This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പോഡിഫോർമിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Apodiformes)
(എപ്പോഡിഫോർമിസ്‌)
വരി 1: വരി 1:
-
== എപ്പോഡിഫോർമിസ്‌ ==
+
== എപ്പോഡിഫോര്‍മിസ്‌ ==
-
 
+
== Apodiformes ==
== Apodiformes ==

05:22, 16 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എപ്പോഡിഫോര്‍മിസ്‌

Apodiformes

ആകാരത്തിലും ജീവിതരീതിയിലും തികച്ചും വിഭിന്ന സ്വഭാവം പുലർത്തുന്ന രണ്ടുവിഭാഗം പക്ഷികള്‍ ഉള്‍പ്പെടുന്ന ഒരു പക്ഷിഗോത്രം. ഈ ഗോത്രത്തിന്‌ എപ്പോഡി (Apodi), ട്രാക്കിലി (Trochili) എന്നീ രണ്ട്‌ ഉപഗോത്രങ്ങളുണ്ട്‌. എപ്പോഡി ഉപഗോത്രത്തിൽ ഹെമിപ്രാനിഡേ (Hemiprocnidae) എപ്പോഡിഡേ (Apodidae) എന്നീ കുടുംബങ്ങളും ട്രാക്കിലിയിൽ ട്രാക്കിലിഡേ എന്ന കുടുംബവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എപ്പോഡിയിൽ സ്വിഫ്‌റ്റുകളെയും (ദ്രുതചലനശേഷിയുള്ള ഒരിനം കുരുവി) ട്രാക്കിലിയിൽ ഹമ്മിങ്‌ പക്ഷികളെയും (സൂചീമുഖി വർഗത്തിൽപ്പെട്ട പക്ഷി) ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വളരെ വേഗത്തിൽ പറക്കാന്‍ ഈ പക്ഷികള്‍ക്കുള്ള കഴിവ്‌ എടുത്തുപറയത്തക്കതാണ്‌. ചിറകുകള്‍ തദനുസരണം സവിശേഷ വളർച്ച പ്രാപിച്ചിരിക്കുന്നു. അതോടൊപ്പം കാലുകള്‍ വളരെ ചെറിയവയുമാണ്‌. ഈ കാരണം മൂലമാണ്‌, തീർത്തും ശരിയല്ലെങ്കിൽക്കൂടിയും "കാലുകള്‍ ഇല്ലാത്തവ' എന്നർഥം വരുന്ന എപ്പോഡിഫോർമീസ്‌ എന്ന്‌ ഈ പക്ഷി ഗോത്രത്തെ നാമകരണം ചെയ്‌തിരിക്കുന്നത്‌. രണ്ടു വിഭാഗം പക്ഷികള്‍ക്കും സാമാന്യമായി ഈ പ്രത്യേകതയുള്ളതിനാൽ രണ്ടിനെയും ചേർത്ത്‌ ഒരു ഗോത്രമായി കണക്കാക്കുന്നു. ചിറകുകളുടെ ഘടനാസാദൃശ്യം ഈ രണ്ടിനം പക്ഷികളുടെയും ശ്രദ്ധേയ സവിശേഷതയായി കണക്കാക്കപ്പെടുന്നു. തൂവലുകളിലെ ക്രമീകരണത്തിലും ഇവയ്‌ക്ക്‌ ചില പ്രത്യേകതകളുണ്ട്‌. മറ്റുപക്ഷികളിൽ നിന്നു വ്യത്യസ്‌തമായി ചിറകുകളിൽ കൈതൂവലുകളാണ്‌ (Primaries) കൂടുതലും കാണപ്പെടുന്നത്‌. കീഴ്‌ഭുജ തൂവലുകള്‍ (Secondaries) വെളരെ കുറവാണ്‌. ഒരേ സ്വഭാവത്തിലുള്ള പ്രകൃതി നിർധാരണം വ്യത്യസ്‌തജീവിവിഭാഗത്തിൽ നടന്നതിന്റെ പരിണതഫലം മാത്രമാണ്‌ ചിറകുകളുടെ ഈ ഘടനാസാദൃശ്യത്തിൽ പ്രകടമാകുന്നതെന്നാണ്‌ പക്ഷിശാസ്‌ത്രജ്ഞരുടെ അഭിപ്രായം. എങ്കിലും വളരെ പഴയ ഒരു പൊതുപൂർവികനിൽനിന്നാണ്‌ ഈ രണ്ടിനങ്ങളും ഉരുത്തിരിഞ്ഞതെന്ന്‌ കരുതപ്പെടുന്നു.

