This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഭരണഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ ഭരണഘടന == ഇന്ത്യയുടെ ഭരണത്തെ സംബന്ധിക്കുന്ന ലിഖി...)
(ഇന്ത്യന്‍ ഭരണഘടന)
വരി 1: വരി 1:
== ഇന്ത്യന്‍ ഭരണഘടന ==
== ഇന്ത്യന്‍ ഭരണഘടന ==
-
 
+
[[ചിത്രം:Vol4p63_Dr. Ambedkar.jpg|thumb| രാജ്യസഭയ്ക്കു മുന്നിലെ ഡോ. ബി.ആർ. അംബേദ്കർ പ്രതിമ (1967)]]
ഇന്ത്യയുടെ ഭരണത്തെ സംബന്ധിക്കുന്ന ലിഖിത നിയമസംഹിത. ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഘടന അതിന്റെ വ്യവസ്ഥാപനം, ഭരണസംവിധാനം, പൗരന്മാരുടെ അവകാശങ്ങള്‍, ധർമങ്ങള്‍, രാഷ്‌ട്രത്തിന്റെ ഭാവി നയ വീക്ഷണങ്ങള്‍, ഫെഡറൽ രാഷ്‌ട്രഘടനയിലെ ബന്ധങ്ങള്‍, അധികാരസ്ഥാനങ്ങളും അധികാരസ്ഥരുടെ അധികാരങ്ങളും ധർമങ്ങളും, ഭരണഘടനയുടെ പ്രാബല്യം-പരിഷ്‌കാരം-ഒഴിവുകഴിവുകള്‍, നിർവഹണക്രമം മുതലായവ സംഹിതപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും രാഷ്‌ട്രം, ജനത, ഭൂപ്രദേശം എന്നിവയുടെ ഭാവി പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്നതും നിയമവാഴ്‌ചയുടെ അടിത്തറയായി വർത്തിക്കുന്നതുമായ ക്രാഡീകൃത ഉപാധിയാണ്‌ ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടന എഴുതിത്തയ്യാറാക്കുകയും പാസാക്കുകയും ചെയ്‌തത്‌ 1946-ൽ രൂപവത്‌കൃതമായ ഭരണഘടനാനിർമാണസഭയാണ്‌ (Constituent Assembly. സഭാംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. പ്രവിശ്യാനിയമസഭകളിലെ അംഗങ്ങള്‍ 1935-ലെ ഇന്ത്യന്‍ നിയമപ്രകാരം നിയന്ത്രിതമായ വോട്ടവകാശാടിസ്ഥാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഭരണഘടനാനിർമാണസഭാംഗങ്ങള്‍ ജനങ്ങളാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല; എന്നിരുന്നാലും 1947-ലെ ഇന്ത്യന്‍ സ്വാതന്ത്യ്രനിയമം ഭരണഘടനാനിർമാണസഭയ്‌ക്ക്‌ പരമാധികാരസ്വഭാവം നല്‌കുകയുണ്ടായി. ഭരണഘടന എഴുതിത്തയ്യാറാക്കുവാന്‍ ഡോ. അംബേദ്‌കർ അധ്യക്ഷനായി ഒരു കമ്മിറ്റി നിയുക്തമായി. 1949 ന. 26-നു ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു.  
ഇന്ത്യയുടെ ഭരണത്തെ സംബന്ധിക്കുന്ന ലിഖിത നിയമസംഹിത. ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഘടന അതിന്റെ വ്യവസ്ഥാപനം, ഭരണസംവിധാനം, പൗരന്മാരുടെ അവകാശങ്ങള്‍, ധർമങ്ങള്‍, രാഷ്‌ട്രത്തിന്റെ ഭാവി നയ വീക്ഷണങ്ങള്‍, ഫെഡറൽ രാഷ്‌ട്രഘടനയിലെ ബന്ധങ്ങള്‍, അധികാരസ്ഥാനങ്ങളും അധികാരസ്ഥരുടെ അധികാരങ്ങളും ധർമങ്ങളും, ഭരണഘടനയുടെ പ്രാബല്യം-പരിഷ്‌കാരം-ഒഴിവുകഴിവുകള്‍, നിർവഹണക്രമം മുതലായവ സംഹിതപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും രാഷ്‌ട്രം, ജനത, ഭൂപ്രദേശം എന്നിവയുടെ ഭാവി പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്നതും നിയമവാഴ്‌ചയുടെ അടിത്തറയായി വർത്തിക്കുന്നതുമായ ക്രാഡീകൃത ഉപാധിയാണ്‌ ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടന എഴുതിത്തയ്യാറാക്കുകയും പാസാക്കുകയും ചെയ്‌തത്‌ 1946-ൽ രൂപവത്‌കൃതമായ ഭരണഘടനാനിർമാണസഭയാണ്‌ (Constituent Assembly. സഭാംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. പ്രവിശ്യാനിയമസഭകളിലെ അംഗങ്ങള്‍ 1935-ലെ ഇന്ത്യന്‍ നിയമപ്രകാരം നിയന്ത്രിതമായ വോട്ടവകാശാടിസ്ഥാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഭരണഘടനാനിർമാണസഭാംഗങ്ങള്‍ ജനങ്ങളാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല; എന്നിരുന്നാലും 1947-ലെ ഇന്ത്യന്‍ സ്വാതന്ത്യ്രനിയമം ഭരണഘടനാനിർമാണസഭയ്‌ക്ക്‌ പരമാധികാരസ്വഭാവം നല്‌കുകയുണ്ടായി. ഭരണഘടന എഴുതിത്തയ്യാറാക്കുവാന്‍ ഡോ. അംബേദ്‌കർ അധ്യക്ഷനായി ഒരു കമ്മിറ്റി നിയുക്തമായി. 1949 ന. 26-നു ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു.  

09:32, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഇന്ത്യന്‍ ഭരണഘടന

രാജ്യസഭയ്ക്കു മുന്നിലെ ഡോ. ബി.ആർ. അംബേദ്കർ പ്രതിമ (1967)

ഇന്ത്യയുടെ ഭരണത്തെ സംബന്ധിക്കുന്ന ലിഖിത നിയമസംഹിത. ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ ഘടന അതിന്റെ വ്യവസ്ഥാപനം, ഭരണസംവിധാനം, പൗരന്മാരുടെ അവകാശങ്ങള്‍, ധർമങ്ങള്‍, രാഷ്‌ട്രത്തിന്റെ ഭാവി നയ വീക്ഷണങ്ങള്‍, ഫെഡറൽ രാഷ്‌ട്രഘടനയിലെ ബന്ധങ്ങള്‍, അധികാരസ്ഥാനങ്ങളും അധികാരസ്ഥരുടെ അധികാരങ്ങളും ധർമങ്ങളും, ഭരണഘടനയുടെ പ്രാബല്യം-പരിഷ്‌കാരം-ഒഴിവുകഴിവുകള്‍, നിർവഹണക്രമം മുതലായവ സംഹിതപ്പെടുത്തുകയും വ്യവസ്ഥാപിതമാക്കുകയും രാഷ്‌ട്രം, ജനത, ഭൂപ്രദേശം എന്നിവയുടെ ഭാവി പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്നതും നിയമവാഴ്‌ചയുടെ അടിത്തറയായി വർത്തിക്കുന്നതുമായ ക്രാഡീകൃത ഉപാധിയാണ്‌ ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടന എഴുതിത്തയ്യാറാക്കുകയും പാസാക്കുകയും ചെയ്‌തത്‌ 1946-ൽ രൂപവത്‌കൃതമായ ഭരണഘടനാനിർമാണസഭയാണ്‌ (Constituent Assembly. സഭാംഗങ്ങള്‍ പ്രവിശ്യകളിലെ നിയമസഭകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. പ്രവിശ്യാനിയമസഭകളിലെ അംഗങ്ങള്‍ 1935-ലെ ഇന്ത്യന്‍ നിയമപ്രകാരം നിയന്ത്രിതമായ വോട്ടവകാശാടിസ്ഥാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ഭരണഘടനാനിർമാണസഭാംഗങ്ങള്‍ ജനങ്ങളാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല; എന്നിരുന്നാലും 1947-ലെ ഇന്ത്യന്‍ സ്വാതന്ത്യ്രനിയമം ഭരണഘടനാനിർമാണസഭയ്‌ക്ക്‌ പരമാധികാരസ്വഭാവം നല്‌കുകയുണ്ടായി. ഭരണഘടന എഴുതിത്തയ്യാറാക്കുവാന്‍ ഡോ. അംബേദ്‌കർ അധ്യക്ഷനായി ഒരു കമ്മിറ്റി നിയുക്തമായി. 1949 ന. 26-നു ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും ദീർഘവും സമഗ്രവുമായ ഭരണഘടനയാണ്‌ ഇന്ത്യയുടേത്‌. ഇതിൽ 22 ഭാഗങ്ങളിലായി (കൂട്ടിച്ചേർക്കപ്പെട്ട 84 അനുച്ഛേദങ്ങള്‍ കണക്കിലെടുക്കുകയും ഒഴിവാക്കപ്പെട്ട 31 അനുച്ഛേദങ്ങള്‍ കുറയ്‌ക്കുകയും ചെയ്‌താൽ) 448 അനുച്ഛേദങ്ങളും 12 പട്ടികകളും ഉള്‍ക്കൊള്ളുന്നു.

മുഖവാചകം

"ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ്‌ മതേതരജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ നീതിക്കും ചിന്തയ്‌ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്‌ഠയ്‌ക്കും ആരാധനയ്‌ക്കും ഉള്ള സ്വാതന്ത്യ്രവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്യമാക്കുവാനും അവരിലെല്ലാവരിലും വ്യക്തിയുടെ അന്തസ്സും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സുനിശ്ചിതമാക്കിക്കൊണ്ട്‌ സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കുകയാൽ നമ്മുടെ ഭരണഘടനാനിർമാണസഭയിൽ ഈ 1949 ന. ഇരുപത്തിയാറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.'

22 ഭാഗങ്ങള്‍

യൂണിയന്‍ ഭൂപ്രദേശം

ഭരണഘടനയുടെ ഒന്നാംഭാഗം, ഇന്ത്യ സ്റ്റേറ്റുകളുടെ അഥവാ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. "സ്റ്റേറ്റുകളുടെ യൂണിയന്‍' എന്നതിൽ രണ്ട്‌ ആശയങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഡോ. അംബേദ്‌കർ സൂചിപ്പിക്കുന്നു. ഒന്ന്‌, ഭരണഘടകങ്ങള്‍ തമ്മിലുള്ള ഒരു ഒത്തുതീർപ്പിന്റെ ഫലമായി രൂപം കൊണ്ടതല്ല ഇന്ത്യന്‍ ഫെഡറേഷന്‍. രണ്ട്‌, ഘടകസംസ്ഥാനങ്ങള്‍ക്ക്‌ യൂണിയനിൽ നിന്നും വിട്ടുമാറാന്‍ സ്വാതന്ത്യ്രവുമില്ല. ഇന്ത്യയുടെ ഭരണപ്രദേശം (territory) ഒന്നാം പട്ടികയിൽ നിർദിഷ്‌ടമായിരിക്കുന്നു; ഭരണഘടനയുടെ ഒന്നാം പട്ടികയനുസരിച്ചും നിലവിൽ ഭരണഘടനാഭാഗം (1) അനുസരിച്ചും 28 സംസ്ഥാനങ്ങളും ഏഴ്‌ കേന്ദ്രഭരണപ്രദേശങ്ങളും ആണ്‌ ഇന്ത്യയുടെ ഭൂപരിധിയിലുള്ളത്‌. എന്നാൽ രാഷ്‌ട്രത്തിന്റെ നിയാമകാധികാരങ്ങള്‍ കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണതലങ്ങള്‍ക്കിടയിൽ വ്യവസ്ഥാപിതമായി വിന്യസിച്ചിരിക്കയാൽ ഇന്ത്യന്‍ യൂണിയന്‍ എന്നത്‌ ഫെഡറൽ സ്വഭാവത്തോടെയുള്ളതായിരിക്കും. പുതിയ സംസ്ഥാന രൂപീകരണം, നിലവിലുള്ളവയുടെ പുനഃസംഘാടനം എന്നിവ പാർലമെന്റിന്റെ അധികാരപരിധിയിൽപ്പെടുന്നു.

