This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔഷധി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഔഷധി == ആയുർവേദ ഔഷധനിർമാണ-വിപണന സംരംഭം. കേരള സർക്കാരിന്റെ മേ...)
അടുത്ത വ്യത്യാസം →
05:51, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഔഷധി
ആയുർവേദ ഔഷധനിർമാണ-വിപണന സംരംഭം. കേരള സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണിത്. ആയുർവേദ ഔഷധനിർമാണരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമാണ്. തുടർച്ചയായി ലാഭനേട്ടം കൈവരിക്കുകയും 1999 മുതൽ സർക്കാർ വിഹിതം കൃത്യമായി ഒടുക്കുകയും ചെയ്യുന്ന ചുരുക്കം ചില പൊതുമേഖലാസ്ഥാപനങ്ങളിൽ ഒന്നുകൂടിയാണിത്. സാധാരണ ജനങ്ങള്‍ക്ക് ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കേരള സർക്കാരിന് സൗകര്യമൊരുക്കുന്നതിൽ "ഔഷധി' അതീവശ്രദ്ധ പുലർത്തുന്നു. ഇതൊരു ജി.എം.പി., ഐ.എസ്.ഒ. 9001-2008 സർട്ടിഫൈഡ് കമ്പനികൂടിയാണ്. പ്രാമാണികതലത്തിലുള്ളതും ഉടമസ്ഥാവകാശമുള്ളതുമായ 450-ലേറെ ആയുർവേദ ഔഷധവിധികള്‍ ഈ സ്ഥാപനം സജ്ജമാക്കിയിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ചത്തീസ്‌ഗഢ്, പോണ്ടിച്ചേരി, രാജസ്ഥാന്‍, ഒഡിഷ, ന്യൂഡൽഹി, എന്നിവിടങ്ങളിലെ ആയുർവേദ സർക്കാർ ആശുപത്രികള്‍ക്കും, ഡിസ്‌പെന്‍സറികള്‍ക്കും ആവശ്യമായിവരുന്ന തോതിലുള്ള ഔഷധങ്ങളുടെ മൊത്തവിതരണക്കാർ കൂടിയാണ് "ഔഷധി'.
1941-ൽ, ശ്രീ കേരളവർമ ആയുർവേദ ഫാർമസി' എന്ന പേരിൽ കൊച്ചി മഹാരാജാവ് ഈ സംരംഭത്തിന് തുടക്കം കുറിച്ചു. 1959-ൽ ഇത് ഒരു സഹകരണസംഘമായി. 1975-ൽ "ശ്രീ കേരളവർമ ആയുർവേദ ഫാർമസി ആന്‍ഡ് സ്റ്റോഴ്‌സ് ലിമിറ്റഡ്' എന്ന പേരിൽ, 1956-ലെ കമ്പനിനിയമപ്രകാരം ഈ സ്ഥാപനം, ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. പിന്നീട് സ്ഥാപനം, "ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്) കേരള ലിമിറ്റഡ് തൃശൂർ എന്നറിയപ്പെട്ടു. 1991-ലെ കുട്ടനെല്ലൂരിൽ പ്രഥമ ആധുനിക ഔഷധനിർമാണ യൂണിറ്റിനു തുടക്കമായി. 2007-ഓടെ ഓഫീസ് പ്രവർത്തനങ്ങള്‍ പൂർണമായും കുട്ടനെല്ലൂരിലെ ഫാക്‌ടറിപരിസരത്തേക്കുമാറ്റി സ്ഥാപിക്കപ്പെട്ടു. 2008-ൽ കുട്ടനെല്ലൂരിൽത്തന്നെ ഗവേഷണ വികസനകേന്ദ്രവും കണ്ണൂരിൽ പ്രാദേശിക വിതരണകേന്ദ്രവും തുടങ്ങി.