മെല്ലിസുഗാ ഹെലീനേ
പാന്റാഗോണ ജിഗാസ്‌

ഹമ്മിങ്‌ പക്ഷികളുടെ 320-ഓളം സ്‌പീഷീസുകളെ രേഖപ്പെടുത്തിയിട്ടുണ്ട്‌. മിക്ക സ്‌പീഷീസുകളും അമേരിക്കയിലാണ്‌ കാണപ്പെടുന്നത്‌. ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറിയ പക്ഷികളും ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. ഒരു ഷഡ്‌പദത്തിന്റെ മാത്രം വലുപ്പമുള്ള മെല്ലിസുഗാ ഹെലീനേ (Mellisuga helenae) എന്നു ശാസ്‌ത്രനാമമുള്ള ഒരിനമാണ്‌ ഏറ്റവും ചെറിയ പക്ഷി. ഇവയുടെ ചുണ്ടുമുതൽ വാലറ്റംവരെയുള്ള ദൂരം 62 മില്ലി മീറ്റർ മാത്രമാണ്‌. ക്യൂബയിലാണ്‌ ഇവ കാണപ്പെടുന്നത്‌.

20 സെന്റിമീറ്റർ നീളംവരുന്ന പറ്റഗോണ ഗിഗാസ്‌ (Patagona gigas) ആണ്‌ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസ്‌. ഹമ്മിങ്‌ പക്ഷികളുടെ വലുപ്പ കുറവ്‌ കാരണം ചിറകടി വേഗത്തിലാക്കിയാൽ മാത്രമേ അവയ്‌ക്ക്‌ വായുവിൽ നിലയുറപ്പിക്കാന്‍ കഴിയൂ. ചെറിയ ഹമ്മിങ്‌ പക്ഷികളിൽ ചിറകടി ഒരു സെക്കന്‍ഡിൽ എഴുപതോളമാണ്‌. വലിയ സ്‌പീഷീസുകളിൽ ഇത്‌ 20 മുതൽ 25 വരെയാണ്‌. ഹമ്മിങ്‌ പക്ഷികളുടെ ആഹാരരീതിയും ചിറകുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു. പൂക്കളിൽ നിന്നും തേന്‍ നുകരുമ്പോള്‍ അവയ്‌ക്ക്‌ ഇരിക്കാന്‍ ശാഖകളോ മറ്റു താങ്ങുകളോ പലപ്പോഴും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. അതിനാൽ അവയ്‌ക്കു ഹെലിക്കോപ്‌റ്ററുകളെപോലെ പൂക്കള്‍ക്കു സമീപം നിലയുറപ്പിക്കേണ്ടിവരും. ഇത്‌ സാധ്യമാക്കുന്നത്‌ പ്രത്യേകരീതിയിൽ ചിറകടിക്കുന്നതുമൂലമാണ്‌. ഈ അവസ്ഥയിൽ അവയുടെ ശരീരം ലംബമായും ചിറകുകള്‍ തിരശ്ചിനമായും കാണപ്പെടുന്നു. ചിറകുകള്‍ "8' ആകൃതിയിൽ ചലിപ്പിക്കുന്നതായും കാണാം. തേന്‍ കുടിച്ചശേഷം ചുണ്ട്‌ പിന്‍ വലിക്കുമ്പോള്‍ ഹമ്മിങ്‌ പക്ഷികള്‍ക്ക്‌ അല്‌പദൂരം പിറകോട്ട്‌ പറക്കാനും സാധിക്കും. പലതരം സസ്യങ്ങളുടെ പരാഗണകാരികളാണ്‌ (pollination agents) ഹെമ്മിങ്‌ പക്ഷികള്‍.

ഹമ്മിങ്‌ പക്ഷികളുടെ നാക്കിന്‌ ഒരു നാളിയുടെ രൂപമാണുള്ളത്‌. പുഷ്‌പങ്ങളിൽനിന്നും തേന്‍ കുടിക്കാന്‍ നാക്കിന്റെ ഈ ഘടന ഇവയെ സഹായിക്കുന്നു. ചുണ്ടിന്‌ കനം കുറവാണ്‌. ഇവ പല ആകൃതിയിലും വലുപ്പത്തിലും കാണപ്പെടുന്നു. ഏതിനം പുഷ്‌പങ്ങളിലാണോ സാധാരണയായി തേന്‍കുടിക്കുന്നത്‌ ആ പുഷ്‌പത്തിന്റെ ഘടനയുമായി ആ പ്രത്യേക വിഭാഗം പക്ഷികളുടെ ചുണ്ടിന്റെ ഘടനയ്‌ക്ക്‌ ബന്ധം കാണാറുണ്ട്‌.

