This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍ജിനീയറിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍ജിനീയറിങ് == == Engineering == കെട്ടിടം, പാലം, അണക്കെട്ട് മുതലായ ...)
അടുത്ത വ്യത്യാസം →
03:45, 26 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എന്‍ജിനീയറിങ്
Engineering
കെട്ടിടം, പാലം, അണക്കെട്ട് മുതലായ സംരചനകള്‍ (structures), യന്ത്രങ്ങള്‍ (machines), ഉപകരണങ്ങള്‍ (apparatus), നിർമാണപ്രക്രമങ്ങള്‍ (manufacturing processes) മുതലായവ ഡിസൈന്‍ ചെയ്യുന്നതിനോ, വികസിപ്പിക്കുന്നതിനോ, പ്രതേ്യക പ്രവർത്തനാവസ്ഥകളിൽ ഇവയുടെ സവിശേഷസ്വഭാവങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനോ, ക്രിയാത്മകമായും, പ്രായോഗികമായും ശാസ്‌ത്രതത്ത്വങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായം.
ആദ്യകാലത്ത് യുദ്ധോപകരണങ്ങളുടെ നിർമാണവും സൈനികാവശ്യങ്ങള്‍ക്കുള്ള മറ്റു നിർമാണ പ്രവർത്തനങ്ങളും മാത്രമാണ് എന്‍ജിനീയറിങ് എന്ന വാക്കിന്റെ പരിധിയിൽപ്പെട്ടിരുന്നത്. മിലിട്ടറി എന്‍ജീനിയറെ മാത്രമാണ് എന്‍ജിനീയർ എന്നു വ്യവഹരിച്ചിരുന്നത്. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഒരു പുതിയ വിഭാഗം എന്‍ജിനീയർമാർ രംഗത്തുവന്നു. പൂർണമായി സൈനികാവശ്യത്തിനെന്നു പറയാന്‍ നിർവാഹമല്ലാത്ത റോഡുനിർമാണം പോലുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടവരായിരുന്നു അവർ. ഈ പുതിയ വിഭാഗത്തെ, സൈനിക എന്‍ജിനീയർമാരിൽ നിന്നു തിരിച്ചറിയുന്നതിന് സിവിൽ എന്‍ജിനീയർമാർ എന്നു വിളിക്കാനും ആരംഭിച്ചു. സിവിൽ എന്‍ജിനീയറിങ്ങിന്റെ ലക്ഷ്യം, പ്രവർത്തനമേഖല എന്നിവയെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് സിവിൽ എന്‍ജിനീയേഴ്‌സി(ലണ്ടന്‍)ന്റെ ചാർട്ടർ (1828) പ്രകാരം, മനുഷ്യന്റെ സൗകര്യവർധനവിനും ഉപയോഗത്തിനും വേണ്ടിയുള്ള ഉത്‌പാദനാവശ്യങ്ങള്‍ക്കായി പ്രകൃതിയിലെ ശക്തിസ്രാതസ്സുകള്‍ ഉപയോഗപ്പെടുത്തുകയും, വ്യാപാരവികസനത്തിനും ഗതാഗതവികസനത്തിനും വേണ്ടി റോഡുകള്‍, പാലങ്ങള്‍, അക്വിഡക്‌റ്ററുകള്‍, കനാലുകള്‍, തുറമുഖങ്ങള്‍, ബ്രക്ക് വാട്ടറുകള്‍, ദീപസ്‌തംഭങ്ങള്‍, വിവിധതരം യന്ത്രങ്ങള്‍, മലിനവസ്‌തുക്കളുടെ നിർമാർജന സംവിധാനങ്ങള്‍, കെട്ടിടങ്ങള്‍ മുതലായവ നിർമിക്കുകയും ചെയ്യുന്ന വിദ്യയാണ് സിവിൽ എന്‍ജിനീയറിങ്. ഇതിൽ നിന്ന് അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സൈനികേതര എന്‍ജിനീയറിങ് പ്രവർത്തനങ്ങളും സിവിൽ എന്‍ജിനീയറിങ്ങിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരുന്നതെന്നു കാണാം.
കാലക്രമേണ എന്‍ജിനീയറിങ്ങിൽ കൂടുതൽ പ്രതേ്യകവത്‌കൃതശാഖകള്‍ ഉരുത്തിരിഞ്ഞുവന്നു. സിവിൽ എന്‍ജിനിയറിങ്ങിൽ നിന്നു വേറിട്ട് തനതായ വ്യക്തിത്വം ആദ്യം സ്ഥാപിച്ച എന്‍ജിനീയറിങ് ശാഖ മെക്കാനിക്കൽ എന്‍ജിനീയറിങ്ങാണ്. യന്ത്രങ്ങള്‍, യന്ത്രാപകരണങ്ങള്‍ (machine tools), സ്വയംചാലിതയന്ത്രാവലി മുതലായവയാണ് മെക്കാനിക്കൽ എന്‍ജിനിയറിങ്ങിന്റെ പ്രവർത്തന പരിധിയിൽപ്പെടുന്നത്. കൽക്കരി, ലോഹഅയിരുകള്‍ തുടങ്ങിയവയുടെ ഖനനവുമായി ബന്ധപ്പെട്ട ഖനന എന്‍ജിനീയറിങ് (mining engineering) എന്ന ശാഖ പിന്നീട് രൂപം കൊണ്ടു.
ഇലക്‌ട്രിക്കൽ എന്നും ഇലക്‌ട്രിക് ആന്‍ഡ് ഇലക്‌ട്രാണിക്‌സ് എന്‍ജിനീയറിങ് എന്നും അറിയപ്പെടുന്ന എന്‍ജിനീയറിങ് വിഭാഗത്തിൽ ഇലക്‌ട്രിസിറ്റി ഇലക്‌ട്രാണിക്‌സ് ഇലക്‌ട്രാമാഗ്നറ്റിസം എന്നിവ ഉള്‍പ്പെടുന്നു. മർദ്ദം, പ്രവാഹം, താപം എന്നീ ഭൗതിക മാറ്റങ്ങള്‍ അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനുള്ള വിഭാഗമാണ് ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്. മെഡിക്കൽ മേഖലയ്‌ക്കാവശ്യമായ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ വേണ്ടിയുള്ള ഒരു എന്‍ജിനീയറിങ് വിഭാഗമാണ് ബയോമെഡിക്കൽ എന്‍ജിനീയറിങ്. ഭൗതിക ശാസ്‌ത്രത്തിന്റെയും രസതന്ത്രത്തിന്റെയും ഗണിതശാസ്‌ത്രത്തിന്റെയും പ്രയോഗംവഴി അസംസ്‌കൃതപദാർഥത്തെയോ രാസവസ്‌തുക്കളെയോ പരിവർത്തനം ചെയ്‌ത് കൂടുതൽ ഉപയോഗപ്രദവും വിലപിടിപ്പുമുള്ള രൂപത്തിലാക്കുന്ന വിഭാഗമാണ് കെമിക്കൽ എന്‍ജിനീയറിങ്. ലോഹസംബന്ധമായ എല്ലാവിധ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന വിശാലമായ ഒരു എന്‍ജിനീയറിങ് വിഭാഗമാണ് മെറ്റലർജിക്കൽ എന്‍ജിനീയറിങ്. ഇതിൽ ഫിസിക്കൽ മെറ്റലർജി, എക്‌സ്‌ട്രാക്‌റ്റീവ് മെറ്റലർജി, മിനറൽ പ്രാസസിങ് എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. കാർഷിക ഉത്‌പാദനത്തിനും സംസ്‌കരണത്തിനും വേണ്ടിയാണ് കാർഷിക എന്‍ജിനിയറിങ്ങിനെ ഉപയോഗപ്പെടുത്തുന്നത്. പ്രകൃതിവിഭവങ്ങളുടെ മാനേജുമെന്റും ഈ വിഭാഗത്തിലുള്‍പ്പെടുന്നു. കപ്പലുകള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ രൂപകല്‌പനാ നിർമാണം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്‍ജിനീയറിങ് വിഭാഗമാണ് മറൈന്‍ എന്‍ജിനീയറിങ്. വിമാനങ്ങള്‍ ബഹിരാകാശ വാഹനങ്ങള്‍ മറ്റ് അനുബന്ധവിഷയങ്ങള്‍ എന്നിവയാണ് എയ്‌റോസ്‌പേഡ് എന്‍ജിനിയറിങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുമ്പ് എയ്‌റോനോട്ടിക്കൽ എന്‍ജിനീയറിങ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇലക്‌ട്രിക്കൽ എന്‍ജിനീയറിങ്ങിന്റെയും കംപ്യൂട്ടർ സയന്‍സിന്റെയും ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രൂപപ്പെടുത്തിയ വിഭാഗമാണ് കംപ്യൂട്ടർ എന്‍ജിനീയറിങ്. സോഫ്‌ട്‌വെയർ വികസനം ഹാർഡ്‌വെയർ സമാകലനം, സർക്യൂട്ട് ഡിസൈന്‍, സിസ്റ്റം ലെവൽ രൂപകല്‌പനയും സമാകലനവും എന്നിവയാണ് ഈ മേഖലയിൽ ഉള്‍പ്പെടുന്നത്. ഇന്‍ഫർമേഷന്‍ ടെക്‌നോളജിയിൽ കംപ്യൂട്ടർ ഉപയോഗിച്ചുള്ള വിവരവ്യൂഹങ്ങളുടെ, പ്രതേ്യകിച്ച് സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവയുടെ പഠനം, ഡിസൈന്‍, വികസനം, ഇംപ്ലിമെന്റേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
മേല്‌പറഞ്ഞ ഓരോ ശാഖയ്‌ക്കും ഒട്ടേറെ ഉപശാഖകളുമുണ്ട്. സാനിട്ടറി, സ്‌ട്രക്‌ചറൽ, ഡ്രയിനേജ്, ഹൈവേ, ട്രാഫിക്, റയിൽവേ, ആവിശക്തി, ആന്തരദഹനം (internal combustion), വെൽഡിങ്, ഉത്‌പാദനം (production), പെട്രാളിയം, അഗ്നിപ്രതിരോധം (fire protection), ആർക്കി ടെക്‌ചറൽ, ന്യൂക്ലിയർ, മാനേജ്‌മെന്റ് മതുലായ എന്‍ജിനിയറിങ് ഉപശാഖകള്‍ ഉദാഹരണങ്ങളാണ്. എന്‍ജിനീയറിങ്ങിൽ "നാനോ ടെക്‌നോളജി' എന്ന പുതിയ വിഭാഗവും ആവിർഭവിച്ചിട്ടുണ്ട്. നോ. ആർക്കിടെക്‌ചറൽ എന്‍ജിനീയറിങ്; ഇലക്‌ട്രിക്കൽ എന്‍ജിനീയറിങ്; ഇലക്‌ട്രാണിക വാർത്താവിനിമയം; ഇന്‍ഡസ്‌ട്രിയൽ എന്‍ജിനീയറിങ്; ഉത്‌പാദന എന്‍ജിനീയറിങ്; എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്; എന്‍ജിനീയറിങ് വിദ്യാഭ്യാസം; ഓട്ടോമേഷന്‍; ഓട്ടോമൊബൈൽ എന്‍ജിനീയറിങ്; കാർഷിക എന്‍ജിനീയറിങ്; കെമിക്കൽ എന്‍ജിനീയറിങ്; ന്യൂക്ലിയർ എന്‍ജിനീയറിങ്; മറൈന്‍ എന്‍ജിനീയറിങ്; മെക്കാനിക്കൽ എന്‍ജിനീയറിങ്; സിവിൽ എന്‍ജിനീയറിങ്; സൈനിക എന്‍ജിനീയർമാർ, കംപ്യൂട്ടർ എന്‍ജിനീയറിങ്, ഇന്‍ഫർമേഷന്‍ ടെക്‌നോളജി, കാർഷിക എന്‍ജിനീയറിങ്, നാനോടെക്‌നോളജി