This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓക്സ്ഫർഡ് സർവകലാശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഓക്സ്ഫർഡ് സർവകലാശാല == == University of Oxford == ബ്രിട്ടനിലെ പുരാതനവും ...)
അടുത്ത വ്യത്യാസം →
07:41, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓക്സ്ഫർഡ് സർവകലാശാല
University of Oxford
ബ്രിട്ടനിലെ പുരാതനവും പ്രശസ്തവുമായ ഒരു സർവകലാശാല. ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ സർവകലാശാലയാണിത്. ഈജിപ്തിലെ കെയ്റോയിലുള്ള അൽ- അസ്ഹർ യൂണിവേഴ്സിറ്റിയാണ് ഏറ്റവും പഴയ സർവകലാശാല. സർവകലാശാല സ്ഥാപിതമാകുന്നതിനുമുമ്പുതന്നെ ഒരു മികച്ച വിദ്യാഭ്യാസ സങ്കേതമെന്ന നിലയിൽ ഓക്സ്ഫഡ് വളരെ പണ്ടേതന്നെ പ്രസിദ്ധമായിരുന്നു. ബി.സി. 1133-ൽ പാരിസിൽ നിന്നു ദൈവശാസ്ത്രജ്ഞനായ റോബർട്ട് പുള്ളന്റെ വരവോടുകൂടിയാണ് സർവകലാശാലയെ സംബന്ധിക്കുന്ന വിശ്വാസയോഗ്യമായ ചരിത്രം ആരംഭിക്കുന്നത്. ഒരു സർവകലാശാല എന്ന നിലയിൽ ഇതു രൂപംപ്രാപിച്ചു തുടങ്ങിയത് 1163 ഓടുകൂടിയായിരുന്നു. 1221-ൽ ചാന്‍സലറും 1248-ൽ പ്രാക്ടർമാരും (proctors) നിയമിതരായതോടുകൂടി ഇതിന്റെ ഘടനയ്ക്കു കൂടുതൽ ആധുനികത്വം കൈവന്നു. എ.ഡി. 1275-ൽ സർവകലാശാലയുടെ ഭരണസംബന്ധമായ നിയമനിർമാണനടപടികള്‍ ആരംഭിച്ചു. 13-ാം ശതകത്തിൽ പുറപ്പെടുവിക്കപ്പെട്ട രാജകീയ കല്പനകള് സർവകലാശാലയുടെ പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്താന്‍ ഉപകരിച്ചു. 1535-ൽ ഉണ്ടായ രാജകീയനിരോധന-ഉത്തരവ് സർവകലാശാലയുടെ പ്രവർത്തനത്തെ വളരെ പ്രതികൂലമായി ബാധിച്ചു. ഈ കാലഘട്ടത്തിൽ നിരവധി പ്രാവശ്യം സർവകലാശാലയുടെ ഭൂസ്വത്തുക്കള്‍ ഗവണ്മെന്റ് കണ്ടുകെട്ടുകയും മറ്റു വരുമാനമാർഗങ്ങള്‍ക്കു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.
