൃദം ഫലപ്രദമായ സാമ്പത്തികസഹകരണത്തിലേക്കു വികസിച്ചു. അതിന്റെ ആദ്യപടിയായിരുന്നു സോവിയറ്റ്‌ സഹായത്തോടെ ഭിലായിയിൽ നിർമിതമായ ഉരുക്കുനിർമാണശാല. ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയിലും വ്യവസായവത്‌കരണത്തിലും സോവിയറ്റ്‌ യൂണിയന്റെ നിർലോപമായ സഹായസഹകരണങ്ങള്‍ ലഭിച്ചു. 1956-ൽ സോവിയറ്റ്‌ യൂണിയന്റെ ഉപദേശമനുസരിച്ച്‌ സ്ഥാപിതമായ എച്ച-പ്രകൃതി വാതകക്കമ്മിഷന്‍, സോവിയറ്റ്‌ സാങ്കേതികസഹകരണത്തോടെ അഭിമാനാർഹമായ നേട്ടങ്ങള്‍ കൈവരിച്ചു. അന്താരാഷ്‌ട്രരംഗത്തും സോവിയറ്റ്‌ യൂണിയന്‍ ഇന്ത്യയുടെ ഒരു യഥാർഥ മിത്രമായിരുന്നു. ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ കാശ്‌മീർ പ്രശ്‌നം വിവാദവിഷയമായി ഉന്നീതമായപ്പോഴെല്ലാം സോവിയറ്റ്‌ യൂണിയന്റെ നിഷേധാധികാരം (Veto Power) ഇന്ത്യയ്‌ക്ക്‌ അനുകൂലമായിട്ടാണ്‌ വിനിയോഗിക്കപ്പെട്ടിട്ടുള്ളത്‌.

ഇന്ത്യയുടെ നയങ്ങളോടും ആശയാഭിലാഷങ്ങളോടും വളരെയേറെ ആഭിമുഖ്യവും സഹാനുഭൂതിയുമുള്ള ശക്തനായ ഒരു സുഹൃത്തിനെയാണ്‌ സോവിയറ്റ്‌ യൂണിയനിൽ ഇന്ത്യ കണ്ടത്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലായിരുന്നു 1971-ൽ ഒപ്പുവച്ച സമാധാന-സൗഹൃദ-സഹകരണക്കരാർ. (നോ: ഇന്തോ-സോവിയറ്റ്‌ ഉടമ്പടി). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിൽ സമാധാനവും ഭദ്രതയും കൈവരുത്താന്‍ അത്‌ സഹായകമായി. ആക്രണത്തിനും ആക്രമണഭീഷണിക്കും എതിരായുള്ള പരസ്‌പരസഹായവും ഈ കരാർ ഉറപ്പുചെയ്‌തു. 1970-ൽ ഒപ്പുവച്ച പഞ്ചവത്സര വാണിജ്യക്കരാർ ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ നിർണായക മേഖലകളിൽ ഉഭയരാജ്യ സഹകരണത്തിനു വ്യവസ്ഥ ചെയ്‌തു. 1985-ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയുടെ സോവിയറ്റ്‌ സന്ദർശനവും തുടർന്ന്‌ സോവിയറ്റ്‌ പ്രസിഡന്റ്‌ ഗോർബച്ചേവിന്റെ ഇന്ത്യാസന്ദർശനവും (1986) ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ ഒട്ടനവധി മേഖലകളിൽ പരസ്‌പര സഹകരണത്തിന്റെ പാതയൊരുക്കി. സോവിയറ്റ്‌ യൂണിയന്റെ വിഘടനത്തിനുശേഷം റഷ്യയും, മറ്റു മുന്‍ സോവിയറ്റ്‌ റിപ്പബ്ലിക്കുകളും ഇന്ത്യയുമായി ഉറ്റസൗഹൃദം തുടരുന്നു. ആണവോർജമേഖലയിലും സൈനികോപകരണങ്ങളുടെ നിർമാണത്തിലും ഇന്തോ-റഷ്യന്‍ സഹകരണം സുശക്തമാണ്‌. പൂർവയൂറോപ്യന്‍ രാജ്യങ്ങള്‍. സോവിയറ്റ്‌ രാഷ്‌ട്രങ്ങളുമായുള്ള ഉറ്റബന്ധത്തിനു പുറമേ പൂർവയൂറോപ്യന്‍ രാജ്യങ്ങളുമായും ഇന്ത്യ സൗഹൃദം പുലർത്തിവരുന്നു. പ്രമുഖ അന്തർദേശീയ പ്രശ്‌നങ്ങളിൽ ഈ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള അഭിപ്രായൈക്യവും ഉറ്റ സാമ്പത്തികസഹകരണവും അതിനു സഹായകമായി വർത്തിക്കുന്നു. ചെക്ക്‌സ്ലോവാക്യ, ബള്‍ഗേറിയ, ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സംയുക്തസമിതികള്‍ രൂപീകരിച്ചിരുന്നു. ഇന്ത്യയും പ്രസ്‌തുതരാജ്യങ്ങളും തമ്മിൽ സാമ്പത്തിക-വാണിജ്യ-സാങ്കേതിക-വ്യാവസായികമണ്ഡലങ്ങളിലുള്ള ക്രമീകൃതവും വർധമാനവുമായ പ്രവർത്തനങ്ങള്‍ക്ക്‌ ഈ സമിതികള്‍ സഹായിക്കുന്നു.

യു.എസ്സും പാശ്ചാത്യലോകവും. സ്വാതന്ത്യ്രാനന്തരം വിദേശനയത്തിൽ ഇന്ത്യ സ്വീകരിച്ച ചേരിചേരാനയം, സോവിയറ്റ്‌ യൂണിയന്റെ ശിഥിലീകരണം വരേയ്‌ക്കും അമേരിക്കയുമായി ഉറ്റ സൗഹൃദബന്ധം വളർത്തിയെടുക്കുന്നതിന്‌ പരിമിതിയായി. എന്നാൽ, 1962-ലെ ഇന്ത്യാ-ചൈനയുദ്ധത്തിൽ ഇന്ത്യയ്‌ക്കനുകൂലമായ നിലപാടാണ്‌ അമേരിക്ക കൈക്കൊണ്ടത്‌. ശീതയുദ്ധകാലത്ത്‌ പാകിസ്ഥാനുമായി അമേരിക്ക അടുത്തബന്ധം പുലർത്തിപോന്നതും, ഇന്ത്യയുമായി സൗഹൃദത്തിലായിരുന്ന സോവിയറ്റ്‌ യൂണിയന്റെ അഫ്‌ഘാന്‍ അധിനിവേശത്തെ ചെറുക്കാന്‍ അമേരിക്ക പാക്കിസ്ഥാന്റെ പിന്തുണയോടെ അഫ്‌ഘാന്‍ മുജാഹിദീനുകളെ ഉപയോഗപ്പെടുത്തിയതും 1971-ൽ ഒപ്പുവയ്‌ക്കപ്പെട്ട ഇന്ത്യ-സോവിയറ്റ്‌ ഇരുപതുവർഷ സൗഹൃദ ഉടമ്പടിയും സൈനിക സഹകരണവും അമേരിക്കയുമായി തുറന്ന സൗഹൃദത്തിനു അനുകൂല സാഹചര്യമൊരുക്കിയില്ല. 70-കളിൽ ബാംഗ്ലദേശിന്റെ സ്വാതന്ത്യ്രത്തോടെ ദക്ഷിണേഷ്യയിൽ സോവിയറ്റ്‌ യൂണിയന്റെ സ്വാധീനം വർധിക്കുന്നതായി യു.എസ്‌. പ്രസിഡന്റായിരുന്ന റിച്ചാർഡ്‌ നിക്‌സണ്‍ ആശങ്കപ്പെട്ടിരുന്നു. പൊഖ്‌റാനിലെ ആണവപരീക്ഷണ(1975)ത്തോടെ ഇന്ത്യയ്‌ക്കു മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. എന്നാൽ, ശീതയുദ്ധം അവസാനിച്ചതോടെ ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ വളരെവേഗം സൗഹൃദം രൂപപ്പെടുകയും വാണിജ്യ-വ്യാപാര കരാറുകള്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. 1998-ലെ രണ്ടാം പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ തുടർന്ന്‌ ഇന്ത്യയ്‌ക്കുമേൽ ഒരിക്കൽകൂടി അമേരിക്ക ഉപരോധം ഏർപ്പെടുത്തി. 2001-ൽ ഇത്‌ പിന്‍വലിക്കപ്പെടുകയും 2001 സെപ്‌. 11-ലെ ന്യൂയോർക്ക്‌ ഭീകരാക്രമണത്തെ തുടർന്ന്‌ ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നവിധം നയതന്ത്രബന്ധങ്ങള്‍ ശക്തമാവുകയും ചെയ്‌തു. 2006-ൽ ഇരു രാഷ്‌ട്രങ്ങളും തമ്മിൽ ആണവോർജ രംഗത്ത്‌ പരസ്‌പര സഹകരണത്തിന്റെ സാധ്യതകള്‍ക്ക്‌ തുടക്കം കുറിക്കുകയും 2009-ൽ ആണവക്കരാറിൽ ഏർപ്പെടുകയും ചെയ്‌തു. 2008-ൽ അമേരിക്കന്‍ പ്രസിഡന്റ്‌ ജോർജ്‌ബുഷിന്റെ ഇന്ത്യാ സന്ദർശനവും തുടർന്ന്‌ 2009-ൽ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും അതേവർഷംതന്നെ ബരാക്‌ഒബാമയും അന്യോന്യം സന്ദർശനം നടത്തിയതും ഇരു രാഷ്‌ട്രങ്ങള്‍ക്കുമിടയിൽ കൂടുതൽ പരസ്‌പര ധാരണയ്‌ക്കു വഴിയൊരുക്കി.

പശ്ചിമയൂറോപ്പ്‌. പശ്ചിമയൂറോപ്യന്‍ രാഷ്‌ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ചരിത്രപരമായിത്തന്നെ ഏറെപഴക്കമുള്ളതും സൗഹൃദപരവുമാണ്‌. രാജ്യാന്തരബന്ധങ്ങളിലും ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളിലും സമാനമായ നിലപാടുകളാണ്‌ നിലനിർത്തിപ്പോരുന്നത്‌. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഇറ്റലി, ജർമനി, ഗ്രീസ്‌ തുടങ്ങിയ രാഷ്‌ട്രങ്ങളുമായി അനേകം മേഖലകളിൽ വാണിജ്യ-വ്യാപാര കരാറുകള്‍ സാധ്യമായിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍. 1973-ൽ ഉഭയകക്ഷിധാരണ ഒപ്പിടുക വഴി യൂറോപ്യന്‍ യൂണിയനുമായി ബന്ധം സ്ഥാപിച്ച ആദ്യ രാഷ്‌ട്രങ്ങളിൽ ഒന്ന്‌ ഇന്ത്യയായിരുന്നു. 1994-ൽ സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പുവയ്‌ക്കുകയും 2005-ൽ പ്രവർത്തനപദ്ധതി ആവിഷ്‌കരിക്കുകയും സ്വതന്ത്ര വ്യാപാര കരാർ സാധ്യമാകുന്നതു സംബന്ധിച്ച ചർച്ചകള്‍ നടത്തിവരികയും ചെയ്യുന്നു. ലോകസമാധാനം, സുരക്ഷ, സുസ്ഥിര വികസനം, ശാസ്‌ത്ര-സാങ്കേതിക മേഖലയിലുള്ള സഹകരണം, സാംസ്‌കാരിക വിനിമയം എന്നീയുടെ മേഖലകളിൽ ഇന്ത്യയുമായി സഹകരണം സ്ഥാപിക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈയ്യെടുത്തുവരുന്നു. 27 അംഗ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2000-ത്തോടെ 25.6 ബില്യണ്‍ യൂറോയിൽനിന്നും 55.6 ബില്യണ്‍ യൂറോ ആയി ഉയരുകയുണ്ടായി.

സമ്പദ്‌വ്യവസ്ഥ

ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്‌ (അഭ്യന്തര ഉത്‌പാദനത്തിന്റെ അടിസ്ഥാനത്തിൽ-2010) ഇന്ത്യയുടേത്‌. ഏറ്റവും വേഗത്തിൽ വളർച്ച പ്രാപിക്കുന്ന വികസ്വര രാഷ്‌ട്രങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കുണ്ട്‌. (ഒന്നാമത്‌-ചൈന). നിലവിലുള്ള സാമ്പത്തിക വളർച്ചാനിരക്കിന്റെ അടിസ്ഥാനത്തിൽ രണ്ടുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴേക്ക്‌ ലോകത്തെ മൂന്നാമത്തെ പ്രബല സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്നാണ്‌ വിദഗ്‌ധർഅനുമാനിക്കുന്നത്‌.

1872-ലെ സെന്‍സസ്‌ പ്രകാരം 99.3% ജനങ്ങളും ഗ്രാമങ്ങളിൽ കഴിഞ്ഞിരുന്നവരും ജീവിതാവശ്യങ്ങളുടെ കാര്യത്തിൽ ഏറെക്കുറെ സ്വയം പര്യാപ്‌തരുമായിരുന്നു. ഹിന്ദുമതത്തിന്റെ മേൽകോയ്‌മയും ജാതിവ്യവസ്ഥയും കൂട്ടുകുടുംബ വ്യവസ്ഥയും കൊളോണിയന്‍ കാലഘട്ടം വരെയുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചു. തുടർന്ന്‌, ബ്രിട്ടീഷ്‌ ഭരണത്തോടെ അതു വിപുലമായ മാറ്റങ്ങള്‍ക്ക്‌ വിധേയമായി. ഗ്രാമങ്ങളുടെ സ്വാശ്രയ സമ്പദ്‌ഘടന തകർന്നു. സ്വാതന്ത്യ്രത്തിനുശേഷം ഇന്ത്യ ക്ഷേമരാഷ്‌ട്ര സങ്കൽപ്പത്തെ മുന്‍നിർത്തിയുള്ള സാമ്പത്തികാസൂത്രണം സ്വീകരിച്ചതോടെ സമ്പദ്‌വ്യവസ്ഥയ്‌ക്കു പുതിയ ദിശാബോധം കിട്ടി. പഞ്ചവത്സരപദ്ധതികളുടെ രൂപത്തിലാണ്‌ വികസനോന്മുഖ പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടത്‌. വ്യവസായവത്‌കരണം, ഹരിതവിപ്ലവം എന്നിവ കെട്ടുറപ്പാർന്ന ഇന്ത്യയുടെ സാമ്പത്തികാവസ്ഥയ്‌ക്കു പ്രധാന കാരണങ്ങളായിട്ടുണ്ട്‌.

എന്നാൽ തൊച്ചൂറുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ പണപ്പെരുപ്പനിരക്ക്‌ അനിയന്ത്രിതമാവുകയും വിദേശനാണ്യശേഖരത്തിൽ വന്‍ ഇടിവു സംഭവിക്കുകയും ചെയ്‌തു. പ്രസ്‌തുത സാഹചര്യത്തിലാണ്‌ ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും നിർദേശാനുസരണം രാജ്യത്ത്‌ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്‌. പുത്തന്‍ സാമ്പത്തിക നയം (New Economic Policy) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. സാമൂഹ്യക്ഷേമ പദ്ധതികളെ വിഗണിച്ച്‌ ഘടനാപരമായ മാറ്റങ്ങള്‍ അടങ്ങുന്ന സാമ്പത്തികപരിപാടികള്‍ (Structural adjustment programme) നടപ്പിലാക്കപ്പെട്ടു. ആഗോളവത്‌കരണത്തേയും ഉദാരവത്‌കണത്തെയും ചുവടുപിടിച്ചുള്ള ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാമ്പത്തിക രംഗത്ത്‌ സമൂലമാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചു.

ഉയർന്ന വളർച്ചാനിരക്ക്‌, ധനകമ്മിയിലെ കുറവ്‌, വിദേശനാണ്യശേഖരത്തിലെ വർധനവ്‌, കയറ്റുമതിയിലെ വർധനവ്‌ തുടങ്ങിയ മേഖലകളിൽ നേട്ടങ്ങള്‍ ദൃശ്യമാകുമ്പോള്‍ തന്നെ ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം അതിവേഗം കൂടുന്നതായി സാമ്പത്തിക ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്‌മയും, കൃഷിയുടെ തകർച്ചയും കർഷകരുടെ ആത്മഹത്യയും പരിഹരിക്കുന്നതിന്‌ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അപര്യാപ്‌തമാണെന്ന്‌ പൊതുവേ വിലയിരുത്തപ്പെടുന്നു.

കൃഷി

1947-ലെ വിഭജനത്തെ തുടർന്ന്‌ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജനതയിൽ 22% പാകിസ്‌താനിലേക്ക്‌ മാറിയപ്പോള്‍, ഭക്ഷ്യോത്‌പാദനമേഖലയുടെ 30% ആ രാജ്യത്തിനധീനമായി. അവിഭക്ത ഇന്ത്യയിലെ കൃഷിഭൂമിയുടെ മൊത്തം വിസ്‌തീർണം 12.06 കോടി ഹെക്‌ടറും ജലസിക്തമേഖലയുടെ വിസ്‌തീർണം 2.91 കോടി ഹെക്‌ടറും ആയിരുന്നു. ഇതിൽ 1.9 കോടി ഹെക്‌ടർ കൃഷിഭൂമിയും, ജലസേചനസൗകര്യം നിലവിലിരുന്ന പ്രദേശങ്ങളിൽ പകുതിയും പാകിസ്‌താനിൽ ഉള്‍പ്പെട്ടു. കൃഷിഭൂമിയുടെ വിതരണത്തിൽ, വിഭജനത്തിലൂടെ ഉണ്ടായ ഈ അസന്തുലിതത്വത്തിന്റെ ദോഷഫലങ്ങള്‍ ഇന്ത്യയിലേക്കു കുടിയേറിയ 55 ലക്ഷത്തിലേറെ അഭയാർഥികളുടെ പുനരധിവാസപ്രശ്‌നങ്ങള്‍ മൂലം ഇരട്ടിക്കുകയും ചെയ്‌തു. സ്വാതന്ത്യ്രപ്രാപ്‌തിയെത്തുടർന്ന്‌ കൃഷിയോഗ്യഭൂമിയുടെ വിസ്‌തീർണം വർധിപ്പിക്കുന്നതിലും, ജലസേചനസൗകര്യങ്ങൽ വിപുലീകരിക്കുന്നതിലും ശരിയായ വളങ്ങളും നല്ലയിനം വിത്തുകളും ഉപയോഗിച്ച്‌ ഉത്‌പാദനം കൂട്ടുന്നതിലും കർഷകരുടെ ജീവിതനിലവാരം ഉയർത്തി അവരെ കൂടുതൽ കർമോന്മുഖരാക്കിത്തീർക്കുന്നതിലും ഗവണ്‍മെന്റ്‌ ദത്തശ്രദ്ധമായി.

ഇന്ത്യയുടെ ആകെ ഭൂവിസ്‌തൃതി 32.873 കോടി ഹെക്‌ടറാണ്‌. ഇതിൽ 30. 486 കോടി ഹെക്‌ടറെ സംബന്ധിച്ചുമാത്രമാണ്‌ വ്യക്തമായ വിവരം ലഭ്യമായിട്ടുള്ളത്‌. മൊത്തം കൃഷിഭൂമിയിൽ 68.31 ദശലക്ഷം വനഭൂമിയാണ്‌. ദേശീയ വരുമാനത്തിന്റെ 17 ശതമാനത്തോളം പ്രദാനം ചെയ്യുന്നതും 55 ശതമാനത്തിലധികം ജനങ്ങള്‍ക്ക്‌ തൊഴിൽ നൽകുന്നതും കാർഷികമേഖലയാണ്‌. 1951-2007 കാലത്തെ ഇന്ത്യയിലെ കാർഷിക വളർച്ച പ്രതിവർഷം 2.5 ശതമാനമാണ്‌. 1990-2007 കാലയളവിൽ ഭക്ഷ്യോത്‌പാദന വളർച്ചാനിരക്ക്‌ 1.2 ശതമാനം കുറവ്‌ രേഖപ്പെടുത്തുകയുണ്ടായി.

വളക്കൂറില്ലാത്ത മച്ചോ പാറക്കെട്ടുകളോ നിറഞ്ഞ്‌, കൃഷിനിലങ്ങളാക്കി മാറ്റുവാന്‍ പര്യാപ്‌തമല്ലാത്തതും കാർഷികേതര ഉപഭോഗത്തിന്‌ നീക്കിവച്ചതുമായ ആയ 4.74 കോടി ഹെക്‌ടർ ഭൂമിയുണ്ട്‌. ശേഷിച്ച ഭൂമിയിൽ ഒരു ഭാഗം മേച്ചിൽപുറങ്ങളായും ഉപവനങ്ങളായും വൃക്ഷത്തോപ്പുകളായും ഉപയോഗിക്കപ്പെടുന്നു. കൃഷിചെയ്യാതെ തരിശിടുന്നതോ, വിളവെടുപ്പുകള്‍ക്കുശേഷം മച്ചിന്റെ വീര്യം വീണ്ടെടുക്കുവാനുദ്ദേശിച്ച്‌ വെറുതേ ഇട്ടിട്ടുള്ളതോ ആയ ഭൂമിയുടെ വിസ്‌തീർണവും ഗണനീയമാണ്‌. മനുഷ്യോപയോഗത്തിന്‌ വിധേയമായിട്ടില്ലാത്ത സീമാന്ത (ാമൃഴശിമഹ) പ്രദേശങ്ങളും ഇന്ത്യയിൽ കാണാം. മേല്‌പറഞ്ഞ ഇനങ്ങളിലുള്‍പ്പെട്ട ഭൂമിയുടെ മൊത്തം വിസ്‌തീർണം 5.42 കോടി ഹെക്‌ടറായി കണക്കാക്കപ്പെട്ടിരിക്കുന്നു. കൃഷിയിറക്കുന്ന ഭൂമിയുടെ വിസ്‌തീർണം 14.12 കോടി ഹെക്‌ടറാണ്‌; ഇതിൽ 2.48 കോടി ഇരുപ്പൂനിലങ്ങളാണ്‌. തരിശുനിലങ്ങളിൽ വിളവിറക്കുന്നതിനും, കായലുകള്‍, ചതുപ്പുകള്‍ തുടങ്ങിയവയെ ജലം ചോർത്തിക്കളഞ്ഞോ നികത്തിയെടുത്തോ കൃഷിയോഗ്യമാക്കി മാറ്റുന്നതിനുമുള്ള തീവ്രമായ ശ്രമം നടന്നുവരുന്നു; ഭൂ-ഉദ്ധാരണ പ്രവർത്തങ്ങള്‍ ഉത്തർപ്രദേശ്‌, അസം, മധ്യപ്രദേശ്‌, കേരളം, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ സജീവമായിട്ടുള്ളത്‌. ഈ പ്രവർത്തനങ്ങളിലൂടെ 670 ലക്ഷം ഹെക്‌ടർ ഭൂമി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഇതു സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്‌. കൃഷിഭൂമിയുടെ 21.8% ജലസേചനസൗകര്യങ്ങളുള്ളവയാണ്‌. 2002 അന്ത്യത്തോടെ ഇന്ത്യയിലെ 469.5 ലക്ഷം ഹെക്‌ടർ കൃഷിഭൂമി ജലസേചന സൗകര്യമുള്ളതായി. ഇന്ത്യയിൽ ഭക്ഷ്യവിളകളാണ്‌ അധികമായി കൃഷിചെയ്യപ്പെടുന്നത്‌; നാണ്യവിളകള്‍ ഗണ്യമായി വികസിച്ചിട്ടുണ്ട്‌. വിളകളിലെ വൈവിധ്യം ഇന്ത്യന്‍ കാർഷികമേഖലയുടെ സവിശേഷതയാണ്‌. ലോകത്തിലെ നെല്ലുൽപാദനത്തിന്റെ 21.8 ശതമാനം ഇന്ത്യയിലാണ്‌. ഗോതമ്പ്‌ ഉൽപാദനത്തിൽ 12 ശതമാനവും ഇന്ത്യയുടെ പങ്കാണ്‌. കന്നുകാലി സംഖ്യയിലും പാൽ ഉൽപാദനത്തിലും ലോകത്ത്‌ ഒന്നാം സ്ഥാനമുള്ള ഇന്ത്യയിൽ കന്നുകാലികള്‍ 1950-51-ൽ 17 ദശലക്ഷമായിരുന്നത്‌ 2007-08 ആയപ്പോഴേക്ക്‌ 102 ദശലക്ഷമായി വർധിച്ചിട്ടുണ്ട്‌. ക്ഷീരോത്‌പാദനരംഗത്ത്‌ ധവളവിപ്ലവം നൽകിയ സംഭാവന ഏറെ വലുതാണ്‌. തേയില ഉൽപാദനത്തിൽ ലോകത്ത്‌ രണ്ടാം സ്ഥാനവും മത്സ്യ ഉത്‌പാദനത്തിൽ ഉത്തർപ്രദേശ്‌, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളും നിർണായകമായ പങ്കുവഹിച്ചുവരുന്നു. ലോകത്തെ ആകെ പച്ചക്കറി ഉത്‌പാദനത്തിന്റെ 13 ശതമാനത്തോളം ഇന്ത്യയിലാണ്‌. പ്രധാനമായും മൂന്നു വിളവെടുപ്പുകാലങ്ങളാണുള്ളത്‌: ഖാരീഫ്‌, റാബി, വേനൽകാലവിളകള്‍. ഖാരീഫ്‌ മണ്‍സൂണിനെ ആശ്രയിച്ചുള്ള വിളവെടുപ്പാണ്‌. ജൂണ്‍-ജൂല. മാസങ്ങളിൽ വിതച്ച്‌, ഒ.-ന. മാസങ്ങളിൽ കൊയ്‌ത്തുനടത്തുന്നു. നെല്ല്‌, ജോവാർ, ബാജ്‌റ്‌, എള്ള്‌, പരുത്തി, ചണം എന്നിവയാണ്‌ പ്രധാന ഖാരിഫ്‌ വിളകള്‍. മഴക്കാലത്തിന്റെ അന്ത്യത്തോടെ കൃഷിയിറക്കി മാ.-ഏ. മാസങ്ങളിൽ വിളവെടുപ്പുനടത്തുന്ന സമ്പ്രദായമാണ്‌ റാബി;ഗോതമ്പ്‌, ബാർലി, പയറുവർഗങ്ങള്‍, ആവണക്ക്‌, കടുക്‌ തുടങ്ങിയവ റാബിവിളകളിൽപ്പെടുന്നു. നെല്ല്‌, ചോളം, നിലക്കടല എന്നിവ വേനൽകാല വിളകളായും കൃഷിചെയ്‌തുപോരുന്നു. മേല്‌പറഞ്ഞ പൊതുസമ്പ്രദായങ്ങളിൽ നിന്ന്‌ പ്രാദേശികമായ ധാരാളം വ്യതിയാനങ്ങള്‍ കാണാം. കൃഷിനിലങ്ങളുടെ വിസ്‌തീർണം ആസ്‌പദമാക്കി വീക്ഷിച്ചാൽ ധാന്യങ്ങളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനം നെല്ലിനും രണ്ടാം സ്ഥാനം ഗോതമ്പിനുമാണ്‌. ഭക്ഷ്യേതരവിളകളിൽ ഒന്നാംസ്ഥാനം പരുത്തിക്കും രണ്ടാംസ്ഥാനം നിലക്കടലയ്‌ക്കും ആണ്‌.

പ്രധാനമായും മൂന്നു മാതൃകയിലുള്ള കൃഷിസമ്പ്രദായങ്ങളാണ്‌ ഇന്ത്യയിൽ നിലവിലുള്ളത്‌. സ്ഥാനാന്തര കൃഷിസമ്പ്രദായമാണ്‌ ആദ്യത്തേത്‌. മലമ്പ്രദേശങ്ങളിൽ പ്രായേണ അപരിഷ്‌കൃതരും സ്ഥിരമായി പാർപ്പുറപ്പിക്കാത്തവരുമായ വർഗക്കാരാണ്‌ ഈ രീതി അവലംബിച്ചു പോരുന്നത്‌. വ്യാപകമായ പുനരധിവാസശ്രമങ്ങളെത്തുടർന്ന്‌ ഈ സമ്പ്രദായം അവസാനിച്ചുവരുന്നു. പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ മഴയെ ആശ്രയിച്ചോ ജലസേചന സൗകര്യങ്ങളുപയോഗിച്ചോ ധാന്യങ്ങളും മറ്റുവിളകളും കൃഷിചെയ്യുന്ന രീതിയാണ്‌ പൊതുവെ കൂടുതൽ. അശാസ്‌ത്രീയവും പ്രായേണ ആയാസരഹിതവുമായ സമ്പ്രദായങ്ങള്‍ വിളവു കുറയുന്നതിനും മച്ചിന്റെ വീര്യം കെടുന്നതിനും കാരണമായിത്തീരുന്നു. ഇന്ത്യന്‍ കാർഷികരംഗത്തെ പ്രധാന പ്രശ്‌നമാണിത്‌. ഈ രീതി അവലംബിച്ചുള്ള കൃഷി മൂന്നിനമാണ്‌: ധാന്യങ്ങള്‍, നാണ്യവിളകള്‍, ഫലവൃക്ഷങ്ങള്‍. വിസ്‌തൃതമായതോട്ടങ്ങളിലോ തോപ്പുകളിലോ ശാസ്‌ത്രീയരീതിയിൽ നാണ്യവിളകള്‍ കൃഷിചെയ്‌തുപോരുന്ന സമ്പ്രദായമാണ്‌ മൂന്നാമത്തേത്‌. ഈ സംവിധാനം അഭിവൃദ്ധിപ്പെട്ടുവരുന്നതേയുള്ളൂ.

കാർഷികവികസനം ത്വരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളിൽ 1966-67-നുശേഷം പൂർവാധികമായ വികാസം ഉണ്ടായി. രാസവളങ്ങളുടെ ഉപയോഗം, മികച്ചയിനം വിത്തുകളുടെ ഉപയോഗം, മച്ചൊലിപ്പു നിവാരണം തുടങ്ങിയ രംഗങ്ങളിലും ജലസേചനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും 20-ാം ശ.-ത്തിന്റെ അന്ത്യപാദത്തിൽ വമ്പിച്ച അഭിവൃദ്ധിനേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. 1950-51 കാലയളവിൽ രാസവളങ്ങളുടെ ഉപയോഗം ഇന്ത്യയിൽ 65,600 ടണ്‍ ആയിരുന്നത്‌ ഹരിതവിപ്ലവത്തെതുടർന്ന്‌ 24,909,300 ടണ്‍ ആയി ഉയർന്നു. എന്നാൽ, സമീപകാലത്തെ ചില പഠനങ്ങള്‍ നൽകുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല. 1991-ൽ ആളോഹരി ഭക്ഷ്യലഭ്യത 510 ഗ്രാമായിരുന്നത്‌ 2009-ൽ 437 ഗ്രാമായി കുറയുകയുണ്ടായി. കഴിഞ്ഞ പത്ത്‌ വർഷകാലയളവിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്‌ത കർഷകരുടെ എച്ചം 120,000-ത്തിലേറെയാണ്‌. കാലവർഷ വ്യതിയാനങ്ങളും ആഗോളവത്‌ക്കരണത്തിന്റെ കെടുതികളും സ്യഷ്‌ടിച്ച സാമ്പത്തിക ബാധ്യതയുമാണ്‌ ഇതിനു പ്രധാന കാരണം.

ഇന്ത്യയിൽ ഭക്ഷ്യധാന്യങ്ങളായ നെല്ല്‌, ഗോതമ്പ്‌, പയറുവർഗങ്ങള്‍ എന്നിവയുടെ ഉത്‌പാദനം വർധിപ്പിക്കുന്നതിനായി കേന്ദ്ര കൃഷി-സഹകരണ മന്ത്രാലയത്തിന്റെ പദ്ധതിയാണ്‌ ദേശീയ ഭക്ഷ്യ സുരക്ഷാമിഷന്‍. പതിനൊന്നാം പദ്ധതിയുടെ അവസാനത്തോടെ ഉത്‌പാദന ബെഞ്ച്‌ മാർക്കിനെക്കാള്‍ നെല്ലിന്റെ ഉത്‌പാദനം 10 ദശലക്ഷം ടച്ചും ഗോതമ്പിന്റെ ഉത്‌പാദനം 8 ദശലക്ഷം ടച്ചു പയറുവർഗങ്ങളുടേത്‌ 2 ദശലക്ഷം ടച്ചും വർധനവാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. കൃഷിയിടങ്ങള്‍ ഉപയോഗപ്പെടുത്തുക, ഉത്‌പാദനക്ഷമത വർധിപ്പിക്കുക, മച്ചിന്റെ വളക്കൂറും ഉത്‌പാദന ശേഷിയും നിലനിർത്തുക, കാർഷിക മേഖലയിൽ തൊഴിലവസരങ്ങള്‍ വർധിപ്പിക്കുക, വരുമാനം ഉയർത്തുക, എന്നീ ലക്ഷ്യങ്ങള്‍ക്കായി 16 സംസ്ഥാനങ്ങളിൽ നിന്നായി 305 ജില്ലകളാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. കേരളത്തിൽ നിന്നും പാലക്കാട്‌ ജില്ല പ്രസ്‌തുത പദ്ധതിയിൽ ഇടം നേടിയിട്ടുണ്ട്‌. പ്രത്യേക പ്രദേശങ്ങളിലെ മച്ചിന്റെ ചേരുവയെയും കുറവുള്ള അംശങ്ങള്‍ നികത്തുവാന്‍ ചേർക്കേണ്ട വളങ്ങളെയും സംബന്ധിച്ച്‌ വ്യാപകമായ പഠനം നടത്തി കർഷകർക്ക്‌ ഉപദേശങ്ങള്‍ നല്‌കുവാനുള്ള സംവിധാനം നടന്നുവരുന്നുണ്ട്‌. അത്യുത്‌പാദനശേഷിയുള്ള വിത്തുകള്‍ കണ്ടെത്തുവാനുള്ള ഗവേഷണങ്ങളുടെയും അവയുടെ വിതരണത്തിന്റെയും പ്രചാരണങ്ങളുടെയും ചുമതലവഹിക്കുവാന്‍ ദേശീയ തലത്തിൽ രണ്ടു സ്ഥാപനങ്ങളുണ്ട്‌: നാഷണൽ സീഡ്‌സ്‌ കോർപറേഷനും സ്റ്റേറ്റ്‌ ഫാംസ്‌ കോർപറേഷനും. ഇവ കൂടാതെ 6 സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായ ഗവേഷണകേന്ദ്രങ്ങളുണ്ട്‌. സ്റ്റേറ്റ്‌ ഫാംസ്‌ കോർപറേഷന്‍ വിത്തുഗവേഷണത്തിനു പുറമേ ഭൂ-ഉദ്ധാരണരംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു. മെച്ചപ്പെട്ടവിളവുനല്‌കുന്ന വിത്തുകളുടെ ഉപയോഗം ഇപ്പോള്‍ സാർവത്രികമായിട്ടുണ്ട്‌.

വേണ്ടത്ര വിദ്യാഭ്യാസവും ശാസ്‌ത്രബോധവും നല്‌കി കർഷകജനതയെ കൂടുതൽ ഉദ്‌ബുദ്ധരാക്കുവാനുള്ള സംവിധാനങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഫലമായി മിക്ക സംസ്ഥാനങ്ങളിലുമുള്ള കർഷകർ കൂടുതൽ കൂടുതലായി പരമ്പരാഗതമായ രീതികളുടെ സ്ഥാനത്ത്‌ ശാസ്‌ത്രീയസമ്പ്രദായങ്ങള്‍ സ്വീകരിച്ചുവരുന്നു. വ്യവസായവത്‌കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽ ചെറുകിട വ്യവസായങ്ങള്‍ പ്രാവർത്തികമാക്കുന്നതിനും കാർഷികവൃത്തിയിലേർപ്പെട്ട്‌ ഭാഗികമായി തൊഴിൽരഹിതരായി കഴിയുന്ന ഗ്രാമീണരെ മറ്റുരംഗങ്ങളിലേക്കു വ്യാപരിപ്പിക്കുന്നതിനും ഉള്ള പദ്ധതികള്‍ വർധമാനമായതോതിൽ പുരോഗമിച്ചിട്ടുണ്ട്‌. ഒരുപ്പൂനിലങ്ങളെ, ശാസ്‌ത്രീയ സങ്കേതങ്ങള്‍ അവലംബിച്ച്‌ ഇരുപ്പൂനിലങ്ങളാക്കി മാറ്റുന്നതിനും അതിലൂടെ ഭക്ഷ്യോത്‌പാദനം വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിൽ പുരോഗതിയുണ്ടായിരിക്കുന്നു. കാർഷികമേഖലയിൽ നിലവിലിരുന്ന അടിമപ്പണി, സാമ്പത്തികചൂഷണം തുടങ്ങിയവയിൽനിന്ന്‌ കർഷകത്തൊഴിലാളികളും ചെറുകിട കർഷകരും നിയമംമൂലം സംരക്ഷിതരായിട്ടുണ്ട്‌. കൃഷി നിലങ്ങളുടെ വലിപ്പക്കുറവ്‌ വിളവെടുപ്പിന്റെ തോതിനെ പ്രതികൂലമായി ബാധിക്കുന്ന ദുഃസ്ഥിതിക്ക്‌ പരിഹാരമായി സഹകരണകൃഷിസമ്പ്രദായം പ്രാത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. കൃഷിനിലങ്ങളുടെ ഏകീകരണത്തിനു മാത്രമല്ല നൈസർഗികവും മനുഷ്യപ്രയോക്തവുമായ കൃഷിസൗകര്യങ്ങളുടെ സംരക്ഷണത്തിനും കാർഷികരംഗത്തെ സഹകരണം ഉത്തേജകമായിരിക്കുന്നു. കാർഷികോത്‌പന്നങ്ങളുടെ സംഭരണത്തിനും ഗവണ്‍മെന്റ്‌ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ കർഷകക്ഷേമപദ്ധതികള്‍ക്ക്‌ സഹായകമാണ്‌.

ജലസേചനവും വൈദ്യുതോത്‌പാദനവും

ഭാരതത്തിൽ, അതിപ്രാചീനകാലം മുതൽതന്നെ ജലസേചനത്തിനുവേണ്ടി കുളങ്ങളും കനാലുകളും കിണറുകളും സർക്കാരിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച്‌, കാലാകാലങ്ങളിൽ അറ്റുകുറ്റപ്പണികള്‍ചെയ്‌ത്‌ സംരക്ഷിക്കപ്പെട്ടിരുന്നതിന്‌ പല തെളിവുകളുംലഭിച്ചിട്ടുണ്ട്‌. ഏകദേശം 5,000 വർഷങ്ങള്‍ക്കുമുമ്പ്‌ വികാസം പ്രാപിച്ചിരുന്ന സിന്ധുതടനാഗരീകതയിൽ ഇത്തരം ജലസേചനസൗകര്യങ്ങള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. പ്രാചീനഭാരതത്തിൽ ജലസേചനംവഴി പരുത്തിയും, ഭക്ഷ്യധാന്യങ്ങളും വന്‍തോതിൽ കൃഷിചെയ്‌തിരുന്നു എന്ന്‌ മോഹന്‍ജൊദരോ, ഹാരപ്പാ അവശിഷ്‌ടങ്ങള്‍ വ്യക്തമാക്കുന്നു. ബി.സി. നാലാം ശ.-ത്തിൽ അലക്‌സാണ്ടറുടെ പ്രതിനിധിയായി ഇന്ത്യയിൽ വന്ന മെഗസ്‌തനീസ്‌ ഇന്ത്യയിലെ ജലസേചനസൗകര്യങ്ങളെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ദക്ഷിണേന്ത്യയിൽ തഞ്ചാവൂരിലെ കാവേരി നദീതടത്തിലെ നെൽകൃഷിക്ക്‌ വെള്ളമെത്തിക്കുന്നതിനുവേണ്ടി തിരുച്ചിറപ്പള്ളിക്കു സമീപം എ.ഡി. 46-ൽ കരികാലചോളന്‍ എന്ന രാജാവ്‌ നിർമിച്ച കല്ലണക്കെട്ട്‌ "ഗ്രാന്റ്‌ അണക്കെട്ട്‌' എന്ന പേരിൽ ഇപ്പോഴും ഉപയോഗപ്രദമായി നിലനിൽക്കുന്നു. നാലുലക്ഷം ഹെക്‌ടർ കൃഷിഭൂമി നൂറ്റാണ്ടുകളായി ജലസേചനസൗകര്യമുള്ളതാക്കി തീർക്കുവാന്‍ ഈ അണക്കെട്ട്‌ സഹായിച്ചു. മുഗള്‍ ഭരണകാലത്തും ബ്രിട്ടിഷ്‌ ഭരണകാലത്തും ഇന്ത്യയിലെ ജലസേചനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയുണ്ടായി. പടിഞ്ഞാറന്‍ യമുനാകനാൽ, ബഡിദോബ്‌ കനാൽ (Bari Doab Canal), ഗോദാവരി നദീതടപദ്ധതി, ആഗ്രാകനാൽ, ബേത്ത്‌വാകനാൽ, പെരിയാർകനാൽ, ഖഡക്‌വാസ്‌ലാ സംഭരണ അണക്കെട്ട്‌, കൃഷ്‌ണാനദീതടപദ്ധതി, കാവേരിനദീതടപദ്ധതി, ഗോദാവരി കനാൽ, ശാരദാകനാൽ, ഗംഗാകനാൽ, സോണ്‍ കനാൽ പദ്ധതി എന്നിവ 19-ാം ശ.-ത്തിൽ പണി പൂർത്തിയായ പ്രധാന പദ്ധതികളാണ്‌. ഒന്നാം ജലസേചനകമ്മിഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ കൃഷ്‌ണ രാജസാഗർ, മേട്ടൂർറിസർവോയർ, നൈസാംസാഗർ മുതലായ ചില പദ്ധതികളും ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ പ്രയോഗത്തിൽ വരുത്തുകയുണ്ടായി. ഒട്ടനേകം ചെറുകിട ജലസേചനപദ്ധതികളും ഈ കാലഘട്ടത്തിൽ പൂർത്തിയാക്കി. രണ്ടാംലോകയുദ്ധം പുതിയ ജലസേചനപദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നതിന്‌ പ്രതിബന്ധമായിത്തീർന്നു. എങ്കിലും യുദ്ധം അവസാനിച്ചതോടെ ചില പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങുകയും, സ്വാതന്ത്യ്രപ്രാപ്‌തിയോടെ ജലസേചന സൗകര്യങ്ങള്‍ വർധിപ്പിക്കുന്ന പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‌കി നിർമാണം തുടങ്ങുകയുമുണ്ടായി. തുംഗഭദ്ര, ഹിരാക്കുഡ്‌, ദാമോദർ വാലി കോർപറേഷന്‍, മലമ്പുഴ, ചംബൽ, ലോവർഭവാനി, മണിമുത്താർ, ഭദ്രാ, ഭക്രാനംഗൽ, മയൂരാക്ഷി തുടങ്ങിയ പദ്ധതികള്‍ ഇവയ്‌ക്കുദാഹരണങ്ങളാണ്‌.

അണക്കെട്ടുകളുടെ നിർമാണകാര്യത്തിൽ എച്ചം നോക്കുമ്പോള്‍ ലോകത്തിലെ നാലാം സ്ഥാനം ഇന്ത്യയ്‌ക്കു ലഭിക്കുന്നു. സ്വാതന്ത്യ്രംകിട്ടിയ ഘട്ടത്തിൽ 226 ലക്ഷം ഹെക്‌ടർ ഭൂമിമാത്രമാണ്‌ ജലസേചനസൗകര്യമുള്ളതായി ഇന്ത്യയിലുണ്ടായിരുന്നത്‌. 2002 അന്ത്യത്തോടെ 469.8 ലക്ഷം ഹെക്‌ടർ ഭൂമി ജലസേചനസൗകര്യമുള്ളതായിത്തീർന്നിട്ടുണ്ട്‌. ഈ വർധനവ്‌ ഇന്ത്യയിലെ "ഹരിത വിപ്ലവ'ത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്‌. (നോ: അണക്കെട്ടുകള്‍, ഇന്ത്യന്‍ നദീതടപദ്ധതികള്‍, ജലസേചനം).

ഒരു രാജ്യത്തിന്റെ വൈദ്യുതോത്‌പാദന വർധനവ്‌ ആ രാജ്യത്തിന്റെ വികസന പുരോഗതിയുടെ മാനദണ്ഡങ്ങളിലൊന്നായി കണക്കാക്കാം. ഇന്ത്യയിൽ ആകെ വൈദ്യുതോത്‌പാദനത്തിന്റെ 25 ശതമാനം മാത്രമാണ്‌ ജലവൈദ്യുതി. 25,000 മെഗാവാട്ടാണ്‌ ജലവൈദ്യുതിവഴി ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. 1897-ൽ പശ്ചിമബംഗാളിലെ ഡാർജിലിങ്ങിനു സമീപമാണ്‌ സിഡ്രാപോങ്ങ്‌ ജലവൈദ്യുതി നിലയം എന്ന പേരിൽ ആദ്യത്തെ ജലവൈദ്യുതി നിലയം പ്രവർത്തനമാരംഭിച്ചത്‌. ഏഷ്യയിലെ തന്നെ ആദ്യത്തെ ജലവൈദ്യുതി നിലയങ്ങളിൽ ഒന്നായിരുന്നു ഇത്‌. രാജ്യത്തിന്റെ വികസനത്തിൽ വൈദ്യുതിയുടെ അവശ്യകതയെ കണക്കിലെടുത്ത്‌ സ്വാതന്ത്യ്രാനന്തരം വിവിധ പഞ്ചവൽസരപദ്ധതികളിലൂടെ അന്‍പതിലേറെ വന്‍ജലവൈദ്യുത പദ്ധതികള്‍ക്ക്‌ ആസൂത്രണ കമ്മീഷന്‍ ലക്ഷ്യമിടുകയുണ്ടായി നാഗാർജുനസാഗർ, തുംഗഭദ്ര, കോശി ഈസ്റ്റ്‌ കനാൽ, ഗഡാക്‌, ഉകൈ, മഹി, പറമ്പിക്കുളം, അലിയാർ, മൂളാ, ഭദ്ര, ഘടപ്രഭ, ഹിരാക്കുഡ്‌, മഹാനദീപദ്ധതി, രാമഗംഗ, മയൂരാക്ഷി, കംഗ്‌സാബതി, ഭക്രാനംഗൽ, ഹീരാക്കുഡ്‌, ശബരിഗിരി, ഇടുക്കി തുടങ്ങിയവയാണ്‌ ഇന്ത്യയിലെ പ്രധാന ജലവൈദ്യുതി നിലയങ്ങള്‍.

ഇന്ത്യയിലെ ആകെ വൈദ്യുതോത്‌പാദനത്തിന്റെ എഴുപതുശതമാനം സംഭാവന ചെയ്യുന്നത്‌ താപവൈദ്യുതി നിലയങ്ങളാണ്‌. കൽക്കരി, പ്രകൃതിവാതകം, പെട്രാളിയം തുടങ്ങിയവയാണ്‌ താപവൈദ്യുതി ഉത്‌പാദനത്തിനായി ഉപയോഗിച്ചുവരുന്നത്‌. 1975-ൽ സ്ഥാപിതമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ്‌ (NTPC) വൈദ്യുതോത്‌പാദന രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി. 29,894 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ എന്‍.ടി.പി.ടിയുടെ സംഭാവന. ഇപ്പോള്‍ (2011) എന്‍.ടി.പി.സി.ക്ക്‌ 30 താപവൈദ്യുതി നിലയങ്ങള്‍ പ്രവർത്തനക്ഷമമായുണ്ട്‌. കേരളത്തിൽ കായംകുളത്തു പ്രവർത്തിക്കുന്ന രാജീവ്‌ ഗാന്ധി കംബൈന്‍ഡ്‌ സൈക്കിള്‍ പവർ പ്രാജക്‌ട്‌ എന്‍.ടി.പി.സി.ക്കു കീഴിൽ പ്രവർത്തിക്കുന്ന താപവൈദ്യുതി നിലയമാണ്‌.

താപവൈദ്യുതിക്കു പുറമേ ആണവവൈദ്യുതിയും ഇന്ത്യയിൽ ഉപയോഗപ്പെടുത്തിവരുന്നു. ആകെ വൈദ്യുതോത്‌പാദനത്തിന്റെ 34 ശതമാനമാണ്‌ ആണവനിലയങ്ങളുടെ സംഭാവന. ന്യൂക്ലിയർ പവർ കോർപ്പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡിനു കീഴിൽ 17 ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ നിന്നായി 4,120 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇവയ്‌ക്കെല്ലാം പുറമേ കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽനിന്നും വൈദ്യുതി ഉത്‌പാദനം നടത്തിവരുന്നു.

ഊർജ-ഇന്ധനങ്ങള്‍. ഊർജ-ഇന്ധനങ്ങളിൽ പ്രധാന സ്ഥാനം കൽക്കരിക്കാണ്‌; വ്യവസായരംഗത്തെ ഊർജ-ഉപഭോഗത്തിന്റെ 65 ശ.മാ.-ത്തോളം കൽക്കരിയിൽനിന്നാണ്‌. ഇന്ത്യയിൽ കല്‌ക്കരി ഖനനം ആരംഭിച്ചത്‌ 1774-ൽ പ. ബംഗാളിലെ റാണിഗഞ്‌ജിൽ നിന്നായിരുന്നു. ഇപ്പോള്‍ പ. ബംഗാളിനൊപ്പം ഝാർഖണ്ഡ്‌, ഒറീസ്സ, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്‌, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലും കൽക്കരി ഉത്‌പാദനം സാമാന്യമായ തോതിൽ നടന്നുവരുന്നു. 2004-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിൽ ഏകദേശം 2,14,000 ദശലക്ഷം ടണ്‍ കൽക്കരി നിക്ഷേപമുള്ളതായി കരുതപ്പെടുന്നു. ഓരോ വർഷവും ഏകദേശം 330 ദശലക്ഷം ടണ്‍ കൽക്കരി ഇന്ത്യയിൽ ഖനനം ചെയ്യുന്നുണ്ട്‌. ഏറ്റവും കനത്ത നിക്ഷേപങ്ങള്‍ ഒറീസ്സയിലാണുള്ളത്‌; എന്നാൽ ഇവയുടെ ഗുണനിലവാരം നന്നേ കുറവാണ്‌. മുന്തിയഇനം കൽക്കരി ലഭിക്കുന്നത്‌ ഝാർഖണ്ഡ്‌, പ. ബംഗാളിലെ ദാമോദർതടം എന്നിവിടങ്ങളിൽനിന്നാണ്‌; ഇതിന്റെ അളവ്‌ 2,015 കോടി മെ. ടച്ചായി തിട്ടപ്പെടുത്തിയിരിക്കുന്നു. ലിഗ്നൈറ്റിന്റെ കനത്തനിക്ഷേപങ്ങള്‍ ഗുജറാത്ത്‌, ജമ്മു-കാശ്‌മീർ, രാജസ്ഥാന്‍, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌; ഇപ്പോള്‍ കാര്യമായ ഉത്‌പാദനം നടക്കുന്നത്‌ തമിഴ്‌നാട്ടിലാണ്‌. ലിഗ്നൈറ്റിന്റെ മൊത്തം ലഭ്യത 3,601 കോടി മെ.ടച്ചാണ്‌. സുഗമമായ പ്രവർത്തനവും അശാസ്‌ത്രീയമായ ഖനനം ഒഴിവാക്കലും ലക്ഷ്യമാക്കി ഇന്ത്യയിലെ കൽക്കരിഖനികളെ 1973-ൽ ദേശസാത്‌കരിച്ചു. ഇതേത്തുടർന്ന്‌ കൽക്കരി ഖനനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ സേവന വേതന വ്യവസ്ഥകളിലും ജീവിതസൗകര്യങ്ങളിലും സുരക്ഷാമാനദണ്ഡങ്ങളിലും വലുതായ പുരോഗതി കൈവന്നിരിക്കുന്നു.

രാജ്യത്തിനുള്ളിൽ പെട്രാളിയം, പ്രകൃതിവാതകം എന്നിവയുടെ ഉത്‌പാദനം, ഇവയുടെ അവസ്ഥിതി തിട്ടപ്പെടുത്താനുള്ള തെരച്ചിൽ എന്നിവയ്‌ക്കൊപ്പം അസംസ്‌കൃത പെട്രാളിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഇറക്കുമതി, ശുദ്ധീകരണം, ക്രമീകൃത വിതരണം, വിപണനം, ഉപഭോഗ മൂല്യനിയന്ത്രണം തുടങ്ങിയവയെല്ലാം കേന്ദ്രീകൃതമായ നിലയിൽ പ്രത്യേക മന്ത്രാലയത്തിന്റെ ചുമതലയിലായിരുന്നു മുമ്പ്‌ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്‌. ഇവയുടെ പ്രായോഗിക നിർവഹണത്തിന്‌ ഓയിൽ ആന്‍ഡ്‌ നാച്ചുറൽ ഗ്യാസ്‌ കമ്മിഷന്‍ (ഒ.എന്‍.ജി.സി.), ഓയിൽ ഇന്ത്യാ ലിമിറ്റഡ്‌ (ഒ.ഐ.എൽ) എന്നീ സ്ഥാപനങ്ങള്‍ക്ക്‌ രൂപംനൽകി. ഇന്ത്യയിൽ പെട്രാളിയത്തിനുവേണ്ടിയുള്ള തെരച്ചിൽ കാര്യമായി ആരംഭിച്ചത്‌ സ്വാതന്ത്യ്ര പ്രാപ്‌തിക്കുശേഷമാണ്‌ എച്ച ശുദ്ധീകരണശാലകള്‍ കാര്യക്ഷമമായി പ്രവർത്തിച്ചുതുടങ്ങിയതും ഏതത്‌ കാലഘട്ടത്തിലായിരുന്നു. നിയമാധിഷ്‌ഠിത (ടമേൗേീേൃ്യ) സ്ഥാപനമായി 1956-ൽ രൂപീകൃതമായ ഒ.എന്‍.ജി.സി. 2004-ൽ ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായി മാറ്റപ്പെട്ടു. ഗുജറാത്തിലെ അങ്കലേശ്വർ, നവ്‌ഗാംവ്‌, കലോള്‍, കോസംബ, സാനന്ദ്‌, കഥ്‌ന, വേരാവൽ, ബർക്രാള്‍, ധോൽക, അഹമ്മദാബാദ്‌, ബാലോള്‍, സന്തോള്‍, മെഹ്‌സാന, ദബ്‌ക, ശോബസാന്‍കാഡി എന്നിവിടങ്ങളെയും അസമിലെ ലഖ്വ, രുദ്രസാഗർ, ബോറോല, ആമ്‌ഗൂഡി എന്നീ സ്ഥലങ്ങളെയും കേന്ദ്രീകരിച്ചു പ്രവർത്തിച്ചുപോന്ന ഒ.എന്‍.ജി.സി.യുടെ പ്രവർത്തനമേഖല ഇപ്പോള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. പെട്രാളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണ-സർവേക്ഷണങ്ങളുടെ ചുമതലയും ഈ സ്ഥാപനത്തിനാണ്‌. 1991-ൽ ആവിഷ്‌കരിക്കപ്പെട്ട ന്യൂ എക്‌സ്‌പ്ലൊറേഷന്‍ ലൈസന്‍സിങ്‌ നയം (എന്‍.ഇ.എൽ.പി.) ഇന്ത്യയിലെ സ്വകാര്യകമ്പനികള്‍ക്കും വിദേശ ഏജന്‍സികള്‍ക്കും എച്ച പര്യവേഷണവും ഉത്‌പാദനവും നടത്തുന്നതിനുള്ള അവസരം തുറന്നുനൽകി. ഇതിന്റെ ഭാഗമായി ഗോദാവരി തടത്തിലും രാജസ്ഥാനിലും റിലയന്‍സ്‌ ഉള്‍പ്പെടെയുള്ള സ്വകാര്യകമ്പനികള്‍ എച്ചയും പ്രകൃതിവാതകവും ഉല്‌പാദിപ്പിച്ചുവരുന്നു. കരയിൽ 12, തീരക്കടലിൽ 2, ആഴക്കടലിൽ 6 എന്നീ ക്രമത്തിൽ എച്ച ഖനനത്തിനു സാധ്യതയുള്ളതായി നിർണയിക്കപ്പെട്ട പാടങ്ങള്‍ വിദേശസംരംഭകർക്കായി മാറ്റിവച്ചിട്ടുണ്ട്‌. ഒ.എന്‍.ജി.സിയുടെ പ്രവർത്തനം നേരത്തേതന്നെ തീരക്കടലിലേക്കു വ്യാപിച്ചിരുന്നു; കടൽത്തറയിൽനിന്ന്‌ എച്ച ഉത്‌പാദിപ്പിക്കുന്ന ഒ.എന്‍.ജി.സി.യുടെ ബോംബെ ഹൈസാഗർ സാമ്രാട്ട്‌ പാടം മികച്ച ഉത്‌പാദന നിലവാരമാണ്‌ പുലർത്തുന്നത്‌. പെട്രാളിയം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള ഒ.ഐ.എൽ. ഒരു പൊതുമേഖലാ സ്ഥാപനമാണ്‌; അസം, അരുണാചൽപ്രദേശ്‌, ഒറീസ്സ, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള എച്ചപര്യവേക്ഷണം, ഉത്‌പാദനം എന്നീ ധർമങ്ങള്‍ക്കൊപ്പം അസംസ്‌കൃത എച്ചയും പ്രകൃതിവാതകവും ശുദ്ധീകരണ ശാലകളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഒ.എന്‍.ജി.സി.യുടെ അധീനസ്ഥാപന(ടൗയശെറശമൃ്യ)മായ ഒ.എന്‍.ജി.സി. വിദേശ്‌ ലിമിറ്റഡ്‌ (ഒ.വി.എൽ.) 13 വിദേശരാജ്യങ്ങളിലായി എച്ചപര്യവേക്ഷണവും ഉത്‌പാദനവും ലക്ഷ്യമാക്കിയുള്ള 21 പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നു. വിയറ്റ്‌നാം, റഷ്യ, സുഡാന്‍, ഇറാന്‍, ഇറാഖ്‌, ലിബിയ, മ്യാന്മർ, സിറിയ, ഖത്തർ, ക്യൂബ, ഈജിപ്‌ത്‌, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ്‌ ഒ.വി.എൽ. വേരുറപ്പിച്ചിട്ടുള്ളത്‌; ഇവയിൽ സുഡാന്‍, വിയറ്റ്‌നാം, സിറിയ, റഷ്യ (സഖാലിന്‍ ക) എന്നീ രാജ്യങ്ങളിലെ നിയുക്തപാടങ്ങളിൽനിന്ന്‌ സുഗമമായ എച്ച ഉത്‌പാദനം സാധ്യമായിട്ടുണ്ട്‌.

ഇന്ത്യയുടെ പെട്രാളിയം സംസ്‌കരണക്ഷമത 2006-ൽ 1,32,468 ദശലക്ഷം മെ.ടണ്‍ ആയിരുന്നു. രാജ്യത്ത്‌ ഇപ്പോള്‍ സ്വകാര്യ ഉടമയിലുള്ള റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റേതുള്‍പ്പെടെ 18 എച്ച ശുദ്ധീകരണ ശാലകള്‍ പ്രവർത്തിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഓയിൽ കോർപ്പറേഷന്‍ (7), ഹിന്ദുസ്ഥാന്‍ പെട്രാളിയം കോർപ്പറേഷന്‍ (2), ചെന്നൈ പെട്രാളിയം കോർപ്പറേഷന്‍ (2), ഓയിൽ & നാച്വുറൽ ഗ്യാസ്‌ കോർപ്പറേഷന്‍ (2) ഭാരത്‌ പെട്രാളിയം കോർപ്പറേഷന്‍ (1), കൊച്ചിറിഫൈനറി, നുമലിഗഢ്‌ റിഫൈനറി, ബംഗൈ ഗാവ്‌ റിഫൈനറി & പെട്രാകെമിക്കൽസ്‌ എന്നിങ്ങനെയാണ്‌ പൊതുമേഖലാ ശുദ്ധീകരണ ശാലകളുടെ വിതരണക്രമം. 1984 മുതൽ പ്രകൃതി വാതകത്തിന്റെ രാജ്യത്തിനുള്ളിലെ പരിവഹന(ൃേമിുെീൃമേശേീി)വും വിതരണ വിപണനങ്ങളും പൊതു ഉടമയിലുള്ള ഗ്യാസ്‌ അതോറിറ്റി ഒഫ്‌ ഇന്ത്യ (ഗെയ്‌ൽ ഇന്ത്യ) എന്ന കമ്പനിയുടെ നിയന്ത്രണത്തിലാണ്‌. പാചക വാതകത്തിന്റെ രാജ്യമെമ്പാടുമുള്ള വിതരണത്തിന്റെ മേൽനോട്ടവും ഈ സ്ഥാപനമാണ്‌ നിർവഹിക്കുന്നത്‌. ഇന്ത്യയിലുള്ള 5,340 കി.മീ. അതിമർദ പൈപ്പുലൈനുകളുടെ സംരക്ഷണച്ചുമതലയും ഗെയിലിനാണ്‌. കൽക്കരി ഖനികളിൽ ഉപോത്‌പന്നമായി ലഭ്യമാക്കാവുന്ന കോള്‍ബെഡ്‌ മീതെയ്‌ന്‍ (സി.ബി.ഡി.) പാചകവാതകമായി ഉപയോഗിക്കാവുന്നതാണെന്നു തിരിച്ചറിഞ്ഞതോടെ ഇതിന്റെ ലാഭകരമായ ഉത്‌പാദനത്തിന്‌ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്‌. പെട്രാളിയം ഉത്‌പാദനം, ഉത്‌പന്നങ്ങളുടെ ആപണനവിപണനത്തിന്റെയും വിതരണത്തിന്റെയും ചുമതല, പെട്രാകെമിക്കൽ വ്യവസായങ്ങള്‍ എന്നിവയിലെല്ലാം പൊതുമേഖലയ്‌ക്ക്‌ ഇപ്പോഴും പ്രമുഖ സ്ഥാനമാണുള്ളത്‌.

കാലിസമ്പത്ത്‌

ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ ഏറ്റവും കൂടുതൽ കന്നുകാലികളുള്ള രാജ്യമാണ്‌ ഇന്ത്യ. ഭാരതത്തിലെ കർഷകർ ഉഴവിനും വളത്തിനും മുതൽ ഉത്‌പന്നങ്ങളുടെ വിപണനം വരെയുള്ള എല്ലാക്കാര്യങ്ങള്‍ക്കും തങ്ങളുടെ വളർത്തുമൃഗങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിൽ കുതിര, കഴുത, ഒട്ടകം എന്നീ മൃഗങ്ങളെ ഭാരംചുമക്കുന്നതിനും വാഹനമായും ഉപയോഗിച്ചുവരുന്നു. എന്നാൽ ഈ വളർത്തുമൃഗങ്ങള്‍ക്ക്‌ ശരിയായ സംരക്ഷണം ലഭിക്കാത്തതുമൂലം അവയുടെ കാര്യക്ഷമത താരതമ്യേന കുറഞ്ഞു കാണുന്നു. ധാരാളം ഭക്ഷിക്കുകയും വിസർജ്യ വസ്‌തുക്കളിലൂടെ ഒന്നാന്തരം വളങ്ങള്‍ നല്‌കുകയും ചെയ്യുന്നതൊഴിച്ചാൽ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ അഭാവംമൂലം, ഇന്ത്യയിലെ കന്നുകാലികള്‍ ഗവ്യവസ്‌തുക്കളുടെ ഉത്‌പാദനത്തിലും കായികശേഷിയിലും താരതമ്യേന പിന്നാക്കം നില്‌ക്കുന്നു. എന്നിരിക്കിലും, പ്രകൃതിപ്രാതികൂല്യങ്ങളെ അതിജീവിക്കുവാനുള്ള അവയുടെ കഴിവ്‌ അന്യാദൃശമാണ്‌. ഈ ഗുണത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ രാജ്യങ്ങളിലെ ഇനങ്ങളുമായി ബീജസങ്കരം നടത്തുവാന്‍ ഇന്ത്യന്‍ കന്നുകാലികളെ ഇറക്കുമതിചെയ്യുന്ന പതിവ്‌ വികസിത രാജ്യങ്ങള്‍ പുലർത്തിപ്പോരുന്നു.

ഇന്ത്യയിൽ മൊത്തം 18.5 കോടി കാലികളാണുള്ളത്‌. ലോകത്തെ ആകെ സംഖ്യയുടെ 15 ശതമാനമാണിത്‌. 2003-ലെ കാറ്റ്‌ൽ സെന്‍സസ്‌ പ്രകാരം 9.8 കോടി എരുമകളും പോത്തുകളും ഇന്ത്യയിലുണ്ട്‌. ഇന്ത്യന്‍ പശുക്കളുടെ ക്ഷീരോത്‌പദാനത്തോത്‌ നന്നേ താണതാണ്‌. പശുക്കളോടുള്ള ആരാധനാ മനോഭാവവും ഗോഹത്യാനിരോധനവും മൂലം വാർധക്യത്തിലെത്തി ഉപയോഗരഹിതങ്ങളായിത്തീർന്ന കാലികളെപ്പോലും സംരക്ഷിക്കേണ്ടിവരുന്നത്‌ ഇന്ത്യയിൽ ഈ രംഗത്തെ ഏറ്റവും വലിയ പരാധീനതയാണ്‌. മേച്ചിൽ പുറങ്ങളുടെയും കാലിത്തീറ്റകളുടെയും കുറവും ഉള്ള ഭക്ഷണത്തിന്റെ അസന്തുലിത വിതരണവും പശുക്കളുടെ ഉത്‌പാദനക്ഷമത ഇടിയുന്നതിനു കാരണമായിത്തീർന്നിരിക്കുന്നു. കന്നുകാലികളുടെ സംഖ്യയിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ക്കാണ്‌. തുടർന്നുള്ള സ്ഥാനങ്ങള്‍ ബിഹാർ, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്‌ എന്നിവയ്‌ക്കുമാണ്‌. പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌, രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ പൊതുവെ മേൽത്തരം കാലികള്‍ കാണപ്പെടുന്നു. 575 ലക്ഷത്തോളം ചെമ്മരിയാടുകളും 1,127 ലക്ഷം കോലാടുകളും ഇന്ത്യയിലുണ്ട്‌. 2003-04-ൽ ഇന്ത്യയിൽ 460 ലക്ഷം കി. ഗ്രാം. ഒന്നാംകിട രോമം ഉത്‌പാദിപ്പിക്കപ്പെട്ടു. ജമ്മു-കാശ്‌മീർ, ഹിമാചൽപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ ഹിമാലയസാനുക്കളിൽ വളർത്തുന്ന ചെമ്മരിയാടുകള്‍ മാത്രമാണ്‌ നല്ലയിനം രോമം ഉത്‌പാദിപ്പിക്കുന്നത്‌. ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ ചെമ്മരിയാടുകള്‍ ധാരാളമുണ്ട്‌; ഇവ മാംസത്തിനായി വളർത്തപ്പെടുന്നവയാണ്‌. കോലാടുകള്‍ പാവപ്പെട്ടവന്റെ പശുക്കളാണെന്നു പറയാം. ബിഹാർ, രാജസ്ഥാന്‍, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവ അധികമായുള്ളത്‌. ഭൂരഹിതരായ കർഷകരുടെ വളർത്തുമൃഗമാണ്‌ കോലാട്‌.

കുതിരകളുടെ സംഖ്യ 11 ലക്ഷത്തോളംവരും. കഴുത, ഒട്ടകം, പന്നി എന്നീ വർഗങ്ങളിൽപ്പെട്ട 72 ലക്ഷം ജീവികളും ഇന്ത്യയിൽ വളർത്തപ്പെടുന്നു. കോഴിവളർത്തലും അഭിവൃദ്ധിപ്പെട്ടുവരുന്നു; മുട്ട ഉത്‌പാദനത്തിൽ ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ ആദ്യത്തെ അഞ്ചിനിടയ്‌ക്കാണ്‌ ഇന്ത്യയുടെ സ്ഥാനം. ശാസ്‌ത്രീയമായ കാലിവളർത്തൽ വികസിപ്പിക്കുവാനുള്ള പദ്ധതികള്‍ പ്രാവർത്തികമായിവരുന്നു.

വനവിഭവങ്ങള്‍

ഇന്ത്യയിൽ 677,088 ചതുരശ്ര കി.മീ. വനങ്ങളാണുള്ളത്‌ (2000); മൊത്തം വിസ്‌തീർണത്തിന്റെ 21% ആണിത്‌. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലെ സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോള്‍, വിസ്‌തീർണത്തിന്റെയും ജനബാഹുല്യത്തിന്റെയും അടിസ്ഥാനത്തിൽ, ഇന്ത്യയിൽ വനങ്ങള്‍ കുറവാണെന്ന്‌ പറയാം. മൊത്തം ഭൂവിസ്‌തൃതിയുടെ 1/3 ഭാഗം വനങ്ങളാക്കിമാറ്റുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ദേശീയ വനനയം 1952-ൽ ആവിഷ്‌കരിക്കപ്പെട്ടെങ്കിലും മൊത്തത്തിൽ അനിയന്ത്രിതമായ ഉപഭോഗംമൂലം വനഭൂമിയുടെ വിസ്‌തീർണം കുറയുകയാണുണ്ടായത്‌. ജനപ്പെരുപ്പംമൂലം കൃഷിഭൂമിയുടെ വിസ്‌തൃതി വർധിപ്പിക്കാനുദ്ദേശിച്ചുള്ള വെട്ടിത്തെളിക്കലുകളും നദീജലപദ്ധതികളെ തുടർന്നുള്ള വികസനപ്രവർത്തനങ്ങളും ആണ്‌ വനവിസ്‌തൃതി കുറയ്‌ക്കുന്ന പ്രധാന ഘടകങ്ങള്‍. അഭയാർഥികളുടെ പുനരധിവാസം, തോട്ടവിളകളുടെ വർധനവ്‌ തുടങ്ങിയവയും വനനശീകരണത്തിനു ഹേതുകങ്ങളായിട്ടുണ്ട്‌. വനങ്ങളുടെ ശാസ്‌ത്രീയമായ സംരക്ഷണത്തിലൂടെയും നിയന്ത്രിത ഉപഭോഗത്തിലൂടെയും ഈ നഷ്‌ടം നികത്തുവാനുള്ള ശ്രമം തുടർന്നുപോരുന്നു. വനങ്ങളുടെ വിസ്‌തൃതിയിൽ ലോകത്തിൽ പത്താമത്തെ രാജ്യമാണ്‌ ഇന്ത്യ. ലോകത്തെ ആകെ വനവിസ്‌തൃതിയുടെ 1.7 ശതമാനം ഇന്ത്യയിലാണ്‌. ഇന്ത്യയിലെ ആകെ വനവിസ്‌തൃതിയിൽ 54,569 ച.കി.മീ. നിബിഡവനമാണ്‌. 332,647 കി.മീ. ഇടത്തരം നിബിഡവനവും 289,872 ച.കി.മീ. തുറസ്സായ വനഭൂമിയുമാണ്‌. 38,475 ച.കി.മീ. കുറ്റിക്കാടുകളാണ്‌. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനവിസ്‌തൃതിയുള്ള സംസ്ഥാനം മധ്യപ്രദേശമാണ്‌-76,013 ച.കി.മീറ്റർ. കേരളത്തിന്റേത്‌ 17-ാം സ്ഥാനമാണ്‌-15,577 ച.കി.മീറ്റർ വനംവകുപ്പ്‌ പുറത്തിറക്കിയ (2005) പഠനം വ്യക്തമാക്കുന്നത്‌ ഇന്ത്യയിൽ വനഭൂമിയുടെ അളവ്‌ കുറഞ്ഞുവരുന്നു എന്നാണ്‌. വ്യാവസായികവും അല്ലാത്തതുമായ ദേശീയ ഉപഭോഗത്തിനു മതിയായ തടി ഇന്ത്യയിലെ വനങ്ങളിൽനിന്നു ലഭിക്കുന്നില്ല. തടിവെട്ട്‌ ഒരു വ്യവസായമെന്ന നിലയിൽ വികസിച്ചിട്ടുമില്ല. എന്നിരിക്കിലും ഇന്ത്യയിലെ വനങ്ങളിൽനിന്നു ലഭിക്കുന്ന മുഖ്യവിഭവം തടിയാണ്‌. മുള, ഈറ, ബീഡിയില, വാറ്റുപുല്ല്‌, എച്ചച്ചെടികള്‍, ഓഷധികള്‍, അരക്ക്‌, പശകള്‍, കൊഴുപ്പ്‌, തുകൽ ഊറയ്‌ക്കിടുന്നതിനുതകുന്ന പലയിനം കറകള്‍, ചായങ്ങള്‍ തുടങ്ങിയവയാണ്‌ ഇതര വനവിഭവങ്ങള്‍. ജന്തുജന്യവിഭവങ്ങളിൽ തേന്‍, മെഴുക്‌, കോലരക്ക്‌, ദന്തം, കൊമ്പ്‌, തുകൽ തുടങ്ങിയവ ഉള്‍പ്പെടുന്നു. അപൂർവങ്ങളും വ്യാവസായിക പ്രാധാന്യമുള്ളവയുമായ ധാരാളം വനവിഭവങ്ങള്‍ ഇന്ത്യയിലുണ്ട്‌; രാജ്യത്തിലെ വിദേശനാണ്യസമ്പാദകങ്ങളായ ഉത്‌പന്നങ്ങളിൽ പലതും വനവിഭവങ്ങളാണ്‌.

വനവികസന പദ്ധതിയുടെ ഭാഗമായി പ്രാവർത്തികമാക്കിവരുന്ന പ്രധാന കാര്യങ്ങള്‍ താഴെ ചേർക്കുന്നവയാണ്‌: (1) വനദേശസാത്‌കരണം (2) വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം (3) വനങ്ങളുടെ വ്യാവസായികപ്രാധാന്യം വർധിപ്പിക്കൽ. സ്വാതന്ത്യ്രാനന്തരകാലത്ത്‌ ഇന്ത്യയിൽ 20 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ വനങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. വനവിഭവങ്ങളുടെ നാനാവിധ പ്രയോജനങ്ങള്‍ മനസ്സിലാക്കുന്നതിനും പുതിയ ഉത്‌പന്നങ്ങള്‍ കണ്ടെത്തുന്നതിനും കൊൽക്കത്ത കേന്ദ്രമാക്കി ബൊട്ടാണിക്കൽ സർവേ ഒഫ്‌ ഇന്ത്യ, സുവോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യ, ഇന്ത്യന്‍ ബൊട്ടാണിക്കൽ ഗാർഡന്‍സ്‌ എന്നീ സ്ഥാപനങ്ങളും ഡെറാഡൂണ്‍ കേന്ദ്രമാക്കി ഫോറസ്റ്റ്‌ സർവേ ഓഫ്‌ ഇന്ത്യ, വൈൽഡ്‌ ലൈഫ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്ത്യ, ഫോറസ്റ്റ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയും ന്യൂഡൽഹി കേന്ദ്രമാക്കി നാഷണൽ സുവോളജിക്കൽ പാർക്കും പ്രവർത്തിച്ചുവരുന്നു.

