This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:08, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഏഷ്യ

Asia

ഏഴു വന്‍കരകളിൽ ഏറ്റവും വലുത്‌. ഭൂമിയിലെ കരഭാഗത്തിന്റെ മൂന്നിലൊന്നും ലോകജനസംഖ്യയുടെ അഞ്ചിൽ മൂന്നും ഏഷ്യ ഉള്‍ക്കൊള്ളുന്നു. ബൃഹത്തായ യൂറേഷ്യാ മഹാദ്വീപിന്റെ മുക്കാൽ പങ്കും ഏഷ്യയിൽത്തന്നെ ഒതുങ്ങുന്നു. ദ്വീപുകള്‍, ഉപദ്വീപുകള്‍, സമതലങ്ങള്‍, പീഠഭൂമികള്‍, മരുഭൂമികള്‍, അഗ്നിപർവതങ്ങള്‍, കൊടുമുടികള്‍ തുടങ്ങി വിവിധങ്ങളായ ഭൂരൂപങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിസ്‌തൃതമായ ഒരു ഭൂമണ്ഡലമാണിത്‌. തത്‌ഫലമായി കാലാവസ്ഥാപ്രകാരങ്ങള്‍ എല്ലാംതന്നെയും ജന്തുസസ്യാദികളുടെ മിക്കവാറും എല്ലാ ഇനങ്ങളും ഇവിടെ കാണപ്പെടുന്നു. ഭൂമിശാസ്‌ത്രപരമായി വൈവിധ്യമാർന്ന ഈ വന്‍കര സാംസ്‌കാരികമായും ഉന്നതസ്ഥാനം വഹിക്കുന്നു. തെക്ക്‌ ഇന്തോനേഷ്യയിലെ വിഷൂവതീയവനങ്ങള്‍ മുതൽ വടക്ക്‌ സഹസ്രാബ്‌ദങ്ങളായി മഞ്ഞുമൂടി കിടക്കുന്ന വിശാല തരിശുനിലങ്ങള്‍ വരെ 9,460 കിലോമീറ്ററും ചെങ്കടൽ തീരത്തെ അറേബ്യന്‍ മണലരണ്യം മുതൽ കിഴക്ക്‌ ജപ്പാനിലെ അഗ്നിപർവതങ്ങള്‍ വരെ 9,010 കിലോമീറ്ററും നീണ്ടുകിടക്കുന്ന ഈ വന്‍കരയുടെ മൊത്തം വിസ്‌തൃതി 4,45,79,000 ച.കി.മീ. ആണ്‌. അതായത്‌ ലോകത്തിന്റെ മൊത്തം കരയുടെ വിസ്‌തൃതിയുടെ (149,450,000 ച.കി.മീ.) 29.8 ശതമാനം.

ഏഷ്യയെന്ന പദത്തിന്റെ ഉത്‌പത്തിയെ സംബന്ധിച്ച്‌ വിഭിന്ന അഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. ഇവയിൽ പ്രധാനപ്പെട്ട ഒന്ന്‌ പ്രാചീന ഗ്രീക്കുകാർ ഉദയസൂര്യന്റെ ദിക്കിനെക്കുറിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന ശബ്‌ദത്തിന്റെ പില്‌ക്കാലത്തെ പരിണതരൂപമാണ്‌ ഏഷ്യ എന്നാണ്‌. പൂർവദിക്ക്‌ എന്നർഥമുള്ള അസീറിയന്‍ പദമായ "അസു'വിൽ നിന്നാണ്‌ "ഏഷ്യ' നിഷ്‌പന്നമായത്‌ എന്നതാണ്‌ ഇതരാഭിപ്രായം. മുന്‍സോവിയറ്റ്‌ യൂണിയനിലെ കാക്കസസ്‌, യൂറാള്‍ എന്നീ ഗിരിനിരകളാൽ യൂറോപ്പിൽ നിന്ന്‌ വ്യതിരിക്തമായിട്ടുള്ള ഈ വന്‍കര മറ്റു വശങ്ങളിലെല്ലാം സമുദ്രങ്ങളാലും കടലുകളാലും ചുറ്റപ്പെട്ടിരിക്കുന്നു.

രാഷ്‌ട്രീയാധിഷ്‌ഠിത ദേശസ്‌നേഹം ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഏഷ്യന്‍ ജനത വിഘടിതമായി ചെറുരാഷ്‌ട്രീയഘടകങ്ങളായി നിലകൊണ്ടിരുന്നതിനാലും മറ്റും ഇവയിൽ പലതിനും യൂറോപ്യന്‍ ശക്തികളുടെ അധീശത്വം സ്വീകരിക്കേണ്ടിവന്നു. അഫ്‌ഗാനിസ്‌താന്‍, ഇറാന്‍, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും തങ്ങളുടേതായ രാഷ്‌ട്രീയ സ്വാതന്ത്യ്രം നിലനിർത്തിയപ്പോള്‍ കൊറിയ തുടങ്ങിയവയ്‌ക്ക്‌ മറ്റ്‌ ഏഷ്യന്‍ ശക്തികളുടെ തന്നെ മേൽക്കോയ്‌മയിൽ കഴിയേണ്ടിവന്നു. ഏഷ്യന്‍ രാജ്യങ്ങളിൽനിന്ന്‌ തുച്ഛവിലയ്‌ക്ക്‌ കടത്തിക്കൊണ്ടു പോയിരുന്ന പ്രകൃതിസമ്പത്തുകളിൽ നിന്ന്‌ നിർമിക്കപ്പെട്ട യന്ത്രശില്‌പസാമഗ്രികളും മറ്റും ഇവിടങ്ങളിൽ തന്നെ അമിതവിലയ്‌ക്ക്‌ വിറ്റഴിക്കാനും യൂറോപ്യന്‍ ശക്തികള്‍ക്കു കഴിഞ്ഞു. ഈ വിധം നെടുനാള്‍ ചൂഷണവിധേയമായി കഴിഞ്ഞ ഏഷ്യന്‍ രാജ്യങ്ങള്‍ മിക്കവാറും എല്ലാംതന്നെ സ്വാതന്ത്യ്രം കൈവരിക്കുകയും ശാസ്‌ത്രസാങ്കേതിക സഹായങ്ങള്‍ക്കായി പാശ്ചാത്യ യൂറോപ്യന്‍ ശക്തികളെ ആശ്രയിക്കേണ്ട സ്ഥിതിയിൽനിന്നു വിമുക്തമാവുകയും ചെയ്‌തു.

ജനസംഖ്യാപരമായി ഒന്നാം സ്ഥാനം വഹിക്കുന്ന ചൈനയും രണ്ടാംസ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയും ഏഷ്യയിൽത്തന്നെയാണ്‌. പൂർണമായും ഭാഗികമായും 48 സ്വതന്ത്രരാഷ്‌ട്രങ്ങളെ ഉള്‍ക്കൊള്ളുന്ന ഏഷ്യാവന്‍കരയിൽ 146 സംയോജിത നഗരങ്ങളും 173 അർധസംയോജിത നഗരങ്ങളും ഒരു ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയ്‌ക്ക്‌ ജനസംഖ്യയുള്ള 1135 വിസ്‌തൃത നഗരങ്ങളുമുണ്ട്‌. ജനസംഖ്യ: 4,164,252,000 (2010).

ഭൗതികഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

വന്‍കരയുടെ വ്യാപ്‌തി. കരിങ്കടലിനും കാസ്‌പിയന്‍ കടലിനുമിടയ്‌ക്ക്‌ കാക്കസസ്‌ നിരകളും കാസ്‌പിയന്‍ കടലിനു വടക്ക്‌ യൂറാള്‍ നിരകളും ഏഷ്യയെ യൂറോപ്പിൽനിന്ന്‌ വേർതിരിക്കുന്നു. ഈ മുഖ്യകരഭാഗത്തിനു പുറമേ വന്‍കരയെ ചൂഴ്‌ന്ന്‌ ആർട്ടിക്‌, പസിഫിക്‌, ഇന്ത്യാസമുദ്രങ്ങളിൽ ചിതറിക്കിടക്കുന്ന ഇരുപതിനായിരത്തോളം വരുന്ന ദ്വീപുകളും ഏഷ്യയുടെ ഭാഗമായിത്തന്നെ കണക്കാക്കപ്പെടുന്നു. ആർട്ടിക്‌ സമുദ്രവും അതിന്റെ പിരിവുകളും ചേർന്ന്‌ പങ്കിടുന്ന ഏഷ്യയുടെ ഉത്തരതീരം ഹിമാനികളാൽ വികൃതമാക്കപ്പെട്ട തടപ്രദേശമാണ്‌. സജീവ ഭൂ-അഭിനതികളാണ്‌ ഏഷ്യയുടെ കിഴക്കും തെക്കു കിഴക്കും ഉള്ള അതിർത്തികള്‍ നിർണയിക്കുന്നത്‌. വന്‍കരയുടെ വടക്കു പടിഞ്ഞാറ്‌ ഉത്തര ഏഷ്യയിലെ യാമാൽ ഉപദ്വീപിൽ കാരാ കടലോരത്താരംഭിക്കുന്ന ഉത്തരതീരം ലാപ്‌റ്റെവ്‌, പൂർവസൈബീരിയ, ചുക്‌ചി എന്നീ കടലുകളുടെ തീരങ്ങളിലൂടെ ബെറിങ്‌ കടലിടുക്കുവരെ നീണ്ടുകിടക്കുന്നു; പൂർവതടം ബെറിങ്‌ കടൽ, ഒഖോട്‌സ്‌ക്‌ കടൽ, ജപ്പാന്‍ കടൽ, മഞ്ഞക്കടൽ, പൂർവചൈനാക്കടൽ എന്നിവയുടെ തീരങ്ങള്‍ തഴുകി ദക്ഷിണചൈനാക്കടൽ കടന്നുപോകുന്നു. വന്‍കരയുടെ ദക്ഷിണതീരം ആന്‍ഡമാന്‍ കടൽ, ബംഗാള്‍ ഉള്‍ക്കടൽ, അറബിക്കടൽ, ഏഡന്‍ ഉള്‍ക്കടൽ, ചെങ്കടൽ, സൂയസ്‌ ഉള്‍ക്കടൽ എന്നിവ സ്‌പർശിച്ച്‌ നീണ്ടുപോകുന്നു; സൂയസ്‌ തോടിനപ്പുറം മെഡിറ്ററേനിയന്‍ കടൽ, ഈജിയന്‍ കടൽ, മർമറ കടൽ എന്നിവ ചുറ്റി ബോസ്‌പറസ്‌ ജലസന്ധി വഴി കരിങ്കടലോരത്തുള്ള തീരത്തെത്തുമ്പോള്‍ വന്‍കരയുടെ തീരരേഖ ഒരു ലക്ഷത്തോളം കി.മീ. നീളമുള്ളതായിത്തീരുന്നു. ആർട്ടിക്‌തീരം തണുത്തുറഞ്ഞതും പസിഫിക്കിന്റെ ഏഷ്യന്‍ തീരം ധാരാളം അഗ്നിപർവതങ്ങള്‍ ഉള്ളതുമായ മേഖലകളാണ്‌.

വടക്ക്‌ അക്ഷാംശം 1o 16' മുതൽ 77o 43' വരെയും കിഴക്ക്‌ രേഖാംശം 26o 04' മുതൽ പശ്ചിമ രേഖാംശം 169o 40' വരെയും ഉള്ള മേഖലകളെ പ്രാപിച്ചിട്ടുള്ള വന്‍കരയുടെ തന്നെ ഭാഗങ്ങളായ ദ്വീപുകള്‍ വടക്കും കിഴക്കും തെക്കും കൂടുതൽ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. അറേബ്യയടക്കമുള്ള എല്ലാ ഉപദ്വീപുകളും ചേർത്ത്‌ വന്‍കരയുടെ വിസ്‌തൃതി 433 ലക്ഷം ച.കി.മീ. ആണ്‌. കൂടാതെ ദ്വീപുകള്‍ക്കെല്ലാം കൂടി മൊത്തം വിസ്‌തൃതി ഏഴ്‌ ലക്ഷം ച.കി.മീറ്ററും. വന്‍കരയുടെ വടക്കറ്റം ചെലൂസ്‌കിന്‍ മുനമ്പും തെക്കറ്റം മലയാ ഉപദ്വീപിന്റെ ദക്ഷിണാഗ്രമായ ബൂലൂസ്‌ അഥവാ പിയായ്‌ മുനമ്പു(Cape Piai)മാണ്‌. എന്നാൽ സ്വെർനയ സെമ്‌ല്യാ ദ്വീപസമൂഹത്തിലെ വടക്കറ്റത്തുള്ള കോംസമൊല്‌സ്‌ക്‌ (Komsomolse) ആണ്‌ ഏറ്റവും വിദൂരോത്തര-ഏഷ്യന്‍ പ്രദേശം. ധ്രുവവൃത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ വടക്കറ്റത്തെ മുനമ്പായ ആർക്‌ടിചെസ്‌കിയ്‌ ഉത്തരധ്രുവത്തോട്‌ ഏറ്റവും അടുത്ത ഏഷ്യന്‍ പ്രദേശമാണ്‌; 81o 15' വടക്ക്‌; 95o 45' കിഴക്ക്‌ വന്‍കരയുടെ പശ്ചിമാഗ്രം തുർക്കിയിലെ ബാബാമുനമ്പും കിഴക്കറ്റം സൈബീരിയയുടെ പൂർവാഗ്രമായ ദസ്‌നേവ്‌ മുനമ്പുമാണ്‌. ബെറിങ്‌ കടലിടുക്കിന്റെ മധ്യത്തുള്ള ഡയോമീഡ്‌ ദ്വീപുകളിൽ വലുത്‌ (Ostrov Ratmanova) കിഴക്കറ്റത്തുള്ള പ്രദേശമാണ്‌; 65o 45' വടക്ക്‌; 168o 57' പശ്ചിമ ഏഷ്യയുടെ പശ്ചിമഭാഗത്തുള്ള ഏഷ്യാമൈനറിന്‌ സമീപസ്ഥമായ പശ്ചിമ ദ്വീപുകള്‍ ഭൂമിശാസ്‌ത്രപരമായി ഉപദ്വീപിന്റെ തന്നെ കരയോരത്തുള്ളവയാണെങ്കിലും മിക്കവാറും എല്ലാംതന്നെ ഗ്രീസിന്റെ അധീനതയിലാണ്‌. ഡാർഡനെൽസ്‌, ബോസ്‌പറസ്‌ എന്നീ ജലസന്ധികളും മർമറ കടലും ഏഷ്യാമൈനറിനും യൂറോപ്പിനുമിടയ്‌ക്ക്‌ അതിർത്തിയായി വർത്തിക്കുന്നു. ചേർന്നുകിടന്നിരുന്ന ഏഷ്യാ-ആഫ്രിക്കാ വന്‍കരകളെ മനുഷ്യനിർമിതമായ സൂയസ്‌ കനാൽ വ്യതിരിക്തമാക്കുന്നു. സൊമാലിയയുടെ പൂർവതീരത്ത്‌ ആഫ്രിക്കയുടെ വന്‍കരച്ചെരുവിൽ നിന്ന്‌ ഉയർന്നു പൊന്തിയിട്ടുള്ള സോകോത്ര തുടങ്ങിയ നാലു ദ്വീപുകള്‍ ഭരണപരമായി ദക്ഷിണയെമന്റെ കീഴിലാണെന്നതൊഴികെ ഏഷ്യയുടെ ഭാഗമായി കരുതാവുന്നതല്ല.

ജാവാ ഗർത്തത്തിനു തെക്കുള്ള ക്രിസ്‌മസ്‌ ദ്വീപ്‌, കൊക്കോസ്‌ ദ്വീപുകള്‍ എന്നിവ ഭൂവിജ്ഞാനപരമായി ഏഷ്യയുടെ ഭാഗങ്ങളല്ല. മാലദ്വീപുകളുടെ തുടർച്ചയായ സമുദ്രാന്തരിത മലനിരകളിൽ നിന്ന്‌ ജലോപരി എഴുന്നിട്ടുള്ള ഡീഗോ ഗാർഷ്യയുള്‍ക്കൊള്ളുന്ന ചാഗോസ്‌ ദ്വീപസമൂഹം ഏഷ്യയുടെ ഭാഗം തന്നെയാണ്‌. ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം ഏഷ്യയുടേതായ ദ്വീപുകളെ വേർതിരിക്കുക എളുപ്പമല്ല. ഭൂവിജ്ഞാനപരമായി സുമാത്ര, ജാവ, ബോർണിയോ എന്നിവ ഏഷ്യയുടെയും ന്യൂഗിനി ആസ്റ്റ്രലിയയുടെയും ഭാഗങ്ങളാണ്‌. എന്നാൽ ഇവയ്‌ക്കിടയിലുള്ള ബാലി, ലൊംബക്‌, ടിമോർ, സെലബീസ്‌, മൊളൂക്കസ്‌ തുടങ്ങിയ ദ്വീപുകള്‍ സജീവമായ ഭൂ-അഭിനതിയുടെ കേന്ദ്രസ്ഥാനത്തുള്ളവയാകയാൽ ഏഷ്യയ്‌ക്കും ആസ്റ്റ്രലിയയ്‌ക്കുമായി വീതം വയ്‌ക്കുക സാധ്യമല്ല. ജന്തുസസ്യാദികളുടെ പഠനത്തിൽ നിന്ന്‌ ബോർണിയോ, സെലബീസ്‌ എന്നിവയ്‌ക്കിടയിലുള്ള മക്കാസർ കടലിടുക്കും ബാലി, ലൊംബക്‌ എന്നീ ദ്വീപുകള്‍ക്കിടയ്‌ക്കുള്ള ലൊംബക്‌ കടലിടുക്കുമാണ്‌ വന്‍കരകളുടെ വിഭജനരേഖയായി പ്രകൃതിശാസ്‌ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്‌. ജാവാ ഗർത്തത്തെത്തുടർന്നുള്ള ടിമോർ, ആരു എന്നീ അഗാധസമുദ്രതടങ്ങളുടെ ഏഷ്യന്‍ ഭാഗത്താണെങ്കിലും മിന്‍ഡനാവോ ഗർത്തത്തിന്‌ തെക്കുള്ള മൊളൂക്കസ്‌ ദ്വീപുകള്‍ ഇരുഭൂഖണ്ഡങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ അഗ്നിപർവതജന്യ ദ്വീപുകളാകയാൽ ഇരുവന്‍കരകള്‍ക്കും അവകാശപ്പെടാവുന്നതായി അവശേഷിക്കുന്നു.

കാസ്‌പിയന്‍ കടലിന്റെ ഉത്തരപശ്ചിമ ഭാഗങ്ങളിലുള്ള അതിർവരമ്പ്‌ സാംസ്‌കാരികവും ഭൂമിശാസ്‌ത്രപരവുമായ പ്രാധാന്യമർഹിക്കുന്നു. ചരിത്രത്തിൽ ഒരിക്കലും ഇതൊരു രാഷ്‌ട്രീയാതിർത്തിയായി വർത്തിച്ചിട്ടില്ല. വാസയോഗ്യമല്ലാത്ത സൈബീരിയയുടെ നൈസർഗികമായ പടിഞ്ഞാറേ കോട്ടയായി വർത്തിച്ചു പോന്ന യൂറാള്‍ പില്‌ക്കാലത്ത്‌ യൂറേഷ്യകളുടെ വിഭജനരേഖയായി.

ഈ സാങ്കല്‌പിക അതിർവരമ്പ്‌ യൂറാള്‍ നിരകളുടെ പൂർവ പാദങ്ങളിലൂടെ കാസ്‌പിയന്‍ കടൽവരെ 3,000 കിലോമീറ്ററും തുടർന്ന്‌ കാക്കസസ്സിന്റെ ദക്ഷിണപാദത്തിലൂടെ കാസ്‌പിയന്‍ കടൽ മുതൽ കരിങ്കടൽ വരെ 1,000 കിലോമീറ്ററും നീണ്ടുകിടക്കുന്നു.

മേഖലകള്‍. വിസ്‌തൃതമായ ഏഷ്യാവന്‍കരയെ സൗകര്യാർഥം പൂർവേഷ്യ, മധ്യേഷ്യ, ഉത്തരേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ദക്ഷിണപശ്ചിമേഷ്യ ഇത്യാദി മേഖലകളായി വിഭജിച്ച്‌ വ്യവഹരിക്കാറുണ്ട്‌. ഭൂമിയിലെ കിഴക്കന്‍ വന്‍കരയെന്നു ഗണിക്കപ്പെട്ടുപോരുന്ന ഏഷ്യയുടെ പൂർവ, ദക്ഷിണ-പശ്ചിമ മേഖലകളെ ഇക്കാരണത്താൽ തന്നെ യഥാക്രമം വിദൂരപൂർവദേശം, മധ്യപൂർവദേശം, സമീപ പൂർവദേശം എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്‌. വന്‍കരയുടെ 17 ശതമാനത്തോളം വ്യാപിച്ചിട്ടുള്ള പൂർവേഷ്യയുടെ വിസ്‌തൃതി 1,18,39,897 ച.കി.മീറ്ററാണ്‌. ചൈന, ഹോങ്കോങ്‌, ജപ്പാന്‍, മക്കാവൂ, മംഗോളിയ, ഉത്തരകൊറിയ, ദക്ഷിണകൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ പൂർവേഷ്യയിൽ ഉള്‍ക്കൊള്ളുന്നു. അവിടത്തെ 15561 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 82 ശതമാനവും ചൈനയുടേതാണ്‌. ചിലപ്പോള്‍ ഉത്തര ഏഷ്യയുടെ ദക്ഷിണഭാഗത്തുള്ള വിദൂരപൂർവദേശങ്ങളും ഈ മേഖലയിൽപ്പെടുത്തി കാണുന്നു.

ഖസാഖ്‌സ്ഥാന്‍, കിർഗിസ്‌താന്‍, താജിക്കിസ്‌താന്‍, തുർക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഭൂമുഖത്തെ ഏറ്റവും ജനസാന്ദ്രമായ മേഖലയാണ്‌ പൂർവേഷ്യയെങ്കിൽ 40,03,478 കി.മീ. വ്യാപിച്ചിട്ടുള്ള മധ്യേഷ്യ (Central Asia) താരതമ്യേന ജനസാന്ദ്രത കുറഞ്ഞ മേഖലകളിലൊന്നാണ്‌. മധ്യേഷ്യയിലെ ജനസംഖ്യ: 6,28,76,748 ഉം ജനസാന്ദ്രത ച. കി. മീറ്ററിന്‌ 15.7 ഉം ആണ്‌. കാസ്‌പിയന്‍ കടൽ, ബാള്‍ഖാഷ്‌ തടാകം എന്നിവയ്‌ക്കിടയിലുള്ള പ്രദേശത്തെയും റ്റിയെന്‍ഷാന്‍ മലമ്പ്രദേശങ്ങളെയും ചേർത്ത്‌ മിഡിൽ ഏഷ്യ എന്നൊരു മേഖലയായും വ്യവഹരിക്കാറുണ്ട്‌. ഭൂലോകത്തിന്റെ നെറുകയായി കണക്കാക്കപ്പെടുന്ന മധ്യേഷ്യ ഒട്ടുവളരെ ഉത്തുംഗ ഗിരിശൃങ്‌ഗങ്ങള്‍ നിറഞ്ഞ്‌, സമുദ്രങ്ങളിൽനിന്ന്‌ ഏറ്റവും കൂടിയ അകലത്തിൽ സ്ഥിതിചെയ്യുന്ന കരഭാഗം കൂടിയാണ്‌.

ഇന്നത്തെ റഷ്യന്‍ പ്രദേശത്തെയാണ്‌ ഉത്തര-ഏഷ്യ എന്നു വ്യവഹരിച്ചുപോരുന്നത്‌. വന്‍കരയുടെ 40 ശതമാനം വരുന്ന ഈ മേഖലയുടെ വിസ്‌തൃതി 17,075,400 ച. കി. മീറ്ററാണ്‌. മറ്റേതൊരു ഏഷ്യന്‍ മേഖലയുടെയും ഇരട്ടിയിലധികം വിസ്‌തീർണമുള്ള ഉത്തരേഷ്യ അഥവാ സോവിയറ്റ്‌ ഏഷ്യ ജനസംഖ്യാപരമായി മുന്നിലാണ്‌. ഉത്തരേഷ്യയിലെ ജനസംഖ്യ: 14,22,00,300-ഉം ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 26.8-ഉം ആണ്‌. അതിശൈത്യവും വരണ്ടകാലാവസ്ഥയും അനുഭവപ്പെടുന്ന, തുന്ദ്രയും തുഷാരഭൂമി(Permafrost)കളും നിറഞ്ഞ സൈബീരിയന്‍ പ്രദേശം ധാതുശേഖരത്തെ സംബന്ധിച്ചിടത്തോളം സമ്പന്നമാണ്‌. ചിലർ മംഗോളിയയെക്കൂടി ഉത്തരേഷ്യയിൽപ്പെടുത്തി വ്യവഹരിക്കാറുണ്ട്‌.

ഇന്ത്യയും സമീപസ്ഥരാജ്യങ്ങളും കൂടിച്ചേർന്നുള്ള ദക്ഷിണേഷ്യ ലോകത്തെ ഏറ്റവും ജനസാന്ദ്രമായ മേഖലകളിലൊന്നാണ്‌; ജനസാന്ദ്രത: ച.കി. മീറ്ററിന്‌ 302.4. ഇന്ത്യ, ശ്രീലങ്ക, അഫ്‌ഗാനിസ്‌താന്‍, പാകിസ്‌താന്‍, ബാംഗ്ലദേശ്‌, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദക്ഷിണേഷ്യയുടെ വിസ്‌തൃതി 51,37,758 ച.കി.മീറ്ററാണ്‌. 155,37,52,333 വരുന്ന ദക്ഷിണേഷ്യന്‍ ജനതയുടെ 77 ശതമാനം ഇന്ത്യയിലാണുള്ളത്‌.

ഏറ്റവും വലിയ ദ്വീപസമൂഹമായ ഈസ്റ്റ്‌ ഇന്‍ഡീസിനെക്കൂടി ഭാഗികമായുള്‍ക്കൊള്ളുന്ന മേഖലയാണ്‌ ദക്ഷിണപൂർവേഷ്യ. 45,11,171 ച.കി.മീ. വിസ്‌തൃതിയുള്ള ദക്ഷിണപൂർവേഷ്യയിലെ രാജ്യങ്ങള്‍ മ്യാന്മർ, കിഴക്കന്‍ തിമോർ, കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, തായ്‌ലന്‍ഡ്‌, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌, സിംഗപ്പൂർ, ബ്രൂണെ (യു.കെ.)യുമാണ്‌. വന്‍കരയുടെ പത്തുശതമാനത്തോളം വിസ്‌തൃതിയുള്ള ഈ മേഖലയിൽ 57,64,96,293 ജനങ്ങളുണ്ട്‌. ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 127.8 ആണ്‌. ഏറ്റവും വലിയ ഉപദ്വീപായ അറേബ്യയെ ഉള്‍ക്കൊള്ളുന്ന മേഖലയാണ്‌ പശ്ചിമേഷ്യ. 54,09,450 ച.കി.മീ. വിസ്‌തൃതിയുള്ള ഈ മേഖലയിലെ രാജ്യങ്ങള്‍ സൗദി അറേബ്യ, ബഹ്‌റീന്‍,കുവൈത്ത്‌, ഒമാന്‍, ഖത്തർ, യു.എ.ഇ., യെമന്‍, ഇറാന്‍, ഇറാഖ്‌, ഇസ്രയേൽ, സൈപ്രസ്‌, ജോർദാന്‍, ലബനന്‍, സിറിയ, തുർക്കി, പലസ്‌തീന്‍ മുതലായവയാണ്‌. ഗാസപ്രദേശത്തെ ജനസംഖ്യ: 215,617,617. ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 39.9 ആണ്‌. ഏറ്റവും സംഘർഷപൂരിതമായ അന്തരീക്ഷം നിലനിന്നുപോരുന്ന മേഖലകള്‍ കൂടിയാണ്‌ ദക്ഷിണപൂർവേഷ്യയും ദക്ഷിണ പശ്ചിമേഷ്യയും. ഭൂമിശാസ്‌ത്രപരമായി മേഖലകളെ പരാമർശിക്കുമ്പോള്‍ വ്യക്തമായി രാജ്യാതിർത്തികളിലൂടെ പരിധി നിർണയിക്കണമെന്നില്ല.

സ്ഥലരൂപങ്ങള്‍. ഭൗമായുസ്സിൽ ശൈശവ ദശതൊട്ടു തുടരുന്ന അപക്ഷയം (weathering), അപരദനം (erosion), അവസാദനം (deposition), ഭൂവിജ്ഞാനപരമായി സമീപകാലത്തുണ്ടായ വർധിച്ച പർവതനം (orogeny), വർധിച്ച പർവതനം സുസാധ്യമായിത്തീർത്ത വർധിച്ച അപരദനം എന്നിവയാണ്‌ ഏഷ്യയുടെ ഇന്നത്തെ ഭൂപ്രകൃതി വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങള്‍. ശരാശരി ഉയരത്തിലും നിമ്‌നോന്നതത്വത്തിലും വന്‍കരകള്‍ക്കിടയിൽ ഒന്നാംസ്ഥാനം ഏഷ്യയ്‌ക്കാണ്‌. ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ പീഠഭൂമികള്‍, വിശാലസമതലങ്ങള്‍, ഉയരംകൂടിയ കൊടുമുടികള്‍ ആഴമേറിയ നിമ്‌നങ്ങള്‍, വിശാല തുന്ദ്രകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഏഷ്യയുടെ മൊത്ത വിസ്‌തൃതിയുടെ മുക്കാൽ പങ്കും പർവതങ്ങളും പീഠപ്രദേശങ്ങളുമാണ്‌. കഴിഞ്ഞ മൂന്ന്‌ കോടി വർഷങ്ങള്‍കൊണ്ട്‌ പാമീർ മേഖല 4,000 മീറ്ററിലധികം ഉയർന്നപ്പോള്‍, അവതലനംമൂലം വന്‍കരയുടെ പൂർവതീരം 700 മീറ്ററിലധികം താഴ്‌ന്നിട്ടുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. സമീപകാലംവരെ പീഠഭൂമികളായി തുടർന്ന പല മേഖലകളും അപരദനത്തിന്റെ ഫലമായി പർവതങ്ങളായി പരിണമിച്ചിരിക്കുന്നു. ചുണ്ണാമ്പുകല്ല്‌, ജിപ്‌സം എന്നിവയാൽ നിർമിതമായ ആധാരശിലകളിന്മേൽ കാർസ്റ്റ്‌ (Karst) ഭൂരൂപങ്ങളും കാണപ്പെടുന്നു.

തെക്ക്‌ വടക്ക്‌ 76o 27' അക്ഷാംശീയ ദൂരം 8,000 കിലോമീറ്ററും കിഴക്ക്‌ പടിഞ്ഞാറ്‌ 164o 16' രേഖാംശീയദൂരം 11,000 കിലോമീറ്ററും വ്യാപിച്ചിട്ടുള്ള വന്‍കരയുടെ നടുവിലൂടെ ഏഷ്യാമൈനർ മുതൽ അനാദിർ വരെ നീണ്ടുകിടക്കുന്ന പർവതശൃംഖലയെ ഭൂമിശാസ്‌ത്രപരമായി ഏഷ്യാവന്‍കരയുടെ നട്ടെല്ലെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. വന്‍കരയിൽ 7,300 മീറ്ററിലധികം ഉയരമുള്ള 94 ഗിരിശൃങ്‌ഗങ്ങളുണ്ട്‌. എവറസ്റ്റുള്‍പ്പെടെ ഇവയെല്ലാം തന്നെ ഭൂമുഖത്തെ( മറ്റേതൊരു കൊടുമുടിയെയുംകാള്‍ ഉയരം കൂടിയവയാണ്‌. വന്‍കരയിലെ മരുപ്രദേശങ്ങളിൽ ശൂന്യപ്രദേശമെന്നു വിശേഷിപ്പിക്കുന്ന റുബ്‌ അൽഖാലി, ഭൂമിയിൽ ഏറ്റവും കൂടിയ അക്ഷാംശങ്ങളിൽ വ്യാപിച്ചിട്ടുള്ളതും ഏറ്റവും ശീതളവുമായ ഗോബി എന്നിവ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഏഷ്യയുടെ കടലോരം സാമാന്യത്തിലേറെ വൈവിധ്യം പുലർത്തുന്നു. വന്‍കരയോടു ബന്ധപ്പെട്ട ദ്വീപുകളിൽ അധികവും അഗ്നിപർവതങ്ങളും മലകളും നിറഞ്ഞ്‌ സങ്കീർണ ഭൂപ്രകൃതിയുള്ളവയാണ്‌. ഏഷ്യയുടെ പൂർവതീരത്തുള്ള ചാപാകാര ദ്വീപശൃംഖലകള്‍ ഭൂമിശാസ്‌ത്രപരമായി സങ്കീർണമായ ഘടനാവിശേഷത്തോടു കൂടിയവയാണ്‌. വന്‍കരയ്‌ക്ക്‌ സമീപത്തുള്ള സമുദ്രാന്തരിതഗർത്തങ്ങള്‍ (കുരീൽ, കംചാത്‌ക, ഫിലിപ്പീന്‍സ്‌, ജാവ, സുമാത്ര) കൂടുതൽ പഠനമർഹിക്കുന്നു. മധ്യേഷ്യയിലും ദക്ഷിണ-പശ്ചിമേഷ്യയിലുമുള്ള പീഠപ്രദേശങ്ങള്‍ ആന്തരാപവാഹക്രമം പാലിക്കുന്നു. ഉന്നത മേഖലകളിൽ പർവതങ്ങളെക്കാള്‍ പ്രായം കൂടിയ നദികള്‍ പ്രാത്ഥാനം തുടർന്ന നിരകളിൽ ഗതി നിലനിർത്താനായി അഗാധ ചുരങ്ങള്‍ കാർന്നെടുത്തിരിക്കുന്നു. വന്‍കരയിലെ പർവതങ്ങളെ രണ്ടു മേഖലകളായി തിരിക്കാം. കിഴക്ക്‌ ചുക്‌ചി ഉപദ്വീപിലാരംഭിച്ച്‌ കോളിമ, ജൂഗ്‌ജൂർ, സ്റ്റാനവോയ്‌ എന്നീ നിരകളിലൂടെ ദക്ഷിണ സൈബീരിയയിലേക്കും റ്റിയെന്‍ഷാന്‍, ഗിസ്സാർ-അലായ്‌ നിരകളിലേക്കും ശാഖകളായി നീങ്ങുന്ന മേഖലയാണ്‌ ആദ്യത്തേത്‌. രണ്ടാമത്തെ മേഖല പടിഞ്ഞാറു നിന്ന്‌ കിഴക്കോട്ടാണ്‌ വ്യാപിച്ചിട്ടുള്ളത്‌; പശ്ചിമേഷ്യ, പാമീർ, കാരക്കോറം, തിബത്ത്‌ എന്നീ ഉന്നതതടങ്ങളെ ഉള്‍ക്കൊണ്ട്‌ പിന്നീട്‌ തെക്കും തെക്ക്‌ കിഴക്കും ദിശകളിൽ നീളുന്ന ഈ മേഖല അരക്കന്‍ യോമ, മലയാ ഉപദ്വീപിലെ ഗിരിനിരകള്‍ എന്നിവയെക്കൂടി ഉള്‍ക്കൊള്ളുന്നു. ഈ മേഖലയുടെ മറ്റൊരു പിരിവ്‌ പാമീറിൽ തുടങ്ങി കുന്‍ലൂന്‍, നാന്‍ഷാന്‍, ത്‌സിന്‍ലിങ്‌ എന്നീ പർവതങ്ങളിലൂടെ കിഴക്കോട്ട്‌ നീളുന്നു.

വന്‍കരയുടെ ഏതാണ്ട്‌ മധ്യഭാഗത്തുള്ള പാമീറിനു കിഴക്കുള്ള മേഖലയെ മഹോന്നത ഏഷ്യ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. 13 ലക്ഷം ച.കി.മീ. വ്യാപ്‌തിയുള്ള തിബത്ത്‌ പീഠഭൂമി സമുദ്രനിരപ്പിൽ നിന്ന്‌ 3,700-4,900 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. വടക്ക്‌ കുന്‍ലൂന്‍, അള്‍ടിന്‍താഗ്‌ നിരകളും തെക്ക്‌ ഹിമാലയ നിരകളുമാണ്‌ തിബറ്റിന്‌ പരിധി നിർണയിക്കുന്നത്‌. കുന്‍ലൂന്‍ നിരകള്‍ക്ക്‌ വടക്കുള്ള മംഗോളിയ പീഠഭൂമിയുടെ ഏറിയ പങ്കും ഗോബി മരുഭൂമി കൈയടക്കിയിരിക്കുന്നു. ചില നരവംശ ശാസ്‌ത്രകാരന്മാർ ഈ പ്രദേശത്തെ മാനവസംസ്‌കാരത്തിന്റെ ഈറ്റില്ലമായി കണക്കാക്കുന്നു. സിന്ധു, സാങ്‌പോ താഴ്‌വരയ്‌ക്കും കുന്‍ലൂർ നിരകള്‍ക്കുമിടയ്‌ക്കുള്ള ചാങ്‌താങ്‌ പീഠഭൂമി തിബറ്റ്‌ ഉന്നതമേഖലയുടെ ഒട്ടുമുക്കാലും ഭാഗത്ത്‌ വ്യാപിച്ചിരിക്കുന്നു. ലവണതടാകങ്ങള്‍ നിറഞ്ഞ്‌ തീക്ഷ്‌ണമായ ഋതുഭേദങ്ങള്‍ക്കു പുറമേ തീവ്രമായ ദൈനംദിന കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും വിധേയമാകുന്ന ഈ ഉന്നത ഭൂമിയിൽ വീശിയടിക്കുന്ന വരണ്ട ഉഷ്‌ണക്കാറ്റുകള്‍ ഇവിടെ തികച്ചും നിർജീവമാക്കിത്തീർത്തിരിക്കുന്നു. കാസ്‌പിയന്‍ പീഠഭൂമിയിൽ നിന്ന്‌ മംഗോളിയയിലേക്കുള്ള കവാടമായ സിന്‍ഗാരിയായുടെ ദക്ഷിണഭാഗത്തെ കൊടുമുടിയായ കമ്യൂണിസം (7,500 മീ.) ഉത്തര ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃങ്‌ഗമാണ്‌. കുന്‍ലൂന്‍ നിരകള്‍ക്ക്‌ വടക്ക്‌ അണ്ഡാകൃതിയിൽ 1,450 ച.കി.മീ. വ്യാപിച്ചിട്ടുള്ള താരിംതട (സിങ്കിയാങ്‌)ത്തിന്റെ ഒട്ടുമുക്കാലും തക്‌ലാമകാന്‍ മരുഭൂമിയാണ്‌; ഇവിടെയുണ്ടായിരുന്ന തടാകമായ ലോപ്‌നോർ ഇന്നൊരു ചതുപ്പായവശേഷിക്കുന്നു. ഹിമാലയനിരകളിലെ എവറസ്റ്റ്‌ (8,848 മീ.), കാഞ്ചന്‍ജംഗ (8,600 മീ.), മകാളു (8,481 മീ.), ധവളഗിരി (8,172 മീ.), നംഗപർവതം (8,128 മീ.), അന്നപൂർണ (8,078 മീ.) തുടങ്ങിയവ ഭൂമുഖത്തെ ഏറ്റവും ഉയരംകൂടിയ ഗിരിശൃങ്‌ഗങ്ങളാണ്‌.

തിബത്തിൽനിന്ന്‌ കുന്‍ലൂന്‍ നിരകളാൽ വ്യതിരിക്തമായിട്ടുള്ള മംഗോളിയാ പീഠഭൂമിയെ ചൂഴ്‌ന്നുള്ള അള്‍ട്ടായ്‌, സായന്‍ എന്നീ അതിപുരാതന പർവത നിരകളിലെ കൊടുമുടികള്‍ മകുടാകൃതിയിലുള്ളവയാണ്‌. മംഗോളിയ, തിബത്ത്‌ എന്നീ പീഠഭൂമികള്‍ പൂർവദിക്കിലേക്ക്‌ ചായ്‌ഞ്ഞിറങ്ങുന്നതോടൊപ്പം കൂടുതൽ വിശാലവുമാവുന്നതിന്റെ ഫലമായി മഞ്ചൂറിയയും ചൈനാസമതലങ്ങളും രൂപംകൊണ്ടിരിക്കുന്നു. കുന്‍ലൂന്‍ മുതൽ കിഴക്ക്‌ ചൈനാ കടൽവരെ നീണ്ടുകിടക്കുന്ന ത്‌സിന്‍ലിങ്‌ നിരകള്‍ ചൈനയെ ഉത്തരദക്ഷിണ മേഖലകളായി പകുക്കുന്നു. പീക്കിങ്ങിന്‌ വടക്ക്‌, തെക്ക്‌ വടക്ക്‌ ദിശയിൽ നീണ്ടുകിടക്കുന്ന ഭിത്തിയുടെ ആകാരത്തിലുള്ള വിശാല ഖിന്‍ഗന്‍ നിരകള്‍ മംഗോളിയ, മഞ്ചൂറിയ മേഖലകളെ വേർതിരിക്കുന്നു. ഗോബി മരുഭൂമിയിൽ നിന്ന്‌ പൂർവദിക്കിലേക്ക്‌ മാറ്റപ്പെട്ട ശതക്കണക്കിനു മീറ്റർ കനത്തിലുള്ള വായുജന്യ നിക്ഷേപങ്ങള്‍ നിറഞ്ഞ പൂർവോത്തരചൈന ഫലഭൂയിഷ്‌ഠമായ ഭൂപ്രദേശമാണ്‌.

പാമീറിനു പടിഞ്ഞാറേക്ക്‌ നീളുന്ന മലനിരകള്‍ ഏഷ്യാമൈനറിന്റെ പശ്ചിമാഗ്രംവരെ എത്തുന്നുണ്ട്‌. ഈ ശാഖയിൽ തുർക്കിയുടെ പൂർവാതിർത്തിക്കു സമീപമുള്ള അരാറത്‌ ഗിരിശൃങ്‌ഗ (5,105മീ.) ത്തിലാണ്‌ പ്രളയാന്ത്യത്തിൽ നോഹയുടെ പെട്ടകം വന്നടിഞ്ഞതെന്നു കരുതപ്പെടുന്നു. ഈ നിരകളുടെ തെക്കന്‍ ചരിവിലെ ഒരു ഭ്രംശ നിമ്‌നത്തിലാണ്‌ ഭൂമിയിലെ ഏറ്റവും താഴ്‌ന്ന കരഭാഗം സ്ഥിതിചെയ്യുന്നത്‌. ചാവുകടലിന്റെ തടപ്രദേശമായ ഈ ഭാഗം സമുദ്രനിരപ്പിനും 395 മീ. താഴെയാണ്‌; നിരകള്‍ക്കു വടക്കുള്ള കാസ്‌പിയന്‍ കടലോരവും സമുദ്രനിരപ്പിൽ നിന്ന്‌ 26 മീ. കീഴിലാണ്‌. ഭൂമിയിലെ ഏറ്റവും വലിയ കരബദ്ധകടലായ (inland sea) കാസ്‌പിയന്‍, കിഴക്കുള്ള അറാള്‍ക്കടൽ എന്നിവ മധ്യേഷ്യയിലെ ആന്തരാപവാഹതടങ്ങളാണ്‌. ഉന്നതങ്ങളിലെ മഞ്ഞുരുകി ജലസിക്തമാക്കപ്പെടുന്ന ആമുദാരിയ, സിർദാരിയ എന്നീ നദികള്‍ ഒഴുകി വീഴുന്ന അറാള്‍ക്കടലിലെ ജലപ്പരപ്പ്‌ കാലാകാലങ്ങളിൽ പ്രസക്തമായി വ്യതിചലിക്കുന്നു. ആന്തരാപവാഹത്തിന്റെ തന്നെ ഫലമാവാം ഈ മേഖലയിലെ മണലാരണ്യങ്ങളൊക്കെയും ഇരുണ്ടതായിരിക്കുന്നു. കരിമണൽ നിറഞ്ഞ കാരാകും ചെമ്മണൽ നിറഞ്ഞ കിസിൽകും ഉദാഹരണങ്ങളാണ്‌.

മധ്യേഷ്യയിൽനിന്നു പൂർവോത്തര ദിശയിൽ നീളുന്ന പർവതപങ്‌ക്‌തിക്കു വടക്ക്‌ സൈബീരിയയിലാണ്‌ ഭൂമുഖത്തെ ഏറ്റവും വിസ്‌തൃതങ്ങളായ സമതലങ്ങളുള്ളത്‌. പശ്ചിമ സൈബീരിയ, തൂരാന്‍ എന്നീ ബൃഹത്‌ സമതലങ്ങള്‍ക്കു പുറമേയുള്ള ഉത്തരസൈബീരിയ, യാന, ഇന്‍ഡിഗർക, കോളിമ, പൂർവചൈന എന്നിവ തീരദേശ സമതലങ്ങളാണ്‌. പർവതനിരകള്‍ക്കിടയ്‌ക്ക്‌ രൂപംകൊണ്ടതും സാമാന്യം വ്യാപ്‌തിയുള്ളതുമായ നിരവധി ശൈലതടങ്ങളും ഏഷ്യയിലെ സമതലങ്ങളിൽപ്പെടുന്നു. കാഷ്‌ഗാരിയ, ജൂന്‍ഗാരിയ, ഗോബി തുടങ്ങിയവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. തിബത്തിനു പുറമേ പാമീർ, റ്റിയെന്‍ഷാന്‍ എന്നിവിടങ്ങളിലും സമുദ്രനിരപ്പിൽ നിന്ന്‌ 5,000 മീറ്ററോളം ഉയരത്തിലുള്ള സമതലങ്ങളുണ്ട്‌.

ഏഷ്യയിലെ പ്രമുഖ പർവത പങ്‌ക്‌തിയിലുള്ള നിരകളാണ്‌ വെർഖൊയാന്‍സ്‌ക്‌, സ്റ്റാനവോയ്‌, ചെർസ്‌കി, കംചാത്‌ക തുടങ്ങിയവ. കംചാത്‌ക ഏഷ്യയുടെ പൂർവതീരത്തുള്ള സജീവഭൂ-അഭിനതിയുടെ ഭാഗമാകയാൽ അഗ്നിപർവതപ്രക്രിയകളാൽ ഇന്നും പ്രക്ഷുബ്‌ധമാണ്‌; ഈ ഉപദ്വീപിലെ 22 സജീവ-അഗ്നിപർവതങ്ങളിലൊന്നായ ക്‌ള്യൂ ചെസ്‌കായ സോപ്‌ക (4,750 മീ.) ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അഗ്നിപർവതമാണ്‌. ഏഷ്യയിലെ പഴക്കംചെന്ന പർവതനിരകളിലൊന്നായ യൂറാള്‍ 1,850 മീ. ഉയരമുള്ള പല കൊടുമുടികളുള്‍ക്കൊള്ളുന്നു. യൂറാളിനു കിഴക്കുള്ള പശ്ചിമ സൈബീരിയ സമതലം വേണ്ടത്ര അപവാഹമില്ലാതെ ഹിമാനീകൃത നിക്ഷേപങ്ങള്‍ നിറഞ്ഞതാണ്‌. വന്‍കരയുടെ വിസ്‌തൃതിയിൽ കാൽഭാഗത്തോളം കൈയടക്കിയിട്ടുള്ള സമതലങ്ങളുടെ കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്‌ മെസൊപ്പൊട്ടേമിയയും സിന്ധുഗംഗാസമതലവും. നെടുനാളായുള്ള അപരദന-അവസാദ പ്രക്രിയകളുടെ ഫലമായി രൂപം കൊണ്ടിട്ടുള്ള ജലോഢമൈതാനങ്ങളാണിവ. മധ്യേഷ്യയിലെ പർവതനിരകള്‍ക്കു തെക്കുള്ള ഭാഗം ഭാഗികമായി സമുദ്രാതിക്രമണത്തിനു വിധേയമായ ബൃഹത്‌ശൈലതടമായി കരുതാം; ദക്ഷിണ, ദക്ഷിണ-പശ്ചിമേഷ്യകളിലെ മലനിരകള്‍ ചൂഴ്‌ന്ന പീഠഭൂമികളാണ്‌ ഡക്കാണ്‍, സിറിയ, അറേബ്യ തുടങ്ങിയവ. ഏഷ്യാമൈനർ, ഇറാന്‍, അറേബ്യ എന്നീ പീഠഭൂമികള്‍ക്കിടയിൽ രൂപംകൊണ്ടിരിക്കുന്ന മെസൊപ്പൊട്ടേമിയ, വളരെ മുമ്പുതന്നെ മാനവശ്രദ്ധ പിടിച്ചുപറ്റിയ ഒരു മേഖലയാണ്‌. ആന്റിടാറസ്‌, പോണ്ടിക്‌ നിരകളാൽ ഏഷ്യാമൈനർ വന്‍കരയിൽ നിന്ന്‌ വേറിട്ടുനിൽക്കുന്നു. 16 ലക്ഷം ച.കി.മീ. വിസ്‌തൃതിയുള്ള ഇറാന്‍ പീഠഭൂമി സമുദ്രനിരപ്പിൽനിന്ന്‌ 900-1,500 മീ. ഉയരത്തിലുള്ള അനവധി ആന്തരികഅപവാഹതടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഉഷ്‌ണ മരുഭൂമികളിൽകാണപ്പെടുന്നവയിൽ ഏറ്റവും ഉയരം കൂടിയ മണൽക്കൂനകള്‍ (200 മീ.) ഇവിടങ്ങളിൽ ക്ഷണത്തിൽ രൂപംകൊണ്ട്‌ നശിക്കുന്നുണ്ട്‌. ചെങ്കടലോരത്തെ ചെങ്കുത്തായ മലനിരകളിൽനിന്ന്‌ പൂർവദിശയിൽ ചാഞ്ഞിറങ്ങുന്ന ഒരു പീഠഭൂമിയാണ്‌ അറേബ്യ; ദക്ഷിണ-പശ്ചിമാഗ്രത്തുള്ള പർവതങ്ങള്‍ക്ക്‌ 3,700 മീറ്ററോളം ഉയരമുണ്ട്‌.

പശ്ചിമഘട്ടം (910-1,220 മീ.) തൊട്ട്‌ ബംഗാള്‍ ഉള്‍ക്കടൽവരെ പൊതുവിൽ ഒരു ചായ്‌വുതലത്തോടുകൂടിയ പീഠഭൂമിയാണ്‌ ഇന്ത്യാ ഉപദ്വീപ്‌. തിരശ്ചീന ലാവാസ്‌തരങ്ങളാൽ വിരചിതമായ ഡക്കാണ്‍ 5,18,000 ച.കി.മീ. വ്യാപിച്ചിരിക്കുന്നു. പീഠഭൂമിക്ക്‌ വടക്കുള്ള സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ തടപ്രദേശം 3,200 കിലോമീറ്ററോളം നീണ്ടുകിടക്കുന്നു. തെക്കു വടക്കു നീണ്ടുകിടക്കുന്ന ധാരാളം ഗിരിനിരകള്‍ നിറഞ്ഞ ഇന്തോചൈന ചൈനയ്‌ക്കും ഇന്ത്യയ്‌ക്കുമിടയ്‌ക്ക്‌ ഒരു സംക്രമണ മേഖലയായി വർത്തിക്കുന്നു. അസം, ബർമ അതിർത്തിയിലുള്ള അരക്കന്‍യോമ നിരകളിൽ നിന്ന്‌ സമുദ്രാന്തരിതമായി തെക്കോട്ട്‌ നീളുന്ന മലനിരകളുടെ ഭാഗങ്ങളാണ്‌ ആന്‍ഡമാന്‍ നിക്കോബാർ, സുമാത്ര എന്നീ ദ്വീപുകളിലുള്ളത്‌. പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായ ശ്രീലങ്കയുടെ ഉള്‍ഭാഗത്തുള്ള ഉന്നതതടങ്ങള്‍ ശരാശരി 2,524 മീ. ഉയരമുള്ളവയാണ്‌. ജപ്പാന്‍, ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ 3,000 മീറ്ററിലേറെ ഉയരമുള്ള നിരവധി അഗ്നിപർവതങ്ങളുണ്ട്‌. ഏഷ്യയുടെ ഏറിയഭാഗവും ഭൗമായുസ്സിൽ പലപ്പോഴായി ഹിമാതിക്രമണത്തിന്‌ വിധേയമായിട്ടുണ്ടെങ്കിലും ഇന്ന്‌ പർവതശിഖരങ്ങള്‍ മാത്രമാണ്‌ ഹിമാവൃതമായിട്ടുള്ളത്‌. കാരക്കോറം, പാമീർ, റ്റിയന്‍ഷാന്‍, ഹിന്ദുക്കുഷ്‌, ഹിമാലയം എന്നിവ വന്‍ ഹിമാനികളുടെ സങ്കേതങ്ങളാണ്‌. സൈബീരിയയുടെ (ഉത്തരേഷ്യ) ഉത്തരാർധം ഭൂമുഖത്ത്‌ മറ്റൊരിടത്തുമില്ലാത്ത രീതിയിൽ വ്യാപകമായി സ്ഥിരതുഷാര ഭൂമി (perma frost)കളാൽ സഹസ്രാബ്‌ദങ്ങളായി തണുത്തുറഞ്ഞുകിടക്കുന്നു. 97 ലക്ഷം ച.കി.മീ. വിസ്‌തൃതിയിൽ മീറ്ററുകളോളം കനത്തിൽ വ്യാപിച്ചിട്ടുള്ള സ്ഥിരതുഷാരം ഭൂപ്രകൃതി, മണ്ണ്‌, ജലസമ്പത്ത്‌ എന്നിവയെ സാരമായി സ്വാധീനിക്കുന്നു.

ഭൂവിജ്ഞാനം

കഴിഞ്ഞ 60 കോടി വർഷങ്ങളായി കാര്യമായ പരിണാമപ്രക്രിയകള്‍ക്കു വിധേയമായിട്ടില്ലാത്ത അതിപുരാതനമായ ഭൂഖണ്ഡ(shield)ങ്ങളെ നെടുങ്കന്‍ പർവത പങ്‌ക്‌തികളാൽ പരസ്‌പരം കോർത്തിണക്കിയ രീതിയിൽ നിർമിതമായിട്ടുള്ളതാണ്‌ ഏഷ്യയുടെ ഭൂഘടന. തെക്ക്‌ ഇന്ത്യ, തെക്കു പടിഞ്ഞാറ്‌ അറേബ്യ, വടക്ക്‌ സൈബീരിയ, കിഴക്ക്‌ ചൈന എന്നിവയാണ്‌ ഏഷ്യയുള്‍ക്കൊള്ളുന്ന പ്രാക്കാല ഭൂഖണ്ഡങ്ങള്‍. ഭൂവിജ്ഞാനത്തിൽ ഷീൽഡ്‌ എന്നു വിശേഷിപ്പിക്കുന്ന ഈ പുരാതന ഭൂഖണ്ഡങ്ങള്‍ 300 കോടി വർഷം മുമ്പേ ശിലീഭവിച്ചവയാണെങ്കിലും കഴിഞ്ഞ 100 കോടി വർഷങ്ങള്‍ക്കിപ്പുറമാണ്‌ കരയായിത്തീർന്നത്‌. ഭൂഖണ്ഡ-വിസ്ഥാപന(Continental drift)ത്തിനു വിധേയമായി ഒഴുകി നീങ്ങിയ മേല്‌പറഞ്ഞ ഭൂഖണ്ഡങ്ങള്‍ (ഷീൽഡുകള്‍) തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി രൂപംപൂണ്ട അനുപമമായ പർവത പങ്‌ക്തികള്‍ക്കു പുറമേ ഭൗമായുസ്സിലാകമാനവും സജീവമായിരുന്ന ഭൂരൂപപ്രക്രമങ്ങളിലൂടെ ഉദ്‌ഭൂതമായ മറ്റനവധി മേഖലകളും ഈ വന്‍കരയുടെ ഒരു പ്രധാന പങ്ക്‌ ഉള്‍ക്കൊണ്ടിരിക്കുന്നു. ഏഷ്യയോടു ചേർന്ന്‌ യൂറേഷ്യയ്‌ക്കു രൂപം നല്‌കിയിട്ടുള്ള ബാള്‍ട്ടിക്‌, റഷ്യ എന്നീ ഷീൽഡുകള്‍ക്കും സൈബീരിയയ്‌ക്കുമിടയ്‌ക്കുള്ള യൂറാള്‍ പർവതപങ്‌ക്തിയും കാസ്‌പിയന്‍ കടലിനെ തുടർന്നുള്ള കാക്കസസ്‌ നിരകളും ഭൂവിജ്ഞാനപരമായി യൂറോപ്പ്‌, ഏഷ്യ എന്നീ വന്‍കരകളെ വ്യതിരിക്തമാക്കുന്നു.