1636-ൽ ചാന്‍സലർ ആർച്ച് ബിഷപ്പ് വില്യംലാഡ് സർവകലാശാലയുടെ ഭരണവ്യവസ്ഥകള്‍ ക്രമീകരിച്ചു. ഈ ഭരണവ്യവസ്ഥ ചില മാറ്റങ്ങളോടുകൂടി 1858 വരെ നിലനിന്നിരുന്നു. 1923-ൽ നിയമിതമായ ഒരു രാജകീയ കമ്മിഷന് വ്യവസ്ഥാപനം ചെയ്തതും പല തവണ ഭേദഗതികള്‍ക്കു വിധേയമായിട്ടുള്ളതുമായ നിയമവ്യവസ്ഥകള്‍ അനുസരിച്ചാണ് ഇപ്പോള്‍ സർവകലാശാലയുടെ ഭരണം നടന്നുപോരുന്നത്. ആദ്യകാലത്ത് ദൈവശാസ്ത്രമായിരുന്നു ഇവിടത്തെ പ്രധാന പഠനവിഷയം. പിന്നീട് തത്ത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സംഗീതം എന്നീ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചു. 19-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി മാനവികവിഷയങ്ങളോടൊപ്പം ശാസ്ത്രവിഷയങ്ങള്‍ക്കും പ്രാധാന്യം നല്കുകയുണ്ടായി. 1895-ൽ ബി.എസ്സി., ബി. ലിറ്റ് ബിരുദങ്ങളും 1917-ൽ ഗവേഷണബിരുദമായ ഡോക്ടർ ഒഫ് ഫിലോസഫിയും ഇവിടെനിന്നു നല്‍കിത്തുടങ്ങി. ഓക്സ്ഫഡ് സർവകലാശാലയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആദ്യകാലപണ്ഡിതന്മാരിൽ പ്രമുഖരാണ് റോജർ ബേക്കണ്‍ (1220-93), ജോണ്‍ വൈക്ലിഫ് (1330-84), ഇറാസ്മസ് (1466-1536) എന്നിവർ.
സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ കോളജാണ്, 1525-ൽ ഹെന്റി VII സ്ഥാപിച്ച ക്രസ്റ്റ് ചർച്ച്. 1937-ൽ സ്ഥാപിതമായ നഫീൽഡ് കോളജ് പ്രധാനമായും മാനവികവിഷയങ്ങളെ സംബന്ധിച്ച ഗവേഷണപ്രവർത്തനങ്ങള്‍ക്കായി നിലകൊള്ളുന്നു. സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു പ്രധാന കോളജുകള്‍ ഇവയാണ്: എക്സറ്റർ (1314), ഓറിയൽ (1326), ക്വീന്‍സ് (1340), ന്യൂ (1379), ലിങ്കണ് (1427), ഓള്സോള്സ് (1438), മഗ്ദലന്‍ (1458), ബ്രസ്നോസ് (1509), കോർപസ് ക്രിസ്റ്റി (1517), സെന്റ് ജോണ്‍സ് (1555), ജീസസ് (1571), വാധാം (1612), പെം ബ്രാക് (1624), വോർസ്റ്റർ (1714), ഹാഫോർഡ് (1874), ലേഡി മാർഗരറ്റ് ഹാള്‍ (1878), സോമർവിൽ (1879), സെന്റ് ഹ്യൂസ് (1886), സെന്റ് ഹിൽഡാസ് (1893), സെന്റ് ആന്റണീസ് (1950), സെന്റ് ആന്‍സ് (1952), കെബിള്‍ (1952), എഡ്മണ്ഡ് ഹാള്‍ (1957), സെന്റ് കാതറിന് (1962), ലിനാക്കർ ഹൗസ് (1962). ഇവയ്ക്കു പുറമേ ചില സ്വകാര്യ കോളജുകളും മറ്റു പഠനകേന്ദ്രങ്ങളും സർവകലാശാലയോടു ചേർന്നു പ്രവർത്തിച്ചുവരുന്നുണ്ട്.