ഹമ്മിങ്‌ പക്ഷികകള്‍ രണ്ടു മുട്ട ഇടാറുണ്ട്‌. തൂവെള്ളനിറമുള്ള ഈ മുട്ട വിരിച്ചിറക്കുന്നത്‌ പെണ്‍പക്ഷിയാണ്‌. പറക്കാനാവുംവരെ കുഞ്ഞിനെ പരിരക്ഷിക്കുന്നതും പെണ്‍പക്ഷിതന്നെ.

ഹമ്മിങ്‌ പക്ഷികളുടെ ഫോസിലവശിഷ്‌ടങ്ങള്‍ ലഭ്യമല്ല. ഇന്നും ജീവിച്ചിരിക്കുന്ന രണ്ടിനങ്ങളുടെ ഫോസിലുകള്‍ പ്ലീസ്റ്റോസീന്‍ (20,00,000 വർഷങ്ങള്‍ക്കുതാഴെ) ഘട്ടത്തിൽനിന്നും ലഭ്യമായിട്ടുണ്ട്‌. അഞ്ച്‌ ഇനം സ്വിഫ്‌റ്റ്‌ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. അവയിൽ മയോസീന്‍ ഘട്ടത്തിൽനിന്നു ലഭ്യമായ രണ്ടിനങ്ങളുടെ പിന്‍ഗാമികള്‍ ഇന്നും നിലനിന്നുവരുന്നു.

സ്വിഫ്‌റ്റുകള്‍ക്ക്‌ മീവൽപക്ഷികളോട്‌ സാദൃശ്യമുണ്ട്‌. സ്വിഫ്‌റ്റുകളുടെ ചിറക്‌ നീണ്ടതും വീതികുറഞ്ഞതുമാണ്‌. അവയ്‌ക്കു വളരെ വേഗത്തിൽ പറക്കാന്‍ സാധിക്കും. പക്ഷേ, സങ്കീർണവും ചടുലവുമായ ഗതിവ്യതിയാനങ്ങള്‍ വരുത്തുവാനുള്ള കഴിവ്‌ കുറവാണ്‌. എണ്‍പതോളം സ്വിഫ്‌റ്റ്‌ സ്‌പീഷീസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പറന്നുനടക്കുന്ന കീടങ്ങളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. ചുണ്ടിലെ വിടവുകള്‍ കീടങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്നു. ഇന്തോ-ആസ്റ്റ്രലിയന്‍ ജീനസ്‌ ആയ കൊളോകാലിയ (collocalia) എന്നയിനം സ്വിഫ്‌റ്റുകള്‍ ഇരുളടഞ്ഞ ഗുഹകളിലാണ്‌ ജീവിക്കുന്നത്‌. ഇവയ്‌ക്ക്‌ പ്രതിധ്വനിയിൽനിന്നു ദിശ കണ്ടുപിടിക്കാനുള്ള കഴിവുണ്ട്‌. ഈ ജീനസ്സിലെ ചില സ്‌പീഷീസുകളുടെ കൂടുകള്‍ കട്ടിപിടിച്ച ഉമിനീരുകൊണ്ടാണ്‌ നിർമിക്കുന്നത്‌. സ്വിഫ്‌റ്റുകളുടെ മുട്ടയ്‌ക്ക്‌ വെള്ളനിറമാണ്‌. ഒരു പ്രജനന ഘട്ടത്തിൽ ഒരു മുട്ട മുതൽ ആറ്‌ മുട്ടകള്‍ വരെ ഇടുന്നവ ഇക്കൂട്ടത്തിലുണ്ട്‌. ആണ്‍പക്ഷിയും പെണ്‍പക്ഷിയും അടയിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ തൂവലുകള്‍ കാണാറില്ല; കാഴ്‌ചശക്തിയും കുറഞ്ഞിരിക്കും. പറക്കാന്‍ പ്രാപ്‌തരല്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകപരിരക്ഷ നല്‌കുവാന്‍ സ്വിഫ്‌റ്റുകള്‍ ശ്രദ്ധിക്കാറില്ല. ചില സ്വിഫ്‌റ്റുകള്‍ക്ക്‌ ശൈത്യകാലത്ത്‌ ശരീരതാപനില കുറച്ച്‌, ടോർപ്പിഡിറ്റി എന്ന നിദ്രാവസ്ഥയിൽ കഴിയുവാന്‍ സാധിക്കും. ചില ഹമ്മിങ്‌ പക്ഷികളിലും ഈ അവസ്ഥ കാണപ്പെടാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