This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണ്ണിക്കളത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഉണ്ണിക്കളത്രം == മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിലെ ഒരു ...)
അടുത്ത വ്യത്യാസം →
13:35, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉണ്ണിക്കളത്രം
മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിലെ ഒരു വട്ടെഴുത്ത് ശിലാലേഖയിലൂടെ സ്മരിക്കപ്പെടുന്ന സ്ത്രീ. "കണ്ടിയൂർ തേവടിച്ചി കുറുംകുടി ഉണ്ണിക്കളത്തിരം' എന്നാണ് രേഖയിൽ (തേവടിച്ചി എന്നാൽ ദേവദാസി എന്നാണർഥം). 1218 (കൊ.വ. 393)-ൽ കണ്ടിയൂർ ക്ഷേത്രത്തിൽ ഉണ്ണിക്കളത്രം "മഹാദേവരുടെ തിരുവുടമ്പും ശ്രീപീഠവും ഒഴിയ ശ്രീവിമാനവും അവിക്കിണറും (ഗവാക്ഷവും) വിളക്കുമാടവും' പണി ചെയ്യിച്ചു. കലശം മുടിച്ചരുളിയത് ഓടനാട്ടു (ഓണാട്ടുകര-കായംകുളം) വാണരുളിയ ഉതൈചിരമങ്ഗലത്തു ശ്രീവീര പെരുമറ്റത്തു ഇരാമന്‍ കോതവർമ തിരുവടിയായിരുന്നു. ഉണ്ണിക്കളത്രത്തിന്റെ അപേക്ഷയനുസരിച്ച് വേണാട്ടുടയ കീഴ്പ്പേരൂർ തൃപ്പാപ്പൂർ മൂപ്പ് ഇരവി കേരളവർമ (ഭ.കാ. 390-412) തിരുപ്പണി ചെയ്യിക്കാന്‍ ഏർപ്പാടു ചെയ്തു. ഉണ്ണിക്കളത്രം എന്നത് സംജ്ഞാനാമമാണോ സ്ഥാനനാമമാണോ എന്ന് നിശ്ചയമില്ല. ഇളയ ഭാര്യ എന്നാണ് ആ ശബ്ദത്തിന്റെ അർഥം. ഈ സ്ത്രീ വേണാട്ടടികളുടെ ഇളയ ഭാര്യയായിരുന്നിരിക്കാം.
ഈ ശിലാരേഖയ്ക്ക് ഒരു വിശേഷ പ്രാധാന്യമുണ്ട്. കൊ.വ. 392 എന്നത് കണ്ടിയൂർ വർഷം 394 എന്ന് രേഖയിൽ കാണുന്നു. കൊ.വ. തുടങ്ങുന്നതിന് രണ്ടുവർഷം മുമ്പ് കണ്ടിയൂർ വർഷം തുടങ്ങി എന്ന് വ്യക്തം. കണ്ടിയൂർ പ്രതിഷ്ഠയെ അനുസ്മരിച്ചായിരിക്കാം ആ വർഷം തുടങ്ങിയത്.
വേണാട്ടിലെയും ഓടനാട്ടിലെയും അന്നത്തെ രാജാക്കന്മാരെയും പല ജീവനക്കാരെയും രേഖയിൽ സ്മരിച്ചിട്ടുണ്ട്.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)