This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുരങ്ങ്‌ == == Monkey == പ്രമേറ്റ്‌ വർഗത്തിലുള്‍പ്പെട്ട സസ്‌തനി. മ...)
അടുത്ത വ്യത്യാസം →

11:57, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുരങ്ങ്‌

Monkey

പ്രമേറ്റ്‌ വർഗത്തിലുള്‍പ്പെട്ട സസ്‌തനി. മൃഗങ്ങളുടെ കൂട്ടത്തിൽ സവിശേഷമായ ഒരു സ്ഥാനമാണ്‌ ഇവയ്‌ക്കുള്ളത്‌. പക്ഷേ ശാരീരികഘടനയിൽ മറ്റു പല സസ്‌തനികളെയുമപേക്ഷിച്ച്‌ പ്രകടമായ മേന്മ കുരങ്ങുകള്‍ക്കുണ്ടെന്ന്‌ തീർത്തു പറയാനാവില്ല. തലച്ചോറിന്റെ ഘടനയിലും ബുദ്ധിവൈഭവത്തിന്റെ കാര്യത്തിലും കുരങ്ങുകള്‍ മറ്റു മൃഗങ്ങളെക്കാള്‍ ഒരു പടിയെങ്കിലും മുന്നിലാണ്‌. പക്ഷേ എല്ലായിനം കുരങ്ങുകളും ബുദ്ധിപരമായ കഴിവിന്റെ കാര്യത്തിൽ ഒരുപോലെ ഉന്നതന്മാരല്ല. എന്നു മാത്രമല്ല, ചില കുരങ്ങുകള്‍ ഇക്കാര്യത്തിൽ മറ്റു വിഭാഗങ്ങളിൽപ്പെടുന്ന പല സസ്‌തനികളോളം എത്തുന്നുമില്ല. എന്നാൽ പ്രമേറ്റുകള്‍ക്കെല്ലാം സമാനമായ ഒരു സവിശേഷതയുണ്ട്‌. അന്യവസ്‌തുക്കളിൽ കയറിപ്പിടിക്കാന്‍ ഉതകുമാറ്‌ സംവിധാനം ചെയ്യപ്പെട്ട കൈകാലുകള്‍ ആണ്‌ പ്രമേറ്റുകളെ സംബന്ധിച്ചിടത്തോളം തീർത്തും പറയാവുന്ന പൊതു അവയവ ഘടന.

സ്‌പീഷീസ്‌ വൈവിധ്യത്താൽ സമ്പന്നമാണ്‌ കുരങ്ങുകള്‍. 200-ലധികം സ്‌പീഷീസ്‌ കുരങ്ങുകളാണുള്ളത്‌. മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളാണ്‌ ഇവയുടെ ആവാസകേന്ദ്രം. വനങ്ങളിലും പുൽമേടുകളിലും ഇവയെ കാണാം. വലുപ്പത്തിന്റെ കാര്യത്തിൽ കുരങ്ങുകള്‍ക്കിടയിൽ വ്യത്യാസമുണ്ട്‌. പിഗ്‌മി മാർമൊസെറ്റ്‌ എന്ന ഏറ്റവും ചെറിയ കുരങ്ങന്റെ ശരീരത്തിന്‌ (വാൽ ഒഴികെ) വെറും 15 സെ.മീ. നീളമാണുള്ളത്‌. എന്നാൽ, മാന്‍ഡ്രിൽ എന്ന ഇനത്തിനാകട്ടെ ഏകദേശം ഒരു മീറ്ററോളം നീളമുണ്ടായിരിക്കും.