ഏഷ്യയുടെ ഇന്നത്തെ ഭൂപ്രകൃതിക്ക്‌ ഹേതുകമായുള്ള മുഖ്യഘടകം മീസോസോയിക്‌, സീനോസോയിക്‌ എന്നീ മഹാകല്‌പങ്ങളിലുണ്ടായ വർധിച്ച പർവതനമാണ്‌. ഭൂമിയുടെ നെറുകയായി കരുതപ്പെടുന്ന ഹിമാലയത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ച പർവതനം ഭൂവിജ്ഞാനപരമായി ആധുനികവും ഭൂവല്‌കത്തിൽ അനുഭവപ്പെട്ടിട്ടുള്ളതിൽ നന്നെ തീവ്രവുമായിരുന്നു. ഭൂഖണ്ഡവിസ്ഥാപനത്തിൽ ഏറ്റവും കൂടുതൽ ദൂരം താണ്ടിയെന്ന ബഹുമതിയർഹിക്കുന്ന ഇന്ത്യ, ആഫ്രിക്കയിൽ നിന്നു വേർപെട്ടുപോന്ന അറേബ്യ കഴിഞ്ഞാൽ അവസാനമായി ഏഷ്യയോടു ചേർന്ന ഷീൽഡു കൂടിയാണ്‌.

ഭൗമായുസ്സിലെ പ്രാതഃകാലത്ത്‌ ഭൂഖണ്ഡകേന്ദ്ര(Continental nucleus)ങ്ങളിലൂടെ പൊട്ടിമുളച്ച്‌ വളർന്നുവികസിച്ചുണ്ടായ ബൃഹത്തായ ഭൂഖണ്ഡങ്ങള്‍ (ഉദാ. ഗോണ്ട്വാന) ആന്തരികബലങ്ങളുടെ പ്രവർത്തനഫലമായി പൊട്ടിപ്പിളർന്ന്‌ വിസ്ഥാപനം ചെയ്യപ്പെട്ടപ്പോള്‍ ശ്ലഥഖണ്ഡങ്ങള്‍ (shields) മറ്റൊരിടത്ത്‌ ഒന്നിച്ചുകൂടി ഏഷ്യ തുടങ്ങിയ വന്‍കരകള്‍ക്കുരൂപം നല്‌കുകയുണ്ടായി. സമകാലികമായി ഒന്നിലധികം ഭൂഖണ്ഡകേന്ദ്രങ്ങളിലൂടെ വന്‍കരകള്‍ വളർന്നുകൊണ്ടിരുന്ന അവസരങ്ങള്‍ തന്നെ വിസ്ഥാപനവും സജീവമായി തുടർന്നിരിക്കാം. ഇന്ത്യാ സമുദ്രത്തിലുള്ള സമുദ്ര മധ്യവരമ്പി(Mid oceanic ridge)ലൂടെ ഇന്നും അനുക്രമമായി നവവല്‌കം നിർമിക്കപ്പെടുന്നതുകാരണം ഇന്ത്യന്‍ ഷീൽഡിനോടൊപ്പം സമുദ്രത്തറയുടെ ഏറിയപങ്കും ആസ്റ്റ്രലിയയുമുള്‍ക്കൊള്ളുന്ന ഒരു ഭൂവല്‌കപിണ്ഡം(plate) വടക്കു കിഴക്കു ദിശയിൽ വിസ്ഥാപനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആഫ്രിക്കാ ഭൂഖണ്ഡത്തോടൊപ്പമുണ്ടായ ഈ വിസ്ഥാപനത്തിന്റെ ഫലമായി യൂറേഷ്യയും ഈ ഭൂഖണ്ഡങ്ങളുമായുണ്ടായ അഭിമുഖീകരണം കാരണമാണ്‌ ടെഥിസ്‌ സമുദ്രവും ആയിരക്കണക്കിനു മീറ്റർ കനത്തിലുള്ള അവസാദവും നെടുനീളത്തിലുള്ള ആൽപ്‌സ്‌-ഹിമാലയ നിരകളിലെ വലിത പർവതങ്ങളായി പരിണമിച്ചത്‌. എന്നാൽ ഇതേ ഭൂ-അഭിനതി (ടെഥിസ്‌ സമുദ്രം)യുടെ പൂർവഭാഗം പര്യാപ്‌തമായ പർവതന(orogeny)ത്തിന്‌ വിധേയമാകാതെ സമുദ്രാന്തര സേതുക്കളും ദ്വീപസമൂഹങ്ങളുമായവശേഷിക്കുന്നു; മലയാ ഉപദ്വീപിനെ ത്തുടർന്നുള്ള ഇന്തോനേഷ്യയിലെ പതിനായിരത്തിൽപ്പരം ദ്വീപുകളും ജാവ, ടിമോർ തുടങ്ങിയ ദ്വീപുകളുടെ ദക്ഷിണ പാർശ്വത്തിലുള്ള ഗർത്തങ്ങളും ഈദൃശമായ അവസ്ഥാന്തരത്തിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌. പസിഫിക്‌ സമുദ്രത്തറമാത്രമായുള്‍ക്കൊള്ളുന്ന മറ്റൊരു ഭൂവല്‌കപിണ്ഡം സമാനമായുള്ള ഭൂവല്‌കരൂപീകരണം മൂലം വടക്കു പടിഞ്ഞാറു ദിശയിൽ ചലിച്ചുകൊണ്ടിരിക്കുന്നു.

ഏഷ്യയുമായുള്ള അഭിമുഖീകരണംമൂലം സംജാതമായ ഒഖോട്‌സ്‌ക്‌ കടൽ, ചൈനാക്കടൽ, ഫിലിപ്പീന്‍ കടൽ തുടങ്ങിയ പസിഫിക്കിന്റെ പിരിവുകളും കുരീൽ, ജപ്പാന്‍, റ്യൂക്യൂ ദ്വീപസമൂഹങ്ങളും ഇന്നും സജീവമായി തുടരുന്ന ഭൂ-അഭിനതികള്‍ക്ക്‌ ഉത്തമദൃഷ്‌ടാന്തമാണ്‌. ഏഷ്യയുടെ പൂർവതീരം പസിഫിക്കിനെ ചൂഴ്‌ന്നുള്ള അഗ്നിപർവതങ്ങള്‍ നിറഞ്ഞ ഒരു വലയത്തിന്റെ പ്രമുഖ പങ്കുള്‍കൊള്ളുന്നു. കംചാത്‌ക മുതൽ ന്യൂഗിനിവരെയുള്ള മേഖലയിലെ ഒരംഭുഗുര ഭൂവല്‌കപിണ്ഡമാണ്‌ ഫിലിപ്പീന്‍സ്‌. ഈ ഭാഗങ്ങളിൽ ഇന്നും അഗ്നിപർവതസ്‌ഫോടനം പുതിയ ദ്വീപുകള്‍ക്ക്‌ ജന്മം നല്‌കിവരുന്നുണ്ട്‌. കൊറിയ ഉപദ്വീപുകൂടിയുള്‍ക്കൊള്ളുന്ന ചൈനീസ്‌ ഷീൽഡ്‌ സൈബീരിയയോടു ചേർക്കപ്പെട്ടതും ഭൗമായുസ്സിലെ മുന്‍ കല്‌പങ്ങളിലുണ്ടായ ഈദൃശ പ്രക്രമങ്ങളിലൂടെ തന്നെയാണ്‌. ഇരു ഷീൽഡുകളുടെയും ലയനമേഖലകള്‍ ഭൂചലനത്തിന്‌ വിധേയമാകാറുണ്ടെന്നതൊഴിച്ചാൽ ഭൂഗർഭപരമായി പ്രക്ഷുബ്‌ധമല്ല; യൂറാള്‍ മേഖലയെ സംബന്ധിച്ചിടത്തോളം ഇതിനും വളരെ മുമ്പ്‌ രൂപംകൊണ്ടവയാകയാൽ തികച്ചും ശാന്തമാണ്‌.

കാംബ്രിയന്‍ കല്‌പം മുതല്‌ക്ക്‌ ഇന്നേവരെ വിവർത്തനിക പ്രക്രിയകള്‍ക്കു വിധേയമായിട്ടില്ലാത്ത ഈ ഷീൽഡുകള്‍ ഭൂമിയുടെ പ്രാക്കാല ചരിത്രം അനാവരണം ചെയ്യുന്നതിന്‌ സഹായകമാണ്‌. ആന്തരികവും ബാഹ്യജാതവുമായ ബലങ്ങള്‍ ഏഷ്യയുടെ ഇന്നത്തെ ഭൂപ്രകൃതി വാർത്തെടുക്കുന്നതിൽ ഒന്നുപോലെ വർത്തിച്ചുപോന്നു. താരതമ്യേന കുറഞ്ഞ തോതിലാണെങ്കിൽ കൂടിയും ഇന്നും ക്രമാനുസാരമായി തുടരുന്ന ഭൂവല്‌കനിർമാണ പ്രക്രിയ ഭൗമായുസ്സിലെ ചില ഘട്ടങ്ങളിൽ സൃഷ്‌ടിച്ച ലാവാപ്രളയം അനന്തവിസ്‌തൃതമായ മേഖലകളുടെ രൂപീകരണത്തിനു വഴിതെളിച്ചു. ഭൂവല്‌കം പിളർന്ന്‌ ബഹിർഗമിച്ച മാഗ്മ ശിലീഭവിച്ചുണ്ടായ ഡക്കാണ്‍ പീഠഭൂമിപോലുള്ള വിസ്‌തൃതഭാഗങ്ങള്‍ ഏഷ്യയുടെ വിശാലമേഖലകള്‍ കൈയടക്കിയിട്ടുള്ളത്‌ ഇതിനുദാഹരണമാണ്‌.

സ്വാഭാവികമായും വർധിച്ച പർവതനം അനിവാര്യമാക്കിത്തീർന്ന വർധിച്ച അപക്ഷയാപരദന പ്രക്രിയകള്‍ വിശാലമായ എക്കൽതടങ്ങള്‍ക്കും സമതലങ്ങള്‍ക്കും രൂപം നല്‌കി. ഏഷ്യയിൽ പാലിയോസോയിക്കിന്റെ സായംകാലത്തും മീസോസോയിക്‌, സീനോസോയിക്‌ എന്നീ മഹാകല്‌പങ്ങളിലാകമാനവുമാണ്‌ പർവതനം സജീവമായി തുടർന്നുപോന്നിട്ടുള്ളത്‌. അനുദൈർഘ്യമായി ഭൂ-അഭിനതികളിൽ കാലാകാലങ്ങളിൽ അട്ടിയിട്ടുയർന്ന അവസാദശേഖരം ഭൂവല്‌കത്തിൽ ദ്രവസ്ഥിതിക സന്തുലനം നിലനിർത്തുന്ന സമസ്ഥിതിക ബലങ്ങളെ സാരമായി സ്വാധീനിക്കുകയാൽ, തത്‌ഫലമായുണ്ടായ ഭൂരൂപപ്രക്രമങ്ങള്‍ വന്‍കര വാർത്തെടുക്കുന്നതിൽ സാരമായ പങ്കുവഹിച്ചിട്ടുണ്ട്‌. കാംബ്രിയനു വളരെ മുമ്പു രൂപംകൊണ്ട ഷീൽഡുകളെ അതിനു ശേഷമുണ്ടായ പർവതനങ്ങളിലൂടെ ഈ വിധം കോർത്തിണക്കി വാർത്തെടുത്ത ഏഷ്യാ വന്‍കരയ്‌ക്ക്‌ ഭൂവിജ്ഞാനപരമായി സങ്കീർണമായ ഘടനയാണുള്ളത്‌. ഏഷ്യ വന്‍കരയുടെ പ്രതലപരിധിയിൽ സുമാർ 20 ശതമാനം പ്രാക്കാലം ഭൂഖണ്ഡങ്ങ(shields)ളും സുമാർ 35 ശതമാനം വലിത പർവതങ്ങളും ഉള്‍പ്പെടുന്നു. ബാക്കി 45 ശതമാനത്തോളം അവസാദജന്യമായ സമതലമേഖലകള്‍ കൈയടക്കിയിരിക്കുന്നു. ഭൗമായുസ്സിലെ വിവിധഘട്ടങ്ങളിൽ വ്യാപകമായുണ്ടായ അന്തരീക്ഷശീതളനത്തിന്റെ ഫലമായുണ്ടായ ഹിമയുഗം സൃഷ്‌ടിച്ച രേഖകളുള്‍ക്കൊള്ളുന്നവയാണ്‌ വന്‍കരയിലെ ചില പ്രാചീനശിലകള്‍. പ്ലീസ്റ്റോസീൽ യുഗത്തിലുണ്ടായ ഹിമാതിക്രമണത്തിന്റെ വ്യാപനത്തെ വ്യക്തമായി നിർണയിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

കാംബ്രിയനു മുമ്പും പിമ്പും പലപ്പോഴുണ്ടായ സമുദ്രാതിക്രമണത്തിന്റെ ഫലമായി ഷീൽഡുകള്‍ക്കുള്ളിലെ നിമ്‌നങ്ങളിൽ നിക്ഷിപ്‌തമായ അവസാദം ഇന്നും കാര്യമായ വിരൂപണത്തിനു വിധേയമാവാതെ നിലനിന്നുപോരുന്നു. ആന്ധ്രപ്രദേശിലെ കടപ്പാശിലാക്രമത്തിന്റെ ഏറിയപങ്കും ഈവിധം സംരക്ഷിതമാണ്‌. ഇങ്ങനെ വലനം, അന്തർവേധനം, സമ്മർദവിധേയമായ ഭൂവല്‌കപിണ്ഡങ്ങളുടെ വിരൂപണം, ഭൂ-അഭിനതികളുടെ പ്രാത്ഥാനം, സമുദ്രങ്ങളുടെ പിന്‍വാങ്ങൽ തുടങ്ങിയ ഭൗമപ്രക്രിയകളിലൂടെ ഉദ്‌ഭൂതമായ നവമേഖലകളും ഈ വിധപ്രക്രിയകളെ അതിജീവിക്കാന്‍ പോന്ന സ്ഥായിത്വം നേരത്തേതന്നെ നേടിയിരുന്ന പ്രാക്കാല ഭൂഖണ്ഡങ്ങളും സമന്വയിച്ചുണ്ടായിട്ടുള്ളതാണ്‌ ഏഷ്യയുടെ ഇന്നത്തെ ഭൂഘടന.

അപവാഹം

ഏഷ്യയിലെ വന്‍നദികളിലധികവും വന്‍കരയുടെ പടിഞ്ഞാററ്റം മുതൽ പൂർവോത്തര മുനമ്പുവരെ നീണ്ടുകിടക്കുന്ന പർവതനിരകളിലുദ്‌ഭവിച്ച്‌ ഇരുവശങ്ങളിലേക്കുമൊഴുകുന്നവയാണ്‌. ഈ നദിയുടെ പ്രഭവസ്ഥാനത്ത്‌ വ്യക്തമായ ഒരു ജലവിഭാജകരേഖയില്ല; ഇവിടെ ഭാഗികമായി ആന്തരാപവാഹക്രമം പാലിക്കുന്ന സുദീർഘമായ ഒരു മേഖലയുണ്ട്‌. 130 ലക്ഷം ച.കി.മീറ്ററോളം വിസ്‌തൃതിവരുന്ന ഈ മേഖലയിലെ 70 ശതമാനത്തോളം പ്രദേശം സ്ഥിരമായൊഴുകുന്ന നദികളൊന്നും തന്നെയില്ലാതെ അവശേഷിക്കുന്നു; ബാക്കിഭാഗത്തുള്ള നദികളാണെങ്കിൽ ഒന്നുംതന്നെ സമുദ്രങ്ങളിലെത്തുന്നുമില്ല. നാനാദിശകളിലേക്കൊഴുകുന്ന നിരവധി വന്‍നദികളിൽ ആർട്ടിക്‌ സമുദ്രത്തിൽ പതിക്കുന്നവ മിക്കതും എക്കൽ അടിഞ്ഞുണ്ടായ വിസ്‌തൃത സമതലങ്ങള്‍ക്കു രൂപം നല്‌കിയിരിക്കുന്നു. ഹിമാലയ നിരകളിലുദ്‌ഭവിക്കുന്ന "മണ്‍സൂണ്‍ ഏഷ്യ'യിലെ നദികളെല്ലാം തന്നെ വർഷകാലത്തും വേനൽക്കാലത്തും നിറഞ്ഞൊഴുകുന്നവയാണ്‌.

യൂറാള്‍ നിരകള്‍ക്ക്‌ കിഴക്ക്‌ സൈബീരിയയിൽ ഓബ്‌, ഇർതിഷ്‌ നദികള്‍ സംഗമിച്ച്‌ ഏഷ്യയിലെ ഏറ്റവും വലിയ നദീവ്യൂഹത്തിന്‌ (5,570 കി.മീ.) രൂപം നല്‌കുന്നു. സൈബീരിയയിലെ മറ്റു നദികളായ യെനിസേ, ലീന, യാന, ഇന്‍ഡിഗർക, കോളിമ എന്നിവ ആർട്ടിക്‌ സമുദ്രത്തിൽ പതിക്കുന്നവയാണ്‌. ഇവയുടെ മധ്യാന്തികഭാഗങ്ങള്‍ ആണ്ടിൽ അധികകാലവും തണുത്തുറഞ്ഞുകിടക്കുന്നു. ഗ്രീഷ്‌മകാലത്ത്‌ പ്രഭവസ്ഥാനത്തും മാർഗമധ്യേയുള്ള മഞ്ഞുരുകി ഈ നദികളിൽ വെള്ളപ്പൊക്കമുണ്ടായ ശേഷവും കുറേനാള്‍ കൂടി നദീമുഖം തണുത്തുറഞ്ഞുതന്നെ അവശേഷിക്കുന്നു. ഋതുഭേദങ്ങള്‍ക്കനുസൃതമായി ബോട്ടുകള്‍ക്കും മൃഗങ്ങള്‍ വലിക്കുന്ന മഞ്ഞുവണ്ടികള്‍ക്കും (sleigh) സഞ്ചാരസൗകര്യം പ്രദാനം ചെയ്യുന്ന ഈ നദികള്‍ സമൃദ്ധമായ മത്സ്യസമ്പത്തുമുള്‍ക്കൊള്ളുന്നു. ഉത്തര ഏഷ്യയിലെ ആന്തരാപവാഹ തടങ്ങളാണ്‌ ബാള്‍ഖാഷ്‌ തടാകം, അറാള്‍ക്കടൽ, കാസ്‌പിയന്‍ കടൽ തുടങ്ങിയവ. മധ്യ സൈബീരിയ, മംഗോളിയ എന്നീ പീഠഭൂമികള്‍ക്കിടയ്‌ക്ക്‌ 640 കി.മീ. ചാപാകാരത്തിൽ നീണ്ടുകിടക്കുന്ന ബൈക്കാള്‍ തടാകം ലോകത്തിലെ ഏറ്റവും ആഴംകൂടിയ ശുദ്ധജലാശയമാണ്‌. 1,760 മീ. ആഴമുള്ള തടാകത്തിന്റെ അടിത്തറ സമുദ്രനിരപ്പിൽനിന്ന്‌ 1,300 മീ. താഴെയാണ്‌.

പർവത പങ്‌ക്തികളിലുദ്‌ഭവിച്ച്‌ പീഠഭൂമികള്‍ പിന്നിട്ട്‌ സമതലങ്ങളിൽ എത്തുന്നതുവരെ ഏഷ്യയിലെ വന്‍നദികള്‍ താഴ്‌ചയുള്ള താഴ്‌വരകളിലൂടെയാണൊഴുകുന്നത്‌. പസിഫിക്‌ സമുദ്രത്തിൽ പതിക്കുന്നവയിൽ അനാദിർ, അമൂർ, ഹ്വാങ്‌ഹോ, യാങ്‌ട്‌സീ, ഷൈ, സങ്‌ഹോള്‍, മെക്കോങ്‌, ചാവോഫ്രയ എന്നിവ പ്രാധാന്യമർഹിക്കുന്നു. സുങ്‌ഗാരിയ, ഉസൂരി എന്നീ നദികള്‍ സംഗമിച്ചാണ്‌ അമൂർ രുപംകൊള്ളുന്നത്‌. ഉത്തര ചൈനാസമതലം ഹ്വാങ്‌ഹോ സൃഷ്‌ടിച്ച അവസാദതടമാണ്‌; മഞ്ഞ മണൽത്തരികളുടെ സാന്നിധ്യം കാരണം നദിക്ക്‌ എല്ലായ്‌പ്പോഴും മഞ്ഞനിറമാണുള്ളത്‌. പസിഫിക്‌ സമുദ്രത്തിൽ പതിക്കുന്ന പല നദികള്‍ക്കും ചുവന്നനദി, കറുത്തനദി (വിയറ്റ്‌നാം) എന്നിങ്ങനെ പേരുകളുണ്ട്‌. പല പ്രാവശ്യം ഗതിമാറിയൊഴുകിയിട്ടുള്ള ഹ്വാങ്‌ഹോ നദിയെ രണ്ടാംലോകയുദ്ധകാലത്ത്‌ (1938-47) ജപ്പാന്റെ മുന്നേറ്റത്തെ തടയാനായി ഗതിമാറ്റി വിടുകയുണ്ടായി. ഭൂമുഖത്തനുഭവപ്പെടുന്നതിൽ ഏറ്റവും തീക്ഷ്‌ണമായ വേലിയേറ്റത്തിനു വിധേയമാവുന്നത്‌ പൂർവചൈനയിലെ നദികളാണ്‌; ചിയെന്റാങ്‌ നദിയിൽ വേലിയേറ്റക്കാലത്ത്‌ 23 കി.മീ. വരെ ഉള്ളിലേക്ക്‌ കയറുന്ന കടൽജലം എട്ടു മീറ്ററോളം ഉയരമുള്ള തിരമാലകള്‍ സൃഷ്‌ടിക്കുന്നു. മണിക്കൂറിൽ 20 കിലോ മീറ്ററിലധികം വേഗതയിലാണ്‌ നദിയിലൂടെ ജലം മുകളിലേക്കൊഴുകുന്നത്‌.

5,470 കി.മീ. നീളമുള്ള യാങ്‌ട്‌സീ തിബത്ത്‌ മേഖല താണ്ടിയശേഷം സെച്‌വാന്‍ പ്രവിശ്യയിലെ ചെമ്മണൽ തടം കടന്ന്‌ ഇചാങ്‌ മലയിടുക്കിലൂടെ സമതലത്തിലെത്തുന്നു; തുടർന്ന്‌ പല പ്രാക്കാലതടാകങ്ങളുടെ തടങ്ങളെയും ഉള്‍ക്കൊണ്ട്‌ പരന്നൊഴുകി നാങ്‌കിങ്‌, ഷാങ്‌ഷായ്‌ നഗരങ്ങള്‍ക്കിടയിലെ ജനനിബിഡമായ ഒരു ഡെൽറ്റയിലൂടെ പൂർവചൈനാക്കടലിൽ പതിക്കുന്നു. കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, തായ്‌ലന്‍ഡ്‌, ദക്ഷിണചൈന എന്നിവിടങ്ങളെ ജലസിക്തമാക്കുന്ന മെക്കോങ്‌, തിബത്തിലുദ്‌ഭവിച്ച്‌ സുമാർ 4,500 കി.മീ. തെക്കു കിഴക്കൊഴുകി അഴിമുഖത്തിന്‌ സമീപംവച്ച്‌ പലതായി പിരിഞ്ഞ്‌ ദക്ഷിണചൈനാ കടലിൽ പതിക്കുന്നു. മെക്കോങ്ങിലെ ഘോണ്‍ ആണ്‌ ഭൂമിയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമെന്നു കരുതപ്പെടുന്നു; 10.7 കി.മീ. വീതിയിലുള്ള പ്രപാതത്തിലൂടെ സെക്കന്‍ഡിൽ 42,500 ഘനമീറ്റർ ജലം നിപതിക്കുന്നു.

ത്‌സിന്‍ലിങ്‌ നിരകള്‍ക്ക്‌ തെക്ക്‌ തിബത്ത്‌ ഉന്നതമേഖലയിൽ ഉദ്‌ഭവിക്കുന്ന ബ്രഹ്മപുത്ര, സാൽവീന്‍, മെക്കോങ്‌ എന്നീ നദികളുടെ അഴിമുഖങ്ങള്‍ 3,200 കി.മീ. അകന്നുമാറി സ്ഥിതിചെയ്യുന്നു. ചുറ്റിത്തിരിഞ്ഞൊഴുകുന്ന നദികളിൽ ഒന്നാംസ്ഥാനം ബ്രഹ്മപുത്രയ്‌ക്കാണ്‌; ഹിമാലയനിരകള്‍ക്കിടയിലൂടെ ആയിരത്തിലധികം കി.മീ. കിഴക്കോട്ടൊഴുകി തെക്കോട്ടുതിരിഞ്ഞ്‌ അഞ്ഞൂറോളം കി.മീ. പടിഞ്ഞാറോട്ടൊഴുകിയ ശേഷമാണ്‌ ഈ നദി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നത്‌. ഇന്ത്യാസമുദ്രത്തിൽ പതിക്കുന്ന വന്‍നദികള്‍ ഇരാവതി, സാൽവീന്‍, ബ്രഹ്മപുത്ര, ഗംഗ, മഹാനദി, ഗോദാവരി, കൃഷ്‌ണ, കാവേരി, സിന്ധു, ഷത്‌ അൽ അരബ്‌ എന്നിവയാണ്‌. പ്രഭവസ്ഥാനം ഹിമാച്ഛാദിതമല്ലാതുള്ള നദികളിൽ വർഷകാലത്ത്‌ താരതമ്യേന കൂടിയ ജലപ്രവാഹമുണ്ടാകുന്നു. അറേബ്യ ഉപദ്വീപ്‌, ഇറാന്‍, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളിലെ നദികളിൽ അല്‌പകാലമേ നീരൊഴുക്കുള്ളൂ. മെഡിറ്ററേനിയന്‍ തീരത്തെ ചെറുനദികള്‍ മിക്കവാറും വേനൽക്കാലത്ത്‌ വറ്റിപ്പോകുന്നു; എന്നാൽ മധ്യരേഖാ-മാതൃകാ കാലാവസ്ഥ അനുഭവപ്പെടുന്ന, വന്‍കരയുടെ തെക്കരികിലുള്ള നൂറുക്കണക്കിനു ചെറുനദികള്‍ ആണ്ടുമുഴുവന്‍ നിറഞ്ഞൊഴുകുന്നവയാണ്‌. യൂഫ്രട്ടീസ്‌, ടെഗ്രീസ്‌ എന്നീ നദികള്‍ ചേരുന്നതാണ്‌ ഷത്‌ അൽ അരബ്‌.

മെഡിറ്ററേനിയന്‍ മാതൃകാ കാലാവസ്ഥയുള്ള ഏഷ്യാമൈനറിൽ ആന്തരാപവാഹം സൃഷ്‌ടിച്ച ധാരാളം ലവണ തടാകങ്ങളുണ്ട്‌. കാസ്‌പിയന്‍ കടൽ, കരിങ്കടൽ തുടങ്ങിയവയിലേക്ക്‌ ഒഴുകി വീഴുന്ന നദികള്‍ നീളംകുറഞ്ഞവയാണ്‌. മധ്യേഷ്യയിൽ ആന്തരാപവാഹക്രമം പാലിക്കുന്ന നദികളിൽ ആമുദാരിയ, സിർദാരിയ, ഐ-ലീ, ചൂ, താരിം, ഗിൽമെണ്ട്‌, തെഡ്‌ഷെന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. താരിം തടത്തിൽ ലോപ്‌നോറിനെ ചൂഴ്‌ന്നുള്ള മരുപ്പച്ചകളിൽ ഒഴുകിയവസാനിക്കുന്ന ധാരാളം ചെറിയ ഹിമാനീഭവനദികളുണ്ട്‌.

വന്‍കരയിലെ ജലാശയങ്ങളിൽ അറാള്‍ക്കടൽ, കാസ്‌പിയന്‍ കടൽ എന്നിവ ടെഥിസ്‌ സമുദ്രത്തിന്റെ അവശിഷ്‌ടങ്ങളാണ്‌; ബൈക്കാള്‍, ബാള്‍ഖാഷ്‌, ഇസിക്‌കുൽ, ചാവുകടൽ തുടങ്ങിയവ വിവർത്തനിക പ്രക്രിയകളുടെ ഫലമായി അവതലനം സംഭവിച്ചുണ്ടായ ദ്രാണികളിൽ ജലം ഊറിക്കൂടി ഉണ്ടായവയും. അഗ്നിപർവതവക്ത്രങ്ങള്‍, ഹിമാനീകൃതങ്ങള്‍, ഭൂസ്‌ഖലനംമൂലം സൃഷ്‌ടിക്കപ്പെട്ടവ, ലാവത്തിട്ടകളാൽ വിരചിതമായ നൈസർഗിക ജലസംഭരണികള്‍, ലഗൂണുകള്‍ തുടങ്ങി വിവിധയിനത്തിൽപ്പെടുന്നവയാണ്‌ ഈ വന്‍കരയിലെ ഇതരജലസഞ്ചയങ്ങള്‍.

കാലാവസ്ഥ

വന്‍കരയുടെ വ്യാപ്‌തി, ഭൂപ്രകൃതിപരമായ വൈവിധ്യം എന്നിവ കാരണം ഏഷ്യയിൽ കാലാവസ്ഥാപ്രകാരങ്ങള്‍ മിക്കവാറും എല്ലാംതന്നെ ദൃശ്യമാണ്‌. വന്‍കരയുടെ ഭൂരിഭാഗവും സമുദ്രങ്ങളിൽ നിന്ന്‌ വളരെ വിദൂരതയിൽ സ്ഥിതിചെയ്യുന്നതുമൂലം അതിശൈത്യവും അത്യുഷ്‌ണവും ഉള്ള വന്‍കരകാലാവസ്ഥ (continental climate) ആണ്‌ ഏഷ്യയിൽ മുഖ്യമായും അനുഭവപ്പെടുന്നത്‌. മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഉന്നതങ്ങളായ പർവതനിരകള്‍ ഉത്തരഭാഗങ്ങളിലെ ശൈത്യം മറുഭാഗത്ത്‌ സംക്രമിക്കാതിരിക്കുവാനും ദക്ഷിണഭാഗങ്ങളിലെ ആർദ്രാഷ്‌ണവാതങ്ങളുടെ സ്വാധീനത മറുഭാഗങ്ങള്‍ക്കു ലഭിക്കാതിരിക്കുവാനും കാരണമാകുന്നു.

സമുദ്രനിരപ്പിലും താഴ്‌ന്ന കരചൂഴ്‌ന്ന നിമ്‌നങ്ങളും സ്വതന്ത്രമായ വായുസഞ്ചരണത്തെ ചെറുക്കുന്ന മാമലകളും വിശാലസമതലങ്ങളും മരുപ്രദേശങ്ങളും മറ്റും അന്തരീക്ഷത്തിൽ സൃഷ്‌ടിക്കുന്ന മേഖലാവത്‌കരണം സൗരപ്രസരണം, കാറ്റിന്റെ ഗതി, മറ്റു കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നു. മേയ്‌ മുതൽ സെപ്‌തംബർ വരെയുള്ള കാലത്ത്‌ ചൂടുപിടിക്കുന്ന വന്‍കരയുടെ ഏറിയ പങ്കും കൊല്ലത്തിന്റെ ബാക്കി മാസങ്ങളിൽ കൊടുംതണുപ്പിന്റെ പിടിയിലമരുന്നു; ഭൂപ്രകൃതിയോടൊപ്പം ഇതും കാലാവസ്ഥയ്‌ക്ക്‌ പ്രാദേശികസ്വഭാവം കൈവരുത്തുന്നു. ഹിമാലയനിരകളുടെ തെക്കന്‍ചരിവിൽ ഉയരത്തിനനുസൃതമായി വ്യത്യസ്‌ത കാലാവസ്ഥാവിഭാഗങ്ങള്‍ നിർവചിക്കാവുന്നതാണ്‌. ദക്ഷിണേഷ്യ, ദക്ഷിണ-പൂർവേഷ്യ, പൂർവേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ വന്‍നഗരങ്ങളും വന്‍കിടവ്യവസായമേഖലകളും അന്തരീക്ഷത്തിൽ സംജാതമാകുന്ന അസന്തുലിതാവസ്ഥ സ്ഥാനികസ്വഭാവമുള്ള കാലാവസ്ഥകള്‍ (Micro climates) സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്‌.

ഈ വന്‍കരയിലെ കാലാവസ്ഥയുടെ ഏറ്റവും വലിയ സവിശേഷത മണ്‍സൂണ്‍ കാറ്റുകളാണ്‌; ഉഷ്‌ണകാലത്ത്‌ കടലിൽ നിന്നും കരയിലേക്കും ശീതകാലത്ത്‌ കരയിൽനിന്നു കടലിലേക്കും വീശുന്ന കാറ്റുകളാണ്‌ മണ്‍സൂണ്‍ കാറ്റുകള്‍. ഇവ മുഖ്യമായും ഏഷ്യയുടെ തെക്കും തെക്കുകിഴക്കും ഭാഗങ്ങളിലാണ്‌ അനുഭവപ്പെടുന്നത്‌. ഇക്കാരണത്താൽ ഈ മേഖലയെ "മണ്‍സൂണ്‍ ഏഷ്യ' എന്നു വിശേഷിപ്പിക്കുന്നു. വേനൽക്കാലത്ത്‌ കടലിൽനിന്ന്‌ കരയിലേക്കു വീശുന്ന കാറ്റിനെ വേനൽക്കാല മണ്‍സൂണ്‍ എന്നും ശീതകാലത്ത്‌ കരയിൽനിന്ന്‌ കടലിലേക്കു വീശുന്ന കാറ്റിനെ ശീതകാലമണ്‍സൂണ്‍ എന്നുമാണ്‌ പറയുന്നത്‌. വേനൽക്കാലത്ത്‌ ഇന്ത്യാസമുദ്രത്തിൽ നിന്നും പസിഫിക്‌ സമുദ്രത്തിൽ നിന്നും വരുന്ന നീരാവിനിറഞ്ഞ വർഷവാതങ്ങള്‍ കനത്തമഴ ലഭ്യമാക്കുന്നു. തണുപ്പുകാലത്ത്‌ വീശുന്ന മണ്‍സൂണ്‍ കരയിൽനിന്നായതിനാൽ അവയിൽ ആർദ്രത നന്നെ കുറവായിരിക്കും; തന്മൂലം ശീതകാല മണ്‍സൂണ്‍ മഴ സാധാരണയായി ഉണ്ടാകാറില്ല. വന്‍കരയുടെ മധ്യഭാഗത്തും ഇന്ത്യാ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറുഭാഗത്തും വേനൽക്കാലത്ത്‌ ലഘുമർദവും ശീതകാലത്ത്‌ ഗുരുമർദവും ഉണ്ടാകുന്നതാണ്‌ മണ്‍സൂണ്‍ കാറ്റുകളുടെ ആവിർഭാവത്തിനു കാരണം. പഞ്ചാബ്‌ മേഖലയിൽ, സിന്ധു താഴ്‌വാരത്ത്‌ രൂപംകൊള്ളുന്ന നിമ്‌നമർദത്തിന്‌ ദക്ഷിണേഷ്യന്‍ അഥവാ ഇറാനിയന്‍ നിമ്‌നം (Iranian low) എന്നാണു പേർ. വന്‍കരയ്‌ക്കുള്ളിലേക്കും മറിച്ചും വീശുന്ന കാറ്റുകള്‍ ഏഷ്യയുടെ ഏതാണ്ട്‌ മധ്യഭാഗത്ത്‌ സ്‌ട്രാറ്റോസ്‌ഫിയറിൽ സൃഷ്‌ടിക്കുന്ന ബൃഹത്തായ ഒരു സഞ്ചരണമാണ്‌ വന്‍കരയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യഘടകമെന്ന്‌ ആധുനിക മണ്‍സൂണ്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പർവതനിരകള്‍ വായുസഞ്ചരണത്തെ ചെറുക്കുന്നതു കാരണം ഉത്തര ഏഷ്യയിൽ ഉത്തരാർധഗോളത്തിലെ സമാന അക്ഷാംശങ്ങളിലേതിനെക്കാള്‍ കുറഞ്ഞ താപനിലയാണ്‌ അനുഭവപ്പെടുന്നത്‌. ശൈത്യകാലത്ത്‌, സൈബീരിയയുടെ ഒട്ടുമുക്കാലും ജപ്പാനും യാങ്‌ട്‌സീനദിക്ക്‌ വടക്കുള്ള ചൈനയും ധ്രുവീയ വായുപിണ്ഡ (polar air mass)ത്തിന്റെ അധീനതയിലാണ്‌. ശൈത്യകാലത്ത്‌ ഏഷ്യയിൽ ഏറ്റവും കഠിനമായ ഗുരുമർദം സൈബീരിയയിലാണ്‌ അനുഭവപ്പെടുന്നത്‌. വേനൽക്കാലത്ത്‌ ആർട്ടിക്‌ വാതമുഖം വടക്കോട്ടു നീങ്ങുന്നതുകൊണ്ടുണ്ടാകുന്ന നിമ്‌നമർദത്തിന്റെ ഫലമായി സൈബീരിയയിലെ പർവതമേഖലകളിൽ കനത്ത മഴ ലഭിക്കുന്നു. ഉഷ്‌ണകാലത്ത്‌ മംഗോളിയ (ഗോബി)യിൽ രൂപംകൊള്ളുന്ന നിമ്‌നമർദത്തിന്റെ കാഠിന്യത്തെ ആശ്രയിച്ചാണ്‌ ചൈനയിൽ മണ്‍സൂണ്‍ വർഷപാതം ലഭിക്കുന്നത്‌. പസിഫിക്‌ സമുദ്രത്തിൽ വേനൽക്കാലത്താണ്‌ ആർട്ടിക്‌ വാതമുഖം പ്രക്ഷുബ്‌ധമാകുന്നത്‌. പസിഫിക്‌ സമുദ്രത്തിൽ നിന്നെത്തുന്ന വർഷവാതങ്ങള്‍ക്ക്‌ പർവതനിരകള്‍ കാരണം പൂർവേഷ്യ കടന്നുചെല്ലാന്‍ കഴിയുന്നില്ല. ശീതജലപ്രവാഹങ്ങള്‍ക്കു മീതെക്കൂടി വന്‍കരയിലേക്കു വീശുന്ന ശീതക്കാറ്റുകള്‍ ചാറ്റൽമഴയും മൂടൽമഞ്ഞും സൃഷ്‌ടിക്കുന്നു. ആർട്ടിക്‌ വാതമുഖം ശൈത്യകാലത്ത്‌ തെക്കോട്ടു നീങ്ങുന്നതിന്റെ ഫലമായി പശ്ചിമേഷ്യയിൽ ശീതകാലവർഷപാതമുണ്ടാവുന്നു; മെഡിറ്ററേനിയന്‍ കടലിൽ രൂപംകൊള്ളുന്ന നിമ്‌നമർദമാണ്‌ ഈ മേഖലയിൽ വർഷപാതം സൃഷ്‌ടിക്കുന്നത്‌.

വരണ്ട ശീതക്കാറ്റുകള്‍ ഏറ്റവും ശക്തിയായി വീശുന്നത്‌ ഉത്തരചൈനയിലാണ്‌. മധ്യേഷ്യയിലും പശ്ചിമേഷ്യയിലും വേനൽക്കാലത്ത്‌ ഉഷ്‌ണക്കാറ്റുകള്‍ ശക്തിയായി വീശിയടിക്കുന്നു. തത്‌ഫലമായി പുഴകളും തടാകങ്ങളും വറ്റിവരണ്ടുപോകുക സാധാരണമാണ്‌. ഇറാന്‍, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചിട്ടുള്ള ചതുപ്പുകള്‍ക്കുമേൽ മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗതയിൽ ആറുമാസത്തോളം വീശുന്ന ഉഷ്‌ണക്കാറ്റ്‌ സേസ്‌താന്‍ (seistan) വാതമെന്ന പേരിലറിയപ്പെടുന്നു.

താപനില. ജനുവരി മാസത്തിൽ ഭൂമധ്യരേഖയിൽ നിന്നകലുന്തോറും ഏഷ്യയിലെ താപനിലയിൽ ക്രമമായ കുറവ്‌ അനുഭവപ്പെടുന്നു. ജനുവരിയിലെ സമതാപരേഖകള്‍ (isotherms) പൊതുവേ മധ്യരേഖയ്‌ക്ക്‌ സമാന്തരമാണെങ്കിലും സമുദ്രസാമീപ്യംമൂലം അവ പസിഫിക്‌ തീരത്തിലും മെഡിറ്ററേനിയന്‍ തീരത്തിലും വടക്കോട്ടു കൂടുതലായി ചായുന്നു. ഏഷ്യയുടെ മധ്യഭാഗത്തും വടക്കുഭാഗത്തും ശീതകാലതാപനില-0oലും താഴെയാണ്‌. സൈബീരിയയുടെ ഭൂരിഭാഗത്തും ജനുവരിയിലെ താപനില 20oC-ഉം വെർഖൊയാന്‍സ്‌കിൽ -50oC-ഉം ആകുന്നു. വെർഖൊയാന്‍സ്‌കിനെ ലോകത്തിലെ ശീതധ്രുവം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ജനുവരിയിലെ 0oCഇ സമതാപരേഖ സമർഖണ്ഡ്‌, പീക്കിങ്‌, ഹോണ്‍ഷുദ്വീപ്‌ എന്നിവിടങ്ങളിൽക്കൂടി കടന്നുപോകുന്നു; 20oC സമതാപരേഖ, ഉത്തരായണരേഖ (Tropic of Cancer)യിൽക്കൂടിയും 25oC-ലേത്‌ ഭൂമധ്യരേഖയിൽ കൂടിയും കടന്നുപോകുന്നു.

ജൂലായ്‌ മാസത്തിൽ 20oCഇ സമതാപരേഖ വടക്ക്‌ അക്ഷാംശം 55oC മുതൽ 60oC വരെ വടക്കോട്ടു നീങ്ങിയും തീരപ്രദേശങ്ങളിൽ തെക്കോട്ടു ചരിഞ്ഞും കാണപ്പെടുന്നു. ഏഷ്യയുടെ ഉത്തരതീരങ്ങളിൽ ജൂലായ്‌ മാസത്തിലെ ശരാശരി താപനില 10oC-ൽ കുറവാണ്‌. ഈ മാസത്തിൽ ഏറ്റവും കഠിനമായ ഉഷ്‌ണം അനുഭവപ്പെടുന്നത്‌ പശ്ചിമേഷ്യയിലും താർ, തക്‌ലാമാകാന്‍ എന്നീ മരുഭൂമികളിലുമാണ്‌. "ശീതധ്രുവമായ' വെർഖൊയാന്‍സ്‌കിലും പരിസരങ്ങളിലും ജൂലായ്‌, ജനുവരി എന്നീ മാസങ്ങളിലെ താപനിലകള്‍ തമ്മിലുള്ള വ്യത്യാസം 97oCഇ ആണ്‌.

വർഷപാതം. മധ്യരേഖാപ്രദേശത്തിലെ വാർഷികവർഷപാതം ഉദ്ദേശം 200 സെ.മീ. ആണ്‌. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ സമുദ്രത്തെ അഭിമുഖീകരിക്കുന്നതും അതേയവസരത്തിൽ പവനാഭിമുഖ(windward)വുമായ ചരിവുകളിൽ 200 സെ.മീ. മുതൽ 300 സെ.മീ. വരെ മഴ ലഭിക്കുന്നു. ചിലയിടങ്ങളിൽ 760 മുതൽ 1,270 വരെ സെന്റീമീറ്ററും മഴ ലഭിക്കുന്നു; 1891-ൽ ഏഴു മാസക്കാലത്തിനിടയ്‌ക്ക്‌ ചിറാപുഞ്ചിയിൽ 2,285 സെ.മീ. വർഷപാതമുണ്ടായിട്ടുണ്ട്‌. പവനവിമുഖമായ (leeward) ഉപമധ്യരേഖാമേഖലയിലെ ചരിവുകളിൽ വാർഷികവർഷപാതം 90 സെ.മീ. മാത്രമാണ്‌. ഉപോഷ്‌ണമേഖലയിലും ശീതോഷ്‌ണമേഖലയിലും മണ്‍സൂണ്‍മൂലം സാമാന്യം നല്ല മഴ (60-90 സെ.മീ.) ലഭിക്കുന്നുണ്ട്‌. പൂർവ സൈബീരിയയിൽ ഒരാണ്ടിൽ 25 സെന്റിമീറ്ററിലും കുറവ്‌ മഴയേ ലഭിക്കുന്നുള്ളൂ. ഏഷ്യയുടെ പശ്ചിമ-മധ്യമേഖലകളിലെ മരുഭൂമികളിൽ ശരാശരി വാർഷിക-വർഷപാതം 15 മുതൽ 20 വരെ സെന്റിമീറ്ററാണ്‌.

ചക്രവാതങ്ങള്‍ (cyclones and typhoons) മൂലം ശരത്‌കാലത്ത്‌ (autumn) തെക്കും തെക്കുകിഴക്കും ഭാഗങ്ങളിൽ നല്ല മഴയും ശക്തിയായ കാറ്റും ഉണ്ടാകാറുണ്ട്‌. എൽനിനോ, നാനിനോ തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങള്‍ ഏഷ്യാവന്‍കരയിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വന്‍തോതിലുള്ള ഭൂകമ്പങ്ങളും സുനാമികളും സമീപകാലത്ത്‌ പല ഏഷ്യന്‍ രാജ്യങ്ങളിലും കനത്ത നാശനഷ്‌ടമുണ്ടാക്കി.

സസ്യജാലം

അക്ഷാംശീയവ്യാപ്‌തി, കാലാവസ്ഥയിലെ വൈവിധ്യം, നിമ്‌നോന്നതത്ത്വം എന്നിവമൂലം ഏഷ്യാവന്‍കരയിലെ നൈസർഗിക സസ്യജാലത്തിലും വലുതായ വൈവിധ്യം ദൃശ്യമാണ്‌. എന്നിരിക്കിലും സസ്യജാലത്തിലെ നൈസർഗികഭാവം അപൂർവം മേഖലകളിൽ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. പ്രകൃത്യായുള്ള സസ്യാവരണം, കഴിഞ്ഞ 8,000 വർഷങ്ങളായുള്ള മനുഷ്യോപഭോഗംമൂലം തന്നെ വികലമാക്കപ്പെട്ടിരിക്കുന്നു.

ഉത്തരേഷ്യയിൽ ആർട്ടിക്‌ തീരത്ത്‌ ഏറെക്കുറെ വിജനമായ മേഖലകള്‍ നൈസർഗിക പ്രകൃതി അവശേഷിക്കുന്ന പ്രദേശമാണ്‌. എന്നാൽ അതിശൈത്യവും ഹിമബാധയുമുള്ള ഈ മേഖലകള്‍ പൊതുവേ സസ്യവിരളമായ തുന്ദ്ര ആണ്‌. മരങ്ങള്‍ തീരെയില്ല. വിശാലമായ ഈ സമതലമേഖലയിൽ ഏറിയഭാഗത്തും ഉറഞ്ഞമണ്ണാണുള്ളത്‌. ഇടയ്‌ക്കിടെ പായൽവർഗങ്ങളും ഉയരംകുറഞ്ഞ പന്നൽച്ചെടികളും കാണാം. അപൂർവമിടങ്ങളിൽ പുൽവർഗങ്ങളും കുറ്റിച്ചെടികളും വളരുന്നു. ഗ്രീഷ്‌മകാലത്ത്‌ സൂര്യപ്രകാശമുള്ള സമയം കൂടുന്നതിനാൽ പുഷ്‌പിക്കുന്ന ചെറുസസ്യങ്ങള്‍ സമൃദ്ധിയായി വളരുന്നു. ആർട്ടിക്‌ മേഖലയ്‌ക്കു പുറമേ വന്‍കരയുടെ ഇതരഭാഗങ്ങളിലുള്ള ഉന്നത പർവതാഗ്രങ്ങളിലും തുന്ദ്രാമാതൃകപ്രദേശത്തെ സസ്യപ്രകൃതിയാണുള്ളത്‌.

തുന്ദ്രയ്‌ക്കു തൊട്ടു തെക്ക്‌ തെയ്‌ഗാ എന്നു വിളിക്കപ്പെടുന്ന, സൂചികാഗ്രവൃക്ഷങ്ങള്‍ നിറഞ്ഞ കാടുകളാണുള്ളത്‌. ഈ മേഖലയുടെ വടക്കരികിലുള്ള സീമാന്തപ്രദേശത്ത്‌ ഉയരം കുറഞ്ഞവൃക്ഷങ്ങളും തുന്ദ്രാമാതൃകാസസ്യങ്ങളും ഇടകലർന്നു വളരുന്നു. തെയ്‌ഗാവനങ്ങളിൽ ലാർച്ച്‌, പൈന്‍, സ്‌പ്രൂസ്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങള്‍ക്കാണ്‌ പ്രാമുഖ്യമെങ്കിലും ആസ്‌പെന്‍, ബെർച്ച്‌ തുടങ്ങി കടുപ്പംകൂടിയ പത്രപാതിവൃക്ഷങ്ങളും സാധാരണമാണ്‌. ഈ മേഖലയിലെ മഴക്കുറവുള്ള ഭാഗങ്ങളിൽ സ്റ്റെപ്പ്‌ മാതൃകയിലുള്ള ഉയരം കുറഞ്ഞ പുൽവർഗങ്ങളും കുറ്റിച്ചെടികളും വളരുന്നു. സൂചികാഗ്രവൃക്ഷങ്ങളിൽ ഓരോയിനത്തിന്റെയും വിതരണം കാലാവസ്ഥയെ ആശ്രയിച്ച്‌ നിർണയിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി -38oCഇ-ൽ താഴെയുള്ള താപനില താങ്ങുവാന്‍ കഴിവില്ലാത്തതിനാൽ സ്‌പ്രൂസ്‌ വൃക്ഷങ്ങള്‍ യെനീസേ നദിക്കു കിഴക്ക്‌ കാണപ്പെടുന്നില്ല. തെയ്‌ഗാവനങ്ങളിൽ ക്രാന്‍ബെറി, ബിൽബെറി തുടങ്ങിയ കളച്ചെടികള്‍ സമൃദ്ധമായുണ്ട്‌. അവിടവിടെയായി വിസ്‌തൃതമായ ചതുപ്പുകളും കാണാം.

ഉത്തര ഏഷ്യയിൽ തെയ്‌ഗായ്‌ക്കു താഴെയായി വിശാലപത്രിക പത്രപാതിവനങ്ങളുടെ ഒരു മേഖലയുണ്ട്‌. യെനീസേ നദിക്കു കിഴക്ക്‌ ഈ വനങ്ങള്‍ സൂചികാഗ്രവനങ്ങള്‍ക്കു വഴിമാറുന്നുവെങ്കിലും ഒഖോട്‌സ്‌ക്‌ കടലിനു കിഴക്ക്‌ പൂർവസൈബീരിയയിൽ വീണ്ടും നിബിഡമായി കാണപ്പെടുന്നു. പോപ്ലാർ, ബെർച്ച്‌, ആൽഡർ തുടങ്ങിയ വൃക്ഷങ്ങളാണ്‌ ഈ വനങ്ങളിലുള്ളത്‌; ഇടയ്‌ക്കിടെ സൂചികാഗ്രവൃക്ഷങ്ങളും വളരുന്നു. ഉസൂരി നദീതടത്തിലെ വനങ്ങളിൽ മേല്‌പറഞ്ഞവയോടൊപ്പം മേപ്പിള്‍, ആഷ്‌, വാള്‍നട്ട്‌, എം, ലിന്‍ഡെന്‍ തുടങ്ങിയ മരങ്ങളും ധാരാളമായുണ്ട്‌. ചൈനയോടടുക്കുന്തോറും ഈ സസ്യപ്രകൃതിയിൽ വ്യതിയാനം സംഭവിക്കുന്നു.

സൈബീരിയയിലെ വനങ്ങള്‍ക്ക്‌ തെക്ക്‌ പ്രയറി മാതൃകയിലുള്ള പുൽമേടുകളാണ്‌. ഈ മേഖലയിൽ പലേടത്തും വിശാലപത്രിതവനങ്ങളുടെ ആധിക്യം ദർശിക്കാം. വനങ്ങള്‍ സ്റ്റെപ്പ്‌ മാതൃകയിലുള്ള പുൽമേടുകളിലേക്കു സംക്രമിക്കുന്ന സ്ഥിതിയാണുള്ളത്‌. തിബത്ത്‌ പീഠഭൂമി പൊതുവേ അതിശൈത്യമുള്ള വരണ്ട പ്രദേശമാണ്‌; ഇവിടെ അപൂർവമായുള്ള സസ്യങ്ങള്‍ ലവണാംശം അധികമായി വേണ്ട ഇനങ്ങളാണ്‌.

അത്യുഷ്‌ണവും മഴക്കൂടുതലുള്ള ഗ്രീഷ്‌മകാലവും സസ്യവളർച്ചയെ പോഷിപ്പിക്കുന്നതുമൂലം സമശീതോഷ്‌ണ കാലാവസ്ഥയിലേതു മുതൽ ഉഷ്‌ണമേഖലയിലേതുവരെയുള്ള വിവിധയിനം സസ്യങ്ങള്‍ പൂർവേഷ്യയിൽ തഴച്ചുവളരുന്നു. ചൈനയിൽ 15,000ത്തിലേറെയിനം സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. പായലുകള്‍, കൂണുകള്‍ എന്നിവയെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്‌. വിശാലപത്രിത നിത്യഹരിതവനങ്ങളാണ്‌ ഇവിടെയുള്ളത്‌. തറപറ്റി വളരുന്ന ധാരാളം ചെടികളും കളകളും ഇവയെ ഇടതൂർന്നവയാക്കി മാറ്റിയിരിക്കുന്നു.

ജപ്പാന്‍ ദ്വീപുകളുടെ 68 ശതമാനത്തോളം സംരക്ഷിതവനങ്ങളാണ്‌. എന്നാൽ ചൈന ഒട്ടുമുക്കാലും വനനശീകരണത്തിനു വിധേയമായിക്കഴിഞ്ഞിരിക്കുന്നു; നന്നെ ദുർഗമമായ അപൂർവം സ്ഥലങ്ങളിൽ മാത്രമാണ്‌ പ്രകൃത്യായുള്ള സസ്യജാലം അവശേഷിപ്പിച്ചിട്ടുള്ളത്‌. വിദൂരപൂർവപ്രദേശത്തെ നൈസർഗിക സസ്യജാലത്തെ സംബന്ധിച്ച വസ്‌തുതകള്‍ ജപ്പാനിൽ നിന്നാണ്‌ മനസ്സിലാവുന്നത്‌. ജപ്പാനിൽ ശാസ്‌ത്രീയമായ രീതിയിൽ വനംവച്ചുപിടിപ്പിച്ചുവരുന്നു; പക്ഷേ ഈ സംരംഭത്തിൽ സമ്പദ്‌പ്രധാനങ്ങളായ സൂചികാഗ്രവൃക്ഷങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌.

ചൈനയിലെ നൈസർഗിക സസ്യജാലം നശിപ്പിക്കപ്പെട്ടുവെങ്കിലും കള്ളിച്ചെടികളും വൃക്ഷങ്ങളും സമൃദ്ധമാണ്‌. സമശീതോഷ്‌ണസസ്യങ്ങളിൽ ഓക്‌, മേപ്പിള്‍, ലിന്‍ഡെൽ, ചെസ്‌നട്ട്‌, ഹോണ്‍ബീം, ഹിക്കോറി എന്നിവയാണ്‌ ധാരാളമായുള്ളത്‌. ഉഷ്‌ണമേഖലാ ജീനസുകളിൽ മാഗ്‌നോലിയ, തൂലിപ്പ, കർപ്പൂരമരം, സെഡാർ, ആംബർ, കാറ്റാൽപ തുടങ്ങിയിയ വൃക്ഷങ്ങള്‍ ഉള്‍പ്പെടുന്നു. വള്ളിച്ചെടികളും സമൃദ്ധമാണ്‌. ചൈന, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ദക്ഷിണഭാഗങ്ങളിൽ പനമരങ്ങളും മുളയും സാധാരണമാണ്‌.

