This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിഗ്രാഫ് സര്‍വീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:57, 10 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെലിഗ്രാഫ് സര്‍വീസ്

Telegraph Service

വൈദ്യുതകാന്ത തരംഗങ്ങള്‍ ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലുള്ളവര്‍ അന്യോന്യം നടത്തുന്ന ഒരു ആശയ വിനിമയ സംവിധാനം.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടായ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുടെ ഫലമായി വൈദ്യുതിയും കാന്തികതയും കണ്ടുപിടിച്ചതോടെയാണ്, ആധുനിക ടെലിഗ്രാഫ് സംവിധാനം ആവിര്‍ഭവിച്ചത്. ടെലിഗ്രാഫിന്റെ കണ്ടുപിടത്തത്തെത്തുടര്‍ന്ന് വാര്‍ത്താവിനിമയരംഗങ്ങളില്‍ വമ്പിച്ച പുരോഗതിയുണ്ടായി. വിദൂരദേശങ്ങളിലുള്ളവര്‍ക്ക് അതിവേഗം ആശയവിനിമയത്തിലേര്‍പ്പെടാന്‍ ഇതുമൂലം കഴിയുന്നു. വനമ്പ്രദേശങ്ങളിലൂടെയും സമുദ്രാന്തര്‍ഭാഗത്തുകൂടിയും ടെലിഗ്രാഫ് സന്ദേശങ്ങള്‍ സഞ്ചരിക്കുന്നു. ഇവയ്ക്കു പുറമേ, പണം, ചിത്രങ്ങള്‍ എന്നിവയും ദൂരസ്ഥലങ്ങളിലേക്കു ടെലിഗ്രാഫ് വഴി അയക്കുവാന്‍ കഴിയും. ടെലിഫോണിന്റെയും അത്യാധുനിക ഇലക്ട്രോണിക വാര്‍ത്താവിനിമയ സങ്കേതങ്ങളുടെയും വരവോടെ, ടെലിഗ്രാഫിന്റെ പ്രാധാന്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും, വിദൂര ദേശങ്ങളിലുള്ളവര്‍ സന്ദേശങ്ങള്‍ രേഖാമൂലം കൈമാറുന്നതിന് ഇന്നും ടെലിഗ്രാഫ് ഉപയോഗിച്ചുവരുന്നു.

ചരിത്രം. പ്രാചീന ജനസമുദായങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ചിഹ്നസമ്പ്രദായവും കോഡുകളുമാണ്, ആധുനിക ടെലിഗ്രാഫ് സമ്പ്രദായത്തിന്റെ പ്രാഗ്രൂപം. 1747-ല്‍ സര്‍ വില്യം വാട്സണ്‍ ഒരു കമ്പിയിലൂടെ വൈദ്യുത ധാര കടത്തിവിടാമെന്നും, അതിന്റെ പ്രതിലോമ പ്രവാഹത്തിനുള്ള ചാലകമായി ഭൂമിയെ ഉപയോഗിക്കാമെന്നും തെളിയിച്ചു. 1753-ല്‍ സ്കോട്ട്ലന്റിലെ സ്കോട്ട് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഒരുതരം വൈദ്യുത ടെലിഗ്രാഫിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ലേഖനത്തില്‍ പരാമര്‍ശിച്ച രീതിയിലുള്ള ടെലിഗ്രാഫ് നിര്‍മിക്കാമെന്ന് ലോമോണ്ട് ബെറ്റന്‍കോര്‍ട്ട് 1787-ല്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും സൂചകമായി ഓരോ വയര്‍ ഉപയോഗിച്ചുകൊണ്ട് ടെലിഗ്രാഫ് രൂപകല്പന ചെയ്യാമെന്ന് 1794-ല്‍ റിസ്സെറും 1798-ല്‍ ഫ്രാന്‍സിസ് കൊസാല്‍വയും സിദ്ധാന്തിക്കുകയുണ്ടായി. 18-ാം ശ.-ത്തിന്റെ അവസാനവര്‍ഷങ്ങളില്‍, ലൂയ്ജി ഗല്‍വനിയും അലസാന്‍ഡ്രോ വോര്‍ട്ടായും നടത്തിയ പരീക്ഷണങ്ങള്‍ വൈദ്യുതിയെ സംബന്ധിച്ച ആശയങ്ങളില്‍ ഗണ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തി.

