This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡോഡോണ്‍ടിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍ഡോഡോണ്‍ടിക്‌സ്‌ == == Endodontics == ദന്തചികിത്സാവിഭാഗങ്ങളിൽ ഒന്...)
അടുത്ത വ്യത്യാസം →

05:20, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ഡോഡോണ്‍ടിക്‌സ്‌

Endodontics

ദന്തചികിത്സാവിഭാഗങ്ങളിൽ ഒന്ന്‌. വേരടക്കൽ ചികിത്സ അഥവാ റൂട്ട്‌ കനാൽ ട്രീറ്റ്‌മെന്റ്‌ (Root Canal Treatment) എന്ന്‌ പരക്കെ അറിയപ്പെടുന്ന ചികിത്സാരീതിയും, അതുമായി ബന്ധമുള്ള വിഷയങ്ങളും ഉള്‍പ്പെട്ട ദന്തവൈദ്യശാഖയാണ്‌ എന്‍ഡോഡോണ്‍ടിക്‌സ്‌. പലതരത്തിലുള്ള കോശങ്ങളും, അനവധി നാഡികളും, രക്തക്കുഴലുകളും അടങ്ങുന്ന പല്ലിന്റെ മജ്ജ (pulp), വേരിനകത്ത്‌ കുഴൽപോലെ നീളത്തിൽക്കിടക്കുന്ന മജ്ജനാളി(Root canal)യിലൂടെ താടിയെല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. മജ്ജ, ഇലാസ്‌തികത തീരെ കുറഞ്ഞ പല്ലിന്റെ ഡെന്റിനകത്ത്‌ (Dentin) സ്ഥിതി ചെയ്യുന്നതിനാൽ ദന്തക്ഷയം, പൊട്ടൽ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ചെറിയൊരു വീക്കം പോലും അസഹനീയമായ വേദനയ്‌ക്ക്‌ കാരണമാകുന്നു. അടുത്തകാലം വരെയും, നിരന്തരവും അസഹനീയവുമായ വേദനയുണ്ടാക്കുന്ന പല്ലുകള്‍ എടുത്ത്‌ മാറ്റി ആ സ്ഥാനത്ത്‌ കൃത്രിമ പല്ലുകള്‍ വയ്‌ക്കുന്ന ചികിത്സാരീതിയാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ കൃത്രിമപ്പല്ലുകള്‍ ഒരിക്കലും ഒരാളുടെ സ്വന്തം പല്ലുകള്‍ക്ക്‌ പകരമാവില്ല എന്നതിനാൽ സഹജങ്ങളായ പല്ലുകളെ കഴിയുന്നിടത്തോളം നിലനിർത്തുക എന്നതാണ്‌ ആധുനിക ചികിത്സാരീതി. ഈ വിധത്തിൽ പല്ലെടുക്കുന്നത്‌ ഒഴിവാക്കി, ദന്തമജ്ജയുടെ രോഗനിർണയവും അതിന്റെ ചികിത്സയും നടത്തി പല്ലിനെ സംരക്ഷിക്കുന്ന ദന്തചികിത്സ വിഭാഗമാണ്‌ എന്‍ഡോഡോണ്‍ടിക്‌സ്‌.

പല്ലിൽ പറ്റിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലുള്ള അന്നജങ്ങളുമായി (Sucrose, Glucose) സ്‌ട്രപ്‌റ്റോകോക്കസ്‌ മ്യൂട്ടന്‍സ്‌ (Streptococcus mutans) പോലെയുള്ളവ വായ്‌ക്കുള്ളിലെ ബാക്‌റ്റീരിയകള്‍ രാസപ്രവർത്തനം നടത്തുമ്പോള്‍ ചില അമ്ലങ്ങള്‍ ഉല്‌പാദിപ്പിക്കപ്പെടുന്നു. ഈ അമ്ലങ്ങള്‍ പല്ലിനെ ദ്രവിപ്പിച്ച്‌ പോടുണ്ടാക്കുന്നു. യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ പോടിന്റെ ആഴവും പരപ്പും കൂടി അണുക്കള്‍ പള്‍പ്പിലെത്തിച്ചേരുന്നു. പള്‍പ്പിനുണ്ടാകുന്ന അണുബാധ പഴുപ്പുണ്ടാക്കുകയും അതിയായ വേദനയ്‌ക്കിടയാകുകയും ചെയ്യുന്നു. ക്രമേണ പള്‍പ്പ്‌ നിർജ്ജീവമായി ജീർണിക്കുന്നു. അണുക്കള്‍ വേരിൽക്കൂടി താടിയെല്ലിൽ എത്തുകയും പഴുപ്പ്‌ അങ്ങോട്ട്‌ വ്യാപിച്ച്‌ എല്ലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. നീർവീക്കം, കഠിനമായ തലവേദന, ചെവിവേദന, കണ്ണുവേദന, കഴുത്തുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. കൂടാതെ അണുക്കള്‍ രക്തത്തിൽക്കൂടി ഹൃദയം, വൃക്ക തുടങ്ങി സുപ്രധാന അവയവങ്ങളെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്‌. ഹൃദ്രാഗികളിലും, പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന കാന്‍സർ തുടങ്ങിയ രോഗങ്ങളുള്ളവരിലും ഇത്‌ വളരെ അപകടകരമായ അവസ്ഥയുണ്ടാക്കിയേക്കാം.

