This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടുവീട്ടിൽ പിള്ളമാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എട്ടുവീട്ടിൽ പിള്ളമാർ == വേണാട്ടിൽ (പഴയ തിരുവിതാംകൂർ സംസ്ഥാ...)
അടുത്ത വ്യത്യാസം →

11:34, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എട്ടുവീട്ടിൽ പിള്ളമാർ

വേണാട്ടിൽ (പഴയ തിരുവിതാംകൂർ സംസ്ഥാനത്ത്‌) ക്രി.പി. 16-ഉം 17-ഉം ശതകങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന എട്ട്‌ നായർ പ്രഭുകുടുംബങ്ങള്‍ (നോ. ഉമയമ്മറാണി, എട്ടരയോഗം). മാർത്താണ്ഡം, രാമനാമഠം എന്ന്‌ രണ്ട്‌ മഠങ്ങളോടും കുളത്തൂർ, കഴക്കൂട്ടം, വെങ്ങാനൂർ, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചൽ എന്നീ പ്രദേശങ്ങളോടും ചേർത്ത്‌ ഈ കുടുംബങ്ങള്‍ അറിയപ്പെടുന്നു. ജന്മിമാരായ പോറ്റിമാരുടെ (എട്ടരയോഗപ്പോറ്റിമാരുടെയല്ല) കുടിയാന്മാരായിരുന്ന ഇവർ പില്‌ക്കാലത്ത്‌ അവരെ ധിക്കരിച്ച്‌ ഭൂമിയും അധികാരവും കൈയടക്കിയശേഷം എട്ടരയോഗക്കാരുമായി ചേർന്ന്‌ രാജകുടുംബത്തിനെതിരായി പ്രവർത്തിക്കുകയാണുണ്ടായതെന്ന്‌ വി. നാഗമയ്യ തിരുവിതാംകൂർ സ്റ്റേറ്റ്‌ മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ശ്രീ പദ്‌മനാഭസ്വാമിക്ഷേത്രം വക വസ്‌തുക്കളിൽനിന്നു കരം പിരിക്കുന്ന ചുമതല എട്ടുവീട്ടിൽ പിള്ളമാരെയാണ്‌ ഏല്‌പിച്ചിരുന്നതെന്ന്‌ തിരുവിതാംകൂർ ചരിത്രത്തിൽ പി. ശങ്കുണ്ണിമേനോന്‍ പറയുന്നതിനോട്‌ നാഗമയ്യ യോജിക്കുന്നുമുണ്ട്‌. ക്ഷേത്രത്തോട്‌ അനുബന്ധിച്ച്‌ മഠങ്ങളുടെ ചുമതല വഹിക്കാന്‍ ആറുമഠത്തിൽ പിള്ളമാർക്കാണ്‌ അധികാരമുണ്ടായിരുന്നതെന്നും ഇവരെ ആയിരിക്കാം എട്ടുവീട്ടിൽ പിള്ളമാരായി തെറ്റിദ്ധരിച്ചിരുന്നതെന്നും ടി.കെ. വേലുപ്പിള്ളയുടെ തിരുവിതാംകൂർ സ്റ്റേറ്റ്‌ മാനുവലിൽ പ്രസ്‌താവിച്ചു കാണുന്നു (Vol. II, 206).