1825-ല്‍ ഇംഗ്ലണ്ടിലെ വില്യം സ്റ്റര്‍ജന്‍ വിദ്യുത്കാന്തം (ഇലക്ട്രോമാഗ്നറ്റ്) വികസിപ്പിച്ചെടുത്തതോടെയാണ്, ടെലിഗ്രാഫ് ഒരു യാഥാര്‍ഥ്യമാവാന്‍ തുടങ്ങുന്നത്. 1831-ല്‍ ജോസഫ് ഹെന്്റി ഇലക്ട്രോമാഗ്നറ്റിക് തത്ത്വമനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ചിഹ്നങ്ങളുപയോഗിച്ച് സന്ദേശങ്ങള്‍ പ്രേഷണം ചെയ്യാവുന്നതുമായ ഒരു ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തു. 1838-ല്‍ ലണ്ടനിലെ ഇരുപത്തൊന്നു ച.കി.മീ. അകലത്തില്‍ സ്ഥിതിചെയ്യുന്ന പാഡിങ്ടണ്‍, ഡ്രെയ്ടണ്‍ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യത്തെ ഇലക്ട്രിക് ടെലിഗ്രാഫ് സംവിധാനം നിലവില്‍വന്നു. 1850-ല്‍ അമേരിക്കക്കാരനായ സാമുവല്‍ എഫ്.ബി.മോഴ്സ്, സന്ദേശ വിനിമയത്തിനാവശ്യമായ കോഡ് ആവിഷ്കരിച്ചു. മോഴ്സ് കോഡ് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യുത്കാന്തത്തിലൂടെ കടത്തിവിടുന്ന വൈദ്യുതസ്പന്ദനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കോഡുമായി ബന്ധിപ്പിച്ചിട്ടുള്ള സൂചികളില്‍ ചലനമുണ്ടാക്കുകയും അയക്കുന്ന സന്ദേശം അക്ഷരമാലയില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയിലെ എല്ലാ അക്ഷരങ്ങള്‍ക്കും വിരാമ ചിഹ്നങ്ങള്‍ക്കും 0 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ക്കും സൂചകമായി കുത്തുകളും (dots) വരകളും (dashes) ഉപയോഗിക്കുന്ന ടെലിഗ്രാഫ് ചിഹ്നങ്ങളാണ് മോഴ്സ് ആവിഷ്ക്കരിച്ചത്. ഈ ചിഹ്ന സമ്പ്രദായം അന്തര്‍ദേശീയ മോഴ്സ് കോഡ് എന്നപേരിലറിയപ്പെടുന്നു.

പരിഷ്ക്കരിച്ച മോഴ്സ് കോഡില്‍, പോസിറ്റീവ് വിദ്യുത് സ്പന്ദനത്തെ കുത്തും, നെഗറ്റീവ് സ്പന്ദനത്തെ വരയും പ്രതിനിധീകരിക്കുന്നു. രണ്ടു സ്പന്ദനങ്ങള്‍ക്കും ഒരേ ദൈര്‍ഘ്യമാണുള്ളത്. മോഴ്സ് കോഡില്‍ വിവിധ അക്ഷരങ്ങള്‍ക്ക് വ്യത്യസ്ത ദൈര്‍ഘ്യമാണുളളത്. അതുകൊണ്ടുതന്നെ, ടെലിഗ്രാഫ് യന്ത്രത്തിന് അക്ഷരങ്ങള്‍ വ്യവച്ഛേദിച്ചറിയുക എന്നത് വളരെ ദുഷ്ക്കരമായിത്തീരുന്നു. ഈ വൈഷമ്യം പരിഹരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാരനായ ഡൊണാര്‍ഡ് മുറേ 1901-ല്‍ പുതിയൊരു ടെലിഗ്രാഫ് കോഡ് വികസിപ്പിക്കുകയുണ്ടായി. അഞ്ച് ഘടകങ്ങളുള്ള കോഡ് (5-unit codes) എന്നാണിത് അറിയപ്പെടുന്നത്.

