This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
116.68.65.219 (സംവാദം)
(New page: = അങ്കം = ഭാഷ, സാഹിത്യം, കല, ചരിത്രം എന്നിവയില്‍ പല അര്‍ഥവിവക്ഷകളും ഉള്‍...)
അടുത്ത വ്യത്യാസം →
06:32, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അങ്കം
ഭാഷ, സാഹിത്യം, കല, ചരിത്രം എന്നിവയില്‍ പല അര്‍ഥവിവക്ഷകളും ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞ.
1. സംസ്കൃതത്തിലെ ദശരൂപകങ്ങളില്‍ ഒരു വിഭാഗത്തിനെ അങ്കം എന്ന് പറഞ്ഞുവരുന്നു. മറ്റു രൂപകങ്ങളില്‍നിന്നും ഭിന്നമാണെന്ന് കാണിക്കുവാന്‍ ഇതിന് 'ഉത്സൃഷ്ടികാങ്കം' എന്നും പേരുണ്ട്. ഈ രൂപകത്തില്‍, സൃഷ്ടി ഉത്ക്രാന്ത(വിപരീതം)മാകയാലാണ് ഇതിന് 'ഉത്സൃഷ്ടികാങ്കം' എന്ന പേരുണ്ടായതെന്ന് ആചാര്യവിശ്വനാഥന്‍ അഭിപ്രായപ്പെടുന്നു. 'അങ്ക'ത്തിന്റെ ഇതിവൃത്തം പ്രഖ്യാതമോ അപ്രഖ്യാതമോ ആകാം. പാത്രങ്ങള്‍ ദിവ്യപുരുഷന്‍മാരാകണമെന്നില്ല; നായകന്‍ മനുഷ്യനായിരിക്കുന്നതുകൊള്ളാം; മുഖ്യരസം കരുണമായിരിക്കണം. യുദ്ധാനന്തരം സ്ത്രീകളുടെ വിലാപം ഉണ്ടായിരിക്കുന്നത് നന്ന്. വിലാപവേളയിലുള്ള ചേഷ്ടകളില്‍ സാത്വതി, ആരഭടി, കൈശികി എന്നീ വൃത്തികള്‍ പാടില്ല. യുദ്ധം, വധം തുടങ്ങിയ കാര്യങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാം. നാട്യശാസ്ത്രത്തില്‍ (അധ്യായം 18, ശ്ളോകം 150-152) ഭരതമുനി 'അങ്ക'ത്തിന്റെ സ്വരൂപത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദശരൂപകത്തില്‍ (70-71) ആചാര്യധനഞ്ജയനും അങ്കത്തെപ്പറ്റി വിശദമായി വിവരിക്കുന്നു. ഇതു ഭാരതത്തിനുമാത്രമേ ഇണങ്ങുകയുള്ളുവെന്നും, ഒറ്റ അങ്കത്തില്‍ തന്നെ അവസാനിക്കുന്ന ഈ കലാരൂപം വിശേഷതരത്തിലുള്ള ഒരു നാടകപ്രകാരമാണെന്നും ശാരദാതനയന്‍ എന്ന ആചാര്യനും പ്രസ്താവിച്ചിട്ടുണ്ട്.
2. നാടകത്തിലെ രണ്ടോ മൂന്നോ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗം. സംസ്കൃതനാടകത്തിന് അഞ്ചില്‍ കുറയാതെയും പത്തില്‍ കവിയാതെയും അങ്കങ്ങള്‍ വേണമെന്നു നിയമം. നോ: നാടകം
3. പുരാതന കേരളത്തില്‍ രണ്ടുപേര്‍ തമ്മില്‍ നേരിട്ടോ യോദ്ധാക്കളെ ഏര്‍പ്പെടുത്തിയോ യുദ്ധം ചെയ്തു ജയാപജയങ്ങള്‍കൊണ്ട് ന്യായാന്യായങ്ങള്‍ തീരുമാനിച്ചിരുന്ന സമ്പ്രദായം നോ: അങ്കപ്പോര്
4. അടയാളം, പാട്ട്, വടു, മറുവ്, മുദ്ര, കളങ്കം, അക്കം, മടിത്തട്ട്, സാമീപ്യം,യുദ്ധം, അവയവം, ഒന്‍പത് എന്നീ അര്‍ഥങ്ങളിലും ഈ വാക്കു പ്രയോഗിച്ചുപോരുന്നുണ്ട്.
5. സംഗീതത്തില്‍ ഒരു സ്വരസ്ഥാനം. ഏഴ് ശുദ്ധസ്വരങ്ങളും അഞ്ച് വികൃതസ്വരങ്ങളും അടങ്ങിയ പന്ത്രണ്ട് സ്വരസ്ഥാനങ്ങളില്‍ ഒന്‍പതാമത്തേതായ ശുദ്ധധൈവതത്തെയാണ് 'അങ്കം' എന്ന സംജ്ഞ കുറിക്കുന്നതെന്ന് സ്വരാര്‍ണവം എന്ന സംഗീതശാസ്ത്രഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു.