This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്കാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓക്കാനം == ഛർദിക്കണമെന്നു കഠിനമായ തോന്നൽ; മനംപുരട്ടൽ എന്നും ...)
അടുത്ത വ്യത്യാസം →

07:31, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്കാനം

ഛർദിക്കണമെന്നു കഠിനമായ തോന്നൽ; മനംപുരട്ടൽ എന്നും പറയാറുണ്ട്‌. ഓക്കാനത്തിനു തൊട്ടു പുറകേ ഛർദിയും ഉണ്ടായെന്നുവരാം. ഓക്കാനം ഉണ്ടാകുമ്പോള്‍ ആമാശയം, കുടൽ എന്നിവയുടെ പ്രവർത്തനം മന്ദഗതിയിലാവുകയും, വിയർപ്പ്‌, വിളർച്ച, അതിയായ ഉമിനീർസ്രാവം, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെടുകയും രക്തസമ്മർദം കുറയുകയും ഹൃദയമിടിപ്പ്‌ മന്ദഗതിയിലാവുകയും ചെയ്യും. വൈറസ്‌, ബാക്‌റ്റീരിയ മുതലായ അണുജീവികള്‍ കാരണമുണ്ടാകുന്ന ദഹനേന്ദ്രിയരോഗങ്ങളോടനുബന്ധമായി ഓക്കാനവും ഛർദിയും അതിസാരവും ഉണ്ടാകാറുണ്ട്‌. ഗാസ്‌ട്രാ എന്ററൈറ്റിസ്‌, സാൽമൊണെല്ലാ ഭക്ഷ്യവിഷബാധ, അമീബികാതിസാരം എന്നിവ ഉദാഹരണങ്ങളാണ്‌. കൊച്ചുകുട്ടികള്‍ക്ക്‌ പനിയുണ്ടാകുമ്പോള്‍ ഓക്കാനവും അനുഭവപ്പെടാറുണ്ട്‌; പക്ഷേ ഇതിന്റെ യഥാർഥകാരണം അജ്ഞാതമാണ്‌.

സ്ഥിരമായി ദഹനക്കേടുള്ളവർ ചില ആഹാരസാധനങ്ങള്‍ കാണുമ്പോഴോ മണം ഏൽക്കുമ്പോഴോതന്നെ ഓക്കാനിക്കാറുണ്ട്‌. അപ്പന്‍ഡിസൈറ്റിസ്‌, പെരിടോണൈറ്റിസ്‌ എന്നീ രോഗങ്ങളുണ്ടാകുമ്പോഴും ഓക്കാനം അനുഭവപ്പെടാറുണ്ട്‌. ശരീരത്തിലെ അന്തഃസ്രാവികളുടെ പ്രവർത്തനത്തകരാറ്‌, ഓക്കാനത്തിനു കാരണമാകാറുണ്ട്‌. അധിവൃക്ക(adrenal) ഗ്രന്ഥികളുടെ പ്രവർത്തനമാന്ദ്യം, പ്രമേഹം എന്നിവ ഉദാഹരണങ്ങളാണ്‌. ഗർഭകാലങ്ങളിൽ സ്‌ത്രീകള്‍ക്ക്‌ പ്രഭാതത്തിൽ അനുഭവപ്പെടാറുള്ള ഓക്കാനം അന്തഃസ്രാവികളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യത്യാസംമൂലമാണെന്നു കരുതപ്പെടുന്നു.

ആസ്‌പിരിന്‍, കൊഡീന്‍, ആന്റിഹിസ്റ്റമിനുകള്‍, സന്താനനിയന്ത്രണത്തിനുള്ള ഗുളികകള്‍ തുടങ്ങിയ ഔഷധങ്ങള്‍ കഴിക്കുന്നതിന്റെ ഫലമായി ചിലർക്ക്‌ ഓക്കാനം ഉണ്ടാകാറുണ്ട്‌. പുകവലി ശീലിച്ചുതുടങ്ങുന്നവർക്കും അമിതമദ്യപാനികള്‍ക്കും ഓക്കാനം അനുഭവപ്പെടും. ചെന്നിക്കുത്ത്‌ (migraine), മസ്‌തിഷ്‌കാവരണശോഥം (meningitis)തുടങ്ങി ഞരമ്പിനെ ബാധിക്കുന്ന ചില രോഗങ്ങളോടൊപ്പം ഓക്കാനവും ഉണ്ടാകാറുണ്ട്‌. ചെവിയുടെ പ്രവർത്തനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന രോഗങ്ങളായ മെനിയേഴ്‌സ്‌ സിന്‍ഡ്രാം, വെർട്ടിഗോ എന്നിവയും ഓക്കാനത്തിന്‌ കാരണമാണ്‌. വാഹനങ്ങളിൽ യാത്രചെയ്യുമ്പോള്‍ ചിലർക്ക്‌ ഓക്കാനമുണ്ടാവുക സാധാരണമാണ്‌.

ഓക്കാനത്തിന്റെ കാരണം ചിലപ്പോള്‍ മനഃശാസ്‌ത്രപരമായിരിക്കും. ഉദാഹരണമായി ഇന്റർവ്യൂ, പരീക്ഷ മുതലായവ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ചിലർക്ക്‌ ഇതനുഭവപ്പെടും. മാനസികവ്യഥകള്‍ പലപ്പോഴും ഓക്കാനത്തിനും വിശപ്പില്ലായ്‌മയ്‌ക്കും കാരണമാകാറുണ്ട്‌. ഈ സ്ഥിതിവിശേഷം ചില രോഗികളിൽ ഗുരുതരമായ അരുചിയുണ്ടാക്കുന്നു. ആഹാരം കഴിക്കാതെ അയാള്‍ മരണമടയുകയും ചെയ്യുന്നു. "അനൊറെക്‌സിയാ നെർവോസാ' എന്നാണ്‌ ഈ രോഗത്തിന്‌ വൈദ്യശാസ്‌ത്രം നൽകിയിട്ടുള്ള പേര്‌. സാധാരണഗതിയിൽ ഓക്കാനത്തിനുകാരണം നിർണയിക്കാനുള്ള പരിശോധന നടത്താറില്ലെങ്കിലും, വയറിനുള്ളിൽ എന്തെങ്കിലും തടസ്സമുണ്ടെന്നു സംശയമുണ്ടെങ്കിൽ സ്‌കാനിങ്‌ നിർദേശിക്കാറുണ്ട്‌. ഓക്കാനം അമിതമായി നീണ്ടുനിന്നാൽ നിർജലീകരണം സംഭവിച്ചേക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