പൗരത്വം

ഭരണഘടനയുടെ രണ്ടാം ഭാഗം ഇന്ത്യന്‍ പൗരത്വത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഇന്ത്യയിലൊട്ടാകെ ഏകരൂപമായ ഒരു പൗരത്വം മാത്രമേ ഭരണഘടന നല്‌കുന്നുള്ളൂ. ഒരാള്‍ ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ ജനിക്കുകയോ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ ജനിക്കുകയോ ഇന്ത്യന്‍ ഭരണഘടനയുടെ പ്രാരംഭത്തിനു തൊട്ടുമുമ്പ്‌ കുറഞ്ഞത്‌ അഞ്ചുവർഷം ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ സാധാരണ താമസക്കാരനായിരിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അയാളെ ഇന്ത്യന്‍ പൗരനായി കണക്കാക്കുന്നതാണ്‌. ചില നിബന്ധനകള്‍ക്കു വിധേയമായി പാകിസ്‌താനിൽനിന്നും ഇന്ത്യയിലേക്കു വന്നിട്ടുള്ള ആളുകള്‍ക്കും പാകിസ്‌താനിലേക്കു നാടുമാറിപ്പോയിട്ടുള്ള ചിലയാളുകള്‍ക്കും ഇന്ത്യന്‍ പൗരത്വം നേടാവുന്നതാണ്‌. ഇന്ത്യയിൽ ജനിച്ച്‌, ഇന്ത്യയ്‌ക്കു പുറമേയുള്ള ഏതെങ്കിലും രാജ്യത്തിൽ താമസിക്കുന്ന ആളുകള്‍ക്ക്‌ ആ രാജ്യത്തെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുടെ മുമ്പാകെ അപേക്ഷ സമർപ്പിച്ചും ഇന്ത്യയിലെ പൗരനാകാവുന്നതാണ്‌. പതിനൊന്നാം അനുച്ഛേദമനുസരിച്ച്‌ പാർലമെന്റിന്‌ പൗരത്വത്തിനുള്ള അവകാശത്തെ നിയമംമൂലം ക്രമപ്പെടുത്താവുന്നതാണ്‌.

മൗലികാവകാശങ്ങള്‍

മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു. ഒരു കൂട്ടം മൗലികാവകാശങ്ങള്‍ ഭരണഘടനയിൽ ഉള്‍ക്കൊള്ളിക്കുകയും ഒരു സ്വതന്ത്രനീതിന്യായ സമ്പ്രദായംമുഖേന അവയ്‌ക്ക്‌ ഉറപ്പുനല്‌കുകയും ചെയ്‌തിട്ടുണ്ട്‌. മൗലികാവകാശങ്ങള്‍ ഹനിക്കുന്നതോ വ്യക്തിയുടെ സ്വാതന്ത്യ്രത്തെ തടസ്സപ്പെടുത്തുന്നതോ ആയ നിയമങ്ങള്‍ നിർമിക്കാന്‍ നിയമനിർമാണസഭകള്‍ക്ക്‌ അധികാരമില്ല. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്യ്രത്തിനുള്ള അവകാശം, അടിസ്ഥാനവിദ്യാഭ്യാസാവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്യ്രത്തിനുള്ള അവകാശം, അതിജീവന അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാസംബന്ധമായ നിവൃത്തിമാർഗത്തിനുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങളെ വർഗീകരിച്ചിട്ടുണ്ട്‌.

ഇന്ത്യയുടെ ഭൂപ്രദേശത്തിനകത്ത്‌ ഏതൊരാള്‍ക്കും നിയമത്തിനുമുമ്പിൽ സമത്വമോ നിയമങ്ങളുടെ സമമായ പരിരക്ഷണമോ നിഷേധിക്കാന്‍ പാടില്ലെന്ന്‌ 14-ാം അനുച്ഛേദം അനുശാസിക്കുന്നു. 15 മുതൽ 19 വരെ അനുച്ഛേദങ്ങള്‍ ഏറ്റവും പ്രധാനമായ ചില മൗലികാവകാശങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നു. മതമോ വംശമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടുള്ളതല്ല. എല്ലാ പൗരന്മാർക്കും പ്രസംഗസ്വാതന്ത്യ്രത്തിനും ആശയപ്രകടനസ്വാതന്ത്യ്രത്തിനും അവകാശമുണ്ട്‌. സമാധാനപരമായും ആയുധങ്ങള്‍ കൂടാതെയും സമ്മേളിക്കുവാനും സമാജങ്ങളോ യൂണിയനുകളോ രൂപവത്‌കരിക്കുവാനും ഇന്ത്യയിലെ പൗരന്മാർക്ക്‌ അവകാശമുണ്ടായിരിക്കും. ഏതൊരു പൗരനും ഇന്ത്യയുടെ ഭൂപ്രദേശത്ത്‌ എവിടെയും സ്വച്ഛന്ദം സഞ്ചരിക്കുവാനും ഇന്ത്യയിൽ എവിടെയും താത്‌കാലികമായി താമസിക്കുവാനും സ്ഥിരതാമസമാക്കുവാനും സ്വാതന്ത്യ്രമുണ്ട്‌. ഏതെങ്കിലും പ്രാഫഷനിൽ ഏർപ്പെടുന്നതിനും, വ്യാപാരവാണിജ്യം നടത്തുന്നതിനും ഏതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നതിനും ഏതൊരു പൗരനും സ്വാതന്ത്യ്രാവകാശമുണ്ട്‌. എന്നാൽ ഭരണഘടന വ്യക്തിക്ക്‌ അനുവദിച്ചുകൊടുത്തിട്ടുള്ള ഈ മൗലികാവകാശങ്ങള്‍ രാജ്യരക്ഷയെയും പൊതുജനക്ഷേമത്തെയും നിയമക്രമസമാധാനത്തെയും മറികടക്കുവാന്‍ പാടില്ലെന്നുണ്ട്‌. നിയമം മുഖേന സ്ഥാപിതമായിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്യ്രമോ ഇല്ലാതാക്കുവാന്‍ പാടുള്ളതല്ല. അന്തഃകരണസ്വാതന്ത്യ്രവും 6 മുതൽ 14 വയസ്സു വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക്‌ നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസാവകാശം ഉറപ്പു നല്‌കാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ മതവിശ്വാസപ്രകടനവും മതാചരണവും മതപ്രചാരണവും സംബന്ധിച്ച അവകാശം സംരക്ഷിക്കുന്നതാണ്‌ 25-ാം അനുച്ഛേദം. ന്യൂനപക്ഷങ്ങള്‍ക്ക്‌ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ 29-ഉം 30-ഉം അനുച്ഛേദങ്ങള്‍ നല്‌കുന്നു. ഏതെങ്കിലും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അവകാശം തിരിച്ചുകിട്ടുവാന്‍ ഇന്ത്യയിലെ സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ നേരിട്ടു സമീപിക്കുവാന്‍ ഏതു സങ്കടക്കാരനും അവകാശം പകർന്നുകൊടുക്കുന്നുമുണ്ട്‌ (അനുച്ഛേദം 32, 226). ഇതും മൗലികപൗരാവകാശങ്ങളിൽപ്പെട്ടതാണ്‌.

നിർദേശക തത്ത്വങ്ങള്‍

സ്റ്റേറ്റ്‌ നയത്തിന്റെ നിർദേശകതത്ത്വങ്ങളാണ്‌ നാലാം ഭാഗത്തിൽ പ്രതിപാദിക്കുന്നത്‌. ജനങ്ങളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ഒരു സാമൂഹികവ്യവസ്ഥിതി സ്റ്റേറ്റ്‌ കൈവരുത്തണമെന്ന്‌ ഈ ഭാഗം ആവശ്യപ്പെടുന്നു. എല്ലാ പൗരന്മാർക്കും മതിയായ ഉപജീവനോപായങ്ങള്‍ക്കുള്ള സൗകര്യം ഉണ്ടാക്കുക; ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്‌ക്കുതകുന്നവിധത്തിൽ വിതരണം ചെയ്യുക; പൊതുതാത്‌പര്യങ്ങള്‍ക്കു ഹാനികരമായവിധത്തിൽ സമ്പത്തും ഉത്‌പാദനോപകരണങ്ങളും കേന്ദ്രീകരിക്കുന്നതിന്‌ ഇടയാക്കാതിരിക്കുക; തുല്യജോലിക്ക്‌ തുല്യവേതനം ഉറപ്പാക്കുക; ആരോഗ്യപരമായ ചുറ്റുപാടുകളിൽ സ്വാതന്ത്യ്രത്തോടും അന്തസ്സോടും കുട്ടികള്‍ വളരുന്നതിനുവേണ്ട അവസരങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുക; സാന്മാർഗികവും ഭൗതികവുമായ ചൂഷണത്തിൽനിന്ന്‌ ബാല്യത്തെയും യൗവനത്തെയും സംരക്ഷിക്കുക; സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവർക്ക്‌ സൗജന്യനിയമസഹായം ലഭ്യമാക്കുക. സ്വയംഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായി, ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുക (വകുപ്പ്‌ 40) രാജ്യത്തിനാകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമിക്കുക (44-ാം വകുപ്പ്‌) എന്നിവ നിർദേശകതത്ത്വങ്ങളിൽപ്പെട്ട പ്രധാന ഇനങ്ങളാണ്‌. നോ. നിർദേശകതത്ത്വം