എന്‍ഡോഡോണ്‍ടിക്‌സ്‌ ചികിത്സ നിർവഹിക്കുന്ന ഡോക്‌ടർ എന്‍ഡോഡോണ്‍ടിസ്റ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്‌ക്കും പല്ലിന്റെ എക്‌സ്‌-റേ അത്യാവശ്യമാണ്‌. ചികിത്സയിൽ പല്ല്‌ മരവിപ്പിച്ചതിനുശേഷം പള്‍പ്പിലേക്ക്‌ സുഷിരമുണ്ടാക്കുന്നു. പല്ല്‌ നിർജീവമായിക്കഴിഞ്ഞെങ്കിൽ മരവിപ്പിക്കേണ്ടതില്ല. അതിനുശേഷം റൂട്ട്‌ കനാൽ ഫൈൽസ്‌ (Root canal files) പോലെയുള്ള പ്രതേ്യക ഉപകരണങ്ങളുപയോഗിച്ച്‌ ദന്തമജ്ജ പൂർണമായും നീക്കം ചെയ്യുന്നു. മജ്ജനാളീ വലുതാക്കി പല മരുന്നുകള്‍ ഉപയോഗിച്ച്‌ പല്ലിന്റെ അന്തർഭാഗം പൂർണമായും അണുവിമുക്‌തമാക്കുന്നു. വേരുകളുടെ എണ്ണം കൂടുതലുള്ള അണപ്പല്ലിൽ ഇതിന്‌ കൂടുതൽ സമയവും വൈദഗ്‌ധ്യവും ആവശ്യമാണ്‌.

റൂട്ട്‌കനാലുകളുടെ ആന്തരികഘടനയിലും പരസ്‌പരബന്ധത്തിലും പൊതുവായ സാമ്യങ്ങളുണ്ടെങ്കിലും പലപ്പോഴും സാരമായ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്‌. ഏതെങ്കിലും ഒരു റൂട്ട്‌ കനാൽ കാണാന്‍ കഴിയാതെ പോവുകയോ, പള്‍പ്പ്‌ പൂർണമായും നീക്കം ചെയ്യാനാവാതെയാകുകയോ ചെയ്‌താൽ ചികിത്സ പരാജയപ്പെടാം. ഈ കാരണത്താൽ റൂട്ട്‌ കനാൽ ചികിത്സ പ്രത്യേകതരം മൈക്രാസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ചെയ്യുന്ന രീതിയും ഇന്ന്‌ നിലവിലുണ്ട്‌. പള്‍പ്പ്‌ പൂർണമായും നീക്കം ചെയ്‌തശേഷം ശരീരവുമായി മറ്റ്‌ പ്രതിപ്രവർത്തനത്തിലേർപ്പെടാത്ത പദാർഥങ്ങള്‍ കൊണ്ട്‌ റൂട്ട്‌ കനാലുകളെ നിറച്ച്‌ ഒരു പഴുതുമില്ലാത്ത വിധം പൂർണമായും അടയ്‌ക്കുന്നു. ഇതിനായി റബ്ബറിന്‌ സമാനമായ ഗട്ടാപർച്ച(Guttapercha)യാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. വേരിന്റെ അഗ്രഭാഗത്ത്‌ താടിയെല്ലിൽ വലിയതോതിൽ പഴുപ്പ്‌കെട്ടി നില്‌ക്കുന്ന സാഹചര്യങ്ങളിൽ, പഴുപ്പ്‌ നീക്കം ചെയ്യാനായി റൂട്ട്‌ കനാൽ ട്രീറ്റ്‌മെന്റിനു ശേഷം ആ ഭാഗത്ത്‌ ലളിതമായ ഒരു ശസ്‌ത്രക്രിയ ചെയ്യാറുണ്ട്‌ (Periapical Surgery). റൂട്ട്‌ കനാൽ ട്രീറ്റ്‌മെന്റ്‌ ചെയ്‌തതിന്‌ ശേഷം പല്ലിനുള്ള ബലക്ഷയം പരിഹരിക്കാനായി ക്യാപ്പ്‌ (Crown) ഇടേണ്ടതുണ്ട്‌; പ്രതേ്യകിച്ചും അണപ്പല്ലുകള്‍ക്ക്‌. നിറവ്യത്യാസമോ വലിയ പോടുകളോ, പൊട്ടലുകളോ ഇല്ലെങ്കിൽ ഉളിപ്പല്ലുകള്‍ക്കും കോമ്പല്ലുകള്‍ക്കും ക്യാപ്പ്‌ ഇടുന്നത്‌ ഒഴിവാക്കാവുന്നതാണ്‌.