മത്സ്യബന്ധനം

ഭാരതത്തിലെ തീരപ്രദേശങ്ങളിലൊട്ടാകെത്തന്നെ മത്സ്യബന്ധനം സാമാന്യമായതോതിൽ നടന്നുവരുന്നു. എന്നാൽ ആധുനിക സമ്പ്രദായങ്ങളും ആഴക്കടൽ മീന്‍പിടിത്തവും പൂർണമായും വികസിച്ചിട്ടില്ല. 1950-ൽ 800,000 ടണ്‍ ആയിരുന്ന മൽസ്യലഭ്യത 1990 ആയപ്പോഴേയ്‌ക്കു 4.1 ദശലക്ഷം ടണ്‍ മാത്രമാണ്‌ വർധിച്ചത്‌. ഇക്കാരണത്താൽ ഉള്‍നാടന്‍ മത്സ്യബന്ധനം മെച്ചപ്പെടുത്തുവാനും ആഴക്കടൽ മത്സ്യബന്ധനത്തിനാവശ്യമായ ആധുനിക യന്ത്രവത്‌ക്കരണം സാധ്യമാക്കുവാനും നടപടികള്‍ സ്വീകരിക്കുകയും 2009 ആയപ്പോഴേയ്‌ക്കു മത്സ്യോത്‌പാദനത്തിന്റെ അളവ്‌ 6.9 ദശലക്ഷം ടണായി വർധിപ്പിക്കുവാനും സാധിച്ചു. 2006-07 വർഷത്തിൽ 7296 കോടി രൂപയുടെ മത്സ്യോത്‌പന്ന കയറ്റുമതിയാണ്‌ ഇന്ത്യയിൽ നിന്നുണ്ടായത്‌. ഇന്ത്യാ മഹാസമുദ്രത്തിൽ 200 നോട്ടിക്കൽ മൈൽ (370 കിലോമീറ്റർ) ആണ്‌ ഇന്ത്യയ്‌ക്ക്‌ അവകാശപ്പെട്ട മത്സ്യബന്ധന മേഖല. 80-കളുടെ പകുതിവരെ ഇതിന്റെ 33 ശതമാനം മേഖല മാത്രമാണ്‌ ഇന്ത്യയ്‌ക്കു ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചിരുന്നത്‌. ഇതിനു പുറമേ 16,000 ച.കിലോ മീറ്ററോളം വരുന്ന കായൽ, കുളം, തോടുകള്‍ എന്നീ ജലസ്‌ത്രാസ്സുകളും ഇന്ത്യയിലുണ്ട്‌. 14 ദശലക്ഷം ജനങ്ങളുടെ ഉപജീവനമാർഗമാണ്‌ മത്സ്യബന്ധനം. 1.7 ദശലക്ഷം മുഴുവന്‍ സമയ മത്സ്യതൊഴിലാളികളും 1.3 ദശലക്ഷം ഭാഗികസമയ മത്സ്യതൊഴിലാളുകളും 2.3 വല്ലപ്പോഴും മത്സ്യബന്ധനത്തിലേർപ്പെടുന്ന തൊഴിലാളികളും ഇന്ത്യയിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയിൽ ബഹുഭൂരിപക്ഷം ആളുകളും സ്വന്തമായി ബോട്ടോ വഞ്ചിയോ ഇല്ലാത്തവരാണ്‌. ഇന്ത്യയിലാകെ 34,000 യന്ത്രവത്‌കൃത ബോട്ടുകളും 26,000 പാരമ്പര്യ മത്സ്യബന്ധന ബോട്ടുകളും 1,80,00 തുഴവള്ളങ്ങളും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. മംഗലാപുരം, കൊച്ചി, ചെന്നൈ, വിശാഖപട്ടണം, റോയ്‌കച്ച്‌ (കൊൽക്കത്ത) തുടങ്ങി 23 പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍ ഇന്ത്യയിലുണ്ട്‌. ഇവ കൂടാതെ 95 ചെറു മത്സ്യബന്ധന തുറമുഖങ്ങളും.

മത്സ്യങ്ങളെയും മത്സ്യബന്ധനത്തെയും സംബന്ധിച്ച്‌ ശാസ്‌ത്രീയമായ ഗവേഷണ പഠനങ്ങള്‍ക്കായി ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ അഗ്രികള്‍ച്ചറൽ റിസർച്ചിനു കീഴിൽ നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നു. സെന്‍ട്രൽ മെറൈന്‍ ഫിഷറീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ബരക്‌പൂർ), സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (കൊച്ചി), സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ എഡ്യുക്കേഷന്‍ ഇന്‍ ഷിഷറീസ്‌ (മുംബൈ) തുടങ്ങിയവയും നിലവിലുണ്ട്‌. രാജ്യത്താകെ 14 ഫിഷറീസ്‌ കോളജുകളും മത്സ്യകയറ്റുമതി പ്രാത്സാഹിപ്പിക്കുന്നതിനായി കൊച്ചി ആസ്ഥാനമായി മെറൈന്‍ പ്രാഡക്‌ട്‌സ്‌ എക്‌സ്‌പോർട്ട്‌ ഡെവല്‌പ്‌മെന്റ്‌ അതോറിറ്റിയും കാര്യക്ഷമമായ പ്രവർത്തനങ്ങള്‍ നടത്തിവരുന്നുണ്ട്‌. ആഴക്കടൽ മത്സ്യബന്ധന രംഗത്ത്‌ കേരളത്തിലെ ഇന്തോ-നോർവീജിയന്‍ പ്രാജക്‌ട്‌ നൽകുന്ന സംഭാവനകള്‍ പ്രധാനപ്പെട്ടതാണ്‌. മത്സ്യത്തൊഴിലാളികള്‍ക്കു ശാസ്‌ത്രീയ രീതികളിൽ പരിശീലനം നൽകുന്നതിനായി മുംബൈയിൽ സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിഷറീസ്‌ ആന്‍ഡ്‌ നോട്ടിക്കൽ എഞ്ചിനീയറിങ്ങ്‌ ട്രയിനിങ്ങും തമിഴ്‌നാട്ടിൽ ഫിഷറീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി ആന്‍ഡ്‌ ട്രയിനിങ്ങും തമിഴ്‌നാട്ടിൽ ഫിഷറീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്‍ഡ്‌ ട്രയിനിങ്ങും കേരള യൂണിവേഴ്‌സിറ്റി ഒഫ്‌ ഫിഷറീസ്‌ ആന്‍ഡ്‌ ഓഷ്യന്‍ സ്റ്റഡീസ്‌ ആരംഭിച്ചുകഴിഞ്ഞു.

ഖനനം

ധാതുക്കളുടെ കാര്യത്തിൽ സാമാന്യം സമ്പന്നമായ ഒരു രാജ്യമാണ്‌ ഇന്ത്യ. 2005 വരെ കണ്ടെത്തിയിട്ടുള്ളതും അവയിൽ ഖനനസാധ്യതയുള്ളതുമായ ധാതുനിക്ഷേപങ്ങളുടെ വിതരണം മെട്രിക്‌ടച്ചിൽ ചുവടെ ചേർത്തിരിക്കുന്നു.

ഇന്ത്യയിൽ മൊത്തം 3075 ദശലക്ഷം ടണ്‍ അലൂമിനിയം (ബോക്‌സൈറ്റ്‌) നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഒറീസ്സ, ആന്ധ്രപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഗണ്യമായ തോതിൽ ഉത്‌പാദനം നടക്കുന്നത്‌. ബോക്‌സൈറ്റിന്റെ ഏറ്റവും കനത്ത നിക്ഷേപങ്ങള്‍ ഒറീസ്സ, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുടെ തീരമേഖലയിലാണ്‌ അവസ്ഥിതമായിട്ടുള്ളത്‌.

രാജ്യത്തെ ഖനനസാധ്യമായ ഇരുമ്പയിരിന്റെ അളവ്‌ ഹേമട്ടൈറ്റ്‌ 12317 ദശലക്ഷം മെട്രിക്‌ടണ്‍, മാഗ്നട്ടൈറ്റ്‌ 539.5 ദശലക്ഷം മെട്രിക്‌ ടണ്‍ എന്നിങ്ങനെയാണ്‌. ഛത്തീസ്‌ഗഢിലെ ബൈലാഡില, കർണാടകയിലെ ബെല്ലാറി, ഹോസ്‌പട്ട്‌; ഝാർഖണ്ഡ്‌, ഒറീസ്സാ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബഡാജാമ്‌ഡ എന്നിവിടങ്ങളിലാണ്‌ മേൽത്തരം ഇരുമ്പയിര്‌ ഖനനം ചെയ്യപ്പെടുന്നത്‌. ഒറീസ്സ, ഝാർഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌, കർണാടക, ഗോവ, രാജസ്ഥാന്‍, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്‌ മാഗ്നട്ടൈറ്റ്‌ ഖനനം ചെയ്യപ്പെടുന്നത്‌.

മൊത്തം 406.193 ദശലക്ഷം ടണ്‍ മാങ്‌ഗനീസ്‌ നിക്ഷേപങ്ങളാണ്‌ നിർണയിക്കപ്പെട്ടിട്ടുള്ളത്‌; ഇതിൽ 104.2 ദശലക്ഷം ടണ്‍ നിക്ഷേപങ്ങളാണ്‌ ഖനനസാധ്യമായുള്ളത്‌. ഉത്‌പാദനത്തിൽ മുഖ്യപങ്കും കർണാടകസംസ്ഥാനത്തിലാണു നടക്കുന്നത്‌. ഗണ്യമായ തോതിൽ ഖനനംചെയ്യപ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍ ഒറീസ്സ, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഗോവ എന്നിവയാണ്‌. ആന്ധ്രപ്രദേശ്‌, ഝാർഖണ്ഡ്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, പ. ബംഗാള്‍ എന്നിവയും കുറഞ്ഞ തോതിൽ മാങ്‌ഗനീസ്‌ ഉത്‌പാദിപ്പിക്കുന്നു.

116 ടണ്‍ ലോഹം നിഷ്‌കർഷിച്ചെടുക്കാവുന്ന 222.4 ദശലക്ഷം ടണ്‍ സ്വർണഅയിരുകളാണ്‌ ഇന്ത്യയ്‌ക്കുള്ളതായി കണ്ടെത്തിയിട്ടുള്ളത്‌. കർണാടകയിലെ കോളാർ ആണ്‌ മുഖ്യഖനി. ഇതേ സംസ്ഥാനത്ത്‌ റെയ്‌ച്ചൂർ ജില്ലയിലെ ഹട്ടി, ആന്ധ്രപ്രദേശിൽ അനന്തപൂർ ജില്ലയിലെ രാമഗിരി എന്നിവിടങ്ങളിലും സ്വർണഖനികളുണ്ട്‌. കോളാർഖനി ലാഭകരമല്ലാത്തതിനാൽ അടച്ചുപൂട്ടിക്കഴിഞ്ഞു. ചെമ്പ്‌, കറുത്തീയം, നാകം എന്നീ ലോഹങ്ങളുടെ ലഭ്യതയിൽ ഇന്ത്യയുടെ സ്ഥാനം നന്നെ പിന്നാക്കമാണ്‌. ഝാർഖണ്ഡിലെ സിങ്‌ഭൂം, മധ്യപ്രദേശിലെ ബാലാഘാട്ട്‌, രാജസ്ഥാനിലെ ഝുന്‍ഝുനു, അൽവാർ എന്നീ ജില്ലകളിൽനിന്ന്‌ നന്നേകുറഞ്ഞയളവിൽ ചെമ്പ്‌ ലഭിച്ചുവരുന്നു. രാജ്യത്ത്‌ മൊത്തം 722 ദശലക്ഷം ടണ്‍ ചെമ്പുനിക്ഷേപങ്ങളുള്ളതായി തെളിഞ്ഞിട്ടുണ്ട്‌; ഇവയിൽ നിന്ന്‌ 9.44 ദശലക്ഷം ടണ്‍ ലോഹം നിഷ്‌കർഷിച്ചെടുക്കാനാവും. കറുത്തീയം, നാകം എന്നിവയുടെ മൊത്തം നിക്ഷേപം 231.22 ദശലക്ഷം ടണ്‍ ആയി അനുമാനിക്കപ്പെട്ടിരിക്കുന്നു; ഇതിൽനിന്ന്‌ 5.1 ലക്ഷം ടണ്‍ കറുത്തീയവും 17.01 ദശലക്ഷം ടണ്‍ നാകവും ലഭ്യമാക്കാം. ഈ ലോഹങ്ങളുടെ നാമമാത്രമായ ഉത്‌പാദനമാണ്‌ ഇപ്പോഴുള്ളത്‌. ഈ ലോഹങ്ങളുടെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്‌ രാജസ്ഥാന്‍, പ.ബംഗാള്‍, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഒറീസ്സ, മഹാരാഷ്‌ട്ര, മേഘാലയ, തമിഴ്‌നാട്‌, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ്‌. ഇവയുടെ ഒറ്റപ്പെട്ട അവസ്ഥിതി ലാഭകരമായ ഖനനത്തിന്‌ തടസ്സം നില്‌ക്കുന്നു. ഒറീസ്സ, ഝാർഖണ്ഡ്‌, നാഗാലന്‍ഡ്‌ എന്നീ സംസ്ഥാനങ്ങളിൽ കനത്തതോതിൽ നിക്കൽ നിക്ഷിപ്‌തമാണ്‌. ഇതിന്റെ മൊത്തം അളവ്‌ 189 ദശലക്ഷം ടച്ചായി അനുമാനിക്കപ്പെട്ടിരിക്കുന്നു; നിക്കൽ നിക്ഷേപങ്ങളുടെ 92 ശ.മാ.-വും ഒറീസ്സയിലാണ്‌. രാജസ്ഥാനിലെ ദെഗാനായിൽനിന്ന്‌ നേരിയ അളവിൽ ടങ്‌സ്റ്റണ്‍ ഉത്‌പാദിപ്പിച്ചുവരുന്നു. ഈ ലോഹത്തിന്റെ മികച്ച തോതിലുള്ള നിക്ഷേപങ്ങള്‍ മഹാരാഷ്‌ട്ര, ഹരിയാന, പ.ബംഗാള്‍, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌.

വജ്രം കയറ്റുമതിയിൽ ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ മുന്‍പന്തിയിലാണ്‌ ഇന്ത്യ; ഇതിലേറെയും പ്രകൃതിദത്തവജ്രം ഇറക്കുമതി ചെയ്‌ത്‌, ചെത്തിമിനുക്കി കയറ്റുമതി ചെയ്യുന്നതാണ്‌. കൂടാതെ മധ്യപ്രദേശിലെ പന്ന, ആന്ധ്രപ്രദേശിലെ കൃഷ്‌ണാനദീതടം എന്നിവിടങ്ങളിൽനിന്ന്‌ മേൽത്തരം വജ്രം ധാരാളമായി ലഭിച്ചുവരുന്നു. മൊത്തം 26 ലക്ഷം കാരറ്റ്‌ വജ്രം ഈ രണ്ടു മേഖലകളിൽനിന്നുമായി ലഭ്യമാക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ആന്ധ്രപ്രദേശിലെ മുനിമാഡുഗു, ബംഗനപ്പള്ളി, വജ്രകരൂർ എന്നിവിടങ്ങളും ഖനനസാധ്യത ഏറെയുള്ള മേഖലകളാണ്‌. ഇവയെ കൂടാതെ ഛത്തീസ്‌ഗഢീലെ റെയ്‌പൂർ, ബസ്‌തർ; ഒറീസ്സയിലെ ബർഗഡ; ആന്ധ്രപ്രദേശിലെ നാരായണ്‍പേട്ട, മാധൂർ, കൃഷ്‌ണ; കർണാടകയിലെ റെയ്‌ച്ചൂർ, ഗുൽബർഗ എന്നീ ജില്ലകളിലും വജ്രഖനനസാധ്യത വ്യക്തമായിട്ടുണ്ട്‌.

ക്രാമൈറ്റ്‌ ലോഹത്തിന്റെ മേൽത്തരം സമ്പന്ന നിക്ഷേപങ്ങള്‍ ഒറീസ്സ, ഝാർഖണ്ഡ്‌, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, കർണാടക, തമിഴ്‌നാട്‌, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌; എന്നാൽ ഉത്‌പാദനം ഒറീസ്സയിലെ കട്ടക്‌ജില്ലയിൽ മാത്രമായി തുടരുന്നു. ആന്ധ്രപ്രദേശിൽ കടപ്പാജില്ലയിലെ മങ്കംപേട്ട ലോകത്തിലെ ഏറ്റവും സമ്പന്നമായ ബെറൈറ്റ്‌ ഖനിയുടെ ആസ്ഥാനമാണ്‌; ഇവിടെ 85.29 ദശലക്ഷം ടണ്‍ നിക്ഷേപമാണുള്ളത്‌. രാജസ്ഥാന്‍, പ. ബംഗാള്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ഝാർഖണ്ഡ്‌, ഉത്തർപ്രദേശ്‌, ഹിമാചൽപ്രദേശ്‌, മഹാരാഷ്‌ട്ര, കർണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലും ബെറൈറ്റിന്റെ സാമാന്യം സമ്പന്നമായ നിക്ഷേപങ്ങളുണ്ട്‌.

വൈയവസായിക പ്രാധാന്യമുള്ള മറ്റനവധി ഖനിജങ്ങളുടെ കാര്യത്തിലും ഇന്ത്യ സമ്പന്നയാണ്‌. രാജ്യത്തിന്റെ നാനാഭാഗത്തായി നിർണയിക്കപ്പെട്ടിട്ടുള്ള ഡോളൈറ്റ്‌ നിക്ഷേപങ്ങളുടെ മൊത്തം അളവ്‌ 7348 ദശലക്ഷം ടച്ചാണ്‌; ഇതിന്റെ 90 ശ.മാ.-ത്തോളം മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ഒറീസ്സ, ഗുജറാത്ത്‌, കർണാടക, പ. ബംഗാള്‍, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ്‌. മൊത്തം ലഭ്യതയുടെ കേവലം 5.8 ശ.മാ. മാത്രമേ ഉച്ചതാപസഹ(ൃലളൃമരീേൃ്യ)മായി പ്രയോജനപ്പെടുന്നുള്ളുവെന്നത്‌ ഇന്ത്യന്‍ ഡോളമൈറ്റിന്റെ പോരായ്‌മയാണ്‌. ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലായി 14.15 ദശലക്ഷം ടണ്‍ ഫ്‌ളൂറൈറ്റ്‌ നിക്ഷേപങ്ങള്‍ നിർണയിക്കപ്പെട്ടിട്ടുണ്ട്‌. രാജസ്ഥാന്‍, തമിഴ്‌നാട്‌, ജമ്മു-കാശ്‌മീർ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ കനത്ത അളവിൽ ജിപ്‌സം അവസ്ഥിതമാണ്‌; രാജസ്ഥാനിലും, കുറഞ്ഞതോതിൽ ജമ്മു-കാശ്‌മീരിലുമാണ്‌ ഉത്‌പാദനം നടന്നു വരുന്നത്‌. ഇന്ത്യയിൽ ജിപ്‌സത്തിന്റെ മൊത്തം നിക്ഷേപം 1237 ദശലക്ഷം ടച്ചാണ്‌; ഇതിൽ 69 ദശലക്ഷം ടണ്‍മാത്രമാണ്‌ ഇപ്പോള്‍ ഖനനസാധ്യമായി ഗണിക്കപ്പെട്ടിട്ടുള്ളത്‌. ഇന്ത്യയിലെ ഗ്രാഫൈറ്റ്‌ നിക്ഷേപങ്ങളുടെ മൊത്തം അളവ്‌ 168.77 ദശലക്ഷം ടച്ചാണ്‌; ഇതിൽ 10.75 ദശലക്ഷം ടണ്‍ മാത്രമേ ഇന്നത്തെ നിലയിൽ ഖനനസാധ്യമായുള്ളൂ. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്‌, ഒറീസ്സ എന്നീ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽ വന്‍തോതിലുള്ള ഇൽമനൈറ്റ്‌ ശേഖരങ്ങള്‍ രൂപംകൊണ്ടുകാണുന്നു. ആന്ധ്രപ്രദേശ്‌, പ. ബംഗാള്‍, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഉള്‍നാടന്‍ നിക്ഷേപങ്ങള്‍ ഉണ്ട്‌. ഇന്ത്യയിലെ ഇൽമനൈറ്റ്‌ നിക്ഷേപങ്ങളുടെ മൊത്തം അളവ്‌ 461.37 ദശലക്ഷം ടച്ചായി നിർണയിക്കപ്പെട്ടിരിക്കുന്നു.

വന്‍തോതിൽ ഉത്‌പാദിപ്പിച്ചുവരുന്ന മറ്റൊരു ധാതു അഭ്രം ആണ്‌. ഈ ധാതുവിന്റെ സമ്പന്നനിക്ഷേപങ്ങളിൽ പകുതിയിലേറെ(51%)യും രാജസ്ഥാനിലാണ്‌. ആന്ധ്രപ്രദേശ്‌ (28%), മഹാരാഷ്‌ട്ര (17%), ബിഹാർ (3%) എന്നിവയാണ്‌ അഭ്രം ഉത്‌പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. ഝാർഖണ്ഡിൽ അഭ്രത്തിന്റെ കനത്ത നിക്ഷേപസാധ്യത തെളിഞ്ഞിട്ടുണ്ട്‌.

വിവിധയിനങ്ങളിലും വ്യത്യസ്‌തഗുണമേന്മയിലുമുള്ള 1,75,345 ദശലക്ഷം ടണ്‍ ചുച്ചാമ്പുകല്ല്‌ നിക്ഷേപങ്ങളാണ്‌ 2005 വരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്‌. ഇവയിൽ ഏറ്റവും കനത്ത ശേഖരം കർണാടകയിലാണ്‌. ഗണ്യമായ തോതിൽ നിക്ഷേപങ്ങളുള്ള മറ്റു സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌, ഒറീസ്സ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്‌ എന്നിവയാണ്‌. മേൽസൂചിപ്പിച്ചവകൂടാതെ ഇന്ത്യയിൽ ഗണ്യമായ തോതിൽ ഖനനം ചെയ്‌തു വരുന്ന ഇതര ാതുക്കള്‍ കളിമച്ച്‌, കയോലിന്‍, മാഗ്നസൈറ്റ്‌, കയനൈറ്റ്‌, സില്ലിമനൈറ്റ്‌, ഫോസ്‌ഫേറ്റ്‌, കാൽസൈറ്റ്‌, ഗ്രാനൈറ്റ്‌, മാർബിള്‍ എന്നിവയാണ്‌.

ഇന്ത്യയിൽ ഏതാണ്ട്‌ 4,000 ദശലക്ഷം ടണ്‍ എച്ച നിക്ഷേപമുള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇതിന്റെ കേവലം 25 ശതമാനം മാത്രമേ ഖനനം ചെയ്‌തെടുക്കാനാവുന്നുള്ളൂ. പ്രതിവർഷം ഇപ്പോള്‍ 33 ദശലക്ഷം ടണ്‍ പെട്രാളിയം ഇന്ത്യയിൽ ഖനനം ചെയ്യപ്പെടുന്നു. ഇതിനേക്കാള്‍ മൂന്നിരട്ടിയാണ്‌ ഇന്ത്യയ്‌ക്കു പ്രതിവർഷം ആവശ്യമായി വരുന്നത്‌. അതിനാൽ 60 ദശലക്ഷം ടണ്‍ പെട്രാളിയം ഉൽപ്പന്നങ്ങള്‍ ഇന്ത്യ ഓരോ വർഷവും ഇറക്കുമതി ചെയ്‌തു വരുന്നു. ഇന്ത്യയിൽ ഖനനം ചെയ്യുന്ന പെട്രാളിയം ഉൽപ്പന്നങ്ങളുടെ 63 ശതമാനം മുംബൈ ഹൈയിൽ നിന്നാണ്‌ ലഭിക്കുന്നത്‌. 16 ശതമാനം അസമിൽനിന്നും. അരുണാചൽപ്രദേശ്‌, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലും എച്ച നിക്ഷേപം കണ്ടെത്തുകയും ഖനനം നടന്നുവരികയും ചെയ്യുന്നു.

വ്യവസായം

വ്യവസായം എന്ന വാക്കിന്റെ ആധുനിക വിവക്ഷ ഒരു സമ്പദ്‌വ്യവസ്ഥയിലെ സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഉത്‌പാദനം ആണ്‌. ഈ അർഥത്തിൽ ഖനനം, അയിരുകളുടെ പുഷ്‌ടീകരണം, കൃഷി, കെട്ടിടനിർമാണം, ഭിഷഗ്വരന്മാർ, അഭിഭാഷകർ തുടങ്ങിയവരുടെ സേവനം മുതലായവ വ്യവസായത്തിൽ ഉള്‍പ്പെടും. പക്ഷേ അസംസ്‌കൃത വസ്‌തുക്കളെ ഉത്‌പന്നങ്ങളാക്കിമാറ്റുന്ന പ്രക്രിയ എന്ന അർഥത്തിലാണ്‌ വ്യവസായം എന്ന വാക്ക്‌ പൊതുവേ ഉപയോഗിച്ചുവരുന്നത്‌.

വ്യവസായവിപ്ലവം. അസംസ്‌കൃത വസ്‌തുക്കളെ വിവിധ പ്രക്രിയകളിലൂടെ ഉത്‌പന്നങ്ങളാക്കി മാറ്റുക എന്നത്‌ ചരിത്രകാലം മുതൽ മനുഷ്യർ ചെയ്‌തുവന്നിരുന്നതാണ്‌. പക്ഷേ, 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിൽ സാങ്കേതികവിദ്യയിലും ഉത്‌പാദന സംവിധാനത്തിലുമുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ആധുനിക വ്യവസായവത്‌കരണത്തിന്റെ അടിസ്ഥാനം. അതുവരെ മനുഷ്യശേഷിയിലും കുതിര, ഒട്ടകം മുതലായ മൃഗങ്ങളുടെ ശേഷിയിലും അധിഷ്‌ഠിതമായിരുന്ന ഉത്‌പാദന പ്രക്രിയ യന്ത്രങ്ങളിലേക്കും ഉപകരണങ്ങളിലേക്കും പരിവർത്തനം ചെയ്യപ്പെട്ടു. ഇരുമ്പയിരിൽനിന്ന്‌ കൂടുതൽ ഗുണനിലവാരമുള്ള ഉരുക്കുണ്ടാക്കുന്ന സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെട്ട യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണത്തിലേക്ക്‌ നയിച്ചു. ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തമായിരുന്നു വ്യവസായ വിപ്ലവത്തിന്റെ മറ്റൊരു ചാലകശക്തി. ഇവയൊക്കെ കൂടിച്ചേർന്ന്‌ വന്‍തോതിൽ ഉത്‌പാദനം നടത്താം എന്നു വന്നതോടെ വ്യവസായശാല വ്യവസ്ഥ (Factory system) നിലവിൽവന്നു. വന്‍തോതിലുള്ള ഉത്‌പാദനം, ജലപാതകളുടെയും ആധുനിക റോഡുകളുടെയും റെയിൽപ്പാതകളുടെയും വികസനത്തിലേക്ക്‌ വഴിതെളിച്ചു. വ്യവസായ വിപ്ലവത്തെത്തുടർന്നുണ്ടായ കോളനിവത്‌കരണം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി. കോളനികളിൽനിന്നും അസംസ്‌കൃത വസ്‌തുക്കള്‍ യൂറോപ്പിലേക്കും യൂറോപ്പിൽനിന്നും ഉത്‌പന്നങ്ങള്‍ കോളനികളിലേക്കും പ്രവഹിച്ചു. ഒന്നാം വ്യവസായവിപ്ലവത്തെത്തുടർന്ന്‌ രണ്ടാം വ്യവസായ വിപ്ലവം അരങ്ങേറി. ഉത്‌പന്നങ്ങള്‍ ചെലവുകുറച്ചും ഗുണനിലവാരം മെച്ചപ്പെടുത്തിയും വിപണിയിൽ എത്തിക്കുന്ന കാര്യത്തിൽ വ്യവസായങ്ങള്‍ അന്യോന്യം മത്സരിച്ചു. ഒരു പരിധിവരെ സാങ്കേതികവിദ്യയുടെ തുടർച്ചയായ പുരോഗതി സാധ്യമാക്കിയത്‌ വിപണിയിലെ ഈ മത്സരമാണെന്നു പറയാം.

യൂറോപ്പിൽ സംഭവിച്ച വ്യവസായവിപ്ലവത്തിന്റെ അനുരണനങ്ങള്‍ മറ്റു ഭൂഖണ്ഡങ്ങളിലും ഉണ്ടായെങ്കിലും യൂറോപ്പിന്റെ മേൽക്കൈ ഏറെക്കുറെ മാറ്റമില്ലാതെ തുടർന്നു. യൂറോപ്പിൽത്തന്നെജർമനി, ഫ്രാന്‍സ്‌, ബ്രിട്ടണ്‍ മുതലായ രാജ്യങ്ങള്‍ ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നേറി. സാങ്കേതികവിദ്യയിലും അസംസ്‌കൃതവസ്‌തുക്കളുടെയും വിദഗ്‌ധ തൊഴിലാളികളുടെയും ലഭ്യതയിലും ഓരോ രാജ്യത്തിനുമുള്ള സവിശേഷമായ മേൽക്കൈ പ്രയോജനപ്പെടുത്തി ചില ഉത്‌പന്ന മേഖലകളിൽ കേന്ദ്രീകരിക്കുന്ന തന്ത്രമാണ്‌ വ്യാവസായികമായി പുരോഗതി പ്രാപിച്ച രാജ്യങ്ങള്‍ സ്വീകരിച്ചത്‌. ഒരു കാലത്ത്‌ തുണിവ്യവസായത്തിന്റെ കേന്ദ്രം ബ്രിട്ടണായിരുന്നെങ്കിൽ വാഹനവ്യവസായത്തിന്റെയും സങ്കീർണമായ യന്ത്രസാമഗ്രികളുടെയും കേന്ദ്രം യഥാക്രമം അമേരിക്കന്‍ ഐക്യനാടുകളും ജർമനിയുമായിരുന്നു. ആധുനിക വ്യവസായരംഗം. വ്യവസായവിപ്ലവ കാലഘട്ടത്തിൽനിന്നും 21-ാം ശതകത്തിലെത്തുമ്പോള്‍ വ്യവസായ രംഗം വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയമായതായി കാണാം. ശാസ്‌ത്ര-സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും (Research and Development) വേന്‍തോതിൽ മുതൽ മുടക്കിയ വ്യവസായങ്ങള്‍ നൂതനങ്ങളായ ഉത്‌പന്നങ്ങള്‍ വിപണയിൽ എത്തിച്ച്‌ തങ്ങളുടെതന്നെ ഉത്‌പന്നങ്ങളെ നിരന്തരമായി പഴഞ്ചനാക്കിക്കൊണ്ടിരുന്നു. തങ്ങളുടെ ഉത്‌പന്നങ്ങള്‍ ലോകമാസകലം വിപണനം ചെയ്യുന്ന ബഹുരാഷ്‌ട്രക്കമ്പനികളാണ്‌. 21-ാം ശതകത്തിന്റെ പ്രത്യേകത. വികസിത രാജ്യങ്ങളിലെ സർവകലാശാലകളിൽ നടക്കുന്ന ശാസ്‌ത്രഗവേഷണം ഒരു പരിധിവരെ ഇത്തരം കമ്പനികളുടെ ധനസഹായത്തോടെയാണ്‌ നടന്നു വരുന്നത്‌.

സൃഷ്‌ടിപരതയും (creativity) നൂതനത്വവുമാണ്‌ (Innovation) ആധുനിക വ്യവസായരംഗത്തിന്റെ മുഖമുദ്ര. പാരമ്പര്യത്തേക്കാളേറെ ഈ രണ്ടുകാര്യങ്ങളിലുമുള്ള മികവാണ്‌ ലോകവ്യവസായ ഭൂപടത്തിൽ ഒരു രാജ്യത്തിന്റെ സ്ഥാനം നിർണയിക്കുന്നത്‌. രണ്ടാം ലോകയുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാന്റെ വ്യവസായരംഗത്തെ കുതിപ്പ്‌ ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്‌. വാഹനങ്ങള്‍, ഇലക്‌ട്രാണിക്‌ ഉത്‌പന്നങ്ങള്‍ എന്നിവയുടെ കാര്യത്തിൽ ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ന്‌ യൂറോപ്യന്‍ രാജ്യങ്ങളോട്‌ കിടപിടിക്കുകയാണ്‌. കുറഞ്ഞ വിലയുള്ള ചൈനീസ്‌ ഉപഭോഗവസ്‌തുക്കള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ ഭീഷണിയായി തീർന്നുകൊണ്ടിരിക്കുന്നു. പക്ഷേ, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍, സങ്കീർണമായ യന്ത്രങ്ങള്‍, പരിശോധനാ ഉപകരണങ്ങള്‍ എന്നിവയുടെ കാര്യത്തിൽ യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്‍കൈ ഇപ്പോഴും തുടരുന്നു.

ആഗോളവത്‌കരണം വ്യവസായങ്ങളുടെ സംഘടനാപരമായ കാര്യങ്ങളിൽ വന്‍മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. അസംസ്‌കൃതവസ്‌തുക്കളും തൊഴിൽശേഷിയും ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന രാജ്യങ്ങളിൽ ഉത്‌പാദന സംവിധാനങ്ങള്‍ ഏർപ്പെടുത്താനും ലോകം മുഴുവന്‍ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാനും ഇത്‌ ബഹുരാഷ്‌ട്രകമ്പനികള്‍ക്ക്‌ അവസരമൊരുക്കി. ഒരു ഉത്‌പന്നം മൊത്തമായി എവിടെയെങ്കിലും ഉത്‌പാദിപ്പിക്കുന്നതിനു പകരം പല രാജ്യങ്ങളിൽനിന്ന്‌ ഘടകങ്ങള്‍ നേരിട്ടു നിർമിച്ചെടുക്കുകയോ ഉണ്ടാക്കി വാങ്ങുകയോ ചെയ്യുന്ന രീതി വ്യാപകമായി. തൊച്ചൂറുകള്‍ക്കുശേഷം വിവര സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി വ്യവസായവത്‌കരണത്തിലെ മറ്റൊരു നാഴികക്കല്ലാണ്‌.

വ്യവസായവത്‌കരണം പക്ഷേ ഗുണങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. വ്യവസായമാലിന്യങ്ങള്‍ മൂലമുള്ള പരിസരദൂഷണവും ആഗോള താപനവും മനുഷ്യരാശിക്കുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്‌. ഇക്കാരണം കൊണ്ട്‌, പരിസ്ഥിതി സൗഹൃദപരമായ ഉത്‌പാദന സാങ്കേതികവിദ്യയിലേക്കും ഉത്‌പന്നങ്ങളിലേക്കും മാറുക എന്നതാണ്‌ വ്യവസായവത്‌കണം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി. ഇന്ത്യയിലെ വ്യവസായരംഗം. ചരിത്രകാലത്തിന്റെ ആരംഭം മുതൽ ഇന്ത്യ വിവിധയിനം ഉത്‌പന്നങ്ങളുടെ ഉത്‌പാദനത്തിൽ പുരോഗതി നേടിയിരുന്നു. ഡാക്കാ മസ്ലിന്‍ പോലെയുള്ള തുണിത്തരങ്ങള്‍, ഓട്ടുപാത്രങ്ങള്‍, ലോഹോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വിശ്വപ്രസിദ്ധി നേടിയിരുന്നു. കേരളത്തിലെ ആറന്മുളക്കച്ചാടിപോലെ അനന്യമായ കരവിരുത്‌ ആവശ്യപ്പെടുന്ന പല ഉത്‌പന്നങ്ങളും വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കപ്പെട്ടിരുന്നു. ലോഹം, തടി, ശില, ദന്തം, കൊമ്പ്‌ തുടങ്ങിയവയിൽ ഇന്നും നിർമിതമാകുന്ന കരകൗശല സാധനങ്ങള്‍ ഭാരതത്തിന്റെ പുരാതന പ്രശസ്‌തി വിളിച്ചോതുന്നതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിയായി മാറിയതോടെ ഇന്ത്യയിലെ വ്യവസായരംഗം മന്ദീഭവിച്ചു. ഇക്കാലത്ത്‌ അധീശശക്തി ഇന്ത്യയുടെ തനതായ സാങ്കേതികവിദ്യയെ പരിപോഷിപ്പിക്കാന്‍ ഒന്നും ചെയ്‌തില്ല. മറിച്ച്‌ പലവിധനിയമങ്ങളിലൂടെയും നയസമീപനങ്ങളിലൂടെയും തദ്ദേശവ്യവസായങ്ങളെ തളർത്താന്‍ ശ്രമിക്കുകയും ചെയ്‌തു. ബ്രിട്ടീഷ്‌ ഉത്‌പന്നങ്ങള്‍ കുറഞ്ഞവിലയ്‌ക്കു ഇന്ത്യന്‍ വിപണികളിൽ എത്തിച്ച്‌ തദ്ദേശവ്യവസായങ്ങളെ ഞെരുക്കുക എന്നത്‌ ഒരു മുഖ്യ നയമായിരുന്നു. അസംസ്‌കൃത വസ്‌തുക്കളുടെ ചൂഷണം ലക്ഷ്യമാക്കി ആരംഭിച്ച ഖനനം, റെയിൽവേ തുടങ്ങിയവ സ്വാതന്ത്യ്രാനന്തരം ഇന്ത്യയുടെ വ്യവസായവത്‌കരണത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട്‌.

വ്യവസായനയം. സ്വാതന്ത്യ്രലബ്‌ധിയുടെ വേളയിൽ ഖനനം അടക്കം ഇന്ത്യയുടെ വ്യവസായമേഖല ദേശീയവരുമാനത്തിന്റെ 17ശതമാനം മാത്രമായിരുന്നു സംഭാവന ചെയ്‌തിരുന്നത്‌. 1951-ൽ ആകെ തൊഴിൽ എടുക്കുന്നവരിൽ വെറും 9.5% മാത്രമായിരുന്നു ഖനനം ഉള്‍പ്പെടെയുള്ള വ്യവസായ മേഖലയിൽ പണിയെടുത്തിരുന്നത്‌. 1948-ൽ ആവിഷ്‌കൃതമായ വ്യവസായനയം സമ്മിശ്ര സമ്പദ്‌വ്യവസ്ഥയിൽ അധിഷ്‌ഠിതമായിരുന്നു. ഈ വ്യവസായനയമാകട്ടെ, ഇന്ത്യയിലെ പ്രമുഖ വ്യവസായികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ബോംബെ പ്ലാനുമായി ഒത്തുപോകുന്നതായിരുന്നു. ഖനനം, വൈദ്യുതോത്‌പാദനം ഉള്‍പ്പെടുന്ന ഘനവ്യവസായങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ വ്യവസായങ്ങള്‍ പൊതുമേഖലയിലും, ഉപഭോഗവസ്‌തുക്കളുടെ ഉത്‌പാദനത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യവസായങ്ങള്‍ സ്വകാര്യമേഖലയിലും എന്നതാണ്‌ ഈ നയത്തിന്റെ അടിസ്ഥാനം. വ്യവസായനയത്തിൽ 1956-ൽ ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അതിന്‍പ്രകാരം പ്രധാന വ്യവസായങ്ങള്‍ എ, ബി. എന്ന്‌ രണ്ടു ഷെഡ്യൂളുകളായി വിഭജിക്കപ്പെട്ടു. കുറേ മേഖലകള്‍ ചെറുകിട വ്യവസായങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടു.

ഒന്നും രണ്ടും പഞ്ചവത്സരപദ്ധതികളിൽ പൊതുമേഖലയുടെ നേതൃത്വത്തിൽ നടന്ന വ്യവസായ വികസനമാണ്‌ ഇന്ത്യയുടെ വ്യവസായ അടിത്തറയിട്ടത്‌. വ്യവസായത്തിലും ധാതുക്കളിലുമുള്ള പദ്ധതിചെലവ്‌ ഒന്നാം പഞ്ചവത്സരപദ്ധതിയിൽ 74 കോടി രൂപ ആയിരുന്നത്‌ രണ്ടാം പഞ്ചവത്സരപദ്ധതിയിൽ 900 കോടി രൂപ ആയി ഉയർന്നു. വന്‍മുതൽമുടക്ക്‌ വേണ്ടിയിരുന്നതും വർഷങ്ങള്‍ക്കുശേഷം മാത്രം ലാഭം ലഭിക്കുന്നതുമായ ഉരുക്ക്‌, വൈദ്യുതോത്‌പാദനം, യന്ത്രനിർമാണം, ഖനനം എന്നീ മേഖലകളിൽ മുതൽ മുടക്കാന്‍ സ്വകാര്യവ്യവസായികള്‍ മുന്നോട്ടുവന്നിരുന്നില്ല. ഈ മേഖലകളിലാണ്‌ പൊതുമേഖല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ആദ്യപഞ്ചവത്സര പദ്ധതികളിലെ തന്ത്രം ഇറക്കുമതി ചെയ്യേണ്ട, ആവശ്യമുള്ള ഉത്‌പന്നങ്ങള്‍ കഴിയുന്നിടത്തോളം ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുകയും തദ്ദേശ വ്യവസായങ്ങളെ ഉയർന്ന ഇറക്കുമതി ചുങ്കങ്ങള്‍ വഴി വിദേശ ഉത്‌പന്നങ്ങളുടെ മത്സരത്തിൽനിന്നും സംരക്ഷിക്കുകയുമായിരുന്നു. ഈ നയത്തിന്റെ ഫലമായി ഇന്ത്യയിലെ വ്യവസായരംഗത്തിന്റെ ഘടനയിൽ വന്‍മാറ്റം ദൃശ്യമായി. 1950-കളുടെ തുടക്കത്തിൽ ഭക്ഷ്യോത്‌പന്നങ്ങള്‍, തുണി, മരം, മരസാമാനങ്ങള്‍, അടിസ്ഥാനലോഹങ്ങള്‍ എന്നീ നാലുമേഖലകളാണ്‌ ഇന്ത്യയുടെ മൊത്തം വ്യാവസായികോത്‌പാദനത്തിന്റെ 2/3-ൽ കൂടുതൽ സംഭാവന ചെയ്‌തിരുന്നത്‌. എന്നാൽ തൊച്ചൂറുകളുടെ തുടക്കമായപ്പോഴേക്കും വ്യവസായ മേഖലയുടെ ഘടനയ്‌ക്കു വലിയമാറ്റം വന്നു. യന്ത്രനിർമാണം, രാസവസ്‌തുക്കള്‍, ധാതുക്കള്‍, വാഹനങ്ങള്‍ എന്നു തുടങ്ങി ഒട്ടനവധി മേഖലകളിലേക്ക്‌ ഇന്ത്യയിലെ വ്യവസായരംഗം വ്യാപിച്ചു.

പക്ഷേ, പൊതുമേഖലയുടെ മുന്‍കൈയിൽ പടുത്തുയർത്തിയ വ്യവസായനയത്തിൽ ഒട്ടനവധി നിയന്ത്രണങ്ങളും ലൈസന്‍സുകളും ഉണ്ടായിരുന്നു. ആസൂത്രിതമായ വികസനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങള്‍ അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിച്ചില്ല എന്നു മാത്രമല്ല വ്യവസായ വികസനത്തിന്‌ തടസ്സവുമായി എന്ന്‌ ഇതു സംബന്ധിച്ച്‌ പഠനങ്ങള്‍ നടത്തിയ പല കമ്മിറ്റികളും എടുത്തുപറഞ്ഞു. 1969-ലെ വ്യവസായ ലൈസന്‍സിങ്‌ നയ അന്വേഷണ കമ്മിറ്റി ലൈസന്‍സിങ്‌ സമ്പ്രദായത്തിന്റെ പാളിച്ചകള്‍ പുറത്തുകൊണ്ടുവന്നു. സമ്പദ്‌ഘടനയുടെ വളർച്ചയ്‌ക്കു പൊതുവേയും വ്യവസായവളർച്ചയ്‌ക്കു പ്രത്യേകിച്ചും ഇത്‌ തടസ്സമാകുന്നുവെന്ന്‌ കമ്മിറ്റി വിലയിരുത്തി. അഴിമതിയും കെടുകാര്യസ്ഥതയും കുറയ്‌ക്കുന്നതിന്‌ നിയന്ത്രണങ്ങള്‍ നീക്കേണ്ടത്‌ ആവശ്യമാണെന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ നയ മാറ്റങ്ങള്‍ വ്യവസായവളർച്ച കുറേക്കൂടി ത്വരിതഗതിയിലാക്കി.

എന്നാൽ 1990 മുതൽ ആരംഭിച്ച ഉദാരവത്‌കരണ നടപടികളാണ്‌ ഇന്ത്യന്‍ വ്യവസായരംഗത്തിന്‌ പുത്തനുണർവ്‌ പകർന്നത്‌. ഒരു ഉത്‌പാദകനും നിയന്ത്രകനും എന്ന നിലയിലുള്ള സർക്കാരിന്റെ പങ്ക്‌ കുറയ്‌ക്കുക എന്ന അടിസ്ഥാനപരമായ നയംമാറ്റം ഇതോടുകൂടി നടപ്പായി. ഇതിന്റെ ഭാഗമായി ഒട്ടനവധി നയങ്ങള്‍ തിരുത്തിക്കുറിക്കപ്പെട്ടു. ചുരുക്കം ചില മേഖലകള്‍ ഒഴിച്ച്‌ മറ്റിടങ്ങളിലെല്ലാം വ്യവസായ ലൈസന്‍സിങ്‌ എടുത്തുകളഞ്ഞു. പൊതുമേഖലയ്‌ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമായി സംവരണം ചെയ്‌തിരുന്ന മേഖലകള്‍ ചുരുക്കി. വിദേശമൂലധനത്തിന്റെയും സാങ്കേതികവിദ്യയുടെയും മേലുണ്ടായിരുന്ന പല തടസ്സങ്ങളും എടുത്തുകളഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ പൊതുവിപണിയിൽ വിറ്റഴിക്കുകയും ഇറക്കുമതി ഉദാരമാക്കുകയും ചെയ്‌തു. ഇവയുടെ ഫലമായി ഇന്ത്യന്‍ വ്യവസായ മേഖലയിൽ ഗുണപരമായ പലമാറ്റങ്ങളുമുണ്ടായി. ഇന്ത്യന്‍ വ്യവസായരംഗം കൂടുതൽ മത്സരക്ഷമമായി. ഉത്‌പന്നങ്ങളുടെ ഗുണമേന്മയുടെയും വൈവിധ്യത്തിന്റെയും കാര്യത്തിൽ കാര്യമായ പുരോഗതി കൈവരിച്ചു. സിമന്റ്‌, ഉരുക്ക്‌ എന്നിവയുടെ ഉത്‌പാദനത്തിലുണ്ടായ വർധനവ്‌ നിർമാണമേഖലയുടെ കുതിപ്പിന്‌ വഴിതെളിച്ചു.

വ്യവസായരംഗത്തെ ഉദാരവത്‌കരണ നടപടികളുടെ ഫലമായി നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വന്‍കുതിപ്പുണ്ടായിട്ടുണ്ട്‌. ഇന്ത്യയുടെ കയറ്റുമതിയിൽ ഇത്‌ വന്‍മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത്‌ സഫലമായില്ല. ബഹുരാഷ്‌ട്രകമ്പനികള്‍ മിക്കതും കയറ്റുമതിയെക്കാളേറെ ആഭ്യന്തര വിപണിയിൽ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതാണ്‌ ഇതിനു കാരണമെന്ന്‌ പഠനങ്ങള്‍ കാണിക്കുന്നു. പക്ഷേ, ബഹുരാഷ്‌ട്ര കമ്പനികളുമായി ആഭ്യന്തരവിപണിയിൽ മത്സരിക്കുകവഴി ഇന്ത്യന്‍ കമ്പനികളുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുകയും തൊഴിലാളികളുടെ ഉത്‌പാദനക്ഷമത വർധിക്കുകയും ചെയ്‌തു. വ്യവസായ മേഖലയിലെ ഉത്‌പാദനം. ഇന്ത്യയിലെ വ്യവസായമേഖല വന്‍വ്യവസായങ്ങള്‍, ഇടത്തരം വ്യവസായങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, സൂക്ഷ്‌മ വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌. 17 പ്രധാന വ്യവസായങ്ങളിലെ ഉത്‌പാദനത്തിന്റെ സൂചകം പട്ടിക-1-ൽ കൊടുത്തിട്ടുണ്ട്‌.

പട്ടിക-1-ൽ നിന്ന്‌ വ്യക്തമാവുന്നതുപോലെ വ്യവസായങ്ങള്‍ തമ്മിൽ ഉത്‌പാദനത്തിൽ വന്‍ അന്തരമുണ്ട്‌. ചണത്തിന്റെയും സസ്യജന്യമായ മറ്റുനാരുകള്‍കൊണ്ടുള്ള വസ്‌ത്രങ്ങളുടെയും കാര്യത്തിൽ ഉത്‌പാദനം 1993-94 നെ അപേക്ഷിച്ച്‌ കുറയുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഉത്‌പാദനത്തിൽ വന്‍വളർച്ച കാണിച്ചിട്ടുള്ള ചില വ്യവസായങ്ങള്‍ പാനീയങ്ങളും ബന്ധപ്പെട്ട ഉത്‌പന്നങ്ങളും, യന്ത്രങ്ങളും ഉപകരണങ്ങളും, വാഹനങ്ങളും ഘടകങ്ങളും എന്നിവയാണ്‌.

വ്യവസായ മേഖലയുടെ ദേശീയവരുമാനത്തിലുള്ള പങ്ക്‌ പട്ടിക-2 ൽ കൊടുത്തിട്ടുണ്ട്‌.

പട്ടിക-2 ൽനിന്നും മനസ്സിലാക്കാവുന്നതു പോലെ ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ 30 ശതമാനത്തിൽ താഴെ മാത്രമേ വ്യവസായ മേഖല സംഭാവന ചെയ്യുന്നുള്ളൂ. 50 ശതമാനത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നത്‌ സേവന മേഖലയാണ്‌. ഒരു വ്യവസായവത്‌കൃത രാജ്യമാകാന്‍ ഇന്ത്യ ഇനിയും വളരെയേറെ മുന്നേറേണ്ടതുണ്ട്‌ എന്നാണിതു കാണിക്കുന്നത്‌. പൊതുവെ പറഞ്ഞാൽ ഇന്ത്യന്‍ വ്യവസായരംഗം നേരിടുന്ന ഭീഷണി രണ്ടു ഭാഗത്തുനിന്നാണ്‌. ഒന്നാമത്തേത്‌ ആഗോള വിപണിയിലെ മത്സരം നേരിടുക എന്നതാണ്‌. ഗുണനിലവാരം വർധിപ്പിച്ചും ഉത്‌പാദനച്ചെലവ്‌ കുറച്ചുമേ ഇതു സാധിക്കുകയുള്ളൂ. വികസിത രാജ്യങ്ങളിലെ വ്യവസായങ്ങളെ അപേക്ഷിച്ച്‌ ഗവേഷണത്തിനും വികസനത്തിനും ഇന്ത്യയിലെ വ്യവസായങ്ങള്‍ മുടക്കുന്ന തുക ചെറുതാണ്‌. ഇത്‌ വർധിപ്പിക്കുക എന്നത്‌ അത്യന്താപേക്ഷിതമാണ്‌. രണ്ടാമത്തേത്‌, ആഗോള താപനത്തിന്റെ ഭീഷണിയാണ്‌. ഇന്ത്യന്‍ വ്യവസായ മേഖലയ്‌ക്കുമേൽ പ്രകൃതി സൗഹൃദപരമായ ഉത്‌പാദന രീതികളിലേക്കും ഉത്‌പന്നങ്ങളിലേക്കും മാറാനുള്ള സമ്മർദം വരുംകാലങ്ങളിൽ കൂടുതലായി ഉണ്ടാകും.

സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ (Micro, small and Medium Enterprises).ഒരു രാജ്യത്തെ ചെറുകിട വ്യവസായങ്ങളുടെ സ്ഥിതി അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഊർജസ്വലതയുടെ അളവുകോലാണ്‌. ഒരു ചെറുകിട വ്യവസായത്തിന്റെ പ്രാഥമികമായ മേന്മകള്‍ കുറഞ്ഞ അനാമത്തു ചെലവുകളും ഉയർന്ന മെയ്‌വഴക്കവും തീരുമാനമെടുക്കുന്നതിലെ വേഗതയുമാണ്‌. ഇന്ത്യയെപോലെ തൊഴിൽശേഷി ധാരാളമുള്ള രാജ്യങ്ങളിൽ കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.

ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 8 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖല വ്യാവസായികോത്‌പാദനത്തിന്റെ 45 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നു. 2006-ലെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭ ആക്‌ട്‌ പ്രകാരം ചെറുകിട സംരംഭങ്ങളെ മൊത്തം മുതൽമുടക്കിന്റെ അടിസ്ഥാനത്തിൽ മൂന്നായിതിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ഉത്‌പാദന സംരംഭങ്ങളെന്നും സേവനസംരംഭങ്ങള്‍ എന്നും തരംതിരിവുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക മൂന്നിൽ കൊടുത്തിട്ടുണ്ട്‌.

സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നാലാം അഖിലേന്ത്യാ സെന്‍സസ്‌ പ്രകാരം 2.61 കോടി സംരംഭങ്ങള്‍ ഈ മേഖലയിലുണ്ട്‌. 597 ലക്ഷം ആളുകള്‍ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ങടങഋ മേഖല 6000-നുമേൽ ഉത്‌പന്നങ്ങള്‍ നിർമിക്കുന്നുണ്ട്‌.

ങടങഋ സംരംഭങ്ങളിൽ നല്ലൊരു ഭാഗം വന്‍വ്യവസായങ്ങള്‍ക്ക്‌ ഘടകങ്ങള്‍ നിർമിച്ചു നല്‌കുന്നവയാണ്‌. വന്‍വ്യവസായങ്ങളുടെ വളർച്ച ഈ മേഖലയുടെ നിലനില്‌പിനും വളർച്ചയ്‌ക്കും വളരെ അത്യന്താപേക്ഷിതമാണ്‌. ഈ മേഖലയുടെ വളർച്ചയ്‌ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ വളരെയധികം ആനുകൂല്യങ്ങള്‍ നല്‌കിവരുന്നുണ്ട്‌.

വാണിജ്യം

ഗതാഗതം

റെയിൽവേ. ഡൽഹൗസി പ്രഭുവിന്റെ ഭരണകാലത്താണ്‌ ഇന്ത്യയിൽ റെയിൽഗതാഗതം ആരംഭിച്ചത്‌. 1853 ഏ.-ൽ 16-ന്‌ മുംബൈയിൽനിന്ന്‌ താനെയിലേക്കാണ്‌ ആദ്യയാത്രാ ട്രയിന്‍ തുടങ്ങിയത്‌. ഇന്ത്യന്‍ റെയിൽവേ ഏഷ്യയിൽ ഒന്നാം സ്ഥാനത്തും ലോകത്ത്‌ നാലാം സ്ഥാനത്തും നില്‌ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസംരംഭവും ഇതുതന്നെയാണ്‌.

1948-ൽ ഇന്ത്യന്‍ റെയിൽവേ ആക്‌ട്‌ പാസ്സാക്കിയതോടെ റെയിൽവേയുടെ വികസനം ആരംഭിച്ചു. 1951-ൽ ഇന്ത്യന്‍ റെയിൽവേയെ 8 മേഖലകളായും 1952-ൽ 9 മേഖലകളായും വിഭജിച്ചിട്ടുണ്ട്‌. ഇപ്പോഴത്‌ 16 മേഖലകളായി ഉയർന്നിട്ടുണ്ട്‌. മേഖലകളെ ഡിവിഷനുകളായും വിഭജിച്ചിരിക്കുന്നു. 1853-ൽ 34 കി.മീ. ആയിരുന്ന ഇന്ത്യന്‍ റെയിൽവേയുടെ റൂട്ട്‌ ദൈർഘ്യം 1950-51-ൽ 53596 കി.മീ. ആയി ഉയർന്നു. 2005-ൽ ഇത്‌ 63465 കി.മീ. ആണ്‌. മൊത്തം ട്രാക്ക്‌ ദൈർഘ്യം 1,08,805 കി.മീ. ആയും വർധിച്ചിരിക്കുന്നു. 7,133 സ്റ്റേഷനുകളും, 7,910 ലോക്കോ മോട്ടീവുകളും, 42,441 യാത്രാവാഹനങ്ങളും, 5822 മറ്റു വാഹനങ്ങളും, 2,22,379 വാഗണുകളും ഉള്‍പ്പെടുന്ന അതിവിപുലമായ സംരംഭമായി ഇന്ത്യന്‍ റെയിൽവേ വികസിച്ചിരിക്കുന്നു. ഏകദേശം 28% റൂട്ട്‌ ദൈർഘ്യവും, 39% ട്രാക്ക്‌ ദൈർഘ്യവും വൈദ്യുതീകരിച്ചിട്ടുണ്ട്‌. 1950-ൽ 1284 മില്യന്‍ ജനങ്ങള്‍ റെയിൽ യാത്രാസൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിൽ 2005-ലത്‌ 5378 മില്യന്‍ ആയി ഉയർന്നിരിക്കുന്നു. ചരക്കു ഗതാഗതം 73.2 മില്യണ്‍ (1950-51) ടച്ചിൽനിന്ന്‌ 602.1 മില്യണ്‍ (2004-05) ടച്ചിലേക്ക്‌ ഉയർന്നിരിക്കുന്നു.

ലോക്കോമോട്ടീവുകളുടെയും കോച്ചുകളുടെയും നിർമാണത്തിനുവേണ്ടി ചിത്തരഞ്‌ജന്‍ ലോക്കോമോട്ടീവ്‌സ്‌, ഡീസൽ ലോക്കോമോട്ടീവ്‌സ്‌ (വാരാണസി), ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി, റെയിൽ കോച്ച്‌ ഫാക്‌ടറി (RCF) കപുർത്തല, ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി (ICF) പെരമ്പൂർ, റെയിൽ വിന്‍ ഫാക്‌ടറി (RWF) ബാംഗ്ലൂർ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ റെയിൽവേയ്‌ക്കാവശ്യമായ വാഗണുകളും എഞ്ചിനുകളും, ചക്രങ്ങളും മറ്റുപകരണങ്ങളും നിർമിക്കുന്നു. കൂടാതെ കോച്ചുകളും മറ്റും വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യന്‍ റെയിൽവേയുടെ ഭരണച്ചുമതല റെയിൽവേ ബോർഡിൽ നിക്ഷിപ്‌തമാണ്‌. റെയിൽവേവകുപ്പ്‌ മന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിൽ പ്രവർത്തിക്കുന്ന ഈ ബോർഡിൽ ഒരു ചെയർമാനും ഒരു ധനകാര്യകമ്മിഷണറും മറ്റു മൂന്നംഗങ്ങളുമുണ്ട്‌.

റെയിൽവേ ഉപകരണങ്ങളുടെ സംവിധാനത്തിലും നിർമാണത്തിലും സ്വയംപര്യാപ്‌തത കൈവരുത്തുന്നതിലേക്ക്‌ ലക്‌നൗ ആസ്ഥാനമാക്കി 1957-ൽ റിസർച്ച്‌, ഡിസൈന്‍ ആന്‍ഡ്‌ സ്റ്റാന്‍ഡേർഡ്‌ ഓർഗനൈസേഷന്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്‌ ലോനാവാല, ചിത്തരഞ്‌ജന്‍ എന്നിവിടങ്ങളിൽ ശാഖകളുമുണ്ട്‌. റെയിൽവേക്കാവശ്യമായ എല്ലാ ഉപകരണങ്ങളും ഇന്ത്യയിൽത്തന്നെ നിർമിക്കുന്നതിനും ചില റെയിൽ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. റെയിൽവൈദ്യുതീകരണത്തിനുവേണ്ടി അലുമിനിയംകൊണ്ടുമാത്രം ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണം ലോകത്തിൽ ആദ്യമായി നിർമിച്ചത്‌ ഈ ഗവേഷണസ്ഥാപനമാണ്‌. റെയിൽവേ ഉദ്യോഗസ്ഥന്മാരുടെ പരിശീലനത്തിനുവേണ്ടി റെയിൽവേ സ്റ്റാഫ്‌ കോളജ്‌ വഡോദര; ഇന്ത്യന്‍ റെയിൽവേ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്വാന്‍സ്‌സ്‌ ട്രക്ക്‌ ടെക്‌നോളജി, പുണെ; ഇന്ത്യന്‍ റെയിൽവേ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സിഗ്നൽ എഞ്ചിനീയറിങ്‌ ആന്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍സ്‌, സിക്കന്തരാബാദ്‌; ഇന്ത്യന്‍ റെയിൽവേ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെക്കാനിക്കൽ ആന്‍ഡ്‌ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്‌, ജമാൽപൂർ എന്നീ പഠനകേന്ദ്രങ്ങളും ഉണ്ട്‌. (നോ: ഇന്ത്യന്‍ റെയിൽവേ) റോഡ്‌ ഗതാഗതം. ഇന്ത്യയിൽ ആധുനിക റോഡുകള്‍ നിർമിച്ചുതുടങ്ങിയത്‌ 1839-ൽ മാത്രമാണ്‌. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ വാർത്താവിനിമയം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ റോഡുകള്‍ പരിഷ്‌കരിച്ചു തുടങ്ങിയത്‌. കൊൽക്കത്ത മുതൽ ഡൽഹിവരെയുള്ള ഗ്രാന്റ്‌ ട്രങ്ക്‌ റോഡിന്റെ നിർമാണം തുടങ്ങുന്നതുവരെ ഗതാഗതത്തിനുവേണ്ടിയുള്ള റോഡുകളെക്കുറിച്ച്‌ ആലോചിച്ചിരുന്നില്ല എന്നു കാണാം. 1854-55-ൽ പൊതുമരാമത്തു വകുപ്പ്‌ ആരംഭിച്ചതോടെ റോഡ്‌ നിർമാണത്തിൽ അല്‌പമായ പുരോഗതി ദൃശ്യമായി. റെയിൽവേയുടെ ആവിർഭാവവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ രൂപവത്‌കരണവും റോഡ്‌ ഗതാഗതത്തിന്റെ ശരിക്കുള്ള ആരംഭം കുറിച്ചു. 1901-02 കാലത്ത്‌ 5955 കി.മീ. മെറ്റലിട്ട റോഡുകളും 2,18,872 കി.മീ. മെറ്റലിടാത്ത റോഡുകളും ഉണ്ടായിരുന്നു. 1919-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാനിയമം റോഡ്‌നിർമാണം പ്രാദേശികഭരണത്തിന്‍ കീഴിലാക്കി. 1927-ൽ സെന്‍ട്രൽ ലജിസ്ലേച്ചർ പാസാക്കിയ ഒരു പ്രമേയത്തെത്തുടർന്ന്‌ എം.ആർ. ജയക്കർ അധ്യക്ഷനായി ഒരു റോഡ്‌ വികസനസമിതി രൂപംകൊണ്ടു. ഈ സമിതിയുടെ നിർദേശങ്ങളാണ്‌ സെന്‍ട്രൽ റോഡ്‌ ഫണ്ടിന്റെ രൂപവത്‌കരണത്തിനു വഴിതെളിച്ചത്‌. ഈ ഫണ്ടിൽനിന്നാണ്‌ റോഡുനിർമാണത്തിനുവേണ്ട പണം നല്‌കിയിരുന്നത്‌. രണ്ടാം ലോകയുദ്ധത്തോടെ റോഡ്‌ നിർമാണത്തിന്റെ ആവശ്യകത കൂടുതൽ ബോധ്യമാവുകയും 1943-ൽ നാഗ്‌പൂരിൽ ഇതിനുവേണ്ടി ഒരു ഔദ്യോഗികസമ്മേളനം നടത്തുകയും ചെയ്‌തു. റോഡ്‌ നിർമാണത്തിന്റെ ധനകാര്യബാധ്യത കേന്ദ്രഗവണ്‍മെന്റിൽ നിക്ഷിപ്‌തമായി. 1957 ഏ. 15-ന്‌ നാഷണൽ ഹൈവേസ്‌ നിയമം പാസ്സാക്കി; നാഷണൽ ഹൈവേകളുടെ നിർമാണച്ചെലവ്‌ കേന്ദ്രഗവണ്‍മെന്റ്‌ ഏറ്റെടുത്തു. 39 റൂട്ടുകള്‍ നാഷണൽ ഹൈവേകളാക്കി.

1950-51-ൽ നാല്‌ ലക്ഷം കി.മീ. റോഡുകളാണുണ്ടായിരുന്നത്‌. ആദ്യത്തെ മൂന്ന്‌ പഞ്ചവത്സരപദ്ധതികളിലും മൂന്ന്‌ വാർഷികപദ്ധതികളിലും കൂടി റോഡ്‌ വികസനത്തിനുവേണ്ടി 1134.86 കോടി രൂപ ചെലവഴിച്ചു. ഇന്ത്യയുടെ റോഡുകളുടെ ദൈർഘ്യം 3.34 മില്യന്‍ കി.മീ. ആണ്‌. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ ദേശീയ പാതകളുടെ ശൃംഖലതന്നെയുണ്ട്‌. ദേശീയ പാതകളുടെ ദൈർഘ്യം 65,569 കി.മീ. ആണ്‌. ഇതിൽ 10,000 കി.മീ. എക്‌സപ്രസ്‌ ഹൈവേയാണ്‌. സ്റ്റേറ്റ്‌ ഹൈവെ 1,30,000 കി.മീ. പ്രധാന ജില്ലാഗ്രാമീണ റോഡുകള്‍ 3.14 മില്യണ്‍ കി.മീ. എന്നിങ്ങനെയത്ര. ഓരോവർഷവും വാഹനങ്ങളുടെ എച്ചം 12%-ത്തോളം വർധിച്ചുകൊണ്ടിരിക്കുന്നു. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി പ്രധാന പാതകള്‍ നാലുവരി പാതകളായും ആറുവരി പാതകളായും മാറ്റുന്ന ജേലികള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്‍.എച്ച്‌.എ.ഐ.യുടെ കണക്കുപ്രകാരം 65% ചരക്കുഗതാഗതവും, 80% യാത്രകളും റോഡ്‌ വഴിയാണ്‌ നടക്കുന്നത്‌. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ "സുവർച്ച ചതുഷ്‌കോണ' പദ്ധതിയും തെക്ക്‌-വടക്ക്‌, കിഴക്ക്‌-പടിഞ്ഞാറ്‌ ഇടനാഴിയും റോഡുവികസനത്തിലെ നാഴിക കല്ലുകളായി മാറും. ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ റോഡ്‌ പദ്ധതി കേന്ദ്രസർക്കാർ ലോകബാങ്ക്‌ സഹായത്തോടെ 2000 മുതൽ നടപ്പിലാക്കി വരുന്നു. പത്താം പദ്ധതിയിൽ കേന്ദ്രം റോഡ്‌ വികസനത്തിന്‌ 59,490 കോടി മാറ്റിവെച്ചു.

അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ നിർമാണത്തിനുവേണ്ടി 1960-ൽ ബോർഡർ റോഡ്‌സ്‌ ഡെവലപ്‌മെന്റ്‌ ബോർഡ്‌ രൂപീകരിച്ചിട്ടുണ്ട്‌. ഈ ബോർഡ്‌ ഇതിനകം 48,300 കി.മീ. നീളത്തിൽ റോഡുകള്‍ പണികഴിപ്പിക്കുകയും 36,000 മീറ്റർ പാലങ്ങള്‍ പണിയുകയും ചെയ്‌തിട്ടുണ്ട്‌. റോഡ്‌ എഞ്ചിനീയറിങ്‌ ഗവേഷണത്തിന്റെ ചുമതല വഹിക്കുന്നത്‌ ന്യൂഡൽഹി ആസ്ഥാനമാക്കിയുള്ള സെന്‍ട്രൽ റോഡ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌. ഹൈവേകളുടെ ഡിസൈനും നിർമാണവും ചെന്നൈയിലെ ഹൈവേ റിസർച്ച്‌ സ്റ്റേഷന്റെ ചുമതലയിലാണ്‌ നടക്കുന്നത്‌. ഷിപ്പിങ്‌-ഗതാഗതമന്ത്രി കാര്യാലയത്തിന്റെ ഭാഗമായ റോഡ്‌ വിഭാഗവും ഇന്ത്യന്‍ റോഡ്‌സ്‌ കോണ്‍ഗ്രസ്സും റോഡ്‌ നിർമാണത്തിലെ വിവിധ പ്രവർത്തനങ്ങള്‍ക്കു മേൽനോട്ടം വഹിക്കുന്നു.

1914 വരെ മദ്രാസ്‌, ബംഗാള്‍, യൂണൈറ്റഡ്‌ പ്രാവിന്‍സ്‌, പഞ്ചാബ്‌ എന്നീ പ്രവിശ്യകളിലെ മോട്ടോർ വാഹനങ്ങളുടെ പ്രവർത്തനം പ്രാദേശിക നിയമങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. 1914-ൽ അഖിലേന്ത്യാതലത്തിൽ ഇന്ത്യന്‍ മോട്ടോർ വെഹിക്കിള്‍സ്‌ ആക്‌റ്റ്‌ പാസായി. 1939-ൽ മോട്ടോർ വെഹിക്കിള്‍സ്‌ ആക്‌റ്റ്‌ പ്രാബല്യത്തിൽവന്നു. 1950-ലെ റോഡ്‌ ട്രാന്‍സ്‌പോർട്ട്‌ കോർപ്പറേഷന്‍സ്‌ ആക്‌റ്റിന്റെ അടിസ്ഥാനത്തിൽ മിക്ക സംസ്ഥാന ഗവണ്‍മെന്റുകളും റോഡ്‌ ട്രാന്‍സ്‌പോർട്ട്‌ കോർപ്പറേഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ചരക്കു ഗതാഗതം സ്വകാര്യഉടമയിലാണ്‌ നടക്കുന്നത്‌. റോഡ്‌ ഗതാഗതത്തിന്റെ വിവിധ പ്രവർത്തനങ്ങള്‍ സമന്വയിപ്പിക്കുന്നത്‌ 1958-ൽ രൂപവത്‌കരിച്ച ട്രാന്‍സ്‌പോർട്ട്‌ ഡെവലപ്‌മെന്റ്‌ കൗണ്‍സിൽ ആണ്‌. സംസ്ഥാനാന്തരഗതാഗതം ലക്ഷ്യമാക്കി ഇന്റർ-സ്റ്റേറ്റ്‌ ട്രാന്‍സ്‌പോർട്ട്‌ കമ്മിഷനും പ്രവർത്തിക്കുന്നു. 2004-ലെ കണക്കുപ്രകാരം 72,71,8000 വാഹനങ്ങള്‍ ഇന്ത്യയിലുണ്ട്‌. ഇതിൽ 51,92,2000 എച്ചം ഇരുചക്രവാഹനങ്ങളും കാർ, ജീപ്പ്‌, ടാക്‌സികള്‍ ഉള്‍പ്പെടെ 94,51,000 എച്ചവും 7,68,000 ബസ്സുകളും, 37,49,000 ചരക്കുവാഹനങ്ങളും 68,28,000 മറ്റു വാഹനങ്ങളുമുണ്ട്‌. മോട്ടോർ വാഹനങ്ങളുടെ നിർമാണത്തിൽ ഇന്തയ്‌ക്കു 7-ാം സ്ഥാനമാണുള്ളത്‌. 2014-ൽ അത്‌ നാലാം സ്ഥാനമാകുമെന്ന്‌ കരുതുന്നു. 2010-ൽ 14.82 മില്യന്‍ മോട്ടോർ വാഹനങ്ങളാണ്‌ നിർമിച്ചിട്ടുള്ളത്‌

സർക്കാർ-സ്വകാര്യ മേഖലകളുടെ സംയുക്ത സംരംഭമായാണ്‌ ഇന്ന്‌ മിക്ക പദ്ധതികളും നടപ്പിലാക്കുന്നത്‌. ദേശീയ പാതവികസനം ഇത്തരത്തിലാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ദേശീയപാത വികസനം ബിഒടി (ബിൽട്‌ ഓപ്പറേറ്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫർ) അടിസ്ഥാനത്തിലുള്ള പദ്ധതിയായാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. നിർമാണത്തിനാവശ്യമായ തുക യാത്രക്കാരുടെ പക്കൽനിന്ന്‌ ടോളായി നിശ്ചിത വർഷത്തിനകം തിരിച്ചുപിടിക്കുകയാണ്‌ ഈ പദ്ധതി വഴി ചെയ്യുന്നത്‌.

ഉള്‍നാടന്‍ ജലഗതാഗതം. ഗതാഗതത്തിനുപയുക്തമായ ജലമാർഗങ്ങള്‍ ഏകദേശം 14,500 കി.മീ. ആണ്‌. ഇതിൽ ഭാഗം കപ്പൽഗതാഗതത്തിനു പറ്റിയതുമാണ്‌. ഗതാഗതത്തിനുപയുക്തമായ നദികളാണ്‌ ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി, കൃഷ്‌ണ എന്നിവ. കേരളത്തിലെ കായലുകളും ആന്ധ്രയിലെ ബക്കിങ്‌ഹാം കനാലും ഗോവയിലെ മാണ്ടവിയും സുവാരിയും ഇക്കൂട്ടത്തിൽപ്പെടുന്നു. ഉള്‍നാടന്‍ ജലഗതാഗതത്തിനുവേണ്ടി ഇന്‍ലാന്‍ഡ്‌ വാട്ടർ വെയ്‌സ്‌ അതോറിറ്റി ഒഫ്‌ ഇന്ത്യ 1986-ൽ സ്ഥാപിക്കപ്പെട്ടു. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ വികസനപരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്‌ സെന്‍ട്രൽ ഇന്‍ലാന്‍ഡ്‌ വാട്ടർ ട്രാന്‍സ്‌പോർട്ട്‌ കോർപ്പറേഷന്‍ ആണ്‌. സംസ്ഥാനങ്ങള്‍ക്ക്‌ ഇതിനു വേണ്ട നിർദേശം നല്‌കുന്നത്‌ കേന്ദ്രമന്ത്രിയുടെ കീഴിലുള്ള ഇന്‍ലാന്‍ഡ്‌ വാട്ടർ ട്രാന്‍സ്‌പോർട്ട്‌ ഡയറക്‌ടറേറ്റാണ്‌.

കപ്പൽ ഗതാഗതം. യൂറോപ്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ കപ്പൽഗതാഗതഭൂപടത്തിൽ ഇന്ത്യസ്ഥാനം പിടിച്ചിരുന്നതായി കാണാം. ഇന്ത്യയിൽ നിർമിച്ച കപ്പലുകള്‍ ഇംഗ്ലണ്ടിൽ നിർമിച്ചിരുന്ന കപ്പലുകളെക്കാള്‍ മികച്ചതായിരുന്നുവെന്ന്‌ രേഖപ്പെടുത്തിക്കാണുന്നു. ഇംഗ്ലീഷുകാരുടെ മത്സരംമൂലം ഇന്ത്യയിലെ കപ്പൽനിർമാണവും കപ്പൽഗതാഗതവും ഗണ്യമായി കുറഞ്ഞു. സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം മാത്രമാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ രംഗത്ത്‌ പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞത്‌. രാജ്യത്തെ 95 ശതമാനം വ്യാപാരവും കടൽവഴിയാണ്‌ നടക്കുന്നത്‌. കപ്പൽമാർഗമുള്ള ചരക്ക്‌ ഗതാഗതത്തിൽ ഇന്ത്യയ്‌ക്കു 17-ാം സ്ഥാനമാണുള്ളത്‌. 7.7 മില്യണ്‍ ഗിഗാടണ്‍ ചരക്കുകള്‍ ഒരുവർഷം കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്ത്യയ്‌ക്കു 237 രാജ്യാന്തര ഗതാഗത കപ്പലുകളും, 470 തീരദേശ കപ്പലുകളുമുണ്ട്‌. 1947-ൽ 1.92 ലക്ഷം ജി.ടി. വസ്‌തുക്കളാണ്‌ കൈമാറ്റം ചെയ്‌തതെങ്കിൽ 2004-05-ൽ അത്‌ 8.29 മില്യണ്‍ ജി.ടി. ആയി ഉയർന്നിട്ടുണ്ട്‌.

ഇന്ത്യയിൽ 13 പ്രധാന തുറമുഖങ്ങളും 184 ചെറുകിട തുറമുഖങ്ങളുമുണ്ട്‌. ഷിപ്പിങ്ങ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (എസ്‌.സി.ഐ) 1961-ൽ സ്ഥാപിക്കപ്പെട്ടു. 450 കോടിയാണ്‌ പ്രവർത്തന മൂലധനം. എസ്‌.സി.ഐക്ക്‌ 2000-ത്തിൽ കേന്ദ്രസർക്കാർ മിനിരത്‌ന പദവി നൽകി. 2004-05-ലെ മൊത്ത വരുമാനം 4018.6 കോടി രൂപയാണ്‌. ലാഭമാകട്ടെ 1419.9 കോടിയും.

1974-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിൽ 274 കപ്പലുകള്‍ ഉണ്ട്‌. കപ്പൽ ഗതാഗതത്തിന്റെ നേതൃത്വം വഹിക്കുന്നത്‌ നാഷണൽ ഷിപ്പിങ്‌ ബോർഡാണ്‌. ഗവണ്‍മെന്റും ഷിപ്പിങ്‌ കമ്പനികളും തമ്മിലുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി ഷിപ്പിങ്‌ കോ-ഓർഡിനേഷന്‍ കമ്മിറ്റിയും ആള്‍ ഇന്ത്യാ ഷിപ്പിങ്‌ കൗണ്‍സിലുമുണ്ട്‌.

ഇന്ത്യയിൽ ഒട്ടാകെ 200 ഓളം ഷിപ്പിങ്‌ കമ്പനികള്‍ ഉണ്ട്‌. ഷിപ്പിങ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ, മുഗള്‍ ലൈന്‍സ്‌ ലിമിറ്റഡ്‌ എന്നിവ പൊതുമേഖലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. സിന്ധ്യാസ്റ്റീം നാവിഗേഷന്‍ കമ്പനി ലിമിറ്റഡ്‌, ഗ്രറ്റ്‌ ഈസ്റ്റേണ്‍ ഷിപ്പിങ്‌ കമ്പനി ലിമിറ്റഡ്‌, ഇന്ത്യന്‍ സ്റ്റീം ഷിപ്പ്‌ കമ്പനി ലിമിറ്റഡ്‌, സൗത്ത്‌ ഇന്ത്യാ ഷിപ്പിങ്‌ കോർപ്പറേഷന്‍ ലിമിറ്റഡ്‌, എസ്സാർ ഷിപ്പിങ്‌, മെർക്കാറ്റർ ലൈന്‍സ്‌ ലിമിറ്റഡ്‌ എന്നിവയാണ്‌ ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ഷിപ്പിങ്‌ കമ്പനികള്‍.

ഇന്ത്യയിൽ നാല്‌ കപ്പൽ നിർമാണശാലകളുണ്ട്‌: ഹിന്ദുസ്ഥാന്‍ ഷിപ്പിയാർഡ്‌ (വിശാഖപട്ടണം), ഗാർഡന്‍ റീച്ച്‌ വർക്ക്‌ ഷോപ്പ്‌ (കൊൽക്കത്ത), മാസഗോണ്‍ ഡോക്ക്‌ (മുംബൈ), കൊച്ചിന്‍ ഷിപ്പ്‌യാർഡ്‌ ലിമിറ്റഡ്‌ (കൊച്ചി).

ഇന്ത്യയുടെ ആഭ്യന്തര വിപണനരംഗത്തും കപ്പൽഗതാഗതം നിർണായകമായ പങ്കുവഹിക്കുന്നുണ്ട്‌.

വ്യോമഗതാഗതം. 1911-ലാണ്‌ ഇന്ത്യയിൽ ആദ്യമായി വ്യോമസഞ്ചാരം ആരംഭിച്ചത്‌. 1911 ഫെ.-ൽ ഒരു ഫ്രഞ്ചുവൈമാനികന്‍ അലഹബാദിൽനിന്ന്‌ നൈനിയിലിറങ്ങി ഔദ്യോഗിക തപാലെത്തിച്ചതോടെ വ്യോമഗതാഗതത്തിന്റെ തുടക്കം കുറിച്ചു. വ്യോമമാർഗത്തിലൂടെ ആദ്യമായി വാർത്താവിനിമയം തുടങ്ങിയതും ഇതോടെയാണ്‌.

കമ്പിത്തപാൽവകുപ്പിന്റെ ഡയറക്‌ടർ ജനറലായിരുന്ന ജി. ആർ. ക്ലാർക്ക്‌ വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടി വ്യോമമാർഗം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതിനെത്തുടർന്ന്‌ 1920 ജനു. 22-ന്‌ കറാച്ചിയിൽനിന്ന്‌ മുംബൈയിലേക്ക്‌ എയർ മെയിൽ സർവീസ്‌ ആരംഭിച്ചു. ഈ സർവീസ്‌ അഞ്ച്‌ ആഴ്‌ചക്കാലത്തേക്കുമാത്രമേ നീണ്ടുനിന്നുള്ളൂ. 1924-30-ലാണ്‌ സിവിൽ വ്യോമയാനം ഇന്ത്യയിലേക്കു വ്യാപിപ്പിച്ചത്‌. സാമ്പത്തികനിലമോശമായതിനാൽ ഗവണ്‍മെന്റിന്റേതായി ഒരു വിമാന സർവീസ്‌ ആരംഭിക്കേണ്ടെന്നു വയ്‌ക്കുകയും പകരം കറാച്ചിയിൽനിന്ന്‌ ഡൽഹിയിലേക്ക്‌ വിമാനസർവീസ്‌ നടത്താന്‍ ഇംപീരിയിൽ എയർവേസിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. 1932-ൽ ഇതും വേണ്ടെന്നുവച്ചു. പിന്നീട്‌ ഇന്ത്യന്‍ ട്രാന്‍സ്‌ കോണ്ടിനെന്റൽ എയർവേസ്‌ എന്ന കമ്പനി ഈ സംരംഭത്തിൽ ഏർപ്പെട്ടു. ഇന്ത്യയിൽ ഫലപ്രദമായ തോതിൽ വിമാനസർവീസ്‌ ആരംഭിച്ചത്‌ ടാറ്റാ സണ്‍സ്‌ ലിമിറ്റഡ്‌ ആണ്‌ (1932 ഒ.). 1933-ൽ ഇന്ത്യന്‍ നാഷണൽ എയർവേസും സർവീസ്‌ ആരംഭിച്ചു. ആഴ്‌ചയിൽ ഒരുദിവസം കറാച്ചിയിൽനിന്ന്‌ ചെന്നൈയിലേക്ക്‌ സർവീസ്‌ നടത്തി ആരംഭിച്ച ടാറ്റാസണ്‍സ്‌ 1935-ൽ സർവീസ്‌ ദൈർഘ്യം വികസിപ്പിച്ചു. 1937-39-ൽ എയർ സർവീസ്‌ ഒഫ്‌ ഇന്ത്യയും രംഗത്തുവന്നു. 1938 ആയപ്പോഴേക്ക്‌ 8,358 കി.മീ. ദൂരത്തേക്ക്‌ വിമാനസർവീസ്‌ വ്യാപിപ്പിച്ചു. 1938-ൽ എമ്പയർ മെയിൽ സ്‌കീം ആരംഭിച്ചതോടെയാണ്‌ വ്യോമഗതാഗതം പരിപുഷ്‌ടമായത്‌. ഇക്കാലത്ത്‌ ഡക്കാണ്‍ എയർവേസ്‌ ലിമിറ്റഡും വ്യോമഗതാഗതം ആരംഭിച്ചു. ടാറ്റാ സണ്‍സിന്റെ വ്യോമവിഭാഗം 1946 ജൂല. 29-ന്‌ "എയർ ഇന്ത്യ' എന്ന പേരിൽ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായി. 1953-ൽ കോർപ്പറേഷന്‍ ആക്‌റ്റ്‌ പാസായതിനെത്തുടർന്ന്‌ എയർ ഇന്ത്യാ ഇന്റർനാഷണൽ, ഇന്ത്യന്‍ എയർലൈന്‍സ്‌ കോർപ്പറേഷന്‍, എയർ ഇന്ത്യാ പാർട്ടേഴ്‌സ്‌ ലിമിറ്റഡ്‌, അലയന്‍സ്‌ എയർ എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ രൂപംകൊണ്ടു. എയർ ഇന്ത്യാ ഇന്റർനാഷണൽ സർക്കാർ വിലയ്‌ക്കെടുത്തു. എയർ ഇന്ത്യാ ലിമിറ്റഡ്‌, എയർ സർവീസ്‌ ഒഫ്‌ ഇന്ത്യാ ലിമിറ്റഡ്‌, എയർവേസ്‌ (ഇന്ത്യ) ലിമിറ്റഡ്‌, ഭാരത്‌ എയർവേസ്‌ ലിമിറ്റഡ്‌, ഡെക്കാണ്‍ എയർവേസ്‌ ലിമിറ്റഡ്‌, ഹിമാലയന്‍ ഏവിയേഷന്‍ ലിമിറ്റഡ്‌, ഇന്ത്യന്‍ നാഷണൽ എയർവേസ്‌ ലിമിറ്റഡ്‌, കലിംഗാ എയർലൈന്‍സ്‌ എന്നീ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ എയർലൈന്‍സ്‌ കോർപ്പറേഷന്റെ നിയന്ത്രണത്തിലുമായി.

ജെറ്റ്‌ എയർവേയ്‌സ്‌, സഹാറ എയർലൈന്‍സ്‌, ഡെക്കാന്‍ ഏവിയേഷന്‍, സ്‌പൈസ്‌ ജെറ്റ്‌, ഗൊ എയർവേയ്‌സ്‌, കിങ്ങ്‌ ഫിഷർ എയർലൈന്‍സ്‌, പാരമൗണ്ട്‌ എയവെയ്‌സ്‌. ഇന്‍ഡിഗൊ തുടങ്ങിയവ സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളാണ്‌. ബ്ലുഡാർട്ട്‌ ഏവിയേഷന്‍ സ്വകാര്യ മേഖലയിലെ കാർഗൊ കമ്പനിയാണ്‌. ഇതുകൂടാതെ മറ്റ്‌ 46 കമ്പനികള്‍ക്ക്‌ നോണ്‍ ഷെഡ്യൂള്‍ഡ്‌ വ്യോമഗതാഗത അനുമതിയുണ്ട്‌. ഇന്ത്യന്‍ എയർലൈന്‍സ്‌ അന്താരാഷ്‌ട്ര സർവീസുകളും ആഭ്യന്തര സർവീസും കൈകാര്യംചെയ്യുന്നു. 2006 ജൂണ്‍ 30-ന്‌ ഇന്ത്യ 101 രാജ്യങ്ങളുമായി അന്താരാഷ്‌ട്ര വ്യോമ ഗതാഗത ഉടമ്പടി ഒപ്പുവെച്ചു. ഇന്ത്യയിലെ എയർപോർട്ടുകളുടെ വികസനവും, കാര്യക്ഷമമായ നടത്തിപ്പും "എയർപോർട്ട്‌ അതോറിറ്റി ഒഫ്‌ ഇന്ത്യ'യുടെ കീഴിലാണ്‌. എ.എ.ഐ.യുടെ കീഴിൽ 15 അന്താരാഷ്‌ട്ര വിമാനതാവളങ്ങുള്‍പ്പെടെ 127 വിമാന താവളങ്ങളുണ്ട്‌. കൂടാതെ 87 ആഭ്യന്തര വിമാനതാവളങ്ങളും, 25 സിവിൽ, പ്രതിരോധ വ്യോമ താവളങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. 2.8 മില്യണ്‍ നോട്ടിക്കൽ മൈൽ വ്യോമതിർത്തിയുണ്ട്‌ ഇന്ത്യയ്‌ക്ക്‌. ഇതിൽ 1.55 മില്യന്‍ കരയും, 1.75 മില്യന്‍ കടലും ചേർന്നതാണ്‌. 2008-ലെ കണക്കു പ്രകാരം ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള യാത്രക്കാരുടെ എച്ചം 29.8 മില്യണ്‍ ആയിരുന്നു. 2007-ൽ 50,075 ആഭ്യന്തര വിമാന സർവീസുകള്‍ നടത്തുകയും 32.172 മില്യണ്‍ യാത്രക്കാർ സേവനം ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ വ്യോമ ഗതാഗതമേഖല ഉയർന്ന വളർച്ചാ നിരക്കാണ്‌ കാണിക്കുന്നത്‌.

ഇന്ത്യയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്നത്‌ സിവിൽ ഏവിയേഷന്‍ വകുപ്പാണ്‌. വിമാനങ്ങള്‍ നിർമിക്കുന്നതിലേക്ക്‌ ഹിന്ദുസ്ഥാന്‍ എയർക്രാഫ്‌റ്റ്‌ ലിമിറ്റഡും ഏറോനോട്ടിക്‌സ്‌ ഇന്ത്യാലിമിറ്റഡും സംയോജിപ്പിച്ച്‌ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ്‌ ലിമിറ്റഡ്‌ എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനം ആരംഭിച്ചു. ഇതിന്‌ നാസിക്‌, കൊരാപുട്‌, ഹൈദരാബാദ്‌, കാണ്‍പൂർ, ലക്‌നൗ എന്നീ ഡിവിഷനുകളുണ്ട്‌. ഈ സ്ഥാപനം സൂപ്പർസോണിക്‌ ജെറ്റ്‌ ഫൈറ്റർ ഒ എ 24 (മാരുത്‌), സൂപ്പർസോണിക്‌ ജെറ്റ്‌ ഇന്റർസെപ്‌റ്റർ മിഗ്‌ 21 ങ, ലൈറ്റ്‌ ജെറ്റ്‌ ഫൈറ്റർ നാട്ട്‌, ജെറ്റ്‌ ട്രയിനർ ഒഖഠ 16 (കിരണ്‍), അല്യൂട്ടെ കകക, ടഅ 315 ഹെലികോപ്‌റ്ററുകള്‍, ഒട 748 എന്നീ വിമാനങ്ങളും കാർഷികാവശ്യങ്ങള്‍ക്കുവേണ്ട വിമാനങ്ങളും നിർമിച്ചുവരുന്നു.

തുറമുഖങ്ങളും നഗരങ്ങളും

തുറമുഖങ്ങള്‍. ഇന്ത്യാതീരത്ത്‌ 12 ഒന്നാംകിട തുറമുഖങ്ങളും 181 ചെറുകിട തുറമുഖങ്ങളുമാണുള്ളത്‌. മുംബൈ, കൊൽക്കത്ത, കൊച്ചി, കാണ്ട്‌ള, ചെന്നൈ, മംഗലാപുരം, മർമഗോവ, പാരദ്വീപ്‌, തൂത്തുക്കുടി, വിശാഖപട്ടണം എന്നിവയാണ്‌ ഒന്നാംകിട തുറമുഖങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം മുംബൈ ആണ്‌; 1951-ൽ ചരക്ക്‌ കൈമാറ്റം 20 മില്യണ്‍ ടണ്‍ ആയിരുന്നെങ്കിൽ 2005-ൽ അത്‌ 397.50 ങഠ ആയി വർദ്ധിച്ചിരിക്കുന്നു. പ്രധാന തുറമുഖങ്ങളിൽ വർഷത്തിൽ 16,500 ചരക്ക്‌ കപ്പലുകള്‍ ഗതാഗതം നടത്തുന്നുണ്ട്‌. ഇതിൽ 75 ശതമാനവും വിദേശ വ്യാപാരങ്ങളാണ്‌. തുറമുഖ അനുബന്ധ പ്രദേശങ്ങളിലെ സമ്പദ്‌സമൃദ്ധി കണക്കാക്കിയാൽ, ഏഷ്യയിലെ തുറമുഖങ്ങളിൽ ഒന്നാംസ്ഥാനം കൊൽക്കത്തയ്‌ക്കാണ്‌. പൗരസ്‌ത്യദേശങ്ങളിലെ നൈസർഗികതുറമുഖങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന കൊച്ചി "കിഴക്കിന്റെ റാണി' എന്നു വിശേഷിപ്പിക്കപ്പെടുന്നു. മുംബൈ തുറമുഖത്തിലെ തിരക്കു കുറയ്‌ക്കുന്നതിനായാണ്‌ സമീപസ്ഥമായ കാണ്ട്‌ള വന്‍കിടതുറമുഖമായി വികസിപ്പിച്ചത്‌. മനുഷ്യനിർമിതമായ ഒരു വന്‍കിടതുറമുഖമാണ്‌ ചെന്നൈ. അസംസ്‌കൃതവിഭവങ്ങള്‍ നന്നേ കുറവായ ഒരു തുറമുഖ അനുബന്ധപ്രദേശമാണ്‌ ഉള്ളതെങ്കിൽപ്പോലും വ്യവസായവികസനത്തിൽ മുന്‍പന്തിയിൽ നിൽക്കുന്നുവെന്നത്‌ ഈ തുറമുഖത്തിന്റെ സവിശേഷതയാണ്‌. ഓരോ വർഷവും കയറ്റിയിറക്കുന്ന ചരക്കിന്റെ തോതു വച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ തുറമുഖങ്ങളിൽ രണ്ടാംസ്ഥാനം മർമഗോവയ്‌ക്കാണ്‌. ഒറീസയിലെ പാരദ്വീപ്‌ ധാതുക്കളുടെ, വിശിഷ്യ ഇരുമ്പയിരിന്റെ കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നു. പശ്ചിമതീരത്തെ മംഗലാപുരവും പൂർവതീരത്ത്‌ ശ്രീലങ്കയ്‌ക്ക്‌ അഭിമുഖമായുള്ള തൂത്തുക്കുടിയും 1974-ലാണ്‌ ഒന്നാംകിട തുറമുഖങ്ങളായി പ്രഖ്യാപിക്കപ്പെട്ടത്‌. ഇന്ത്യാതീരത്ത്‌ സംരക്ഷിത തുറമുഖമായുള്ളത്‌ വിശാഖപട്ടണം മാത്രമാണ്‌. ഇന്ത്യയുടെ കപ്പൽനിർമാണകേന്ദ്രവുമാണ്‌ ഈ തുറമുഖം. ഒന്നാംകിട തുറമുഖങ്ങളോരോന്നും സ്വതന്ത്രഭരണാധികാരമുള്ള പോർട്ട്‌ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലാണ്‌.

ചെറുകിട തുറമുഖങ്ങള്‍ തീരക്കടൽ ഗതാഗതത്തിലും വിദേശവ്യാപാരത്തിലും സാരമായ പങ്കുവഹിക്കുന്നവയാണ്‌. ഇവയുടെ നിയന്ത്രണവും വികസനച്ചുമതലയും അതതു സംസ്ഥാനഗവണ്‍മെന്റുകള്‍ക്കാണ്‌. എന്നാൽ തുറമുഖവികസനത്തിനായി കേന്ദ്രഗവണ്‍മെന്റിൽനിന്നും വായ്‌പയും സാങ്കേതികസഹായവും തേടാവുന്നതാണ്‌. ആന്‍ഡമാന്‍-നിക്കോബാറിലെയും ലക്ഷദ്വീപുകളിലെയും തുറമുഖങ്ങളും ഇപ്പോള്‍ പ്രവർത്തന സജ്ജമാണ്‌.

നഗരങ്ങള്‍. 2001-ലെ സെന്‍സസ്‌ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 28% 285 മില്യന്‍ നഗരങ്ങളിലാണ്‌ ജീവിക്കുന്നത്‌. നഗര ജനസംഖ്യയുടെ 14% (53 മില്യണ്‍) ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മൂന്ന്‌ നഗരങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഒരു ദശലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള 40 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്‌. മുംബൈ, പൂനൈ, ഡൽഹി, ചെന്നൈ, ഹൈദരബാദ്‌, ബാംഗ്ലൂർ, അഹമ്മദാബാദ്‌, കാണ്‍പൂർ, ലഖ്‌നൗ, നാഗ്‌പൂർ, സൂറത്ത്‌, ജെയ്‌പൂർ, വഡോദര, ഇന്‍ഡോർ, പാട്‌ന, ഭോപ്പാൽ, ലുധിയാന, വാരണസി, വിശാഖ പട്ടണം, ആഗ്ര തുടങ്ങിയവയാണ്‌. ഇവകൂടാതെ ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 200-ഓളം നഗരങ്ങള്‍ വേറെയുമുണ്ട്‌.

വാർത്താവിനിമയം

തപാൽവകുപ്പ്‌. 18-ാം ശതകത്തിന്റെ അവസാനത്തോടെയാണ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി സ്വന്തം തപാൽസമ്പ്രദായം ഏർപ്പെടുത്തിയത്‌. 1764-ൽ പോസ്റ്റ്‌മാസ്റ്റർ ജനറലിന്റെ കീഴിൽ ചെന്നൈ-മുംബൈ, മഛ്‌ലിപട്ടണം-ചെന്നൈ, മുംബൈ-കൊൽക്കത്ത എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ പോസ്റ്റൽസമ്പ്രദായം ആരംഭിച്ചു. 1837-ൽ പ്രസിഡന്‍സികളിൽ തപാൽസമ്പ്രദായം ഏർപ്പെടുത്തി. ഇന്ത്യയിൽ വ്യവസ്ഥാപിതമായ രീതിയിൽ പോസ്റ്റൽസമ്പ്രദായം തുടങ്ങിയത്‌ 1854-ൽ ആണ്‌. 1854-ലെ പോസ്റ്റൽനിയമം 1856-ലും 1898-ലും ഭേദഗതിചെയ്യുകയുണ്ടായി. 1877-ൽ ആരംഭിച്ച യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയനിൽ ഇന്ത്യ 1878-ൽ അംഗമായി. 1892-ൽ ഇന്ത്യയിൽനിന്ന്‌ വിദേശരാജ്യങ്ങളിലേക്കു കത്തിടപാടുകള്‍ നടത്തുന്നതിന്‌ ഒരു ഏകീകൃതസമ്പ്രദായം ഏർപ്പെടുത്തി. പോസ്റ്റൽ സമ്പ്രദായത്തിലെ പ്രധാന വർഷങ്ങള്‍താഴെ ചേർക്കുന്നു.

1774 - പോസ്റ്റ്‌മാസ്റ്റർ ജനറൽ ഓഫീസ്‌ തുറന്നു. 1837 - പ്രസിഡന്‍സി ടൗണുകളിൽ പോസ്റ്റ്‌മാസ്റ്റർമാരെ നിയമിച്ചു. 1852 - പോസ്റ്റൽ സ്റ്റാമ്പ്‌ ഏർപ്പെടുത്തി. 1867 - സർവീസ്‌ സ്റ്റാമ്പ്‌ ഏർപ്പെടുത്തി. 1870 - പാഴ്‌സൽ സമ്പ്രദായം ആരംഭിച്ചു. 1877 - വി.പി.പി. സമ്പ്രദായം തുടങ്ങി. 1878 - പോസ്റ്റൽ ഉരുപ്പടികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ആരംഭിച്ചു. 1878 - യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അംഗമായി. 1879 - പോസ്റ്റ്‌കാർഡ്‌ സമ്പ്രദായം നിലവിൽ വന്നു. 1880 - മണി ഓർഡർ പോസ്റ്റോഫീസിന്റെ നിയന്ത്രണത്തിലായി. 1883 - പോസ്റ്റൽലൈഫ്‌ ഇന്‍ഷുറന്‍സ്‌ ആരംഭിച്ചു. 1884 - റിപ്ലൈ പെയിഡ്‌ പോസ്റ്റ്‌ കാർഡ്‌ നിലവിൽവന്നു. 1885 - പോസ്റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ ബാങ്ക്‌ തുറന്നു. 1894 - പോസ്റ്റൽ ഓർഡർ ഏർപ്പെടുത്തി. 1907 - റെയിൽവേ മെയിൽ സർവീസ്‌ ആരംഭിച്ചു. 1911 - എയർമെയിൽ സർവീസ്‌ ആരംഭിച്ചു. 1917 - പോസ്റ്റ്‌ ഓഫീസ്‌ സർട്ടിഫിക്കറ്റുകള്‍ തുടങ്ങി.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം ഇന്ത്യയിലെ തപാൽസമ്പ്രദായം വളരെ പുരോഗമിച്ചു. ഇന്ത്യയിലെ കമ്പിത്തപാൽ സമ്പ്രദായം നിയന്ത്രിക്കുന്നത്‌ വാർത്താവിനിമയ മന്ത്രികാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റസ്‌ ആന്‍ഡ്‌ ടെലിഗ്രാഫ്‌സ്‌ ബോർഡാണ്‌. റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികള്‍ പ്രവർത്തിക്കുന്ന സ്ഥാപനം പോസ്റ്റ്‌സ്‌ ആന്‍ഡ്‌ ടെലിഗ്രാഫ്‌സ്‌ വകുപ്പാണ്‌. 2007-ലെ കണക്കനുസരിച്ച്‌ ഈ വകുപ്പിൽ അഞ്ചേകാൽ ലക്ഷം ജീവനക്കാരാണുള്ളത്‌. നിലവിൽ ഇന്ത്യയിലൊട്ടാകെ 1,55,333 പോസ്റ്റോഫീസുകള്‍ ഉണ്ട്‌. അന്താരാഷ്‌ട്ര രജിസ്‌ട്രഡ്‌ തപാൽ, സ്‌പീഡ്‌ പോസ്റ്റ്‌, ബിസിനസ്‌ പോസ്റ്റ്‌, മീഡിയ പോസ്റ്റ്‌ തുടങ്ങിയ സർവീസുകള്‍ക്കു പുറമെ ഇപ്പോള്‍ ചില തപാലേതര സേവനങ്ങളും ഈ വകുപ്പിന്‌ കീഴിൽ നടന്നുവരുന്നു. പോസ്റ്റൽ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഇ-പെയ്‌മെന്റ്‌, ഇന്‍സ്റ്റന്റ്‌ മണി ഓർഡർ സർവീസ്‌, ഇന്റർനാഷണൽ മണി ട്രാന്‍സ്‌ഫർ, എ.ടി.എം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു.

ടെലിഗ്രാഫ്‌. 1851-ലാണ്‌ ഇന്ത്യയിൽ ആദ്യമായി ടെലിഗ്രാഫ്‌ ലൈന്‍ ആരംഭിച്ചത്‌. കൊൽക്കത്ത മെഡിക്കൽ കോളജിലെ കെമിസ്‌ട്രി പ്രാഫസറും അസിസ്റ്റന്റ്‌ സർജനുമായിരുന്ന ഡോ. ഡബ്ല്യു. ബി. ഓഷാഘ്‌ നെസ്സിക്ക്‌ കൊൽക്കത്തയിൽനിന്ന്‌ ഡയമണ്ട്‌ ഹാർബറിലേക്ക്‌ ടെലിഗ്രാഫ്‌ ലൈന്‍ നിർമിക്കാന്‍ അനുമതി നല്‌കിയതാണ്‌ ആദ്യത്തെ സംരംഭം. അതേവർഷം കൊൽക്കത്ത, മായാപ്പൂർ, ബിഷ്‌തൊപൂർ, ഡയമണ്ട്‌ ഹാർബർ എന്നിവിടങ്ങളിൽ ടെലിഗ്രാഫ്‌ ഓഫീസുകള്‍ തുറന്നു. ഡോ. ഓഷാഘ്‌ നെസ്സി സംവിധാനം ചെയ്‌തു നിർമിച്ച ഒരു ചെറിയ ഗാൽവനോസ്‌ കോപ്പാണ്‌ ആദ്യം ഉപയോഗിച്ച വയർലസ്‌ ഉപകരണം. 1857-ൽ മോഴ്‌സ്‌ ഉപകരണം ഉപയോഗിക്കുന്നതുവരെ ഗാൽവനോസ്‌കോപ്പ്‌ സമ്പ്രദായം തുടർന്നുവന്നു. ഡൽഹൗസി പ്രഭുവിന്റെ കാലത്ത്‌ ടെലിഗ്രാഫ്‌ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയുണ്ടായി. ടെലിഫോണ്‍. 1881-ലാണ്‌ ഇന്ത്യയിൽ ആദ്യമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ ആരംഭിച്ചത്‌. ഗ്രഹാംബെൽ ടെലിഫോണ്‍ കണ്ടുപിടിച്ച്‌ അഞ്ച്‌ വർഷത്തിനകം 50 ലൈനുകളുള്ള ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ കൊൽക്കത്തയിൽ ആരംഭിച്ചു. ഓറിയന്റൽ ടെലിഫോണ്‍ കമ്പനി എന്ന സ്വകാര്യ സ്ഥാപനമാണ്‌ ഇതിന്‌ മുന്നോട്ടുവന്നത്‌. പിന്നീട്‌ മുംബൈ ടെലിഫോണ്‍ കമ്പനിക്കും ലൈസന്‍സ്‌ നല്‌കി. 1913-ൽ സിംലയിൽ ആദ്യമായി ആട്ടോമാറ്റിക്‌ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ പ്രവർത്തനമാരംഭിച്ചു. 1974-ൽ 4,704 ടെലിഫോണ്‍ എക്‌സചേഞ്ചുകളും 16,30,000 ടെലിഫോണുകളും ഉള്ളതായി കണക്കാക്കിയിട്ടുണ്ട്‌. 1960-ൽ ടെലിഫോണ്‍ വരിക്കാർക്ക്‌ സൗകര്യമായ നേരിട്ടുള്ള ട്രങ്ക്‌ ഡയലിങ്‌ സമ്പ്രദായം (കാണ്‍പൂർ-ലക്‌നൗ) ഏർപ്പെടുത്തി.

ടെലിഫോണ്‍ ഉപകരണങ്ങള്‍ നിർമിക്കുന്നതിന്‌ പൊതുമേഖലയിൽ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസ്‌ എന്ന പേരിൽ ഒരു സ്ഥാപനം 1948-ൽ ആരംഭിച്ചു. 1975-ൽ കേന്ദ്രഗവണ്‍മെന്റ്‌ ടെലികോം വകുപ്പ്‌ പ്രത്യേകമായി രൂപീകരിച്ചു. 1990-കളിലെ ഉദാരവത്‌കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലും ടെലികോം രംഗത്ത്‌ നിക്ഷേപവും സേവനങ്ങളും ആരംഭിച്ചു. തുടർന്നാണ്‌ ഇന്ന്‌ കാണുന്ന പല സ്വകാര്യകമ്പനികളും ടെലികോം മേഖലയിൽ പിടിമുറുക്കിയത്‌. 2006-ലെ കണക്കനുസരിച്ച്‌ 86,720 കോടി രൂപയാണ്‌ കേന്ദ്ര ടെലികോം വകുപ്പിന്റെ വരുമാനം.

റേഡിയോ. 1927-ലാണ്‌ ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്‌. 1932-ൽ ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രക്ഷേപണം ദേശസാത്‌കരിക്കുകയും ഇന്ത്യന്‍ ബ്രാഡ്‌ കാസ്റ്റിങ്‌ സർവീസ്‌ എന്ന പുതിയ വകുപ്പ്‌ ആരംഭിക്കുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ ആള്‍ ഇന്ത്യാ റേഡിയോ (ആകാശവാണി) ആയി മാറിയത്‌ (നോ: ആകാശവാണി). 1947-ൽ ആറ്‌ പ്രക്ഷേപണകേന്ദ്രങ്ങളോടെ ആരംഭിച്ച ആകാശവാണിക്ക്‌ ഇന്ന്‌ 11 പ്രക്ഷേപണ കേന്ദ്രങ്ങളാണുള്ളത്‌. വിദേശപ്രക്ഷേപണം ആരംഭിച്ചത്‌ 1939 ഒ. ഒന്ന്‌ മുതല്‌ക്കാണ്‌.

1957 ഒ.-ൽ വിവിധ്‌ഭാരതി പ്രവർത്തനം ആരംഭിച്ചു. സംഗീതം, നാടകം, ജവാന്മാർക്കുവേണ്ടിയുള്ള ജയ്‌മാല എന്നിവ വിവിധ ഭാരതിയുടെ കാര്യക്രമങ്ങളാണ്‌. വാണിജ്യസർവീസ്‌ ആരംഭിച്ചത്‌ 1967 മുതല്‌ക്കാണ്‌. മുംബൈ-നാഗ്‌പൂർ ചാനലിൽ ആദ്യമായി ആരംഭിച്ചു. ആള്‍ ഇന്ത്യാ റേഡിയോ 250-ഓളം ബ്രാഡ്‌കാസ്റ്റിംഗ്‌ സെന്ററുകളും (2010) 58 ഹൈ ഫ്രീക്വന്‍സി മോഡുലേഷന്‍ ട്രാന്‍സ്‌മിറ്ററുകളും (എഫ്‌.എം) 149 മീഡിയം വേവ്‌ ഫ്രീക്വന്‍സി ട്രാന്‍സ്‌മീറ്ററുകളും (എം.എം) ഉണ്ട്‌. 27 ഭാഷകളിലായി 100-ലധികം നിലയങ്ങളും പ്രവർത്തിച്ചുവരുന്നു. ടെലിവിഷന്‍. 1959 സെപ്‌. 15-നാണ്‌ ചുരുങ്ങിയതോതിൽ ആദ്യമായി ടെലിവിഷന്‍ ഏർപ്പെടുത്തിയത്‌. ഡൽഹിയിൽ ആരംഭിച്ചു വിജയിച്ചതോടെ 1972-ൽ മുംബൈയിലും 1973 ജനു.-ൽ കാശ്‌മീരിലും 1973 സെപ്‌.-ൽ അമൃതസരസ്സിലും ഒ.-ൽ പൂണൈയിലും (റിലേ സെന്റർ) 1975 ആഗ.-ൽ കൊൽക്കത്തയിലും ചെന്നൈ യിലും ടെലിവിഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ടെലിവിഷന്‍രംഗത്ത്‌ ഏറ്റവും നിർണായകമായ വികസനം 1975 ആഗ. 1-ന്‌ ഉദ്‌ഘാടനം ചെയ്‌ത സാറ്റലൈറ്റ്‌ ഇന്‍സ്റ്റ്രക്ഷണൽ ടെലിവിഷന്‍ എക്‌സ്‌പെരിമെന്റ്‌ (ടകഠഋ) ആണ്‌.

ഇന്ന്‌ ഇന്ത്യയിൽ 134 ദശലക്ഷം വീടുകളിൽ (അറുപത്‌ ശതമാനത്തിൽ കൂടുതൽ വരുമിത്‌) ടെലിവിഷന്‍ സെറ്റുകളുണ്ടെന്നാണ്‌ കണക്ക്‌. അതിൽ 103 ദശലക്ഷവും കേബിള്‍ ടി.വി. വരിക്കാരോ അല്ലെങ്കിൽ സാറ്റലൈറ്റ്‌ ടി.വി. വരിക്കാരോ ആണ്‌. നഗരപ്രദാനങ്ങളിലെ 85 ശതമാനം വീടുകളിലും ടി.വി. ഉണ്ടെന്നാണ്‌ കണക്ക്‌. വിദേശങ്ങളിലുള്ളതടക്കം, ഏതാണ്ട്‌ 550 ടെലിവിഷന്‍ ചാനലുകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഫലമായി 2006 മുതൽ ഐ.പി.ടി.വി-യും (ഇന്റർനെറ്റ്‌ പ്രാട്ടോകോള്‍ ടെലിവിഷന്‍) ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്‌. ഇന്റർനെറ്റ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ ഉപഭോക്കാക്കാള്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ്‌ ഇന്ത്യ. 100 ദശലക്ഷം ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. 2010-ലെ കണക്കനുസരിച്ച്‌ പത്തരദശലക്ഷം ബ്രാഡ്‌ബാന്റ്‌ കണക്ഷനുകളുണ്ട്‌. ഇന്ത്യയിലെ ഒട്ടുമിക്ക ടെലികോം കമ്പനികളും ഇന്ന്‌ ഇന്റർനെറ്റ്‌ സേവന ദാതാക്കള്‍ കൂടിയാണ്‌.

ടൂറിസം

ടൂറിസം ഒരു കർമപദ്ധതിയായി ഇന്ത്യയിൽ രൂപപ്പെടുന്നത്‌ 1945 മുതലാണ്‌. സർ ജോണ്‍ സർജന്റിന്റെ അധ്യക്ഷതയിൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഇന്ത്യയുടെ സാമ്പത്തിക-വ്യാവസായിക പുരോഗതിക്കു ടൂറിസത്തിന്റെ വളർച്ച ഏറെ അനിവാര്യമാണെന്ന്‌ കണ്ടെത്തുകയും ഒട്ടേറെ വികസന പരിപാടികള്‍ ശിപാർശ ചെയ്യുകയും ചെയ്‌തു. സ്വാതന്ത്യ്രാനന്തരം 1948-ൽ ഒരു ടൂറിസ്റ്റ്‌ ട്രാഫിക്‌ കമ്മിറ്റി നിയോഗിക്കപ്പെട്ടു. സർജന്റ്‌ കമ്മിറ്റിയുടെ ശിപാർശകള്‍ അടിയന്തിരമായി പ്രാവർത്തികമാക്കുകയായിരുന്നു പ്രസ്‌തുത കമ്മിറ്റിയുടെ ദൗത്യം. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ ടൂറിസ്റ്റ്‌ ഓഫീസുകള്‍ സ്ഥാപിക്കപ്പെട്ടു. 1952-ൽ ഇന്ത്യയുടെ പ്രഥമ വിദേശ ടൂറിസ്റ്റ്‌ ഓഫീസ്‌ ന്യൂയോർക്കിൽ സ്ഥാപിതമായി. 1958 മാർച്ച്‌ 1-ന്‌ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ ഒരു പ്രത്യേക വിഭാഗമായി ടൂറിസം വകുപ്പ്‌ രൂപീകരിക്കപ്പെട്ടു. 1965-ൽ ടൂറിസം വകുപ്പിനു കീഴിൽ സ്ഥാപിച്ച ഹോട്ടൽ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യാലിമിറ്റഡ്‌, ഇന്ത്യാ ടൂറിസം കോർപ്പറേഷന്‍ ലിമിറ്റഡ്‌, ഇന്ത്യാ ടൂറിസം ട്രാന്‍സ്‌പോർട്ട്‌ അണ്ടർടേക്കിങ്‌ ലിമിറ്റഡ്‌ എന്നിവയെ ലയിപ്പിച്ചുകൊണ്ട്‌ 1966-ൽ "ഇന്ത്യാ ടൂറിസം ഡെവലപ്‌മെന്റ്‌ കോർപ്പറേഷന്‍ (ഐ.ടി.ഡി.സി) രൂപീകൃതമായി. ഐ.ടി.ഡി.സിയുടെ ആവിർഭാവത്തോടെ വിനോദ സഞ്ചാരികളുടെ വരവിന്റെയും യാത്രാ-താമസ സൗകര്യങ്ങളുടെയും കാര്യത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായി. 1967-ലാണ്‌ ഇന്ത്യന്‍ ടൂറിസം വികസനത്തിനായി ഒരു പ്രത്യേക വകുപ്പ്‌ രൂപീകൃതമായത്‌.

1977-79-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വരുത്തിയ പരിഷ്‌കാരങ്ങള്‍, 1984-89 കാലഘട്ടത്തിൽ രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച നയപരിപാടികള്‍, 1982-ൽ ഡൽഹിയിൽ വച്ചുനടന്ന ഏഷ്യന്‍ ഗെയിംസ്‌ എന്നിവ ഇന്ത്യന്‍ ടൂറിസം രംഗത്തെ വഴിത്തിരുവുകളിൽ ചിലതാണ്‌.

ഇന്ത്യയിൽ ആദ്യമായൊരു ടൂറിസം നയം ഔദ്യോഗിക തലത്തിൽ ഉണ്ടായത്‌ 1982-ലാണ്‌. 1992-ൽ ടൂറിസത്തെ ഒരു വ്യവസായമായി പ്ലാനിങ്‌ കമ്മീഷന്‍ അംഗീകരിച്ചു. ഇതേ വർഷം ടൂറിസത്തിനായുള്ള ദേശീയ കർമപരിപാടിക്കും തുടക്കമായി. 2002-ൽ കേന്ദ്ര സർക്കാർ പുതിയ ടൂറിസം നയം പ്രഖ്യാപിച്ചു. തൊഴിൽ അവസരങ്ങള്‍ സൃഷ്‌ടിക്കൽ, ദാരിദ്യ്രനിർമാർജനം, സുസ്ഥിരവികസനം, അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയുടെ ഖ്യാതിയും പ്രാധാന്യവും ഉയർത്തൽ തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങള്‍ നേടാനുതകുന്ന നവീന പരിപാടികള്‍ക്ക്‌ ടൂറിസം നയം ലക്ഷ്യമിടുന്നു. 2003-2004 കാലയളവിൽ 2.154 കോടി പേർക്ക്‌ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകാന്‍ ടൂറിസം മേഖലയ്‌ക്കായി. 2007-ൽ 0.49 ശതമാനം പങ്കാളിത്തമാണ്‌ അന്താരാഷ്‌ട്രതലത്തിൽ ടൂറിസം വിപണിയിൽ ഇന്ത്യയുടെ നേട്ടം. 890 കോടി ഡേളർ (സു. 40,000 കോടി രൂപ) ആണ്‌ 2005-2006 സാമ്പത്തിക വർഷത്തിൽ വിദേശ നാണയ കൈമാറ്റത്തിലൂടെ ഈ രംഗത്ത്‌ ഇന്ത്യയുടെ വരുമാനം.

സാമൂഹികവും സാംസ്‌കാരികവുമായ സംയോഗവും ദേശീയോദ്‌ഗ്രഥനവും പ്രാത്സാഹിപ്പിക്കുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിൽ ആഭ്യന്തര ടൂറിസം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്‌. 2007-ൽ ഏതാണ്ട്‌ 4.9 കോടി ആഭ്യന്തര ടൂറിസ്റ്റുകള്‍ ഇന്ത്യയ്‌ക്കകത്ത്‌ സന്ദർശിച്ചതായി കണക്കാക്കപ്പെടുന്നു. ടൂറിസം മന്ത്രാലയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടൂറിസം ആന്‍ഡ്‌ ട്രാവൽ മാനേജ്‌മെന്റ്‌, നാഷണൽ കൗണ്‍സിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജി, ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ്‌ കോർപ്പറേഷന്‍ ലിമിറ്റഡ്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌കയിങ്‌ ആന്‍ഡ്‌ മൗണ്ടനീറിങ്‌, നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ വാട്ടർ സ്‌പോർട്ട്‌സ്‌ എന്നിവയാണ്‌ ടൂറിസത്തിന്റെ വികസനത്തിനായി കേന്ദ്രതലത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍. നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ടൂറിസം മന്ത്രാലയമാണ്‌. ഇന്ത്യയിലാകെ നാല്‌ മേഖലാ ഓഫീസുകളും 20 പ്രാദേശിക ഓഫീസുകളും വിദേശരാജ്യങ്ങളിൽ 13 ഓഫീസുകളും വിനോദ സഞ്ചാരത്തിന്റെ വികസനത്തിനും പ്രാത്സാഹനത്തിനുമായി പ്രവർത്തിച്ചുവരുന്നു. ടൂറിസം വിപണിയിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ്‌ വിദേശ രാജ്യങ്ങളിലെ ഫീൽഡ്‌ ഓഫീസുകള്‍ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്‌.

ഇന്ത്യന്‍ ടൂറിസം മേഖലയുടെ വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക്‌ ഏറെ പ്രാധാന്യമേറിയതാണ്‌. ഇതിനായി സ്വകാര്യ മേഖലയിലെ വിവിധ സംഘടനകളുടെ ഏകോപനം ലക്ഷ്യമിട്ടുവരുന്നു. ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളുടെ ഫലമായി രണ്ടു ദശലക്ഷം വിനോദസഞ്ചാരികളാണ്‌ പ്രതിവർഷം ഇന്ത്യ സന്ദർശിക്കാനായി എത്തുന്നത്‌. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനാണ്യ സമ്പാദനമാർഗങ്ങളിലൊന്ന്‌ ടൂറിസമാണ്‌. (നോ: ടൂറിസം)

ബാങ്കിംഗ്‌

ഇന്ത്യയിലെ ധനവിനിമയരംഗത്തെ വായ്‌പാ സമ്പ്രദായത്തിന്‌ 4000 വർഷത്തെ പഴക്കമുണ്ട്‌. ബി.സി. 2000 മുതൽ ഇത്‌ നിലനിന്നിരുന്നുവെന്നാണ്‌ ചരിത്രം സൂചിപ്പിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടിൽ ബോംബെയിലും കൽക്കത്തയിലും ബ്രിട്ടീഷ്‌ സർക്കാർ സ്ഥാപിച്ച "ഏജന്‍സി ഹൗസു'കളാണ്‌ ഇന്ത്യയിലെ ആധുനിക ബാങ്കിങ്ങിന്റെ തുടക്കമായി കരുതിപ്പോരുന്നത്‌. 1770-ൽ സ്ഥാപിതമായ ബാങ്ക്‌ ഒഫ്‌ ഹിന്ദുസ്ഥാന്‍, 1773-ൽ പ്രവർത്തനമാരംഭിച്ച ജനറൽ ബാങ്ക്‌ ഒഫ്‌ ബംഗാള്‍ ആന്‍ഡ്‌ ബിഹാർ എന്നിവ ദീർഘകാലം പ്രവർത്തിച്ചില്ല. 1806-ൽ ബാങ്ക്‌ ഒഫ്‌ കൽക്കത്ത, 1820-ൽ ബാങ്ക്‌ ഒഫ്‌ ബംഗാള്‍ എന്നിവ കറന്‍സി നോട്ടുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. നിയന്ത്രണ വിധേയമായും അല്ലാതെയും 1861-വരെ ഇന്ത്യന്‍ ബാങ്കുകള്‍ കറന്‍സികള്‍ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്‌, 1861-ൽ നാണയങ്ങള്‍ പുറപ്പെടുവിക്കാനുള്ള അധികാരം ഗവണ്‍മെന്റിൽ മാത്രം നിക്ഷിപ്‌തമായി. 1833-60 കാലഘട്ടത്തിൽ വിവിധ കാരണങ്ങളാൽ പകുതിയോളം ബാങ്കുകള്‍ ഇന്ത്യയിൽ തകർച്ച നേരിട്ടു.

1870-ൽ പ്രധാനമായും മൂന്നു ബാങ്കുകളാണ്‌ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്‌. 1900-ഓടെ ഇത്‌ ഒന്‍പതായി ഉയർന്നു. ഇതിൽ അലഹബാദ്‌ ബാങ്ക്‌, അലയന്‍സ്‌ ബാങ്ക്‌, ഔധ്‌ കമേഴ്‌സ്യൽ ബാങ്ക്‌, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ എന്നിവ സുപ്രധാന പങ്കുവഹിച്ചു.

ഇന്ത്യക്കാരായ ഏതാനും ചിലർ ചേർന്ന്‌ തുടക്കം കുറിച്ച ഔധ്‌ കമേഴ്‌സ്യൽ ബാങ്ക്‌ എന്ന വാണിജ്യസ്ഥാപനത്തെയാണ്‌ ഇന്ത്യയിലെ പ്രഥമ ബാങ്കായി കണക്കാക്കുന്നത്‌. തുടർന്ന്‌ 1894-ൽ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ സ്ഥാപിതമായി. 1906-ൽ സ്വദേശി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തോടെ നിരവധി വാണിജ്യ ബാങ്കുകള്‍ പ്രവർത്തനമാരംഭിക്കുകയുണ്ടായി. 1913-നും 1917-നു മിടയിൽ നാണയ സങ്കോചന നയത്തെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി 588 ബാങ്കുകള്‍ തകരുകയുണ്ടായി. 1921-ൽ ഇംപീരിയൽ ബാങ്ക്‌ രൂപം കൊണ്ടു. പ്രസിഡന്‍സി ബാങ്കുകള്‍ക്ക്‌ ഏകീകൃതമായ ഒരു നയമുണ്ടാക്കാനായിരുന്നു ഇത്‌. റിസർവ്‌ ബാങ്ക്‌ ആരംഭിക്കുന്നതുവരെ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നേതൃത്വം ഇംപീരിയൽ ബാങ്കിനായിരുന്നു. 1935-ൽ അഞ്ചുകോടിരൂപ നിക്ഷേപ മൂലധനമുള്ള ഓഹരിക്കാരുടെ ബാങ്കായാണ്‌ റിസർവ്‌ ബാങ്ക്‌ പ്രവർത്തനമാരംഭിച്ചത്‌. ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 1949 ഫെബ്രുവരിയിൽ ബാങ്കിങ്‌ കമ്പനീസ്‌ ആക്‌റ്റ്‌ പാസാക്കപ്പെട്ടു. തുടർന്ന്‌ 1949-ൽ ബാങ്കിങ്‌ റെഗുലേഷന്‍ ആക്‌റ്റായി ഇത്‌ ഭേദഗതി ചെയ്യപ്പെട്ടു. 1949-ലെ പ്രസ്‌തുത ആക്‌റ്റ്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായി മാറി. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ ഇംപീരിയൽ ബാങ്ക്‌ ഒഫ്‌ ഇന്ത്യ 1955-ൽ ദേശസാത്‌കരിക്കുകയും പിന്നീട്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെന്ന പേരു സ്വീകരിക്കുകയും ചെയ്‌തു. 1959-ൽ ഏഴ്‌ അനുബന്ധ ബാങ്കുകള്‍ക്ക്‌ തുടക്കം കുറിച്ചു. റിസർവ്‌ ബാങ്ക്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ബാങ്കിങ്‌ ഘടനയിൽ എസ്‌.ബി.ഐ., ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ബാങ്കിങ്‌ വ്യവസായത്തെ രാഷ്‌ട്രത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും വികസനത്തിനും സഹായകമാകുംവിധം നയിക്കുന്നതിൽ ഒരു പരിധിവരെ വിജയം നേടാന്‍ റിസർവ്‌ ബാങ്കിനു കഴിഞ്ഞു. 1969 ജൂലായ്‌ 19-ന്‌ രാഷ്‌ട്ര പുരോഗതിക്ക്‌ ബാങ്കുകളുടെ സഹായം ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ ഒരു ഓർഡിനന്‍സ്‌ പുറപ്പെടുവിച്ചു. ഇതിന്‍ പ്രകാരം 50 കോടിയിലേറെ രൂപ നിക്ഷേപമുള്ള 14 പ്രധാന സ്വകാര്യ ബാങ്കുകള്‍ ദേശസാത്‌കരിക്കപ്പെട്ടു. 1980 ഏപ്രിൽ 15-ന്‌ ആറു വാണിജ്യബാങ്കുകളെകൂടി ദേശസാത്‌കരിക്കുകയുണ്ടായി.

എണ്‍പതുകളുടെ അവസാനത്തിൽ ബാങ്കിങ്‌ മേഖലയിൽ അനുഭവപ്പെട്ട പരിമിതികളുടെ പശ്ചാത്തലത്തിൽ, മത്സരാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയുമായി ഒത്തുപോകുന്നതിന്‌ ആവശ്യമായ ഘടനാപരവും സംഘടനാപരവുമായ പ്രവർത്തനങ്ങളും നടപടിക്രമങ്ങളും നിർദേശിക്കുന്നതിനായി എം. നരസിംഹന്‍ കമ്മിറ്റിയെ കേന്ദ്ര സർക്കാർ നിയോഗിക്കുകയുണ്ടായി. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1992-93 കാലഘട്ടത്തിൽ ഈ മേഖലയിൽ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. ഉദാരവത്‌കരണ നയങ്ങളുടെ ഭാഗമായി തൊച്ചൂറുകളുടെ അന്ത്യത്തിൽ ഈ മേഖലയിലേക്കു കടന്നുവന്ന സ്വകാര്യവാണിജ്യബാങ്കുകളുടെ പ്രവർത്തനം പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ ഭീഷണി ഉയർത്തിയിട്ടുണ്ട്‌. 1991 മാർച്ചിൽ ഇന്ത്യയിലെ നിക്ഷേപങ്ങളുടെ തൊച്ചൂറുശതമാനം പൊതുമേഖലാ ബാങ്കുകളിലും 3.7 ശതമാനം സ്വകാര്യ ഇന്ത്യന്‍ ബാങ്കുകളിലും 6.3 ശതമാനം വിദേശബാങ്കുകളിലുമായിരുന്നത്‌ 2003 മാർച്ചിൽ പൊതുമേഖലയിലേത്‌ 75 ശതമാനായി കുറയുകയും സ്വകാര്യ ബാങ്കുകളിലേത്‌ 18.5 ശതമാനമായി ഉയരുകയും വിദേശബാങ്കുകളിലേത്‌ 6.9 ശതമാനമായി മെച്ചപ്പെടുകയും ചെയ്‌തു.

1993-ൽ സ്വകാര്യ വാണിജ്യസ്ഥാപനങ്ങള്‍ ബാങ്കിങ്‌ മേഖലയോട്‌ താത്‌പര്യം കാട്ടി തുടങ്ങുകയും 2001 ജനുവരി 3-ന്‌ പ്രത്യേക മാർഗനിർദേശങ്ങളോടെ സ്വകാര്യമേഖലയുടെ പ്രവേശനം നടപ്പിലാക്കപ്പെടുകയും ചെയ്‌തു. ഇപ്രകാരം 2003 ഫെബ്രുവരിയിൽ മഹീന്ദ്രാബാങ്ക്‌ ലിമിറ്റഡും 2004 മേയ്‌ മാസത്തിൽ യെസ്‌ ബാങ്ക്‌ ലിമിറ്റഡും റിസർവ്‌ ബാങ്കിന്റെ അംഗീകാരത്തോടെ ബാങ്കിങ്‌ മേഖലയിൽ പ്രവേശിച്ചു. സ്വകാര്യ മേഖലയുടെ സാന്നിധ്യം സൃഷ്‌ടിച്ച സമ്മർദത്തെ മറികടക്കുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ ചെലവ്‌ കുറയ്‌ക്കുവാനും ജീവനക്കാരുടെ എച്ചം കുറയ്‌ക്കുവാനും ജീവനക്കാരുടെ വിരമിക്കൽ ത്വരിതപ്പെടുത്തുവാന്‍ വോളന്ററി റിട്ടയർമെന്റ്‌ പ്ലാന്‍ നടപ്പിലാക്കാനും തയ്യാറായി. ആധുനികവത്‌കരണത്തിന്റെയും വിവരസാങ്കേതിക രംഗത്തെ നൂതന സാധ്യതകളുടെയും ഉപയോഗം ഈ രംഗത്ത്‌ ഇന്ന്‌ വ്യാപകമാണ്‌. "എ.ടി.എം. കൗണ്ടറുകള്‍', "ഓണ്‍ ലൈന്‍ ബാങ്കിങ്‌' തുടങ്ങിയവ ആധുനികവത്‌കരണത്തിന്റെ ഭാഗമാണ്‌.

2004 ജൂണ്‍ വരെ വിദേശബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഷെഡ്യൂള്‍ഡ്‌ വാണിജ്യ ബാങ്കുകളുടെ എച്ചം 286 ആണ്‌. ഇതിൽ 224 എച്ചം പൊതുമേഖലയിലാണ്‌. പൊതുമേഖലയിലെ 196 ബാങ്കുകള്‍ റീജണൽ റൂറൽ ബാങ്കുകളുമാണ്‌. ശേഷിക്കുന്ന 28 പൊതുമേഖലാ ബാങ്കുകളിൽ 19 എച്ചം ദേശസാത്‌കൃതബാങ്കുകളും 8 എച്ചം സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ ഗ്രൂപ്പ്‌ ബാങ്കുകളും, ഒന്ന്‌ ഐ.ഡി.ബി.ഐ. ലിമിറ്റഡും ആണ്‌. പതിനാറായിരം പേർക്ക്‌ ഒരു ബാങ്ക്‌ എന്നതാണ്‌ റിസർവ്‌ ബാങ്ക്‌ അംഗീകരിച്ച തത്ത്വം. പൊതുമേഖലയിലെ ദേശസാത്‌കൃതബാങ്കുകള്‍ക്കായി 33,453 ഓഫീസുകളും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഗ്രൂപ്പുകള്‍ക്കായി 13,703 ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നു. 1969-ൽ ഇന്ത്യയിലെ വാണിജ്യബാങ്കുകളിലെ നിക്ഷേപം 4,646 കോടിയായിരുന്നത്‌ 2004 ജൂണിൽ 16,37,053 കോടിയായി ഉയർന്നു. പൊതുമേഖലയിൽ 1969-ൽ 3,871 കോടി രൂപ മാത്രമായിരുന്ന നിക്ഷേപം 2004 ജൂണിൽ 12,76,062 കോടി രൂപയായി വർധിച്ചിട്ടുണ്ട്‌. 2008-ലെ ആഗോള സാമ്പത്തിക തകർച്ചയിൽനിന്നും ഇന്ത്യന്‍ സമ്പദ്‌ഘടനയെ സംരക്ഷിച്ചു നിർത്തിയതിൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ പങ്ക്‌ സുപ്രധാനമാണ്‌.

ഇന്‍ഷൂറന്‍സ്‌

18-ാം ശ.-ത്തിൽത്തന്നെ ഇന്ത്യയിൽ ഇന്‍ഷുറന്‍സ്‌ സമ്പ്രദായത്തിന്‌ തുടക്കം കുറിച്ചിരുന്നു. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത്‌ പല മറൈന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളും പ്രവർത്തനം നടത്തിയിരുന്നു. 1818-ൽ കൽക്കത്തയിൽ ആരംഭിച്ച ഓറിയന്റൽ ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌ ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി. ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലായിരുന്നു പ്രസ്‌തുത കമ്പനിയുടെ പ്രവർത്തനം. 1905-ൽ ഇന്ത്യന്‍ കമ്പനികള്‍ നിലവിൽവന്നു. ഹിന്ദുസ്ഥാന്‍ കോ-ഓപ്പറേറ്റഴ്‌സ്‌, യുണൈറ്റഡ്‌ ഇന്ത്യാ, നാഷണൽ ജനറൽ, ഇന്ത്യന്‍ മർക്കന്റയിൽ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. പിന്നീട്‌ ന്യൂ ഇന്ത്യ, ജൂപ്പിറ്റർ, ലക്ഷ്‌മി എന്നീ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ആരംഭിച്ചു. 1912-ൽ ഇന്ത്യന്‍ ലൈഫ്‌ അഷ്വറന്‍സ്‌ കമ്പനീസ്‌ ആക്‌റ്റ്‌ നിലവിൽ വന്നു.

ഇന്‍ഷുറന്‍സിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ 1956 സെപ്‌റ്റംബർ 19-ന്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ബിസിനസ്‌ ദേശസാത്‌കരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ ശൃംഖലയായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോർപ്പറേഷനും തുടക്കം കുറിച്ചു. ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിച്ചിരുന്ന 245 സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങളെ ദേശസാത്‌കരിച്ചുകൊണ്ടാണ്‌ ഇത്‌ സാധ്യമാക്കിയത്‌. 1938-ലെ ഇന്‍ഷുറന്‍സ്‌ നിയമമാണ്‌ ഇന്ത്യയിലെ ഇന്‍ഷുറന്‍സ്‌ ബിസിനസ്സിനെ നിയന്ത്രിക്കുന്നത്‌. ലൈഫ്‌ ഇന്‍ഷുറന്‍സിനു പുറമേ 1973-ൽ ജനറൽ ഇന്‍ഷുറന്‍സും ദേശസാത്‌കരിക്കപ്പെട്ടു. 1956-1957 കാലയളവിലെ 5.6 മില്യണ്‍ പോളിസി ഉടമകളിൽ നിന്നും 2001-2002 എത്തുമ്പോള്‍ 125.8 മില്യണ്‍ പോളിസികളായി എൽ.ഐ.സി വളർന്നു. ഏതാണ്ട്‌ 2000-ത്തിലധികം ശാഖകള്‍ ഇന്ന്‌ എൽ.ഐ.സി.ക്കുണ്ട്‌. വ്യക്തിഗത ഇന്‍ഷുറന്‍സിൽ നിന്നും 70-കളോടെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സിലേക്ക്‌ വികസിക്കുകയും 80-കളോടെ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു. 1973-ൽ 2.2 ബില്യണ്‍ രൂപയായിരുന്ന ജനറൽ ഇന്‍ഷുറന്‍സിന്റെ അറ്റാദായം 2001-2002-ൽ 85 ബില്യണ്‍ രൂപയായി വർധിച്ചു.

1993-ൽ മൽഹോത്ര കമ്മിറ്റി ഇന്ത്യന്‍ ഇന്‍ഷുറന്‍സ്‌ വ്യവസായത്തിന്‌ പ്രവർത്തനരേഖ തയ്യാറാക്കി സമർപ്പിക്കുകയുണ്ടായി. സ്വകാര്യ മേഖലയോടും മാറുന്ന കാലഘട്ടത്തോടും മൽസരിക്കത്തക്കവിധം ഘടനാപരമായ മാറ്റങ്ങള്‍ നിർദേശിക്കുന്നതായിരുന്നു മൽഹോത്ര കമ്മിറ്റി ശുപാർശകള്‍.

1999-ലെ ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ആക്‌റ്റ്‌ (IRDA) ഇന്ത്യയിലെ ഇന്‍ഷുറന്‍സ്‌ വരിക്കാരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കമ്പനികളുടെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവന്നു. ഐ.ആർ.ഡി.എ. ചട്ടം നിലവിൽ വന്നതോടെ 2000-ത്തിൽ ഇന്‍ഷുറന്‍സ്‌ മേഖലയിൽ സ്വകാര്യ കമ്പനികള്‍ക്ക്‌ പങ്കാളിത്തം ലഭിച്ചു. 2008 വരെ 12 സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും 9 ജനറൽ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും അംഗീകാരം നൽകിയിട്ടുണ്ട്‌. പൊതു മേഖലയിലുള്ള കമ്പനികള്‍ ഉള്‍പ്പെടെ 13 ജനറൽ ഇന്‍ഷുറന്‍സ്‌ കമ്പനികളാണ്‌ ഇന്ത്യയിൽ ഇടപാടുകള്‍ നടത്തിവരുന്നത്‌.

പൊതുമേഖലയിലെ ഏക ഇന്‍ഷുറന്‍സ്‌ കമ്പനിയായ എൽ.ഐ.സി.യുടെ ആസ്ഥാനം മുംബൈയാണ്‌. 7 പ്രാദേശിക ഓഫീസുകളും 101 ഡിവിഷണൽ ഓഫീസുകളും ഒരു ശമ്പള നിക്ഷേപ പദ്ധതി(SSS)യും എൽ.ഐ.സിക്കുണ്ട്‌. 315.73 ലക്ഷം പോളിസികളിലൂടെ 4,63,147.62 കോടി രൂപയാണ്‌ (2006) എൽ.ഐ.സി.യിലെ നിക്ഷേപം. ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ഇടപാടിൽ ഇതേ വർഷം 3,919.01 കോടിരൂപയും പ്രീമിയവും 11,845 പദ്ധതികളിലൂടെ 51.27 ലക്ഷം അംഗങ്ങളും എൽ.ഐ.സി.ക്കുണ്ട്‌. (നോ: ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ)

ജനറൽ ഇന്‍ഷുറന്‍സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യയുടെ 2005-2006-ലെ പ്രീമിയം വരുമാനം 4,23,488 കോടി രൂപയാണ്‌. 598.52 കോടിയാണ്‌ ഇതേ വർഷത്തെ കമ്പനിയുടെ ആദായം. ലണ്ടന്‍, മോസ്‌കോ, സിംഗപ്പൂർ, മാലിദ്വീപ്‌, കെനിയ, മലേഷ്യ, മൗറീഷ്യസ്‌, ശ്രീലങ്ക, മധ്യകിഴക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ ജനറൽ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ ശാഖകളുണ്ട്‌. നാഷണൽ ഇന്‍ഷുറന്‍സ്‌ കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ്‌, ഓറിയന്റൽ ഇന്‍ഷുറന്‍സ്‌, യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ എന്നിവ സംയുക്തമായി 2000-ൽ ഡൽഹി ആസ്ഥാനമായി ജനറൽ ഇന്‍ഷ്വേർഴ്‌സ്‌ അസ്സോസിയേഷന്‍ രൂപീകരിക്കുകയുണ്ടായി. 95 മേഖലാ ഓഫീസുകള്‍, 1373 ഡിവിഷണൽ ഓഫീസുകള്‍, 2533 ബ്രാഞ്ചുകള്‍ എന്നിവയാണ്‌ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്നത്‌. 55 വിദേശ ഓഫീസുകളും പ്രവർത്തിച്ചുവരുന്നു. 1,425 കോടിരൂപയാണ്‌ 2005-06-ലെ കമ്പനിയുടെ ആദായം.

കാർഷിക മേഖലയിലെ ഇടപാടുകള്‍ക്കായി അഗ്രിക്കള്‍ച്ചർ ഇന്‍ഷുറന്‍സ്‌ കമ്പനി ഒഫ്‌ ഇന്ത്യ ലിമിറ്റഡ്‌ (AICIL) എന്ന പേരിൽ 2002 ഡിസംബറിൽ ഒരു സംഘടന രൂപീകൃതമായി. 4 ജനറൽ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു പുറമേ നബാർഡും ഇതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു. 1,500 കോടി രൂപയാണ്‌ 2005-2006 വർഷത്തെ അസോസിയേഷന്റെ മൂലധന നിക്ഷേപം. നാഷണൽ അഗ്രികള്‍ച്ചറൽ ഇന്‍ഷുറന്‍സ്‌ സ്‌കീം, ഫാം ഇന്‍കം ഇന്‍ഷുറന്‍സ്‌ സ്‌കീം, മഴക്കെടുതിയിൽ സംരക്ഷണം നൽകുന്ന വർഷ ഭീമ, ആരോഗ്യ ഇന്‍ഷുറന്‍സ്‌ സ്‌കീം തുടങ്ങി ഒട്ടനവധി പദ്ധതികള്‍ കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം നടപ്പാക്കി വരുന്നു.

നികുതിനയവും ബജറ്റും

1860-ലാണ്‌ ഇന്ത്യയിൽ ആദ്യമായി ആദായ നികുതി ഏർപ്പെടുത്തിയത്‌. 1871 വരെ കേന്ദ്ര ഗവണ്‍മെന്റിന്‌ പ്രാവിന്‍സുകളുടെ വരവുചെലവുകളിന്മേൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. 1919-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ നിയമമനുസരിച്ച്‌ വരുമാനം കേന്ദ്രത്തിനും പ്രാവിന്‍സുകള്‍ക്കും വീതം വയ്‌ക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടായി. 1922 മുതൽ ഇന്ത്യയിലെ നികുതി വ്യവസ്ഥയിൽ സമൂലമാറ്റങ്ങള്‍ ആരംഭിച്ചു. 1924-ൽ സെന്‍ട്രൽ ബോർഡ്‌ ഒഫ്‌ റവന്യൂ ആക്‌റ്റ്‌ നിലവിൽ വരികയും ചെയ്‌തു. 1935-ലെ നിയമമനുസരിച്ച്‌ ആദായ നികുതി കേന്ദ്രഗവണ്‍മെന്റ്‌ പിരിക്കുകയും അതിലെ നിശ്ചിത ശതമാനം പ്രാവിന്‍സുകള്‍ക്ക്‌ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം മൊത്തം ധനവിഭവങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുന്നത്‌ ധനകാര്യകമ്മീഷന്റെ നിർദേശങ്ങളനുസരിച്ചാണ്‌. 1951 മുതൽ 2009 വരെ 11 ധനകാര്യ കമ്മീഷനുകള്‍ രൂപവത്‌കൃതമായിട്ടുണ്ട്‌. 1953-ലെ എസ്റ്റേറ്റ്‌ ഡ്യൂട്ടി നിയമം, 1957-ലെ സ്വത്തു നികുതി നിയമം, 1958-ലെ ദാനനികുതി നിയമം, കമ്പനീസ്‌ (പ്രാഫിറ്റ്‌) സർ ടാക്‌സ്‌ നിയമം, ഹോട്ടൽ റസീറ്റ്‌സ്‌ടാക്‌സ്‌ നിയമം എന്നിങ്ങനെ നൂതന നിയമങ്ങള്‍ നിലവിൽ വന്നുകൊണ്ടിരുന്നു.

1961-ൽ ആദായ നികുതി നിയമം പരിഷ്‌കരിക്കപ്പെട്ടു. ഇന്‍ഹെറിറ്റന്‍സ്‌ ടാക്‌സ്‌ (എസ്റ്റേറ്റ്‌ ടാക്‌സ്‌/ഡെത്ത്‌ ഡ്യൂട്ടി) ഇന്ത്യയിൽ നടപ്പിൽവന്നത്‌ 1953-ലാണ്‌. ഇന്ത്യ ഗവണ്‍മെന്റ്‌ പ്രത്യേകം ക്ഷണിച്ചുവരുത്തിയ സാമ്പത്തിക വിദഗ്‌ധന്‍ നിക്കോളാസ്‌ കാള്‍ഡോറിയുടെ ശിപാർശ പ്രകാരമാണ്‌ 1957-ൽ സ്വത്തു നികുതി ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ടത്‌. കസ്റ്റംസ്‌ നികുതി എക്‌സൈസ്‌ നികുതി, സേവന നികുതി, ആദായ നികുതി, കോർപ്പറേറ്റ്‌ നികുതി, ധനനികുതി എന്നിവയും റിസർവ്‌ ബാങ്ക്‌, റയിൽവേ, കമ്പിത്തപാൽ എന്നീ വകുപ്പുകളിൽ നിന്നു കിട്ടുന്ന തുകയുമാണ്‌ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന ധനാഗമമാർഗങ്ങള്‍. ഭൂനികുതി, വില്‌പനനികുതി, കാർഷികാദായ നികുതി, സ്റ്റേറ്റ്‌ എക്‌സൈസ്‌, റജിസ്‌ട്രഷന്‍-സ്റ്റാമ്പു ഡ്യൂട്ടി എന്നിവയാണ്‌ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങള്‍. കേന്ദ്രം പിരിക്കുന്ന നികുതിയുടെ ഒരു ഓഹരി സംസ്ഥാനങ്ങള്‍ക്ക്‌ ഗ്രാന്റ്‌-ഇന്‍-എയ്‌ഡായി ലഭിക്കുന്നു.

1974-75-ലെ മൊത്തം വരുമാനം 5,640.86 കോടി രൂപയായിരുന്നു. ഇതിൽ നികുതിയിൽ നിന്നുള്ള വരുമാനം 4,300.35 കോടി രൂപയാണ്‌ (76.2%). പ്രത്യക്ഷ നികുതികളിൽപ്പെടുന്നതാണ്‌ ആദായ നികുതിയും. ചെലവ്‌, സ്വത്ത്‌ മൂലധന ഇടപാടുകള്‍ എന്നിവയിന്മേലുള്ള നികുതികളും കസ്റ്റംസ്‌ നികുതി, വില്‌പന നികുതി എന്നിവയുമാണ്‌ പ്രധാന പരോക്ഷ നികുതിയിനങ്ങള്‍. പരോക്ഷ നികുതിയിൽ നിന്നുള്ള വരുമാനം വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. 1950-ലെ മൊത്തം നികുതി വരുമാനം 357 കോടി രൂപയായിരുന്നു. ഇതിൽ 227.49 കോടി രൂപ പരോക്ഷ നികുതിയിനങ്ങളിൽ നിന്നു ലഭിച്ചതാണ്‌. 1980-81 മുതൽ 2008-09 സാമ്പത്തിക വർഷം വരെ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കു ലഭിച്ച നികുതി വരുമാനത്തിന്റെ വിവരം: സ്രാതസ്സ്‌: റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ്‌ ഓർഗനൈസേഷന്‍

ഭരണഘടനയിലെ 112-ാം അനുച്ഛേദമനുസരിച്ച്‌ ഇന്ത്യാഗവണ്‍മെന്റിന്റെ സാമ്പത്തിക വർഷത്തെ (ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെ) വരവു ചെലവു കണക്കുകള്‍ പാർലമെന്റിൽ അവതരിപ്പിച്ച്‌ അംഗീകാരം വാങ്ങണമെന്നുണ്ട്‌. ഇതിന്‌ വാർഷിക ധനകാര്യ പത്രിക, അഥവാ ബജറ്റ്‌ എന്നു പറയുന്നു. കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌, കണ്ടിന്‍ജന്‍സിഫണ്ട്‌, പബ്ലിക്‌ അക്കൗണ്ട്‌സ്‌ എന്നീ മൂന്നിനങ്ങളിലാണ്‌ വരവും ചെലവും കാണിക്കുന്നത്‌.

2009-10 ബജറ്റിൽ 2,58,149 കോടി രൂപ പദ്ധതിയിനത്തിലും 6,68,082 കോടി രൂപ പദ്ധതിയേതര പ്രവർത്തനങ്ങള്‍ക്കുമായി വകയിരുത്തി 8,000 കോടി രൂപ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിക്കായും 7,400 കോടി ശുദ്ധജല ലഭ്യതയ്‌ക്കായും 1,41,703 കോടി രൂപ പ്രതിരോധ ചെലവുകള്‍ക്കായും വകയിരുത്തി. 6,27,949 കോടി രൂപയാണ്‌ റവന്യൂ ഇനത്തിൽ പ്രതീക്ഷിക്കുന്നത്‌.

ദേശീയവരുമാനം

ശിവസുബ്രഹ്മണ്യം, ദാദാബായ്‌ നവ്‌റോജി തുടങ്ങിയവരാണ്‌ ഇന്ത്യയുടെ ദേശീയ വരുമാനം ശാസ്‌ത്രീയമായി നിർണയിക്കുന്നതിന്‌ അടിസ്ഥാനമിട്ടത്‌. 1949-ൽ പി.സി. മഹലനോബിസ്‌ ചെയർമാനും ഡി.ആർ. ഗാഡ്‌ഗിൽ, വി.കെ.ആർ.വി. റാവു എന്നിവർ അംഗങ്ങളുമായുള്ള ഒരു ദേശീയ വരുമാനക്കമ്മിറ്റിക്ക്‌ രൂപം നൽകുകയുണ്ടായി. സാമ്പത്തിക രംഗത്തെ പ്രഗല്‌ഭരായ സിമോണ്‍ കുസെന്റ്‌സ്‌, ജെ.ആർ. എന്‍. സ്റ്റോണ്‍, ജെ.ബി.ഡി. ഡെർക്‌സെന്‍ എന്നിവരുടെ മാർഗനിർദേശങ്ങളും ഇവർക്കു ലഭ്യമായി. ദേശീയ വരുമാന നിർണയത്തിന്റെ രീതിശാസ്‌ത്രം തയ്യാറാക്കിയത്‌ പ്രസ്‌തുത കമ്മിറ്റിയാണ്‌. സെന്‍ട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ്‌ ഇന്ത്യയിലെ ദേശീയ വരുമാനം സംബന്ധിച്ച കണക്കുകള്‍ക്ക്‌ രൂപം നല്‌കുന്നത്‌. 1975 മുതൽ നാഷണൽ അക്കൗണ്ട്‌സ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന പേരിലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചു വരുന്നത്‌. 1993-ൽ ദേശീയ വരുമാന നിർണയ രീതിശാസ്‌ത്രത്തിൽ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തു. സ്വാതന്ത്യ്രത്തിനു മുന്‍പ്‌ ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിലെ വളർച്ച ഏറെ സാവധാനത്തിൽ മാത്രമായിരുന്നു. കാർഷികമേഖലയെ ആശ്രയിച്ചായിരുന്നു പ്രധാനമായും സമ്പദ്‌ഘടനയും ദേശീയവരുമാനവും നിലനിന്നിരുന്നത്‌. 1950-80 കാലഘട്ടത്തിൽ പ്രതിവർഷം 3.5 ശതമാനം ദേശീയ വളർച്ച അനുഭവപ്പെട്ടെങ്കിലും പ്രതിശീർഷവരുമാന വർധന 1.5 ശതമാനം മാത്രമായിരുന്നു. 1980-90 കളിൽ ദേശീയ വളർച്ചാനിരക്ക്‌ 5.6 ശതമാനമായി ഉയരുകയും പ്രതിശീർഷവരുമാന 3.5 ശതമാനമാവുകയും ചെയ്‌തു. വർധന 1990-കളിലെ കാർഷിക-വ്യാവസായിക മേഖലകളുടെ വളർച്ച 1980-കളിലേതിനേക്കാള്‍ മോശമായിരുന്നു.

1970-71 സാമ്പത്തികവർഷത്തിൽ 511 കോടിരൂപ പ്രത്യക്ഷ നികുതിയിനത്തിലും 1940 കോടി രൂപ പരോക്ഷ നികുതിയിനത്തിലും 842 കോടി രൂപ നികുതിയേതര വരുമാനമായും 2046 കോടിരൂപ മൂലധന നിക്ഷേപമായും ലഭ്യമായി. 5339 കോടി രൂപയായിരുന്നു മൊത്തം വരുമാനം. ഇതു ക്രമേണ വർധിച്ച്‌ 1995-96 സാമ്പത്തിക വർഷം ആയപ്പോള്‍ 22,287 കോടി രൂപ പ്രത്യക്ഷ നികുതിയായ 59,652 കോടി രൂപ പരോക്ഷ നികുതിയായും 28,191 കോടി രൂപ നികുതിയേതര വരുമാനമായും 58,338 കോടി രൂപ മൂലധനമായും ലഭിച്ചു. 1,68,468 കോടി രൂപയായിരുന്നു ആകെ ലഭിച്ച വരുമാനം.

വിദേശബാധ്യതയും സഹായവും

1950-51 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം വിദേശകടം 32.03 കോടി രൂപയായിരുന്നു. 1960-61-ൽ ഇത്‌ 760.96 കോടിയായി ഉയർന്നു. സ്വാതന്ത്യ്ര ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട്‌ തവണയാണ്‌ വിദേശകടം കുത്തനെ ഉയർന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്‌. 1960-70 കാലഘട്ടത്തിലും 1980-90 കാലഘട്ടങ്ങളിലുമാണിത്‌. ഇക്കാലയളവിൽ ഇന്ത്യയുടെ പ്രതിരോധച്ചെലവിലുണ്ടായ വന്‍വർധനയാണ്‌ ഇതിന്‌ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്‌. 1991-92-ൽ 1,63,001 കോടി രൂപയായി ഇന്ത്യയുടെ വിദേശകടം കുത്തനെ വർധിപ്പിച്ചു. 1999 മുതൽ 2009 വരെയുള്ള ഇന്ത്യയുടെ വിദേശകടം

	1999 - 411297 കോടി രൂപ
	2000 - 428550 കോടി രൂപ
	2001 - 472625 കോടി രൂപ
	2002 - 482328 കോടി രൂപ
	2003 - 498804 കോടി രൂപ
	2004 - 491078 കോടി രൂപ
	2005 - 581802 കോടി രൂപ
	2006 - 616127 കോടി രൂപ
	2007 - 740099 കോടി രൂപ
	2008 - 735960 കോടി രൂപ
	2009 - 757967 കോടി രൂപ
 

സ്രാതസ്സ്‌ ധനകാര്യമന്ത്രാലയം, സാമ്പത്തിക കാര്യവകുപ്പ്‌ ലോകരാഷ്‌ട്രങ്ങളിൽ വിദേശകടബാധ്യതയിൽ ഏഴാം സ്ഥാനത്താണ്‌ ഇന്ത്യ. സാമ്പത്തിക വർഷത്തിൽ സർക്കാർ-സർക്കാരിതര സംവിധാനങ്ങളിലായി 17,137.43 കോടി രൂപ വിദേശ സഹായം സ്വീകരിക്കുകയുണ്ടായി. 2003-2004 വർഷത്തിൽ ഇത്‌ 17,355.68 കോടി രൂപയായിരുന്നു. ഇതിൽ 9324.36 കോടി സംസ്ഥാനങ്ങള്‍ക്ക്‌ സഹായം അനുവദിക്കുകയുണ്ടായി. വിദേശകാര്യ മന്ത്രാലയം 2004-ൽ പ്രഖ്യാപിച്ച പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ ഏ.8 രാഷ്‌ട്രങ്ങളായ ജപ്പാന്‍, ബ്രിട്ടണ്‍, അമേരിക്ക, കാനഡ, ജർമനി, ഇറ്റലി, ഫ്രാന്‍സ്‌, റഷ്യ എന്നീ രാഷ്‌ട്രങ്ങളിൽ നിന്നും യൂറോപ്യന്‍ കമ്മീഷനിൽ നിന്നും സാമ്പത്തികസഹായം സ്വീകരിക്കാന്‍ നടപടി സ്വീകരിച്ചു. ജി. എട്ടിൽ അംഗങ്ങളല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നും ഇന്ത്യ സാമ്പത്തിക സഹായം സ്വീകരിച്ചു പോരുന്നുണ്ട്‌. ഭരണകൂടത്തെ കൂടാതെ വിവിധ ഗവണ്‍മെന്റിതര സംഘടനകളും, സ്വയംഭരണ സ്ഥാപനങ്ങളും, സർവകലാശാലകളും വിദേശ സഹായം സ്വീകരിച്ചു വരുന്നു.

സാമ്പത്തികാസൂത്രണം

1929-ൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ പാസ്സാക്കിയ പ്രമേയത്തോടെയാണ്‌ ഇന്ത്യയിൽ ആസൂത്രണത്തെപ്പറ്റിയുള്ള ആലോചന തുടങ്ങിയത്‌. 1934-ൽ എം. വിശ്വേശ്വരയ്യ തയ്യാറാക്കിയ ആസൂത്രിതസമ്പദ്‌ വ്യവസ്ഥ എന്ന പ്രബന്ധവും ഇന്ത്യയിൽ ആസൂത്രണത്തിന്റെ ആവശ്യകത വ്യക്തമാക്കി. ഇന്ത്യയിൽ ആസൂത്രണം കൂടിയേ തീരൂ എന്നു വ്യക്തമാക്കിയ മറ്റു രേഖകളാണ്‌ 1938-ൽ നെഹ്‌റു അധ്യക്ഷനായി പ്രാഫ. കെ.ടി. ഷായുടെ മേൽനോട്ടത്തിൽ ദേശീയാസൂത്രണ സമിതി (National Planning Committee) തയ്യാറാക്കിയ ആസൂത്രണ റിപ്പോർട്ട്‌, ബോംബെയിലെ എട്ടു വ്യവസായ പ്രമുഖന്മാർ 1944-ൽ തയ്യാറാക്കിയ ബോംബെ പ്ലാന്‍, 1944-ലെ എം.എന്‍. റോയിയുടെ ബോംബെ പ്ലാന്‍, എന്‍. അഗർവാളിന്റെ ഗാന്ധിയന്‍ പ്ലാന്‍ എന്നിവ.

1944-ൽ ഒരു ആസൂത്രണവികസന ഡിപ്പാർട്ടുമെന്റ്‌ രൂപവത്‌കരിച്ചതോടെയാണ്‌ ഔദ്യോഗികമായി ആസൂത്രണം ആരംഭിച്ചതെന്ന്‌ പറയാം. 1946 ഒ.-ൽ ഒരു ആസൂത്രണോപദേശകസമിതിയും രൂപംകൊണ്ടു. ഈ സമിതിയാണ്‌ ഇന്ത്യയ്‌ക്ക്‌ ഒരു ആസൂത്രണകമ്മീഷന്‍ വേണമെന്ന്‌ നിർദേശിച്ചത്‌. 1950 മാ. 15-ന്‌ ആസൂത്രണകമ്മിഷന്‍ നിലവിൽ വന്നു. 1952 ആഗ.-ൽ ദേശീയ വികസന സമിതിയും സ്ഥാപിക്കപ്പെട്ടു. ആസൂത്രണക്കമ്മീഷന്റെ അധ്യക്ഷപദവി പ്രധാനമന്ത്രിക്കാണ്‌; കൂടാതെ ഒരു ഉപാധ്യക്ഷനും 4 അംഗങ്ങളുമുണ്ട്‌. ധനകാര്യമന്ത്രിയും ആസൂത്രണമന്ത്രിയും ഇതിലെ അംഗങ്ങളായിരിക്കും. യുദ്ധാനന്തര പുനരുദ്ധാരണം ലക്ഷ്യമാക്കി ഒന്നാം പഞ്ചവത്സരപദ്ധതി തയ്യാറാക്കി (1951-56). കൃഷി, ജലസേചനം, വൈദ്യുതി എന്നീ മേഖലകള്‍ക്ക്‌ മുന്‍തൂക്കം നല്‌കിക്കൊണ്ടുള്ളതായിരുന്നു ഒന്നാം പദ്ധതി. സോഷ്യലിസ്റ്റ്‌ സാമൂഹികവ്യവസ്ഥിതി ഉന്നംവച്ചു കൊണ്ടാണ്‌ രണ്ടാം പദ്ധതി (1956-61) ആരംഭിച്ചത്‌. ദേശീയവരുമാനത്തിൽ 25% വർധനവ്‌, വ്യവസായവത്‌കരണം, തൊഴിൽസൗകര്യങ്ങള്‍ മെച്ചപ്പെടുത്തൽ, വരുമാനത്തിലെ അസമത്വം ഇല്ലാതാക്കൽ എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. ദേശീയവരുമാനം 20% വർധിച്ചുവെങ്കിലും ഭക്ഷ്യോത്‌പാദനം ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിയില്ല.

1961-66 കാലത്തേക്ക്‌ മൂന്നാം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ദേശീയവരുമാനത്തിൽ പ്രതിവർഷം 5% വർധനവ്‌, ഭക്ഷ്യ സ്വയം പര്യാപ്‌തത, അടിസ്ഥാന വ്യവസായങ്ങളുടെ വികസനം, സാമ്പത്തികാസമത്വം ലഘൂകരിക്കൽ എന്നിവയായിരുന്നു മുഖ്യലക്ഷ്യങ്ങള്‍. ചൈനയും പാകിസ്‌താനുമായുണ്ടായ യുദ്ധങ്ങളും വരള്‍ച്ചയും പദ്ധതി പ്രവർത്തനങ്ങളുടെ വിജയത്തിനു വിഘാതമായിനിന്നു. 1966-ൽ നാലാം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയെങ്കിലും പ്രാവർത്തികമാക്കാന്‍ കഴിഞ്ഞില്ല. 1966-69 കാലത്തേക്ക്‌ വാർഷികപദ്ധതികള്‍ സ്വീകരിക്കുകയാണുണ്ടായത്‌. സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലായതോടെ നാലാംപദ്ധതിക്ക്‌ അവസാനരൂപം നല്‌കി. ദേശീയ വരുമാനത്തിൽ 5.5% വാർഷികവർധന, സ്വയം പര്യാപ്‌തത, മൂല്യസ്ഥിരത, ഉപഭോക്തൃസാധനങ്ങളുടെ ഉത്‌പാദനത്തിലുള്ള വർധനവ്‌, ജനസംഖ്യാ വിസ്‌ഫോടനം തടയൽ, മാനുഷികവിഭവങ്ങളുടെ വികസനം എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. ബാംഗ്ലദേശ്‌ യുദ്ധം, അഭയാർഥിപുനരധിവാസം, വരള്‍ച്ച എന്നിവ പദ്ധതിയുടെ പ്രവർത്തനത്തിനു തടസ്സമുണ്ടാക്കി. നാലാം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും നേട്ടങ്ങളും വിലയിരുത്തിക്കൊണ്ടാണ്‌ 5-ാം പദ്ധതിക്ക്‌ (1974-79) കരടുരൂപരേഖ തയ്യാറാക്കിയത്‌. ദാരിദ്യ്രനിർമാർജനം, സ്വയംപര്യാപ്‌തത എന്നിവയായിരുന്നു അഞ്ചാംപദ്ധതിയുടെ ലക്ഷ്യങ്ങള്‍. അഞ്ചാംപദ്ധതിയിൽ പൊതുമേഖലയിൽ 37,250 കോടി രൂപയും സ്വകാര്യമേഖലയിൽ 16,161 കോടി രൂപയും ചേർത്ത്‌ 53,411 കോടി രൂപയുടെ മുതൽ മുടക്കാണ്‌ വകയിരുത്തിയത്‌. 1974-79 കാലഘട്ടത്തിൽ നടപ്പാക്കിയ അഞ്ചാംപഞ്ചവത്സരപദ്ധതി പണപ്പെരുപ്പത്തിന്റെ സമ്മർദത്തെ നേരിട്ടുകൊണ്ടാണ്‌ വിഭാവന ചെയ്യപ്പെട്ടത്‌. ദാരിദ്യ്രരേഖയ്‌ക്കു താഴെ കഴിയുന്നവരുടെ ഉയർച്ച, പണപ്പെരുപ്പത്തെ നിയന്ത്രിച്ചുകൊണ്ടുള്ള സാമ്പത്തിക സ്ഥിരത തുടങ്ങിയവയായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍. 4.4% വളർച്ചാനിരക്ക്‌ പദ്ധതി ലക്ഷ്യമിടുകയും 4.83% വളർച്ച നേടുകയുമുണ്ടായി. 1980-85-ൽ പ്രാവർത്തികമായ ആറാം പഞ്ചവത്സരപദ്ധതി കാർഷിക വ്യാവസായിക വികസനം, നിക്ഷേപ വർധനവ്‌ തുടങ്ങിയവ ലക്ഷ്യമാക്കി. 1,09,291 കോടി രൂപയായിരുന്നു പദ്ധതി അടങ്കൽ തുക. 5.2% വളർച്ചാനിരക്ക്‌ ലക്ഷ്യമിടുകയും 5.54 % വളർച്ച നേടുകയും ചെയ്‌തു. 1985-90 കാലയളവിൽ നടപ്പിലാക്കിയ ഏഴാം പദ്ധതി ഭക്ഷ്യോത്‌പാദന വർധനവ്‌, തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കൽ, വികസനം, നവീകരണം, സ്വാശ്രയത്വം, സാമൂഹിക നീതി എന്നിവ അടിസ്ഥാന ലക്ഷ്യമാക്കി. 5% വളർച്ചാ നിരക്ക്‌ ലക്ഷ്യമിട്ട പ്രസ്‌തുത പദ്ധതി, ലക്ഷ്യത്തെയും മറികടന്ന്‌ 6 ശതമാനം എന്ന നേട്ടമുണ്ടാക്കി. കേന്ദ്ര ഭരണത്തിലുണ്ടായ രാഷ്‌ട്രീയ അസ്ഥിരത എട്ടാം പദ്ധതിയെ രണ്ടുവർഷക്കാലം വൈകിച്ചു. 1990-91, 1991-92 കാലയളവുകള്‍ വാർഷിക പദ്ധതികളായാണ്‌ നടപ്പിലാക്കപ്പെട്ടത്‌. 1992-98 കാലയളവിലാണ്‌ എട്ടാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കപ്പെട്ടത്‌. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ഉത്‌പാദന, കൃഷി അനുബന്ധ മേഖലകളുടെ വളർച്ച, കയറ്റുമതി-ഇറക്കുമതി വർധനവ്‌, വ്യാപാരരംഗത്തെ മുന്നേറ്റം തുടങ്ങിയവയ്‌ക്കാണ്‌ എട്ടാം പദ്ധതി ഊന്നൽ നൽകിയത്‌. 5.36% വളർച്ചാ നിരക്ക്‌ ലക്ഷ്യമിടുകയും 6.68 % വളർച്ച കൈവരിക്കുകയും ചെയ്‌തു.

സ്വാതന്ത്യ്രത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഒന്‍പതാം പദ്ധതി 1997-2003 കാലയളവിൽ നടപ്പിലാക്കപ്പെട്ടത്‌. വാർഷിക വളർച്ചാ നിരക്കിൽ 6.5% ലക്ഷ്യം പ്രതീക്ഷിച്ചെങ്കിലും 5.5% മാത്രമാണ്‌ കൈവരിക്കാനായത്‌. ശുദ്ധജല വിതരണം, പ്രാഥമിക ആരോഗ്യ സേവന സൗകര്യങ്ങള്‍, പ്രമറി വിദ്യാഭ്യാസം, ദരിദ്രജനതയ്‌ക്ക്‌ പാർപ്പിടം, എല്ലാ കുട്ടികള്‍ക്ക്‌ പോഷകാഹാരം, പൊതുവിതരണ സമ്പ്രദായം രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും നടപ്പിലാക്കൽ തുടങ്ങിയവയായിരുന്നു ഒന്‍പതാം പദ്ധതിയുടെ പ്രധാന ദൗത്യങ്ങള്‍.

2002-2007 കാലയളവിൽ പത്താം പഞ്ചവത്സരപദ്ധതി നടപ്പിലാക്കപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക, കൃഷി, വൈദ്യുതി, ജലസേചനം, വനവത്‌ക്കരണം, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങിയവയുടെ വളർച്ച, വാർത്താവിനിമയ സാങ്കേതിക വിദ്യയുടെയും മറ്റു സേവനങ്ങളുടെയും വികസനം തുടങ്ങിയവയായിരുന്നു പത്താം പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്‌. എട്ടു ശതമാനം വളർച്ചാ നിരക്കാണ്‌ പത്താം പദ്ധതി ലക്ഷ്യമിട്ടിരുന്നത്‌. 2007-2012 കാലയളവു ലക്ഷ്യമാക്കി പതിനൊന്നാം പദ്ധതി നടപ്പാക്കി വരുകയാണ്‌. പത്തുശതമാനം വളർച്ചാനിരക്കാണ്‌ പതിനൊന്നാം പദ്ധതി ലക്ഷ്യമിടുന്നത്‌. കാർഷിക മേഖലയുടെ വളർച്ച, 7 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കൽ, വിദ്യാഭ്യാസമേഖലയുടെ ഉണർവ്‌, ആരോഗ്യമുള്ള സമൂഹം, സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ മേഖലയുടെ വികസനം തുടങ്ങിയവയാണ്‌ പദ്ധതിയുടെ പ്രധാന ദൗത്യങ്ങള്‍.

സാംസ്‌കാരികരംഗം

വിദ്യാഭ്യാസം

പുരാതനകാലം. പുരാതനഭാരതീയവിദ്യാഭ്യാസസിദ്ധാന്തമനുസരിച്ച്‌ മനസ്സിന്‌ പരിശീലനം നല്‌കുകയും ചിന്താശക്തി വികസിപ്പിക്കുകയും ചെയ്യേണ്ടത്‌ ജ്ഞാനസമ്പാദനത്തിന്‌ അനിവാര്യമാണ്‌. വിദ്യാർഥി സ്വയം വിദ്യ അഭ്യസിക്കുകയും സ്വന്തം മാനസികവികാസം ആർജിക്കുകയും വേണം. ഈ സിദ്ധാന്തപ്രകാരം വിദ്യാഭ്യാസം മൂന്ന്‌ പ്രക്രിയകളായി വിഭജിക്കപ്പെട്ടു-ശ്രവണം, മനനം, നിദിധ്യാസം. ഗുരുമുഖത്തുനിന്ന്‌ സത്യം അർഥബോധത്തോടെ ശ്രവിക്കുകയാണ്‌ ശ്രവണം. ജ്ഞാനമെന്നത്‌ സാങ്കേതികമായി ശ്രുതിയാണ്‌-ശ്രവിക്കപ്പെടുന്നതാണ്‌. ഈ ശ്രവണപ്രക്രിയ ഗുരുവിൽനിന്ന്‌ ശിഷ്യനിലേക്ക്‌ എന്ന ക്രമത്തിൽ തലമുറകളിലേക്ക്‌ സംക്രമിക്കുന്നു. ഗുരുപാരമ്പര്യം എന്നാണ്‌ ഈ സമ്പ്രദായം അറിയപ്പെടുന്നത്‌.

മനനമാണ്‌ രണ്ടാമത്തെ പ്രക്രിയ. ശിഷ്യന്‍ ഗുരുമുഖത്തുനിന്നു ശ്രവിച്ച പാഠങ്ങളെപ്പറ്റി സ്വയം യുക്തിയുക്തമായി ചിന്തിക്കുകയും അവ സ്വാംശീകരിക്കുകയും ചെയ്യണം. ആർജിച്ച ജ്ഞാനത്തിൽ ഏകതാനമായി മനസ്സു നിർത്തുകയാണ്‌ നിദിധ്യാസം. ജ്ഞാനം സാക്ഷാത്‌കരിക്കുകയെന്ന ലക്ഷ്യമാണിവിടെ.

ഈ സിദ്ധാന്തത്തിനനുയോജ്യമായ വിദ്യാഭ്യാസ സമ്പ്രദായമാണ്‌ പുരാതനകാലത്തു നിലവിലിരുന്നത്‌. ഗുരുക്കന്മാരുടെ വാസഗൃഹങ്ങളായിരുന്നു വിദ്യാലയങ്ങള്‍. വിദ്യാർഥികള്‍ അവിടെ അന്തേവാസികളായി ജീവിച്ച്‌ വിദ്യ അഭ്യസിക്കുന്നു. ഗുരുകുലവിദ്യാഭ്യാസം എന്ന ഈ സമ്പ്രദായം ഉയർന്ന ജാതിക്കാർക്കിടയിൽ സാർവത്രികമായിരുന്നു.

ആധുനിക സർവകലാശാലകളുടെ മാതൃകയിൽ പ്രവർത്തിച്ചിരുന്ന മഹാവിഹാരങ്ങള്‍ വിദ്യാഭ്യാസരംഗത്ത്‌ പുരാതന ഭാരതത്തിൽ ഉണ്ടായിരുന്നു. തക്ഷശിലയിലും നാളന്ദയിലും തലയെടുത്തുനിന്ന മഹാവിഹാരങ്ങള്‍ വിശ്വപ്രസിദ്ധിയാർജിച്ചിരുന്നു. മഹാവിഹാരത്തിന്റെ കീഴിൽ അംഗീകൃതവിഹാരങ്ങള്‍ (കോളജുകളെപ്പോലെ) പ്രവർത്തിച്ചിരുന്നു. ബിരുദാനന്തരപഠനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രസർവകലാശാലകളായിരുന്നു മഹാവിഹാരങ്ങള്‍. നാളന്ദയിൽ 8,500 വിദ്യാർഥികളും 1,510 അധ്യാപകരും ഉണ്ടായിരുന്നതായി ഹ്യുയന്‍സാങ്‌ എന്ന ചൈനീസ്‌ സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. വിദേശരാജ്യങ്ങളിൽനിന്നുപോലും അവിടെ ധാരാളം വിദ്യാർഥികള്‍ പഠനഗവേഷണങ്ങള്‍ നടത്തിവന്നിരുന്നു. പില്‌ക്കാലത്ത്‌ മഹാക്ഷേത്രങ്ങളോടും ബ്രാഹ്മണഗ്രാമങ്ങളോടും അനുബന്ധിച്ച്‌ ഖണ്ഡിക, ഘടിക, ശാല മുതലായ പേരുകളുള്ള വിദ്യാലയങ്ങള്‍ നിലവിൽവന്നു. നിശ്ചിതവിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകർക്ക്‌ ബത്തയും പഠിക്കുന്ന വിദ്യാർഥികള്‍ക്ക്‌ ഭക്ഷണാദികളും നല്‌കുന്നതിനായി ഈ സ്ഥാപനങ്ങളിലേക്ക്‌ രാജാക്കന്മാരും മറ്റും ഭൂമി സംഭാവന ചെയ്‌തിരുന്നു.

മധ്യകാലം. മധ്യകാലാരംഭത്തിൽ ഭാരതത്തിൽ പൊതുവേ രണ്ടുതരം വിദ്യാഭ്യാസസ്ഥാപനങ്ങളാണുണ്ടായിരുന്നത്‌-ഗ്രാമവിദ്യാലയങ്ങളും ഉന്നതവിദ്യാപീഠങ്ങളും. ഗ്രാമവിദ്യാലയങ്ങളുടെ ചുമതല അതത്‌ ഗ്രാമങ്ങളിലെ പഞ്ചായത്തുകള്‍ക്കായിരുന്നു. രാജാക്കന്മാരും പ്രഭുക്കളും ക്ഷേത്രങ്ങളും മഠങ്ങളും പണ്ഡിതന്മാരുടെ കുടുംബങ്ങളും ഉന്നത വിദ്യാപീഠങ്ങള്‍ നടത്തിവന്നു. വേദങ്ങള്‍, ദർശനങ്ങള്‍, വൈദ്യം, ജ്യോതിശ്ശാസ്‌ത്രം, വാസ്‌തുശില്‌പം മുതലായ പ്രായോഗികവിജ്ഞാനങ്ങള്‍ എന്നിവയ്‌ക്കുപുറമേ അഭിനയം, സംഗീതം മുതലായ കലകളും ഇവയിൽ പഠിപ്പിക്കപ്പെട്ടുവന്നു. കായിക സംസ്‌കാരത്തിൽ ശ്രദ്ധിച്ചിരുന്ന കളരികളും ഇക്കൂട്ടത്തിൽ പ്രസ്‌താവമർഹിക്കുന്നു. ഗ്രാമവിദ്യാലയങ്ങള്‍ 19-ാം ശ.-ത്തിന്റെ പ്രാരംഭഘട്ടംവരെ നിലനിന്നു. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴിൽ ഗ്രാമങ്ങളുടെ സ്വയംപര്യാപ്‌തത നഷ്‌ടപ്പെട്ടു; ഗ്രാമപഞ്ചായത്തുകള്‍ അപ്രത്യക്ഷമായി. അതോടെ ഗ്രാമവിദ്യാലയങ്ങള്‍ നാമാവശേഷമാവുകയും ചെയ്‌തു.

ഇസ്‌ലാമിക വിദ്യാഭ്യാസം. ഇന്ത്യയുടെ വിദ്യാഭ്യാസചരിത്രത്തിൽ ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു മുസ്‌ലിം വിദ്യാഭ്യാസ പദ്ധതിയുടെ ആവിർഭാവം. അതിന്റെ ഉള്ളടക്കം ഏറിയകൂറും മതപരമായിരുന്നു. പാഠ്യക്രമം പൊതുവേ രണ്ടായി വിഭജിക്കപ്പെട്ടു-പ്രാഥമിക വിദ്യാഭ്യാസവും ഉപരിവിദ്യാഭ്യാസവും. പ്രാഥമിക വിദ്യാലയങ്ങളെ മഖ്‌താബുകള്‍ എന്നും ഉന്നത വിദ്യാലയങ്ങളെ മദ്രസകള്‍ എന്നുമാണ്‌ വിളിക്കുന്നത്‌. മദ്രസകളിൽ നിയമശാസ്‌ത്രം, ദൈവശാസ്‌ത്രം, പ്രഭാഷണകല, പ്രകൃതിശാസ്‌ത്രം, വൈദ്യശാസ്‌ത്രം തുടങ്ങിയ 14 വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു.

ആധുനികകാലം. 19-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബ്രിട്ടീഷ്‌ ഭരണകർത്താക്കള്‍ നടത്തിയ വിദ്യാഭ്യാസ പുനസ്സംഘടനാ ശ്രമങ്ങളാണ്‌ ഭാരതത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്‌ അടിത്തറ പാകിയത്‌. 1813-ലെ ചാർട്ടർവഴി ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ചുമതല ഈസ്റ്റിന്ത്യാക്കമ്പനിയിൽ നിക്ഷിപ്‌തമായി. 1844-ൽ വില്യം ബെന്റിങ്‌ ഇംഗ്ലീഷിനെ ഇന്ത്യാഗവണ്‍മെന്റിന്റെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ചവർക്ക്‌ സർക്കാരുദ്യോഗങ്ങളിൽ മുന്‍ഗണന ലഭിക്കുമെന്നുവന്നു. അതോടെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം വ്യാപകമായി. 1857-ൽ ആദ്യത്തെ മൂന്ന്‌ സർവകലാശാലകള്‍-ബോംബെ, കൽക്കത്ത, മദ്രാസ്‌-സ്ഥാപിതമായി. അന്ന്‌ ഇന്ത്യയൊട്ടാകെ 27 കോളജുകള്‍ മാത്രമാണുണ്ടായിരുന്നത്‌. 1901-ൽ കോളജുകളുടെ എച്ചം 195 ആയി വർധിച്ചു. ഇന്ന്‌ (2010) 335 സർവകലാശാലകളും 45,000-ത്തോളം കോളജുകളുമായി ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗം വികസിച്ചു കഴിഞ്ഞിരിക്കുന്നു.

സ്വാതന്ത്യ്രാനന്തരം ഭാരതത്തിൽ വിദ്യാഭ്യാസമേഖല പൂർവാധികം ശ്രദ്ധിക്കപ്പെട്ടു. മൂന്നു വിദ്യാഭ്യാസക്കമ്മീഷനുകള്‍ നിയമിതമായി. ഡോ. എസ്‌. രാധാകൃഷ്‌ണന്‍ അധ്യക്ഷനായ സർവകലാശാലാ വിദ്യാഭ്യാസക്കമ്മീഷന്‍ (1948-49); ഡോ. ലക്ഷ്‌മണസ്വാമി മുതലിയാർ അധ്യക്ഷനായ സെക്കന്‍ഡറി വിദ്യാഭ്യാസക്കമ്മിഷന്‍ (1952-53); ഡോ. സി.എസ്‌. കോഠാരി അധ്യക്ഷനായ വിദ്യാഭ്യാസക്കമ്മിഷന്‍ (1964-66). പ്രാഥമിക വിദ്യാഭ്യാസം. 14 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കിയത്‌ പ്രാവർത്തികമാക്കുന്നതിനായി ഇന്ത്യയിൽ ബാലവേല നിരോധിച്ചിട്ടുണ്ട്‌. എന്നിരുന്നാലും സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ ഒരു വലിയ ഘടകമാണ്‌. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസ പരിപാടിയായ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി-(ഡി.പി.ഇ.പി.) 1994 മുതൽ ഇന്ത്യയിൽ നടപ്പാക്കി തുടങ്ങി. ഡി.പി.ഇ.പി. യ്‌ക്കായുള്ള ചെലവിന്റെ 85 ശ.മാ. കേന്ദ്രസർക്കാരും 15 ശ.മാ. സംസ്ഥാന സർക്കാരുകളുമാണ്‌ വഹിക്കുന്നത്‌. 1,60,000 പുതിയ സ്‌കൂളുകളും 84,000 ആള്‍ട്ടർനേറ്റീവ്‌ സ്‌കൂളുകളും ഡി.പി.ഇ.പി.യിലൂടെ നടത്തിവരുന്നു. യൂനിസെഫിന്റെ സഹായത്തോടെ പ്രവർത്തിച്ച ഡി.പി.ഇ.പി. പദ്ധതിക്ക്‌ കീഴിൽ 3.5 കോടി വിദ്യാർഥികള്‍ക്ക്‌ പഠന സൗകര്യം നൽകി. പെണ്‍കുട്ടികളുടെ പഠനം ഉറപ്പുവരുത്തുകയാണ്‌ പദ്ധതിയുടെ ഒരു പ്രധാന ദൗത്യം.

ലോകബാങ്കിന്റെ കണക്കുപ്രകാരം 40 ശ.മാ. കുട്ടികള്‍ മാത്രമാണ്‌ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നത്‌. 60 ശതമാനവും 14 വയസ്സിനുമുന്‍പേ കൊഴിഞ്ഞുപോകുന്നു. 6-14 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്രസർക്കാർ 2001-ൽ സർവശിക്ഷാ അഭിയാന്‍ (SSA) പദ്ധതിക്കു തുടക്കം കുറിച്ചു. സാമ്പത്തികവും-സാമൂഹികവുമായ പരിമിതികള്‍ മറികടന്ന്‌ മൂല്യവത്തായ വിദ്യാഭ്യാസ അന്തരീക്ഷം പ്രാദനം ചെയ്യുന്നതിനാണ്‌ എസ്‌.എസ്‌.എ ലക്ഷ്യമിട്ടത്‌. സാങ്കേതിക സഹായം, സൗജന്യപാഠപുസ്‌തകം, പഠന സാമഗ്രികള്‍ എന്നിവ അവികസിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ എത്തിക്കുന്നു. ഗ്രാമീണ മേഖലയിൽ കംപ്യൂട്ടർ വിദ്യാഭ്യാസവും എസ്‌.എസ്‌.എ.യുടെ ലക്ഷ്യമാണ്‌. സ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിയും ഈ മേഖലയിലെ പ്രധാന ദൗത്യമാണ്‌. 2009-ൽ നിർബന്ധിത സൗജന്യ വിദ്യാഭ്യാസബിൽ ആറുമുതൽ പതിന്നാലുവരെ വയസ്സു ള്ളവരുടെ വിദ്യാഭ്യാസം ഉറപ്പാക്കി.

ദേശീയ ബാലഭവന്റെ കീഴിൽ നിലവിൽ 68 ബാലഭവനുകളും 10 ബാലകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്‌. പിന്നോക്ക സമുദായങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും, മദ്രസകളിലൂടെ വിദ്യാഭ്യാസം നൽകുന്നതിനും കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകി വരുന്നു.

സെക്കന്‍ഡറി വിദ്യാഭ്യാസം. പാരിസ്ഥിതിക അവബോധം, ശാസ്‌ത്ര സാങ്കേതിക വിജ്ഞാനം, യോഗ തുടങ്ങിയവയിൽ ഊന്നിയുള്ള ദേശീയ വിദ്യാഭ്യാസനയം (The National Policy on Education-NEP) 1986 മുതൽ നടപ്പിലാക്കി വരുന്നു. വിദ്യാർഥികളെ സാങ്കേതിക പരിജ്ഞാനമുള്ളവരാക്കിത്തീർക്കുക എന്നത്‌ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്‌. ശാരീരിക-മാനസിക പരിമിതികള്‍ ഉള്ള കുട്ടികളുടെ പഠനത്തിന്‌ പ്രത്യേകമായി ഇന്റഗ്രറ്റഡ്‌ എഡ്യൂക്കേഷന്‍ ഫോർ ഡിസേബിള്‍ഡ്‌ ചിൽഡ്രന്‍ (IEDC) 1974 മുതൽ ആരംഭിച്ചു. കേന്ദ്രസർക്കാർ ജീവനക്കാരുടെ കുട്ടികള്‍ക്കായി 1965 മുതൽ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. രാജ്യത്തിലെ പല പ്രദേശങ്ങളിൽ പഠിക്കേണ്ടിവരുന്ന ജീവനക്കാരുടെ കുട്ടികള്‍ക്ക്‌ ഇതിലൂടെ ഏകീകൃത വിദ്യാഭ്യാസം ലഭിക്കുന്നു.

പൊതു വിദ്യാഭ്യാസ രംഗത്തെ പരിമിതികള്‍ മൂലം വലിയൊരുവിഭാഗം ഇന്ത്യന്‍ വിദ്യാർഥികള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യ സംരംഭങ്ങള്‍ പ്രാത്സാഹിപ്പിക്കുന്ന നയമാണ്‌ സർക്കാർ പിന്തുടരുന്നത്‌.

ഉന്നതവിദ്യാഭ്യാസം. അമേരിക്കയ്‌ക്കും ചൈനയ്‌ക്കും യൂറോപ്പിനും പിന്നിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ മികച്ച നിലവാരം പുലർത്തുന്ന രാഷ്‌ട്രമായി ഇന്ത്യ വളർന്നിട്ടുണ്ട്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചയ്‌ക്കായി കേന്ദ്രസർക്കാരിന്റെ സഹായത്തോടെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ വൈവിധ്യമാർന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിവരുന്നു. 2009 വരെ 20 കേന്ദ്ര സർവകലാശാലകളും 215 സംസ്ഥാന സർവകലാശാലകളും 100 ഡീംഡ്‌ സർവകലാശാലകളും ആരംഭിച്ചിട്ടുണ്ട്‌. വിവിധ സർവകലാശാലകള്‍ക്കും കോളജുകള്‍ക്കും കീഴിലായി രാജ്യത്താകെ 1800 വനിതാ കോളജുകള്‍ പ്രവർത്തിക്കുന്നുണ്ട്‌. 2006-ലെ കണക്കനുസരിച്ച്‌ 1200 അംഗീകൃത എഞ്ചിനീയറിങ്‌ കോളജുകളിലായി 3,80,000 വിദ്യാർഥികള്‍ പഠനം നടത്തുന്നുണ്ട്‌. ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ വിദൂര വിദ്യാഭ്യാസത്തിനു ഏറെ സാധ്യതകള്‍ ഒരുക്കിയിട്ടുണ്ട്‌. ലോക നിലവാരത്തിൽ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന 15 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജികളിലായി (IIT) 4000 വിദ്യാർഥികള്‍ ഓരോ വർഷവും പ്രവേശനം നേടുന്നു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്‌ മികച്ച നിലവാരം ഉറപ്പുവരുത്താന്‍ പാർലമെന്റ്‌ നിയമത്തിലൂടെ 1987-ൽ ആള്‍ ഇന്ത്യാ കൗണ്‍സിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷന്‍ (AICTE) നിലവിൽവന്നു. ഐ.ഐ.ടികള്‍ക്കു പുറമേ ഏഴ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌(IIM)കളും നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജികളും പ്രവർത്തിക്കുന്നു. ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യയിലെ പല മേഖലകളിലും അന്തർസർവകലാശാലാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

2001 വരെ ഇന്ത്യയിലെ സാക്ഷരതാനിരക്ക്‌ 64.84 % ആണ്‌. സ്‌ത്രീകളുടെ സാക്ഷരതാ നിരക്ക്‌ 53.63% ആണ്‌. കേരളമാണ്‌ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനം: 92 ശതമാനം. നിരക്ഷരരായ 30.4 കോടി ജനങ്ങള്‍ ഇന്ത്യയിൽ ഉള്ളതായി 2001-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയിലെ സ്‌ത്രീ സാക്ഷരതാ ശതമാനം കേവലം 2-നും 6-നുമിടയിൽ മാത്രമായിരുന്നു. 1961-ൽ ഇത്‌ 15.3% ആയും 1981-ൽ 28.5% ആയും ഉയർന്നു. 2001-ൽ 50 ശതമാനം പിന്നിട്ടു. ഇന്ത്യയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ രംഗത്ത്‌ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്‌. എന്നിരുന്നാലും സമൂഹത്തിലെ അസമത്വവും അസന്തുലിതാവസ്ഥകളും ദാരിദ്യ്രവും പലപ്പോഴും ഇവർക്ക്‌ ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നു.

പത്താം പദ്ധതിയിൽ (2002-07) വിദ്യാഭ്യാസത്തിനായി ബജറ്റിൽ വകയിരുത്തിയത്‌ 4,38,250 മില്യണ്‍ ഡോളറാണ്‌. ഇതിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ 9.9%-വും സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‌ 2.9% വയോജന വിദ്യാഭ്യാസത്തിന്‌ 9.5 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിനായി 10.7% സാങ്കേതിക വിദ്യാഭ്യാസത്തിനും മറ്റുമായി 1.41%-വും ചെലവാക്കി. കോത്താരിക്കമ്മിഷന്‍ വിദ്യാഭ്യാസത്തിന്റെ സമസ്‌തതലങ്ങളെയും പറ്റിയുള്ള സമഗ്രമായ പഠനറിപ്പോർട്ടാണ്‌ സമർപ്പിച്ചത്‌. ഈ കമ്മീഷനുകളുടെയും മറ്റു വിദഗ്‌ധസമതികളുടെയും ശിപാർശകളിൽനിന്നും രൂപംകൊണ്ടതാണ്‌ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. ഇന്ത്യാഗവണ്‍മെന്റ്‌ 1968-ൽ ദേശീയ വിദ്യാഭ്യാസനയം ആവിഷ്‌കരിച്ചു. 14 വയസ്സുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നല്‌കുക; അധ്യാപകരുടെ പദവി, വേതനം, പഠനസൗകര്യങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തുക; പ്രാദേശികഭാഷകള്‍ എല്ലാതലത്തിലും അധ്യയനമാധ്യമമാക്കുക; ത്രിഭാഷാപദ്ധതി നടപ്പാക്കുകയും പ്രാദേശികഭാഷകള്‍ വികസിപ്പിക്കുകയും ചെയ്യുക; ശാസ്‌ത്രവിദ്യാഭ്യാസവും ഗവേഷണവും മെച്ചപ്പെടുത്തുക; കൃഷി, വ്യവസായം എന്നിവ സംബന്ധിച്ച വിദ്യാഭ്യാസം വിപുലപ്പെടുത്തുക; ചുരുങ്ങിയ ചെലവിൽ മെച്ചപ്പെട്ട പാഠ്യപുസ്‌തകങ്ങള്‍ നിർമിച്ചു നല്‌കുക-തുടങ്ങിയവ വിദ്യാഭ്യാസനയത്തിൽ ഉള്‍പ്പെടുന്നു. ഭരണഘടനയനുസരിച്ച്‌ വിദ്യാഭ്യാസം സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയിലാണ്‌; എന്നാൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ചുമതലയിൽ 20 സർവകലാശാലകള്‍ പ്രവർത്തിക്കുന്നുണ്ട്‌. ദുർബലജനവിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസസൗകര്യങ്ങള്‍ നല്‌കേണ്ടത്‌ കേന്ദ്രഗവണ്‍മെന്റിന്റെ കടമയാണ്‌. സർവകലാശാലാ ധനസഹായക്കമ്മീഷന്‍, വിദ്യാഭ്യാസഗവേഷണത്തിനും-പരിശീലനത്തിനുമുള്ള ദേശീയ കൗണ്‍സിൽ (NCERT), കേന്ദ്രഹിന്ദി ഡയറക്‌ടറേറ്റ്‌, കേന്ദ്ര വിദ്യാഭ്യാസോപദേശകസമിതി എന്നീ സ്ഥാപനങ്ങളിൽ കൂടിയാണ്‌ കേന്ദ്രഗവണ്‍മെന്റ്‌ വിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിക്കുന്നത്‌.

സൗജന്യവിദ്യാഭ്യാസം. ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസം പൊതുവേ സൗജന്യമാണ്‌. ചില സംസ്ഥാനങ്ങളിൽ സെക്കണ്ടറിവിദ്യാഭ്യാസവും മറ്റുചിലതിൽ എല്ലാ തലത്തിലും പെട്ട വിദ്യാഭ്യാസവും സൗജന്യമാണ്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌, ബിഹാർ, രാജസ്ഥാന്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രാഥമികവിദ്യാഭ്യാസം സൗജന്യമായി നല്‌കപ്പെടുന്നു. ഉത്തർപ്രദേശിൽ പെണ്‍കുട്ടികള്‍ക്കു പത്താം ക്ലാസ്സുവരെയും ആണ്‍കുട്ടികള്‍ക്ക്‌ ആറാം ക്ലാസ്സുവരെയും സൗജന്യവിദ്യാഭ്യാസം ലഭ്യമാകുന്നു. കേരളം ആന്ധ്രപ്രദേശ്‌. കർണാടകം എന്നീ സംസ്ഥാനങ്ങളിൽ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടം വരെയും തമിഴ്‌ നാട്ടിൽ പ്രീഡിഗ്രിക്ലാസ്‌ പൂർത്തിയാകുന്നതുവരെയും ഉള്ള വിദ്യാഭ്യാസം സൗജന്യമാണ്‌. ജമ്മു-കാശ്‌മീർ, നാഗാലന്‍ഡ്‌ എന്നിവിടങ്ങളിൽ എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കുമ്പോള്‍, മഹാരാഷ്‌ട്രയിലും ഗുജറാത്തിലും 1,200 രൂപയിൽ കുറഞ്ഞ വാർഷികവരുമാനമുള്ളവരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം എല്ലാതലത്തിലും സൗജന്യമായി ലഭിക്കുന്നു. 2010 ഏ. 1-ന്‌ പുതിയ "കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം' പാസ്സാക്കുകയുണ്ടായി.

സംവിധാനം. എട്ട്‌ വർഷത്തെ പ്രാഥമികവിദ്യാഭ്യാസം, നാലു വർഷത്തെ സെക്കന്ററി വിദ്യാഭ്യാസം, പ്രഥമ ബിരുദത്തിലേക്കു നയിക്കുന്ന ത്രിവത്സരസർവകലാശാലാവിദ്യാഭ്യാസം എന്ന തരത്തിലാണ്‌ ഇന്ത്യയിൽ വിദ്യാഭ്യാസം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ആരോഗ്യവിദ്യാഭ്യാസം. ശാസ്‌ത്ര-സാങ്കേതിക വിഷയങ്ങള്‍ എന്നിവയിലെല്ലാം ഉന്നതപഠനവും ഗവേഷണവും നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്ത്യയിൽ അനുക്രമം അഭിവൃദ്ധിപ്പെട്ടുവരുന്നു.

ശാസ്‌ത്ര-സാങ്കേതിക ഗവേഷണം

പുരാതനകാലം മുതല്‌ക്കേ ശാസ്‌ത്ര-സാങ്കേതിക രംഗത്ത്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‌കിപ്പോന്ന രാജ്യമാണ്‌ ഇന്ത്യ. സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ രാജ്യത്തെ ശാസ്‌ത്ര-സാങ്കേതിക സൗകര്യങ്ങള്‍ വികസിത രാഷ്‌ട്രങ്ങളെ അപേക്ഷിച്ച്‌ ഏറെ പിന്നിലായിരുന്നു. തന്മൂലം ഗവേഷണങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമുണ്ടായി. എന്നാൽ കഴിഞ്ഞ ആറു പതിറ്റാണ്ടുകൊണ്ട്‌ ഈ രംഗത്ത്‌ ഇന്ത്യ മിക്കവാറും സ്വയം പര്യാപ്‌തത കൈവരിച്ചിരിക്കുന്നു. ചെറുതും വലുതുമായ ഒട്ടനവധി ഗവേഷണസ്ഥാപനങ്ങള്‍ ഇന്ന്‌ ഇന്ത്യയിലുണ്ട്‌. ആധുനിക ശാസ്‌ത്ര-സാങ്കേതികരംഗത്ത്‌ സമഗ്രമായ സംഭാവനകള്‍ നൽകുന്ന ഒരു കൂട്ടം ശാസ്‌ത്രജ്ഞരും ഗവേഷകരും ഇന്ന്‌ ഇന്ത്യയുടെ അഭിമാനമാണ്‌. 1958 മാർച്ചിൽ ഇന്ത്യന്‍ പാർലമെന്റ്‌ പാസ്സാക്കിയ ഒരു പ്രമേയമാണ്‌ ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്‌ത്ര-സാങ്കേതിക നയത്തിന്‌ തുടക്കമിട്ടത്‌. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകള്‍, ഉന്നത വിദ്യാഭ്യാസ മേഖല, സ്വകാര്യ-പൊതുമേഖലകള്‍, വ്യവസായങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിശാലമായ ഒരു സംവിധാനത്തിനു കീഴിലാണ്‌ ശാസ്‌ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ നടന്നുപോരുന്നത്‌. ശാസ്‌ത്ര-സാങ്കേതിക വകുപ്പ്‌, ആണവോർജ വകുപ്പ്‌, പ്രതിരോധ ഗവേഷണ വകുപ്പ്‌, കൗണ്‍സിൽ ഒഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയൽ റിസർച്ച്‌, ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ മെഡിക്കൽ റിസർച്ച്‌, ഇലക്‌ട്രാണിക്‌സ്‌ വകുപ്പ്‌, പരിസ്ഥിതി-വനം മന്ത്രാലയം, പാരമ്പര്യേതര ഊർജ മന്ത്രാലയം, എന്നിവ ശാസ്‌ത്ര-സാങ്കേതിക വികസനവുമായി അഭേദ്യമായ ബന്ധം പുലർത്തിവരുന്നു. ഇവയ്‌ക്കു പുറമേ വ്യവസായ മേഖലയിൽ അതതു സ്ഥാപനങ്ങളുടെ ഗവേഷണങ്ങളെ ത്വരിതപ്പെടുത്തുവാനായി മാത്രം 1,200-ലധികം ഗവേഷണ-വികസന യൂണിറ്റുകള്‍ ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നു. ഇരുന്നൂറിലധികം വരുന്ന സർവകലാശാലകളും ഡീംഡ്‌ സർവകലാശാലകളും ഐ.ഐ.ടികളും ഗവേഷണ പ്രവർത്തനങ്ങളിൽ വ്യാപൃതമാണ്‌.

രാജ്യത്തെ ശാസ്‌ത്ര പഠനങ്ങള്‍ക്കു മാർഗനിർദേശം നൽകുന്നതിനായി ഇന്ത്യാഗവണ്‍മെന്റ്‌ 2003-ൽ രാജ്യത്തിന്റെ പുത്തന്‍ ശാസ്‌ത്ര-സാങ്കേതിക നയം പ്രഖ്യാപിച്ചു. ഭൗതിക-വൈജ്ഞാനിക സ്രാതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തി ശാസ്‌ത്ര-സാങ്കേതിക ഗവേഷണങ്ങളെ പരിപോഷിപ്പിക്കുക, നൂതന സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, സംവിധാനങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ എന്നിവ ശാസ്‌ത്രീയമായി ഉപയോഗപ്പെടുത്തുകയും ശാസ്‌ത്രത്തിന്റെ ഗുണഗണങ്ങളെ സംബന്ധിച്ച്‌ പൊതു സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നിവയാണ്‌ 2003-ലെ പുത്തന്‍ ശാസ്‌ത്ര-സാങ്കേതിക നയത്തിന്റെ കാതൽ. രാജ്യത്തെ ഗവേഷണം ത്വരിതപ്പെടുത്തുവാനും പുതിയ മേഖലകളെ കണ്ടെത്തുവാനും ശാസ്‌ത്ര-സാങ്കേതിക പരിപാടികളുടെ സംയോജനം, സംഘാടനം, പ്രാത്സാഹനം എന്നിവ സാധ്യമാക്കാനും ഒരു "നോഡൽ ഏജന്‍സി' എന്ന നിലയിലാണ്‌ 1971-ൽ ശാസ്‌ത്ര-സാങ്കേതിക വകുപ്പിനു തുടക്കം കുറിക്കപ്പെട്ടത്‌. നയപരിപാടികള്‍ രൂപീകരിക്കുന്നതിലും, മാർഗനിർദേശങ്ങള്‍ നൽകുന്നതിലും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സാങ്കേതിക സജ്ജീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക സഹായം ആവശ്യമായ സ്ഥാപനങ്ങളെ സഹായിക്കുന്നതിലും അതിവിപുലമായ പ്രവർത്തനങ്ങളാണ്‌ ശാസ്‌ത്ര-സാങ്കേതിക വകുപ്പ്‌ നടത്തിവരുന്നത്‌.

ശാസ്‌ത്ര-എഞ്ചിനീയറിങ്‌ വിഭാഗത്തിലെ ഗവേഷണ വികസന മേഖലകളിൽ മുന്‍നിര പ്രവർത്തനങ്ങള്‍ കണ്ടെത്തുന്നതിലും പ്രാത്സാഹിപ്പിക്കുന്നതിലും ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌ നിർണായ പങ്കുവഹിക്കുന്നു. ഇവയുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാന്‍ സയന്‍സ്‌ ആന്‍ഡ്‌ എഞ്ചിനീയറിങ്‌ റിസർച്ച്‌ കൗണ്‍സിൽ (SERC) എന്ന ഒരു ഉപദേശക സമിതിയും നിലവിലുണ്ട്‌. ഓരോ വർഷവും ആയിരത്തിൽപ്പരം പദ്ധതികള്‍ വകുപ്പിന്റെ പരിഗണനയ്‌ക്കായി സമർപ്പിക്കപ്പെടാറുണ്ട്‌. നവീന സാങ്കേതിക വികസനം സാധ്യമാക്കുന്നതിനായി നാനോ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി മേഖലയിൽ നാനോ മെറ്റീരിയൽസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി [(Nano Science and Technology Initiative (Nano mission)NSTI, 2007] എന്ന ഗവേഷണ ശാഖ ആരംഭിക്കുകയുണ്ടായി. ലോക നിലവാരത്തിൽ ശാസ്‌ത്ര ഗവേഷണങ്ങള്‍ നടത്തുന്നവർക്കായി സ്വാതന്ത്യ്രത്തിന്റെ 50-ാം വർഷത്തിൽ കേന്ദ്രസർക്കാർ "സ്വർണജയന്തി ഫെല്ലോഷിപ്പു'കള്‍ ഏർപ്പെടുത്തുകയുണ്ടായി. 30-നും 40-നുമിടയിൽ പ്രായമുള്ളവരെയാണ്‌ പ്രസ്‌തുത ഫെലോഷിപ്പിനായി പരിഗണിക്കുന്നത്‌. ഉയർന്ന പരിഗണനയുള്ള മേഖലകളിൽ ഗവേഷണം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ "ഇന്റന്‍സിഫിക്കേഷന്‍ ഓഫ്‌ റിസർച്ച്‌ ഇന്‍ ഹൈ പ്രയോരിറ്റി ഏരിയാസ്‌' (IRHPA) എന്ന സംവിധാനത്തിന്‌ തുടക്കമിട്ടു. സ്‌കൂള്‍ വിദ്യാർഥികള്‍ മുതൽ ഗവേഷകർ വരെയുള്ള വിദ്യാർഥികള്‍ക്കിടയിൽ ശാസ്‌ത്ര താല്‌പര്യവും ശാസ്‌ത്ര സാങ്കേതിക ജ്ഞാനവും വികസിപ്പിക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനുമായി ഒട്ടനവധി ഫെലോഷിപ്പുകളും ശാസ്‌ത്ര പ്രതിഭാ പുരസ്‌കാരങ്ങളും ശാന്തിസ്വരൂപ്‌ ഭട്‌നഗർ പ്രസ്‌, യംഗ്‌ സയന്റിസ്റ്റ്‌ അവാർഡ്‌ എന്നിവയും മാനവശേഷി വകുപ്പ്‌ നൽകി വരുന്നുണ്ട്‌. പത്താം പദ്ധതിയിൽ (2002-2007) 3400 കോടി രൂപയാണ്‌ ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി ചെലവിട്ടത്‌. പതിനൊന്നാം പദ്ധതി (2007-2012)-ൽ 11,028 കോടി രൂപ വകയിരുത്തിയിരിക്കുന്നു.

ശാസ്‌ത്ര-സാങ്കേതിക വകുപ്പിന്റെ സഹായസഹകരണത്തോടെ ഗവേഷണ പ്രവർത്തനങ്ങള്‍ നടത്തുന്ന നിരവധി സ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്‌. ഇന്ത്യന്‍ അസോസിയേഷന്‍ ഫോർ ദി കള്‍ട്ടിവേഷന്‍ ഒഫ്‌ സയന്‍സസ്‌ (കൊൽക്കത്ത), ബോസ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (കൽക്കത്താ) രാമന്‍ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ബാംഗലൂർ), ബീർബൽ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ പാലിയോബോട്ടണി (ലക്‌നൗ), വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഹിമാലയന്‍ സുവോളജി (ഡൽഹി), അഗാർക്കർ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (പൂനെ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആസ്‌റ്റ്രാഫിസിക്‌സ്‌ (ബംഗലൂർ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ജിയോ മാഗ്നറ്റിസം (മുംബൈ), ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാന്‍സ്‌ഡ്‌ സയന്റിഫിക്‌ റിസർച്ച്‌ (ബംഗലൂർ), ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി (തിരുവനന്തപുരം) വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഹിമാലയന്‍ ജിയോളജി (ഡെറാഡൂണ്‍), ഇന്റർനാഷണൽ അഡ്വാന്‍സ്‌ഡ്‌ റിസർച്ച്‌ സെന്റർ ഫോർ പൗഡർ മെറ്റലർജി ആന്‍ഡ്‌ ന്യൂ മെറ്റീരിയൽസ്‌ (ഹൈദരാബാദ്‌), നാഷണൽ അക്രഡിറ്റേഷന്‍ ബോർഡ്‌ ഫോർ ടെസ്റ്റിങ്‌ ആന്‍ഡ്‌ കാലിബ്രഷന്‍ ലബോറട്ടറീസ്‌ (ഡൽഹി) എന്നിവയാണ്‌ ശാസ്‌ത്ര-സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍.

ശാസ്‌ത്ര-സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നോളജി ഇന്‍ഫർമേഷന്‍, ഫോർകാസ്‌റ്റിങ്‌ ആന്‍ഡ്‌ അസസ്സ്‌മെന്റ്‌ കൗണ്‍സിൽ (TIFAC) എന്ന സ്വയംഭരണസ്ഥാപനം കാർഷിക, ജൈവ-സാങ്കേതിക വിദ്യാ മേഖലകളിലായി 280 ലെറെ പഠനങ്ങള്‍ നടത്തി റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌ . പിന്നിട്ട അമ്പതുവർഷം ശാസ്‌ത്രരംഗത്ത്‌ ഇന്ത്യകൈവരിച്ച നേട്ടങ്ങളുടെ ഒരു സമഗ്രചിത്രം നൽകുന്ന പഠന പരമ്പരയും "ടിഫാക്‌' തയ്യാറാക്കിയിട്ടുണ്ട്‌.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ലക്ഷ്യമാക്കി "2020ലേക്കുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ ദർശനം' (Technology Vision for India upto 2020) എന്ന പഠന റിപ്പോർട്ട്‌ "ടിഫാക്കി'ന്റെ നാഴികകല്ലുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌. ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠന പരിപാടികളും ഠകഎഅഇ നടപ്പിലാക്കുന്നുണ്ട്‌.

ഇന്ത്യയിലെ ശാസ്‌ത്ര-സാങ്കേതിക രംഗത്തെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കാനും സഹായിക്കാനുമുള്ള ഒരു കേന്ദ്രസമിതിയാണ്‌ നാഷണൽ കമ്മിറ്റി ഓണ്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (എന്‍.സി.എസ്‌.റ്റി.സി) 1973-74-ൽ ഈ സമിതി രൂപംകൊടുത്ത ശാസ്‌ത്രസാങ്കേതിക പദ്ധതി ഗവേഷണത്തിന്റെ വിവിധ മേഖലകള്‍ക്ക്‌ പുതുജീവനും ചൈതന്യവും നൽകാന്‍ പര്യാപ്‌തമാണ്‌. എന്‍.സി.എസ്‌.റ്റി.സിയുടെ പ്രവർത്തനങ്ങളുടെ പ്രധാന നിർവാഹകവിഭാഗമാണ്‌ ഡിപ്പാർട്ട്‌മെന്റ്‌ ഒഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി. നാഷണൽ റിസർച്ച്‌ ഡവലപ്പ്‌മെന്റ്‌ കോർപ്പറേഷന്‍ (എന്‍.ആർ.ഡി.സി.), കൗണ്‍സിൽ ഒഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയൽ റിസർച്ച്‌ (സി.എസ്‌.ഐ.ആർ) എന്നിവയുടെ ഭരണനിർവഹണവും ഡി.എസ്‌.റ്റി.യാണ്‌ വഹിക്കുന്നത്‌. സർവേ ഒഫ്‌ ഇന്ത്യ, നാഷണൽ അറ്റ്‌ലസ്‌ ഓർഗനൈസേഷന്‍, ബൊട്ടാണിക്കൽ സർവേ ഒഫ്‌ ഇന്ത്യ, സുവോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യ എന്നീ സമിതികളുടെ ഭരണപരമായ ചുമതലകളും ഡി.എസ്‌.റ്റിയ്‌ക്കാണ്‌. ഇന്ത്യയിലെ സർവകലാശാലകളിലെയും മറ്റ്‌ സ്ഥാപനങ്ങളിലെയും ഗവേഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും നിർദേശങ്ങള്‍ നൽകുന്നതിനുമായി ദേശീയതലത്തിൽ കൗണ്‍സിൽ ഒഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയൽ റിസർച്ച്‌ (സി.എസ്‌.ഐ.ആർ.) 1958-ൽ നിലവിൽ വന്നു. എയ്‌റോ സ്‌പേസ്‌ എഞ്ചിനീയറിങ്‌, സട്രക്‌ചറൽ എഞ്ചിനീയറിങ്‌, സമുദ്രശാസ്‌ത്രം, തന്മാത്രീയ ജീവശാസ്‌ത്രം, രാസവസ്‌തുക്കള്‍, ഖനനം, ഭക്ഷ്യോത്‌പന്നങ്ങള്‍, പെട്രാള്‍ ഉത്‌പന്നങ്ങള്‍, പരിസ്ഥിതി, തുകൽ ഉത്‌പന്നങ്ങള്‍ തുടങ്ങിയ മേഖലകളിൽ ഗവേഷണവും വികസനവും ത്വരിതപ്പെടുത്താനാണ്‌ സി.എസ്‌.ഐ.ആർ ലക്ഷ്യമിടുന്നത്‌. ഇരുപതാം ശ.-ത്തിന്റെ അന്ത്യദശകത്തിൽ 1,376 സാങ്കേതിക/വൈജ്ഞാനിക രീതികള്‍ സി.എസ്‌.ഐ.ആർ വികസിപ്പിച്ചെടുക്കുകയുണ്ടായി. വിവിധ മേഖലകളിലായി 1,753 പേറ്റന്റുകള്‍ ഇന്ത്യയുടെതായി നേടിയെടുക്കാനും സി.എസ്‌.ഐ, ആറിനായി. ഡി.എന്‍.എയെ അടിസ്ഥാനപ്പെടുത്തി വിരൽ അടയാളം തിരിച്ചറിയുവാനുള്ള സംവിധാന രീതി, കാന്‍സർ നിർണയരംഗത്തും ഔഷധ രംഗത്തും പ്രയോജനപ്പെടുത്താവുന്ന "ട്രാന്‍സ്‌ജെനിക്‌ ഡ്രാസോഫില' സംവിധാനം ജൈവവൈജ്ഞാനിക രംഗത്ത്‌ ഉപയോഗപ്പെടുത്തി വരുന്ന "ബയോ-സ്യൂട്ട്‌' എന്ന സോഫ്‌റ്റ്‌വെയർ, എട്ട്‌ വിദേശ ഭാഷകളിൽ ഉപയോഗപ്പെടുത്താവുന്ന പാരമ്പര്യ അറിവുകളെ സംബന്ധിച്ച ലോകത്തെ ആദ്യ ഡിജിറ്റൽ ലൈബ്രറി തുടങ്ങി, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒട്ടനവധി കണ്ടെത്തലുകള്‍ക്ക്‌ സാഹചര്യമൊരുക്കാന്‍ സി.എസ്‌.ഐ.ആറിനായിട്ടുണ്ട്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി 39 ഗവേഷണ ലബോറട്ടറികള്‍ ഇന്ന്‌ പ്രവർത്തനനിരതമാണ്‌.

1911-ൽ സ്ഥാപിതമായ ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ 21 പ്രമുഖ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 6 റീജിയണൽ മെഡിക്കൽ റിസർച്ച്‌ സെന്ററുകളും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിച്ചുവരുന്നു. സെന്റർ ഫോർ അഡ്വാന്‍സ്‌ഡ്‌ റിസർച്ച്‌ ഇന്‍ ഇന്ത്യ ഒട്ടേറെ സംസ്ഥാനങ്ങളിലുണ്ട്‌. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണസ്ഥാപനമായ ഐ.സി.എം.ആറിന്റെ മേൽനോട്ടത്തിൽ മനുഷ്യന്റെ പ്രത്യുത്‌പാദനപരമായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന 33 ഗവേഷക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ മെഡിക്കൽ റിസർച്ചിന്റെ കീഴിലാണ്‌. ന്യൂഡൽഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെഡിക്കൽ സയന്‍സസ്‌, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ മെഡിക്കൽ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റിസർച്ച്‌, ചണ്ഡീഗഡ്‌, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിങ്‌ എന്നിവയും വൈദ്യശാസ്‌ത്ര ഗവേഷണ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്‌. ലക്‌നൗവിലെ സെന്‍ട്രൽ ഡ്രഗ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (സി.ഡി.ആർ.ഐ.), ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ കെമിക്കൽ ടെക്‌നോളജി (ഐ.ഐ.സി.റ്റി), റീജിയണൽ റിസർച്ച്‌ ലബോറട്ടറി, ജോർഹട്‌, കൊൽക്കത്തയിലെ ദി കൽക്കത്താ മെഡിക്കൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ ഔഷധ ഗവേഷണരംഗത്ത്‌ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളാണ്‌.

1929-ൽ സ്ഥാപിതമായ ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ അഗ്രിക്കള്‍ച്ചറൽ റിസർച്ച്‌ (ICAR) കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവത്തിച്ചുവരുന്നു. ജന്തുശാസ്‌ത്രം, മത്സ്യബന്ധനം, ഹോർട്ടികള്‍ച്ചർ തുടങ്ങി, കൃഷിയിൽ ശാസ്‌ത്രീയ രീതികള്‍ അവലംബിക്കുന്നതിനായി 90-ഓളം ഇന്‍സ്റ്റിറ്റ്യൂട്ടുകളും 45 കാർഷിക സർവകലാശാലകളും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്‌. ഹരിത വിപ്ലവത്തിലും തുടർന്നുള്ള വികസന സംരംഭങ്ങളിലും ഐ.സി.എ.ആർ. പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്രയിലെ സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ കോട്ടണ്‍ റിസർച്ച്‌, കൊൽക്കത്തയിലെ സെന്‍ട്രൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ ജ്യൂട്ട്‌ ആന്‍ഡ്‌ അലൈയ്‌ഡ്‌ ഫൈബേഴ്‌സ്‌, ഒറീസയിലെ സെന്‍ട്രൽ റൈസ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ആന്ധ്രയിലെ സെന്‍ട്രൽ ടുബാക്കോ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ ഉള്‍പ്പെടെ ഒട്ടനവധി സ്ഥാപനങ്ങള്‍ കാർഷിക ഗവേഷണത്തിൽ ഏർപ്പെട്ടുവരുന്നു.

ജൈവ സാങ്കേതിക വിദ്യയിൽ ഇന്ന്‌ ഇന്ത്യ ഏറെ മുന്നിൽ നിൽക്കുന്ന രാഷ്‌ട്രമാണ്‌. സെന്‍ട്രൽ ഡ്രഗ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ന്യൂഡൽഹിയിലെ സെന്റർ ഫോർ ബയോകെമിക്കൽ ടെക്‌നോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്‍ഡ്‌ മോളിക്കുലർ ബയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കെമിക്കൽ ബയോളജി എന്നിവ ജൈവസാങ്കേതിക മേഖലയിൽ ഗവേഷണം നടത്തിവരുന്ന സ്ഥാപനങ്ങളാണ്‌. ചണ്ഡീഗഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മൈക്രാവെയൽ ടെക്‌നോളജി ജനിതക രംഗത്തു പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ്‌. ജമ്മുവിലെ റീജിയണൽ റിസർച്ച്‌ ലബോറട്ടറി, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ സസ്യശാസ്‌ത്രത്തിൽ ഗവേഷണം നടത്തിവരുന്ന സ്ഥാപനങ്ങളാണ്‌.

1958-ൽ രൂപീകൃതമായ ഡിഫന്‍സ്‌ റിസർച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓർഗനൈസേഷന്റെ (DRDO) മേൽനോട്ടത്തിൽ ഇന്ന്‌ രാജ്യത്തുടനീളം ഒട്ടനവധി ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്‌. 1958-59-ൽ പ്രതിരോധ ഗവേഷണങ്ങള്‍ക്ക്‌ 1.5 കോടി രൂപ ചെലവാക്കിയിരുന്നിടത്ത്‌ 2008-09-ൽ 7694.41 കോടി ചെലവാക്കി. വ്യോമ-ബഹിരാകാശ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനായി മുംബൈ-ഐ.ഐ.ടി., ബാംഗ്ലൂരിലെ നാഷണൽ എയ്‌റോസ്‌പേസ്‌ ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. ഐ.ഐ.ടി. ഖരക്‌പൂർ, ഐ.ഐ.ടി. ചെന്നൈ, എയ്‌റോനോട്ടിക്‌സ്‌ റിസർച്ച്‌ ആന്‍ഡ്‌ ഡെവല്‌പ്‌മെന്റ്‌ ബോർഡ്‌, ആർമമന്റ്‌ റിസർച്ച്‌ ബോർഡ്‌, നേവൽ റിസർച്ച്‌ ബോർഡ്‌, ലൈഫ്‌ സയന്‍സസ്‌ റിസർച്ച്‌ ബോർഡ്‌ എന്നിവയും ഡി.ആർ.ഡി.ഒ.യുടെ കീഴിലുള്ള പഠനഗവേഷണ സ്ഥാപനങ്ങളാണ്‌. ഔഷധ ഗവേഷണ രംഗത്ത്‌ മരുന്നു കമ്പനികളും അക്കാദമിക്‌ സ്ഥാപനങ്ങളുടെ ഗവേഷണ വകുപ്പുകളും സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടുവരുന്നു. ലക്‌നൗ ഇഉഞക യിലെ (സെന്‍ട്രൽ ഡ്രഗ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌) സെന്റർഫോർ ഫാർമകോകൈനറ്റിക്‌ ആന്‍ഡ്‌ മെറ്റബോളിക്‌ സ്റ്റഡീസ്‌, കൊൽക്കത്ത IICB (Indian Institute of Chemical Biology)യിലെ ഇമ്യൂണോ മോഡുലേറ്ററി പൊട്ടന്‍ഷ്യൽ ടെസ്റ്റിംങ്‌ ഫെസിലിറ്റി, മൊഹാലി നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റിസർച്ചിലെ നാഷണൽ സെന്റർഫോർ അവയബിലിറ്റി ഹൈദരാബാദ്‌ ഇഇങആ (സെന്റർഫോർ സെല്ലുലാർ ആന്‍ഡ്‌ മോളിക്യൂലർ ബയോളജി)-യിലെ "നാഷണൽ ഫെസിലിറ്റി ഓണ്‍ ട്രാന്‍ജെനിക്‌ ആന്‍ഡ്‌ ജീന്‍ നോക്കൗട്ട്‌ മൈസ്‌' എന്നിവ പ്രധാന സ്ഥാപനങ്ങളാണ്‌.

മെഡിക്കൽ ലബോറട്ടറികളിലെ യന്ത്ര-സാങ്കേതിക സജ്ജീകരണങ്ങളെയും പ്രവർത്തനങ്ങളെയും വിലയിരുത്തി അവയ്‌ക്കു ഔദ്യോഗിക അംഗീകാരം നൽകുന്നത്‌ നാഷണൽ അക്രഡിറേഷന്‍ ബോർഡ്‌ ഫോർ ടെസ്റ്റിങ്‌ ആന്‍ഡ്‌ കാലിബ്രഷന്‍ ലബോറട്ടറീസ്‌ എന്ന സമിതിയാണ്‌ (NABL). മെഡിക്കൽ ലബോറട്ടറികള്‍ക്ക്‌ ഐ.എസ്‌.ഒ. അംഗീകാരം നൽകുന്നതും പ്രസ്‌തുത സമിതിയുടെ അധികാരങ്ങളിൽപ്പെടുന്നു. 2006 മേയ്‌ 31 വരെ പരിശോധനയ്‌ക്കു വിധേയമായ 428 ലബോറട്ടറികളിൽ 220 കാലിബ്രഷന്‍ ലബോറട്ടറികള്‍ക്കും 68 മെഡിക്കൽ ലബോറട്ടറികള്‍ക്കും അംഗീകാരം നൽകി.