മൗലിക ധർമങ്ങള്‍

1976-ലെ 42-ാം ഭരണഘടനാഭേദഗതി നിയമമനുസരിച്ച്‌ മൗലിക ധർമങ്ങള്‍ (Fundamental duties)എന്ന ഭാഗം കൂട്ടിച്ചേർത്തിട്ടുണ്ട്‌ (ഭാഗം IV എ. അനുച്ഛേദം 51 എ). ഇതനുസരിച്ച്‌ ഇന്ത്യയിലെ ഏതൊരു പൗരനും മൗലികമായ ചില ധർമങ്ങള്‍ അനുഷ്‌ഠിക്കേണ്ടതുണ്ട്‌. മൗലിക ധർമങ്ങള്‍ എന്നതിലൂടെ രാഷ്‌ട്രത്തോടും സമൂഹത്തോടും പൗരന്‍ പാലിച്ചിരിക്കേണ്ടുന്ന മൗലികധർമങ്ങള്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്‌. 1976-ലെ 42-ാം ഭരണഘടനാഭേദഗതിയിൽ ഉള്‍ച്ചേർക്കപ്പെട്ട പത്ത്‌ വ്യവസ്ഥകളും 2002-ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തപ്പെട്ട ഒരു വ്യവസ്ഥയുമാണ്‌ ഇതിലുള്ളത്‌. ഭാഗം 4 എയിൽ പരാമർശിക്കുന്ന പ്രധാന പൗരധർമങ്ങള്‍ (1) ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക (2) ദേശീയ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ തത്ത്വങ്ങള്‍ പരിപാലിക്കുക (3) രാഷ്‌ട്രത്തിന്റെ പരമാധികാരം അഖണ്ഡത, ഐക്യം എന്നിവ സംരക്ഷിക്കുക (4) രാഷ്‌ട്രസേവന സന്നദ്ധരായിരിക്കുക (5) സാഹോദര്യവും പാരസ്‌പര്യവും പുലർത്തുക, സ്‌ത്രീത്വപദവി സംരക്ഷിക്കുക (6) ചരിത്ര സാംസ്‌കാരിക സമ്പത്ത്‌ സംരക്ഷിക്കുക (7) പ്രകൃത്യപരിസ്ഥിതി സംരക്ഷിക്കുകയും ജീവജാലങ്ങളോട്‌ കാരുണ്യം കാണിക്കുകയും ചെയ്യുക (8) ശാസ്‌ത്രാവബോധവും ശാസ്‌ത്രാഭിമുഖ്യവും വളർത്തുക (9) പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജിക്കുകയും ചെയ്യുക (10) രാഷ്‌ട്രത്തെയും ജനതയെയും അഭിവൃദ്ധിയിലേക്കുയർത്തുക (11) എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസവും ശിശു പരിചരണവും ഉറപ്പാക്കുക എന്നിവയാണ്‌.

കേന്ദ്ര ഭരണസംവിധാനം

എക്‌സിക്യൂട്ടീവ്‌

ഇന്ത്യന്‍ യൂണിയനെ സംബന്ധിക്കുന്ന കാര്യങ്ങളാണ്‌ അഞ്ചാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ളത്‌. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, മന്ത്രിസഭ എന്നിവർ അടങ്ങുന്നതാണ്‌ യൂണിയന്‍ എക്‌സിക്യൂട്ടീവ്‌. രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്‌. പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍മാത്രം ഉള്‍ക്കൊള്ളുന്ന ഒരു നിയോജകഗണം (Electoral College) ഏക കൈമാറ്റവോട്ടുമൂലം ആനുപാതികപ്രാതിനിധ്യമനുസരിച്ച്‌ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നു. രാഷ്‌ട്രപതി ഇന്ത്യയിലെ പൗരനായിരിക്കണം; 35 വയസ്‌ കഴിഞ്ഞയാളുമായിരിക്കണം; ലോക്‌സഭയിലെ ഒരംഗമായി തിരഞ്ഞെടുക്കപ്പെടുവാന്‍ യോഗ്യനുമായിരിക്കണം.

അഞ്ചുവർഷത്തേക്കാണ്‌ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌. പാർലമെന്റിൽ രണ്ടിലേതെങ്കിലും ഒരു സഭയിൽ കൊണ്ടുവരുന്ന ഒരു പ്രമേയംമൂലം ഭരണഘടനയുടെ ലംഘനത്തിന്‌ രാഷ്‌ട്രപതിയെ ഇംപീച്ച്‌ ചെയ്യാവുന്നതാണ്‌. അപ്രകാരമുള്ള പ്രമേയം പാസാകണമെങ്കിൽ ഓരോ മണ്ഡലത്തിലും മൂന്നിൽ രണ്ടുഭാഗം അംഗങ്ങളുടെ ഭൂരിപക്ഷം അതിന്‌ അനുകൂലമായി കിട്ടിയിരിക്കണമെന്നുണ്ട്‌. രാഷ്‌ട്രപതിക്ക്‌ ഭരണനിർവഹണപരവും നിയമനിർമാണപരവും നീതിന്യായപരവും അടിയന്തരവുമായ അധികാരങ്ങളുണ്ട്‌; ഓർഡിനന്‍സ്‌ പുറപ്പെടുവിക്കാനുള്ള അധികാരവും രാഷ്‌ട്രപതിയിൽ നിക്ഷിപ്‌തമായിരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പരമാധികാരസ്ഥാനവും രാഷ്‌ട്രപതിയിൽ നിക്ഷിപ്‌തമാണ്‌.

ഉപരാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ്‌ ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങിയ ഒരു നിയോജകഗണം ഏക കൈമാറ്റവോട്ടുവഴി ആനുപാതികപ്രാതിനിധ്യസമ്പ്രദായമനുസരിച്ച്‌ ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നു. ഉപരാഷ്‌ട്രപതി രാജ്യസഭയുടെ എക്‌സ്‌ ഒഫിഷ്യോ അധ്യക്ഷനാണ്‌. രാഷ്‌ട്രപതിസ്ഥാനത്ത്‌ ഒഴിവുണ്ടാകുമ്പോള്‍ ആ സ്ഥാനം വഹിക്കുവാന്‍ ഉപരാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌. രാഷ്‌ട്രപതിയെ അദ്ദേഹത്തിന്റെ ചുമതലകള്‍ നിർവഹിക്കുന്നതിൽ സഹായിക്കുവാനും ഉപദേശിക്കുവാനുമായി പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഒരു മന്ത്രിസഭയുണ്ട്‌. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചായിരിക്കണം രാഷ്‌ട്രപതി തന്റെ ചുമതലകള്‍ നിർവഹിക്കേണ്ടത്‌. രാഷ്‌ട്രപതിയാണ്‌ പ്രധാനമന്ത്രിയെ നിയമിക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച്‌ രാഷ്‌ട്രപതി മറ്റു മന്ത്രിമാരെയും നിയമിക്കുന്നു. രാഷ്‌ട്രപതിക്ക്‌ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർ ഉദ്യോഗം വഹിക്കുന്നു. മന്ത്രിസഭ പാർലമെന്റിനോട്‌ കൂട്ടായി ഉത്തരവാദപ്പെട്ടിരിക്കുന്നു.

സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരാളെ രാഷ്‌ട്രപതി ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിക്കുന്നു. നിയമപരമായ വിഷയങ്ങളെക്കുറിച്ച്‌ ഇന്ത്യാഗവണ്‍മെന്റിന്‌ ഉപദേശം നല്‌കേണ്ടത്‌ അറ്റോർണി ജനറലാണ്‌. അറ്റോർണി ജനറലിന്‌ ഇന്ത്യയിലെ എല്ലാ കോടതികളിലും ശ്രവണാധികാരമുണ്ടായിരിക്കും.

നിയമനിർമാണം

യൂണിയന്‌ രാഷ്‌ട്രപതിയും യഥാക്രമം രാജ്യസഭയെന്നും ലോക്‌സഭയെന്നും അറിയപ്പെടുന്ന രണ്ടുസഭകളും അടങ്ങുന്ന ഒരു പാർലമെന്റും ഉണ്ട്‌. രാജ്യസഭയിൽ മൊത്തം 250 അംഗങ്ങളുണ്ട്‌. 238 പേർ സംസ്ഥാന നിയമസഭകളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്നവരാണ്‌. സാഹിത്യം, ശാസ്‌ത്രം, കല, സാമൂഹികസേവനം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിജ്ഞാനവും പ്രായോഗികപരിചയവുമുള്ള 12 അംഗങ്ങളെ രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്നു. രാജ്യസഭ സ്ഥിരം നിലനില്‌ക്കുന്ന സഭയാകയാൽ മൂന്നിലൊന്ന്‌ അംഗങ്ങള്‍ കാലാവധി പൂർത്തിയാകുമ്പോള്‍ പിരിയുകയും ആ സ്ഥാനങ്ങളിലേക്ക്‌ പുതിയ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. രാജ്യസഭാംഗത്തിന്റെ കാലാവധി ആറ്‌ വർഷമായിരിക്കും. ജനങ്ങള്‍ നേരിട്ട്‌ ലോക്‌സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നു. രാഷ്‌ട്രപതിയാൽ നാമനിർദേശം ചെയ്യപ്പെടുന്ന രണ്ട്‌ ആംഗ്ലോഇന്ത്യന്‍ പ്രതിനിധികള്‍ ലോക്‌സഭാംഗങ്ങളായി ഉണ്ടാകും. പാർലമെന്റംഗമാകുന്നതിന്‌ യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ലോക്‌സഭാംഗമാകുന്നതിന്‌ 25 വയസ്സും രാജ്യസഭാംഗമാകുന്നതിന്‌ 30 വയസ്സും തികഞ്ഞിരിക്കണം. 42-ാം ഭേദഗതിനിയമമനുസരിച്ച്‌ പാർലമെന്റിന്റെ ഇരുസഭകളുടെയും സംസ്ഥാനനിയമനിർമാണസഭകളുടെയും കാലാവധി അഞ്ച്‌ വർഷമായി ദീർഘിപ്പിച്ചിട്ടുണ്ട്‌. ഉപരാഷ്‌ട്രപതിയുടെ അസാന്നിധ്യത്തിൽ രാജ്യസഭയുടെ അധ്യക്ഷത വഹിക്കുന്നതിന്‌ ഒരു ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാവുന്നതാണ്‌. ലോക്‌സഭയുടെ അധ്യക്ഷനായി സ്‌പീക്കറെയും ഉപാധ്യക്ഷനായി ഡെപ്യൂട്ടി സ്‌പീക്കറെയും ലോക്‌സഭാംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു.