ദക്ഷിണേന്ത്യയുടെ പശ്ചിമഭാഗത്തും ദക്ഷിണപൂർവേഷ്യയിലെ സദൃശഭാഗങ്ങളിലും ഇടതൂർന്ന്‌ വളരുന്ന നിത്യഹരിതവനങ്ങള്‍ കാണാം. ജാവ, സുമാത്ര എന്നീ ദ്വീപുകളിലെ സംരക്ഷിതങ്ങളായ മഴക്കാടുകളിൽ മാത്രം 3,000 ത്തിലേറെയിനം സസ്യങ്ങളുണ്ട്‌. കാലാവസ്ഥയെപ്പോലെ തന്നെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും ഈ മേഖലയിലെ സസ്യവിതരണത്തിൽ സ്വാധീനത ചെലുത്തുന്നുണ്ട്‌. സുമാത്രയിലും ഫിലിപ്പീന്‍സിലുമുള്ള ഉന്നത തടങ്ങളിൽ സമ-ശീതോഷ്‌ണ സസ്യങ്ങളായ പൈന്‍ തുടങ്ങിയവയും യൂക്കാലിപ്‌റ്റസ്‌ മുതലായവയും സമൃദ്ധമായി വളരുന്നു. ഇന്തോനേഷ്യന്‍ ദ്വീപുകളിലും ഉള്‍ഭാഗങ്ങളിലും തായ്‌ലന്‍ഡ്‌, മ്യാന്‍മാർ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലുമുള്ള മണ്‍സൂണ്‍ വനങ്ങള്‍ ഏറിയകൂറും തേക്കിന്‍കാടുകളാണ്‌. കളച്ചെടികളുടെ അഭാവം നിമിത്തം ഇവ ഏറെക്കുറെ തുറസ്സായി കാണപ്പെടുന്നു. ഡിപ്‌റ്റെറോകാർപേഷ്യ കുടുംബത്തിലെ അഞ്ഞൂറോളം സ്‌പീഷീസുകള്‍ ദക്ഷിണേന്ത്യയിലെ വനങ്ങളിൽ തഴച്ചുവളരുന്നു. തീരപ്രദേശങ്ങളിലെ പശിമരാശിമണ്ണിൽ കണ്ടൽവനങ്ങളുടെ ബാഹുല്യം കാണാം. തെക്കേ അമേരിക്കയിൽ നിന്നുകൊണ്ടുവന്നതും ദക്ഷിണ പൂർവേഷ്യയിലെ മിക്കരാജ്യങ്ങളിലും നാണ്യവിളയെന്ന നിലയിൽ വളർത്തിവരുന്നതുമായ റബ്ബറിന്‌ (Hevea brasiliensis) ഇന്ന്‌ നൈസർഗിക സസ്യജാലങ്ങളിൽ ഉള്‍പ്പെടുത്തത്തക്ക പ്രാമാണ്യം ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

ദക്ഷിണേഷ്യയിൽ നൈസർഗികവനങ്ങള്‍ ആദ്യരൂപത്തിൽ അപൂർവമായേ അവശേഷിക്കുന്നുള്ളൂ. സ്ഥാനാന്തരകൃഷി സമ്പ്രദായം വ്യാപകമായി നടന്നുപോന്നതുമൂലം ഒരിക്കൽ വെട്ടിത്തെളിക്കപ്പെട്ട പ്രദേശങ്ങള്‍ തന്നെ പില്‌ക്കാലത്ത്‌ വനങ്ങളായിത്തീർന്നു; ഇങ്ങനെയുള്ള വ്യാപകമായ ഭൂഭാഗങ്ങളിൽ ഇപ്പോഴും നൈസർഗികസസ്യപ്രകൃതി ദൃശ്യമാണ്‌. ദക്ഷിണേഷ്യയിലെ താരതമ്യേന മഴ കുറവുള്ളയിടങ്ങളിൽ തുറസ്സായ പത്രപാതിവനങ്ങളാണുള്ളത്‌; ഇന്ത്യയിലെ ഇത്തരം വനങ്ങളിൽ സാൽവൃക്ഷങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. പലയിടങ്ങളിലും കാട്ടുതീയുടെയും വനനശീകരണത്തിന്റെയും ഫലമായി വിസ്‌തൃതമായ കുറ്റിക്കാടുകള്‍ രൂപംകൊണ്ടിരിക്കുന്നുവെന്നത്‌ ദക്ഷിണേഷ്യന്‍ വനങ്ങളുടെ സവിശേഷതയാണ്‌.

ഉയരത്തിന്‌ ആനുപാതികമായി താപനിലയിൽ കുറവേർപ്പെടുന്നതുമൂലം ദക്ഷിണേഷ്യയിലെ പർവതഭാഗങ്ങളിൽ 1,300 മുതൽ 3,050 വരെ മീ. ഉയരത്തിൽ പത്രപാതി-സൂചികാഗ്രമാതൃകകളിൽപ്പെട്ട സമശീതോഷ്‌ണവനങ്ങള്‍ കാണപ്പെടുന്നു. ഇതിലും കവിഞ്ഞ ഉയരങ്ങളിൽ കുറ്റിച്ചെടികളും ഈറക്കാടുകളും സാധാരണമാണ്‌. മലനിരകളിന്മേലുള്ള കാടുകളിലും നൂറ്റുക്കണക്കിന്‌ സസ്യങ്ങള്‍ വളരുന്നു. മ്യാന്‍മാറിലെ അരക്കന്‍യോമ നിരകളിൽ വിശേഷപ്പെട്ട ഒരിനം ചില്ലിമുള സമൃദ്ധമായുണ്ട്‌. പൂർവഹിമാലയസാനുക്കളിൽ സാൽവൃക്ഷവും കസ്റ്റാനോപ്‌സിസ്‌ എന്ന വിശേഷയിനം മരവും ഇടകലർന്ന്‌ കാണപ്പെടുന്നു; അധികം ഉയരത്തിലേക്ക്‌ ചെല്ലുന്തോറും ലാറെൽ വൃക്ഷങ്ങള്‍, ഓക്‌, സൂചികാഗ്രവൃക്ഷങ്ങള്‍, ഫർ എന്നിങ്ങനെ ക്രമമായ മാറ്റം ദർശിക്കാം. മധ്യഹിമാലയത്തിൽ സാൽവനങ്ങള്‍, പൈന്‍വനങ്ങള്‍, സെഡർ, സ്‌പൂസ്‌, വൈന്‍, ഓക്‌ എന്നിവയ്‌ക്ക്‌ പ്രാമുഖ്യമുള്ള മേഖല, ഫർ, ബെർച്ച്‌, ഉയരത്തിൽ വളരുന്ന റോഡോ ഡെന്‍ഡ്രന്‍ എന്നിവ സമൃദ്ധമായ വനങ്ങള്‍, അതിനു മുകളിൽ കുറ്റിക്കാടുകള്‍, പിന്നീട്‌ സ്ഥിരഹിമമേഖല എന്നിങ്ങനെയാണ്‌ സസ്യപ്രകൃതി.

പശ്ചിമേഷ്യ പൊതുവേ മഴകുറവുള്ള മേഖലയാണ്‌. കിസിന്‍കും, ഖസാഖ്‌സ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, റുബ്‌ അൽഖാലി തുടങ്ങിയ നിമ്‌നമേഖലകള്‍ മരുപ്രദേശങ്ങളും ഇവയ്‌ക്കിടയിലായുള്ള മലനിരകള്‍ സസ്യാവൃതവുമാണ്‌. പൊതുവേ കാലാവസ്ഥാപരമായി മൂന്ന്‌ വിഭാഗങ്ങള്‍ ദർശിക്കാം; വന്‍കരകാലാവസ്ഥ അനുഭവപ്പെടുന്ന ഉത്തരഭാഗം; അതിനു തെക്കായുള്ള മരുപ്രദേശം; വന്‍കരയുടെ പടിഞ്ഞാറരികിലായുള്ള മെഡിറ്ററേനിയന്‍ പ്രദേശം. മെഡിറ്ററേനിയന്‍ പ്രദേശത്തും ഉത്തരമേഖലയ്‌ക്കുമിടയ്‌ക്കുള്ള സീമാന്തഭാഗങ്ങളിൽ സ്റ്റെപ്‌മാതൃകയിലുള്ള പുൽമേടുകള്‍ കാണാം. മരുഭൂമിയിൽ 2,000-ത്തിലേറെ പുഷ്‌പ ശബളമായ മരുരൂഹങ്ങള്‍ വളരുന്നുണ്ട്‌. ഇടയ്‌ക്കിടെയുള്ള മലഞ്ചരിവുകളിൽ സാമാന്യം നിബിഡമായ വനങ്ങളാണുള്ളത്‌. മെഡിറ്ററേനിയന്‍ തീരങ്ങളിൽ ഈ മാതൃകയിലുള്ള കാലാവസ്ഥയ്‌ക്കനുയോജ്യമായ എല്ലാ സസ്യങ്ങളും സമൃദ്ധമായി വളർന്നുകാണുന്നു.

ജന്തുവർഗങ്ങള്‍

ജന്തുവർഗങ്ങളുടെ വിതരണക്രമം അടിസ്ഥാനമാക്കി പാലിയാർട്ടിക്‌, ഇന്ത്യന്‍ എന്നിങ്ങനെ രണ്ടു മേഖലകളായി ഏഷ്യന്‍ വന്‍കരയെ വിഭജിക്കാമെന്നാണ്‌ ജീവ-ഭൂമിശാസ്‌ത്രജ്ഞന്മാരുടെ അഭിപ്രായം. ഹിമാലയത്തിനു വടക്കുള്ള ഭാഗമാണ്‌ പാലിയാർട്ടിക്‌ മേഖലയിൽ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്‌; തെക്കുള്ള ഭാഗം ഇന്ത്യനും. ഹിമാലയത്തിനു കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മലനിരകള്‍ മിക്കവാറും തെക്കു വടക്കു ദിശയിൽ നീളുന്നതിനാൽ മേല്‌പറഞ്ഞ മേഖലകളെ വേർതിരിക്കുന്ന അതിർവരമ്പുകള്‍ വ്യക്തമായി രേഖപ്പെടുത്താനാവുകയില്ല. ഇന്ത്യന്‍മേഖലയെ ഓറിയന്റൽ എന്നും വിശേഷിപ്പിക്കാറുണ്ട്‌.

പാലിയാർട്ടിക്‌ മേഖല. ഈ മേഖലയെത്തന്നെ ജന്തുവിതരണത്തിന്റെ അടിസ്ഥാനത്തിൽ വടക്കുനിന്നു തെക്കോട്ട്‌ തുന്ദ്ര, തെയ്‌ഗാ, സ്റ്റെപ്പ്‌ എന്നിങ്ങനെ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തുന്ദ്ര മിക്കവാറും ഹിമാവൃതമാണ്‌; ഉഷ്‌ണകാലത്തെ ചുരുക്കം ദിവസങ്ങള്‍ മാത്രമാണ്‌ ഇതിന്‌ അപവാദമായിട്ടുള്ളത്‌. തുന്ദ്രയിൽ ജീവജാലങ്ങള്‍ നന്നെ വിരളമാണ്‌. റെയിന്‍ഡിയർ, ആർട്ടിക്‌ കരടി, ആർട്ടിക്‌ കുറുനരി, ആർട്ടിക്‌ ചെന്നായ്‌ തുടങ്ങിയവ ഉഷ്‌ണകാലത്തു മാത്രമേ ഈ പ്രദേശത്ത്‌ കാണപ്പെടുന്നുള്ളൂ; ശീതകാലാരംഭത്തോടെ ഇവ തെക്കന്‍പ്രദേശങ്ങളിലേക്ക്‌ കുടിയേറുന്നു. ശീതകാലത്തും തുന്ദ്രാപ്രദേശത്ത്‌ തങ്ങുന്ന ഏകജീവിയാണ്‌ ലെമിങ്‌. കരളുന്നയിനത്തിൽപ്പെട്ട ഈ ജീവികള്‍ മഞ്ഞിനടിയിൽ അടിഞ്ഞുകിടക്കുന്ന സസ്യാവശിഷ്‌ടങ്ങള്‍ ഭക്ഷിച്ച്‌ കഴിഞ്ഞുകൂടുന്നു. പക്ഷികളുടെ കാര്യവും മേല്‌പറഞ്ഞതിൽ നിന്നു ഭിന്നമല്ല; സാന്‍ഡൽലിങ്‌, ഗ്രപ്ലോവർ, വിവിധയിനം സാന്‍ഡ്‌പൈപ്പർ തുടങ്ങി മിക്ക പക്ഷികളും ശീതകാലത്ത്‌ തുന്ദ്രാ വിട്ടുപോകു ന്നവയാണ്‌. എന്നാൽ വില്ലോഗ്രൗസ്‌, റ്റാർമിഗണ്‍ തുടങ്ങി അപൂർവം ഇനങ്ങള്‍ മഞ്ഞുതുരന്ന്‌ കൂടുണ്ടാക്കി കഴിയുന്നുമുണ്ട്‌. ഇരപിടിയന്മാരുള്‍പ്പെടെ ചെറുതും വലുതുമായ നിരവധിയിനം പക്ഷികള്‍ തുന്ദ്രാനിവാസികളായുണ്ട്‌.

തെയ്‌ഗാ തുന്ദ്രയെ അപേക്ഷിച്ച്‌ ജന്തുനിബിഡമാണ്‌. ഇവിടെ തവിട്ടുകരടി, ചെന്നായ്‌, ഗ്രട്ടണ്‍ എന്ന ചെറുചെന്നായ്‌, നീർനായ്‌, എർമിന്‍, സേബിള്‍, ലിങ്‌ക്‌സ്‌, എൽക്‌, റെയിന്‍ഡിയർ, മുയൽ, വിവിധയിനം അണ്ണാന്‍ എന്നിവ ധാരാളം കാണപ്പെടുന്നു. പക്ഷിവർഗങ്ങളും വളരെയധികമുണ്ട്‌. തെയ്‌ഗാമേഖലയിലെ നദികളും ജലാശയങ്ങളും സമൃദ്ധമായ മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു.

സ്റ്റെപ്‌ മേഖലയിലെ ജന്തുജാലം മേല്‌പറഞ്ഞവയിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌. ജർബോവ, മാർമറ്റ്‌ തുടങ്ങി നിരവധിയിനം കരളുന്ന ജീവികളും വിവിധയിനം മാനുകളും സ്റ്റെപ്പ്‌ മേഖലയിലെമ്പാടും കാണപ്പെടുന്നു. കാട്ടുമൂരി (Bos taurus), കുതിര, ഇരട്ടക്കുളമ്പുള്ള ഒട്ടകം തുടങ്ങിയവ ഒരുകാലത്ത്‌ വന്യമൃഗങ്ങളുടെ കൂട്ടത്തിൽ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ആ നിലയിൽ കാണപ്പെടുന്നില്ല. ബസ്റ്റാഡ്‌, ക്വെയിൽ, സാന്‍ഡ്‌ഗ്രൗസ്‌ തുടങ്ങി വിവിധയിനം പക്ഷികളും ധാരാളമായുണ്ട്‌. വെട്ടുക്കിളികളുടെ ശല്യം സാധാരണമാണ്‌. ജലപ്പരപ്പുകള്‍ പാത്തക്കോഴികളുടെയും അരയന്നങ്ങളുടെയും വിഹാരരംഗമാണ്‌.

ഹിമാലയത്തിന്റെ വടക്കേ സാനുക്കളിൽ കാട്ടാടുകളുടെ ബാഹുല്യംകാണാം. തിബത്തിലെ വിശേഷമൃഗമായ യാക്‌ വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്‌ അവയെ ഇണക്കി വളർത്തുന്ന സമ്പ്രദായം പുരോഗമിച്ചുവരികയാണ്‌. ചൈനയുടെ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളിൽ ഹരിണവർഗത്തിലെ വിശേഷയിനങ്ങള്‍ കാണപ്പെടുന്നു. മുന്‍കാലത്ത്‌ സൈബീരിയ, മഞ്ചൂറിയ, കൊറിയ എന്നിവിടങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന സൈബീരിയന്‍ കടുവ കിഴക്ക്‌ ചൈനയിലൂടെ സഞ്ചരിച്ച്‌ ഇപ്പോള്‍ തെക്കുകിഴക്ക്‌ ഏഷ്യയിലെമ്പാടും ഉത്തരേന്ത്യയിൽപ്പോലും വന്നെത്തിയിട്ടുണ്ട്‌. ചൈനാ-തിബത്ത്‌ അതിർത്തിയിലുള്ള ഭീമാകാരജന്തുവാണ്‌ പാന്‍ഡ; ഇവയിൽ വലുപ്പം കുറഞ്ഞ ഇനങ്ങള്‍ ഹിമാലയമേഖലയിൽ കാണപ്പെടുന്നു. ഹിമാലയത്തിലെ ഉന്നതഭാഗങ്ങളിൽ വിശേഷബുദ്ധിയുള്ള ഹിമമനുഷ്യന്‍ (യതി) നിവസിക്കുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ജപ്പാനിൽ കണ്ടുവരുന്ന ഒരിനം വാലില്ലാക്കുരങ്ങും വിശേഷജീവികളിൽപ്പെടുന്നു. ചൈനയിലെ ജലാശയങ്ങളിലും നദികളിലും നിരവധിയിനം മത്സ്യങ്ങളും ജലജീവികളും ധാരാളമായുണ്ട്‌. ചൈനയിൽ യാങ്‌ട്‌സീ, ഹ്വാങ്‌ഹോ എന്നീ നദികളിൽ കാണപ്പെടുന്ന പാഡിൽ മത്സ്യം (Psephurus gladius) വടക്കേഅമേരിക്കയിൽ മാത്രം കാണുന്ന മറ്റൊരിനത്തിന്റെ ഏക സഹജീവിയാണ്‌. ജപ്പാനിലെ ശുദ്ധജലജീവിയായ കൂറ്റന്‍ സാലമാന്‍ഡർ മറ്റൊരു വിശേഷജീവിയാണ്‌.

ഏഷ്യാമൈനറിലെ ജന്തുജാലം മെഡിറ്ററേനിയന്‍ കാലാവസ്ഥയിലുള്ള സമീപപ്രദേശങ്ങളിലേതിനു സദൃശമാണ്‌. എന്നാൽ ഇസ്രയേൽ, സിറിയ, അറേബ്യ എന്നിവിടങ്ങളിലെ ജീവികള്‍ക്ക്‌ ഉത്തരപൂർവാഫ്രിക്കയിലെ ജന്തുജാലവുമായി സാമ്യം കാണുന്നു.

ഇന്ത്യന്‍ മേഖല. ഈ മേഖലയുടെ ഏറിയഭാഗവും ഉഷ്‌ണകാലാവസ്ഥയുള്ളതാണ്‌. ഇന്ത്യന്‍ മേഖലയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ വരള്‍ച്ചയുടെ കാഠിന്യംമൂലം എത്യോപ്യന്‍ മേഖലയിലേതിനു സദൃശമായ ജന്തുവിതരണമാണുള്ളത്‌; മറ്റു ഭാഗങ്ങളിൽ വളരെ സാധാരണമായുള്ള ഒരു ജീവിയാണ്‌ വാനരവർഗം. മഴക്കാടുകളിൽ മാത്രമാണ്‌ ആള്‍ക്കുരങ്ങുകള്‍ കാണപ്പെടുന്നത്‌; അസം, മ്യാന്മർ, മലയന്‍ ഉപദ്വീപ്‌, സുമാത്രാ, ബോർണിയോ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗിബ്ബണ്‍ ഈയിനത്തിൽപ്പെട്ടതാണ്‌. ഇവ ഏതാണ്ട്‌ വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിൽ ധാരാളമായുള്ള സിംഹങ്ങള്‍ ഏഷ്യാവന്‍കരയിൽ ഇന്ന്‌ അവശേഷിച്ചു കാണുന്നത്‌ ഗുജറാത്തിലെ ഗിർവനങ്ങളിൽ മാത്രമാണ്‌; തെക്കു കിഴക്കേ ഇറാനിലെ വനങ്ങളിൽ ഇവ അപൂർവമായി ഉണ്ടെന്നു കരുതപ്പെടുന്നു. ഹിമാലയം മുതൽ ഇന്തോനേഷ്യ വരെയുള്ള പ്രദേശങ്ങളിൽ കടുവ സാധാരണമായുണ്ട്‌; എങ്കിലും ബോർണിയോ, ശ്രീലങ്ക എന്നിവിടങ്ങളിലെ വനങ്ങളിൽ ഈ മൃഗം ഇല്ല. ദക്ഷിണേന്ത്യയിലും പടിഞ്ഞാറ്‌ ഇസ്രയേലോളവും കാണപ്പെടുന്ന മറ്റൊരു വന്യമൃഗമാണ്‌ അളക്കരടി. ഇന്ത്യയിലെ വരണ്ട വനങ്ങളിൽ വരയന്‍ കഴുതപ്പുലിയും ഉപഭൂഖണ്ഡമെമ്പാടും കുറുനരിയും ധാരാളമായുണ്ട്‌. ഇന്ത്യ, മ്യാന്മർ, മലേഷ്യ, ബോർണിയോ, ജാവ എന്നിവിടങ്ങളിൽ കാട്ടുകാള കാണപ്പെടുന്നു; സുമാത്രയിൽ ഇല്ലതാനും. പറക്കുന്നവയും പറക്കാന്‍ കഴിയാത്തവയുമായ അണ്ണാന്‍, പല വലുപ്പത്തിലുള്ള കീരി എന്നിവയും ഇവിടത്തെ സാധാരണ ജീവികളാണ്‌. കരിമാന്‍, നീലക്കാള, ചൗസീങ്‌ഗ എന്നീ ഹരിണ വർഗത്തിലെ വിവിധയിനങ്ങളും ഇന്ത്യന്‍ മേഖലയിലുണ്ട്‌. കാഴ്‌ചയിൽ മാനിനെപ്പോലെ തോന്നിക്കുന്ന ഷെവ്‌റോട്ടേയ്‌ന്‍, കാട്ടുപന്നി, കാണ്ടാമൃഗം, തപീർ, ആന എന്നിവയാണ്‌ മറ്റു വന്യമൃഗങ്ങള്‍.

വിവിധയിനം പക്ഷികളിൽ മയിൽ, പ്രാവ്‌, തത്ത, മരംകൊത്തി, പൊന്മാന്‍, കുരുവി തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ മേഖലയിലെ വനങ്ങള്‍ ലക്ഷക്കണക്കിനു പക്ഷികളുടെ ആവാസസ്ഥാനമാണ്‌. ജലജീവികളായ നിരവധിയിനങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ചീങ്കണ്ണി, ആമ തുടങ്ങിയ ജലജീവികളും മത്സ്യങ്ങളും പാമ്പ്‌, പല്ലി തുടങ്ങിയ ഉരഗവർഗങ്ങളും ക്ഷുദ്രകീടങ്ങളും ഇവിടെ സമൃദ്ധമായുണ്ട്‌.

ധാതുക്കള്‍

[[ചിത്രം:Vol5p433_Gevra — which is the largest mine of its kind in Asia and the second-largest in the world ധാതുസഞ്ചയങ്ങളുടെ വിലമതിക്കാനാവാത്ത അസംഖ്യം നിക്ഷേപങ്ങള്‍ വന്‍കരയിൽ പലയിടങ്ങളിലും ഇനിയും അറിയപ്പെടാതെ അവശേഷിക്കുന്നു. ഭൂരൂപ പ്രക്രമങ്ങളുടെ മുഖ്യരംഗമായിരുന്ന വന്‍കരയിൽ പല ഭാഗങ്ങളിലായി ആധുനിക മനുഷ്യന്‌ അനിവാര്യമായുള്ള എല്ലാ ഖനിജങ്ങളും സാന്ദ്രീകൃതമായിട്ടുണ്ട്‌. വന്‍കരയുടെ വ്യാപ്‌തിയും വിവർത്തനികചരിത്രവും ഏഷ്യയുടെ ധാതുസമ്പത്തിന്റെ രൂപീകരണം വിശദീകരിക്കാന്‍ പര്യാപ്‌തമാണ്‌. ശാസ്‌ത്രസാങ്കേതിക പുരോഗതിയിൽ പിന്നാക്കം നില്‌ക്കുന്നതുകൊണ്ട്‌ കനത്ത ധാതുനിക്ഷേപങ്ങള്‍ ശരിയായിചൂഷണം ചെയ്യാന്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കഴിയുന്നില്ല. ജപ്പാന്‍, ഇന്ത്യ, ചൈന, ഉത്തര ഏഷ്യ, ദക്ഷിണ പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ധാതുശേഖരണം ഗണ്യമായി പുരോഗമിച്ചുവരുന്നു. പൂർവേഷ്യയിൽ കൽക്കരി, ഇരുമ്പ്‌, ചെമ്പ്‌ എന്നിവയുടെ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. കൽക്കരി, ഇരുമ്പ്‌, മാങ്‌ഗനീസ്‌ എന്നിവയുടെ കാര്യത്തിൽ ദക്ഷിണേഷ്യയും സമ്പന്നമാണ്‌. ടിന്‍ ദക്ഷിണപൂർവേഷ്യയിലും എണ്ണപ്രകൃതി വാതകങ്ങള്‍ ദക്ഷിണ പശ്ചിമേഷ്യ (പേർഷ്യന്‍ ഗള്‍ഫ്‌പ്രദേശം)യിലും നിക്ഷേപപരിധി ഇനിയും നിർണയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത രീതിയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്‌. ഉത്തര ഏഷ്യ ഇരുമ്പ്‌, നിക്കൽ, അലൂമിനിയം (ബോക്‌സൈറ്റ്‌) എന്നിവയുടെ സമൃദ്ധശേഖരമുള്‍ക്കൊള്ളുന്നു. ആന്‍ഥ്രസൈറ്റ്‌, ടങ്‌സ്റ്റന്‍ എന്നിവ ചൈനയിലും അഭ്രം ഇന്ത്യയിലും ലോകത്ത്‌ മറ്റൊരിടത്തും കാണപ്പെടാത്തരീതിയിൽ സാന്ദ്രീകൃതമായിട്ടുണ്ട്‌. തുർക്കിയിൽ ക്രാമിയം, ചെമ്പ്‌ എന്നിവയുടെയും മലേഷ്യയിൽ ടിന്നിന്റെയും അയിരുകള്‍ സാമാന്യത്തിലധികം അവസ്ഥിതമായിരിക്കുന്നു. ഏഷ്യയിലെ എല്ലാ രാജ്യങ്ങള്‍ക്കും അവകാശപ്പെടാവുന്ന തരത്തിൽ ഇരുമ്പുനിക്ഷേപം വ്യാപകമായിട്ടുണ്ട്‌. കൽക്കരി, പെട്രാളിയം, യുറേനിയം എന്നീ ഖനിജ ഇന്ധനങ്ങള്‍ എല്ലാംതന്നെ വന്‍കരയിൽ ഏഷ്യക്കിന്ന്‌ ആവശ്യത്തിനു മതിയാംവണ്ണം അവസ്ഥിതമായിട്ടുണ്ട്‌. ഇവയ്‌ക്കു പുറമേ ഇരുമ്പ്‌, ബോക്‌സൈറ്റ്‌ എന്നിവയുടെയും സമൃദ്ധശേഖരങ്ങള്‍ ഇനിയും കണ്ടെത്താനോ നിക്ഷേപവ്യാപ്‌തി കണക്കാക്കാനോ ശരിയായ വിധത്തിൽ ഖനനം ചെയ്യപ്പെടാനോ വേണ്ടി കരയിലും വന്‍കരയോരത്തും പലയിടങ്ങളിലുമവശേഷിക്കുന്നു. കൽക്കരി, പെട്രാളിയം എന്നിവയുടെ ഭൂമുഖത്തുള്ള മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തോളം ഏഷ്യയിലാണ്‌. ലോകത്തിനാവശ്യമായ പെട്രാളിയത്തിന്റെ കാൽപങ്ക്‌ ഉത്‌പാദിപ്പിക്കുന്നത്‌ അറബിരാജ്യങ്ങളിലാണ്‌. ചൈനയിലും ഉത്തരേഷ്യയിലുമാണ്‌ കനത്ത കൽക്കരിനിക്ഷേപങ്ങളുള്ളത്‌. ഇന്ത്യ, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ, വടക്കന്‍ കൊറിയ, ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളിൽ സാമ്പത്തികപ്രാധാന്യമുള്ള കൽക്കരി നിക്ഷേപങ്ങളുണ്ട്‌. ചൈനയിൽ 1,10,000 കോടി ടണ്ണും മധ്യ ഏഷ്യയിൽ 1,70,000 കോടി ടണ്ണും കൽക്കരിനിക്ഷിപ്‌തമായിട്ടുണ്ടെന്നാണ്‌ കണക്ക്‌. ധാതുസമ്പത്തിന്റെ കാര്യത്തിൽ മറ്റേതൊരു മേഖലയെയും പിന്നിലാക്കാന്‍ പോന്നതാണ്‌ സൈബീരിയ. ഇവിടെ പെട്രാളിയം ശേഖരം എത്രത്തോളമുണ്ടെന്ന്‌ ഇനിയും കണക്കാക്കിയിട്ടില്ല; ഭാവിയിൽ അറബിരാജ്യങ്ങളെ പിന്നിലാക്കാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്‌. പേർഷ്യന്‍ ഉള്‍ക്കടലിന്റെ ഇരുവശങ്ങളിലുമായി വ്യാപിച്ചിട്ടുള്ള എണ്ണക്കലവറയിലെ മൊത്തം ശേഖരം എല്ലാ കണക്കുകൂട്ടലുകള്‍ക്കും അതീതമാവാം. വന്‍കരച്ചരിവുകളും മറ്റും എണ്ണ പര്യവേക്ഷണ-നിരീക്ഷണങ്ങളിലൂടെ കൂടുതൽ നിക്ഷേപങ്ങള്‍, കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ചൈന, മ്യാന്മർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും പ്രസ്‌താവ്യമായ തോതിൽ എണ്ണനിക്ഷേപങ്ങളുണ്ട്‌.

ഇന്ത്യ, ചൈന, സൈബീരിയ എന്നിവിടങ്ങളിലെ പ്രാക്കാല ഭൂഖണ്ഡങ്ങളിലേതായ പരൽ ശിലകളിൽ യൂറേനിയം ധാതുക്കള്‍ സാന്ദ്രീകൃതമായിട്ടുണ്ട്‌. ചൈനയിൽ അടുത്തകാലത്ത്‌ അവസാദശിലാക്രമങ്ങളിൽ കൽക്കരി സ്‌തരങ്ങളോടൊപ്പം ഇരുമ്പയിരുകളുടെയും നിക്ഷേപങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. യൂറാള്‍ നിരകളിലും ഇരുമ്പയിരുനിക്ഷേപങ്ങളുണ്ട്‌. ചെമ്പ്‌, നാകം, അലൂമിനിയം, മാങ്‌ഗനീസ്‌, നിക്കൽ, മോളിബ്‌ഡെനം, ടങ്‌സ്റ്റണ്‍ എന്നിവയുടെ കനത്ത നിക്ഷേപങ്ങള്‍ മധ്യ ഏഷ്യയിലുണ്ട്‌. ചൈനയിൽ മാങ്‌ഗനീസ്‌, ചെമ്പ്‌, ടിന്‍, നാകം, ആന്റിമണി, ടങ്‌സ്റ്റണ്‍, മോളിബ്‌ഡെനം എന്നിവയുടെ സമ്പന്നശേഖരം കണ്ടെത്തിയിട്ടുണ്ട്‌. തുർക്കിക്കു പുറമേ ഫിലിപ്പീന്‍സ്‌, ഇന്ത്യ, ഇറാന്‍, പാകിസ്‌താന്‍, സൈപ്രസ്‌ എന്നിവിടങ്ങളിലും ക്രാമിയം നിക്ഷിപ്‌തമായിരിക്കുന്നു. നിക്കൽ മ്യാന്മറിലും മാങ്‌ഗനീസ്‌ ഇന്ത്യയിലും ധാരാളമായുണ്ട്‌. തെക്കു പടിഞ്ഞാറ്‌ ചൈനയിൽ നിന്നു മലയാ ഉപദ്വീപിലൂടെ ഇന്തോനേഷ്യവരെ നീണ്ടുകിടക്കുന്ന ഒരിടുങ്ങിയ മേഖലയിൽ ടിന്‍ സാന്ദ്രീകൃതമായിരിക്കുന്നു. നാകം, വടക്ക്‌ കൊറിയയിലും അലുമിനിയം (ബോക്‌സൈറ്റ്‌) ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലും വളരെ വിസ്‌തൃതമായ മേഖലകളിൽ അവസ്ഥിതമായിട്ടുണ്ട്‌. ആന്റിമണി തുർക്കിയിലും മാഗ്നസൈറ്റ്‌ ഏഷ്യയിലുടനീളവും ലഭ്യമാണ്‌.

വന്‍കരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നെച്ചെറിയവയായ ജപ്പാന്‍ ദ്വീപുകളിലാണ്‌, ഗന്ധകത്തിന്റെ വിശ്വപ്രശസ്‌ത നിക്ഷേപങ്ങളുള്ളത്‌. ഇന്ത്യ, സൈബീരിയ എന്നിവിടങ്ങളിൽ നിന്ന്‌ വിശ്വോത്തരവജ്രങ്ങളും ലഭിച്ചുവരുന്നു. നദീതടങ്ങളിലെ സ്വർണനിക്ഷേപ(placer gold)ങ്ങളെ സംബന്ധിച്ചിടത്തോളം ഏഷ്യ വളരെ സമ്പന്നമാണ്‌; മുന്‍കാലങ്ങളിൽ ഇന്ത്യയായിരുന്നു മുമ്പന്തിയിൽ നിന്നിരുന്നത്‌. യാങ്‌ട്‌സീ നദിയുടെ മേൽഘട്ടങ്ങളിൽ നദീതടം ഇന്നും സ്വർണഖനനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ജപ്പാന്‍, കൊറിയകള്‍, തായ്‌വാന്‍, ഫിലിപ്പീന്‍സ്‌, ഉത്തരേഷ്യ എന്നിവിടങ്ങളിലുമുള്ള സ്വർണനിക്ഷേപങ്ങള്‍ പ്രസ്‌താവ്യമാണ്‌. ആസ്‌ബസ്റ്റോസ്‌ ചൈന, തെക്കന്‍കൊറിയ, ഉത്തരേഷ്യ എന്നിവിടങ്ങളിലും, ജിപ്‌സം, ഗന്ധകം എന്നിവ മധ്യേഷ്യ, പശ്ചിമേഷ്യ എന്നീ മേഖലകളിലും ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയിലും സൈബീരിയയിലും ഷിസ്‌റ്റുകളിൽ നിന്ന്‌ അഭ്രം ധാരാളമായി ലഭിച്ചുവരുന്നു. വിയറ്റ്‌നാം, ഇത്തരേഷ്യ എന്നിവിടങ്ങളിൽ ഫോസ്‌ഫേറ്റ്‌ നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

മണ്ണ്‌

വന്‍കരയിൽ ആർട്ടിക്‌ മേഖലയിലെ സ്ഥിരതുഷാരഭൂമി മുതൽ മധ്യരേഖാവനങ്ങളിലെ ആയസ്‌ച്ചെമ്മണ്ണുവരെയുള്ള മുത്തികാപ്രകാരങ്ങള്‍ എല്ലാംതന്നെ ദൃശ്യമാണ്‌. കാലാവസ്ഥ, ഭൂപ്രകൃതി, അപവാഹം, രാസപ്രക്രിയകള്‍, മനുഷ്യോപഭോഗം എന്നിവയുടെ കൂട്ടായ പ്രവർത്തനഫലമായി മണ്ണിൽ വ്യക്തമായ ഇനം തിരിവ്‌ ദർശിക്കാവുന്നതാണ്‌. താപനില, ആർദ്രത എന്നിവയിലെ വ്യതിയാനം മണ്ണിന്റെ ഇനംതിരിവിലും പ്രസക്തമായി പ്രതിഫലിച്ചു കാണുന്നു; വടക്കുനിന്ന്‌ തെക്കോട്ട്‌ ക്രമാനുസാരമായി താപനിലയിലുള്ള വർധനവും ആർദ്രതയിലുള്ള അപര്യാപ്‌തതയുംമൂലം രാസപരിണാമങ്ങള്‍ക്ക്‌ സൗകര്യം വർധിക്കുന്നതിനാൽ പലപ്രകാരത്തിലുള്ള മണ്ണ്‌ രൂപംകൊണ്ടിരിക്കുന്നു; ആർട്ടിക്‌മേഖല, തുന്ദ്രാവനമേഖല, പർവതമേഖല, മരുപ്രദേശം, മെഡിറ്ററേനിയന്‍ മേഖല, ഉപോഷ്‌ണമേഖല, മധ്യരേഖാപ്രദേശം എന്നിങ്ങനെ മണ്ണിനങ്ങളെ പല മേഖലകളിലേതായി വ്യവഹരിക്കാം.

ആർട്ടിക്‌ മേഖലയിൽ മണ്ണിന്റെ രൂപീകരണം ഇന്നും അപൂർണാവസ്ഥയിലാണ്‌. തണുത്തുറഞ്ഞ്‌ മഞ്ഞുകട്ടികളോടൊപ്പം സഹസ്രാബ്‌ദങ്ങളായി സ്ഥിതിചെയ്യുന്ന മണ്ണിൽ ജൈവാംശം നന്നെ കുറവാണ്‌. തുന്ദ്രാമേഖലയിലെ നേരിയ തോതിലുള്ള ഹിമാച്ഛാദനം സ്ഥിരതുഷാരഭൂമി രൂപംകൊള്ളാന്‍ അവസരം നല്‌കുന്നു; സമൃദ്ധമായ ഭൂജലവും മണ്ണും കല്ലും ചേർന്ന്‌ തറനിരപ്പിൽനിന്ന്‌ സാധാരണയായി ഏതാനും മീറ്റർ ആഴത്തിൽ സ്ഥിരമായി തണുത്തുറഞ്ഞിരിക്കുന്ന അവസ്ഥാവിശേഷമാണിത്‌. 1968-ൽ 1,475 മീ. കനത്തിൽ, ലീനാ നദീതടത്തിൽ കണ്ടെത്തിയ സ്ഥിരതുഷാരഭൂമി, ഭൂമുഖത്തെ ഏറ്റവും കൂടിയ കനത്തിലുള്ളതാണ്‌. ആണ്ടിലധികകാലവും ജലനിബിഡമായി തണുത്തുറഞ്ഞ സ്ഥിരതുഷാരഭൂമിയിൽ അല്‌പസമയം മാത്രമുള്ള നേരിയ ഉഷ്‌ണകാലം വിജാരണപ്രക്രിയ(gleization)യ്‌ക്ക്‌ സൗകര്യം നല്‌കുന്നു. തന്മൂലം മരമണ്ണിന്റെ(peat soil) അവികസിതാവസ്ഥയിലുള്ള ഇനങ്ങള്‍ രൂപംകൊണ്ടിരിക്കുന്നു. ഹ്രസ്വമായ ഉഷ്‌ണകാലത്തിനും പുറമേ അപവാഹരാഹിത്യവും ഓക്‌സിജന്റെ അഭാവവും ഈ പ്രക്രിയയ്‌ക്ക്‌ ഉത്തേജനം നല്‌കുന്നു. കൂടുതൽ തെക്കോട്ട്‌ നീങ്ങുന്തോറും താപനില വർധിക്കുകയും രാസപ്രക്രിയയ്‌ക്ക്‌ സൗകര്യം വർധിക്കുകയും ചെയ്യുന്നതിനാൽ ഉർവരതയേറിയ മണ്ണിനങ്ങള്‍ രൂപംകൊണ്ടിരിക്കുന്നു. സൈബീരിയയുടെ ഏറിയ പങ്കും വ്യാപിച്ചിട്ടുള്ള തുന്ദ്ര, തെയ്‌ഗ എന്നീ മാതൃകകളിലുള്ള മണ്ണിനങ്ങളാണ്‌. സ്റ്റാനവോയ്‌ ഉന്നതമേഖലകളിൽ ഗോബി മരുപ്രദേശത്തിന്റെ ഉത്തരസീമവരെ ഈ മണ്ണിനങ്ങള്‍ വ്യാപരിച്ചിരിക്കുന്നു. യൂറാള്‍ നിരകള്‍ക്കു തൊട്ടുകിഴക്ക്‌ തീക്ഷ്‌ണമായ നിക്ഷാളന (leaching) ത്തിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള പോഡ്‌സോള്‍ മണ്ണിനത്തിനാണ്‌ പ്രാമുഖ്യം. എന്നാൽ ലീന, ഓബ്‌ എന്നീ നദികളുടെ തടങ്ങളിൽ അഴിമുഖം വരെ ഉർവരത കൂടിയ എക്കൽമണ്ണും നിക്ഷിപ്‌തമായിരിക്കുന്നു.

ഉപോഷ്‌ണകാലാവസ്ഥ അനുഭവപ്പെടുന്ന വനമേഖലയിൽ നിക്ഷാളനപ്രക്രിയ ഏറെ തീവ്രമാണ്‌. ജൈവാവശിഷ്‌ടങ്ങളുടെ ലഭ്യതയും രാസപ്രക്രിയകള്‍ക്കു പറ്റിയ കാലാവസ്ഥയും മണ്ണിന്റെ ഉർവരത വർധിപ്പിക്കുകയാൽ തഴച്ചുവളരുന്ന കാനനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. സ്റ്റെപ്പ്‌ വനമേഖലയിൽ സമനിലയിലുള്ള വർഷണവും ബാഷ്‌പനവും സവിശേഷമായ മണ്ണിനങ്ങളുടെ രൂപവത്‌കരണത്തിന്‌ വഴി തെളിക്കുന്നു. ഏഷ്യയിലെ ഏറ്റവും ഫലഭൂയിഷ്‌ഠമായ ചെർനോസെം (chernozem) മണ്ണാണ്‌ ഈ മേഖലയിലേത്‌. പർവതമേഖലയിൽ ഉച്ചാവചത്തിന്‌ അനുസൃതമായി രൂപംകൊണ്ടിരിക്കുന്ന വ്യത്യസ്‌ത മണ്ണിനങ്ങള്‍ മാതൃശിലയെയും ചെരിവുമാനത്തെയും കൂടി ആശ്രയിച്ച്‌ പരിവർത്തനത്തിന്റെ പലദിശകളിൽ വ്യതിരിക്തമായിരിക്കുന്നു. സൈബീരിയയിലെ ഗിരിനിരകളിൽ തെയ്‌ഗ, തുന്ദ്ര എന്നിവിടങ്ങളിൽ ഈ മണ്ണിനങ്ങളാണുള്ളത്‌. മധ്യേഷ്യയിലെ ഉന്നത ഗിരിശൃംഗങ്ങളിലധികവും ഹിമാച്ഛാദിതമാണ്‌. ഹിമാനികളുടെ നിരന്തരമായ പ്രവർത്തനങ്ങള്‍ക്കു വിധേയമാവുന്ന അത്യുന്നതങ്ങളിൽ അല്‌പംപോലും മണ്ണ്‌ അവശേഷിക്കാറില്ല. മധ്യേഷ്യയിലുള്ള മരുഭൂമികളിലും അർധമരുഭൂമികളിലും ജൈവാംശം കുറഞ്ഞതും ക്ഷാരാംശം കൂടിയതുമായ മണ്ണിനങ്ങളാണുള്ളത്‌. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലേത്‌ ഇരുമ്പിന്റെ ആധിക്യമുള്ളതും തവിട്ടുനിറത്തിലുള്ളതുമായ ഒരിനം മണ്ണാണ്‌.

മണ്‍സൂണ്‍ ഉപോഷ്‌ണമേഖലകളിൽ സമൃദ്ധമായ വർഷപാതം കാരണം മണ്ണിലെ ധാത്വാംശങ്ങള്‍ ഒട്ടുമുക്കാലും നഷ്‌ടപ്രായമായിരിക്കുന്നു. ലേയത്വം കുറഞ്ഞ ഇരുമ്പ്‌, അലുമിനിയം എന്നിവയുടെ ആധിക്യമുള്ള ഈയിനം മണ്ണിന്‌ മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങളാണുള്ളത്‌. ചൈനയുടെ പൂർവാർധം ഒട്ടുമുക്കാലും ഇത്തരം മണ്ണ്‌ വ്യാപിച്ചിരിക്കുന്നു. ഭൂമധ്യരേഖയ്‌ക്ക്‌ വളരെ സമീപസ്‌തമായ മേഖലയിൽ ഇത്തരം നിക്ഷാളനത്തിന്റെ തീവ്രത ലാറ്ററൈറ്റിന്റെ രൂപീകരണത്തിന്‌ കാരണമായിരിക്കുന്നു. തന്മൂലം ചുവന്നതും മഞ്ഞയുമായ മണ്ണിനങ്ങള്‍ ഉപരിതലങ്ങളിൽ കാണപ്പെടുന്നു.

ജനങ്ങള്‍

ജനവിതരണം

പ്രാക്തനത്ത്വത്തിലും എണ്ണത്തിലും ഏറ്റവും മുന്നിൽ നില്‌ക്കുന്ന ഏഷ്യന്‍ ജനതയ്‌ക്ക്‌ ഉദ്ദേശം 5,000 വർഷത്തെ ചരിത്രമുണ്ട്‌. വിശാലമായ ഈ ഭൂവിഭാഗം വിവിധജനതകളും വിഭിന്ന സാഹചര്യങ്ങളുമായി നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടെ വേദിയായിരുന്നു. സാംസ്‌കാരിക വികാസത്തിന്റെ എല്ലാവിധ ഘട്ടങ്ങളുടെയും മാതൃകകള്‍ ആധുനിക ഏഷ്യയിലുണ്ട്‌; ഭൂമുഖത്തെ മൊത്തം കരഭാഗത്തിന്റെ 30 ശതമാനം വരുന്ന ഈ വന്‍കരയിൽ ലോകജനതയുടെ (684,05,07,000) 61 ശതമാനം നിവസിക്കുന്നു. ഉത്തരേഷ്യ, മധ്യേഷ്യ, ദക്ഷിണ-പശ്ചിമേഷ്യയിലെ മണലരണ്യങ്ങള്‍ എന്നിവിടങ്ങളെ അപേക്ഷിച്ച്‌ മറ്റു ഭാഗങ്ങള്‍ ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളാണ്‌. അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന ജനനനിരക്കും അനുക്രമമായി കുറഞ്ഞുവരുന്ന മരണനിരക്കും ജനസംഖ്യയിൽ ഗണ്യമായ വർധനവ്‌ വരുത്തിക്കൊണ്ടിരിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്‌ വർധിച്ചുവരുന്ന സൗകര്യങ്ങള്‍ ഏഷ്യന്‍ ജനതയുടെ ശരാശരി ആയുസ്സ്‌ നിരക്ക്‌ ഉയരുന്നതിനും കാരണമായിട്ടുണ്ട്‌. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ 2010 വരെ ഏഷ്യയിലെ ജനസംഖ്യയിൽ വമ്പിച്ച വർധനവുണ്ടായി. ലോകയുദ്ധങ്ങള്‍ക്കുശേഷം ജനസംഖ്യാവർധനവിന്റെ ആക്കം വർധിച്ചിരുന്നു. 2010-ൽ ഏഷ്യയിലെ ജനസംഖ്യ: 416,42,52,000 ആണ്‌.

കാർഷികവ്യാവസായിക പുരോഗതിയിലൂടെ ആധുനികത കൈവരിച്ച്‌ മുന്നേറുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ ചിലയിടങ്ങളിൽ ജനസാന്ദ്രതയോടൊപ്പം വന്‍ നഗരങ്ങളും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യയിൽ ഒരിക്കലും സമതുലിതമായ ജനവിതരണമുണ്ടായിട്ടില്ല. ദക്ഷിണേഷ്യ, ദക്ഷിണപശ്ചിമേഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിൽ വന്‍കരയിലെ 90 ശതമാനം ജനങ്ങള്‍ വസിക്കുമ്പോള്‍ ഏഷ്യയുടെ പകുതിയിലേറെ വിസ്‌തൃതി വരുന്ന ഉത്തരേഷ്യ, മധ്യേഷ്യ എന്നീ മേഖലകളിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്‌. 18-ാംനൂറ്റാണ്ടിന്റെ മധ്യത്തിൽ ഉത്തരേഷ്യയിലെ ഒറ്റപ്പെട്ട ജനവർഗങ്ങളും, മധ്യേഷ്യയിൽ സ്ഥിരംപാർപ്പുകാരായ കർഷകരും നാടോടിവർഗങ്ങളും ചേർന്ന ജനസങ്കരങ്ങളും വസിച്ചിരുന്നു. ദക്ഷിണപശ്ചിമേഷ്യയിൽ ഇതേ കാലത്ത്‌ അറബി, തുർക്കി തുടങ്ങിയ ജനവർഗങ്ങള്‍ ജലലഭ്യതയുള്ള മേഖലകളിൽ പാർപ്പുറപ്പിച്ചിരുന്നു. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിൽ സങ്കീർണമായ ജനവിതരണമാണ്‌ ഉണ്ടായിരുന്നത്‌. ഇന്ത്യ, ചൈന, ജപ്പാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളിൽ അക്കാലത്തു തന്നെ ജനസാന്ദ്രത ലോകത്തു മറ്റെങ്ങുമില്ലാത്ത രീതിയിൽ വർധിച്ചിരുന്നു. ഏഷ്യയിലെ (2010-ലെ) ശരാശരി ജനസാന്ദ്രത ച.കി. മീറ്ററിന്‌ 89 ആണ്‌.; രാജ്യങ്ങളുടെ പ്രത്യേകസ്ഥിതി പരിശോധിച്ചാൽ ജനസാന്ദ്രത ച.കി.മീറ്ററിന്‌ ബാംഗ്ലദേശിൽ 1040, തായ്‌വാനിൽ 627, ജപ്പാനിൽ 339, ഇന്ത്യയിൽ 349, പാകിസ്‌താനിൽ 209 എന്നിങ്ങനെയാണെന്നു വ്യക്തമാകും. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ എന്നീ മേഖലകളിലെ നദീതടങ്ങളിൽ ഇത്‌ അധികമാണ്‌.

ഏഷ്യയിലെ മിക്കരാജ്യങ്ങളും ആസൂത്രിതപദ്ധതികളിലൂടെ ജനവികേന്ദ്രീകരണം നടത്താന്‍ പ്രയാസപ്പെടുന്നവയാണ്‌. സൈബീരിയയിൽ കൂടുതൽ ജനങ്ങളെ കുടിയേറ്റാനായി നഗരങ്ങളും ഖനനകേന്ദ്രങ്ങളും വ്യവസായമേഖലകളും നിർമിക്കുന്നതിനോടൊപ്പം ഗതാഗതസൗകര്യം കൂടി വർധിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നഗരവത്‌കരണംമൂലം ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളിൽ ജനസാന്ദ്രതയിൽ ഗണ്യമായ അസന്തുലിതാവസ്ഥ സംജാതമായിരിക്കുന്നു. ജപ്പാനിൽ ജനസംഖ്യയുടെ 70 ശതമാനം നഗരവാസികളായുള്ളപ്പോള്‍ ഏഷ്യയിലെ നഗരവാസികളുടെ തോത്‌ താരതമ്യേന കുറവാണ്‌. മുംബൈ, സിയൂള്‍, ജക്കാർത്ത, കറാച്ചി, മനില തുടങ്ങിയവയാണ്‌ ജനസാന്ദ്രതയേറിയ വന്‍നഗരങ്ങള്‍. ദക്ഷിണപശ്ചിമേഷ്യയിലെ ദമാസ്‌കസ്‌, ജറുസലേം തുടങ്ങിയ പ്രധാനനഗരങ്ങളിൽ ജനസാന്ദ്രത താരതമ്യേന കുറവാണ്‌.

ജനവർഗങ്ങള്‍

കോംഗോയ്‌ഡ്‌, കാക്കസോയ്‌ഡ്‌, മംഗളോയ്‌ഡ്‌ എന്നീ മൂന്നു നരവംശങ്ങളിൽപ്പെടുന്നതാണ്‌ ഏഷ്യന്‍ ജനത. ഇവയിൽ യൂറോപ്യന്‍ ഭൂവിഭാഗത്തിന്റെ പടിഞ്ഞാറന്‍ മേഖലയിൽ ഏറിയകൂറും കാക്കസോയ്‌ഡ്‌ (വെളുത്ത നരവംശവിഭാഗം) വർഗവും കിഴക്കന്‍ മേഖലയിൽ പ്രധാനമായും മംഗളോയ്‌ഡ്‌ (മഞ്ഞനരവംശവിഭാഗം) വർഗവും തെക്കെ അരികുകളിൽ കോംഗോയ്‌ഡ്‌ (നീഗ്രായ്‌ഡ്‌-കറുത്ത നരവംശവിഭാഗം) വർഗവും അധിനിവേശമുറപ്പിച്ചു. ഈ വിഭജനമനുസരിച്ച്‌ അറബി, ഇറാനിയന്‍, യഹൂദ, തുർക്കി, ഇന്ത്യന്‍, പാകിസ്‌താനി എന്നീ ജനവിഭാഗങ്ങള്‍ കാക്കസോയ്‌ഡ്‌ വിഭാഗത്തിൽ വരുന്നു. ഇന്ത്യയ്‌ക്കു കിഴക്കുള്ള ഏഷ്യന്‍ പ്രദേശങ്ങളിൽ (ചൈന, ഇന്തോചൈന, ജപ്പാന്‍, കൊറിയ മുതലയാവ) വസിക്കുന്നവർ മംഗളോയ്‌ഡ്‌ വിഭാഗത്തിൽപ്പെട്ടവരും മലയ ഉപദ്വീപ്‌, ഫിലിപ്പീന്‍സ്‌, സുമാത്ര, ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ നീഗ്രായ്‌ഡ്‌ വിഭാഗത്തിൽപ്പെട്ടവരുമാണ്‌. 1900-നുശേഷം നരവംശശാസ്‌ത്രജ്ഞന്മാർ ഈ വിഭജനം അശാസ്‌ത്രീയമാണെന്നു വിധിക്കുകയും യൂറോപ്യന്‍, ഇന്ത്യന്‍, ഏഷ്യന്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി മൂന്നു വിഭാഗങ്ങളായി തിരിക്കുകയും ചെയ്‌തു. ഇതനുസരിച്ച്‌ യൂറോപ്യന്‍-ഇന്ത്യന്‍, ഏഷ്യന്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി മൂന്നുവിഭാഗങ്ങളായി തിരിക്കുകയും ചെയ്‌തു. ഇതനുസരിച്ച്‌ യൂറോപ്യന്‍-ഇന്ത്യന്‍ വിഭാഗങ്ങള്‍ കാക്കസോയ്‌ഡ്‌ വംശജരാണ്‌. ഏഷ്യയിൽ പഴയ വിഭജനമനുസരിച്ചുള്ള മംഗളോയ്‌ഡ്‌, കോംഗോയ്‌ഡ്‌ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഏഷ്യയിലെ മനുഷ്യരെക്കുറിച്ചു പറയുമ്പോള്‍ നിശ്ചിതമായി ഒരു പ്രദേശത്തെയും കൃത്യമായി ഒരു വർഗത്തെയും പരസ്‌പരം ബന്ധപ്പെടുത്തി പറയുവാന്‍ കഴിയുകയില്ല. തുടർച്ചയായ കുടിയേറ്റത്താൽ ആധുനിക ഏഷ്യയിലെ നരവംശവിതരണം അത്രയ്‌ക്ക്‌ വ്യാമിശ്രമായിത്തീർന്നിട്ടുണ്ട്‌.