മരത്തിൽ ജീവിക്കുന്നതിന്‌ അനുയോജ്യമായ ശരീരഘടനയാണ്‌ കുരങ്ങുകളുടേത്‌. എന്നാൽ ജീവിതത്തിന്റെ ഭൂരിഭാഗവും നിലത്ത്‌ കഴിച്ചുകൂട്ടുന്ന കുരങ്ങുകളുമുണ്ട്‌. നീളമേറിയതും ബലിഷ്‌ഠവുമായ കൈകാലുകള്‍ കുരങ്ങുകളുടെ പ്രത്യേകതയാണ്‌. നിറങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള കാഴ്‌ചശക്തിയേറിയ കണ്ണുകള്‍, പരിസരത്തെക്കുറിച്ചുള്ള അറിവ്‌ പ്രദാനം ചെയ്യുന്നു. മിക്കവാറും ഇനം കുരങ്ങുകള്‍ക്കും വളരെകുറച്ചുസമയത്തേക്ക്‌ രണ്ട്‌ കാലിൽ നടക്കാനുള്ള ശേഷിയുണ്ട്‌. മരത്തിൽ അധിവസിക്കുന്ന ഇനങ്ങള്‍ക്കാണ്‌ താരതമ്യേന നീളംകൂടിയ വാലുള്ളത്‌. മിശ്രഭോജികളാണ്‌ കുരങ്ങുകള്‍. ഇലകള്‍ ഭക്ഷിക്കുന്ന ഇനങ്ങള്‍ക്ക്‌ പ്രത്യേക ദന്തസംവിധാനമാണുള്ളത്‌.

ശരീരഘടന, പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്‌ത്രജ്ഞർ കുരങ്ങുകളെ ന്യൂവേള്‍ഡ്‌, ഓള്‍ഡ്‌ വേള്‍ഡ്‌ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. പരസ്‌പരം അടുത്ത്‌ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങള്‍, 32 പല്ലുകള്‍ എന്നിവ ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ സവിശേഷതയാണ്‌. യഥേഷ്‌ടം ചലിപ്പിക്കാന്‍ കഴിയുന്ന തള്ളവിരലാണ്‌ (thumb) ഇവയുടെ മറ്റൊരു പ്രത്യേകത. മരത്തിലും നിലത്തും ജീവിക്കാന്‍ കഴിയുന്ന ഇവയ്‌ക്ക്‌ വാൽ ഉപയോഗിച്ച്‌ വസ്‌തുക്കള്‍ പിടിക്കാന്‍ കഴിയില്ല. ഭക്ഷണം ശേഖരിച്ചുവയ്‌ക്കാനായി വായ്‌ക്കുള്ളിൽ പ്രത്യേക അറയുള്ള (Cheekpouch) ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്‌.

ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. മധ്യഅമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്‌ ഈ കുരങ്ങുകളുള്ളത്‌. അകലത്തിൽ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങളും 36 പല്ലുകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയിലെ എല്ലാ ഇനങ്ങളും മരത്തിൽ അധിവസിക്കുന്നവരാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെപ്പോലെ യഥേഷ്‌ടം തിരിക്കാന്‍ കഴിയുന്ന തള്ളവിരലല്ല ഇവയുടേത്‌. നിറം, ആകൃതി, വലുപ്പം എന്നിവയിൽ വ്യത്യസ്‌തരാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. ഹൗളർ, സ്‌പൈഡർ കുരങ്ങ്‌ തുടങ്ങിയവയ്‌ക്ക്‌ വാൽ ഉപയോഗിച്ച്‌ വസ്‌തുക്കളെ പിടിച്ചുവയ്‌ക്കാനുള്ള കഴിവുണ്ട്‌. കുരങ്ങുകളെല്ലാംതന്നെ സാമൂഹ്യജീവിതം നയിക്കുന്നവയാണ്‌. ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍ മിക്കവാറും 20 അംഗങ്ങളുള്ള സമൂഹമായാണ്‌ കാണപ്പെടുന്നതെങ്കിൽ, ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങ്‌ സമൂഹത്തിൽ 30 മുതൽ 100 വരെ അംഗങ്ങളുണ്ടാകാം. പ്രധാനമായും മൂന്ന്‌ വിധത്തിലുള്ള സമൂഹമാണ്‌ കുരങ്ങുകള്‍ക്കിടയിൽ കണ്ടുവരുന്നത്‌. പ്രായപൂർത്തിയായ ആണ്‍കുരങ്ങും പെണ്‍കുരങ്ങും അവരുടെ കുഞ്ഞും മാത്രമുള്‍പ്പെടുന്ന കുടുംബങ്ങളുടെ സമൂഹമാണ്‌ ഒന്ന്‌. പെണ്‍കുരങ്ങുകളും അവയുടെ ഇരട്ടിയിലധികം വരുന്ന ആണ്‍കുരങ്ങുകളും കുഞ്ഞുങ്ങളും അടങ്ങിയ സമൂഹമാണ്‌ മറ്റൊന്ന്‌. കപ്പൂച്ചിന്‍, ഹൗളർ, സ്‌പൈഡർ കുരങ്ങ്‌ തുടങ്ങി മിക്കവാറും ന്യൂവേള്‍ഡ്‌ കുരങ്ങുകളും ഇത്തരം സമൂഹജീവിതം നയിക്കുന്നവയാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ ഇടയിൽ ബബൂണ്‍, മക്കാക്ക്‌, ലാംഗൂർ എന്നിവരും ഇതിന്‌ ഉദാഹരണങ്ങളാണ്‌. മറ്റൊരുവിധം സമൂഹത്തിൽ പ്രായപൂർത്തിയായ ഒരു ആണ്‍കുരങ്ങ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പെണ്‍കുരങ്ങുകളെയും കുഞ്ഞുങ്ങളെയും നയിക്കുന്നത്‌ ഈ ആണ്‍കുരങ്ങായിരിക്കും.