നീതിന്യായം

രാഷ്‌ട്രപതി നിയമിക്കുന്ന ചീഫ്‌ ജസ്റ്റിസും ജഡ്‌ജിമാരും അടങ്ങുന്നതാണ്‌ ഇന്ത്യയിലെ സുപ്രീംകോടതി. താഴെ പറയുന്ന തർക്കങ്ങളിൽ സുപ്രീംകോടതിക്ക്‌ മറ്റേതു കോടതിയെയും ഒഴിവാക്കിക്കൊണ്ടുള്ള ആദ്യാധികാരിത (Original jurisdiction) ഉണ്ട്‌. (i) ഇന്ത്യാഗവണ്‍മെന്റും ഒന്നോ അതിലധികമോ സ്റ്റേറ്റുകളും തമ്മിലും; (ii) ഇന്ത്യാഗവണ്‍മെന്റും ഏതെങ്കിലും സ്റ്റേറ്റുകളും ഒരു ഭാഗത്തും ഒന്നോ അതിലധികമോ സ്റ്റേറ്റുകള്‍ മറുഭാഗത്തും; (iii) രണ്ടോ അതിലധികമോ സ്റ്റേറ്റുകള്‍ തമ്മിലും ഉള്ള തർക്കങ്ങളിൽ ഈ അധികാരം പ്രയോഗിക്കാവുന്നതാണ്‌. സുപ്രീംകോടതിക്ക്‌ അപ്പീൽസംബന്ധമായി ഭരണഘടനാപരം; സിവിൽ, ക്രിമിനൽ, വിശേഷാൽ എന്നിങ്ങനെ നാലുതരം അധികാരങ്ങളുണ്ട്‌. അഞ്ചിനം റിട്ടുകള്‍ പുറപ്പെടുവിക്കുകവഴി മൗലികപൗരാവകാശ പരിരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. സുപ്രീംകോടതിയുടെ തീരുമാനങ്ങളിൽക്കൂടി പ്രഖ്യാപിക്കപ്പെടുന്ന നിയമതത്ത്വങ്ങള്‍ ഇന്ത്യയിലെ സകലകോടതികള്‍ക്കും ബാധകമാണ്‌. നിയമനിർമാണ, നിയമനിർവഹണ, ന്യായാധികാരസ്ഥാപനങ്ങള്‍ സുപ്രീംകോടതി നിരീക്ഷണത്തിനു വിധേയമാണ്‌. സുപ്രീംകോടതി ജഡ്‌ജിമാരെ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ ഇംപീച്ച്‌മെന്റ്‌ നടപടിവേണ്ടി വരും. പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പിന്റെയും അനുബന്ധ കൃത്യങ്ങളുടെയും നിർവഹണാർഥം ഭരണഘടനാസ്ഥാപനമായ ദേശീയ തിരഞ്ഞെടുപ്പ്‌കമ്മിഷനും (ഒന്നോ അതിൽ അധികമോ അംഗങ്ങളുള്ളത്‌) നിയോഗിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നതിന്‌ രാഷ്‌ട്രപതി കംപ്‌ട്രാളർ ആന്‍ഡ്‌ ഓഡിറ്റർ ജനറലിനെയും ഭരണഘടനാ അധികാരസ്ഥനായി നിയമിക്കുന്നു. ധനവിഭവവിതരണം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ചെയർമാനും നാല്‌ അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ദേശീയ ധനകാര്യകമ്മിഷനും ഭരണഘടന വ്യവസ്ഥപ്പെടുത്തുന്നു.

സംസ്ഥാന ഭരണസംവിധാനം

സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന വകുപ്പുകള്‍ ആറാം ഭാഗത്തിലാണുള്ളത്‌. സംസ്ഥാനത്തിന്റെ ഭരണാധികാരം നിക്ഷിപ്‌തമായിരിക്കുന്നത്‌ രാഷ്‌ട്രപതിയാൽ നിയമിക്കപ്പെടുന്ന ഗവർണറിലാണ്‌. ഗവർണറെ സഹായിക്കുവാനും ഉപദേശിക്കുവാനുമായി മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭയുണ്ടാകും. മന്ത്രിസഭ സംസ്ഥാനനിയമസഭയോട്‌ കൂട്ടായി ഉത്തരവാദപ്പെട്ടിരിക്കുന്നു. നിയമകാര്യങ്ങളിൽ സ്റ്റേറ്റിനെ ഉപദേശിക്കുന്നത്‌ അഡ്വക്കേറ്റ്‌ ജനറലാണ്‌. ഗവർണറാണ്‌ മന്ത്രിമാരെയും അഡ്വക്കേറ്റ്‌ ജനറലിനെയും നിയമിക്കുന്നത്‌. ഗവർണർക്ക്‌ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാരും അഡ്വക്കേറ്റ്‌ ജനറലും ഉദ്യോഗം വഹിക്കുന്നു.

ഓരോ സ്റ്റേറ്റിനും അവിടത്തെ ഗവർണറും ചില സ്റ്റേറ്റുകളിൽ രണ്ട്‌ സഭകളും മറ്റു സ്റ്റേറ്റുകളിൽ ഒരു സഭയും അടങ്ങുന്ന ഒരു നിയമനിർമാണമണ്ഡലം ഉണ്ട്‌. രണ്ട്‌ സഭകളുള്ളിടത്ത്‌ ഒന്ന്‌ നിയമസമിതിയും മറ്റേത്‌ നിയമസഭയുമാണ്‌. തദ്ദേശാധികാരസ്ഥാപനങ്ങള്‍, ബിരുദധാരികള്‍, അധ്യാപകർ എന്നീ വിഭാഗങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും നിയമസഭാംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും സാഹിത്യം, ശാസ്‌ത്രം, കല, സഹകരണപ്രസ്ഥാനം, സാമൂഹികസേവനം എന്നീ വിഷയങ്ങളെ സംബന്ധിച്ച്‌ പ്രത്യേകജ്ഞാനമോ പ്രായോഗികപരിചയമോ ഉള്ളവരിൽനിന്ന്‌ ഗവർണർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളും ഉള്‍പ്പെട്ടതാണ്‌ നിയമസമിതി. നിയമസഭാംഗങ്ങളെ ജനങ്ങള്‍ നേരിട്ട്‌ തിരഞ്ഞെടുക്കുന്നു. 25 വയസ്‌ പൂർത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും നിയമസഭാംഗമാകാവുന്നതാണ്‌; നിയമസമിതി അംഗമാകുന്നതിന്‌ 30 വയസ്‌ തികഞ്ഞിരിക്കണം. നിയമസഭയ്‌ക്ക്‌ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും നിയമസമിതിക്ക്‌ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ഉണ്ട്‌.

ഗവർണർക്ക്‌ ഓർഡിനന്‍സ്‌ പുറപ്പെടുവിക്കുന്നതിനുള്ള അധികാരവുമുണ്ട്‌. ഓരോ സംസ്ഥാനത്തും ഓരോ ഹൈക്കോടതിയുണ്ടായിരിക്കും. ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്‌ രാഷ്‌ട്രപതിയാണ്‌. ഹൈക്കോടതികള്‍ക്ക്‌ ആദ്യാധികാരിതയും അപ്പീൽ അധികാരിതയും ഉണ്ട്‌. 226-ാം അനുച്ഛേദം അനുസരിച്ച്‌ റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരവും ഹൈക്കോടതികള്‍ക്കുണ്ട്‌.

ഒന്നാം പട്ടികയിലെ "പാർട്ട്‌ ബി'യിൽ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍

ഭരണഘടനയുടെ 7-ാം ഭേദഗതിയിലൂടെ 1956-ൽ ഈ ഭാഗം നീക്കം ചെയ്യപ്പെട്ടതിനാൽ ഈ ഭാഗം നിലവിലില്ല.

കേന്ദ്ര യൂണിയന്‍ ഭരണപ്രദേശങ്ങള്‍

കേന്ദ്രഭരണപ്രദേശങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ എട്ടാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നു. രാഷ്‌ട്രപതി നിയമിക്കുന്ന ആളാണ്‌ (യൂണിയന്‍) കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണത്തലവന്‍. ഭരണഘടനയുടെ ഒമ്പതാംഭാഗം 1956-ലെ ഏഴാം ഭരണഘടനാഭേദഗതിനിയമംമൂലം റദ്ദാക്കപ്പെട്ടു.

തദ്ദേശഭരണസംവിധാനം- സഹകരണ സ്ഥാപന സംവിധാനം

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ രാഷ്‌ട്രസംവിധാന തലങ്ങളിൽ അടിസ്ഥാന ജനാധിപത്യതലമായി തദ്ദേശ ഭരണസംവിധാനം നിർദേശിക്കപ്പെട്ടത്‌ 1993-ൽ 72, 73 എന്നീ ഭരണഘടനാഭേദഗതി നിർദേശങ്ങളിലൂടെയാണ്‌. ഗ്രാമഭരണതലം സംബന്ധിച്ച പഞ്ചായത്തീരാജ്‌ ഭേദഗതിനിയമം 73-ാമതായും നഗരപാലികാനിയമം 74-ാം ഭേദഗതിയായും ഭരണഘടനയിൽ ഉള്‍ച്ചേർക്കപ്പെട്ടു. നേരത്തേ റിപ്പീൽ ചെയ്യപ്പെട്ട (റദ്ദാക്കപ്പെട്ട) ഒമ്പതാം ഭാഗത്താണ്‌ ഈ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തപ്പെട്ടത്‌. ഇതോടെ ഗ്രാമപ്രദേശങ്ങള്‍ക്കായി ത്രിതല ഭരണസംവിധാനം (ഗ്രാമതലം, മധ്യതലം, ജില്ലാതലം) നഗരപ്രദേശങ്ങള്‍ക്കായി ടൗണ്‍പഞ്ചായത്ത്‌, നഗരമുനിസിപ്പാലിറ്റി, നഗരകോർപ്പറേഷന്‍, മെട്രാപ്പൊളിറ്റന്‍ കോർപ്പറേഷന്‍ എന്നിങ്ങനെയുള്ള സംവിധാനവുമാണ്‌ നിർദേശിച്ചിട്ടുള്ളത്‌. പ്രാഥമിക പ്രത്യക്ഷജനാധിപത്യവേദിയായ ഗ്രാമസഭകള്‍ നിർവചിച്ച്‌ ചേർക്കാനും പ്രാദേശിക വികസനാസൂത്രണ രൂപീകരണം മുന്‍നിർത്തി ജില്ലാ ആസൂത്രണ സമിതി വ്യവസ്ഥപ്പെടുത്താനും സംസ്ഥാനധനകാര്യകമ്മിഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, നഷ്‌ടോത്തരവാദിത്ത ഘടകങ്ങള്‍ എന്നിവ വ്യവസ്ഥപ്പെടുത്താനും ഈ ഭരണഘടനാ വ്യവസ്ഥകള്‍ നിർദേശിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിൽ ഒമ്പതാം ഭാഗത്ത്‌ 243 മുതൽ 243-ഒ വരെ അനുച്ഛേദങ്ങളും 11-ാം പട്ടികയും ഉള്‍ക്കൊള്ളുന്നതാണ്‌ പഞ്ചായത്തീരാജ്‌ വ്യവസ്ഥകള്‍. പാർട്ട്‌ 9 എയിൽ 243 പി മുതൽ 243 ഇസഡ്‌ ജി വരെ അനുച്ഛേദങ്ങള്‍, 12-ാം പട്ടിക എന്നിവ നഗരപാലികാവ്യവസ്ഥകളാണ്‌. സഹകരണസ്ഥാപനങ്ങള്‍ സംബന്ധിച്ച ഭേദഗതിവ്യവസ്ഥകളായി 243 ഇസഡ്‌ എച്ച്‌ മുതൽ ഇസഡ്‌ ടി വരെയുള്ള അനുച്ഛേദങ്ങള്‍ ഇതിനോടൊപ്പം 2012-ൽ കൂട്ടിച്ചേർത്തിരിക്കുന്നു.

പട്ടികയിൽ ഉള്‍പ്പെട്ട ഗോത്ര മേഖലകള്‍

പട്ടിക പ്രദേശങ്ങളുടെയും ഗോത്രവർഗപ്രദേശങ്ങളുടെയും ഭരണമാണ്‌ 10-ാം ഭാഗത്തിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌. അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതൊരു സംസ്ഥാനത്തിലെയും പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗ പ്രദേശങ്ങളുടെയും ഭരണത്തിനും നിയന്ത്രണത്തിനും ബാധകമാകുന്നതാണ്‌. ആറാം പട്ടികയിലെ വ്യവസ്ഥകള്‍ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണത്തിന്‌ ബാധകമാകുന്നതാണ്‌.

കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍

യൂണിയനും സ്റ്റേറ്റുകളും തമ്മിലുള്ള ബന്ധങ്ങളാണ്‌ പതിനൊന്നാം ഭാഗത്തെ പ്രതിപാദ്യവിഷയം. ഇന്ത്യയ്‌ക്കു മുഴുവനായോ ഏതെങ്കിലും ഭാഗത്തിനുവേണ്ടിയോ നിയമങ്ങള്‍ നിർമിക്കുന്നതിന്‌ പാർലമെന്റിന്‌ അധികാരമുണ്ട്‌. സ്റ്റേറ്റിനു മുഴുവനായോ ഏതെങ്കിലും ഭാഗത്തിനുവേണ്ടി മാത്രമോ നിയമങ്ങള്‍ നിർമിക്കുന്നതിന്‌ സ്റ്റേറ്റിനും അധികാരമുണ്ട്‌. ഏഴാംപട്ടികയിലെ ഒന്നാം ലിസ്റ്റിൽ (യൂണിയന്‍ ലിസ്റ്റ്‌) എടുത്തുപറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ നിർമിക്കാനുള്ള അധികാരം പാർലമെന്റിനു മാത്രമാകുന്നു. രണ്ടാമത്തെ ലിസ്റ്റിൽ (സ്റ്റേറ്റ്‌ ലിസ്റ്റ്‌) എച്ചിപ്പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ നിർമിക്കാനുള്ള അധികാരം സ്റ്റേറ്റുകള്‍ക്കുണ്ട്‌. ഏഴാം പട്ടികയിലെ മൂന്നാം ലിസ്റ്റിലെ (സമവർത്തിലിസ്റ്റ്‌-Concurrent) വിഷയങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ നിർമിക്കുന്നതിന്‌ പാർലമെന്റിനും സ്റ്റേറ്റിനും അധികാരമുണ്ട്‌. സ്റ്റേറ്റ്‌ ലിസ്റ്റിലോ സമവർത്തി ലിസ്റ്റിലോപെടാത്ത ഏതെങ്കിലും വിഷയം സംബന്ധിച്ച നിയമം നിർമിക്കുന്നതിനുള്ള അധികാരം പാർലമെന്റിനാണുള്ളത്‌. പാർലമെന്റിൽ നിർമിക്കപ്പെടുന്ന നിയമങ്ങളും സ്റ്റേറ്റിൽ നിർമിക്കപ്പെടുന്ന നിയമങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെങ്കിൽ പാർലമെന്റിൽ നിർമിക്കപ്പെടുന്ന നിയമത്തിനാണ്‌ പ്രാബല്യമുള്ളത്‌. അടിയന്തരാവസ്ഥ നിലവിലുള്ള അവസരങ്ങളിൽ സ്റ്റേറ്റ്‌ ലിസ്റ്റിലെ വിഷയങ്ങള്‍ സംബന്ധിച്ച നിയമനിർമാണത്തിന്‌ പാർലമെന്റിന്‌ അധികാരം ലഭിക്കുന്നു.

ധനകാര്യം, സ്വത്ത്‌, കരാർ, വ്യവഹാരങ്ങള്‍

ധനകാര്യം, വസ്‌തു, കോണ്‍ട്രാക്‌റ്റ്‌ വ്യവഹാരങ്ങള്‍ എന്നിവയെപ്പറ്റിയാണ്‌ 12-ാം ഭാഗത്തിൽ വിവരിക്കുന്നത്‌. ദേശീയധനകാര്യക്കമ്മിഷന്‍, അതിന്റെ ഘടന, അധികാരം, അവാർഡ്‌, ധനവിഭവ വിതരണം എന്നിവ സംബന്ധിച്ചും ഈ ഭാഗം വ്യവസ്ഥചെയ്യുന്നു. നിയമത്തിന്റെ പ്രാധികാരം മുഖേനയല്ലാതെ യാതൊരു നികുതിയും ലെവിചെയ്യുകയോ പിരിക്കുകയോ ചെയ്യരുതെന്നുണ്ട്‌. യൂണിയന്‍ഗവണ്‍മെന്റ്‌ കൈപ്പറ്റുന്ന എല്ലാ പണത്തുകകളും ഇന്ത്യയുടെ സഞ്ചിതനിധിയിലും (Consolidated Fund of India) സ്റ്റേറ്റിലെ വരുമാനങ്ങള്‍ സ്റ്റേറ്റിന്റെ സഞ്ചിതനിധിയിലും (Consolidated Fund of State) ചെന്നുചേരുന്നു. നിയമം അനുസരിച്ചും ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ള ആവശ്യങ്ങള്‍ക്കും മാത്രമേ ഈ സഞ്ചിതനിധികളിൽനിന്ന്‌ പണം വിനിയോഗിക്കുവാന്‍ പാടുള്ളൂ. ആകസ്‌മികമായുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ രാഷ്‌ട്രപതിയുടെ അധികാരത്തിൽ ഇന്ത്യയുടെ ആകസ്‌മികതാനിധിയും (Contingency Fund) ഗവർണറുടെ നിയന്ത്രണത്തിൽ സ്റ്റേറ്റിന്റെ ആകസ്‌മികതാനിധിയുമുണ്ട്‌. യൂണിയനും സ്റ്റേറ്റുകള്‍ക്കും മൊത്തവരുമാനം വിതരണം ചെയ്യേണ്ടത്‌ ധനകാര്യക്കമ്മിഷന്റെ നിർദേശമനുസരിച്ചായിരിക്കണമെന്ന്‌ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കുള്ള വായ്‌പാധികാരങ്ങള്‍, തത്സംബന്ധമായ ഇതര വ്യവസ്ഥകള്‍ എന്നിവയും ഈ ഭാഗത്ത്‌ പ്രതിപാദിക്കുന്നു. ആസ്‌തികള്‍, സ്വത്തുക്കള്‍, ബാധ്യതകള്‍, ഉത്തരവാദിത്തങ്ങള്‍, അവ സംബന്ധിച്ച വ്യവഹാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വ്യവസ്ഥപ്പെടുത്തലും ഇതിലുള്‍പ്പെടുന്നു. ഇന്ത്യയുടെ കടൽത്തീരപ്രദേശം (കോണ്‍ടിനെന്റൽ ഷെൽഫ്‌), പ്രത്യേക സാമ്പത്തിക മേഖലകള്‍ (എസ്‌ക്ലൂസീവ്‌ എക്കണോമിക്‌ സോണ്‍) മുതലായവ, അവയിലെ ആസ്‌തികള്‍, അതിന്റെ ഉടമസ്ഥതയും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകള്‍ എന്നിവ ഈ ഭാഗത്ത്‌ ചേർത്തിരിക്കുന്നു. മൗലികപൗരാവകാശഘടകത്തിൽനിന്നും ഒഴിവാക്കപ്പെട്ട സ്വത്തവകാശസ്വാതന്ത്യ്രം സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാവകാശം എന്ന നിലയിൽ അനുച്ഛേദം 300 എയിൽ ഉള്‍പ്പെടുത്തി ഈ ഭാഗത്ത്‌ കൂട്ടിച്ചേർത്തിരിക്കുന്നു.

വ്യാപാരം, വാണിജ്യം

പതിമൂന്നാം ഭാഗത്തിലാണ്‌ ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലെ വ്യാപാരം, വാണിജ്യം എന്നിവയെപ്പറ്റി വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. 301-ാം അനുച്ഛേദമനുസരിച്ച്‌ ഇന്ത്യയുടെ ഭൂപ്രദേശത്തിലെവിടെയും വ്യാപാരവും വാണിജ്യവും സ്വതന്ത്രമായിരിക്കും. എന്നാൽ ഇവയിന്മേൽ പൊതുതാത്‌പര്യത്തെ മുന്‍നിർത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിന്‌ പാർലമെന്റിന്‌ അധികാരമുണ്ട്‌. ഇത്തരം നിയന്ത്രണാധികാരികളെ നിയമംമൂലം നിയോഗിക്കുന്നതിനുള്ള അധികാരവും പാർലമെന്റിന്‌ ഉണ്ട്‌.

സേവനങ്ങള്‍

യൂണിയന്റെയും സ്റ്റേറ്റുകളുടെയും കീഴിലുള്ള സർവീസുകള്‍ നിയന്ത്രിക്കപ്പെടുന്നത്‌ 14-ാം ഭാഗത്തിലെ വ്യവസ്ഥകളനുസരിച്ചാണ്‌. ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായി സമുചിത നിയമനിർമാണമണ്ഡലങ്ങളുടെ ആക്‌റ്റുകള്‍ക്ക്‌ യൂണിയന്റെയോ സ്റ്റേറ്റിന്റെയോ കാര്യങ്ങള്‍ സംബന്ധിച്ചുള്ള പബ്ലിക്‌ സർവീസുകളിലേക്കും തസ്‌തികകളിലേക്കും ആളുകളെ ചേർക്കുന്നതും അവയിൽ നിയമിക്കപ്പെടുന്ന ആളുകളുടെ സേവനവ്യവസ്ഥകളും ക്രമപ്പെടുത്താവുന്നതാണ്‌. യൂണിയന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ രാഷ്‌ട്രപതിക്കു പ്രീതിയുള്ളിടത്തോളം കാലവും സ്റ്റേറ്റിലെ ഉദ്യോഗസ്ഥന്‍ ഗവർണർക്കു പ്രീതിയുള്ളിടത്തോളം കാലവും ഉദ്യോഗത്തിൽ തുടരുന്നു.

യൂണിയന്‍ സർവീസിലോ സ്റ്റേറ്റ്‌ സർവീസിലോ ഉള്ള ഉദ്യോഗസ്ഥന്‍ അയാളെ നിയമിച്ച അധികാരസ്ഥാനത്തിനു കീഴിലുള്ള ഒരു അധികാരസ്ഥാനത്താൽ ഡിസ്‌മിസ്‌ ചെയ്യപ്പെടുകയോ നീക്കംചെയ്യപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. ഒരു ഉദ്യോഗസ്ഥനെതിരായുള്ള ചാർജുകള്‍ സംബന്ധിച്ച്‌ അയാള്‍ക്കു പറയുവാനുള്ളത്‌ പറയുവാന്‍ ന്യായമായ അവസരം നല്‌കുകയും അന്വേഷണവിചാരണയ്‌ക്കുശേഷം അയാളെ ഡിസ്‌മിസ്‌ ചെയ്യുകയോ നീക്കംചെയ്യുകയോ തരംതാഴ്‌ത്തുകയോ ചെയ്യുന്ന ഒരു ശിക്ഷ അയാളുടെമേൽ ചുമത്താനുദ്ദേശിക്കുന്നതെങ്കിൽ ശിക്ഷയെപ്പറ്റി നിവേദനം നടത്താന്‍ അയാള്‍ക്ക്‌ അവസരം നല്‌കുകയും ചെയ്‌തശേഷമേ നീക്കം ചെയ്യുകയോ തരംതാഴ്‌ത്തുകയോ ചെയ്യാവൂ എന്നുമുണ്ട്‌.

യൂണിയനും സ്റ്റേറ്റുകള്‍ക്കും ബാധകമാകുന്ന ഒരു അഖിലേന്ത്യാസർവീസ്‌ സൃഷ്‌ടിക്കാനും പാർലമെന്റിന്‌ അധികാരമുണ്ട്‌. യൂണിയന്‌ ഒരു പബ്ലിക്‌ സർവീസ്‌ കമ്മിഷനും ഓരോ സ്റ്റേറ്റിനും ഓരോ സംസ്ഥാന പബ്ലിക്‌ സർവീസ്‌ കമ്മിഷനും ഉണ്ട്‌.