1970-കളുടെ ആരംഭത്തോടെ, ഏഷ്യയിലെ പ്രാദേശികമായ നരവംശമാതൃകകളിലും അവയുമായി ബന്ധപ്പെട്ട ജീവിതശൈലികളിലും ഗണ്യമായ വ്യതിയാനമുണ്ടായി. ഉത്തരേഷ്യയുടെയും ചൈനയുടെയും സാമ്പത്തിക-രാഷ്‌ട്രീയ സ്വാധീനത സൈബീരിയയിലേക്കും മധ്യേഷ്യയിലേക്കും വ്യാപിക്കുകയും ദക്ഷിണ-ഏഷ്യന്‍ കോളനിരാഷ്‌ട്രങ്ങള്‍ മോചിപ്പിക്കപ്പെടുകയും ചെയ്‌തു. കൂടാതെ പ്രാചീന ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഘടകപ്രദേശങ്ങള്‍ ആധുനിക പശ്ചിമേഷ്യന്‍ രാഷ്‌ട്രങ്ങളായി പരിണമിക്കുകയും ചെയ്‌തു. അങ്ങനെ 18-ാം ശതകത്തിൽ നിലവിലിരുന്ന ഭൂമിശാസ്‌ത്രപരമായ വിഭജനം ശിഥിലമായി. അനേകം ചെറിയ നരവംശവിഭാഗങ്ങള്‍ ലയിച്ചുചേർന്ന്‌ വലിയ രാഷ്‌ട്രങ്ങള്‍ സംജാതമായി. മുന്‍കാലസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ജീവിത സമ്പ്രദായങ്ങള്‍ നാമമാത്രമായിത്തീരുകയോ അഥവാ കൃത്രിമമായി സംരക്ഷിക്കപ്പെടുന്ന സമൂഹങ്ങളായി മാത്രം അവശേഷിക്കുകയോ ചെയ്‌തു. പ്രബല നരവംശ വിഭാഗങ്ങളുടെ വികാസം ഇതര വിഭാഗങ്ങള്‍ക്കു ലഭ്യമായ പ്രദേശത്തിന്റെ വിസ്‌തൃതി കുറച്ചു. പ്രാചീന സാമ്പത്തിക സമ്പ്രദായങ്ങള്‍ക്കുപകരം ആധുനിക സാമ്പത്തികക്രമം പ്രാബല്യത്തിൽ വന്നു.

എല്ലായിടങ്ങളിലും ജനസാന്ദ്രത വർധിക്കുകയും ആധുനിക കൃഷിരീതികള്‍, ധാതുലവണങ്ങളുടെ സംഭരണം, വ്യവസായവത്‌കരണം എന്നിവയ്‌ക്കു കാര്യമായ പുരോഗതിയുണ്ടാവുകയും ചെയ്‌തു. ഇത്‌ സാംസ്‌കാരികവ്യതിയാനത്തിനു കാരണമായി. ഏഷ്യയിൽ ചില ഭാഗങ്ങളിൽ നാഗരികത അധികം ശക്തമായിട്ടുണ്ട്‌. ഇത്‌ ജനസാന്ദ്രതയിൽ പ്രാദേശികമായ അസന്തുലിതാവസ്ഥ സൃഷ്‌ടിച്ചുവരുന്നു.

പ്രവാസങ്ങള്‍

പ്രാചീനം. പൂർവേഷ്യയിൽ പ്രാചീന ശിലായുഗത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ഹോമോഇറക്‌റ്റസ്‌ എന്ന മനുഷ്യന്‍ ജീവിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്‌. എന്നാൽ മധ്യേഷ്യയിലോ പശ്ചിമേഷ്യയിലോ ആയിരിക്കാം ഹോമോ സേപിയന്‍സ്‌ എന്ന ശരിയായ മനുഷ്യന്‍ ഉണ്ടായതെന്ന്‌ ഇന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു. പ്രാക്‌ചരിത്രകാലം മുതൽ ചരിത്രകാലഘട്ടത്തിന്റെ ആരംഭംവരെ, അതായത്‌ സു. 30,000 വർഷങ്ങള്‍ക്കുമുമ്പ്‌ മുതൽ, ദക്ഷിണ പശ്ചിമേഷ്യയിൽ നിന്നു യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള കുടിയേറ്റം ആരംഭിച്ചു. എടുത്തു പറയാവുന്ന തോതിൽ കുടിയേറ്റം നടന്നത്‌ ഇന്ത്യയിലാണ്‌. മറ്റു വിവിധ ദിശകളിലേക്കുള്ള കുടിയേറ്റം താരതമ്യേന ചെറിയ തോതിലായിരുന്നു. ഗ്രീക്കുകാരായിരിക്കണം പടിഞ്ഞാറേക്കു പ്രയാണം നടത്തിയ (സു. ബി.സി. 2100 മു. 1900 വരെ) ഏറ്റവും അവസാനത്തെ വിഭാഗം. ബി.സി. 1600-1500 കാലത്ത്‌ ആര്യന്മാർ ഇന്ത്യയിൽ കുടിയേറി. മംഗളോയ്‌ഡ്‌ കുടിയേറ്റം മിക്കപ്പോഴും ദക്ഷിണ പൂർവേഷ്യയിലേക്കായിരുന്നു.

മംഗളോയ്‌ഡ്‌ ഘടകങ്ങളുടെ കുടിയേറ്റം മധ്യേഷ്യയിലൂടെ പടിഞ്ഞാറേക്ക്‌ യൂറോപ്യന്‍ ഭൂവിഭാഗം വരെ വ്യാപിച്ചു. ഇത്തരം പ്രവാസങ്ങള്‍ 10,000 വർഷങ്ങള്‍ മുമ്പുമുതൽക്കു തന്നെ ആരംഭിച്ചിരിക്കാം. എന്നാൽ ക്രിസ്‌ത്വബ്‌ദത്തിലും ഇതു തുടർന്നുകൊണ്ടിരുന്നു. മംഗോളുകള്‍ തുർക്കിജനതയെ പടിഞ്ഞാറേക്കു തള്ളിമാറ്റി. തന്മൂലം ഫിന്‍, മഗ്‌യാർ എന്നീ വിഭാഗങ്ങള്‍ക്കു അവരുടെ അധിവാസഭൂമിയിൽ നിന്നു വീണ്ടും പിന്‍വാങ്ങേണ്ടിവന്നു. കുറേക്കാലത്തെ മംഗളോയ്‌ഡ്‌ പ്രവാസം, ഇക്കൂട്ടരും ഇതിനുമുമ്പ്‌ ഇവിടെ കുടിയേറിയ കാക്കസോയ്‌ഡ്‌ വർഗവും തമ്മിൽ വീണ്ടും സങ്കലിക്കുന്നതിനിടയാക്കി. സാമാന്യേന പില്‌ക്കാലത്ത്‌ തുർക്കിജനത നേരിയതോതിൽ വടക്കോട്ടു കടന്നുവെങ്കിലും ഉത്തര യൂറേഷ്യയിൽ പൊതുവേ പ്രാചീന ഏഷ്യന്‍ പ്രവാസികളുടെ പിന്മുറക്കാർ തന്നെ അവശേഷിച്ചു. പ്രധാന ജനപ്രവാഹത്തിൽ നിന്നു വേർപെട്ട്‌ ചെറിയ വ്യൂഹങ്ങളായുള്ള അനേകം കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്‌. പ്രാക്‌ ചരിത്ര-കാക്കസോയ്‌ഡ്‌ പ്രവാഹങ്ങളിലൊന്നെങ്കിലും പൂർവേഷ്യയിലേക്കു വ്യാപിച്ചിട്ടുണ്ട്‌. ഇങ്ങനെ വന്നവരാണ്‌ ജപ്പാനിലെ ആദിമനിവാസികളായ അയ്‌നു (Ainu) വർഗക്കാർ. എ.ഡി. 1000-ത്തോടനുബന്ധിച്ച്‌ ഇന്ത്യയിൽനിന്നും നാടോടിവർഗങ്ങളുടെ ഒരു പ്രതിപ്രവാഹമുണ്ടായി. യൂറോപ്പിലെങ്ങും വ്യാപിച്ച ജിപ്‌സിവംശമായി പരിണമിച്ചിരിക്കുന്നത്‌ ഈ കുടിയേറ്റക്കാരുടെ പരമ്പരയാണ്‌.

ചൈനയുടെ തീരങ്ങള്‍ വഴി നടന്ന പ്രാക്‌ചരിത്ര-പ്രതിപ്രവാഹം ദക്ഷിണ പൂർവ-ഏഷ്യയിലെ ആദിമ മംഗളോയ്‌ഡ്‌ പ്രവാസികളെ വീണ്ടും വടക്കു ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ മേഖലകളിലേക്കു തള്ളി നീക്കി. ആധുനിക ജപ്പാന്‍ ജനതയുടെ ആവിർഭാവം ആദിമ മംഗളോയ്‌ഡ്‌, പില്‌ക്കാല മംഗളോയ്‌ഡ്‌, അയ്‌നു എന്നീ വംശങ്ങളിൽ നിന്നാണ്‌. ഇതുപോലെ ഇന്തോനേഷ്യയിലെ ആദിമ മംഗളോയ്‌ഡ്‌ ജനവംശത്തിന്റെ വടക്കോട്ടുള്ള പ്രവാഹത്തിന്‌ ഫിലിപ്പീന്‍സിലെ ജനതയുടെ നരവംശപൈതൃകത്തിൽ സവിശേഷമായ പങ്കുണ്ട്‌. വിശാലമായ മധ്യ-ഏഷ്യന്‍ മേഖലയിൽ പ്രാക്‌ചരിത്രകാലത്തെയും ചരിത്രകാലത്തെയും കുടിയേറ്റം മിക്കവാറും പ്രാചീന മാർഗങ്ങളിലൂടെ തന്നെയായിരുന്നു. തന്മൂലം നരവംശങ്ങള്‍ ചെറുഘടകങ്ങളായി വിഭജിതമാവുകയും സർവത്ര വ്യാപിക്കുകയും ചെയ്‌തു. ഇങ്ങനെ അനേകം മേഖലാനരവംശ വിഭാഗങ്ങള്‍ ജന്മംകൊണ്ടു. ഈ മേഖലാ വിഭാഗങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും വ്യാമിശ്രണം മേഖലാപരമായും ശാരീരികമായും വൈജാത്യമുള്ള അനേകം നരവംശവിഭാഗങ്ങളുടെ ആവിർഭാവത്തിൽ കലാശിച്ചു. ഉദാഹരണമായി മംഗളോയ്‌ഡു വർഗത്തിൽ നിന്ന്‌ ഉസ്‌ബെക്കുകള്‍ ഉദ്‌ഭവിച്ചു. ഇതിൽ ഒരു വിഭാഗം തെക്കോട്ടു കടന്നുകയറി കാക്കസോയ്‌ഡുകളിൽ നിന്നുദ്‌ഭവിച്ച ജനതയുമായി കൂടിക്കലർന്നു. ഇന്ന്‌ മധ്യേഷ്യയിൽ വ്യാപിച്ചുകിടക്കുന്ന ഉസ്‌ബെക്കുകളിൽ ശാരീരികവും ഭാഷാപരവുമായ വ്യത്യസ്‌തതകളുള്ള നിരവധി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നു. ആധുനികം. ചരിത്രകാലഘത്തിനുശേഷം ഒരു പ്രത്യേക നരവംശവിഭാഗത്തിന്റെ ആക്രമണാത്മകമായ വികാസം കാരണം ദുർബലവിഭാഗങ്ങള്‍ നാടുവിട്ടുപോവുകയോ അഥവാ പ്രവാസികള്‍ ആധിപത്യം പിടിച്ചെടുത്ത്‌ പൂർവനിവാസികളെ ന്യൂനപക്ഷമാക്കി അടക്കി നിർത്തുകയോ ചെയ്‌തു. ഇത്തരം ദുർബല നരവംശവിഭാഗങ്ങളിൽ ചിലത്‌ കാലക്രമത്തിൽ മറ്റുള്ളവയുമായി കൂടിക്കലർന്ന്‌ ഫലത്തിൽ തനതായ വ്യക്തിത്വം നഷ്‌ടപ്പെടുത്തി. ചിലയിടങ്ങളിൽ ഈ സങ്കലനത്തിന്റെ ഫലമായി വ്യത്യസ്‌ത ദേശ്യഭാഷയുള്ള പുതിയ ജനവിഭാഗം ഉരുത്തിരിഞ്ഞു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും മധ്യേഷ്യയിലെയും ദക്ഷിണ പശ്ചിമേഷ്യയിലെയും കുടിയേറ്റമാകട്ടെ, നരവംശവിഭാഗങ്ങളുടെ തുടർച്ചയില്ലായ്‌മയ്‌ക്കിടയാക്കിയിരിക്കുന്നു.

അറബി-അധിനിവേശങ്ങളിലൂടെ ഇസ്‌ലാംമതവും ഇസ്‌ലാമിക രാഷ്‌ട്രീയഘടനയും പടിഞ്ഞാറ്‌ ഉത്തര-ആഫ്രിക്ക, സ്‌പെയിന്‍ എന്നീ പ്രദേശങ്ങളിലേക്കും കിഴക്ക്‌ മധ്യധരണ്യാഴിയുടെ കിഴക്കന്‍ പ്രദേശങ്ങളിലൂടെ ഏഷ്യാമൈനർ, ട്രാന്‍സ്‌കൊക്കേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 7-ാം ശതകത്തിലാരംഭിച്ച്‌ 16-ാം ശതകത്തോളം നീണ്ടുനിന്ന അധിനിവേശ ശ്രമങ്ങള്‍ ദക്ഷിണ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും അറബിഘടകങ്ങള്‍ വ്യാപിക്കുവാനിടയായി. യൂറോപ്യന്‍ റഷ്യയിലെ കാക്കസോയ്‌ഡ്‌ വംശജരുടെ മധ്യേഷ്യന്‍സഞ്ചാരമാർഗത്തിലൂടെയുള്ള സമീപയുഗങ്ങളിലെ പ്രയാണവും ദക്ഷിണേഷ്യയിലും പൂർവേഷ്യയിലുമുള്ള അവരുടെ വ്യാപനവും യൂറേഷ്യാ മഹാദ്വീപിന്റെ എല്ലാ ഭാഗങ്ങളിലും പശ്ചിമയൂറോപ്യന്‍ കാക്കസോയ്‌ഡ്‌ വംശക്കാർ നിറയുന്നതിനു കാരണമായി. ഇവർ വിവിധ പ്രാദേശിക വിഭാഗങ്ങളുമായി ഇടകലർന്നു. ഇന്ത്യയിലെ ആംഗ്ലോ-ഇന്ത്യക്കാരും ശ്രീലങ്കയിലെ ബർഗെർ വിഭാഗവുംപോലെ വിവിധ സങ്കരവർഗങ്ങള്‍ ഏഷ്യയിൽ രൂപംകൊള്ളുവാന്‍ ഈ സാഹചര്യം സഹായകമായിത്തീർന്നു.

1950-നോടടുത്ത കാലങ്ങളിലെ നരവംശപരമായ വിഭജനം ഏറെക്കുറെ ഇപ്രകാരമാണ്‌. പ്രായേണ ജനസാന്ദ്രത കുറഞ്ഞ ഉത്തര യൂറേഷ്യയിലെ പ്രമുഖ ജനവിഭാഗങ്ങള്‍ പാലിയോ-ഏഷ്യാറ്റിക്‌, ടർഗസിക്‌, ടർകിക്‌ എന്നിവയായിരുന്നു. വേട്ടയാടൽ, ഭക്ഷ്യശേഖരം, മത്സ്യബന്ധനം, കാലിമേയ്‌ക്കൽ ഇത്യാദി തൊഴിലുകളിൽ ഇവർ ഏർപ്പെട്ടിരുന്നു. ഏകസമ്പദ്‌ഘടനയോ അല്ലെങ്കിൽ കാലികമായ മിശ്രസമ്പദ്‌ഘടനയോ ഉള്ള സമോയദ്‌, ചാകുത്‌, ചുക്‌ചി എന്നീ വർഗങ്ങളും ഇവിടെ നിവസിച്ചവരിൽ ഉള്‍പ്പെടും. തിബത്ത്‌, മംഗോളിയ, മധ്യേഷ്യ എന്നിവിടങ്ങളിൽ അലഞ്ഞുനടക്കുന്ന ഗ്രാമീണജനത മേധാവിത്വം പുലർത്തി. ഉന്നത സമതലങ്ങളിലെയും നിമ്‌നദേശങ്ങളിലെയും കൃഷിയുക്തമായ മരുപ്പച്ചകളിൽ വളർന്നുവന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും "തിങ്ങിപ്പാർക്കുന്ന കർഷകജനത' വസിച്ചുപോന്നു. ബറിയാക്‌, മംഗോള്‍, കിർഗിസ്‌ എന്നീ വർഗങ്ങള്‍ കാലിമേയ്‌ക്കുന്നവരായിരുന്നു. മരുപ്പച്ചകളിലെ കുടിപാർപ്പുകാരിൽ താഡ്‌ഷിക്‌, വിഗൂർ, ഉസ്‌ബെക്‌ എന്നീ വർഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇറാനിയന്‍, ആരബ്‌, ടർക്കിഷ്‌ എന്നീ ജനതകള്‍ ദക്ഷിണ പശ്ചിമേഷ്യയിൽ പാർത്തു. മറ്റു ന്യൂനപക്ഷ നരവർഗങ്ങളും അങ്ങിങ്ങായി ചിതറി കാണപ്പെട്ടു. ഇവർ കാലിമേച്ചിലോ മരുപ്പച്ചകളിലെ കൃഷിയോ ഉപജീനവമാർഗമാക്കി. രണ്ടാമത്തെ കൂട്ടർ ജലസമൃദ്ധവും കൃഷിയുക്തവുമായ ഭൂമിയുടെയോ അല്ലെങ്കിൽ മേച്ചിൽ സ്ഥലങ്ങളുടെയോ ചുറ്റുമായി തിങ്ങിപ്പാർത്തു.

ദക്ഷിണേഷ്യയിലും പൂർവേഷ്യയിലും കൂടുതൽ സങ്കീർണമായ സമൂഹക്രമങ്ങളുടെ ദ്വിക (dual) സംവിധാനമായിരുന്നു നിലനിന്നിരുന്നത്‌. സ്ഥിരമായി ഒരിടത്തു താമസിച്ച്‌ കൃഷിയിലും കൈത്തൊഴിലിലും ഏർപ്പെട്ടിരുന്ന കൂടുതൽ പരിഷ്‌കൃതരായ നിമ്‌നമേഖലാ വാസികളായിരുന്നു വമ്പിച്ച വിഭാഗം. ഈ വിഭാഗത്തെ ഉള്‍ക്കൊണ്ടിരുന്ന ഉള്‍നാടുകളിൽ അവിടവിടെ നഗരങ്ങളും വിപണനകേന്ദ്രങ്ങളും കടൽത്തീരങ്ങളിൽ ചെറുകിട തുറമുഖപട്ടണങ്ങളും വളർന്നുവന്നു. ഉത്തരചൈനാസമതലം, ദക്ഷിണജപ്പാന്‍, വിയറ്റ്‌നാംതീരം, ഗംഗാതടം എന്നീ മേഖലകളിലെ വിശാലമായ കാർഷികപ്രദേശങ്ങളിൽ ജനസാന്ദ്രത വർധിച്ചു. വേട്ടയാടലും ഭക്ഷ്യസംഭരണവും അടങ്ങുന്ന ലഘുവായ ജീവിതക്രമമോ അഥവാ താത്‌കാലിക കൃഷിയും വേട്ടയാടലും ഭക്ഷ്യസംഭരണവും ഉള്‍പ്പെടുന്ന സങ്കീർണമാർഗമോ അവലംബിച്ചിരുന്ന ജനവർഗങ്ങളായിരുന്നു ദ്വികസംവിധാനത്തിലെ ചെറിയ ഘടകങ്ങള്‍. ഈ ജനവർഗങ്ങള്‍ ഗംഗാ, ഇരാവതി, ചാവോഫ്രായ (Shavophraya), മെക്കോങ്‌ എന്നീ നദികളുടെ ഡെൽറ്റകള്‍; ഫിലിപ്പീന്‍സിലെ ലൂസോണ്‍ ദ്വീപിന്റെ മധ്യമേഖല; സുമാത്രയുടെ ഉത്തര തീരത്തുള്ള എക്കൽ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി ചിതറിപ്പാർത്തിരുന്നു.

18-ാം ശതകത്തിന്റെ അന്ത്യത്തോടെ യൂറോപ്യന്‍ കൊളോണിയൽ ശ്രമങ്ങളുടെ ഫലമായി പൂർവ-യൂറേഷ്യയിൽ ലോകവ്യാപാരക്രമത്തിനു നിരക്കുന്ന തരത്തിലുള്ള ഏകീകൃത ഉത്‌പാദനസംവിധാനങ്ങള്‍ രൂപപ്പെടുവാനാരംഭിച്ചു. യൂറോപ്പിനാവശ്യമായ അസംസ്‌കൃത പദാർഥങ്ങള്‍ പ്രദാനം ചെയ്യുന്ന പതിവും ഇതോടെ ആരംഭിച്ചു.

ഭാഷകള്‍

സിനോ-തിബത്തന്‍, ആള്‍ട്ടേയിക്‌-യൂറാളിക്‌, ഇന്തോ-യൂറോപ്യന്‍, ദ്രവീഡിയന്‍, സെമിറ്റിക്‌, മലയോ-പോളിനേഷ്യന്‍ എന്നിവയാണ്‌ ഏഷ്യയിലെ പ്രമുഖ ഭാഷാവിഭാഗങ്ങള്‍. ജാപ്പനീസ്‌ കൊറിയന്‍ ഭാഷകള്‍ ഒറ്റപ്പെട്ടവയായി കരുതപ്പെടുന്നു. പ്രാധാന്യം കുറഞ്ഞ ഭാഷാവിഭാഗങ്ങള്‍ വേറെയുമുണ്ട്‌. പാലിയോ-ഏഷ്യാറ്റിക്‌ ഭാഷകളാണ്‌ ഇവയിൽ പ്രമുഖമായത്‌. സൈബീരിയയുടെ ഉത്തര-പൂർവ ഭാഗങ്ങളിൽ ഈ ഭാഷകള്‍ പ്രചാരത്തിലുണ്ട്‌. അമേരിന്ത്യർ ഭാഷകളോട്‌ ഇവയ്‌ക്ക്‌ ഘടനാപരമായ സാമ്യമുണ്ട്‌.

സിനോ-തിബത്തന്‍ ഭാഷകള്‍ അവയുടെ സ്വരസവിശേഷതകൊണ്ട്‌ വേർതിരിക്കപ്പെട്ടിരിക്കുന്നു. ചൈനീസും തായ്‌ഭാഷയും സിനോ-തിബത്തന്‍ ഭാഷകളുടെ ഒരു ശാഖയായി പരിഗണിക്കപ്പെടുന്നു. ചൈനാക്കാരിൽ മൂന്നിൽ രണ്ടു ഭാഗത്തോളം മന്ദാരിന്‍ (Mandarin) അഥവാ ഉത്തരചൈനീസ്‌ ഭാഷ സംസാരിക്കുന്നു. (മന്ദാരിന്‍ ആധുനിക ചൈനയിലെ ഔദ്യോഗികഭാഷയാണ്‌). ദക്ഷിണ ചൈനീസ്‌ ഭാഷകളിൽ അമോയ്‌-സ്വാതോപ്‌, കാന്റണീസ്‌ എന്നിവ പ്രാധാന്യമർഹിക്കുന്നു. ആകെക്കൂടെ ചൈനയിൽ 150-ഓളം ഭാഷകള്‍ പ്രചാരത്തിലുണ്ട്‌. തായ്‌ (സയാമീസ്‌), വിയറ്റ്‌നാമീസ്‌ എന്നിവയാണ്‌ ചൈനീസ്‌-തായ്‌ ശാഖയിലെ മറ്റു പ്രമുഖ ഭാഷകള്‍. സിനോ-തിബത്തന്‍ ഭാഷകളിലെ മറ്റൊരു പ്രധാനശാഖ തിബത്തോബർമന്‍ ആണ്‌. തിബത്തനും ബർമീസുമുള്‍പ്പെടെ ദക്ഷിണേഷ്യയിലെയും ദക്ഷിണപൂർവേഷ്യയിലെയും അനേകം ഭാഷകള്‍ ഈ ശാഖയിൽ ഉള്‍പ്പെടുന്നു.

മംഗോളിയന്‍, മഞ്ചൂറിയന്‍, ടർക്കിക്‌ എന്നീ ഗോത്രങ്ങളിലെ ഭാഷകളുള്‍പ്പെടുന്ന മറ്റൊരു മധ്യേഷ്യന്‍ ഭാഷാവിഭാഗമാണ്‌ ആള്‍ട്ടേയിക്‌ (Altaic). ഇവയിലോരോന്നിനും അനേകം അവാന്തരവിഭാഗങ്ങളുമുണ്ട്‌. പശ്ചിമചൈന (സിങ്കിയാങ്‌)യിലെ വിഗൂർ, മധ്യ ഏഷ്യയിലെ കസാക്ക്‌, ഉസ്‌ബെക്ക്‌, വോള്‍ഗ, ടാറ്റാർ, ചുവാഷ്‌, അസെർബയ്‌ജാനി, ക്വഷ്‌ക്വായ്‌ (Quashqai), തുർക്കിയിലെ ടർക്കിഷ്‌ എന്നിവ ടർക്കിക്‌ ശാഖയിൽ ഉള്‍പ്പെടുന്നവയാണ്‌. ഉത്തര സൈബീരിയയിൽ പ്രചാരത്തിലിരിക്കുന്നത്‌ യൂറാളിക്‌ ഭാഷകളാണ്‌. വൊത്‌യാക്‌ (Votyak), സിറിയാന്‍ (Zyrian), മോർദ്‌വിന്‍ (Mordvin), ചെറമിസ്‌ (Cheremiss), ഫിന്നിഷ്‌, ഹംഗേറിയന്‍ എന്നിവ ഇതിലെ ഫിന്നോ-ഉഗ്‌രിക്‌ (Finno-Ugric) ശാഖയിൽപ്പെടുന്നു. അഞ്ചു ഭാഷകളടങ്ങുന്ന സമോയദ്‌ (Samoyad) ആണ്‌ മറ്റൊരു യൂറാളിക്‌ ഭാഷാശാഖ.

ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ പ്രചാരം ഇറാന്‍, അഫ്‌ഗാനിസ്ഥാന്‍, പാകിസ്‌താന്‍, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇറാനിയന്‍-ഇന്തിക്‌ (Indic) ശാഖയിൽപ്പെടുന്നവയാണ്‌ ഇവ. ഇറാനിലെ ഔദ്യോഗികഭാഷയായ പേർഷ്യനും അഫ്‌ഗാനിസ്‌താനിലെ പ്രമുഖ ഭാഷയായ പുഷ്‌തു (Pushtu)വും ഇറാനിയന്‍ ശാഖാവിഭാഗങ്ങളാണ്‌. സംസ്‌കൃതം, ആധുനികഭാരതീയ ആര്യഭാഷകള്‍, ശ്രീലങ്കയിൽ ഉപയോഗിക്കുന്ന സിന്‍ഹളീസ്‌ എന്നിവ ഇന്തിക്‌ ശാഖയിൽപ്പെടുന്ന ഇന്തോ-യൂറോപ്യന്‍ ഭാഷകളാണ്‌. ഈ ഭാഷാവിഭാഗത്തിൽപ്പെടുന്ന മറ്റൊരു ഭാഷ സംസാരിക്കുന്നവരാണ്‌ സംഖ്യാബലമുള്ള ജനവിഭാഗമായ സൈബീരിയാനിവാസികള്‍.

ദക്ഷിണേന്ത്യയിലെ ദ്രാവിഡഭാഷകള്‍ക്ക്‌ ആര്യഭാഷകളുമായി അടുത്ത സമ്പർക്കമില്ല. ദ്രാവിഡഭാഷകളുടെ ഘടനാപരമായ കാര്യങ്ങള്‍ തികച്ചും വ്യത്യസ്‌തമാണെങ്കിലും ഇന്തിക്‌ ഭാഷകളും ദ്രാവിഡഭാഷകളും പദങ്ങള്‍ പരസ്‌പരം കടം കൊണ്ടിട്ടുള്ളതായി ഡോ. ഗുണ്ടർട്ടും ഫാ. കിറ്റലും വ്യക്തമാക്കിയിട്ടുണ്ട്‌. ദ്രാവിഡഭാഷകളുടെ സ്വാധീനതയുടെ ഫലമായിട്ടായിരിക്കണം ഇന്തിക്‌ ഭാഷകള്‍ ഇപ്പോള്‍ ദ്രാവീഡിയമായ വർത്‌സ്യ-വ്യഞ്‌ജനങ്ങള്‍ ഉപയോഗിച്ചുവരുന്നത്‌. അറബി ആണ്‌ ഏഷ്യയിൽ പ്രചാരമുള്ള സെമിറ്റിക്‌ ഭാഷാവിഭാഗം. സൗദി, സിറോ-പലസ്‌തീനിയന്‍, ഇറാക്കി, അറബിക്‌, ഇത്യാദി വിവിധ അവാന്തരവിഭാഗങ്ങള്‍ ഇതിനുണ്ട്‌. എന്നാൽ ക്ലാസ്സിക്കൽ അറബി അടിസ്ഥാനമാക്കിയുള്ള സാഹിത്യഭാഷ അറബിലോകത്തിലുടനീളം പ്രയോഗത്തിലിരിക്കുന്നു. ഇസ്രയേലികളുപയോഗിച്ചുവരുന്ന ഹീബ്രു (എബ്രായ) ഭാഷയും സെമിറ്റിക്‌ വിഭാഗത്തിൽപ്പെടുന്നതാണ്‌.

ദക്ഷിണ പൂർവേഷ്യയിലും പസിഫിക്‌ ദ്വീപുകളിലും മലയോ-പോളിനേഷ്യന്‍ (Malayo-Polynesian or Austronesian)വിഭാഗത്തിൽപ്പെടുന്ന നൂറുകണക്കിന്‌ ഭാഷകള്‍ പ്രയോഗത്തിലുണ്ട്‌. മലയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌ (ദേശീയഭാഷ-താഗാലോഗ്‌), തായ്‌വാന്‍ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ളത്‌ മലയന്‍ ഭാഷകളാണ്‌. ഭാഷാപരമായ വൈവിധ്യം ഏഷ്യന്‍ ഭൂഖണ്ഡത്തിൽ ദേശീയതയുടേതായ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. അടുത്തകാലത്തായി ചെറിയ ജനവർഗവിഭാഗങ്ങളുടേതായ ഭാഷകള്‍ പലതും നശിച്ചുപോവുകയും ജനസംഖ്യയിൽ വളർച്ചനേടിയ ചില വിഭാഗങ്ങളുടെ ഭാഷകള്‍ വളരുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും ബഹുഭാഷാ വ്യവഹാരം വ്യാപിച്ചുകൊണ്ടിരിക്കുന്നു നോ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രം; ഇന്തോ-ആര്യന്‍ഭാഷകള്‍; ദ്രാവിഡഭാഷകള്‍.

മതം

മഹത്തായ ലോകമതങ്ങളുടെയെല്ലാം ജന്മദേശം ഏഷ്യയാണ്‌. ആധ്യാത്മികവും മതപരവും ധാർമികവും ലാക്ഷണികവുമായ മുന്‍വിധികളും അതോടൊത്തുപോകുന്ന എല്ലാവിധ അനുഷ്‌ഠാനമുറകളുമാണ്‌ പരമ്പരാഗത ഏഷ്യന്‍ ജനജീവിതത്തിന്റെ മുഖ്യ മുഖമുദ്ര. കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ശാസ്‌ത്രത്തിലും കലയിലുമെല്ലാം ഇവ പ്രതിബിംബിച്ചു നില്‌ക്കുന്നു. ഏഷ്യന്‍ ജനതയിൽ ഏറ്റവും മികച്ച ഭൗതികവാദികളെന്നു കരുതുന്ന ചീനരും മതവികാരത്തിൽനിന്നും തികച്ചും മോചിതരല്ല. ഏഷ്യയിൽ ആവിർഭവിച്ച മതങ്ങള്‍ പൊതുവായി ആറു വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു: (1) വിശ്വദേവതാവാദം (Animism), (2) ക്രിസ്‌തുമതം ഉള്‍പ്പെടെ ഇസ്‌ലാമിന്റെ ആവിർഭാവത്തിനു മുമ്പുള്ള മതങ്ങള്‍, (3) ഇസ്‌ലാം (4) ഹിന്ദുമതമുള്‍പ്പെടെ ബുദ്ധമതത്തിനു മുമ്പ്‌ നിലവിലിരുന്ന മതങ്ങളും ജൈനമതവും (5) ബുദ്ധമതം (6) വിവിധ വ്യാമിശ്രമതങ്ങളും പ്രസ്ഥാനങ്ങളും.

ജീവനുള്ളവയും ജീവനില്ലാത്തവയും എന്ന തരംതിരിവു തന്നെ പ്രാകൃത ജനവർഗങ്ങള്‍ക്ക്‌ അജ്ഞാതമായിരുന്നു. സചേതനങ്ങളും അചേതനങ്ങളും ആയ എല്ലാ വസ്‌തുക്കള്‍ക്കും സ്വന്തമായി ആത്മാവ്‌ ഉണ്ടെന്ന വിശ്വാസമാണ്‌ വിശ്വദേവതാവാദത്തിന്റെ കാതലായ അംശം. ഏഷ്യയിലെ പല പ്രാചീന വർഗക്കാരും ഇതിൽ വിശ്വസിച്ചിരുന്നു.

വെളുത്തവർഗത്തിലെ ആര്യന്‍ വിഭാഗത്തിന്റെതായ സരതുഷ്‌ട്ര മതത്തിന്‌ ഒരു തത്ത്വസംഹിതയും ധർമശാസ്‌ത്രങ്ങളുമുണ്ട്‌. പേർഷ്യയിലെ സരതുഷ്‌ട്രന്‍ (സു. ബി.സി. 660-583) ആയിരുന്നു ഇവരുടെ പ്രബോധകന്‍. പ്രകാശത്തിന്റെ ദേവനായ ഓർമസ്‌ദും (Ormezd) അന്ധകാരത്തിന്റെ ദേവനായ അഹ്‌റിമനും(Ahriman) തമ്മിലുള്ള സംഘർഷം എന്ന്‌ സരതുഷ്‌ട്രന്‍ പ്രഖ്യാപിച്ചു. പ്രാചീനകാലത്ത്‌ ഈ മതത്തിന്‌ ജനങ്ങളിൽ ഗണ്യമായ സ്വാധീനതയുമുണ്ടായിരുന്നു. ചൈന മുതൽ അർമീനിയവരെയും പേർഷ്യയിൽ നിന്നു കപ്പഡോഷ്യവരെയും ഇതു വ്യാപിച്ചു. സാവധാനത്തിലാണെങ്കിലും ഇത്‌ ഇറാനിയരുടെ ഇടയിൽ സ്വാധീനമുറപ്പിക്കുകയും ക്രിസ്‌തുമതത്തിനും ബുദ്ധമതത്തിനും ജൈനമതത്തിനും ശക്തമായ പ്രതിയോഗിയായി വർത്തിക്കുകയും ചെയ്‌തു. പേർഷ്യയെ അടക്കിവാണ സരതുഷ്‌ട്രമതം അവസാനം ഇസ്‌ലാമിനു വഴിമാറി. ടെഹ്‌റാനിലും യെസ്‌ദിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഒരു ചെറിയവിഭാഗം സരതുഷ്‌ട്രമത വിശ്വാസികള്‍ ഇന്ന്‌ അവശേഷിക്കുന്നുണ്ട്‌. മതപരിവർത്തനത്തെ ഈ മതം അംഗീകരിക്കുന്നില്ല. മിശ്രവിവാഹത്തിലെ സന്തതികളെ സ്വന്തം മതത്തിലേക്കു കൂട്ടാനും ഇവർ തയ്യാറല്ല. അതുകൊണ്ട്‌ സരതുഷ്‌ട്രമതത്തിന്‌ അതിന്റെ അനുയായികളിലൊഴികെ യാതൊരു സ്വാധീനതയുമില്ല. മിത്രയിസമായിരുന്നു പ്രാരംഭകാലം മുതല്‌ക്ക്‌ ക്രിസ്‌തുമതത്തിനു പ്രതിബന്ധമായി വർത്തിച്ച മറ്റൊരു മതം. റോമാസാമ്രാജ്യത്തിന്റെ അവസാനകാലത്ത്‌ പ്രചരിച്ച മിത്രയിസം സരതുഷ്‌ട്രമതത്തിന്റെ ഒരു ശാഖയാണെന്നും കരുതപ്പെടുന്നു. ഉത്തര ആഫ്രിക്കയിലും റോമിലും ബ്രിട്ടനിലും ക്രിസ്‌തുമതവും മിത്രയിസവും തമ്മിൽ അക്രമാസക്തമായ സംഘർഷം നടന്നു. നാലാം ശതകത്തിൽ ജൂലിയന്‍ ചക്രവർത്തിയുടെയും യൂജിന്‍ ചക്രവർത്തിയുടെയും കീഴിൽ മിത്രയിസം റോമിലെ ഔദ്യോഗികമതമായിരുന്നു. നീതിശാസ്‌ത്രത്തിനു മിത്രയിസം പരമപ്രാധാന്യം നല്‌കി.

വെളുത്തവർഗത്തിലെ സെമിറ്റിക്‌ ശാഖയാണ്‌ പാശ്ചാത്യ ലോകത്തിലാകെ അംഗീകാരം ലഭിച്ച വിശ്വാസങ്ങള്‍ക്കുജന്മം നല്‌കിയത്‌. ഇവയിൽ ആദ്യത്തേതായ യഹൂദമതം "യഹോവ'യായ സ്രഷ്‌ടാവിനെ അംഗീകരിക്കുകയും കർശനവും സാന്ദ്രവുമായ ലിഖിതധാർമിക സംഹിതയും ഒരു കൂട്ടം അനുഷ്‌ഠാനമുറകളും ആവിഷ്‌കരിക്കുകയും ചെയ്‌തു. ഈ മതത്തിന്‌ സ്ഥാപകനില്ല. ലിഖിതവേദങ്ങള്‍ ഭൗതിക ജീവിതത്തിന്റെ വിശദാംശങ്ങളെ നിയന്ത്രിക്കുന്നു; ധാർമികവും നീതിന്യായപരവുമായ നിയമങ്ങള്‍ ജീവിതചര്യകളെ അനുശാസിക്കുന്നു. മതാദർശത്താൽ പ്രചോദിതമായ സമൂഹത്തിനു ജീവിതസിദ്ധാന്തം പ്രദാനം ചെയ്യുന്നു. നൂറ്റാണ്ടുകളോളം പീഡനങ്ങളെ അതിജീവിച്ച ലക്ഷക്കണക്കിനു യഹൂദർ ഇന്നും ഇവ നിഷ്‌കർഷമായി പാലിച്ചുവരുന്നു. വിവിധ സന്ദർഭങ്ങളിൽ ദൈവം നല്‌കുന്ന വെളിപാടുകളുടെ ആകെത്തുകയാണ്‌ ഈ മതം എന്നാണ്‌ കരുതപ്പെടുന്നത്‌. യഹൂദമതത്തിലേക്ക്‌ പരിവർത്തനം ചെയ്യാന്‍ സാധ്യമല്ല; മതാനുസാരികള്‍ക്കുപുറത്ത്‌ ഈ മതത്തിനു സ്വാധീനതയുമില്ല. എന്നാൽ യഹൂദമതത്തിന്റെ അടിസ്ഥാന പ്രബോധനങ്ങള്‍ ക്രിസ്‌തുമതത്തിലും ഇസ്‌ലാമിലും വർണഭംഗിയാർജിച്ചു നിലനില്‌ക്കുന്നു.

ക്രിസ്‌തുമതത്തിന്‌ ഒരു സ്ഥാപകനും ഒരു തത്ത്വസംഹിതയുമുണ്ട്‌. ഇതിന്റെ തത്ത്വസംഹിതയിൽ വ്യക്തമായി ആലേഖനം ചെയ്യപ്പെട്ട ധർമശാസ്‌ത്രങ്ങളുമുണ്ട്‌. ഈ ധർമശാസ്‌ത്രങ്ങള്‍ പില്‌ക്കാലത്ത്‌ അംഗീകൃതാധികാരികളുടെ നിർവചനത്തിനും വ്യാഖ്യാനത്തിനും വിധേയമായി. എന്നാൽ ഇവ പൊതുനിയമങ്ങളാണ്‌; ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നവയല്ല. നിയമ സ്വഭാവത്തിലുള്ള താക്കീതുകളും പ്രമാണങ്ങളും പില്‌ക്കാലത്താണു വികാസം പ്രാപിച്ചത്‌. ഒരൊറ്റ വെളിപാടിലൂടെയാണ്‌ ഈ മതവിശ്വാസം ആവിർഭവിച്ചത്‌. യഹൂദമതത്തെപ്പോലെ ക്രിസ്‌തുമതവും കേവലസത്യം ഉള്‍ക്കൊള്ളുന്നതാണ്‌ എന്നവകാശപ്പെടുന്നു. ഇതിന്റെ ഐതിഹ്യങ്ങള്‍ യഹൂദസമൂദായത്തിന്റേതുതന്നെയാണ്‌. എന്നാൽ ഇതിനു പരിശിഷ്‌ടമായി പുണ്യവാളന്മാരുടെ ജീവചരിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. സങ്കീർണമായ ഇതിന്റെ അനുഷ്‌ഠാനമുറകള്‍ക്ക്‌ മതാചാരത്തിനു പുറത്തു പ്രസക്തിയില്ല. ക്രിസ്‌തുമതത്തിനും ബുദ്ധമതത്തെപ്പോലെ ജന്മനാട്ടിൽ പ്രസക്തിയില്ലാതെപോയി. എല്ലാ രാജ്യങ്ങളിലും ക്രസ്‌തവ ന്യൂനപക്ഷങ്ങളുണ്ടെങ്കിലും ലെബനനും സൈപ്രസും മാത്രമാണ്‌ ഏഷ്യയിൽ ക്രിസ്‌തുമത്തിന്‌ നിർണായക സ്ഥാനമുള്ള രാജ്യങ്ങള്‍. മറ്റൊരു ഏഷ്യന്‍ രാഷ്‌ട്രമായ ഫിലിപ്പീന്‍സ്‌ ക്രിസ്‌തീയ രാജ്യമാണെന്നവകാശപ്പെടുന്നുണ്ടെങ്കിലും ഇവിടെ പാശ്ചാത്യവത്‌കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം മാത്രമാണ്‌ യഥാർഥ മതതാത്‌പര്യം പ്രദർശിപ്പിച്ചു വരുന്നത്‌.

പ്രവാചകന്മാരുടെയെല്ലാം മഹദ്‌വചനങ്ങളെ സ്വാംശീകരിച്ചിട്ടുള്ള ഇസ്‌ലാംമതം അല്ലാഹുവിലും ദൈവദൂതന്മാരിലും അന്ത്യവിധിയിലും മരണാനന്തരജീവിതത്തിലും ഉള്ള വിശ്വാസങ്ങളിലധിഷ്‌ഠിതമാണ്‌. അവസാനത്തെ പ്രവാചകനായ മുഹമ്മദ്‌നബി ഉള്‍പ്പെടെയുള്ള വിശുദ്ധന്മാരിലൂടെ ലഭിച്ച അല്ലാഹുവിന്റെ സന്ദേശങ്ങളുടെ ആകെത്തുകയാണ്‌ ഇസ്‌ലാം. യേശു, മോസസ്‌ തുടങ്ങിയവരുടെ ദൈവീകത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ല; എന്നാൽ ഇവരെയൊക്കെയും പ്രവാചകരായി കണക്കാക്കുന്നു. കേവലവും പൂർണവുമായ സത്യത്തെ ഇസ്‌ലാം ഉള്‍ക്കൊള്ളുന്നുവെന്നാണ്‌ അഭിപ്രായപ്പെടുന്നത്‌. ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്ന ഇസ്‌ലാം ആത്മാവ്‌ അനശ്വരമാണെന്നു കരുതുന്നു. ഇസ്‌ലാമിക ആചാരാനുഷ്‌ഠാനങ്ങള്‍ ഋജുവും കർശനവുമാണ്‌. ജന്മദേശത്തു സ്വാധീനതയുറപ്പിച്ച ഇസ്‌ലാമിന്റെ വ്യാപനം ശീഘ്രതരമായിരുന്നു. പ്രപഞ്ചസങ്കല്‌പം ഇസ്‌ലാമിക ലോകത്തിലുടനീളം ഐകരൂപ്യമുള്ളതാണ്‌. ദക്ഷിണ പശ്ചിമേഷ്യ, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിൽ ഇസ്‌ലാംമതം വ്യാപിച്ചിട്ടുണ്ട്‌.

ഇന്ത്യയിൽ ഏറ്റവും പ്രാമുഖ്യമുള്ള സംഘടിതമതം ഹിന്ദുമതമാണ്‌. ശ്രീലങ്ക, ഇന്തോചൈന, ബാലി, ഏഡന്‍ എന്നിവിടങ്ങളിലും ചെറിയ ഹിന്ദുമത വിഭാഗങ്ങള്‍ നിവസിക്കുന്നു. ഹിന്ദുമതത്തിന്‌ ഏകീകൃത മതതത്ത്വശാസ്‌ത്രമോ മതസ്ഥാപകനോ ഇല്ല. ഹൈന്ദവ ലോകവീക്ഷണം ഉന്നതവും പൂർണവുമായ സത്യമാണെന്ന്‌ കരുതപ്പെടുന്നു. ലോകോത്‌പത്തിയെ ഭരിക്കുന്നതും സ്രഷ്‌ടാവ്‌ പ്രയോഗിക്കുന്നതുമായ ഋഷിമാർ വിശദീകരിച്ചിട്ടുള്ള പ്രമാണങ്ങള്‍ സവിശേഷ നിയമങ്ങളുടെ വെളിപാടുകളായി പരിഗണിക്കപ്പെടുന്നു. ഹിന്ദുമത-ഐതിഹ്യം വിശാലവും സങ്കീർണവും വിദ്യാഭ്യാസപരവുമാണ്‌. സന്ന്യാസ ജീവിതത്തിന്‌ ഇത്‌ അത്യധികം പ്രാധാന്യം നല്‌കുന്നു. ഹിന്ദുമതം ആരംഭത്തിൽ സങ്കീർണമല്ലാത്ത ഒരു സങ്കല്‌പമായിരുന്നു. ബ്രഹ്മ, വിഷ്‌ണു, മഹേശ്വരന്മാരിൽ ആരോപിതമായിരുന്ന വിശുദ്ധത്രിത്വം ഏകതത്ത്വമായ പരബ്രഹ്മത്തിന്റെ മൂന്ന്‌ ആവിഷ്‌കാരങ്ങളായിരുന്നു. എന്നാൽ പില്‌ക്കാലത്ത്‌ ഇത്തരം ആവിഷ്‌കാരങ്ങളുടെ എണ്ണം വർധിച്ചതനുസരിച്ച്‌ ഒരു കൂട്ടം ഉപദേവന്മാരും നിരവധി മതവിഭാഗങ്ങളും ആരാധനാക്രമങ്ങളും തത്ത്വചിന്താപദ്ധതികളും ആവിർഭവിച്ചു. ദേഹാന്തര പ്രാപ്‌തിയെ സംബന്ധിച്ച സിദ്ധാന്തങ്ങളും സാമൂഹികമായി വർണജാതിവ്യവസ്ഥയും അരങ്ങേറിയത്‌ പില്‌ക്കാലത്താണ്‌. വിവിധ തത്ത്വചിന്താപദ്ധതികള്‍ ഒരു പോലെ സാധ്യതയുള്ളതും പരസ്‌പര പൂരകങ്ങളും ആയി കരുതപ്പെടുന്നുവെങ്കിലും ഹിന്ദുമത വിശ്വാസികളിൽ മൂന്നു പ്രമുഖ വിഭാഗങ്ങളുണ്ട്‌: ശൈവർ, വൈഷ്‌ണവർ, ശാക്തർ.

ബുദ്ധമതത്തിനു സമകാലികമായി ഹിന്ദുമതത്തിൽ നിന്നും ആവിർഭവിച്ച ഒന്നാണ്‌ ജൈനമതം. ഈ മതവിശ്വാസമനുസരിച്ച്‌ തുടർച്ചയായി 24 ലോകരക്ഷകന്മാർ അവതരിച്ചിട്ടുണ്ട്‌. ജൈനമതസ്ഥാപകനായി അറിയപ്പെടുന്ന വർധമാന മഹാവീരന്‍ (ബി.സി. ആറാം ശ.) ഈ അവതാരങ്ങളിൽ അവസാനത്തേതാണ്‌. സന്ന്യാസജീവിതത്തിനു ജൈനമതം പ്രാധാന്യം നൽകുന്നു. വമ്പിച്ച ഐതിഹ്യസമ്പത്തും വിശദമായ അനുഷ്‌ഠാനമുറകളും ഈ മതത്തിനുണ്ട്‌. ദിഗംബരന്‍, ശ്വേതാംബരന്‍ എന്നു രണ്ടു വിഭാഗങ്ങളായി ജൈനന്മാർ വിഭജിക്കപ്പെട്ടിരിക്കുന്നു.

യഹൂദമതത്തെപ്പോലെ കണ്‍ഫ്യൂഷിയന്‍ മതവും അനേകം വിശുദ്ധന്മാരുടെ പ്രബോധനങ്ങളുടെ ആകെത്തുകയാണ്‌. കണ്‍ഫ്യൂഷിയസ്‌ (ബി.സി. 550-478) ആണ്‌ ഇതിന്റെ പ്രണേതാവ്‌. ഇതിന്റെ പ്രബോധനങ്ങള്‍ ഏതെങ്കിലും ആധ്യാത്മിക തത്ത്വത്തെ ആധാരമാക്കിയുള്ളതല്ല. ഈ മതത്തിന്‌ അനുഷ്‌ഠാനമുറകളോ പുരോഹിതന്റെ ആവശ്യമോ ഇല്ല. സമൂഹജീവിതത്തെ ഏറ്റവും തൃപ്‌തികരമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയാണ്‌ ഇതിന്റെ മുഖ്യലക്ഷ്യം. ഇതിനായി അടിസ്ഥാനപരമായ സ്‌നേഹം, നീതി, ബഹുമാനം, ജ്ഞാനം(wisdom), ആർജവം എന്നിങ്ങനെ അഞ്ചു തത്ത്വങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്‍ മൗലികമായി നല്ലവനാണെന്ന്‌ ഈ മതം അംഗീകരിക്കുന്നു. പിതൃഭക്തിയും പിതൃക്കളുടെ ആരാധനയും ഇതു പ്രാത്സാഹിപ്പിച്ചിട്ടുണ്ട്‌. 20-ാം ശതകം വരെയും ചൈനയിൽ കണ്‍ഫ്യൂഷിയന്‍മതം സർവപ്രധാനമായിരുന്നു. ഇത്‌ കുടുംബധർമത്തെയും വ്യക്തികളുടെ പെരുമാറ്റത്തെയും രാജ്യഭരണത്തെയും നിയന്ത്രിച്ചുപോന്നു. ഗവണ്‍മെന്റുദ്യോഗത്തിനുവേണ്ടിയുള്ള മത്സര പരീക്ഷയിൽ കണ്‍ഫ്യൂഷിയന്‍ ഗ്രന്ഥവിജ്ഞാനം പ്രാധാന്യമേറിയ ഒരു ഇനമായിരുന്നു.

ലാവോത്‌സെ (ബി.സി. 604-517) സ്ഥാപിച്ച തായോയിസം കണ്‍ഫ്യൂഷിയന്‍ മതത്തിനു സമകാലികമായിരുന്നു. മനുഷ്യന്റെ വ്യുത്‌പത്തിയുടെയും വീക്ഷണത്തിന്റെയും ഫലമായുണ്ടായതും ലോകത്തെ നയിക്കുന്നതുമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രായോഗികതത്ത്വം താവോയിസത്തിൽ അന്തർലീനമാണ്‌. പ്രായോഗികമായി താവോയിസവും കണ്‍ഫ്യൂഷിയന്‍ മതവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്‌. ഇവയും ബുദ്ധമതവും ചേർന്ന്‌ ചൈനീസ്‌ സാർവലൗകികത്വം ഉദ്‌ഭവിച്ചിരിക്കുന്നുവെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌. പ്രാചീനതയ്‌ക്കും പാരമ്പര്യത്തിനും ചൈന പ്രാധാന്യം നല്‌കുന്നു. ഈ സമീപനത്തിന്റെ അനുകരണമാണ്‌ "മിക്കാദോ'യെ സംബന്ധിച്ച ജാപ്പനീസ്‌ സങ്കല്‌പം. ഷിന്റോയിസത്തിന്റെ ഉള്ളടക്കം ഇതാണ്‌. ഷിന്റോയിസവും ഹിന്ദുമതത്തെപോലെ ലോകോത്‌പത്തിയെ സംബന്ധിച്ച വിശദജ്ഞാനം അവകാശപ്പെടുന്നു. വിശുദ്ധ വേദങ്ങളൊന്നും ഇതിനില്ല. എട്ടാം ശതകത്തിൽ രചിക്കപ്പെട്ട കോജിക്കി(Kojiki)യും നിഹോങ്‌ഗി-(Nihongi)യും ഈ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവ പരമ്പരാഗതങ്ങളായ ഐതിഹ്യങ്ങളുടെയും കാലഗണനയുടെയും സമാഹാരങ്ങളാണ്‌. ഇത്‌ ആധ്യാത്മികവാദപരമോ മതപരിവർത്തനോന്മുഖമോ അല്ല. ജപ്പാന്‍ജനതയുടെ മേൽ ഗണ്യമായ സ്വാധീനതയുള്ള ഷിന്റോയിസം, അവരുടെ സാമൂഹികവും രാഷ്‌ട്രീയവുമായ ജീവിതം, കുടുംബഘടന, വ്യക്തിപരമായ പെരുമാറ്റം ഇവയെ നിർണയിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്നു. ദൈവത്തി(Kami)ന്‌ ധാർമികവും മതപരവുമായ കേവലാധികാരമുണ്ട്‌. ഇതിനു വിധേയമായി ചക്രവർത്തിക്ക്‌ ദൈവം പരമാധികാരം നല്‌കിയിരിക്കുന്നുവെന്ന്‌ ഷിന്റോയിസം സിദ്ധാന്തിക്കുന്നു. രാജ്യത്തിൽ ചക്രവർത്തിക്കുള്ള സ്ഥാനം കുടുംബത്തിൽ പിതാവിനുണ്ട്‌. ഷിന്റോയിസത്തിനു "ഇംപീരിയൽ', "സ്റ്റേറ്റ്‌', "സെക്‌ട്‌' എന്നിങ്ങനെ മൂന്നു തട്ടുകളുണ്ട്‌. സെക്‌ട്‌ ഷിന്റോയിൽ 3,132 അംഗീകൃത വിഭാഗങ്ങളുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇവയിൽ 13 എണ്ണത്തിന്‌ ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്‌.

ഗൗതമബുദ്ധന്‍ (ബി.സി. 560-480) സ്ഥാപിച്ച ബുദ്ധമതത്തിന്റെ തത്ത്വശാസ്‌ത്രം ദൈവികവെളിപാടല്ല, പ്രത്യുത ഒരു മനുഷ്യന്റെ ബോധോദയത്തിന്റെ ഉത്‌പന്നമാണ്‌. അതുകൊണ്ട്‌ ഇത്‌ കേവല സത്യമെന്ന്‌ അംഗീകരിക്കപ്പെടേണ്ടതില്ല. ബുദ്ധമതത്തിന്റെ വേദേതിഹാസങ്ങളുടെ പട്ടിക ഔദ്യോഗികമായി ലഭ്യമാണ്‌. ഹിന്ദുമതത്തിൽനിന്ന്‌ പകർത്തിയ ഇതിഹാസം പില്‌ക്കാലത്ത്‌ വളർന്നു വികിസിച്ചിട്ടുണ്ട്‌. സന്ന്യാസാശ്രമജീവിതത്തിന്‌ ബുദ്ധമതം പ്രാധാന്യം കല്‌പിക്കുന്നു. ആധ്യാത്മിക വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബുദ്ധമതതത്ത്വശാസ്‌ത്രവും ബൗദ്ധ ധർമസംഹിതയും ആവിർഭവിച്ചിരിക്കുന്നത്‌. ജീവിതവ്യാമോഹത്തിൽനിന്നു മുക്തിനേടുന്നതെങ്ങനെയെന്നതാണ്‌ ബുദ്ധമതത്തിന്റെ പ്രതിപാദ്യം. ജന്മനാടായ ഇന്ത്യയിൽ ബുദ്ധമതത്തിന്‌ ഗണ്യമായ തോതിൽ അനുയായികളില്ല. എന്നാൽ ചൈന, ദക്ഷിണപൂർവേഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇതിനു വമ്പിച്ച സ്വാധീനതയുണ്ട്‌. ബഹുരൂപാന്തരീകരണ സാധ്യമായ(polymorphous) ബുദ്ധമതം ചെന്നെത്തിയ പ്രദേശങ്ങളിലെല്ലാം നിലവിലുള്ള മറ്റുമതങ്ങളുമായി ഇണങ്ങിച്ചേർന്നിട്ടുണ്ട്‌. ചൈനയിൽ കണ്‍ഫ്യൂഷിയനിസവും താവോയിസവുമായും, ജപ്പാനിൽ ഷിന്റോയിസവുമായും, മറ്റു ചിലേടങ്ങളിൽ ഷാമനിസവുമായും കൂടിക്കലർന്ന്‌ ബുദ്ധമതം അനേകം വിഭാഗങ്ങളായി ഭിന്നിച്ചു. ജപ്പാനിലെ സെന്‍ (Zen), തിബത്തിലെ താന്ത്രിക്‌ (Tantric), ഇന്തോ ചൈനയിലെയും ശ്രീലങ്കയിലെയും തേരവാദി (Thera Vadic) എന്നിവയാണ്‌ പരസ്‌പരവിരുദ്ധങ്ങളായ ഇത്തരം വിഭാഗങ്ങള്‍. തേരവാദ (ഹീനയാന), മഹായാന എന്നിവയാണ്‌ രണ്ടു പ്രധാന ബുദ്ധമത വിഭാഗങ്ങള്‍.

ഏഷ്യയിലെ മതവും ഭാഷയും
പൂർവേഷ്യ
രാജ്യം	  	മതം 		  ഭാഷ
ചൈന		 താവോയിസം, ബുദ്ധമതം 	ചൈനീസ്‌			ക്രിസ്‌തുമതം, ഇസ്‌ലാം, 			ഹിന്ദു
ജപ്പാന്‍	 	ഷിന്റോ, ബുദ്ധമതം 	ജാപ്പനീസ്‌
മംഗോളിയ 	തിബത്തന്‍ ബുദ്ധമത	ഖൽഖ, മംഗോള്‍ 			ലാമായിസം	 	ടർക്കിഷ്‌	 				റഷ്യന്‍ 
ഉത്തരകൊറിയ 	ബുദ്ധമതം 						കണ്‍ഫ്യൂഷിയന്‍ മതം	 കൊറിയന്‍
ദക്ഷിണകൊറിയ 	ക്രിസ്‌തുമതം, ബുദ്ധമതം	 കൊറിയന്‍			 കണ്‍ഫ്യൂഷിയന്‍മതം
തായ്‌വാന്‍	 താവോ 			മന്‍ഡറിൽ 			കണ്‍ഫ്യൂഷിയന്‍മതം	 തയ്‌വാനീസ്‌	 		ബുദ്ധമതം

മധ്യേഷ്യ

ഖസാഖ്‌സ്‌താന്‍	 ഇസ്‌ലാം			 കസാഖ്‌	 			റഷ്യന്‍ ഓർത്തഡോക്‌സ്‌ 	റഷ്യന്‍ 		പ്രാട്ടസ്റ്റന്റ്‌	 
കിർഗിസ്‌താന്‍ 	ഇസ്‌ലാം 			കിർഗിസ്‌ 				റഷ്യന്‍ ഓർത്തഡോക്‌സ്‌ 	റഷ്യന്‍
താജിക്കിസ്‌താന്‍	 ഇസ്‌ലാം (സുന്നി)		താജിക്‌, റഷ്യന്‍
തുർക്ക്‌മെനിസ്‌താന്‍	 ഇസ്‌ലാം	 		തുർക്ക്‌മെന്‍ 			ഈസ്റ്റേണ്‍ ഓർത്തഡോക്‌സ്‌ 	റഷ്യന്‍
ഉസ്‌ബെക്കിസ്‌താന്‍	 ഇസ്‌ലാം	 		ഉസ്‌ബെക്ക്‌ 			ഈസ്റ്റേണ്‍ ഓർത്തഡോക്‌സ്‌
 

സംസ്‌കാരം

ലോക സംസ്‌കാരത്തിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന നാലു പ്രദേശങ്ങളുണ്ട്‌. ഇതിൽ മൂന്നും ഏഷ്യന്‍ പ്രദേശങ്ങളാണ്‌. ഒന്നാമത്തേത്‌ പേർഷ്യന്‍ ഉള്‍ക്കടലിന്‌ വടക്കും പടിഞ്ഞാറുമുള്ള ടൈഗ്രീസ്‌ നദിയുടെയും യൂഫ്രട്ടീസ്‌ നദിയുടെയും തീരദേശങ്ങളാണ്‌. ജോർദാന്‍ നദിയുടെ തീരംവരെ ഈ സാംസ്‌കാരികമേഖല വ്യാപിച്ചു കിടന്നു. ഇന്നത്തെ ഇറാഖ്‌, ഇസ്രയേൽ, ജോർദാന്‍, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിൽ ഉള്‍പ്പെടുന്നതാണ്‌ ഈ പ്രദേശം. സുമാർ ബി.സി. 3000-ാമാണ്ടു മുതൽ 300-ാമാണ്ടു വരെ നിലനിന്ന യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ സംസ്‌കാര കാലഘട്ടത്തിൽ സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, പേർഷ്യന്‍ സാമ്രാജ്യങ്ങള്‍ ആവിർഭവിച്ചു. ക്യൂനിഫോം എന്നറിയപ്പെടുന്ന എഴുത്തുരീതി കണ്ടുപിടിച്ചത്‌ സുമേറിയാക്കാരാണ്‌. ഇവർ ഈജിപ്‌തുകാരുള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുമായി വ്യാപാരത്തിലേർപ്പെട്ടിരുന്നു. സുമേറിയന്‍ ജനതയ്‌ക്ക്‌ യുദ്ധത്തിനുപയോഗിക്കുന്ന രഥങ്ങള്‍ ഉണ്ടായിരുന്നു. അളവുംതൂക്കവും വ്യാപാരകാര്യങ്ങളും നിയന്ത്രിക്കുന്ന സങ്കീർണമായ നിയമസംവിധാനത്തിന്‌ ഇവർ രൂപം നല്‌കിയിട്ടുണ്ട്‌.

ദക്ഷിണേഷ്യയിൽ ബി.സി. 2500-1500 കാലഘട്ടത്ത്‌ വമ്പിച്ച പിച്ചളയുഗസംസ്‌കാരം വികസിച്ചിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ പ്രദേശത്തുള്ള സൈന്ധവതീരത്തായിരുന്നു, ഇത്‌ വ്യാപിച്ചിരുന്നത്‌. 1500-ാമാണ്ടോടെ അലഞ്ഞുനടക്കുന്ന ആര്യന്‍-ആക്രമണകാരികള്‍ ഈ പ്രദേശം പിടിച്ചെടുക്കുകയും അവർ വികസിപ്പിച്ചെടുത്ത സാമൂഹികാചാരങ്ങള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ അടിസ്ഥാനമായിത്തീരുകയും ചെയ്‌തു.

ഉത്തരചൈനയിലെയും മധ്യചൈനയിലെയും ഹ്വാങ്‌ഹോ, യാങ്‌ട്‌സീ നദീതടങ്ങളിൽ സു.ബി.സി. 1500-ൽ മറ്റൊരു സംസ്‌കാരം ആവിർഭവിച്ചു. പൂർവേഷ്യയിൽ ആദ്യത്തേതായ ഈ സംസ്‌കാര കാലഘട്ടത്തിൽ ചിത്രലിപി സമ്പ്രദായം ആരംഭിച്ചു. ഇതാണ്‌ പില്‌ക്കാലചൈനീസ്‌ ഭാഷയ്‌ക്കു നിദാനമായി തീർന്നത്‌ (മഞ്ഞനദീതട സംസ്‌കാരം).

എ.ഡി. 300-ാമാണ്ടിനുശേഷം നാടോടിവർഗങ്ങള്‍ ഏഷ്യയിലെ എല്ലാ പ്രാചീന സംസ്‌കാരങ്ങളെയും നശിപ്പിച്ചു. ഹൂണന്മാർ, സെൽജുക്കുകള്‍, മംഗോളിയർ തുടങ്ങിയവർ ഈ പ്രാകൃത വർഗങ്ങളിൽപ്പെടും. പ്രാകൃതവർഗങ്ങളുടെ തുടർച്ചയായുള്ള അധിനിവേശങ്ങള്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങളിലുടനീളം സാംസ്‌കാരികമായ മരവിപ്പിനു കാരണമായി.

ഏഷ്യയുടെ മഹത്തായ സംസ്‌കാരത്തിന്‌ ലോകത്തിന്റെ മുഴുവന്‍ അംഗീകാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്‌. ജീവിതപ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം അനന്തമായ ക്ഷമയും മാനസികമായ സമതുലനവും ഉള്ള സമീപനമാണ്‌ ഏഷ്യയുടേത്‌. ഹൈന്ദവ-അധ്യാത്മശാസ്‌ത്രം മനുഷ്യന്റെ അന്തഃസത്തയ്‌ക്കു പ്രാധാന്യം നല്‌കിയിട്ടുണ്ട്‌. ചൈനീസ്‌ തത്ത്വശാസ്‌ത്രമാകട്ടെ അതിന്റെ സഹിഷ്‌ണുതയ്‌ക്കും സാമാന്യബോധത്തിനും പ്രശസ്‌തമാണ്‌. സംസ്‌കൃതത്തിലെ വേദേതിഹാസപുരാണങ്ങളും കാളിദാസന്‍ മുതലായവരുടെ കവിതകളും ലോകശ്രദ്ധ പിടിച്ചെടുത്തിട്ടുണ്ട്‌. പേർഷ്യന്‍ കവികളായ ഹാഫിസ്‌ (മ.സു. 1389), ഉമർഖയ്യാം (11-ാം ശ.) എന്നിവർ ലോകസാഹിത്യത്തിൽ സുപ്രധാന സ്ഥാനം നേടി. അറബികളും തുർക്കികളും ലോകസാഹിത്യത്തിന്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. പ്രാചീന ചൈനീസ്‌ കവിതകള്‍ക്കും ഇപ്പോള്‍ അവ അർഹിക്കുന്ന അന്തർദേശീയശ്രദ്ധ ലഭിച്ചിട്ടുണ്ട്‌. ലിവോ(സു. 700-762)യുടെ കവിതകളും മിംഗ്‌ഹ്വാങി(എട്ടാം ശ.)ന്റെ ശോകാന്തനാടകങ്ങളും അനർഘ സംഭാവനകളായി അംഗീകരിക്കപ്പെട്ടു.

ചൈനീസ്‌കല, കൊത്തുപണികള്‍, ചിത്രം തുന്നൽ, മണ്‍പാത്രനിർമാണം എന്നിവ അദ്വിതീയങ്ങളാണ്‌. ജപ്പാനും മ്യാന്മറും കൊറിയയും ഇന്തോചൈനയും ചൈനീസ്‌ സാഹിത്യത്തെയും കലയെയും പുഷ്‌ടിപ്പെടുത്തി. "അന്ധകാരയുഗ'ത്തിലെ സംസ്‌കാരത്തിന്‌ യൂറോപ്പ്‌ അറബികളോടു കടപ്പെട്ടിരിക്കുന്നു. അവർ ഗ്രീക്കുസംസ്‌കാരത്തിനു തങ്ങളുടേതായ സംഭാവന നല്‌കി അതിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ആള്‍ജിബ്രയുടെ മണ്ഡലത്തിലും അറബികള്‍ കനത്ത സംഭാവന നല്‌കി. നിലവിലിരിക്കുന്ന പൂജ്യമടക്കമുള്ള അക്കങ്ങളും ദശാംശാധിഷ്‌ഠിതമായ അങ്കന സമ്പ്രദായവും ഭാരതത്തിന്റെ സംഭാവനകളാണ്‌.

ഹൈന്ദവ ശില്‌പവിദ്യ, ചൈനീസ്‌ വാസ്‌തുവിദ്യയും പാലം പണിയും, മുസ്‌ലിം ശില്‌പവിദ്യ എന്നിവ ഏഷ്യയുടെ സംഭാവനകളിൽ എടുത്തു പറയേണ്ടുന്നവയാണ്‌. കഴിഞ്ഞ ചില ശതകങ്ങളായി നൂതനകല്‌പനാ വൈഭവത്തിന്റെ കാര്യത്തിൽ ഏഷ്യ പിന്നണിയിലായിരുന്നു. എന്നാൽ ആദ്യമായി കലണ്ടർ വികസിപ്പിച്ചെടുത്തതും ദിവസത്തെ 24 മണിക്കൂറായി വിഭജിച്ചതും വൃത്തത്തെ 360 ഡിഗ്രിയായി വിഭജിച്ചതും പ്രാചീന ബാബിലോണിയാക്കാരാണ്‌. ചൈനാക്കാർ ആയിരുന്നു പട്ട്‌ ആദ്യമായി ഉത്‌പാദിപ്പിച്ചത്‌. വെടിമരുന്നും വടക്കുനോക്കിയന്ത്രവും കണ്ടുപിടിച്ചതും അവർ തന്നെ. ഫിനീഷ്യർ അക്ഷരമാല ആദ്യമായി കണ്ടുപിടിച്ച്‌ ലോകത്തിനു നല്‌കി.

സമൂഹം

ഏഷ്യന്‍ സമൂഹങ്ങളുടെ ആവിർഭാവം പെതുവേ മന്ദഗതിയിൽ ആയിരുന്നു. എന്നാൽ വിദേശശക്തികളുടെ സ്വാധീനതയാൽ ചിലപ്പോഴൊക്കെ അതിന്‌ ആക്കം വർധിക്കാതെയുമിരുന്നില്ല. പുതിയ സമൂഹങ്ങളുടെ ആവിർഭാവം പ്രധാനമായും പ്രകൃതി വിഭവങ്ങളും മാനുഷികാവശ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടാവുന്ന വ്യത്യാസത്തെ പ്രതിഫലിപ്പിച്ചു. ജീവിതം വ്യവസ്ഥാപിതമായ മാർഗങ്ങളിൽ ഒതുങ്ങി സമൂഹങ്ങള്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കാലത്ത്‌ അവ ഒട്ടൊക്കെ സുരക്ഷിതമായിരുന്നുവെങ്കിലും പുരോഗതി പരിമിതമായിരുന്നു. ജനസംഖ്യ ആപേക്ഷികമായി വർധിച്ചതോടെ അവർക്ക്‌ തങ്ങളുടെ വാസസ്ഥലത്തിനു പുറത്തു കടക്കേണ്ടിവന്നു. അതോടെ വിവിധ ഭാഗങ്ങള്‍ തമ്മിൽ ബന്ധപ്പെടുകയും പരസ്‌പര സാംസ്‌കാരിക സങ്കലനം നടക്കുകയും ചെയ്‌തു. ഈ സമന്വയ പ്രക്രിയയുടെ ഫലമായി മിക്കപ്പോഴും ഭിന്ന സംസ്‌കാരങ്ങളുടെ ഒരു സമ്മിശ്രം തന്നെ രൂപം പൂണ്ടു. ടൈഗ്രീസ്‌, യൂഫ്രട്ടീസ്‌, മഞ്ഞനദി, ഗംഗാനദി തുടങ്ങിയ നദികളുടെ തടങ്ങളിലെപ്പോലെ ഈ പ്രക്രിയ ആവർത്തിച്ച മറ്റു പ്രദേശങ്ങളിലും സ്വതന്ത്ര സവിശേഷതകളുള്ള സംസ്‌കാരങ്ങള്‍ ഉദ്‌ഭവിക്കുകയും അവയുടെ പശ്ചാത്തലത്തിൽ പുതിയ വിശ്വാസങ്ങളും സങ്കല്‌പങ്ങളും കലകളും മറ്റും ആവിർഭവിക്കുകയും ചെയ്‌തു.

വ്യാപ്‌തിയിലും ജനസംഖ്യയിലും അതിബൃഹത്തായിരിക്കുന്ന ഏഷ്യയെ പല മേഖലകളായി വ്യവച്ഛേദിക്കാവുന്നതാണ്‌. ഏഷ്യന്‍ ഭൂവിഭാഗത്തിന്റെ 12 ശതമാനം വിസ്‌തൃതി വരുന്ന പശ്ചിമേഷ്യയിൽ വന്‍കരയിലെ ജനതതിയുടെ അഞ്ച്‌ ശതമാനം പാർക്കുന്നു; ജനസംഖ്യ 2,15,617,617. പ്രാചീന ജീവിത രീതിയും വേഷവിധാനങ്ങളും ഈ പ്രദേശത്തെ ജനത ഇന്നും തുടർന്നു പോരുന്നു. കൃഷിക്കാരിൽ ബഹുഭൂരിപക്ഷവും സ്വന്തമായി കൃഷിഭൂമിയില്ലാത്തവരാണ്‌. കർഷകജനത തങ്ങള്‍ പണിയെടുക്കുന്ന പാടത്തിനു സമീപമുള്ള ചെറിയ ഗ്രാമങ്ങളിൽ പാർക്കുന്നു. ഇടുങ്ങിയ തെരുവുകളുള്ള, ശരാശരി 50-ഓളം കൊച്ചുവീടുകളുള്ളവയാണ്‌ ദക്ഷിണ പശ്ചിമേഷ്യന്‍ ഗ്രാമങ്ങള്‍. ചില ഗ്രാമങ്ങളിൽ പൊതുവായ കുളിസ്ഥലങ്ങളും ലഘു ഭക്ഷണശാലകളുമുണ്ട്‌. സാമൂഹിക പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യപ്പെടുന്ന വേദികളായി ഈ ലഘുഭക്ഷണശാലകള്‍ പലപ്പോഴും രൂപാന്തരപ്പെടാറുണ്ട്‌. സ്‌ത്രീകള്‍ ഏറിയപങ്കും ഗാർഹികമായ ചുറ്റുപാടിനുള്ളിലേക്ക്‌ ഒതുങ്ങിക്കൂടി ജീവിക്കുന്നു. ദക്ഷിണ പശ്ചിമേഷ്യയിലെ ഗ്രാമജീവിതവും പാരമ്പര്യാധിഷ്‌ഠിതമാണ്‌. മുത്തച്ഛനും കൊച്ചുമക്കളുമടങ്ങുന്ന വലിയ കൂട്ടുകുടുംബങ്ങളാണ്‌ അവരുടെ ഭവനങ്ങള്‍. കുടുംബ ജീവിതത്തിന്റെ നേതൃത്വം ഏറ്റവും പ്രായംകൂടിയ അംഗത്തിനാണ്‌. കുടുംബത്തിനു പുറത്ത്‌ കർഷകർ തങ്ങളുടെ ഗ്രാമത്തോടും കാലിമേയ്‌പുകാർ തങ്ങളുടെ ഗോത്രത്തോടും(tribe) ബന്ധപ്പെട്ടിരിക്കുന്നു. മിക്ക ഗ്രാമങ്ങളുടെയും ഭരണം നിർവഹിക്കുന്നത്‌ ഗ്രാമത്തലവനുള്‍പ്പെടുന്ന മൂപ്പന്മാരുടെ സമിതികളാണ്‌. ഈ സമിതി കുടുംബങ്ങള്‍ തമ്മിലുള്ള തർക്കങ്ങള്‍ക്കു പരിഹാരം കാണുന്നു. ഗോത്രത്തിനുള്ളിലെ കുടുംബങ്ങള്‍ പൈതൃക പാരമ്പര്യത്തിൽ അധിഷ്‌ഠിതമാണ്‌. അറബി രാഷ്‌ട്രങ്ങളിൽ ഷേയ്‌ഖ്‌ എന്നു വിളിക്കപ്പെടുന്ന ഗോത്രത്തലവന്‍ സാധാരണയായി ആ വർഗത്തിലെ ഏറ്റവും സമ്പന്നനായിരിക്കും. ഗോത്രത്തിനുള്ളിലെ പ്രശ്‌നങ്ങളിൽ ഷേയ്‌ഖ്‌ വിധി തീർപ്പു കല്‌പിക്കുന്നു. ദേശീയ ഭരണത്തിൽ ഗ്രാമങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും സജീവമായ പങ്കില്ല. എന്നാൽ ഇസ്രയേലിലെ ഗ്രാമജീവിതം മറ്റെല്ലാ ദക്ഷിണ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽനിന്നും ഒറ്റപ്പെട്ടു നിൽക്കുന്നു. കീബുട്ടുകളിൽ ജീവിക്കുന്ന കർഷക ജനതയ്‌ക്ക്‌ എല്ലാ സമ്പത്തിലും തുല്യാവകാശമുണ്ട്‌. അവർ പാടങ്ങളിൽ കൂട്ടായി പണിയെടുക്കുന്നു.

ഇസ്‌താംബുളും (92,16,400) ടെഹ്‌റാനുമാണ്‌ (77,22,900) ഈ പ്രദേശത്തെ ഏറ്റവും വലിയ നഗരങ്ങള്‍. ബാഗ്‌ദാദ്‌ (49,48,300), റിയാദ്‌ (39,57,500), അങ്കാറ (33,29,400) എന്നിവ രണ്ടാം സ്ഥാനത്തുവരുന്നു. ബഹ്‌റീന്‍, കുവൈത്‌, ഇസ്രയേൽ, ഖത്തർ, യു.എ.ഇ. എന്നിവിടങ്ങളിൽ നാഗരികരുടെ എണ്ണം ഗ്രാമീണരുടേതിനെക്കാള്‍ കൂടുതലാണ്‌. ദക്ഷിണ പശ്ചിമേഷ്യന്‍ നഗരങ്ങളിലെ ജനതയെ ആധുനികരെന്നും പഴമക്കാരെന്നും വിഭജിക്കാം. വർഷങ്ങളായി നിലനില്‌ക്കുന്ന വ്യാപാരകേന്ദ്രങ്ങളിൽ പഴമക്കാർ നിവസിക്കുന്നു. ഗ്രാമീണ കർഷകരുടെയും കാലിമേയ്‌പുകാരുടെയും കൈത്തൊഴിൽകാരുടെയും കമ്പോളം ഇവിടെയാണ്‌. ജനങ്ങള്‍ വലുപ്പം കുറഞ്ഞ, ഭവനങ്ങളിൽ തിങ്ങിപ്പാർക്കുന്നു. ആധുനികവിഭാഗത്തിന്റെ അധിവാസകേന്ദ്രങ്ങള്‍ക്ക്‌ പാശ്ചാത്യനഗരങ്ങളുടെ പ്രതിച്ഛായയുണ്ട്‌. ഗംഭീരങ്ങളായ മന്ദിരങ്ങള്‍, ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, സിനിമാശാലകള്‍, റേഡിയോ-ടി.വി. സ്റ്റേഷനുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്‌. ഈ പ്രദേശങ്ങളിലാണ്‌ ആധുനിക വ്യവസായസ്ഥാപനങ്ങള്‍ വളർന്നു വരുന്നത്‌. സ്‌കൂള്‍ സംവിധാനത്തിന്റെ ആവിർഭാവവും മറ്റും നഗരജീവിതത്തിന്റെ ഛായ മാറ്റി. സ്‌ത്രീകള്‍ ഇവിടെ കൂടുതൽ സ്വതന്ത്രരാണ്‌. ഗ്രാമീണരെക്കാള്‍ നാഗരികർക്ക്‌ ദേശീയ ഗവണ്‍മെന്റുമായി കൂടുതൽ ബന്ധമുണ്ട്‌.

ഏഷ്യാഭൂഖണ്ഡത്തിന്റെ 12 ശതമാനം വിസ്‌തൃതി വരുന്ന ദക്ഷിണേഷ്യയിൽ ഏഷ്യന്‍ ജനതയുടെ മൂന്നിലൊരുഭാഗം ജനങ്ങള്‍ നിവസിക്കുന്നു. ദക്ഷിണേഷ്യന്‍ ജനതയിൽ 80 ശതമാനത്തോളവും ചെറിയ ഗ്രാമങ്ങളിൽ പാർക്കുന്ന കർഷകരാണ്‌. കൃഷിക്കാരിൽ അധികവും ചെറിയ തുണ്ടു ഭൂമികളുടെ ഉടമകളാണ്‌. പാട്ടഭൂമിയിൽ കൃഷിചെയ്യുന്ന പതിവും ഈ പ്രദേശത്തു നിലവിലുണ്ട്‌. പ്രാചീന കൃഷിയുപകരണങ്ങളും കൃഷിരീതികളും ഏറിയപങ്കും നിലനില്‌ക്കുന്നു. കർഷകരിൽ ഒരു വമ്പിച്ച വിഭാഗം ദരിദ്രരാണ്‌. അംഗസംഖ്യ അധികമുള്ള കുടുംബങ്ങളാണ്‌ ഇവരുടേത്‌. ദക്ഷിണേഷ്യന്‍ ജനതയുടെ വസ്‌ത്രധാരണമാതൃക വിവിധ പ്രദേശങ്ങളിൽ വിവിധ രീതിയിലാണ്‌. പച്ചക്കട്ട കൊണ്ടുള്ള ചെറിയ വീടുകള്‍ തിങ്ങിനിറഞ്ഞതാണ്‌ ദക്ഷിണേഷ്യന്‍ ഗ്രാമം. ദക്ഷിണേഷ്യയിൽ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്‌. കാർഷിക നവീകരണ പ്രവർത്തനങ്ങള്‍ ഇവിടെ സജീവമാണ്‌. പാരമ്പര്യങ്ങളിലും ആചാരങ്ങളിലും അടിയുറച്ചുനില്‌ക്കുന്ന അനേകം ഗ്രാമീണജനവിഭാഗങ്ങള്‍ ജീവിതരീതി മാറ്റുന്നതിന്‌ വൈമുഖ്യം കാട്ടുന്നുമുണ്ട്‌. താരതമ്യേന ദക്ഷിണേഷ്യ ഒരു ഗ്രാമീണ മേഖലയാണെങ്കിലും ധാരാളം നഗരങ്ങളും വികസിച്ചു വന്നിട്ടുണ്ട്‌. ആധുനിക നഗരങ്ങള്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റാണ്‌ നിർമിച്ചത്‌. പഴയ നഗരങ്ങള്‍ക്ക്‌ കൊളോണിയൽ കാലത്തേക്കാള്‍ വളരെ പഴക്കമുണ്ട്‌. വ്യവസായികള്‍, ഡോക്‌ടർമാർ, വന്‍കിട ഉദ്യോഗസ്ഥന്മാർ എന്നിവരടങ്ങുന്ന സമ്പന്നന്മാരും ഉയർന്ന മധ്യവർഗവും ഉള്‍ക്കൊള്ളുന്നതാണ്‌ നഗരജനതയുടെ പുതിയവിഭാഗം. പഴയ വിഭാഗത്തിൽ അനേകം ചേരിപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തിങ്ങിഞെരുങ്ങിയ, ദാരിദ്യ്രം കൊടികുത്തിയ ചേരിപ്രദേശങ്ങളിൽ സ്വന്തമായി പാർപ്പിടമില്ലാത്ത ഒരു വമ്പിച്ച ജനതതിയുണ്ട്‌. മുംബൈ (1,21,47,100), കറാച്ചി (1,02,72,500), ഡൽഹി (1,00,09,200), ധാക്ക (85,39,500), കൊൽക്കത്ത (46,70,000), ബാംഗ്ലൂർ (43,76,100), ചെന്നൈ (43,44,500) എന്നിവയാണ്‌ ദക്ഷിണേഷ്യയിലെ പ്രധാന നഗരങ്ങള്‍.

വന്‍കരയുടെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ദക്ഷിണപൂർവേഷ്യന്‍ ജനതയിൽ ബഹുഭൂരിപക്ഷവും കർഷകരായ ഗ്രാമവാസികളാണ്‌. ഇവർ പഴയരീതിയിലുള്ള കാർഷികോപകരണങ്ങളുപയോഗിച്ച്‌ കൃഷിചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നു. ഈറയും തടിയുമപയോഗിച്ച്‌ നിർമിച്ചവയാണ്‌ ഇവിടത്തെ ചെറുഭവനങ്ങള്‍. മിക്കഗ്രാമങ്ങളിലും ബുദ്ധദേവാലയങ്ങളുണ്ട്‌. വേഷവിധാനം വൈവിധ്യം നിറഞ്ഞതാണ്‌. ഇന്തോനേഷ്യന്‍ ജനങ്ങളുടെ ആകർഷകമായ സാരോങുകള്‍ (skirts) ഇവയിൽ പ്രാധാന്യം അർഹിക്കുന്നു. തോട്ടക്കൃഷി ഇവിടത്തെ ചില രാജ്യങ്ങളിൽ പ്രത്യേകിച്ചും ദ്വീപുകളിൽ പ്രധാനപ്പെട്ട ജീവനോപായമാണ്‌. കാപ്പി, തേയില, തെങ്ങ്‌, പഴങ്ങള്‍, പച്ചക്കറികള്‍, എണ്ണപ്പന, റബ്ബർ, കരിമ്പ്‌, പുകയില മുതലായവയാണ്‌ പ്രധാന തോട്ടവിളകള്‍. പൊതുവേ ഭുഖണ്ഡപ്രദേശങ്ങളിലെ കർഷകരുടെ നില ദ്വീപുകളിലേതിനെക്കാള്‍ മെച്ചമാണ്‌. കർഷകരിൽ ഏറിയപങ്കും ചെറിയതുണ്ടു ഭൂമിയുടെ ഉടമകളാണ്‌. ദക്ഷിണ പൂർവേഷ്യന്‍ ഗ്രാമങ്ങളിലും മുത്തച്ഛനും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബങ്ങള്‍ തന്നെയാണ്‌.

എല്ലാ ദക്ഷിണപൂർവേഷ്യന്‍ രാഷ്‌ട്രങ്ങളിലും നഗരങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്‌. ജക്കാർത്തയാണ്‌ (10,810,400) ഈ മേഖലയിലെ പ്രധാന നഗരം. ദക്ഷിണപൂർവേഷ്യന്‍ നഗരങ്ങള്‍ മുഖ്യമായും ഗവണ്‍മെന്റു കേന്ദ്രങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണികളുമാണ്‌. കാർഷികോത്‌പന്നങ്ങള്‍ വിപണനത്തിനായി നഗരങ്ങളിൽ വരുന്നു. ഇവിടത്തെ നഗരങ്ങളിൽ വിദേശീയർ പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ശതകങ്ങള്‍ക്കുമുമ്പുതന്നെ ചൈനാക്കാരും ഇന്ത്യാക്കാരും നഗരങ്ങളിലെ ചില്ലറ വില്‌പനയിൽ പ്രധാന പങ്കുനേടി. യൂറോപ്യന്മാരുടെ വരവോടെ നഗരങ്ങളിലെ ആധിപത്യം അവരുടെ കൈയിലമർന്നു. അവർ നഗരങ്ങളുടെ ആധുനികീകരണം തുടങ്ങിവച്ചു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ദേശീയഗവണ്‍മെന്റുകള്‍ ഇവിടങ്ങളിലെ ആധുനികീകരണ പ്രക്രിയ തുടർന്നു. ജക്കാർത്ത (1,08,10,400), മനില (1,01,33,200), ബാങ്കോക്ക്‌ (65,13,100), സിംഗപ്പൂർ (41,54,500), ഹോചിമിന്‍സിറ്റി (33,78,500), ബന്തുങ്‌ (28,84,300) എന്നിവയാണ്‌ പൂർവേഷ്യയിലെ പ്രധാന നഗരങ്ങള്‍.

പൂർവേഷ്യയിൽ ഏഷ്യന്‍ ജനതയുടെ 43 ശതമാനവും പാർപ്പുറപ്പിച്ചിരിക്കുന്നു. ഏകദേശം സന്തുലിതമായ ജനവിതരണമുള്ള ഈ ഭാഗത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 131 ആണ്‌. ഈ മേഖലയിലെ പ്രധാനപ്രദേശമായ ചൈനയിലെ 80 ശതമാനം ജനങ്ങളും കൃഷിക്കാരാണ്‌. എന്നാൽ ലോകത്തിലെ 50 വന്‍കിട നഗരങ്ങളിൽ ഏഴെണ്ണം ചൈനയിലാണ്‌. കർഷകർ ഈറയും പച്ചക്കട്ടയും കൊണ്ടു നിർമിച്ച ചെറിയ വീടുകളിൽ വസിക്കുന്നു. നഗരവാസികള്‍ തൊഴിൽശാലകള്‍ക്കു പിന്നിലുള്ള തിരക്കേറിയ പാർപ്പിടപ്രദേശങ്ങളിൽ താമസിക്കുന്നു. നദികളിലും തുറമുഖങ്ങളിലും പാർപ്പിട ബോട്ടുകളിൽ വസിക്കുന്നവരുമുണ്ട്‌. പ്രാക്‌ കമ്യൂണിസ്റ്റുകാലത്ത്‌ ഒരുവിഭാഗം കർഷകർക്ക്‌ ചെറിയ തുണ്ടുഭൂമികള്‍ സ്വന്തമായി ഉണ്ടായിരുന്നു. മറ്റൊരു വിഭാഗം ജന്മികളുടെ പാടത്ത്‌ പണിചെയ്‌തിരുന്നു. ഇക്കാലത്ത്‌ സമൂഹജീവിതത്തിന്റെ കേന്ദ്രം കൂടുംബമായിരുന്നു. കമ്യൂണിസ്റ്റുഭരണകൂടം വന്നതോടെ കൃഷിഭൂമി ഏറിയ പങ്കും കൂട്ടുകൃഷിയിടങ്ങളായിത്തീരുകയും വ്യവസായ-വ്യാപാരസംരംഭങ്ങള്‍ ഗവണ്‍മെന്റ്‌ നിയന്ത്രണത്തിലാവുകയും കുടുംബബന്ധങ്ങളുടെ അധികാര-അനുസരണ സ്വഭാവം അവസാനിക്കുകയും ചെയ്‌തു. സോഷ്യലിസ്റ്റു സംവിധാനത്തിന്റെ സംസ്ഥാപനത്തോടെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളിൽ ചൈനയിൽ സർവതോന്മുഖമായ പുരോഗതി കൈവന്നിട്ടുണ്ട്‌. ഉത്തര കൊറിയയിലെ കർഷകജനത ഗ്രാമങ്ങളിലെ കൂട്ടുകൃഷി പ്രദേശങ്ങളിലും വ്യവസായത്തൊഴിലാളികള്‍ നഗരങ്ങളിലും പാർക്കുന്നു. ദക്ഷിണ കൊറിയയും തയ്‌വാനും കാർഷിക രാഷ്‌ട്രങ്ങളാണ്‌. ബിയൂള്‍ (1,11,53,200), ഷാന്‍ദയ്‌ (90,31,200), ബീജിങ്‌ (71,29,500), ടിയാന്‍ജിൽ (43,44,500), പിയേങ്‌യാങ്‌ (27,24,700) എന്നിവയാണ്‌ പൂർവേഷ്യയിലെ ജനസാന്ദ്രതയേറിയ നഗരങ്ങള്‍. ജപ്പാന്‍ ഇതര ഏഷ്യന്‍ രാഷ്‌ട്രങ്ങളിൽ നിന്നെല്ലാം വേറിട്ടു നില്‌ക്കുന്നു. 70 ശതമാനം ജനങ്ങളും പട്ടണപ്രദേശങ്ങളിൽ വസിക്കുന്നു. തലസ്ഥാനമായ ടോക്കിയോ ലോകത്തെ ഒന്നാമത്തെ വന്‍കിട നഗരങ്ങളിലൊന്നാണ്‌. ജനസംഖ്യ: 80,27,500. വ്യാവസായികോത്‌പാദനത്തിൽ ഈ രാജ്യം യൂറോപ്പിനോടും യു.എസ്സിനോടും മത്സരിക്കുന്നു. ആധുനിക കൃഷിസമ്പ്രദായം ഇവിടെ പൂർണമായി ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മിക്കവാറും എല്ലാകർഷകർക്കും സ്വന്തം കൃഷിയിടങ്ങളുണ്ട്‌. പാശ്ചാത്യജീവിതശൈലി ഏറ്റവുമധികം അംഗീകരിച്ചിട്ടുള്ള ഏഷ്യന്‍ രാഷ്‌ട്രം ജപ്പനാണ്‌. എന്നാൽ പാരമ്പര്യസിദ്ധമായ പലതും അവർ നിലനിർത്തിയിട്ടുമുണ്ട്‌. സമ്പന്നരുള്‍പ്പെടെ അനേകമാളുകള്‍ തടികൊണ്ടു പരമ്പരാഗതമായ രീതിയിൽ നിർമിച്ച ഭവനങ്ങളിൽ കാർഷിക മേഖലയിൽ താമസിക്കുന്നു. ജപ്പാനിൽ കുടുംബസംവിധാനത്തിന്‌ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്നാൽ കുടുംബബന്ധം ഇന്നും ശക്തമാണ്‌.

യൂറാള്‍ മുതൽ പസിഫിക്‌ സമുദ്രം വരെ വ്യാപിച്ച്‌ കിടക്കുന്ന ഉത്തരേഷ്യയിൽ ഏഷ്യന്‍ ജനതയുടെ എട്ട്‌ ശതമാനം വസിക്കുന്നു. പ്രാചീന ഉത്തരേഷ്യന്‍ വംശജരായ ജനങ്ങളിൽ ഏറിയ പങ്കും കന്നുകാലിമേച്ചും വേട്ടയാടിയും ജീവിക്കുന്നു. ഗോത്രസമൂഹക്രമമാണ്‌ അവരുടേത്‌. യൂറോപ്യന്‍ പ്രദേശത്തുനിന്നു വന്നവരും ഉത്തരേഷ്യന്‍ വംശജരിൽ ഒരു ന്യൂനപക്ഷവും അടങ്ങുന്ന ഇതര വിഭാഗത്തിന്റേത്‌ യൂറോപ്യന്‍ റഷ്യയിലെ ജനജീവിതത്തിന്‌ സമാനമാണ്‌. ജനങ്ങള്‍ കൂട്ടുകൃഷിയിടങ്ങളിലോ വ്യവസായസ്ഥാപനങ്ങളിലോ പണിയെടുക്കുന്നു. മോസ്‌കോ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ എന്നിവയാണ്‌ ഇവിടത്തെ പ്രധാന നഗരങ്ങള്‍. ഏഷ്യന്‍ ഭൂവിഭാഗത്തിന്റെ ഒന്‍പതു ശതമാനം വിസ്‌തീർണം വരുന്ന മധ്യേഷ്യയിൽ ജനസംഖ്യയുടെ 1.5 ശതമാനം ജീവിക്കുന്നു. മുന്‍ സോവിയറ്റു യൂണിയനിൽനിന്നു വേർപെട്ട മധ്യേഷ്യന്‍ രാജ്യങ്ങളായ ഖസാഖ്‌സ്‌താന്‍, കിർഗിസ്‌താന്‍, താജിക്കിസ്‌താന്‍, തുർക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍ എന്നിവിടങ്ങളിൽ പുരാതനകാലം മുതൽക്കേ നാടോടികളും തദ്ദേശവാസികളും തമ്മിലുള്ള തർക്കം നിലനിന്നിരുന്നു. ഇവിടത്തെ കുതിരസവാരിക്കാർ ലോകോത്തര പോരാളികളായി അറിയപ്പെടുന്നു. അഞ്ചാം ശതകത്തിനും 10-ാം ശതകത്തിനുമിടയിൽ തുർക്കികളുടെ കുടിയേറ്റം വന്‍തോതിലായിരുന്നു. 13, 14 ശതകങ്ങളിൽ ഭരണം മംഗോളുകളുടെ പിടിയിലായി. 16-ാം ശതകത്തിൽ തദ്ദേശീയർ കുടിയേറ്റക്കാരുടെ മേൽ സ്വാധീനമുറപ്പിച്ചു. 19-ാം ശതകത്തിന്റെ അവസാനത്തോടെ റഷ്യയും ചൈനയും ഈ മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. റഷ്യന്‍ വിപ്ലവത്തിനുശേഷം മധ്യേഷ്യന്‍ രാജ്യങ്ങള്‍ സോവിയറ്റു യൂണിയന്റെ ഭാഗമായി. പില്‌ക്കാലത്ത്‌ വ്യവസായവത്‌കരണംമൂലം തദ്ദേശീയ സംസ്‌കാരങ്ങള്‍ പലതും നാമമാത്രമായി. മുന്‍സോവിയറ്റു യൂണിയന്റെ പശ്ചിമഭാഗത്തുള്ള ജനങ്ങള്‍ മധ്യേഷ്യയിലേക്കു മാറ്റപ്പെട്ടു. താഷ്‌കെന്റ്‌, അൽമാതി, അഷ്‌കാമ്പെത്‌, ദുഷന്‍ബെ, ഹർമാങ്‌ഗൽ എന്നിവയാണ്‌ മധ്യേഷ്യയിലെ പ്രമുഖ നഗരങ്ങള്‍.

ചരിത്രം

പ്രാക്‌ ചരിത്രം

കുടിയേറ്റങ്ങളും അവയുടെ പരിണത ഫലങ്ങളുമാണ്‌ ഏഷ്യയുടെ ചരിത്രം. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ പ്രാരംഭകാലത്ത്‌ (സു.ബി.സി. 3000) പ്രകൃതിവിഭവങ്ങള്‍ ശേഖരിച്ചാണ്‌ ഏഷ്യന്‍ ജനത ജീവിച്ചു പോന്നിരുന്നത്‌. വേട്ടയാടലും മീന്‍പിടിത്തവുമായിരുന്നു പ്രധാന തൊഴിലുകള്‍. പല പ്രദേശങ്ങളിലും നായ്‌, പന്നി, കന്നുകാലി വർഗങ്ങള്‍ മുതലായവയെ മെരുക്കി വളർത്തിയിരുന്നു. സാമാന്യം വലിയ കന്നുകാലിപ്പറ്റങ്ങളുള്ള സമ്പന്ന വർഗങ്ങള്‍പോലും വളരെ വിരളമായേ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നുള്ളൂ. അലഞ്ഞുനടന്ന വർഗങ്ങള്‍ക്ക്‌ സ്വത്തവകാശത്തെ നിയന്ത്രിക്കുന്നതിന്‌ നിയമസംഹിതകളുണ്ടായിരുന്നു. ചരിത്രയുഗത്തിനു മുമ്പുതന്നെ ചൈനയിലും ഇന്ത്യയിലും ദക്ഷിണപൂർവേഷ്യ ആകമാനവും തനതായ ഏഷ്യന്‍ സംസ്‌കാരം വികസിച്ചിരുന്നു. ഇവിടങ്ങളിലെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന പ്രാചീന വർഗക്കാർ തീയുടെ ഉപയോഗവും അറിഞ്ഞിരുന്നു. ഇവർ നരമാംസഭോജികളായിരുന്നുവെന്നതിനും ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. മനുഷ്യവികാസത്തിന്റെ മറ്റൊരു മേഖലയായിരുന്നു, ദക്ഷിണപശ്ചിമേഷ്യയും പശ്ചിമേഷ്യയും. ഇവിടത്തെ നിവാസികള്‍ക്ക്‌ ആദ്യം മുതൽക്കുതന്നെ ആഫ്രിക്കന്‍ പാരമ്പര്യത്തിലുള്ള ഉപകരണ നിർമിതി വശമായിരുന്നു.

പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ദക്ഷിണ പശ്ചിമേഷ്യയിൽനിന്നും ഏഷ്യയിലെ പല ഭാഗത്തേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ആധുനിക മനുഷ്യവർഗങ്ങള്‍ (Homosapiens) കടന്നുകയറിയതായി കരുതേണ്ടിയിരിക്കുന്നു. അവർ ശിലകൊണ്ടും അസ്ഥികൊണ്ടും നിർമിച്ചിരുന്ന ഉപകരണങ്ങള്‍ ദക്ഷിണ-ഏഷ്യയിലെ മരുപ്രദേശങ്ങളുള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. മിക്ക പ്രദേശങ്ങളിലും അടുത്തഘട്ടം "പില്‌ക്കാല പ്രാചീന ശിലായുഗ'ത്തിന്റെയും മധ്യശിലായുഗത്തിന്റെയും ഒരുതരം മിശ്രാവസ്ഥയായിരുന്നു. ചിലേടത്ത്‌ നവീന ശിലായുഗത്തിന്റേതായ മണ്‍പാത്രങ്ങളും മിനുസപ്പെടുത്തിയ കൈക്കോട്ടുകളും കാണപ്പെട്ടു.

പ്രാചീന ശിലായുഗകാലത്ത്‌ ഏഷ്യയിൽ ചിലേടത്ത്‌ മഞ്ഞുകാലത്തിന്റെയും ഉഷ്‌ണകാലത്തിന്റെയും പരിവൃത്തിയും മറ്റു ചിലേടത്തു മഴക്കാലത്തിന്റെയും വരണ്ട കാലത്തിന്റെയും പരിവൃത്തിയും അനുഭവപ്പെട്ടിരുന്നു. മഞ്ഞ്‌ അന്തിമമായും അപ്രത്യക്ഷപ്പെട്ടപ്പോള്‍ ഹിമാവൃതമായിരുന്ന പ്രദേശങ്ങളിൽ വന്‍കാടുകള്‍ വളരുകയും ഈർപ്പവും ഫലഭൂയിഷ്‌ഠിയുമുണ്ടായിരുന്ന പ്രദേശങ്ങള്‍ മണലരണ്യങ്ങളായിത്തീരുകയും ചെയ്‌തു. ദക്ഷിണപശ്ചിമേഷ്യയിൽ കാലാവസ്ഥ താരതമ്യേന സ്ഥിരമായിരുന്നു. അനുകൂലമായ കാലാവസ്ഥയുണ്ടായിരുന്ന പ്രദേശങ്ങളിൽ അതിപുരാതന കാലത്തുതന്നെ പ്രാകൃതരീതിയിലുള്ള ഒരു തരം കൃഷി ആരംഭിച്ചു. പലസ്‌തീനിലെ കാർമൽ പർവതത്തിൽ മധ്യശിലായുഗകർഷകർ സുമാർ ബി.സി. 8000-ത്തിൽ തന്നെ ധാന്യങ്ങള്‍ വളർത്തിയിരുന്നു; ആട്‌, പന്നി തുടങ്ങിയ മൃഗങ്ങളെയും മെരുക്കി വളർത്തി തുടങ്ങിയിരുന്നു.

നവീനശിലായുഗ(Neolithic)കാലത്ത്‌ മിനുസമുള്ള ശിലോപകരണങ്ങളുടെ നിർമിതിയും പാത്രനിർമാണവും പ്രചരിച്ചു. മധ്യശിലായുഗത്തിൽനിന്നും നവീനശിലായുഗ-കാർഷികസമ്പദ്‌ വ്യവസ്ഥയിലേക്കുള്ള വികാസം ഏതാണ്ട്‌ 2000 വർഷങ്ങള്‍കൊണ്ടാണ്‌ സംഭവിച്ചത്‌. സുമാർ ബി.സി. 6000-ത്തോടെ ജെറിക്കോ പോലുള്ള ചുരുക്കം ചില സ്ഥലങ്ങള്‍ പട്ടണങ്ങളായി വളർന്നു. ശീഘ്രമായ വികസനമുണ്ടായ പ്രദേശങ്ങളിൽ പലസ്‌തീനും ഉത്തര മെസപ്പൊട്ടേമിയയിലെ ജാർമോ പോലെ മഴയെ ആശ്രയിച്ചു മാത്രം കൃഷിസാധ്യമായ മേഖലകളും ഉള്‍പ്പെടുന്നു. നവീനശിലായുഗ സംസ്‌കാരത്തിന്റെ മറ്റൊരു പ്രാഥമികകേന്ദ്രം ചൈനയിലെ മഞ്ഞനദീ താഴ്‌വരയിൽ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ ഗ്രാമ്യജീവിതം ഉരുത്തിരിഞ്ഞത്‌ ദക്ഷിണപശ്ചിമേഷ്യയിലേതിനെക്കാള്‍ വളരെ വൈകിയാണെങ്കിലും ഇത്‌ തികച്ചും പ്രാദേശികമായ വികാസ പ്രക്രിയയായിരുന്നു. ദക്ഷിണപൂർവേഷ്യയിൽ ഇതേ സമയം നെൽക്കൃഷി ചെയ്‌തുപോന്ന ഒരു പ്രാഥമിക ഗ്രാമകേന്ദ്രം വളർന്നു വന്നിരുന്നു. ജപ്പാന്‍, ബലൂചിസ്‌താന്‍ മുതലായവയാണ്‌ നവീന ശിലായുഗസംസ്‌കാരം വികസിച്ചുവന്ന മറ്റു പ്രദേശങ്ങള്‍. മംഗോളിയയിൽ വേട്ടയാടലും മീന്‍പിടിത്തവും നവീനശിലായുഗകാലത്തും തുടർന്നുപോന്നു. തെക്കന്‍ പ്രദേശങ്ങളിൽ നിന്ന്‌ ഇവിടേക്ക്‌ മിനുസമുള്ള ശിലോപകരണങ്ങളുടെയും മണ്‍പാത്രങ്ങളുടെയും നിർമാണകല വ്യാപിച്ചു.

പ്രാചീനകാലം

ദക്ഷിണ പശ്ചിമേഷ്യയിലെയും ഇന്ത്യയിലെയും ചൈനയിലെയും നദീതടങ്ങളിൽ മൂന്നു പ്രധാന നാഗരിക സംസ്‌കാരങ്ങളാവിർഭവിച്ചു; സുമേറിയന്‍ സംസ്‌കാരം, സൈന്ധവസംസ്‌കാരം, മഞ്ഞ നദീതടസംസ്‌കാരം. വ്യാപകവും സ്ഥിരവുമായ കുടിപാർപ്പുകളുണ്ടായ ഈ പ്രദേശങ്ങളിൽ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റി സമൂഹത്തിന്റെ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവന്നു. നഗരങ്ങള്‍ കോട്ടകെട്ടി സംരക്ഷിച്ചിരുന്നു. ശില്‌പവിദ്യ, വസ്‌ത്രനിർമാണം, എഴുത്ത്‌ സർവോപരി മിച്ച ഭക്ഷ്യോത്‌പാദനം എന്നിവയായിരുന്നു ഈ സംസ്‌കാരങ്ങളുടെ മുഖ്യ സവിശേഷതകള്‍. സുമേറിയന്‍ സംസ്‌കാരമായിരുന്നു ഇക്കൂട്ടത്തിൽ ആദ്യമായി വികാസം പ്രാപിച്ചത്‌. ബി.സി. നാലാം ശതകത്തോടെ ഇവിടെ സംഘടിതമായ ചെമ്പുത്‌പാദനം നിലവിൽവന്നു. ബി.സി. മൂന്നാം ശതകത്തിന്റെ ആരംഭത്തോടെ ദക്ഷിണ പശ്ചിമേഷ്യയിൽ അതിശീഘ്രമായ സാമ്പത്തിക വികസനവും വമ്പിച്ച ജനസംഖ്യാവർധനവും സംജാതമായി. പിച്ചളനിർമാണത്തെ സംബന്ധിച്ച അറിവും വ്യാപകമായി. സാമൂഹിക സ്ഥാപനങ്ങളുടെ ആവിർഭാവത്തോടെ നാടോടിഗോത്രങ്ങളുടെ പ്രാകൃതവും കർക്കശവുമായ നിയമങ്ങളുടെ സ്ഥാനത്ത്‌ സങ്കീർണമായ നിയമനിർമാണങ്ങള്‍ ആവശ്യമായിവന്നു. ആറാം അമോറൈറ്റ്‌ രാജാവായ ഹമ്മുറാബി (ഭ.കാ.ബി.സി. 1792-50) ഈ നിയമങ്ങള്‍ ക്രാഡീകരിച്ചു. ആക്രമണങ്ങളുടെ അനേകം അനുഭവങ്ങള്‍ക്കുശേഷം അധോയൂഫ്രട്ടീസ്‌-താഴ്‌വരയിൽ അക്കാദിയന്‍ രാജാക്കന്മാരുടെ കീഴിൽ (സു.ബി.സി. 2340-നു ശേഷം) ദീർഘകാലം സമാധാനം നിലനിന്നു. ഇക്കാലത്ത്‌ ഒരു വമ്പിച്ച ജലവിതരണ സംവിധാനം പടുത്തുയർത്തുകയുണ്ടായി. സുമേറിയന്‍ സംസ്‌കാരത്തെത്തുടർന്ന്‌ അക്കാദ്‌, ബാബിലോണ്‍, അസീറിയ എന്നിവിടങ്ങളിൽ പിച്ചളയുഗസംസ്‌കാരം സംജാതമായി. അനത്തോലിയയിലേക്കും പേർഷ്യന്‍ പീഠഭൂമിയിലേക്കും ഈ സംസ്‌കാരം വ്യാപിച്ചു. മെഡിറ്ററേനിയന്‍ തീരത്ത്‌ കന്നാനൈറ്റ്‌ സംസ്‌കാരവും സംസ്ഥാപിതമായി.

മഞ്ഞനദീമേഖലയിലെ നവീനശിലായുഗ സംസ്‌കാരത്തിൽ നിന്നുമാണ്‌ ചൈനയിൽ ഷാങ്‌-അന്‍യാങ്‌ (Shang-anyang) പിച്ചളയുഗസംസ്‌കാരം വളർന്നുവന്നത്‌. ഇന്നത്തെ ഷാന്‍സി, ഷെന്‍സി, ഹൊനാന്‍ പ്രവിശ്യകളിലെ സാമാന്യേന ഉയർന്ന സമതലങ്ങളിൽ പ്രാകൃത-ഉപകരണങ്ങള്‍കൊണ്ടു കൃഷി ചെയ്‌തുവന്നിരുന്ന വിശാലമായ എക്കൽ-പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ കാണപ്പെട്ട തിട്ടകളും ഓടകളും സ്ഥിരവാസത്തിന്റെ ആദ്യത്തെ തെളിവുകളും ഒരുപക്ഷേ കര(dry)ക്കൃഷിയിൽനിന്നും നിലം(wet) കൃഷിയിലേക്കുള്ള പരിവർത്തനത്തിന്റെ ആദ്യത്തെ പരീക്ഷണങ്ങളും ആണെന്നു കരുതാവുന്നതാണ്‌. ബി.സി. 1054 മുതൽ 221 വരെ നീണ്ടുനിന്ന ചൗ രാജവംശം ഈ സംസ്‌കാരത്തെ തെക്കോട്ടും വടക്കോട്ടും വ്യാപിപ്പിച്ചു.

ഏഷ്യയിൽ മറ്റിടങ്ങളിൽ ലോഹയുഗസങ്കേതങ്ങള്‍ പ്രചരിച്ചത്‌ പ്രാഥമികകേന്ദ്രങ്ങളിൽനിന്നാണ്‌. ദക്ഷിണപശ്ചിമേഷ്യയിലും ചൈനയിലും നിന്ന്‌ ക്രമേണ റഷ്യയിൽ ഈ സ്വാധീനത പ്രകടമായി. ഇവിടെ പില്‌ക്കാലത്തു നടത്തിയ ഉത്‌ഖനനങ്ങളിൽ കുടിപാർപ്പുകാരായ കാർഷികസമൂഹത്തിന്റെയും സഞ്ചാരിസമൂഹങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്‌. ഇതോടൊപ്പം പ്രാചീന നവീനശിലായുഗ സംസ്‌കാരങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌ (ഇന്നും ആർട്ടിക്‌, സബ്‌ആർട്ടിക്‌ മേഖലകളിൽ ഇവ നിലനിന്നുവരുന്നു). മുന്‍ സോവിയറ്റു യൂണിയനിലെ അതിപ്രധാനമായ ലോഹയുഗ സംസ്‌കാരമേഖല കാക്കസസ്‌ ആണ്‌. ഇവിടത്തെ ഗ്രാമീണ വർഗങ്ങള്‍ക്ക്‌ ലോഹസംസ്‌കരണ വിദ്യ വശമായിരുന്നു. മരുപ്രദേശത്തെ കാലിമേയ്‌പുകാരായ നാടോടികള്‍ (nomadic herdsmen) പശ്ചിമേഷ്യയിലെയും പൂർവേഷ്യയിലെയും വിവിധ സംസ്‌കാരങ്ങളുടെ കണ്ണിയായി വർത്തിച്ചു. പുരുഷന്മാർ വേട്ടയാടലിലും മീന്‍പിടിത്തത്തിലും സ്‌ത്രീകള്‍ കൃഷിയിലും പന്നി വളർത്തലിലും ഏർപ്പെട്ടു. സാമൂഹിക ക്രമത്തിന്റെ രൂപവത്‌കരണത്തിന്‌ ഗോത്രസമ്പ്രദായം ആവശ്യമായി. കാർഷിക വൃത്തിയുടെയും സ്വത്തിന്റെയും പരിപാലകരായിരുന്ന സ്‌ത്രീകളായിരുന്നു ഗോത്രഭരണവും നടത്തിപ്പോന്നിരുന്നത്‌.

