This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒബ്രഗോണ്‍, അൽവാരൊ (1880 - 1928)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒബ്രഗോണ്‍, അൽവാരൊ (1880 - 1928) == == Obregon, Alvaro == മെക്‌സിക്കന്‍ പ്രസിഡന്റ്...)
അടുത്ത വ്യത്യാസം →
06:41, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒബ്രഗോണ്‍, അൽവാരൊ (1880 - 1928)
Obregon, Alvaro
മെക്‌സിക്കന്‍ പ്രസിഡന്റ്. 1880 ഫെ. 19-ന് ഒബ്രഗോണ്‍, (ഓവ്രഗോണ്‍) മെക്‌സിക്കോയിലെ അലമോസിൽ ജനിച്ചു. കാര്യമായ വിദ്യാഭ്യാസം നേടിയിരുന്നില്ലെങ്കിലും ചെറുപ്പത്തിൽത്തന്നെ മെക്‌സിക്കോ ജനതയുടെ ആവശ്യങ്ങളെയും അഭിവാഞ്‌ഛയെയും ക്കുറിച്ച് ഇദ്ദേഹം ബോധവാനായിരുന്നു. 1910-11 കാലത്ത് ഏകാധിപതിയായ പോർഫിറിയോ ഡിയസി (1830-1915) നെതിരായി നടന്ന കലാപത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാൽ പാസ്‌കൽ ഒറോസൊ എന്നയാള്‍ 1912-ൽ പ്രസിഡന്റായ ഫ്രാന്‍സിസ്‌കൊ മദേറൊയ്‌ക്കെതിരായി കലാപത്തിനു മുതിർന്നപ്പോള്‍ ഒബ്രഗോണ്‍ ഏതാനും സന്നദ്ധഭടന്മാരുമായി പ്രസിഡന്റിനെ സഹായിക്കുകയുണ്ടായി. 1913-ൽ വിക്‌ടോറിയാനൊ വാർതെ, മദേറൊയെ വധിച്ചതിനെത്തുടർന്ന് ഒബ്രഗോണ്‍ വാർതെയുടെ പ്രതിയോഗിയായ വെനുസ്‌തിയാനൊ കെരന്‍സയുമായിചേർന്ന്, വാർതെയെ തോല്‌പിക്കുകയും 1914 ഒ. 15-ന് മെക്‌സിക്കോസിറ്റി കൈവശപ്പെടുത്തുകയും ചെയ്‌തു.
കെരന്‍സയ്‌ക്കെതിരായുണ്ടായ കലാപങ്ങളെ ഒബ്രഗോണ്‍ അമർച്ച ചെയ്‌തു. പുരോഹിതവർഗത്തിനെതിരായ ചില കല്‌പനകള്‍ ഇക്കാലത്ത് ഒബ്രഗോണ്‍ പുറപ്പെടുവിച്ചു. 1917 ലെ ഭരണഘടനാകണ്‍വെന്‍ഷനിൽ ഇദ്ദേഹത്തിന്റെ ശബ്‌ദം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു; സമ്പൂർണ നവീകരണ നടപടികള്‍ക്കുവേണ്ടി ഫലപ്രദമായി വാദിച്ചു. 1917-ൽ ഹ്രസ്വകാലം കെരന്‍സയുടെ മന്ത്രിസഭയിൽ ചേർന്നശേഷം ഇദ്ദേഹം പൊതുജീവിതത്തിൽ നിന്നു വിരമിച്ചു. എന്നാൽ കെരന്‍സ പ്രതിലോമ നടപടികളിരേക്കു നീങ്ങിയപ്പോള്‍ ഒബ്രഗോണ്‍ വീണ്ടും രാഷ്‌ട്രീയത്തിലേക്കു മടങ്ങിവന്ന് കെരന്‍സയെ സ്ഥാനഭ്രഷ്‌ടനാക്കുകയും 1920 ഡി. 1-ന് മെക്‌സിക്കോയുടെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്‌തു. 1910-നു ശേഷം ഒരു ദശവർഷക്കാലം നീണ്ടുനിന്ന ആഭ്യന്തരസമരത്തിന്റെ കെടുതികള്‍ നീക്കി, രാജ്യത്ത് സമാധാനവും ഐശ്വര്യവും കൈവരുത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകള്‍ക്ക് അംഗീകാരം നൽകി. 1924-ൽ ഒബ്രഗോണ്‍ പ്രസിഡന്റ് പദത്തിൽ നിന്നും വിരമിച്ചുവെങ്കിലും 1928-ൽ വീണ്ടും പ്രസിഡന്റുപദത്തിലേക്കു മത്സരിച്ചു വിജയം വരിച്ചു. എന്നാൽ വിജയാഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കവേ, ഇദ്ദേഹത്തിന്റെ മതനയത്തിൽ അതൃപ്‌തനായ ഒരു കത്തോലിക്കന്റെ വെടിയേറ്റ് (1928 ജൂല. 17) ഒബ്രഗോണ്‍ അന്തരിച്ചു. 1924-ൽ ഇദ്ദേഹത്തിന് ജപ്പാന്റെ "ഓർഡർ ഒഫ് ദ് ക്രിസാന്തമം' പുരസ്‌കാരം ലഭിച്ചു. മെക്‌സിക്കോയിലെ സാന്‍ത്തഞ്ചലിൽ ഇദ്ദേഹത്തിന്റെ സ്‌മാരകം സ്ഥിതിച്ചെയുന്നു. ഒരു വിപ്ലവകാരിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സ്‌മാരകങ്ങളിലൊന്നാണിത്.