ട്രിബ്യൂണലുകള്‍

42-ാം ഭരണഘടനാഭേദഗതിനിയമമനുസരിച്ച്‌ പാർലമെന്റിന്‌ നിയമംമൂലം അഡ്‌മിനിസ്‌ട്രറ്റീവ്‌ ട്രിബ്യൂണലുകള്‍ ഏർപ്പെടുത്താവുന്നതാണ്‌. സർവീസുകളിലേക്കും തസ്‌തികകളിലേക്കും ഉള്ള നിയമനങ്ങളിലും സേവനവ്യവസ്ഥകളിലും മറ്റും ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും വിചാരണചെയ്യുന്നതിനുവേണ്ടി ഇത്തരം ട്രിബ്യൂണലുകള്‍ ഏർപ്പെടുത്തേണ്ടതാണ്‌. കേരള സംസ്ഥാന അഡ്‌മിനിസ്‌ട്രറ്റീവ്‌ ട്രിബ്യൂണൽ 2010-ൽ തിരുവനന്തപുരത്ത്‌ പ്രവർത്തനം ആരംഭിച്ചു.

നികുതി, വിദേശനാണ്യം, കയറ്റുമതി, ഇറക്കുമതി, വ്യവസായതൊഴിൽത്തർക്കങ്ങള്‍, ഭൂപരിഷ്‌കരണം, നഗരസ്വത്തിന്റെ പരിധി, തിരഞ്ഞെടുപ്പ്‌, ഭക്ഷ്യസാധനങ്ങളുടെ ഉത്‌പാദനവിതരണങ്ങള്‍ എന്നിവയെ സംബന്ധിച്ച തർക്കങ്ങള്‍ വിചാരണചെയ്‌തു തീരുമാനിക്കുന്നതിനും നിയമനിർമാണസഭകള്‍ക്ക്‌ ട്രിബ്യൂണലുകള്‍ ഏർപ്പെടുത്താം. (അനുച്ഛേദം 323 ബി.)

തിരഞ്ഞെടുപ്പുകള്‍

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ 15-ാം ഭാഗത്തിൽ അടങ്ങിയിരിക്കുന്നു. പാർലമെന്റിലേക്കും സ്റ്റേറ്റിന്റെ നിയമനിർമാണസഭയിലേക്കും നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നീ ഉദ്യോഗങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും മേലന്വേഷണവും നിയന്ത്രണവും മാർഗനിർദേശവും തിരഞ്ഞെടുപ്പുകമ്മിഷനിൽ നിക്ഷിപ്‌തമായിരിക്കുന്നു. രാഷ്‌ട്രപതിയാണ്‌ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നത്‌.

ഓരോ പ്രാദേശിക നിയോജകമണ്ഡലത്തിലേക്കും ഓരോ തെരഞ്ഞെടുപ്പുപട്ടിക ഉണ്ടായിരിക്കേണ്ടതുണ്ട്‌. മതം, വംശം, ജാതി, ലിംഗം എന്നിവയെയോ അവയിൽ ഏതിനെയെങ്കിലുമോ കാരണമാക്കി യാതൊരാളും അങ്ങനെയുള്ള ഏതെങ്കിലും പട്ടികയിൽ ഉള്‍പ്പെടുത്തുവാന്‍ അനർഹനാകുന്നതല്ല. ഒരാള്‍ക്ക്‌ വിശേഷാൽ തിരഞ്ഞെടുപ്പു പട്ടികയിൽത്തന്നെ ഉള്‍പ്പെടുത്തണമെന്ന്‌ അവകാശപ്പെടാവുന്നതുമല്ല. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്‌. നിർദിഷ്‌ട ദിവസം 18 വയസ്സ്‌ ആയ അഥവാ 18 വയസ്സിൽ കുറയാത്ത ഏതൊരാള്‍ക്കും ഒരു സമ്മതിദായകനായി രജിസ്റ്റർ ചെയ്യാമെന്നുണ്ട്‌. എന്നാൽ ബുദ്ധിസ്ഥിരതയില്ലാതിരിക്കുക, ക്രിമിനൽ കേസുകളിലുള്‍പ്പെട്ടിരിക്കുക, അഴിമതിയിലോ നിയമരഹിതപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുക എന്നിവ അയോഗ്യതയുടെ മാനദണ്ഡങ്ങളാണ്‌. ഇപ്പോള്‍ പ്രവാസികളായ ഇന്ത്യാക്കാർക്കും വോട്ടവകാശം രേഖപ്പെടുത്താം. പാർലമെന്റിലെയും നിയമസഭകളിലെയും തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച തർക്കങ്ങള്‍ തിരഞ്ഞെടുപ്പ്‌ ഹർജി മുഖേനയേ ചോദ്യം ചെയ്യപ്പെടാവൂ എന്നുണ്ട്‌.

ചില പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള സംരക്ഷണ വ്യവസ്ഥകള്‍

ഭരണഘടനയുടെ 16-ാം ഭാഗത്തിൽ ചില വിഭാഗങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകളുണ്ട്‌. പട്ടികജാതിയിലും പട്ടികവർഗത്തിലും പെട്ടവർക്ക്‌ ലോക്‌സഭയിലും സംസ്ഥാനനിയമസഭകളിലും സീറ്റുകള്‍ സംവരണം ചെയ്യുന്നുണ്ട്‌. അതുപോലെ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിനും നിയമനിർമാണസഭകളിൽ അർഹമായ പ്രാതിനിധ്യം നല്‌കുന്നുണ്ട്‌. ഭരണത്തിന്റെ കാര്യക്ഷമതയുടെ സംരക്ഷണത്തിന്‌ സംഗതമാകുംവിധം യൂണിയന്‍-സ്റ്റേറ്റ്‌ സർവീസുകളിലേക്കും തസ്‌തികകളിലേക്കും നിയമനങ്ങള്‍ നടത്തുന്നതിൽ പട്ടികജാതി-പട്ടികവർഗങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന്‌ ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പട്ടികജാതി-പട്ടികവർഗങ്ങള്‍ക്ക്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ള പരിരക്ഷകള്‍ സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനും വേണ്ടി ഒരു പ്രത്യേക കമ്മിഷനെ നിയമിക്കുന്നതിനും ഭരണഘടനാവ്യവസ്ഥകളുണ്ട്‌.

ഔദ്യോഗിക ഭാഷ

ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗികഭാഷ ദേവനാഗരിയിലുള്ള ഹിന്ദിയാണ്‌. ഔദ്യോഗികാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടേണ്ട അക്കങ്ങളുടെ രൂപം ഇന്ത്യന്‍ അക്കങ്ങളുടെ അന്താരാഷ്‌ട്ര രൂപമായിരിക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷ്‌ഭാഷയുടെ തുടർന്നുള്ള ഉപയോഗത്തിനും വ്യവസ്ഥകളുണ്ട്‌. ഔദ്യോഗികഭാഷ സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന്‌ ഒരു കമ്മിറ്റിയും പാർലമെന്റിന്റെ ഒരു സമിതിയും രൂപവത്‌കരിക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്‌. ഒരു സ്റ്റേറ്റിന്‌ ആ സ്റ്റേറ്റിൽ ഉപയോഗത്തിലിരിക്കുന്ന ഭാഷകള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കുവേണ്ടി സ്വീകരിക്കാവുന്നതാണ്‌. ഒരു സ്റ്റേറ്റും മറ്റൊരു സ്റ്റേറ്റും തമ്മിലോ ഒരു സ്റ്റേറ്റും യൂണിയനും തമ്മിലോ ഉള്ള അറിയിപ്പുകള്‍ക്കുവേണ്ടിയുള്ള ഔദ്യോഗിക ഭാഷ യൂണിയനിൽ ഔദ്യോഗികാവശ്യങ്ങള്‍ക്കു അതതുകാലത്തെ ഉപയോഗത്തിനുവേണ്ടി അധികൃതമായ ഭാഷ ആയിരിക്കും. രണ്ടോ അതിലധികമോ സ്റ്റേറ്റുകള്‍, ആ സ്റ്റേറ്റുകള്‍ തമ്മിലുള്ള അറിയിപ്പുകള്‍ക്കുവേണ്ടിയുള്ള ഔദ്യോഗികഭാഷ ഹിന്ദി ആയിരിക്കണമെന്ന്‌ പരസ്‌പരം സമ്മതിക്കുകയാണെങ്കിൽ ഹിന്ദി ഉപയോഗിക്കാവുന്നതാണ്‌. പാർലമെന്റ്‌ നിയമംമൂലം മറ്റു വിധത്തിൽ വ്യവസ്ഥചെയ്യുന്നതുവരെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ആക്‌റ്റുകള്‍, ബില്ലുകള്‍ എന്നിവയ്‌ക്ക്‌ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ്‌ ആയിരിക്കും. ഒരു സ്റ്റേറ്റിലെ ഗവർണർക്ക്‌ രാഷ്‌ട്രപതിയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടുകൂടി ആ സ്റ്റേറ്റിലെ ഹൈക്കോടതിയുടെ നടപടികള്‍ക്ക്‌ ഹിന്ദിയോ ആ സ്റ്റേറ്റിലെ മറ്റേതെങ്കിലും ഭാഷകളോ ഉപയോഗിക്കുന്നതിന്‌ അധികാരപ്പെടുത്താവുന്നതാണ്‌. സങ്കടപരിഹാരത്തിനുവേണ്ടിയുള്ള നിവേദനങ്ങള്‍ക്ക്‌ യൂണിയനിലോ സ്റ്റേറ്റിലോ ഉപയോഗത്തിലിരിക്കുന്ന ഏതെങ്കിലും ഭാഷ ഉപയോഗിക്കുന്നതിന്‌ അവകാശമുണ്ട്‌. ഭാഷാന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടങ്ങളിൽ മാതൃഭാഷയിൽ ബോധനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടത്‌ ഓരോ സ്റ്റേറ്റിന്റെയും കടമയാണ്‌. ഭാഷാന്യൂനപക്ഷങ്ങളുടെ പരിരക്ഷയ്‌ക്കുവേണ്ടി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും ഭരണഘടന വ്യവസ്ഥചെയ്യുന്നു.

അടിയന്തരാവസ്ഥാവ്യവസ്ഥകള്‍

അടിയന്തരാവസ്ഥാവ്യവസ്ഥകള്‍ ഭരണഘടനയുടെ 18-ാം ഭാഗത്തിലുണ്ട്‌. ഇന്ത്യയുടെയോ ഇന്ത്യയുടെ രാജ്യപരിധിയിൽ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷിതത്വം യുദ്ധത്താലോ ബാഹ്യാക്രമണത്താലോ ആഭ്യന്തരകലാപത്താലോ ഭീഷണിക്കു വിധേയമാക്കുന്ന ഗുരുതരമായ ഒരു അടിയന്തരാവസ്ഥ നിലവിലിരിക്കുന്നതായി രാഷ്‌ട്രപതിക്കു ബോധ്യമാകുന്നുവെങ്കിൽ ആ അർഥത്തോടുകൂടി അതു പ്രഖ്യാപനം ചെയ്യാവുന്നതാണ്‌.