ആദിത്യവർമയുടെ ഭരണകാലത്ത്‌ (1672-77) ഒരു രാത്രിയിൽ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരം തീ പിടിച്ചു നശിക്കാനിടയായെങ്കിലും സമീപവാസികളാരും തന്നെ തീ അണയ്‌ക്കുവാന്‍ ശ്രമിക്കുകയുണ്ടായില്ലെന്ന്‌ ശങ്കുണ്ണിമേനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ അപകൃത്യം എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗപ്പോറ്റിമാരും ചേർന്ന്‌ നടത്തിയതായിരുന്നു എന്ന്‌ ശങ്കുണ്ണിമേനോന്‍ പറയുന്നു. നാഗമയ്യ പോറ്റിമാരെ ഇതിൽനിന്ന്‌ ഒഴിവാക്കുന്നു. അധികാരമോഹികളായ എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗപ്പോറ്റിമാരും കൂടി രാജ്യത്ത്‌ അനിശ്ചിതാവസ്ഥ സൃഷ്‌ടിച്ചെന്നും, മഹാരാജാവ്‌ താമസിച്ചിരുന്ന കൊട്ടാരത്തിനു തീ വച്ചെന്നും, തുടർന്ന്‌ കിള്ളിയാറിനു സമീപമുള്ള പുത്തന്‍കോട്ടയിൽവച്ച്‌ ഇവരുടെ പ്രരണയാൽ ആദിത്യവർമയ്‌ക്ക്‌ വിഷം കൊടുത്തു കൊന്നു എന്നും നാഗമയ്യ അഭിപ്രായപ്പെടുന്നു. (1678) ദ്‌ ട്രാവന്‍കൂർ സ്റ്റേറ്റ്‌ മാന്വൽ, വാല്യം 1 (Vol. I, 404). 1673-78 കാലത്ത്‌ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ മുടങ്ങിയതും ഇവർ സൃഷ്‌ടിച്ച കുഴപ്പം നിമിത്തമായിരുന്നു. തീവച്ചതും വിഷം കൊടുത്തതുമായ സംഭവങ്ങളെ ടി.കെ. വേലുപ്പിള്ള നിരാകരിക്കുന്നു. ദ്‌ ട്രാവന്‍കൂർ സ്റ്റേറ്റ്‌ മാന്വൽ, വാല്യം 2 (Vol. II. അനുബന്ധം, 93) കൊട്ടാരം തീവച്ച സംഭവം ഒരു തെറ്റിദ്ധാരണയുടെ ഫലമാണെന്ന്‌ ടി.കെ. വേലുപ്പിള്ള പറയുന്നു. ക്രി.പി. 1686 (കൊ.വ. 861)-ൽ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലുണ്ടായ അതിഭയങ്കരമായ തീപിടിത്തത്തെപ്പറ്റി പില്‌ക്കാലത്ത്‌ ഈ വിധം പിശകായി ധരിക്കാനിടവന്നതാകാം എന്ന്‌ അദ്ദേഹം അനുമാനിക്കുന്നു. കൊട്ടാരം വകയോ ക്ഷേത്രം വകയോ ആയ രേഖകളിലൊന്നും തന്നെ കൊട്ടാരം തീവയ്‌പിനെക്കുറിച്ചുള്ള പരാമർശം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌.

ആദിത്യവർമയെ വിഷം കൊടുത്തു കൊന്നതായ പരാമർശം ആദ്യമായി കാണുന്നത്‌ പാച്ചുമൂത്തതിന്റെ തിരുവിതാംകൂർ ചരിത്രത്തിലാണ്‌; ശങ്കുണ്ണിമേനോനും നാഗമയ്യയും ഇത്‌ ആവർത്തിക്കുന്നു. ശങ്കുണ്ണിമേനോന്‍ ഈ കൃത്യം യോഗക്കാർ, എട്ടുവീട്ടിൽ പിള്ളമാർ, മാടമ്പിമാർ എന്നിവരുടെമേൽ ആരോപിക്കുമ്പോള്‍ നാഗമയ്യ ഇത്‌ എട്ടുവീടരിൽ മാത്രമായി ഒതുക്കി നിർത്തുകയാണ്‌ ചെയ്യുന്നത്‌. ആദിത്യവർമ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ നിവേദ്യം കഴിക്കുക പതിവായിരുന്നതിനാൽ ഈ നിവേദ്യത്തിൽ ഒരു ദിവസം യോഗക്കാർ വിഷം കലർത്തിക്കൊടുത്ത്‌ ഇദ്ദേഹത്തെ വധിക്കുകയാണുണ്ടായതെന്ന്‌ നാഗമയ്യയും പ്രസ്‌താവിക്കുന്നു. എന്നാൽ ആദിത്യവർമ ക്രി.പി. 1677-ൽ (കൊ.വ. 852 മാശിമാസത്തിൽ) കൽക്കുളത്ത്‌ ദർപ്പക്കുളങ്ങര കോയിക്കൽവച്ച്‌ അന്തരിച്ചതായി രേഖയുണ്ട്‌ ടി.എസ്‌.എം. (ടി.കെ. വേലുപ്പിള്ള, II അനുബന്ധം, 93).