ഓരോ ഇനം കുരങ്ങുകളുടെയും ഗർഭകാലം വ്യത്യസ്‌തമായിരിക്കും. സാധാരണയായി പ്രസവത്തിൽ ഒരു കുഞ്ഞ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപൂർവമായി ഇരട്ടകളും ഉണ്ടാകാറുണ്ട്‌. സ്വന്തമായി നടക്കാറാകുന്നതുവരെ കുഞ്ഞുങ്ങളെ ശരീരത്തിലേറ്റി നടക്കുന്നവരാണ്‌ മിക്കവാറും ഇനം കുരങ്ങുകളും. എന്നാൽ മാർമോസെറ്റ്‌, ഡൗറോകോളിസ്‌, റ്റിറ്റിസ്‌ എന്നീ ന്യൂവേള്‍ഡ്‌ കുരങ്ങുകളിൽ ആണ്‍കുരങ്ങുകളാണ്‌ കുഞ്ഞുങ്ങളെ ചുമക്കുന്നത്‌.

വർഗീകരണം

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. കാറ്ററൈന്‍ എന്ന വർഗത്തിൽ ഉള്‍പ്പെട്ടിരിക്കുന്ന ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെ സെർക്കോപിത്തെസിഡേ(cercopithecidae)എന്ന കുടുംബത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 21 ജീനസുകളിലായി നൂറിലധികം സ്‌പീഷീസുകളാണ്‌ ഈ വിഭാഗത്തിലുള്ളത്‌.

കുടുംബം: സെർക്കോപിത്തെസിഡേ ഉപകുടുംബം: സെർക്കോപിത്തെസിനേ. ഈ ഉപകുടുംബത്തിൽ 11 ജീനസുകളിലായി 63-ലധികം സ്‌പീഷീസുകളുണ്ട്‌.

1.	സെർക്കോപിത്തെക്കസ്‌ 	20-ലധികം ആഫ്രിക്കന്‍
	(guenons)	സെ്‌പീഷീസ്‌
2.	മക്കാക്ക (Macaques)		20-െലധികം ഏഷ്യന്‍, ആഫ്രിക്കന്‍ സ്‌പീഷീസ്‌
3.	പാപ്പിയോ (baboons)5 ആെഫ്രിക്കന്‍, അറേബ്യന്‍ സ്‌പീഷീസ്‌
4.	ലോഫോസെബസ്‌ 	3 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(Mangabeys)
5.	മാന്‍ഡ്രില്ലസ്‌ 	2 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(drills & mandrills)
6.	മിയോപിത്തെക്കസ്‌ 	2 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(talapoins)
7.	അല്ലെനോപിത്തെക്കസ്‌ 	1 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(Allen's swamp monkey)
8.	ക്ലോറോസെബസ്‌ 	1-6 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(vervet or green monkey)
9.	എറിത്രാസെബസ്‌ 	1 ആഫ്രിക്കന്‍ 	സ്‌പീഷീസ്‌
	(patas)
10.	തീറോപിത്തെക്കസ്‌ 	1  ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(gelada monkey)
 

യ. ഉപകുടുംബം: കോളോബിനേ. 10 ജീനസ്സുകളിലായി 40-ലധികം സ്‌പീഷീസാണ്‌ ഇതിലുള്ളത്‌.