ഒരു അടിയന്തരാവസ്ഥാവിളംബരം പ്രാബല്യത്തിലിരിക്കുമ്പോള്‍ യൂണിയന്റെ എക്‌സിക്യൂട്ടീവധികാരം അഥവാ ഏതെങ്കിലും സ്റ്റേറ്റിന്റെ എക്‌സിക്യൂട്ടീവധികാരം ഏതുവിധത്തിലാണ്‌ പ്രയോഗിക്കേണ്ടതെന്ന്‌ നിർദേശങ്ങള്‍ നല്‌കുന്നതിലേക്ക്‌ വ്യാപിപ്പിക്കാം. ഒരു സ്റ്റേറ്റിലെ ഭരണം ഭരണഘടനാവ്യവസ്ഥകള്‍ അനുസരിച്ച്‌ നടത്തിക്കൊണ്ടുപോകുവാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം സംഭവിച്ചിരിക്കുന്നതായി രാഷ്‌ട്രപതിക്കു ബോധ്യമാകുകയാണെങ്കിൽ ആ സ്റ്റേറ്റിലെ ഭരണം ഏറ്റെടുക്കുന്നതിനും സ്റ്റേറ്റിന്റെ നിയമനിർമാണമണ്ഡലങ്ങളുടെ അധികാരങ്ങള്‍ പാർലമെന്റിന്റെ നിയന്ത്രണത്തിലാക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ തോന്നുന്ന ആനുഷംഗികവും അനന്തരഫലമുളവാകുന്നതുമായ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും വ്യവസ്ഥകളുണ്ട്‌.

അടിയന്തരാവസ്ഥ നിലനില്‌ക്കുമ്പോള്‍ 19-ാം അനുച്ഛേദത്തിലെ മൗലികാവകാശങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങള്‍ ഒന്നാകെ റദ്ദാക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌. ധനപരമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാഷ്‌ട്രപതിക്ക്‌ അധികാരമുണ്ട്‌.

രാഷ്‌ട്രപതിയോ ഉപരാഷ്‌ട്രപതിയോ പ്രധാനമന്ത്രിയോ സ്റ്റേറ്റുകളിലെ ഗവർണർമാരോ അവരുടെ ഉദ്യോഗത്തിന്റെ അധികാരങ്ങളുടെയും കർത്തവ്യങ്ങളുടെയും പ്രയോഗത്തിലും അനുഷ്‌ഠാനത്തിനുംവേണ്ടി ആ അധികാരങ്ങളുടെയും കർത്തവ്യങ്ങളുടെയും പ്രയോഗത്തിലും അനുഷ്‌ഠാനത്തിലും ചെയ്‌തതോ ചെയ്‌തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കൃത്യത്തിന്‌ ഏതെങ്കിലും കോടതിയോട്‌ ഉത്തരം പറയുവാന്‍ ബാധ്യസ്ഥരാകുന്നില്ല. ഇവരുടെ പേരിൽ ഉദ്യോഗകാലത്ത്‌ ഏതെങ്കിലും കോടതിയിൽ യാതൊരുവിധ ക്രിമിനൽ നടപടികളും ആരംഭിക്കുകയോ തുടരുകയോ ചെയ്യരുതെന്നുമുണ്ട്‌.

ഏതെങ്കിലും സ്റ്റേറ്റ്‌ ഈ ഭരണഘടനയിലെ വ്യവസ്ഥകളിന്‍ കീഴിൽ യൂണിയന്റെ എക്‌സിക്യൂട്ടീവ്‌ അധികാരത്തിന്റെ പ്രയോഗത്തിൽ, നല്‌കപ്പെടുന്ന ഏതെങ്കിലും നിർദേശങ്ങള്‍ അനുസരിക്കുന്നതിലോ അവയ്‌ക്ക്‌ പ്രഭാവം നല്‌കുന്നതിലോ വീഴ്‌ചവരുത്തുമ്പോള്‍ ഈ ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച്‌ ആ സ്റ്റേറ്റിന്റെ ഭരണം നടത്തിക്കൊണ്ടുപോകുവാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം ഉദ്‌ഭവിച്ചിരിക്കുന്നതായി രാഷ്‌ട്രപതി കരുതുന്നത്‌ നിയമാനുസൃതമായിരിക്കുന്നതാകുന്നു. ഇത്‌ പ്രസ്‌തുത സംസ്ഥാനത്ത്‌ രാഷ്‌ട്രപതിഭരണമോ പ്രാദേശികാടിയന്തരാവസ്ഥയോ സംജാതമാകുന്നതിന്‌ കാരണമാകാവുന്നതാണ്‌.

ഇതര കാര്യങ്ങള്‍

രാഷ്‌ട്രപതി, ഗവർണർ, രാജപ്രമുഖർ എന്നിവരുടെ പ്രത്യേകപരിരക്ഷകള്‍, പാർലമെന്റ്‌-നിയമസഭാ രേഖകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച പ്രത്യേക പരിരക്ഷകള്‍, ചില കരാർ ഉടമ്പടികള്‍ക്കുമേൽ നീതിന്യായാധികാര വിനിയോഗത്തിനുള്ള നിയന്ത്രണം, പ്രിവിപേഴ്‌സ്‌ സംബന്ധിച്ച റദ്ദാക്കൽ വ്യവസ്ഥകള്‍, വന്‍കിട തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും സംബന്ധിച്ച വ്യവസ്ഥകള്‍, കേന്ദ്രനിർദേശങ്ങള്‍ ലംഘിക്കപ്പെടുകയോ പാലിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ്‌ ഈ ഭാഗത്ത്‌ പ്രതിപാദിക്കുന്നത്‌. ഇവ സംബന്ധിച്ച പ്രത്യേക നിർവചനങ്ങളും വ്യാഖ്യാനങ്ങളും ഇതിനൊപ്പം പരാമർശിക്കപ്പെടുന്നു.

ഭരണഘടനാഭേദഗതി

ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഭാഗം 20-ൽ 368-ാം അനുച്ഛേദത്തിലുണ്ട്‌. പാർലമെന്റിന്‌ അതിന്റെ ഭരണഘടനാനിർമാണാധികാരം പ്രയോഗിച്ച്‌, 368-ാം അനുച്ഛേദത്തിൽ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ച്‌ ഈ ഭരണഘടനയുടെ ഏതു വ്യവസ്ഥയും കൂട്ടിച്ചേർക്കലോ വ്യത്യാസപ്പെടുത്തലോ റദ്ദാക്കലോവഴി ഭേദഗതി ചെയ്യാവുന്നതാണ്‌. ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിന്‌ വ്യതിരിക്തങ്ങളായ മൂന്നു നടപടിക്രമങ്ങളാണ്‌ നിർദേശിക്കപ്പെട്ടിട്ടുള്ളത്‌.

(i) ഭരണഘടനയിലെ ഏതാനും ചില വ്യവസ്ഥകള്‍ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷാനുമതിയോടെ ഭേദഗതി ചെയ്യാവുന്നവയാണ്‌. സംസ്ഥാനങ്ങളുടെ രൂപീകരണം, സംസ്ഥാനജനപ്രതിനിധിസഭകളിലെ ഉപരിസഭ രൂപീകരിക്കലും പിരിച്ചുവിടലും തുടങ്ങിയവ ഈയിനത്തിൽപ്പെടുന്നു.

(ii) പാർലമെന്റിലെ മൊത്തം സംഖ്യയുടെ മൂന്നിൽ രണ്ടിലേറെ അംഗങ്ങളുടെ പിന്തുണയും ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അംഗീകാരവും നേടി മാത്രം ഭേദഗതി ചെയ്യാവുന്ന ഏതാനും ഭരണഘടനാവ്യവസ്ഥകളുണ്ട്‌. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, സുപ്രീംകോടതി, കേന്ദ്രനീതിനിർവഹണവകുപ്പ്‌, സംസ്ഥാനഹൈക്കോടതികള്‍, ഭരണഘടനാസ്ഥാപനങ്ങള്‍ (Statutory Offices)എന്നിവയുടെ അവകാശാധികാരങ്ങള്‍; ഭരണഘടനാഭേദഗതിക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു.

(iii) ഭരണഘടനയിലെ ഭൂരിഭാഗം വ്യവസ്ഥകളിൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതി വരുത്താവുന്നതാണ്‌. 2013 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യന്‍ ഭരണഘടനയിൽ 97 ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌; ഭരണഘടനാഭേദഗതി നിർദേശങ്ങള്‍ 116 എച്ചം ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. അവയിൽ പാർലമെന്റ്‌ അംഗീകരിച്ച്‌ ഭരണഘടനയിൽ ഉള്‍പ്പെടുത്തപ്പെട്ടത്‌ 97 എച്ചമാണ്‌. ഇവയിൽ പ്രധാനപ്പെട്ടവയുടെ ചുരുക്കവിവരം ചുവടെ ചേർത്തിരിക്കുന്നു:

ഇന്ത്യന്‍ ഭരണഘടനയിൽ മൗലികാവകാശങ്ങളായി ഉള്‍പ്പെടുത്തപ്പെട്ടിരുന്ന സമത്വം, സ്വാതന്ത്യ്രം എന്നിവയുടെ നിർവചനങ്ങളിൽ, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായിരുന്ന ജനവിഭാഗങ്ങള്‍ക്ക്‌ പ്രത്യേക സൗജന്യങ്ങള്‍ ലഭ്യമാകുംവച്ചം മാറ്റം വരുത്തുകയും അതിനുള്ള വ്യവസ്ഥകള്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയായി കൂട്ടിച്ചേർക്കുകയും ചെയ്‌തതാണ്‌ ഒന്നാമത്തെ ഭരണഘടനാഭേദഗതി (1951).

1956-ൽ സംസ്ഥാന പുനർരൂപീകരണ കമ്മിഷന്‍ (States Reorganisation Commission)നിർദേശിച്ചതനുസരിച്ച്‌ ഭാഷയുടെ അടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാന്‍ ഭരണഘടനയിൽ ഏഴാമത്തെ ഭേദഗതി വരുത്തേണ്ടിവന്നു; ഇതിനുള്ള നിയമങ്ങള്‍ 1, 4 എന്നീ പട്ടികകളിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

ഉഭയസമ്മതപ്രകാരം ബെറുബാരി, ഖുൽന തുടങ്ങിയ പ്രദേശങ്ങള്‍ പാകിസ്‌താന്‌ കൈമാറുവാന്‍ ഭരണഘടനയിലെ ഒമ്പതാം ഭേദഗതി ആവശ്യമായി.

ദാദ്രാനഗർഹവേലി 10-ാം ഭേദഗതി(1961)യിലൂടെയും ഗോവ, ദാമന്‍&ദിയൂ എന്നിവ 12-ാം ഭേദഗതി(1962)യിലൂടെയും പോണ്ടിച്ചേരി 14-ാം ഭേദഗതി(1963)യിലൂടെയും ഇന്ത്യന്‍ യൂണിയനിൽ ലയിപ്പിച്ചു.

ഭരണഘടനാഭേദഗതികളിൽ സുപ്രധാനമായ ഒന്നാണ്‌ 42-ാമത്തേത്‌ (1976). ഇതിലൂടെ പത്ത്‌ മൗലികധർമങ്ങള്‍ (Fundamental Duties) ഭെരണഘടനയിൽ എഴുതിച്ചേർത്തു. മുഖവാചകത്തിൽ (Preamble)സോഷ്യലിസ്റ്റ്‌ (Socialist), സെക്കുലർ (Secular) എന്നീ വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തി.

