This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആനന്ദവര്‍ധനന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =ആനന്ദവര്‍ധനന്‍= ധ്വന്യാലോകം എന്ന അലങ്കാരഗ്രന്ഥത്തിന്റെ കര...)
അടുത്ത വ്യത്യാസം →
06:33, 29 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആനന്ദവര്‍ധനന്‍
ധ്വന്യാലോകം എന്ന അലങ്കാരഗ്രന്ഥത്തിന്റെ കര്‍ത്താവ്. കവി, വിമര്‍ശകന്‍, കാവ്യമീമാംസകന്‍ എന്നീ നിലകളില്‍ പണ്ഡിതന്‍മാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായ ഇദ്ദേഹം കാശ്മീരില്‍ അവന്തിവര്‍മമഹാരാജാവിന്റെ കാലത്ത് ജീവിച്ചിരുന്നുവെന്ന് കല്ഹണന്റെ രാജതരംഗിണിയില്‍നിന്നു വ്യക്തമാണ്. അവന്തിവര്‍മന്‍ ജീവിച്ചിരുന്നത് എ.ഡി. 855-883 കാലഘട്ടത്തില്‍ ആണെന്ന് പരിഗണിക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് 900-നടുത്ത് ജീവിച്ചിരുന്ന കാവ്യമീമാംസാകര്‍ത്താവായ രാജശേഖരന്‍ ആനന്ദവര്‍ധനനെ,
'ധ്വനിനാതിഗഭീരേണ
കാവ്യതത്ത്വനിവേശിനാ
ആനന്ദവര്‍ധനഃ കസ്യ
നാസീദാനന്ദവര്‍ധനഃ'
എന്നു പരാമര്‍ശിച്ചതിനെ ആസ്പദമാക്കി പി.വി. കാണെ മുതലായ ഗവേഷകന്‍മാര്‍ ആനന്ദവര്‍ധനന്റെ ഗ്രന്ഥനിര്‍മാണകാലം 860-നും 890-നും ഇടയ്ക്കാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഈ ആചാര്യസത്തമന്റെ കുലത്തെയും ഗുരുക്കന്‍മാരെയും പറ്റി പ്രാമാണികരേഖകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ദേവീശതകത്തിലെ,
'ദേവ്യാ സ്വപ്നോദ്ഗമാദിഷ്ട-
ദേവീശതകസംജ്ഞയാ
ദേശിതാനുപമാമാധാ-
ദതോ നോണസുതോ നുതിം'
എന്ന അവസാനപദ്യത്തില്‍നിന്ന് ആനന്ദവര്‍ധനന്റെ അച്ഛന്‍ നോണന്‍ എന്ന ഒരാളായിരുന്നുവെന്നു മാത്രം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കൃതികളായി വിഷമബാണലീല, അര്‍ജുനചരിതം, ദേവീശതകം എന്നീ മൂന്നു കാവ്യപ്രബന്ധങ്ങളും ധ്വന്യാലോകം, നിശ്ചയടീകാവിവൃതി, തത്ത്വാലോകം എന്ന മൂന്നു ശാസ്ത്രപ്രബന്ധങ്ങളും പ്രസിദ്ധങ്ങളാണ്. കൂടാതെ-'യാ, വ്യാപാരവതീ രസാന്‍ രസയിതും' എന്നു തുടങ്ങിയുള്ള ഒട്ടേറെ ശ്ലോകങ്ങളും ധ്വന്യാലോകത്തില്‍ കാണപ്പെടുന്നുണ്ട്. വാല്മീകി, വ്യാസന്‍, കാളിദാസന്‍, അമരുകന്‍, ഉദ്ഭടന്‍, ബാണഭട്ടന്‍, ഭരതന്‍, ഭാമഹന്‍, സര്‍വസേനന്‍, ധര്‍മകീര്‍ത്തി തുടങ്ങിയ അനേകം ഗ്രന്ഥകാരന്‍മാരുടെ കൃതികളെ ഈ കൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
(പ്രൊഫ. കെ.പി. ഉറുമീസ്)