1. 	ട്രാക്കിപിത്തെക്കസ്‌ 	10-ലധികം തെക്കുകിഴക്കനേഷ്യന്‍
	(brow ridged langur)സ്‌പീഷീസ്‌
2.	പ്രസ്‌ബിറ്റിസ്‌ 	8 തെക്കുകിഴക്കനേഷ്യന്‍ 
	(leaf monkey)	സ്‌പീഷീസ്‌
3.	പ്രാ കോളോബസ്‌ 	5-10 ആഫ്രിക്കന്‍ സ്‌പീഷീസ്‌
4.	കോളോബസ്‌ 	5 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(black & white colobus)
5.	റൈനോപിത്തെക്കസ്‌ 	4 ഏഷ്യന്‍ സ്‌പീഷീസ്‌
	(snub-nosed)
6.	പിഗാത്രിക്‌സ്‌ 	3 തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്‌പീഷീസ്‌
7.	സെംനോപിത്തെക്കസ്‌ 	ഹനുമാന്‍ കുരങ്ങന്‍ ഉള്‍പ്പെടെ 2-8 ഏഷ്യന്‍ സ്‌പീഷീസ്‌
8.	നാസാലിസ്‌ 	1 ഇന്തോനേഷ്യന്‍ സ്‌പീഷീസ്‌
	(proboscis monkey)
9.	പ്രാകോളോബസ്‌ 	1 ആഫ്രിക്കന്‍ സ്‌പീഷീസ്‌
	(red colobus)
10.	സിമിയസ്‌ 	1 ഇന്തോനേഷ്യന്‍ സ്‌പീഷീസ്‌
	(pig tailed langur)
 

ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. പ്ലാറ്റിറൈനി വർഗത്തിലാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ട്രാപ്പിക്കൽ, മധ്യ, തെക്കേ അമേരിക്കയിലാണിവ കൂടുതലായുള്ളത്‌. അഞ്ചു കുടുംബങ്ങളിലായി നൂറോളം സ്‌പീഷീസുകള്‍ ഉണ്ട്‌. കുടുംബം: (a) കാലിട്രിക്കിഡേ (marmosets and tamarinus). നാല്‌ ജീനസുകളിലായി 27-ലധികം സ്‌പീഷീസുകള്‍

1.	സാഗ്വിനസ്‌ (tamarins)	12-ലധികം സ്‌പീഷീസ്‌
2.	കാലിത്രിക്‌സ്‌ 	10-20 സ്‌പീഷീസ്‌
	(true marmosets)
3.	ലിയോണ്‍ഡോപിത്തെക്കസ്‌ 	4 സ്‌പീഷീസ്‌
	(Lion tamarins)
4.	കാലിമിക്കോ	1 സ്‌പീഷീസ്‌
 

കുടുംബം:(b) പിത്തെസിഡേ. നാല്‌ ജീനസുകളിലായി 29-ഓളം സ്‌പീഷീസുകള്‍ ഉപകുടുംബം: കാലിസെബിനേ കാലിസെബസ്‌ (titis) 20 സെ്‌പീഷീസ്‌ ഉപകുടുംബം: പിത്തെസിനേ

1.	പിത്തെസിയ(sakis)	5 സെ്‌പീഷീസ്‌
2.	ചിറോപോട്ടെസ്‌ (bearded sakis)	2 സെ്‌പീഷീസ്‌
3.	കക്കാജാവോ (uakaris)	2 സെ്‌പീഷീസ്‌
 

കുടുംബം: (c) അറ്റെലിഡേ അഞ്ച്‌ ജീനസുകളിലായി 20-ഓളം സ്‌പീഷീസ്‌ ഉപകുടുംബം: അറ്റെലിനേ

1.	എറ്റെലിസ്‌ (spider monkey)	4-8 സ്‌പീഷീസ്‌
2.	ലഗോത്രിസ്‌ (wooly monkey)	4 സ്‌പീഷീസ്‌
3.	ബ്രാക്കിടെലിസ്‌ (wooly spider monkey)	2 സ്‌പീഷീസ്‌
4.	ഒറിയോണാക്‌സ്‌ (yellow tailed wooly monkey)
 

കുടുംബം: (d) സെബിഡേ(capuchin & squirrel monkey) രണ്ട്‌ ജീനസുകളിലായി 10-ലധികം സ്‌പീഷീസ്‌

1.	സെബസ്‌ (capuchin)	5-8 സ്‌പീഷീസ്‌
2.	സെയ്‌മിരി (squirrel monkey)	5-8 സ്‌പീഷീസ്‌
 

കുടുംബം: (e) ഓട്ടിഡേ ഓട്ടസ്‌ (douroucoulis)) 9 സെ്‌പീഷീസ്‌ ഗോറില്ല, ചിമ്പാന്‍സി, ഒറാങ്‌ ഉട്ടാന്‍, ഗിബ്ബണ്‍ തുടങ്ങിയവ ഹോമിനോയ്‌ഡെ എന്ന സൂപ്പർ കുടുംബത്തിലെ അംഗങ്ങളാണ്‌. വാലില്ലാക്കുരങ്ങുകള്‍ (apes)എന്നാണ്‌ അറിയപ്പെടുന്നതെങ്കിലും ഇവയെ കുരങ്ങുകളുടെ കുടുംബത്തിലല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കുരങ്ങുകളെക്കാള്‍ ബുദ്ധിശക്തി കൂടുതലാണിവയ്‌ക്ക്‌. വാലിന്റെ അഭാവം, അപ്പെന്‍ഡിക്‌സിന്റെ സാന്നിധ്യം എന്നിവ ഇവയുടെ സവിശേഷതകളാണ്‌. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്‌ണമേഖലാ മഴക്കാടുകളിലാണിവയെ കണ്ടുവരുന്നത്‌.

നാടന്‍ കുരങ്ങെന്നും വെള്ളമന്തി എന്നും നാം വിളിക്കാറുള്ള ബോണറ്റ്‌ മക്കാക്കിന്‌ (Macaca radiata) ഏറിയാൽ 60 സെ.മീ. ഉയരമേ കാണുകയുള്ളൂ. ഏറ്റവും വലുതിന്‌ 9 കിലോഗ്രാമോളം ഭാരവും കണ്ടേക്കും. സിംഹവാലന്‍ തുടങ്ങി മറ്റു മക്കാക്കുകളെ അപേക്ഷിച്ച്‌ വാലിന്‌ നീളക്കൂടുതലുള്ള ഒരിനമാണ്‌ വെള്ളമന്തി. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്‌ ഇവ ധാരാളമായുള്ളത്‌. തെക്കേ ഇന്ത്യന്‍ വാനരനെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. കാക്കാലന്മാരും മറ്റും കളിപ്പിച്ചുകൊണ്ടു നടക്കുന്ന ഈ കുരങ്ങുവർഗം അനേകംപേർക്ക്‌ ഉപജീവനമാർഗമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വനത്തിലും ഒക്കെ ഇതിനെ കാണാന്‍ കഴിയും. ഇലയും തണ്ടും കായും ചെറുപ്രാണികളായ പൂച്ചിയും ചിലന്തിയും ഒക്കെ ഇതിന്റെ ആഹാരത്തിൽപ്പെടുന്നു. വർഷത്തിൽ മിക്കവാറും എല്ലാ മാസങ്ങളിലും ഇവ ഇണചേരുകയും പ്രസവിക്കുകയും ചെയ്യുമെന്നു വരികിലും പ്രധാനമായും ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ്‌ ഇവ കൂടുതലായും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്‌. മാർച്ച്‌ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പ്രസവം നടക്കുന്നു. രണ്ടര വയസ്സിനും മൂന്നുവയസ്സിനുമിടയ്‌ക്ക്‌ പ്രായപൂർത്തിയെത്തും. നാടന്‍ കുരങ്ങിന്റെ ശരാശരി ആയുർദൈർഘ്യം പതിനഞ്ചു വർഷമാണ്‌.

ഹിമാലയത്തിലും അസമിലും മധ്യ-ഉത്തര ഭാരതത്തിലെ മറ്റുചില ഇടങ്ങളിലും കാണപ്പെടുന്ന ഒരു ഇന്ത്യന്‍ വാനരനാണ്‌ റിസസ്‌ കുരങ്ങുകള്‍ (Macaca mulatta). ഉത്തരേന്ത്യക്കാരുടെ നാടന്‍ കുരങ്ങാണിത്‌. നിലത്തിരിക്കുമ്പോള്‍ 60 സെന്റിമീറ്ററോളം ഉയരംവരുന്ന ഇതിന്‌ വളർച്ച പൂർത്തിയാകുമ്പോള്‍ 10 കിലോഗ്രാം ഭാരം കാണും. ഹിമാലയത്തിൽ വളരുന്നവയ്‌ക്കാണ്‌ താരതമ്യേന വലുപ്പക്കൂടുതൽ. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും അമ്പലപരിസരങ്ങളിലും കുളക്കരയിലും മറ്റും ഇവ കൂട്ടത്തോടെ താവളമുറപ്പിക്കുന്നു. വനത്തിൽ കഴിയുമ്പോഴും ഒരിക്കലും ഇവ കാടിന്റെ ഉള്ളിലേക്കു കടന്നുചെല്ലാറില്ല. തുറസ്സായ ഇടങ്ങളോട്‌ പ്രത്യേക മമത കാണിക്കുന്ന ഒരിനം കുരങ്ങാണിത്‌. തീവണ്ടി സ്റ്റേഷനുകളിലും മനുഷ്യർ തിങ്ങിക്കൂടുന്ന മറ്റിടങ്ങളിലും മനുഷ്യരോട്‌ തികഞ്ഞ സഹവർത്തിത്വത്തോടെ ഇവ ജീവിക്കുന്നു. മതപരമായ കാരണങ്ങളാലാവണം മനുഷ്യർ ഇക്കൂട്ടരെ ഉപദ്രവിക്കാറില്ല. പക്ഷേ, ലബോറട്ടറികളിൽ പരീക്ഷണങ്ങള്‍ നടത്തുന്നതിലേക്കായി ഭാരതത്തിൽനിന്ന്‌ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കപ്പെട്ടതുമൂലം ഇവയുടെ അംഗസംഖ്യ ഇന്ന്‌ വളരെ കുറഞ്ഞുപോയിട്ടുണ്ട്‌.

സൈലന്റ്‌വാലിയുമായി ബന്ധപ്പെടുത്തി കേരളത്തിൽ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒരു വാനരനാണ്‌ സിംഹവാലന്‍ കുരങ്ങ്‌ (Macaca silenus). ശിങ്കളം എന്ന പേരിലും അറിയപ്പെടുന്ന ഈ കുരങ്ങിന്റെ ജന്മദേശം പശ്ചിമഘട്ട വനങ്ങളാണ്‌. വടക്കന്‍ കർണാടകം മുതൽ തെക്ക്‌ കന്യാകുമാരി വരെയുള്ള കാടുകളിൽ ഇവയെ അപൂർവമായെങ്കിലും കാണാന്‍ കഴിയും. കറുത്ത പുറംചട്ടയും സമൃദ്ധമായ താടിരോമവും സിംഹത്തിന്റേതുപോലുള്ള വാലുമാണ്‌ ഈ കുരങ്ങിന്റെ പ്രത്യേകതകള്‍. ഇതിന്റെ വാലിന്‌ ഏതാണ്ട്‌ 40 സെ.മീ. നീളം കാണും. സമുദ്രനിരപ്പിൽനിന്ന്‌ 600 മീ. മുതൽ 1000 മീ. വരെ ഉയരമുള്ള ഇടതൂർന്ന വനങ്ങളിൽ കഴിയാനാണ്‌ ഇവയ്‌ക്കിഷ്‌ടം. ഇരുപതോളം എണ്ണമുള്ള സംഘമായി കാട്ടിൽ ഇരതേടി അലയും. സെപ്‌തംബർ മാസത്തിലാണ്‌ സാധാരണയായി പെണ്‍സിംഹവാലന്‍ കുരങ്ങ്‌ പ്രസവിക്കുന്നത്‌. കാടു വെട്ടിത്തെളിച്ചതുകൊണ്ടും, മനുഷ്യരുടെ അനിയന്ത്രിതമായ വേട്ടയാടൽകൊണ്ടും വംശനാശത്തിന്റെ വക്കത്തെത്തി നില്‌ക്കുന്ന ഒരു വാനരനാണ്‌ സിംഹവാലന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