അപകടം മൂലമോ, മർദ്ദനഫലമായോ പല്ലിന്‌ ഉണ്ടാകുന്ന പൊട്ടലുകള്‍, പുറത്തേക്കോ അകത്തേക്കോ ഉള്ള സ്ഥാനചലനങ്ങള്‍, പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന പള്‍പ്പ്‌ പുറത്താകുന്ന തരത്തിലുള്ള തേയ്‌മാനങ്ങളും മറ്റ്‌ ക്ഷതങ്ങളും ഒക്കെ റൂട്ട്‌ കനാൽ ട്രീറ്റ്‌മെന്റ്‌ ചെയ്‌ത്‌ ശരിയാക്കാവുന്നതാണ്‌. ചില സാഹചര്യങ്ങളിൽ പുറത്തേക്ക്‌ ഉന്തി നില്‌ക്കുന്ന പല്ലുകള്‍ റൂട്ട്‌ കനാൽ ട്രീമെന്റ്‌ ചെയ്‌ത്‌, ക്യാപ്പിട്ട്‌ ശരിയാക്കാറുണ്ട്‌.

ഹൃദ്രാഗം, പ്രമേഹം, കാന്‍സർ, വൃക്കരോഗങ്ങള്‍, എയ്‌ഡ്‌സ്‌ തുടങ്ങിയ അവസ്ഥകളിലും, സങ്കീർണങ്ങളായ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയരാകുന്നവരിലും, ഗർഭിണികളിലും പലപ്പോഴും റൂട്ട്‌ കനാൽ ട്രീറ്റ്‌മെന്റ്‌ പല്ലെടുക്കുന്നതിനെക്കാള്‍ വൈദ്യശാസ്‌ത്രപരമായി സ്വീകാര്യമാണ്‌.

ഇതൊക്കെയാണെങ്കിലും കേടുള്ള എല്ലാ പല്ലുകളും എല്ലാ സാഹചര്യങ്ങളിലും റൂട്ട്‌കനാൽ ട്രീറ്റ്‌മെന്റ്‌ വഴി നിലനിർത്താന്‍ കഴിയണമെന്നില്ല. പല്ലിന്റെ കേടുപാടിന്റെ വ്യാപ്‌തി, മോണയുടെ ആരോഗ്യം, പല്ലിന്റെ സ്ഥാനം, ആവശ്യകത, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ തുടങ്ങിയ പല ഘടകങ്ങളും പരിഗണിച്ചിട്ടാണ്‌ ഒരു പല്ല്‌ റൂട്ട്‌ കനാലിനാൽ ട്രീറ്റ്‌മെന്റിന്‌ വിധേയമാക്കണോ, വേണ്ടയോ, എന്ന്‌ തീരുമാനിക്കുന്നത്‌. പല പഠനങ്ങളും സൂചിപ്പിക്കുന്നത്‌, അതിന്റെ നിർദിഷ്‌ട സാഹചര്യങ്ങളിൽ തൃപ്‌തികരമായി ചെയ്‌തിട്ടുള്ള റൂട്ട്‌ കനാൽ ട്രീറ്റ്‌മെന്റിന്റെ വിജയസാധ്യത തൊണ്ണൂറ്‌ ശതമാനത്തിലേറെയാണ്‌ എന്നാണ്‌.

(ഡോ: അനുലേഖ്‌ ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