ടെലിഗ്രാഫ് യന്ത്രവും പ്രവര്‍ത്തനവും. പ്രേഷണോപകരണം, ലൈന്‍ വയറ് (കമ്പി), സ്വീകരണോപകരണം (സൗണ്ടര്‍), ബാറ്ററി എന്നിവയാണ് ഒരു ടെലിഗ്രാഫ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍.

ലിവറും ആധാരവും ചേര്‍ന്നതാണ് പ്രേഷണോപകരണം. ഒരു സ്പര്‍ശകാഗ്രം, സ്പ്രിങ്, സ്പര്‍ശകാഗ്രങ്ങളുടെ അകലം ക്രമീകരിക്കുന്നതിനുള്ള സ്ക്രൂ എന്നിവ ലിവറില്‍ ഘടിപ്പിച്ചിരിക്കുന്നു. മറ്റൊരു കവചിത (ഇന്‍സുലേറ്റഡ്) സ്പര്‍ശാഗ്രം ആധാരത്തില്‍ ഉറപ്പിച്ചിരിക്കുന്നു. ലിവറിന്റെ ഒരറ്റത്ത് ഒരു പിടി ഉറപ്പിച്ചിട്ടുണ്ട്. പ്രേഷണോപകരണം കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയാണിത്. ലിവര്‍ താഴ്ത്തുമ്പോള്‍ അതിലുള്ള സ്പര്‍ശാഗ്രം ആധാരത്തിലുള്ള സ്പര്‍ശാഗ്രത്തില്‍ വന്നു മുട്ടുന്നു. പ്രേഷണോപകരണം നിശ്ചലമായിരിക്കുമ്പോള്‍ വൈദ്യുത പരിപഥം (electric circuit)
ടെലിഗ്രാഫ് യന്ത്രം
പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ഏക ധ്രുവ സ്വിച്ച് ക്രമീകരിച്ചിട്ടുണ്ട്. പ്രേഷണകേന്ദ്രത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ വഹിക്കുന്ന വിദ്യുത്സ്പന്ദനങ്ങള്‍ സ്വീകരണകേന്ദ്രത്തിലെ സൌണ്ടറിലേക്കെത്തിക്കുന്നത് കമ്പി വഴിയാണ്. വൈദ്യുതകാന്തവും ലിവറും സ്റ്റോപ്പുകളുമടങ്ങുന്നതാണ് സ്വീകരണോപകരണം. ലിവറിന്മേല്‍ ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് ആര്‍മച്ചറിനെ വൈദ്യുതകാന്തം ആകര്‍ഷിക്കുമ്പോള്‍, താഴെ ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പില്‍, സ്പഷ്ടമായ ശബ്ദം കേള്‍ക്കത്തക്ക വണ്ണം ലിവര്‍ വന്നു മുട്ടുന്നു. ടെലിഗ്രാഫ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതോര്‍ജം നല്‍കുന്നത് ബാറ്ററിയാണ്. ഇതിന്റെ പോസിറ്റീവ് അഗ്രം പ്രേഷണോപകരണത്തിലെ ആധാരത്തിലുള്ള സ്പര്‍ശകത്തോടും നെഗറ്റീവ് അഗ്രം ഭൂമിയോടും ബന്ധിപ്പിച്ചിരിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