ബിരുദമെടുക്കുന്നതുവരെയുള്ള കാലയളവിൽ അധ്യേതാക്കള്‍ ഒരു വർഷമെങ്കിലും കോളജുകളിൽ താമസിച്ചു പഠിക്കുകയാണ് പതിവ്. ബിരുദാനന്തര വിദ്യാർഥികള്‍ സാധാരണയായി കോളജുകളിൽ താമസിക്കാറില്ല. ഓക്സ്ഫഡ് സർവകലാശാലയുടെ കീഴിൽ നിരവധി ലൈബ്രറികളുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ബോഡ്ലിയന് (Bodleian) ലൈബ്രറിയാണ്. വലുപ്പത്തിൽ ഇതിനു ബ്രിട്ടനിൽ രണ്ടാംസ്ഥാനമാണുള്ളത്. 1602-ൽ സ്ഥാപിതമായ ഈ ലൈബ്രറിയുടെ പുസ്തകശേഖരത്തിൽ 90 ലക്ഷം പുസ്തകങ്ങളും മുപ്പതിനായിരത്തിലേറെ ഇ-ജേണലുകളും ഒട്ടേറെ കൈയെഴുത്തുരേഖകളും ഭൂപടങ്ങളുമുണ്ട്. കല, പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, സാങ്കേതികശാസ്ത്രങ്ങള് തുടങ്ങിയവയുടെ പഠനങ്ങള്‍ക്കുവേണ്ടി സുസജ്ജമായ കാഴ്ചബംഗ്ലാവുകള്‍ ഇവിടെയുണ്ട്. സർവകലാശാലയുടെ പ്രസിദ്ധീകരണവിഭാഗമായ ഓക്സ്ഫർഡ് സർവകലാശാലപ്രസ് 1478-ൽ സ്ഥാപിതമായി. പല പ്രധാനനഗരങ്ങളിലും ശാഖകളുള്ള ഈ സ്ഥാപനം ലോകത്തിലെ ഏറ്റവുംവലിയ പ്രസിദ്ധീകരണശാലകളിലൊന്നാണ്. 1920 വരെ സർവകലാശാലാ നടത്തിപ്പിനാവശ്യമായ ധനം സംഭാവനകള്‍ മുഖേനയാണ് ലഭിച്ചിരുന്നത്. ഒന്നാം ലോകയുദ്ധത്തിനുശേഷം സംഭാവനകള്‍ കുറയുകയും സർവകലാശാലയ്ക്ക് സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരികയും ചെയ്തു. ഒരു രാജകീയ കമ്മിഷന്റെ ശിപാർശയനുസരിച്ച് 1927 മുതൽ സർവകലാശാലയ്ക്ക് ഗവണ്മെന്റിൽ നിന്നു ധനസഹായം ലഭിച്ചുതുടങ്ങി. 1959-60 കാലഘട്ടത്തിൽ സർവകലാശാലയുടെ ചെലവിന്റെ 68 ശതമാനം സർക്കാർ ഗ്രാന്റായി നല്‍കിയിരുന്നു.
ചാന്‍സലർ, അധ്യാപകർ, വിദ്യാർഥികള്‍ എന്നിവർ ചേർന്ന് നിയമാനുസൃതം രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേഷനാണ് സർവകലാശാലയുടെ ഭരണം നടത്തുന്നത്. സർവകലാശാലയോടനുബന്ധിച്ചുള്ള ഓരോ കോളജിനും അതിന്റേതായ പ്രത്യേക ഭരണസമിതികളുണ്ട്. കോണ്‍വക്കേഷന്‍ അംഗങ്ങളാണ് സർവകലാശാലയുടെ ഉന്നതാധികാരിയായ ചാന്‍സലറെ തെരഞ്ഞെടുക്കുന്നത്. സർവകലാശാലയുടെ സമാരാധ്യനായ ഇദ്ദേഹത്തിനു ജീവിതകാലം മുഴുവനും ഈ പദവിയിൽ തുടരാവുന്നതാണ്. പ്രായോഗികതലത്തിൽ ചാന്‍സലർ രണ്ടുവർഷത്തേക്ക് നാമനിർദേശം ചെയ്യുന്ന വൈസ്ചാന്‍സലറാണ് സർവകലാശാലയുടെ മുഖ്യഭരണാധികാരി. 2010-ലെ അക്കാദമിക് റാങ്കിങ് ഒഫ് വേള്‍ഡ് യൂണിവേഴ്സിറ്റിയിൽ ഓക്സ്ഫഡിന് യൂറോപ്പിലെ രണ്ടാംസ്ഥാനവും ലോകത്തിലെ പത്താംസ്ഥാനവുമാണുള്ളത്. 2011-ൽ ടൈംസ് ഹയർ എഡ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഓക്സ്ഫഡ് സർവകലാശാല നാലാം സ്ഥാനത്താണുള്ളത്.