സാങ്കേതിക വിദ്യയുടെ വികാസത്തിനും അവ ഗവേഷണ സ്ഥാപനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനുമായി 1996 സെപ്‌തംബറിൽ സാങ്കേതിക വികസന ബോർഡ്‌ സ്ഥാപിതമായി. വ്യവസായ പരിപാടികള്‍ക്കും മറ്റ്‌ ഏജന്‍സികള്‍ക്കുമായി ബോർഡ്‌ സാമ്പത്തിക സഹായം നല്‌കി വരുന്നു. ആഭ്യന്തര വ്യവസായങ്ങളുടെ വിപുലീകരണത്തിനായി സാങ്കേതിക വിദ്യയുടെ ഇറക്കുമതിയും സ്വീകരിക്കുന്നു. ആരോഗ്യം, ഔഷധം, ഇലക്‌ട്രാണിക്‌സ്‌ ആന്‍ഡ്‌ എഞ്ചിനീയറിങ്‌, രാസപദാർഥങ്ങള്‍, ഗ്രീസ്‌, കാർഷിക-ജൈവ സാങ്കേതിക വിദ്യ, വിവരസാങ്കേതിക വിദ്യ, റോഡ്‌-വ്യോമ ഗതാഗതം, ഊർജം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സാമ്പത്തിക സഹായവും സാങ്കേതിക വികസന ബോർഡ്‌ നൽകി വരുന്നു. സ്വദേശി സാങ്കേതിക വിദ്യകളുടെ വിജയകരമായ വ്യാവസായികവത്‌കരണത്തിന്‌ ബോർഡ്‌ 1999 മുതൽ ദേശീയ അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌.

1948-ൽ രൂപീകൃതമായ ആറ്റോമിക്‌ എനർജി കമ്മീഷന്റെ ആസ്ഥാനം മുംബൈയാണ്‌. വൈദ്യുതി ഉത്‌പാദനത്തിനും സമാധാനപരമായ പ്രതിരോധ ആവശ്യങ്ങള്‍ക്കും അണുശക്തി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ്‌ ഇന്ത്യയുടേത്‌. ഹോമി. ജെ.ഭാഭ അധ്യക്ഷനും എസ്‌.എസ്‌. ഭട്‌നഗർ അംഗകാര്യദർശിയും കെ.എസ്‌. കൃഷ്‌ണന്‍ അംഗവും ആയ ആദ്യത്തെ അണുശക്തി കമ്മീഷനാണ്‌ ഇന്ത്യയുടെ ആണവപരിപാടികള്‍ക്ക്‌ അടിസ്ഥാന ശിലയിട്ടത്‌. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫണ്ടമെന്റൽ റിസർച്ച്‌ ഈ മേഖലയിൽ അനന്യമായ സംഭാവനകള്‍ നൽകിയിട്ടുണ്ട്‌. ട്രാംബെയിൽ 1954-ൽ സ്ഥാപിതമായ ബാബാ ആറ്റോമിക്‌ റിസർച്ച്‌ സെന്റർ (BARC) ഇന്ത്യയിലെ അണുഗവേഷണ പഠനങ്ങളുടെ സിരാകേന്ദ്രമായി പ്രവർത്തിക്കുന്നു. അപ്‌സര, സൈറസ്‌, സെർലീന, പൂണിമ, ധ്രുവ എന്നീ അണു റിയാക്‌റ്ററുകള്‍ "ബാർക്കി'ന്റെ ഭാഗമാണ്‌. കൊൽക്കത്തയിലെ സാഹാ അണുകേന്ദ്ര ഭൗതിക ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌ ഇന്ത്യയിലെ മികച്ച മറ്റൊരു അണുശക്തി പഠനകേന്ദ്രം. മുംബൈയിലെ ടാറ്റാസ്‌മാരക ആശുപത്രിയും ഇന്ത്യന്‍ കാന്‍സർ ഗവേഷണ കേന്ദ്രവും സംയോജിപ്പിച്ച്‌ 1967-ൽ രൂപം കൊടുത്ത സ്ഥാപനമാണ്‌ ടാറ്റാ സ്‌മാരക കേന്ദ്രം. അർബുദരോഗത്തെയും ചികിത്സയെയും പറ്റി പഠനം നടത്തുന്നതിനും ഭിഷഗ്വരന്മാർക്കും സാങ്കേതിക ജോലിക്കാർക്കും പരിശീലനം നൽകുന്നതിനും വേണ്ടിയാണ്‌ ഇതു സ്ഥാപിച്ചിട്ടുള്ളത്‌. വൈദ്യശാസ്‌ത്രരംഗത്ത്‌ നവസാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ 1984-ൽ ഇന്‍ഡോറിൽ സെന്റർ ഫോർ അഡ്‌വാന്‍സ്‌ഡ്‌ ടെക്‌നോളജിക്ക്‌ തുടക്കം കുറിച്ചത്‌. ലേസർ ഉപയോഗപ്പെടുത്തിയുള്ള ചികിത്സയാണ്‌ ഇവിടെ പ്രധാനമായും നടക്കുന്നത്‌. കൊൽക്കത്തയിലെ തന്നെ വേരിയബ്‌ള്‍ എനർജി സൈക്ലോട്രാണ്‍ (Variable Energy Cyclotrone Centre) അണു ശക്തി സംബന്ധിച്ച പഠനങ്ങള്‍ക്കുള്ള മികച്ച കേന്ദ്രമാണ്‌. അണുശക്തി നിർമാണത്തിനുതകുന്ന ഖനിജങ്ങള്‍ കണ്ടെത്തൽ, ഖനികളുടെ വികസനം തുടങ്ങിയ പ്രവർത്തനങ്ങള്‍ ദേശീയ തലത്തിൽ നിർവഹിക്കുന്ന സ്ഥാപനമാണ്‌ അണുഖനിജവിഭാഗം (Atomic Minerals Directorate). ന്യൂക്ലിയർ ഫ്യൂവൽ കോർപ്പറേഷന്‍(NFC)ആണ്‌ ഇന്ത്യന്‍ റിയാക്‌ടറുകളുടെ പ്രവർത്തനത്തിനാവശ്യമായ സിർക്കോണിയം, യൂറേനിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിക്കുന്നത്‌. ഗവേഷണം, കൃഷി, രോഗ നിവാരണം ഇവയ്‌ക്കായി റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിൽ റേഡിയോ ഐസോടോപ്പുകളുടെ വിതരണം യാഥാർഥ്യമാക്കുന്നത്‌ മുംബൈയിലെ ബോർഡ്‌ ഒഫ്‌ റേഡിയേഷന്‍ ആന്‍ഡ്‌ ഐസോടോപ്പ്‌ ടെക്‌നോളജി എന്ന സ്ഥാപനമാണ്‌. യൂറേനിയം കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (UCI), ഇന്ത്യന്‍ റെയർ എർത്ത്‌ ലിമിറ്റഡ്‌ (IRE), ന്യൂക്ലിയർ പവർ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (NPCIL) എന്നിവ അണുശക്തി ഉത്‌പാദനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ്‌.

ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയമായ താരാപൂർ നിലയം 1969 ഏപ്രിൽ ഒന്നിന്‌ പ്രവർത്തനമാരംഭിച്ചു. രണ്ടാമത്തെ അണുശക്തിനിലയമായ റാണാപ്രതാപ്‌സാഗർ 1972-ൽ രാജസ്ഥാനിലെ കോട്ടയിൽ സ്ഥാപിതമായി. ഇതിലെ രണ്ടാമത്തെ റിയാക്‌ടർ 1980-ൽ നിലവിൽവന്നു. സമീപകാലത്ത്‌ രണ്ടുപുതിയ റിയാക്‌ടറുകള്‍ കൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. മർദിതഘനജല (Pressurised heavy water) റിയാക്‌ടറുകളാണിവ. മൂന്നാമത്തെ അണുശക്തി നിലയമായ ഇന്ദിരാഗാന്ധി അണുഗവേഷണ കേന്ദ്രം (Indira Gandhi Centre for Atomic Research-IGCAR) തമിഴ്‌നാട്ടിലെ കല്‌പാക്കത്ത്‌ 1983 ജൂലൈയിൽ സ്ഥാപിതമായി. മറ്റൊരു അണു ഊർജ കേന്ദ്രമായ നറോറ ആറ്റോമിക്‌ പവർ സ്റ്റേഷന്‍ ഉത്തർ പ്രദേശിലെ ബുലാന്ത്‌ഷഹറിൽ സ്ഥിതി ചെയ്യുന്നു. താപ്‌തി നദിയുടെ സമീപത്ത്‌ സ്ഥിതിചെയ്യുന്ന കക്രപൂർ അണുശക്തി നിലയം, കർണാടകയിലെ കാർവാറിൽ പ്രവർത്തിക്കുന്ന കൈഗ മർദിത ഘനജലറിയാക്‌ടർ, സോവിയറ്റ്‌ റഷ്യയുടെ സഹകരണത്തോടെ തിരുനെൽവേലിയിൽ സ്ഥാപിച്ച കൂടംകുളം റിയാക്‌ടർ എന്നിവയും ഇന്ത്യയുടെ ഊർജോത്‌പാദന രംഗത്ത്‌ പ്രവർത്തനക്ഷമമാണ്‌.

അണുറിയാക്‌ടറുകളുടെ ഉത്‌പാദനക്ഷമതയും ഇന്ധനവും: അപ്‌സര (1 മെഗാവാട്ട്‌, ഇന്ധനം: സംപുഷ്‌ട യുറേനിയം-അലുമിനിയം അഹഹീ്യ), സൈറസ്‌ (40 മെഗാവാട്ട്‌, ഇന്ധനം: സ്വാഭാവിക യുറേനിയം), സെറിലിന (പ്രകൃതി ദത്ത യുറേനിയം), പൂർണിയ കകക (ഇന്ധനം: പൂട്ടോണിയം/യുറേനിയം 233), ധ്രുവ (100 മെഗാവാട്ട്‌, ഇന്ധനം: പ്രകൃതി ദത്ത യുറേനിയം, കാമിനി (30 കിലോവാട്ട്‌, ഇന്ധനം: യൂറേനിയം 233-അലുമിനിയം അലോയ്‌), കല്‌പാക്കം ഫാസ്റ്റ്‌ ബ്രീഡർ റിയാക്‌ടർ (40 മെഗാവാട്ട്‌, ഇന്ധനം: യുറേനിയം-പ്ലൂട്ടോണിയം കാർബൈഡ്‌). ധ്രുവ, സൈറസ്‌, അപ്‌സര എന്നീ റിയാക്‌ടറുകള്‍ ഉത്‌പാദിപ്പിക്കുന്ന റേഡിയോ ഐസോടോപ്പുകള്‍ ആണവ സാങ്കേതിക വിദ്യയ്‌ക്കനുബന്ധമായ ഗവേഷണത്തിനും വികസനത്തിനുമൊപ്പം അടിസ്ഥാന പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നു. ബാബാ ആറ്റോമിക്‌ റിസർച്ച്‌ സെന്റർ (BARC), ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫണ്ടമെന്റൽ റിസർച്ച്‌ (മുംബൈ), സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ന്യൂക്ലിയർ ഫിസിക്‌സ്‌ (കൽക്കത്ത), ടാറ്റാ മെമ്മോറിയൽ സെന്റർ (മുംബൈ), ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിസിക്‌സ്‌ (ഭൂവനേശ്വർ), ഹരീഷ്‌ചന്ദ്ര റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (അലഹബാദ്‌), ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാത്തമാറ്റിക്‌സ്‌ (ചെന്നൈ), ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ പ്ലാസ്‌മാ റിസർച്ച്‌ (അഹമ്മദാബാദ്‌), അറ്റോമിക്‌ മിനറൽസ്‌ ഡയറക്‌ടറേറ്റ്‌ ഫോർ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ്‌ റിസർച്ച്‌ എന്നിവയാണ്‌ ആണവോർജ വകുപ്പിനു കീഴിലെ ഗവേഷണ സ്ഥാപനങ്ങള്‍.

ബഹിരാകാശ ഗവേഷണരംഗത്ത്‌ ഇന്ത്യ ഇന്ന്‌ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. 1962-ൽ ഡോ. വിക്രംസാരാഭായിയുടെ നേതൃത്വത്തിൽ ഇന്ത്യന്‍ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ്‌ റിസർച്ച്‌ (INCOSPAR) നിലവിൽ വന്നു. തിരുവനന്തപുരത്തിനടുത്ത്‌ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ്‌ ലോഞ്ചിംഗ്‌ സ്റ്റേഷന്‍ (TERLS) സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്‌ ഈ കമ്മിറ്റിയായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കു അടിത്തറ പാകിയത്‌ "ഇന്‍കോസ്‌പറി'ന്റെ നേതൃത്വത്തിലായിരുന്നു. ഉയർന്ന ജനസംഖ്യയുള്ള ഇന്ത്യയ്‌ക്കു സ്വന്തമായി ബഹിരാകാശ ഗവേഷണ സാങ്കേതിക വിദ്യകളുടെ ആവശ്യകതയും, വിദൂരസംവേദനം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽകൃത്രിമോപഗ്രഹങ്ങളുടെ സാധ്യതയും കണക്കിലെടുത്താണ്‌ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കു തുടക്കമിട്ടത്‌. 1963 നവംബർ 21-ന്‌ ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ്‌ റോക്കറ്റ്‌ തുമ്പയിൽ നിന്നും വിക്ഷേപിച്ചു. അന്തരീക്ഷത്തിലെ ഇലക്‌ട്രാജറ്റിനെക്കുറിച്ചു പഠിക്കുകയായിരുന്നു ലക്ഷ്യം. ഏതാനും വർഷങ്ങള്‍ക്കുള്ളിൽ തന്നെ ഖരയിന്ധനം ഉപയോഗിച്ചുള്ള സൗണ്ടിങ്‌ റോക്കറ്റുകള്‍ ഇന്ത്യ സ്വന്തമായി നിർമിച്ചു തുടങ്ങി. "രോഹിണി സൗണ്ടിങ്‌ റോക്കറ്റുകള്‍' എന്ന പേരിലാണ്‌ ഇവ അറിയപ്പെടുന്നത്‌. "രോഹിണി' പദ്ധതിയിലൂടെ കൂടുതൽ വലുതും സങ്കീർണവുമായ സൗണ്ടിങ്‌ റോക്കറ്റുകളുടെ പരീക്ഷണങ്ങള്‍ തുടർന്നു. വിപുലീകരണത്തിന്റെ ഭാഗമായി ആണവോർജവകുപ്പിൽനിന്നും വേർപെട്ട്‌ "ബഹിരാകാശ വകുപ്പ്‌' 1972 ജൂണിൽ നിലവിൽ വന്നു. 1975-ൽ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ "ആര്യഭട്ട' സോവിയറ്റ്‌ യൂണിയന്റെ വിക്ഷേപണ വാഹിനിയിൽ ബൈക്കനൂരിൽനിന്നും വിക്ഷേപിക്കപ്പെട്ടു. ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ ഉപഗ്രഹത്തിന്റെ പ്രയോജനം ബോധ്യപ്പെടുത്തുന്നതിനായി ഉപഗ്രഹ വിദ്യാഭ്യാസ ടെലിവിഷന്‍ പരീക്ഷണം (Satelite Instructional Television Experiment-SITE) നടന്നു. ഇതിനായി നാസയുടെ അഠട6 ഉപഗ്രഹം 1975-76 കാലഘട്ടത്തിൽ കടഞഛ യുടെ താത്‌പര്യപ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തിന്‌ മീതെ നിലനിർത്തിയിരുന്നു. ആറു ക്ലസ്റ്ററുകളിലായി 2400 ഗ്രാമങ്ങളിൽ ഡയറക്‌റ്റ്‌ റിസപ്‌ഷന്‍ ടെലിവിഷന്‍ (Direct Reception Television) സെറ്റുകള്‍ ഐ.എസ്‌. ആർ.ഒ. (ISRO)യുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെടുകയും കുടുംബാസൂത്രണം, കൃഷി, പ്രാഥമികവിദ്യാഭ്യാസം, അധ്യാപക പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ പരിപാടികള്‍ വിഭാവനം ചെയ്യുകയും ചെയ്‌തു.

സൈറ്റിന്‌ പിന്നാലെ ഉപഗ്രഹ വാർത്താവിനിമയ പരീക്ഷണ പദ്ധതി ടഠഋജ (Satellite Tele Communication Experimental Project) കേടഞഛ പരീക്ഷിച്ചു. വാർത്താ വിനിമയത്തിന്‌ ബഹിരാകാശവും ഭൂതലസംവിധാനങ്ങളും ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കുകയെന്നതായിരുന്നു സ്റ്റെപ്പി(STEP)ന്റെ പ്രധാന ലക്ഷ്യം. പ്രകൃതി ക്ഷോഭ മുന്നറിയിപ്പ്‌ സംവിധാനം, റേഡിയോ ശൃംഖല തുടങ്ങിയവ ആസൂത്രണം ചെയ്യുന്നതിന്‌ സ്റ്റെപ്പ്‌ (ടഠഋജSTEPസഹായകമായി. ഇന്‍സാറ്റിലേക്കുള്ള ഭാരതത്തിന്റെ വഴിതുറന്നത്‌ ഈ രണ്ട്‌ പ്രമുഖ പദ്ധതികളുടെ വിജയമായിരുന്നു.

1979-ൽ ശ്രീഹരിക്കോട്ടയിൽ പുതുതായി ആരംഭിച്ച റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിൽനിന്നും എസ്‌.എൽ.വി. (SLV) വിക്ഷേപിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന്‌ പരാജയകാരണങ്ങള്‍ പരിഹരിച്ച്‌ 1980 ജൂലൈ 18-ന്‌ രോഹിണി-1 ടഢഇ 3 റോക്കറ്റ്‌ വിജയകരമായി വിക്ഷേപിച്ചു. തുടർന്ന്‌ അടഘഢ, ഏടഘഢ, ജടഘഢ അടക്കമുള്ള വലിയ റോക്കറ്റുകളെ വികസിപ്പിച്ചെടുക്കാന്‍ കടഞഛ യ്‌ക്കു സാധിച്ചു. 1981 നവംബർ 20-ന്‌ ഭാസ്‌കര-2 വിക്ഷേപിക്കപ്പെട്ടു. അതേ വർഷത്തിൽ തന്നെ ഭൂസ്ഥിര സന്ദേശ വിനിമയ പരീക്ഷണ ഉപഗ്രഹമായ ആപ്പിള്‍, ഞടഉ1 എന്നിവ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 1982 ഏപ്രിൽ 10-ന്‌ ഇന്‍സാറ്റ്‌-1 അ ഉപഗ്രഹം വിക്ഷേപിച്ചുവെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളിൽ അത്‌ തകരാറിലായി. തുടർന്ന്‌ 1983-ൽ ഇന്‍സാറ്റ്‌-1 ആയും ഞടഉ2 ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിക്കുകയുണ്ടായി. 1984 ഏപ്രിലിൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്തോ-സോവിയറ്റ്‌ ബഹിരാകാശ ദൗത്യത്തിൽ (Indo-Soviet Manned space Mission) ഇന്ത്യയുടെ രാകേശ്‌ ശർമയുമുണ്ടായിരുന്നു. ടഞഛടട1 ഉപഗ്രഹം, ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദനോപഗ്രഹമായ കഞടക അ , ടഞഛടട2, ഇന്‍സാറ്റ്‌ 1 ഇ, ഇന്‍സാറ്റ്‌ 1 ഉ, കഞട1ആ, ടഞഛടടഇ, ഇന്‍സാറ്റ്‌ 2അ, ഇന്‍സാറ്റ്‌ 2ആ, കഞടകഋ, ടഞഛടടഇ2, കഞടജ2, ഇന്‍സാറ്റ്‌- 2ഇ എന്നിവ 1987-1995 കാലഘട്ടത്തിനിടയിൽ പരീക്ഷിക്കപ്പെട്ടു. 1994-ൽ ജടഘഢ യുടെ പരീക്ഷണ വിജയം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത്‌ വഴിത്തിരിവുണ്ടാക്കി. വിദൂര സംവേദന (Remote sensing) രംഗത്തും വാർത്താവിനിമയരംഗത്തും മികച്ച ഉപഗ്രഹശൃംഖല നിരത്തുന്നതിൽ ഇന്ത്യ വിജയിച്ചു. ഉപഗ്രഹ വിക്ഷേപണ രംഗത്ത്‌ സ്വാശ്രയത്വം കൈവരിക്കാന്‍ ഇതിലൂടെ ഇന്ത്യയ്‌ക്കായി.

മൂന്നാമത്തെ വിദൂര സംവേദനോപഗ്രഹമായ കഞട1ഇ, കഞടജ3, ഇന്‍സാറ്റ്‌ 2 ഉ, കചടഅഞ2ഉഠ, ഇന്‍സാറ്റ്‌ 2ഋ, കഞടജ4, ഇന്‍സാറ്റ്‌ 3ആ, ഇന്‍സാറ്റ്‌ 3ഇ, ഇന്‍സാറ്റ്‌ 3അ, ജി-സാറ്റ്‌ 2, ഇന്‍സാറ്റ്‌ 3ഋ, കഞടജ6, ഋഉഡടഅഠ, ഇഅഞഠഛടഅഠ1, ഒഅങടഅഠ, ഇന്‍സാറ്റ്‌ 4അ, ഇന്‍സാറ്റ്‌ 4ഇ, ഇഅഞഠഛടഅഠ2, ഇന്‍സാറ്റ്‌ 4ആ, ഇഅഠഛടഅഠ2അ തുടങ്ങിയ ഉപഗ്രഹങ്ങളാണ്‌ 1995-നും 2005-നുമിടയിലെ ഒരു ദശാബ്‌ദം കൊണ്ട്‌ ഇന്ത്യന്‍ ബഹിരാകാശ മേഖല പരീക്ഷിച്ചത്‌. 2007-ൽ ഇന്തോനേഷ്യ, അർജന്റീന, ഇറ്റലി എന്നീ രാഷ്‌ട്രങ്ങളുടെ ഉപഗ്രഹങ്ങളും 2008-ൽ ഇസ്രയേൽ ഉപഗ്രഹമായ ഠഋഇടഅഞഉം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 8 ചെറു ഉപഗ്രഹങ്ങളും ഇതേ വർഷം ഇന്ത്യ വിക്ഷേപിക്കുകയുണ്ടായി.

ചന്ദ്രന്റെ ഉത്‌പത്തി, പരിണാമം, ജീവന്റെ സാന്നിധ്യം, അന്തരീക്ഷം, ഘടന തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വായത്തമാക്കുന്നതിനായി ഇന്ത്യയുടെ ചാന്ദ്രയാന്‍-1 പേടകം 2008 നവംബർ 8-ന്‌ ചാന്ദ്ര ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചേർന്നു. (നോ: ചാന്ദ്രയാന്‍)

സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളും ശാസ്‌ത്രത്തിന്റെ വിവിധ ശാഖകളിലെ ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നൽകുന്നുണ്ട്‌. കൊൽക്കത്ത ആസ്ഥാനമായുള്ള ജിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യ നിലവിൽ വന്നിട്ട്‌ 150-ലേറെ വർഷങ്ങളായി. ഭൂവിജ്ഞാനത്തിന്റെ വിവിധ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക്‌ ഈ സ്ഥാപനം നേതൃത്വം നൽകുന്നു. 2100 ഓളം ശാസ്‌ത്രജ്ഞർ ജിയോളജിക്കൽ സർവേയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്‌. പൂനയ്‌ക്കു സമീപം ഖഡക്ക്‌വാസ്‌ലയിലുള്ള സെന്‍ട്രൽ വാട്ടർ ആന്‍ഡ്‌ പവർ റിസർച്ച്‌ സ്റ്റേഷന്‍ ജലവിജ്ഞാന ഗവേഷണങ്ങള്‍ക്കു നേതൃത്വം നൽകുന്നു. ഇവ കൂടാതെ മറ്റനേകം സ്ഥാപനങ്ങളും ജലവിജ്ഞാന ഗവേഷണ രംഗത്തു പ്രവർത്തിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ സഹായ സഹകരണത്തോടെ വൈദ്യുതോത്‌പദാനം, വിതരണം എന്നീ രംഗങ്ങളിലെ പഠനങ്ങള്‍ക്കായി സെന്‍ട്രൽ പവർ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നൊരു സ്ഥാപനമുണ്ട്‌. ഊർജരംഗത്തെ ഗവേഷണങ്ങള്‍ക്കായി ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പെട്രാളിയം, ധന്‍ബാദിലെ സെന്‍ട്രൽ ഫുട്‌വെയർ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ന്യൂഡൽഹിയിലെ പെട്രാളിയം കണ്‍സർവേഷന്‍ റിസർച്ച്‌ അസ്സോസിയേഷന്‍, ചെന്നൈ ലെതർ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നീ സ്ഥാപനങ്ങള്‍ പ്രവർത്തിച്ചുവരുന്നു. 1875-ൽ നിലവിൽ വന്ന ഇന്ത്യന്‍ മിറ്റീറോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്‌ അന്തരീക്ഷ വിജ്ഞാന ഗവേഷണങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗമാണ്‌.

ആള്‍ ഇന്ത്യാ റേഡിയോയുടെ എഞ്ചിനീയറിങ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രക്ഷേപണം, ടെലിവിഷന്‍ സംപ്രക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക ഗവേഷണങ്ങള്‍ക്കായി ഒരു പ്രത്യേക വിഭാഗം ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്‌. പോസ്റ്റ്‌ ആന്‍ഡ്‌ എലിഗ്രാഫ്‌സ്‌ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ ഒരു ടെലികമ്യൂണിക്കേഷന്‍ റിസർച്ച്‌ സെന്ററും ഡൽഹിയിലുണ്ട്‌. കൊൽക്കത്ത ആസ്ഥാനമായുള്ള ആന്ത്രാപോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയ്‌ക്കു ഡെറാഡൂണ്‍, മൈസൂർ, നാഗ്‌പൂർ, പോർട്ട്‌ ബ്ലയർ, ഷില്ലോങ്‌ എന്നിവിടങ്ങളിൽ പ്രാദേശിക സ്റ്റേഷനുകളുണ്ട്‌. മധ്യപ്രദേശിലെ ജഗതൽപ്പൂരിൽ ഒരു ആന്ത്രാപ്പോളജിക്കൽ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്‌. സിവിൽ ഏവിയേഷന്‍ വകുപ്പിന്റെ കീഴിൽ വ്യോമയാന സംബന്ധ ഗവേഷണങ്ങള്‍ക്കായി ഒരു സ്ഥാപനമുണ്ട്‌. റയിൽവേ ബോർഡിന്റെ കീഴിൽ ലക്‌നൗവിൽ ഒരു ഗവേഷണ സ്ഥാപനം പ്രവർത്തിക്കുന്നു. ഇന്ത്യാഗവണ്‍മെന്റിന്റെ ട്രാന്‍സ്‌പോർട്ട്‌ മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യന്‍ റോഡ്‌ കോണ്‍ഗ്രസ്‌ എന്നൊരു ഗവേഷണ സമിതിയുണ്ട്‌. വന-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ 1986-ൽ സ്ഥാപിതമായ ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ ഫോറസ്‌ട്രി റിസർച്ച്‌ ആന്‍ഡ്‌ എജ്യൂക്കേഷന്‍ (ഐ.സി.എഫ്‌.ആർ.ഇ.) 8 ഗവേഷണ സ്ഥാപനങ്ങള്‍ക്കും 4 അഡ്വാന്‍സ്‌ഡ്‌ സെന്ററുകള്‍ക്കും നേതൃത്വം നൽകുന്നു.

ശാസ്‌ത്ര-സാങ്കേതിക വിനിമയ-രംഗം ജനകീയമാക്കുന്നതിനായി 20 വർഷങ്ങള്‍ക്കു മുന്‍പ്‌ നാഷണൽ കൗണ്‍സിൽ ഫോർ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (NCSTC) സ്ഥാപിതമായി. 10-നും 17-നുമിടയിൽ പ്രായമുള്ള വിദ്യാർഥികള്‍ക്കായി നാഷണൽ ചിൽഡ്രന്‍സ്‌ സയന്‍സ്‌ കോണ്‍ഗ്രസ്‌ രാജ്യത്തുടനീളം സംഘടിപ്പിച്ചുവരുന്നു. പ്രഗല്‌ഭരായ ശാസ്‌ത്രജ്ഞരുടെ ജീവിതരേഖകള്‍, കണ്ടെത്തലുകള്‍ മുതലായവ പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിക്കുക, സയന്‍സ്‌ ക്ലബ്ബുകളും, ശാസ്‌ത്ര-സാങ്കേതിക സന്നദ്ധ സംഘടനകള്‍ വഴി വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങളും നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി വരുന്നു. 2004 ശാസ്‌ത്രാവബോധവർഷമായി കേന്ദ്രസർക്കാർ ആചരിക്കുകയുണ്ടായി. മാധ്യമത്തിലൂടെ ശാസ്‌ത്ര-അനുബന്ധ രചനകള്‍ പ്രസിദ്ധീകരിക്കാനും സംപ്രക്ഷണം ചെയ്യുന്നതിനുമായി 1989-ൽ വിഖ്യാന്‍ പ്രസാറിന്റെ പ്രവർത്തനങ്ങള്‍ക്കു തുടക്കം കുറിക്കപ്പെട്ടു. മാറിവരുന്ന ലോകസാഹചര്യങ്ങളോട്‌ ഒത്തുപോകുന്നതിനായി മൂന്ന്‌ തലങ്ങളിലായാണ്‌ അന്താരാഷ്‌ട്ര സഹകരണം സാധ്യമാക്കിവരുന്നത്‌. വികസിത രാജ്യങ്ങളും വികസ്വര രാഷ്‌ട്രങ്ങളും തമ്മിലുള്ള സഹകരണത്തിന്‌, ഭൂഖണ്ഡങ്ങളിലെ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സഹകരണം (സാർക്ക്‌, ആസിയന്‍) നാം (NAM) സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി സെന്റർ, യുനെസ്‌കോ തുടങ്ങിയ സംഘടനകള്‍ പ്രയോജനപ്പെടുന്നു. നിലവിൽ 56 വിദേശ രാഷ്‌ട്രങ്ങളുമായി ശാസ്‌ത്ര-സാങ്കേതിക രംഗത്ത്‌ ഇന്ത്യ സഹകരിച്ചു വരുന്നു. ബാംഗ്ലദേശ്‌, ബെലാറുസ്‌, ബ്രസീൽ, ബള്‍ഗേറിയ, ചൈന, ക്യൂബ, ഈജിപ്‌ത്‌, ഫ്രാന്‍സ്‌, ജർമനി, ഹംഗറി, ഇന്തോനേഷ്യ, ഇറാന്‍, ഇസ്രയൽ, ഇറ്റലി, ജപ്പാന്‍, കസാഖിസ്ഥാന്‍, മലേഷ്യ, മെക്‌സിക്കോ, മ്യാന്മാർ, പോളണ്ട്‌, കൊറിയന്‍ റിപ്പബ്ലിക്‌, റോമാനിയ, റഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഉക്രയിന്‍, ബ്രിട്ടണ്‍, അമേരിക്ക, ഉസ്‌ബെക്കിസ്ഥാന്‍, വിയ്‌റ്റനാം എന്നീ രാഷ്‌ട്രങ്ങളുമായി അനുയോജ്യമായ സഹകരണ സംവിധാനങ്ങള്‍ നിലവിലുണ്ട്‌. അന്താരാഷ്‌ട്ര ശാസ്‌ത്ര-സാങ്കേതിക വിദ്യാ സഹകരണ പരിപാടികളുടെ ഭാഗമായി മോസ്‌കോയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്തോ-റഷ്യന്‍ റിസർച്ച്‌ സെന്റർ ഇന്‍ അഡ്വാന്‍സഡ്‌ കംപ്യൂട്ടിങ്‌, ഹൈദരാബാദിലെ ഇന്റർനാഷണൽ അഡ്വാന്‍സ്‌ഡ്‌ റിസർച്ച്‌ സെന്റർ ഫോർ പൗഡർ മെറ്റലർജറി, ക്ഷയരോഗാനുബന്ധ രോഗങ്ങളുടെ ചികിത്സയ്‌ക്കായി ന്യൂഡൽഹിയിൽ സ്ഥാപിച്ചിട്ടുള്ള ഇന്തോ-ഉസ്‌ബെക്ക്‌ സെന്റർ ഫോർ മെഡിക്കൽ ആപ്ലിക്കേഷന്‍സ്‌ ഒഫ്‌ ലോലെവൽ ലേസേഴ്‌സ്‌ എന്നിവയാണ്‌ അന്താരാഷ്‌ട്ര സഹകരണരംഗത്തെ സംയുക്ത ഗവേഷണ വികസന സ്ഥാപനങ്ങള്‍.

അക്കാദമികള്‍

രാജ്യം സ്വാതന്ത്യ്രം നേടും മുന്‍പേ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിവിധ ധാരകളെ ഏകോപിപ്പിക്കാന്‍ ദേശീയാടിസ്ഥാനത്തിൽ ഒരു സ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബംഗാളിലെ റോയൽ ഏഷ്യാറ്റിക്‌ സൊസൈറ്റിയും മറ്റും അക്കാലത്തെ (1944) ഭരണാധികാരികളെ അറിയിച്ചിരുന്നു. ഒരു നാഷണൽ കള്‍ച്ചറൽ ട്രസ്റ്റ്‌ രൂപീകരിക്കണമെന്ന ആവശ്യത്തെ തത്ത്വത്തിൽ ബ്രിട്ടീഷ്‌ സർക്കാർ അംഗീകരിച്ചുവെങ്കിലും യാഥാർഥ്യമായില്ല. 1951-ലെ ഇന്ത്യന്‍ ഭരണകൂടം ദേശീയ അക്കാദമികള്‍ സ്ഥാപിക്കുന്നതിന്‌ മുന്‍കൈയെടുത്തു. അക്കാദമിയുടെ ഘടന, പ്രവർത്തനം, ഉദ്ദേശലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠിക്കുന്നതിനായി ഒരു വിദഗ്‌ധ സംഘത്തെ ചുമതലപ്പെടുത്തി. ശാസ്‌ത്ര വികസനം ലക്ഷ്യമാക്കി ദേശീയ ലബോട്ടറികള്‍ പ്രവത്തിച്ചുവരുന്നതുപോലെ സാംസ്‌കാരിക വിഷയങ്ങളുടെ വികസനത്തിനായി മൂന്ന്‌ അക്കാദമികള്‍ സ്ഥാപിക്കുവാന്‍ നിയുക്തസമിതി ശിപാർശ ചെയ്‌തു. ഇതേത്തുടർന്ന്‌ 1953 ജനുവരിയിൽ പി.വി. രാജമന്നാർ അധ്യക്ഷനായി കേന്ദ്ര സംഗീത നാടക അക്കാദമിയും 1954 മാർച്ചിൽ ജവഹർലാൽ നെഹ്‌റു അധ്യക്ഷനായി സാഹിത്യ അക്കാദമിയും ദേവീപ്രസാദ്‌ റോയ്‌ ചൗധരിയുടെ അധ്യക്ഷതയിൽ ലളിതകലാ അക്കാദമിയും സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽപ്പെട്ട കലാസൃഷ്‌ടികളെയും കലാകാരന്മാരെയും കുറിച്ച്‌ അറിയുവാന്‍ ഇന്ത്യന്‍ ജനസാമാന്യത്തിന്‌ അവസരമുണ്ടാക്കിക്കൊടുക്കുക, കലാ-സാഹിത്യചരിത്രങ്ങള്‍ മറ്റു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുക, അതു വഴി വിവിധ ഭാഷകളിലെയും പ്രദേശങ്ങളിലെയും കലാ-സാഹിത്യ രൂപങ്ങളെയും കലാകാരന്മാരെയും കുറിച്ച്‌ പരസ്‌പരധാരണ ഉളവാക്കുവാനും സാംസ്‌കാരികവും കലാപരവുമായ ആശയങ്ങളുടെ പരസ്‌പര വിനിമയം കാര്യക്ഷമമാക്കുവാനും സന്ദർഭമൊരുക്കുക, കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തകർക്ക്‌ സാമ്പത്തിക സഹായം നൽകുക, അവാർഡുകളും, പുരസ്‌കാരങ്ങളും നല്‌കി അർഹരായവരെ പ്രാത്സാഹിപ്പിക്കുകയും പ്രശസ്‌തരും പ്രഗല്‌ഭരുമായ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഫെലോഷിപ്പ്‌ തുടങ്ങിയ വിശിഷ്‌ടാംഗീകാരങ്ങള്‍ നല്‌കി ആദരിക്കുക, ഗ്രന്ഥശേഖരങ്ങളും മ്യൂസിയങ്ങളും സജ്ജീകരിക്കുക, കലാരൂപങ്ങളുടെ ദൃശ്യശ്രാവ്യരേഖകളും മറ്റും നിർമിച്ചു സൂക്ഷിക്കുക, കലാ-സാംസ്‌കാരിക കൈമാറ്റങ്ങള്‍ വഴി ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളെക്കുറിച്ച്‌ പരസ്‌പരധാരണ ഉണ്ടാക്കുകയും ആശയ കൈമാറ്റങ്ങളിലൂടെ വൈകാരികമായ ഉദ്‌ഗ്രഥനം സാധ്യമാക്കുകയും ചെയ്യുക, കലാ-സാംസ്‌കാരിക രംഗത്ത്‌ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതിന്‌ ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും സ്രാതസ്സും ഒരുക്കുക തുടങ്ങിയവയാണ്‌ ഇത്തരം അക്കാദമികളുടെ പ്രധാന പ്രവർത്തനങ്ങള്‍.

കേന്ദ്രസർക്കാരിൽ വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ്‌ ഇന്ത്യയിലെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങള്‍ക്ക്‌ മേൽനോട്ടം വഹിച്ചുവരുന്നത്‌. ദൃശ്യകലകളെ പ്രാത്സാഹിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 1954-ൽ കേന്ദ്ര ലളിത കലാ അക്കാദമി ആരംഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായുള്ള പ്രസ്‌തുത അക്കാദമിക്ക്‌ ലക്‌നൗ, കൊൽക്കത്ത, ചെന്നൈ, ഗാർഹി, ഭുവനേശ്വർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങള്‍ ഉണ്ട്‌. ദേശീയ പ്രദർശനങ്ങള്‍ സംഘടിപ്പിക്കുകവഴി സമകാലിക ഇന്ത്യന്‍ കലകള്‍ക്കായി 15 ദേശീയ അവാർഡുകള്‍ ഓരോ വർഷവും നല്‌കി വരുന്നു. (നോ: ലളിത കലാ അക്കാദമി)

നൃത്തം, നാട്യം, സംഗീതം, നാടകം തുടങ്ങിയ അനുഷ്‌ഠാന കലകളുടെ വളർച്ചയ്‌ക്കും വികാസത്തിനും സംരക്ഷണത്തിനുമായി 1953 ജനുവരി 28-ന്‌ സംഗീത നാടക അക്കാദമിക്ക്‌ തുടക്കമിട്ടു. ന്യൂഡൽഹിയാണ്‌ അക്കാദമിയുടെ ആസ്ഥാനം. വിശാലമായ ഒരു ലൈബ്രറിയും സംഗീത-വാദ്യോപകരണങ്ങളുടെ ശേഖരവും ഇവിടെയുണ്ട്‌. അക്കാദമിക്കു കീഴിൽ 1959-ൽ നാഷണൽ സ്‌കൂള്‍ ഒഫ്‌ ഡ്രാമയും 1964-ൽ കഥക്‌ കേന്ദ്രവും ആരംഭിക്കുകയുണ്ടായി.

സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമി 1954-ലാണ്‌ പ്രവർത്തനമാരംഭിച്ചത്‌. 24 ഇന്ത്യന്‍ ഭാഷകളെ അക്കാദമി അംഗീകരിച്ചിട്ടുണ്ട്‌. ന്യൂഡൽഹി ആസ്ഥാനമായ അക്കാദമിക്ക്‌ കൊൽക്കത്ത, മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളുണ്ട്‌. ബാംഗ്ലൂരിലും കൊൽക്കത്തയിലും ഓരോ പരിഭാഷാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. നാളിതുവരെ വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി 4,000-ത്തിലധികം പുസ്‌തകങ്ങള്‍ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സാഹിത്യ വിജ്ഞാനകോശവും എഴുത്തുകാരുടെ ജീവചരിത്ര ഗ്രന്ഥങ്ങളും വിദേശ ഭാഷകളിലെ മൗലിക കൃതികളും ഇന്ത്യന്‍ ഭാഷകളിൽ അക്കാദമി പ്രസിദ്ധീകരിക്കുകയുണ്ടായി. വിവിധ മേഖലകളിലായി അനവധി പുരസ്‌കാരങ്ങള്‍ എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കുമായി അക്കാദമി നൽകി വരുന്നു.

ബഹുമതികള്‍

വിവിധകർമരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെ ബഹുമാനിക്കുന്ന പതിവ്‌ പുരാതനകാലംമുതൽ ഇന്ത്യയിൽ നിലവിലിരുന്നു. രാജഭരണകാലത്ത്‌ കവികള്‍, കലാകാരന്മാർ എന്നിവർക്ക്‌ പാരിതോഷികങ്ങളും ബഹുമതികളും നല്‌കിയിരുന്നതായി രേഖകളുണ്ട്‌.

സ്വാതന്ത്യ്രപ്രാപ്‌തിയോടെ ഇത്തരം ബഹുമതികള്‍ നല്‌കുന്നതിന്റെ ചുമതല ഇന്ത്യാഗവണ്‍മെന്റും ഗവണ്‍മെന്റ്‌നിയന്ത്രണത്തിലുള്ള ഏതാനും സംഘടനകളും ഏറ്റെടുത്തു. സാഹിത്യ അക്കാദമി, സംഗീതനാടകഅക്കാദമി, ലളിതകലാഅക്കാദമി എന്നീ സംഘടനകളുടെ അവാർഡുകള്‍ ഇതിനുദാഹരണമാണ്‌. ദേശീയാടിസ്ഥാനത്തിൽ മികച്ച കലാകാരന്മാർക്ക്‌ സമ്മാനങ്ങളും വിശേഷ അംഗത്വവും നല്‌കിവരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ ഇത്തരം ബഹുമതികള്‍ നല്‌കിപ്പോരുന്ന സംസ്ഥാന സാഹിത്യഅക്കാദമികള്‍പോലുള്ള സംഘടനകളുമുണ്ട്‌.

ഗവണ്‍മെന്റ്‌ നേരിട്ട്‌ നല്‌കുന്ന അനവധി അവാർഡുകളുണ്ട്‌. ദേശീയതലത്തിൽ കലാ-സാഹിത്യ-ശാസ്‌ത്ര-സാംസ്‌കാരിക മേഖലകളിലും പൊതുരംഗത്തും അതുല്യമായ സേവനം അനുഷ്‌ഠിക്കുന്നവർക്ക്‌ നല്‌കുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്‌ "ഭാരതരത്‌ന'. 1954 മുതൽ ഈ ബഹുമതി നൽകിവരുന്നു. ഇതുവരെ 42 പേർ ഭാരതരത്‌ന പുരസ്‌കാരം നേടി. പ്രഥമപുരസ്‌കാരം സി. രാജഗോപാലാചാരിക്കും 2008-ലെ പുരസ്‌കാരം പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിക്കുമാണ്‌ ലഭ്യമായത്‌.

ദേശീയതലത്തിൽ ഉന്നതസേവനം അനുഷ്‌ഠിക്കുന്നവർക്കു നല്‌കുന്ന ബഹുമതികളാണ്‌ പദ്‌മവിഭൂഷണ്‍, പദ്‌മഭൂഷണ്‍, പദ്‌മശ്രീ എന്നിവ. ഈ ബഹുമതികള്‍ക്ക്‌ സർക്കാർ ജീവനക്കാരും അർഹരാണ്‌. 2011 വരെ 289 പേർ പദ്‌മവിഭൂഷണും 1,111 പേർ പദ്‌മഭൂഷണും 2,336 പേർ പദ്‌മശ്രീയും നേടി.

യുദ്ധരംഗത്തു പ്രദർശിപ്പിക്കുന്ന ധീരതയ്‌ക്കുള്ള അംഗീകാരമാണ്‌ പരമവീരചക്ര, മഹാവീരചക്ര, അശോകചക്ര, കീർത്തിചക്ര, ശൗരചക്ര എന്നീ അവാർഡുകള്‍. പ്രതിരോധവിഭാഗങ്ങളിലെ സേവനം കണക്കിലെടുത്തുകൊണ്ട്‌ പരമവിശിഷ്‌ടസേവാമെഡൽ, അതിവിശിഷ്‌ട സേവാമെഡൽ, വിശിഷ്‌ടസേവാമെഡൽ എന്നിവ നല്‌കുന്നു. 2000 വരെ 21 ധീരയോദ്ധാക്കള്‍ പരമവീരചക്രത്തിന്‌ അർഹരായിട്ടുണ്ട്‌. വിപദിധൈര്യത്തിനും പരജീവരക്ഷയ്‌ക്കും വേണ്ടി നിർവഹിക്കുന്ന ധീരകൃത്യങ്ങള്‍ക്ക്‌ അംഗീകാരവും ബഹുമതിയും നല്‌കുന്നുണ്ട്‌. കായികരംഗത്തെ മികച്ച താരങ്ങള്‍ക്കു നല്‌കിവരുന്ന അംഗീകാരമാണ്‌ അർജുന അവാർഡുകള്‍.

ഉന്നതനിലവാരത്തിലുള്ള സാഹിത്യപ്രവർത്തനങ്ങള്‍ക്കും അന്താരാഷ്‌ട്രസൗഹൃദം മെച്ചപ്പെടുത്തുന്നതിൽ മഹനീയസേവനം അനുഷ്‌ഠിക്കുന്നവർക്കും നല്‌കിവരുന്ന അംഗീകാരമാണ്‌ ജവാഹർലാൽനെഹ്‌റു അവാർഡ്‌ ഫോർ ദി പ്രമോഷന്‍ ഒഫ്‌ പീസ്‌ ആന്‍ഡ്‌ ഇന്റർനാഷണൽ അണ്ടർസ്റ്റാന്‍ഡിങ്‌. ഊതാണ്ട്‌, മാർട്ടിന്‍ ലുഥർ കിങ്‌, ഖാന്‍ അബ്‌ദുൽ ഗാഫർഖാന്‍, യെഹൂദി മെനുഹിന്‍, മദർ തെരേസ, ഡോ. കെന്നത്ത്‌ കൗണ്ട, മാർഷൽ ടിറ്റോ, ആന്ദ്ര മാൽറോ, പ്രസിഡണ്ട്‌ നെയ്‌രേര എന്നിവർക്ക്‌ ഈ അവാർഡ്‌ നല്‌കിയിട്ടുണ്ട്‌.

1952 മുതൽ യുനെസ്‌കോ നല്‌കിവരുന്ന കലിംഗ അവാർഡ്‌ പ്രസ്‌താവ്യമായ മറ്റൊരു ബഹുമതിയാണ്‌. 1952-ൽ ഇതിനുവേണ്ട തുക ദാനമായി നല്‌കിയത്‌ ഒറീസയിലെ ബിജൂ പട്‌നായിക്കാണ്‌. ശാസ്‌ത്രം, സാഹിത്യം, സാങ്കേതികം എന്നീ വിവിധ മേഖലകളിൽപ്പെട്ടവർ ഈ സമ്മാനത്തിനർഹരായിട്ടുണ്ട്‌. ആയിരം പവന്‍ രൊക്കമായി നല്‌കുന്ന ഈ അവാർഡ്‌ നേടിയവരുടെ കൂട്ടത്തിൽ ജൂലിയന്‍ ഹക്‌സിലി, ബർട്രന്റ്‌ റസ്സൽ, ഫ്രഡ്‌ ഹോയിൽ, മാർഗരറ്റ്‌ മീഡ്‌ എന്നീ വിദേശീയരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

സാഹിത്യരചനകള്‍ക്കു നല്‌കുന്ന ഏറ്റവും വലിയ ബഹുമതിയായ ജ്ഞാനപീഠം അവാർഡ്‌ 1965-ൽ ആരംഭിച്ചു. 2008 വരെയായി ജ്ഞാനപീഠ ജേതാക്കളായവർ 45 പേരാണ്‌. ഇക്കൂട്ടത്തിൽ അവസാനമായി ഈ ഖ്യാതിലഭിച്ചത്‌ (2008-ലെ സമ്മാനം) പ്രശസ്‌ത കവി ഒ.എന്‍.വി. കുറുപ്പിനാണ്‌.

സിനിമാരംഗത്തു പ്രവർത്തിക്കുന്ന താരങ്ങള്‍ക്കും മറ്റു സാങ്കേതികവിദഗ്‌ധർക്കും നല്‌കുന്ന ദേശീയഅവാർഡുകളും പ്രാധാന്യമർഹിക്കുന്നു: ഉദാ. ഭരത്‌, ഉർവശി അവാർഡുകള്‍. സിനിമാരംഗത്തു നല്‌കുന്ന മറ്റവാർഡുകളിൽ ഫിലിംഫെയർ അവാർഡ്‌ ശ്രദ്ധേയമാണ്‌.

പുസ്‌തകങ്ങള്‍, കാലികപ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ അച്ചടി, സംവിധാനം എന്നിവ കണക്കിലെടുത്തുകൊണ്ടും ദേശീയഅവാർഡുകള്‍ നല്‌കിവരുന്നുണ്ട്‌.

സ്വാതന്ത്യ്രസമരകാലത്ത്‌ സജീവ രാഷ്‌ട്രീയത്തിൽ പങ്കെടുത്തു യാതനകള്‍ അനുഭവിച്ച വ്യക്തികള്‍ക്ക്‌ സ്വാതന്ത്യ്രം നേടിയതിന്റെ 25-ാം വാർഷികാഘോഷവേളയിൽ താമ്രപത്രം, അടുത്തൂണ്‍ എന്നിവ ഏർപ്പെടുത്തി ബഹുമാനിക്കുകയുണ്ടായി.

ശാസ്‌ത്രസാങ്കേതികരംഗങ്ങളിലെ കണ്ടുപിടിത്തങ്ങള്‍ക്കും ഉത്‌പാദനച്ചെലവ്‌ കുറയ്‌ക്കുന്നതിനുതകുന്ന നിർദേശങ്ങള്‍ക്കും പ്രത്യേക അവാർഡുകള്‍ നല്‌കിവരുന്നു.

മ്യൂസിയങ്ങള്‍

ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള പുരാവസ്‌തുക്കളുടെയും ചരിത്രസ്‌മാരകങ്ങളുടെയും സംരക്ഷണം കേന്ദ്രഗവണ്‍മെന്റ്‌ ഏറ്റെടുത്തിരിക്കുന്നു. മേഖലാപ്രാധാന്യം മാത്രമുള്ള ഈ ദൃശ്യ വസ്‌തുക്കളുടെ സൂക്ഷിപ്പ്‌ സംസ്ഥാനഗവണ്‍മെന്റുകളുടെ ചുമതലയാണ്‌. കലാമൂല്യംകൊണ്ടോ മറ്റുരീതിയിലോ പ്രാധാന്യമർഹിക്കുന്ന പുരാവസ്‌തുശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 200-ലേറെ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായുണ്ട്‌. ഈ മ്യൂസിയങ്ങളുടെ പ്രവർത്തനം കാര്യക്ഷമവും ഏകോപിതവുമാക്കുന്നതിനായി സെന്‍ട്രൽ അഡ്‌വൈസറി ബോർഡ്‌ ഒഫ്‌ മ്യൂസിയംസ്‌ എന്ന സമിതി ദേശീയതലത്തിൽ രൂപീകൃതമായിരിക്കുന്നു. കല, പുരാവിജ്ഞാനം, പ്രകൃതിചരിത്രം, ഭൂവിജ്ഞാനം, സ്‌മാരകവസ്‌തുക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ സ്‌പർശിച്ചുള്ള ചുരുക്കം മ്യൂസിയങ്ങള്‍ കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലുണ്ട്‌.

കൊൽക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം, വിക്‌ടോറിയാ മെമ്മോറിയൽ ഹാള്‍, അശുതോഷ്‌ മ്യൂസിയം, ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഒഫ്‌ മോഡണ്‍ ആർട്ട്‌, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്‍ഡ്‌ ലൈബ്രറി, ഹൈദരാബാദിലെ സലാർജങ്‌ മ്യൂസിയം, മുംബൈയിലെ പ്രിന്‍സ്‌ ഒഫ്‌ വെയിൽസ്‌ മ്യൂസിയം, ചെന്നൈയിലെ ഗവണ്‍മെന്റ്‌ മ്യൂസിയം, വാരാണസിയിലെ യൂണിവേഴ്‌സിറ്റി മ്യൂസിയം എന്നിവയാണ്‌ ഇന്ത്യയിലെ കലാവസ്‌തുശേഖരങ്ങളിൽ മുന്നിട്ടുനില്‌ക്കുന്നത്‌. കൊണാറക്‌, നാഗാർജുനകൊണ്ട, നാളന്ദ, സാഞ്ചി, സാരനാഥ്‌ തുടങ്ങിയ ഇടങ്ങളിലെ പുരാവസ്‌തുശേഖരങ്ങളെയും മ്യൂസിയങ്ങളുടെ ലിസ്റ്റിൽപ്പെടുത്തി സംരക്ഷിച്ചുവരുന്നു. കരകൗശലവസ്‌തുക്കള്‍, വസ്‌ത്രാലങ്കാരവിശേഷങ്ങള്‍ തുടങ്ങിയവയ്‌ക്കായി പ്രത്യേക മ്യൂസിയങ്ങളും നിലവിലുണ്ട്‌. ശാസ്‌ത്രസാങ്കേതികരംഗത്തും ബാലബോധനമണ്ഡലത്തിലും ഏതാനും പ്രദർശനശാലകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌.

പ്രസിദ്ധീകരണവിഭാഗം

വാർത്താപ്രക്ഷേപണമന്ത്രികാര്യാലയത്തിന്റെ ഭാഗമായി 1941-ൽ പ്രസിദ്ധീകരണവിഭാഗം ആരംഭിച്ചു. ഇംഗ്ലീഷിലും മറ്റു ഭാഷകളിലും പുസ്‌തകങ്ങളും ലഘുലേഖകളും ആൽബങ്ങളുംമറ്റും പ്രസിദ്ധീകരിക്കുകയാണ്‌ ഈ വിഭാഗത്തിന്റെ ജോലി. 1974 വരെ ഈ വിഭാഗം 4,697 പ്രസിദ്ധീകരണങ്ങള്‍ പ്രകാശനം ചെയ്‌തിട്ടുണ്ട്‌.

കല, സംസ്‌കാരം, ചരിത്രം, പാരമ്പര്യം, ജനായത്ത ഭരണസംവിധാനം, സാമ്പത്തികവികസനം, സാമൂഹികോന്നമനം എന്നീ വിവിധമേഖലകളിൽ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഗവേഷണം, സാങ്കേതികവിദ്യ എന്നിവയെ ആധാരമാക്കി പഠനഗ്രന്ഥങ്ങള്‍ പ്രകാശനംചെയ്യുകയുമാണ്‌ പ്രസിദ്ധീകരണവിഭാഗത്തിന്റെ പ്രവർത്തനം. "ആധുനിക ഇന്ത്യയുടെ ശില്‌പികള്‍' എന്ന പരമ്പരയിൽ ഒട്ടനവധി ജീവചരിത്രഗ്രന്ഥങ്ങള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. കലാസംസ്‌കാരികമേഖലകളിലേതാണ്‌, കള്‍ച്ചറൽ ഹെറിറ്റേജ്‌ ഒഫ്‌ ഇന്ത്യ, ആന്‍ ഇന്‍ട്രാഡക്‌ഷന്‍ റ്റു ഇന്ത്യന്‍ മ്യൂസിക്ക്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍. അണുശക്തിയെക്കുറിച്ചും ഇന്ത്യന്‍ ഭരണകർത്താക്കളുടെ സാമൂഹിക പാരമ്പര്യത്തെക്കുറിച്ചും പഠനങ്ങള്‍നടത്തി ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. പ്രസിഡന്റുമാർ, വൈസ്‌പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ എന്നിവരുടെ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസംഗങ്ങളും പുസ്‌തകരൂപത്തിൽ പ്രകാശനം ചെയ്യുന്നതിനും പ്രസിദ്ധീകരണവിഭാഗം ശ്രമിച്ചുവരുന്നു.

പ്രസിദ്ധീകരണവിഭാഗം ധാരാളം ആനുകാലികപ്രസിദ്ധീകരണങ്ങള്‍ പ്രകാശനം ചെയ്യുന്നുണ്ട്‌. വിവിധഭാഷകളിൽ പ്രകാശിപ്പിക്കുന്ന യോജന, കുട്ടികള്‍ക്കുവേണ്ടി ഹിന്ദിയിൽ പ്രസിദ്ധം ചെയ്യുന്ന ബാലഭാരതി, ഉർദുവിലും ഹിന്ദിയിലും പ്രസിദ്ധപ്പെടുത്തുന്ന ആജ്‌കൽ, ഇന്ത്യന്‍ ആന്‍ഡ്‌ ഫോറിന്‍ റിവ്യൂ, കുരുക്ഷേത്ര എന്നിവ ഇതിൽപ്പെട്ടതാണ്‌.

പത്രപ്രവർത്തനം

ജെ.എ. ഹിക്കി 1780-ൽ കൊൽക്കത്തയിൽനിന്ന്‌ ഇംഗ്ലീഷിൽ പ്രസിദ്ധീകരണം ആരംഭിച്ച ബംഗാള്‍ ഗസറ്റ്‌ ആണ്‌ ഇന്ത്യയിലെ പത്രപ്രവർത്തനത്തിന്റെ തുടക്കം കുറിച്ചത്‌. തുടർന്ന്‌ ഇംഗ്ലീഷിൽ മറ്റു കാലികപ്രസിദ്ധീകരണങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഭാഷാപത്രങ്ങളുടെ പ്രകാശനം 19-ാം ശ. മുതൽക്കാണ്‌ ആരംഭിച്ചത്‌. 1822-ൽ ഗുജറാത്തി ഭാഷയിൽ ബോംബെ സമാചാർ പ്രസിദ്ധീകരിച്ചു. വാരികയായി ആരംഭിച്ച സമാചാർ പിന്നീട്‌ ദിനപത്രമായി. 1857-ലെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനുശേഷമാണ്‌ മിക്ക പത്രങ്ങളുടെയും ഉദയം. ഏറ്റവും പഴക്കംചെന്ന ഇംഗ്ലീഷ്‌ ദിനപത്രം ടൈംസ്‌ ഒഫ്‌ ഇന്ത്യ ആണ്‌. ഇത്‌ 1838-ൽ വാരികയായി പുറത്തിറങ്ങി. 1850-ൽ ദിനപത്രമായി. ആദ്യത്തെ കാലികപ്രസിദ്ധീകരണം 1844-ൽ ആരംഭിച്ച കൽക്കത്താ റിവ്യൂ ആണ്‌.

1878-ലെ വെർണാക്കുലർ പ്രസ്‌ നിയമം പാസാക്കിയതോടെ ഇന്ത്യന്‍ പത്രങ്ങളുടെ മേൽ കർശനനിയന്ത്രണങ്ങള്‍ ചുമത്തപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത്‌ ഇന്ത്യന്‍ജനതയുടെ സഹകരണം അവശ്യമാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ ഫലമായി ഗവണ്‍മെന്റും പത്രങ്ങളും തമ്മിൽ ഒരു പൊതുധാരണ ഉണ്ടാക്കുകയും പ്രസ്‌ ഉപദേശകസമിതി രൂപവത്‌കരിക്കുകയും ചെയ്‌തു. ഇന്ത്യ സ്വതന്ത്രയായതോടെ പ്രസ്സിന്റെ മേലുണ്ടായിരുന്ന നിരോധനം അവസാനിച്ചുവെന്നു പറയാം.

പത്രസ്വാതന്ത്യ്രം എന്നൊന്ന്‌ ഭരണഘടന വാഗ്‌ദാനം ചെയ്യുന്നില്ലെങ്കിലും ഭരണഘടനയിലെ 19-ാം അനുച്ഛേദം ഉറപ്പുതരുന്ന വാക്‌സ്വാതന്ത്യ്രത്തിനും ആശയപ്രകടനസ്വാതന്ത്യ്രത്തിനുമുള്ള അവകാശത്തിൽ പത്രസ്വാതന്ത്യ്രവും ഉള്‍ക്കൊള്ളുന്നുണ്ട്‌. 1951-ലെ ഒന്നാം ഭരണഘടനാ ഭേദഗതിനിയമമനുസരിച്ച്‌ സ്റ്റേറ്റിന്‌ പത്രസ്വാതന്ത്യ്രത്തിന്മേൽ ന്യായമായ നിയന്ത്രണം ഏർപ്പെടുത്താമെന്നുണ്ട്‌. പ്രസ്‌കമ്മിഷന്റെ നിർദേശമനുസരിച്ച്‌ 1956-ലെ പ്രസ്‌ കൗണ്‍സിൽ ഒഫ്‌ ഇന്ത്യ രൂപവത്‌കരിച്ചു (1966 ജൂല. 4). പത്രസ്വാതന്ത്യ്രം സംരക്ഷിക്കുന്നതിനും ഇന്ത്യയിലെ പത്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്‌ പ്രസ്‌കൗണ്‍സിൽ സ്ഥാപിച്ചിട്ടുള്ളത്‌. പൊതുതാത്‌പര്യത്തിനോ പത്രമര്യാദയ്‌ക്കോ എതിരായി പ്രവർത്തിക്കുന്ന പത്രത്തെയോ പത്രാധിപരെയോ "സെന്‍സർ' ചെയ്യാന്‍ കൗണ്‍സിലിന്‌ അധികാരമുണ്ട്‌. പ്രസ്‌ കൗണ്‍സിൽ നിയമം 1970-ലും 1974-ലും ഭേദഗതി ചെയ്യുകയുണ്ടായി. പ്രസ്‌ കൗണ്‍സിലിന്‌ ഒരു ചെയർമാനും 26 മറ്റംഗങ്ങളുമുണ്ട്‌. ഈ കൗണ്‍സിൽ പി.സി. ഐ. റിവ്യൂ എന്ന പ്രസിദ്ധീകരണം പ്രകാശനം ചെയ്യുന്നുണ്ട്‌.

ഇന്ത്യയിലെ പത്രങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും പത്രങ്ങള്‍ക്ക്‌ ന്യൂസ്‌പ്രിന്റ്‌ അലോട്ടുചെയ്യുകയും പ്രസ്സിനുവേണ്ട യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങള്‍ നല്‌കുകയും ചെയ്യുന്നത്‌ 1956 ജൂല. 1-ന്‌ പ്രവർത്തനമാരംഭിച്ച ന്യൂസ്‌പേപ്പർ രജിസ്റ്റ്രാർ ഓഫീസാണ്‌.

ഭാഷയുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പത്രപ്രസിദ്ധീകരണങ്ങള്‍ ഉള്ളത്‌ ഹിന്ദിയിലാണ്‌ (24,927). രണ്ടാം സ്ഥാനം ഇംഗ്ലീഷിനും (9,064); മലയാളത്തിൽ 488 എച്ചമാണുള്ളത്‌. 2005-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ പത്രങ്ങളുടെ മൊത്തം സർക്കുലേഷന്‍ 1807.4 ലക്ഷമാണ്‌. പ്രചാരത്തിൽ മുന്‍പന്തിയിൽ നില്‌ക്കുന്ന 10 പത്രങ്ങളുടെ മൊത്തം സർക്കുലേഷന്‍ 119.9 ലക്ഷമായിരുന്നു. ഇന്ത്യയിൽ 123 വിഭിന്ന ഭാഷകളിലുള്ള പത്രങ്ങള്‍ പ്രചാരത്തിലുണ്ട്‌. 23 അംഗീകൃതഭാഷകളുള്ളതിൽ 18-ലും പത്രമിറങ്ങുന്ന ഒറീസ്സ ഈ കാര്യത്തിൽ പ്രഥമസ്ഥാനം പുലർത്തുന്നു. മഹാരാഷ്‌ട്രയിൽ 17-ഉം ഡൽഹിയിൽ 16-ഉം ഭാഷകളിൽ പത്രങ്ങളിറങ്ങുന്നുണ്ട്‌.

2007-ലെ കണക്കനുസരിച്ച്‌ ഇന്ത്യയിൽ ഒട്ടാകെ 65,032 ആനുകാലിക പ്രസിദ്ധീകരണങ്ങളുണ്ട്‌. ഇവയിൽ 7,131 എച്ചം ദിനപത്രങ്ങളും 22,116 എച്ചം വാരികകളും 19,456 എച്ചം മാസികകളും ബാക്കി മറ്റു കാലികപ്രസിദ്ധീകരണങ്ങളുമാണ്‌. ഏറ്റവും കൂടുതൽ ആനുകാലികപ്രസിദ്ധീകരണങ്ങളുള്ള സംസ്ഥാനം ഉത്തർപ്രദേശ്‌ ആണ്‌ (9885). ദിനപത്രങ്ങളുടെ കാര്യത്തിൽ ഒറ്റപ്പതിപ്പിൽ ഏറ്റവും കൂടുതൽ സർക്കുലേഷന്‍ ഉള്ളത്‌ ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ജന്‌ജാഗര്‌ണ്‍ (23,80,145); കേരളത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന മലയാളമനോരമയ്‌ക്ക്‌ (13,95,191) മൂന്നാം സ്ഥാനമുണ്ട്‌.

നേപാ മിൽസിലും സമാന സ്ഥാപനങ്ങളിലും ഉത്‌പാദിപ്പിക്കപ്പെടുന്നതും വിദേശങ്ങളിൽനിന്ന്‌ ഇറക്കുമതിചെയ്യുന്നതുമായ ന്യൂസ്‌പ്രിന്റ്‌ വർത്തമാനപത്രങ്ങള്‍ക്കു വിതരണംചെയ്‌തുവരുന്നു. ന്യൂസ്‌പ്രിന്റ്‌ അഡ്വൈസറി കമ്മിറ്റിയുടെ ഉപദേശമനുസരിച്ചാണ്‌ ഇതിന്റെ വിതരണം നടക്കുന്നത്‌.

ഇന്ത്യാഗവണ്‍മെന്റിന്റെ നയങ്ങളെയും പരിപാടികളെയും സംബന്ധിച്ച വിവരങ്ങള്‍ നല്‌കുന്നതിനുള്ള ഏജന്‍സിയാണ്‌ പ്രസ്‌ ഇന്‍ഫർമേഷന്‍ ബ്യൂറോ. ഇംഗ്ലീഷ്‌, ഹിന്ദി, ഉർദു എന്നിവയിലും മറ്റു 13 ഭാഷകളിലും ഇത്‌ വിവരം നല്‌കുന്നു. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ബ്യൂറോയ്‌ക്ക്‌ രാജ്യമെമ്പാടും പ്രാദേശിക ഓഫീസുകളുണ്ട്‌. 1970-ൽ ഒറ്റ പേജുള്ള ചുവർ വർത്തമാനപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി. വിവിധ മേഖലകളിൽ ആർജിച്ചിട്ടുള്ള പുരോഗതി വ്യക്തമാക്കുന്ന ഈ ചുവർപത്രം ഇംഗ്ലീഷ്‌, ഹിന്ദി, ഉർദു, ബംഗാളി, ഖാസി, മലയാളം, തമിഴ്‌ എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു.

ഇന്ത്യന്‍ പത്രങ്ങള്‍ക്കുള്ള വാർത്താവിതരണത്തിന്റെ ചുമതല നിർവഹിക്കുന്നത്‌ "സമാചാർ' എന്ന കേന്ദ്ര സംവിധാനമാണ്‌. പ്രമുഖ വിദേശന്യൂസ്‌ ഏജന്‍സികളാണ്‌ ഏജന്‍സ്‌ ഫ്രാന്‍സ്‌ പ്രസ്‌ (ഫ്രാന്‍സ്‌), എക്കണോമിക്‌ ന്യൂസ്‌ സർവീസ്‌ (ഹോങ്‌കോങ്‌), അസോസിയേറ്റഡ്‌ പ്രസ്‌ (യു.എസ്‌.), അന്‍സാ (ഇറ്റലി), ടാസ്‌ (മോസ്‌കോ), റായിട്ടർ (യു.കെ.) തുടങ്ങിയവ. ഇന്ത്യയിലെ പ്രമുഖ പത്രസംഘടനകളാണ്‌ ഇന്ത്യന്‍ ആന്‍ഡ്‌ ഈസ്റ്റേണ്‍ ന്യൂസ്‌പേപ്പർ സൊസൈറ്റി, ആള്‍ ഇന്ത്യാ ന്യൂസ്‌പേപ്പർ എഡിറ്റേഴ്‌സ്‌ കോണ്‍ഫറന്‍സ്‌, ഇന്ത്യന്‍ ലാങ്‌വേജ്‌ ന്യൂസ്‌പേപ്പർ അസോസിയേഷന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ്‌ വർക്കിങ്‌ ജേർണലിസ്റ്റ്‌സ്‌ എന്നിവ.

ഗ്രന്ഥശാലകള്‍

ഗ്രന്ഥശാല, വായനശാല തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആധുനിക സ്ഥാപനങ്ങള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ ഒരു ഉപോത്‌പന്നമാണെങ്കിലും ഇവയോട്‌ പലതരത്തിലും സാധർമ്യംവഹിക്കുന്ന വിജ്ഞാനവിതരണകേന്ദ്രങ്ങള്‍ പ്രാചീനകാലംമുതൽ ഭാരതത്തിൽ ഉണ്ടായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ ക്രസ്‌തവാശ്രമങ്ങളെപ്പോലെ ഭാരതത്തിലെ വിദ്യാഭ്യാസകേന്ദ്രങ്ങളും ചരിത്രാരംഭകാലത്തുതന്നെ എച്ചമറ്റ താളിയോലഗ്രന്ഥങ്ങളുടെയും പല വിധത്തിലുള്ള ഗ്രന്ഥവരികളുടെയും കലവറകളായിരുന്നു. തക്ഷശില, നാളന്ദ തുടങ്ങിയ പ്രാചീന വിദ്യാകേന്ദ്രങ്ങളും വാരാണസി (കാശി), രാജഗൃഹം, മിഥില, കൗശാംബി, ഉജ്ജയിനി, ശിബി തുടങ്ങിയ രാജകീയാസ്ഥാനങ്ങളും ബുദ്ധ-ജൈന വിഹാരങ്ങളും അനേകം നൂറ്റാണ്ടുകളോളം അമൂല്യഗ്രന്ഥശേഖരിണികളായി പുലർന്നുവന്നു. പാടലീപുത്രത്തിൽ മൂന്നിലേറെ വർഷം താമസിച്ച ഫാഹിയാനും വിജ്ഞാനാർജനത്തിനായി ഭാരതത്തിന്റെ വിവിധ സാംസ്‌കാരിക തലസ്ഥാനങ്ങളിൽ പര്യടനം നടത്തിയ ഹ്യൂയന്‍സാങ്ങും എച്ചമറ്റ ആധ്യാത്മികരചനകള്‍, അവയുടെ മൂലരൂപത്തിലോ പകർത്തി എഴുതിയോ ഇവിടെനിന്ന്‌ ചൈനയിലേക്ക്‌ കൊണ്ടുപോയിട്ടുണ്ട്‌. മോണ്‍ഘീർ, ചംപ, പുണ്ഡ്രവർധന, കാമരൂപ്‌, താമ്രലിപ്‌തി, കർണസുവർണ, രത്‌നമൃത്തിക, കലിംഗ, വിദർഭ, മാള്‍വ, ഭൃഗുകഛം, വലഭി, നാഗാർജുനകൊണ്ട തുടങ്ങിയവ ഒരുകാലത്ത്‌ ഗ്രന്ഥപ്പുരകള്‍ക്ക്‌ പേരുകേട്ടിരുന്നു. ഏഴാം ശ.-ത്തിന്റെ മധ്യഘട്ടത്തിൽ ഇന്ത്യയിൽ വന്ന ഇൽസിങ്‌ എന്ന ചൈനീസ്‌ പണ്ഡിതന്‍ താന്‍ അഞ്ചു ലക്ഷത്തിലേറെ പദ്യങ്ങളടങ്ങുന്ന 400-ഓളം ഗ്രന്ഥങ്ങളുമായാണ്‌ സ്വരാജ്യത്തിലേക്കു മടങ്ങിയതെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇവയ്‌ക്കു പുറമേ മധ്യകാലരാജധാനികളും ക്ഷേത്രങ്ങളും ഗ്രന്ഥശേഖരണത്തിലും സംരക്ഷണത്തിലും അത്യന്തം താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. മുഹമ്മദ്‌ ഗസ്‌നി, അക്‌ബർ, ഷാജഹാന്‍ തുടങ്ങിയ മുസ്‌ലിംഭരണാധികാരികള്‍ മറ്റു പല മണ്ഡലങ്ങളിലെന്നപോലെ ഗ്രന്ഥശേഖരണത്തിലും കുതുകികളായിരുന്നു. തഞ്ചാവൂരിലെ അവസാനത്തെ രാജാവായ സരഭോജി സ്ഥാപിച്ച (1799-നടുപ്പിച്ച്‌) സരസ്വതി മഹത്‌ ഗ്രന്ഥാലയം ആയിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമായിതീർന്നത്‌. വിഷയവിവരം തിരിച്ചുള്ള പുസ്‌തകങ്ങളുടെ പട്ടിക ഉണ്ടാക്കുന്നതിൽ മുന്‍കൈ എടുത്ത ആദ്യത്തെ ഇന്ത്യന്‍ രാജാവ്‌ സരഭോജിയാണെന്ന്‌ പറയപ്പെടുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മൈസൂറിലെയും (കർണാടക) രാജാക്കന്മാരുടെ ഗ്രന്ഥപ്പുരകളും ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലെ ഗ്രന്ഥവരികളും ഭാഷാസാഹിത്യപരമായും ചരിത്രപരമായും വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്‌. ഇവയിൽ ടിപ്പുസുൽത്താന്റെ ഗ്രന്ഥശേഖരങ്ങള്‍ അപ്പാടെ ബ്രിട്ടീഷ്‌ഭരണാധികാരികള്‍ ഇംഗ്ലണ്ടിലേക്ക്‌ കടത്തുകയും അത്‌ പില്‌ക്കാലത്ത്‌ പ്രസിദ്ധിയാർജിച്ച ഇന്ത്യാ ഓഫീസ്‌ ലൈബ്രറി(ലണ്ടന്‍)യുടെ ബീജമായിത്തീരുകയും ചെയ്‌തു.

ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ്‌ ആധുനിക രീതിയിലുള്ള ഗ്രന്ഥശാലാപ്രസ്ഥാനം ഭാരതത്തിൽ രൂപംകൊള്ളാന്‍ തുടങ്ങുന്നത്‌. 1781-ൽ വാറന്‍ ഹേസ്റ്റിങ്‌സ്‌ സ്ഥാപിച്ച കൽക്കത്താമദ്രസയും 1784-ൽ വില്യം ജോണ്‍സ്‌ രൂപംനല്‌കിയ ഏഷ്യാറ്റിക്‌ സൊസൈറ്റിയും 1792-ൽ ഉദ്‌ഘാടിതമായ ബനാറസ്‌ സംസ്‌കൃത കോളജും പില്‌ക്കാലത്ത്‌ എച്ചമറ്റ അപൂർവഗ്രന്ഥങ്ങളുടെ കലവറയായി. വിദ്യാഭ്യാസവിദഗ്‌ധനായ ട്രവലിന്‍ ആണ്‌ ആദ്യമായി ശമ്പളത്തോടുകൂടിയ ഒരു ലൈബ്രറിയനെ നിയമിക്കുന്നത്‌-1835-ൽ കൊൽക്കത്ത ഹിന്ദുകോളജിൽ പ്രതിമാസം 30 രൂപ ശമ്പളത്തിൽ. സർവകലാശാലകളും പലതരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ഒന്നിനുപുറകെ ഒന്നെന്നനിലയിൽ രൂപംകൊണ്ടുവന്നതോടുകൂടി ഗ്രന്ഥശാലകള്‍ സാംസ്‌കാരികജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിത്തീർന്നു. കഴ്‌സണ്‍പ്രഭുവിന്റെ പ്രരണയിൽ 1903-ൽ സ്ഥാപിതമായ ഇംപീരിയൽ ലൈബ്രറിയാണ്‌ ഇന്ത്യയിലെ ആദ്യത്തെ ദേശീയഗ്രന്ഥശാലയെന്ന്‌ പറയാം. ഇതിന്റെ പൂർവരൂപങ്ങളായിരുന്ന ഈസ്റ്റിന്ത്യാകോളജ്‌ ലൈബ്രറി, കൊൽക്കത്ത പബ്ലിക്‌ ലൈബ്രറി തുടങ്ങിയ ഘടകസ്ഥാപനങ്ങളുമായി ദ്വാരകാനാഥ ടാഗൂർ, ബങ്കിംചന്ദ്രചാറ്റർജി, വിവേകാനന്ദന്‍, രബീന്ദ്രനാഥടാഗൂർ, അശ്വിനികുമാർദത്ത, അരവിന്ദന്‍ തുടങ്ങിയ മഹാരഥന്മാരുടെ നാമധേയങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.

പശ്ചിമേന്ത്യയിൽ ഇക്കാലത്ത്‌ പേരുകേട്ട ഗ്രന്ഥശാല സയാജിറാവു ഗെയ്‌ക്‌വാഡിന്റെ കീഴിൽ ബറോഡ(വഡോദര)യിലുണ്ടായ രാജകീയ ഗ്രന്ഥാലയമാണ്‌. 1924-ൽ ബൽഗാമിൽചേർന്ന ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ സമ്പൂർണസമ്മേളനത്തോടനുബന്ധിച്ച്‌ അഖിലേന്ത്യാ ലൈബ്രറി കോണ്‍ഫറന്‍സിന്റെ ഒരു സമ്പൂർണ സമ്മേളനവും നടക്കുകയുണ്ടായി. അതിൽ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ അധ്യക്ഷന്‍ രബീന്ദ്രനാഥടാഗൂറായിരുന്നു. ഒരു ഗ്രന്ഥാശാലാപ്രദർശനവും അതോടൊത്ത്‌ നടന്നു. വായനശാലാപ്രവർത്തകർക്കുവേണ്ടി വർഷംതോറും ഈ സംഘടന പരിശീലനകോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്‌.

ഇന്ത്യന്‍ ലൈബ്രറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ (1942) മോഡൽ പബ്ലിക്‌ ലൈബ്രറി ബിൽ 1948-ൽ മദ്രാസ്‌ നിയമസഭ പാസാക്കിയതാണ്‌ ഈ പ്രസ്ഥാനത്തിൽ ആദ്യമായുണ്ടാക്കിയ നിയമനിർമാണം. പഞ്ചവത്സരപദ്ധതികളുടെ ഭാഗമായി ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പരിപോഷണത്തിന്‌ പല പരിപാടികളും ആവിഷ്‌കൃതമായിട്ടുണ്ടെങ്കിലും ഇതിനെ മുഴുവന്‍ ആശ്ലേഷിക്കുന്ന സമഗ്രമായ കേന്ദ്രനിയമമൊന്നും ഇതുവരെ രൂപംകൊണ്ടിട്ടില്ല.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം കെട്ടുറപ്പുള്ളതും വ്യാപകവുമായ ഒരു ഗ്രന്ഥശാലാപ്രസ്ഥാനം ഭാരതത്തിൽ വേരൂന്നികഴിഞ്ഞിട്ടുണ്ട്‌. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ ലൈബ്രറി (കൊൽക്കത്ത) ആണ്‌ ഭാരതത്തിലെ ഗ്രന്ഥാലയശൃംഖലയുടെ മധ്യാക്ഷം. പൊതുവായ വായനയ്‌ക്കുള്ള സാഹിത്യകൃതികള്‍ക്ക്‌ പുറമേ ശാസ്‌ത്രസാങ്കേതിക വിഷയങ്ങളെ പുരസ്‌കരിച്ചുള്ള വിജ്ഞാനഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിഭാഗീയഗ്രന്ഥാലയങ്ങളും വിവിധ സ്ഥാപനങ്ങളോടനുബന്ധിച്ച്‌ സാർവത്രികമായി രൂപംകൊണ്ടുവരുന്നു. അതോടൊപ്പം താളിയോലകള്‍, ആദ്യപതിപ്പുകള്‍, അപൂർവകൃതികള്‍ മുതലായവ ശേഖരിക്കുന്ന ഗ്രന്ഥശാലകളും ഭാരതത്തിൽ പല കേന്ദ്രങ്ങളിലുമുണ്ട്‌.

ഹസ്‌തലിഖിതഗ്രന്ഥശാലകള്‍. ഹസ്‌തലിഖിതങ്ങള്‍ക്ക്‌ മാത്രമായുള്ള ഗ്രന്ഥശാലകള്‍, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുഖ്യ ഘടകമാണ്‌. ഇന്ന്‌ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന ഹസ്‌തലിഖിതഗ്രന്ഥാലയങ്ങളിൽ പ്രമുഖമായത്‌ വാരാണസിയിലെ സംസ്‌കൃത വിശ്വവിദ്യാലയത്തോടനുബന്ധിച്ചുള്ള ഹസ്‌തലിഖിത ഗ്രന്ഥശേഖരമാണ്‌. രണ്ടാംസ്ഥാനം കേരളസർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള ഓറിയന്റൽ റിസർച്ച്‌ സെന്റർ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിക്കുമാണ്‌. തഞ്ചാവൂരിലുള്ള സരസ്വതീമഹലും മദ്രാസ്‌ ഓറിയന്റൽ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയും പൂണെയിലെ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച്‌ സെന്ററും തുല്യപ്രാധാന്യമർഹിക്കുന്നവയാണ്‌. ഇവ കൂടാതെ ബിഹാറിൽ ദർഭംഗ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയും മൈസൂർ, വഡോദര, കാശ്‌മീർ എന്നിവിടങ്ങളിലെ രാജകീയ ഹസ്‌തലിഖിത ഗ്രന്ഥാലയങ്ങളും പ്രശസ്‌തി നേടിയിട്ടുള്ളവയാണ്‌.

ഭാരതത്തിൽ മുപ്പതോളം സർവകലാശാലകള്‍ ഗ്രന്ഥശാലാശാസ്‌ത്രത്തിൽ ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ബിരുദങ്ങളും നല്‌കി വരുന്നുണ്ട്‌.

വാസ്‌തുവിദ്യ

ഇന്ത്യയിലെ വാസ്‌തുവിദ്യയ്‌ക്ക്‌ 5000-ത്തിലേറെ വർഷത്തെ പഴക്കമുണ്ട്‌. ഭാരതീയ വാസ്‌തുശില്‌പാവശിഷ്‌ടങ്ങളിൽ ഏറ്റവും പ്രാചീനമായത്‌ സിന്ധ്‌-ബലൂചിസ്‌താന്‍ മേഖലയിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ളവയാണ്‌. ചരിത്രാതീതകാലത്തെ കർഷകസമൂഹത്തിന്റെ അധിവാസകേന്ദ്രങ്ങളായിരുന്നു അവയെന്ന്‌ അനുമാനിക്കപ്പെടുന്നു. എന്നാൽ പില്‌ക്കാലത്ത്‌ സാംസ്‌കാരികാഭിവൃദ്ധിനേടിയ നാഗരികസമൂഹങ്ങളാവിർഭവിച്ചതോടെ സാങ്കേതികമായി വികാസം പ്രാപിച്ച ഒരു വാസ്‌തുവിദ്യ രൂപമെടുത്തു. ഇങ്ങനെ ആദിമ നഗരസംസ്‌കാരം പ്രതിഫലിക്കുന്ന എഴുപതോളം അധിവാസകേന്ദ്രങ്ങള്‍ സിന്ധു നദീതടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. നഗരസംവിധാനത്തെക്കുറിച്ച്‌ ദീർഘവീക്ഷണമുള്ളവരായിരുന്നു ഹാരപ്പയുടെയും മോഹന്‍ജൊദരോയുടെയും ശില്‌പികള്‍. ഈ നഗരങ്ങള്‍ ദീർഘചതുരാകൃതിയിലാണ്‌ രൂപകല്‌പന ചെയ്‌തിരുന്നത്‌. പരസ്‌പരം ലംബമായി ഖണ്ഡിച്ച്‌ കി.-പ.ആയും തെ.-വ. ആയും കടന്നുപോകുന്ന ഋജുവും വിസ്‌തൃതവുമായ വീഥികള്‍ ഈ നഗരങ്ങളിൽ ഓരോന്നിനെയും ശുചിത്വവും സൗകര്യങ്ങളും ഉള്ള വാസസങ്കേതങ്ങളായി വേർതിരിച്ചിട്ടുണ്ട്‌. ഓരോ വാസസങ്കേതത്തിലെയും ഭവനങ്ങളെയും പൊതുസ്ഥാപനങ്ങളെയും വെണ്ണേറെയാക്കി തിരിക്കുന്ന ഇടവഴികള്‍ വേറെയുണ്ട്‌. പടിഞ്ഞാറേ അതിരിൽ ഒരു കാവൽക്കോട്ടയും ഇവയ്‌ക്കുണ്ടായിരുന്നു. ചുട്ടെടുത്ത ഇഷ്‌ടികയും പച്ചക്കട്ടയും ചുച്ചാമ്പുകല്ലും ഉപയോഗിച്ചുള്ള ഒരു പ്രത്യേക നിർമാണശൈലിയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്‌. വാതിലുകള്‍ക്കും ജനാലകള്‍ക്കും തടി ഉപയോഗിച്ചിരുന്നതായി കാണാം. കോണിപ്പടികളുടെ അവശിഷ്‌ടങ്ങള്‍ ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളും അക്കാലത്ത്‌ നിർമിച്ചിരുന്നതിന്‌ തെളിവുനല്‌കുന്നു. ചില കെട്ടിടങ്ങളിൽ കണ്ടെത്താന്‍ കഴിഞ്ഞ കുളിമുറികള്‍ പൊതുസ്ഥലങ്ങളിലെ കുളങ്ങള്‍, ഭൂമിക്കടയിലൂടെയുള്ള ഓവുചാലുകള്‍, ജലത്തിന്റെ ഗതിവേഗം നിയന്ത്രിക്കുന്നതിന്‌ ഇടയ്‌ക്കിടെയായി ഉണ്ടാക്കിയിട്ടുള്ള കുഴികള്‍, ഉച്ചിഷ്‌ടങ്ങളും മറ്റും നിക്ഷേപിക്കാനുള്ള പ്രത്യേകം ഉപകരണങ്ങള്‍ തുടങ്ങിയവയിൽനിന്നെല്ലാം ഈ പ്രാചീനനഗരങ്ങളിൽ ജീവിച്ചിരുന്നവർ വളരെ പുരോഗതിപ്രാപിച്ച നാഗരിക സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നതായി അനുമാനിക്കാം.

ആധുനികകാലത്തെ മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍ എന്നീ തദ്ദേശസ്വയംഭരണസമിതികള്‍ പോലെയുള്ള ഒരു സമിതിയുടെ ചുമതലയിലായിരിക്കണം ഈ ക്രമീകരണങ്ങള്‍ ഇത്ര കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌ എന്നതിന്‌ സംശയമില്ല. രണ്ടു പ്രത്യേകതകള്‍ഇവിടെ ശ്രദ്ധേയമാണ്‌. ഇത്ര ആസൂത്രിതമായ നിർമാണയത്‌നം ഈ ഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകള്‍ക്കുശേഷം മാത്രമാണ്‌ പിന്നീടുണ്ടാകുന്നത്‌. മറ്റൊന്ന്‌, ഇതിന്റെ ഒറ്റപ്പെട്ട സ്വഭാവമാണ്‌. ബി.സി. 2000-ത്തോടുകൂടി ഈ സംസ്‌കാരം നാമാവശേഷമായി. അതിനുശേഷം വളരെ കാലത്തേക്ക്‌ ഭാരതത്തിൽവാസ്‌തുവിദ്യാരംഗത്ത്‌ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. തികച്ചും സ്വതന്ത്രവും നവീനവുമായ ഒരു ശൈലി പിന്നീടുണ്ടാകുന്നത്‌ ആര്യന്മാരുടെ വരവോടുകൂടിയാണ്‌. ഇവരുടെ ഗ്രാമീണജീവിതത്തിനുതകുന്ന, മരം, മുള, ഈറ തുടങ്ങിയവകൊണ്ടുള്ള ഭവന നിർമാണശൈലി പുതിയൊരു മാർഗത്തിന്റെ തുടക്കം കുറിച്ചു; ചുടുകട്ടയും കല്ലുംകൊണ്ടുള്ള വാസ്‌തുനിർമാണത്തിൽ ഈ പുതിയ രീതികൂടി കലർന്നപ്പോള്‍ നേരത്തേയുണ്ടായിരുന്ന മരപ്പണിയിൽ പ്രാധാന്യമർഹിക്കുന്ന ചില പുതിയ സങ്കേതങ്ങള്‍ രൂപംപ്രാപിച്ചു. മുഖ്യമായും കാർഷികവൃത്തി സ്വീകരിച്ചിരുന്ന ആര്യന്മാർക്ക്‌ ഗ്രാമം സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകമായിരുന്നു. വൈദികകാലമെന്നു വിശേഷിപ്പിക്കപ്പെട്ടുവരുന്ന ഇവരുടെകാലത്തെ ഗ്രാമങ്ങള്‍ക്കെല്ലാം പൊതുവായ ഒരു ബാഹ്യരൂപം ഉണ്ടായിരുന്നുവെന്നത്‌ ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. പൊതുവേ ദീർഘചതുരാകൃതിയിലുള്ള ഗ്രാമങ്ങള്‍ക്കുചുറ്റും ഒരു പ്രത്യേകതരം വേലി (ുമഹശമെറല) നിർമിച്ചിരുന്നു. കുത്തനെയുള്ള തൂണുകള്‍, അവയിലൂടെ കോർത്തെടുത്ത മുളകള്‍, തൂണുകള്‍ക്കുമുകളിലായി മേല്‌പലക ഇവയായിരുന്നു വേലിയുടെ ഭാഗങ്ങള്‍. ഗ്രാമത്തിലേക്ക്‌ നാല്‌ പ്രധാന ദിശകളിൽനിന്നും പ്രവേശനദ്വാരങ്ങള്‍ ഉണ്ടായിരുന്നു.

വീടുകള്‍ വൃത്താകൃതിയിലോ ദീർഘചതുരാകൃതിയിലോ, ഇവരണ്ടും ചേർന്നുള്ള ആകൃതിയിലോ ആയിരുന്നു. മേല്‌പുരയുണ്ടാക്കാന്‍ മരക്കൊമ്പുകള്‍ വളച്ച്‌ മുകളിൽകൂടി കെട്ടുകയായിരുന്നു പതിവ്‌. ഗ്രാമകവാടം ആദ്യകാലത്ത്‌ ബൗദ്ധശൈലിയിലെ തോരണത്തിന്റെയും, പിന്നീട്‌ ശ്രീകോവിലിലേക്കുള്ള പ്രവേശനദ്വാരത്തിന്റെയും പ്രതീകമായി രൂപാന്തരപ്പെട്ടു. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വാസ്‌തുവിദ്യയിലും ഇതിന്റെ സ്വാധീനം പിന്നീട്‌ ദൃശ്യമായി.

മൗര്യരാജാക്കന്മാരുടെ കാലത്ത്‌ വാസ്‌തുവിദ്യയ്‌ക്ക്‌ അഭികാമ്യമായ വികാസം സിദ്ധിച്ചു. പാടലീപുത്രത്തിന്റെ വാസ്‌തുവിദ്യാപരമായ പ്രത്യേകതകളുടെ ചിത്രം മെഗസ്‌തനീസിന്റെ വിവരണങ്ങളിൽനിന്നു ലഭിക്കുന്നുണ്ട്‌. നിർമാണവസ്‌തു പ്രധാനമായും മരമായിരുന്നു. രാജധാനി അനേകം തൂണുകളുള്ള മണ്ഡപങ്ങള്‍ നിറഞ്ഞതായിരുന്നു. കനത്ത ദാരുസ്‌തംഭങ്ങളിൽ സസ്യജന്തുജാലങ്ങളുടെ രൂപങ്ങള്‍ കൊത്തി വർണത്തകിടുകള്‍ കൊണ്ടു പൊതിഞ്ഞ്‌ മോടിപിടിപ്പിക്കുന്നതിൽ അവർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

പ്രധാന നിർമാണവസ്‌തു ഗംഗാതടത്തിൽ അന്ന്‌ സുലഭമായിരുന്ന തേക്ക്‌ ആയിരുന്നു. മരത്തിന്റെ എല്ലാ പ്രത്യേകതകളും മനസ്സിലാക്കി സംരചനാഭാഗങ്ങള്‍ക്ക്‌ രൂപംനല്‌കാനുള്ള വൈദഗ്‌ധ്യം അന്നത്തെ ശില്‌പികള്‍ക്കുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു നിർമാണരീതി വളവുകൂര(്‌മൗഹ)കേളുടെതാണ്‌. മരം വളച്ചെടുത്ത്‌ ഒരു പഞ്‌ജരമുണ്ടാക്കി അവയ്‌ക്കിടയിൽ പലകകള്‍ നിരത്തിയാണ്‌ ഇവയുടെ മേല്‌പുര നിർമിച്ചിരുന്നത്‌. സ്‌തംഭങ്ങളും തുലാങ്ങളും ഉചിതമായ അനുപാതത്തിൽ ആവശ്യമായ ഭാരസംവഹനശേഷിയുള്ളവയായിരുന്നു. വൈദികകാലത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും നിർമാണവസ്‌തു എന്ന നിലയിൽ ശിലകള്‍ക്കു വളരെയധികം അംഗീകാരം ലഭിച്ചുതുടങ്ങി. നാലഞ്ചു നൂറ്റാണ്ട്‌ കഴിഞ്ഞുമാത്രമേ ശിലാസംരചനയ്‌ക്ക്‌ തനതായ ഒരു ശൈലി ഉണ്ടായുള്ളു. അതുവരെ മരപ്പണികളുടെ രീതികള്‍ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ്‌ ശില്‌പികള്‍ ചെയ്‌തുവന്നത്‌. വൈദികകാലത്തെത്തുടർന്ന്‌ ബി.സി. 6-ാം ശ.മായപ്പോഴേക്കും ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ വഴിത്താരകള്‍ തെളിയുകയും ജൈനബുദ്ധമതങ്ങള്‍ ആവിർഭവിക്കുകയും ചെയ്‌തു. ഏതൽക്കാലത്തുതന്നെ വലിയ സംസ്ഥാനങ്ങളും രാജ്യങ്ങളും രൂപമെടുത്തു. ഇവയെല്ലാം കലയുടെയും കരകൗശലത്തിന്റെയും വാസ്‌തുവിദ്യയുടെയും വികാസത്തിന്‌ അനുകൂലമായ സാഹചര്യമുണ്ടാക്കി. മഗധരാജ്യം ഒരു സാമ്രാജ്യശക്തിയായി വളർന്ന കാലഘട്ടംമുതൽ ഇന്ത്യയിലെ കലയുടെയും കരകൗശലത്തിന്റെയും വാസ്‌തുവിദ്യയുടെയും എല്ലാം തുടർച്ചയായ ചരിത്രം ഇന്ന്‌ ലഭ്യമാണ്‌. മരപ്പണിയിൽനിന്നും ഇഷ്‌ടികകളും കല്ലുകളും ഉപയോഗിച്ചുള്ള വാസ്‌തുനിർമാണത്തിലേക്കുള്ള പരിവർത്തനം ക്രമപ്രവൃദ്ധമായിരുന്നു. നിർമാണത്തിനുപയോഗിക്കുന്ന പദാർഥങ്ങളുടെ സ്വഭാവവും അനുയോജ്യതയും അവയെ യുക്തിസഹമായി പ്രയോഗിക്കുവാനുള്ള വൈദഗ്‌ധ്യവും നീണ്ടകാലത്തെ പ്രയോഗശിക്ഷണത്തിൽ കൂടിയാണ്‌ നേടിയെടുത്തതെന്നിരിക്കിലും ആ രംഗത്ത്‌ ചരിത്രത്തിന്റെ ആദിമകാലത്ത്‌ ഭാരതീയർക്കുണ്ടായ നേട്ടം അദ്‌ഭുതാവഹമാണ്‌.

രാജ്യങ്ങളുടെ വിസ്‌തൃതി വർധിച്ചതോടുകൂടി നഗരങ്ങളുടെ എച്ചവും വ്യാപ്‌തിയും വർധിച്ചു. സാമൂഹ്യ ജീവിതത്തിൽ നഗരങ്ങള്‍ക്ക്‌ ഗണ്യമായ പ്രാധാന്യവും സിദ്ധിച്ചു. ഭാഗികമായെങ്കിലും അവശേഷിച്ചിട്ടുള്ള പ്രാചീന നഗരങ്ങളിലെ പഴക്കംചെന്ന പ്രാകാരങ്ങളിലും മന്ദിരങ്ങളിലും പ്രാചീനകൃതികളിലെ നഗരവർണനകളിലും പുരാതത്വഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള അറിവുകളിലുംനിന്ന്‌ ഭാരതീയരുടെ പൂർവകാല വാസ്‌തുവിദ്യാകുശലതയെക്കുറിച്ച്‌ കൂടുതൽ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്‌. അതുപോലെ ബുദ്ധമതഗ്രന്ഥങ്ങള്‍, കൗടല്യന്റെ അർഥശാസ്‌ത്രം, ഇതിഹാസങ്ങള്‍, വൈദേശികരായ സഞ്ചാരികളുടെ കുറിപ്പുകള്‍ തുടങ്ങിയവയിൽനിന്ന്‌ ഭാരതീയ വാസ്‌തുവിദ്യയുടെ പല സവിശേഷതകളെക്കുറിച്ചും അറിയാന്‍ കഴിയുന്നുണ്ട്‌.

ഭാറൂത്‌, സാഞ്ചി, മഥുര, അമരാവതി, നാഗാർജുനക്കൊണ്ട തുടങ്ങിയ സ്ഥലങ്ങളിലെ ചുവർചിത്രങ്ങള്‍, അതിപ്രാചീനകാലത്തെ ഇന്ത്യന്‍ വാസ്‌തുവിദ്യയുടെയും കരവിരുതിന്റെയും ഉദാത്ത ഭാവങ്ങളെയാണ്‌ നിദർശിപ്പിക്കുന്നത്‌. ശിലാനിർമിതികളിൽപോലും തടിയിലെ പണികള്‍ അനുകരിച്ചിരുന്നുവെന്നത്‌ ഒരു പ്രത്യേകതാണ്‌. ചില കെട്ടിടങ്ങളിലെ അലങ്കാരപ്പണികള്‍ കണ്ടാൽ അവ കല്ലിൽ കൊത്തിയതാണെന്നു പറയുക വിഷമമാണ്‌. തടിപ്പണികളോട്‌ അത്രമാത്രം തുല്യതവഹിക്കുന്ന രീതിയിലാണ്‌ കല്ലിലും പണിചെയ്യപ്പെട്ടിരിക്കുന്നത്‌.

നാഗരികതയുടെയും സാമൂഹികജീവിതത്തിന്റെയും സ്വാധീനത്തിന്‌ വിധേയമായി വികസിക്കുകയും പുരോഗമിക്കുകയും ചെയ്‌ത വാസ്‌തുവിദ്യ മറ്റൊരു വശത്ത്‌ മതത്തിന്റെയും ആരാധനയുടെയും സ്വാധീനത്തിന്‌ വിധേയമായി. ഇന്ത്യന്‍ വാസ്‌തുശില്‌പികളുടെ പ്രതിഭാവിലാസം മുഴുവന്‍ ഉദാരമായി പ്രതിഫലിപ്പിക്കപ്പെട്ടിട്ടുള്ളത്‌ ഇവിടെ ആണ്‌. പ്രാധാന്യമർഹിക്കുന്ന പല രചനാവിലാസങ്ങള്‍ക്കും അവർ രൂപംനല്‌കുകയും വികസിപ്പിച്ച്‌ പരിപൂർണതയിൽ എത്തിക്കുകയും ചെയ്‌തു. ബുദ്ധ, ജൈനമതങ്ങളുടെ ആവിർഭാവവും ഹിന്ദുമതത്തിലെ ചേരിതിരിവുകളും വാസ്‌തുവിദ്യയുടെ പുരോഗതിക്കും വികാസത്തിനും കാര്യമായ ഉത്തേജനം നല്‌കി. ബുദ്ധമതം ഇഷ്‌ടികയും കല്ലും ഉപയോഗിച്ചുള്ള സ്‌തൂപങ്ങളുടെയും ചൈത്യവിഹാരങ്ങളുടെയും സംഘാരാമങ്ങളുടെയും നിർമാണത്തിനു പ്രാമുഖ്യം നല്‌കി. ജൈനരുടെ ആദ്യകാല ശ്രീകോവിലുകള്‍ നശിപ്പിക്കപ്പെട്ടുപോയെങ്കിലും അവരുടെ ഗുഹാസങ്കേതങ്ങള്‍ പലതും ഇന്നവശേഷിക്കുന്നുണ്ട്‌. ഭക്തിപ്രസ്ഥാനം വിഗ്രഹങ്ങളുടെ നിർമാണത്തിനും അവ പ്രതിഷ്‌ഠിച്ച്‌ ആരാധനനടത്തുന്നതിനുള്ള ക്ഷേത്രങ്ങളുടെ നിർമാണത്തിനും വഴിതെളിച്ചു. നൂറ്റാണ്ടുകള്‍ നിലനിന്ന നിരവധി മഹാക്ഷേത്രങ്ങളുടെയും ഗുഹാമന്ദിരങ്ങളുടെയും നിർമാണവും ഇന്ത്യന്‍വാസ്‌തുവിദ്യയുടെ ചരിത്രത്തിൽ വഴിത്തിരിവുകള്‍ സൃഷ്‌ടിച്ചു. ഏതാണ്ട്‌ മൂന്നുനാല്‌ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മധ്യകാലയുഗം ഇന്ത്യന്‍ വാസ്‌തുവിദ്യയിൽ വൈദേശികസ്വാധീനം വിപുലമായ തോതിൽ നടമാടുന്നതിനുള്ള തുടക്കം കുറിച്ചു. മുസ്‌ലിം ഭരണാധികാരികളുടെ വരവോടുകൂടിയാണിത്‌ തുടങ്ങുന്നത്‌. സാരസന്‍ ശില്‌പകലയുടെയും വാസ്‌തുവിദ്യയുടെയും അതിപ്രസരം ഇന്ത്യന്‍ ശില്‌പകലയിലും വാസ്‌തുവിദ്യയിലും കാവ്യാത്മകമായ ഒരു പരിവർത്തനമുണ്ടാക്കി. കൂടുതൽ ഭാവോജ്ജ്വലങ്ങളായ നിരവധി മന്ദിരങ്ങളുടെയും സ്‌മാരകങ്ങളുടെയും നിർമാണത്തിന്‌ ഇത്‌ വഴിതെളിച്ചു. കല്ലും മരവും മാത്രമല്ല മാർബിളും രത്‌നങ്ങളും ലോഹങ്ങളും വാസ്‌തുശില്‌പങ്ങളെ അലങ്കരിച്ചു. പോർച്ചുഗീസുകാരുടെ ആഗമനത്തോടുകൂടി ആരംഭിക്കുന്ന ആധുനികകാലം പാശ്ചാത്യ വാസ്‌തുശില്‌പങ്ങളുടെ, പ്രത്യേകിച്ചും യവന-ഗോഥിക്‌ വാസ്‌തുശൈലികളുടെ നേർക്കുള്ള ആഭിമുഖ്യം വളർത്തിയെടുത്തു. ഇന്ന്‌ ഇന്ത്യന്‍ വാസ്‌തുവിദ്യ ആധുനിക സാങ്കേതിക പരിജ്ഞാനത്തിന്റെയും ആധുനികകലയുടെയും സത്ത ഉള്‍ക്കൊണ്ട്‌ നാള്‍ക്കുനാള്‍ പരിവർത്തനവിധേയമായിക്കൊണ്ടിരിക്കയാണ്‌; പക്ഷേ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ സംബന്ധിച്ചിടത്തോളം പരമ്പരാഗതമായ പ്രാദേശികശൈലികളുടെ മൗലികഭാവം ഗണ്യമായ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നുകൊണ്ടിരിക്കുന്നു. ഈ പ്രവണതകള്‍തമ്മിലുള്ള സംയോജനത്തിലൂടെ ആധുനികമായ ഒരു ഭാരതീയ വാസ്‌തുശൈലിക്കു രൂപം നല്‌കുക എന്നതാണ്‌ ഇന്നത്തെ വാസ്‌തുവിദ്യാവിദഗ്‌ധർ നേരിടുന്ന പ്രശ്‌നം.

ശില്‌പകല

ഭാരതീയർ അതിപ്രാചീനകാലം മുതൽക്കേ ശില്‌പകലയിൽ താത്‌പര്യം കാട്ടിവന്നിരുന്നു. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങള്‍ വരയ്‌ക്കുന്നതിൽ മാത്രമല്ല കളിമച്ചിലും തടിയിലും ആവിഷ്‌കരിക്കുന്നതിലും അവർ വിദഗ്‌ധരായിരുന്നു. തടിയിലുള്ളവ കാലത്തിന്റെ കെടുതികളെ അതിജീവിച്ചിട്ടില്ല. കളിമച്ചിലുണ്ടാക്കി ചുട്ടെടുത്ത അതിപ്രാചീനമെന്ന്‌ കരുതാവുന്ന പ്രതിമകളും പില്‌ക്കാലത്ത്‌ കല്ലിലും ഓടിലും നിർമിച്ച പ്രതിമകളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. കൂടാതെ ഇഷ്‌ടികകളിൽ വരച്ചും ചുരണ്ടിയും കൊത്തിയെടുത്ത പ്രതിമകളും ലഭിച്ചിട്ടുണ്ട്‌. ഇവയിൽ കാളയുടെയും മറ്റും രൂപങ്ങളാണ്‌ മുഖ്യമായും കണ്ടുവരുന്നത്‌. ഹാരപ്പയിൽനിന്ന്‌ കണ്ടെടുത്തിട്ടുള്ള പ്രതിമകളുടെ നിർമാണശൈലി ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിന്റെ ഉത്തരാർധത്തിലേതാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. തുടർന്നുള്ള മൗര്യന്മാരുടെ കാലത്തെ കല്ലിലും ലോഹത്തിലും നിർമിക്കപ്പെട്ട പ്രതിമകളിലധികവും മതപരമായ പ്രാധാന്യമുള്ളവയായിരുന്നു. അശോകസ്‌തംഭശീർഷങ്ങളിലെ മൃഗരൂപങ്ങളെപ്പോലെ ഭാറൂത്‌, സാഞ്ചി എന്നിവിടങ്ങളിലെ ഗോപുരങ്ങളിലും ഖണ്ഡഗിരി, ഉദയഗിരി, ഭാജാ തുടങ്ങി ഇന്ത്യയുടെ പടിഞ്ഞാറ്‌ കണ്ടെത്തിയിട്ടുള്ള ഗുഹാക്ഷേത്രങ്ങളുടെ മുകപ്പുകളിലും ഉള്ളറകളിലും കാണുന്ന മൃഗരൂപങ്ങളും രാമ്പൂർവാ സ്‌തൂപത്തിന്റെ മുകളിലുള്ള ഋഷഭശീർഷവും സിന്ധുതടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ജന്തുരൂപങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്‌. പാരസികവും യവന-പാരസികവുമായ കലാരൂപങ്ങളോട്‌ ശൈലീപരമായ ബന്ധം പുലർത്തുന്നവയാണിവയെന്ന്‌ തോന്നിപ്പോകും.

മൗര്യന്മാർക്ക്‌ ശേഷമുള്ള കാലഘട്ടത്തിലെ ഉത്തരേന്ത്യ ശിലാശില്‌പങ്ങള്‍ക്ക്‌ പൊതുവേ മൗലികമായി ചില സാധർമ്യങ്ങളുണ്ട്‌. അവയെല്ലാം പരസ്‌പരം ബന്ധപ്പെട്ടവയും ഒന്നിന്റെ സവിശേഷതകളിൽനിന്നും മറ്റൊന്നിന്റെ പ്രത്യേകത അനുമാനിക്കാവുന്നവിധം സാങ്കേതികവും ശൈലീപരവുമായ ഐക്യം ഉള്‍ക്കൊള്ളുന്നവയുമാണ്‌. വിഗ്രഹനിർമാണം. ആരാധനയ്‌ക്കായി ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ നിർമിക്കുന്ന പതിവ്‌ വൈദികകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ ആര്യന്മാർക്കിടയിൽ നിലവിലില്ലായിരുന്നു. എന്നാൽആര്യന്മാർക്കു മുമ്പുതന്നെ ഇന്ത്യയെ അധിവസിച്ചിരുന്ന ചില ജനവർഗങ്ങള്‍ക്കിടയിൽ വിഗ്രഹാരാധന നിലവിലുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ബുദ്ധമതത്തിന്റെ പ്രചാരത്തോടുകൂടിയാണ്‌ ഇന്ത്യയിലെ ശില്‌പകല വികാസം പ്രാപിച്ചത്‌. വാസ്‌തവത്തിൽ ബുദ്ധമതം ആദ്യകാലത്ത്‌ ബുദ്ധദേവന്റെ രൂപം ആരാധ്യമൂർത്തിയായി സ്വീകരിച്ചിരുന്നില്ല. ബുദ്ധന്‌ ദൈവികത്വം കല്‌പിക്കപ്പെട്ടുകഴിഞ്ഞും കുറേകാലത്തേക്ക്‌ മനുഷ്യരൂപത്തിലുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രതിരൂപാത്മകമായ ഒരു ചിത്രണസമ്പ്രദായമായിരുന്നു അന്ന്‌ സ്വീകരിച്ചിരുന്നത്‌. ബോധിവൃക്ഷച്ചുവട്ടിലെ പദ്‌മാസനം, പാദമുദ്രകള്‍, സ്‌തൂപം തുടങ്ങിയ പ്രതിരൂപങ്ങള്‍ മുഖേന ബുദ്ധനെ അനുസ്‌മരിക്കുക; അഥവാ, ഈ പ്രതിരൂപങ്ങളിൽകൂടി ബുദ്ധദേവനെ ദർശിക്കുക എന്നതായിരുന്നു അന്നത്തെ കലാസങ്കേതങ്ങളുടെ പ്രത്യേകത. ആദ്യകാല ബുദ്ധകലയുടെ ഈ സാങ്കേതികശൈലി ഭാറൂത്‌, സാഞ്ചി, അമരാവതി എന്നിവിടങ്ങളിൽനിന്നു കിട്ടിയിട്ടുള്ള ബൗദ്ധകലാവശിഷ്‌ടങ്ങളിൽ തെളിഞ്ഞുകാണാം. ബുദ്ധന്റെ പൂർണകായ പ്രതിമാശില്‌പങ്ങള്‍ എന്നു മുതൽക്ക്‌ നിർമിച്ചുതുടങ്ങിയെന്നതിനെക്കുറിച്ച്‌ ഭിന്നാഭിപ്രായമുണ്ട്‌. ഗാന്ധാരത്തിൽ വസിച്ചിരുന്ന യവനശില്‌പികളാണ്‌ ബുദ്ധവിഗ്രഹങ്ങള്‍ ആദ്യമായി കൊത്തിയുണ്ടാക്കിയതെന്ന്‌ സിദ്ധാന്തിക്കുന്നവരുണ്ട്‌; എന്നാൽ മഥുരക്കാരായ ശില്‌പികളാണ്‌ ഈ സമ്പ്രദായം ആരംഭിച്ചതെന്ന്‌ ചിലർ വാദിക്കുന്നു. ഏതാണ്ട്‌ ഒരേകാലത്തുതന്നെ രണ്ടിടത്തും വിഗ്രഹനിർമാണം ആരംഭിച്ചിരിക്കാമെന്ന്‌ അനുമാനിക്കപ്പെടുന്നു; എ.ഡി. 3-ാം ശ.-ത്തോടുകൂടി ആരംഭിച്ചുവെന്നാണ്‌ പണ്ഡിതമതം. ബുദ്ധജൈനമതങ്ങളെത്തുടർന്ന്‌ ബ്രാഹ്മണാധിപത്യത്തിന്റെ നവോത്ഥാനത്തോടുകൂടിയാണ്‌ വിഗ്രഹനിർമാണം കൂടുതൽ പ്രബലമാകുന്നത്‌. ഗുപ്‌തരാജാക്കന്മാരുടെകാലത്ത്‌ പ്രതിമാനിർമാണകല ഏറ്റവുമധികം വികസിക്കുകയും ഉയർന്ന കലാമൂല്യങ്ങളുള്ള പ്രതിമകള്‍ ധാരാളമായി നിർമിക്കപ്പെടുകയും ചെയ്‌തു. പ്രതിമാനിർമാണകലയുടെ നിയമസംഹിത നിലവിൽ വന്നത്‌ ഈ കാലഘട്ടത്തിലാണ്‌.

ഗുപ്‌തകാലം. ഗുപ്‌തകാല ശില്‌പങ്ങളെ ഭാരതീയ ശില്‌പകലയിലെ പില്‌ക്കാല ധാരകളുടെ സ്രാതസ്സായി പരിഗണിക്കാം. ജനങ്ങളുടെ ബുദ്ധിപരവും ആധ്യാത്മികവുമായ സങ്കല്‌പങ്ങളെ ബോധപൂർവം ആവിഷ്‌കരിക്കുവാന്‍ ഉതകുംവിധം പുതിയ ഒരു സൗന്ദര്യസങ്കല്‌പം ഉരുത്തിരിഞ്ഞുവന്നു. ഈ കാലഘട്ടത്തിലെ ശില്‌പങ്ങള്‍ യുവ മനുഷ്യശരീരത്തിന്റെ ആകാരസവിശേഷതകളെ വ്യക്തമാക്കുന്നവിധം ഏറിയകൂറും നില്‌ക്കുന്നതോ ഇരിക്കുന്നതോ ആയ അവസ്ഥയെ പ്രതിനിധാനം ചെയ്‌തിരുന്നു. ശില്‌പങ്ങളിൽ വസ്‌ത്രങ്ങളുടെ ചുളിവുകളും വടിവുകളും വിന്യസിച്ചിരുന്നത്‌ അവകൊണ്ടു മറയ്‌ക്കപ്പെടേണ്ട ശരീരഭാഗങ്ങള്‍ക്ക്‌ കൂടുതൽ മിഴിവും ആകർഷകത്വവും നല്‌കുന്ന വിധത്തിലായിരുന്നു. ആദ്യകാല ശില്‌പങ്ങളിൽ അവ പ്രതിനിധാനം ചെയ്‌തിരുന്ന ദേവതകള്‍ക്ക്‌ ഓരോരുത്തരുടെയും സ്വഭാവത്തിനനുസൃതമായ ഇരിപ്പും ഭാവവും മുദ്രകളും നല്‌കപ്പെട്ടിരുന്നു. പ്രധാന മുദ്രകള്‍ അഭയം, വരദം, ധ്യാനം എന്നിവയായിരുന്നു. മുസ്‌ലിം ഭരണകാലത്ത്‌ മതപരമായ കാരണങ്ങളാൽ പ്രതിമാനിർമാണത്തെ ഭരണാധികാരികള്‍ എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്‌തു; പകരം വാസ്‌തുവിദ്യയ്‌ക്ക്‌ പ്രാധാന്യം നല്‌കി.

ആധുനികകാലം. വളർച്ച മുട്ടിയനിലയിൽ കഴിഞ്ഞ ഇന്ത്യന്‍ശില്‌പകലയ്‌ക്ക്‌ പുനരുത്ഥാനം ഉണ്ടാകുന്നത്‌ ആംഗലഭരണകാലത്താണ്‌. തുടർന്ന്‌ ആധുനിക കലയുടെ വിശ്വവ്യാപകമായ മുന്നേറ്റത്തിന്റെ ഭാഗമായി 20-ാം ശ.-ത്തിന്റെ തുടക്കം മുതൽ ശില്‌പകലയ്‌ക്ക്‌ ഒരു നവോന്മേഷം കൈവന്നു. ഇന്ന്‌ ഇന്ത്യയിൽ മറ്റു കലകള്‍ക്കൊപ്പം ശില്‌പകലയ്‌ക്കും അംഗീകാരം സിദ്ധിച്ചിട്ടുണ്ട്‌.

ചിത്രകല

ചിത്രരചനയിൽ സയുക്തികമായ സൗന്ദര്യാവിഷ്‌കരണമെന്ന ലക്ഷ്യം പ്രാചീന ഭാരതത്തിന്റേതായി ലഭിച്ചിട്ടുള്ള രേഖാചിത്രങ്ങളിൽ കാണുവാന്‍ കഴിയുന്നില്ലെങ്കിലും രചനാചാതുരി ഉള്‍ക്കൊണ്ട മാന്ത്രികപ്രധാനമായ ചുവർചിത്രങ്ങള്‍ ഗുഹാഭിത്തികളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്‌. താമ്രശിലായുഗകാലഘട്ടത്തിലെ സിന്ധുതടവാസികളുടെതായി ലഭിച്ചിട്ടുള്ള മണ്‍പാത്രങ്ങളിൽ അലങ്കാരാർഥം വരച്ചിട്ടുള്ള സസ്യത്തലപ്പുകളും ജ്യാമിതീയരൂപങ്ങളും കാണാം. കലാമൂല്യമുള്ള ക്രിയാത്മകചിത്രങ്ങളിൽ ഏറ്റവും പ്രാചീനമെന്ന്‌ കരുതാവുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്‌തിട്ടുള്ള രണ്ടു മണ്‍പാത്രശകലങ്ങള്‍ അടുത്തകാലത്ത്‌ നോവസിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌ ഒരു നായയുടേതും മറ്റേത്‌ വളഞ്ഞകൊമ്പുള്ള മാന്‍കിടാവിന്റേതുമാണ്‌.

ക്രിസ്‌തുവർഷാരംഭത്തിനു മുമ്പുണ്ടായിട്ടുള്ള സാഹിത്യകൃതികളിൽ ചിത്രകലയെയും അതിന്റെ വിവിധശാഖകളെയും സങ്കേതങ്ങളെയുംകുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്‌. ചിത്രഗൃഹം, ലേഖ്യചിത്രം, ധൂളീചിത്രം തുടങ്ങിയ പ്രസ്‌താവനകള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ചിത്രങ്ങള്‍ സംരക്ഷിച്ചിട്ടുള്ള ചിത്രാലയമാണ്‌ ചിത്രഗൃഹം. ലേഖ്യചിത്രം ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കി തുണിയിലുംമറ്റും നിറമുള്ള വരകള്‍കൊണ്ട്‌ രചിക്കപ്പെടുന്നതാണ്‌. അരിപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയ പൊടികള്‍കൊണ്ട്‌ പ്രതലങ്ങളിൽ വരയ്‌ക്കപ്പെടുന്നവയാണ്‌ ധൂളീചിത്രങ്ങള്‍. വരയ്‌ക്കുന്ന പ്രതലത്തിന്റെയും ഉപയോഗിക്കുന്ന പദാർഥത്തിന്റെയും രചനാസങ്കേതങ്ങളുടെയും അടിസ്ഥാനത്തിൽ ചിത്രങ്ങളെ തരംതിരിക്കുമാറ്‌ വികാസം പ്രാപിച്ചുകഴിഞ്ഞ ഒരു ചിത്രകലാപ്രസ്ഥാനം ചരിത്രാരംഭകാലത്തുതന്നെ ഭാരതത്തിൽ നിലവിലുണ്ടായിരുന്നതായി പുരാണേതിഹാസങ്ങളിലെ പരാമർശങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നതാണ്‌. വാത്സ്യായനന്റെ കാമസൂത്രത്തിൽ ചിത്രരചനയെക്കുറിച്ചും അതിനാവശ്യമായ തൂലികകള്‍, വച്ചുവരയ്‌ക്കാനുള്ള പലക തുടങ്ങിയ ഉപകരണങ്ങളെക്കുറിച്ചും പ്രസ്‌താവിക്കുന്നുണ്ട്‌.

ഏതാണ്ട്‌ ഈ കാലഘട്ടത്തിൽതന്നെ ചൈനയിലെ ചിത്രരചനാസങ്കേതങ്ങളുമായുള്ള സമ്പർക്കം ഭാരതീയചിത്ര രചനാശൈലിയെ സമ്പുഷ്‌ടമാക്കിയിട്ടുണ്ടാവുമെന്നു കരുതിപ്പോരുന്നു. ഇന്ത്യന്‍ ക്ലാസ്സിക്‌ ചിത്രകലയുടെ സിദ്ധാന്തപരവും സാങ്കേതികസൗന്ദര്യനിരീക്ഷണപരവുമായ നിയമസംഹിതകള്‍ രൂപംകൊണ്ടതും ഏതാണ്ട്‌ ഇതേ കാലഘട്ടത്തിലാണ്‌. എ.ഡി. അഞ്ചും ആറും നൂറ്റാണ്ടുകാലത്ത്‌ മൂർത്തമായിത്തീർന്ന ഭാരതീയചിത്രകലാസങ്കേതത്തെ ഉദാഹരിക്കുന്നവയാണ്‌ അജന്തയിലെയും എല്ലോറയിലെയും മറ്റും ഗുഹാചിത്രങ്ങള്‍.

മുസ്‌ലിംഭരണകാലത്ത്‌ കാശ്‌മീർ മുതൽ ഡക്കാണ്‍പ്രദേശം വരെ അവർക്ക്‌ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനശക്തി മുസ്‌ലിം ദേവാലയങ്ങളിലും സ്‌മാരകമന്ദിരങ്ങളിലും കാണുവാന്‍ കഴിയുന്ന ഖുറാന്‍ ലിഖിതങ്ങളുടെ വടിവിലും അലങ്കാരാർഥമുള്ള വർണാലംകൃത ലതാവലികളുടെ രചനയിലും നിഴലിക്കുന്നു. അതേസമയം തീക്ഷ്‌ണങ്ങളും വർണോജ്ജ്വലങ്ങളും ലാളിത്യംകൊണ്ട്‌ സർവഥാ ആകർഷകങ്ങളുമായ ഹ്രസ്വചിത്ര (Miniature) രചനാസമ്പ്രദായം പരിപോഷിപ്പിക്കപ്പെട്ടതും ഇക്കാലത്താണ്‌. മുഗള്‍ ചിത്രകലയുടെ ഈ സംഭാവന രാജസ്ഥാന്‍, ബംഗാള്‍, ദക്ഷിണേന്ത്യന്‍ ചിത്രകലകളെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. വിക്‌റ്റോറിയന്‍ കാലഘട്ടത്തോടുകൂടി പാശ്ചാത്യ ചിത്രരചനാസമ്പ്രദായം ദക്ഷിണേന്ത്യയിലും ബംഗാളിലും വ്യാപിച്ചു. കേരളത്തിൽ രാജാരവിവർമയാണ്‌ ഈ രചനാസമ്പ്രദായം കൈകാര്യം ചെയ്‌തു പ്രശ്‌സതിയാർജിച്ചത്‌. ഇന്ന്‌ ആധുനികകലയുടെ അതിപ്രസരം മുന്നിട്ടുനില്‌ക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും മികച്ച കലാകാരന്മാർ വിശ്വപ്രശസ്‌തിയുടെ സാക്ഷ്യപത്രങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ശില്‌പകലയ്‌ക്കെന്നതിലുപരി പ്രാധാന്യം ചിത്രകലയ്‌ക്ക്‌ ഇന്ന്‌ കൈവന്നിട്ടുണ്ട്‌. വാണിജ്യമേഖലയിലും പരസ്യ കമ്പോളത്തിലും ചിത്രരചനയ്‌ക്കുള്ള സ്വാധീനശക്തി അനുദിനം വർധിച്ചുവരുന്നു.

കരകൗശലം

കരകൗശലവിദ്യയിൽ ഇന്ത്യയ്‌ക്ക്‌ അതിപ്രാചീനമായ പാരമ്പര്യമാണുള്ളത്‌. വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, ദാരുശില്‌പങ്ങള്‍, ലോഹവസ്‌തുക്കള്‍, ദന്തംകൊണ്ടുള്ള കൗതുകവസ്‌തുക്കള്‍, കളിമണ്‍പാത്രങ്ങള്‍ മുതലായ വസ്‌തുക്കളുടെ നിർമാണകാര്യത്തിൽ നല്ല കരവിരുത്‌ ഭാരതീയർ വളരെ നേരത്തേതന്നെ നേടിയിരുന്നു. വർണലേപനത്തിലൂടെ ഇവയ്‌ക്കു സൗന്ദര്യവും ചൈതന്യവും പകരാനുള്ള ഉപാധികളും സാർവത്രികമായി പരിചയത്തിലുണ്ടായിരുന്നു.

ഇന്ത്യന്‍പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പരിമിതികളില്ലാത്ത ഒരു ലോകമാണുള്ളത്‌. അവയിൽ പലതിനും ഈജിപ്‌തിലെയും ക്രീറ്റിലെയും പ്രതിമാനിർമാണശൈലികളോട്‌ അടുത്ത ബന്ധം ഉള്ളതായി വ്യക്തമായിട്ടുണ്ട്‌. പൂർവ മെഡിറ്ററേനിയന്‍ മുതൽ ബംഗാള്‍വരെയുള്ള പ്രദേശങ്ങളിലെ യവന പ്രാബല്യകാലത്തുള്ള കളിമണ്‍ പ്രതിമകള്‍ക്ക്‌ ശൈലീപരമായ ഒരു ബന്ധം കാണാവുന്നതാണ്‌. വസ്‌ത്രനിർമാണം. ഏതാണ്ട്‌ രണ്ടായിരത്തിലേറെ വർഷങ്ങളായി വസ്‌ത്രനിർമാണത്തിൽ ഭാരതം ലോകത്തിലെ മറ്റുപരിഷ്‌കൃതരാജ്യങ്ങളുടെ മുന്‍പന്തിയിൽ നിന്നിരുന്നുവെന്നതിനു പല തെളിവുകളും ലഭ്യമായിട്ടുണ്ട്‌. ഋഗ്‌വേദത്തിലും മഹാഭാരതത്തിലും വില പിടിച്ച വസ്‌ത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങള്‍ കാണാം. മോഹന്‍ജൊദരോയിൽനിന്നും നിരവധി തറികളും താമ്രസൂചികളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. നെയ്‌ത്തും ചിത്രത്തുന്നലും സിന്ധുനദീതട സംസ്‌കാരത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നുവെന്ന്‌ ഇവ സ്‌പഷ്‌ടമാക്കുന്നു. നീലം, അരക്ക്‌, മഞ്ഞള്‍, കുങ്കുമം തുടങ്ങിയവയിൽനിന്നും ഉത്‌പാദിപ്പിക്കപ്പെട്ട ചായങ്ങള്‍ പ്രാചീനകാലം മുതൽ ഇന്ത്യയിൽ ഉപയോഗിച്ചുവന്നിരുന്നു. ഭിന്നവർണ മിശ്രങ്ങള്‍ ഉണ്ടാക്കുന്ന ഉപായങ്ങളും ഉപയോഗിക്കുന്ന രീതിയും ശില്‌പരത്‌നം എന്ന കൃതിയിൽ വിവരിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ മൗലികവർണങ്ങള്‍ മാത്രമാണുപയോഗിച്ചിരുന്നത്‌. ഇന്നും ആദിവാസികള്‍ ഉണ്ടാക്കുന്ന വസ്‌ത്രങ്ങളിൽ ഈ വർണങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളു. തുണിത്തരങ്ങളിൽ മുദ്രണംചെയ്യുന്നതും ഇന്ത്യയിലെ പഴക്കംചെന്ന ഒരു കലയാണ്‌. മഹാഭാരതകാലത്തുതന്നെ ഈകല ഇന്ത്യയിൽ വികാസം പ്രാപിച്ചിരുന്നു. പ്രാചീനകാലത്തെ മുദ്രിതവസ്‌ത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത്‌ ഇന്ന്‌ മസൂലിപട്ടണം എന്നറിയപ്പെടുന്ന പ്രാചീന മസലിയായിലെ കാലിക്കോത്തുണികളായിരുന്നു. ഈ വക മുദ്രിതവസ്‌ത്രങ്ങളിലെ ചിത്രങ്ങളുടെയും വർണവിന്യാസങ്ങളുടെയും ആകർഷകത്വവും പഴക്കവും അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന ഭൂഭാഗങ്ങളിലൊക്കെയും ഇന്ത്യക്ക്‌ പ്രശസ്‌തിനേടിക്കൊടുത്തു. പില്‌ക്കാല യൂറോപ്പിൽ അറിയപ്പെട്ട വസ്‌ത്രചിത്രീകരണങ്ങളെല്ലാം ഇതിൽനിന്ന്‌ രൂപപരിണാമം പ്രാപിച്ചവയാണ്‌.

ഇതുപോലെതന്നെ പ്രാചീനമായ ഒരു വസ്‌ത്രാലങ്കാര സങ്കേതമാണ്‌ ചിത്രത്തുന്നൽ. 16-ാം ശ.-ത്തിനുമുമ്പുള്ള റേന്തവേലകള്‍ (ഹമരlace works)ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല; പക്ഷേ, പ്രാചീനശില്‌പങ്ങളിൽനിന്നും മറ്റും അവയ്‌ക്ക്‌ ഭാരതത്തിൽ പ്രചാരമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ആധുനികകാലത്ത്‌ സിന്ധിലെ റേന്തപ്പണികളിൽ പഞ്ചാബ്‌-കച്ച്‌ പ്രദേശങ്ങളിലെ തുന്നൽപ്പണികള്‍ സ്വാധീനം ചെലുത്തിവരുന്നു. ബംഗാള്‍ വളരെക്കാലം വിലപ്പെട്ട റേന്തപ്പണിത്തരങ്ങളുടെ കേന്ദ്രമായി അറിയപ്പെട്ടിരുന്നു. അവിടെ നിർമിച്ചിരുന്ന ചിത്രത്തുന്നൽത്തരങ്ങളിൽ ഏറ്റവും പ്രശസ്‌തിനേടിയിരുന്നത്‌ "കാന്ത' എന്ന പേരിലുള്ളതായിരുന്നു. കാശ്‌മീരിലും ഇത്തരം തുന്നൽവിദ്യ നിലവിലുണ്ടായിരുന്നു. പക്ഷേ, അവ ഒന്നുംതന്നെ ബംഗാളിലേതിനോടു കിടപിടിക്കത്തക്കതായിരുന്നില്ല. കാശ്‌മീരിലെ കമ്പിളിവസ്‌ത്രങ്ങളിലെ ചിത്രത്തുന്നലുകള്‍ അതിപ്രാചീനകാലംമുതൽ പ്രസിദ്ധി ആർജിച്ചവയാണ്‌. തമിഴ്‌നാട്‌, ഉത്തർപ്രദേശ്‌, കർണാടകം, അസം തുടങ്ങി, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വൈചിത്യ്രമാർന്ന തുന്നൽവേലകള്‍ പ്രചാരത്തിലിരുന്നിരുന്നു. പരുത്തി, പട്ട്‌, കമ്പിളി എന്നിവയിൽ ഓരോന്നിലുമുണ്ടാക്കപ്പെട്ട ആകർഷകവർണങ്ങളിലുള്ള നൂലുകളും സ്വർണക്കസവുനൂലും യഥോചിതം ഊടും പാവുമാക്കി തറികളിൽവച്ചുതന്നെ നെയ്‌തുണ്ടാക്കുന്ന പുഷ്‌പലതാവിന്യാസങ്ങളും ജ്യാമിതീയരൂപങ്ങളുടെ വൈവിധ്യമാർന്ന സംരചനകളും ഇന്ത്യന്‍നെയ്‌ത്തുകാരുടെ കരവിരുതിന്റെ നിദർശങ്ങളായിപ്പറയാം. വാരാണസിയിലെ പട്ട്‌-കസവ്‌ ചിത്രസീവനങ്ങള്‍ ഇന്നും ലോകപ്രസിദ്ധമാണ്‌. ഹൈദരാബാദ്‌, ഗുജറാത്ത്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ കസവുപണികള്‍ക്കും വിദേശരാജ്യങ്ങളിൽ പ്രിയം വർധിച്ചിട്ടുണ്ട്‌. കേരളത്തിലെ കൈത്തറി കസവുസാരികള്‍ക്കും വേഷ്‌ടിത്തരങ്ങള്‍ക്കും ഇന്നും ലോകകമ്പോളത്തിൽ പ്രിയം വർധിച്ചുകൊണ്ടിരിക്കുന്നു.

ആഭരണനിർമാണം. ഭാരതീയ സംസ്‌കാരത്തിൽ ആഭരണങ്ങളോടുള്ള ആഭിമുഖ്യംപോലെ ആഴത്തിൽ വേരോടിയിട്ടുള്ള മറ്റൊന്ന്‌ ഇല്ലെന്നുതന്നെ പറയാം. ചരിത്രാതീതകാലംതൊട്ട്‌ ഭാരത സ്‌ത്രീകള്‍ വിവിധരൂപത്തിലും ഇനത്തിലുമുള്ള ആഭരണങ്ങള്‍ അണിയുന്നതിൽ താത്‌പര്യം പ്രദർശിപ്പിച്ചുപോന്നിട്ടുണ്ട്‌. ചരിത്രപരമായി നോക്കിയാൽ സിന്ധുതടസംസ്‌കാരകാലംമുതൽ തന്നെ സ്വർണത്തിൽനിർമിച്ച്‌ കല്ലുകള്‍പതിച്ച മാലകള്‍, കമ്മലുകള്‍, കടുക്കന്‍, കാല്‌ത്തള, പാദസരം, ചിലമ്പ്‌ തുടങ്ങിയവ ധരിച്ചിരുന്നതായി കാണാം. ചിലപ്പതികാരം എന്ന തമിഴ്‌ മഹാകാവ്യം "ചിലമ്പ്‌' എന്ന ആഭരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌. വൈദിക കാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും മുത്തുകളും ആഭരണനിർമാണത്തിന്‌ ഉപയോഗിച്ചുതുടങ്ങി. കൂടാതെ ആഭരണത്തിന്റെ നിർമാണോപയോഗരീതികളെക്കുറിച്ച്‌ പല പ്രാചീനകൃതികളിലും പ്രസ്‌താവിച്ചുകാണുന്നുണ്ട്‌. അർഥശാസ്‌ത്രം, നാട്യശാസ്‌ത്രം തുടങ്ങി നിരവധി ഗ്രന്ഥങ്ങളിലും മെഗസ്‌തനീസിന്റെയും ഏറിയന്റെയും മറ്റും യാത്രാവിവരണങ്ങളിലും ഇന്ത്യന്‍ സ്‌ത്രീകളുടെ ആഭരണതത്‌പരതയെക്കുറിച്ച്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ചിത്രകലയും ശില്‌പകലയും പ്രാചീനകാലംതൊട്ട്‌ ഭാരതത്തിൽ നിലവിലിരുന്ന ആഭരണങ്ങളുടെ രൂപ വൈജാത്യത്തെയും, അണിയുന്ന ശരീരഭാഗങ്ങളുടെ വൈവിധ്യത്തെയും പ്രകടമാക്കുന്നു.

ദാരുശില്‌പങ്ങള്‍. ദാരുശില്‌പങ്ങളെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഋഗ്വേദംതൊട്ടുള്ള കൃതികളിൽ കാണാം. ബൃഹത്‌സംഹിതയിലും ശില്‌പശാസ്‌ത്രം തുടങ്ങിയ മറ്റു കൃതികളിലും മരം വെട്ടേണ്ടകാലം, മരം ഒരുക്കുന്നവിധം, പാകപ്പെടുത്തുന്നവിധം, ഉപകരണങ്ങള്‍ ഉണ്ടാക്കേണ്ടവിധം തുടങ്ങിയവയെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. തടിയിൽ കൊത്തുപണിചെയ്യുന്ന പതിവ്‌ വളരെ പ്രാചീനകാലംമുതലേ ഭാരതത്തിൽ നടപ്പുണ്ടായിരുന്നു. ദേവീദേവന്മാരുടെ രൂപം നിർമിക്കുന്നതിനുപയോഗിക്കാവുന്ന പദാർഥങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന കൂട്ടത്തിൽ ദാരുശില്‌പങ്ങള്‍ ഉണ്ടാക്കുന്നവിധത്തെക്കുറിച്ച്‌ ഭവിഷ്യപുരാണത്തിൽ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്‌. പ്രാചീനശിലാവിഗ്രഹ നിർമാതാക്കള്‍ യഥാർഥത്തിൽ ദാരുശില്‌പികളുടെ ചുവടുപിടിച്ചാണ്‌ ശിലയിൽ കൊത്തുപണികള്‍ ചെയ്യുവാന്‍ തുടങ്ങിയതെന്നുള്ളത്‌ ശ്രദ്ധേയമാണ്‌. ദക്ഷിണേന്ത്യയിൽ പരക്കെ പ്രചാരത്തിലിരുന്ന രഥങ്ങളും പല്ലക്കുകളും വൈവിധ്യമാർന്ന കൊത്തുപണികള്‍ കൊണ്ടു മോടിപിടിപ്പിച്ചിരുന്നു. ദാരുശില്‌പികളുടെ കരകൗശലവൈഭവം നൂറ്റാണ്ടുകള്‍ക്കുശേഷവും പ്രകീർത്തിക്കപ്പെട്ടുപോരുന്നു. തടിയിലുള്ള കൊത്തുപണികള്‍ക്ക്‌ കാശ്‌മീരും, ലഖ്‌നൗവും പ്രസിദ്ധിനേടിയ പ്രദേശങ്ങളാണ്‌.

ദന്തശില്‌പം. സാഞ്ചിയിലെ സ്‌തൂപലിഖിതമാണ്‌ ദന്തശില്‌പത്തെപ്പറ്റി ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രാചീനമായ രേഖ. പ്രവേശനദ്വാരത്തിലെ സ്‌തൂപം വിദിഷയിലെ ദന്തശില്‌പികളുടെ സംഭാവനയാണെന്നാണ്‌ ആ ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. യവനരും റോമാക്കാരും ആയുള്ള സമ്പർക്കകാലത്തുതന്നെ ദന്തശില്‌പങ്ങള്‍ക്ക്‌ ഭാരതം കേഴ്‌വിപ്പെട്ടിരുന്നു. വിദേശങ്ങളിലേക്ക്‌ ഇവിടെനിന്നും കയറ്റുമതിചെയ്‌തു കൊണ്ടിരുന്ന ഉത്‌പന്നങ്ങളിൽ ദന്തത്തിനും ദന്തശില്‌പങ്ങള്‍ക്കും പ്രമുഖസ്ഥാനമുണ്ടായിരുന്നു. മാതൃദേവതയെ പ്രതിനിധാനം ചെയ്യുന്ന ഒരു ദന്തശില്‌പം പോംപിയുടെ അവശിഷ്‌ടങ്ങളിൽനിന്നു കണ്ടെടുത്തത്‌, നേപ്പിള്‍സ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ളതിൽനിന്നും അക്കാലത്തുതന്നെ ദന്തശില്‌പങ്ങള്‍ക്ക്‌ യൂറോപ്പിൽ നല്ല ഒരു വിപണി ഉണ്ടായിരുന്നുവെന്ന്‌ അനുമാനിക്കാം. ഇസ്രയേൽ ഭരിച്ചിരുന്ന ദാവീദിന്റെയും സോളമന്റെയും കാലത്ത്‌ ഭാരതത്തിൽനിന്നുള്ള ദന്തശില്‌പങ്ങള്‍ മധ്യേഷ്യയിൽ അമൂല്യവസ്‌തുക്കളായി കരുതിയിരുന്നുവെന്നതിന്റെ സൂചനകള്‍ ബൈബിളിൽ കണ്ടെത്താവുന്നതാണ്‌.

കളിമണ്‍പാത്ര നിർമാണം. മനുഷ്യന്‍ പാകം ചെയ്‌തു ഭക്ഷിക്കുവാന്‍ തുടങ്ങിയ കാലം മുതൽ കളിമണ്‍പാത്രനിർമാണം മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. പ്രധാനമായും പാകം ചെയ്യാനും വെള്ളം ശേഖരിച്ചുവയ്‌ക്കാനും കുടിക്കാനും പറ്റിയ പാത്രങ്ങളാണ്‌ സർവസാധാരണമായി ആദ്യകാലംമുതൽ ഉണ്ടാക്കിവന്നത്‌; എന്നാൽ പില്‌ക്കാലത്ത്‌ അലങ്കരണത്തിനുള്ള വസ്‌തുക്കളും കളിമച്ചിൽ നിർമിച്ചുതുടങ്ങി. പാവകള്‍, കളിപ്പാട്ടങ്ങള്‍, പുഷ്‌പചഷകങ്ങള്‍, കായ്‌കനികളുടെയും മത്സ്യമൃഗാദികളുടെയും രൂപങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും. ഏറ്റവും പ്രാചീനമായ ഈ വ്യവസായം ഇന്ന്‌ കുശവന്മാർ അഥവാ കുലാലന്മാർ എന്ന ഒരു വർഗത്തിന്റെ വകയായിത്തീർന്നിരിക്കുകയാണ്‌. ചായം പിടിപ്പിച്ചതും അല്ലാത്തതും, ചുട്ടെടുത്തു മിനുസപ്പെടുത്തിയതും അല്ലാത്തതും തുടങ്ങി നാനാരൂപത്തിലും തരത്തിലുംപെട്ട കളിമണ്‍പാത്രാവശിഷ്‌ടങ്ങള്‍-ചരിത്രാതീതകാലം തൊട്ടുള്ളത്‌-പുരാവസ്‌തുഗവേഷകർ ഇന്ത്യയുടെ പലഭാഗത്തുനിന്നും ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുണ്ട്‌. ഈ അവശിഷ്‌ടങ്ങളെ അടിസ്ഥാനമാക്കിയുള്ള കാല നിർണയനസമ്പ്രദായം വിവിധ സാംസ്‌കാരികഘട്ടങ്ങളെ വേർതിരിച്ചറിയുവാന്‍ പുരാവസ്‌തുഗവേഷകരെ സഹായിക്കുന്നു. മണ്‍പാത്രത്തെക്കുറിച്ചുള്ള സാഹിത്യപരമായ പരാമർശങ്ങളും നിരവധിയുണ്ട്‌.

ലോഹപ്പണികള്‍. ലോഹസങ്കരത്തെപ്പറ്റി പ്രാചീനഭാരതീയർ ബോധവാന്മാരായിരുന്നു. ലോഹമിശ്രിതങ്ങള്‍ നിർമിക്കുന്നതിൽ വിദഗ്‌ധരായവർ ഇന്ത്യയിലെല്ലായിടത്തും ഉണ്ടായിരുന്നു. ലോഹപ്പാത്രങ്ങള്‍ ഋഗ്വേദകാലംതൊട്ട്‌ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. ഗുപ്‌തന്മാരുടെ കാലത്ത്‌ ഇന്ത്യയിലുണ്ടായിരുന്ന ലോഹസങ്കരവിദ്യയുടെ ഉത്തമനിദർശനങ്ങളാണ്‌ ദില്ലിയിലെ മെഹ്‌റാളി അയസ്‌തംഭവും സുൽത്താന്‍ഗഞ്ചിലെ താമ്രബൗദ്ധവിഗ്രഹവും.

വൈദികകാലംതൊട്ടുള്ള ലോഹകലയെപ്പറ്റിയും മറ്റും ശില്‌പശാസ്‌ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ലോഹങ്ങളിൽവച്ച്‌ പരിശുദ്ധമായത്‌ ചെമ്പാണെന്ന ധാരണ വളരെക്കാലം ഇന്ത്യയിൽ നിലനിന്നിരുന്നു. അടുത്തകാലം വരെ മതപരമായ കാര്യങ്ങള്‍ക്ക്‌ ചെമ്പ്‌ പാത്രങ്ങളാണ്‌ സാധാരണയായി ഉപയോഗിച്ചിരുന്നത്‌. മതപരമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ ഇന്നും ഓടുകൊണ്ടുനിർമിച്ച പാത്രങ്ങളാണ്‌ ഉപയോഗിച്ചുപോരുന്നത്‌. മണി ഉണ്ടാക്കാനുള്ള പ്രത്യേകതരം ഓടും വെള്ളോടും നിർമിക്കാനുള്ള ചേരുവയും പ്രാചീനഭാരതീയർ കണ്ടുപിടിച്ചുരുന്നു. ഈ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങളും പാത്രങ്ങളും വിഗ്രഹങ്ങളും വളരെ പണ്ടുമുതൽ ഭാരതത്തിൽ നിർമിച്ചുവന്നിരുന്നു. പഞ്ചലോഹനിർമിതമായ ഭാരതീയവിഗ്രഹങ്ങള്‍ ഇന്ന്‌ ആഗോളപ്രശസ്‌തി നേടിയിട്ടുണ്ട്‌.

സംഗീതം

ഭാരതീയസംഗീതത്തിന്റെ ഉറവിടം വേദങ്ങളാണെന്ന്‌ കരുതപ്പെട്ടുവരുന്നു. ഋക്‌-യജൂർ വേദങ്ങളിലും ബ്രാഹ്മണ-ഉപനിഷത്തുകളിലും സംഗീതത്തെക്കുറിച്ചുള്ള പരാമർശങ്ങള്‍ നിരവധിയാണ്‌. രണ്ടിനം പുല്ലാങ്കുഴലുകള്‍, മറ്റു രണ്ടുവക വായുവാദ്യങ്ങള്‍, അഞ്ചിനം ചർമവാദ്യങ്ങള്‍ അഥവാ അവനദ്ധവാദ്യങ്ങള്‍, അഞ്ചിനം തന്ത്രിവാദ്യങ്ങള്‍, തന്ത്രിവാദ്യങ്ങളിൽത്തന്നെ 100 ഇഴകളുള്ള വീണ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങള്‍ കൂടാതെ ഇലത്താളത്തെക്കുറിച്ചും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്ന കലാകാരന്മാരെക്കുറിച്ചും ഉള്ള പ്രസ്‌താവനകളും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇതിലെല്ലാം പ്രാധാന്യമർഹിക്കുന്നത്‌ എല്ലാ യജ്ഞങ്ങളുടെയും അവിഭാജ്യഘടകമായി സംഗീതാത്മകമന്ത്രാലാപം ഉണ്ടായിരുന്നുവെന്നുള്ളതാണ്‌. ഈ ആലാപനം നിർവഹിക്കുന്ന പുരോഹിതന്‍ ഉദ്‌ഗാതാവ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇദ്ദേഹം മൂന്നു സ്ഥായിയിൽ ഋഗ്വേദ ഗീതങ്ങള്‍ ആലപിച്ചിരുന്നു. സാമവേദം ഇത്തരം ഗാനങ്ങളെയാണ്‌ ഉള്‍ക്കൊള്ളുന്നത്‌. ആദ്യകാലത്ത്‌ സാമഗാനങ്ങള്‍ക്ക്‌ മൂന്ന്‌ സ്വരങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ നാലും അഞ്ചും സ്വരങ്ങള്‍ ഉപയോഗിച്ചു. അതിനുശേഷം ആറും ഏഴും സ്വരങ്ങള്‍ കടന്നുകൂടി. ഇങ്ങനെ സപ്‌തസ്വരങ്ങള്‍ ഉണ്ടായി എന്ന്‌ പറയപ്പെടുന്നു. നാരദപരിവ്രാജക ഉപനിഷത്തിൽ സപ്‌തസ്വരങ്ങളെപ്പറ്റി പരാമർശിച്ചിട്ടുണ്ട്‌. രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ഈ കൃതിയിൽ സാമസ്വരക്രമത്തിന്‌ മധ്യമസ്വരംതൊട്ടാണ്‌ സ്വരസ്ഥാനം എച്ചപ്പെട്ടിട്ടുള്ളത്‌. പില്‌ക്കാല സംഗീതത്തിന്റെ എല്ലാ വകഭേദങ്ങളും സാമസംഗീതത്തോട്‌ ബന്ധപ്പെട്ടതാണ്‌. സംഗീതശാസ്‌ത്രമായ ഗാന്ധർവവേദം സാമവേദത്തിന്റെ ഒരു ഉപവേദമായിട്ടാണ്‌ ഗണിക്കപ്പെട്ടുവരുന്നത്‌. ഭാരതീയ സംഗീതശാസ്‌ത്രത്തെ സംബന്ധിച്ച്‌ നമുക്ക്‌ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കംചെന്ന കൃതി ഭരതന്റെ നാട്യശാസ്‌ത്രം ആണ്‌. ഈ കൃതിയിൽ സംഗീതം ആറ്‌ അധ്യായങ്ങളിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്‌. സംഗീതശാസ്‌ത്രത്തിന്റെ മൗലികകാര്യങ്ങളെക്കുറിച്ച്‌ ആദ്യം പ്രസ്‌താവിക്കുന്നു. തുടർന്ന്‌ വായ്‌പാട്ടും ഉപകരണസംഗീതവും നാടകത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച്‌ പറയുന്നു. ഭരതനുശേഷം ഉണ്ടായിട്ടുള്ള കൃതികളിൽ കോഹലന്‍, ദത്തിലന്‍ തുടങ്ങിയവരുടെ കൃതികള്‍ ഇന്നു പൂർണമായി ലഭ്യമല്ല.

