This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓറഞ്ച് നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഓറഞ്ച് നദി == == Orange River == ആഫ്രിക്കാവന്‍കരയിൽ ദക്ഷിണായന രേഖയ്ക...)
അടുത്ത വ്യത്യാസം →
10:01, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓറഞ്ച് നദി
Orange River
ആഫ്രിക്കാവന്‍കരയിൽ ദക്ഷിണായന രേഖയ്ക്കു തെക്കുള്ള മേഖലയിലെ ഏറ്റവും നീളംകൂടിയ നദി. ഡ്രാക്കന്സ് ബർഗ് നിരകളിൽ ഉദ്ഭവിച്ച് സൗത്ത് ആഫ്രിക്കയിലൂടെ പടിഞ്ഞാറേക്കൊഴുകി അത്ലാന്തിക് സമുദ്രത്തിന്റെ ഭാഗമായ അലക്സാണ്ടർ ഉള്‍ക്കടലിൽ പതിക്കുന്ന ഓറഞ്ചിന്റെ നീളം 2,175 കി.മീ. ആണ്. തദ്ദേശീയർ ഗരീപ്പ് എന്നു വിളിക്കുന്ന ഈ നദി 1777 വരെ ഗ്രൗട്ട് എന്ന് അറിയപ്പെട്ടിരുന്നു; തുടർന്ന് ഡച്ചുകാരാണ് ഇതിന് ഓറഞ്ച് എന്ന പേരു നൽകിയത്.
സമുദ്രനിരപ്പിൽനിന്ന് 3,300 മീ. ഉയരത്തിൽ ലിസോതോ ഉന്നതമേഖലയിലാണ് ഓറഞ്ചിന്റെ പ്രഭവസ്ഥാനം. ആദ്യപാദത്തിൽ ഈ നദി സിങ്ഗു എന്നാണ് അറിയപ്പെടുന്നത്. വലതുപാർശ്വത്തിൽ നിന്ന് ഒഴുകിച്ചേരുന്ന കാലിഡോണ്‍, വാൽ എന്നിവയാണ് മുഖ്യപോഷകനദികള്‍. നദീമാർഗം ആദ്യപാദത്തിലെന്നപോലെ അന്ത്യപാദത്തിലും വെള്ളച്ചാട്ടങ്ങളും ചുരങ്ങളുംമൂലം സങ്കീർണമാണ്. മധ്യഭാഗത്ത് ഇരുപാർശ്വങ്ങളിലും വിസ്തൃതമായ പുൽമേടുകള്‍ കാണപ്പെടുന്നു. ഓറഞ്ച് നദിയുടെ ആവാഹക്ഷേത്രത്തിന്റെ വിസ്തീർണം 8,52,000 ച.കി.മീ. ആണ്. ഈ പ്രദേശം പൊതുവേ മഴക്കുറവുള്ളതാണ്. ഇക്കാരണത്താൽ നദിയിലെ ജലൗഘം ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും. നദീമാർഗത്തിന്റെ സങ്കീർണസ്വഭാവവും ജലൗഘത്തിലെ ഏറ്റക്കുറച്ചിലും മൂലം ഓറഞ്ച് പ്രായേണ ഗതാഗതക്ഷമമല്ല. ശീഘ്രഗതിയിൽ ഉന്നതതടങ്ങളിൽനിന്ന് ഒഴുകിയിറങ്ങുന്നതുമൂലം ഈ നദി വന്‍തോതിൽ എക്കലും മണ്ണും വഹിച്ചുനീക്കുന്നു. ഇവ നദീമാർഗത്തിലെ അണക്കെട്ടുകളെ വലുതായി ബാധിക്കുന്നു. എന്നിരിക്കിലും ജലസേചനവൈദ്യുതോത്പാദന ലക്ഷ്യങ്ങള്‍ക്കായി നിർമിക്കപ്പെട്ടിട്ടുള്ള നിരവധി അണക്കെട്ടുകള്‍ കാണാം. പദ്ധതി പ്രവർത്തനങ്ങള്‍ക്കായി അണക്കെട്ടുകള്‍ നിർമിച്ചിട്ടുള്ളതിനു പുറമേ ഉഷ്ണാധിക്യംമൂലമുള്ള തീവ്രമായ ബാഷ്പീകരണവും കൂടിയാകുമ്പോള്‍ ഓറഞ്ച് നദിയിലെ ജലൗഘത്തിനു വലുതായ ചോർച്ചനേരിടുന്നു; വർഷകാലത്തൊഴിച്ച് ഈ നദിയിലെ ജലധാര ശരിയായ തോതിൽ സമുദ്രത്തിലേക്കൊഴുകാറില്ല. നദീമുഖം വിസ്തൃതമായ ഒരു മണൽപ്പരപ്പാണ്. ഇതിനെ കുറുകേ താണ്ടുന്ന ഓപ്പണ്‍ ഹൈമർ പാലത്തിന്റെ നീളം 915 മീ. ആണ്. ഓറഞ്ച് നദീമുഖത്ത് നിന്ന് 400 കി.മീ. വരെയുള്ള ദുരം സൗത്ത് ആഫ്രിക്ക, സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്നീ രാജ്യങ്ങള്ക്കിടയ്ക്കുള്ള അന്താരാഷ്ട്ര-അതിർത്തിയായി വർത്തിക്കുന്നു. സൗത്ത് ആഫ്രിക്കയ്ക്കുള്ളിൽത്തന്നെ ഓറഞ്ച് ഫ്രീസ്റ്റേറ്റ്, കേപ് പ്രാവിന്‍സ് എന്ന പ്രവിശ്യകളെ വേർതിരിക്കുന്നത് ഈ നദിയാണ്. ഓറഞ്ചുനദിയുടെ ഇരു പാർശ്വങ്ങളിലും വജ്രത്തിന്റെ പ്ലേസ നിക്ഷേപങ്ങള്‍ ധാരാളമായി അവസ്ഥിതമാണ്. 1867-ൽ ഓറഞ്ച് നദീതീരത്തെ ഹോപ്ടൗണിനു സമീപം ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഡയമണ്ട് കണ്ടെടുക്കുകയുണ്ടായി. രണ്ടുവർഷങ്ങള്‍ക്കുശേഷം സ്റ്റാർ ഒഫ് സൗത്ത് ആഫ്രിക്ക എന്നപേരിൽ വിലയേറിയ ഡയമണ്ട് ലഭിച്ചതോടെ ഇതൊരു ഡയമണ്ട് ഖനനകേന്ദ്രമായി മാറി. ഇന്ന് നിരവധി ഡയമണ്ട് ഖനികള്‍ ഇവിടെയുണ്ട്.