This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദവര്‍ധനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദവര്‍ധനന്‍

ധ്വന്യാലോകം എന്ന അലങ്കാരഗ്രന്ഥത്തിന്റെ കര്‍ത്താവ്. കവി, വിമര്‍ശകന്‍, കാവ്യമീമാംസകന്‍ എന്നീ നിലകളില്‍ പണ്ഡിതന്‍മാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായ ഇദ്ദേഹം കാശ്മീരില്‍ അവന്തിവര്‍മമഹാരാജാവിന്റെ കാലത്ത് ജീവിച്ചിരുന്നുവെന്ന് കല്ഹണന്റെ രാജതരംഗിണിയില്‍നിന്നു വ്യക്തമാണ്. അവന്തിവര്‍മന്‍ ജീവിച്ചിരുന്നത് എ.ഡി. 855-883 കാലഘട്ടത്തില്‍ ആണെന്ന് പരിഗണിക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട് 900-ത്തിനടുത്ത് ജീവിച്ചിരുന്ന കാവ്യമീമാംസാകര്‍ത്താവായ രാജശേഖരന്‍ ആനന്ദവര്‍ധനനെ,

'ധ്വനിനാതിഗഭീരേണ

കാവ്യതത്ത്വനിവേശിനാ

ആനന്ദവര്‍ധനഃ കസ്യ

നാസീദാനന്ദവര്‍ധനഃ'

എന്നു പരാമര്‍ശിച്ചതിനെ ആസ്പദമാക്കി പി.വി. കാണെ മുതലായ ഗവേഷകന്‍മാര്‍ ആനന്ദവര്‍ധനന്റെ ഗ്രന്ഥനിര്‍മാണകാലം 860-നും 890-നും ഇടയ്ക്കാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ ആചാര്യസത്തമന്റെ കുലത്തെയും ഗുരുക്കന്‍മാരെയും പറ്റി പ്രാമാണികരേഖകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ദേവീശതകത്തിലെ,

'ദേവ്യാ സ്വപ്നോദ്ഗമാദിഷ്ട-

ദേവീശതകസംജ്ഞയാ

ദേശിതാനുപമാമാധാ-

ദതോ നോണസുതോ നുതിം'

എന്ന അവസാനപദ്യത്തില്‍നിന്ന് ആനന്ദവര്‍ധനന്റെ അച്ഛന്‍ നോണന്‍ എന്ന ഒരാളായിരുന്നുവെന്നു മാത്രം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ കൃതികളായി വിഷമബാണലീല, അര്‍ജുനചരിതം, ദേവീശതകം എന്നീ മൂന്നു കാവ്യപ്രബന്ധങ്ങളും ധ്വന്യാലോകം, നിശ്ചയടീകാവിവൃതി, തത്ത്വാലോകം എന്ന മൂന്നു ശാസ്ത്രപ്രബന്ധങ്ങളും പ്രസിദ്ധങ്ങളാണ്. കൂടാതെ-'യാ, വ്യാപാരവതീ രസാന്‍ രസയിതും' എന്നു തുടങ്ങിയുള്ള ഒട്ടേറെ ശ്ലോകങ്ങളും ധ്വന്യാലോകത്തില്‍ കാണപ്പെടുന്നുണ്ട്. വാല്മീകി, വ്യാസന്‍, കാളിദാസന്‍, അമരുകന്‍, ഉദ്ഭടന്‍, ബാണഭട്ടന്‍, ഭരതന്‍, ഭാമഹന്‍, സര്‍വസേനന്‍, ധര്‍മകീര്‍ത്തി തുടങ്ങിയ അനേകം ഗ്രന്ഥകാരന്‍മാരുടെ കൃതികളെ ഈ കൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

(പ്രൊഫ. കെ.പി. ഉറുമീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