വായു, മാർക്കണ്ഡേയം, വിഷ്‌ണു, ധർമോത്തര പുരാണങ്ങളിലെ സംഗീതസംബന്ധിയായ ചർച്ചകളും ഭാരതീയസംഗീതത്തിന്റെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഘടകങ്ങളാണ്‌. ഈ കാലഘട്ടത്തിൽ പഴയതിൽനിന്നുള്ള മാറ്റം ഭാരതീയസംഗീതത്തിൽ പല വ്യതിയാനങ്ങളുമുണ്ടാക്കി. മാർഗ-ഗാന്ധർവാദിശൈലികള്‍ ഉപേക്ഷിക്കപ്പെട്ടു. മാർഗം ദേശിക്കു വഴിമാറി; ഗ്രാമപ്രസ്ഥാനം ജാതിക്കും. പല പരിഗണനകള്‍ക്കു വിധേയമായി രാഗങ്ങള്‍ വകതിരിക്കപ്പെടുകയും പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളുടെ പേരുകളിൽ അറിയപ്പെടുകയും ചെയ്‌തു. ഇവയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്‌ മാതംഗന്റെ (സു. 850 എ.ഡി) ബൃഹദ്ദേശി. പ്രാഥമിക-ദ്വിതീയ-തൃതീയ പ്രകൃതികളുടെ അടിസ്ഥാനത്തിൽ രാഗങ്ങളെ വേർതിരിച്ചു. ലാട, ഗണ്ഡ, കർണാടക, ആന്ധ്ര ദ്രാവിഡഭാഷകളിൽ ഉണ്ടായിട്ടുള്ള സംഗീതരചനകളെക്കുറിച്ച്‌ മാതംഗന്‍ പ്രസ്‌താവിച്ചുകാണുന്നുണ്ട്‌. നിരവധി കൃതികള്‍ ഈ വക രാഗവിശേഷങ്ങളിൽ രചിക്കപ്പെട്ടു.

ഭരതന്റെ നാട്യശാസ്‌ത്രത്തിനുണ്ടായ വ്യാഖ്യാനങ്ങളിൽ അഭിനവഗുപ്‌തന്റെ അഭിനവഭാരതി മാത്രമേ ലഭ്യമായിട്ടുള്ളൂ. അഭിനവഗുപ്‌തനെത്തുടർന്നു മിഥിലയിലെ കർണാടക രാജവംശജനായ നാന്യദേവന്‍ (12-ാം ശ.) ഭരതന്റെ നാട്യശാസ്‌ത്രത്തിന്‌ അതിവിപുലവും സമഗ്രവുമായ ഭരതഭാഷ്യം എന്ന വ്യാഖ്യാനമെഴുതി. പ്രാചീനമാർഗശൈലിയിലുള്ള ഗാനങ്ങളുടെ സ്വരച്ചാർത്തിന്‌ പുരാതന ജാതിയിലുള്ള ചിട്ട ഇതിൽ നിലനിർത്തിപ്പോന്നിട്ടുണ്ട്‌. സംഗീതശാസ്‌ത്രത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടത്തിയിട്ടുള്ള മറ്റു രണ്ട്‌ പ്രമുഖ സംഗീതശാസ്‌ത്രജ്ഞന്മാർ ധാരയിലെ ഭോജരാജാവും (എ.ഡി. 1010-50) കല്യാണിയിലെ സോമേശ്വര രാജാവുമാണ്‌. പുതിയ സാങ്കേതികശബ്‌ദങ്ങള്‍ സംഗീതശാസ്‌ത്രത്തിനു നല്‌കിയെന്നതാണ്‌ ഇവരുടെ സംഭാവനകളിൽ പ്രാധാന്യമർഹിക്കുന്നത്‌. ഇന്ന്‌ ഭാരതത്തിലുടനീളം അംഗീകരിക്കപ്പെട്ടുപോരുന്ന സംഗീതശാസ്‌ത്ര സംജ്ഞകളധികവും ഇവർ നിർമിച്ചവയാണ്‌. എ.ഡി. 11-ാം ശ.-ത്തോടുകൂടി പ്രാദേശികസംഗീതകൃതികള്‍ ഉണ്ടായിത്തുടങ്ങി. സുദീർഘങ്ങളും ഒന്നിലധികം രാഗങ്ങളിൽ ആലപിക്കാവുന്നവയുമായ ഗാനകാവ്യങ്ങള്‍ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ളതായി അഭിനവഭാരതിയിൽനിന്നും മനസ്സിലാക്കാം. 12-ാം ശ.-ത്തിന്റെ അവസാനദശകങ്ങളിൽ ഒറീസയിൽ സേനവംശത്തിലെ ലക്ഷ്‌മണസേനന്റെ അന്തേവാസിയായിരുന്ന കിന്ദുബില്വത്തിലെ ജയദേവന്‍ ഗീതഗോവിന്ദം എന്നൊരു ഉത്‌കൃഷ്‌ടഗാനകാവ്യം രചിച്ചു. രാധാകൃഷ്‌ണപ്രമവിഷയകമായ ഈ കൃതി ഇന്ത്യയിലുടനീളം സംഗീത, നൃത്ത, നാടക സങ്കേതങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ടു. കേരളത്തിൽ ഇത്‌ നൃത്ത നാടകമായും ഗാനകാവ്യമായും അവതരിപ്പിച്ചുപോന്നു. മുസ്‌ലിം ആധിപത്യകാലത്ത്‌ മധ്യേഷ്യയിൽനിന്നുള്ള സെമിറ്റിക്‌ സംഗീതവും പേർഷ്യന്‍ സംഗീതവും ഇന്ത്യയിലേക്കു കടന്നു.

ദക്ഷിണേന്ത്യയിലാകട്ടെ കൂടുതൽ സങ്കീർണമായ പല പ്രത്യേകതകളും കണ്ടെത്താം. സാങ്കേതികസംജ്ഞകള്‍, സങ്കല്‌പങ്ങള്‍ എന്നിവ സംസ്‌കൃതകൃതികള്‍ക്കു സമാന്തരമായിട്ടാണ്‌ കണ്ടുവരുന്നതെങ്കിലും സന്ദർഭോചിതമായ പല മാറ്റങ്ങളും കൂട്ടത്തിൽ അനുഭവപ്പെടാം.

തമിഴ്‌സംഘസാഹിത്യകൃതികളിലൊന്നായ പരിപാടലിലെ ഗാനങ്ങളോടൊപ്പം അവ പാടേണ്ടവിധത്തെസംബന്ധിച്ച പല നിർദേശങ്ങളും ചേർത്തുകാണുന്നു. സംഗീതത്തെപ്പറ്റി പല പരാമർശങ്ങളും ചിലപ്പതികാരത്തിലുണ്ട്‌. ശൈവരായ നായനാർമാരുടെയും വൈഷ്‌ണവരായ ആഴ്‌വാർമാരുടെയും കൃതികള്‍ രാഗതാളങ്ങളോടെ പാടേണ്ടവയാണ്‌. ഈ രാഗങ്ങളെ "പണ്‍' എന്നു വിളിക്കുന്നു. "തേവാരം' എന്ന പേരിൽ അറിയപ്പെടുന്ന ശൈവസ്‌തോത്രങ്ങള്‍ പാടുവാന്‍ ഇരുപത്തിയൊന്നു "പച്ചുകള്‍' ഉണ്ടായിരുന്നു. "തമിഴ്‌പണ്‍കള്‍' പാലൈയാഴ്‌ തുടങ്ങി നൂറ്റിമൂന്ന്‌ ആണെന്ന്‌ പരിമേലഴകർ രേഖപ്പെടുത്തുന്നു. 4 പെരുംപച്ചുകളും (പൂർണരാഗങ്ങള്‍) അവയ്‌ക്ക്‌ 21 തിറങ്ങളും (ഔധവരാഗങ്ങള്‍) ഉള്ളതായും പ്രസ്‌താവിച്ചു കാണുന്നുണ്ട്‌. ഇവയുടെയൊന്നും സ്വരൂപം വ്യക്തമല്ല. "പണ്‍' എന്നതാണ്‌ മൗലികമായ ഗാനപദ്ധതി (പണ്‍ പാടുന്നവർ പാണർ) ദ്രാവിഡനാട്ടിലെ ഭൂമിശാസ്‌ത്രപരമായ അഞ്ചു വിഭാഗങ്ങള്‍ അനുസരിച്ച്‌ അഞ്ചിനം പണ്‍വ്യവസ്ഥയും നിലവിലിരുന്നു. ഇവയിൽനിന്ന്‌ ഏഴ്‌ പാലൈകളുണ്ടായി. 17-ാം ശ.-ത്തിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന വെങ്കിടമഖി രൂപപ്പെടുത്തിയ 72 മേളകർത്താരാഗപദ്ധതി സംഗീതലോകത്തിനു ദക്ഷിണേന്ത്യ നല്‌കിയ വിലപ്പെട്ട ഒരു സംഭാവനയാണ്‌. 1,27,008 ജന്യരാഗങ്ങള്‍ക്ക്‌ ജന്മം നല്‌കിയ ഈ രാഗപദ്ധതി കർണാടകസംഗീതത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.

വൈവിധ്യംനിറഞ്ഞ നിരവധി സംഗീതോപകരണങ്ങളെക്കുറിച്ച്‌ പ്രാചീന ദക്ഷിണേന്ത്യന്‍സാഹിത്യത്തിൽ പരാമർശമുണ്ട്‌; അവയിൽ ചർമവാദ്യം അഥവാ അവനദ്ധവാദ്യം, തന്ത്രിവാദ്യം, സുഷിരവാദ്യം എന്നിവ ഉള്‍പ്പെടുന്നു.

ചോളന്മാരുടെ കാലത്ത്‌ സംഗീതാഭ്യസനത്തിന്‌ വളരെ പ്രചാരം നല്‌കിയിരുന്നു. എന്തായാലും സംസ്‌കൃത സാഹിത്യവുമായി ബന്ധപ്പെട്ടാണ്‌ ദക്ഷിണേന്ത്യന്‍ സംഗീതം വികാസം പ്രാപിച്ചത്‌. അതേ സമയം തനി ദ്രാവിഡ ഗാനരൂപങ്ങളും നടോടിപ്പാട്ടുകളും ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ പോഷകസ്രാതസ്സുകളായി വളരെ പ്രാചീനകാലം മുതൽ വർത്തിക്കുന്നുമുണ്ട്‌. 15-ാം ശ.-ത്തിൽ ജീവിച്ചിരുന്ന പുരന്ദരദാസന്റെ കാലംതൊട്ട്‌ ആരംഭിച്ച നവോന്മേഷം 18-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്‌ത്രികള്‍ എന്നിവരുടെ കാലമായപ്പോഴേക്കും അതിന്റെ സുവർണദശയിലെത്തി. ഏറെക്കുറെ അവരുടെ സമകാലീനനെന്നു പറയാവുന്ന സ്വാതിതിരുനാള്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിനു നല്‌കിയ സംഭാവനകള്‍ കേരളത്തിന്റെ അഭിമാനമുദ്രയായി വർത്തിക്കുന്നു.

പാശ്ചാത്യസമ്പർക്കംകൊണ്ട്‌ അധികം മാറ്റം സംഭവിച്ചിട്ടില്ലാത്ത ഒരേയൊരു ഭാരതീയകല സംഗീതം മാത്രമാണ്‌. എന്നാൽ ആധുനികകാലത്ത്‌ സിനിമ, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ ആവിർഭാവത്തോടുകൂടി സംഗീതത്തിന്റെ സാധാരണീകരണം ആരംഭിച്ചു. ശാസ്‌ത്രീയസംഗീതത്തിന്റെ സങ്കീർണമായ സാങ്കേതിക നിബദ്ധതയ്‌ക്കുപുറത്ത്‌ പ്രാചീനകാലംതൊട്ടേ അനഭ്യസ്‌തരും അശിക്ഷിതരുമായ ജനവിഭാഗങ്ങള്‍ പാടിപ്പാടി നിലനിർത്തിപോന്നിരുന്ന നാടന്‍പാട്ടുകളുടെ സ്വരമാധുരിയും ആലാപനചാതുരിയും പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

ഈ ശ്രമത്തിന്റെ നാന്ദികുറിച്ചത്‌ രബീന്ദ്രനാഥ്‌ ടാഗൂറാണ്‌. 20-ാം ശ.-ത്തിന്റെ ആദിദശകങ്ങളിൽ അദ്ദേഹം ബംഗാളിലെ ബാബുൽഗായകരെന്നറിയപ്പെടുന്ന നാടോടിഗായകരുടെ ഭക്തിനിർഭരമായ സംഗീതമാധുരി ഉള്‍ക്കൊള്ളുന്ന ഗാനശൈലിയും പാശ്ചാത്യ ദേശത്തെ ഗ്രിഗോറിയന്‍ ചാന്റ്‌ തുടങ്ങി ക്രസ്‌തവ ദേവാലയങ്ങളിൽ ആലപിക്കപ്പെട്ടുവന്ന ഭക്തിഗാനങ്ങളുടെ ശൈലിയും യഥായോഗ്യം സമ്മേളിപ്പിച്ചും എന്നാൽ ഭാരതീയ സംഗീതത്തിന്റെ മൗലികസത്തയ്‌ക്ക്‌ ഊനംവരുത്താതെയും രൂപപ്പെടുത്തിയെടുത്ത ഒരു സംഗീതപ്രസ്ഥാനത്തിന്‌ ജന്മം നല്‌കി. രബീന്ദ്ര സംഗീത്‌ എന്ന പേരിൽ അറിയപ്പെടുന്ന ഈ സമ്പ്രദായം ഇന്ന്‌ ബംഗാളിൽ സാർവത്രികമായ പ്രചാരത്തിലെത്തിയിട്ടുണ്ട്‌. ഇതിന്റെ അലകള്‍ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചുവരികയാണ്‌. (നോ: ദക്ഷിണേന്ത്യന്‍ സംഗീതം, ഹിന്ദുസ്ഥാനി സംഗീതം)

നൃത്തം

ഋഗ്വേദകാലം മുതൽ നൃത്തത്തിന്‌ ഭാരതത്തിൽ പ്രാധാന്യം ലഭിച്ചിരുന്നു. സംഗീതത്തോടുചേർന്നാണ്‌ നൃത്തത്തെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ളത്‌. അവ പരസ്‌പരപൂരക കലകളായും വർത്തിച്ചിരുന്നു. പുരാണേതിഹാസങ്ങളിൽ മതപരവും ഭൗതികവുമായ നൃത്തങ്ങളെയും സംഗീതത്തെയും കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്‌. ഈ കലകളുടെ സാങ്കേതികതയെക്കുറിച്ചുള്ള സമ്പൂർണമായ അറിവ്‌ ലഭ്യമായിട്ടുള്ളത്‌ ഭരതമുനിയുടെ നാട്യശാസ്‌ത്രത്തിൽനിന്നുമാണ്‌. പ്രസക്ത വിഷയത്തിൽ ലഭ്യമായിട്ടുള്ളതിൽവച്ച്‌ ഏറ്റവും പഴക്കംചെന്നതും ഏറ്റവും ആധികാരികവുമായ കൃതിയും ഇതുതന്നെ. രണ്ടുതരം നൃത്തശൈലികളെക്കുറിച്ച്‌ ഇതിൽ പ്രതിപാദിക്കുന്നുണ്ട്‌. ഒന്നാമത്തേത്‌ താണ്ഡവമാണ്‌. പരമശിവന്‍ ചിട്ടപ്പെടുത്തിയതെന്നു കരുതപ്പെടുന്ന പൗരുഷപ്രധാനമായ താണ്ഡവത്തിലാണ്‌ ഉത്തരേന്ത്യന്‍നൃത്തം ഏറിയപങ്കും അധിഷ്‌ഠിതമായിട്ടുള്ളത്‌; രണ്ടാമത്തേത്‌ ലാസ്യം. ദക്ഷിണേന്ത്യന്‍ നൃത്തത്തിനു രൂപംനല്‌കിയ സ്‌ത്രണഭാവപ്രധാനമായ ഈ നൃത്തശൈലിയുടെ ഉപജ്ഞാത്രി ശ്രീപാർവതിയാണെന്നാണ്‌ പറയപ്പെടുന്നത്‌. ആകർഷകമായ അംഗചലനങ്ങളും ചുവടുവെപ്പുകളും മാത്രം അടങ്ങിയതിനെ "നൃത്ത'മെന്നും, അംഗചലനങ്ങളോടൊപ്പം ഒരു ഇതിവൃത്തം അഭിനയിക്കുകകൂടി ചെയ്യുന്നതിനെ "നൃത്യ'മെന്നും, വികാരങ്ങളെയും വാക്യാർഥങ്ങളെയും അഭിനയത്തിലൂടെ അവതരിപ്പിക്കുന്നതിനെ "നാട്യ'മെന്നും പറയുന്നു.

നൃത്തനാടകത്തിലേക്ക്‌ ഇന്ത്യന്‍ നൃത്തവേദി ചെന്നെത്തിയിട്ടുണ്ട്‌. എന്നാൽ നൃത്തനാടകവേദിയിൽ സംഗീതത്തിനും നാടകത്തിനുമായിരിക്കും മുന്‍ഗണന എന്ന കാരണത്താൽ ഈ വികാസം നൃത്തത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ശങ്ക ആദ്യംകാലംമുതൽ ഉണ്ടായിരുന്നു. ഈ ധാരണയെ ദുർബലപ്പെടുത്തിക്കൊണ്ടാണ്‌ കഥകളി വികാസം പ്രാപിച്ചത്‌. ഗാനത്തിനും നാടകാംശത്തിനുള്ള പ്രാധാന്യത്തിനും കുറവുവരുത്താതെതന്നെ നൃത്തത്തിന്‌ പ്രാമുഖ്യം നല്‌കിയെന്നതാണ്‌ ഈ ദൃശ്യകലയ്‌ക്കുണ്ടായ സാർവത്രികാംഗീകാരത്തിന്റെ പ്രധാന കാരണം.

നാടകം

വേദങ്ങളുടെ കാലംമുതൽ നാടകം ഭാരതത്തിൽ നിലവിലുണ്ടായിരുന്നുവെന്നതാണ്‌ പരമ്പരാഗതമായ വിശ്വാസം. ആധുനിക ഗവേഷണങ്ങള്‍ ഈ വിശ്വാസത്തെ സ്ഥിരീകരിച്ചിട്ടുമുണ്ട്‌. യാഗത്തിൽ പ്രത്യേക വേഷങ്ങളണിഞ്ഞ്‌ വ്യക്തമായ നിർദേശങ്ങള്‍ക്കു വിധേയമായി വേദോച്ചാരണം നടത്തിക്കൊണ്ടുള്ള കർമാനുഷ്‌ഠാനം അഭിനയം തന്നെയാണ്‌. മറ്റുചില ആചാരാനുഷ്‌ഠാനങ്ങളിലും അഭിനയം അടങ്ങിയിട്ടുണ്ട്‌. സോമം വാങ്ങുന്ന രംഗം വീണ്ടും അഭിനയിക്കുന്ന പതിവുണ്ടായിരുന്നത്‌ ഇതിനൊരുദാഹരണമാണ്‌. രാമായണത്തിലെ വധൂനാടകസംഘം എന്ന പ്രസ്‌താവം സ്‌ത്രീകളുടെ നാടക സമിതിയെ കുറിക്കുന്നു. പാണിനിയുടെ കാലത്ത്‌ (ബി.സി. 500) രണ്ട്‌ നാടകകൃത്തുക്കള്‍ നടനകലാസംബന്ധിയായ നിയമങ്ങള്‍ ക്രാഡീകരിച്ച്‌ നടനസൂത്രം രചിച്ചതായി കാണുന്നു. കൗടല്യന്റെ അർഥശാസ്‌ത്രത്തിൽ സംഗീതജ്ഞന്മാരെയും നർത്തകരെയും നാടകപ്രദർശനങ്ങളെയും കുറിച്ചുള്ള പ്രതിപാദനം കാണുന്നതിൽനിന്ന്‌ ബി.സി. 5-ഉം 4-ഉം ശ.-ത്തിൽ ഭാരതത്തിൽ വികാസംപ്രാപിച്ച ഒരു നാടകവേദിയും അഭിനയസമ്പ്രദായവും നിലവിലുണ്ടായിരുന്നതായി ഗ്രഹിക്കാവുന്നതാണ്‌. അറിയപ്പെട്ടിടത്തോളം ഏറ്റവും പ്രാചീനനായ നാടകകാരന്‍ സ്വപ്‌നവാസവദത്തം രചിച്ച ഭാസനാണ്‌. പതഞ്‌ജലിയുടെ മഹാഭാഷ്യത്തിലും നാടകത്തെയും നടന്മാരെയും നടികളെയും സംബന്ധിച്ച പ്രസ്‌താവനകളും സംഗീതം, രംഗവേദി എന്നിവയെ സംബന്ധിച്ച ചർച്ചകളും കാണുന്നു. ഭരതമുനിയുടെ നാട്യശാസ്‌ത്രം ഇന്നുകാണുന്നപ്രകാരം രൂപംപ്രാപിച്ചത്‌ ബി.സി. രണ്ടും എ.ഡി. രണ്ടും ശ.-ങ്ങള്‍ക്കിടയിലാണ്‌. ഈ കാലഘട്ടം ഇന്ത്യയിലെ നാടകവേദിയുടെ സുവർണകാലമാണെന്നുപറയാം. നാട്യശാസ്‌ത്രത്തിൽ നാടകത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്‌. നാടകശാലയുടെ നിർമാണത്തെപ്പറ്റിപ്പറയവേ, ദീർഘചതുരം, സമചതുരം, ത്രികോണം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള നാടകശാലകളെപ്പറ്റി പ്രസ്‌താവിച്ചിട്ടുള്ളതിൽനിന്ന്‌ അന്നത്തെ രംഗവേദി എത്രമാത്രം വിപുലമായിരുന്നുവെന്ന്‌ അനുമാനിക്കാവുന്നതാണ്‌. രംഗവേദിയിൽ നൃത്തം ചെയ്യേണ്ടവിധം, വികാരാവിഷ്‌കരണരീതി, അംഗോപാംഗചലനം, പ്രാദേശികസമ്പ്രദായങ്ങള്‍, അഭിനയശൈലികള്‍, നാടകഭേദങ്ങള്‍, ഇതിവൃത്തരചന, വേഷവിധാനം, രംഗോപകരണങ്ങള്‍, അവതരണം, ആസ്വാദനം, സംഗീതം ഇങ്ങനെ നാടകത്തെയും നാടകങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെയും സംബന്ധിച്ച്‌ ചർച്ചചെയ്യപ്പെട്ടിട്ടുള്ള നാട്യശാസ്‌ത്രം ഒരളവിൽ പാശ്ചാത്യനാടകവേദിക്കുപോലും മാർഗദർശകമാണ്‌. പ്രാചീനഭാരതീയനാടകം നൃത്തവും സംഗീതവും അഭിനയവും ചേർന്നുള്ള ഒന്നായിരുന്നു. കരുണരസം അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും ഭാരതീയനാടകം ഒരിക്കലും ദുഃഖപര്യവസായി ആയിരുന്നില്ലെന്നുള്ളതുകൊണ്ടുതന്നെ അതിന്റെ ആരംഭം ഈ രാജ്യത്തിൽതന്നെയാണെന്നും അത്‌ യവനരിൽനിന്നും വികസിപ്പിച്ചെടുത്ത ഒരു കലാരൂപമല്ലെന്നും ഊഹിക്കാം. അതുപോലെതന്നെ ഭാരതീയനാടകങ്ങള്‍ക്കുള്ളത്ര വർഗീകരണം യവനനാടകങ്ങള്‍ക്കില്ല. നാട്യശാസ്‌ത്രത്തിൽത്തന്നെയുള്ള നാടകം, പ്രകരണം, നാടിക, പ്രഹസനം, ഭാണം തുടങ്ങിയ വകഭേദങ്ങള്‍ മറ്റെങ്ങും കണ്ടെത്താന്‍ കഴിയുകയില്ല.

കാളിദാസന്റെ ശാകുന്തളം, വിക്രമോർവശീയം, മാളവികാഗ്നിമിത്രം എന്നിവയ്‌ക്കുശേഷം ശൂദ്രകന്റെ മൃഛകടികം, ശ്രീഹർഷന്റെ നാഗനന്ദം, രത്‌നാവലി ഭവഭൂതിയുടെ ഉത്തരരാമചരിതം, മാലതീമാധവം, വിശാഖദത്തന്റെ മുദ്രാരാക്ഷസം തുടങ്ങിയ സംസ്‌കൃതനാടകങ്ങളായിരുന്നു മധ്യകാലത്ത്‌ ഇന്ത്യയൊട്ടാകെ പ്രക്ഷകരെ രസിപ്പിച്ചുകൊണ്ടിരുന്നത്‌. ഇംഗ്ലീഷ്‌ ആധിപത്യത്തെത്തുടർന്ന്‌ ഷെയ്‌ക്‌സ്‌പിയറുടെ നാടകങ്ങളും യൂറോപ്പിലെ മറ്റു ഭാഷകളിലുണ്ടായിട്ടുള്ള നാടകങ്ങളുടെ ഇംഗ്ലീഷ്‌ തർജുമകളും പിന്നീട്‌ ഇന്ത്യന്‍ഭാഷകളിൽ ഇവയ്‌ക്കെല്ലാമുണ്ടായ പരിഭാഷകളും ഇവിടെ അരങ്ങേറപ്പെട്ടു. യൂറോപ്യന്‍ നാടകവേദിയുടെ രീതിയിൽ ആദ്യമായി ഇന്ത്യയിൽ നാടകങ്ങള്‍ അരങ്ങേറിയത്‌ കൊൽക്കത്തയിലായിരുന്നു. പിന്നീട്‌ പല പ്രദേശങ്ങളിലേക്കും അത്‌ പടർന്നുപിടിച്ചു. ആധുനികകാലത്ത്‌ യൂറോപ്യന്‍ നാടകവേദിയുടെ സ്വാധീനം ഭാരതീയ നാടക രംഗവേദിയിൽ പ്രകടമാണ്‌.

സിനിമ

1912 മുതൽ ഇന്ത്യയിൽ ഫീച്ചർ ഫിലിമുകള്‍ നിർമിച്ചുവരുന്നുണ്ട്‌. 1912 മേയ്‌ 18-ന്‌ ആർ.ജി.തോർണി "പുണ്ടലിക്‌' എന്ന സിനിമയും 1913 മേയ്‌ 3-ന്‌ ദാദാ സാഹിബ്‌ ഫാൽക്കെ "രാജാഹരിശ്ചന്ദ്ര' എന്ന സിനിമയും നിർമിച്ചു. ഫാൽകെയുടെ സിനിമ നൂറുശതമാനവും ഇന്ത്യന്‍ നിർമിതി തന്നെയായിരുന്നു. അതിനെത്തുടർന്ന്‌ 1917-ൽ ജെ.എഫ്‌.മദന്‍ "സത്യവാദി രാജാഹരിശ്ചന്ദ്ര' എന്ന സിനിമ നിർമിച്ചു. തോർണി, ഫാൽകെ, മദന്‍ എന്നിവരാണ്‌ ഇന്ത്യന്‍ സിനിമയുടെ ആദ്യകാല പ്രയോക്താക്കള്‍. 1907-ൽ മദന്‍ ആദ്യമായി കൊൽക്കത്തയിൽ സിനിമാശാല സ്ഥാപിച്ചു. എൽഫിന്‍സ്റ്റണ്‍ ബയോസ്‌കോപ്പ്‌ കമ്പനിയാണ്‌ പിന്നീട്‌ മദന്‍ തിയെറ്റേഴ്‌സ്‌ ആയി രൂപാന്തരപ്പെട്ടത്‌. 1919-ൽ ചെന്നൈയിൽനിന്ന്‌ "കീചകവധം' എന്ന പേരിൽ ഒരു സിനിമ പുറത്തിറക്കി. 1929 ആയപ്പോഴേക്ക്‌ ഇന്ത്യ പ്രതിവർഷം 38 സിനിമ നിർമിച്ചുപോന്നു. 1931-ലാണ്‌ "ടാക്കി' ഇന്ത്യയിൽ വന്നത്‌. 1973-ൽ ഇന്ത്യയിൽനിന്ന്‌ 448 ഫീച്ചർ ഫിലിമുകള്‍ പുറത്തുവന്നു. 1972-73-ൽ ഇന്ത്യയിൽ 49,27,000 പേർക്ക്‌ ഇരുന്നു ഫിലിം കാണുന്നതിനുള്ള സൗകര്യങ്ങളാണുണ്ടായിരുന്നത്‌; 7,798 സിനിമാതിയെറ്ററുകളും. ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന ഓരോ ഫിലിമും സെന്‍ട്രൽ ബോർഡ്‌ ഒഫ്‌ ഫിലിം സെന്‍സേഴ്‌സ്‌ അംഗീകരിച്ചിരിക്കണമെന്നുണ്ട്‌. മുംബൈ ആസ്ഥാനമാക്കിയുള്ള ഈ ബോർഡിന്‌ കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളുണ്ട്‌. ഈ ബോർഡ്‌ ഫിലിമുകള്‍ പരിശോധിച്ചശേഷം രണ്ടുതരം സർട്ടിഫിക്കറ്റുകള്‍ നല്‌കുന്നു. എല്ലാവർക്കും കാണാവുന്ന ഫിലിമുകള്‍ക്ക്‌ U (Universal) സർട്ടിഫിക്കറ്റും പ്രായപൂർത്തിയായവർക്കുമാത്രം കാണാവുന്ന ഫിലിമുകള്‍ക്ക്‌ A (Adults only) സർട്ടിഫിക്കറ്റും നല്‌കുന്നു.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ അഭിവൃദ്ധിക്കായി പല സ്ഥാപനങ്ങളും സേവനങ്ങളും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്‌. കുട്ടികള്‍ക്കുവേണ്ടി സിനിമ നിർമിക്കുന്നതിനുവേണ്ടി 1955-ൽ നിർമിച്ച ചിൽഡ്രന്‍സ്‌ ഫിലിം സൊസൈറ്റി അത്തരത്തിലൊന്നാണ്‌. ചലച്ചിത്ര നിർമാണത്തിന്‌ വേണ്ട സാമ്പത്തിക-സാങ്കേതിക സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഫിലിം ഡെവല്‌പമെന്റ്‌ കോർപ്പറേഷന്‍ എന്ന സംഘടനയും പ്രവർത്തിച്ചുവരുന്നുണ്ട്‌. ദേശീയവും അന്തർദേശീയവുമായി പ്രാധാന്യമുള്ള ചലച്ചിത്രങ്ങള്‍ സൂക്ഷിക്കുന്നതിനും ചലച്ചിത്ര മേഖലയിൽ ഗവേഷണങ്ങള്‍ സാധ്യമാക്കുന്നതിനും മറ്റുമായി 1964 മുതൽ നാഷണൽ ഫിലിം ആർക്കൈവ്‌സ്‌ ഒഫ്‌ ഇന്ത്യയും പ്രവർത്തിച്ചുവരുന്നു. ചലച്ചിത്ര പഠനങ്ങള്‍ക്കായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്‌. പൂനെയിലെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌, കൊൽക്കത്തയിലെ സത്യജിത്ത്‌ റായ്‌ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ തുടങ്ങിയവയാണ്‌ ഇന്ത്യയിലെ പ്രധാന ചലച്ചിത്ര പഠനകേന്ദ്രങ്ങള്‍. ചലച്ചിത്രരംഗത്തെ കലാകാരന്മാരെയും സാങ്കേതിക വിദഗ്‌ധരെയും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1954 മുതൽ ദേശീയ പുരസ്‌കാരങ്ങളും നൽകി വരുന്നു. 1969 മുതൽ ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും നൽകുന്നുണ്ട്‌. 1952-ൽ ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്കു രൂപം നൽകി: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ്‌ ഇന്ത്യ (ഐ.എഫ്‌.എഫ്‌.ഐ.)

കായികവിനോദങ്ങള്‍

പുരാതന കാലം മുതൽക്കുതന്നെ ഇന്ത്യയിൽ, മറ്റു വിനോദങ്ങള്‍ക്കെന്ന പോലെ, കായിക വിനോദങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നു. ഒരു സമൂഹത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട കായിക സംസ്‌കാരത്തിലേക്ക്‌ (physical culture) സൂചന നല്‌കുന്ന പല പരാമർശങ്ങളും വേദങ്ങളിൽ കാണാം. ആധുനിക ഒളിമ്പിക്‌സിന്റെ പ്രതിജ്ഞാ വാക്യങ്ങളിലെ "... for the honour of my country and the glory of sport"എന്ന പ്രയോഗം അഥർവ വേദത്തിലെ ചില പരാമർശങ്ങളുമായി കായികനിരൂപകർ താരതമ്യപ്പെടുത്തിയിട്ടുണ്ട്‌. ശരീര സംസ്‌കരണത്തിനാവശ്യമായ വ്യായാമങ്ങളെയും കായിക ക്രീഡകളെയും കുറിച്ചെല്ലാം, സ്‌ത്രീ പുരുഷ വിവക്ഷയോടുകൂടി തന്നെ വേദങ്ങളിൽ പരാമർശിച്ചുകാണുന്നു. "ദ്യുതം' എന്ന കളിയെക്കുറിച്ച്‌ സ്‌മൃതികളിലും പുരാണങ്ങളിലുമൊക്കെ പറയുന്നു. ചിലപ്പതികാരം അഞ്ചാം ഗാഥയിൽ കൈകൊട്ടിക്കളി, വട്ടം ചുറ്റിക്കളി എന്നിവയെയും പരാമർശിച്ചു കാണുന്നു. മൃഗയ വിനോദം, കുതിരസവാരി, ആനപ്പുറത്തുള്ള യാത്ര തുടങ്ങിയവ പുരുഷന്മാർക്കും പന്താട്ടം, അമ്മാനാട്ടം, ഊഞ്ഞാലാട്ടം തുടങ്ങിയവ സ്‌ത്രീകള്‍ക്കുമുള്ള കളികളായാണ്‌ വേദങ്ങളിൽ നിർദേശിക്കപ്പെട്ടിട്ടുള്ളത്‌ ചൂത്‌, ചതുരംഗം തുടങ്ങിയ, ബുദ്ധി വികാസത്തിനാവശ്യമായ വിനോദങ്ങളും ഭാരതത്തിൽ നിലനിന്നിരുന്നു. മതപരവും സാമൂഹികവുമായ ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമായി വികസിച്ച കായിക വിനോദങ്ങളും ഉണ്ട്‌. കവണയേറ്‌, തേരോട്ടം, അസ്‌ത്രാഭ്യാസം, പന്തേറ്‌, ആനയേറ്റം, കുതിരയോട്ടം തുടങ്ങിയവ യുദ്ധമുറകളുടെ ഭാഗമായി അഭ്യസിച്ചുവന്ന കായിക വിനോദങ്ങളാണ്‌. കർഷകരുടെ ഇടയിൽ നിലവിലുണ്ടായിരുന്ന കായിക വിനോദമായിരുന്നു കന്നുപൂട്ടിയുള്ള മരമടി, നിലമുഴിയൽ തുടങ്ങിയവ. ഗുസ്‌തി, മൽപിടുത്തം, ദ്വന്ദ യുദ്ധം തുടങ്ങി, മത്സര സ്വഭാവമുള്ളതും കായികശേഷി പ്രകടമാക്കുന്നതുമായ വിനോദങ്ങളും ഇന്ത്യയിൽ ആദ്യകാലം മുതലേ നിലനിന്നിരുന്നു. ഇതിനുപുറമെ, എച്ചമറ്റ നാടന്‍ കളികളും വിനോദങ്ങളും ഇന്ത്യയിൽ നിലനിന്നിരുന്നു. പ്രാദേശിക വകഭേദങ്ങളോടെ നിലനിന്നിരുന്ന ഈ കളികള്‍ക്ക്‌ സംഭവിച്ച പരിണാമമാണ്‌ പിൽക്കാലത്ത്‌ പല ആധുനിക കായിക ഇനങ്ങള്‍ക്കും ജന്മം നൽകിയത്‌.

ഇന്ത്യയിൽ, ആസൂത്രിതമായ കായിക വിനോദങ്ങളുടെ ആവിർഭാവം പാശ്ചാത്യരുടെ ആഗമനത്തോടെയാണെന്ന്‌ പറയാം. പാഠ്യപദ്ധതിയിൽ കായിക വിനോദങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഒരു രീതിശാസ്‌ത്രമാണ്‌ അവർ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്‌. ഇത്‌, ഇന്ത്യക്കാർക്ക്‌ അതുവരെ അപരിചിതമായിരുന്ന പല കളികളും പരിചിതമാകാന്‍ സഹായകമായി. കൂടാതെ, ഇവിടെ പ്രാദേശികമായി നിലനിന്നിരുന്ന പല കളികള്‍ക്കും നിയമാവലി തയ്യാറാകുന്നതിനും അവർ മുന്‍കൈ എടുക്കുകയുണ്ടായി. ഈ നടപടി ഇന്ത്യയിൽ ഉടലെടുത്ത പല കളികള്‍ക്കും അന്താരാഷ്‌ട്ര പ്രശസ്‌തി നേടിക്കൊടുക്കുന്നതിനും ഒളിമ്പിക്‌സ്‌ പോലുള്ള കായിക മാമാങ്കങ്ങളിൽ ഇടം നേടുന്നതിനും സഹായകമായി. ഇന്ത്യയിൽ ആവിർഭവിച്ചു എന്ന്‌ പറയപ്പെടുന്ന ബാഡ്‌മിന്റനെ ഇത്തരത്തിൽ ഉദാഹരിക്കാവുന്നതാണ്‌. വിദേശികളുമായി കളിക്കളത്തിൽ ഉണ്ടായിരുന്ന സമ്പർക്കം, ഇന്ത്യക്കാരുടെ കായിക പ്രതിഭ വളർത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. അക്കാലത്തെ, ഗോവയിലേയും കൊൽക്കത്തയിലേയും ഫുട്‌ബോള്‍ ക്ലബുകളിൽ ഇന്ത്യക്കാരും വിദേശികളും ഒരുമിച്ച്‌ അണിനിരന്നിരുന്നു. ഇന്ത്യയിൽ ഫുട്‌ബോളിന്റെ വളർച്ചയ്‌ക്ക്‌ ഈ പ്രവണത ഏറെ സഹായകമായിട്ടുണ്ട്‌ അതുപോലെ, ദേശീയകായിക വിനോദമായ ഹോക്കിയുടെയും ജനകീയ കായിക വിനോദമായ ക്രിക്കറ്റിന്റെയുമെല്ലാം അഭിവൃദ്ധിക്ക്‌ ഈ സമ്പർക്കം ഏറെ സഹായകരമായിട്ടുണ്ട്‌, സ്വാതന്ത്യ്രലബ്‌ധിയോടെ, ഇന്ത്യാഗവണ്‍മെന്റ്‌ തന്നെ കായിക വിനോദങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാത്സാഹനം നല്‌കുകയുണ്ടായി. മികച്ച കായിക താരങ്ങളെയും പരിശീലകരെയും റഫറിമാരെയും കണ്ടെത്തുന്നതിനായി പരിശീലന സ്ഥാപനങ്ങളും അക്കാദമിക പഠന കേന്ദ്രങ്ങളും സർക്കാർ മേൽനോട്ടത്തിൽ സ്വാതന്ത്യ്രാനന്തരം ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങി.

19-ാം ശ.-ത്തിന്റെ അന്ത്യ ദശകത്തിൽ തന്നെ ഇന്ത്യയിൽ പല കായിക മത്സരങ്ങളും അരങ്ങേറിയിരുന്നു. 1888-ൽ ആരംഭിച്ച ഡ്യൂറന്റ്‌ കപ്പ്‌, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂർണമെന്റുകളിൽ ഒന്നാണ്‌. എന്നാൽ, ഒളിമ്പിക്‌സ്‌ പോലുള്ള അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യ പങ്കെടുത്തു തുടങ്ങുന്നത്‌, പിന്നെയും കാൽ നൂറ്റാണ്ട്‌ കഴിഞ്ഞാണ്‌. 1920-ലെ ബെൽജിയം ഒളിമ്പിക്‌സിലാണ്‌ ഇന്ത്യ ആദ്യമായി പങ്കെടുത്തത്‌. പ്രസ്‌തുത മത്സരത്തിൽ നോർമന്‍ പ്രിച്ചാർഡ്‌ എന്ന ബ്രിട്ടീഷുകാരന്‍ അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയെങ്കിലും, പിൽക്കാലത്ത്‌ അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മിറ്റി അത്‌ ഇംഗ്ലണ്ടിന്റെ പേരിൽ കുറിച്ച. പിന്നീട്‌ 1952-ലെ ഹെൽസിങ്കി ഒളിമ്പിക്‌സിലാണ്‌ ഇന്ത്യ ആദ്യമായി ഒരു വ്യക്തിഗത മെഡൽ കരസ്ഥമാക്കിയത്‌. ഗുസ്‌തിയിൽ വെങ്കല മെഡൽ നേടി കെ.ഡി. യാദവ്‌ ആണ്‌ പ്രസ്‌തുത നേട്ടം കൈവരിച്ചത്‌. 2008-ലെ ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലാണ്‌ ഇന്ത്യ ആദ്യമായി ഒരു വ്യകിതഗത സ്വർണമെഡൽ കരസ്ഥമാക്കിയത്‌. ഷൂട്ടിംഗിൽ അഭിനവ്‌ ബിന്ദ്രയാണ്‌ ഈ നേട്ടത്തിനർഹനായത്‌. ലിയാണ്ടർ പേസ്‌, കർച്ചം മല്ലേശ്വരി, രാജ്യവർധന്‍ റത്തോഡ്‌, സുശീർ കുമാർ, വിജേന്ദർ സിംഗ്‌ തുടങ്ങിയവരും ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വ്യക്തിഗത മെഡൽ നേടിയ കായിക പ്രതിഭകളിൽപ്പെടുന്നു. ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച രാജ്യമാണ്‌ ഇന്ത്യ. 1928, 32 36 48, 52, 56, 64, 80 വർഷങ്ങളിലെ ഒളിമ്പിക്‌ ചാമ്പ്യന്‍മാരായിരുന്നു ഇന്ത്യ. 1960-ൽ വെള്ളിയും 1968, 75 വർഷങ്ങളിൽ വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്‌.

ഒളിമ്പിക്‌സ്‌ കഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ കോമണ്‍വെൽത്‌ ഗെയിംസിൽ 1934-മുതൽ ഇന്ത്യ പങ്കെടുത്തുവരുന്നു. 2010-ലെ ഗെയിംസിന്‌ ആതിഥ്യം വഹിക്കാനും ഇന്ത്യക്ക്‌ സാധിച്ചു. ഇതുവരെയായി 130-ഓളം സ്വർണമെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്‌. 2010-ലേതാണ്‌ ഏറ്റവും മികച്ച പ്രകടനം. 1951-ലെ പ്രഥമ ഏഷ്യന്‍ ഗെയിംസിന്‌ ആതിഥ്യമരുളിക്കൊണ്ടായിരുന്നു ഇന്ത്യയുടെ ഏഷ്യാഡ്‌ അരങ്ങേറ്റം. പ്രസ്‌തുത ഗെയിംസിൽ രണ്ടാമതെത്താനും ഇന്ത്യക്ക്‌ സാധിച്ചു. 1982-ലെ ഏഷ്യന്‍ ഗെയിസും ഇന്ത്യയിലാണ്‌ അരങ്ങേറിയത്‌. ഇതുവരെയായി ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യ 114 സ്വർണമെഡലുകള്‍ നേടിയിട്ടുണ്ട്‌. ഏഷ്യന്‍ ഗെയിംസ്‌ മെഡൽ പട്ടികയിൽ ഇന്ത്യയുടെ ശരാശരി റാങ്ക്‌ നാല്‌ ആണ്‌. ഒളിമ്പിക്‌സ്‌, കോമണ്‍ വെൽത്ത്‌ ഗെയിംസ്‌, ഏഷ്യന്‍ഗെയിംസ്‌ തുടങ്ങിയ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം ശരാശിക്കപ്പുറം കടക്കാറില്ലെങ്കിലും സാഫ്‌ ഗെയിംസ്‌, സൗത്ത്‌-ഏഷ്യന്‍ ഗെയിംസ്‌ തുടങ്ങിയ മേഖലാ കായിക മത്സരങ്ങളിൽ എന്നും ഇന്ത്യ മികച്ച പ്രകടനമാണ്‌ പുറത്തെടുത്തിട്ടുള്ളത്‌. ഇതുവരെയായി നടന്ന പതിനൊന്ന്‌ സൗത്ത്‌ ഏഷ്യന്‍ ഗെയിംസിൽ ഒമ്പതിലും ഇന്ത്യയായിരുന്നു ജേതാക്കള്‍.

അന്താരാഷ്‌ട്ര ഒളിമ്പിക്‌ കമ്മിറ്റി അംഗീകരിച്ച ഏതാണ്ടെല്ലാ കായിക ഇനങ്ങളും ഇന്ന്‌ ഇന്ത്യയിൽ ഏറിയും കുറഞ്ഞും പ്രചാരത്തിലുണ്ട്‌. ഈ കളികളിൽ പലതിന്റെയും ലോക ചാമ്പ്യന്‍ഷിപ്പുകളിൽ ഇന്ത്യ പങ്കെടുക്കുകയും പലതവണ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹോക്കി, ക്രിക്കറ്റ്‌ തുടങ്ങിയ വിഭാഗങ്ങളിൽ ലോക ചാമ്പ്യന്മാരാകാന്‍ ഇന്ത്യക്ക്‌ സാധിച്ചിട്ടുണ്ട്‌. അതുപോലെ ബാഡ്‌മിന്റണ്‍, ഗുസ്‌തി, ബോക്‌സിങ്‌, ഷൂട്ടിംഗ്‌, ചെസ്‌ തുടങ്ങിയ വ്യക്തിഗത ഇനങ്ങളിൽ ലോകോത്തര നിലവാരത്തിലുള്ള പ്രകടനം കാഴ്‌ചവെയ്‌ക്കാനും കഴിഞ്ഞിട്ടുണ്ട്‌.

നൂറ്‌ വർഷത്തെ കായിക ചരിത്രം പരിശോധിക്കുമ്പോള്‍, അന്താരാഷ്‌ട്ര പ്രശസ്‌തരായ ഒട്ടേറെ കായിക പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഹോക്കി ഇതിഹാസം (Hockey wizard) എന്നറിയപ്പെടുന്ന മേജർ ധ്യാന്‍ ചന്ദ്‌ ആണ്‌ ഇതിൽ പ്രഥമഗണനീയന്‍. ഹോക്കിയിൽ തന്നെ പർഗത്‌ സിംഗ്‌, ധന്‌രാജ്‌പിള്ള, ദിലീപ്‌ ടർക്കി; ക്രിക്കറ്റിൽ കപിൽദേവ്‌, സുനിൽ ഗവാസ്‌ക്കർ, സച്ചിന്‍ ടെണ്ടുൽക്കർ, ബാഡ്‌മിന്റണിൽ പ്രകാശ്‌ പാദുകോണ്‍, പുല്ലേല ഗോപിചന്ദ്‌, സൈന നേഹ്‌വാള്‍; ചെസ്സിൽ വിശ്വനാഥന്‍ ആനന്ദ്‌; അത്‌ലറ്റിക്‌സിൽ മിൽഖാസിംഗ്‌, പി.ടി. ഉഷ, അഞ്‌ജു ബോബി ജോർജ്‌; ടെന്നീസിൽ ലിയാണ്ടർ പെയ്‌സ്‌, മഹേഷ്‌ ഭൂപതി, സാനിയ മിർസ; കാറോട്ട മത്സരത്തിൽ നാരായണ്‍ കാർത്തിക്‌; ഷൂട്ടിംഗിൽ ഗഗന്‍ നാരാംഗ്‌, അഭിനവ്‌ ബിന്ദ്ര; ഗുസ്‌തിയിൽ സുശീൽ കുമാർ; ബോക്‌സിങ്ങിൽ വിജേന്ദർ സിംഗ്‌, മേരി കോം തുടങ്ങി നിരവധി ലോകോത്തര കായിക താരങ്ങള്‍ക്ക്‌ ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്‌.

ഇന്ത്യയിൽ കളികളുടെ നിയന്ത്രണാധികാരം അതാത്‌ ദേശീയ ഫെഡറേഷനുകള്‍ക്കാണ്‌. അതോടൊപ്പം, ഈ കളികളെയെല്ലാം ഏകോപിപ്പിക്കുന്നതിനും വിവിധ അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ക്കായി സജ്ജമാക്കുന്നതിനും 1927 മുതൽ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനും പ്രവർത്തിച്ചുവരുന്നു. ഈ അസോസിയേഷന്റെ മേൽനോട്ടത്തിലാണ്‌ രണ്ട്‌ വർഷം കൂടുമ്പോള്‍ നാഷണൽ ഗെയിംസ്‌ സംഘടിപ്പിക്കപ്പെടുന്നത്‌.

ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളുടെ നടത്തിപ്പിനും പരിശീലനത്തിനുമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും നീന്തൽക്കുളങ്ങളും ജിംനേഷ്യങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ന്യൂഡൽഹി, കൊൽക്കത്ത, പനാജി, ഹൈദരാബാദ്‌, മുംബൈ, ചെന്നൈ, ബംഗ്ലൂർ, കൊച്ചി എന്നീ നഗരങ്ങളിലാണ്‌ ഇന്ത്യയിലെ പ്രധാന അന്താരാഷ്‌ട്ര സ്റ്റേഡിയങ്ങള്‍ നിലകൊള്ളുന്നത്‌. ഇന്ത്യയിൽ കായിക വിനോദങ്ങളുടെ അഭിവൃദ്ധിക്കായി സ്‌പോർട്‌സ്‌ അതോറിറ്റി ഒഫ്‌ ഇന്ത്യ (SAI) എന്ന സ്ഥാപനം 1984 മുതൽ പ്രവർത്തിച്ചു വരുന്നു. ഒരേ സമയം കായിക പരിശീലനവും അക്കാദമിക പരിശീലനവും ഇവിടെ നടത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങള്‍ ഉള്ള ഈ സ്ഥാപനത്തിന്റെ പ്രധാന ശാഖകള്‍ പാട്യാലയിലും (നേതാജി സുഭാഷ്‌ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പോർട്‌സ്‌) തിരുവനന്തപുരത്തുമാണ്‌ (ലഷ്‌മീഭായ്‌ നാഷണൽ കോളജ്‌ ഒഫ്‌ ഫിസിക്കൽ എഡ്യൂക്കേഷന്‍) പ്രവർത്തിക്കുന്നത്‌. ഹിമാചൽ പ്രദേശിൽ ഒരു ഹൈ ആള്‍ട്ടിറ്റ്യൂഡ്‌ ട്രയിനിങ്‌ സെന്ററും ഇതിന്റെ കീഴിൽ പ്രവർച്ചിച്ചുവരുന്നു. കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്‌ ഇതിന്റെ പ്രവർത്തനങ്ങളത്രയും.

ഇന്ത്യയിലെ കായിക താരങ്ങളെയും പരിശീലകരെയും പ്രാത്സാഹിപ്പിക്കുന്നതിനും കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക്‌ ആകർഷിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ വിവിധ പുരസ്‌ക്കാരങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്‌. രാജീവ്‌ ഗാന്ധി ഖേൽ രത്‌ന പുരസ്‌ക്കാരമാണ്‌ രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി. അർജുന അവാർഡ്‌, ദ്രാണാചാര്യ പുരസ്‌ക്കാരം, ധ്യാന്‍ചന്ദ്‌ പുരസ്‌ക്കാരം എന്നിവയാണ്‌ ഇന്ത്യയിലെ മറ്റു പ്രധാന ദേശീയ കായിക പുരസ്‌കാരങ്ങള്‍.

സാമൂഹിക രംഗം

പൊതുജനാരോഗ്യം

സ്വാതന്ത്യ്രാനന്തരം പൊതുജനാരോഗ്യപ്രവർത്തനങ്ങള്‍ ഇന്ത്യയിൽ സത്വരം പുരോഗമിച്ചിട്ടുണ്ട്‌. മരണ നിരക്കിൽ പ്രകടമാകുന്ന വ്യത്യാസം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. 1946-50 കാലയളവിൽ 134 ആയിരുന്നു മരണനിരക്കിന്റെ സൂചിക. 2002 പിന്നിടുമ്പോള്‍ ഇത്‌ 63 ആയി ചുരുങ്ങിയിട്ടുണ്ട്‌. മരണ നിരക്കിലെ ഈ വ്യതിയാനം, സമാനമായി ശരാശരി ആയുർദൈർഘ്യത്തിലും പ്രതിഫലിക്കുന്നു. 1946-50 കാലയളവിൽ ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ്‌ 32.45 ആയിരുന്നത്‌ 1997-2001 എത്തുമ്പോഴയ്‌ക്കും പുരുഷന്മാരുടേത്‌ 61.3-ഉം സ്‌ത്രീകളുടേത്‌ 63-ഉം ആയി വർധിച്ചു. അസ്വാഭാവിക മരണനിരക്ക്‌ 1951-ൽ 1000-ന്‌ 25 ആയിരുന്നത്‌ 2002-ൽ കേവലം 8.1 മാത്രമായി നിയന്ത്രിക്കുവാനായി. പകർച്ചവ്യാധികളുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലും രോഗനിർണയത്തിലും ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചത്‌ പൊതുജനാരോഗ്യരംഗത്ത്‌ പുരോഗതി കൈവരിക്കുവാന്‍ സഹായകമായി.

കൊതുകിലൂടെ പകരുന്ന ഫിലേറിയയെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ക്ക്‌ 1955-ൽ തുടക്കം കുറിക്കപ്പെട്ടതാണ്‌. തുടക്കത്തിൽ 51.71 മില്യണ്‍ ഗ്രാമീണ ജനതയ്‌ക്ക്‌ 206 കണ്‍ട്രാള്‍ യൂണിറ്റുകളിലൂടെയും 199 ഫിലേറിയ ക്ലിനിക്കുകളിലൂടെയും സേവനം ലഭിച്ചിരുന്നുവെങ്കിൽ, 2004-ൽ, 2002 പ്രത്യേക ജില്ലകളിലായി 40.7 കോടി ജനങ്ങള്‍ക്കു നേട്ടം ലഭിക്കുന്ന തരത്തിൽ വിപുലീകരിച്ചു. 2015-ഓടെ ഫിലേറിയ പൂർണമായും ഇല്ലായ്‌മ ചെയ്യാനാകും എന്നാണ്‌ കരുതപ്പെടുന്നത്‌.

1963 മുതൽ കാണപ്പെട്ടു തുടങ്ങിയ ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്‌. 2003-ൽ അസുഖ ബാധിതരായ 12,754-പേരിൽ 215 പേർ മരണമടഞ്ഞു. 2004-ൽ രോഗംബാധിച്ച 4153-പേരിൽ 45 പേരേ മരിക്കുകയുണ്ടായുള്ളൂ.

ജലജന്യരോഗമായ ജപ്പാന്‍ ജ്വരം ഉത്തർപ്രദേശ്‌, ആന്ധ്ര, പശ്ചിമബംഗാള്‍, ആസാം, തമിഴ്‌നാട്‌, കർണാടക, കേരളം, ബിഹാർ, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രധാനമായും കണ്ടുവരുന്നത്‌. 2004-ൽ ഏകദേശം 367 പേർ രോഗം നിമിത്തം മരണപ്പെടുകയുണ്ടായി. രോഗപ്രതിരോധത്തിനായുള്ള വാക്‌സിന്‍ കസൗലിയിലെ സെന്‍ട്രൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിർമിച്ചു കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും ഇതിന്റെ ഉത്‌പാദനം പരിമിതമാണ്‌. ബിഹാർ, ഝാർഖണ്ഡ്‌, പശ്ചിമബംഗാള്‍, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിൽ കാണപ്പെട്ടുവരുന്ന കാലാ-അസർ എന്ന കൊതുകുജന്യ പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക്‌ 1990-91 വർഷത്തിൽ കേന്ദ്രഗവണ്‍മെന്റ്‌ തുടക്കം കുറിച്ചു. 2010 ആകുമ്പോഴേക്കും രോഗം പൂർണമായി ഇല്ലായ്‌മ ചെയ്യാനാകുമെന്നാണ്‌ ദേശീയ ആരോഗ്യനയത്തിൽ വ്യക്തമാക്കുന്നത്‌. ഇന്ത്യ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ്‌ ക്ഷയരോഗം. ലോകത്തെ മൊത്തം ക്ഷയരോഗികളിൽ മൂന്നിൽ ഒന്ന്‌ ഇന്ത്യയിലാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വർഷവും 8 ലക്ഷം രോഗികള്‍ പുതുതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ഓരോ മൂന്നു മിനിറ്റിലും ഒരു ക്ഷയരോഗി മരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അങ്ങനെ 1000 പേർ പ്രതിദിനം ഇന്ത്യയിൽ മരണമടയുന്നതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്‌. 1962 മുതൽക്കു ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി (NTCP) നടപ്പിലാക്കപ്പെട്ടുവെങ്കിലും വേണ്ടത്ര ഗുണഫലം ലഭിക്കാതിരുന്നതിനാൽ ലോകാരോഗ്യസംഘടനയുടെ നിർദേശാനുസരണം 1997 മാ. 26-ഓടെ പുതിയ രീതിയിലുള്ള ചികിത്സാ രീതി (RNTCP) നടപ്പിലാക്കിത്തുടങ്ങി.

1955-ലാണ്‌ കേന്ദ്രസർക്കാർ ദേശീയ കുഷ്‌ഠരോഗ നിയന്ത്രണ പരിപാടിക്ക്‌ തുടക്കം കുറിച്ചത്‌. 1983-ൽ ദേശീയ കുഷ്‌ഠരോഗ ഉന്മൂലന പരിപാടിയായി ഇതിനെ പുനരാവിഷ്‌കരിച്ചു. 1993-94 മുതൽ 2000 വരെ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ ദേശീയ കുഷ്‌ഠരോഗ ഉന്മൂലന പദ്ധതികളുടെ ഫലമായി പതിനായിരത്തിൽ ഒന്ന്‌ എന്ന കണക്കിലേക്ക്‌ കുഷ്‌ഠരോഗികളുടെ എച്ചത്തെ പരിമിതപ്പെടുത്താനായിട്ടുണ്ട്‌. ഇന്ന്‌ മിക്കവാറും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോലും കുഷ്‌ഠരോഗ നിർണയത്തിനും ചികിൽസയ്‌ക്കുമാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. മരുന്നുകള്‍ സൗജന്യമായി നൽകിവരുന്നുണ്ട്‌. സന്നദ്ധസംഘടനകളുടെയും സേവനം ഇതിൽ ലഭ്യമാണ്‌.

1976-ൽ ദേശീയ അന്ധതാനിയന്ത്രണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. 2004-05 കാലയളവിൽ ഏതാണ്ട്‌ 45 ലക്ഷത്തിലധികം നേത്രസംബന്ധിയായ ശസ്‌ത്രക്രിയകള്‍ ഇന്ത്യയിൽ നടക്കുകയുണ്ടായി. 5.32 ലക്ഷം കുട്ടികളിൽ കാഴ്‌ചത്തകരാറുകള്‍ കണ്ടെത്താനായി. പത്താം പദ്ധതിയിൽ ശൈശവാന്ധത, ഗ്ലൂകോമ, പ്രമേഹ സംബന്ധിയായ കാഴ്‌ചത്തകരാറ്‌ എന്നിവ ചികിൽസിക്കുന്ന സർജന്മാർക്ക്‌ വിദഗ്‌ധ പരിശീലനവും ആധുനിക ഉപകരണങ്ങളും നൽകുവാന്‍ നടപടിയുണ്ടായി.

1992 ഏ.-ൽ ദേശീയ സമഗ്ര എയ്‌ഡ്‌സ്‌ നിയന്ത്രണ പരിപാടിക്ക്‌ കേന്ദ്ര ഗവണ്‍മെന്റ്‌ തുടക്കം കുറിച്ചു. 1992 മുതൽ 1997 വരെ നിജപ്പെടുത്തിയിരുന്ന ഒന്നാംഘട്ട പരിപാടികള്‍ 1999 വരെ ദീർഘിപ്പിച്ചു. രണ്ടാംഘട്ട പരിപാടികളാണ്‌ ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്‌. രണ്ട്‌ പ്രധാന പരിപാടികളാണ്‌ പ്രസ്‌തുത പദ്ധതി ഇപ്പോള്‍ ലക്ഷ്യമിടുന്നത്‌. എച്ച.ഐ.വി. വൈറസിന്റെ വ്യാപനത്തെ കുറയ്‌ക്കുക എച്ച്‌.ഐ.വി./എയ്‌ഡ്‌സ്‌ എന്നിവയോടുള്ള കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതികരണം ശക്തമാക്കുക എന്നിവ. സംസ്ഥാന എയ്‌ഡ്‌സ്‌ കണ്‍ട്രാള്‍ സൊസൈറ്റികള്‍ മുഖാന്തിരമാണ്‌ സംസ്ഥാനതലത്തിൽ എച്ച്‌.ഐ.വി./എയ്‌ഡ്‌സ്‌ നിയന്ത്രണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കപ്പെടുന്നത്‌. വന്‍ നഗരങ്ങളായ മുംബൈ, ചെന്നെ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിൽ മുന്‍സിപ്പൽ എയ്‌ഡ്‌സ്‌ കണ്‍ട്രാള്‍ സൊസൈറ്റികള്‍ വഴി പ്രത്യേക പദ്ധതികളും നടപ്പിലാക്കുന്നു. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായാണ്‌ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്‌. നാഷണൽ എയ്‌ഡ്‌സ്‌ കണ്‍ട്രാള്‍ ഓർഗനൈസേഷന്‍ ആണ്‌ രോഗ സംബന്ധിയായ കണക്കുകള്‍ സമയബന്ധിതമായി തയ്യാറാക്കുന്നത്‌. ഇന്ത്യക്കാരിൽതന്നെ ധാരാളം പേർ എച്ച്‌.ഐ.വി. ബാധിതരാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതി സംബന്ധിച്ച നയരൂപീകരണവും മാർഗനിർദേശങ്ങള്‍ മെനയുന്നതും ദേശീയതലത്തിൽ നാക്കോ (NACO) ആണ്‌. സംസ്ഥാന തലത്തിൽ ഇത്‌ സ്റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രാള്‍ സൊസൈറ്റിയുമാണ്‌. ലൈംഗികരോഗങ്ങളുടെ ചികിത്സയ്‌ക്കായി 2004-05 കാലയളവിൽ രാജ്യത്താകെ 775 ക്ലിനിക്കുകള്‍ പ്രവർത്തനനിരതമായി. എല്ലാ ജില്ലാ ആശുപത്രികളിലും ഇതിനായുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്‌. അയഡിന്റെ അഭാവം/അപര്യാപ്‌തത മൂലം ഉണ്ടാകുന്ന അനാരോഗ്യത്തെ മറികടക്കാന്‍ 1962 മുതൽക്കു ദേശീയതലത്തിൽ നിരവധി പരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്‌. അയഡിന്‍ അടങ്ങിയ ഉപ്പിന്റെ ഉത്‌പാദനം പ്രതിവർഷം 46 ലക്ഷം മെട്രിക്‌ ടച്ചായി ഉയർത്തിയിട്ടുണ്ട്‌. 1954-ലെ പ്രിവന്‍ഷന്‍ ഓഫ്‌ ഫുഡ്‌ അഡള്‍ട്ടറേഷന്‍ ആക്‌ട്‌ പ്രകാരം അയഡിന്‍ ചേർക്കാത്ത ഉപ്പിന്റെ വിപണനം രാജ്യത്ത്‌ നിരോധിച്ചിരിക്കുന്നു.

പൊതുജനാരോഗ്യപരിപാടിയുടെ ഭാഗമായി 1982 മുതൽ സാമൂഹ്യാധിഷ്‌ഠിത-ദേശീയ മാനസികാരോഗ്യ പരിപാടിക്ക്‌ തുടക്കമിട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മനുഷ്യവൈകല്യങ്ങളിൽ മാനസിക വൈകല്യമുള്ളവരാണ്‌ എച്ചത്തിൽ നാലാമത്‌. ഇന്ത്യയിൽ ഗ്രാമീണ മേഖലയിലെ വൈകല്യമുള്ളവരിൽ 80.6 ശതമാനം മാനസിക വൈകല്യമുള്ളവരാണ്‌. നഗരപ്രദേശങ്ങളിൽ ഇത്‌ 48.9 ശതമാനവും. കേന്ദ്രസർക്കാരിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടികള്‍ക്ക്‌ 1996-ൽ തുടക്കം കുറിയ്‌ക്കപ്പെട്ടു. നിലവിൽ 29 സംസ്ഥാനങ്ങളിലും 94 ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള പ്രവർത്തനങ്ങള്‍ നടന്നുവരുന്നു. പത്താംപദ്ധതിയിൽ മാനസികാരോഗ്യ പരിപാടികള്‍ക്കായി 130 കോടി രൂപ വകയിരുത്തുകയുണ്ടായി.

ചിക്കുന്‍ഗുനിയാ രോഗാണു വിമുക്ത പരിപാടികള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ കമ്യൂണിക്കബിള്‍ ഡിസീസ്‌ എന്ന ഏജന്‍സിക്ക്‌ 1983-84 കാലയളവിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ആസൂത്രണം, സംയോജനം, മാർഗനിർദേശം, വിലയിരുത്തൽ എന്നിവയുടെ ചുമതല ഈ നോഡൽ ഏജന്‍സിയിൽ നിക്ഷിപ്‌തമാണ്‌. ഗിരിവർഗ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും പദ്ധതികള്‍ യഥാസമയം എത്തിക്കുന്നതിനുമായി 1996-97 കാലയളവു മുതൽ നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ വൈ.ഇ.പി. പത്താം പദ്ധതിക്കാലത്ത്‌ 4.5 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു. ഒറീസയിലെ കോരപുട്‌ ജില്ലയാണ്‌ ഇത്‌ ആദ്യമായി നടപ്പിലാക്കിത്തുടങ്ങിയത്‌.

ഇന്ത്യ നേരിടുന്ന കടുത്ത ആരോഗ്യ പ്രശ്‌നമാണ്‌ കാന്‍സർ. ഏതാണ്ട്‌ 7-9 ലക്ഷം ആളുകള്‍ ഓരോ വർഷവും കാന്‍സർ ബാധിതരാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലാകെ 25 ലക്ഷത്തോളം കാന്‍സർ രോഗബാധിതരുള്ളതായാണ്‌ അനുമാനിക്കപ്പെടുന്നത്‌. 1975-76 കാലഘട്ടത്തിൽ നാഷണൽ കാന്‍സർ കണ്‍ട്രാള്‍ പ്രാഗ്രാം എന്ന ദേശീയ അർബുദ നിയന്ത്രണ പരിപാടിക്ക്‌ തുടക്കം കുറിക്കപ്പെട്ടു എങ്കിലും രോഗത്തിന്റെ ശരിയായ അവസ്ഥയെ ദേശീയതലത്തിൽ വ്യക്തമായി കണ്ടെത്തുന്നതിലും ലക്ഷ്യം കാണുന്നതിലും പരിമിതികള്‍ നേരിട്ടതിനെതുടർന്ന്‌ 1984-ലും 85-ലും 2004-ലും കാലാനുസൃതമായി പദ്ധതി പുനരാവിഷ്‌കരിക്കുകയുണ്ടായി. പത്താം പദ്ധതിക്കാലത്ത്‌ കാന്‍സർ ചികിത്സയ്‌ക്കു വിഘാതമായി നിന്ന ഭൂപ്രകൃതി സംബന്ധമായ അസന്തുലിതാവസ്ഥയ്‌ക്കു പരിഹാരം കാണാന്‍ വലിയൊരളവു വരെ ശ്രമമുണ്ടായി. രാജ്യത്തുടനീളം 23 റീജണൽ കാന്‍സർ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്‌.

2004 ജനു. 1-വരെ രാജ്യത്ത്‌ 5479 ഗവണ്‍മെന്റ്‌ അലോപ്പതി ആശുപത്രികള്‍ പ്രവർത്തിച്ചുവരുന്നു. സംയോജിത ആരോഗ്യ-കുടുംബക്ഷേമ പ്രവർത്തനങ്ങള്‍ ഗ്രാമീണ മേഖലയിൽ ഊർജിതമായ ശൃംഖലകളിലൂടെ ലഭ്യമാക്കി വരുന്നു. 2004 സെപ്‌തംബറിൽ 3222 സാമൂഹികാരോഗ്യ കേന്ദ്രങ്ങളും 23,109 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 1,42,655 ഉപകേന്ദ്രങ്ങളും ഗ്രാമീണ മേഖലയിൽ പ്രവർത്തന നിരതമായി. സാമൂഹ്യ-സാമ്പത്തിക മേഖലകളിലും ആയുർദൈർഘ്യത്തിലും പൊതുവായി നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ത്തന്നെ പകർച്ച വ്യാധികളെ നിയന്ത്രിക്കുന്നതിൽ സമീപ കാലത്തുണ്ടായിട്ടുള്ള തിരിച്ചടികള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യരംഗത്ത്‌ പ്രതീക്ഷയ്‌ക്ക്‌ മങ്ങലേല്‌പിച്ചിട്ടുണ്ട്‌. മലേറിയ, ക്ഷയം, കുഷ്‌ഠരോഗം, അന്ധത, എയ്‌ഡ്‌സ്‌, അർബുദം, മനോരോഗം എന്നീ മേഖലകളിൽ ദേശവ്യാപകമായി വിവിധതരം ബോധവത്‌കരണ പരിപാടികള്‍ ആരോഗ്യവകുപ്പ്‌ സംഘടിപ്പിച്ചു വരുന്നുണ്ട്‌.

പത്താം പദ്ധതിയിലൂടെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന, സ്‌പെഷ്യാലിറ്റി-സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളജ്‌ ആശുപത്രികള്‍, മേഖലാകേന്ദ്രങ്ങള്‍ എന്നിവയുടെ വ്യാപനത്തിനും വിപുലീകരണത്തിനും ഊന്നൽ നല്‌കിയിട്ടുണ്ട്‌. ന്യൂഡൽഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെഡിക്കൽ സയന്‍സസിനു തുല്യമായ ആശുപത്രികള്‍ ആറ്‌ പിന്നോക്ക സംസ്ഥാനങ്ങളിൽ തുടങ്ങുവാനും നിലവിലുള്ള ആറ്‌ സുപ്രധാന ആരോഗ്യ സ്ഥാപനങ്ങള്‍ നവീകരിക്കുവാനും ഇതോടൊപ്പം ലക്ഷ്യമിട്ടിരിക്കുന്നു.

സാമൂഹികക്ഷേമം

തൊഴിലാളികളായ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും ആരോഗ്യവും ശക്തിയും കുട്ടികളുടെ ഇളംപ്രായവും ദുരുപയോഗപ്പെടുത്താതിരിക്കുകയും പൗരന്മാർ അവരുടെ പ്രായത്തിനോ ശക്തിക്കോ അനുയോജ്യമല്ലാത്ത പണികളിൽ പ്രവേശിക്കുവാന്‍ നിർബന്ധിതരാകാതിരിക്കുകയും ചെയ്യേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണെന്നു ഭരണഘടന ഉദ്‌ബോധിപ്പിക്കുന്നു. ഭരണഘടനയിലെ നാലാം ഭാഗമായ സംസ്ഥാന നയ നിർദേശകതത്ത്വങ്ങളിൽ സാമൂഹിക ക്ഷേമപരിപാടികള്‍ക്ക്‌ പ്രത്യേക ഊന്നൽ നല്‌കിയിട്ടുണ്ട്‌. ചൂഷണത്തിനും, അസാന്മാർഗികതയ്‌ക്കും ഭൗതിക പരിത്യജനത്തിനും എതിരെ ബാല്യത്തെയും യൗവനത്തെയും പരിരക്ഷിക്കേണ്ടതു സ്റ്റേറ്റിന്റെ ചുമതലയാണ്‌. ഈ ആശയം മുന്‍നിർത്തിക്കൊണ്ടാണ്‌ ഇന്ത്യാഗവണ്‍മെന്റ്‌ സാമൂഹിക ക്ഷേമപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌.

സ്‌ത്രീകള്‍, കുട്ടികള്‍, വികലാംഗർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത്‌ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമൂഹികക്ഷേമവകുപ്പാണ്‌. 1953-ൽ സെന്‍ട്രൽ വെൽഫെയർ ബോർഡ്‌ സ്ഥാപിച്ചത്‌ ഈ ഉദ്ദേശ്യത്തോടെയാണ്‌. സെന്‍ട്രൽ വെൽഫെയർ ബോർഡാണ്‌ സാമൂഹികക്ഷേമ പരിപാടികള്‍ക്ക്‌ മാർഗനിർദേശം നല്‌കുന്നത്‌. പ്രായപൂർത്തിയായ സ്‌ത്രീകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പരിപാടി, വർക്കിങ്‌ വിമന്‍സ്‌ ഹോസ്റ്റലുകളുടെ സ്ഥാപനം, പ്രയുക്ത പോഷകാഹാര പരിപാടി എന്നിവ ഈ വിഭാഗത്തിൽപ്പെട്ട പ്രവർത്തനങ്ങളാണ്‌. ബാലകുറ്റവാളികള്‍ക്കുവേണ്ടി പ്രത്യേക ജുവനൈൽ നീതിന്യായ കോടതികള്‍ പ്രവർത്തിച്ചുവരുന്നു. വ്യഭിചാരം തടയുന്നതിനുള്ള സപ്രഷന്‍ ഒഫ്‌ ഇമ്മോറൽ ട്രാഫിക്‌ ഇന്‍ വിമന്‍ ആന്‍ഡ്‌ ചിൽഡ്രന്‍ ആക്‌ട്‌-1956, പ്രാബേഷന്‍ ഒഫ്‌ ഒഫന്റേഴ്‌സ്‌ നിയമം 1958, ശിശുവിവാഹ നിരോധന നിയമം 1929, ചിൽഡ്രന്‍സ്‌ ആക്‌ട്‌ 1960, ഹിന്ദു വിവാഹ നിയമം 1955, അപ്രന്റീസ്‌ നിയമം 1950 എന്നിവ സാമൂഹ്യക്ഷേമത്തെ ആധാരമാക്കി നടപ്പാക്കിയ പ്രത്യേക നിയമങ്ങളാണ്‌. വികലാംഗർക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കും വേണ്ടിയുള്ള വിദ്യാഭ്യാസ-തൊഴിൽ പരിശീല കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും സാമൂഹ്യക്ഷേമ വകുപ്പ്‌ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു. ദീനദയാൽ ഡിസേബിള്‍ഡ്‌ റീഹാബിലിറ്റേഷന്‍ പദ്ധതിയിലൂടെ 2004-05 വർഷകാലത്ത്‌ 66.80 കോടി രൂപ 741 സന്നദ്ധ സംഘടനകള്‍ വഴി ചെലവഴിക്കുകയുണ്ടായി. പദ്ധതിയുടെ കീഴിൽ 520 സ്‌പെഷ്യൽ സ്‌കൂളുകളും 199 വൊക്കേഷണൽ ട്രയിനിങ്‌ സെന്ററുകളും പ്രവർത്തിച്ചുവരുന്നു. കൂടാതെ അംഗവൈകല്യം സംഭവിച്ചവർക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനു സാമ്പത്തിക സഹായം നൽകുവാന്‍ പ്രത്യേക സഹായ പദ്ധതിയും നടപ്പിലാക്കി വരുന്നു. 2005-2006 കാലയളവിൽ 57.91 കോടി രൂപ 139 ഏജന്‍സികള്‍ വഴി ഇതിനായി ചെലവിടുകയുണ്ടായി. വികലാംഗർക്കായുള്ള സാമൂഹ്യസുരക്ഷയും അവകാശങ്ങളും 1995-ലെ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസേബിലിറ്റീസ്‌ ആക്‌ടിൽ ഉറപ്പാക്കിയിരിക്കുന്നു. 2005-2006 വാർഷിക കാലയളവിൽ രാജ്യത്താകെ, ബുദ്ധിമാന്ദ്യം ഉള്‍പ്പെടെ, വൈകല്യമുള്ള 79,300 പേർക്ക്‌ പരിശീലനം ലഭിക്കുകയുണ്ടായി. 384 ബോധവത്‌കരണ ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടു.

പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ ശാക്തീകരണ പദ്ധതികള്‍ക്കായി 2006-07 വർഷത്തിൽ 166.63 മില്യണ്‍ ചെലവഴിച്ചു. പട്ടികവർഗക്ഷേമത്തിനായി പത്താം പദ്ധതിയിൽ 5,754 കോടി രൂപ വകയിരുത്തുകയും 2006-07 വർഷത്തിൽ 1,760.19 കോടി ചെലവിടുകയും ചെയ്‌തു.

പട്ടികജാതി-പട്ടികവർഗങ്ങളുടെ ഉന്നമനത്തിൽ ഗവണ്‍മെന്റ്‌ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്‌. "അയിത്തം' നിയമം മൂലം തടഞ്ഞിട്ടുണ്ട്‌. ആരാധനാ സ്വാതന്ത്യ്രവും തൊഴിൽ സ്വാതന്ത്യ്രവും സഞ്ചാരസ്വാതന്ത്യ്രവും ഉറപ്പുനല്‌കുന്നതിന്‌ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്‌. പാർലമെന്റ്‌, സംസ്ഥാന നിയമസഭകള്‍ തുടങ്ങി, ഭരണകൂട നിയന്ത്രണങ്ങളുള്ള എല്ലാ സ്ഥാപനങ്ങളിലും സംവരണം അനുവദിക്കപ്പെട്ടിട്ടുണ്ട്‌. പട്ടികജാതി-പട്ടികവർഗങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ അവർക്കു ലഭിക്കുന്നുണ്ടോ എന്നും ഈ വിഭാഗങ്ങള്‍ക്കുമേൽ ഉണ്ടാകുന്ന അക്രമങ്ങളും ആക്ഷേപങ്ങളും അന്വേഷിക്കുന്നുണ്ടോ എന്നും പരിശോധിക്കാന്‍ കമ്മീഷണർ ഫോർ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌സ്‌ ആന്‍ഡ്‌ ഷെഡ്യൂള്‍ഡ്‌ ട്രബ്‌സ്‌ എന്ന പേരിൽ ഒരു പ്രത്യേക ഉദ്യോഗസ്ഥന്‍ തന്നെയുണ്ട്‌. സംസ്ഥാനങ്ങളിൽ ഇക്കാര്യങ്ങള്‍ക്കുമാത്രമായി പ്രത്യേകം ഉദ്യോഗസ്ഥരുമുണ്ട്‌. 1955-ലെ പ്രാട്ടക്ഷന്‍ ഓഫ്‌ സിവിൽ റൈറ്റ്‌സ്‌, 1989-ലെ പ്രിവന്‍ഷന്‍ ഓഫ്‌ അട്രാസിറ്റീസ്‌ ആക്‌ട്‌ എന്നിവ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിയമമാക്കിയവയാണ്‌. ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രീ-മെട്രിക്‌ സ്‌കോളർഷിപ്പ്‌, പോസ്റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌, രാജീവ്‌ഗാന്ധി നാഷണൽ ഫെല്ലോഷിപ്പ്‌, നാഷണൽ ഓവർസീസ്‌ സ്‌കോളർഷിപ്പ്‌, പാസേജ്‌ ഗ്രാന്‍ഡ്‌സ്‌ ഫോർ ഹയർ എജ്യൂക്കേഷന്‍, പരിശീലന ക്യാമ്പുകള്‍, ഹോസ്റ്റൽ സൗകര്യങ്ങള്‍ എന്നിവ നല്‌കിവരുന്നു. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനായി ഡോ. അംബേദ്‌കർ ഫൗണ്ടേഷനും പ്രവർത്തിച്ചുവരുന്നു.

സാമൂഹിക വികസനവും സഹകരണവും. 1952 ഒ. 2-ന്‌ ദേശീയാടിസ്ഥാനത്തിൽ സാമൂഹിക വികസന പരിപാടിക്ക്‌ തുടക്കം കുറിക്കപ്പെട്ടു. ഗ്രാമീണ ജനതയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ പരിപാടിയിൽ കാർഷിക രംഗത്തിന്‌ പ്രാധാന്യം നല്‌കിയിരിക്കുന്നു.

പുതിയ വെല്ലുവിളികള്‍

ഒന്നാം പദ്ധതിക്കാലത്ത്‌ (1951-56) നാണയപ്പെരുപ്പത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും ഭീഷണിയെ മുന്നിൽ കണ്ട്‌ ഏറ്റവുമധികം പരിഗണന നല്‌കിയത്‌ കാർഷിക-ജലസേചന-ഊർജോത്‌പാദന പദ്ധതികള്‍ക്കാണ്‌. പൊതു മേഖലയ്‌ക്കായി നീക്കിവച്ച 2,069 കോടി രൂപയുടെ 44.6 ശതമാനം ഇത്തരം പദ്ധതികള്‍ക്കു മാത്രമായി അനുവദിച്ചു. രണ്ടാം പദ്ധതിയിൽ (1956-61) വ്യാവസായിക വത്‌കരണം ത്വരിതപ്പെടുത്തുവാനും തൊഴിലവസരങ്ങള്‍ സംഘടിപ്പിക്കാനും സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറയ്‌ക്കുവാനും പ്രാധാന്യമേകി. രണ്ടാം പദ്ധതിയിൽ (1961-66) സുസ്ഥിര വികസനം, ഭക്ഷ്യധാന്യ ഉത്‌പാദനത്തിൽ സ്വയം പര്യാപ്‌തത, വന്‍കിട വ്യവസായങ്ങള്‍ക്കു സാഹചര്യമൊരുക്കൽ എന്നിവ ലക്ഷ്യം വയ്‌ക്കുകയുണ്ടായി. ദേശീയവരുമാന നിരക്കിൽ 30 ശതമാനം വർധനവ്‌ കണ്ടെത്തുവാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. 1960-61-ൽ 14,500 കോടിയായിരുന്ന ദേശീയ വരുമാനം 1965-66 ആയപ്പോഴേക്ക്‌ 19,000 കോടിയായി ഉയർന്നു. ഏതാണ്ട്‌ 17 ശതമാനം വളർച്ച. 1965-69 വരെ നിലനിന്ന ഇന്ത്യ-പാക്‌ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളുടെയും സാമൂഹിക വികസന സാഹചര്യങ്ങളെ ദുർബലപ്പെടുത്തി. നാലാം പദ്ധതിയിൽ (1969-74) തുല്യതയ്‌ക്കും സാമൂഹ്യനീതിക്കും പ്രാമുഖ്യം നല്‌കി. സമൂഹത്തിൽ പിന്നാക്കം നില്‌ക്കുന്ന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ-സാമൂഹിക ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങള്‍ക്ക്‌ കൂടുതൽ പരിഗണന നൽകുകയുണ്ടായി. ഈ കാലയളവിൽ ആഭ്യന്തരോത്‌പാദനം 29, 701 കോടിയായിരുന്നത്‌ 1973-74 എത്തുമ്പോഴേക്കു 38,306 കോടിയായി വളർന്നു. 5.7 ശതമാനം വളർച്ചാനിരക്ക്‌. അഞ്ചാം പദ്ധതിക്കാലത്ത്‌ ഉണ്ടായ അനിയന്ത്രിതമായ നാണയപ്പെരുപ്പം സാമൂഹിക മേഖലകളെ ബാധിക്കാതെ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ സമ്മർദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ദാരിദ്യ്ര നിർമാർജനത്തിനാണ്‌ ആറാം പദ്ധതി (1980-85) ഏറെ പ്രാധാന്യം നല്‌കിയത്‌. ഏഴാം പദ്ധതിയിൽ (1985-90) ഗ്രാമവികസനം, ആധുനികവത്‌കരണം, സ്വയം പര്യാപ്‌തത, സാമൂഹിക നീതി, വളർച്ച, ഭക്ഷ്യധാന്യ ഉത്‌പാദനത്തിൽ സ്വയം പര്യാപ്‌തത എന്നിവ ലക്ഷ്യമാക്കി. എട്ടാം പദ്ധതി (1990-95) കാലയളവിൽ രാജ്യത്ത്‌ അടിമൂടിയുണ്ടായ രാഷ്‌ട്രീയ മാറ്റങ്ങള്‍ പദ്ധതിയുടെ രൂപീകരണത്തെയും നടത്തിപ്പിനെയും പ്രകടമായി ബാധിച്ചു. വാർഷിക പദ്ധതികള്‍ക്ക്‌ ഊന്നൽ നല്‌കാനാണ്‌ ഇക്കാലത്ത്‌ തീരുമാനമുണ്ടായത്‌. തൊഴിലില്ലായ്‌മയ്‌ക്ക്‌ പരിഹാരം കാണാനും സാമൂഹ്യപരിവർത്തനത്തിന്‌ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായിരുന്നു പ്രധാന ശുപാർശകള്‍. എട്ടാം പദ്ധതി 1992-ൽ തുടർന്നുള്ള അഞ്ചുവർഷക്കാലത്തേക്കു പുനർ ക്രമീകരിച്ചപ്പോള്‍ ലോകബാങ്കിന്റെയും മറ്റും നിർദേശങ്ങളെ ഉള്‍ക്കൊണ്ട്‌ ഘടനാപരമായ മാറ്റങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‌കി. ഇക്കാലയളവിൽ 5.6 ശതമാനമായിരുന്ന വ്യാവസായിക വളർച്ചാനിരക്ക്‌ 7.5 ശതമാനമായി ഉയർത്തുവാന്‍ ലക്ഷ്യംവച്ചു. 4,34,100 കോടിരൂപ പൊതുമേഖലയുടെ വികസനത്തിനായി വകയിരുത്തുകയുണ്ടായി.

ഒന്‍പതാം പദ്ധതി (1997-2002) 7 ശതമാനം വാർഷിക വളർച്ചാനിരക്ക്‌ ലക്ഷ്യമിടുകയുണ്ടായി. ശുദ്ധജലം, പ്രാഥമിക ആരോഗ്യ സേവന ലഭ്യത, പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കൽ, പാർപ്പിട സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള പോഷകാഹാര പരിപാടികള്‍, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തൽ തുടങ്ങി, ദരിദ്രജനതയെ കേന്ദ്രീകരിക്കുന്നതായിരുന്നു ഒന്‍പതാം പദ്ധതി. 1950-51 മുതൽ 2002-03 വരെയുള്ള കാലയളവിൽ ദേശീയ ഉത്‌പാദനം 8.7 മടങ്ങ്‌ വളർച്ച നേടി. 1,32,367 കോടിയിൽനിന്ന്‌ 11,56,714 കോടിയിൽ എത്തി. അതായത്‌ 4.2 ശതമാനം വാർഷിക വളർച്ച. പത്താംപദ്ധതി (2002-07) കാലയളവിൽ ദാരിദ്യ നിർമാർജന പദ്ധതികളുടെ ഭാഗമായി ദാരിദ്യ്രത്തിന്റെ സൂചിക 26 ശതമാനത്തിൽനിന്നും 21 ശതമാനമായി കുറഞ്ഞു (2007). ജനസംഖ്യ 1991-2001 ദശാബ്‌ദത്തിൽ 21.3 ശതമാനമായിരുന്ന വളർച്ചാനിരക്ക്‌ 16.2 ശതമാനമായി ചുരുങ്ങി. തൊഴിലില്ലായ്‌മയുടെ സൂചിക ഉയരുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. 2007-ഓടെ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ചു. സാക്ഷരതയിൽ ദൃശ്യമായിരുന്ന സ്‌ത്രീ-പുരുഷ വ്യത്യാസവും കുറഞ്ഞു. സ്‌ത്രീകളുടെ സാക്ഷരതാനിരക്ക്‌ ഉയർന്നു. 50 മില്യണ്‍ തൊഴിൽ അവസരങ്ങളുടെ സൃഷ്‌ടിയാണ്‌ പത്താം പദ്ധതി ലക്ഷ്യം വച്ചിരുന്നത്‌. വിവര സാങ്കേതിക മേഖലയുടെ വന്‍തോതിലുള്ള തൊഴിൽ സാധ്യതകളെക്കൂടി മുന്നിൽ കണ്ടായിരുന്നു ഇത്തരം പദ്ധതികളോടുള്ള നയസമീപനം.

പഞ്ചായത്തി രാജ്‌. ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ സംവിധാനത്തിന്‌ പുതിയ പരിപ്രക്ഷ്യം നല്‌കികൊണ്ട്‌ ഭരണഘടനയുടെ 72-ാം ഭേദഗതിയിലൂടെ 1992-ൽ പ്രാബല്യത്തിൽ വന്ന സംവിധാനമാണ്‌ പഞ്ചായത്തി രാജ്‌. ഭരണഘടനയുടെ 11-ാം ഷൈഡ്യൂളിൽ 29 വിഷയങ്ങളിലായി പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിലധിഷ്‌ഠിതമായ സാമൂഹിക വികസനത്തെയാണ്‌ ലക്ഷ്യമിടുന്നത്‌. നിലവിൽ മൂന്നു തലങ്ങളിൽനിന്നുമാണ്‌ വികസനഫണ്ട്‌ ലഭ്യമാകുന്നത്‌. ദേശീയ ഫിനാനന്‍സ്‌ കമ്മീഷന്റെ ശുപാർശപ്രകാരം പ്രാദേശിക സമിതികളിൽ നിന്നുള്ള ഗ്രാന്റ്‌, കേന്ദ്ര ഗവണ്‍മെന്റ്‌ സ്‌പോണ്‍സർ ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ലഭിക്കുന്ന തുക, സംസ്ഥാന സാമ്പത്തികാസൂത്രണ കമ്മീഷന്റെ നിർദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാന ഗവണ്‍മെന്റിൽനിന്നു ലഭിക്കുന്ന ഫണ്ട്‌; കൂടാതെ നികുതിയിനത്തിലും നികുതിയേതര വരുമാനത്തിൽനിന്നും ലഭ്യമാകുന്ന പണം.

1959-ൽ ആവിഷ്‌കരിച്ച ഈ പരിപാടി മൂന്നു ഘട്ടങ്ങളിലായി പ്രവർത്തിക്കുന്നു. ഗ്രാമം, ബ്ലോക്ക്‌, ജില്ല എന്നീ തലങ്ങളിൽ പ്രവർത്തിക്കുന്ന പഞ്ചായത്തീരാജിൽ പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അർഹമായ പ്രാധാന്യം നല്‌കിയിട്ടുണ്ട്‌. കാർഷികോത്‌പാദനം, ഗ്രാമവ്യവസായങ്ങള്‍, വൈദ്യസഹായനടപടികള്‍, മാതൃശിശുസംരക്ഷണം, ഗ്രാമറോഡുകള്‍, പരിസരശുചീകരണം എന്നിവ പഞ്ചായത്തീ രാജിന്റെ മേൽനോട്ടത്തിൽ വരുന്ന കാര്യങ്ങളാണ്‌.

സംസ്ഥാനങ്ങളിൽ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ജില്ലാതലത്തിൽ ആസൂത്രണ സമിതികള്‍ രൂപീകരിക്കപ്പെടുകയും അവയുടെ നിർദേശപ്രകാരം വികസന പരിപാടികള്‍ ത്വരിതപ്പെടുത്തുകയുമാണ്‌ ചെയ്യുന്നത്‌. പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പദ്ധതികള്‍ രൂപീകരിക്കുന്നത്‌ അതാതു പ്രദേശത്തെ ജനങ്ങള്‍ തന്നെയാണ്‌. ഭരണഘടനയുടെ 243 (a) വകുപ്പുപ്രകാരം ഗ്രാമസഭകള്‍ക്കാണ്‌ പദ്ധതി രൂപീകരണത്തിൽത്തുടങ്ങി നടപ്പിലാക്കുന്നത്‌ വരെയുള്ള ആത്യന്തികമായ അധികാരം.

സഹകരണം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ സ്വാധീനം ചെലുത്തിപ്പോരുന്ന സഹകരണപ്രസ്ഥാനം 1904-ലാണ്‌ ആരംഭിച്ചത്‌. 1904-ൽ കോ-ഓപ്പറേറ്റീവ്‌ ക്രഡിറ്റ്‌ സൊസൈറ്റീസ്‌ ആക്‌റ്റ്‌ പാസാക്കി. സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുന്നേറ്റം ലോകത്തെ ഇതര രാഷട്രങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലാണ്‌. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഇന്നു സഹകരണപ്രസ്ഥാനത്തിന്റെ സാന്നിധ്യമുണ്ട്‌. കൃഷി, ഹോർട്ടികള്‍ച്ചർ, വായ്‌പ-നിക്ഷേപങ്ങള്‍, കുടിൽ-കാർഷിക വ്യവസായങ്ങള്‍, ഗ്രാമീണ മേഖലയിലെ വൈദ്യുതവത്‌കരണം, ക്ഷീരോത്‌പാദനം, ഉപഭോക്തൃ സംഘങ്ങള്‍, ഗിരിവർഗ ഉന്നമനം, മാനവശേഷി വികസനം, വിവരസാങ്കേതികവിദ്യ തുടങ്ങി അനവധി മേഖലകളിൽ സഹകരണ പ്രസ്ഥാനം ഇടപെടുന്നു. രണ്ടാം പഞ്ചവത്സരപദ്ധതി കാലയളവിൽ 1958-ൽ ഒരു കോ-ഓപ്പറേറ്റീവ്‌ സെന്‍ട്രൽ ബാങ്ക്‌ സ്ഥാപിതമായി. 1960-ൽ ഭൂപണയ ബാങ്കിനും തുടക്കമിട്ടു. പോണ്ടിച്ചേരിയിലും കാരയ്‌ക്കലിലും ഓരോ വിപണന സഹകരണ ബാങ്കിനും തുടക്കമായി. മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഗ്രാമീണ പ്രാഥമിക സംഘങ്ങള്‍, ഉപഭോക്തൃസഹകരണസംഘങ്ങള്‍, പാർപ്പിട-ഭവന സഹകരണ സംഘങ്ങള്‍, കാർഷിക ഉത്‌പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ തുടങ്ങിയവ അതിവേഗം വേരോട്ടം നേടി. നാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ 30 ശതമാനം വിഹിതം കാർഷികമേഖലയ്‌ക്ക്‌ മാത്രമായി വായ്‌പ നല്‌കി. കാർഷിക മേഖലയുടെ വളർച്ചയ്‌ക്കായി 12 കാർഷിക-സഹകരണ സംഘങ്ങള്‍ ആരംഭിച്ചു.

അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ കാർഷികവായ്‌പയും വിപണിയും ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും തൊഴിൽ സംഘങ്ങളും ഗ്രാമീണ മേഖലയുടെ വളർച്ചയ്‌ക്കായി കൈകോർത്തു. ആറാം പഞ്ചവത്സരപദ്ധതികാലയളവിൽ പഞ്ചസാരമിൽ, നെയ്‌ത്തു-നൂൽനൂൽപ്പ്‌ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ എന്നിവ തുടങ്ങി. ക്ഷീരവികസനവും വിപുലീകരിച്ചു. ജൂനിയർ കോ-ഓപ്പറേറ്റീവ്‌ ട്രയിനിങ്‌ സെന്ററുകള്‍ പ്രവർത്തനമാരംഭിച്ചു. ഏഴാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ സഹകരണ സംഘങ്ങളിൽ ജനാധിപത്യ മുന്നേറ്റത്തിന്‌ തുടക്കമായത്‌. ഗ്രാമീണമേഖലയിൽ കാർഷിക ആസൂത്രണത്തിനും ഘടനാപരമായ നവീകരണപ്രവർത്തനങ്ങള്‍ക്കും ആരംഭംകുറിച്ചു. എട്ടാം പദ്ധതിയിൽ വ്യാപാര വ്യവസായ വികസന പദ്ധതികള്‍ക്ക്‌ പ്രായോഗികമായ അവസര പങ്കാളിത്തം നല്‌കി. കാർഷിക വായ്‌പ, ഉപഭോക്തൃ-പീഡിത വിഭാഗങ്ങള്‍, വ്യാവസായിക സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഹകരണ വിദ്യാഭ്യാസം, സഹകരണ മേഖലയിലെ ജീവനക്കാർക്കുള്ള പരിശീലനം, മാനവശേഷി വികസനം എന്നിവ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഗതാഗതം, കരാർ തൊഴിൽ സംഘങ്ങള്‍, കംപ്യൂട്ടർ സഹകരണസംഘങ്ങള്‍, പഴം-പച്ചക്കറി, ഭവനബാങ്കിങ്‌ തുടങ്ങിയ സംരംഭങ്ങള്‍ക്കുക്കൂടി പത്താം പദ്ധതിയിൽ ഊന്നൽ നല്‌കി. 2008-ൽ ലോകത്താകെ ഉണ്ടായ സാമ്പത്തിക തകർച്ചയിൽനിന്നും ഇന്ത്യന്‍ സമ്പദ്‌ഘടനയെ സംരക്ഷിച്ചു നിർത്തിയത്‌-സഹകരണ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ കെട്ടുറപ്പുള്ള സാമൂഹിക പങ്കാളിത്തമാണെന്ന്‌ തെളിയിക്കപ്പെട്ടു. പതിനൊന്നാം പദ്ധതിയിൽ ആധുനിക ജീവിത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലേക്കുകൂടി സഹകരണപ്രസ്ഥാനം കടന്നു ചെല്ലുകയാണ്‌.

കുടുംബക്ഷേമം. 2001-ലെ സെന്‍സസ്‌ പ്രകാരം 103 കോടിയാണ്‌ ഇന്ത്യയുടെ ജനസംഖ്യ. 53 കോടി പുരുഷന്മാരും 50 കോടി സ്‌ത്രീകളും. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 16.87 ശതമാനമാണിത്‌. ലോകത്തെ മൊത്തം ഭൂവിസ്‌തൃതിയുടെ 2.4 ശതമാനം മാത്രമുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡം ലോകത്തെ ഇതര രാഷ്‌ട്രങ്ങളെ അപേക്ഷിച്ച്‌ ഭാരിച്ച ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്‌. ജനസംഖ്യാവർധനവ്‌ ഇന്ത്യയിൽ

സെന്‍സസ്‌	 ദശാബ്‌ദ വളർച്ച	       ആനുപാതിക
   വർഷം	    (ശതമാനം)	     വളർച്ച (ശതമാനം)
	1971		24.80		2.20
	1981		24.66		2.22
	1991		23.86		2.14
	2001		21.34		1.93	
 

ജനസംഖ്യയുടെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തരോൽപ്പാദനം താരതമ്യേന ഭേദപ്പെട്ട സ്ഥിതിയിലാണ്‌. ഉയർന്ന ജനസംഖ്യാ വർധനവ്‌ പ്രകടമാകുന്ന 210 ക്ലസ്റ്ററുകളെ കണ്ടെത്തുകയും അവ കേന്ദ്രീകരിച്ച്‌ അഞ്ച്‌ കർമസമിതികള്‍വഴി ബോധവത്‌കരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടപ്പിലാക്കുകയുമാണ്‌ കേന്ദ്രസർക്കാരിനു കീഴിലുള്ള കുടുംബക്ഷേമ മന്ത്രാലയം. ബീഹാർ, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളെയാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ കാലയളവിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ പ്രകടമായ ഗുണഫലത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നീക്കം. കുടുംബാസൂത്രണം, രോഗപ്രതിരോധം, സുരക്ഷിത പ്രസവം എന്നിവയാണ്‌ പ്രധാന മേഖലകള്‍. ധനകാര്യവകുപ്പിന്റെയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ ദരിദ്രജനവിഭാഗങ്ങള്‍ക്കും ആരോഗ്യ-ഇന്‍ഷ്വറന്‍സ്‌ ഏർപ്പെടുത്തുവാന്‍ ശ്രമം നടന്നു വരുന്നു. രോഗ പ്രതിരോധ പരിപാടികളുടെ കാര്യത്തിൽ 2002-2003 കാലയളവിൽ കുടുംബക്ഷേമ വകുപ്പ്‌ നടത്തിയ സർവേയിൽ 258 ജില്ലകളെ പഠനത്തിനു വിധേയമാക്കിയതിൽ 211 ജില്ലകളും സത്വര നടപടികള്‍ സ്വീകരിച്ചതായി കണ്ടെത്തി. ഗ്രാമീണ മേഖലയിൽ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടെങ്കിലും മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തിനു മാത്രമാണ്‌ ഇന്നും ചികിത്സാ സൗകര്യം ലഭ്യമായിട്ടുള്ളത്‌. 2009-10 വാർഷിക പദ്ധതിയിൽ ആഭ്യന്തരോത്‌പാദനത്തിന്റെ 2 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണത്തിന്‌ കരുതൽ തുകയായി വകയിരുത്തിയിരിക്കുന്നു. 1997-ൽ തുടക്കം കുറിച്ച മാതൃ-ശിശുക്ഷേമ പരിപാടി (Reproductive and Child Health Programme -RCH) ഗർഭസ്ഥ-നവജാത ശിശുമരണനിരക്ക്‌ കുറയ്‌ക്കുക, ഗർഭാവസ്ഥയിൽ സ്‌ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുക തുടങ്ങിയ ജനസംഖ്യാ നിയന്ത്രണ-സ്ഥിരീകരണ പ്രവർത്തനങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. ലോകബാങ്ക്‌, യൂറോപ്യന്‍ യൂണിയന്‍, യു.എന്‍.എഫ്‌.പി.എ, യുനിസെഫ്‌ തുടങ്ങിയ രാജ്യാന്തര ഏജന്‍സികളുടെ പിന്തുണയോടെയാണ്‌ ആർ.സി.എച്ച്‌ പദ്ധതി നടപ്പിലാക്കിവരുന്നത്‌. പ്രസ്‌തുത പദ്ധതിയുടെ കാലാനുസൃതമായ പരിഷ്‌കരണമാണ്‌ ആർ.സി.എച്ച്‌. രണ്ടാംഘട്ടത്തിലൂടെ നടപ്പിലാക്കുന്നത്‌. പത്താം പഞ്ചവത്സരപദ്ധതിയുടെയും ദേശീയജനസംഖ്യാ നയത്തിന്റെയും ഭാഗമായാണ്‌ മാതൃ-ശിശുക്ഷേമ പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്‌.

ആഗോള രോഗപ്രതിരോധപരിപാടി. ക്ഷയം, അപസ്‌മാരം, ടെറ്റനസ്‌, പോളിയോ, നിലങ്കാരിച്ചുമ, അഞ്ചാംപനി എന്നീ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ഗർഭസ്ഥ-നവജാത ശിശുക്കള്‍ക്കു നല്‌കുന്ന പ്രതിരോധ വാക്‌സിനുകളാണിവ. 1985-90 കളോടെ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക്‌ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്‌.

പള്‍സ്‌ പോളിയോ. ലോകാരോഗ്യസംഘടനയുടെ ജനറൽ അസംബ്ലി 1988-ൽ പാസ്സാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പള്‍സ്‌ പോളിയോ ഇമ്യൂണൈസേഷന്‍ (പി.പി.ഐ.) 1995-96 മുതൽ ഇന്ത്യയിൽ നടപ്പിലാക്കി വരുന്നു. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ്‌ തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിലും 1996-97 മുതൽ 5 വയസ്സിൽ താഴെയുള്ള മുഴുവന്‍ കുട്ടികളെയും പദ്ധതിയുടെ ലക്ഷ്യത്തിൽ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. ദേശീയ രോഗപ്രതിരോധ ദിനങ്ങളിൽ ഓരോ തവണയും 17 കോടിയോളം കുട്ടികള്‍ക്കു പ്രതിരോധകുത്തിവയ്‌പ്‌ നല്‌കാന്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മാതൃ-ആരോഗ്യപരിപാടി. ഗർഭസ്ഥശിശുമരണ നിരക്ക്‌ ലക്ഷത്തിൽ നാന്നൂറ്റിയേഴ്‌ എന്നത്‌ 2010-ഓടെ നൂറിൽ താഴേയെങ്കിലുമാക്കി ചുരുക്കുക എന്ന ലക്ഷ്യമാണ്‌ മാതൃ-ആരോഗ്യപരിപാടിയിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്‌. ഗ്രാമീണ മേഖലയിലെ, ദാരിദ്യ്രരേഖയ്‌ക്കു താഴെയുള്ള ഗർഭിണികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവയ്‌ക്കുന്ന ജനനി സുരക്ഷാ യോജനയ്‌ക്കു 2005 ഏ.-ൽ തുടക്കം കുറിച്ചു. പ്രസവത്തെത്തുടർന്നുള്ള മരണങ്ങളും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങളും കുറയ്‌ക്കുന്നതിനായി വന്ദേമാതരം പദ്ധതി 2004 ഫെ. 9 മുതൽ പ്രാവർത്തികമാക്കിത്തുടങ്ങി.

കുടുംബാസൂത്രണം. പൊതുജനാരോഗ്യ വകുപ്പ്‌ 1952 മുതൽ ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മേഖലയാണ്‌ കുടുംബാസൂത്രണം. ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിക്കപ്പെട്ട മുഖ്യ മാർഗങ്ങളിലൊന്നാണ്‌ കുടുംബാസൂത്രണ പരിപാടി. 1952-ൽ സാമൂഹിക സാമ്പത്തിക പരിപാടികള്‍ക്കൊപ്പം കുടുംബാസൂത്രണത്തിനും വളരെ പ്രാധാന്യം നല്‌കുകയുണ്ടായി. ദേശീയ തലത്തിൽ കുടുംബാസൂത്രണത്തിന്റെ ചുമതല വഹിക്കുന്നതിനും പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി 1966-ൽ കുടുംബാസൂത്രണ വകുപ്പ്‌ സ്ഥാപിതമായി. പ്രധാനമായും നാലു മാർഗങ്ങളാണ്‌ ഗർഭ നിരോധനത്തിനായി സ്വീകരിക്കപ്പെട്ടുവരുന്നത്‌. സ്റ്റെറിലൈസേഷന്‍, ഐ.യു.ഡി. ഇന്‍സേർഷന്‍, ഗർഭനിരോധന ഉറകള്‍, ഗുളികകള്‍ എന്നിവ. ഇതിൽ 2005-ലെ കണക്കുപ്രകാരം 49.2 ലക്ഷം പേർ സ്റ്റെറിലൈസേഷന്‍ രീതിയും 62.5 ലക്ഷം ഐ.യു.ഡി. സ്വീകരണവും, 182.8 ലക്ഷം പേർ ഗർഭനിരോധന ഉറകളും 76 ലക്ഷം പേർ ഗർഭനിരോധന മരുന്നകളും പ്രയോജനപ്പെടുത്തിയവരാണ്‌. കുടുംബാസൂത്രണത്തിൽ പുരുഷന്മാരെ കുറേക്കൂടി ചുമതലാ ബോധമുള്ളവരാക്കുക എന്ന ഉദ്ദേശ്യമാണ്‌ ചീ ടരമഹുലഹ ഢമലെരീോ്യ എന്ന രീതിയിലൂടെ ലക്ഷ്യമിടുന്നത്‌.

സുരക്ഷിതമല്ലാത്ത ഗർഭഛിദ്രമാണ്‌ ഗർഭിണികളുടെ മരണത്തിന്റെ പ്രധാന കാരണം. 1971-ലെ മെഡിക്കൽ ടെർമിനേഷന്‍ ഓഫ്‌ പ്രഗ്നന്‍സി ആക്‌ട്‌ പ്രകാരം ഗർഭസ്ഥശിശുവിന്റെ അസ്വാഭാവിക വളർച്ച മൂലമോ അസ്വാഭാവികത നിമിത്തം മാതാവിന്റെ ജീവന്‍ അപകടത്തിലാക്കുന്ന അവസ്ഥയിലോ അല്ലാതെ ഗർഭഛിദ്രം നിയമപരമായി നിരോധിച്ചിരിക്കുന്നു. ബലാത്സംഗം, ഗർഭനിരോധന മാർഗങ്ങളിലെ പരാജയം എന്നിവ കൊണ്ടുള്ള ഗർഭം, ഗർഭം ധരിച്ച്‌ 20 ആഴ്‌ചകള്‍ക്കുള്ളിൽ ഗർഭധാരണത്തിനുശേഷം നിയമാനുമതിയുണ്ട്‌.

പെണ്‍കുഞ്ഞിനോടുള്ള വിവേചനവും അവഗണനയും കാരണമായുള്ള ഗർഭഛിദ്രവും ഭ്രൂണഹത്യയും തടയുവാനായി ഗർഭാവസ്ഥയിലെ ലിംഗ നിർണയ രീതി 1994-ലെ റെഗുലേഷന്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ ഒഫ്‌ മിസ്‌യൂസ്‌ ആക്‌ട്‌ മുഖേന നിരോധിച്ചിട്ടുണ്ട്‌. ഗർഭഛിദ്രം ചെയ്യുന്ന ഡോക്‌ടർമാർക്ക്‌ അഞ്ചുവർഷം വരെ തടവും ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും മെഡിക്കൽ റെജിസ്‌ട്രഷന്‍ അസാധുവാക്കുവാനുള്ള വ്യവസ്ഥയും പ്രസ്‌തുത നിയമം അനുശാസിക്കുന്നു.

വൈദ്യശാസ്‌ത്ര ഗവേഷണം. പ്രാചീന കാലത്ത്‌ ഇന്ത്യയിൽ വേരൂന്നിയ ആയുർവേദ സമ്പ്രദായം ഇന്നും അതിന്റെ എല്ലാ വൈഭവങ്ങളോടുംകൂടി പ്രചരിച്ചുവരുന്നുണ്ട്‌. ആയുർവേദ മരുന്നുകളെക്കുറിച്ച്‌ നവീനരീതിയിലുള്ള ഗവേഷണം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നടന്നുവരുന്നു. എങ്കിലും ആധുനിക ചികിത്സാരീതി (modern medicine) യെയാണ്‌ ഭൂരിപക്ഷവും ആശ്രയിക്കുന്നത്‌. ഈ സമ്പ്രദായത്തിലുള്ള ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും പുതിയ സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികള്‍ ഇന്ന്‌ ഇന്ത്യയിൽ ധാരാളമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആരോഗ്യരംഗത്ത്‌ ആധുനിക സാങ്കേതികവിദ്യയും പാരമ്പര്യരീതികളും കഴിവതും ഉപയോഗപ്പെടുത്തുകയും, അത്‌ സാധാരണ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1995-ൽ തുടക്കമിട്ട ദി ഇന്ത്യന്‍ സിസ്റ്റംസ്‌ ഒഫ്‌ മെഡിസിന്‍ ആന്‍ഡ്‌ ഹോമിയോപ്പതിയുടെ പ്രവർത്തനങ്ങളുടെയും നയത്തിന്റെയും വിപുലീകരണമാണ്‌ 2003-ൽ "ആയുഷ്‌' (AYUSH) എന്ന പ്രത്യേക വകുപ്പിന്റെ രൂപീകരണത്തോടെ സാധ്യമായത്‌. ആയുർവേദം, യോഗ, പ്രകൃതിജീവനം, യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ ചികിത്സാരീതികളെ ആരോഗ്യരംഗത്ത്‌ പ്രയോജനപ്പെടുത്തിയുള്ള സംരംഭമാണിത്‌. പത്താം പഞ്ചവത്സരപദ്ധതിയിൽ 775 കോടി രൂപയാണ്‌ ഇതിന്റെ പ്രവർത്തനങ്ങള്‍ക്ക്‌ വകയിരുത്തിയിരുന്നത്‌. മൂന്ന്‌ സബോർഡിനേറ്റ്‌ ഓഫീസുകള്‍, ഒരു പൊതുമേഖലാ സ്ഥാപനം, രണ്ട്‌ സ്റ്റാറ്റ്യൂട്ടറി സംഘടനകള്‍, നാല്‌ ഗവേഷണ കൗണ്‍സിലുകള്‍, എട്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നാഷണൽ മെഡിസിനൽ പ്ലാന്റ്‌ ബോർഡ്‌ എന്നിവയാണ്‌ ആയുഷിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നത്‌. പാരമ്പര്യ വൈജ്ഞാനിക അറിവുകള്‍ക്കായി സി.എസ്‌.ഐ. ആറിന്റെ സഹകരണത്തോടെ ഒരു ഡിജിറ്റൽ ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.

ഇന്ത്യയിലെ വൈദ്യശാസ്‌ത്ര ഗവേഷണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ 1912-ൽ സ്ഥാപിതമായ ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ മെഡിക്കൽ റിസർച്ച്‌ ആണ്‌. ഡൽഹിയിലെ ആള്‍ ഇന്ത്യാ ഹെൽത്ത്‌ ആന്‍ഡ്‌ ഹൈജീന്‍ സെന്റർ, നാഷണൽ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌, വല്ലഭായി പട്ടേൽ ചെസ്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പ്രിവന്റീവ്‌ മെഡിസിന്‍, സെന്‍ട്രൽ ലെപ്രസി റിസേർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, കുന്നൂരിലെ പാസ്‌ചർ ഇന്‍സ്റ്റിറ്റ്യൂട്ട്‌, കൊൽക്കത്തയിലെ സെന്‍ട്രൽ ഡ്രഗ്‌സ്‌ എക്‌സാമിനേഷന്‍ സെന്റർ എന്നിവ കൂടാതെ ആയുഷിന്റെ കീഴിൽ വരുന്ന ജയ്‌പൂരിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആയുർവേദ, ചെന്നൈയിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സിദ്ധ, ബാംഗ്ലൂരിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ യുനാനി മെഡിസിന്‍സ്‌, ന്യൂഡൽഹിയിലെ മൊറാർജി ദേശായ്‌ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ യോഗ, പൂനെയിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ നേച്ചറോപ്പതി, കൊൽക്കത്തയിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഹോമിയോപ്പതി എന്നിവയും ഔഷധ ഗവേഷണത്തിൽ സുപ്രധാനമായ പങ്കുവഹിച്ചുവരുന്നു.

പൊതുജനാരോഗ്യ പ്രവർത്തനങ്ങള്‍ തികച്ചും ഫലപ്രദമാകണമെങ്കിൽ ജനങ്ങള്‍ക്കിടയിൽ തദനുഗുണമായ ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ടതുണ്ട്‌. ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത്‌ സാധ്യമാകുകയുള്ളൂ. ഇന്ത്യയിൽ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌ കേന്ദ്ര ആരോഗ്യ കാര്യാലയത്തിനു കീഴിലുള്ള സെന്‍ട്രൽ ഹെൽത്ത്‌ എഡ്യൂക്കേഷന്‍ ബ്യൂറോ ആണ്‌. ഒട്ടേറെ പുസ്‌തകങ്ങളും സെമിനാറുകളും ലഘുലേഖകളും ഇതിനായി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്‌. ആധുനിക സാങ്കേതിക വിദ്യയായ ഇന്റർനെറ്റ്‌, ടെലിവിഷന്‍, റേഡിയോ തുടങ്ങിയവയുടെ വന്‍ പ്രചാരത്തോടെ ജനങ്ങള്‍ക്കിടയിൽ ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകള്‍ ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്‌. പത്രമാസികകളും സുപ്രധാനമായ പങ്ക്‌ വഹിച്ചുവരുന്നു. (നോ: ആരോഗ്യവിദ്യാഭ്യാസം)

തൊഴിലും തൊഴിൽ സൗകര്യങ്ങളും. ഇന്ത്യക്കാരെ ബ്രിട്ടീഷ്‌ കോളനിയിൽ ജോലിക്കു നിയമിച്ചു തുടങ്ങിയതോടെയാണ്‌ വ്യവസ്ഥാപിതമായ രീതിയിൽ തൊഴിലാളികളെ നിയമിക്കുന്നതിന്റെ തുടക്കം കുറിച്ചത്‌. ശ്രീലങ്ക, മ്യാന്മർ, മലേഷ്യ എന്നിവിടങ്ങളിൽ ഇന്നും ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ ഉണ്ട്‌. തോട്ടം കൃഷികളിൽ ഇന്ത്യക്കാരായ തൊഴിലാളികളുടെ എച്ചം വർധിച്ചതോടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയുന്നതിനാവശ്യമായ നിയമനിർമാണങ്ങള്‍ ആവശ്യമായി വന്നു. അങ്ങനെയാണ്‌ 1881-ൽ ഫാക്‌ടറി നിയമം രൂപംകൊണ്ടത്‌. കുറഞ്ഞകൂലി നിജപ്പെടുത്തുക, തൊഴിൽ സമയം ക്രമീകരിക്കുക, കുട്ടികളെ ജോലിയിൽ ഏർപ്പെടുത്തുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ടാക്കുക എന്നീ നടപടികള്‍ ആരംഭിച്ചത്‌ ഇതോടെയാണ്‌. 1891-ലും 1911-ലും ഈ നിയമം ഭേദഗതി ചെയ്യുകയുണ്ടായി. 1901-ൽ ഖനി നിയമവും പാസ്സാക്കി. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ തൊഴിലാളികള്‍ സംഘടിക്കുകയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സംഘടിതമായ വിലപേശലുകള്‍ ആരംഭിക്കുകയും ചെയ്‌തു. 1919-ൽ രൂപവത്‌കരിച്ച അന്താരാഷ്‌ട്ര തൊഴിൽ സംഘടനയിൽ ഇന്ത്യ അംഗമായിച്ചേർന്നു. 1920-ൽ ആദ്യമായി ആള്‍ ഇന്ത്യാ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ എന്ന പേരിൽ ഒരു തൊഴിലാളി സംഘടന രൂപം കൊണ്ടു. ഫാക്‌ടറി നിയമം 1922, 1923, 1926 എന്നീ വർഷങ്ങളിൽ ഭേദഗതി ചെയ്‌ത്‌ തൊഴിൽ സമയം ക്രമേണ ആഴ്‌ചയിൽ 60 മണിക്കൂറായി കുറച്ചു. അധികസമയ ജോലിക്ക്‌ അധികവേതനം വ്യവസ്ഥ ചെയ്‌തു. കുട്ടികളായുള്ള ജോലിക്കാരുടെ കുറഞ്ഞ വയസ്സ്‌ 12 ആയി ഉയർത്തി. 1923-ലെ ഖനി നിയമവും തൊഴിലാളികളുടെ ക്ഷേമത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. 1933-ൽ വർക്ക്‌ മെന്‍സ്‌ കോംപന്‍സേഷന്‍ നിയമവും 1926-ൽ ഇന്ത്യന്‍ ട്രഡ്‌ യൂണിയന്‍ നിയമവും 1929-ൽ ട്രഡ്‌ ഡിസ്‌പ്യൂട്‌സ്‌ ആക്‌റ്റും പാസാക്കി. തൊഴിൽ നയരൂപീകരണത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ 1921-ലെ റോയൽ കമ്മീഷന്റെ രൂപവത്‌കരണം. തൊഴിലാളികളുടെ സേവനവ്യവസ്ഥകളെ സംബന്ധിച്ച അനവധി പ്രശ്‌നങ്ങളിലേക്ക്‌ ഈ കമ്മീഷന്‍ വിരൽ ചൂണ്ടിയിട്ടുണ്ട്‌. 1933-നുശേഷമുള്ള തൊഴിൽ നിയമങ്ങള്‍ക്ക്‌ നിദാനം ഈ കമ്മീഷന്റെ ശിപാർശകളാണ്‌. രണ്ടാം ലോകയുദ്ധത്തോടെ തൊഴിൽ നിയമങ്ങളിൽ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇന്‍ഡസ്‌ട്രിയൽ സ്റ്റാറ്റിറ്റിക്‌സ്‌ നിയമം (1942), ഫാക്‌ടറി നിയമഭേദഗതികള്‍ എന്നിവ ഉണ്ടായത്‌ ഇക്കാലത്താണ്‌. ഗവണ്‍മെന്റിന്റെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ അംഗങ്ങളായി അന്താരാഷ്‌ട്ര തൊഴിൽ സംഘടനയ്‌ക്കു സമാനമായ ഒരു ലേബർ കോണ്‍ഫറന്‍സ്‌ രൂപംകൊണ്ടു. തൊഴിൽ നിയമങ്ങള്‍ക്ക്‌ ഐകരൂപ്യം വരുത്തുക, വ്യവസായത്തർക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ഒരു നടപടിക്രമം ആവിഷ്‌കരിക്കുക, തൊഴിൽ സംബന്ധമായി അഖിലേന്ത്യാ പ്രാധാന്യമുള്ള വസ്‌തുതകള്‍ ചർച്ചചെയ്യുക എന്നിവയാണ്‌ ഈ സമിതിയുടെ പ്രവർത്തനങ്ങള്‍.

സ്വാതന്ത്യ്രലബ്‌ധിയെത്തുടർന്ന്‌ 1947-ൽ വ്യവസായ സമാധാന പ്രമേയം പാസ്സായി. 1962-ൽ ഇന്‍ഡസ്‌ട്രീയൽ ടൂള്‍സ്‌ റസലൂഷന്‍ അംഗീകരിച്ചു. വ്യവസായത്തർക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനും തൊഴിലാളികള്‍ക്കു പാർപ്പിട സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും മറ്റുമുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്‌ ഈ പ്രമേയങ്ങളുടെ ഫലമായാണ്‌.

1947-ൽ ഇന്‍ഡസ്‌ട്രീസ്‌ ഡിസ്‌പ്യൂട്‌സ്‌ ആക്‌ടും 1948-ൽ ഫാക്‌ടറീസ്‌ ആക്‌ടും മിനിമം വേജ്‌ ആക്‌ടും എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ആക്‌ടും തൊഴിലാളി ക്ഷേമപരമായ മറ്റു നിയമങ്ങളും പാസാക്കി. 1948-ൽ നിയമപ്രകാരം കേന്ദ്രസർക്കാരിനു കീഴിൽ 46 തൊഴിൽ മേഖലകളും സംസ്ഥാന സർക്കാരുകള്‍ക്കു കീഴിൽ 1530 തൊഴിൽ മേഖലകളുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളിലും മറ്റും തൊഴിലാളികള്‍ക്ക്‌ ന്യായമായ അവകാശങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. കേന്ദ്ര ഗവണ്‍മെന്റിനും സ്റ്റേറ്റ്‌ ഗവണ്‍മെന്റിനും തൊഴിൽ സംബന്ധമായ നിയമങ്ങള്‍ പാസാക്കുവാന്‍ അധികാരം നല്‌കുന്ന വിധത്തിൽ തൊഴിൽ കണ്‍കറന്റ്‌ ലിസ്റ്റിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. തൊഴിൽ നിയമങ്ങളിലെ പുരോഗമനാത്‌മകങ്ങളായ വ്യവസ്ഥകളുടെ ഫലമായ വ്യവസായത്തർക്കങ്ങള്‍ മൂലം തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെടുന്നത്‌ തടയാന്‍ ഏറെക്കുറെ സാധ്യമായിട്ടുണ്ട്‌.

തൊഴിൽ നയത്തിന്റെ ഭാഗമായി വേജ്‌ ബോർഡുകള്‍ രൂപീകരിക്കുകയുണ്ടായി. 1958-ൽ വ്യവസായ അച്ചടക്കനിയമ സംഹിത അംഗീകരിക്കുകയും ചെയ്‌തു. ത്രികക്ഷി ബോണസ്‌ കമ്മീഷന്‍ രൂപവത്‌കരിച്ചത്‌ ഇതോടനുബന്ധിച്ചാണ്‌. വ്യവസായ അച്ചടക്ക നിയമസംഹിത മിക്ക തൊഴിലാളി സംഘടനകളും തൊഴിലുടമകളുടെ സംഘടനകളും അംഗീകരിച്ചിട്ടുണ്ട്‌. പൊതുമേഖലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളിലേക്കും ഈ നടപടിക്രമം വ്യാപിപ്പിച്ചിട്ടുണ്ട്‌.

1960-നു ശേഷവും തൊഴിലാളികളുടെ ക്ഷേമത്തെ ഉദ്ദേശിച്ചുകൊണ്ട്‌ ഏതാനും നിയമങ്ങള്‍ നടപ്പാക്കുകയുണ്ടായി. 1965-ൽ പേയ്‌മെന്റ്‌ ഒഫ്‌ ബോണസ്‌ നിയമവും 1966-ൽ നാഷണൽ സേഫ്‌റ്റി കൗണ്‍സിലും രൂപംകൊണ്ടു. വ്യവസായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട ശിപാർശകള്‍ സമർപ്പിക്കാന്‍ പി.ബി. ഗജേന്ദ്രഗാഡ്‌കർ അധ്യക്ഷനായി 1766-ൽ നിയമിച്ച നാഷണൽ ലേബർ കമ്മീഷന്‍ 1969-ൽ അതിന്റെ റിപ്പോർട്ട്‌ സമർപ്പിച്ചു. വ്യവസായത്തർക്കങ്ങളുടെ അനുരഞ്‌ജനത്തിനു വേണ്ടി 1967-ൽ ഒരു നാഷണൽ ആർബിട്രഷന്‍ പ്രാമോഷന്‍ ബോർഡും രൂപവത്‌കരിച്ചു. നൂറിലധികം തൊഴിലാളികള്‍ പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങളിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ അടങ്ങിയ തൊഴിൽസമിതികള്‍ തർക്കങ്ങള്‍ ആലോചിച്ച്‌ പരിഹരിക്കുന്നു. 2001-ലെ സെന്‍സസ്‌ പ്രകാരം 402.5 മില്യണ്‍ തൊഴിലാളികളാണ്‌ ഇന്ത്യയിലുള്ളത്‌. 127.6 മില്യണ്‍ കൃഷിക്കാരും, 107.4 മില്യണ്‍ കർഷകത്തൊഴിലാളികളും, 16.4 മില്യണ്‍ പേർ ഗാർഹിക വ്യാവസായിക, ഉത്‌പാദന-സേവന-ഇതര മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുമാണ്‌. സമരം, അടച്ചിടൽ എന്നിവ മൂലം 2000 വരെ 28.76 മില്യണ്‍ തൊഴിൽ ദിന നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. ഒന്‍പതാം പഞ്ചവത്സര പദ്ധതികാലത്ത്‌ (1997-2002) 54 മില്യണ്‍ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്‌ടിക്കപ്പെട്ടു. 2.5 ശ.മാ. പുതിയ തൊഴിലവസരങ്ങള്‍ ഇന്ത്യയിൽ ഓരോ വർഷവും സൃഷ്‌ടിക്കപ്പെടുന്നതായി ലോകബാങ്ക്‌ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ 60 ശ.മാ. തൊഴിലാളികള്‍ സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ഭൂരിഭാഗവും ദരിദ്രരാണ്‌. ഇതിൽ 30 ശ.മാ. ദിവസകൂലിക്ക്‌ തൊഴിൽ ചെയ്യുന്നവരാണ്‌; അതായത്‌ തൊഴിൽ ഇല്ലാത്ത ദിവസങ്ങളിൽ വരുമാനമില്ലാത്തവർ. കേവലം 10 ശ.മാ. മാത്രമാണ്‌ സ്ഥിരം തൊഴിലാളികള്‍. ഇതിൽ അഞ്ചിൽ രണ്ടുഭാഗം പൊതുമേഖലയിലാണ്‌. 90 ശ.മാ. തൊഴിലാളികള്‍ അസംഘടിത മേഖലയിലാണ്‌. ഇവർ സാമൂഹ്യസുരക്ഷയോ ആനുകൂല്യമോ ലഭ്യമല്ലാത്തവരും.

അസംഘടിത മേഖല. ഗ്രാമീണരിൽ ബഹുഭൂരിപക്ഷവും കാർഷിക മേഖലയിലെ അസംഘടിത തൊഴിലാളികളാണ്‌. പരമ്പരാഗത തൊഴിൽ നേരിടുന്ന അവഗണനയും സാമ്പത്തിക പരിമിതികളും യന്ത്രവത്‌കരണവും സർവോപരി തൊഴിലില്ലായ്‌മയും നിമിത്തം നഗരങ്ങളിലേക്കു തൊഴിൽ തേടിയെത്തുന്നവർ ഏറെയും എത്തിപ്പെടുന്നത്‌ കെട്ടിട നിർമാണ മേഖലയിൽ കരാർ തൊഴിലുകളിലാണ്‌. അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ അഭാവംമൂലം മിനിമം കൂലി മാത്രമാകും ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭ്യമാവുക. 2000-ലെ കണക്കുപ്രകാരം രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 90 ശ.മാ.-വും അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്‌. അസംഘടിത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരമാർഗങ്ങള്‍ നിർദേശിക്കുന്നതിനുമായി ഡോ. അർജുന്‍ സെന്‍ഗുപ്‌തയുടെ അധ്യക്ഷതയിൽ ഒരു ദേശീയ കമ്മീഷണറെ നിയോഗിച്ചിരുന്നു. 2006-ൽ ഇതിന്റെ കരടു രൂപം തയ്യാറായി. നടപടികള്‍ പുരോഗമിച്ചുവരുന്നു.

സ്‌ത്രീ തൊഴിലാളികള്‍. ഇന്ത്യന്‍ തൊഴിൽ മേഖലയിൽ 127.22 മില്യണ്‍ സ്‌ത്രീ തൊഴിലാളികളാണ്‌. മൊത്തം സ്‌ത്രീ ജനസംഖ്യയുടെ 25.60 ശ.മാ. ഇതിൽ ഏറെ പേരും ഗ്രാമീണ മേഖലയിലാണ്‌ തൊഴിൽചെയ്യുന്നത്‌. ഗ്രാമീണ മേഖലയിൽ 87 ശ.മാ. പേർ കാർഷിക മേഖലയിലാണ്‌. നഗര പ്രദേശങ്ങളിൽ സ്‌ത്രീകള്‍ 80 ശ.മാ. അസംഘടിത മേഖലയിലാണ്‌. സംഘടിത മേഖലയിൽ 4.935 മില്യണ്‍ സ്‌ത്രീകള്‍ തൊഴിൽ ചെയ്‌തു വരുന്നു (2002). ആകെ തൊഴിലാളികളുടെ കേവലം 17.8 ശ.മാ. മാണിത്‌. ഫാക്‌ടറി മേഖലയിൽ 10 ശ.മാ.-വും പ്ലാന്റേഷന്‍ മേഖലയിൽ 5 ശ.മാ.-വും. 1976-ലെ നിയമപ്രകാരം തുല്യവേതനത്തിനുള്ള അവകാശവും പ്രാബല്യത്തിൽ വന്നു. അസംഘടിത മേഖലയിൽ ഭൂരിപക്ഷം തൊഴിലാളികളും ഇന്നും ചൂഷണത്തിനു വിധേയരാകുന്നു, പ്രത്യേകിച്ച്‌ സ്‌ത്രീ തൊഴിലാളികള്‍. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു കുറെയെങ്കിലും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ട്‌.

ബാലതൊഴിലാളികള്‍. 1986-ൽ ബാലവേല നിയമംമൂലം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തു. 1987-ൽ കേന്ദ്രസർക്കാർ ബാലവേല സംബന്ധിച്ച നയം രൂപീകരിച്ചു. 1988-ൽ 12 ജില്ലകളിൽ പ്രസ്‌തുത നയം പരീക്ഷണാർഥം നടപ്പിലാക്കി. ഒന്‍പതാം പദ്ധതിയിൽ 250 ജില്ലകളിലും പത്താം പദ്ധതിയിൽ 21 സംസ്ഥാനങ്ങളിലും ഇത്‌ നടപ്പിലാക്കി. ബാലവേല നിർമാർജനം ചെയ്യുന്നതിനായി ഇന്തോ-അമേരിക്കന്‍ സംരംഭമായ ഇന്‍ഡസ്‌ (INDUS) പദ്ധതിയും നിലവിലുണ്ട്‌. 2004-ലാണ്‌ പ്രസ്‌തുത പദ്ധതി നിലവിൽ വന്നത്‌.

ഇന്ത്യയുടെ സാമൂഹ്യ സാഹചര്യങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന അടിമവേല 1976-ലെ നിയമംമൂലം നിരോധിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ ത്തുടർന്ന്‌ പുനരധിവാസപദ്ധതികളും ഇത്തരക്കാർക്കായി നടപ്പിലാക്കി വരുന്നു. (നോ: തൊഴിൽ നിയമങ്ങള്‍)

നാണയപ്പെരുപ്പത്തിൽനിന്നും കൂലിയുടെ/ശമ്പളത്തിന്റെ മൂല്യം സംരക്ഷിക്കുന്നതിന്‌ വേരിയബിള്‍ ഡിയർനസ്‌ അലവന്‍സ്‌ (വി.ഡി.എ) ഉപഭോക്തൃ വിലസൂചികയുമായി ബന്ധപ്പെടുത്തിയതിനാൽ ഓരോ ആറുമാസവും വേതനത്തിൽ മാറ്റം വരുന്നു. കൂലി/ശമ്പളത്തിന്റെ കാര്യത്തിൽ രാജ്യത്ത്‌ ഏകീകൃത സ്വഭാവം നിലവിലില്ലാത്തതിനാൽ 1999-ൽ കേന്ദ്രസർക്കാർ പൊതുവായി കുറഞ്ഞ കൂലി 35 രൂപയായി നിശ്ചയിക്കുകയും 2004-ൽ അത്‌ 66 ആയി പരിഷ്‌കരിക്കുകയും ചെയ്‌തു. തൊഴിലാളികള്‍ക്ക്‌ ബോണസ്‌ നൽകുന്നതു സംബന്ധിച്ച 1965-ലെ നിയമം ബോണസിനർഹമായ ശമ്പളപരിധി 3500 രൂപ ആയിരുന്നത്‌ 7500 ആയി പുനഃനിർണയിച്ചിട്ടുണ്ട്‌.

സാമൂഹികസുരക്ഷിതത്വം. തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ഗവണ്‍മെന്റ്‌ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. 1948-ലെ എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ നിയമം അനുസരിച്ച്‌ വൈദ്യുതി ഉപയോഗിക്കുന്നതും 20-ലധികം തൊഴിലാളികള്‍ പണിയെടുക്കുന്നതുമായ തൊഴിൽ സംരംഭങ്ങളിലെ തൊഴിലാളികള്‍ക്ക്‌ വൈദ്യസഹായവും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോർപ്പറേഷന്‍ ആണ്‌ ഇത്തരം ചുമതലകളുടെ മേൽനോട്ടം വഹിക്കുന്നത്‌. 1952-ൽ പാസ്സാക്കിയ എംപ്ലോയീസ്‌ പ്രാവിഡന്റ്‌ ഫണ്ട്‌സ്‌ ആന്‍ഡ്‌ ഫാമിലി പെന്‍ഷന്‍ ഫണ്ട്‌ ആക്‌റ്റിലെ വ്യവസ്ഥകളനുസരിച്ച്‌ തൊഴിലാളികള്‍ക്ക്‌ പ്രാവിഡന്റ്‌ ഫണ്ട്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്‌. 1972-ലെ പേമെന്റ്‌ ഒഫ്‌ ഗ്രാറ്റ്വിറ്റി നിയമമനുസരിച്ച്‌ തൊഴിലാളികള്‍ക്ക്‌ അവർ പൂർത്തിയാക്കിയിട്ടുള്ള വർഷത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാറ്റ്വിറ്റി നല്‌കി വരുന്നു. ജോലിയിൽ ഇരിക്കുമ്പോള്‍ അത്യാഹിതം സംഭവിക്കുന്നവർക്ക്‌ പ്രതിഫലം നല്‌കുന്നതിനുവേണ്ടി വർക്ക്‌മെന്‍സ്‌ കോമ്പന്‍സേഷന്‍ ആക്‌ട്‌ 1962-ൽ ഭേദഗതി ചെയ്യുകയുണ്ടായി. മെറ്റേണിറ്റി ആക്‌ടിലെ വ്യവസ്ഥകളനുസരിച്ച്‌ സ്‌ത്രീകള്‍ക്കു പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുന്നു. തൊഴിലാളികള്‍ക്ക്‌ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‌കുന്നതിനുവേണ്ടി സെന്‍ട്രൽ ബോർഡ്‌ ഫോർ വർക്കേഴ്‌സ്‌ എന്ന പേരിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്‌.

1959-ലെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ (കംപൽസറി നോട്ടിഫിക്കേഷന്‍ ഒഫ്‌ വേക്കന്‍സീസ്‌) നിയമമനുസരിച്ച്‌ പൊതുമേഖലാ സ്ഥാപനങ്ങളും കാർഷികേതര സ്വകാര്യ മേഖലാസ്ഥാപനങ്ങളും അവയിലുണ്ടാകുന്ന തൊഴിൽ സൗകര്യങ്ങള്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ടതാണെന്ന്‌ വ്യവസ്ഥ ചെയ്യുന്നു. 1956 മുതൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ ഭരണം സംസ്ഥാന ഗവണ്‍മെന്റുകളിൽ നിക്ഷിപ്‌തമായി. വികലാംഗർ, സൈന്യത്തിൽ സേവനമനുഷ്‌ഠിച്ചവർ, പട്ടികജാതി-പട്ടികവർഗക്കാർ, യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവരെ സഹായിക്കുന്നതിനുവേണ്ടി 1945-ൽ നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസ്‌ ആരംഭിച്ചിട്ടുണ്ട്‌. ഡയറക്‌ടർ ജനറൽ ഒഫ്‌ എംപ്ലോയ്‌മെന്റ്‌ ആന്‍ഡ്‌ ട്രയിനിംഗിന്റെ നേതൃത്വത്തിൽ തൊഴിൽ പരിശീലനം നല്‌കുന്നതിനു വിവിധ സംരംഭങ്ങള്‍ നിലവിലുണ്ട്‌. ഇന്‍ഡസ്‌ട്രിയൽ ട്രയിനിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഈ സംരംഭത്തിൽ ഉള്‍പ്പെട്ട ഒന്നാണ്‌.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി. 2005 സെപ്‌.-ൽ നിലവിൽവന്ന പദ്ധതി വികസനത്തിൽ ഏറ്റവും പിന്നാക്കം നില്‌ക്കുന്ന 200 ജില്ലകളിൽ നടപ്പിലാക്കി. ഗ്രാമീണ മേഖലയിൽ വർഷത്തിൽ 100 ദിവസമെങ്കിലും ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണിത്‌. വൈദഗ്‌ധ്യം ആവശ്യമില്ലാത്ത മേഖലകളിലാകും തൊഴിൽ നല്‌കുക. റോഡ്‌ വികസനം, ശുചീകരണം എന്നീ മേഖലകളാണ്‌ പ്രധാനമായും പരിഗണിക്കപ്പെടുന്നത്‌.

പാർപ്പിടം/ഭവനനിർമാണം. പാർപ്പിട സൗകര്യങ്ങളുടെ പ്രശ്‌നം ഇന്ത്യയിൽ സങ്കീർണമായ തോതിൽ വളർന്നിട്ടുണ്ട്‌. ജനസംഖ്യയുടെ ക്രമാതീതമായ വർധനവിനും വ്യവസായവത്‌കരണവും റോഡ്‌ റെയിൽ-വിമാന ഗതാഗത സൗകര്യങ്ങളുടെ വികസനവും ഖനനവും പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്‌. ഭരണപരമായി സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴിലുള്ള വിഷയമാണിത്‌. അതേ സമയം പദ്ധതികളെ സംബന്ധിച്ച വ്യക്തമായ നയവും സമീപനങ്ങളും നിർദേശിക്കുന്നത്‌ കേന്ദ്രഗവണ്‍മെന്റാണ്‌. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ജീവിത സുരക്ഷയുമായി ബന്ധപ്പെട്ടാണ്‌ ഇക്കാര്യത്തിൽ ഒരു ദേശീയ നയം രൂപപ്പെട്ടിട്ടുള്ളത്‌. സുസ്ഥിര വികസനത്തെ അടിസ്ഥാനപ്പെടുത്തി സമഗ്രമായ പാർപ്പിട-ഭവനനയം 1998-ൽ രൂപീകരിക്കപ്പെടുകയും പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തോടെ "ഏവർക്കും ഭവനം' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പുകള്‍ക്കു ദിശാബോധം കൈവരികയും ചെയ്‌തു. ഭവനനിർമാണവും അതിനു ആവശ്യമായ സാമഗ്രികളുടെ ഉത്‌പാദനവും ലഭ്യതയും ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നു.

പാർപ്പിട-ഭവന പദ്ധതികള്‍ക്ക്‌ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ വായ്‌പയുടെയും സബ്‌സിഡിയുടെയും മറ്റും രൂപത്തിൽ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്‌. വർധിച്ചു വരുന്ന ജനസംഖ്യയുടെ കൂടി അടിസ്ഥാനത്തിൽ വേണം പാർപ്പിട/ഭവന അപര്യാപ്‌തതകളെ വിലയിരുത്തുവാന്‍. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകള്‍, പ്രാദേശിക ഭരണ/അധികാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കിനെ വിശദമായി പ്രതിപാദിക്കുന്ന രൂപരേഖ നിലവിലുണ്ട്‌. "ഏവർക്കും പാർപ്പിടം' എന്നത്‌, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ പരിഗണനാ വിഷയമാണ്‌. ഈ പദ്ധതി ത്വരിതപ്പെടുത്തുന്നതിനായി ഓരോ വർഷവും 20 ലക്ഷം അധിക യൂണിറ്റുകള്‍ക്ക്‌ കേന്ദ്രസർക്കാർ അംഗീകാരം നല്‌കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്ന വിഭാഗങ്ങള്‍, കുറഞ്ഞ വരുമാനക്കാർ, പട്ടികജാതി-പട്ടികവർഗ പിന്നാക്ക സമുദായങ്ങള്‍ എന്നിവർക്ക്‌ പ്രത്യേക പരിഗണന നല്‌കി വരുന്നു. ഓരോ വർഷത്തെയും 20 ലക്ഷം അധിക ഭവനങ്ങളിൽ 7 ലക്ഷം നഗര പ്രദേശങ്ങളിലും ബാക്കി 13 ലക്ഷം ഗ്രാമങ്ങളിലുമാണ്‌.

ഗ്രാമ-നഗര ദാരിദ്യ്ര നിർമാർജന മന്ത്രാലയം 2004 ന. 29-30 തീയതികളിൽ ന്യൂഡൽഹിയിൽ, പാർപ്പിട/ഭവന വകുപ്പ്‌ കൈകാര്യം ചെയ്യുന്ന സംസ്ഥാന മന്ത്രിമാരുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേകയോഗം വിളിച്ചുചേർത്ത്‌ ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുകയും നിർദേശങ്ങള്‍ ആരായുകയും ചെയ്‌തിരുന്നു. തുടർന്ന്‌ 1998-ൽ രൂപംകൊണ്ട ദേശീയ-പാർപ്പിട-ഭവന നയത്തിൽ കാലാനുസൃതമായ അഴിച്ചുപണി നടത്തുകയും ചെയ്‌തു.

ആസൂത്രണ കമ്മീഷന്റെ കാഴച്‌പ്പാടിൽ പത്താം പദ്ധതി കാലയളവിൽ (2002-2007) ഗ്രാമീണ പാർപ്പിട മേഖലയ്‌ക്കായി 22.44 മില്യണ്‍ ഭവന യൂണിറ്റുകള്‍ അനിവാര്യമാണെന്ന്‌ നിർദേശിക്കുകയുണ്ടായി. ഹഡ്‌കോ, സഹകരണസ്ഥാപനങ്ങള്‍, നാഷണൽ ഹൗസിങ്ങ്‌ ബാങ്ക്‌, വ്യാവസായിക ബാങ്കുകള്‍, പാർപ്പിട-ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വായ്‌പ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുകയും ചെയ്‌തു. നാഷണൽ ബിൽഡിങ്ങ്‌ ഓർഗനൈസേഷന്‍, സെന്‍ട്രൽ ഗവണ്‍മെന്റ്‌ എംപ്ലോയിസ്‌ വെൽഫെയർ ഹൗസിങ്‌ ഓർഗനൈസേഷന്‍, നാഷണൽ കോ-ഓപ്പറേറ്റീവ്‌ ഹൗസിങ്‌ ഫെഡറേഷന്‍ ഒഫ്‌ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പ്രിഫാബ്‌ ലിമിറ്റഡ്‌, ഹൗസിങ്‌ ആന്‍ഡ്‌ അർബന്‍ ഡവലപ്‌മെന്റ്‌ കോർപ്പറേഷന്‍ ലിമിറ്റഡ്‌, ഹഡ്‌കോ തുടങ്ങിയവയാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാർപ്പിട/ഭവന പദ്ധതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്‌.

ഇരുപതിനപരിപാടി. ദാരിദ്യ്രനിർമാർജനം, ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങള്‍, പാർപ്പിടം, വിദ്യാഭ്യാസം, കുടുംബക്ഷേമം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഒട്ടനവധി മേഖലകളുടെ വളർച്ചയും അതിലൂടെ രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരത്തിൽ ഗുണഫലങ്ങളും സൃഷ്‌ടിക്കുന്നതിനു വേണ്ടി 1975-ൽ പ്രാബല്യത്തിൽ വരികയും 1982, 1986 വർഷങ്ങളിൽ കാലാനുസൃതമായി പുനരാവിഷ്‌കരിക്കുകയും ചെയ്‌ത കർമപരിപാടിയാണ്‌ ഇരുപതിനപരിപാടി.

1986-ൽ പരിഷ്‌കരിച്ച ഇരുപതിന പരിപാടിയിൽ 119 ഇനങ്ങളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഇവയിൽ 54 എച്ചം നിരീക്ഷണത്തിന്റെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലുള്ളതും 45 എച്ചം ഭൗതിക സാഹചര്യങ്ങളെ ലക്ഷ്യം വച്ചുള്ളതുമാണ്‌. ഏറ്റവും പ്രധാനമായ 20 ഇനങ്ങള്‍ ഓരോ മാസത്തേയും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുന്നവയാണ്‌. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുമായി കൂടിയാലോചിച്ച്‌ കേന്ദ്രഗവണ്‍മെന്റാണ്‌ മേഖലകളെ തിരഞ്ഞെടുക്കുന്നത്‌. സ്റ്റാറ്റിറ്റിക്‌സ്‌ ആന്‍ഡ്‌ പ്രാഗാം ഇംപ്ലിമെന്റേഷന്‍ (MOSPI) മന്ത്രാലയത്തിനാണ്‌ ഇരുപതിന പരിപാടികളുടെ മേൽനോട്ടവും വിലയിരുത്തുവാനുള്ള ചുമതലയും. ഓരോ മാസവും കേന്ദ്രഗവണ്‍മെന്റിന്‌ പരിപാടികളെ സംബന്ധിച്ച പ്രവർത്തന റിപ്പോർട്ട്‌ നല്‌കേണ്ടതുണ്ട്‌. 2006-ൽ കാബിനറ്റ്‌ അംഗീകരിച്ച 20 ഇന പരിപാടി ചുവടെ:

1. ദാരിദ്യ്രനിർമാർജനം 2. ജനങ്ങളിലേക്ക്‌ കൂടുതൽ അധികാരം 3. കാർഷിക സമ്പദ്‌വ്യവസ്ഥയെ സഹായിക്കുക 4. തൊഴിലാളികളുടെ ക്ഷേമം 5. ഭക്ഷ്യസുരക്ഷ 6. ഏവർക്കും ഭവനം/പാർപ്പിടം 7. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത 8. ഏവർക്കും ആരോഗ്യം 9. ഏവർക്കും വിദ്യാഭ്യാസം 10. പട്ടികജാതി-വർഗ, പിന്നോക്ക സമുദായങ്ങളുടെ ക്ഷേമം 11. സ്‌ത്രീകള്‍ക്കായുള്ള ക്ഷേമപദ്ധതി 12. ശിശുക്ഷേമം 13. യുവജനക്ഷേമം/പുരോഗതി 14. ചേരികളുടെ ശോചനീയാവസ്ഥയ്‌ക്കു പരിഹാരം 15. പരിസ്ഥിതി സംരക്ഷണവും വനവത്‌കരണവും 16. സാമൂഹികസുരക്ഷ 17. ഗ്രാമീണ റോഡുകള്‍ 18. ഗ്രാമീണ മേഖലയിൽ ഊർജം ലഭ്യമാക്കുക 19. പിന്നോക്ക പ്രദേശങ്ങളുടെ വികസനം 20. ഭരണരംഗത്ത്‌ വിവരസാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുക. 2007 ഏ.-ൽ ഒന്നുമുതൽ മേല്‌പറഞ്ഞ ഇരുപതിന പരിപാടി പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഉപസംഹാരം. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം നൂതന ചൈതന്യം സമാർജിക്കുവാനും ജനായത്തത്തിന്റെയും മതനിരപേക്ഷതയുടെയും മാർഗങ്ങളിലൂടെ വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കുവാനുമുള്ള ശ്രമം ഇന്ത്യയെ ലോകരാഷ്‌ട്രങ്ങളുടെ കൂട്ടത്തിൽ സമുന്നതമായ പദവിയിലെത്തിച്ചിട്ടുണ്ട്‌. (എന്‍.ജെ.കെ. നായർ, നിയതി, ഡോ. ജോസ്‌ സെബാസ്റ്റ്യന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