This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മദാസ് (1443 - 1543)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ധര്‍മദാസ് (1443 - 1543) പ്രാചീന ഹിന്ദി കവി. 'നിര്‍ഗുണ' ഭക്തിധാരയിലെ കവിയായ ഇദ്...)
അടുത്ത വ്യത്യാസം →

08:16, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധര്‍മദാസ് (1443 - 1543)

പ്രാചീന ഹിന്ദി കവി. 'നിര്‍ഗുണ' ഭക്തിധാരയിലെ കവിയായ ഇദ്ദേഹം ഉദ്ദേശം 1443-ല്‍ ഛത്തീസ്ഗഢിലെ ബാന്‍ധോഗഢില്‍ ജനിച്ചു. കബീര്‍ദാസിന്റെ പ്രധാന ശിഷ്യനും അനുഗാമിയുമായിരുന്നു ധര്‍മദാസ്. വൈശ്യകുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ആദ്യ നാമം ജുഡാവന്‍ എന്നാണ്. ധര്‍മദാസിന്റെ പുത്രന്മാരാണ് നാരായണ്‍ ദാസും ചൂഡാമണിയും. സമ്പന്നനായതിനുശേഷമാണ് ഇദ്ദേഹം ഭക്തിമാര്‍ഗം സ്വീകരിച്ചത്. അനേകം തീര്‍ഥസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങിയ ധര്‍മദാസിന് കബീര്‍ദാസുമായുള്ള പരിചയം വഴിത്തിരിവായി. സഗുണോപാസകനായ ഇദ്ദേഹം നിര്‍ഗുണജ്ഞാനാശ്രയി ശാഖയുടെ സ്തോതാവായിത്തീര്‍ന്നു. കബീറിന്റെ സമാധിക്കുശേഷം 1518 മുതല്‍ ധര്‍മദാസ് കബീര്‍ദാസിന്റെ പിന്‍ഗാമിയായി അറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ സമ്പ്രദായം കബീര്‍ധര്‍മമാര്‍ഗത്തിലെ ഛത്തീസ്ഗഢി ശാഖയിലെ ധര്‍മദാസി ശാഖ എന്ന പേരില്‍ പ്രശസ്തമായി. ഈ കാലയളവില്‍ കബീറിന്റെ കാവ്യസമാഹാരം ബീജക് എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു.

  ധര്‍മദാസിന്റെ പ്രസിദ്ധമായ കൃതി അമര്‍ സുഖ് നിധാന്‍ ആണ്. ഈ കൃതിയില്‍ ഇദ്ദേഹം സ്വന്തം ജീവിതാനുഭവങ്ങളാണ് വര്‍ണിച്ചിരിക്കുന്നത്. ധര്‍മദാസിന്റെ കാവ്യസമാഹാരം ധനിധര്‍മദാസ് കീ ബാണീ എന്ന പേരില്‍ വിഖ്യാതമാണ്. ധര്‍മദാസ് കീ ബാണി എന്ന അധ്യാത്മിക കാവ്യത്തിന്റെ പ്രധാന വിഷയം വിരഹമാണ്.
  ധര്‍മദാസ് വളരെ കുറച്ച് കവിതകളേ എഴുതിയിട്ടുള്ളൂവെങ്കിലും അവ ലളിതവും ഹൃദയസ്പര്‍ശിയുമാണ്. നിര്‍ഗുണോപാസകനായ ഇദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ രഹസ്യവാദം ഒരു പ്രധാന വിഷയമാണ്. മനോഹരമായ ഭാവനകള്‍കൊണ്ട് നിറഞ്ഞവയാണ് ധര്‍മദാസിന്റെ കാവ്യങ്ങള്‍. ഭാരതീയ സംസ്കാരത്തിന്റെയും ഭാരതത്തിലെ ലോകഗീതങ്ങളുടെയും സ്വാധീനം ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. ഭൌതികജീവിത

ത്തില്‍നിന്നു മുക്തി നേടുക എന്നതാണ് ഇദ്ദേഹം പ്രചരിപ്പിച്ച

സിദ്ധാന്തം.

