This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌സീറ്റർ ഗ്രന്ഥം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എക്‌സീറ്റർ ഗ്രന്ഥം == == Exeter Book == ആദ്യകാലത്തെ ഇംഗ്ലീഷ് കവിതകളു...)
അടുത്ത വ്യത്യാസം →
06:59, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എക്‌സീറ്റർ ഗ്രന്ഥം
Exeter Book
ആദ്യകാലത്തെ ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം.
എ.ഡി. 975-നടുപ്പിച്ച് ഇതു പകർത്തി എഴുതി എന്ന് വിശ്വസിക്കപ്പെടുന്നു. ലിയോഫ്രിക് ബിഷപ്പ് (മ. 1072) എക്‌സീറ്റർ സിംഹാസനപ്പള്ളിക്ക് ഇതു സംഭാവന ചെയ്‌തു. ഈ ഗ്രന്ഥം പള്ളിയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. ആംഗ്ലോസാക്‌സണ്‍ കവിതാസമാഹാരങ്ങളിൽ ആദ്യത്തേതാണിത്. വളരെ മനോഹരമായ കൈപ്പടയിൽ ലിഖിതമായ ഈ കൃതിയുടെ ആദ്യത്തേതും അവസാനത്തേതുമായി ചില പുറങ്ങള്‍ ഇല്ലാത്ത നിലയിലാണ് ഇന്ന് കാണപ്പെടുന്നത്. ആധ്യാത്മികവും ലൗകികവുമായ നിരവധി ചെറുകവിതകള്‍ ഇതിലുണ്ട്.
ശീർഷകങ്ങള്‍ കൂടാതെയാണ് ഈ കവിതകള്‍ ഗ്രന്ഥത്തിൽ പകർത്തപ്പെട്ടിട്ടുള്ളതെങ്കിലും തിരിച്ചറിയാനുള്ള സൗകര്യത്തിനുവേണ്ടി പില്‌ക്കാലപണ്ഡിതന്മാർ ഇവയ്‌ക്ക് ഓരോ പേരുകള്‍ നൽകിയിട്ടുണ്ട്. ആധ്യാത്മിക വിഷയങ്ങളെ അധികരിച്ചുള്ളവയാണ് ദേഹത്തോടുള്ള ആത്മാവിന്റെ ആഹ്വാനം (Address of the Soul to the Body), വിധിദിനം (Judgement Day), നരകത്തിലേക്കുള്ള പതനം (The Descent into Hell), മനുഷ്യന്റെ സിദ്ധികള്‍ (The Gifts of Man), മനുഷ്യ ഭാഗധേയങ്ങള്‍ (The Fortunes of Men), സൃഷ്‌ടിയുടെ അദ്‌ഭുതങ്ങള്‍ (The Wonders of Creation) തുടങ്ങിയവ. വിലാപഗീതശൈലിയിൽ ഭാവഗാനങ്ങളായി കാണപ്പെടുന്നവയിൽ അലഞ്ഞുനടക്കുന്നവന്‍ (The Wanderer), കടൽ യാത്രക്കാരന്‍ (The Sea Farer), ഭാര്യയുടെ പരാതി (The Wife's Complaint), ഭർത്താവിന്റെ സന്ദേശം (The Husband's Message), സർവനാശം (The Ruin) തുടങ്ങിയവ പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. ഛന്ദസ്‌കൃത ശൈലിയിലുള്ള 95 കടങ്കഥകളും (Riddles) ഏതാനും കവിതകളിൽ വിവരിച്ചിട്ടുണ്ട്. സമാന ശബ്‌ദാവർത്തനം കൊണ്ട് സുന്ദരമായ ഒരു വിശേഷകവിതയും (The Rhyming Poem) ഇതിലുണ്ട്. മറ്റുള്ളവയിൽ പ്രാസദീക്ഷ സാമാന്യേന വിരളമാണ്.
"ക്രസ്റ്റ്', "ഗത്‌ലാക്', "ദ് ഫീനിക്‌സ്', "ജൂലിയാന', "ദ് വാണ്ടറർ', "ദ് സീഫെയറർ', "വിഡ്‌സിത്', "ഡിയോർ', "റിഡിൽസ്' തുടങ്ങിയ ചില പ്രസിദ്ധകവിതകള്‍ ഈ സമാഹാരത്തിൽ കാണാം. യജമാനനെ വേർപിരിഞ്ഞ ഒരാളിന്റെ ഊരുചുറ്റലിനെ വർണിക്കുന്നതാണ് 115 വരിയുള്ള "ദ് വാണ്ടറർ' എന്ന കവിത. നഷ്‌ടവസന്തത്തെപ്പറ്റി സ്വപ്‌നങ്ങള്‍ അയവിറക്കുന്ന അയാള്‍ മനുഷ്യജീവിതത്തിന്റെ ഭാഗ്യവിപര്യയങ്ങളെപ്പറ്റി ഇടയ്‌ക്കിടെ തത്ത്വചിന്തയിൽ മുഴുകുന്നുണ്ട്. സമുദ്രജീവിതത്തിന്റെ കഷ്‌ടപ്പാടുകളെയും ആകർഷകത്വത്തെയും വിഷയീകരിച്ചു രചിച്ച "ദ് സീ ഫെയറർ' എന്ന കവിതയിൽ ഐഹികജീവിതത്തിന്റെ ആനന്ദദായകത്വവും പരലോകത്ത് അനുഭവവേദ്യമാകുന്ന കർമഫലങ്ങളും പ്രതീകാത്മകമായി താരതമ്യം ചെയ്യപ്പെടുന്നു. ഈ കവിതയുടെ ആന്തരാർഥത്തപ്പെറ്റി നിരൂപകന്മാർ ഭിന്നമതക്കാരാണ്. ഒരു വൃദ്ധനാവികനും സമുദ്രയാനോത്സുകനായ യുവാവും തമ്മിലുള്ള സംവാദത്തെക്കുറിക്കുന്നതാണ് പ്രസ്‌തുത കൃതിയെന്ന് ഒരു പ്രാചീന പണ്ഡിതന്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ പ്രായശ്ചിത്ത രൂപേണയുള്ള തീർഥാടനം (penitential pilgrimage) എന്ന സമ്പ്രദായവുമായി ബന്ധപ്പെടുത്തിയാണ് ആധുനിക നിരൂപകന്മാർ ഈ കവിതയെ വ്യാഖ്യാനിക്കുന്നത്. പറുദീസയിൽ നിന്നു നിഷ്‌കാസിതനായ മനുഷ്യന്‍ ഭൂമിയിൽ തീർഥാടകനായി അലയുന്നുവെന്നാണു ക്രിസ്‌ത്യന്‍ സങ്കല്‌പം.