മാർത്താണ്ഡവർമയുടെ (ഭ.കാ. 1729-58) ഭരണാരംഭത്തിൽ എട്ടുവീട്ടിൽ പിള്ളമാരുടെയും മാടമ്പിമാരുടെയും യോഗക്കാരുടെയും വിക്രിയകള്‍ ഉച്ചകോടിയിലെത്തിയിരുന്നു. രാജാധികാരം അരക്കിട്ടുറപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധനായ ഇദ്ദേഹത്തിന്‌ സ്വാഭാവികമായും ഇവരോട്‌ ഏറ്റുമുട്ടേണ്ടിവന്നു. പള്ളിച്ചൽ പിള്ളയോട്‌ ഒരിക്കൽ തനിക്കായി ഒരു കടുവാക്കുട്ടിയെ അയച്ചുതരുവാന്‍ മാർത്താണ്ഡവർമ ആവശ്യപ്പെട്ടതിനു മറുപടിയായി തന്റെ വസതിയിൽ വരുന്ന പക്ഷം കടുവാക്കുട്ടിയെ (തന്നെത്തന്നെ ഉദ്ദേശിച്ചുകൊണ്ട്‌) കൊടുക്കാമെന്ന്‌ പിള്ള മറുപടി പറഞ്ഞുപോലും. ഒട്ടും മടിക്കാതെ പിള്ളയുടെ വീട്ടിലെത്തിയ രാജാവ്‌ അയാളുടെ കുടുമയ്‌ക്കു പിടിച്ചുകൊണ്ട്‌ കടുവാക്കുട്ടിയെ ആവശ്യപ്പെട്ടുവെന്നും തുടർന്ന്‌ അയാളെ തന്റെ വാള്‍കൊണ്ട്‌ വെട്ടിക്കൊന്നുവെന്നും പറയപ്പെടുന്നു. പള്ളിച്ചലുള്ള "നടുവത്തമുറി'ക്ക്‌ പ്രസ്‌തുത പേരു ലഭിക്കുവാന്‍ ഈ സംഭവമാണ്‌ കാരണമായിട്ടുള്ളതെന്നു നാഗമയ്യ പ്രസ്‌താവിക്കുന്നു.

മാർത്താണ്ഡവർമയുടെ വർധിച്ചുവന്ന ശക്തിയിൽ അമർഷംപൂണ്ട എട്ടുവീട്ടിൽ പിള്ളമാർ തിരുവനന്തപുരത്തിനുതെക്കുള്ള വെങ്ങാനൂർ അമ്പലത്തിൽവച്ച്‌, പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുദിവസം മഹാരാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി. വിവരം അറിഞ്ഞ മഹാരാജാവ്‌ ആറാട്ട്‌ സമയത്ത്‌ വേണ്ടത്ര മുന്‍കരുതലുകളോടെ പോയതുകൊണ്ട്‌ പിള്ളമാരുടെ രഹസ്യോദ്യമം ഫലപ്പെടാതെ പോയി.

