This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐവി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഐവി == == Ivy == പടർന്നുകയറുന്ന വിവിധയിനം വള്ളിച്ചെടികളുടെ പൊതുവ...)
അടുത്ത വ്യത്യാസം →
18:55, 21 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐവി
Ivy
പടർന്നുകയറുന്ന വിവിധയിനം വള്ളിച്ചെടികളുടെ പൊതുവായ പേര്. എന്നാൽ ഹെഡേറ (Hedera)ജീനസ്സിൽപ്പെട്ട ചെടികളെയാണ് മുഖ്യമായി ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഐവി എന്ന് സാധാരണ അറിയപ്പെടുന്ന ഹെഡേറ ഹെലിക്‌സ് (Hedera helix) യൂറോപ്പിൽ സർവസാധാരണമാണ്. പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കാലംമുതൽ തന്നെ ഇത് ഒരു അലങ്കാരസസ്യമെന്ന നിലയിൽ വളരെയധികം വിലമതിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇത് ഭിത്തികളുടെയും പാറകളുടെയും മറ്റും ആവരണമെന്ന നിലയിൽ യു.എസ്സിൽ ധാരാളമായി വളർത്തപ്പെടുന്നു. ഒരു നിത്യഹരിതസസ്യമായ ഇതിന്റെ തണ്ടിൽ, ചെടി ചെറുതായിരിക്കുമ്പോള്‍, പറ്റിപ്പിടിച്ചുകയറാന്‍ സഹായകമായ വായവ (aerial) വേരുകള്‍ സമൃദ്ധമായുണ്ട്. എന്നാൽ വളർച്ചയെത്തിയ ഐവിക്ക് കുറ്റിച്ചെടിയുടെ ഘടനയാണുള്ളത്. വായവവേരുകള്‍ ഇതിൽ കാണുകയില്ല. പച്ചനിറത്തിലുള്ള ധാരാളം ചെറിയ പൂക്കള്‍ ചേർന്ന് കുടയുടെ ആകൃതിയിലുള്ള പൂങ്കുലയായിത്തീരുന്നു. ശരത്‌കാലത്താണ് പൂവിടൽ. തുടർന്ന് വസന്തമാവുമ്പോഴേക്ക് കറുത്തപഴങ്ങള്‍ ജന്മമെടുക്കുന്നു.
ഇംഗ്ലീഷ് ഐവിയിൽത്തന്നെ വിവിധയിനങ്ങളുണ്ട്. വെള്ള, മഞ്ഞ, കടുംനിറങ്ങള്‍ എന്നിവ ചേർന്നു കാണപ്പെടുന്ന ഇലകളാണ് ഇവയുടേത്. മതിലുകള്‍, തോട്ടങ്ങള്‍, തൂക്കിയിടുന്ന ചട്ടികള്‍, ഗ്രീന്‍ഹൗസുകള്‍ എന്നിവയിലെല്ലാം ഇംഗ്ലീഷ് ഐവിയുടെ വിവിധയിനങ്ങള്‍ നട്ടുവളർത്തപ്പെടുന്നു. തണലുള്ളയിടങ്ങളിൽ തറയിലും ഇത് പടർത്താറുണ്ട്. അതിശൈത്യത്തെ അതിജീവിക്കാന്‍ ഇവയിൽ പലതിനും കഴിവില്ല.
ബോസ്റ്റണ്‍ അഥവാ ജാപ്പനീസ് ഐവി(Parthenocissus tricuspidata) ചൈനയിലും ജപ്പാനിലുമാണ് കാണപ്പെട്ടിരുന്നത്. ഇതിന് രണ്ടുതരം ഇലകളുണ്ട്: സാധാരണ കാണപ്പെടുന്ന മൂന്ന് ഇതളുകളുള്ളവയും, ശരത്‌കാലമാവുന്നതോടെ തിളങ്ങുന്ന ചുവപ്പായി മാറുന്നവയും. വടക്കേഅമേരിക്കയിൽ കെട്ടിടങ്ങളിലും മതിലുകളിലും പടർത്താനായി വളർത്തുന്ന ഏറ്റവും സാധാരണയിനമാണ് ഇത്.
ജർമന്‍ ഐവി (Herniaria globra), ഗ്രൗണ്ട് ഐവി(Nepeta glechoma) കെനിൽവർത് ഐവി (Linaria cymbalaria), പോയ്‌സണ്‍ ഐവി (Rhus toxicodendron) തുടങ്ങിയവ ഹെഡേറയുമായി ബന്ധവുമില്ലാത്ത ഇനങ്ങളാകുന്നു; ഇവയെല്ലാം തന്നെ പരസ്‌പരബന്ധമില്ലാത്ത സസ്യകുടുംബങ്ങളിൽപ്പെടുന്നവയാണുതാനും