വികസനത്തിന്റെ അവസാനഘട്ടമായ ഇരുമ്പുയുഗത്തിന്റെ ആവിർഭാവവും ദക്ഷിണപശ്ചിമേഷ്യയെ കേന്ദ്രീകരിച്ചായിരുന്നു. ബി.സി. രണ്ടാം ശതകത്തോടടുത്ത്‌ ഹിറ്റൈറ്റ്‌(ബി.സി. 1600-1200)കള്‍ ഇരുമ്പുരുക്ക്‌ നിർമാണത്തിന്റെ മുഴുവന്‍ സാങ്കേതികത്വവും വശമാക്കി. ശതകങ്ങളോളം ഇവർ അതിന്റെ രഹസ്യങ്ങള്‍ മറ്റാർക്കും വിട്ടുകൊടുത്തിരുന്നില്ല. ബി.സി. 1200-ാമാണ്ടോടെ ദക്ഷിണപശ്ചിമേഷ്യയിൽ കുടിയേറ്റമാരംഭിച്ചു. ഹിറ്റൈറ്റു സംസ്‌കാരവും ഇതരസംസ്‌കാരങ്ങളും പ്രാകൃതവർഗത്തിന്റെ കൈയിൽ പതിച്ചു.

ഈ കാലഘട്ടത്തിനുശേഷം ആവിർഭവിച്ചവ ഇരുമ്പുയുഗരാഷ്‌ട്രങ്ങളായിരുന്നു. ഇന്തോ-ഇറാനിയന്‍കാരിലൂടെ ഇരുമ്പുവേലയെ സംബന്ധിച്ച അറിവ്‌ ഇന്ത്യയിലേക്കു വ്യാപിച്ചു. റഷ്യയിലേക്ക്‌ ഇരുമ്പുരുക്കു നിർമാണവിദ്യ വ്യാപിച്ചത്‌ ഗ്രാന്‍ഡ്‌കാക്കസ്യയിൽ നിന്നാണ്‌. സഞ്ചാരിവർഗമായ സിതിയരും ഈ വ്യാപനത്തിൽ ഭാഗികമായ പങ്കുവഹിച്ചു. ചൗ രാജവംശത്തിന്റെ അവസാനവർഷങ്ങളിൽ ചൈനയിൽ ഇരുമ്പുപയോഗം പരിചിതമായിത്തീർന്നു. ഇവിടെ പച്ചിരുമ്പിനെക്കാള്‍ ആദ്യം വാർപ്പിരുമ്പ്‌ ഉപയോഗിക്കപ്പെട്ടിരുന്നതായി കാണുന്നു. ഇരുമ്പുരുക്കുവിദ്യ ചൈനയെ സംബന്ധിച്ചിടത്തോളം തികച്ചും പ്രാദേശികമായ വികാസമായിരുന്നുവെന്നാണ്‌ ഇതിൽനിന്നും അഭ്യൂഹിക്കേണ്ടിയിരിക്കുന്നത്‌. മറ്റിടങ്ങളിൽ പ്രകൃതിശക്തികളുടെ പ്രവർത്തനഫലമായി ലഭിച്ച പച്ചിരുമ്പ്‌ ഉപയോഗപ്പെടുത്തി. പിന്നിടാണ്‌ ഇരുമ്പയിരിൽനിന്നും ഇരുമ്പ്‌ ഉത്‌പാദിപ്പിച്ചത്‌; എന്നാൽ ചൈനയിൽ ഇരുമ്പയിരിൽനിന്ന്‌ ഉത്‌പാദിപ്പിച്ച ഇരുമ്പാണ്‌ ആദ്യമേ ഉപയോഗിച്ചു തുടങ്ങിയത്‌. ഏഷ്യയിൽ ചില ഭാഗങ്ങള്‍ നവീനശിലായുഗത്തെ തുടർന്ന്‌ (പിച്ചളയുഗം തരണം ചെയ്യാതെ തന്നെ) ഇരുമ്പുയുഗത്തിലേക്കുകടന്നു. മിക്കയിടങ്ങളിലും ഇരുമ്പുയുഗത്തിന്റെ ആവിർഭാവം ചരിത്ര സംസ്‌കാരങ്ങളുടെ രൂപവത്‌കരണത്തെ സഹായിച്ചു.

സാമ്രാജ്യരൂപവത്‌കരണകാലം

അലഞ്ഞുനടന്നിരുന്ന ജനവർഗങ്ങള്‍ സമാധാനമാർഗങ്ങളെപ്പോലെതന്നെ യുദ്ധതന്ത്രത്തെക്കുറിച്ചും ഉത്‌കണഠയുള്ളവരായിരുന്നു. ഈ യുദ്ധസന്നദ്ധത, താഴ്‌വാരങ്ങളിലെ കുടിപാർപ്പുകാരെക്കാള്‍ കുന്നിന്‍പുറങ്ങളിലെ നാടോടി വർഗങ്ങള്‍ക്ക്‌ കൂടുതൽ പ്രായോജനങ്ങളുളവാക്കി. ഉദാഹരണമായി ബി.സി. 18-ാം ശതകത്തിന്റെ മധ്യത്തോടെ പേർഷ്യന്‍ ഉള്‍ക്കടലിനു വടക്ക്‌ എലാമിൽ (ഇപ്പോഴത്തെ പശ്ചിമ ഇറാന്‍-ഇവിടെയാണ്‌ ഇവർ അറിയപ്പെടുന്ന കാലത്ത്‌ ആദ്യമായി കാണപ്പെട്ടത്‌).നിന്നും കാസൈറ്റ്‌ (ഇന്തോ-യൂറോപ്യന്‍ വംശജരെന്നു കരുതപ്പെടുന്നു). ഗിരിവർഗക്കാർ സുമേറിയന്‍ രാഷ്‌ട്രമായ ബാബിലോണിയ കീഴടക്കി. ഏതാണ്ട്‌ ഇതേകാലത്ത്‌ കാക്കസസ്‌ മലയിടുക്കിലൂടെ കടന്നുകയറി ഹിറ്റൈറ്റുകള്‍ (സു.ബി.സി. 1800-ൽ കപ്പഡോഷ്യയിൽ കാണപ്പെട്ടതു മുതല്‌ക്കാണ്‌ ഇവരെക്കുറിച്ചറിയുന്നത്‌).ഏഷ്യാമൈനർ ആക്രമിക്കുകയും താരതമ്യേന പ്രാകൃതരായിരുന്ന തദ്ദേശീയരായ അനത്തോലിയരെ അടിമകളാക്കുകയും ചെയ്‌തു. പശ്ചിമേഷ്യയിൽ ഇരുമ്പ്‌ ഉരുക്കിയുപയോഗിച്ചിരുന്ന ആദ്യത്തെ ജനവർഗമായിരുന്നു ഹിറ്റൈറ്റുകള്‍. ഇതുപോലെ ഇറാനിലെ പീഠഭൂമിയിൽ നിന്ന്‌ ആര്യന്‍ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ സിന്ധുനദീതടത്തിൽ കടന്നുകയറി, ക്രമേണ ഗംഗാനദീതടത്തിലേക്കു വ്യാപിക്കുകയും അവിടെനിന്ന്‌, പ്രാക്‌ചരിത്രകാലത്തെ നിവാസികളായിരുന്ന ആസ്‌ട്രലോയ്‌ഡ്‌ വിഭാഗത്തിൽപ്പെടുന്ന കറുത്തവർഗക്കാരായ ദ്രാവിഡരെ തെക്കോട്ട്‌ ഓടിക്കുകയും അവരുടെ ഭൂമി കൈയടക്കുകയും ചെയ്‌തു. നോ. ആര്യന്മാർ

യോദ്ധാക്കളുള്‍ക്കൊള്ളുന്ന ഗോത്രങ്ങള്‍ക്ക്‌ പ്രാബല്യമുണ്ടായിരുന്നതായി പ്രാചീനകാലത്തു കരുതപ്പെട്ടിരുന്ന പ്രദേശങ്ങളെല്ലാം ശരിക്കും അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നില്ല. ഈ പ്രദേശങ്ങളിലെല്ലാം സ്വതന്ത്രമായ ചെറിയ സമൂഹങ്ങള്‍ പലതും നിലനിന്നു. ചൈനയിലെ ആദ്യത്തെ പ്രാമാണിക രാജവംശം ബി.സി. 1500-നോടടുപ്പിച്ച്‌ ആവിർഭവിച്ച "ഷാങ്‌' അഥവാ "യിന്‍' വംശമായിരുന്നു. പിച്ചളയുഗ-ഉപകരണ നിർമാണവും എഴുത്തുവിദ്യയും സ്വായത്തമാക്കിയിരുന്ന ഈ ഭരണവർഗക്കാർ ഫ്യൂഡൽ സംവിധാനത്തിലെ കർഷക ജനതയെക്കാള്‍ മേന്മയുള്ളവരായിരുന്നു. വരള്‍ച്ചനിമിത്തം ഉത്തര പശ്ചിമ ചൈന ഉപേക്ഷിച്ചുപോന്ന ഇത്രതന്നെ പരിഷ്‌കൃതരല്ലായിരുന്ന ചൗ വംശജർ ഷാങ്‌ വംശജരെ രാജ്യഭ്രഷ്‌ടരാക്കി ഫലപുഷ്‌ടമായ ഹൊനാന്‍ സമതലം കൈക്കലാക്കി. ഈ വംശം ആദ്യമായി താരതമ്യേന വിശാലമായൊരു പ്രദേശത്തിന്‌ ഏകീകൃതഭരണം പ്രദാനം ചെയ്‌തു.

ബി.സി. 1600-ൽ ഹിറ്റൈറ്റ്‌ സാമ്രാജ്യം സ്ഥാപിതമായി. ഈ സാമ്രാജ്യം പൗരസ്‌ത്യസംസ്‌കാരം യൂറോപ്പിലേക്കു സംക്രമിക്കുന്നതിനുള്ള ഒരു സാംസ്‌കാരിക സേതുവായി വർത്തിച്ചു. ഏഷ്യാമൈനറിലെ ഹിറ്റൈറ്റുകള്‍ 13-ാം ശതകത്തിന്റെ മധ്യത്തോടെ വിദേശാധിപത്യത്തിൽ കീഴിലായി. ഫറോവയായ റമിസിസ്‌ കക-ന്റെ (?-ബി.സി. 1225) ഭരണകാലത്ത്‌ ഈജിപ്‌ത്‌ ഹിറ്റൈറ്റുകളിൽ നിന്നു ഫിനീഷ്യയും പലസ്‌തീനും കൈയടക്കി, എന്നാൽ ഹിറ്റൈറ്റുകള്‍ ഈജിപ്‌തിന്റെ തുടർന്നുള്ള വികസനത്തെ ചെറുത്തുനിന്ന്‌ സിറിയയിലെ തങ്ങളുടെ ആധിപത്യം നിലനിർത്തി. ഈജിപ്‌ഷ്യന്‍ സാമ്രാജ്യത്തിനാകട്ടെ, അതിവിസ്‌തൃതികാരണം ഏഷ്യന്‍ ആശ്രിത രാജ്യങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്‌തു.

ബി.സി. 1600-ാമാണ്ടോടെ ദൃശ്യമായ ഫിനീഷ്യന്‍ നഗര റിപ്പബ്ലിക്കുകള്‍ നാവികശക്തി കേന്ദ്രങ്ങളായിരുന്നു. അഭിഗമ്യമായ കടൽത്തീരങ്ങളിലെല്ലാം അവർ അനേകം ചെറുകോളനികള്‍ സ്ഥാപിക്കുകയും ശതകങ്ങളോളം നിലനിർത്തുകയും ചെയ്‌തു. ഇവയിൽ ഏറ്റവും പ്രസിദ്ധമാണ്‌ ബി.സി. ഒന്‍പതാം ശതകത്തിൽ സ്ഥാപിതമായ കാർത്തേജ്‌-ഫിനീഷ്യന്‍ ആധിപത്യം. ആനുഷംഗികമായി മെഡിറ്ററേനിയന്റെ ഉത്തര ദക്ഷിണ തീരങ്ങളിലൂടെ സ്‌പെയിന്‍വരെയും ബ്രിട്ടീഷ്‌ ദ്വീപുകള്‍വരെയും വ്യാപിച്ചത്‌. പലസ്‌തീനിൽ ക്രിസ്‌തുവിന്റെ ജനനത്തിനു സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ യഹൂദരാജാക്കന്മാരായ ദാവീദിന്റെ (ഭ.കാ.സു.ബി.സി. 1012-972)യും സോളമന്റെ (ഭ.കാ. ഏകദേശം ബി.സി. 972-932)യും കാലത്ത്‌ രാജവംശവളർച്ച ഉച്ചകോടിയിലെത്തി. സോളമന്‍, അറേബ്യയുടെ മേൽ കപ്പം ചുമത്തുവാന്‍വരെ ശക്തനായിരുന്നു. സാർഗണ്‍ കക-ന്റെ (ഭ.കാ.ബി.സി. 722-705) കാലത്ത്‌ അസീറിയന്‍ സാമ്രാജ്യം വികസിക്കുകയും ഉത്തരഭാഗത്തുള്ള ഇസ്രയേലിനെ നശിപ്പിക്കുകയും ജൂഡിയയുടെ മേൽ കപ്പം ചുമത്തുകയും ചെയ്‌തു. ബാബിലോണിയയിലെ കാൽഡിയന്‍ രാജാവായ നെബുകദ്‌നെസർ (ഭ.കാ. സു. ബി.സി. 605-562) പലസ്‌തീന്‍ മുഴുവന്‍ കൈയടക്കുകയും യഹൂദരാജാക്കന്മാരെ ബാബിലോണിയയിൽ തടവിൽ പാർപ്പിക്കുകയും ചെയ്‌തു. പശ്ചിമേഷ്യയിലുടനീളം യുദ്ധരീതികളിലുണ്ടായ ശീഘ്രമായ പരിവർത്തനങ്ങള്‍ കൂടുതൽ വിശാലമായ പ്രദേശങ്ങള്‍ വളരെ പെട്ടെന്ന്‌ അധീനമാക്കുവാന്‍ ദുർമോഹികളായ രാജാക്കന്മാർക്ക്‌ അവസരം നല്‌കി. ഇവർ സ്ഥാപിച്ച രാജവംശങ്ങള്‍ അല്‌പായുസ്സുകളും അസ്ഥിരങ്ങളുമായിരുന്നു. എന്നാൽ അഭിജാതരായ ഉന്നതവർഗത്തിന്റെ വീര്യപരാക്രമത്തെ അടിസ്ഥാനമാക്കിയ ഫ്യൂഡൽ സംവിധാനത്തിന്‌ ആപേക്ഷികമായി ചെറിയ പ്രദേശങ്ങള്‍ ദീർഘനാള്‍ ഭരിക്കുവാന്‍ കഴിഞ്ഞു.

ചരിത്രപരമായ അവ്യക്തതയിൽനിന്ന്‌ പുനഃപ്രത്യക്ഷമായ പേർഷ്യ ബി.സി. 539-ൽ ബാബിലോണ്‍ നഗരത്തെ നശിപ്പിക്കുകയും മഹാനായ സൊസ്സിന്റെ (?-ബി.സി. 530) കീഴിൽ രാഷ്‌ട്രം വിസ്‌തൃതമാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ദാരിയൂസ്‌ ക (ഭ.കാ.ബി.സി. 522-486) പടിഞ്ഞാറോട്ടു മുന്നേറി ത്രസ്‌ കീഴടക്കുകയും ഗ്രീക്കുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ബി.സി. 490-ൽ മാരത്തോണ്‍ യുദ്ധത്തോടെ ഈ ഭീഷണി അവസാനിച്ചു. സെർക്‌സിസ്‌ ക (ഭ.കാ.ബി.സി. 486-465)-ന്റെ സലാമീസ്‌ നാവികയുദ്ധ പരാജയ(ബി.സി. 480)ത്തെ തുടർന്ന്‌ പേർഷ്യന്‍ ആധിപത്യം യൂറോപ്പിൽനിന്നു തുടച്ചുമാറ്റപ്പെട്ടു. ഒരു ശതകത്തിനുശേഷം അലക്‌സാണ്ടറുടെ ആക്രമണത്തോടെ പേർഷ്യ യൂറോപ്യന്‍ ശക്തിയുടെ ആശ്രിതരാജ്യമായിത്തീർന്നു (ബി.സി. 331) അലക്‌സാണ്ടറുടെ മരണശേഷം പേർഷ്യ സെലൂസിദുകളുടെ കീഴിലായി. സെലൂസിദുകളെ പരാജയപ്പെടുത്തിക്കൊണ്ട്‌ പാർത്തിയർ പേർഷ്യന്‍ സാമ്രാജ്യം അധീനതയിലാക്കി. എന്നാൽ സുമാർ എ.ഡി. 226-ൽ ഇത്‌ വീണ്ടും സെലൂസിദുകളുടെ കീഴിലായി. സൈലൂസിദു രാജവംശക്കാലത്ത്‌ പേർഷ്യന്‍ സാമ്രാജ്യം പുനരാവിർഭവിക്കുകയും എ.ഡി. ഏഴാം ശ. വരെ നിലനില്‌ക്കുകയും ചെയ്‌തു. പിന്നീട്‌ ഇത്‌ ഇസ്‌ലാമിക ശക്തിക്കു കീഴടങ്ങി.

കൃത്യമായ കാലഗണനയുടെ അഭാവം കാരണം ഇന്ത്യാചരിത്രം ഏറെക്കുറെ അവ്യക്തമാണ്‌. വേദകാലത്തിന്റെ രണ്ടാം ഘട്ടത്തിൽ രാജവാഴ്‌ചയ്‌ക്ക്‌ പരമമായ അംഗീകാരവും പ്രാധാന്യവും സിദ്ധിച്ചിരുന്നു. വിദർഭം, ഉത്തരകുരുരാജ്യം, മാദ്രം, മഹാവൃക്ഷം, ഗാന്ധാരം, ബാല്‌ഹീകം, കേകയം, കംബോജം മുതലായവ വടക്കേ ഇന്ത്യയിലെ പ്രമുഖ രാജ്യങ്ങളായിരുന്നു. ദസ്യുകളുടെ രാജ്യങ്ങളായ ആന്ധ്ര, പുണ്‌ഡ്ര, പുളിന്ദ മുതലായ രാജ്യങ്ങള്‍ ദക്ഷിണ-ഇന്ത്യയിലായിരുന്നുവെന്നതിന്‌ സൂചനകളുണ്ട്‌. നന്ദരാജവംശം ഉത്തരേന്ത്യ മുഴുവന്‍ അടക്കിഭരിക്കുന്ന കാലത്താണ്‌ അലക്‌സാണ്ടറുടെ ആക്രമണമുണ്ടായത്‌. ബി.സി. 326-ൽ അലക്‌സാണ്ടർ ഹിന്ദുക്കുഷ്‌ പർവതം കടന്നു. അലക്‌സാണ്ടറുടെ വിജയം ക്ഷണികമായിരുന്നു.ബി.സി. 323-ൽ ചന്ദ്രഗുപ്‌തമൗര്യന്‍ നന്ദരാജവംശത്തെ തോല്‌പിച്ച്‌ മൗര്യസാമ്രാജ്യത്തിന്‌ അടിസ്ഥാനമിട്ടു. ഏകദേശം ബി.സി. 269-232-ൽ അശോക ചക്രവർത്തി സാമ്രാജ്യാധിപത്യമുറപ്പിച്ചു. അദ്ദേഹത്തിന്റെ ആധിപത്യം വലിയൊരു പ്രദേശത്തു വ്യാപിച്ചു. അദ്ദേഹം ഗ്രീസുവരെയും ബുദ്ധമത പ്രചാരകരെ അയയ്‌ക്കുകയുണ്ടായി. ചൈനയുടെ ചരിത്രം ഇതിഹാസ സംഭവങ്ങളെയും വ്യക്തികളെയും സംബന്ധിച്ച ഊഹാപോഹങ്ങളുടെ മറവിലാണ്‌. ഹ്വാങ്‌ഹോ നദീതീരത്തെ അനേകം ചെറുരാജ്യങ്ങളുടെ സഞ്ചയമാണ്‌ അറിയപ്പെട്ടിട്ടുള്ളതിൽവച്ച്‌ ഏറ്റവും വലിയ പ്രഥമരാഷ്‌ട്രീയ ശക്തി. ചക്രവർത്തിയെന്ന്‌ സ്വയം അവകാശപ്പെട്ട ആദ്യത്തെ വ്യക്തി ശക്തനും എന്നാൽ നിഷ്‌ഠുരനുമായ ഷിഹുവാങ്‌ടി (സു.ബി.സി. 246-210) ആണ്‌. ഇദ്ദേഹമാണ്‌ ഏഴ്‌ അദ്‌ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വന്‍മതിലിന്റെ ഏറിയ പങ്കും പണികഴിപ്പിച്ചത്‌. ഹാന്‍ (ബി.സി. 202-എ.ഡി. 220) രാജവംശത്തിന്റെ ഭരണകാലത്ത്‌ ചൈനീസ്‌സേന കാസ്‌പിയന്‍ തീരംവരെ എത്തിച്ചേർന്നു. ഗ്രാന്‍ഡ്‌ കനാലിന്റെ നിർമിതി (ബി.സി. 5-ാം ശതകത്തിൽ പണിയാരംഭിച്ചു; എ.ഡി. 605-17 കാലത്ത്‌ യാങ്‌തി ചക്രവർത്തി കനാലിന്റെ പണി പൂർത്തിയാക്കി.) സുരക്ഷിതത്വത്തിനും സമ്പന്നതയ്‌ക്കും കാരണമായി. പിന്നീട്‌ താങ്‌വംശ(618-906)ത്തിന്റെ കാലത്ത്‌ ചൈന ലോകത്തിലെ അതിമഹത്തായ സാമ്രാജ്യമായിത്തീർന്നു. അഭ്യസ്‌തവിദ്യരായ ഉദ്യോഗസ്ഥന്മാരായിരുന്നു ലിഖിതഭാഷയുടെ നിയന്താക്കള്‍. മന്ദാരിന്‍ വിഭാഗത്തിൽപ്പെടുന്ന ഇവരുടെ കീഴിലായിരുന്നു ഗവണ്‍മെന്റു സംവിധാനം പ്രവർത്തിച്ചിരുന്നത്‌. സുങ്‌ രാജവംശത്തിന്റെ വാഴ്‌ചയിൽ (എ.ഡി. 960-1820) ദക്ഷിണചൈന, വിശേഷിച്ചും യാങ്‌ട്‌സി താഴ്‌വര ചൈനാചരിത്രത്തിൽ പ്രാമാണ്യം നേടി. മിങ്‌ (1368-1644) ചക്രവർത്തിമാർ ഈസ്റ്റിന്‍ഡീസ്‌ വരെ തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കുകയും കുറേക്കാലം സിലോണിൽ (ശ്രീലങ്ക) നിന്നുപോലും കപ്പം ഈടാക്കുകയും ചെയ്‌തു.

ഏതാണ്ട്‌ എ.ഡി. 1000-ാമാണ്ടോടുകൂടി ഗസ്‌നിയിലെ മുഹമ്മദിന്റെ നേതൃത്വത്തിൽ അഫ്‌ഗാനിസ്‌താനിലെ മുസ്‌ലിം ആക്രമണകാരികള്‍ വടക്കുപടിഞ്ഞാറ്‌ ഇന്ത്യമുഴുവന്‍ കൈയടക്കുകയും ഡൽഹിയിൽ സുൽത്താന്‍ ഭരണം സ്ഥാപിക്കുകയും ചെയ്‌തു. ഇന്നത്തെ മധ്യേഷ്യയിലും ടർക്കിസ്‌താനിലും സമർഖണ്ഡിലെ ഈ മേഖലയിലെ ഇതരനഗരങ്ങളിലും അനന്യസാധാരണമായ ഒരു സംസ്‌കാരം വളർന്നു. ഒമയ്യാദ്‌ സാമ്രാജ്യകാലത്ത്‌ (എട്ടാംശ.) സമർഖണ്ഡ്‌ ബാഗ്‌ദാദ്‌-ചൈനാ പഥത്തിലെ ഒരു വന്‍കിട വ്യാപാരകേന്ദ്രമായിത്തീർന്നു. 9-10 ശതകങ്ങളിൽ മധ്യേഷ്യയിലെ അബ്ബാസിയ രാജവംശത്തിന്റെ തലസ്ഥാനമെന്നനിലയിൽ സമർഖണ്ഡ്‌ ഇസ്‌ലാമിക സംസ്‌കാരകേന്ദ്രമായിത്തീർന്നു. ബാള്‍ഖ്‌ നഗരത്തെ മാതൃനഗരം എന്ന്‌ അന്നു വിളിച്ചിരുന്നു. എന്നാൽ ഇക്കാലത്തുതന്നെ ടർക്കിസ്‌താനു വടക്ക്‌ കൂടുതൽ വിശാലമായ പ്രദേശങ്ങളിൽ നാടോടി വർഗങ്ങള്‍ പാർത്തുവന്നു. ഇവർ വ്യവസ്ഥാപിത കുടിപാർപ്പുപ്രദേശങ്ങളുടേ മേൽ സമ്മർദം ചെലുത്തി. 1200-ാമാണ്ടോടെ മധ്യേഷ്യയിൽ ചെങ്കിസ്‌ഖാന്‍ (സു. 1162-1227) അധികാരശക്തി വ്യാപിപ്പിച്ചു. ഏഡ്രിയാറ്റിക്‌തീരം വരെയും ചെങ്കിസ്‌ഖാന്‍ അധീനപ്പെടുത്തി. ഇദ്ദേഹത്തിന്റെ യൂറോപ്പിലേക്കുള്ള ആക്രമണം ഏതാണ്ട്‌ ഒരു നൂറ്റാണ്ടുകാലത്തേക്ക്‌ റഷ്യയുടെ പുരോഗതിയെ തടസ്സപ്പെടുത്തി. ഇദ്ദേഹത്തിന്റെ പൗത്രനായ കുബ്ലായ്‌ഖാന്‍ (സു. 1215-1294) ചൈനയിൽ യുഖാന്‍ എന്ന പേരിൽ ഒരു മംഗോള്‍ രാജവംശം സ്ഥാപിക്കുകയും ചെയ്‌തു. യുഖാന്‍ രാജവംശം അല്‌പായുസ്സായിരുന്നു. മറ്റൊരു പിന്‍ഗാമിയായ തിമൂർ അഥവാ ടാമർലെയ്‌ന്‍ (സു. 1336-1406) പശ്ചിമേഷ്യ മിക്കവാറും പിടിച്ചെടുക്കുകയും ബാഗ്‌ദാദ്‌ നഗരത്തെ നശിപ്പിക്കുകയും ചെയ്‌തു. തിമൂറിന്റെ പിന്‍ഗാമിയെന്നവകാശപ്പെടുന്ന ബാബർ 16-ാം ശതകത്തിൽ ഇന്ത്യ ആക്രമിച്ച്‌ (1526) ഒരു മുഗള്‍സാമ്രാജ്യം സ്ഥാപിച്ചു. അക്‌ബർ ചക്രവർത്തിയുടെ (1542-1605) കാലത്ത്‌ മുഗള്‍സാമ്രാജ്യം പ്രശസ്‌തിയുടെ കൊടുമുടിയിലെത്തി.

ചെറിയ ജനവർഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന തൂർക്കികളുടെ യൂറോപ്പിന്മേലുള്ള സ്വാധീനത ഏഷ്യാമൈനറിൽ സെൽജൂക്ക്‌ ഒട്ടോമന്‍ രാജവംശങ്ങള്‍ സ്ഥാപിക്കപ്പെട്ടതിനുശേഷമാണ്‌ അനുഭവപ്പെട്ടത്‌. റോമാസാമ്രാജ്യത്തിന്റെ ഒടുവിലത്തെ അവശിഷ്‌ടമായ കോണ്‍സ്റ്റന്റിനോപ്പിള്‍ 1453-ൽ തുർക്കികള്‍ പിടിച്ചടക്കി. തുർക്കിസേന ബാള്‍ക്കന്‍ മേഖലയിലേക്ക്‌ വ്യാപിക്കുകയും കുറേക്കാലം യൂറോപ്പിന്റെ സമാധാനത്തിനു ഭീഷണിയായി നിലകൊള്ളുകയും ചെയ്‌തു. പരസ്‌പരം ശത്രുതയിലായ നഗരരാഷ്‌ട്രങ്ങളുടെ സംഘർഷത്തിന്റേതായ ചിത്രമാണ്‌ ദക്ഷിണപൂർവേഷ്യയിൽ മ്യാന്മറിന്റെ ചരിത്രം കാഴ്‌ചവയ്‌ക്കുന്നത്‌. പെഗു, പാഗന്‍ ക്ഷേത്രാവശിഷ്‌ടങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. സയാമിനു (തായ്‌ലന്‍ഡ്‌) മപ്പുറം ഇന്നത്തെ കംബോഡിയ പ്രദേശം കേന്ദ്രമാക്കി എട്ടാം ശതകത്തിൽ ഖ്‌മെർ രാജവംശം സ്ഥാപിതമായി. അങ്കോർകാലഘട്ടം (889-1434) ഖ്‌മെർ സംസ്‌കാരത്തിന്റെ സുവർണകാലമായിരുന്നു.

ജപ്പാന്റെ പ്രാചീനചരിത്രം വ്യക്തമല്ല. സൂര്യവംശ ചക്രവർത്തിയായ ജിമ്മു ബി.സി. 660-ൽ ജപ്പാന്‍ സാമ്രാജ്യം സ്ഥാപിച്ചുവെന്നാണ്‌ ഐതിഹ്യം. എ.ഡി. 440-നുശേഷമുള്ള ചരിത്രരേഖകളേ ലഭ്യമായിട്ടുള്ളൂ. അഞ്ചാം ശതകത്തോടെ യാമാതോ (Yamato) വംശം ജപ്പാനിൽ കുടിയേറിയതായി കരുതപ്പെടുന്നു. ആറ്‌ മുതൽ എട്ടുവരെ ശതകങ്ങളിൽ ജപ്പാന്‍ ശക്തമായ ചൈനീസ്‌ സാംസ്‌കാരിക പ്രഭാവത്തിനുവിധേയമായി യാമാതോ എന്ന പുരോഹിത പ്രമാണി ചക്രവർത്തി പദവി അവകാശപ്പെട്ടു. രാജസദസ്സിന്റെ നിയന്ത്രണം ഫ്യൂജിവര(Fujiwara)കുടുംബത്തിനായിരുന്നു. ക്രമേണ ഒരു ഫ്യൂഡൽ സമൂഹക്രമം ഉരുത്തിരിഞ്ഞു. രണ്ടാം ശ. ഫ്യൂഡൽ ശക്തികള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. മിനാമോതോ (Minamoto) കുടുംബം ഇതര കുടുംബങ്ങളെ പരാജയപ്പെടുത്തുകയും അവരുടെ നേതാവായ യോറിനോമോ "ഷോഗണ്‍' എന്ന സ്ഥാനം സ്വീകരിച്ച്‌ "കാമാകുറ' (Kamakura) ആസ്ഥാനമാക്കി സ്വേച്ഛാധിപത്യഭരണം ആരംഭിക്കുകയും ചെയ്‌തു. ഷോഗണ്‍ സൈനിക ജുണ്ടായുടെ സംസ്ഥാപനം ചക്രവർത്തിയെ നാമമാത്രഭരണാധികാരിയായി തരംതാഴ്‌ത്തി. പില്‌ക്കാലത്ത്‌ ഷോഗണ്‍ ഭരണം തകർന്നു. 1592-98-ൽ കൊറിയ ആക്രമിക്കുന്നതിനുള്ള ഒരു വിഫലശ്രമത്തിനുശേഷം 18-ാം ശതകത്തിന്റെ മധ്യം വരെയും ജപ്പാന്‍ അന്തർദേശീയമായി ബോധപൂർവം ഒറ്റപ്പെട്ടു കഴിഞ്ഞു. അതിനുശേഷം ജപ്പാന്റെ പാശ്ചാത്യവത്‌കരണവും വ്യവസായവത്‌കരണവും ശീഘ്രതരമായിരുന്നു. ആധുനിക പാശ്ചാത്യ സാങ്കേതികവിദ്യ സ്വീകരിച്ച ആദ്യത്തെ ഏഷ്യന്‍ രാഷ്‌ട്രം ജപ്പാന്‍ ആണ്‌. 1890 മുതൽ 1945 വരെ ജപ്പാന്‍ ഏഷ്യയിലെ ഏറ്റവും അഭിവൃദ്ധി പ്രാപിച്ചതും ആക്രമണകാരിയുമായ ശക്തിയായി നിലകൊണ്ടു.

എ.ഡി. ഏഴാം ശതകത്തിലെ ഇസ്‌ലാമിന്റെ ശീഘ്രമായ വളർച്ച ഏഷ്യാചരിത്രത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. ആഫ്രിക്കയെ ചുറ്റിയുള്ള സമുദ്രമാർഗം കണ്ടുപിടിക്കുന്നതുവരെയും യൂറോപ്പും ഏഷ്യയുമായി ബന്ധപ്പെടുന്നതിന്‌ തടസ്സമായി ഇസ്‌ലാം നിലകൊണ്ടു. കൂടാതെ ഇസ്‌ലാമിന്റെ മതപരവും സാംസ്‌കാരികവുമായ മാതൃക ഏഷ്യാചരിത്രത്തെ സ്വാധീനിക്കുകയും ചെയ്‌തു. അറബികള്‍, തുർക്കികള്‍, ടർക്കോ-മംഗോളിയർ, ഒട്ടോമന്‍ തുർക്കികള്‍ എന്നിവരുടെ പ്രാമാണ്യത്തിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമിന്റെ ചരിത്രത്തെ മൂന്നു മുഖ്യ കാലഘട്ടങ്ങളായി തിരിക്കാം. അറബി രാജവംശങ്ങള്‍ ഏഴാം ശ. മുതൽ 11-ാം ശ. വരെ ആധിപത്യം പുലർത്തിപ്പോന്നു. ദമാസ്‌കസ്‌ കേന്ദ്രമാക്കിയ ഒമയ്യാദ്‌ (661-750), ബാഗ്‌ദാദ്‌ കേന്ദ്രമാക്കിയ അബ്ബാസിയ (750-1258) ഇവയായിരുന്നു ഈ വിഭാഗത്തിലെ രണ്ടു പ്രധാന കൈവഴികള്‍. 11-ാം ശ. മുതൽക്ക്‌ തുർക്കികള്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്മേലും അറബിലോകത്തിന്റെ നേർക്കും അധികമധികം സമ്മർദം ചെലുത്തി. 11-ഉം 14-ഉം ശതങ്ങള്‍ക്കിടയ്‌ക്ക്‌ തുർക്കികളും ടർക്കോ-മംഗോളിയരും മെഡിറ്ററേനിയന്‍ മുതൽ ചൈനാ കടൽവരെ തങ്ങളുടെ അധികാരാതിർത്തി വ്യാപിപ്പിച്ചു. ഗോള്‍ഡന്‍ ഹോർദെ (1241-1395) സാമ്രാജ്യാതിർത്തി യൂറാള്‍ മുതൽ ഡാന്യൂബ്‌തീരം വരെ വ്യാപിപ്പിച്ചു. ഗോള്‍ഡന്‍ ഹോർദെ (1241-1395) സാമ്രാജ്യാതിർത്തി യൂറാള്‍ മുതൽ ഡാന്യൂബ്‌തീരം വരെ വ്യാപിച്ചിരുന്നു. 14-ാം ശതകത്തിന്റെ അന്ത്യത്തിൽ തിമൂർ മധ്യേഷ്യയിൽ സാമ്രാജ്യം സ്ഥാപിച്ചു, എന്നാൽ ഇത്‌ അല്‌പായുസ്സായിരുന്നു. ഒട്ടോമന്‍ തുർക്കികള്‍ 1453-ൽ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കി. ഇവർ പിന്നീട്‌ ഒരു പ്രമുഖ രാഷ്‌ട്രീയ ശക്തിയായി മുന്നോട്ടുവന്നു. പല തവണ വിയന്നയ്‌ക്കുനേരെ ഭീഷണിയായി ഉയർന്ന ഒട്ടോമന്‍ശക്തി 1683-നു മുമ്പ്‌ യൂറോപ്പിലേക്കു വ്യാപിച്ചു. ഉത്തര ആഫ്രിക്കയുടെ തീരമേഖലകളിലും അതിനു സ്വാധീനത ചെലുത്താന്‍ കഴിഞ്ഞു.

വിഘടനത്തിന്റെ കാലഘട്ടം

എ.ഡി. 70-ാമാണ്ട്‌ ജറുസലേം നശിപ്പിക്കപ്പെട്ടു. എ.ഡി. ഒന്ന്‌-രണ്ട്‌ ശതകത്തിൽ പ്രത്യേകിച്ചു, "നല്ലചക്രവർത്തിമാർ' എന്നറിയപ്പെടുന്ന ട്രാജന്റെയും മാർക്കസ്‌ ഒറേലിയസ്സിന്റെയും കാലത്ത്‌-ബാഹ്യമായി ഏകീകൃത റോമാസാമ്രാജ്യം നിലനിന്നു. എന്നാൽ സാമ്രാജ്യത്തിന്റെ ആന്തരശക്തി നഷ്‌ടപ്പെട്ടിരുന്നു. പാശ്ചാത്യമെന്നും പൗരസ്‌ത്യം അഥവാ ഏഷ്യന്‍ എന്നുമുള്ള വിഭജനം കോണ്‍സ്റ്റന്റീന്റെ (സു. 280-337) കാലം മുതല്‌ക്കേ ആരംഭിച്ചു കഴിഞ്ഞിരുന്നു. 395-ൽ തിയഡോഷ്യസ്‌ ചക്രവർത്തിയുടെ മരണത്തോടെ ഈ വിഭജനം പൂർത്തിയായി. ഇതുപോലെ കിഴക്ക്‌ ശക്തമായിരുന്ന ചൈനീസ്‌ സാമ്രാജ്യവും പിളർന്നു. ചിന്‍ രാജവംശം (265-415) കുറേക്കാലം ചൈനയെ പുനരേകീകരിച്ചു നിലനിർത്തി. ഒരു ശതകം കഴിഞ്ഞ്‌ ആക്രമണകാരികളായ തുർക്കികള്‍ ടർക്കിസ്‌താന്‍ എന്ന പേരിൽ തങ്ങളുടേതായ ഒരു സാമ്രാജ്യം സ്ഥാപിച്ചു. സ്വീ (Sui) രാജവംശവും താങ്‌ രാജവംശവും ചൈനീസ്‌ സാമ്രാജ്യത്തെ വികസിപ്പിച്ചു. എന്നാൽ സാമ്രാജ്യ ശക്തിയുടെ അതിവിസ്‌തൃതി അന്തിമമായി അതിന്റെ സ്വാഭാവിക പരാജയത്തിനു കാരണമായി. താങ്‌വംശം തകരുകയും തുടർന്ന്‌ 960 വരെയുള്ള കാലത്ത്‌ അഞ്ച്‌ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിലവിൽ വരുകയും ചെയ്‌തു. എന്നാൽ അമർമേഖലയിലെയും മംഗോളിയയിലെയും പ്രാകൃതവർഗങ്ങളുടെ ആക്രമണം ചെറുത്തു നിൽക്കാനാവാതെ സാമ്രാജ്യം തകർന്നുപോയി. ഖലീഫയായ ഫാറൂണ്‍ അൽ റഷീദി(സു. 764-809)ന്റെ കാലം കഴിഞ്ഞതോടെ ഇസ്‌ലാമിന്റെ സുവർണകാലം അവസാനിച്ചു. എന്നാൽ അബ്ബാസിയ ഖലീഫമാരുടെ കാലശേഷം വിഘടനം രൂക്ഷമായി. 1258-ൽ മംഗോളിയന്‍ ആക്രമണകാരികള്‍ ബാഗ്‌ദാദ്‌ പിടിച്ചെടുത്ത്‌ അബ്ബാസിയ വംശത്തെ നിഷ്‌കാസനം ചെയ്‌തു. ഇതിനുശേഷമാണ്‌ ഇസ്‌ലാമിന്റെ സാംസ്‌കാരിക സ്വാധീനത നഷ്‌ടപ്പെട്ടത്‌.

യൂറോപ്പിലേതുപോലെ ഏഷ്യയിലും മധ്യകാലഘട്ടം ഇരുണ്ടയുഗം തന്നെയായിരുന്നു. കിഴക്കും പടിഞ്ഞാറും അശ്വാരൂഢരായ പ്രാകൃത വർഗങ്ങള്‍ പുതുതായി നാമ്പെടുത്തു തുടങ്ങിയ സംസ്‌കാരത്തെ ചവിട്ടിമെതച്ചു. സെൽജൂക്‌ തുർക്കികള്‍ ഏഷ്യാമൈനർ മുഴുവന്‍ ആക്രമിക്കുകയും 1072-ൽ ജറൂസലേം പിടിച്ചടക്കുകയും ചെയ്‌തു. പശ്ചിമ യൂറോപ്പിൽ ഇസ്‌ലാമിനെതിരായ വികാരം ഇളക്കിവിട്ടതും കുരിശുയുദ്ധ(1095-1291)ങ്ങള്‍ക്കും കാരണമായതും ഇവരുടെ സൈനിക വാഴ്‌ചയാണ്‌. മധ്യേഷ്യയിൽനിന്നുള്ള മംഗോളിയരുടെ വരവ്‌ തുർക്കികളുടെ നാശത്തിനുകാരണമായി. മംഗോളിയർ 1258-ൽ ബാഗ്‌ദാദ്‌ പിടിച്ചെടുത്ത്‌ അബ്ബാസിയ ഖലീഫമാരെ നിഷ്‌കാസനം ചെയ്‌തു. ഏഷ്യയുടെയും യൂറോപ്പിന്റെയും ഒരു വലിയ പങ്കു കൈയടക്കിക്കൊണ്ട്‌ ഏറ്റവുമധികം പടിഞ്ഞാറോട്ടു മുന്നേറിയത്‌ അവരായിരുന്നു. മംഗോളിയരും അവരുടെ കൂട്ടാളികളും ചൈനയും മഞ്ചൂറിയയും കൊറിയയും ദക്ഷിണപൂർവേഷ്യയും ദക്ഷിണ മധ്യേഷ്യയും ആക്രമിക്കുകയും ഉത്തരേന്ത്യയും പൂർവറഷ്യയും കൈവശപ്പെടുത്തുകയും ചെയ്‌തു. ചെങ്കിസ്‌ഖാന്റെ പൗത്രനും മംഗോള്‍ രാജവംശത്തിലെ ആദ്യത്തെ ചക്രവർത്തിയുമായ കുബ്ലായ്‌ഖാന്റെ (സു. 1215-1294) കീഴിൽ ചിന്‍സാമ്രാജ്യത്തിന്റെ അവശേഷിച്ച ഭാഗവും മംഗോളിയരുടെ അധീനതയിലായി. കാമകൂറയിൽ യോറിതോമോ (Yoritomo) സ്ഥാപിച്ച (1192) ഷോഗണ്‍ ഭരണത്തിന്‍കീഴിൽ ജപ്പാന്‍ സമ്പത്‌സമൃദ്ധമായി. ഇത്‌ ജപ്പാന്‍ ആക്രമിക്കുന്നതിന്‌ മംഗോള്‍ ചക്രവർത്തിയെ പ്രരിപ്പിച്ചു. എന്നാൽ മംഗോള്‍സൈന്യവും നാവികപ്പടയും പരാജയപ്പെടുകയാണുണ്ടായത്‌. ജപ്പാനെ ആക്രമിക്കുവാന്‍ മംഗോളിയർ പിന്നീടൊരിക്കലും തയ്യാറായില്ല. 14-ാം ശ. അവസാനിക്കുന്നതോടെ മംഗോളിയർ പാശ്ചാത്യാധീന രാജ്യങ്ങളിൽനിന്ന്‌ തുരത്തപ്പെട്ടു. പ്രായേണ പുരോഗമിച്ച ചില ജനവിഭാഗങ്ങള്‍ ഇസ്‌ലാമായി മതപരിവർത്തനം ചെയ്‌തു. പേർഷ്യയിലും അറേബ്യയിലുമുള്ള വ്യാപാര മാർഗങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ചൈനയിൽ നാണയപ്പെരുപ്പവും കാർഷികത്തകർച്ചയും കലാപങ്ങള്‍ക്കു കാരണമായി. 1368-ൽ മിങ്‌രാജവംശം (1368-1644) ആവിർഭവിച്ചു. അത്‌ സിവിലും സൈനികവുമായ പരിഷ്‌കാരങ്ങളേർപ്പെടുത്തി. ഗ്രാന്‍ഡ്‌ കനാൽ ആഭ്യന്തരവ്യാപാരത്തിന്റെ സിരാകേന്ദ്രമായി പുതുക്കപ്പെട്ടു. സാധനങ്ങളായി നികുതിപിരിക്കുന്ന ഏർപ്പാട്‌ നിലവിൽവന്നു. സാഹിത്യത്തിലും കലയിലും നേട്ടങ്ങളുടേതായ പുതിയ കാലഘട്ടം ഉദയം ചെയ്‌തു.

14-ാം ശതകത്തിന്റെ അവസാനം ഇന്ത്യയും ആക്രമിക്കപ്പെട്ടു. സമർഖണ്ഡിലെ മംഗോള്‍-തുർക്കി രാജകുമാരനായ തിമൂർ ഇന്ത്യയുടെ പുരാതന തലസ്ഥാനമായ ദില്ലി (ഡൽഹി) നശിപ്പിച്ചു. പഴയ മംഗോള്‍ സാമ്രാജ്യത്തിന്റെ ഒരു വലിയ പങ്ക്‌ തന്റെ ആധിപത്യത്തിന്‍ കീഴിലാക്കിയ ഇദ്ദേഹം പിന്നീട്‌ സിറിയയും അനത്തോലിയയും കൂടി ആക്രമിച്ചു. മൂറുകളുടെ സ്‌പെയിന്‍ ആക്രമണം യൂറോപ്പിൽ പ്രാചീനവിജ്ഞാനത്തിന്റെ പുനരുജ്ജീവനത്തിന്‌ കാരണമായി. ഇത്‌ പിന്നീട്‌ നവോത്ഥാനം എന്ന പേരിലറിയപ്പെട്ടു. വ്യാപാരത്തോടൊപ്പം ഏഷ്യയിൽനിന്ന്‌ മറ്റു സ്വാധീനതകളും യൂറോപ്പിലേക്കു കടന്നുചെന്നു. പ്രാചീനകാലം മുതൽക്കുതന്നെ ഒട്ടകമാർഗം പൗരസ്‌ത്യ കൈത്തൊഴിലുത്‌പന്നങ്ങളായ സിൽക്കു തുണിത്തരങ്ങളും പണിതെടുത്ത രത്‌നച്ചരക്കുകളും യൂറോപ്പിലേക്കു കയറ്റി അയച്ചിരുന്നു. കടൽമാർഗമുള്ള വാണിജ്യവും നടന്നിരുന്നു. എന്നാൽ ഇത്‌ വർധമാനമായിത്തീർന്നത്‌ ഭൂഗതാഗതമാർഗങ്ങള്‍ അറബികളുടെ നിയന്ത്രണത്തിലായതിനുശേഷം മാത്രമാണ്‌. മെഡിറ്ററേനിയനിലെ നാവിക ഗതാഗതങ്ങളിൽ ഫിനീഷ്യയെത്തുടർന്ന്‌ വെനീസ്‌ പ്രാമാണ്യം നേടുകയും ഉത്തരയൂറോപ്പിൽ വ്യാപാരികളുടെ സാഹസിക യജ്ഞം വളരുകയും ചെയ്‌തതോടെ ഏഷ്യന്‍ ഉത്‌പന്നങ്ങള്‍ക്കുള്ള പ്രിയം വർധിച്ചുതുടങ്ങി. പൗരസ്‌ത്യ വാണിജ്യച്ചരക്കുകളായ പട്ട്‌, ദന്തം, ഇന്‍ഡിഗോ (നീലം), സുഗന്ധദ്രവ്യങ്ങള്‍, അപൂർവ ദാരുകള്‍ തുടങ്ങിയവയ്‌ക്കു ലോകവ്യാപകമായ പ്രചാരം ലഭിക്കാനിടയായി. ഇതോടെ ഗതാഗതസൗകര്യങ്ങളും വികസിക്കേണ്ടത്‌ ആവശ്യമായി വന്നു. ഈ അന്വേഷണം യൂറോപ്പും ഏഷ്യയുമായി ബന്ധപ്പെടുന്നതിനും പക്വതവന്ന ഏഷ്യന്‍ സമൂഹങ്ങള്‍ വിഘടിക്കുന്നതിനും കാരണമായി. വാസ്‌കോ ദെ ഗാമയുടെ ഇന്ത്യാസഞ്ചാരകാലത്ത്‌ (15-ാം ശതകത്തിന്റെ അന്ത്യം) ഈ വന്‍കരയുടെ ഏകദേശ സ്ഥിതി ഇപ്രകാരമായിരുന്നു; പൂർവ ഏഷ്യന്‍ രാഷ്‌ട്രീയ-സാമൂഹിക സംവിധാനങ്ങള്‍ ആപേക്ഷികമായ സ്ഥിരതയുള്ളതായിരുന്നു. എന്നാൽ ദക്ഷിണ പൂർവേഷ്യയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ നിരന്തരമായി മാറിമറിഞ്ഞുകൊണ്ടിരുന്നു. പല രാജ്യങ്ങളും നശിച്ചു. അറേബ്യയിൽനിന്നും വന്ന ഇസ്‌ലാമിക രാഷ്‌ട്രീയ പ്രചാരകർ തങ്ങളുടെ സ്വാധീനതയുറപ്പിക്കുന്നതിൽ വിജയിച്ചിരുന്നുമില്ല. മുഗള്‍ സാമ്രാജ്യ ശക്തികള്‍ ഇന്ത്യ ഉപദ്വീപിൽ പരമാധികാരമുറപ്പിക്കുവാന്‍ മല്ലിട്ടുകൊണ്ടിരുന്നതിനാൽ ദക്ഷിണ ഏഷ്യയിലെ രാഷ്‌ട്രീയ കാലാവസ്ഥയും കുഴഞ്ഞുമറിഞ്ഞിരുന്നു. ദക്ഷിണ പശ്ചിമേഷ്യയിൽ തുർക്കി ജനത കടന്നുകയറി ആധിപത്യം പിടിച്ചെടുക്കനാരംഭിച്ചു. തന്നിമിത്തം ഇവിടത്തെ രാഷ്‌ട്രീയ സംവിധാനങ്ങള്‍ ഒരു പുനഃക്രമീകരണപ്രക്രിയയിലായിരുന്നു. മധ്യേഷ്യയാകട്ടെ മംഗോളിയരുടെ വികസനത്തിന്റെയും ഇസ്‌ലാമിക വ്യാപനത്തിന്റെയും അവസാനഘട്ടം കടന്നുപോരുകയായിരുന്നു. സൈബീരിയന്‍ മേഖലയിൽ ഔപചാരിക രാഷ്‌ട്രങ്ങളൊന്നുംതന്നെ അന്നേവരെ ആവിർഭവിച്ചിരുന്നതുമില്ല.

ഏഷ്യയുടെ ഉത്തരാർധം 16-ാം ശതകത്തിൽ ആദ്യമായാണ്‌ ലോകചരിത്രത്തിൽ സവിശേഷസ്ഥാനം നേടുന്നത്‌. വിവിധ മംഗോള്‍, തുർക്കിവർഗങ്ങള്‍ പണ്ടുതന്നെ യൂറാള്‍ പർവത മാർഗങ്ങള്‍ കണ്ടുപിടിക്കുകയും കാസ്‌പിയന്‍ കടലിനും യൂറാളിനുമിടയ്‌ക്കുള്ള മരുപ്രദേശങ്ങളെ അധിവസിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 1480-ൽ ആദ്യമായി മോസ്‌കോയിലെ മഹാനായ ഇവാന്‍ (1440-1505) ടാട്ടാർ (Tatar) മേധാവിത്വത്തെ തകർക്കുകയും ഒരു സാമ്രാജ്യം സ്ഥാപിച്ച്‌ കുടിയേറ്റത്തെ ചെറുക്കുകയും ചെയ്‌തു. 1579-ൽ കൊസാക്കു നേതാവായ യെർവാക്ക്‌ (മ.സു. 1584) സിബിറിലെ ടാട്ടാർ കോട്ടപിടിച്ചെടുത്തു. ഏഴു വർഷം കഴിഞ്ഞ്‌ സൈബീരിയയിൽ ആദ്യത്തെ റഷ്യന്‍ കുടിപാർപ്പുണ്ടായി. 1637-ൽ കിഴക്കു യാക്കുത്‌സ്‌കിൽ (yakustk) ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചു. 1648-ൽ സിമോണ്‍ ഡെഷിനേവിന്റെ നേതൃത്വത്തിൽ വടക്കു കിഴക്കന്‍ പ്രദേശത്തേക്കു വിവിധ കുടിയേറ്റങ്ങള്‍ നടന്നു. മൂന്നു വർഷം കഴിഞ്ഞ്‌ ഖബറോഫ്‌ അമർനദീതീരത്തെത്തുകയും ചൈനയിൽ വ്യാപാരസൗകര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്‌തു. 1689-ൽ നൈർചീന്‍സ്‌ക്‌ (Nerchinsk) സന്ധി ഒപ്പുവച്ചു. ഈ സന്ധി വളരെക്കാലം റഷ്യന്‍ സൈബീരിയയും ചൈനയും തമ്മിലുള്ള കരമാർഗഗതാഗത്തെയും അതിർത്തിയെയും നിയന്ത്രിച്ചുപോന്നു. 1741-ൽ റഷ്യന്‍ ഗവണ്‍മെന്റിൽ ജോലിനോക്കിയിരുന്ന ഡച്ചുകാരനായ വിറ്റ്‌സ്‌ ബെറിങ്‌ ഏഷ്യയ്‌ക്കും വടക്കേ അമേരിക്കയ്‌ക്കുമിടയ്‌ക്കുള്ള കടലിടുക്കു കണ്ടുപിടിച്ചു (Bering strait).

യൂറാളിനും പസിഫിക്കിനുമിടയ്‌ക്കുള്ള എല്ലാ പ്രദേശങ്ങളും റഷ്യന്‍ ഭരണത്തിന്‍ കീഴിലായാരുന്നില്ല. 1683-ൽ യൂറോപ്പിന്റെ മേലുള്ള ഒട്ടോമന്‍ തുർക്കികളുടെ ആക്രമണം വിയന്നയോളം ചെന്നെത്തി. 1829-ലെ എഡ്രിയനോപ്പിള്‍ സന്ധിയോടെയാണ്‌ ഒട്ടോമന്‍ തുർക്കികള്‍ കാക്കസസ്‌ പ്രവിശ്യ റഷ്യക്കു വിട്ടുകൊടുത്തത്‌. 1844-ൽ മാത്രമാണ്‌ കീർഗിസ്‌ വംശത്തിലെ ഒടുവിലത്തെ വിഭാഗം റഷ്യന്‍ ഭരണത്തിനു കീഴടങ്ങിയത്‌. 1858-ലെ എയ്‌ഗണ്‍ (Aigun) സന്ധി ഒപ്പുവയ്‌ക്കുന്നതുവരെയും അരഗണ്‍ നദി മുതൽ അമൂർനദി വരെയുള്ള പ്രദേശങ്ങള്‍ പൂർണമായും ചൈന വിട്ടുകൊടുത്തിരുന്നില്ല. നൂറ്റാണ്ടുകളായി ആക്രമണത്തിനു വിധേയമായിരുന്ന തുർക്കിസ്‌താന്‍ 1867-ൽ റഷ്യന്‍ സാമ്രാജ്യത്തോടു ചേർക്കപ്പെട്ടു.

യൂറോപ്യന്‍ സ്വാധീനത

ആധുനിക കാലത്തിന്റെ ആരംഭഘട്ടത്തിൽ പൗരസ്‌ത്യ ദേശത്തിന്റെ സമ്പത്തും അതു നൽകിയ വിലപിടിച്ച കയറ്റുമതിച്ചരക്കുകളും ഉത്തരപൂർവ, ഉത്തരപശ്ചിമ ഗതാഗതമാർഗങ്ങള്‍ കണ്ടുപിടിക്കുവാന്‍ യൂറോപ്പിലെ നാവികശക്തികളെ പ്രരിപ്പിച്ചു. എന്നാൽ റഷ്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞുവെന്നതൊഴികെ ഈ പരിശ്രമങ്ങള്‍ക്ക്‌ ഏഷ്യയിൽ കാര്യമായ ഫലമുളവാക്കുവാന്‍ കഴിഞ്ഞില്ല.

സ്‌പെയിനിന്റെയും പോർച്ചുഗലിന്റെയും വികസനമോഹം പരസ്‌പര സംഘർഷത്തിനു വഴിയൊരുക്കി. 1493-ൽ പോപ്പ്‌ അലക്‌സാണ്ടർ കക ഇടപെട്ടുനടന്ന വിധിതീർപ്പിന്റെ ഫലമായി "പുതിയലോകം' (New World) രണ്ടായി വിഭജിക്കപ്പെട്ടു. തത്‌ഫലമായി അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ മിക്കഭാഗവും സ്‌പെയിനിന്റെ കോളനിവാഴ്‌ചയ്‌ക്കു വിധേയമായി. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള സമുദ്രഗതാഗതമാർഗം പ്രായോഗികമായി പോർച്ചുഗീസ്‌ കുത്തകയായിത്തീർന്നു. അങ്ങനെ പോർച്ചുഗീസ്‌ വ്യാപാരയത്‌നം ദക്ഷിണ ഏഷ്യയെ യൂറോപ്യന്‍ നാവികഗതാഗതത്തിനു തുറന്നു കൊടുത്തു. 1498-ൽ വാസ്‌കോ ദെ ഗാമാ കോഴിക്കോട്ടു വന്നിറങ്ങി. അൽ ഫോണ്‍സോ ദെ ആൽബുക്കർക്ക്‌ 1511-ൽ മലാക്കാ പിടിച്ചെടുക്കുകയും 1515-ൽ പേർഷ്യയിലെ ഓർമസി(Ormus)ൽ ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുകയും ചെയ്‌തു. 1517-ൽ ചൈനയിൽ, കാന്റണ്‍ പട്ടണത്തിന്‌ അല്‌പം അകലെ ഒരു വ്യാപാരകേന്ദ്രം സ്ഥാപിതമായി. 1521-ൽ ഫെർഡിനന്റ്‌ മെഗലന്‍ ഫിലിപ്പീന്‍സ്‌ ദ്വീപുകള്‍ കണ്ടുപിടിച്ചു. 1537-ൽ അദ്ദേഹം ചൈനയുടെ ദക്ഷിണ തീരത്തുള്ള മെകൗ (Macao) യിൽ ഒരു കോളനി സ്ഥാപിച്ചു. 1542-ൽ ആദ്യമായി അദ്ദേഹം ജപ്പാനിൽ ഇറങ്ങി. 1565-ൽ സ്‌പെയിന്‍കാർ ഫിലിപ്പീന്‍സുമായി വ്യാപാരബന്ധത്തിലേർപ്പെട്ടു. ഏഷ്യയിൽ പോർച്ചുഗീസുകാരുടെ ഓരോ ചുവടുവയ്‌പും മതപരവും വാണിജ്യപരവുമായ മുന്നേറ്റത്തിന്റെ ആരംഭമായിത്തീർന്നു. എന്നാൽ വ്യാപാരവളർച്ച മതപരിവർത്തനത്തിനെക്കാളേറെ വിജയകരമായി. ഈസ്റ്റിന്‍ഡീസിലും മറ്റു നാവികത്താവളങ്ങള്‍ സ്ഥാപിച്ചുവെന്നതൊഴിച്ചാൽ പോർച്ചുഗീസുകാർക്ക്‌ ഏഷ്യയുടെമേൽ കാര്യമായ രാഷ്‌ട്രീയസ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. എന്നാൽ പോർച്ചുഗലിൽ "മാനുലൈന്‍ സ്റ്റൈൽ' (Manueline style) ആവിർഭവിച്ചതിൽനിന്ന്‌ ഇന്ത്യയുടെയും ഈസ്റ്റിന്‍ഡീസിന്റെയും അലങ്കരണ ശില്‌പകലാരൂപങ്ങള്‍ യൂറോപ്പിനെ സ്വാധീനിച്ചിരുന്നതായി അനുമാനിക്കാം.

1600-നുശേഷം ദക്ഷിണമാർഗത്തിലൂടെ ഡച്ചുകാർക്കും ബ്രിട്ടീഷുകാർക്കും പൗരസ്‌ത്യരാഷ്‌ട്രങ്ങളുമായി ബന്ധമുറപ്പിക്കുവാന്‍ കഴിഞ്ഞു. 1619-ൽ ഡച്ചുകാർ ജാവാ പിടിച്ചടക്കി. 1641-ൽ പോർച്ചുഗീസുകാരിൽ നിന്നും ഇവർ മലാക്ക പിടിച്ചെടുക്കുകയും സുഗന്ധദ്രവ്യവ്യാപാരത്തിൽ മുന്‍കൈ നേടുകയും ചെയ്‌തു. ജപ്പാനും ചൈനയും യൂറോപ്യന്‍ ശക്തികള്‍ക്കെതിരെ പിടിച്ചുനിന്നു. ചൈനയിൽ വിദേശവ്യാപാരികളുടെ പ്രവർത്തനം കാന്റണിൽ മാത്രം കേന്ദ്രീകരിക്കാനനുവദിച്ചു. ജപ്പാന്‍ 1639-ൽ സ്‌പെയിന്‍കാരെയും പോർച്ചുഗീസുകാരെയും പുറത്താക്കുകയും ഒരു ഡച്ചു വ്യാപാരക്കപ്പൽ വർഷത്തിലൊരിക്കൽ മാത്രം നാഗസാക്കിയിൽ എത്തിക്കൊള്ളുവാന്‍ അനുവദിക്കുകയും ചെയ്‌തു. ഡച്ചുകാരും ബ്രിട്ടീഷുകാരും ദക്ഷിണേഷ്യയിലേക്കും ദക്ഷിണപൂർവേഷ്യയിലേക്കും തിരിഞ്ഞു. 1759-ൽ ബ്രിട്ടീഷ്‌ സാഹസികനായ ഫ്രാന്‍സിസ്‌ ഡ്രക്ക്‌ ഈസ്റ്റിന്‍ഡീസിൽ എത്തിച്ചേർന്നു. യൂറോപ്യന്‍ ശക്തികള്‍ ഏഷ്യന്‍ തീരദേശങ്ങളിൽ വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എന്നാൽ വർഷങ്ങള്‍ക്കുശേഷവും ഉള്‍നാടുകളിലേക്കു വ്യാപിക്കുവാന്‍ അവർക്കു കഴിഞ്ഞില്ല. എന്നുതന്നെയല്ല മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം രണ്ടാം ലോകയുദ്ധകാലത്തുപോലും തങ്ങളുടെ ആശ്രിതരാജ്യങ്ങളെന്നു യൂറോപ്യന്‍ ശക്തികളവകാശപ്പെട്ട എല്ലാ രാജ്യങ്ങളും അവരുടെ പൂർണമായ ഭരണത്തിൽ കീഴിലായിരുന്നുമില്ല. 1600-ലെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ചാർട്ടറിലും 1602-ലെ ഡച്ച്‌ ഈസ്റ്റിന്ത്യാക്കമ്പനി ചാർട്ടറിലും കോളനി ഭരണത്തിന്റെ പൂർണലക്ഷ്യം ലാഭസമ്പാദനമായിരുന്നു. സാമ്പത്തികവും സൈനികവുമായ ശക്തിയുപയോഗിച്ച്‌ 1800-കളിൽ യൂറോപ്യന്മ്യാർ ഏഷ്യയിലെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും നിയന്ത്രണം നേടി. 1842-ൽ അഞ്ചു തുറമുഖങ്ങള്‍ കേന്ദ്രമാക്കി വ്യാപാരം നടത്തുവാന്‍ ചൈന ബ്രിട്ടീഷുകാരെ അനുവദിച്ചു. രണ്ടുവർഷത്തിനുശേഷം യു.എസ്‌. ചൈനാ വാണിജ്യബന്ധം ആരംഭിച്ചു. ഏഷ്യന്‍ വ്യാപാരത്തിനും കോളോണിയൽ വികസനത്തിനും വേണ്ടി യൂറോപ്യന്‍ശക്തികള്‍ തമ്മിൽ കനത്ത കിടമത്സരം നടന്നു. ബ്രിട്ടന്‍ ദക്ഷിണപശ്ചിമേഷ്യയിലും ദക്ഷിണചൈനയിലും ഒരു ശക്തിയായി ഉയർന്നു. റഷ്യ മധ്യേഷ്യയിലേക്കും മഞ്ചൂറിയയിലേക്കും വ്യാപിച്ചു. ഇന്തോചൈന (ലാവോസ്‌-കംബോഡിയ-വിയറ്റ്‌നാം) ഫ്രഞ്ചുകോളനിയായിത്തീർന്നു. 1898-ലെ സ്‌പെയിന്‍-യു.എസ്‌. യുദ്ധത്തോടെ ഫിലിപ്പീന്‍സ്‌ യു.എസ്സിന്റെ കൈയിലായി. ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും മേൽ മുന്‍കൈനേടിയ ബ്രിട്ടന്‌ അന്തിമമായി ഇന്ത്യയിൽ നിയന്ത്രണം ലഭിച്ചു. സപ്‌തവത്സരയുദ്ധ(1756-63)ത്തിലൂടെ അവർ ഫ്രഞ്ചുകാരെ ഇന്ത്യയിൽ നിന്ന്‌ തുരത്തി. അതു മുതൽക്ക്‌ 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരം വരെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെമേൽ അവരുടെ നിയന്ത്രണം വർധിച്ചുകൊണ്ടിരുന്നു. അതോടെ ഇന്ത്യയിലെ കമ്പനിഭരണം അവസാനിക്കുകയും ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇന്ത്യാഭരണം നേരിട്ട്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഇന്ത്യയുടെ വർധമാനമായ പാശ്ചാത്യവത്‌കരണം കാരണം ബ്രിട്ടീഷ്യന്ത്യയ്‌ക്ക്‌ അഫ്‌ഗാനിസ്‌താനോടും ബർമയോടും ചൈനയോടുപോലും യുദ്ധത്തിലേർപ്പെടേണ്ടിവന്നു. 19-ാം ശ. അവസാനിക്കുന്നതോടെ ഇന്ത്യയിൽ സാമ്രാജ്യത്വചൂഷണം അതിരൂക്ഷമായി. എന്നാൽ ദേശീയതയും ചെറുത്തുനില്‌പും കരുത്താർജിക്കുകയായിരുന്നു. പ്രാരംഭത്തിൽ ഇവ ഭരണ ഘടനാപരിഷ്‌കാരങ്ങളിലേക്കു നയിച്ചു. അന്തിമമായി ജനകീയസമരം 1947-ൽ വിജയിച്ചു. ബ്രിട്ടീഷ്‌ മിഷനറി പ്രവർത്തനത്തിന്‌ വിദ്യാഭ്യാസപുരോഗതി കൈവരുത്തുവാന്‍ കഴിഞ്ഞുവെങ്കിലും മതപരമായി വലിയമാറ്റം വരുത്തുവാന്‍ സാധിച്ചില്ല.

യൂറോപ്പും ചൈനയുമായുള്ള വാണിജ്യബന്ധങ്ങള്‍ 18-ാം ശ. വരെ കാര്യമായി പുരോഗമിച്ചില്ല. 19-ാം ശ. വരെയും യൂറോപ്യന്‍ ശക്തികള്‍ക്ക്‌ അവിടെ രാഷ്‌ട്രീയമായി ഇടപെടാനും കഴിഞ്ഞില്ല. 1840-42 ലെ കറുപ്പ്‌ യുദ്ധം (Opium war) ബ്രിട്ടീഷ്‌ താത്‌പര്യത്തെ ഉണർത്തി. 1851-64 ലെ തായ്‌പിങ്‌ കലാപം സൃഷ്‌ടിച്ച അസ്ഥിരത, വ്യാപാരത്തിനും പാശ്ചാത്യവത്‌കരണത്തിനുമുള്ള തീരദേശമേഖലയുടെ വർധമാനമായ താത്‌പര്യം ഇവ ബ്രിട്ടീഷുകാർക്ക്‌ വാണിജ്യപരവും രാഷ്‌ട്രീയവുമായ ഇടപെടലിന്‌ അവസരം വർധിപ്പിച്ചുകൊടുത്തു. ക്രിസ്‌തുമതപ്രവർത്തനത്തിനു പുരോഗതിയുണ്ടായില്ല. എന്നാൽ രാഷ്‌ട്രീയ നീക്കങ്ങള്‍ മിക്കവാറും വിജയകരമായിരുന്നു. 1911-ൽ മഞ്ചു രാജവംശത്തിന്റെ അന്ത്യത്തെ തുടർന്ന്‌ ഒന്നിനുപിന്നിലൊന്നായി കുറേ ഗവണ്‍മെന്റുകള്‍ നിലവിൽവന്നു. എല്ലാം ഏറെക്കുറെ അഴിമതി നിറഞ്ഞതും ഭാഗികമായി പാശ്ചാത്യ ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയവയും ആയിരുന്നു. കർഷക ജനസാമാന്യത്തിന്റെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടു. 1928-ൽ നാങ്കിങ്‌ ആസ്ഥാനമായി ചിയാങ്‌ കൈഷക്‌ സ്ഥാപിച്ച ഗവണ്‍മെന്റിന്‌ അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. ചിയാങ്‌ കൈഷക്കിന്റെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നടപടികള്‍ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ചു. 1949-ൽ ചൈനയിൽ കമ്മ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വരികയും ചൈനീസ്‌ ജനകീയ ജനാധിപത്യ റിപ്പബ്ലിക്‌ സ്ഥാപിതമാവുകയും ചെയ്‌തു.

ഏഷ്യയുടെ മേലുള്ള റഷ്യന്‍സ്വാധീനത ഇതരയൂറോപ്യന്‍ സ്വാധീനതയിൽ നിന്നും വ്യത്യസ്‌തമായിരുന്നു. രാഷ്ട്രീയ കുറ്റവാളികളെയും അവരുടെ കുടുംബാംഗങ്ങളെയും മാറ്റി പാർപ്പിക്കുവാന്‍ ശിക്ഷാകേന്ദ്രമായി സൈബീരിയ ലോകമെങ്ങും അറിയപ്പെട്ടു. വിശാലമായ ഈ പ്രദേശത്ത്‌ ജനസംഖ്യ കുറവായിരുന്നു. അതിനാൽ ധാന്യോത്‌പാദനം ഇവിടെ കുറവായിരുന്നു. അടുത്തകാലത്താണ്‌ വന്യ, ധാന്യ ഉത്‌പന്നങ്ങള്‍ ചൂഷണം ചെയ്യുവാനായി യൂറോപ്യന്‍ റഷ്യയിൽ നിന്ന്‌ ആളുകള്‍ സൈബീരിയയിൽ കുടിയേറിപ്പാർത്തത്‌. രാഷ്‌ട്രീയവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി ആസൂത്രിതമായി നടത്തിയ ഈ കുടിയേറ്റം സൈബീരിയയെ കഴിയുന്നത്ര സ്വയം പര്യാപ്‌തമാക്കിത്തീർത്തു. കൃഷിയും ഉപഭോക്തൃവ്യവസായങ്ങളും പ്രാത്സാഹിപ്പിക്കപ്പെട്ടു. കർഷകസമൂഹത്തിന്റെ ക്ഷേമവും ദൃഢതയും ഉറപ്പിലായി.

1815-ൽ യൂറോപ്പിലെ നെപ്പോളിയാനിക്‌ യുദ്ധങ്ങളുടെ പരിസമാപ്‌തിയോടെ വരുത്തിത്തീർത്ത രാഷ്‌ട്രീയമായ ഒത്തുതീർപ്പുകള്‍ ദക്ഷിണ പൂർവേഷ്യയ്‌ക്കു ബാധകമായിത്തീർന്നു. ഈസ്റ്റിന്‍ഡീസ്‌ പൂർണമായും ഡച്ചുകാരുടേതായിത്തീർന്നു. ബ്രിട്ടീഷുകാർ മലയ തങ്ങളുടെ നിയന്ത്രണത്തിലാക്കി. 1798-ൽ നെതർലന്‍ഡും 1858-ൽ ബ്രിട്ടനും തങ്ങളുടെ ഈസ്റ്റിന്ത്യാകമ്പനികളിൽനിന്ന്‌ കോളനി ഭരണം ഏറ്റെടുത്തു. സമീപശക്തികളുടെ കടന്നുകയറ്റം തടയുവാന്‍ കഴിയാത്ത ദുർബലരാഷ്‌ട്രങ്ങളെ സഹായിക്കുകവഴി ഫ്രാന്‍സ്‌, പില്‌ക്കാലത്ത്‌ ദക്ഷിണ-പൂർവേഷ്യയിൽ ആധിപത്യം സ്ഥാപിച്ചു. 1885-ൽ ബർമ പൂർണമായും ബ്രിട്ടീഷ്‌ ആധിപത്യത്തിന്‍ കീഴിലായി. ബോർണിയോയുടെ പടിഞ്ഞാറേ ഭാഗവും അവർ പിടിച്ചടക്കി. 1898-ൽ യു.എസ്‌. സ്‌പെയിന്‍കാരിൽ നിന്നു ഫിലിപ്പീന്‍സ്‌ പിടിച്ചടക്കി. ചൈനീസ്‌ ഷാന്‍തുങ്‌ (Shantung) ഉപദ്വീപ്‌ കൈയടക്കുന്നതിനുള്ള ജർമനിയുടെ ശ്രമം ഇതര യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെ സമ്മർദത്താൽ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ജർമനി പസിഫിക്‌ ദ്വീപുകളിലെ രാഷ്‌ട്രീയ ശക്തിയായി പ്രത്യക്ഷപ്പെട്ടു. ചൈനയുടെ തീരങ്ങളിലുടനീളം യൂറോപ്യന്‍ നിയന്ത്രണത്തിലുള്ള തുറമുഖപട്ടണങ്ങള്‍ സ്ഥാപിതമായി. തായ്‌ലാന്‍ഡ്‌ രാഷ്‌ട്രീയാധിനിവേശത്തിന്‌ വിധേയമാകാതെ നിന്നു. ഈ രാജ്യവുമായി വ്യാപാരമോ രാഷ്‌ട്രീയമോ ആയ ബന്ധം സ്ഥാപിക്കുന്നതിനുള്ള യൂറോപ്യന്‍ ശ്രമങ്ങള്‍ കൊറിയയും ജപ്പാനും തടഞ്ഞുകൊണ്ടിരുന്നു. എന്നാൽ 19-ാം ശതകത്തിൽ ജപ്പാന്‍ സ്വയം വികസനമോഹം കാട്ടുകയും സ്വാധീനമേഖല വികസിപ്പിച്ചോ ആക്രമണം നടത്തിയോ 1875 ആയപ്പോഴേക്ക്‌ വടക്ക്‌ കുരീൽ (Kuril) ദ്വീപുകള്‍ മുതൽ തെക്കു റ്യൂ ക്യൂ (Ryu Kyu) ദ്വീപുകള്‍ വരെ സ്വന്തം നിയന്ത്രണത്തിലാക്കുകയും ചെയ്‌തു. പിന്നീട്‌ 1905-ൽ ദക്ഷിണ സഖാലിന്‍ പിടിച്ചെടുക്കുകയും ക്രമേണ മഞ്ചൂറിയാ സ്വന്തം നിയന്ത്രണത്തിലാക്കുകയും അവസാനം 1932-ൽ മഞ്ചുക്കോപാവ ഭരണകൂടം സ്ഥാപിക്കുകയും ചെയ്‌തു.

ദേശീയ സംയോജനത്തിന്റെ കാലഘട്ടം

17-ാം ശ. മുതൽക്കുള്ള ഏഷ്യയുടെ ചരിത്രം ഇന്നോളം അവസാനിച്ചിട്ടില്ലാത്ത ഒരു യുഗത്തിന്റെ ചരിത്രമാണ്‌. ഈ കാലത്ത്‌ വർധമാനമായ യൂറോപ്യന്‍ ഇടപെടലുകളുണ്ടായി. 20-ാം ശതകത്തിന്റെ ആരംഭത്തിൽ ഈ ഇടപെടലുകള്‍ അതിന്റെ ഉച്ചാവസ്ഥയിലെത്തി. ഈ ഇടപെടലിന്റെ സ്വാധീനതയാൽ രാഷ്‌ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങളും ഉണ്ടായി. ഏഷ്യയിൽ യൂറോപ്യന്‍ സ്വാധീനതയും യൂറോപ്യന്‍ ആധിപത്യത്തിനെതിരായ പരിവർത്തനപ്രവണതയും പ്രവർത്തിച്ചു. ഇവ രണ്ടും ചേർന്നതായിരുന്നു ഏഷ്യന്‍ സമൂഹത്തിന്റെ ദേശീയതാരൂപവത്‌കരണത്തിന്റെ കേന്ദ്രബിന്ദു. ബ്രിട്ടീഷിന്ത്യ, ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസ്‌ (ഇന്തോനേഷ്യ), ഫ്രഞ്ച്‌ ഇന്തോചൈന, സ്‌പാനിഷ്‌ ഫിലിപ്പീന്‍സ്‌ ഇത്യാദി വ്യാപാരകേന്ദ്രങ്ങളിലും പുത്രികാരാജ്യങ്ങളിലും അധീശശക്തികള്‍ കേന്ദ്രീകൃത ഭരണം ഏർപ്പെടുത്തി. പില്‌ക്കാല മഞ്ചു അഥവാ ചിങ്‌ രാജവംശ (1644-1911) ത്തിന്റെ ഭരണകാലത്ത്‌ ക്ഷയോന്മുഖമായിരുന്ന ചൈനപോലും ബാഹ്യമായി ഒരു ദേശീയതയുടെ ഭാവം ഉള്‍ക്കൊണ്ടു. മഞ്ചുരാജവംശത്തെത്തുടർന്ന്‌ ചൈനയിൽ ഒരു പുതിയ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റു സ്ഥാപിതമായി (1912). എന്നാൽ 1927-ൽ ചിയാങ്‌ കൈഷക്കിന്റെ കീഴിൽ മാത്രമേ ഒരുറച്ച ദേശീയ ഗവണ്‍മെന്റു സ്ഥാപിക്കുവാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ വിരുദ്ധഗ്രൂപ്പുകള്‍ ചിയാങ്‌ കൈഷക്‌ ഗവണ്‍മെന്റിനെയും ക്ഷയോന്മുഖമാക്കി.

1869-ൽ സൂയസ്‌ കനാൽ തുറന്നതോടെ ഇടത്തട്ടുകാരെന്ന നിലയിലുള്ള അറബികളുടെയും മറ്റും പങ്ക്‌ ഇല്ലാതാവുകയും ഏഷ്യാ-യൂറോപ്പു വന്‍കരകള്‍ തമ്മിൽ വാണിജ്യം വർധിക്കുകയും ചെയ്‌തു. ഗതാഗതച്ചെലവു കുറയുകയും യൂറോപ്യന്‍ മൂലധനത്തോടെയുള്ള വന്‍കിട, കാർഷിക ഖനനവ്യവസായ സംരംഭങ്ങള്‍ പ്രാത്സാഹിപ്പിക്കപ്പെടുകയും ചെയ്‌തു. പാശ്ചാത്യരാജ്യങ്ങളിലെ വ്യവസായവത്‌കരണം വിവിധതരം അസംസ്‌കൃതപദാർഥങ്ങള്‍ക്കുള്ള ആവശ്യകത വർധിപ്പിച്ചു. ആധുനികവ്യവസായത്തിന്റെ സ്വാഭാവിക മാതൃകകള്‍ ഏഷ്യയിലും വ്യാപകമാക്കിത്തുടങ്ങിയപ്പോള്‍ അവയുടെ ശക്തിയായ സ്വാധീനത പരമ്പരാഗത സാമൂഹികക്രമത്തെ ശിഥിലമാക്കി. പുതിയ ആവശ്യങ്ങള്‍ ഉത്തേജിതമാക്കപ്പെടുകയും, അതു പരമ്പരാഗതസാമൂഹിക ഘടനയെ തളർത്തുകയും ചെയ്‌തു. കൃഷിഭൂമിയും പാർപ്പിടങ്ങളുമായി ബന്ധപ്പെട്ടിരുന്ന കർഷകർ തങ്ങളുടെ പാർപ്പിടത്തിൽ നിന്ന്‌ അകലെ കൂലിക്കു ജോലി ചെയ്യാന്‍ പ്രരിതരായി. വിദേശ സ്വാധീനതകളിൽ ചിലതെല്ലാം പ്രയോജനകരമായിരുന്നു. പലേടത്തും ഫ്യൂഡൽ അടിമത്തത്തിന്റെ സ്ഥാനത്ത്‌ നിയന്ത്രിതമായ തൊഴിലാളി-തൊഴിലുടമ ബന്ധങ്ങള്‍ നിലവിൽവന്നു. ആരോഗ്യക്ഷേമ പ്രവർത്തനങ്ങള്‍ക്കു കൂടുതൽ ശ്രദ്ധ ലഭിച്ചു. തത്‌ഫലമായി മരണനിരക്ക്‌ കുറഞ്ഞു. ഇതിനനുസരിച്ച്‌ ജനസംഖ്യ വർധനവുണ്ടായി. പരമ്പരാഗത ജീവനോപായം കൊണ്ട്‌ വർധിച്ച ജനസംഖ്യയെ പോറ്റാന്‍ കഴിവില്ലെന്നു വന്നു. മിഷനറി വിദ്യാഭ്യാസത്തിൽ നിന്നും പാശ്ചാത്യ ലിബറൽ ചിന്താഗതിയിൽ നിന്നും പ്രചോദനം കൊണ്ടുയർന്ന പരിവർത്തനപ്രസ്ഥാനങ്ങള്‍ക്ക്‌ മതപരമായ ഒരു സാമൂഹിക നീതിയുടെ പശ്ചാത്തലം ഉണ്ടായിരുന്നു. ഇത്‌ പണ്ടുകാലം മുതല്‌ക്കു നിലനിന്നിരുന്ന രാഷ്‌ട്രീയ സംവിധാനങ്ങളെ തകിടം മറിച്ചു. ആധുനിക വന്‍കിട വ്യവസായങ്ങള്‍ പ്രവാസികളായ തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിക്കുവാന്‍ ഇടവന്നതോടെ കർഷകനെ മണ്ണുമായി ബന്ധിച്ചു നിറുത്തിയിരുന്ന കണ്ണികള്‍ ശിഥിലമായി. തൊഴിലിനുവേണ്ടിയുള്ള പ്രവാസവും ലോകത്തിന്റെ പല ഭാഗങ്ങളിലും ഐശ്വര്യപൂർണമായ പൗരസ്‌ത്യ സമൂഹത്തിന്റെ ആവിർഭാവത്തിന്‌ കാരണമായി. ഈ സമൂഹങ്ങള്‍ പരിഷ്‌കൃതാശയങ്ങളും സ്വാതന്ത്യ്രബോധവും സ്വന്തം നാട്ടിലേക്ക്‌ കടത്തിവിടുന്ന വിവിധ കേന്ദ്രങ്ങളായി പരിണമിച്ചു. വിദേശീയ സംരംഭങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവിൽ പൗരസ്‌ത്യ ഉദ്യോഗസ്ഥന്മാരെ സൃഷ്‌ടിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിലും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ അന്തിമഫലവും ഇതുതന്നെയായിരുന്നു.

ദേശീയബോധം വളർന്നതോടെ രണ്ട്‌ ഈസ്റ്റിന്ത്യാ കമ്പനികളും പിരിച്ചുവിടപ്പെട്ടു. തങ്ങളുടെ സ്വന്തം താത്‌പര്യങ്ങളെക്കാളേറെ അധീന രാജ്യങ്ങളുടെ താത്‌പര്യങ്ങളാണ്‌ നയരൂപവത്‌കരണത്തിലെ മുഖ്യപരിഗണന എന്ന ധാരണ വളർത്തുന്നത്‌ കൊളോണിയൽ അധീശശക്തികളുടെ നിലനിൽപ്പിന്‌ ആവശ്യമാണെന്നുവന്നു. സ്വദേശി ഗവണ്‍മെന്റുകള്‍ നിലനിർത്തിക്കൊണ്ട്‌ നിയന്ത്രണങ്ങള്‍ ഗോപ്യമായ നിലയിൽ ഏർപ്പെടുത്തേണ്ടതാവശ്യമായി വന്ന ഇടങ്ങളിലെല്ലാം അങ്ങനെ ചെയ്‌തു. നിർണായകസ്ഥാനങ്ങളിലെല്ലാം "ഉപദേശകരെ' തിരുകി നിറച്ചുകൊണ്ട്‌ വിദേശ "സംരക്ഷണം' തേടാന്‍ അത്തരം രാജ്യങ്ങളെ നിർബന്ധിതമാക്കി. രണ്ടു സാമ്രാജ്യങ്ങള്‍ക്കിടയ്‌ക്കുള്ള "ശാക്തിക ശൂന്യമേഖല'യിൽ അധികാരമത്സരമുണ്ടായാൽ ശത്രുശക്തികള്‍ അവിടെ തങ്ങളുടേതായ "സ്വാധീനമേഖല' അഥവാ താത്‌പര്യമേഖല വെട്ടിപ്പിടിക്കുക പതിവായി. താത്‌പര്യമേഖലയിൽ നിന്നുമുള്ള അന്തിമമായ മുന്നേറ്റം അന്താരാഷ്‌ട്രാ സാഹചര്യമനുസരിച്ച്‌ പുത്രികാപദവിയിൽനിന്നും കോളനിയായി പിടിച്ചെടുക്കുക എന്നതിലേക്കായിരുന്നു.

17, 18, 19 ശതകങ്ങളിലുടനീളം ലോകത്തിലെ ഇതരഭാഗങ്ങളിലുണ്ടായ ശാക്തിക വ്യതിയാനങ്ങള്‍ ഏഷ്യയിലെ രാഷ്‌ട്രീയസംഭവങ്ങളിൽ പ്രതിഫലിച്ചു. നെപ്പോളിയാനിക്‌ യുദ്ധങ്ങളിലെ വിജയപരാജയങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യയുടെയും മലയയുടെയും ഈസ്റ്റ്‌ ഇന്‍ഡീസിന്റെയും ഭാഗങ്ങള്‍ മാറിമാറി ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും അധീനതയിൽ വന്നും പോയുമിരുന്നു. പശ്ചിമാർധഗോളത്തിൽ സ്‌പെയിന്‍ യു.എസ്സിനോടു പരാജയപ്പെട്ടതോടെ യു.എസ്‌. ഫിലിപ്പീന്‍സ്‌ പിടിച്ചെടുത്തു (1898-1901). തോക്കൂഗാവാ (Tokugawa) ഗവണ്‍മെന്റിന്‌ അന്ത്യം കുറിച്ച ജപ്പാന്‍ ജനത 1889-ൽ വ്യവസ്ഥാപിത രാജവാഴ്‌ച ഏർപ്പെടുത്തി. പെട്ടെന്ന്‌ ജപ്പാന്‍ ഒരു പൂർവേഷ്യന്‍ സാമ്രാജ്യശക്തിയായി ഉയർന്നു. 1894-ലും 1905-ലും ചൈനയോടും റഷ്യയോടും ജപ്പാന്‍ നടത്തിയ യുദ്ധങ്ങള്‍ അതിന്റെ സാമ്രാജ്യ വിസ്‌തൃതിക്ക്‌ കാരണമായി. 1905-ൽ റഷ്യ ജപ്പാനോടു പരാജയപ്പെട്ടതോടെ മഞ്ചൂറിയയിൽ അതിനുണ്ടായിരുന്ന സവിശേഷാവകാശം നഷ്‌ടമായി. 1894-ൽ കൊറിയ ചൈനയിൽ നിന്ന്‌ വേർപെടുത്തപ്പെടുകയും ജപ്പാന്റെ സ്വാധീനതാവലയത്തിൽ പെട്ടതായി വന്‍ശക്തികള്‍ അംഗീകരിക്കുകയും ചെയ്‌തു. റഷ്യാ-ജപ്പാന്‍ യുദ്ധാ(1904-05) നന്തരം ഇത്‌ ജപ്പാന്റെ പുത്രികാരാജ്യമായി. 1910-ൽ ജപ്പാന്റെ കൊറിയ പിടിച്ചടക്കി. റഷ്യയുടെ വികസനത്തെ ഭയന്നിരുന്ന പാശ്ചാത്യശക്തികള്‍ ജപ്പാന്റെ കോളനിവാഴ്‌ചയെ എതിർത്തില്ല. 1931-ൽ ജപ്പാന്‍ ചൈനയെ ആക്രമിച്ചു തുടങ്ങി. 1945-ൽ ആ രാജ്യം പരാജയപ്പെടുന്നതുവരെയും ആക്രമണം തുടർന്നു. എന്നാൽ അതിനുമുമ്പ്‌ ദക്ഷിണ പൂർവേഷ്യയിൽ ഏതൊരു യൂറോപ്യന്‍ ശക്തിയുടെയും മേൽ ജപ്പാന്‍ വരിച്ച വിജയം യൂറോപ്യന്‍ ശക്തി ശ്രഷ്‌ഠശക്തിയാണെന്ന മിഥ്യാധാരണയെ തകർത്തു.

പുറത്തുനിന്നുള്ള സമ്മർദത്തിന്റെ ഫലമായി ഏഷ്യന്‍ രാഷ്‌ട്രീയ സാമൂഹിക സ്ഥാപനങ്ങളുടെ വർധമാനമായ വളർച്ച, നല്ല ജീവിതത്തെപ്പറ്റിയുള്ള പാശ്ചാത്യ സങ്കല്‌പത്തിന്റെ വർധമാനമായ സമാഗിരണം, വിദേശഭരണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ വളർന്നുവരുന്ന കലാപം-ഇവയായിരുന്നു ആധുനിക ഏഷ്യാചരിത്രത്തിലെ മുഖ്യധാരകള്‍. ജപ്പാന്‍ 1895-ൽ ചൈനയുടെയും 1905-ൽ റഷ്യയുടെയുംമേൽ വിജയം നേടി. 1932-45 ൽ മഞ്ചൂറിയയും 1942-45-ൽ ദക്ഷിണപൂർവേഷ്യയുടെ ഏറിയ പങ്കും അടക്കിഭരിച്ചു. എന്നാൽ 1868-ൽ മേയ്‌ജി (Meiji) യുടെ പുനരവരോധനത്തിനുശേഷം ക്ലാന്‍ സൈനിക ഫ്യൂഡലിസം അവസാനിപ്പിച്ചതും (1871) 1872-ൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയതും, വ്യാവസായിക സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ അടിത്തറ പാകിയതുമായ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ചരിത്രത്തിൽ പ്രാധാന്യമുള്ളവയാണ്‌. ഇതുപോലെ 1877-ൽ വിക്‌ടോറിയ ഇന്ത്യന്‍ ചക്രവർത്തിനിയായി അഭിഷിക്തയായി എന്നതിനെക്കാള്‍ മഹത്തായ ചരിത്രസംഭവമാണ്‌ 1947-ൽ ഇന്ത്യയിലെയും 1949-ൽ ചൈനയിലെയും ജനങ്ങള്‍ സ്വാതന്ത്യ്രം നേടിയെടുത്തു എന്നത്‌. 1885-ൽ ഫ്രാന്‍സ്‌ അന്നാം പിടിച്ചടക്കിയത്‌ സാമ്രാജ്യത്വ വിസ്‌തൃതിയിലെ ഒരു ചുവടുവയ്‌പ്‌ മാത്രമായിരുന്നു.

എന്നാൽ 1946-ൽ വിയറ്റ്‌നാം റിപ്പബ്ലിക്‌ സ്ഥാപിച്ചതോടെ ഒരു പുതിയ രാഷ്‌ട്രം നിലവിൽവന്നു. 1975-ൽ ഇത്‌ പൂർണമാവുകയും ചെയ്‌തു. ഒന്നാം ലോകയുദ്ധത്തിനു ശേഷം തുർക്കി സാമ്രാജ്യത്തിൽപ്പെട്ട ഒരു വലിയ വിഭാഗം, യൂറോപ്യന്‍ ശക്തികളുടെ മാന്‍ഡേറ്റ്‌ പ്രദേശങ്ങളായി. തുർക്കി റിപ്പബ്ലിക്‌ ഏതാണ്ട്‌ ഏഷ്യാ മൈനറിനോളം ചെറുതായി; ഇസ്‌താന്‍ബുള്‍ ഉപേക്ഷിച്ച്‌ അങ്കാറ തലസ്ഥാനമാക്കി; ഖലീഫ സ്ഥാനം നിലനിർത്തി. എന്നാൽ 1919-ൽ കെമാൽ പാഷയുടെ നേതൃത്വത്തിലുണ്ടായ തുർക്കി വിപ്ലവത്തിന്റെ വിജയം 1908-ലെ യുവതുർക്കി പ്രക്ഷോഭണത്തെ മുന്നോട്ടുനയിച്ചു. ഇവ രണ്ടും ചേർന്ന്‌ സമീപ പൂർവദേശത്തും മധ്യപൂർവദേശത്തുമുടനീളം ദേശീയ സ്വാതന്ത്യ്ര ബോധത്തിന്റെ തീജ്വാല പടർന്നുകത്തുവാന്‍ സഹായിച്ചു. ഫിലിപ്പീന്‍സിൽ പ്രയോഗിച്ച തരത്തിലുള്ള ജനങ്ങളുടെ സ്വയം നിർണയാവകാശം ഡച്ചുകാർക്ക്‌ ഇന്തോനേഷ്യയിലും പ്രയോഗിക്കേണ്ടിവന്നു. ഇറാഖ്‌, മഞ്ചുക്കോ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ രൂപവത്‌കരണവും പ്രാധാന്യമുള്ള സംഭവങ്ങളാണ്‌.

ഏഷ്യയിലുടനീളം സ്വാതന്ത്യ്രവാഞ്‌ഛയുടെയും സ്വയംഭരണവാദത്തിന്റെയും ആവിർഭാവത്തിനു പുറമേ ഗതാഗതവാർത്താവിനിമയസൗകര്യങ്ങള്‍ ആധുനികവത്‌കരിക്കുന്നതിനുള്ള പരിശ്രമങ്ങളുണ്ടായി. 1905-ൽ ട്രാന്‍സ്‌ സൈബീരിയന്‍ റയിൽവേയുടെയും 1938-ൽ ട്രാന്‍സ്‌ ഇറാനിയന്‍ റയിൽവേയുടെയും പൂർത്തീകരണം ഉള്‍നാടന്‍ ഏഷ്യാപരിവർത്തിനത്തിനു തുറന്നുകൊടുക്കുന്ന നടപടികളിൽ ഒന്നു മാത്രമായിരുന്നു. ഇന്ത്യയിലും ചൈനയിലും റയിൽവേയുടെയും റോഡിന്റെയും നിർമാണം, ടെലിഗ്രാഫ്‌, ടെലിഫോണ്‍, റേഡിയോ ടെലഗ്രാഫി ഇവയുടെ ആവിർഭാവം, പ്രകൃതി എണ്ണയുടെ വ്യാവസായിക ഉപഭോഗം, വൈദ്യുതിയുടെ ഉപയോഗം ഇവ ഏഷ്യന്‍ ജനതയുടെ ജീവിതത്തിൽ മൗലിക പ്രാധാന്യമുള്ള സാമൂഹികവും സാമ്പത്തികവുമായ അനന്തരഫലങ്ങളുളവാക്കി. ഉത്‌പാദനത്തെയും വിതരണത്തെയും സംബന്ധിച്ച നൂതനാശയങ്ങള്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചു. നവീനമായ ഉത്‌പാദന വിതരണസമ്പ്രദായങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരത്തിൽമാറ്റം വരുത്തുന്ന തരത്തിലുള്ള സാമൂഹിക വ്യതിയാനങ്ങള്‍ക്ക്‌ അവസരം നൽകി.

ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ വ്യത്യാസങ്ങള്‍ ഏഷ്യയിലെ വിവിധ ജനവിഭാഗങ്ങളുടെ ആധുനികവത്‌കരണത്തിന്റെ ഗതിവേഗത്തെ ബാധിച്ചിട്ടുണ്ട്‌. എന്നാൽ ബന്ധപ്പെടലിന്റെയും വിനിമയത്തിന്റെയും പുതിയ മേഖലകള്‍ തികച്ചും പ്രാകൃതജീവിതരീതി അവലംബിച്ചിരിക്കുന്ന ജനതതിയെപ്പോലും അതിന്റെ ഒറ്റപ്പെടലിൽനിന്ന്‌ മുക്തമാക്കിയിട്ടുണ്ട്‌. എങ്ങും ആധുനിക വിദ്യാഭ്യാസത്തിനുള്ള അഭിവാഞ്‌ഛ ഇതിനെയാണ്‌ സൂചിപ്പിക്കുന്നത്‌.

ദേശീയവികാരം പരിപക്വമായതാണ്‌ രണ്ടാം ലോകയുദ്ധശേഷമുള്ള ഏഷ്യയിലെ അതിപ്രധാന സംഭവവികാസം. 1946-ൽ ഫിലിപ്പീന്‍സ്‌ സ്വാതന്ത്യ്രം നേടി. ഇന്ത്യയും പാകിസ്‌താനും 1947-ലും ശ്രീലങ്ക, മ്യാന്മർ എന്നിവ 1948-ലും ഇന്തോനേഷ്യ 1949-ലും മോചനം നേടി. 1948-ൽ ഇസ്രയേൽ ഒരു പുതിയ രാഷ്‌ട്രമായി ആവിർഭവിച്ചു; ലാവോസ്‌ (1953), കംബോഡിയ (1953), വിയറ്റ്‌നാം (1954) എന്നിവയും ഫ്രാന്‍സിന്റെ സാമ്രാജ്യാധിപത്യത്തിൽ നിന്ന്‌ മോചനം നേടി. യു.എസ്സിന്റെ പുത്തന്‍ കോളോണിയൽ മേധാവിത്വത്തിൽ നിന്ന്‌ ഉത്തര വിയറ്റ്‌നാം 1954-ലും ദക്ഷിണവിയറ്റ്‌നാം, ലാവോസ്‌, കംബോഡിയ എന്നിവ 1975-ലും പൂർണസ്വാതന്ത്യ്രം പ്രാപിച്ചു. 1957-ൽ മലയ സ്വതന്ത്രമായി; 1963-ൽ ഇതും ബോർണിയോ ദ്വീപിന്റെ ചല ഭാഗങ്ങളും ചേർന്ന്‌ മലേഷ്യന്‍ ഫെഡറേഷന്‍ രൂപവത്‌കൃതമായി. പാർലമെന്ററി ജനാധിപത്യത്തിന്റെ ആവിർഭാവവും ഭാഗികവിജയവും യു.എസ്സിൽനിന്നും മറ്റുമുള്ള കനത്ത സഹായപദ്ധതികള്‍, ശീഘ്രവ്യവസായവത്‌കരണ-ജനസംഖ്യാനിയന്ത്രണപദ്ധതികള്‍, കൊറിയന്‍ യുദ്ധം, ചൈനയിലെ കമ്യൂണിസ്റ്റ്‌ വിജയം, ദക്ഷിണ പൂർവേഷ്യയിൽ കമ്യൂണിസത്തെ തകർക്കുന്നതിനുള്ള യു.എസ്‌. പരിശ്രമത്തിന്റെ പരാജയം തുടങ്ങിയവയും ഏഷ്യയിലെ നിർണായക ചരിത്രസംഭവവികാസങ്ങളിൽപ്പെടുന്നു. എന്നാൽ വർഷങ്ങളായുള്ള കോളോണിയൽ ഭരണം ഏഷ്യന്‍ രാജ്യങ്ങള്‍ പിന്നാക്കാവസ്ഥയിലായിത്തീരുന്നതിനു കാരണമായി.

കമ്യൂണിസത്തിന്റെ വളർച്ച

യു.എസ്‌.എസ്‌.ആർ. 1917-ലും മംഗോളിയ 1924-ലും കമ്യൂണിസ്റ്റ്‌ ഭരണത്തിൽ കീഴിലായി. 1939-ൽ രണ്ടാംലോകയുദ്ധാരംഭത്തിൽ തന്നെ മറ്റു പല ഏഷ്യന്‍ രാഷ്‌ട്രങ്ങളിലും കമ്യൂണിസ്റ്റ്‌ പാർട്ടി ഒരു പ്രമുഖ രാഷ്‌ട്രീയശക്തിയായി വളർന്നു കഴിഞ്ഞിരുന്നു. ദേശീയ സമരങ്ങളിൽ കമ്യൂണിസ്റ്റുപാർട്ടികള്‍ സജീവമായി പങ്കെടുക്കുകയും കൊളോണിയൽ വിരുദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതമാവുകയും ചെയ്‌തു. എന്നാൽ രണ്ടാം ലോകയുദ്ധത്തിൽ കൊളോണിയൽ ഭരണാധികാരികള്‍ കൂടിയായ സഖ്യകക്ഷികളുടെ ഭാഗത്തുനിന്ന്‌ ഫാഷിസ്റ്റുശക്തികള്‍ക്കെതിരായി കമ്യൂണിസ്റ്റുപാർട്ടികള്‍ പോരാടി. യുദ്ധം അവസാനിച്ചതുമുതല്‌ക്ക്‌ ഇവർ കൊളോണിയൽ ഭരണമവസാനിപ്പിക്കണമെന്ന നിലപാടെടുത്തു. യുദ്ധാവസാനത്തോടെ (1948) കമ്യൂണിസ്റ്റുപാർട്ടി ഉത്തരകൊറിയയിൽ ഭരണാധികാരം സ്ഥാപിച്ചു. കൊറിയയെ ഏകീകരിക്കുന്നതിനുള്ള ശ്രമം 1950-53-ലെ കൊറിയന്‍ യുദ്ധത്തിനു കാരണമായി. ഉത്തരവിയറ്റ്‌നാം 1954-ൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി; കമ്യൂണിസ്റ്റുകാർ അധികാരം പിടിച്ചെടുത്തു. യു.എസ്‌. നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങള്‍ 1975-ൽ, കമ്യൂണിസ്റ്റു പാർട്ടികള്‍ അധികാരം പിടിച്ചെടുക്കുന്നതുവരെ ദക്ഷിണവിയറ്റ്‌നാം, ലാവോസ്‌, കംബോഡിയ എന്നീ രാജ്യങ്ങളിൽ ഭരണം തുടർന്നു. തെക്കേഷ്യന്‍ രാജ്യമായ നേപ്പാളിൽ രാജഭരണം അവസാനിപ്പിച്ച്‌ 2008-ൽ കമ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിൽ വന്നു. ഏഷ്യയിൽ പല രാജ്യങ്ങളിലും കമ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നിട്ടുണ്ട്‌.

ആധുനിക ഏഷ്യ

ഏഷ്യന്‍ ജനതയ്‌ക്കിടയിലെ നരവംശപരവും മതപരവുമായ ഐകരൂപമില്ലായ്‌മ ഒരു പൊതു ഏഷ്യന്‍ രാഷ്‌ട്രീയബോധം ആവിർഭവിക്കുന്നതിനു തടസ്സമായി നിലകൊള്ളുന്നു. ആധുനികഭരണരൂപങ്ങളുടെ ആവിർഭാവം ഏഷ്യന്‍ രാജ്യങ്ങളിൽ സവിശേഷമേഖലാമാതൃകകളുടെ ഉദ്‌ഭവത്തിനു കാരണമായി. നരവംശപരവും ഭാഷാപരവും ആയ അടിസ്ഥാനത്തിൽ ഭരണമേഖലകള്‍ സംഘടിപ്പിച്ച ആദ്യത്തെ രാഷ്‌ട്രം മുന്‍ യു.എസ്‌.എസ്‌.ആർ. ആണ്‌. ഇവിടെ ഏകദേശം നൂറോളം നരവംശവിഭാഗങ്ങള്‍ക്ക്‌ അംഗീകാരം നല്‌കിയിട്ടുണ്ട്‌. കൂടാതെ കുറേ അംഗീകൃതന്യൂനപക്ഷ വിഭാഗങ്ങളുമുണ്ട്‌. ഇതിൽ ഏതാണ്ട്‌ അറുപതോളം വിഭാഗങ്ങള്‍ രാഷ്‌ട്രീയവും ഭരണപരവുമായി വിവിധ തലങ്ങളിൽ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നു. ചൈനീസ്‌ ജനകീയ റിപ്പബ്ലിക്‌ ഈ സമ്പ്രദായം സ്വീകരിക്കുകയും നരവംശപരവും ഭാഷാപരവും ആയ ന്യൂനപക്ഷങ്ങളുള്ളയിടങ്ങളിൽ പ്രധാനമായും ദക്ഷിണചൈന, ദക്ഷിണപശ്ചിമചൈന, ഉത്തരപശ്ചിമചൈന, മധ്യേഷ്യ എന്നിവിടങ്ങളിൽ സാമ്രാജ്യത്വ രാഷ്‌ട്രീയ ഘടനയെ പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. നൂറുകണക്കിന്‌ ഭാഷകളും വിവിധങ്ങളായ നരവംശവിഭാഗങ്ങളും പല മതങ്ങളുമുള്ള ഇന്ത്യയിൽ സംസ്ഥാനനിലവാരത്തിൽ ഭാഷാപരമായി മാത്രം അംഗീകാരം നല്‌കപ്പെട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ അതിർത്തി നിർണ യിച്ചിരിക്കുന്നത്‌ ഭാഷാപരമായ അടിസ്ഥാനത്തിലാണ്‌. മറ്റ്‌ ഏഷ്യന്‍ രാഷ്‌ട്രങ്ങളിലൊന്നുംതന്നെ, നരവംശീയ-ഭാഷാപരവൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടുകയോ വിവിധ വിഭാഗങ്ങള്‍ക്ക്‌ ഭരണക്രമത്തിൽ വേണ്ടത്ര പ്രാതിനിധ്യം നല്‌കപ്പെടുകയോ ഉണ്ടായിട്ടില്ല.

1979-ൽ സോവിയറ്റ്‌ സൈന്യം അഫ്‌ഗാനിസ്‌താനിൽ പ്രവേശിച്ചതിനെത്തുടർന്നുള്ള കാലയളവിൽ കനത്ത സാമ്പത്തികമാന്ദ്യം സംജാതമായി. ഈ പശ്ചാത്തലത്തിലാണ്‌ 1985-ൽ സോവിയറ്റ്‌ പ്രസിഡന്റ്‌ മിഖായേൽ ഗോർബച്ചേവ്‌ ഗ്ലാസ്‌നോസ്റ്റ്‌ (തുറന്ന സമീപനം) പെരിസ്‌ട്രായിക്ക (പുനർനിർമാണം) എന്നിവയ്‌ക്ക്‌ രൂപം നൽകിയത്‌. രാജ്യത്തെ ആധുനികവത്‌കരണവും ജനാധിപത്യവത്‌കരണവുമായിരുന്നു ലക്ഷ്യം. ഈ പ്രസ്ഥാനം സോവിയറ്റ്‌ യൂണിയനിൽ കമ്യൂണിസത്തിന്റെ തകർച്ചയ്‌ക്ക്‌ വഴിയൊരുക്കി. തുടർന്ന്‌ സോവിയറ്റ്‌ യൂണിയന്‍ വിവിധ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. റഷ്യ, ഖസാഖ്‌സ്‌താന്‍, കിർഗിസ്‌താന്‍, താജിക്കിസ്‌താന്‍, ടർക്ക്‌മിനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍ എന്നിവയാണ്‌ പുതുതായി രൂപംകൊണ്ടവ.

പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഒഫ്‌ ചൈനയിൽ മൗദ്‌ സെദൂങിന്റെ മരണശേഷമുള്ള കാലയളവിൽ ദെങ്‌ സിയാവോപിങ്ങിന്റെ നേതൃത്വത്തിൽ കമ്യൂണുകള്‍ക്ക്‌ പ്രസക്തി നഷ്‌ടപ്പെടുകയും ഗവണ്‍മെന്റ്‌ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ മിശ്രിതസമ്പദ്‌വ്യവസ്ഥയായി മാറുകയും ചെയ്‌തു. 1997-ൽ ഹോങ്കോങ്ങും 1999-ൽ മക്കാവോയും ചൈനയുടെ ഭാഗമായി എങ്കിലും ഇവ സ്വയംഭരണ പ്രവിശ്യകളായി നിലനിൽക്കുന്നു.

മധ്യപൂർവേഷ്യയുടെ സമീപകാലചരിത്രത്തിൽ അറബ്‌-ഇസ്രയേൽ സംഘർഷമാണ്‌ മുന്നിട്ടുനിൽക്കുന്നത്‌. 2003-ൽ അമേരിക്കന്‍ സൈന്യം ഇറാഖ്‌ ആക്രമിക്കുകയും 2011 വരെ അധിനിവേശം തുടരുകയും ചെയ്‌തു. തുടർന്ന്‌ ഇറാന്റെ ആണവപദ്ധതികള്‍ ഈ മേഖലയിൽ സംഘർഷം വർധിപ്പിച്ചു. 1988-ൽ പലസ്‌തീന്‍ സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ നിലവിൽവന്ന സ്റ്റേറ്റ്‌ ഒഫ്‌ പലസ്‌തീന്‍ മിക്ക ലോകരാഷ്‌ട്രങ്ങളുടെയും അംഗീകാരം നേടിയിട്ടുണ്ട്‌.

അഫ്‌ഗാനിസ്‌താനിൽ 1978-നു ശേഷം സോവിയറ്റ്‌ യൂണിയന്‍ നടത്തിയ അധിനിവേശം പത്തുവർഷക്കാലം തുടർന്നു. 1992-96 കാലയളവിൽ നടന്ന ആഭ്യന്തരയുദ്ധം താലിബാന്‍ ഭരണകൂടത്തിന്റെ രൂപീകരണത്തിനും തകർച്ചയ്‌ക്കും കളമൊരുക്കി. 2001 മുതൽ ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌സ്‌ ഫോഴ്‌സ്‌ അഫ്‌ഗാനിസ്‌താനിൽ നിലയുറപ്പിച്ചു. എങ്കിലും താലിബാന്റെ നേതൃത്വത്തിലുള്ള ചെറുത്തുനില്‌പ്‌ തുടർന്നുവരുന്നു. അറബ്‌ വസന്തം എന്നപേരിൽ അറിയപ്പെടുന്ന അറബിനാടുകളിൽ ജനകീയ മുന്നേറ്റം 2010 ഡിസംബറിലാണ്‌ ആരംഭിച്ചത്‌. ഈജിപ്‌തിൽ ആരംഭിച്ച ഈ ആഭ്യന്തരകലാപം അനേകം അറബി രാജ്യങ്ങളിലേക്ക്‌ വ്യാപിച്ചിട്ടുണ്ട്‌. 2013 ജൂണിൽ ഈജിപ്‌തിലെ ബ്രദർഗുഡ്‌ ഭരണം ഒരു സൈനിക അട്ടിമറിയിലൂടെ തകർക്കപ്പെട്ടു.

സമ്പദ്‌വ്യവസ്ഥ

ഏഷ്യയിലെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം സാങ്കേതിക വിദ്യയുടെ വികാസത്തെക്കാളേറെ രാഷ്‌ട്രീയ പ്രശ്‌നങ്ങളെ ആധാരമാക്കിയാണ്‌ നിർണയിക്കപ്പെട്ടിരുന്നത്‌; രണ്ടാം ലോകയുദ്ധം അവസാനിക്കുകയും കൊളോണിയൽ നുകത്തിൽ നിന്നു മോചനം നേടുകയും ചെയ്യുന്നതുവരെ അധീശരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ക്കു വിധേയമാണ്‌ പ്രകൃതിവിഭവങ്ങളുടെ വിനിയോഗം നടന്നുപോന്നത്‌.

ഏഷ്യന്‍ രാജ്യങ്ങളിലേത്‌ പ്രധാനമായും കാർഷികമായ സമ്പദ്‌വ്യവസ്ഥയാണ്‌. ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. കാർഷികോത്‌പന്നങ്ങളാണ്‌ ഏഷ്യയിലെ മുഖ്യകയറ്റുമതിയിനങ്ങള്‍. കൊളോണിയൽ കാലഘട്ടത്തിൽ യൂറോപ്പിലേക്കു ഭക്ഷ്യവസ്‌തുക്കളും അസംസ്‌കൃത പദാർഥങ്ങളും കയറ്റി അയയ്‌ക്കുകയും സംസ്‌കൃത വ്യാവസായികോത്‌പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കമ്പോളമായിരുന്നു ഏഷ്യ.

കൃഷി

ഏഷ്യയിലുടനീളം ആധുനിക കൃഷിസമ്പ്രദായങ്ങള്‍ വ്യാപകമായിട്ടുണ്ട്‌. പ്രാചീനകൃഷിസമ്പ്രദായങ്ങളും ജലദൗർലഭ്യവും ഉത്‌പാദനത്തെ തടസ്സപ്പെടുത്തുന്നു. ഏഷ്യയിൽ പ്രധാനമായും സ്വകാര്യക്കൃഷി, പാട്ടക്കൃഷി, കൂട്ടുകൃഷി എന്നിങ്ങനെ മൂന്നുതരത്തിലുള്ള കൃഷി ഉടമസ്ഥതാരീതി കാണാം. ദക്ഷിണേഷ്യയിലും ദക്ഷിണപൂർവേഷ്യയിലെ ഭൂഖണ്ഡപ്രദേശങ്ങളിലുമാണ്‌ സ്വകാര്യ-ഉടമാസമ്പ്രദായം ഏറ്റവും അധികം കാണുന്നത്‌. ഇവിടെ ഭൂരിപക്ഷം കർഷകരും ചെറിയ തുണ്ടുഭൂമികളുടെ ഉടമകളാണ്‌. ലഭ്യമായ കൃഷിഭൂമിയുടെ ഏറിയപങ്കും ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലാണ്‌. ഭൂഖണ്ഡത്തിന്റെ മിക്ക പ്രദേശങ്ങളിലും പാട്ടക്കൃഷി നിലവിലുണ്ട്‌. എന്നാൽ ദക്ഷിണപശ്ചിമേഷ്യയിലാണ്‌ ഇത്‌ അധികമായി കാണുന്നത്‌. കൃഷിക്കാരിൽ ഭൂരിപക്ഷവും ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യുന്നു. കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലെല്ലാം പൊതുവേ കൂട്ടുകൃഷി സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. ഇസ്രയേലിലെ കിബൂട്ട്‌സുകളിൽ ഇതിനു സമാനമായ കൂട്ടുകൃഷി സംവിധാനം നിലവിലുണ്ട്‌.

ലോകത്തിലെ നെല്ല്‌ ഉത്‌പാദനത്തിൽ 60 ശതമാനവും ഏഷ്യയിൽ നിന്നാണ്‌. ദക്ഷിണേഷ്യയിലെ മുഖ്യവിളയാണ്‌ നെല്ല്‌. ജപ്പാന്‍, ദക്ഷിണചൈന, തായ്‌വാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌, മ്യാന്‍മർ, ശ്രീലങ്ക, ഇന്ത്യ, പാകിസ്‌താന്‍ എന്നിവിടങ്ങളിലൊക്കെ നെൽക്കൃഷി വ്യാപകമായ തോതിൽ നടന്നുവരുന്നു. ഇറാനിലും ദക്ഷിണപശ്ചിമേഷ്യയിലും നെല്ല്‌ വിളയിക്കുന്നുണ്ട്‌.

ഏറ്റവും അധികം നെല്ലുത്‌പാദിപ്പിക്കുന്ന രാഷ്‌ട്രങ്ങളാണെങ്കിൽപ്പോലും ഇവയിൽ അധികവും അരിയുടെ കാര്യത്തിൽ സ്വയംപര്യാപ്‌തത നേടിയിട്ടില്ല. തായ്‌ലന്‍ഡ്‌, മ്യാന്മർ, കംബോഡിയ എന്നിവ അരി കയറ്റുമതി ചെയ്യുന്ന രാഷ്‌ട്രങ്ങളാണ്‌. മിക്ക ഏഷ്യന്‍ രാഷ്‌ട്രങ്ങളിലും നെല്ലു കഴിഞ്ഞാൽ ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്നത്‌ ഗോതമ്പാണ്‌. ഉത്തര ഏഷ്യയിൽ സൈബീരിയയുടെ തെക്കരികിലുള്ള കരിമണ്ണുപ്രദേശത്തും മംഗോളിയ, ചൈന, ജപ്പാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഉത്തരേന്ത്യയിലും ഗോതമ്പ്‌ വന്‍തോതിൽ കൃഷി ചെയ്യപ്പെടുന്നു. നെല്ല്‌, ഗോതമ്പ്‌ എന്നിവയുടെ ഉത്‌പാദനത്തിൽ ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ രണ്ടാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. 2011-ൽ ഇന്ത്യ രണ്ട്‌ ബില്യണ്‍ കിലോഗ്രാം വീതം അരിയും ഗോതമ്പും വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റിഅയച്ചു. വടക്കന്‍ ചൈനയിൽ സോയാതുവര മറ്റൊരു പ്രധാനവിളയാണ്‌. ബാർലി, സോർഗം, ചോളം എന്നിവയാണ്‌ മറ്റു പ്രധാന ധാന്യോത്‌പന്നങ്ങള്‍.

നാണ്യവിളകളുടെ കൂട്ടത്തിൽ റബ്ബർ, തേയില, കാപ്പി, കരിമ്പ്‌, പുകയില, പരുത്തി എന്നിവയ്‌ക്കാണ്‌ പ്രാമുഖ്യമുള്ളത്‌. കുരുമുളക്‌, പുകയില എന്നിവ മലേഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്‌. ജാവ, ഫിലിപ്പീന്‍സ്‌, ഇന്ത്യ, മധ്യേഷ്യ എന്നിവിടങ്ങളിലാണ്‌ കരിമ്പുകൃഷി വന്‍തോതിൽ നടക്കുന്നത്‌. ഇന്ത്യയൊഴികെയുള്ള മറ്റു രാജ്യങ്ങള്‍ കരിമ്പു കയറ്റുമതി ചെയ്യുന്നു. തുർക്കി, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്‌ പുകയിലക്കൃഷിയിൽ മുമ്പിൽ നിൽക്കുന്നത്‌. ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ തേയിലക്കയറ്റുമതിയിൽ മുന്‍പന്തിയിൽ നില്‌ക്കുന്നു. ചൈന ദേശീയോപഭോഗത്തിനായി വന്‍തോതിൽ തേയില ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്‌, ഇന്ത്യയുടെ പശ്ചിമതീരം എന്നിവിടങ്ങളാണ്‌ റബ്ബർകൃഷികേന്ദ്രങ്ങള്‍. റബ്ബറിന്റെ കയറ്റുമതിയിൽ മൂന്നാം സ്ഥാനമാണ്‌ മലേഷ്യയ്‌ക്കുള്ളത്‌. ദക്ഷിണപശ്ചിമേഷ്യയിൽ ഈന്തപ്പന ഒരു നാണ്യവിളയാണ്‌; മെഡിറ്ററേനിയന്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ നാരകക്കൃഷി പുരോഗമിച്ചിട്ടുണ്ട്‌. ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും കറുപ്പ്‌, ഇരട്ടിമധുരം എന്നിവയും ഏഷ്യയിലെ നാണ്യവിളകളിൽ ഉള്‍പ്പെടുന്നു. ഫിലിപ്പീന്‍സ്‌, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഒരു പ്രമുഖ നാണ്യവിളയാണ്‌ നാളികേരം. ഫിലിപ്പീന്‍സിലും തായ്‌വാനിലും മലേഷ്യയിലും വന്‍തോതിൽ കൈതച്ചക്ക ഉത്‌പാദിപ്പിക്കപ്പെടുന്നു. ഏത്തപ്പഴം, ഓറഞ്ച്‌, മാമ്പഴം, ആപ്പിള്‍ എന്നിവയാണ്‌ ഏഷ്യന്‍ രാഷ്‌ട്രങ്ങളിൽ വന്‍തോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന മറ്റു പഴവർഗങ്ങള്‍. അഞ്ചരലക്ഷത്തോളം ടണ്‍ ഏത്തപ്പഴമാണ്‌ ഇന്തോനേഷ്യ ഉത്‌പാദിപ്പിക്കുന്നത്‌. ഫലവർഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തിൽ ഇന്ത്യയ്‌ക്ക്‌ ഒന്നാംസ്ഥാനമാണുള്ളതെന്ന്‌ 2010-ലെ എഫ്‌.എ.ഒ. വേള്‍ഡ്‌ അഗ്രികള്‍ച്ചർ സ്റ്റാറ്റിസ്റ്റിക്‌സ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ അധികവും കൃഷിക്ക്‌ കാലവർഷത്തെയാണ്‌ പ്രധാനമായും ആശ്രയിച്ചു വരുന്നത്‌. എന്നാൽ മിക്കരാഷ്‌ട്രങ്ങളിലും വന്‍കിട ജലസേചനപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌.

1991-ൽ സോവിയറ്റ്‌ യൂണിയന്‍ വിഭജിക്കപ്പെട്ടതോടെ റഷ്യയുടെ കാർഷികോത്‌പാദനം മന്ദീഭവിച്ചു. ഒരു ദശകത്തിനുശേഷമാണ്‌ കാർഷികരംഗത്ത്‌ പുരോഗതിയുണ്ടായത്‌. കോർപ്പറേറ്റ്‌ ഫാമുകളുടെ സ്ഥാനത്ത്‌ ഫാമിലിഫാമുകളും പെസന്റ്‌ഫാമുകളും വർധിച്ചതോടെയാണ്‌ ഈ മാറ്റം വന്നുചേർന്നത്‌. ചൈനയിലെ കാർഷികമേഖലയിൽ 75 ശതമാനവും ഭക്ഷ്യവിളകള്‍ക്കാണ്‌ ഉപയോഗിക്കുന്നത്‌. ഭക്ഷ്യോത്‌പന്നങ്ങളുടെ ഇറക്കുമതിയിൽ ഒന്നാം സ്ഥാനം ചൈനയ്‌ക്കാണ്‌. എങ്കിലും സമീപകാലത്ത്‌ ചൈനയുടെ കാർഷികോത്‌പന്ന കയറ്റുമതിയിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്‌. കാർഷികോത്‌പാദനത്തിൽ ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ രണ്ടാംസ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇന്തോനേഷ്യയിൽ 45 ശതമാനം തൊഴിലാളികളും കാർഷികമേഖലയിലുള്ളവരാണ്‌. കൃഷിയിടങ്ങളിൽ 45 ശതമാനം വരെ നാണ്യവിളകള്‍ക്കാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. മലേഷ്യയിൽ കാർഷികമേഖലയിൽ തൊഴിലാളികള്‍ 16 ശതമാനമാണ്‌. 24 ശതമാനത്തോളം ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നു.

ജലസേചനവും വൈദ്യുതോത്‌പാദനവും

ജലസേചനത്തിനും വൈദ്യുതോത്‌പാദനത്തിനും വളരെയേറെ പ്രയോജനപ്പെടുത്താവുന്ന വ്യാപകമായ ജലൗഘമാണ്‌ ഏഷ്യയിലെ നദികളും ജലാശയങ്ങളും ഉള്‍ക്കൊള്ളുന്നത്‌. സൈബീരിയയിലെ നദികളാണ്‌ വൈദ്യുതോത്‌പാദനത്തിന്‌ ഏറ്റവും ഉപയുക്തമായവ. കനത്ത ജലൗഘങ്ങളെ വഹിച്ചു നീങ്ങുന്ന ഇവ അധികം ഉയരത്തിലല്ലാതെ ബന്ധിച്ചാൽപോലും നല്ല ഒഴുക്കോടോ പതിക്കുന്നതുമൂലം ധാരാളം വൈദ്യുതി ഉത്‌പാദിപ്പിക്കുവാന്‍ കെല്‌പുള്ളവയാണ്‌. പൂർവ സൈബീരിയയിൽ ധാരാളം മഴയുള്ളതിനു പുറമേ നദീമാർഗങ്ങള്‍ നല്ല ചായ്‌വുള്ളവയുമാണ്‌; തന്മൂലം വൈദ്യുതോത്‌പാദനത്തിനുള്ള സാധ്യതകള്‍ വളരെയുണ്ട്‌. ജപ്പാനിലെ ചെറുനദികളിലെ ജലധാരകള്‍ ക്രമീകരിച്ച്‌ ധാരാളം കൃത്രിമ പ്രപാതങ്ങള്‍ സൃഷ്‌ടിച്ച്‌ അവയിൽനിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിച്ചുവരുന്നു. വർഷകാലത്ത്‌ ഈ വൈദ്യുത കേന്ദ്രങ്ങളുടെ ഉത്‌പാദനക്ഷമതയിൽ സാരമായ വർധനവുണ്ടാകുന്നു. ചൈനയിൽ ഉത്തരഭാഗത്തുള്ള വന്‍നദികള്‍ പരന്നൊഴുകുന്നവയും ധാരാളം എക്കൽ വഹിച്ചു നീക്കുന്നവയുമാണ്‌; ഇടയ്‌ക്കിടെ ഗതിമാറുന്ന ഈ നദികള്‍ വൈദ്യുതോത്‌പാദനത്തിനു സഹായകങ്ങളല്ല. എന്നാൽ ദക്ഷിണ ചൈനയിൽ ത്‌സിന്‍ലിങ്‌ പർവത്തിനുതെക്കുള്ള നദികള്‍ ഊർജസമ്പാദനത്തിന്‌ പൂർണമായും ഉപയുക്തമാണ്‌.

ഇന്ത്യാ ഉപദ്വീപിലെ നദികള്‍ പൊതുവേ വൈദ്യുതോത്‌പാദനക്ഷമങ്ങളാണ്‌. ഡക്കാണിൽ ജലലഭ്യതയിൽ ഋതുപരമായി ഏർപ്പെടുന്ന വ്യത്യാസംമൂലം കിഴക്കോട്ടൊഴുകുന്ന നദികള്‍ വൈദ്യുതോത്‌പാദനത്തിന്‌ ഉത്തമങ്ങളല്ല. പശ്ചിമഘട്ടത്തിൽ നിന്ന്‌ പടിഞ്ഞാറോട്ടൊഴുകുന്ന ചെറുതെങ്കിലും ശീഘ്രഗതികളായ നദികളാണ്‌ വൈദ്യുതോത്‌പാദനത്തിന്‌ അത്യുത്തമങ്ങള്‍. ഏഷ്യയുടെ മറ്റുഭാഗങ്ങളിലുള്ള നദികളും ഊർജോത്‌പാദനത്തിനുള്ള സാമാന്യ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. ഈ വന്‍കരയിലെ മിക്കവാറും എല്ലാ നദികളും ജലസേചനസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. റഷ്യയിൽ മുപ്പതോളം വന്‍കിട അണക്കെട്ടുകള്‍ നിലവിലുണ്ട്‌. അണക്കെട്ടുകളുടെ നിർമാണത്തിൽ മുന്‍പന്തിയിൽ നിൽക്കുന്ന ചൈനയിൽ അയ്യായിരത്തോളം അണക്കെട്ടുകളാണുള്ളത്‌. ജപ്പാനിൽ നാലു വന്‍കിട അണക്കെട്ടുകളും മലേഷ്യയിൽ 14 വന്‍കിട അണക്കെട്ടുകളും ഫിലിപ്പീന്‍സിൽ 12 വന്‍കിട അണക്കെട്ടുകളുമാണുള്ളത്‌.

സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ മുന്നൂറോളം വന്‍കിട അണക്കെട്ടുകളാണ്‌ ഇന്ത്യയിലുണ്ടായിരുന്നത്‌. 2000-ത്തിൽ ഇത്‌ നാലായിരമായി വർധിച്ചു. അണക്കെട്ടു നിർമാണത്തിൽ ഇന്ത്യയ്‌ക്ക്‌ മൂന്നാം സ്ഥാനമാണുള്ളത്‌. ഹിരാക്കുഡ്‌, ഭക്രാനംഗൽ, നാഗാർജ്ജുന സാഗർ, ദാമോദർവാലി, നർമദാ, തുംഗഭദ്ര മുതലായവ വന്‍കിട പദ്ധതികളിൽ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതകേന്ദ്രം ത്രീജോർജസ്‌ ചൈനയിലെ ഹുബിയിലാണുള്ളത്‌. 18,300 മെഗാവാട്ടാണ്‌ (2008) ഉത്‌പാദനശേഷി. പത്ത്‌ വന്‍കിട ജലവൈദ്യുത പദ്ധതികളും ഇവിടെയുണ്ട്‌. റഷ്യയിൽ എട്ട്‌ വന്‍കിടപദ്ധതികളും ഇറാനിൽ മൂന്ന്‌ വന്‍കിട പദ്ധതികളുമുണ്ട്‌. ഭദ്ര, നാഗാർജുന, കൊയ്‌ന, ദഹർ, ശരാവതി, കാളിന്ദ, ശ്രീശൈലം എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യജലവൈദ്യുത പദ്ധതികള്‍.

2010-ൽ റഷ്യയിലെ ന്യൂക്ലിയർ വൈദ്യുതിയുടെ ഉത്‌പാദനം 21,244 മെഗാവാട്ടാണ്‌. ചൈനയിൽ പതിനാല്‌ ന്യൂക്ലിയർ പ്ലാന്റുകളുണ്ട്‌. പുതിയ പല പ്ലാന്റുകളുടെയും നിർമാണം പുരോഗമിക്കുകയാണ്‌. 54 ന്യൂക്ലിയർ പ്ലാന്റുകളുള്ള ജപ്പാനിൽ 2011-ലെ ഭൂകമ്പത്തെത്തുടർന്ന്‌ ചില പ്ലാന്റുകള്‍ തകരാറിലാവുകയും പലതിന്റെയും ഉത്‌പാദനം നിർത്തിവയ്‌ക്കുകയും ചെയ്‌തു. ഇന്ത്യയിൽ 2010-ൽ ഇരുപത്‌ ന്യൂക്ലിയർ റിയാക്‌ടറുകളാണ്‌ പ്രവർത്തിക്കുന്നത്‌. ഏറ്റവും പുതിയ കൂടംകുളം ആണവപദ്ധതി 2012-ൽ തമിഴ്‌നാട്ടിൽ പ്രവർത്തനമാരംഭിച്ചു. ജപ്പാനിലെ ദുരന്തത്തെത്തുടർന്ന്‌ പല ന്യൂക്ലിയർ പദ്ധതികളുടെയും പ്രവർത്തനം മന്ദീഭവിച്ചിട്ടുണ്ട്‌.

കാലിസമ്പത്ത്‌

മധ്യേഷ്യ, മംഗോളിയ എന്നിവിടങ്ങളിലെ സ്റ്റെപ്പ്‌ മാതൃകയിലുള്ള പുൽമേടുകള്‍ ഒന്നാന്തരം മേച്ചിൽപ്പുറങ്ങളാണ്‌. ഇവിടെ സ്ഥിരം പാർപ്പുകാരല്ലാത്ത ഇടയവർഗങ്ങള്‍ ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നു. പ്രതികൂല ഋതുക്കളിൽ മാത്രം എവിടെയെങ്കിലും താവളമടിക്കുകയും മറ്റുമാസങ്ങളിൽ തങ്ങളുടെ ആട്ടിന്‍പറ്റങ്ങളുമായി ചുറ്റിത്തിരിയുകയും ചെയ്യുന്ന ഈക്കൂട്ടരെ പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ഇറാന്‍, അറേബ്യ എന്നിവിടങ്ങളിലും ധാരാളമായി കാണാം. മധ്യേഷ്യയിൽ സവാരിക്കായി കുതിരകളെയും ചുമടെടുപ്പിക്കുന്നതിന്‌ യാക്കുകളെയും വളർത്തുന്നു; അറേബ്യയിൽ ഈ രണ്ടു കാര്യങ്ങള്‍ക്കും ഒട്ടകത്തെയാണ്‌ ഉപയോഗിക്കുന്നത്‌. ഇന്ത്യ, ദക്ഷിണ പൂർവേഷ്യ, ചൈന തുടങ്ങിയ കാർഷിക രാജ്യങ്ങളിലെല്ലാം ഗവ്യഉത്‌പന്നങ്ങള്‍ക്കും ഉഴവിനുമായി കാലികളെ വളർത്തുന്ന സമ്പ്രദായം വ്യാപകമായി നിലവിലിരിക്കുന്നു; ആടുകളും കുറവല്ല. തുകൽ, രോമം തുടങ്ങിയവ സാമാന്യമായ തോതിൽ ഉത്‌പാദിപ്പിച്ചു വരുന്നു. ചൈനയിലെ കാലിസമ്പത്തിൽ പന്നിവളർത്തലിനും കോഴി വളർത്തലിനുമാണ്‌ പ്രാമുഖ്യം. ഉള്‍നാടുകളിൽ ആട്‌, മാട്‌, ഒട്ടകം, കുതിര മുതലായവ വളർത്തപ്പെടുന്നു. ആർട്ടിക്‌ മേഖലയിൽ റെയിന്‍ഡിയർ വളർത്തൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും ഫർമൃഗങ്ങള്‍ നിരന്തരമായ വേട്ടയാടലിലൂടെ നശിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ, മ്യാന്‍മർ, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളിൽ ഭാരോദ്വഹനം ലക്ഷ്യമാക്കി ആനകളെ മെരുക്കി വളർത്തുന്ന പതിവുണ്ട്‌. തുർക്കിയിൽ പട്ടുപോലെ നേർത്ത രോമമുള്ള വിശേഷയിനം (അങ്കാറ) ആടുകള്‍ വന്‍തോതിൽ വളർത്തപ്പെടുന്നു. ഇന്ത്യയിലെ കന്നുകാലി സമ്പത്ത്‌ 48.50 കോടിയാണ്‌ (2003). ലോകത്തിലെ കന്നുകാലിസമ്പത്തിൽ ഏഴിൽ ഒരുഭാഗം ഇന്ത്യയിലാണുള്ളത്‌.

വനസമ്പത്ത്‌

സൈബീരിയയിലെ തെയ്‌ഗാവനങ്ങളിൽ സമ്പത്‌പ്രധാനങ്ങളായ സൂചികാഗ്രവൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. ഇന്ത്യ, മ്യാന്‍മർ, തായ്‌ലന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളിലുള്ള പത്രപാതിവനങ്ങള്‍ തേക്ക്‌, ഈട്ടി തുടങ്ങിയ തടികളും മുള, ഈറ തുടങ്ങിയവയും വന്‍തോതിൽ ലഭ്യമാക്കുന്നു. ഇന്ത്യയിലും ദക്ഷിണപശ്ചിമേഷ്യയിലും കടൽത്തീരത്തോടടുത്തുള്ള കണ്ടൽവനങ്ങളും വിഭവസമൃദ്ധമാണ്‌. മനുഷ്യോപഭോഗംമൂലം ഈ വനങ്ങള്‍ മിക്കവാറും വെട്ടിത്തെളിക്കപ്പെട്ട്‌ കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. ഫിലിപ്പീന്‍സിലെ വനങ്ങളിൽ നല്ലൊരു ഭാഗത്ത്‌ മഹാഗണി തുടങ്ങിയ ഈടുള്ള തടി നല്‌കുന്ന വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. ജപ്പാനിലെ സംരക്ഷിതവനങ്ങളും സമ്പത്‌പ്രധാനങ്ങളാണ്‌.

മത്സ്യബന്ധനം

ജപ്പാന്‍, ചൈന എന്നിവിടങ്ങളിൽ മത്സ്യബന്ധനം വളരെയേറെ പുരോഗമിച്ചിട്ടുണ്ട്‌. മത്സ്യങ്ങള്‍ മാത്രമല്ല ഞണ്ട്‌, കടലാമ തുടങ്ങിയവയെയും വന്‍തോതിൽ പിടിക്കുന്നുണ്ട്‌. ലോകത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ബന്ധിക്കപ്പെടുന്നത്‌ ജപ്പാനിലാണ്‌. രണ്ടായിരത്തിലധികം മത്സ്യബന്ധനതുറമുഖങ്ങളാണ്‌ ഇവിടെയുള്ളത്‌. കടലിൽ മറ്റുശക്തികളുമായുള്ള അതിർത്തിത്തർക്കങ്ങളും ആഭ്യന്തരകുഴപ്പങ്ങളും ഈ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. കാസ്‌പിയന്‍ കടലിലും സൈബീരിയയിലെ നദികളിലും വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം സാർവത്രികമായുണ്ട്‌. ജപ്പാന്‍ കഴിഞ്ഞാൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ മീന്‍ പിടിക്കുന്നത്‌ ചൈനയിലാണ്‌. റഷ്യയിലെന്നപോലെ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലും വ്യാപാരാടിസ്ഥാനത്തിലുള്ള മീന്‍വളർത്തൽ കേന്ദ്രങ്ങളുണ്ട്‌. ഇന്ത്യ തുടങ്ങിയ നീണ്ട കടലോരമുള്ള തെക്കന്‍ രാജ്യങ്ങളിൽ മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ജപ്പാനിലും ഇന്ത്യ, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും കടലിൽ മുത്ത്‌, ചിപ്പി എന്നിവയ്‌ക്കുപുറമേ ഭക്ഷ്യയോഗ്യമായ കടൽച്ചെടികളും മറ്റും കൃഷി ചെയ്യുന്ന സമ്പ്രദായവും വികസിച്ചിട്ടുണ്ട്‌. 1990-2010 കാലയളവിൽ ഇന്ത്യയിലെ മത്സ്യബന്ധനം ഇരട്ടിയാവുകയും മത്സ്യക്കൃഷി മൂന്നുമടങ്ങ്‌ വർധിക്കുകയും ചെയ്‌തു. 2008-ൽ മത്സ്യബന്ധനരംഗത്ത്‌ ആറാം സ്ഥാനവും മത്സ്യക്കൃഷിയിൽ രണ്ടാം സ്ഥാനവും നേടി. ഈ കാലയളവിൽ 6 ലക്ഷം ടണ്‍ മത്സ്യോത്‌പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്‌തു.

വ്യവസായം

ധാതുദ്രവ്യങ്ങളിൽ സമ്പന്നമായ ഏഷ്യയിൽ ഖനനസംബന്ധികളായ വ്യവസായങ്ങള്‍ വളർച്ച പ്രാപിച്ചിട്ടുണ്ട്‌. ഇരുമ്പുരുക്ക്‌ ഉത്‌പാദിപ്പിക്കുന്നത്‌ ജപ്പാന്‍, ചൈന, ഇന്ത്യ രാജ്യങ്ങള്‍ മാത്രമാണ്‌; ഉത്തരേഷ്യയിൽ വന്‍കിട ഉരുക്കുഫാക്‌ടറികള്‍ പ്രവർത്തിക്കുന്നുണ്ട്‌. കോക്കിങ്‌ ഇനത്തിൽപ്പെട്ട കൽക്കരി ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ മാത്രമാണ്‌ ലഭിക്കുന്നത്‌; തന്‍മൂലം ഈ രാജ്യങ്ങളിൽ ഇരുമ്പുരുക്കുത്‌പാദനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ദേശീയോപഭോഗം വർധിച്ചുവരുന്നതിനാൽ അല്‌പമായി ഇരുമ്പു ഖനനം നടത്തുന്ന രാജ്യങ്ങള്‍ പോലും ഇരുമ്പുരുക്കു വ്യവസായം തനതായി ആരംഭിച്ചിട്ടുണ്ട്‌. ഏഷ്യയിലെ അലുമിനിയം വ്യവസായത്തിൽ പകുതിയോളം ജപ്പാനിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. റഷ്യ, ഇന്ത്യ, തായ്‌വാന്‍ എന്നിവയാണ്‌ ഇതിൽ മുന്നാക്കം നില്‌ക്കുന്ന മറ്റു രാജ്യങ്ങള്‍. ഇന്ത്യയിൽ അലുമിനിയം വ്യവസായത്തിന്റെ അഭൂതപൂർവമായ വളർച്ച തുടർന്നുകൊണ്ടിരിക്കുന്നു. ചെമ്പ്‌, നാകം, തകരം തുടങ്ങിയ ലോഹങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളും ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

വ്യവസായരംഗത്ത്‌ അത്യന്തം വികാസം നേടിയ രാഷ്‌ട്രമാണ്‌ ജപ്പാന്‍. കപ്പലുകള്‍, ആവിയന്ത്രങ്ങള്‍ എന്നിവ മുതൽ സൂക്ഷ്‌മങ്ങളായ ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍വരെ ഉള്ള എല്ലാവിധ യന്ത്രസാമഗ്രികളും ജപ്പാനിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതര വ്യവസായങ്ങളുടെ നടത്തിപ്പിനാവശ്യമായ ഘനയന്ത്രങ്ങളുടെ ഉത്‌പാദനവും ജപ്പാനിൽ നടക്കുന്നുണ്ട്‌. വ്യാവസായികമായി ദ്രുതതരം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ഏഷ്യന്‍ രാജ്യം ഇന്ത്യയാണ്‌. ആവിയന്ത്രങ്ങള്‍, സൂക്ഷ്‌മോപകരണങ്ങള്‍, വൈദ്യുത-ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, കാർഷികയന്ത്രങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനം ഇന്ത്യയിൽ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്‌. ആട്ടോമോട്ടീവ്‌ വ്യവസായരംഗത്ത്‌ 2008-09 കാലയളവിൽ കയറ്റുമതിയിൽ 36 ശതമാനം വർധനവുണ്ടായി. ഘനവ്യവസായ പുരോഗതിയിൽ ചൈനയും മുന്നിലാണ്‌.

രാസവളം, ഔഷധങ്ങള്‍, ഇതര രാസദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനം ഗണ്യമായ തോതിൽ വർധിച്ചിട്ടുണ്ട്‌; ജപ്പാന്‍, ചൈന ഇന്ത്യ എന്നീ രാഷ്‌ട്രങ്ങളാണ്‌ ഇക്കാര്യത്തിലും മുന്നണിയിൽ നിൽക്കുന്നത്‌. കടലാസ്‌, പള്‍പ്പ്‌ എന്നിവയുടെ ഉത്‌പാദനം വികസിച്ചിട്ടുണ്ട്‌. ഇന്ത്യയും ജപ്പാനും പരുത്തിത്തുണിയുടെ ഉത്‌പാദനത്തിൽ ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ മുന്‍പന്തിയിലെത്തിയിട്ടുണ്ട്‌; ചൈന, തായ്‌വാന്‍, പാകിസ്‌താന്‍, ഹോങ്‌കോങ്‌ എന്നീ രാജ്യങ്ങളും ലോകകമ്പോളത്തിൽ സ്ഥാനം നേടിയിട്ടുണ്ട്‌. രോമത്തുണി, പട്ട്‌, നൈലോണ്‍ തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്നതിലും ജപ്പാനും ഇന്ത്യയും മുന്നണിയിലാണ്‌. പ്രാചീനകാലം മുതൽക്ക്‌ പ്രശസ്‌തി നിലനിർത്തിപ്പോരുന്ന കരകൗശല സാധനങ്ങളുടെ ഉത്‌പാദന വിപണനങ്ങള്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളുടെയും സമ്പദ്‌ഘടനയിൽ സാരമായ പങ്കുവഹിക്കുന്നു. ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളിൽ പലേടത്തും ആപേക്ഷികമായ വ്യവസായ വികസനമുണ്ടായിട്ടുണ്ടെന്നുപറയാം. ലോകസമ്പദ്‌ഘടനയിൽ പത്താം സ്ഥാനമാണ്‌ റഷ്യയ്‌ക്കുള്ളത്‌. 2000-08-ലെ കാലയളവിൽ ശരാശരി എഴു ശതമാനം വർധനയാണ്‌ സാമ്പത്തിക മേഖലയിലുണ്ടായത്‌. കയറ്റുമതിയിൽ 80 ശതമാനവും പെട്രാളിയം, പ്രകൃതിവാതകം, ലോഹം, തടി മുതലായവയാണ്‌. 1978-ൽ സാമ്പത്തിക ഉദാരവത്‌കരണം ആരംഭിച്ചതിനുശേഷം ചൈനയുടെ സാമ്പത്തികഘടനയുടെ വളർച്ച ആറുമടങ്ങ്‌ വർധിച്ചിട്ടുണ്ട്‌. 2001-10 കാലയളവിൽ ജി.ഡി.പി. (ശരാശരി ആഭ്യന്തര ഉത്‌പാദനം) വളർച്ച ശരാശരി 10.5 ശതമാനമാണ്‌. 2012-ൽ ചൈനയുടെ ജി.ഡി.പി. നിലവാരം ലോകത്ത്‌ രണ്ടാം സ്ഥാനത്തായിട്ടുണ്ട്‌. കുറഞ്ഞ ചെലവിലുള്ള ഉത്‌പാദനമാണ്‌ സാമ്പത്തിക വളർച്ചയുടെ മുഖ്യകാരണം. ഊർജോത്‌പാദനവും മറ്റും പൊതുമേഖലയിലാണെങ്കിലും സ്വകാര്യ സംരംഭങ്ങള്‍ വളരെയേറെ വർധിച്ചതാണ്‌ മറ്റൊരു ഘടകം. 2011-ലെ കണക്കുകളനുസരിച്ച്‌ സാമ്പത്തികവളർച്ചയിൽ മൂന്നാം സ്ഥാനമാണ്‌ ജപ്പാനുള്ളത്‌. 2009-ലെ സാമ്പത്തിക മാന്ദ്യവും 2011-ലെ ഭൂകമ്പവും സുനാമിയും ജപ്പാന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു.

2011-ലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തലിൽ ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്കും ആഗോളതലത്തിൽ പത്താം സ്ഥാനമാണുള്ളത്‌. കഴിഞ്ഞ രണ്ടു ദശകങ്ങളായി ശരാശരി ആഭ്യന്തര ഉത്‌പാദനവർധന 5.8 ശതമാനമാണ്‌. വളരെ വേഗത്തിൽ മുന്നേറുന്ന ഒരു സാമ്പത്തിക ഘടനയാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. 46 കോടിയിലധികം വരുന്ന തൊഴിലാളികള്‍ ഇന്ത്യയെ തൊഴിൽശേഷിയിൽ രണ്ടാംസ്ഥാനത്ത്‌ എത്തിക്കുന്നു. ടെക്‌സ്റ്റൈൽ, ജൂവലറി, സോഫ്‌റ്റ്‌വെയർ, എന്‍ജിനീയറിങ്‌ സാമഗ്രികള്‍, കെമിക്കൽസ്‌, തുകൽ ഉത്‌പന്നങ്ങള്‍ മുതലായവയാണ്‌ മുഖ്യ കയറ്റുമതി വിഭവങ്ങള്‍. 2009-ൽ ആരംഭിച്ച ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ സാമ്പത്തികവളർച്ചയെ കാര്യമായി ബാധിച്ചിട്ടില്ല.

വാണിജ്യം

ക്രിസ്‌ത്വബ്‌ദത്തിനും അനേകം ശതകങ്ങള്‍ക്കു മുന്‍പുതന്നെ ഏഷ്യന്‍ രാജ്യങ്ങള്‍ പരസ്‌പരം വാണിജ്യബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. പാശ്ചാത്യരാജ്യങ്ങളുമായും അന്നുമുതല്‌ക്കുതന്നെ അവ വ്യാപാരബന്ധം സ്ഥാപിക്കുകയുണ്ടായി. ചരക്കുകള്‍ വിനിമയ മാധ്യമമായി. പ്രവാസിവർഗങ്ങളാണ്‌ വ്യാപാരകാര്യങ്ങള്‍ നടത്തിയിരുന്നത്‌. മേൽത്തരം തുണികള്‍, പട്ട്‌, സ്വർണം, രത്‌നക്കല്ലുകള്‍, എണ്ണക്കുരുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ ഇവയായിരുന്നു പ്രധാന വാണിജ്യോത്‌പന്നങ്ങള്‍. ബി.സി. നാലാം ശതകത്തോടടുപ്പിച്ച്‌ ഇന്ത്യാ-ഉപഭൂഖണ്ഡവും ഗ്രീസുമായി ബന്ധിക്കുന്ന പുത്തന്‍ വ്യാപാരമാർഗങ്ങള്‍ കണ്ടുപിടിച്ചതോടെ വ്യാപാരം ഗണ്യമായി വർധിച്ചു. റോമന്‍ ആധിപത്യകാലത്ത്‌ ദക്ഷിണേന്ത്യയും പാശ്ചാത്യകേന്‌ദ്രങ്ങളും തമ്മിൽ ബന്ധിക്കുന്ന പുതിയ കരമാർഗങ്ങളും നാവികമാർഗങ്ങളും കണ്ടുപിടിക്കപ്പെട്ടു. ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യശതകങ്ങളിൽ വ്യാപാരമത്സരങ്ങളും ശത്രുതകളും വർധിച്ചുവെങ്കിലും വ്യാപാരം പുരോഗമിച്ചു. ദക്ഷിണ പൂർവേഷ്യന്‍ രാഷ്‌ട്രങ്ങളിലേക്കും വിദേശീയ വ്യാപാരതാത്‌പര്യം നുഴഞ്ഞുകയറിയത്‌ ഇക്കാലത്താണ്‌.

15-ാം ശതകത്തിൽ സ്‌പെയിനും 16-ാം ശതകത്തിൽ പോർച്ചുഗലും പുതിയ നാവിക മാർഗങ്ങള്‍ വെട്ടിത്തുറന്നുകൊണ്ട്‌ യൂറോപ്പ്‌-ഏഷ്യാവ്യാപാരത്തിൽ പ്രവേശിച്ചു. 17-ാം ശതകത്തിൽ പോർച്ചുഗലിനെ അനുകരിച്ച്‌ വ്യാപാരകുത്തക സ്ഥാപിക്കുവാന്‍ മുതിർന്ന ബ്രിട്ടീഷുകാരും ഡച്ചുകാരും ഈസ്റ്റിന്ത്യാക്കമ്പനികള്‍ സ്ഥാപിച്ചുകൊണ്ട്‌ രംഗപ്രവേശം ചെയ്‌തു. അന്തിമമായി ബ്രിട്ടീഷുകാർ ഇന്ത്യാ ഉപഭൂഖണ്ഡം, സിലോണ്‍, മ്യാന്മർ, മലേഷ്യ എന്നി പ്രദേശങ്ങളിലും ഫ്രഞ്ചുകാർ ഇന്തോചൈനയിലും സ്‌പെയിന്‍ ഫിലിപ്പീന്‍സിലും ആധിപത്യം നേടി. ഈസ്റ്റിന്ത്യാക്കമ്പനികളുടെ രംഗപ്രവേശത്തോടെ വ്യാപാരസംവിധാനത്തിൽ അടിസ്ഥാനപരമായ വ്യതിയാനമുണ്ടായി. അന്നേവരെ മനുഷ്യാധ്വാനത്തിലൂടെ സംസ്‌കരിച്ച ഉത്‌പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന സ്ഥാനത്ത്‌ കമ്പനികള്‍ അസംസ്‌കൃതസാധനങ്ങള്‍ കയറ്റി അയയ്‌ക്കുവാനും അതേ വസ്‌തുക്കളുടെ തന്നെ സംസ്‌കൃത സാധനങ്ങള്‍ ഇറക്കുമതി ചെയ്യുവാനും ശ്രമങ്ങളാരംഭിച്ചു. മുന്‍കോളനികള്‍ സ്വാതന്ത്യ്രം പ്രാപിക്കുകയും ജനകീയ ചൈന സ്ഥാപിതമാവുകയും ജപ്പാന്‍ ലോകത്തിലെ പ്രമുഖ വ്യാവസായിക വാണിജ്യ ശക്തിയായി രംഗപ്രവേശം ചെയ്യുകയും ചെയ്‌തതോടെ വ്യവസ്ഥാപിത കൊളോണിയൽ വ്യാപാരസമ്പ്രദായങ്ങള്‍ക്ക്‌ ഗണ്യമായ വ്യതിയാനമുണ്ടായി. കൊളോണിയൽ പാരമ്പര്യത്തിന്റെ ഫലമായി ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ പരസ്‌പര മത്സരാത്മകങ്ങളായിത്തീർന്നു. ചൈന ഇപ്പോള്‍ ഇതര ഏഷ്യന്‍ രാഷ്‌ട്രങ്ങളുമായി വർധമാനമായ വ്യാപാരബന്ധത്തിന്‌ ബോധപൂർവം ശ്രമിക്കുന്നുണ്ട്‌. പ്രധാന വ്യാപാരപങ്കാളികള്‍ മ്യാന്മർ, കംബോഡിയ, ശ്രീലങ്ക, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, പാകിസ്‌താന്‍, സിംഗപ്പൂർ എന്നിവയാണ്‌. ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ കൂടുതൽ വ്യവസായവത്‌കരിക്കപ്പെടുന്നതോടെ രാജ്യാന്തര വ്യാപാരവും വർധിക്കുന്നു.

കഴിഞ്ഞ ഏതാനും ദശകങ്ങളായി രൂപംകൊണ്ടിട്ടുള്ള അനേകം സ്ഥാപനങ്ങളും സംഘടനകളും ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിൽ സഹകരണവും സഹായവും വർധിപ്പിക്കുന്നതിന്‌ ഉപകരിക്കുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ (ADB), ഏഷ്യന്‍ പസിഫിക്‌ ഇക്കണോമിക്‌ കോർപ്പറേഷന്‍ (APEC), അസോസിയേഷന്‍ ഒഫ്‌ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യന്‍ നേഷന്‍സ്‌ (ASEAN), കൊളംബോ പ്ലാന്‍, ഇക്കണോമിക്‌ കോ-ഓപ്പറേഷന്‍ ഓർഗനൈസേഷന്‍ (ECO), പസിഫിക്‌ ഐലന്‍ഡ്‌ ഫോറം (PIF), സെക്രട്ടറിയേറ്റ്‌ ഒഫ്‌ പസിഫിക്‌ കമ്യൂണിറ്റി (SPC), സൗത്ത്‌ ഏഷ്യന്‍ അസോസിയേഷന്‍ ഫോർ റീജണൽ കോ-ഓപ്പറേഷന്‍ (SAARC), അറബ്‌ ഫണ്ട്‌ ഫോർ ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യൽ ഡെവലപ്‌മെന്റ്‌ (AFESD), അറബ്‌ മഗ്‌രിബ്‌ യൂണിയന്‍, അറബ്‌ മോണിറ്ററി ഫണ്ട്‌ (AMF) അറബ്‌ ഓർഗനൈസേഷന്‍ ഫോർ അഗ്രികള്‍ച്ചറൽ ഡെവലപ്‌മെന്റ്‌ (AOAD), ഗള്‍ഫ്‌ കോ-ഓപ്പറേഷന്‍ കൗണ്‍സിൽ (GCC), ലീഗ്‌ ഒഫ്‌ അറബ്‌ സ്റ്റേറ്റ്‌സ്‌, ഓർഗനൈസേഷന്‍ ഒഫ്‌ ദ പെട്രാളിയം എക്‌സ്‌പോർട്ടിങ്‌ കണ്‍ട്രീസ്‌ (OPEC) എന്നിവയാണ്‌ ഇവയിൽ പ്രധാനം.

ഗതാഗതവും വാർത്താവിനിമയവും

19-ാം ശതകംവരെയും കരമാർഗവും കടൽ മാർഗവുമുള്ള ഗതാഗതം വ്യാപകമായിരുന്നു. 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ കപ്പൽഗതാഗതത്തിൽ കൂടുതൽ പുരോഗതിയുണ്ടായി. വിദേശ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക്‌ എല്ലാ ഏഷ്യന്‍ തുറമുഖങ്ങളിൽ നിന്നും കപ്പൽ ഗതാഗതം നടക്കുന്നുണ്ട്‌. യാത്രാസൗകര്യത്തിനും ചരക്ക്‌ അയയ്‌ക്കുന്നതിനും തീവണ്ടിയും വ്യാപകമായ തോതിൽ ഉപയോഗിച്ചുതുടങ്ങി. ഇപ്പോള്‍ തുറമുഖങ്ങളും അവയുമായി ബന്ധിച്ചിട്ടുള്ള റെയിൽവേയും റോഡുസംവിധാനവും ഗണ്യമായ തോതിൽ വികസിച്ചിട്ടുണ്ട്‌. വ്യോമഗതാഗതത്തിന്റെ കാര്യത്തിലും ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ മുന്നേറിയിട്ടുണ്ട്‌. റോഡ്‌ ശൃംഖലയുടെയും സമാന്തരമായി മോട്ടോർവാഹന വ്യവസായത്തിന്റെയും വളർച്ചയ്‌ക്കനുസൃതമായി പ്രാകൃതഗതാഗതമാധ്യമങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്‌. എങ്കിലും ഗതാഗത സൗകര്യങ്ങളെ സംബന്ധിച്ച്‌ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും തമ്മിലുള്ള വിടവ്‌ ഇന്നും നിലനില്‌ക്കുന്നു. ചില ഏഷ്യന്‍ രാഷ്‌ട്രങ്ങളിൽ ഉള്‍നാടൽ ജലഗതാഗതം പ്രാധാന്യമർഹിക്കുന്നു. ചരക്കു ഗതാഗതത്തിനും യാത്രയ്‌ക്കും കനാൽ സംവിധാനം ഉപയോഗപ്പെടുന്നുണ്ട്‌. ബാംഗ്ലദേശ്‌, മ്യാന്മർ, തായ്‌ലന്‍ഡ്‌, കംബോഡിയ, ചൈന, ഇന്ത്യ ഇവയാണ്‌ ജലഗതാഗതം വികസിച്ചിട്ടുള്ള രാഷ്‌ട്രങ്ങള്‍.

ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ ഗതാഗതശൃംഖലയാണ്‌ റഷ്യയിലുള്ളത്‌. 2006-ലെ കണക്കനുസരിച്ച്‌ 9,33,000 കി.മീ. റോഡുണ്ട്‌. ഉള്‍നാടന്‍ ജലഗതാഗതം 1,01,000 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. 2,743 എയർപോർട്ടുകള്‍ (2002) ഇവിടെയുണ്ട്‌. ചൈനയിലെ മുഖ്യഗതാഗതമാർഗം റെയിൽവേയാണ്‌. 2010-ലെ കണക്കനുസരിച്ച്‌ 91,000 കി.മീ. റെയിൽപാതയാണുള്ളത്‌. മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയ്‌ക്കുതകുന്ന 7,000 കിലോമീറ്ററിലധികം റെയിൽപ്പാതയും ഇതിൽ ഉള്‍പ്പെടുന്നു. 40 ലക്ഷത്തോളം പബ്ലിക്‌ നിരത്തുകളുള്ള ചൈനയിൽ 74,000 കി.മീ. (2010) ഹൈവേകളുണ്ട്‌. ഇലക്‌ട്രിക്‌ സൈക്കിളുകളും ഇവിടെ വ്യാപകമാണ്‌. 2004-ൽ 75 ലക്ഷത്തിലധികം ഇലക്‌ട്രിക്‌ സൈക്കിളുകളുടെ നിർമാണം ഇവിടെ നടന്നു. വ്യോമഗതാഗതത്തിൽ അതിവേഗം മുന്നേറുന്ന ചൈനയിൽ 2007-ൽ 467 വന്‍കിട വിമാനത്താവളങ്ങള്‍ ഉള്ളതായി കാണപ്പെട്ടു. രണ്ടായിരത്തിലധികം തുറമുഖങ്ങളും ഇവിടെയുണ്ട്‌. 110,000 കി.മീ. ഉള്‍നാടന്‍ ഗതാഗതസൗകര്യമുള്ള ചൈന ജലഗതാഗതരംഗത്തും മുന്‍പന്തിയിലാണ്‌. ജപ്പാനിലെ റെയിൽ ഗതാഗതം (23,670 കി.മീ.) പൂർണമായും വൈദ്യുതീകരിച്ചതാണ.്‌ മുഖ്യനഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഗതാഗതം ജപ്പാന്റെ സവിശേഷതയാണ്‌. 12,03,600 (2011) കി.മീ. ദൈർഘ്യമുള്ള നിരത്തുകളും ജപ്പാനിലുണ്ട്‌. വലുതും ചെറുതുമായി 97 വിമാനത്താവളങ്ങളുമുണ്ട്‌. 22 വന്‍തുറമുഖങ്ങളുള്ള ജപ്പാനിൽ എഴുന്നൂറോളം കപ്പലുകളുമുണ്ട്‌. നവീകരിച്ച റോഡുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്ള അറേബ്യന്‍ രാജ്യങ്ങളും ഗതാഗതത്തിൽ മുന്‍പന്തിയിലാണ്‌. ഇന്ത്യന്‍ റെയിൽ ഗതാഗതത്തിന്‌ 1,14,500 കിലോമീറ്ററിലധികം ദൈർഘ്യമാണുള്ളത്‌. ദിനംപ്രതി 30 ലക്ഷം യാത്രക്കാരെയും 28 ലക്ഷം ടണ്‍ ചരക്കും വഹിക്കുന്നു. 44 ലക്ഷത്തിലേറെ കിലോമീറ്റർ നിരത്തുകളുള്ള ഇന്ത്യയ്‌ക്കാണ്‌ റോഡുഗതാഗതത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനം. നാഷണൽ ഹൈവേകളുടെ ദൈർഘ്യം 66,754 കിലോമീറ്ററും സ്റ്റേറ്റ്‌ ഹൈവേകളുടേത്‌ 1,28,000 കിലോമീറ്ററുമാണ്‌. 335 വിമാനത്താവളങ്ങ(2008)ളും 40 ഹെലികോപ്‌റ്റർ താവളങ്ങളും ഇവിടെയുണ്ട്‌. എയർ ഇന്ത്യ, കിങ്‌ഫിഷർ, ജറ്റ്‌ എയർവേയ്‌സ്‌, ഇന്‍ഡിഗോ എന്നിവയാണ്‌ പ്രധാന വിമാന സർവീസുകള്‍. തുറമുഖങ്ങളിലൂടെയാണ്‌ ഇന്ത്യയുടെ വ്യാപാരത്തിൽ 90 ശതമാനവും നടക്കുന്നത്‌. 12 വന്‍കിട തുറമുഖങ്ങളും 187 ചെറുകിട തുറമുഖങ്ങളുമാണ്‌ ഇവിടെയുള്ളത്‌.

ഏഷ്യന്‍ നഗരങ്ങളിലെ വാർത്താവിനിമയ മാധ്യമങ്ങള്‍ പാശ്ചാത്യ നഗരങ്ങളിലേതിനോട്‌ കിടപിടിക്കുന്നു. 1980-കള്‍ക്കുശേഷം റഷ്യന്‍ കമ്യൂണിക്കേഷന്‍ വ്യവസ്ഥയിൽ വന്‍കിട മാറ്റങ്ങളാണ്‌ വന്നുചേർന്നത്‌. ആയിരത്തിലേറെ കമ്യൂണിക്കേഷന്‍ കമ്പനികള്‍ ഇവിടെ പ്രവർത്തിക്കുന്നു. സമുദ്രാന്തർഭാഗത്തു വിന്യസിച്ചിട്ടുള്ള ഫൈബർ കേബിളുകള്‍ വഴി റഷ്യ മറ്റു ലോകരാഷ്‌ട്രങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്‌. ചൈനയിൽ വിദേശ സാങ്കേതിക വിദ്യയുടെ ആവിർഭാവത്തോടെ 1980-കളിലും 90-കളിലും വന്‍കിട മാറ്റങ്ങള്‍ വന്നുചേർന്നു. 2010-ൽ 42 കോടി ഇന്റർനെറ്റ്‌ ഉപഭോക്താക്കള്‍ ഇവിടെയുള്ളതായി കണക്കാക്കപ്പെട്ടു. ജപ്പാനിൽ 2007-ൽ അഞ്ചുകോടിയിലേറെ ടെലിഫോണ്‍ ഉപഭോക്താക്കളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഏഴായിരത്തിലേറെ ടെലിവിഷന്‍ സ്റ്റേഷനുകളാണ്‌ ഇവിടെയുള്ളത്‌.

ടെലികോം വിപണിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്‌ മുന്നേറിക്കൊണ്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. 2011-ലെ കണക്കനുസരിച്ച്‌ 88 കോടി മൊബൈൽ ഉപഭോക്താക്കളാണ്‌ ഇവിടെയുള്ളത്‌. ലോകത്തിൽ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ഇന്റർനെറ്റിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുനില്‌ക്കുന്ന ഇന്ത്യയിൽ 12 കോടി ഉപഭോക്താക്കളുണ്ട്‌. പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എൽ. ആണ്‌ ഏറ്റവുമധികം ലാന്റ്‌ഫോണ്‍ കണക്ഷനുകള്‍ നല്‌കിയിട്ടുള്ളത്‌. 1400-ലേറെ ടെലിവിഷന്‍ സംപ്രഷണകേന്ദ്രങ്ങളും 800-ലേറെ റേഡിയോ പ്രക്ഷേപണകേന്‌ദ്രങ്ങളും ഇന്ത്യയിലുണ്ട്‌.

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയിലാണ്‌ ജനസംഖ്യയിൽ മുന്നിലുള്ള രാജ്യങ്ങളുള്ളത്‌. ഉയരത്തിൽ പ്രഥമസ്ഥാനത്തുള്ള എവറസ്റ്റു കൊടുമുടിയും സമുദ്രനിരപ്പിന്‌ ഏറ്റവും താഴെയുള്ള ചാവുകടലും വലുപ്പമേറിയ തടാകമായ കാസ്‌പിയന്‍ കടലും ഇവിടെ സ്ഥിതിചെയ്യുന്നു. മെസൊപ്പെട്ടേമിയന്‍, ചൈനീസ്‌, സിന്ധുനദീതട സംസ്‌കാരങ്ങള്‍ ഏഷ്യയിലാണ്‌ രൂപംകൊണ്ടത്‌. മഹത്തായ മതങ്ങള്‍ (ക്രിസ്‌തുമതം, ഇസ്‌ലാം, ഹിന്ദു, ബുദ്ധമതം മുതലായവ) ജനിച്ചതും ഇവിടെയാണ്‌. ആറായിരത്തോളം ഭാഷകളുടെ ഉറവിടമാണ്‌ ഏഷ്യ. വിവിധ വിഷയങ്ങളിലായി നോബൽ സമ്മാനം നേടിയ നാല്‌പതിലധികം വ്യക്തികള്‍ ഏഷ്യന്‍വംശജരാണ്‌. രബീന്ദ്രനാഥടാഗൂർ, മദർതെരേസ, സി.വി. രാമന്‍, യസുനാറി കവാബത്ത, ഒർഹന്‍ പാമുഖ്‌, ഓങ്‌ സാന്‍സുകി, മുഹമ്മദ്‌ യൂനസ്‌, യാസർ അറാഫത്ത്‌, മുഹമ്മദ്‌ എള്‍ബരാദി മുതലായ പ്രഗല്‌ഭമതികള്‍ ഇവരിൽ ഉള്‍പ്പെടുന്നു. ലോകാദ്‌ഭുതങ്ങളായ താജ്‌മഹൽ, ചൈനാവന്‍മതിൽ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇപ്രകാരം ഭൂമിശാസ്‌ത്രം, ചരിത്രം, സാമ്പത്തികം, സാംസ്‌കാരികം, സാഹിത്യം, പാരമ്പര്യം തുടങ്ങിയ എല്ലാ മേഖലകളിലും മറ്റേതൊരു ഭൂഖണ്ഡത്തോടും കിടപിടിക്കുന്നതാണ്‌ ഏഷ്യ.

അതിവേഗത്തിൽ പുരോഗമിക്കുന്ന ചൈനയും, ജപ്പാനും ഇന്ത്യയും ഉള്‍ക്കൊള്ളുന്ന ഏഷ്യാ ഭൂഖണ്ഡം മറ്റു ഭൂഖണ്ഡങ്ങളുടെ ഒരു ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