  ധര്‍മദാസ് 25 വര്‍ഷത്തോളം ധര്‍മദാസി ശാഖയില്‍  സേവനമനുഷ്ഠിച്ചു. ഭാവനാപ്രധാനമായ കവിതകളെഴുതിയ സന്തന്മാരില്‍ പ്രഥമഗണനീയനായ ഇദ്ദേഹം 1543-ല്‍ സമാധിയായി. ധര്‍മദാസിനുശേഷം ഇദ്ദേഹത്തിന്റെ മകന്‍ ചൂഡാമണി കബീര്‍ ധര്‍മ മാര്‍ഗത്തിലെ ധര്‍മദാസി ശാഖയുടെ നേതൃത്വം വഹിച്ചു.

ധര്‍മപാലന്‍ (ഭ.കാ. 780 - 815)

പാലരാജവംശത്തിലെ രാജാവ്. പാലരാജവംശ സ്ഥാപകനായ ഗോപാലന്റെ പുത്രനായിരുന്നു ധര്‍മപാലന്‍. ഇദ്ദേഹത്തിന്റെ കീഴില്‍ ബംഗാള്‍ ഇന്ത്യയിലെ വന്‍ സാമ്രാജ്യശക്തിയായിത്തീര്‍ന്നു. 9-ാം ശ.-ത്തില്‍ കനൌജിലെ ഇന്ദ്രരാജനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് തന്റെ ആശ്രിതനായ ചക്രായുധനെ അവിടെ പ്രതിഷ്ഠിച്ചതിലൂടെ വടക്കേ ഇന്ത്യയിലെ അജയ്യശക്തിയായി ഇദ്ദേഹം മാറി. കനൌജില്‍വച്ചു നടന്ന ദര്‍ബാറില്‍ വടക്കേ ഇന്ത്യയുടെ ചക്രവര്‍ത്തിയായി ധര്‍മപാലന്‍ അഭിഷിക്തനായി. ഭോജ, മത്സ്യ, കുരു, യദു, യമന, അവന്തി, ഗാന്ധാര എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ മേല്ക്കോയ്മ അംഗീകരിച്ച പ്രധാന രാജ്യങ്ങള്‍. വടക്ക് ഹിമാലയം മുതല്‍ തെക്ക് ഗോകര്‍ണംവരെയുളള രാജ്യങ്ങള്‍ ഇദ്ദേഹം ആക്രമിച്ചു കീഴടക്കിയതായി രേഖകളുണ്ട്.

  വടക്കേ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ച പ്രതിഹാരന്മാരും രാഷ്ട്രകൂടരും ധര്‍മപാലന്റെ മുഖ്യ പ്രതിയോഗികളായിരുന്നു. പ്രതിഹാര രാജാവ് നാഗഭടന്‍ കക, ചക്രായുധനെ പുറത്താക്കിക്കൊണ്ട് കനൌജ് പിടിച്ചെടുത്തത് വടക്കേ ഇന്ത്യയിലെ പാല രാജാക്കന്മാരുടെ ആധിപത്യത്തിന് ഭീഷണിയുളവാക്കി. മോംഗീറില്‍വച്ച് ധര്‍മപാലനെ പരാജയപ്പെടുത്തിയ നാഗഭടന്‍ (9-ാം ശ.) മാള്‍വ, മത്സ്യ എന്നീ പ്രദേശങ്ങള്‍ പാലരില്‍

നിന്ന് പിടിച്ചെടുത്തെങ്കിലും ഈ കാലയളവില്‍ രാഷ്ട്രകൂടര്‍ നാഗഭടനെ ആക്രമിച്ച അവസരം മുതലെടുത്തുകൊണ്ട് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

  ബുദ്ധമത വിശ്വാസിയായിരുന്നു ധര്‍മപാലന്‍. വിക്രമശില സര്‍വകലാശാല ഉള്‍പ്പെടെ നിരവധി പഠനകേന്ദ്രങ്ങള്‍ ഇദ്ദേഹം സ്ഥാപിച്ചതായി തിബത്തന്‍ ചരിത്രകാരനായ താരാനാഥ് രേഖപ്പെടുത്തിയിരിക്കുന്നു. 815-ല്‍ ധര്‍മപാലന്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