മാർത്താണ്ഡവർമയുടെ മാതുലനായ രാമവർമയുടെ പുത്രന്മാരും (പപ്പുത്തമ്പിയും രാമന്‍ തമ്പിയും) മാർത്താണ്ഡവർമയുമായി രാജ്യാവകാശത്തിനുവേണ്ടിയുള്ള തർക്കമുണ്ടായി. ഈ സന്ദർഭത്തിൽ എട്ടുവീട്ടിൽ പിള്ളമാർ തമ്പിമാരുടെ പക്ഷം ചേർന്നതായി കരുതപ്പെടുന്നു. മാർത്താണ്ഡവർമയുമായുള്ള മത്സരത്തിൽ സഹായാഭ്യർഥനയുമായി മധുരയ്‌ക്കു പുറപ്പെട്ട തമ്പിമാർക്ക്‌ പിള്ളമാരുടെ ആശിസ്സുകള്‍ ലഭിച്ചിരുന്നതായി നാഗമയ്യ അഭിപ്രായപ്പെടുന്നു. പക്ഷേ അവരുടെ ലക്ഷ്യം സഫലമായില്ല. തമ്പിമാരെ മാർത്താണ്ഡവർമ നാഗർകോവിൽ കൊട്ടാരത്തിൽവച്ചു വധിച്ചു. അതിനുശേഷം പ്രതിയോഗികളെ നിർമാർജനം ചെയ്യുന്നതിൽ രാജാവ്‌ ജാഗരൂകനായി. ടി.കെ. വേലുപ്പിള്ളയുടെ സ്റ്റേറ്റ്‌ മാനുവലിന്റെ രണ്ടാം വാല്യത്തിൽ ഇതിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു: "രാമവർമരായ ചിറവായി മൂത്ത ഇരുണരുളിയെടത്തിൽ പണ്ടാരത്തിലെ മക്കള്‍ കണക്കു തമ്പിരാമന്‍ രാമനയും കണക്കുതമ്പി രാമന്‍ ആതിച്ചനയും 906-ാമാണ്ടു നാകരുകോവിലിൽവെച്ചു ചിക്ഷിച്ചുപോകകൊണ്ടും ചേഴം പേരിൽ എട്ടുവീട്ടിൽ മാടമ്പിമാർ വകയിൽ ഒള്ളുതിൽ കൊച്ചുകുഞ്ഞന്‍ പണ്ടാരത്തുകുറിപ്പിനെയും വലിയപിള്ള കുഞ്ചിരയിമന്‍പിള്ളയെയും ആറുക്കൂട്ടം പിള്ളമാർ വകയിൽ പരക്കോട്ടുതിക്ക കൂട്ടിപിള്ളയെയും പാണ്ടിക്കൂട്ടത്തിൽ അയ്യപ്പന്‍പിള്ളയെയും നീക്കി ചേഴംപേർ എല്ലാംപേരെയും പിടിച്ചുകൊണ്ടുചെന്നു മേൽപ്പട്ട തുരോകങ്ങള്‍ ചെയ്യാത്ത പിറകാരത്തിനു 912-ാമാണ്ടു ചിക്ഷയും കഴിച്ചു ആ വകയിൽ ഒള്ള പെണ്ണുംപിള്ളയെ ഒക്കെയും തുറപ്പിറത്തും കോട്ടപ്പടിയിലായിട്ടും കയ്യാളിക്കയും ചെയിതചേഴം അരുമന കാരക്കോട്ടു പള്ളിച്ചൽ കരകുളം ചിറയിന്‍കീഴ ഇങ്ങനെ ഓരോ പിറതേചങ്ങളിൽ ഇരുന്ന ചെറുമാടമ്പികള്‍ എല്ലാപേരെയും അതതു പിഴൈക്കുതക്കവണ്ണവും വിചാരിച്ചു മാടമ്പിമാരിടെ വകയിൽ ഒള്ളു നിലങ്ങളും പുരയിടങ്ങളും പൊന്‍വെള്ളി വെങ്കിലപാത്തിറം ഉള്‍പ്പെട്ട മുതൽ കാരിയങ്ങളും കണ്ടുകെട്ടി' (അനുബ്‌ധം, 122).

ഇതേ രേഖയിൽത്തന്നെ എട്ടുവീട്ടിൽ മാടമ്പിമാരുടേതായി കൊടുത്തിരിക്കുന്ന പേരുകള്‍ ശ്രദ്ധേയമാണ്‌. ഇവരിൽത്തന്നെ നാല്‌ പേർ കുറുപ്പ്‌, പണ്ടാരത്തിൽ എന്നീ സ്ഥാനനാമങ്ങള്‍ ഉള്ളവരായി കാണുന്നു. "എട്ടുവീട്ടിൽ മാടമ്പി പനെയറെ ചങ്കരന്‍ പണ്ടാരത്തു കുറിപ്പും ടി തേചത്തു കൊച്ചു മാതേവന്‍ കുറിപ്പും ടി യിൽ തെക്കേ വീട്ടിൽ ഈച്ചമ്പിക്കുറിപ്പും ടിയിൽ വടക്കേ വീട്ടിൽ ഈച്ചമ്പിക്കുറിപ്പും ചിറയിങ്കീഴമുണ്ടയ്‌ക്കൽ കാമച്ചോട്ടിപിള്ളയും ടി യിൽ മകിഴഞ്ചേരി ഇരവിക്കുട്ടിപ്പിള്ളയും ടി യിൽ തെക്കേ വീട്ടിൽ ചെറുപള്ളി നമ്പുകാളിപിള്ളയും ടിയിൽ വലിയപിള്ള കുഞ്ചിരയിമ്മന്‍ പിള്ളയും ആക മാടമ്പിമാർ 8-ഉം എന്നാണ്‌ രേഖയിൽ കാണുന്നത്‌. എന്നാൽ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്ന മാർത്താണ്ഡമഠം മുതലായവർ ഇവരല്ല. തിരുവിതാംകൂറിൽ ഗണ്യമായ അധികാരാവകാശങ്ങള്‍ കൈയടക്കിയിരുന്നതായി വിശ്വസിക്കപ്പെടുന്ന എട്ടുവീട്ടിൽ പിള്ളമാരെപ്പറ്റി അസന്ദിഗ്‌ധമായി പറയത്തക്കവിധം വിവാദമുക്തമല്ല അവരെപ്പറ്റിയുള്ള വിവരണങ്ങളും രേഖകളും എന്നു പറയേണ്ടിയിരിക്കുന്നു.

(വി.ആർ. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