രാജ്യത്തെമ്പാടുമായി പ്രവർത്തിച്ചുവരുന്ന അറുന്നൂറിലേറെ ഏജന്‍സികളിലൂടെ പൊതുജനങ്ങള്‍ക്കാവശ്യമായ ആയുർവേദ ഔഷധങ്ങളുടെ ലഭ്യത "ഔഷധി' ഉറപ്പുവരുത്തുന്നു. ഒരു ഡയക്‌ടർ ബോർഡിന്റെ നിയന്ത്രണത്തിലാണ് "ഔഷധി'യുടെ പ്രവർത്തനസംവിധാനം ക്രമീകരിച്ചിട്ടുള്ളത്. "ഔഷധി പഞ്ചകർമ ചികിത്സ ആശുപത്രി'യും ഗവേഷണ കേന്ദ്രവും തൃശൂരിലെ ഷൊർണൂർ റോഡിൽ സ്ഥിതിചെയ്യുന്നു. ഔട്ട്‌പേഷ്യന്റ് വിഭാഗവും 30 കിടക്കകളുള്ള ഇന്‍പേഷ്യന്റ് വിഭാഗവും ചേർന്ന അത്യാധുനിക പദവിയുള്ള ആശുപത്രി 2004 ഒക്‌ടോബറിൽ പ്രവർത്തനമാരംഭിക്കുകയുണ്ടായി. ആയുർവേദ ഡോക്‌ടർമാരുടെ 24 മണിക്കൂർ ലഭ്യമായ സേവനം ഇവിടെ തരപ്പെടുത്തിയിട്ടുണ്ട്. ഓരോവർഷവും ശരാശരി 2000 പേർ ഇവിടെ രോഗചികിത്സാർഥം എത്തുന്നുവെന്നു കണക്കാക്കപ്പെടുന്നു.
ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നതിനായി കുട്ടനെല്ലൂരിൽ 15 ഏക്കറും പരിയാരം പ്രദേശത്ത് 50 ഏക്കറും ഒരുക്കിയിട്ടുണ്ട്. 30-ലേറെ ഇനത്തിൽപ്പെടുന്ന ഔഷധ സസ്യങ്ങള്‍ ഇവിടെ നട്ടുവളർത്തുന്നു. ഇരുപതിലേറെ ഇനങ്ങളിൽപ്പെട്ട മൂന്നുലക്ഷം ഔഷധസസ്യത്തൈകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ തൃശൂർ-കണ്ണൂർ ജില്ലകളിൽപ്പെട്ട തെരഞ്ഞെടുത്ത 150 വിദ്യാലയവളപ്പുകളിൽ ഔഷധസസ്യത്തോട്ടങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. കേരളസർക്കാർ, ഭാരതസർക്കാരിന്റെ ആയുഷ്‌വകുപ്പ്, ദേശീയ ഔഷധ സസ്യബോർഡ്, സംസ്ഥാനവനം വകുപ്പ്, കെ.എഫ്.ആർ.ഐ., ടി.ബി.ജി.ആർ.ഐ. തുടങ്ങിയ പ്രശസ്‌തമായ സംഘടനകള്‍, കാർഷിക സർവകലാശാലകള്‍, ആയുർവേദ ഗവേഷണകേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണാത്മക പിന്തുണ "ഔഷധി'യ്‌ക്കു മുതൽക്കൂട്ടായി നിലനില്‌ക്കുന്നു. തിരുവനന്തപുരത്ത് ആരോഗ്യഭവനിലും, പൂജപ്പുരയിലും, കണ്ണൂരിലെ പരിയാരത്തും "ഔഷധി' ശാഖകള്‍ തുറന്നുപ്രവർത്തിക്കുന്നുണ്ട്.
രോഗശമനത്തിനായുള്ള ആസവങ്ങള്‍, അരിഷ്‌ടങ്ങള്‍, ഭസ്‌മസിന്ദൂരം, ഗുളികകള്‍, കഷായങ്ങള്‍, സൂക്ഷ്‌മചൂർണം, ലേഹ്യങ്ങളും ഘൃതങ്ങളും, തൈലങ്ങള്‍ തുടങ്ങിയവ "ഔഷധി' നിർമിച്ചുവരുന്നു. സർക്കാരിൽനിന്നുള്ള തുടർച്ചയായ പ്രാത്സാഹനവും സഹായവും, വിപണിയുടെ ശക്തമായ പിന്തുണ, അർപ്പണബോധമുള്ള ജീവനക്കാരുടെ സേവനസന്നദ്ധത എന്നിവ "ഔഷധി'യ്‌ക്കു മെച്ചപ്പെട്ട അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ സംതൃപ്‌തിയും കർക്കശമായ ഗുണനിലവാരനിയന്ത്രണവും "ഔഷധി'യെ ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനമാക്കിക്കഴിഞ്ഞു. 2020-ഓടെ ലോകോത്തര നിലവാരം പുലർത്തുന്ന ഒരു ആയുർവേദ ഔഷധനിർമാണ-വിപണനശൃംഖല, രാജ്യത്ത് സ്ഥാപിക്കപ്പെടണമെന്നതാണ് "ഔഷധി'യുടെ പ്രഖ്യാപിതലക്ഷ്യം.