ജനപ്രതിനിധിസഭകളിലെ രാഷ്‌ട്രീയ കൂറുമാറ്റങ്ങള്‍ തടയുന്നതിന്‌ പാർലെമെന്റ്‌ ഐകകണ്‌ഠ്യേന പാസ്സാക്കിയതാണ്‌ 52-ാം ഭേദഗതി (1985). കൂറുമാറ്റം (Defection) മൂലമുണ്ടാകുന്ന അയോഗ്യതയെ സംബന്ധിച്ച നിബന്ധനകള്‍ ഭരണഘടനയുടെ 10-ാം പട്ടികയായി ചേർത്തിരിക്കുന്നു.

ഇന്ത്യന്‍ പൗരന്മാർക്ക്‌ വോട്ടവകാശം സിദ്ധിക്കുന്നതിനുള്ള പ്രായം 21-ൽനിന്ന്‌ 18 ആയി കുറയ്‌ക്കുന്നതിന്‌ 1989-ൽ ഭരണഘടന 61-ാം ഭേദഗതി നിയമം വഴി വ്യവസ്ഥ ചെയ്യപ്പെട്ടു.

പട്ടികജാതി/പട്ടികവർഗക്ഷേമത്തിന്‌ നിലവിലുണ്ടായിരുന്ന കമ്മിഷന്‌ സ്റ്റാറ്റ്യുട്ടറി പദവി നല്‌കുവാനാണ്‌ ഭരണഘടനയിലെ 65-ാം ഭേദഗതി (1990) കൊണ്ടുവന്നത്‌. ഇതിലൂടെ പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ള ദേശീയ കമ്മിഷന്‍ നിലവിൽവന്നു. ഭരണഘടനയിലെ 71-ാം ഭേദഗതി(1992)യിലൂടെ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകളെക്കൂടി എട്ടാം ഷെഡ്യൂളിൽ ഉള്‍ക്കൊള്ളിച്ചു. 21-ാം ഭേദഗതി(1967)യിലൂടെ "സിന്ധി' നേരത്തേ ഇടംനേടിയിരുന്നു. ഇതോടെ ഭരണഘടനയിൽ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള ഭാഷകളുടെ എച്ചം 18 ആയി; 2003-ലെ 92-ാം ഭേദഗതിയിലൂടെ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി എന്നിവകൂടി ഉള്‍പ്പെട്ടതോടെ ഔദ്യോഗിക ഭാഷയുടെ മൊത്തം എച്ചം 22 ആയി ഉയർന്നിരിക്കുന്നു. 1992-ൽ ഭരണഘടന രണ്ടുപ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടു. 73-ാം ഭേദഗതി പഞ്ചായത്തീരാജ്‌ രൂപീകരണം, 74-ാം ഭേദഗതി നഗരതദ്ദേശഭരണം എന്നിവ സംബന്ധിച്ചുള്ളതാണ്‌. നഗരസഭകളുടെ ഭരണഘടന, സംഘാടനം, ജനപ്രാതിനിധ്യം, തിരഞ്ഞെടുപ്പ്‌, ഭരണസമിതികളുടെ കാലാവധി, നഗരാസൂത്രണ സംബന്ധമായ ചുമതലകള്‍, ഭരണസമിതിയിൽ പട്ടികജാതി/വർഗക്കാർ, വനിതകള്‍ എന്നിവർക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങള്‍ 74-ാം ഭേദഗതിയിലുള്‍പ്പെട്ട്‌ ഭരണഘടനയിലെ 12-ാം പട്ടിക ആയി സ്ഥാനം പിടിച്ചിരിക്കുന്നു. പുതുതായി ആരംഭിച്ച സേവന നികുതിയെ സംബന്ധിച്ച 88-ാം ഭരണഘടനാഭേദഗതി (2003), കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിലെ മന്ത്രിസഭകളിൽ യഥാക്രമം ലോക്‌സഭയിലെയും സംസ്ഥാനനിയമസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗസംഖ്യയുടെ പരമാവധി 15 ശതമാനത്തിൽ കൂടുതൽ അംഗബലം പാടില്ലെന്ന ഭേദഗതി (2003), മധ്യപ്രദേശ്‌, ഒഡിഷ എന്നിവയ്‌ക്കുപുറമേ ഛത്തീസ്‌ഘട്ട്‌, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലും മന്ത്രിസഭയിൽ ഒരു ആദിവാസി ക്ഷേമമന്ത്രി ഉണ്ടായിരിക്കണമെന്ന 94-ാം ഭരണഘടന ഭേദഗതി (2006) എന്നിങ്ങനെയുള്ളവ പില്‌ക്കാലത്ത്‌ നിലവിൽ വന്നതായി കാണാം. ഏറ്റവും ഒടുവിൽ പാർലമെന്റിന്റെ പരിഗണനയ്‌ക്കായി കേന്ദ്ര മന്ത്രിസഭ ശിപാർശ ചെയ്‌തിട്ടുള്ളത്‌ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ 50 ശതമാനം നിർബന്ധിത വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‌ വ്യവസ്ഥപ്പെടുത്തുന്നതിനുള്ളതും ചരക്ക്‌ സേവനനികുതിയും സഹകരണസംഘ സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ളതുമായ ഭരണഘടനാ ഭേദഗതികള്‍ ആണ്‌ (2012).

താത്‌കാലികവും കൈമാറ്റം ചെയ്യാവുന്നതുമായ പ്രത്യേക വ്യവസ്ഥകള്‍

സംസ്ഥാന ലിസ്റ്റിലുള്ള ചില വിഷയങ്ങള്‍ സംബന്ധിച്ച്‌ അവ സമവർത്തിലിസ്റ്റിലുള്ള വിഷയങ്ങളായിരുന്നാലെന്നപോലെ നിയമം ഉണ്ടാക്കുവാന്‍ പാർലമെന്റിനുള്ള താത്‌കാലിക അധികാരമാണ്‌ ഇതുവഴി ഉദ്ദേശിച്ചിരിക്കുന്നത്‌. സംസ്ഥാനത്തിനകത്തെ ചില പ്രത്യേക (ഉദാ. പരുത്തി) ഉത്‌പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും, ജമ്മു-കാശ്‌മീരുമായി ബന്ധപ്പെട്ട താത്‌കാലിക വ്യവസ്ഥകള്‍, മഹാരാഷ്‌ട്ര, അരുണാചൽപ്രദേശ്‌, ഗോവ, ഗുജറാത്ത്‌, നാഗാലന്‍ഡ്‌, അസം, മണിപ്പൂർ, സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകള്‍, ആന്ധ്രപ്രദേശിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥ; നിയമങ്ങള്‍ അനുയോജനം ചെയ്യുന്നതിന്‌ രാഷ്‌ട്രപതിക്കുള്ള അധികാരം, പബ്ലിക്‌ സർവീസ്‌ കമ്മിഷനുകളെ സംബന്ധിച്ച വ്യവസ്ഥകള്‍, കംപ്‌ട്രാളർ ആന്‍ഡ്‌ ഓഡിറ്റർ ജനറലിനെ സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയവ ഭരണഘടനയുടെ 21-ാം ഭാഗത്തിൽ ഉള്‍ച്ചേർന്നിരിക്കുന്നു.

ചുരുക്കപ്പേര്‌, പ്രഖ്യാപനം, ഹിന്ദിയിലുള്ള ആധികാരിക രൂപവും മാറ്റങ്ങളും

ഭരണഘടനയ്‌ക്ക്‌ ഇന്ത്യന്‍ഭരണഘടന (The Constitution of India) എന്ന ചുരുക്കപ്പേര്‌ നൽകിയിരിക്കുന്നു. ഭരണഘടനയുടെ 5, 6, 7, 8, 9, 60, 324, 366, 367, 379, 380, 388, 391, 392, 393, 394 എന്നീ അനുച്ഛേദങ്ങള്‍ (articles) 1949 നെ. 26-ന്‌ പ്രാബല്യത്തിൽ വരികയും ശേഷിക്കുന്ന വ്യവസ്ഥകള്‍ 1950 ജനു. 26-ന്‌ ഭരണഘടനാപ്രഖ്യാപനത്തോടെ നിലവിൽ വരുന്നുവെന്നും ഇതിൽ സൂചിപ്പിക്കുന്നു.

ഭരണഘടനാനിർമാണസമിതിയിലെ അംഗങ്ങള്‍ കൈയൊപ്പോടെ അംഗീകരിച്ച ഭരണഘടനയുടെ ആധികാരികമായ ഹിന്ദിപതിപ്പ്‌ ഓരോ വാക്കിലും അതിന്റെ യഥാതഥമായ അർഥത്തിൽ പ്രസിദ്ധീകരിക്കാന്‍ പ്രസിഡന്റിനെ ഉത്തരവാദപ്പെടുത്തുന്നു. ഭരണഘടന നിലവിൽ വരുന്നതോടെ 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമവും, 1935-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റും, അതോടുകൂടി രണ്ടാമതു പറഞ്ഞ ആക്‌റ്റ്‌ ഭേദഗതി ചെയ്യുന്നതോ അതിന്‌ അനുപൂരകമോ ആയ, എന്നാൽ 1949-ലെ അബോളിഷന്‍ ഒഫ്‌ പ്രിവി കൗണ്‍സിൽ ജുറിസ്‌ഡിക്ഷന്‍ ആക്‌റ്റ്‌ ഒഴികെയുള്ള എല്ലാനിയമങ്ങളും ഇതിനാൽ റദ്ദാക്കിയിരിക്കുന്നതായി ഭരണഘടനയുടെ 395-ാം അനുച്ഛേദം സൂചിപ്പിക്കുന്നു.

ക്രമനമ്പറിൽ 22 ഭാഗങ്ങളാണുള്ളത്‌ എങ്കിലും ഭാഗം VIIറദ്ദാക്കപ്പെടുകയും റദ്ദാക്കപ്പെട്ട സ്ഥാനത്ത്‌, IX-ാം ഭാഗത്ത്‌ 1993-ൽ പഞ്ചായത്തീരാജ്‌-നഗരപാലിക വ്യവസ്ഥകളും 2012-ൽ സഹകരണസ്ഥാപന സംബന്ധിയായുള്ള വ്യവസ്ഥകള്‍ എന്നിവ ചേർക്കപ്പെടുകയും ഭാഗം കഢ എ ആയി മൗലികധർമങ്ങള്‍ ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുകവഴി 24 പാർട്ടുകളിൽ ആകെ 22 ഭാഗങ്ങള്‍ ഭരണഘടനയിൽ ഇപ്പോഴും നിലനില്‌ക്കുന്നതായി കാണാം. ഇവയുടെ നിർവഹണാർഥം ചേർത്തിട്ടുള്ളതാണ്‌ 12 പട്ടികകള്‍. ഈ ഘടകങ്ങളുടെയെല്ലാം സമാഹൃതരൂപമാണ്‌ ഇന്ത്യയുടെ ഭരണഘടന.

(ജസ്റ്റിസ്‌ കെ.കെ. മാത്യു, എ. സുഹൃത്‌കുമാർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